വെള്ളിയാഴ്‌ച, മാർച്ച് 09, 2012

ഇറ്റാലിയൻ മറീനുകൾക്ക് വേണ്ടി ഒരു ദീനരോദനം

ഇറ്റാലിയൻ മറീനുകളായ ലസ്തോറെ മാസി മിലിയാനോയും, സാല്വത്തോറെ ജിറോണും പൂജപ്പുര ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുന്നു. എന്റിക്ക ലെക്സി കപ്പലിലെ സുരക്ഷാ ഡ്യൂട്ടിയ്ക്കിടയിൽ അവരുടെ കയ്യിൽ നിന്നുമുണ്ടായ ഒരു പാളിച്ച അവരെ തടവറപ്പുള്ളികളാക്കി മാറ്റിയിരിക്കുകയാണ്.

പ്രീയപ്പെട്ട, ലസ്തോറെ മാസി മിലിയാനോ, സാല്വത്തോറെ ജിറോൺ... പോലീസ് കസ്റ്റഡിയിൽ റിമാന്റ് ചെയ്യപ്പെട്ട് പൂജപ്പുരയിലേക്ക് യാത്രയാവുന്ന നിങ്ങളുടെ ചിത്രങ്ങൾ കണ്ടു. ധീരതയുടേയും ആത്മ വിശ്വാസത്തിന്റേയും പ്രതിരൂപങ്ങളായ നിങ്ങളുടെ മുഖത്തെ ദൈന്യത എന്നെ ഒട്ടൊരു നേരം ചിന്താകുലനാക്കി. ഏൽപ്പിക്കപ്പെട്ട ദൗത്യ നിർവഹണത്തിനിടയിൽ നിങ്ങൾക്ക് അറിയാതെ പിണഞ്ഞ ഒരു കയ്യബദ്ധം നിങ്ങളെ ഇന്ന് കാതങ്ങൾക്കിപ്പുറം, ഈ ഇൻഡ്യാ മഹാരാജ്യത്തെ വെറും തടവു പുള്ളികൾ മാത്രമാക്കിയിരിക്കുന്നു.

നിങ്ങളുടെ തോക്കുകളുടെ ട്രിഗറിൽ വിരലമർന്നപ്പോൾ നഷ്ട്ടപ്പെട്ടത് നാലു പാവം ജീവനുകളായിരുന്നു. അവരുടെ ഉയിരുകളിലൂടെ വേർപെട്ടത് പല കുടുംബംങളുടെ പ്രതീക്ഷകളും ആയിരുന്നു. എങ്കിലും അന്ന് നിങ്ങൾക്ക് സംഭവിച്ചത് വലിയൊരു അബദ്ധമായിരുന്നു എന്നാണ് ഈയുള്ളവന്റെ അനുമാനം.

സൊമാലിയൻ കൊള്ളക്കാരിൽ നിന്നും ഇതിനു മുൻപ് നാല് ഇറ്റാലിയൻ കപ്പലുകൾക്ക് സംഭവിച്ച ദുരന്തങ്ങളായിരിക്കാം മത്സ്യ ബന്ധന ബോട്ടുകളുടെ ദൂരക്കാഴ്ച്ചയിൽ നിങ്ങളെ ഓർമ്മിപ്പിച്ചത്. അതാവാം രണ്ടാമതൊന്നും ആലോചിക്കാതെ നിങ്ങൾ തോക്കെടുത്തതും തുരു തുരാ നിറയൊഴിച്ചതും.

പക്ഷേ, അപ്രതീക്ഷിതമായി നാലു നിരപരാധികൾക്ക്  ജീവൻ വെടിയേണ്ടി വന്നു. നിങ്ങളുടെ തോക്കിൽ നിന്നുതിർന്ന വെടിയുണ്ടകൾ മത്സ്യ തിഴിലാളികളുടെ നെഞ്ച് ലാക്കാക്കി പോകുമ്പോൾ, സൊമാലിയൻ തീരങ്ങളിൽ വലിയ കപ്പലുകൾ പ്രതീക്ഷിച്ച് സൊമാലിയൻ കടൽക്കൊള്ളക്കാർ കാത്തിരിക്കുന്നുണ്ടായിരുന്നിരിക്കാം.

മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദന മനസ്സിലേക്ക് തിര പോലെ അടിച്ചിറങ്ങിക്കഴിഞ്ഞിരിക്കുകയാണ്. അവരുടെ വേദനയിൽ ഐക്യദാർഡ്യം പ്രകടിപ്പിക്കുന്നു. എങ്കിലും, നിങ്ങളുടെ ദൈന്യമായ മുഖം പെട്ടന്ന് മനസ്സിനെ സ്പർശിച്ചു പോയി. അന്താരാഷ്ട്ര നിയമങ്ങൾ അനുശാസിക്കുന്ന പദവികളും ആനുകൂല്യങ്ങളും അനുഭവിക്കേണ്ടുന്ന സൈനികരായ  നിങ്ങൾ, ഇതാ മറ്റൊരു രാജ്യത്ത്, അപരിചിതമായ ചുറ്റുപാടിൽ, ജീവിതത്തിൽ ആദ്യമായി ജയിൽ വാസം അനുഷ്ഠിക്കുന്നു.

നിങ്ങളുടെ നാടിന്റെ നിറവും മണവും സംസ്കാരവും ഇനി നാലു ചുവരുകൾക്കപ്പുറം നിങ്ങൾക്ക് അന്യമാവുകയാണ്. ജീവിതത്തിന്റെ നല്ല പ്രായം നിങ്ങൾക്കിനി ഇവിടെ പാഴാകുന്നു. കുടുംബം, വേണ്ടപ്പെട്ടവർ, കൂട്ടുകാർ, സർവോപരി നിങ്ങൾ ഒരു ഇറ്റാലിയൻ പൗരനെന്ന നിലയിൽ അനുഭവിച്ച സ്വാതന്ത്ര്യങ്ങളും സന്തോഷവും നിങ്ങൾക്കിനി ഇവിടുത്തെ നീണ്ട നാളുകൾ കൊട്ടിയടയ്ക്കുന്നു.

ഇതെഴുതുന്ന എനിക്ക് നിങ്ങളുടെ ഈ അവസ്ഥയിൽ ആത്മാര്‍ത്ഥമായ ദു:ഖമുണ്ട്. നിങ്ങളുടെ കരയുമെന്ന മട്ടിലുള്ള, അനേകം ചിന്താകുലങ്ങൾ പേറുന്ന മുഖഭാവം എന്റെ മനസ്സിലേക്ക് ഒരമ്പ് എയ്തതു പോലെ അനുഭവപ്പെട്ടിരിക്കുന്നു.

എന്നെ സംബന്ധിച്ചിടത്തോളം, ഏതു രാജ്യത്തെയായാലും സൈനികനെന്നു കേൾക്കുമ്പോൾ അവരോടൊരു ആരാധന തോന്നുന്ന മനസ്സിനുടമയാണ് ഞാൻ.  അതോടൊപ്പം ഈയുള്ളവന്റെ സഹോദരൻ, ഇൻഡ്യൻ നേവിയിലെ ഒരുദ്യോഗസ്ത്ഥനുമാണ്. ഇതൊക്കെ കൊണ്ട് തന്നെ എന്റെ ഹൃദയം നിങ്ങൾക്ക് വേണ്ടിയും ദുഖിയ്ക്കുന്നു. എനിക്ക്  പക്ഷേ നിങ്ങളോട് സഹതപിക്കാനേ കഴിയൂ. തെറ്റിന്റെ കാഠിന്യം നിങ്ങൾക്ക് ശിക്ഷ ഒരുക്കിത്തന്നിരിക്കുന്നു. എങ്കിലും, നിങ്ങൾ രണ്ടുപേർക്കും, ദൈവം തുണയായിരിക്കട്ടെ എന്നാശംസിച്ചു കൊണ്ട്, നിർത്തുന്നു....

7 അഭിപ്രായങ്ങൾ:

 1. ഇതിന് റിജോ മിക്കവാറും തെറികമന്റുകള്‍ വാങ്ങാനുള്ള ഒരു യോഗം കാണുന്നുണ്ട്.

  മറുപടിഇല്ലാതാക്കൂ
 2. അന്താരാഷ്‌ട്ര നിയമങ്ങള്‍ ബാധകമാക്കെണ്ടാതാണ് എന്നാ കാര്യത്തില്‍ തര്‍ക്കമില്ല. പക്ഷെ ഇത്ര സെന്ടിമെന്റ്സ് ന്‍റെ ആവശ്യമില്ല. ഇറ്റാലിയാന്‍ നാവികരുടെ സുഖ സൌകര്യങ്ങളെ കുറിച്ചല്ല, അവരുടെ ചെയ്തികൊന്ദ് അനാഥമായ രണ്ടു കുടുംബങ്ങളെ കുറിച്ചാണ് നാം കൂടുതല്‍ വിഷമിക്കെന്ടെത്

  മറുപടിഇല്ലാതാക്കൂ
 3. ഈ മാധ്യമകോലാഹലങ്ങൾ അടങ്ങുന്നത് വരെയെ ഉള്ളൂ ഈ ശിക്ഷ...ഈ സംഭവം നടന്നത് നിയമം ഫുട്പാത്തിൽ വില്പനക്ക് വച്ചിരിക്കുന്ന ഇന്ത്യാമഹാരാജ്യത്തും മറുഭാഗത്ത് യൂറോപ്യൻ യൂണിയനും ആണ്...

  മറുപടിഇല്ലാതാക്കൂ
 4. Kuttavaalikal rakshapettu koodaa, niraparadhikal shikshikkappedaanum paadilla ..niyamam athinte vazhikku thanne pokatte ennanu ente abhiprayam

  മറുപടിഇല്ലാതാക്കൂ
 5. അത്രക്കങ്ങു സെന്റി അടിക്കുവോന്നും വേണ്ട.. അബദ്ധം പറ്റിയാണേലും അല്ലേലും വെടീം വച്ച് മൂന്നു നാല് പേരെ തട്ടിയെച്ചു മിണ്ടാതങ്ങു മുങ്ങിയേക്കാം എന്നല്ലേ അവര് കരുതിയെ?? അങ്ങനെ അബദ്ധം പറ്റിയതാണേല്‍, അതിനു ശേഷം മാന്യമായിട്ടു എന്തേലും രക്ഷാ പ്രവര്‍ത്തനം..പോട്ടെ..കരയിലേക്ക് ഒരു സന്ദേശം എങ്കിലും കൊടുത്തിരുന്നേല്‍ സെന്റി അടിക്കാന്‍ ഇച്ചിരെ എങ്കിലും വകുപ്പുണ്ടാരുന്നു.

  രാകേഷ് സാര്‍ അങ്ങ് വിധി എഴുതാന്‍ വരട്ടെ.. കാര്യങ്ങള്‍ ഒക്കെ നടന്നു കഴിഞ്ഞിട്ട് കുറ്റം പറ.. തോല്ക്കുന്നതിനു തൊട്ടു മുന്‍പ് വരെ ആത്മ വിശ്വാസം വളരെ നല്ലതാണെന്ന് വിനു സര്‍ പറഞ്ഞിട്ടുണ്ടെന്ന കുമാരേട്ടന്‍ പറയുന്നേ..

  മറുപടിഇല്ലാതാക്കൂ
 6. ഉം ഉം ഉം നോക്കിം കണ്ടും ഓക്കേ വെടി വച്ചില്ലേ ഇതു പോലിരിക്കും ...

  മറുപടിഇല്ലാതാക്കൂ
 7. ഹൊ .. എന്നാലും നിങ്ങള്‍ക്കീ ഗതി വന്നല്ലോ..(പശ്ചാത്തലത്തില്‍ പൊട്ടിക്കരച്ചില്‍)

  മറുപടിഇല്ലാതാക്കൂ