വ്യാഴാഴ്‌ച, സെപ്റ്റംബർ 29, 2011

പടാര്‍ബ്ലോഗ്‌ നൂറടിച്ചു ... ഞാനീ പേന പയ്യെ ഒന്നുയര്‍ത്തിക്കോട്ടെ...


പ്രീയപ്പെട്ടവരേ, പടാര്‍ബ്ലോഗ് അങ്ങനെ നൂറിന്റെ നിറവില്‍ എത്തിയിരിക്കുന്നു. ഈ പോസ്റ്റ് ഈ ബ്ലോഗിലെ നൂറാമത്തെ പോസ്റ്റാണ്. ആയിരം പോസ്റ്റ് തികച്ചവരും, അന്തിയുറങ്ങിയവരും നിറയുന്ന ബ്ലോഗ് എഴുത്തുകാര്‍ക്കിടയില്‍ നമ്മുടെ നൂറിന് എന്തു പ്രസക്തി എന്നെനിക്കറിയാം. സച്ചിന്‍ നൂറു സെഞ്ച്വറികള്‍ അടിച്ചാലും, അമ്പാട്ടി റായിഡുവിന്, പുള്ളിക്കാരനടിച്ച ഫിഫ്റ്റി ഒരു വല്യ കാര്യം തന്നെയാണല്ലോ. അതുകൊണ്ട് സച്ചിനും ബാറ്റ് പൊക്കും, റായിഡുവും ബാറ്റ് പൊക്കും. ആയിരം തികച്ച ബെര്‍ളിയും പോസ്റ്റിടും, നൂറു തികച്ച റിജോയും പോസ്റ്റിടും.

രണ്ടായിരത്തി പതിനൊന്ന് ജനുവരി ഇരുപത്തൊന്നാം തീയതി ജൂലിയന്‍ അസാഞ്ചെയേക്കുറിച്ച്
ആസാന്‍ജ് ഒരു പുപ്പുലി ! എന്ന പോസ്റ്റ് എഴുതി തുടങ്ങിയ ഒരു പടയോട്ടമാണിത്.
(പിന്നാലെ കല്ലുകളുമായി വായനക്കാരും...) അന്നു തന്നെ 2ജി സ്പെക്ട്രം അഴിമതിയേക്കുറിച്ച്
രാജ്യത്തെ ചതിക്കുന്ന റാഡിയമാര്‍... എന്നൊരു പോസ്റ്റും ബ്ലോഗിലിട്ടു. തുടക്ക കാലത്ത്, വല്ലപ്പോഴും ഒരോന്നൊക്കെ എഴുതണമെന്നാണ് കരുതിയത്. നമ്മളെഴുതുന്നതൊക്കെ ആരെങ്കിലും വായിക്കുമെന്നോ, വായനക്കാരെ എങ്ങനെ വല വാശിപ്പിടിക്കുമെന്നോ ഒന്നും അറിവില്ലായിരുന്നു അന്ന്. പക്ഷേ, പിന്നീട് ആഴ്ച്ചയില്‍ മൂന്ന് പോസ്റ്റ് എന്നത് ഒരു കണക്കായിപ്പോയി. മൂന്നു പോസ്റ്റ് ഇടാന്‍ എത്ര കൂതറയാവാനും നമ്മളു റെഡിയാണെന്ന് ചുരുക്കം...


സാമൂഹിക വിപത്തുകള്‍ക്കും അനാചാര അഴിമതികള്‍ക്കും എതിരെ പോരാടുന്ന ബ്ലോഗെന്ന
നിലയ്ക്ക് ബ്ലോഗിന്റെ റേറ്റിങ് ഒന്നിനൊന്ന്‌ കൂടിക്കൂടിവരുന്നത് നിങ്ങള്‍ വായനക്കാര്‍ക്കും
രോമാഞ്ചകരം ആണെന്നാണ് ഈയുള്ളവന്റെ വിശ്വാസം. ചുരുക്കിപ്പറഞ്ഞാല്‍ ഈ ബ്ലോഗിന്റെ പോക്ക്കണ്ടാല്‍ ചമ്പക്കര കമലം തെങ്ങേല്‍ വലിഞ്ഞ് കേറുന്നത് പോലുണ്ട്. കമലം തെങ്ങ് കേറുന്നത് കണ്ണിനു കാണാന്‍ കിട്ടുകേല. അത്ര സ്പീഡാണ്. പടാര്‍ ബ്ലോഗിന്റെ കുതിപ്പും അത്ര തന്നെ സ്പീഡിലാണ്..! വായനക്കാരുടെ വിചാരം ഇതു ചുമ്മാ രസത്തിന് വേണ്ടി തുടങ്ങിയബ്ലോഗാണെന്നാണ്. എന്നാല്‍ കേട്ടോളൂ .ഇത് ചുമ്മാ ഒരു തമാശിന് വേണ്ടി തുടങ്ങിയ ബ്ലോഗാണ്.
എന്നു കരുതി, അതിന്റേതായ ഒരു അഹങ്കാരമോ, അനാക്രാന്തമോ നമുക്കില്ല.

ഇത്രയും കാലത്തിനിടയ്ക്ക് മനസ്സിലായ ഒരു കാര്യം, കുറേപ്പേരൊക്കെ ഇതിലേ വന്ന് വായിച്ചിട്ട് പോകുന്നുണ്ട് എന്നതാണ്. കുറച്ച് പേരൊക്കെ കമന്റ് ഇടാറുമുണ്ട്. ഉള്ളത് പറയാമല്ലോ, ഇന്ന് വരെ
കമന്റിന്റെ എണ്ണം മുപ്പത് കടന്നിട്ടില്ല. ആരും കമന്റിടാന്‍ പോലും മടിക്കുന്നത്ര തരം താണ ബ്ലോഗാണിതെന്ന് അറിഞ്ഞതില്‍ സന്തോഷമുണ്ട്. എന്നിരിക്കിലും ചിലരൊക്കെ തികച്ചും ആത്മാര്‍ത്ഥമായിത്തന്നെ നമ്മുടെ എഴുത്തുകളെ അഭിനന്ദിക്കുമ്പോള്‍ മനസ്സിനൊരു കുളിര്‍മ്മ തോന്നാറുണ്ട്. ആ സമയങ്ങളില്‍ ചിറാപ്പുഞ്ചിയിലൊക്കെ മഞ്ഞുവീഴ്ച്ച സാധാരണമാവും. ഒരിയ്ക്കല്‍ ലതിക സുഭാഷിന്‍റെ പ്രസിദ്ധീ. എന്ന ഒരു പോസ്റ്റിന് സാക്ഷാല്‍ ലതികാ സുഭാഷ് വന്ന് കമന്റ് ഇട്ടത്, വലിയൊരു കാര്യമായി ഈയുള്ളവന്‍ കാണുന്നു. വി.എസ്. അച്യുതാനന്ദനേക്കുറിച്ചുള്ള പോസ്റ്റിന്, അച്യുതാനന്ദന്‍ തന്നെ കമന്റിടുന്ന കാലം ഈ ബ്ലോഗിനത്ര വിദൂരമല്ല എന്നാണ് മനസ്സിലാക്കേണ്ടത്...

എന്തു തന്നെയായാലും ഈ ബ്ലോഗ് വായിക്കുന്ന, ഫോളോ ചെയ്യുന്ന, കമന്റിടുന്ന ഒരുപാട് പേരുടെ സ്നേഹം ഞാന്‍ അനുഭവിക്കുന്നു. നിങ്ങളൊരോരുത്തരും നല്‍കുന്ന ഈ സ്നേഹ സഹകരണങ്ങള്‍ക്ക് ആയിരമായിരം നന്ദി അറിയിക്കട്ടെ. വായനക്കാരുടെ താല്‍പ്പര്യമാണ് ഈ ബ്ലോഗില്‍ നൂറു പോസ്റ്റ് തികയ്ക്കാനുള്ള ഊര്‍ജ്ജമായത്. ഈ നൂറാം നിറവിന്റെ സന്തോഷത്തില്‍ പങ്ക് ചേരാന്‍ എല്ലാ വായനക്കാരേയും ക്ഷണിയ്ക്കുന്നു...

നൂറാമത്തെ ടമാര്‍ പടാര്‍:
വായനക്കാര്‍ക്കുള്ള നാരങ്ങാ മിട്ടായി ഫാക്സായി അയച്ചിട്ടുണ്ട്...

* ചിത്രത്തില്‍, ഈ പോസ്റ്റിന് തൊട്ടു മുന്‍പു വരെയുള്ള പോസ്റ്റുകളുടെ കൗണ്ടിങ്ങ് കാണിച്ചിരിക്കുന്നു.

ചൊവ്വാഴ്ച, സെപ്റ്റംബർ 20, 2011

ജോലാര്‍പ്പേട്ട് നിന്നും കീലേരി അച്ചു

സുഹ്രുത്തുക്കളേ, ഗുണ്ടകളേ.

ഇന്ന് മുംബൈയിലെ അറിയപ്പെടുന്ന ബഡാ ഗഡിയാണ് കീലേരി അച്ചു എന്ന ഞാന്‍. കീലേരി എന്ന പേരു കേട്ടാല്‍ ജോലാര്‍പ്പേട്ട് മാത്രമല്ല, മുംബൈ മുഴുവന്‍ നിന്നു മുള്ളും. അധോലോഹ നായകനെന്ന് ചില പത്രക്കാരു തെമ്മാടികളെഴുതിപ്പിടിപ്പിക്കാറുണ്ട്. ഞാന്‍ പക്ഷേ വേറേയാണ്. വേറേ വേറേ വേറേ... ഞാനൊരു പെരിയ വേട്ടൈക്കാരന്‍ ഡാ..! ജോലി കൊട്ടേശന്‍. കൈവെട്ട് , തല വെട്ട് , മുതല്‍ മുടിവെട്ട് വരെ....

ഒരു കാലത്ത് ഹാജിമസ്താന്‍, ജോജി മസ്താന്‍, വരദരാജ മുതലിയാര്‍, ദാവൂദ് ഇബ്രാഹിം, ചോട്ടാ രാജന്‍, ചോട്ടാ ഷക്കീല്‍, ചോട്ടീ ഷക്കീല, ചോട്ടീ രേഷ്മ, ചോട്ടീ മറിയ തുടങ്ങിയ അതിപ്രശസ്ത അണ്ടര്‍വേള്‍ഡ് ഗഡികളുടെ വലം കൈയ്യായിരുന്നു ഞമ്മള്‍.

അന്നൊക്കെ ഞമ്മളാണ് മുംഫൈ കിടിലം കൊള്ളിക്കുന്ന അധോലോക പ്രഹടനങ്ങള്‍ നടത്തിയത്. ഞാണിന്‍മ്മേല്‍ കളി, കയറേല്‍ക്കൂടൊള്ള നടത്തം, കെട്ടിടത്തിന്റെ മണ്ടയ്ക്കൂന്ന് നെറ്റിലേക്ക് ഡൈവിങ്ങ്, പുല്ലാംകുഴലൂതി പാമ്പിനെ മാറാടിക്കല്‍ തുടങ്ങി സകല അഭ്യാസങ്ങളും അധോലോഹത്തിന്റെ മറവില്‍ നടത്തിയിരുന്നത് ഞമ്മളാണ്. കീലേരിയെന്ന ഞമ്മള്‍. ബുഹ് ഹ ഹ ഹ് ഹ് ഹ് ഹാാാാാാാാ.....

എന്നാല്‍ ഇതിനൊക്കെ മുന്‍പ് എനിക്കും ഒരു നിഷ്ക്കളങ്ക ബാല്യമുണ്ടായിരുന്നു പ്രീയപ്പെട്ടവരേ. നിങ്ങളേപ്പോലെ ഒരു പഞ്ചപ്പാവമായാണ് ഞാനും ജനിച്ചത്.കോഴിക്കോഡ് മിട്ടായിത്തെരുവിലെ മിട്ടായിയും, മത്തങ്ങാ തെരുവിലെ മത്തങ്ങയും, കുംബളങ്ങാത്തെരുവിലെ കുംബളങ്ങയും ഇഷ്ട്ടപ്പെട്ട്, വള്ളിനിക്കറും പുള്ളി ഷര്‍ട്ടുമണിഞ്ഞ് നടന്ന പല്ലുന്തിയ ഒരു സുന്ദരന്‍ ബാല്യകാലം. അക്കാലത്ത്, അതായത് ക്രിത്യമായിപ്പറഞ്ഞാല്‍
ഏഴാം ക്ലാസ്സിലെ ഓണപ്പരീക്ഷക്കാലത്ത് കണക്കിന്റെ പരീക്ഷേടെ തലെന്ന് ഞാനെന്റെ വീട്ടുകാരുടേയും നാട്ടുകാരുടേയും കണക്കുകൂട്ടലുകള്‍ തെറ്റിച്ച്, കണക്ക് ടീച്ചറേയും വിളിച്ച് ബോംബൈയിലേക്ക് ഒളിച്ചോടി. ടീച്ചര്‍ക്ക് എന്റെ ഉന്തിയ പല്ലുകള്‍ ഒരു ഹരമായിരുന്നു. ടീച്ചറുടെ ഉന്തിയ ബോഡി എനിക്കും ഒരു ജ്വരമായിരുന്നു. ഹരവും ജ്വരവും ഹരിച്ച് കൂട്ടിയപ്പോള്‍ കിട്ടിയ ശിഷ്ട്ടം മുട്ടനൊരു വരമായിരുന്നു.

ഒരുപാട് സ്വപ്നങ്ങളുമായി ബോംബയില്‍ ചെന്ന് ട്രെയിനിറങ്ങിയ ഞങ്ങളെ എതിരേറ്റത് ബോംബയുടെ പേരു മുംബൈ എന്നാക്കി മാറ്റി എന്ന നടുക്കുന്ന സത്യത്തിലേക്കായിരുന്നു. ഞാന്‍ ഞെട്ടി വിറച്ച് നിരാശാക്രാന്തനായി പരാക്രാന്തിക്കപ്പെട്ട് അവിടെനിന്ന് കൊരാക്രാന്തം നടത്തി. ബോംബേ കാണണമെന്ന ആഗ്രഹവുമായി വന്ന ഞങ്ങള്‍ക്ക് ഇനിയൊരിക്കലും ബോംബേ കാണാനാവില്ലെന്നും, വേണമെങ്കില്‍ മുംഫൈ കണ്ട് ത്രിപ്തിപ്പെട്ടോളണമെന്നുമുള്ള തിരിച്ചറിവ് ഞങ്ങളെ പൊട്ടിക്കരയിപ്പിച്ചു. ടീച്ചറെ എന്തെല്ലാം പറഞ്ഞ് ആശിപ്പിച്ച് കൊണ്ടുവന്നതാണ്. ചെ... ഇനിയിപ്പോ എന്തു ചെയ്യുമെന്ന് ഞാന്‍ ദുഖാക്രാന്തനായി. എന്റെ ആക്രാന്തം കണ്ട ടീച്ചര്‍ എന്നോട് ആക്രോശിച്ച് കൊണ്ട് അവിടെ നിന്നും ഓടിപ്പോവുകയാണുണ്ടായത്. ആ പോക്ക് ടീച്ചര്‍ പോയത് ഒരു മാര്‍വാഡീടെ കൂടാനെന്ന് പിന്നീടറിഞ്ഞു.....

ആ വാശിയാനെന്നെ അധോലോക നായകനാക്കാന്‍ കാരണം. പിന്നൊട്ടും അമാന്തിക്കാതെ ഞാന്‍ നേരേ നടന്നു. ചെന്നു നിന്നത് ഹാജി മസ്താന്റെ വീട്ടുമുറ്റത്ത് എനിക്ക് അധോലോക നായകനാകണമെന്ന ആവ്ശ്യമറിയിച്ചപ്പോള്‍ ദക്ഷിണ വെയ്ക്കാന്‍ പറഞ്ഞു. ദക്ഷിണ റെയില്‍വേയിലെ ഈ സ്റ്റേഷന്‍ മാസ്റ്ററുടെ കയ്യിലെന്തുണ്ട്? വെറുമൊരു ഓട്ട വീണ മാട്ടാ ജട്ടിയല്ലാതെ?!!! ഒടുവില്‍ ബെല്ലീ ഡാന്‍സിന്റെ ആദ്യാക്ഷരങ്ങള്‍ പഠിപ്പിച്ച അയലത്തെ കാര്‍ത്യായനിയെ മനസില്‍ ധ്യാനിച്ച്,"നിനക്കിപ്പോ ദക്ഷിണ തരാമെടാ തെണ്ടീ, കയ്യില്‍ കുത്ത് പൊറോട്ട കഴിക്കാനുള്ള കാശു പോലുമില്ലാതിരിക്കുംപ്പോഴാ അവന്റെ..." എന്നലറിക്കൊണ്ട് ഞാന്‍ അവിടിരുന്നൊരു തോക്കെടുത്ത് ഒറ്റ വെടി കൊടുത്തു. ഹാജി മസ്താന്‍ ക്ലോസ്സ്! അന്നേരമുണ്ട് അരുണ്‍ ഗാവ് ലി വരുന്നു. കൊടുത്തു അവനിട്ടൊരു വെടി. ഗാവ് ലി ചാവാലിയായി. പിന്നൊട്ടും വൈകിയില്ല ഞാനവിടെക്കിടന്ന ഒരു തുരുമ്പിച്ച ബുള്ളറ്റ് പ്രൂഫ് ജാക്കറ്റുമിട്ട് തുരുതുരാ വെടിവെപ്പ് നടത്തി.

പത്തേയ്ക്ക് പത്ത് നിമിഷം കൊണ്ട് ഗോഡൗണ്‍ കാലി!

തിരിച്ചിറങ്ങി വന്ന എനിക്കു ചുറ്റും ജനങ്ങള്‍ ആരവമുയര്‍ത്തി. അവരെന്നെ സൂപ്പര്‍മാനെന്ന് വിളിച്ചു. സ്പൈഡര്‍മാനെന്ന് വിളിച്ചു, ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നും ചീറിപ്പാഞ്ഞു വന്ന എ.കെ. ഫോര്‍ട്ടീസെവന്‍ ബുള്ളറ്റുകള്‍ എന്റെ ഉന്തിയ പല്ലില്‍ തട്ടി പൊട്ടിച്ചിതറി. അതുകണ്ട് ഞാന്‍ പൊട്ടിച്ചിരിച്ചു. ബുഹ്..ഹ്..ഹ..ഹ..ഹ്..ഹ്..ഹാാാ...

അന്നു രാത്രി തന്നെ ബാന്ദ്രയിലൊരു ഫ്ലാറ്റെനിക്ക് റെഡിയാക്കിത്തന്ന്
സൊനാലീ ബാന്ദ്ര എന്റെ കൂട്ടുകാരിയായി. പിറ്റേന്നു മുതല്‍ എന്റെ അന്തിയുറക്കങ്ങള്‍ മമതാ കുല്‍ക്കര്‍ണി, കരിഷ്മാ കപൂര്‍, മാധുരി ദീക്ഷിത്, ട്വിങ്കിള്‍ ഖന്ന, തുടങ്ങിയ അന്നത്തെ ഗഡി താരങ്ങളോടൊപ്പമായി. ചിലപ്പോഴൊക്കെ ഞാന്‍ ചെസ്സ് കളിച്ച് ഹര്‍ഷദ് മേത്തയ്ക്ക് ചെക്ക് പറഞ്ഞു. ബോര്‍ഷദ് മേത്തയ്ക്ക് ബിയറു പറഞ്ഞു, ശത്രുക്കള്‍ക്ക് ഞാനൊരു കയറു പറഞ്ഞു... അവരെ കെട്ടിത്തൂക്കാന്‍...ബുഹ്..ഹ്..ഹ്..ഹാാാാ

അന്നെന്നെ പത്ര മാധ്യമങ്ങളും, ചേരി നിവാസികളും, ബോളീവുഡ് സുന്ദരികളും പല വിശേഷണങ്ങള്‍ നല്‍കി ആദരിച്ചു. കിലാഡിയാം കാ കിലാഡി. സബ്സേ ബഡാ കിലാഡി, തൂ കിലാഡി മേ അനാരീ, കിലാഡീ നമ്പര്‍ വണ്‍..... കിലാഡീ ഷേറോഫ് കിലാഡീ ബച്ചന്‍, കിസ്മത്കാ കിലാഡി, കിസ്സ് മതിയാക്കിയ കിലാഡി, കില്‍ കിലാഡി, കിലുക്കി കുത്ത് കിലാഡി, കിലോഡാല്‍ഫിയന്‍ കിലാഡി, കിലാഡി ഖന്ന, കിലാഡി കപൂര്‍.... കിലാഡീ ഹഷ്മി, കിലാഡി രാജന്‍, കിലാഡീ ദേവ്ഗണ്‍, കിലാഡീ ഷെട്ടി, കിലാഡീ കുമാര്‍....
കില്‍ക്കിലാഡി..സര്‍വത്ര കിലാഡി, സര്‍ബത്തിനോട് ആര്‍ത്തിയുള്ള കിലാഡി, കിലോ.. കിലോ.. കിലോക്കണക്കിന് കിലാഡി... അങ്ങനെ നിരവധിയനവധി വിശേഷനങ്ങള്‍... പുരസ്ക്കാരങ്ങള്‍... പത്മശ്രീ, പത്മ ഷൂ, പത്മ സോക്സ്, പത്മ ക്യാപ്പ്... പത്മാ ബെല്‍റ്റ്... (എല്ലാം പത്മാ ഫാന്‍സിക്കട സ്പോണ്‍സര്‍ ചെയ്ത സാധനങ്ങള്‍ തന്നെ...)

അന്നുമുതലിന്നു വരെ ഞാന്‍ മുംഫൈയെ കിടിലം കൊള്ളിച്ചു കൊണ്ടിരിക്കുന്നു. മുംബൈ പോലീസിനും, എന്‍ കൗണ്ടര്‍ സ്പെഷ്യലിസ്റ്റുകള്‍ക്കും, എസ്.ടി.എഫിനും മുന്‍പില്‍ എന്റെ ഉന്തിയ പല്ലുകളുമായി ഞാനിന്നും നിഷ്ക്കരുണം വിഹരിക്കുന്നു. ഒരു പിടികിട്ടാപ്പുള്ളിയേപ്പോലെ... അതാണീ കീലേരി. മേരാനാം കീലേരി. കീലേരീ ഖാന്‍.. ബുഹ്.. ഹ..ഹ്.. ഹ്..ഹാാാാ

ഇതിത്രയും എന്റെ ആത്മ കഥയാണ്. ഇതെല്ലാം ഈയടുത്ത് ഡീസീ ബുക്ക്സ് പ്രസിദ്ധീകരിയ്ക്കുന്ന "വെടിയുണ്ടയ്ക്കെത്ര പവറുണ്ട്" എന്ന എന്റെ പുസ്തകത്തിലെ, 'തോക്കുണ്ടോ സഖാവേ ഒരുണ്ടയെടുക്കാന്‍" എന്ന അദ്ധ്യായത്തില്‍ നിന്നുമാണ്. "മ" വാരികയുടെ ഈ ഓണപ്പതിപ്പിനെ അലങ്കരിക്കാന്‍ ഞാനീ അദ്ധ്യായം അപ്പാടെ വെച്ച് നീട്ടുന്നു.

കീലേരി അച്ചുവിന്റെ അഡ്രസ്സ്
നമ്പര്‍ 317 ബാര്‍ (മറ്റേ ബാറല്ല ശവികളേ... ഈ ബാര്‍ "/") 201,
ധാരാവി റെസിഡന്‍ഷ്യല്‍ ചേരി,
മുക്കുപണ്ടം കോമ്പ്ലക്സ്,
(ബിഹന്‍ഡ് ഇന്‍ഫീരിയോറിറ്റി കോമ്പ്ലക്സ്.)
ജോലാര്‍പ്പേട്ട്
മുംഫൈ


വ്യാഴാഴ്‌ച, സെപ്റ്റംബർ 15, 2011

മാനത്തൂന്നൊരെണ്ണം വരുന്നുണ്ട് മോനേ

മാനത്ത് നോക്കി നടക്കണമെന്ന് പണ്ടുള്ളവരു പറയാറുണ്ടായിരുന്നു. ഇനിയിപ്പോ മാനത്തും മലമോളിലും നോക്കി നടന്നാലേ കാര്യമുള്ളൂ. "മാനത്തൂന്നെങ്ങാനും വന്നതാണോ" എന്ന ആ പഴയ സിനിമാ പാട്ടിനെ അനുസ്മരിപ്പിക്കുന്ന സംഭവമാണ്, ഭാഗ്യമുണ്ടെങ്കില്‍ നമ്മുടെ തലേലോട്ട് വീഴാന്‍ പോകുന്നത്. പണ്ടെങ്ങാണ്ടോ നാസ വിട്ട ഒരു ഉപഗ്രഹം, ഇന്ധനമൊക്കെ തീര്‍ന്ന്, ആകെപ്പാടെ കേട് പാടുകളും, ടയറു പഞ്ചറുമൊക്കെയായി ഭൂമിയിലേക്ക് പതിച്ച് കൊണ്ടിരിക്കുകയാണത്രെ.

ഇരുപത് വര്‍ഷം മുന്‍പെന്നോ അന്തരീക്ഷ പഠനത്തിന് വേണ്ടി വിക്ഷേപിച്ച നാസയുടെ കൃത്രിമോപഗ്രഹമായ അപ്പര്‍ അറ്റ്‌ഫോസ്ഫിയര്‍ റിസേര്‍ച്ച് (യു.എ.ആര്‍.എസ്)
എന്ന ഉപഗ്രഹമാണ് നമുക്കും, നമ്മുടെ തലയ്ക്കും ഭീഷണിയാകുന്നത്. 2004- ല് ഇഷ്ട്ടന്റെ ഇന്ധനം തീര്‍ന്നത്രെ. അതോടെ തകരാറിലായ, ആറ് ടണ്‍ ഭാരമുള്ള പ്രസ്തുത ഉപഗ്രഹം ഈ മാസം അവസാനമോ അടുത്ത മാസം ആദ്യമോ ടമാര്‍ പടാറാകുമെന്നാണ് നാസ പറയുന്നത്. നാസ ഇത്രവല്യ നാശമാണെന്ന് സ്വപ്നത്തില്‍ പോലും ആരും കരുതിയതല്ല. കേട്ടിടത്തോളം സംഭവം വല്യൊരു നാശ കോടാലിയായി തീര്‍ന്നിരിക്കുകയാണ്.

തല മൊട്ടയടിച്ചപ്പോ കല്ലുമഴ പെയ്തെന്ന് കേട്ടിട്ടേയുള്ളു. ഭൂമി കറങ്ങുന്നത് മാത്രമാണൊരാശ്വാസം, കേരളത്തിലെങ്ങാനും അവശിഷ്ടങ്ങള്‍ വന്ന് വീഴാതിരുന്നാല്‍ മതിയായിരുന്നു


*************************************************************************************

കഴിഞ്ഞ നാലു മാസത്തിനിടയിലെ രണ്ടാം തവണത്തെ പെട്രോള്‍ വിലവര്‍ദ്ധനയാണ് ഇന്ന് മുതല്‍ നടപ്പിലാവുന്നത്. ലിട്ടറിന് മൂന്നു രൂപാ പതിനാല് പൈസാ കൂടുന്നു. ഗൊള്ളാം. ബലേ ഫേഷ്. ഇതൊക്കെയാണ് വാസ്തവത്തില്‍ ഭരണകൂട ഭീകരത എന്നു പറയുന്നത്. എന്ത് അനീതി നടന്നാലും പ്രതികരിക്കാന്‍ കഴിവില്ലാത്ത ഒരു ഭാഗ്യം കെട്ട ജനതയ്ക്ക് ഇതൊക്കെ തന്നെ വരണം

മുന്നൂറു കോടി കട്ടിട്ട്, അതിന്റെ കുറവ് പരിഹരിക്കാന്‍ ഇത്തരം അടിച്ചേല്‍പ്പിക്കലുകള്‍ നടത്തുന്ന സര്‍ക്കാരിനെതിരേ, പ്രതികരിക്കാനുള്ള ത്രാണി ഉണ്ടാകണമെങ്കില്‍, ഇന്ത്യയെന്ന രാജ്യത്ത് സെന്‍സുണ്ടാവണം, സെന്‍സിറ്റീവിറ്റിയുണ്ടാവണം, സെന്‍സിബിലിറ്റി ഉണ്ടാവണം. അല്ലെങ്കിലിവിടെ പെട്രോളുണ്ടാവണം, പെട്രോളിറ്റി ഉണ്ടാവണം, പെട്രോളബിലിറ്റി ഉണ്ടാവണം... കുറഞ്ഞ പക്ഷം ഒരു പെട്രോ മാക്സെങ്കിലുമുണ്ടാവണം. എങ്കില്‍ പെട്രോമാക്സുമായി രാത്രിയില്‍ തവള പിടിക്കാനിറങ്ങുമ്പോള്‍ തവളകള്‍ ഈ അനീതിക്കെതിരേ ഇങ്ങനെ കൂട്ടത്തോടേ പ്രതികരിക്കും.. "പെട്രോമാക്സ്.... പെട്രോമാക്സ്.... പെട്രോമാക്സ്....."
(അര്‍ഥം: പെട്രോള്‍ വില മാക്സിമം ആയെന്ന്!)


ടമാര്‍ പടാര്‍:


2004 - ല് ഇന്ധനം തീര്‍ന്ന ഉപഗ്രഹം, എന്നിട്ടും ഈ ഭൂമിയെ ലക്ഷ്യമാക്കി സഞ്ചരിക്കുന്നതിന്റെ ഗുട്ടന്‍സാണെനിക്ക് പിടികിട്ടാത്തത്. പെട്രോളോ, ഡീസലോ തീര്‍ന്ന ഒരു വാഹനവും ഈ ഭൂമുഖത്ത് പിന്നൊരടി നീങ്ങിയിട്ടില്ല. ആ ഉപഗ്രഹത്തിന്റെ ഗുട്ടന്‍സ് ഈ വാഹനങ്ങള്‍ക്കുണ്ടായിരുന്നെങ്കില്‍ പെട്രോള്‍ വില പുല്ലു പോലായേനെ. അല്ലേ...


തിങ്കളാഴ്‌ച, സെപ്റ്റംബർ 05, 2011

മാത്തുക്കുട്ടി റോക്ക് എഗെയ്ന്

subject :- english second paper

question :- write a paragraph about Onam?



answer paper

P.P. Mathukkutty
S.t.d. X B
Martha Mariyam High School
Maakrimukk

വണ്‍സ് അപ്പോണ്‍
ഇന്‍ കേരളാ - കേരളാ കോങ്ക്രസ്സോ, മാണി കോങ്ക്രസ്സോ മത്താപ്പു കോങ്ക്രസ്സോ ഒണ്ടാകുന്നതിനും ബിഫോര്‍, കാറല്‍ മാക്സ്, ബാറില്‍ കയറ്റിയിട്ട കാറില്‍ ഇരുന്ന്, നല്ല ജോറില്‍ രണ്ടെണ്ണം വിട്ട് മുറ്റത്തെ മഴയുടെ ചാറലിലേക്ക് നൊക്കി കമ്യൂണിസ്റ്റ് മാനിഫസ്റ്റൊ തൊണ്ട കാറലോടെ പ്രസംഗിക്കുന്നതിനും മുന്‍പ്, ഒരു ഒന്നൊന്നര കിങ്ങ് ബി.സി.സി.ഐ. പ്രസിഡന്റിന്റെ പവറോടെ കേരളത്തില്‍ വാണിരുന്നു. ഹിസ് നെയിം ഈസ് മാവേലി! എമ്മെ. വേലീ...!

മാവേലീ ഈസ് ദ ഗ്രേറ്റ് കണ്ട്രീ കിങ്ങ് ഇന്‍ ഇന്‍ഡ്യ. പുള്ളീ ഒട്ടും സെല്‍ഫിഷല്ലാരുന്നു. പുള്ളിക്ക് ജാഡേന്ന് പറയുന്ന ഒരു സംഗതിയേ ഉണ്ടായിരുന്നില്ല. പുവര്‍ പീപ്പിള്‍സിനോടൊക്കെ ഭയങ്കര കൈന്റായിരുന്നു ആ രാജാവിന്. മൂന്നാറിലുള്ള മുപ്പതേക്കറു തൊട്ട് മുത്തങ്ങയിലെ മുന്നൂറേക്കറ് വരെ പുള്ളി പയറു പോലങ്ങ് ദാനം ചെയ്യുമായിരുന്നു.

ദാറ്റ് ടൈം, പയറേതാ, കയറേതാന്നറിയാത്ത ഒരു തെണ്ടി - ഹിസ് നെയിം ഈസ് മിസ്റ്റര്‍ വാമനാ - ആള്‍ വന്ന് മാവേലീയോട്, ത്രീ ഫീറ്റ് ലാന്റ് ചോദിച്ചു. മഹാബലി എന്ന പുവര്‍ കിങ്ങിന് വാമനന്‍ എന്ന ആ ക്രുവല്‍ കിങ്ങ് കോങ്ങിനോട് സിമ്പതി തോന്നി. മാവേലി ലാന്റ് കൊടുക്കാമെന്ന് ഉടനേ സമ്മതിച്ചു. ബട്ട്, വാമനന്റേതൊരു ട്രാപ്പാണെന്ന് പാവം മാവേലി അറിഞ്ഞില്ല. (അന്നത്തെ വിക്കീ ലീക്ക്സൊക്കെ വെറും ആവറേജായിരുന്നു.) മാവേലീ ഫൗണ്ടഡ് ഹിസ് ലാന്റ്. ബട്ട് രണ്ടടി ലാന്റ് മാത്രമേ കിട്ടിയൊള്ളു.. ഒരടിയുടെ കുറവ് മാവേലിക്കുണ്ടായിരുന്നു. മാവേലി ആകെ ടെന്‍ഷനായി. ടെന്‍ഷന്‍... ടെന്‍ഷന്‍... ടെന്‍ഷന്‍...

മാവേലി ആസ്ക് ടു വാമനാ, തല്‍ക്കാലം ഈ രണ്ടടി കൊണ്ട് അഡ്ജസ്റ്റ് ചെയ്യുമോ എന്ന്. ബട്ട്, വാമനാ നോ കോമ്പ്രമൈസ്. അയാള്‍ക്ക് മൂന്നടി മുഴുവനും കിട്ടണമത്രേ...

മാവേലി ഡിസപ്പോയിന്റ്. മാവേലി ആകെ സാഡായി. അദ്ദേഹം പെട്ടന്ന് ടെല്ലി (പറഞ്ഞു), എങ്കി നിന്റെ തല സോറി, എങ്കില്‍ എന്റെ തലയില്‍ ചവിട്ടി ബാക്കി ഒരടി കൂടി എടുത്തോന്ന്.

ആഫ്റ്റര്‍, മാവേലി പുട്ട് ഹിസ് ഓണ്‍ ഹെഡ്, ടു അണ്ടര്‍ ദ വാമനാസ് ഫുട്ട് വെയര്‍. സഡന്റ്ലീ വാമനാ, അറ്റാക്ക് ദ മാവേലീസ് ഹെഡ് ആന്റ്, ഹീ ഡൗണ്‍ലോഡഡ് ടു പാതാളാസ്. മാവേലി ഔട്ട്. വാമനാ വിന്‍. അല്ലെങ്കില്‍ വാമനാ ബൗള്‍ഡഡ് ടു മാവേലീസ് വിക്കറ്റ്. അപ്പോള്‍ വാമനന്റെ മൊബൈലില്‍ നിങ്ങളുടെ മെസേജ് സെന്റായി എന്ന് കാണിച്ചു.

പക്ഷേ ഇതു ലൈവ് ആയി കണ്ടോണ്ടിരുന്ന പീപ്പിള്‍സ് വെറുതേയിരിക്കുമോ? അവരെല്ലാരും കൂടെ വാമനനെ ചവിട്ടി പുറത്താക്കി. അതാണ് കിറ്റ് ഇന്ത്യാ സമരം. (അതിനു ശേഷം എല്ലാവര്‍ക്കും സര്‍ക്കാര്‍ വക ഓണക്കിറ്റ് കിട്ടുന്നുണ്ടെന്നൊരു മെച്ചമേയുള്ളൂ)

ആഫ്റ്റര്‍ ത്രീ ഇയേഴ്സ് ഹര്‍ത്താല്‍ ഇന്‍ കേരളാ. പിണറായി വിജയന്‍ സെഡ്, ഇതിനൊക്കെ കാരണം സി.ഐ.എ. ചാരന്‍മ്മാരാണെന്ന്. ഉമ്മഞ്ചാണ്ടി സെഡ് മാവേലിയെ ചവിട്ടി താഴ്ത്തിയത് സി. പി. എം കാരാണെന്ന്. സോ, വി. എസ്. അച്ച്യുതാനന്ദന്‍ ഹാസ് സെഡ് മാവേലിയെ ചവിട്ടി താഴ്ത്തിയത് ലോട്ടറി കിങ്ങ് സാന്റിയാഗോ മാര്‍ക്കണ്ടേയനാണെന്ന്.

എനിവേ, കേരളാ ഫേസസ് മോര്‍ദാന്‍ പ്രോബ്ലംസ് ആഫ്റ്റര്‍ ദ മാവേലീസ് ഡെത്ത്. ബാലക്രിഷ്ണപിള്ള വോക്ക് ഇന്‍ ടു ജെയില്‍, ശശി തരൂര്‍ വെഡ്ഡിങ്ങ് ടു സുനന്ദാ പുഷ്ക്കര്‍, ജാലിയന്‍ വാലാബാഗ് ഫയര്‍ ഫോഴ്സ്, മാറാട് കലാപം.... അങ്ങനെയങ്ങനെ...!

ആഫ്റ്റര്‍ ദ ത്രീ ഇയേഴ്സ്, ഗ്രേറ്റ് മാവേലി റീലോഡഡ് ടു കേരളാ, ലൈക്ക് മോഹന്‍ലാല്‍. ചില കളികള്‍ കളിക്കാനും, ചിലര്‍ക്ക് കാലിലെ നഖം വെട്ടിക്കൊടുക്കാനും. മാവേലീ കം എഗെയ്ന്...

തുടര്‍ന്ന് കമ്പല്‍സറീ എവെരി ഇയേഴ്സ് മാവേലീ വില്‍ വിസിറ്റ് ടു കേരളാ, എഞ്ചോയ് ദ ഓണം സെലിബ്രേഷന്‍.

മാവേലി ഈസ് എ ബ്രൈഡല്‍ ഹീറോ. ഹിസ് സ്റ്റൊമക്ക് ഈസ് ബിഗ് ആന്റ് ഹ്യൂജ്. മാവേലി ഈസ് എ ആംഗ്രി യങ്ങ് മാന്‍. ആക്ച്വലി പുള്ളിയെ എതിരേല്‍ക്കാന്‍ വേണ്ടി, ഒരോ ഓണത്തിനും വീ ഹാവ് മേക്ക് ഉപ്പേരി, ആന്റ് - വീ ഡൂയിങ്ങ് ഇലയിട്ട് ചോറൂണ്.

ഇന്‍ ഓണം ഡേയ്സ്, വീ ജമ്പ് ഇന്‍ ഊഞ്ഞാല്‍ ടു ദ സ്കൈ. വീ മേക്ക് അത്തപ്പൂക്കളംസ്. ആന്റ് വീ ലുക്ക് വാട്ടര്‍ പ്ലേ (വള്ളം കളി കാണുമെന്ന്)

പ്രധാന കലാപരിപാടികള്‍ തിരുവോണത്തിനാണ്. ദാറ്റ് ഡേ ഏര്‍ളീ മോര്‍ണിങ്ങ് വീ വേക്ക് അപ്പ് ആന്റ്, വാക്ക് ടു ഷേര്‍ളീസ് ഹൗസ്. ഷേർളി ഈസ് എ ബ്യൂട്ടിഫുള്‍ ഗേള്‍. അവളെ ഒന്നു കണ്ടാല്‍ പത്ത് തിരുവോണം ഒന്നിച്ച് സെലിബ്രേറ്റ് ചെയ്തത് പോലെയാണ്. ആഫ്റ്റര്‍ ഞാന്‍ ഗോയിങ്ങ് ടു ഗ്രെയ്സ്മേരീസ് ഹൗസ് വാമിങ്ങ്. (ഗ്രെയ്സ്മേരീടെ വീടിനടുത്തൂടെ കറങ്ങുമെന്ന്.) ഗ്രെയ്സ്മേരീ ഈസ് എ മോസ്റ്റ് ബ്യൂട്ടിഫുള്‍ ഗേള്‍ ഇന്‍ ദ മാക്രിമുക്ക് പഞ്ചായത്ത്. ഷീ ഈസ് മൈ ലവ്വര്‍. ഐ ലവ് യു. ബട്ട് ഷീ ഡോണ്ട് ലവ് മീ. ഐ ലവ്വോട് ലവ്വാണ്. ഷീ നോട്ട് ലവ്വ്.

ഇന്‍ ആഫ്റ്റര്‍ നൂണ്‍, വീ ഹാഡ് ഫുഡ്ഡ് വിത് മൈ ഫാമിലി.

ആഫ്റ്റര്‍ ദ ലഞ്ച്, വീ സ്റ്റാര്‍റ്റഡ് വെള്ളമടി, ആന്റ് എഞ്ചോയ്മെന്റ്. മോര്‍ മോര്‍ മോര്‍ ഫുള്‍സ് വീ പൊട്ടിയ്ക്കും, എന്നിട്ട് അടിയ്ക്കും. വെള്ളമടി ഈസ് ദ മെയിന്‍ പാര്‍ട്ട് ഓഫ് മൈ തിരുവോണം.

ദിസ് ആള്‍ ഈസ് മൈ ഓണക്കാല അനുഭവങ്ങള്‍!!!

(ടീച്ചര്‍, അറിയാവുന്ന ഇംഗ്ലീഷിലൊക്കെ എഴുതി ഒപ്പിച്ചിട്ടുണ്ട്. ടീച്ചറുടെ വിലയേറിയ മാര്‍ക്കുകള്‍ എനിക്ക് രേഖപ്പെടുത്തിത്തരണം. ഈ പരീക്ഷയ്ക്കൂടെ പൊട്ടിയാല്‍ അപ്പനെന്നെ വീട്ടില്‍ കേറ്റുകേല. എന്റെ ദയനീയ സ്ഥിതി ടീച്ചര്‍ മനസിലാക്കുമെന്ന പ്രതീക്ഷയോടെ മാത്തുക്കുട്ടി എന്ന പാവം വിദ്യാര്‍ഥി...)


വാല്:
മാത്തുക്കുട്ടിയുടെ പത്താംക്ലാസ്സ് പരീക്ഷാ പേപ്പറാണിത്. ഇംഗ്ലീഷ് സക്കന്റ് പേപ്പര്‍ എക്സാമിന്, "ഓണത്തേക്കുറിച്ച് ഒരു ഒരു പരഗ്രാഫെഴുതുക" എന്ന ക്വൊസ്റ്റ്യന് മാത്തുക്കുട്ടിയദ്ധേഹം എഴുതിയ ഒരു പേജ് ഉത്തരമാണിവിടെ നീണ്ട് പരന്ന് കിടക്കുന്നത്. ഇംഗ്ലീഷില്‍ ഇത്രയും സ്റ്റാന്‍ഡേര്‍ഡുള്ള മാത്തുക്കുട്ടി ജയിക്കുമോ? നിങ്ങള്‍ പറയൂ...


വായനക്കാരോട്:-
പടാര്‍ ബ്ലോഗിന്റെ എല്ലാ വായനക്കാര്‍ക്കും, സുഹ്രുത്തുക്കള്‍ക്കും ഒരു തട്ട് തകര്‍പ്പന്‍ ടമാര്‍ പടാര്‍ ഓണാശംസകള്‍ നേരുന്നു... നിങ്ങള്‍ക്കെല്ലാവര്‍ക്കും ഈ ഓണമൊരു "അനാക്രാന്ത" കുസുമമായിരിക്കട്ടെ എന്നാശംസിച്ച് കൊണ്ട്, സ്വന്തം റിജോ.....



Related Articles

മാത്തുക്കുട്ടിയുടെ എസ്.എസ്.എല്‍സി പരീക്ഷാ പേപ്പര്‍. (ചോര്‍ന്നു കിട്ടിയത്)
ഗ്രെയ്സ്മേരിയ്ക്കൊരു ഫേസ്ബുക്ക് ഡോക്ക്

ഗ്രെയ്സ് മേരിയ്ക്കൊരു ലവ് ലെറ്റര്‍




വ്യാഴാഴ്‌ച, സെപ്റ്റംബർ 01, 2011

കൊല്‍ക്കൊത്തയിലിന്ന് നീല വസന്തം

ഇന്നൊരു ചരിത്രം പിറക്കുകയാണ്. ഇന്ത്യന്‍ ഫുട്ബോളിന്റെ നവയുഗപ്പിറവിക്ക് തുടക്കമിടുന്നത് ഒരു പക്ഷേ ഇന്നത്തെ ദിവസമായിരിക്കാം... ലോകത്തെ നംബര്‍ വണ്‍ ടീമുകളിലൊന്നായ, സാക്ഷാല്‍ അര്‍ജന്റീന ഇന്ന് കൊല്‍ക്കൊത്തയിലെ സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തില്‍ വെനീസ്വലയുമായി ഏറ്റുമുട്ടും. ലാറ്റിനമേരിക്കയുടെ തനതായ കവിത തുളുമ്പുന്ന കേളീ ശൈലിയുടെ ഉപാസകരായ അര്‍ജന്റീന ഇന്ത്യന്‍ മണ്ണിലെ ഒരോ പുല്‍നാമ്പുകളേയും കോരിത്തരിപ്പിക്കുമെന്ന് നമുക്ക് പ്രതീക്ഷിക്കാം. ലോക ഫുട്ബോളര്‍ മെസ്സി നയിക്കുന്ന പുതിയൊരു അര്‍ജന്റീനയെയാണ് നമ്മളിന്ന് കാണാന്‍ പോകുന്നത്. അവര്‍ ഇന്ന് ഇന്ത്യയിലൊരു പുതിയ ഫുട്ബോള്‍ ചരിത്രം സ്രിഷ്ട്ടിക്കാന്‍ പോകുന്നു. ഇന്ന് രാത്രി ഏഴു മണിക്ക് ഒരു ലക്ഷം വരുന്ന കാണികളുടെ മുന്‍പില്‍ വിഖ്യാതരായ ആ നീലപ്പട കാല്‍പ്പന്ത് ഇന്ദ്രജാലങ്ങള്‍ കാഴ്ച്ച വെയ്ക്കും. കളി ഇ.എസ്.പി.എന്നില്‍ തത്സമയ ഉണ്ടായിരിക്കും. (കഴിഞ്ഞ ലോകക്കപ്പ് നാളുകളി വരച്ച ഒരു മെസ്സി ചിത്രം ഇതോടൊപ്പം കൊടുത്തിരിക്കുന്നു. ചിത്രത്തില്‍ ക്ലിക്കിയാല്‍ വലുതായി കാണാം.)

ഇന്ത്യയിലെ ലക്ഷക്കണക്കിന് വരുന്ന ഫുട്ബോള്‍ ആരാധകരെ സംബന്ധിച്ചിടത്തോളം ഇതൊരു മഹാ സംഭവം തന്നെയാണ്. പല കാരണങ്ങള്‍കൊണ്ടും ഈ മത്സരത്തിന് ചില പ്രത്യേകതകളുണ്ട്. നാളിതു വരെയുള്ള ഇന്ത്യന്‍ ഫുട്ബോള്‍ ചരിത്രത്തില്‍ ആദ്യമായാണ് ലോകറാങ്കിങ്ങില്‍ ആദ്യ റാങ്കുകളിലുള്ള രണ്ട് ടീമുകള്‍ തമ്മില്‍ ഇന്ത്യന്‍ മണ്ണില്‍ കളിക്കുന്നത്. ഫിഫ ഔദ്യൊഗികമായി ഒരിന്റര്‍നാഷണല്‍ ക്ലാസ്സ് മല്‍സരം ഇന്ത്യയില്‍ നടത്തുന്നത് നടാടെയാണ്. അര്‍ജന്റീന, വെനെസ്വല എന്നിവര്‍ ഇന്ത്യയില്‍ കളിക്കുന്നതും ആദ്യം തന്നെ. എല്ലാം കൊണ്ടും ഇന്ത്യന്‍ ഫുട്ബോളിനൊരു ഉണര്‍ത്തുപാട്ടാവുകയാണ് മത്സരം. ലയണല്‍ മെസ്സി, ഗോണ്‍സ്വാലോ ഹിഗ്വെയിന്‍,എയിഞ്ചല്‍ ഡി മരിയ തുടങ്ങി ലോകമെങ്ങും കേള്‍വി കേട്ട പ്രതിഭാധനരായ, ലാറ്റിനമേരിക്കന്‍ ഫുട്ബോള്‍ താരങ്ങള്‍ ഇന്ന് അര്‍ജന്റീനയ്ക്ക് വേണ്ടി, ഇന്ത്യന്‍ മണ്ണില്‍ പന്ത് തട്ടും. എതിരാളികള്‍ വെനീസ്വലേയാണ്. അവരും ലാറ്റിനമേരിക്കയില്‍ നിന്നു തന്നെയുള്ളവര്‍. ഇക്കഴിഞ്ഞ കോപ്പാ അമേരിക്കാ സെമി കളിച്ചവര്‍. ഫിഫാ റാങ്കിങ്ങില്‍ നാല്‍പ്പതാം സ്ഥാനക്കാര്‍. പോരാട്ടം കൊഴുക്കാന്‍ വേറേ കാരണങ്ങള്‍ വേണ്ട.

മാച്ച് ഒരര്‍ത്ഥത്തില്‍ ഒരു രാഷ്ട്രീയ നേട്ടം കൂടിയാണ്. ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യയ്ക്ക് പ്രത്യേകം സ്ഥാനം ഫിഫ നല്‍കുന്നു എന്നതിനൊരു അടിവരയാണീ മാച്ച്. ഫിഫയേ സംബന്ധിച്ച് ഫുട്ബോള്‍ വിറ്റഴിക്കാവുന്ന ഒരു വിശാല മാര്‍ക്കറ്റാണിന്ത്യ. മാച്ചിനു ശേഷം ഇനി കൂടുതല്‍ രാജ്യാന്തര മാച്ചുകള്‍ ഇന്ത്യയില്‍ നടക്കാമെന്നതും സന്തോഷകരമാണ്. ഫുട്ബോളിന്റെ മക്ക എന്നറിയപ്പെടുന്ന കൊല്‍ക്കൊത്ത്യ്ക്ക് ശേഷം ഫുട്ബോള്‍ ആരാധകര്‍ കൂടുതലുള്ള കേരളത്തിലേക്കും, ഗോവയിലേക്കും പ്രതീക്ഷകളുടെ സ്പോട്ട് കിക്കുകള്‍ നീണ്ട് വന്നേക്കാം. ( കേരളത്തിനങ്ങനെ മോഹിക്കാന്‍ ഒരു "ദേശീയ" നിലവാരത്തിലുള്ള സ്റ്റേഡിയം പോലുമില്ല എന്നത് ഓര്‍ത്തുകൊണ്ട് തന്നെ പറയുന്നു) അങ്ങനെയങ്ങനെ ഇന്നത്തെ കിക്കോഫിന് ഒട്ടനവധി പ്രത്യേകതകളുണ്ട്. ഇത് കേവലമൊരു സൗഹ്രിദ മത്സരമാണെങ്കിലും, അവസാന വിജയം അര്‍ജന്റീനയ്ക്കായിരിക്കണം എന്നാവും ഇന്ത്യയിലെ ഒരൊ ഫുട്ബോള്‍ പ്രേമിയും ആഗ്രഹിക്കുന്നത്. തീര്‍ച്ചയായും അതങ്ങനെ തന്നെ ആവണമല്ലോ. അര്‍ജന്റീനയ്ക്ക് വേണ്ടി കയ്യടിക്കാന്‍ ഞാനുമുണ്ടാവും......