ബുധനാഴ്‌ച, മാർച്ച് 28, 2012

മലയാള സിനിമയിലെ നായികമാരുടെ മരണം: ഒരു പോസ്റ്റുമോർട്ടം റിപ്പോർട്ട്

മലയാള സിനിമയിലെ നായികമാർചത്തും, പ്രസവിച്ചും, പേറെടുത്തും, കുന്നായ്മ പറഞ്ഞും, കുന്നത്ത് ജൂവലറീലെ ആഭരണം എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയും കാലം കഴിയ്ക്കാൻ തുടങ്ങീട്ട് ഇന്നേക്ക് എത്രയേതാണ്ടോ വർഷങ്ങളാകുന്നു. സിനിമാ നിരൂപകർ, മലയാളം സിനിമയേയും, കഥാ പാത്രങ്ങളേയും, എന്തിന് ക്ലീഷേയേയും, ബ്ലൂഷേയേയും വരെ പിടിച്ച് കെട്ടി പോസ്റ്റുമോർട്ടം ചെയ്യാൻ തുടങ്ങീട്ടും ഏതാണ്ട് ഇത്ര തന്നെ കാലങ്ങളായി. ഇതൊന്നും പോരാഞ്ഞ്, സാക്ഷാൽ ഞാനും, സാക്ഷാൽ ബെർളീ തോമസും, സാക്ഷാൽ... അല്ലെങ്കിൽ സാക്ഷാൽ വേണ്ട, സാക്ഷാൽ അല്ലാത്ത  സാദാ ബ്ലോഗേഴ്സ് ആയ സാധുക്കൾ വരെ, സാധൂ ബീഡിയും വലിച്ച് കൊണ്ട് മലയാള സിനിമയേക്കുറിച്ച് കദന പോസ്റ്റുമാർട്ടങ്ങൾ എഴുതിക്കൊണ്ടിരിയ്ക്കുന്നു.

ഈ പോസ്റ്റും അത്തരമൊരു മൈനർ പോസ്റ്റുമോർട്ടമാണ്. ഇത് വായിച്ച് ആരുമെന്നെ മേജർ പോസ്റ്റുമോർട്ടം ചെയ്യരുത് എന്ന് വിനയ പൂർവ്വം അപേക്ഷിച്ച് കൊണ്ട് ഈ പോസ്റ്റ് ഇവിടെ തുടങ്ങുന്നു. [സിംബൽ.....] ഇന്നത്തെ നമ്മുടെ വിഷയം, മലയാള സിനിമയിലെ നായികമാരുടെ ദുർ മരണങ്ങളേക്കുറിച്ചാണ് .

മലയാള നായികമാരുടെ മരണത്തെ പത്തായി തരം തിരിക്കാം...

ഒന്ന്: കെട്ടി ഞാന്നു ചാകൽ:-
നായിക കെട്ടി ഞാന്നു ചാകാൻ പലവിധ കാരണങ്ങളുണ്ട്. ഒന്നാമത്തേത് അവിഹിത ഗർഭമായിരിക്കും. ഐപിൽ കണ്ട് പിടിച്ചിട്ടില്ലാത്ത കാലമായതിനാൽ വയറു വീർക്കാൻ വളരെ ചാൻസാണ്. ഗർഭം സമ്മാനിച്ചവനെ രക്ഷിക്കുക എന്ന ദൗത്യം സ്വയമേവ ഏറ്റെടുത്താണ് നായിക കെട്ടിത്തൂങ്ങാൻ തീരുമാനിയ്ക്കുന്നത്. മിക്കവാറും ഇത് ചെയ്തിരുന്നത് ഓപ്പോൾ എന്ന വംശ പരമ്പരയിൽ പെട്ടവരായിരുന്നു. ഇന്ന് ഓപ്പോളോ, ജോപ്പോളോ, ജോപ്പോൾ അഞ്ചേരിയോ സിനിമയിൽ നിന്ന് അന്യം നിന്ന് പോയതു കൊണ്ട് കെട്ടി ഞാന്നു ചാകലും വംശ നാശം സംഭവിച്ച് പോയ മട്ടാണ്. നായിക തൂങ്ങിച്ചത്തു എന്ന് മനസ്സിലാകുന്നത്, പലപ്പോഴും നായികയുടെ അനിയത്തി മുറിയിലേക്ക് കയറി വരുമ്പോൾ എയറിൽ നിൽക്കുന്ന രണ്ട് കാലുകൾ കണ്ടാവും. എങ്ങും തൊടാതെ വായുവിൽ കാല് കണ്ടാൽ അന്നേരം മനസ്സിലാക്കിക്കോണം, നായിക കെട്ടിത്തൂങ്ങിച്ചത്തെന്ന്.

രണ്ട്: കെട്ടിടത്തീന്ന് ചാടി ചാകുന്നത്:-
കെട്ടിടത്തീന്ന് ചാടിച്ചാകുന്നത് വല്ലപ്പോഴും മാത്രമായിക്കണ്ടു വരുന്ന പ്രതിഭാസമാണ്. മുൻപൊക്കെ രണ്ടു നില ബംഗ്ലാവിന്റെ മേലേന്ന് ചാടി ചാവുന്ന നായികമാരുണ്ടായിരുന്നു. നടുമുറ്റത്ത് നായിക കമിഴ്ന്ന് കിടക്കുകയും, നിലത്ത് തലയുടെ ഭാഗത്ത്, രക്തം പമ്പാ നദി പോലെ കിട്ക്കുകയും ചെയ്താൽ അന്നേരം ഉറപ്പിച്ചോളണം നായിക ചാടിച്ചത്തു. കേരളത്തിൽ ഫ്ലാറ്റ് സംസ്കാരം ഒക്കെ  ആയതോടുകൂടി, ഇത്രയും ഉയരമുള്ള കെട്ടിടത്തിൽ നിന്നും എങ്ങനെ ചാടും എന്ന ബുദ്ധിമുട്ടുകൊണ്ടാവണം ഇപ്പോ ചാടിച്ചത്തു എന്ന് കേൾക്കുന്നത് അപൂർവമാണ്.

മൂന്ന്: നായിക കൊക്കയിൽ ചാടി ചാകുന്നത് :
നായിക കൊക്കയിലേക്ക് ചാടുന്നത് ഒരുപാട് പ്രതീക്ഷകളോടെയാണ്. പക്ഷേ അവിടെ നാശം പിടിച്ച നായകൻ അപ്രതീക്ഷിതമായി അവതരിച്ചു കളയും. കൊക്കയിലേക്ക് ചാടുന്ന നായികയുടെ വിരലിന്റെ അറ്റത്ത് പിടിയ്ക്കുന്ന നായകൻ അവളെ വല്ല വിധേനയും രക്ഷിച്ചെടുത്ത് കളയും. ഈ സാങ്കേതിക വിദ്യ മലയാളത്തേക്കാൾ ഉപയോഗിക്കപ്പെട്ടത് എൺപതുകളിലെ മിഥുന് ചക്രവർത്തി, അമിതാഭ് ബച്ചൻ ഹിന്ദി സിനിമകളിലായിരുന്നു.  എങ്കിലും ചാടിച്ചത്ത നായികമാർ ഭാഗ്യം ചെയ്തവരാണ്. കൊക്കയിലേക്ക് എടുത്ത് ചടി മരിച്ച നായികമാരുടെ പ്രേതം വാഗമണ്ണും, കൊടൈക്കനാലിലും ഇപ്പോഴും അലയടിയ്ക്കുന്നു.

നാല്: ട്രെയിനിന്റെ മുൻപിലേക്ക് ചാടി ചാകൽ:-
അലറിപ്പാഞ്ഞു വരുന്ന ട്രെയിൻ.... ഉലഞ്ഞ സാരിയും, മുഖത്തെന്തോ, തലേന്നത്തെ ഉറക്കം ശരിയായില്ലെന്ന ഭാവവും മായി ട്രാക്കിന്റെ ഓരം ചേർന്ന് നായിക നിൽക്കുന്നുണ്ടെങ്കിൽ ഉറപ്പിക്കണം. അവളെടുത്ത് ചാടും... നിർഭാഗ്യമെന്ന് പറയട്ടെ ഇങ്ങനെയെങ്കിലും ചാടി, ഈ നായകനിൽ നിന്ന് രക്ഷപെടാമെന്നു കരുതുന്ന നായികയ്ക്ക് അവിടേയും രക്ഷയില്ല. നായകൻ സ്പോട്ടിലെത്തും, നായികയെ ട്രെയിനിനു മുൻപിൽ നിന്ന് വലിച്ച് മാറ്റി, മെറ്റിലിലൂടെ ഉരുണ്ട് പിരണ്ട് വല്ല വിധേനയും ഒരു ദുർമരണം ഒഴിവാക്കും. കഷ്ട്ടമെന്നല്ലാതെ എന്തു പറയാൻ

അഞ്ച്: ബലാത്സംഗം ചെയ്ത് കൊല്ലൽ:-
ഘടാഘടിയനായ വില്ലന്മാർ നായികയെ പൂണ്ടടക്കം ബലാൽസംഗം ചെയ്ത് ദാരുണമായി കൊലപ്പെടുത്തുന്നത് കണ്ട് മലയാള സിനിമ ഞെട്ടിത്തരിച്ചിട്ടുണ്ട്. ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്ന നായികയുടെ ഐഡന്റിറ്റി - മുഖത്തെ നഖപ്പാടുകൾ, ചുണ്ടിലെ ചോര, ഉലഞ്ഞ മുടി, പറിച്ചെറിയപ്പെട്ട വസ്ത്രങ്ങൾ തുടങ്ങിയവയായിരിക്കും. ഇത്രയും രോഗ ലക്ഷണങ്ങൾ കാണപ്പെട്ടാൽ ഉറപ്പിച്ചോളൂ അത് ബലാത്സംഗ കൊലപാതകം തന്നെ...

ആറു: വിഷം കഴിച്ച് ചാകൽ:-
വിഷം കഴിച്ച് ചത്ത നായികമാരുടെ എണ്ണം അസംഖ്യമാണ്. വിഷം കഴിച്ച് ചാകുന്ന നായികമാരെ ശ്രദ്ധിച്ചാലറിയാം അവർ ക്ഷയിച്ച തറവാട്ടിലെ ആത്മാഭിമാനമുള്ള പെണ്ണുങ്ങളാരിയ്ക്കും. കുടുമ്പത്തിലെ ഇല്ലായ്മ, മറ്റുള്ളവരുടെ അപമാനം, കൈ നീട്ടാനുള്ള മടി തുടങ്ങിയവയാണ് ഇത്തരം നായികമാരേക്കൊണ്ട് ഈ കടും കൈ ചെയ്യിപ്പിക്കുന്നത്. ഏതെങ്കിലും നായിക  വിഷം കഴിച്ച് മരിച്ചെന്ന് കേട്ടാൽ അന്നേരം ഓർത്തോളണം, അവൾ കുടുമ്പത്തിൽ പിറന്നവള് തന്നെ എന്ന്.

ഏഴ്: ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യൽ:-
ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുന്ന നായിക മിക്കവാറും ഹോസ്റ്റലിൽ ജീവിയ്ക്കുന്നവളായിരിക്കും. അല്ലെങ്കിൽ മാതാപിതാക്കളുടെ സ്വരച്ചേർച്ചയില്ലായ്മ മൂലം തീവ്ര മനോ വേദന അനുഭവിയ്ക്കുന്നവളും. ഇങ്ങനെ ആത്മഹത്യ ചെയ്യുന്നവർ നേരേ ബാത് റൂമിൽ എത്തി ഒരു ബക്കറ്റ് വെള്ളത്തിലേക്കോ, ടമ്പ്ലറിലേക്കോ, വാഷ്ബേസിനിൽ തന്നെയോ ഞരമ്പ് മുറിച്ച് കൂളായി ചത്ത് കിടക്കും. ഇങ്ങനെ ചാകുന്നവർ നരകത്തിലേക്കേ പോകൂ എന്ന് വേണം അനുമാനിയ്ക്കാൻ. ശരീരത്തിൽ ഒരു തുള്ളി രക്തം ശേഷിച്ചിട്ടില്ലാത്തതു കാരണം ഇവർക്ക് സ്വർഗ്ഗം വരെ പോയെത്തിച്ചേരാനുള്ള ആരോഗ്യം ഉണ്ടായിരിക്കില്ല.

എട്ട്: ചത്ത് കുളത്തിൽ പൊങ്ങിക്കിടക്കൽ:-
ചത്ത് കുളത്തിൽ പൊങ്ങിക്കിടന്ന നായികമാർ വംശനാശം സംഭവിച്ച് കഴിഞ്ഞിരിയ്ക്കുന്നു. പേരിനു പോലും ഒരു തറവാട് കാണിയ്ക്കാൻ ഇന്നത്തെ സിനിമക്കാർ മടിയ്ക്കുന്നതാണ് ഇതിന് കാരണം. തറവാടുകളും അവിടുത്തെ ജന്മി കുടിയാൻ തത്വ പ്രതിസന്ധികളും മൂലമാണ് നായികമാർക്ക് കുളത്തിൽ ചത്ത് പൊങ്ങിക്കിടക്കേണ്ടി വന്നത്. മിക്കവാറും താനുമായുള്ള അവിഹിത ബന്ധത്തിന്റെ ഫലമായി നായികയുടെ വയർ വീർത്തതു കൊണ്ട്, തറവാട്ടിലെ കാരണവരായിരിക്കും ഈ കടും കൈ ചെയ്തിരിക്കുക. നായികയുടെ മരണ കാരണം അടി വയറ്റിലേറ്റ തൊഴിയാവും. ഇങ്ങനെ മരിയ്ക്കുന്ന നായികമാർ കൂടുതലും, അടിച്ചു തളി ജാനുവിന്റെ കാറ്റഗറിയിൽ പെട്ടതായിരിക്കും. അല്ലെങ്കിൽ തറവാട്ടിലെ ഹോം നേഴ്സ്...

ഒൻപത്: വെടിയുണ്ട,വാൾ, കഠാര തുടങ്ങിയവ മൂലമുള്ള മരണം:-
ഈ വക മരണങ്ങൾ അന്തമില്ലാതെ സംഭവിച്ച് കൊണ്ടിരിയ്ക്കുന്നു. ഇന്നലെയും, ഇന്നും, എന്നും ഇങ്ങനെ ചാകുന്ന നായികമാർ നില നിന്നുകൊണ്ടേയിരിക്കും

പത്ത്: ഗുളിക കഴിച്ച് ചാകൽ:-
ഗുളിക കഴിച്ച് ചാവുന്നതാണ് എക്കാലത്തേയും മലയാള സിനിമയിലെ സ്റ്റാൻഡേർഡ് സൂയിസൈഡ്. ഇത് കൂടുതലായും കാണപ്പെട്ടത് മധു സിനിമകളിലാണ് [എടാ പട്ടീ... ഇതു ഞാനാടാ മഴൂ.....]
 മധുവിന്റെ ഭാര്യയോ, കാമുകിയോ, അവിഹിത കേസു കെട്ടോ ഒക്കെയായ ശ്രീവിദ്യ, ജയഭാരതി, സീമ തുടങ്ങിയ വല്യ വീട്ടിലെ നായികമാർ, ഫാൽക്കൺ പ്രൊഡക്റ്റിന്റെ സ്റ്റിക്കറൊട്ടിച്ച ബംഗ്ലാവിലെ ബെഡ്രൂമിൽ വെച്ച്, ഈ രീതിയിൽ ആത്മഹത്യ ചെയ്ത് ഇല്ലാതായിട്ടുണ്ട്. ഒരു തരം റോസ് നിറമുള്ള ഡപ്പി എടുക്കും, കുഞ്ഞു കുഞ്ഞു ഗുളികകൾ ഡപ്പിയോടെ കയ്യിലേക്ക് കമിഴ്ത്തിയിട്ട് അത് അപ്പാടെ വായിലേക്കിട്ട് വിഴുങ്ങും. പിറ്റേന്ന് നേരം വെളുക്കുമ്പോ നായിക ക്ലോസായിക്കിടക്കുന്നതാണ് പ്രേക്ഷകൻ കാണുന്നത്. ഇത്തരം സാംബ്രദായിക ആത്മഹത്യ ചെയ്തു പോന്നിരുന്നത്, സമൂഹത്തിലെ ഉന്നതകുലജാതരായതു കൊണ്ട്, ഈ സൂയിസൈഡിനെ സൂയിസൈഡുകളിലെ രാജാവ് എന്ന് പറയപ്പെടുന്നു. 

വ്യാഴാഴ്‌ച, മാർച്ച് 22, 2012

മോശപ്പാസ്റ്റർ മോശക്കാരനാവുന്നു....

മോശ പാസ്റ്റർ എതിരാളിക്കൊരു പോരാളിയും ശക്തരിൽ ശക്തനുമായിരുന്നു. മോശ പാസ്റ്ററൊന്നു ഭത്സിച്ച് പ്രാർത്തിച്ചാൽ സാന്റ്വിച്ച് തിന്നുന്ന സാത്താൻ സൗത്തിന്ത്യ കടന്ന് ന്യൂ സൗത്ത് വെയിൽസിലേക്ക് പലായനം ചെയ്യുമായിരുന്നു. അത്ര പ്രവചന വരമുള്ള ആളായിരുന്നു മോശ പാസ്റ്റർ. ലൂയീ പാസ്റ്റർ ആരാണെന്ന് ചോദിച്ചാൽ അത് മോശപ്പാസ്റ്ററുടെ അപ്പാപ്പനാണെന്ന് സഭയിലെ അമ്മാമ്മമാർ പറയുന്ന കാലമായിരുന്നു അത്.

കാര്യങ്ങളിങ്ങനെയൊക്കെ ആയിരുന്നെങ്കിലും,  മോശപ്പാസ്റ്ററുടെ ഏറ്റവും വലിയ വീക്നസ്സ് ഗൾഫിലുള്ള ഭർത്താക്കൻമ്മാരുടെ നാട്ടിൽ കഴിയുന്ന മദാലസകളായ അമ്മാമ്മമാരായിരുന്നു. അവരുടെ ഏത് അനർഥത്തിലും പാസ്റ്ററൊരു നല്ല ഇടയനേപ്പോലെ സഹായം ചൊരിഞ്ഞു പോന്നു. നരകത്തിലേക്ക് പൊയ്ക്കൊണ്ടിരുന്ന പല അമ്മാമ്മമാരുടേയും, കയ്യും, മറ്റ് പലതും പിടിച്ച് അവരെ സ്വർഗ്ഗ രാജ്യത്തിന്റെ നിത്യതയിലേക്ക് പാസ്റ്റർ ഒരുപാട് വട്ടം കൂട്ടിക്കൊണ്ട് പോയിട്ടുണ്ട്. അതൊക്കെ അതൊക്കെ സഭാ വിശ്വസികളെ പോലും അംബരപ്പിച്ചു.

പാസ്റ്ററുടെ സ്ഥിരം സന്ദർശക വീടായിരുന്നു ഇരുമ്പും മൂട്ടിൽ സ്റ്റെല്ലയുടെ വീട്. സ്റ്റെല്ലയുടെ ഭർത്താവ് ദുബായീലായിരുന്നു. സ്റ്റെല്ലയാണെങ്കിൽ നല്ല സ്റ്റൈലും. രണ്ട് പെറ്റതാണെന്നും, എട്ടും, അഞ്ചും വയസ്സുള്ള രണ്ട് പിള്ളേരുടെ മമ്മിയാണെന്നും സ്റ്റെല്ലയെക്കണ്ടാൽ ദൈവം തമ്പുരാൻ പോലും പറയുകേലാരുന്നു. സ്റ്റെല്ലയുടെ സ്റ്റൈലു കണ്ട മോശ പാസ്റ്റർ സില്ലെന്ന് ഒരു കാതലിൽ വീണു പോയത് പെട്ടന്നാണ്.

സ്റ്റെല്ലയെ വീഴ്ത്തണം എന്ന് പാസ്റ്റർക്ക് അരുളപ്പാടുണ്ടായി. അത്രയും നാൾ "എനിക്കുണ്ടേലെന്താ എനിക്കില്ലേലെന്താ എല്ലാം കർത്താവു തന്നതല്ലേ" എന്ന പാട്ട് പാടി നടന്ന മോശപ്പാസ്റ്റർ അന്നു മുതൽ വാരണം ആയിരത്തിലെ "നെഞ്ചുക്കുൾ പെയ്തത് മാമഴ" എന്ന് അപാട്ട് സീക്രട്ടായി മൂളി നടക്കാൻ തുടങ്ങി. അതിന്റെ ഇടയ്ക്ക് രണ്ട് ഹല്ലേലൂയ കൂടി കേറ്റി പാസ്റ്റർ അതൊരു ക്രിസ്തീയ  ഭക്തി ഗാനമാക്കി മാറ്റി.

തുടർന്ന് മോശപ്പാസ്റ്ററുടെ ഘോരഘോരം ഉപവാസ പ്രാർഥനകൾ സ്റ്റെല്ലയുടെ വില്ലയിൽ പതിവാകാൻ തുടങ്ങി. പാസ്റ്ററുടെ പ്രാർത്തനയും സ്റ്റെല്ലയുടെ ഉപവാസവും നാട്ടിൽ ചർച്ചാ വിഷയമായി. മോശപ്പാസ്റ്ററുടെ ഉപവാസ പ്രാർഥനയു സാത്താനെ ഭത്സിക്കലും സ്റ്റെല്ലയുടെ വില്ലയെ പ്രകമ്പനം കൊള്ളിച്ചു. അവിടുന്ന് അവ്യക്തമായി കേട്ട ഞരക്കവും മൂളലും ശ്രദ്ധിച്ച ജനങ്ങൾക്ക് ഒന്ന് മനസ്സിലായി. പാസ്റ്റർ ആള് ചില്ലറക്കാരനല്ല, സാത്താനെ ഒരു പരുവമാക്കി എടുത്തിട്ടിടിയ്ച്ച് സാത്താൻ ജീവശ്ചവമായി ഞരങ്ങി മൂളി ഊർദ്ധശ്വാസം വലിയ്ക്കുന്നു.

തന്റെ പതിവ് വരത്തു പോക്കും ഉപവാസവും നാട്ടിൽ മൊത്തം ചർച്ചയായത് പാസ്റ്ററും അറിഞ്ഞില്ല സ്റ്റെല്ലയും അറിഞ്ഞില്ല. അഥവാ സ്റ്റെല്ലയ്ക്ക് നാട്ടുകാരറിഞ്ഞെന്ന് അറിഞ്ഞാലും പുല്ലായിരുന്നു. ഭർത്താവ് ഗൾഫിലുള്ള സ്റ്റെല്ല നിത്യമായ നരകത്തിലേക്ക് പൊയ്ക്കൊണ്ടിരുന്നപ്പോൾ, അവളെ സ്വർഗ്ഗരാജ്യത്തിന്റെ അനുഭവങ്ങളിലേക്ക് കൈപിടിച്ച് ഉയർത്തിയത് മോശപ്പാസ്റ്ററാണ്. പാസ്റ്ററേയും പാസ്റ്ററു കാണിച്ചു തരുന്നന സ്വർഗത്തേയും സ്റ്റെല്ലേടെ പട്ടി ഉപേക്ഷിക്കും!

കാര്യങ്ങൾ ഇങ്ങനെയൊക്കെ പോകവേയാണ് തികച്ചും ആകസ്മികമായി ആ സംഭവം അരങ്ങേറിയത്. സ്റ്റെല്ലയ്ക്കൊരു വില്ലൻ മകനുണ്ടായിരുന്നു.  രണ്ട് മക്കളിൽ മൂത്തതും, വിളഞ്ഞതുമായ കുരുത്തം കെട്ട  ഫ്രെഡറിക്ക്. അവനാണ് എല്ലാം ഒരു പരുവമാക്കി ടമാർ പടാറാക്കിയത്.

പതിവ് പോലെ അന്നും  മോശപ്പാസ്റ്റർ, സ്റ്റെല്ലാ വില്ലയിലേക്ക് ഉപവാസ പ്രാർഥനയ്ക്കും സ്വർഗ്ഗീയ നിറവുകൾക്കുമായി കടന്നു വന്നു. ഗ്ലോറീ
അന്ന് ഫ്രെഡറിക്ക് അവിടുണ്ട്.

സ്റ്റെല്ലയുടെ തലയിൽ കൈവെച്ച് പ്രാർത്ഥിക്കുകയായിരുന്നു. പാസ്റ്റർക്ക് സ്പിരിറ്റ് കേറി പാസ്റ്റർ ആത്മാവിൽ ആരാധിക്കാൻ തുടങ്ങി.  അതോടെ പാസ്റ്റർ അന്യഭാഷകൾ ഒരോന്നൊരോന്നായി വെളിപാട് കിട്ടിയതു പോലെ വിളംബാൻ ആരംഭിച്ചു. പാസ്റ്ററുടെ ആദ്യ അന്യഭാഷ വായിൽ നിന്ന് ചുടുല വേഗതയിൽ പുറത്ത് ചാടി.

"റിക്കാബലാ ഷക്കീലാമ്മ! റിക്കാബലാ ഷക്കീലാമ്മ!  ഭ! പരട്ടപ്പിശാചേ. എഴുനേറ്റ് പൊക്കോണം!!!"
പാസ്റ്ററുടെ ഭത്സനം കേട്ട് ഫ്രെഡറിക്ക് ഞെട്ടി, അവൻ പ്രകംബനം കൊണ്ടു.
സ്റ്റെല്ലാ വില്ലയുടെ സെപ്റ്റിക്ക് ടാങ്ക് പൊട്ടി...

പ്രകംബനം അടങ്ങിയ ഫ്രെഡറിക് ഓർക്കാപ്പുറത്ത്, ഉടനടി ഉറക്കെയൊരു ചോദ്യമാണ്.
"ഷക്കീലാമ്മയോ?പാസ്റ്ററങ്കിള് ഷക്കീലേടെ പടമൊക്കെ കാണുവോ???"

അപ്രതീക്ഷിതമായ ചോദ്യം കേട്ട് പാസ്റ്ററൊന്ന് അമ്പരന്നു.
പാസ്റ്ററൊന്ന് ചൂളി. പ്രാർഥനയ്ക്കിടയിലും പാസ്റ്ററുടെ മുഖത്ത് ഇളിഭ്യത നിറഞ്ഞു. ഒരു കണ്ണ് നൈസായി തുറന്ന് പാസ്റ്റർ ഫ്രെഡറിക്കിനെ ഒന്ന് നോക്കി. അതേ സമയം സ്റ്റെല്ലയും ഒരു കണ്ണ് പതുങ്ങനെ തുറന്ന് ഫ്രെഡറിക്കിനെ നോക്കി രോക്ഷം കൊണ്ടു. അന്യ ഭാഷയുടേയും ഭത്സനത്തിന്റേയും ഒഴുക്ക് മുറിഞ്ഞ പാസ്റ്റർ ഇറ്റാലിയൻ കപ്പലിൽ നിന്നുള്ള വെടികൊണ്ട് തകർന്ന മത്സ്യ ബന്ധന തൊഴിലാളികളേപ്പോലെ അവിടെക്കിടന്ന് കൈകാലിട്ടടിച്ചു.

വെളിപ്പാടുകളുടെ ഉറവയ്ക്ക് ഉടച്ചിൽ സംഭവിച്ച മോശപ്പാസ്റ്റർ സ്തോത്രം ഗ്ലോറി പ്രെയ്സ് ദി ലോർഡ് തുടങ്ങിയ വാചകങ്ങൾ ആവർത്തിച്ചാവർത്തിച്ച് നേരം കളയാൻ വെപ്രാളപ്പെട്ടു. സ്റ്റെല്ല അക്ഷമയിലായി. സ്റ്റെല്ലയ്ക്ക് എങ്ങനെയെങ്കിലും സ്വർഗ്ഗരാജ്യം കണ്ടാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളു. സ്റ്റെല്ല മൂന്നു വട്ടം ജെട്ടൽ രേഖപ്പെടുത്തി.

അന്നേരം പാസ്റ്റർ വീണ്ടും അന്യഭാഷകളിലേക്ക് ഊടാടി സഞ്ചരിക്കാൻ തുടങ്ങി.പാസ്റ്ററുടെ വായിൽ നിന്ന് അന്യഭാഷയുടെ പ്രളയം വീണ്ടും ആരംഭിച്ചു

"കൂടാരാരാ ഷീബാമ്മാമ്മ... കൂടാരാരാ ഷീബാമ്മാമ്മ... കൂടാരാരാ ഷീബാമ്മാമ്മ... കൂടാരാരാ ഷീബാമ്മാമ്മ..."

ഉടനടി അതാ ഫ്രെഡറിക്കിന്റെ അടുത്ത ഡയലോഗ്
"കൂടാരാ ഷീബാമാമ്മയോന്നോ? അപ്പുറത്തെ  ഷീബാമാമ്മ അതിന് പണ്ടേ ചത്തതാണല്ലോ..."

ഇത്തവണ പസ്റ്ററുടെ അന്യ ഭാഷ അവിടെ ഫുൾസ്റ്റോപ്പായി.
സ്റ്റെല്ല അവിടെ നിന്ന് വില്ലിച്ചു.
"സ്റ്റെല്ല ഒറ്റ അലർച്ചയലറി. എറിഞ്ഞ് നിന്നെ ഞാൻ മലത്തും..."

മോശപ്പാസ്റ്റർ പ്രാർഥന നിർത്തി.അദ്ദേഹം സെറ്റിയിലേക്കിരുന്നു. ഫ്രെഡറിക്കിനെ അടുത്ത് വിളിച്ച് അവനെപ്പിടിച്ച് മടിയിലിരുത്തി. എന്നിട്ട് സ്റ്റെല്ലയോട് പറഞ്ഞു.

"ഇവൻ കൊച്ചല്ലേ. ഇങ്ങനൊന്നും പറയുന്നത് കാര്യമാക്കണ്ട. അതൊക്കെ അറിവാകുമ്പോൾ മാറിക്കോളും"

അപ്പോഴാണ് ഫ്രെഡറിക്ക് പാസ്റ്ററുടെ മടിയിലിരുന്ന് അടുത്ത ഡയലോഗ് പൊട്ടിയ്ക്കുന്നത്.

"മമ്മീ ഈ പാസ്റ്ററങ്കിള് നമ്മുടെ പള്ളീലെ ഷേർളിയാന്റിയേം കൊണ്ട് ലോഡ്ജിപ്പോയി മുറിയെടുത്തെന്ന് ജിനു അച്ചാച്ചനൊക്കെ പറയുന്നത് കേട്ടു."

'എന്ത്?'
സ്റ്റെല്ല ഞെട്ടി.
മോശപ്പാസ്റ്റർ ഞെട്ടി. അദ്ദേഹം ചെക്കനെ താഴെ ഇറക്കിയിട്ട് ചാടി എഴുനേറ്റു. 'കർത്താവേ യെവനിതെന്തുവാ പറയുന്നെ?"

പയ്യൻ തുടർന്നു.
"എന്നിട്ട് ഇതൊക്കെ എല്ലാരും അറിഞ്ഞു മമ്മീ. അങ്ങനെ ജിനു അച്ചാച്ചനൊക്കെ  പാസ്റ്ററങ്കിളിനോട് ചോദിച്ചു അങ്കിളെന്തിനാ ആന്റിയേം കൊണ്ട് കൊണ്ട് ലോഡ്ജിൽ പോയേന്ന്.'

മോശപ്പാസ്റ്ററുടെ മുഖത്തു കൂടി വിയർപ്പ് ചാലിട്ടു. പാസ്റ്റർ ബൈബിളെടുത്ത് കക്ഷത്ത് വെച്ച് കൊണ്ട് മുറ്റത്തിരിയ്ക്കുന്ന സ്പ്ലെണ്ടറിലേക്ക് പാളി നോക്കി.

സ്റ്റെല്ല ബ്ലിങ്കി നിൽക്കേ പയ്യൻ തുടർന്നു
"അങ്ങനെ ചോദിച്ചവരോട് പാസ്റ്ററങ്കിള് പറഞ്ഞതാ മമ്മീ വിറ്റ്. പറയട്ടേ പാസ്റ്ററങ്കിളേ..?"

ഒരു നിമിഷം നിശബ്ദമായി  പാസ്റ്ററെയും സ്റ്റെല്ലയേയും നോക്കിയിട്ട് പയ്യൻ തുടർന്നു
"ഷേർളിയാന്റീമായിട്ട് ലോഡ്ജിൽ മുറിയെടുത്തത് ലോഡ് ജീസസിനെ കാണിയ്ക്കാനാരുന്നെന്ന്. ഹഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്"

മോശപ്പാസ്റ്റർക്ക് തല കറങ്ങുന്നത് പോലെ തോന്നി. സ്റ്റെല്ല, പാസ്റ്ററെ നോക്കി പല്ല് കടിച്ചു. സ്റ്റെല്ലയുടെ പല്ലുകടി, കപ്പാസിറ്ററടിച്ചു പോയ ഉഷാ ഫാനിന്റെ കട കട സൗണ്ട് പോലെ അവിടെ മുഴങ്ങി. എല്ലാം കൊണ്ടും ആകെപ്പാടെ, മോശപ്പാസ്റ്ററുടെ കണ്ട്രോളു പോയി. പാസ്റ്റർ പയ്യനെ ഒന്ന് കലിപ്പിച്ച് നോക്കി. സ്റ്റെല്ലയെ ദയനീയമായി ഒന്നുകൂടി നോക്കി. എന്നിട്ട് ആകാശങ്ങളിലിരിയ്ക്കുന്ന ഒടേ തമ്പുരാനെ ചൂഴ്ന്നു നോക്കിക്കൊണ്ട് പാസ്റ്റർ ഫ്രെഡറിക്കിനു നേരേ കൈ ചൂണ്ടി ഒറ്റ അലർച്ചയായിരുന്നു.

'എന്റെ ദൈവമേ, തന്തയ്ക്ക് പെറക്കാത്ത ഈ മുടിഞ്ഞ പട്ടിക്കഴുവേറീടെ മോനെ ഇന്ന് ഞാൻ ഒറ്റത്തൊഴിയ്ക്ക് മലത്തും. ഇല്ലെങ്കിൽ ഈ ദൈവ ദാസനെ നീ ഇന്നത്തോടം അങ്ങെടുത്തേക്കണേ...."

വെള്ളിയാഴ്‌ച, മാർച്ച് 16, 2012

സച്ചിന്റെ നൂറിന്...

ടെൻഡുൽക്കർ എന്ന മഹാനായ ക്രിക്കറ്റർ, രാജ്യത്തിന്റെ അഭിമാനം എന്നല്ല ഇൻഡ്യയുടെ പ്രതീകം തന്നെയാണ്. കായബലം കുറഞ്ഞ ശരീര പ്രക്രിതിയുള്ള ഒരു ജനതയുടെ കായികപരതയുടെ പരമം ആണ് തെണ്ടുൽക്കർ. കഴിഞ്ഞ ഇരുപത് വർഷത്തെ കാലത്തുള്ള ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച കളിക്കാർ ബ്രയാൻ ലാറയും തെണ്ടുൽക്കറുമാണ്. ഇനി ഇവരേക്കാൾ ആരെങ്കിലും കളി മിടുക്കനാവാനുള്ള സാധ്യത വളരെ വിരളവുമാണ്.

ഒരു അന്താരാഷ്ട്ര ഗെയിമിൽ റെക്കോഡുകളുടെ മഹത്തായ പ്രാധാന്യത്തെ തെൻഡുൽക്കർ സ്വാംശീകരിയ്ക്കുന്നു. സാക്ഷാൽ ഡൊണാൾഡ് ബ്രാഡ്മാന് അവസാനത്തെ കളിയിൽ കേവലം നാല് റൺ അടിച്ചാൽബാറ്റിങ്ങ് ശരാശരി 100 ആകും എന്ന ഘട്ടത്തിൽ അദ്ദേഹം ഡക്ക് ഔട്ടായി കളം ഒഴിയേണ്ടി വന്ന അനുഭവത്തെ തെൻഡുൽക്കറുമായി ചേർത്ത് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ നൂറ്റി മുപ്പത് കോടി ജനങ്ങളെ ആത്യന്തികമായ നിരാശയിൽ ആഴ്ത്താതെ, മഹാനായ ഒരേയൊരു തെൻഡുൽക്കർ തന്റെ സ്വപ്ന ഫിഗറിലേക്ക് അദ്ദേഹത്തിന്റെ ബാറ്റ് ചലിപ്പിച്ചിരിയ്ക്കുന്നു. നൂറു സെഞ്ച്വറികൾ എന്ന മഹാ കടമ്പ ലോകത്തിന് മുൻപിൽ നേടിക്കൊണ്ട് അദ്ദേഹം മനുഷ്യനെ വീണ്ടും വീണ്ടും സ്വപ്നം കാണാൻ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു...

ലാറയ്ക്ക് റെക്കോദുഡുകൾ കുറവായിരിക്കാം, തെൻഡുൽക്കർ റെക്കോഡുകളുടെ തോഴനും. ബാറ്റിങ്ങ് അഭൗമകതയുടെ ഇടവും വലവുമായിരുന്നു ഈ ലെജണ്ടുകൾ. ഒരു പക്ഷേ വായനക്കാർക്ക് അഭിപ്രായ വ്യത്യാസം ഉണ്ടാവാം. ഇൻഡ്യക്കാരനെ സംബന്ധിച്ച് തെണ്ടുൽക്കറുമായി ലാറയെ കമ്പയർ ചെയ്യരുതെന്ന് വാദിയ്ക്കുന്നവരുമുണ്ടാവാം. എന്റെ അഭിപ്രായത്തിൽ ലോകം കണ്ട ഏറ്റവും മികച്ച കളിക്കാർ ഇവർ ഇരുവരും തന്നെയാണ്.

പൊക്കം കുറഞ്ഞവർ കായിക ലോകത്ത് ചരിത്രം എഴുതിയവരാണ്. സാക്ഷാൽ ഡിയാഗോ അർമാൻഡോ മറഡോണ, ബ്രയാൻ ലാറ, സച്ചിൻ തെൻഡുൽക്കർ തുടങ്ങിയവർ അതിൽ തിളങ്ങി നിൽക്കുന്നു. നമ്മുടെയൊക്കെ ഭാഗ്യമാണ്, മൈക്കൽ ജാക്സൺ, ഇളയരാജ, എ. ആർ. റഹ്മാൻ, യേശുദാസ്, ലാറ, തെൻഡുൽക്കർ തുടങ്ങിയവരുടെ കാലത്ത് ജീവിയ്ക്കാൻ കഴിഞ്ഞു എന്നത്.

പ്രീയപ്പെട്ട തെൻഡുൽക്കർ, അങ്ങയുടെ കളി കണ്ട് ക്രിക്കറ്റ് ഇഷ്ട്ടപ്പെട്ടു തുടങ്ങിയ ആളാണിതെഴുതുന്നത്. പണ്ട് താങ്കൾ ബാറ്റ് ചെയ്യാൻ നിൽക്കുമ്പോൾ ഒരോ ബോളും താങ്കൾ ഫേസ് ചെയ്യുന്നത് കാണാൻ ത്രാണിയില്ലാതെ കണ്ണ് പൊത്തി നിന്നിട്ടുണ്ട്. വേറൊന്നും കൊണ്ടല്ല. അന്നൊക്കെ താങ്കൾ ഔട്ടായാൽ അതോടെ ഇൻഡ്യയുടെ പണി തീർന്നു. അതുകൊണ്ട് താങ്കൾ ഒരു മുപ്പത് റൺസ് എടുക്കുന്നിടം വരെ പ്രാര്‍‌ത്ഥനയുമായി, കണ്ണടച്ചും, ഒളികണ്ണിട്ട് ടീ വിയിലേക്ക് നോക്കിയും നിന്നിട്ടുണ്ട്. താങ്കളുടെ ഒരോ സെഞ്ച്വറിയ്ക്ക് വേണ്ടിയും ആർപ്പ് വിളിച്ചിട്ടുണ്ട്. അന്നത്തെ ആ കുട്ടിയുടെ മനസ്സിലേക്ക് ഇന്നൊരിയ്ക്കൽ കൂടി ഞാൻ തിരിച്ചെത്തുന്നു. ആരാധ്യനായ അങ്ങയുടെ മാസ്മരികമായ നൂറാം സ്വെഞ്ച്വറിയ്ക്ക് എന്റെ ഒരായിരം പൂച്ചെണ്ടുകൾ, കയ്യടികൾ....

വിശ്രമ ജീവിതത്തിലേക്ക് അങ്ങ് നീക്കി വെയ്ക്കുന്നത് ഒരു രാജ്യത്തെ അഭിമാനമായ ഒരു കളിയുടെ നെഞ്ചു വിരിച്ചുള്ള ചരിത്ര രേഖയാണ്. ഈ നൂറാം സെഞ്ച്വറി ഞങ്ങൾ നെഞ്ചിലേറ്റുന്നു. മഹാനായ കൊച്ച് മനുഷ്യന്റെ മുൻപിൽ, താങ്കൾ ഇക്കണ്ട കാലമത്രയും സൃഷ്ടിച്ച കളിയഴകുകളുടെ സൗന്ദര്യത്തെ ആദരവുകളോടെ എഴുനേറ്റ് നിന്ന് നമിച്ച് കൊണ്ട്, അങ്ങയുടെ വലിയ ഒരു ആരാധകൻ...