തിങ്കളാഴ്‌ച, ജൂലൈ 02, 2012

ശോഭയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്

[കഷ്ട്ടകാലത്തിന് മരിച്ചു പോയ ശോഭയുടെ മരണത്തിന് പിന്നിലെ രഹസ്യം കണ്ടെത്താൻ, മലയാള സിനിമക്കാരും, കൾട്ട് പക്ഷക്കാരും, കട്ടൻ കാപ്പിയടിക്കുന്നവരും കാലങ്ങളായി അന്വേഷിച്ച്  നടക്കുകയാണ്. മരിച്ചാൽ പോലും ശോഭയ്ക്ക് സ്വസ്ഥത കൊടുക്കാത്ത വിധം അധ:പ്പതിച്ച മലയാളികൾക്ക് മുന്നിൽ, ഒടുവിൽ ശോഭയുടെ മരണം സർവ്വ വിധ ട്വിസ്റ്റുകളോടും കൂടി തെളിഞ്ഞു വരുന്നു. നമുക്ക് ശോഭയുടെ മരണം ഒരു ഫ്ലാഷ്ബാക്കിലേക്ക് കടക്കാം...]


ശോഭയുടെ മരണം ഒരു ഫ്ലാഷ്ബാക്ക്
______________________________________

[തളത്തിൽ  വീടിന്റെ പിന്നാമ്പുറത്തെ വാഴത്തോപ്പ്.
തോപ്പിലെ കിണറിന്റെ കരയിലായി കഥാപാത്രങ്ങൾ ക്ലോസ് അപ് ഷോട്ടിൽ.]

കെ.പി. ഉമ്മറായിരുന്നു തളത്തിൽ ദിനേശൻ എന്ന കഥാ നായകൻ .
ഉണ്ടക്കണ്ണ്. കുടവയറ്. സർവോപരി ഒരു ബലാത്സംഗിയുടെ ശരീര ഭാഷ.

ഉണ്ടക്കണ്ണുളള ശോഭ എന്ന പാർവതിയെ - അതായത് സ്വന്തം ഭാര്യയെ -, തളത്തിൽ ദിനേശൻ എന്ന കെ.പി. ഉമ്മർ വാഴത്തോട്ടത്തിലേക്ക് ആനയിക്കുന്നു...

ശോഭ അമ്പരപ്പോടെ എന്താ ദിനേശേട്ടാ?

ശോഭേ നിന്നോട് ഞാനൊരു തമാശ പറയാൻ പോകുകയാണ്...

അയ്യോ വേണ്ട ദിനേശേട്ടാ...

ഇല്ല എനിക്കിപ്പോ തമാശ പറയണം...

പ്ലീസ് ദിനേശേട്ടാ...പ്ലിപ്ലിപ്ലീസ്.....

ഇല്ല, ഏടീ ശോഭേ... നിന്നെ ഞാനിന്ന് തമാശ പറഞ്ഞ് കൊല്ലും...

അരുത് ദിനേശേട്ടാ... ഇന്നിവിടെ ആരുമില്ല.... ഞാനൊരു സ്ത്രീയാണ്... കുടുംബത്തിൽ പിറന്ന സ്ത്രീ... ദയവ് ചെയ്ത് എന്നോട് തമാശ പറയരുത്...

ഇല്ല. ഞാൻ പറയും. എടീ ശോഭേ, ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ ഒരാൾ, കഴിക്കാനെന്തുണ്ട്?

കഷ്ട്ടമുണ്ട് ദിനേശേട്ടാ....

കുഷ്ട്ടം വാരിക്കഴിച്ചാൽ വിശപ്പടങ്ങുമോടീ വ്രിത്തികെട്ട പെണ്ണുമ്പിള്ളേ????

അയ്യോ ആരെങ്കിലും ഓടി വരണേ...

ചിലയ്ക്കാതിരിയെടീ... നല്ല അരിയാഹാരം കഴിക്കാത്തത് കൊണ്ടാ നിനക്ക് എന്റെ തമാശ പിടിക്കാത്തത്....

പ്ലീസ് എന്നെ വിടൂ... ദിനേശേട്ടാ, ഞാൻ കാല് പിടിക്കാം... ബചാവോ ബചാവോ...


ങാഹാ...! ഇനി അമിതാ ബച്ചനേക്കൂടെ വിളി. അവൻ നിന്റെ മറ്റവനാന്നോടീ?

എന്നെ വിടൂ ദിനേശേട്ടാ... ഞാൻ നിലവിളിക്കും

ഇല്ല ബാക്കി കൂടെ കേട്ടേ പറ്റൂ... ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറി കഴിക്കാനെന്തുണ്ട് എന്ന് ചോദിച്ചയാളോട് ബാർബർ:
കട്ടിങ്ങുണ്ട് ഷേവിങ്ങുണ്ട്!

ദിനേശേട്ടാ എന്നെ വിടൂ... എന്നോട് തമാശ പറയല്ലേ... നിങ്ങൾക്കുമില്ലേ അമ്മയും പെങ്ങളും?

അമ്മയോടും പെങ്ങളോടും ഈ ജാതി തമാശ പറയാൻ പറ്റുമോടീ റാസ്ക്കലേ? ബാക്കി കൂടെ നീ കേൾക്കണം ശോഭേ പ്ലീസ്... ഞാനൊരു വികാര ജീവിയാണ്...

അയ്യോ... ഹെൽപ്പ് മീ... മീ.... മീ... മീ.....

ഞാൻ പറയട്ടെ ശോഭേ,  അപ്പോൾ ആഗതൻ: എന്നാൽ പോരട്ടെ രണ്ടും ഒരോ പ്ലേറ്റ്. ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്.... നല്ല തമാശ... ഇതൊക്കെ ബ്രില്ല്യന്റ്സ് കോളേജിൽ പഠിക്കുമ്പോ ഞാൻ രമണിയോടും കുന്ദലയോടും പറയുമായിരുന്ന തമാശകളാണ്...

എനിക്ക് തല കറങ്ങുന്നു ദിനേശേട്ടാ

എടീ ശോഭേ, എന്നാൽ വേറൊരു തമാശ...

ഇനിയും തമാശയോ... ഈശ്വരാ....

ബജ്ജിയിൽ ഉപ്പില്ല! ഹ്ഹ്ഹ്ഹ്ഹ്ഹ്.....

ദിനേശേട്ടന്റെ തലയ്ക്ക് ഓളോമില്ല...

ശോഭേ, നിന്നോട് ഞാൻ തമാശ പറഞ്ഞത് പുറത്തൊരു കുഞ്ഞും  അറിയാൻ പാടില്ല...അറിഞ്ഞാൽ നിന്റമ്മയുടെ ഗതി തന്നെ നിനക്കും.



എന്റമ്മയ്ക്ക് എന്ത് പറ്റി?



നിന്റമ്മയ്ക്ക് അതിൽ പിന്നെ തമാശ കേൾക്കുന്നതേ കലിപ്പാ...
അതു പോട്ടെ. ഞാൻ ബാക്കിയൂടെ പറയട്ടെ ശോഭേ?!

ഇല്ല ദിനേശേട്ടാ...  എല്ലാം നഷ്ട്ടപ്പെട്ടില്ലേ..., എനിക്കെല്ലാം നഷ്ട്ടപ്പെട്ടില്ലേ...
ഞാൻ മരിക്കാൻ പോകുകയാണ്... എനിക്കിനി എന്തുണ്ട്?

നാളെയൊരു ബന്ദുണ്ട്! യു ഡി എഫിന്റെ! അല്ലപിന്നെ.

ശ് ശ് ശ്... ദിനേശേട്ടാ, ഒരു നിമിഷം മിണ്ടല്ലേ...
ആരോ കവിത പാടുന്നു......
ആ കവിത പാടുന്നത് നിങ്ങളുടെ അനിയനാണെന്ന് തോന്നുന്നു .
എന്ത് രസാ അവന്റെ  കവിത കേൾക്കാൻ...

ങാഹാ. അവൻ അത്രയ്ക്കായോ. എടീ ശോഭേ, അവന് സത്യത്തിൽ സംഗതീം ഷഡ്ജോം തീരെക്കുറവാണ്. ഒന്നാം ക്ലാസിൽ ഞാൻ "തിങ്കളും താരങ്ങളും"  പാടിയപ്പോ എന്റെ ഷഡ്ജം വരെ കീറിപ്പോയിട്ടുണ്ട്. അന്നേരമാ അവന്റെയൊരു കവിതാലാപനം...

ചുമ്മാ പുളു അടിക്കല്ലേ ദിനേശേട്ടാ...
അനിയൻ നല്ലോണം പാടും.  ഇപ്പോ അവൻ നാറാണത്ത് ഭ്രാന്തനാ പാടുന്നത്.

ശോഭേ, അവനേക്കാൾ നന്നായിട്ട് ഞാൻ കവിത പാടിക്കേൾപ്പിക്കാം.
പ്പിക്കട്ടെ? പ്പിക്കണോ????

ന്നാ ദിനേശേട്ടനൊന്ന് പിക്കിക്കേ...


ഇപ്പോപ്പാടാം.
റെഡി വൺ ടൂ ത്രീ സ്റ്റാർട്ട്...

ദിനേശേട്ടാ, നിക്ക് നിക്ക് നിക്ക്. ഒരു മിനിട്ട്.., ഏതു കവിതയാ ദിനേശേട്ടനിപ്പോ പാടാൻ പോകുന്നെ? സ്വന്തം കവിതയാ?

സ്വന്തം കവിത എന്റെ പട്ടി പാടും. ഞാൻ ഇപ്പോ മധുസുദനൻ നായരുടെ കവിത പാടാം. അഗസ്ത്യ ഹ്രിദയം. എന്താ?!

ഉം. എന്നാപ്പാട്!

തളത്തിൽ ദിനേശൻ ഉണ്ടക്കണ്ണ് മുഴപ്പിച്ച് ഉച്ചത്തിൽ കവിതാലാപനം തുടങ്ങി..

രാമ... രഘുരാമ... അവന്റമ്മേടെ തേങ്ങ!!!

ങേ?
ശോഭ ഞെട്ടി.

പിന്നൊരു നിമിഷം പോലും ശോഭ ആലോചിച്ചു നിന്നില്ല.
അവൾ കിണറ്റിലേക്ക് എടുത്തു ചാടി. ശോഭ ചത്തു!!!


********************************************************************************

തളത്തിൽ ദിനേശൻ ഇന്ന് പാരിയാരം മെന്റൽ ഹോസ്പിറ്റലിലിലെ അന്തേവാസിയാണ്.
"പാതിരാ മഴയേതോ, ഹംസ ഗീതം പാടി" എന്ന കവിത വികലമായി ആലപിച്ച് കൊണ്ട് തളത്തിൽ ദിനേശൻ,  അവിടുളള വട്ടൻമ്മാരെ കൊല്ലാക്കൊല ചെയ്തുകൊണ്ടിരിക്കുന്നു....


ശോഭയുടെ കഥ ശുഭം.
ദി എന്റ്!!!

ഞായറാഴ്‌ച, ജൂലൈ 01, 2012

യൂറോക്കപ്പ് 2012 ഫൈനൽ: ടിക്കിടാക്ക V/S കാറ്റനാച്ചിയോ

ഇറ്റലിയുടെ റോബർട്ടോ ബാജിയോ എന്ന വിഖ്യാത പത്താം നംബരുകാരൻ, ബ്രസീലിനെതിരേ പെനാൽറ്റി പാഴാക്കിയത് 1994 - ലോകക്കപ്പ് ഫൈനലിലാണ്. അന്ന് തല താഴ്ത്തി നിൽക്കുന്ന, ആ ടൂർണമെന്റിലെ സൂപ്പർ താരം ഇന്നും വേദനാഭരിതമായ കാഴ്ച്ചയാവുന്നു. ഫുട്ബോൾ അങ്ങനെയാണ് ഒരായിരം സന്തോഷങ്ങൾ തരുന്നതോടൊപ്പം ഒരു നൂറ് സങ്കടങ്ങളും അത് ആരാധകർക്ക് സമ്മാനിക്കും.

ഇത്തവണ ടൂർണമെന്റ് ഫേവറിറ്റുകളായ ഫിലിപ് ലാമും സംഘവും അണി നിരന്ന ജർമനിയുടെ വിധിയായിരുന്നു ആരാധകർക്ക് വേദന ഉളവാക്കിയത്. ജർമനിയെ കുരിശിൽ തറച്ച് മാരിയോ ബലോട്ടെല്ലി എന്ന സ്ട്രൈക്കർ വിശുദ്ദനായി മാറിയത് കഴിഞ്ഞൊരു സായാഹ്നത്തിലാണ്. തുടക്കത്തിൽ ആരാധകർക്ക് പ്രതീക്ഷകൾ ഫൈനലിലേക്ക് ഇരമ്പിയെത്തിയ ഇറ്റലി, ഇന്ന് യധാർഥ ഇറ്റലിയായിട്ടുണ്ട്. സ്പെയിനാകട്ടെ പ്രതീക്ഷയ്ക്കൊത്ത് ഫൈനലിലെത്തിയെങ്കിലും അവരുടെ കളി ആരാധകർക്ക് മടുപ്പാകുന്ന കാഴ്ച്ചയ്ക്കാണ് യൂറോ വേദികൾ സാക്ഷ്യം വഹിച്ചത്.

സ്പെയിനിന്റെ ടിക്കി ടാക്കയും, ഇറ്റലിയുടെ കാറ്റനാച്ചിയോയും തമ്മിലുളള കലാശപ്പോരാട്ടത്തോടെ ഇത്തവണ യൂറൊക്കപ്പിന് പുതിയ അവകാശികൾ അവരോധിക്കപ്പെടും.

മൈതാന മധ്യത്ത് കൂടുതൽ നേരം പന്ത് കൈവശം വെച്ച്, പരസ്പരം തട്ടിക്കളിയ്ക്കുകയും, ചില ഘട്ടങ്ങളിൽ യാതൊരു ലക്ഷ്യവുമില്ലെന്ന് എതിരാളികൾക്ക് തോന്നും വിധം അലക്ഷ്യമായി പാസ് ചെയ്ത് എതിരാളികളെ ആശയകുഴപ്പത്തിലാക്കുകയും, ആ സമയത്ത് താരതമ്യേന പതിയെ എന്ന് തോന്നുന്നൊരു മുന്നേറ്റത്തിലൂടെ എതിർ വലയിലേക്ക് പാഞ്ഞ് ഗോൾ നേടുകയും ചെയ്യുന്നൊരു ശൈലിയാണ് സ്പാനിഷ് ടിക്കിടാക്ക എന്ന ശൈലി. സ്ട്രൈക്കറില്ലാ ഗെയിം [non stricker plan] എന്ന രീതിയാണ് സ്പെയിൻ ഇത്തവണ അവലംബിച്ച് പോന്നത്. എന്നാൽ അവശ്യ ഘട്ടങ്ങളിൽ വെറ്ററൻ ഫെർണാണ്ടോ ടോറസ്സിനെ ഇറക്കി വിടേണ്ടി വന്നു കോച്ചിന്. അലോൺസോയും, ഇനിയേസ്റ്റയും, സാവിയും നിയന്ത്രിക്കുന്ന കളി, അവരുടെ ലോകക്കപ്പ് കാലത്തെ പ്രഭാവത്തോളം പോന്നാൽ ഈ യൂറോ സ്പാനിഷ് ഫുട്ബോൾ അസോസിയേഷന്റെ ഷെൽഫിനെത്തന്നെ അലങ്കരിക്കും. ഇറ്റലിക്കെതിരേ ജയിച്ച റെക്കോഡ് സ്പാനിഷ് ടെമിനെ സംബന്ധിച്ചിടത്തോളം തുലോം കുറവായത് അവരുടെ കളിയെ ബാധിക്കാതിരുന്നാൽ മതി.

കാറ്റനാച്ചിയോ എന്ന താഴിട്ട് പൂട്ടൽ ശൈലി ഇറ്റലി ഏറ്റവും സുന്ദരമായി ഒരിക്കൽ കൂടി നടപ്പാക്കുന്ന കാഴ്ച്ചയാണ് ഇംഗ്ലണ്ടിനെതിരേയുളള, ക്വാർട്ടർ ഫൈനലിലും, ജർമനിക്കെതിരേയുളള സെമി ഫൈനലിലും കണ്ടത്. അവരുടെ ടാക്ലിങ്ങ്സ് അപാരമായിരുന്നു. ബോളുമായി കയറുന്ന, അല്ലെങ്കിൽ ബോൾ സ്വീകരിച്ച് വരുന്ന ഒരോ എതിർ കളിക്കാരനേയും നാലു പേർ ചേർന്ന് വളഞ്ഞ് ലോക്ക് ചെയ്ത്, പന്ത് പിടിച്ചെടുക്കുന്ന വിരുത് എത്ര സൗന്ദര്യാത്മകമാണ്. ക്രിസ്റ്റ്യൻ വിയേരി, അലസാന്ദ്രോ ദെല്പിയറോ, പൗളോ മാൽഡീനി തുടങ്ങിയവർ കളിക്കുമ്പോഴത്തേറ്റ്ഹ് പോലെ തീവ്ര ആക്രമണങ്ങളും അവരിപ്പോൾ കളത്തിൽ ആവിഷ്കരിക്കുന്നു. ഇടക്കാലത്ത് നഷ്ട്ടപ്പെട്ട ആരാധകരെ മുഴുവനും ഇറ്റലി തിരിച്ച് പിടിച്ചിരിക്കുന്നു.

മാരിയോ ബലോട്ടെല്ലി എന്ന തീയുണ്ട ഇറ്റലിക്ക് വേണ്ടി ചാർജ്ജായി തുടങ്ങിയത് അവരുടെ ശക്തി വർദ്ധിപ്പിച്ചിട്ടുണ്ട്. വംശീയാക്ഷേപത്തിന്റെ തീക്കാറ്റുകളേറ്റാണ് ബലോട്ടെല്ലി ഒരോ ഗ്രൗണ്ടിലെ തൊണ്ണൂറ് മിനിട്ടും കളിച്ചിരുന്നത്. മങ്കി എന്ന വിളികളും, ഗാലറികളുടെ പരിഹാസ ശരങ്ങളും ഉക്രയിനിലേയും പോളണ്ടിലേയും യൂറോ വേദികളിൽ നിന്നും ബലേറ്റിയ്ക്ക് കേൾക്കേണ്ടി വന്നു.  എന്നാൽ, മാരിയോ ബലോട്ടെല്ലി എന്ന ഈ കളിക്കാരനെ കിങ്ങ് കോങ്ങായി ചിത്രീകരിച്ച് കൊണ്ട് സ്വന്തം രാജ്യമായ ഇറ്റലിയിലെ പത്രത്തിൽ പോലും കാർട്ടൂൺ വന്നതോടെ വെറും ഇരുപത്തൊന്ന് വയസ്സുളള ഈ ചെറുപ്പക്കാരൻ എന്താവും മനസ്സിൽ കരുതിയിരിക്കുക?

കാർട്ടൂണിന്റെ പേരിൽ ഇറ്റാലിയൻ പത്രം ആക്ഷേപിയ്ക്കുകയും, പിന്നെ ക്ഷമാപണം മടത്തുകയും ചെയ്തതിന്റെ പിറ്റേന്നാണ് ഒരോ ഇറ്റലിക്കാരനും വേണ്ടി ബലോട്ടെല്ലി ടൂർണമെന്റ് ഫേവറിറ്റുകളായ ജർമനിയുടെ വലയിലേക്ക് കാലിൽ നിന്നും വെടിയുണ്ടകൾ പായിച്ചത്. ആദ്യത്തെ സൂപ്പർ ഗോൾ അടിച്ചിട്ട് ബലോട്ടെല്ലി, ജഴ്സിയൂരി നെഞ്ച് വിരിച്ച് നിന്നത് കിങ്ങ് കോങ്ങ് എന്ന് വിളിച്ച് ആക്ഷേപിച്ചവർക്കെതിരേ തന്നെയാവാം.  ഫുട്ബോൾ പലപ്പോഴും, നിന്ദിതരും പീഡിതരുമായ ആഫ്രിക്കൻ വംശജരുടെ ഉയർത്തെഴുനേൽപ്പു കൂടിയാവാറുണ്ട്......

ആന്ദ്രേ പിർലോ എന്ന വെറ്ററൻ പ്ലേ മേക്കർ സാവധാനത്തിലെന്നവണ്ണം കളത്തിൽ മൂവ് ചെയ്യുന്നതും, പന്ത് പാസ് ചെയ്യുന്നതും അനിതരമായ വൈദഗ്ദ്യത്തോട് കൂടിയാണ്. ഈ ടൂർണമെന്റിലെ കറ തീർന്ന പ്ലേ മേക്കറാണ് ആന്ദ്രേ പിർലോ. ഇറ്റലി ഇതുവരെ കളിച്ച കളി ഇന്നും ആവർത്തിച്ചാൽ, അതീവ സുന്ദരമായി അസൂറിപ്പട കപ്പും കൊണ്ട് പോകും. സീസ്റ്റൻ ചാപ്പലിലെ പ്രത്യേക പ്രാർഥനാ മുറികൾ നീലപ്പടയ്ക്ക് വേണ്ടി പ്രത്യേകം മൗന പ്രാർഥനയിലാവാം......

വ്യക്തിപരമായി ഞാൻ ഇറ്റലിക്കൊപ്പം മാത്രമാണ്..., അഥവാ ഇനിയിപ്പോ സ്പെയിനാണ് ജയിക്കുന്നതെങ്കിൽ കൂടി...