വ്യാഴാഴ്‌ച, മാർച്ച് 03, 2011

കാലിപ്സോ സംഗീതവും, കാതങ്ങള്‍ താണ്ടുന്ന ബോളും

ലോകകപ്പ് ക്രിക്കറ്റ് നടക്കുന്ന ‍ഈ വേളയില്‍, ഓരോ കളികളും ക്ലൈമാക്സില്‍എത്തുമ്പോള്‍ നാം അറിയാതെ

അന്വേഷിച്ചു പോകുന്ന ഒരു സാംഗത്യമുണ്ട്. എവിടെപ്പോയി ബാറ്റ്സ്മാന്‍മ്മാര്‍ നമുക്ക്
കാട്ടിത്തന്ന ആ കാവ്യചാരുത?
എവിടെപ്പോയി ബാറ്റ്സ്മാന്‍മ്മാര്‍ നമുക്ക് കാട്ടിത്തന്ന ആ ശൈലീ വല്ലഭത്വം ?
സചിന്‍ തെന്‍ഡുല്‍ക്കര്‍ എന്ന മഹാ പ്രതിഭയെ മാറ്റി നിര്‍ത്തിയാല്‍,
പിന്നെ വേറാരുമില്ല കളിയിലെ കാവ്യഭംഗി ഇന്നു നമുക്ക് കാട്ടിത്തരാന്‍ . കലാചാരുതയും കാല്‍പ്പനികതയും കൈ കോര്‍ത്ത നിമിഷങ്ങളുടെ സ്മരണകള്‍ നമ്മുടെ ഹ്രിദയത്തെ ഗത കാലങ്ങളിലേക്ക് കൂട്ടിക്കൊണ്ടു പോകുമ്പോഴാണ് നാം വഴിയില്‍ എവിടെയെല്ലാമോ വെച്ച്
വിവിയന്‍ റിച്ചാര്‍ഡ്സിനെ കാണുന്നത്. സര്‍. ഗാര്‍ഫീല്‍ഡ് സോബേഴ്സിനെ കാണുന്നത്. ഈയിടെ
മാത്രം ആ വഴിയിലേക്ക്‌ ഒഴിഞ്ഞുമാറിയ, കളിയഴകിന്റെ പൂര്‍ണ്ണ
തയായ സാക്ഷാല്‍ ബ്രയാന്‍ ചാള്‍സ് ലാറ എന്ന കുറിയ മനുഷ്യനെ കാണുന്നത്.

ബ്രയാന്‍ ചാള്‍സ് ലാറ
കാഴ്ച്ചയില്‍ കേരളത്തെ അനുസ്മരിപ്പിക്കുന്ന ദ്വീപ് രാഷ്ട്രങ്ങളാണ് ജമൈക്കയും, പോര്‍ട്ട് ഓഫ് സ്പെയിനും, ട്രിനിഡാഡുമെല്ലാം. ഒരു കാലത്ത് ക്രിക്കറ്റിലെ പ്രതാപികള്‍ ആയിരുന്നു അന്നാട്ടുകാര്‍.
കരീബിയന്‍ കടല്‍ കാത്തുവച്ച നിധികള്‍ അവിടെ നിന്നും നമ്മെ മോഹിപ്പിച്ചു. സാക്ഷാല്‍ വിവിയന്‍ റിച്ചാര്‍ഡ്സും, സര്‍. ഫ്രാന്‍ക് വോറലും, ക്ലൈവ് ലോയ്ഡും, ജോയല്‍ ഗറനറും, ആന്റി റോബര്‍ട്ട്‌സും, വാല്‍‌ഷ്, അംബ്രോസ് തുടങ്ങിയവരും നമുക്കു കാട്ടിത്തന്നത് കാരിരുമ്പിന്റെ കലാപപരമായ കണിശതയാണെന്കില്‍, കണിശതയെ കാല്പനികതയാക്കിയതാണ് ബ്രയാന്‍ ചാള്‍സ് ലാറ എന്ന ട്രിനിഡാഡ്‌ ആന്‍ഡ്‌ ടൊബാഗോക്കാരന്റെ ചരിത്രപ്രസക്തി.



ലാറ: ട്രിനിഡാഡ് ആന്‍ഡ്‌ ടൊബാഗോയിലെ സാന്റാ ക്രൂസില്‍ 1969 മെയ് രണ്ടിനു ജനിച്ച അതുല്യനായ ഇടം കൈയ്യന്‍ ബാറ്റ്സ്മാന്‍. ഒന്നര ദശകക്കാലം തേര്‍ട്ടീ യാര്‍ഡ്‌ സര്‍ക്കിളിനെ തീ പിടിപ്പിച്ച ബാറ്റിങ്ങ് ജീനിയസ്. കളിയെ ഒരു നൃത്തമാക്കി രൂപാന്തരപ്പെടുത്തിയ മാന്ത്രികന്‍.
സര്‍വോപരി ഷെയ്ന്‍ വോണും, മുത്തയ്യ മുരളീധരനും, മക്ഗ്രാത്തും, അക്തറും
ഉള്‍പ്പെടുന്ന സമകാലികരായിരുന്ന എല്ലാ ബോളര്‍മ്മാരെയും അപ്രസക്തമാക്കിയ ബാറ്റിങ്ങ് വിശേഷണങ്ങള്‍ക്ക് അതീതന്‍ .

ഓക്കു മരത്തിന്റെ ബാറ്റുമായിറങ്ങി അതിന്റെ വില്ലോയില്‍ തീര്‍ത്ത സംഗീതം കൊണ്ട് ഒരു ജനതയെ
അപസ്മാരം കൊള്ളിച്ച ബാറ്റിങ്ങ് ലെജന്‍ഡ് ആയിരുന്നു ബ്രയാന്‍ ലാറ. പുല്‍ മൈതാനിയില്‍
കവിതയൊഴുക്കിയ അസാമാന്യ പ്രതിഭ. കണക്കു കൊ
ണ്ടുള്ള താരതമ്യപ്പെടുത്തലുകള്‍ക്ക് അപ്പുറം നില്‍ക്കുന്ന കാല്‍പ്പനികന്‍ ...

ഒന്നര ദശകത്തോളം ഒരു ശരാശരി ടീമിനെ ജയാപജയങ്ങളിലൂടെ വഴി തെളിച്ചു കൊണ്ടുപോയ
രക്ഷകന്‍ എന്നിടത്ത് ലാറയുടെ എല്ലാ വിശേഷങ്ങളും പൂര്‍ത്തീകരിക്കപ്പെടുന്നു.
പക്ഷേ, എന്നിട്ടും ലാറയുടെ ടീം എന്ത് കൊണ്ടാണ് ക്രിക്കറ്റിലെ വലിയ നേട്ടങ്ങള്‍ കൊയ്യാതിരുന്നത്?
എതിരാളികളെ ഭീതിയില്‍ തളച്ചിടാന്‍ കഴിയാതെ പോയത്?
ചോദ്യങ്ങള്‍ അനവധിയാണ്‌. അവയ്ക്കുള്ള ഉത്തരം തേടിപ്പോകുമ്പോഴാണ് നാം വിന്‍ഡീസ് ക്രിക്കറ്റിന്‍റെ മൂല്യച്യുതിയുടെ യഥാര്‍ത്ഥ കാരണങ്ങള്‍ കണ്ടെത്തുന്നത്.


സത്യത്തില്‍ ലാറയുള്ള വെസ്റ്റ് ഇന്‍ഡീസ് ടീമാണ്‌ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ തോല്‍വികളിലൂടെ കടന്നു പോയിട്ടുള്ളത്. ലാറ എന്ന പ്രതിഭയോട് ഒരിക്കലും നീതി പുലര്‍ത്താത്ത
ഒരു ടീം റെക്കോര്‍ഡ് ആയി ഇതിനെ നമുക്ക് അവഗണിക്കുകയേ നിര്‍വാഹമുള്ളൂ.
അതിന്റെ സത്യങ്ങളിലേക്ക് നാം ചെന്നെത്തുമ്പോഴാണ് തോല്‍വികള്‍ ഉണ്ടാക്കുന്ന
സ്വത്വ ദേശീയ പ്രതിസന്ധികളെ നാം കണ്ടെത്തുന്നത്.
വെസ്റ്റ് ഇന്‍ഡീസ് ക്രിക്കറ്റ്‌ പ്രതാപ കാലത്തില്‍ നിന്നും എങ്ങിനെയാണ് തകര്‍ന്നു പോയത് എന്നതിനെ
ആസ്പദമാക്കി അനേകം പഠനങ്ങള്‍ നടന്നിട്ടുണ്ട്. പഠനങ്ങള്‍ ഓരോന്നും ഒരു ടീമിന്റെ
കേവലം തോല്‍വികള്‍ എന്ന നിലയില്‍ നിന്ന്, അതു വെസ്റ്റ്ഇന്ത്യന്‍ ദേശീയതയും അവരുടെ ക്രിക്കറ്റും
തമ്മില്‍ കെട്ടു പിണഞ്ഞു കിടക്കുന്ന സംകീര്‍ണതകളെക്കുറിച്ചുള്ള കണ്ടെത്തലുകള്‍ കൂടി ആയിരുന്നു.
സത്യത്തില്‍ വെസ്റ്റ് ഇന്‍ഡീസ് എന്നു പറയുന്നത് കുറേ ദ്വീപ് രാഷ്ട്രങ്ങളുടെ ഒരു യൂണിറ്റിയാണ്‌.

ചിതറിക്കിടക്കുന്ന ഒരു കൂട്ടം ദ്വീപുകളുടെ സംഖടനപരതയാണ്‌ വെസ്റ്റ് ഇന്‍ഡീസ്.
കരീബിയന്‍
റെഗ്ഗ ഗായകന്‍ ബോബ് മര്‍ലി പാടിയും, ഡെസ്മണ്ട് ഹെയ്‌ന്‍സ് പന്തുകളെ

കുമ്മായ വരയ്ക്കപ്പുറം കടത്തിയും ഉണര്‍ത്തിയ ദേശാഭിമാനമാണ്‌ വെസ്റ്റ് ഇന്‍ഡീസ് എന്നതിന്റെ
അടിത്തറ. ക്രിക്കറ്റില്‍ ഒഴികെ മറ്റൊരു കാര്യത്തിലും ഇവരുടെ ഏകത്വം നില നില്‍ക്കുന്നില്ല. മുന്‍പ്‌ വെള്ളക്കാരന്റെ അടിമത്വത്തിനെതിരെയും സ്വത്വ പ്രതിസന്ധിക്ക് എതിരെയുമുള്ള പ്രതിരോധമായിരുന്നു വെസ്റ്റ് ഇന്‍ഡ്യന് ക്രിക്കറ്റ്‌.
മറ്റൊരു കാര്യത്തിലും തോല്‍പ്പിക്കാന്‍ പറ്റാത്ത വെള്ളക്കാരനെ
ക്രിക്കറ്റിലൂടെ തോല്‍പ്പിക്കുക. അത് അവരുടെ ദേശ സ്നേഹത്തെ ജ്വലിപ്പിച്ചു. അക്കാലങ്ങളില്‍
അവരെ അവരുടെ സമരവീര്യമാണ്‌ നയിച്ചിരുന്നത്.
ജയം അവരുടെ എല്ലാ കുറവുകളെയും, എല്ലാ മുറിവുകളെയും ഉണക്കിക്കളഞ്ഞു.
എന്നാല്‍ സാമ്രാജ്യത്വങ്ങള്‍ ഒരിക്കലും സ്ഥിരമായി നിലനിന്നിട്ടില്ല എന്ന പാഠം ഓര്‍മിപ്പിക്കും വിധം
കരീബിയന്‍ കരിങ്കല്‍ ചുമരുകളിലും വിള്ളലുകള്‍ വീഴാന്‍ തുടങ്ങി.
വിന്‍ഡീസ് ടീമില്‍ നിന്നും എക്കാലത്തെയും മഹാരധന്മാര്‍ കൂട്ടത്തോടെ പടിയിറങ്ങിപ്പോയതും അതിന് ഒരു കാരണമായിരുന്നു.
ഏതാണ്ട് അതേ കാലഘട്ടത്തില്‍ തന്നെയായിരുന്നു ബ്രയാന്‍ ലാറ എന്ന ആ അഞ്ജടി പൊക്കക്കാരന്‍, കാലിപ്സോ സംഗീതം നിറച്ച തന്റെ ബാറ്റുമായി ക്രീസിലേക്കിറങ്ങുന്നത്. വെസ്റ്റ് ഇന്‍ഡ്യന്‍ യുവത ക്രിക്കറ്റ്‌ എന്ന സ്വപ്‌നം ഉപേക്ഷിച്ച് തൊട്ടരികില്‍ തന്നെയുള്ള അമേരിക്കയുടെ ആഡംബരത്തിലേക്കും,
അവരുടെ പണക്കിലുക്കത്തിലേക്കും ചാഞ്ഞു പോയതും ഇതേ കാലത്തു തന്നെയായിരുന്നു. അമേരിക്കന്‍ ബാസ്കറ്റ്ബോള്‍ കോര്‍ട്ടുകളിലെ വരുമാനം കരീബിയന്‍ യുവാക്കളുടെ ലക്ഷ്യമായി കുടിയേറി. നല്ലൊരു ശതമാനം യുവാക്കളും ക്രിക്കറ്റ്‌ വിട്ട് ബാസ്കറ്റ്ബോളുമായി അമേരിക്കയിലേക്ക്‌ ചേക്കേറി. പ്രതിഭയുടെ ഉരകല്ലില്‍ തീര്‍ത്ത പുതിയ കളിക്കാര്‍ ക്രിക്കറ്റില്‍ ഉദയം കൊള്ളാതെയായി. ഒപ്പം മാറിയ സാമൂഹിക വ്യവസ്ഥയില്‍ കറുമ്പനും, വെളുമ്പനും ഇല്ലാതായി. മുന്‍പ്‌ പറഞ്ഞതു പോലെ, പല രാജ്യങ്ങളില്‍ നിന്നെത്തിയ പല കളിക്കാര്‍ക്ക് തങ്ങളുടെ ഞരമ്പുകളില്‍ ചോരയോടിച്ച എല്ലാ കാരണങ്ങളോടും സമരസപ്പെടേണ്ടിവന്നു. തങ്ങളുടെ ടീമിന് ഒരു യൂണിറ്റി എന്നതിനപ്പുറം ഒരു നാഷണല്‍ സ്പിരിറ്റും ഉണ്ടാവാതായി.ഫലത്തില്‍ ലാറ എന്നും ഒറ്റയാള്‍ പട്ടാളമായി പോരാടുമ്പോഴും ടീം തോല്‍വികളില്‍ നിന്ന് തോല്‍വികളിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരുന്നു. പക്ഷേ ലാറയെ നയിച്ചിരുന്നത് സ്വത്വത്തില്‍ അധിഷ്ടിതമായ കളിയറിവായിരുന്നു. അതു കൊണ്ടാണ് ബ്രയാന്‍ ലാറയുടെ ഏറ്റവും മികച്ച പ്രകടനങ്ങള്‍ ഇംഗ്ലണ്ട്‌നും, ഓസ്ട്രേലിയക്കും എതിരേയായിമാറിയത്.

ലാറയുടെ പ്രസക്തി ഒരു കളിയെ തന്റേതായ മുദ്രകളും, ചലനങ്ങളും, വ്യംഗ്യങ്ങളും കൊണ്ട്
മാന്ത്രികമായി പുതുക്കിപ്പണിത ക്ലാസ്സിസിസ്റ്റ്‌ എന്ന നിലയിലാണ്. ക്രിക്കറ്റ്‌ തനിക്കും മറ്റുള്ളവര്‍ക്കും
ആനന്ദിക്കാന് വേണ്ടിയാണ് എന്ന ദ്യോതിപ്പിക്കും വിധമാണ് ലാറ എന്നും ബാറ്റ് വീശിയത്.
അതു കൊണ്ട് തന്നെ അദ്ധേഹം അവശേഷിപ്പിച്ചിട്ടു പോയത് കളിയിലെ മഴവില്‍ വര്‍ണങ്ങളുടെ ഉദാത്തമായ സ്വപ്‌ന സാക്ഷാല്‍ക്കാരങ്ങള്‍ തന്നെയായിരുന്നു. ക്രിക്കറ്റ്‌ ഉള്ളിടത്തോളം കാലം അവയെല്ലാം നില നില നില്‍ക്കുക തന്നെ ചെയ്യും.




എക്കാലത്തെയും റെക്കോര്‍ഡുകള്‍
ലാറ 1994-ല്‍ കവുന്‍ടി ക്രിക്കറ്റില്‍, ഡര്‍ഹാമിനെതിരെ, വാര്‍വിക്ക്ഷെയറിനു വേണ്ടി ഏജബാസ്റ്റനില്‍ വെച്ച് നേടിയ 501 നോട്ട് ഔട്ട് എക്കാലത്തെയും ഫസ്റ്റ്ക്ളാസ് റെക്കോര്‍ഡാണ്.
1994-ല്‍ ആന്റിഗ്വയില്‍ വെച്ച് ഇംഗ്ലണ്ട്‌നെതിരെ അദ്ധേഹം 375 നേടി അന്നത്തെ ലോകറെക്കോര്‍ഡ് ഇട്ടു.

2004-ല്‍ അതേ ആന്റിഗ്വയില്‍ വെച്ച് അതേ ഇംഗ്ലണ്ട്‌നെതിരെ അദ്ധേഹം 400 നോട്ട് ഔട്ട് നേടി എക്കാലത്തെയും മികച്ച ടെസ്റ്റ് റെക്കോര്‍ഡ് കുറിച്ചു.
ലോകത്തെ ഇന്നേവരെയുള്ള ഫസ്റ്റ്ക്ളാസ് റെക്കോര്‍ഡ് ആണ് ഒരു ബാറ്റ്സ്മാന്‍ , സെന്‍ചുറി, ഡബിള്‍ സെന്‍ചുറി, ട്രിപ്പിള്‍ സെന്‍ചുറി, ക്വഡ്രപ്പിള്‍ സെന്‍ചുറി, ക്യൂന്‍റപ്പിള്‍ സെന്‍ചുറി എന്നിവ നേടുക എന്നത്.

ലാറ, സച്ചിന്‍
ലാറയുടെ പ്രതിഭയെ സച്ചിന്റെ സ്റ്റാറ്റിസ്റ്റിക്സ് കൊണ്ട് അളക്കുന്നതു ബുദ്ധിശൂന്യമാണ്. ഇരുവരില്‍
ഒന്നാമന്‍ ആര് എന്ന ചോദ്യത്തിന് ഉത്തരം തീര്‍ച്ചയായും ഒരു കടംകഥ തന്നെയാണു.
അതിനുത്തരം ദൈവത്തിനു മാത്രമേ അറിയൂ. എന്‍റെ സുഹൃത്ത്‌ ജെറിന്‍, ലാറ-സച്ചിന്‍എന്നിവരെ താരതമ്യം ചെയ്തു കൊണ്ട് എഴുതിയ ഒരു മനോഹരമായ പോസ്റ്റ് നിങ്ങള്‍ക്ക്‌ഇവിടെ വായിക്കാം -

4 അഭിപ്രായങ്ങൾ:

  1. അളിയാ , കാലിപ്സോ സംഗീതം അലയടിക്കുന്ന കരീബിയന്‍ ക്രിക്കറ്റിനെ പറ്റിയും , ക്രീസിലെ നര്‍ത്തകന്‍ , ബാറ്റിംഗ് എന്നത് ഒരു കാവ്യമാക്കി തീര്‍ത്ത ലാറ എന്ന ആ ഇതിഹാസ കലാകാരനെയും പറ്റിയുള്ള ഈ പോസ്റ്റ്‌ വളരെ നന്നായിട്ടുണ്ട് ...... പിന്നെ ലാറ എന്ന ഇതിഹാസ താരത്തിനു ഇനിയുമുണ്ട് റെക്കൊടുകള്‍

    1 . ഒരു ടെസ്റ്റ്‌ ഇന്നിങ്ങ്സില്‍ ഒരു ഓവറില്‍ ഏറ്റം അധികം റണ്‍ അടിച്ച ബാറ്സ്മാന്‍ 28 ദക്ഷിണ ആഫ്രിക്കക്കു എതിരെ ബൌളര്‍ റോബിന്‍ പീട്ര്സന്‍
    2 . ഒരു ടെസ്റ്റ്‌ ഇന്നിങ്ങ്സില്‍ ഒരു ദിവസം ഏറ്റം അധികം റണ്‍ അടിച്ച ബാറ്സ്മാന്‍ 375 ധര്‍ഹാമിനെതിരെ
    3 . ഒരു ഇന്നിങ്ങ്സില്‍ ഏറ്റം അധികം ബൌണ്ടറി നേടിയ ബാറ്സ്മാന്‍ 72 ധര്‍ഹാമിനെതിരെ

    മറുപടിഇല്ലാതാക്കൂ
  2. നന്ദി ജെറിന്‍ .‍,
    ഒപ്പം തന്നെ അളിയന്‍ പറഞ്ഞതു 100 ശതമാനം കറക്റ്റ് ആണെന്നു പറഞ്ഞുകൊള്ളട്ടെ.
    നമുക്കു നമ്മുടെ അറിവുകള്‍ എല്ലാം ചേര്‍ത്തു ലാറയെ പറ്റി മാക്സിമം എഴുതണം.
    വിക്കിപീഡിയയില്‍( ബ്രയാൻ ലാറ ) ലാറയെക്കുറിച്ച് വളരെ തുച്ഛമായ വിവരങ്ങള്‍ മാത്രമേയുള്ളൂ. നമ്മെപ്പോലെയുള്ള എല്ലാ ബ്രയാന്‍ ലാറ ആരാധകരെയും വളരെയധികം നിരാശപ്പെടുത്തിയിട്ടുണ്ട് അത്. നമുക്കു നമ്മളെക്കൊണ്ട് ആവുന്നത്ര ചെയ്യണം. വിക്കിപീഡിയയില്‍ നമുക്ക് ലാറയെക്കുറിച്ച് കൂടുതലായി അപ്ഡേറ്റുകള്‍ ചെയ്യണം. അതിനു വേണ്ടി നമുക്കു ശ്രമിച്ചാലോ?

    മറുപടിഇല്ലാതാക്കൂ
  3. in lara vs tendulkar,my opinion is this:
    1. who is the better cricketer?- tendulkar(his involvement in the game is much more, better fieldsman, above all more disciplined.)
    2.who is the better batsman?-lara(unfortunately no words can describe this. just watch their batting and leave the statistics. to me lara's batting is more like a mozart symphony)
    being indians we never accept this. also tendulkar has a 'tendulkar inc' comprising former cricketers turned commentators,pr people,media which always try to keep him in the limelight.

    മറുപടിഇല്ലാതാക്കൂ