തിങ്കളാഴ്‌ച, ഫെബ്രുവരി 14, 2011

മാത്തുക്കുട്ടിയുടെ വാലന്‍റൈന്‍സ്ഡേ ടമാര്‍... പടാര്‍...

ഹലോ ഗ്രെയ്സ്മേരിയാണോ?
-അതേ ഗ്രെയ്സ്മേരിയാണ്‌!
ഇതാരാ?
ഞാന്‍ ഗ്രെയ്സ്മേരിയുടെ ക്ലാസ്മേറ്റ്
മാത്തുക്കുട്ടിയാണ്‌.
-മാത്തുക്കുട്ടിയ്ക്ക് എന്നാവേണം? എവിടുന്നാ എന്റെ നംബര് കിട്ടിയെ?
നംബരൊക്കെ ഞാനങ്ങ് പൊക്കി.
( വേണമെന്കില്‍ നിന്നേo പോക്കും! )
-എന്നതാ പറഞ്ഞെ വ്യക്തമായില്ലല്ലോ...?
വ്യക്തമാകാത്തത് റേഞ്ചില്ലാത്ത കൊണ്ടാ... ( മൊബൈലിനല്ല, നിനക്ക്. നിനക്ക്എന്റെത്രേം റേഞ്ചില്ല! )
-മൊബൈലിന്‌ ഇല്ലേലും എന്റെ അപ്പന്‌ നല്ലറേഞ്ചാ..!
ഗ്രെയ്സ്മേരീടപ്പന്‍ റേഞ്ചാപ്പീസറാണോ?
-എന്റെ അപ്പന്‌ റേഞ്ചാപ്പീസറാണോ, അല്ലയോ എന്നുള്ള കാര്യമവിടെ നിക്കട്ടെ, തനിക്കിപ്പം എന്നതാവേണ്ടേ?
ഞാനൊരു കാര്യം പറയാന്‍ വേണ്ടിയാ ഗ്രെയ്സ്മേരിയെ വിളിച്ചത്.
-എന്നാലതങ്ങ് പറഞ്ഞ്‌ തൊല!!!
ഗ്രെയ്സ്മേരിക്കറിയ്യോ ഇന്ന്‌ കാതലര്‍ ദിനമാണ്‌. വാലന്‍റൈന്‍സ് ഡേയ്...
-അതിനു ഞാന്‍ എന്നാവേണം? തല കുത്തിനിക്കണോ?
അതല്ല എനിക്കൊരു കാര്യം പറഞ്ഞാല്‍ കൊള്ളാമെന്നുണ്ട്.
-ന്നാപ്പറ!
അതിപ്പോ.., ഒരു തുടക്കം കിട്ടുന്നില്ല...
-ന്നാ വെച്ചേച്ചു പോ...
അല്ല ഞാന്‍ പറയാം... ഞാന്‍ പറയാം...
-എന്നാവേണേ പറഞ്ഞോ. പക്ഷേ പോളണ്ടിനെക്കുറിച്ച്‌ മാത്രം ഒരക്ഷരം മിണ്ടിപ്പോകരുത്!!!
ഗ്രെയ്സ്മേരിനല്ലോണം തമാശ പറയാറുണ്ട് അല്ലേ...
-തമാശ മാത്രമല്ല ചിലപ്പോ തരവഴീം പറഞ്ഞെന്നിരിക്കും.
ഈ സ്മാര്‍ട്ട്നസ് എനിക്കിഷ്ടപ്പെട്ടു.
-മാത്തുക്കുട്ടി പറയാന്‍ വന്ന കാര്യം പറഞ്ഞില്ല...?!
പറയാം. ഗ്രെയ്സ്മേരിക്ക് ഓര്‍മയുണ്ടോ എന്നെനിക്ക് ഓര്‍മയില്ല.
ഗ്രെയ്സ്മേരിയെ ഞാന്‍ ആദ്യമായി കാണുന്നത്, കോളേജിന്റെ പിന്നില്‍ ഞങ്ങള്‍ ആണുങ്ങള്‍ മൂത്രമൊഴിക്കാറുള്ളഇടവഴിയില്‍ വച്ചാണ്. അന്ന് ഗ്രെയ്സ്മേരി ആര്‍ട്സ്‌ ക്ലബ്ബ് സെക്രട്ടറി
ഷിജു കെ. കെയുമായി എന്തൊക്കെയോ പറഞ്ഞത് ചിരിച്ചുകൊണ്ട് നില്‍ക്കുമ്പോഴാണ്‌ ഞാനങ്ങോട്ട്
ഓടി വരുന്നത്. എന്നെക്കണ്ട്‌ നിങ്ങള്‍ രണ്ടുപേരും പെട്ടന്ന് മാറിക്കളഞ്ഞു. അന്നൊരു വയലററു
ചുരിദാറായിരുന്നു ഗ്രെയ്സ്മേരി ഇട്ടിരുന്നത്. അന്നുമുതലാണ് ഗ്രെയ്സ്മേരിയെ ഞാന്‍ ശ്രദ്ധിച്ച് തുടങ്ങിയത്. ശരിക്കും പറഞ്ഞാല്‍ അന്നുമുതല്‍ ഗ്രെയ്സ്മേരി എന്റെ മനസിലേക്ക് നുഴഞ്ഞു
കയറുകയായിരുന്നു എന്നതാണ് വാസ്തവം. അതിനു ശേഷം ഞാന്‍ മര്യാദയ്ക്ക് ഉറങ്ങിയിട്ടില്ല.
എപ്പോഴും ഗ്രെയ്സ്മേരിയെക്കുറിച്ചുള്ള വിചാരമേ എനിക്കുള്ളൂ. അതേ ഗ്രെയ്സ്മേരീ., ഗ്രെയ്സ്മേരിയെ എനിക്കിഷ്ടമാണ്. ഒരുപാടൊരുപാട് ഇഷ്ടമാണ്. എന്നെ ഇഷ്ടമാണെന്കില്‍ എന്നോട് ഇന്നു തന്നെ പറയണം. പ്ലീസ്. ഇന്നത്തെ ദിവസത്തേക്കാള്‍ നല്ലൊരു ദിവസം ഇനിയില്ലാത്തതുകൊണ്ടാണ് ഞാനിത് ഗ്രെയ്സ്മേരിയോട്പറയുന്നത്. പ്ളീസ് ഗ്രെയ്സ്മേരീ... അനുകൂലമായ ഒരു മറുപടി തന്നു അനുഗ്രഹിക്കണം!
-ഇതു പറയാനാണോ മാത്തുക്കുട്ടി ഇത്ര കഷ്ട്ടപ്പെട്ടു വിളിച്ചത്.
അതേ ഗ്രെയ്സ്മേരീ...
-എന്നാല്‍ കേട്ടോ, മാത്തുക്കുട്ടിയെ എനിക്ക് ഇഷ്ട്ടമല്ല. എന്നു മാത്രമല്ല, ഒരിക്കലും ഞാന്‍ ഇഷ്ട്ടപ്പെടാനും പോകുന്നില്ല എന്ന് താഴ്മയായി അറിയിച്ചു കൊള്ളട്ടെ!
അങ്ങനെ പറയരുത് പ്ലീസ്... എനിക്ക് നിന്നെ കല്യാണം കഴിക്കാന്‍ ആഗ്രഹമുണ്ട്. ഞാന്‍ നിന്റെ
അപ്പനെ വന്നു കാണട്ടേ...
-ങ്ങാ ഹാ ! എന്കില്‍ എന്റെ അപ്പന്‍ നിന്നെ മടക്കും. കാരണം എന്റെ അപ്പന്‍ വെറും ബെഡക്കാ!
ഗ്രെയ്സ്മേരി തെറ്റിദ്ധരിച്ചു. ഞാന്‍ ഗ്രെയ്സ്മേരിയെയാണ് പ്രേമിക്കുന്നത്. ഗ്രെയ്സ്മേരിയുടെ
അപ്പനെയല്ലല്ലോ.
-നിങ്ങള്‍ എന്നാ ഒക്കെ പറഞ്ഞാലും എനിക്ക് നിങ്ങളെ ഇഷ്ട്ടമല്ല. നിങ്ങളെപ്പോലുള്ള ഒരു കുറ്റിച്ചൂലിനെ ഞാനെന്നല്ല, ഒരു പെമ്പിള്ളേരും ഇഷ്ട്ടപ്പെടുകേല.
കുറ്റിച്ചൂലോ? ഞാനോ? ഗ്രെയ്സ്മേരി എന്താണീ പറയുന്നെ? ഒരു പെണ്ണും ഇഷ്ട്ടപ്പെടാതിരിക്കാന്‍
മാത്രം യോഗ്യത കെട്ടവനാണ്‌ ഞാനെന്നു പറയാന്‍ ഗ്രെയ്സ്മേരിക്കെങ്ങനെ കഴിഞ്ഞു???
-അതേ. നിങ്ങള്‍ ഈ പ്രേമം കാമം തുടങ്ങിയ കാര്യങ്ങള്‍ പറയും മുമ്പ്‌ ആദ്യം കണ്ണാടിയില്‍ പോയി
മുഖമൊക്കെ ഒന്ന് നോക്കണം. അല്ലാതെ ചാടിക്കേറി പ്രേമിക്കാന്‍ നടക്കരുത്.
എന്റെ വീട്ടില്‍ കണ്ണാടിയില്ല. പകരം നാലു കന്നാലിയുണ്ട്. അതുമാത്രമേയുള്ളൂ!
-എന്നാല്‍ കന്നാലിയെ പ്രേമിക്ക്. അതിനാവുമ്പോ നിങ്ങളു ചേരും.
എന്നെ കുറിച്ച് ഇങ്ങനെയൊക്കെ പറയാന്‍ ഗ്രെയ്സ്മേരിയ്ക്ക് എങ്ങനെ കഴിയുന്നു?
-ഞാനാണോ ഈ സംസാരം ആരംഭിച്ചത്‌? അതു നിങ്ങള്‍തന്നെയായിരുന്നല്ലോ. അപ്പോള്‍ പിന്നെ
എന്റെ മറുപടി കേള്‍ക്കാനും നിങ്ങള്‍ ബാധിയസ്ഥനാണ്‌.
പ്രണയിക്കാന്‍ നല്ലൊരു മനസ് പോരേ ഗ്രെയ്സ്മേരീ... ?
-ആര്‍ക്കുവേണം മനസും കോപ്പ്മൊക്കെ. മിസ്റ്റര്‍ മാത്തുക്കുട്ടിക്ക് കാണാന്‍ കൊള്ളാവുന്ന ഒരു
മുഖമുണ്ടോ? ബാങ്ക്‌ ബാലന്‍സുണ്ടോ? നല്ലൊരു പേഴ്സണാലിറ്റിയെന്കിലുമുണ്ടോ? പോട്ടെ,
വെറുതെയെങ്കിലും ഒരു പെണ്ണിന്‍റെ ശ്രദ്ധയാകര്‍ഷിക്കാന്‍ പോന്ന എന്തേലും "ഒരിത്" നിങ്ങള്‍ക്കുണ്ടോ?
എല്ലാ പെണ്‍പിള്ളേരുടെയും ശ്രദ്ധയാകര്‍ഷിക്കുന്നതാണോ പ്രേമിക്കപ്പെടാനുള്ള യോഗ്യത? ശരി
അതെനിക്കില്ല. പക്ഷേ മറ്റെന്തെല്ലാo യോഗ്യതകള്‍ എനിക്കുണ്ട്. അതെന്താ മനസിലാക്കാത്തെ?
-വേറെന്തു യോഗ്യത നിങ്ങള്‍ക്കുണ്ടെന്നാ നിങ്ങള്‍ പറയുന്നത്? നിങ്ങള്‍ക്ക് ജിമെയിലുണ്ടോ?
ജിമെയിലോ? അതെന്തോന്ന്‌?
-പോട്ടെ ഏതെങ്കിലുമൊരു ഇമെയിലുണ്ടോ?
എനിക്ക് ജിമെയിലുമില്ല ഇമെയിലുമില്ല പകരം എന്റെ മനസിലൊരു ഫീ മെയില്‍ ഉണ്ട്. അതു നീയാണ്, ഗ്രെയ്സ്മേരീ...!!!
-ഹ... ഹാ... സ്വന്തമായി ഒരു മെയില്‍ ഐഡി പോലുമില്ലാത്ത നിങ്ങളെ ഇനി എന്തു പറയാന്‍?
ഒരു ജല്‍സയുമില്ലാത്ത വെറും സല്‍സയാണു നിങ്ങള്‍! ഇമെയിലയ്ഡിയില്ലാത്ത
ഒറ്റയൊരു ചെററയെപ്പോലും പ്രേമിച്ചേക്കരുതെന്നാ എന്റെ മമ്മി എന്നോട് പറഞ്ഞേക്കുന്നത്.
ഇമെയിലയ്ഡിയില്ലാത്തവര്‍ വെറും ചെററകള്‍ ആണെന്ന് മനസിലാക്കി വെയ്ക്കാന്‍ മാത്രം നീയും നിന്റെ മമ്മിയും അത്രയ്ക്ക് അധഃപതിച്ചു പോയവരാണോ ഗ്രെയ്സ്മേരീ? അപ്പൊള്‍ ഞാനാണു മണ്ടന്‍!
ഇത്രയും ഇന്നസെന്റ് ആയ എന്നോട് ഇങ്ങനെ കണ്ണില് ചോരയില്ലാത സംസാരിക്കാന്‍ ഗ്രെയ്സ്മേരിയ്ക്ക്കഴിയുന്നല്ലോ എന്നാണെനിക്ക് അല്‍ഭുതം!
-നിങ്ങള്‍ ഇന്നസെന്റോ, ജഗതിയോ, സുരാജ് വെഞ്ഞാറമൂടോ, ആരുവേണേല്‍ ആയിക്കോളൂ.
എനിക്കത് പ്രശ്നമല്ല.
ഇതൊക്കെ കേട്ടിട്ട്‌ എനിക്ക് ആത്മഹത്യ ചെയ്യാനാണ്‌ തോന്നുന്നത്.
-എന്കില്‍ വേഗം പോയി ചെയ്തോളൂ. നാളെ കോളേജിന് ഒരവധി കിട്ടും.
എന്നെ ഒരു യോഗ്യതയും ഇല്ലാത്തവനായി നീ മാത്രമാണ് പരിഹസിച്ചത്. ഇങ്ങനെയുള്ള
ഒരുത്തിയെയാണല്ലോ ഞാന്‍ മനസില്‍ കൊണ്ടു നടന്നത് എന്നോര്‍ത്ത് എനിക്ക് എന്നോട് തന്നെ
അവജ്ഞ തോന്നുന്നു.
-എന്നെ സംബന്ധിച്ചിടത്തോളം മാത്തുക്കുട്ടി അയോഗ്യനാണ്‌. അയോഗ്യപ്പയലാണ്! അയോഗ്യ റാസ്ക്കലാണ്! അതിന് ഒരു കാലത്തും മാറ്റമുണ്ടാവില്ല മാത്തുക്കുട്ടി...
ഇനി മേലാല്‍ ഇത്തരം കേസുകെട്ടുമായി എന്റെ അടുക്കല്‍ വരരുത്. വന്നാല്‍ ഞാന്‍ സൈബര്‍
പോലീസില്‍ പരാതി കൊടുക്കും. തീര്‍ച്ച!

ഗ്രെയ്സ്മേരി ട്ടപ്പെന്നു മൊബൈല്‍ കട്ട് ചെയ്തു. എന്നിട്ട് സ്വിച്ച്ഓഫും!
മുഖത്ത് അടി കിട്ടിയ പോലെ മാത്തുക്കുട്ടി നിന്നുപോയി...!

വിപ്രലോലഫനായ മാത്തുക്കുട്ടിയ്ക്ക് മുന്‍പില്‍ അവന്റെ നീണ്ട പ്രണയവും, ഈ
വാലന്‍റൈന്‍സ് ഡേയും എല്ലാം ടമാര്‍... പടാര്‍...


Related Articles
ലെബനനിലെ ദേവതാരുക്കള്‍
ബോബന്‍ , ഫെമീനാ: ചില അവിഹിത സംഭാഷണങ്ങള്‍

3 അഭിപ്രായങ്ങൾ: