ചൊവ്വാഴ്ച, മാർച്ച് 27, 2012

അഞ്ചാം മന്ത്രി ഉറങ്ങാത്ത വീട്

കോബ്രയേതാ കോപ്പേതാന്നറിയാത്തവനെ പിടിച്ച് കോപ്പൻഹേഗനിലോട്ട് അയച്ചെന്ന് പറഞ്ഞതു പോലാണ്, അഞ്ചാം മന്ത്രിക്ക് വേണ്ടി കോൺഗ്രസ്സുകാരോട് സംസാരിയ്ക്കാൻ വന്ന ലീഗുകാരുടെ അവസ്ഥ..

അഞ്ചാം മന്ത്രി അഞ്ചാം മന്ത്രി എന്ന് കേൾക്കാൻ തുടങ്ങീട്ട് കാലം കുറേയായി.
അഞ്ചാം മന്ത്രി ഒട്ടാകുന്നതുമില്ല, മന്ത്രിക്ക് വേണ്ടിയുള്ള അവകാശവാദം ഒട്ട് തീരുന്നതുമില്ല. അഞ്ചാം മന്ത്രിയുടെ കാര്യവും, ഇൻഡ്യ ചൈനയെ സാമ്പത്തികമായി കടത്തി വെട്ടുന്ന കാര്യവും കോട്ടമൈതാനത്ത് മഴവില്ല് തെളിഞ്ഞതു പോലെയാണെന്നാണ് പണ്ടൊരു മഹാൻ താളിയോലയിൽ എഴുതിപ്പിടിപ്പിച്ചത്.

ലീഗ്, അഞ്ചാം മന്ത്രിയെ ഇപ്പോ വാഴിയ്ക്കും എന്ന് പറയാൻ തുടങ്ങിയതിന് ശേഷം സംസ്ഥാനത്തെ അന്തർ ബന്തർ  കുന്ദളങ്ങളിലൂടെ ഒട്ടനവധി ചരിത്ര സാംസ്കാരിക മാറ്റങ്ങൾ ഒഴുകിപ്പോയിട്ടുണ്ട്. വാവ സുരേഷ് ഒന്നല്ല, നാലു വട്ടം പത്തനം തിട്ടയിലെ ആങ്ങമൂഴിയിൽ നിന്നും രാജവെമ്പാലയെ പിടിച്ചു. വെട്ടു കുട്ടനെന്ന വെണ്ടർ ക്രിമിനൽ, മൃഗയയിലെ വാറുണ്ണിയേപ്പോലെ - ഒരു പുലിയെ കൊന്ന് അതിന്റെ നെഞ്ചിൽ ചവിട്ടി നിന്ന് ദിഗന്തങ്ങൾ നടുങ്ങുമാറുച്ചത്തിൽ ജാമ്മ്യത്തിനപേക്ഷിച്ചു. മോഹൻ ലാലിന്റെ കാസനോവ ഇറങ്ങി. മമ്മൂട്ടീടെ കോബ്ര റിലീസാകാൻ പോകുന്നു. പാർവതീ ഓമനക്കുട്ടൻ ബില്ലയിൽ അഭിനയിച്ച് തുടങ്ങി, അഭിസാരികയ്ക്ക് കറിവേപ്പില എന്ന് മലബാർ മാനുവലിലും ഭാഷാ നിഘണ്ടുക്കളിലും തുല്യം ചാർത്തി. പക്ഷേ  എന്നിട്ടുമെന്തേ അഞ്ചാം മന്ത്രി മാത്രം വരുന്നില്ല എന്നോർത്ത് ആശങ്കാകുലരായിരിയ്ക്കുകയാണ് കോണ്ടോട്ടി മുതൽ കുറവിലങ്ങാട് വരെയുള്ള സാദാ പീപ്പിൾസ്.

അഞ്ചാം മന്ത്രി വരുന്നതും, കർത്താവ് വീണ്ടും വരുന്നതും ഒരേ ദിവസം ആകാതിരിയ്ക്കാനുള്ള തയ്യാറെടുപ്പ് മലപ്പുറത്തെ രാജാപ്പാർട്ട് വേഷധാരികൾ അടുക്കും ചിട്ടയോടെ ആവിഷ്ക്കരിച്ച് തുടങ്ങി എന്ന് വിശ്വസ്ഥ കേന്ദ്രങ്ങളിൽ നിന്ന് നീട്ടിക്കിട്ടിയെ റിപ്പോർട്ടുണ്ട്. മുല്ലപ്പെരിയാർ പൊട്ടും, അല്ല പൊട്ടില്ല, അല്ല പൊട്ടുട്ടും, അല്ല പൊട്ടുട്ടില്ല, എന്നാ പൊട്ടുട്ടുട്ടുട്ടിക്കോട്ടെ എന്നൊക്കെ പറയും പോലെ, വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ടായാണ് ലീഗ് പ്രമാണികൾ തട്ടി മൂളിയ്ക്കുന്നത്. കുറച്ച് നാൾ അനക്കമൊന്നുമില്ലാതിരുന്ന അഞ്ചാം മന്ത്രി ഇപ്പോ, അനൂപ് ജേക്കബിന്റെ മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് വീണ്ടുമൊന്ന് ഉഷാറായിട്ടുണ്ട്.

അനൂപ് ജേക്കബിനൊപ്പം മഞ്ഞളാം കുഴി അലിയ്ക്കും കൂടി ഒരു തൂവെളള ജൂബാ തയ്ച്ച് കാത്തുകെട്ടി ഇരിക്കുകയാണ് ലീഗ്. നാളെ നിർണായകമായ യു.ഡി.എഫ്. യോഗം ആരംഭിക്കാനിരിയ്ക്കേ മഞ്ഞളാം കുഴി അലിയ്ക്ക് വേണ്ടി തയ്ച്ച ജൂബാ, ഹാങ്കറിൽ തന്നെ കിടക്കണമോ, അതോ മഞ്ഞളാം കുഴി അലി അതുമിട്ടോണ്ട് സഭയിലേക്ക് പ്ലിമത്തേൽ വന്നിറങ്ങണോ എന്ന് കോൺഗ്രസ് ജൂബക്കാർ തീരുമാനിയ്ക്കും. എല്ലാ ജൂബക്കാരും കൂടി ചേർന്ന് ആകെ മൊത്തത്തിൽ ഒരു അജൂബയാകുന്ന ലക്ഷണം കാണുന്നുമുണ്ട്.

ഈ സർക്കാരിന്റെ കാലാവധി തീരുന്നതിന് മുൻപ് ഒരു അഞ്ചാം മന്ത്രി ഉണ്ടായി കാണുമോ എന്ന വിക്രീളിത വിക്ഷോളനത്താൽ നാട്ടുകൂട്ടവും ആകെ അങ്കലാപ്പിലാണ്. പത്തനം തിട്ടയിൽ വാവ സുരേഷ് ഒരിയ്ക്കൽ കൂടി രാജ വെമ്പാലയെ തേടി എത്തും മുൻപ് ഒരഞ്ചാം മന്ത്രി, ഒരൊറ്റ അഞ്ചാം മന്ത്രി... അതാണ് ലീഗിന്റെ ആത്യന്തിക സ്വപ്നം. ലീഗിന്റെ സ്വപ്നവും, മഞ്ഞളാം കുഴി അലിയുടെ വിമ്മിഷ്ട്ടവും എത്രയും പെട്ടന്ന് മാറാനായി സാക്ഷാൽ ഒബാമ തന്നെ ഇടപെടേണ്ടുന്ന സന്ദർഭം ഒഴിവാക്കണമെന്നേ എനിക്ക് യു.ഡി. എഫ്. നേതൃത്വത്തിനോട് അപേക്ഷിയ്ക്കാനുള്ളു.


ടാമാർ പടാർ:

[ലീഗിലിപ്പോ, മാന്നാർ മത്തായി സ്പീക്കിങ്ങിൽ ഇന്നസെന്റും, മുകേഷും തമ്മിൽ നടത്തിയ സംഭാഷണമാണ് അരങ്ങേറുന്നതെന്ന് വിശ്വസനീയ റിപ്പോർട്ടുണ്ട്. ചോർന്ന് കിട്ടിയത് താഴെ കൊടുക്കുന്നു...]

X: മത്തായിച്ചേട്ടാ ഞാൻ ആയിരം അഞ്ചാം മന്ത്രിയെ കൊണ്ടുവരും, ആയിരം അഞ്ചാം മന്ത്രിയെ.......

Y: ആയിരം അഞ്ചാം മന്ത്രിയെ കൊണ്ടു വന്നാൽ നിന്റപ്പൻ ചിലവിന് കൊടുക്കുമോടാ? ഒര് അഞ്ചാം മന്ത്രിയെ കൊണ്ടുവാടാ..,  ഒര് അഞ്ചാം മന്ത്രിയെ....


3 അഭിപ്രായങ്ങൾ:

  1. മന്ത്രിക്കുപ്പായം തയ്ച്ച് വച്ച അലീടെ കാര്യം എന്തായിത്തീരുമോ എന്തോ.

    മറുപടിഇല്ലാതാക്കൂ
  2. എത്ര വിചിത്ര മതെത്ര ചരിത്ര സത്യം.

    മറുപടിഇല്ലാതാക്കൂ
  3. എന്തായാലും കുഞാപ്പയും, കുഞ്ഞൂഞ്ഞും, കുഞ്ഞുമാണിയും കൂടി ചേര്‍ന്ന് ഒരു പരുവത്തിലാക്കും, കാത്തിരുന്നോളൂ.

    മറുപടിഇല്ലാതാക്കൂ