ചൊവ്വാഴ്ച, മേയ് 01, 2018

മാക്കോണ്ടയിലെ കവർച്ച

 ഒഴിച്ച് വെച്ച രണ്ടാമത്തെ ഗ്ലാസ് ഒറ്റ വലിയ്ക്ക് കാലിയാക്കിയിട്ട് ഏബ്രഹാം പ്രഖ്യാപിച്ചു.
ഇന്ന് ഞാൻ പറയാൻ പോകുന്നത് ഒരു കവർച്ച കഥയാണ്.

കവർച്ച കഥകൾ എപ്പോഴും വളരെ ഇന്ററസ്റ്റിങ്ങാണ്.
കുട്ടപ്പായി നാരങ്ങാ അച്ചാറ് വലതു ചൂണ്ടു വിരലിൽ തൊട്ടെടുത്ത് നാക്കിലേക്ക് പറ്റിച്ചിട്ട് പറഞ്ഞു,
കഴിഞ്ഞ തവണത്തെ പോലെ ഒരു ത്രില്ലിങ്ങ് മൂഡ് വരാൻ ഏബ്രാച്ചന്റെ ഈ കഥയ്ക്കും കഴിയും.

തുറന്നു വെച്ച മദ്യ കുപ്പി, ഒരു കൊക്കൊ കോള, തണുത്ത മിനറൽ വാട്ടർ ബോട്ടിലുകൾ, മൂന്നു ഗ്ലാസ്സുകൾ, ഒരു പാത്രത്തിൽ വേവിച്ച കപ്പ, മറ്റൊരു പാത്രത്തിൽ അടുക്കായിരിക്കുന്ന പൊറോട്ട, വേറൊന്നിൽ ചിക്കൻ കറി, ഇനിയൊന്നിൽ ഗ്രിൽഡ് ചിക്കൻ, അച്ചാറ് കുപ്പി, എന്നിവയെല്ലാം മേശപ്പുറത്ത് നിരന്നിരുന്നു.

വാരാന്ത്യത്തിൽ അവരുടെ ഒരു ഒത്തുകൂടൽ ഡേവിഡിന്റെ ടെറസിനു മേലേ പതിവുള്ളതാണ്. അവർ എന്ന് പറയുമ്പോൾ അവർ നാലു പേരുണ്ട്. ഡേവിഡ്, എബി, ഏബ്രഹാം, കുട്ടപ്പായി.

നാലുപേരും സിംഗിൾ ലൈഫ്. ഇപ്പോൾ എറണാകുളത്ത് ജോലിയും, താമസവും. ഡേവിഡ് ലീവ്സിനെടുത്ത വീടിന്റെ ടെറസാണ് വാരാന്ത്യ മദ്യപാന സദസ്സ്. നഗരത്തിലെ പ്രമുഖ അഡ്വർട്ടൈസ്നിങ്ങ് ഏജൻസിയിലെ വിഷ്വലൈസറാണ് ഡേവിഡ്. എബി ഒരു മാനുഫാക്ച്വറിങ്ങ് കമ്പനിയുടെ സെയിൽസ് എക്സിക്യുട്ടീവ്. കുട്ടപ്പായി ഡേവിഡിന്റെ വീടിനു തൊട്ടരികിലുള്ള പ്രമുഖ കറി പൗഡർ ഗോഡൗണിന്റെ സൂപ്പർവൈസറാണ്. ഒരു ഓൺ ലൈൻ മീഡിയയുടെ ഇന്വെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റായിട്ട് ജോലി നോക്കുകയാണ് ഏബ്രഹാം. ഇവരുടെ വെള്ളമടി കൂട്ടായ്മകളിൽ എരിവും, പുളിയും, ഉദ്വേഗവും, സംഭ്രമവും വാരി വിതറുന്ന എന്തെങ്കിലും ഒരു ഐറ്റം എല്ലായ്പ്പോഴും ഏബ്രഹാമിന്റെ പക്കൽ ഉണ്ടാവും. കഴിഞ്ഞാഴ്ച്ച ആരുഷി തൽവാറിന്റെ കൊലപാതകത്തിനു പിന്നിലുള്ള ചില സമസ്യകളുടെ വിവരണമായിരുന്നു ദാസപ്പാപ്പി കൂടഴിച്ചു വിട്ടത്. അതിന്റെ പൊള്ളൽ ഇതുവരെ മാറിയിട്ടില്ല. അതിനു മുൻപ് ചാൾസ് ശോഭരാജിന്റെ ധീര കൃത്യങ്ങളായിരുന്നു സംഭാഷണവിഷയം. ഇന്ന് ഏബ്രഹാം ഒരു കഥയാണ് പറയാൻ പോകുന്നത്.

കഥ പോരട്ടെ.
നിരയായി വെച്ച മൂന്നു ഗ്ലാസുകളിലേക്ക് ഇരുണ്ട ദ്രാവകം തുല്യമായി പകർന്നു കൊണ്ട് എബി പറഞ്ഞു.

ഈ കഥ നടക്കുന്ന നഗരത്തിന് ഒരു പേര് വേണം. തൽക്കാലം നമുക്ക് അതിനെ സാങ്കൽപ്പികമായി മാക്കോണ്ട എന്ന് വിളിയ്ക്കാം.

ഹൈ.
എബി ഗ്ലാസുകളിലേക്ക് ക്ലബ്ബ് സോഡ പകർന്നു കൊണ്ട് ആശ്ചര്യപ്പെട്ടു.
മാക്കൊണ്ട മാർക്വേസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങളിലെ സ്ഥലമല്ലേ?

മാർക്വേസ് തന്റെ നോവലിനായി കണ്ടെത്തിയ ഒരു സാങ്കൽപ്പിക ഭൂമികയാണ് മാക്കൊണ്ട. ഞാനത് കടമെടുക്കുന്നു എന്നേയുള്ളു. മാർക്വേസിനോടും, ഏകാന്തതയോടുമുള്ള തികഞ്ഞ ബഹുമാന പുരസ്സരം.
ഏബ്രഹാം ഒരു സിഗരറ്റിന് ലൈറ്റർ തെളിച്ചു.

ആയിക്കോട്ടെ. കഥയ്ക്കാണ് പ്രസക്തി. കഥാ പാത്രങ്ങൾക്കോ കഥാ ഭൂമികയ്ക്കോ കഥയോളം പ്രസക്തി വേണമെന്നില്ല.
ഡേവിഡ് പ്രസ്ഥാവിച്ചു.

ഈ കഥയിൽ, കഥാപാത്രങ്ങൾക്ക് ഉള്ളതിനേക്കാൾ വസ്തുതകൾക്കാണ് പ്രസക്തി.
ഏബ്രഹാം പുഞ്ചിരിച്ചു.
ഇതിൽ മൂന്നു കഥാപാത്രങ്ങളുണ്ട്. ഇവരെ നമുക്ക് A,B,C എന്ന് വിളിയ്ക്കാം.

കുഴപ്പമില്ല. കഥ തന്നെയാണ് മുഖ്യം. ക്യാരക്ടറുകൾ ചില ഘട്ടങ്ങളിൽ മറഞ്ഞിരിക്കുന്നത് അതിന്റെ വിശ്വാസ്യതയ്ക്ക് അനുയോജ്യമാണ്.

A,B,C എന്നിവർ പ്രൊഫഷണൽ ബാങ്ക് കൊള്ളക്കാരാണ്. ഒരു കവർച്ചയോടുള്ള ഇവരുടെ സമീപനം, ആധൂനികമായ സാങ്കേതിക വിദ്യകൾ കവർച്ചയിൽ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നിവയെല്ലാം ഈ കഥയിൽ വന്നു പോകുന്നുണ്ട്. എന്നിരിയ്ക്കിലും, കഥ പറച്ചിലിനിടയിൽ, എപ്പോഴെങ്കിലും ലോജിക്കിനേക്കുറിച്ച് സംശയമുണ്ടായാൽ നിങ്ങൾക്കത് ധൈര്യമായി ചോദിക്കാം. കാരണം എന്റെ കഥയിൽ തെറ്റുണ്ടാവരുത് എന്നെനിക്ക് നിർബന്ധമുണ്ട്.

താർച്ചയായും.
കുട്ടപ്പായി അയാളുടെ ഗ്ലാസിനെ പാതിയാക്കി നിർത്തി, ചിക്കൻ ഫ്രൈയുടെ ഒരു പീസ് വായിലേക്ക് വെച്ച് കൊണ്ട് പറഞ്ഞു.
എന്തെങ്കിലും അവ്യക്തതയുണ്ടെങ്കിൽ ഒരു ദാക്ഷിണ്യവുമില്ലാതെ ഞങ്ങളത് ചോദിച്ചിരിക്കും.

ഓക്കെ. എങ്കിൽ കഥ തുടങ്ങുകയാണ്.
ഏബ്രഹാം പുക വായുവിലേക്ക് ഊതി വിട്ടു.
ഈ കഥയുടെ പേരാണ് മാക്കോണ്ടയിലെ കവർച്ച.കഥയുടെ ഒഴുക്കിനു വേണ്ടി ഇതിനെ ഞാൻ മൂന്നായി തിരിക്കുകയാണ്.
മൂവരും രണ്ടാമത്തെ പെഗ്ഗിന്റെ ഉണർവ്വിൽ ഏബ്രഹാമിനെ നോക്കിയിരുന്നു.

ഒന്നാം ഭാഗം
____________
അതൊരു നവംബർ മാസത്തിലെ ആദ്യത്തെ ആഴ്ച്ചയിലെ തണുത്ത സായാഹ്നമായിരുന്നു.

കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടൽ മുറിയിൽ A യും Bയും Cയും ഒത്തു കൂടിയിരിക്കുകയാണ്. നാമിപ്പോൾ ചെയ്യുന്നത് പോലെ അന്ന് അവരുടെ മദ്ധ്യത്തിലെ മേശപ്പുറത്തും മദ്യക്കുപ്പികളും ഗ്ലാസ്സുകളും നിരന്നിരുന്നു. കേരളത്തിലെ മൂന്ന് ജില്ലകളിൽ കഴിയുന്ന അവരെ ഒന്നിപ്പിക്കാൻ മുൻ കൈ എടുത്തത് A ആയിരുന്നു.

A, B യോടും, C യോടുമായി പറഞ്ഞു.
നമ്മൾ ഒത്തു കൂടിയിരിക്കുന്നത്, എല്ലായ്പ്പോഴുമെന്നത് പോലെ കൊള്ളാവുന്ന ലാഭമുള്ള ഒരു കവർച്ച പ്ലാൻ ചെയ്യാനാണ്.

എവിടെ?
Bയും Cയും ആകാംഷാഭരിതരായി.
ഫോൺ ചെയ്ത് അവരെ ഇരുവരേയും വിളിച്ച് വരുത്തുമ്പോൾ A തന്റെ മനസ്സിലുള്ള കാര്യങ്ങളേപ്പറ്റി ഒരക്ഷരം പറഞ്ഞിരുന്നില്ല. റൂം നമ്പരും, ഹോട്ടലും സൂചിപ്പിച്ചിട്ട് ഇന്ന ദിവസം ഇന്ന സമയത്തിനുള്ളിൽ അവിടെ എത്തിച്ചേരിഉക എന്ന് മാത്രമാണയാൾ അവരോട് പറഞ്ഞിരുന്നത്.

മാക്കോണ്ട.
A പറഞ്ഞു.
അവിടെ നഗരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കോർപ്പറേഷൻ ബാങ്കുണ്ട്. അതാണ് നമ്മുടെ ലക്ഷ്യം.

Bയും Cയും മൂളിക്കേട്ടു.
അവരെ സംബന്ധിച്ചിടത്തോളം സ്ഥലം ഏതെന്നത് അവർക്കൊരു വിഷയമല്ലായിരുന്നു. ഒരു കാര്യത്തിനായി റിസ്കെടുക്കുമ്പൊൾ നന്നായി വല്ലതും തടയണം, പിടിക്കപ്പെടാനും പാടില്ല ഇത്രയേ ഉണ്ടായിരുന്നുള്ളു.

A ഒരു കാര്യത്തിന് വിളിച്ചാൽ അയാൾ അതിനുള്ള സകല മുൻകരുതലുകളും എടുത്തു കഴിഞ്ഞിട്ടായിരിക്കും തങ്ങളെ വിളിച്ച് വരുത്തുക എന്ന് മുൻ അനുഭവങ്ങൾ വെച്ച് Bയ്ക്കും, Cയ്ക്കും അറിയാം. ഒരു ഓപ്പറേഷൻ അതിന്റെ എല്ലാ വിശദാംശങ്ങളോടും പ്ലാൻ ചെയ്തതിനു ശേഷം, അതിന്റെ സാദ്ധ്യതകളും അസാദ്ധ്യതകളും മനസ്സിൽ പലവുരു പഠിച്ചതിനു ശേഷം മാത്രം മുന്നോട്ട് പോകാൻ തീരുമാനിക്കുന്ന അതി സമർഥനാണ് A. പ്രൊഫഷണൽ ലെവലിൽ A കാര്യങ്ങൾ മുഴുമിപ്പിക്കുന്നു.

A കീശയിൽ നിന്നെടുത്ത ഒരു നഗരഭൂപടം മേശമേൽ നിവർത്തി വച്ചു.
ഗൂഗിൾ എർത്തിൽ നിന്നും സംഘടിപ്പിച്ചതാണ്.
അയാൾ പറയുകയുണ്ടായി.
ഇത് മാക്കോണ്ട.
കേരളത്തിലെ ചെറിയ നഗരങ്ങളിൽ ഒന്ന്.
ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾ വള്ളിപുള്ളി തെറ്റാതെ കേൾക്കണം.

ടേബിൾ ലാമ്പിനെ അരണ്ട വെളിച്ചത്തിൽ, A കാര്യങ്ങൾ തന്റെ സഹപ്രവർത്തകർക്ക് വിശദീകരിച്ചു.
നമ്മൾ ലക്ഷ്യമിടുന്ന കോർപ്പറേഷൻ ബാങ്ക് ദേ ഇതാണ്.
നഗരത്തിലെ എം സി റോഡിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു പോകുന്ന ഒരു വൺവേയാണ് ഈ കാണുന്നത്. നഗര മദ്ധ്യത്തിൽ നിന്നും ആരംഭിക്കുന്ന ഈ വൺ വേ അതിന്റെ ഡെഡ് എന്റിലെത്തുമ്പോൾ കുറുകേ ദേ വേറൊരു റോഡ് വരികയാണ്. അതായത് നഗര മദ്ധ്യത്തിൽ നിന്നാരംഭിക്കുന്ന വൺ വേ റോഡ് ഇംഗ്ലീഷ് അക്ഷരമാലയിലെ T പോലെ അവസാനിക്കുന്നു.

ഞാൻ പറയുന്ന റോഡിന്റെ രൂപം നിങ്ങൾക്ക് വ്യക്തമാകുന്നുണ്ടോ? ഇല്ലെങ്കിൽ പറയണം.
കഥയിൽ നിന്നും പുറത്തേക്ക് വന്ന് ഏബ്രഹാം ടേബിളിൽ വരച്ചു കാണിക്കാനെന്ന വിധം മുൻപോട്ടാഞ്ഞു..
ഏബ്രാച്ചൻ പറഞ്ഞത് ഞാൻ മനസ്സിൽ സങ്കൽപ്പിക്കുകയായിരുന്നു.ഈ പറയുന്ന വണ്വേ അതേപടി എന്റെ മനസ്സിൽ ഞാൻ കാണുന്നു.
ഡേവിഡ് ഉന്മേഷത്തോടെ പറഞ്ഞു.
ഡേവിഡിനെ പിന്തുണച്ച് കുട്ടപ്പായിയും എബിയും തലകുലുക്കി.
ഏബ്രഹാം കഥയിലേക്ക് ഉൾ വലിഞ്ഞു.

A തന്റെ കൂട്ടാളികളോട് തുടർന്നു.
T യുടെ മുകളറ്റത്തെ വലത് ഭാഗം തിരികെ എം സി റോഡിലേക്ക് സംയോജിക്കുമ്പോൾ, T യുടെ മുകളിലെ ഇടത് അറ്റം നേരേ പത്തനം തിട്ടയിലേക്കുള്ള നേരിട്ടുള്ള റോഡായി പോകുകയാണ്.

Bയും Cയും മാപ്പിലേക്കും Aയുടെ മുഖത്തേക്കും മാറിമാറി നോക്കിക്കൊണ്ടിരുന്നു.
Tയുടെ മുകളിലുള്ള വലതു മൂലയിൽ നഗരത്തിലെ ഫാമിലി കോർട്ടും അനുബന്ധ കെട്ടിടങ്ങളൂമാണ്. മുകളിലെ ഇടതു മൂലയിലുള്ളത് ഒരു ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ ആണ്.

മാപ്പിൽ T എന്ന അക്ഷരത്തോട് സാദൃശ്യമാം വിധം പോകുന്ന വൺ വേയുടെ മുകളിലെ കുറുകേയുള്ള റോഡിന് മേലേ, തന്റെ ബോൾ പെന്നിന്റെ തുമ്പു കൊണ്ട് കുത്തിയിട്ട് A പറഞ്ഞു.
T അഥവാ ഈ വൺ വേയുടെ മുകളിലായി ഈ കാണുന്നത് നഗര സഭാ ബിൽഡിങ്ങ് ആണ്.

ഈ കഥയിൽ ഒരു വഴിയ്ക്കൊക്കെ ഇത്രമാത്രം പ്രാധാന്യമുണ്ടോ?
അപ്രതീക്ഷിതമായി കുട്ടപ്പായി ചോദിച്ചു.
കുട്ടപ്പായിയുടെ ചോദ്യത്തിന്റെ ഉലച്ചിലിൽ കഥയിൽ മുഴുകിപ്പോയിരുന്ന, ഏബ്രഹാമും, എബിയും, ഡേവിഡും പുറത്തു വന്നു. ഏബ്രഹാം രണ്ടാമത്തെ സിഗരറ്റ് ചുണ്ടിലേക്ക് വെച്ചു.

തീർച്ചയായും.
ഡേവിഡ് കുട്ടപ്പായിയോട് പറഞ്ഞു.
ഇതൊരു പ്രൊഫഷണൽ കവർച്ചയാണെന്ന് ഏബ്രാച്ചൻ ആദ്യമേ പറഞ്ഞതാണ്. ആ നിലയ്ക്ക് വസ്തുതകളെല്ലാം തന്നെ തികച്ചും പ്രൊഫഷണലായിരിക്കണം. ഒരോ സംഭവങ്ങളും യുക്തിസഹമായിരിക്കണം.

അല്ല ഞാൻ ചോദിച്ചെന്നേയുള്ളു. കഥ തുടരട്ടെ.
കുട്ടപ്പായിയും ഒരു സിഗരറ്റിനു തീ കൊളുത്തി.

ഈ നഗര സഭാ ബിൾഡിങ്ങിന്റെ താഴെ ഇടത് വശത്തായാണ് കോർപ്പറേഷൻ ബാങ്ക്.
അത് പറഞ്ഞ് കൊണ്ട് A, B യേയും Cയേയും മാറിമാറി നോക്കി.
Bയും Cയും Aപറയുന്നത് സാകൂതം ശ്രദ്ധിച്ചിരിക്കുകയായിരുന്നു.
A തുടർന്നു.
നാളെ വൈകുന്നേരം നമ്മൾ ഈ സ്ഥലം നേരിൽ സന്ദർശിക്കുന്നുണ്ട് അപ്പോൾ നിങ്ങൾക്ക് കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമാകും.

നഗരസഭാ കെട്ടിടത്തിന്റെ ഒരു ഭൂമിശാസ്ത്രം എങ്ങനെയാണ്?
C ചോദിച്ചു.

A മാപ്പിലേക്ക് ആഴ്ന്നു.
ബാങ്കിന്റെ വലതു വശം നഗരസഭാ ബിൽഡിങ്ങിന്റെ അറ്റം തന്നെയാണ്. ബാങ്കിന്റെ പിൻ ഭാഗത്താണ് ലോക്കർ റൂം. ബാങ്കിനു വലതു ചേർന്ന് ഒരു ഓവു ചാൽ പോകുന്നുണ്ട്. ഒരാൾക്ക് നിൽക്കാൻ മാത്രം ആഴമുള്ള, ഇപ്പോൾ ഉപയോഗ ശൂന്യമായ ഒന്നാണ് ഈ ഓവു ചാൽ.

ഈ ഓവുചാൽ വഴിയാണോ നമ്മൾ തുരന്ന് കയറുന്നത്?
B ചോദിച്ചു.

അതെ.
A പറഞ്ഞു.
ഓവുചാലിന്റെ ബാങ്കിനു പിൻവശത്തോട് ചേർന്ന അറ്റത്ത്, തറ തുരന്നു കഴിഞ്ഞാൽ നമുക്ക് നേരേ ലോക്കർ റൂമിൽ കടക്കാനാവും.

അപ്പോൾ എബി ചോദിച്ചു.
ആ ഓവു ചാൽ ഉപയോഗ ശൂന്യമാണെന്നതും, ഒരാൾക്ക് നിവർന്ന് നിൽക്കാൻ പാകത്തിലുള്ളതാനെന്നും A എങ്ങനെ ഉറപ്പിച്ചു?

മൂന്നാമത്തെ ഗ്ലാസ് മൂന്നാമതും സിപ്പ് ചെയ്ത് കൊണ്ട് ഏബ്രാച്ചൻ ചിരിച്ചു.
A അതി സമർഥനാണെന്ന് ഞാൻ ആദ്യമേ പറഞ്ഞു കഴിഞ്ഞു. ഒപ്പം അയാളത് വിശദീകരിക്കാൻ പോകുന്നതേയുള്ളു...

ശരി എങ്കിൽ കഥ തുടർന്നോളൂ.
മുൻപിലെ പാത്രത്തിലെ വേവിച്ച കപ്പയുടെ ഒരു കഷണം കോഴിക്കറിയിൽ മുക്കി നാവിലേക്ക് വെച്ചു കൊണ്ട് ഡേവിഡ് പ്രസ്ഥാവിച്ചു.

A തന്റെ കൂട്ടാളികളോട് തുടർന്നു.
ഈ കോർപ്പറേഷൻ ബാങ്ക് സ്ഥിതി ചെയ്യുന്ന നഗര സഭാ കെട്ടിടത്തിന്റെ കോമ്പൗണ്ടിന് തൊട്ടരികിലുള്ള വീടിന്റെ രണ്ടാം നിലയിലാണ് ഞാനിപ്പോൾ താമസിച്ചു കൊണ്ടിരിക്കുന്നത്. മൂന്നു മാസമായിട്ട് ഞാൻ അവിടെയുണ്ട്. പല രാത്രികളിലും ഏറെ നിരീഷണങ്ങളും അപഗ്രഥനങ്ങളും നടത്തുകയുണ്ടായി. കഴിഞ്ഞ ആഴ്ച്ച ഞാനൊരു സൂത്രപ്പണി ഒപ്പിക്കുകയും ചെയ്തു.

എന്തായിരുന്നു അത്?
പെട്ടന്ന് C ഉദ്വേഗഭരിതനായി.

തന്റെ ഇടതു ചെവിയ്ക്കുള്ളിൽ വിരൽ കടത്തി ചൊറിഞ്ഞു കൊണ്ട് A പറഞ്ഞു.
ഞാൻ നഗരത്തിലെ ഒരു ഷോപ്പിങ്ങ് മാളിൽ നിന്നും ഒരു മൊബൈൽ ഫോൺ മോഷ്ടിക്കുകയുണ്ടായി. ഈ ഫോണിൽ ഞാൻ, രാത്രി ഒരു മണിയ്ക്കുള്ള അലാറം സെറ്റ് ചെയ്ത് വെയ്ക്കുകയുണ്ടായി. എന്നിട്ട് ഒരു ചെറിയ സ്പീക്കറുമായി ഈ ഫോൺ കണക്ട് ചെയ്തു. ഇത് രണ്ടും ഒരു ബോക്സിനുള്ളിൽ ഉറപ്പിച്ച് മറ്റൊരു മെറ്റൽ ബോക്സിനുള്ളിലാക്കി ഞാനാ ബാങ്കിന്റെ ലോക്കറിൽ വച്ചു പൂട്ടിയിട്ടുണ്ട്.

ബാങ്ക് ലോക്കറിൽ...
B അർദ്ധോക്തിയിൽ നിർത്തി.
കോർപ്പറേഷൻ ബാങ്കിൽ ഞാൻ ഒരു അക്കൗണ്ട് എടുത്തിരുന്നു. ഈ സംഭവത്തിനു മുൻപും ഒരു തവണ ഞാൻ ലോക്കർ റൂമിൽ കയറിയിട്ടുണ്ട്. അത് പക്ഷേ എന്റെ ഒരു മോതിരം വെച്ച് പൂട്ടാനായിരുന്നു എന്നു മാത്രം.

അതൊക്കെ സമതിച്ചു. പക്ഷേ ഈ മൊബൈൽ ഫോണിൽ അലാറം വച്ചത്തിന്റെ ഉദ്ധേശം വ്യക്തമായില്ല...
C സംശയത്തോടെ A യെ ഉറ്റു നോക്കി.

ലോക്കർ റൂമിൽ അലാറം സെറ്റ് ചെയ്ത മൊബൈൽ ഫോൺ വച്ചതിനു ശേഷം തുടർന്നുള്ള രാത്രികളിൽ ഞാനെന്റെ രണ്ടാം നിലയിലെ മുറിയിലിരുന്നു ബാങ്കിനെ നിരീക്ഷിച്ചു. അതായത് രാത്രികളിൽ ഈ അലാറം മുഴങ്ങും. സ്പീക്കറിലൂടെ അതിന്റെ ശബ്ദം ലോക്കർ റൂമിനുള്ളിൽ ഉച്ചത്തിൽ മുഴങ്ങും. അസ്വഭാവികമായ ഒരു ശബ്ദം വരുമ്പൊൾ ലോക്കർ റൂമിൽ എന്തെങ്കിലും അപകട സൈറൺ ഉറപ്പിച്ചിട്ടുണ്ടെങ്കിൽ അത് അപായ സിഗ്നൽ നൽകും. ഇനി അങ്ങനെ അല്ലെങ്കിൽ പോലും കുറഞ്ഞ പക്ഷം ലോക്കർ റൂമിലെ മൊബൈൽ അലാറത്തിന്റെ ശബ്ദം, ലോക്കർ റൂമിനു പുറത്ത്, ബാങ്കിന്റെ മുൻ വശത്തെ സെക്യൂരിറ്റി ക്യാബീനിലേക്ക് എത്തുന്നുണ്ടോ എന്നറിയുകയും ചെയ്യാം.

Bയും Cയും Aയുടെ ബുദ്ധികൂർമ്മതയെ പ്രശംസിക്കുന്ന മട്ടിൽ പരസ്പരം നോക്കി ഒരു ചിഒരി കൈമാറി.

ഒട്ടൊരു മൗനത്തിനു ശേഷം A തുടർന്നു.
ഭാഗ്യവശാൽ അലാറത്തിന്റെ ശബ്ദം ലോക്കർ റൂമിന് പുറത്തേക്ക് എത്തുന്നുണ്ടായിരുന്നില്ല. തന്നെയുമല്ല അലാറത്തിന്റെ അപ്രതീക്ഷിത ശബ്ദത്തോട് പ്രതികരിക്കുന്ന പ്രത്യേക സിഗ്നലുകളൊന്നും ലോക്കർ റൂമിനുള്ളിൽ സ്ഥാപിച്ചിരുന്നുമില്ല.
ഇതിലൂടെ, നമ്മൾ ലോക്കർ റൂമിൽ കടക്കുമ്പോഴുണ്ടാകുന്ന ശബ്ദങ്ങളൊന്നും മറ്റാരെങ്കിലും തന്നെ അറിയില്ല എന്നതിരിച്ചറിവാണ് നമുക്ക് നൽകുന്നത്.

അതൊരു ഗംഭീര ഐഡിയ ആയിരുന്നു.
ഡേവിഡ് പറഞ്ഞു.
ഒപ്പം അയാൾ കപ്പയും കോഴിക്കറിയും ചവച്ചു കൊണ്ടിരുന്നു. കുട്ടപ്പായി ത്രില്ലടിച്ച് ഇരിക്കുകയാണ്. എബി നാലാമത്തെ റൗണ്ട് എല്ലാ ഗ്ലാസുകളിലേക്കും പകരുകയായിരുന്നു. മേശയുടെ ചുവട്ടിൽ, ഭിത്തിയോട് ചേർന്ന് രണ്ടാമതൊരു ഫുൾ ബോട്ടിൽ കൂടി, ഇതൊന്ന് തീരട്ടെന്നവണ്ണം അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. വലതു കയ്യിലെ ചെറുവിരൽ ഉയർത്തിക്കാട്ടിയിട്ട് മൂത്രമൊഴിക്കാനായി ഏബ്രഹാം എഴുനേറ്റു.

മദ്യപാനം ആരോഗ്യത്തിനു ഹാനികരം
ഡേവിഡ് പറഞ്ഞു.

ഈ മുന്നറിയിപ്പ് നമ്മൾ ഇതുവരെ ഈ കഥയിൽ എവിടെയും നൽകിയിരുന്നില്ല
എബി അനുകൂലിച്ചു.

ഇപ്പോഴാണ് എനിക്ക് സെൻസർ ചെയ്യാനുള്ള സമയം ലഭിച്ചത്. എല്ലാവരും ഇതൊരു ആരോഗ്യപരമായ മുന്നറിയിപ്പായി എടുക്കണം.

സിഗരറ്റ് വലിയേയും ഉൾപ്പെടുത്തണം.
കുട്ടപ്പായി തന്റെ കയ്യിലുള്ള സിഗരറ്റ് പഞ്ഞിയോളം കത്തി തീർന്നത് അറിഞ്ഞില്ലായിരുന്നു.
ഈ നഗരത്തിനിതെന്തു പറ്റി? എല്ലായിടത്തും പുക. എല്ലായിടത്തും ചാരം...
കുട്ടപ്പായി അടുത്ത സിഗരറ്റിനായി പാക്കറ്റ് തപ്പവേ തീയേറ്റർ സ്ലൈഡിലെ ആ ശബ്ദം അനുകരിച്ചു.

അപ്പോഴേക്കും ഏബ്രഹാം മടങ്ങി വന്ന് അയാളുടെ കസേരയിലേക്ക് ചാഞ്ഞു. വീണ്ടും അവർ കഥയിലേക്ക് കടന്നു.

രണ്ടാം ഭാഗം
_____________
കൊച്ചിയിലെ ലോഡ്ജിൽ കൂടിക്കാഴ്ച്ച നടന്നതിനു തൊട്ടടുത്ത ദിനം അവർ മൂവരും ചേർന്ന് മാക്കൊണ്ട നഗരം സന്ദർശിച്ചു. നഗരത്തിലെ ബസ് സ്റ്റാൻഡിൽ നിന്നും വൺ വേ വഴി പോകുന്ന പ്രൈവറ്റ് ബസ്സിൽ കയറിയാണ് അവർ മൂവരും ബാങ്കിനെ ചുറ്റിയത്. മൂന്നു തവണ അവരങ്ങനെ ചെയ്യുകയുണ്ടായി. സ്വകാര്യ വാഹനങ്ങൾ ഉപയാഗിക്കാതിരുന്നത് ബോധ പൂർവ്വമായിരുന്നു. സമീപ കാലത്തായി ഒട്ടുമിക്ക കടകളുടേയും മുൻപിൽ സിസി ക്യാമറ വച്ചിട്ടുണ്ടായിരുന്നു. എന്തെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നടന്നതിനു ശേഷം പോലീസുകാർ പ്രതികളെ പൊക്കിയിരുന്നത് കുറ്റകൃത്യം നടന്നിരുന്ന പ്രദേശത്തിനു സമീപം കടന്നു പോയ വാഹനങ്ങൾ, വ്യക്തികൾ എന്നിവയുടെ സിസി ക്യാമറ ദൃശ്യങ്ങളിലൂടെയായിരുന്നു. കവർച്ച ചെയ്യുന്നത് പിടിക്കപ്പെടാൻ അല്ല എന്ന കവർച്ചക്കാരുടെ പൊതു ബോധം അവരെ ശക്തമായി ഭരിച്ചിരുന്നു.

നഗരത്തിൽ നിന്നൊഴിഞ്ഞ്, ഒരു പെട്ടിക്കടയ്ക്ക് സമീപം സിഗരറ്റ് പുകച്ചു കൊണ്ട് നിൽക്കവേ മാക്കൊണ്ടയുടെ ഭൂപ്രദേശത്തേക്കുറിച്ച് ഒരു അവബോധമുണ്ടായോ എന്ന് A തന്റെ കൂട്ടാളികളോട് ചോദിച്ചു.
സമർഥരായിരുന്നു അവർ.
മൂന്നു തവണത്തെ വൺ വേ പ്രദക്ഷീണത്തിൽ കൂട്ടാളികൾ ഇരുവരും ഇരുവരും A-യേപ്പോലെ ആ നഗരത്തേക്കുറിച്ച് അവബോധമുള്ളവരായി മാറിയിരുന്നു.

A തന്റെ സുഹൃത്തുക്കളെ നഗരസഭാ കെട്ടിടത്തിനു പിന്നിലെ ഒരു വഴിയിലേക്ക് പിന്നീട് നയിക്കുകയുണ്ടായി. അത് ഒരു ഒഴിഞ്ഞ പുരയിടമായിരുന്നു. പോലീസ് സ്റ്റേഷനിൽ പിടിച്ചെടുക്കപ്പെടുന്ന വണ്ടികൾ, പിന്നീട് നൂലാമാലകളിൽ പെട്ട് അവകാശികൾ അന്വേഷിക്കാതെ വരുമ്പോൾ, കൊണ്ടു തള്ളുന്ന ഒരിടമായിരുന്നു അത്.

A തന്റെ കൂട്ടാളികളോട് പറഞ്ഞു
ബാങ്കിൽ നിന്ന് മോഷണം കഴിഞ്ഞാൽ, ഓവു ചാൽ വഴിതന്നെ പുറത്തെത്തുന്ന നമ്മൾ, നേരേ നഗര സഭാ കോമ്പൗണ്ടിന്റെ മതിൽക്കെട്ട് ചാടിക്കടന്ന് ഈ ഉപയോഗശൂന്യമായ വാഹനങ്ങളുടെ ശവപ്പറമ്പിലേക്കാണ് വന്നു കയറുന്നത്. ഈ തുരുമ്പിച്ച വാഹനഗ്ങൾക്കിടയിൽ, പുറം ലോകം ശ്രദ്ധിക്കാത്ത വിധം മറച്ച് വെച്ചിരിക്കുന്ന, വളരെ പഴഞ്ചനെന്ന് തോന്നിപ്പിക്കുന്ന നമ്മുടെ വാടക വണ്ടിയിൽ നാം പുറത്തേക്ക് ഓടിച്ചു പോകുന്നു. അതാണ് പ്ലാൻ.

അങ്ങനെയൊരു പഴഞ്ചൻ വാഹനം നമുക്ക് കണ്ടുപിടിക്കേണ്ടേ?
B ചോദിച്ചു

കഴിഞ്ഞ ദിവസം, രണ്ടു മാസത്തേക്ക് വേണ്ടുന്നവിധത്തിൽ ഒരു മാരുതി 800 കാർ സമീപ ജില്ലയിൽ നിന്ന് ഞാൻ വാടകയ്ക്ക് എടുത്തിരുന്നു. മോഷ്ടിക്കപ്പെടുന്ന കാറുകൾ രൂപം മാറ്റി വാടകയ്ക്ക് നൽകുന്ന ഒരു കൂട്ടരാണവർ.
A പറയുകയുണ്ടായി.
വളരെ പഴഞ്ചനാണത്. ഒറ്റ കാഴ്ച്ചയ്ക്ക്, അധികാരികൾ റെയ്ഡ് ചെയ്ത് - വിട്ടുകൊടുക്കാതെ വച്ചിരിക്കുന്ന ഇപ്പോൾ ആക്രിവാഹനങ്ങൾ പോലെ തോന്നും വിധം ഞാനതിനെ മാറ്റി എടുത്തിട്ടുണ്ട്. പെയിന്റെല്ലാം ചുരണ്ടി കളഞ്ഞു. ആ വാഹനത്തിന്റെ നമ്പർ പ്ലേറ്റും ഞാൻ തിരുത്തിയിട്ടുണ്ട്. ഇനി നാം ഒരിക്കലും ആ വാഹനം തിരികെ നൽകാൻ പോകുന്നില്ലല്ലോ...

അതേപോലെ,
സിഗരറ്റ് കുറ്റി താഴേക്കിട്ട് അടുത്തതിന് തിരി കൊളുത്തിക്കൊണ്ട് A തുടർന്നു.
കവർച്ച നമ്മൾ നടത്തുന്ന പകൽ നാം ഇവിടെ ഉണ്ടാവില്ല. രാത്രി, നാം തിരിച്ചെത്തും. ബാങ്കിലേക്ക് പ്രവേശിക്കുന്നത് ആക്രിവാഹനങ്ങൾ കിടക്കുന്ന ആ ഒഴിഞ്ഞ പറമ്പിലൂടെയാവും. കവർച്ചയ്ക്ക് ശേഷം നേരേ നാം കോമ്പൗണ്ട് മതിൽ ചാടിക്കടന്ന് നമ്മുടെ വാഹത്തിലെത്തുന്നു. അത് ഓടിച്ച് നേരേ നമ്മൾ പോകുന്നത് പത്തനം തിട്ടയ്ക്കായിരിക്കും. അവിടെ വനത്തിനുള്ളിൽ വാഹനം ഉപേക്ഷിച്ച് നാം മറ്റൊരു വാഹനത്തിൽ തുടർ യാത്ര ചെയ്യും. എരുമേലിയിൽ വനത്തിനുള്ളിൽ എന്റെ വാഹനം നമ്മെ കാത്തു കിടപ്പുണ്ട്.

ഇപ്പോൾ B യ്ക്കും C യ്ക്കും പലപ്പോഴായി തോന്നിയിരുന്ന മിച്ചമുള്ള സംശയങ്ങളും മാറിക്കഴിഞ്ഞിരുന്നു.
A തുടർന്നു.
കവർച്ചയ്ക്ക് വേണ്ടുന്ന ആയുധങ്ങളെല്ലാം തന്നെ ഞാൻ കഴിഞ്ഞ ദിവസങ്ങളിലായി സംഘടിപ്പിച്ചിട്ടുണ്ട്. ഒപ്പം പണം ഉൾപ്പെടെ ബാങ്കിൽ നിന്ന് ലഭിക്കാവുന്ന വിലപിടിച്ചവ നിറയ്ക്കാനുള്ള ബാഗുകളും മുന്നമേ കരുതിയിരിക്കുന്നു. അതൊന്നുമോർത്ത് നിങ്ങൾ വിഷമിക്കണ്ട.

പിന്നൊരു കാര്യം.
A സിഗരറ്റ് കുറ്റി താഴേക്കിട്ടു.
കവർച്ച ചെയ്യുന്ന ദിവസം മുൻപെല്ലായ്പ്പോഴുമെന്നതു പോലെ നമ്മളാരും മദ്യപിക്കില്ല. ഇന്ന് ഇവിടെ വെച്ച് പിരിയുന്ന നാം ഓപ്പറേഷൻ നിശ്ചയിച്ചിരിക്കുന്നതിനു തലേന്ന് വരെ കടുത്ത വ്യായാമ മുറകളിൽ ഏർപ്പെടേണ്ടതുണ്ട്. കാരണം വിശ്രമമില്ലാത്ത ഒരു രാത്രിയാണ് നമ്മെ കാത്തിരിക്കുന്നത്. അലസത നമ്മുടെ ശരീരത്തെ ആയാസപ്പെടുത്തും. കഠിനമായി നമുക്ക് ആ രാത്രിയിൽ പണിയെടുക്കാനാവില്ല.

Bയും Cയും അതിനോട് യോജിക്കുകയുണ്ടായി.
അന്ന് അവർ മൂന്നായി പിരിയാൻ നേരത്ത് A ഓർമ്മിപ്പിച്ചു.
ഓപ്പറേഷൻ ഡേറ്റ് ഞാൻ വഴിയേ അറിയിക്കാം. പറഞ്ഞ പടി എല്ലാത്തിനും വേണ്ടി ശാരീരികമായും മാനസികമായും തയ്യാറാവുക. കാരണം നമ്മുടെ സമീപനം തികച്ചും പ്രൊഫഷണൽ ആണ്.

മൂന്നാം ഭാഗം
_____________
ഏബ്രഹാം ചോദിച്ചു.
രണ്ടാം ഭാഗം അവസാനിച്ചപ്പോൾ നിങ്ങൾക്ക് കാര്യമായ സംശയങ്ങളില്ലാത്തത് നല്ല വീലായതിന്റെ ലക്ഷണമാണോ?

യുക്തിരാഹിത്യം എന്നൊന്ന് ഞാനിതുവരെ കണ്ടില്ല..
ഡേവിഡ് കൈ ഉയർത്തി ഫേസ്ബുക്കിലെ ലൈക്ക് ചിഹ്നം അനുകരിച്ചു.

അതേ. അതുകൊണ്ട് സംശയങ്ങൾക്ക് എന്തെങ്കിലും സാധ്യതയോ, ചോദ്യങ്ങൾക്ക് പ്രസക്തിയോ ഇല്ലായിരുന്നു.
എബി അനുകൂലിച്ചു.

ഇടയ്ക്ക് തോന്നിയ ചില ചോദ്യങ്ങൾ ഇപ്പോൾ ഓർമ്മയിൽ വരുന്നില്ല.
കുട്ടപ്പായി തമാശരൂപേണ കണ്ണിറുക്കി ചിരിച്ചു..

എങ്കിൽ നാം ക്ലൈമാക്സിലേക്ക് കടക്കാൻ പോകുന്നു.
ഏബ്രഹാം ഗ്ലാസ്സ് ഒറ്റ വലിയ്ക്ക് തീർത്തു.
പിറകേ ഒരു വിരൽ അച്ചാറും വായിലേക്ക് ചെന്നു.

അന്ന് ഡിസംബർ 25 ആയിരുന്നു.
ഏബ്രാച്ചൻ കഥയിലേക്ക് ആഴ്ന്നു.
ക്രിസ്മസ്സ് രാവ്. ഉണ്ണിയേശുവിന്റെ തിരു ജനനത്തിന്റെ ഉന്മാദത്താൽ ലോകം ആലസ്യം പൂണ്ടുറങ്ങുന്ന രാവ്.

Aയും Bയും Cയും വിഭാവനം ചെയ്ത കോർപ്പറേഷൻ ബാങ്ക് കവർച്ച, രൂപീകരിയ്ക്കപ്പെടുകയായിരുന്നു അന്ന്. മുന്നൊരുക്കങ്ങൾ കടുകിട തെറ്റിക്കാത്ത വിധം അവർ കാര്യങ്ങൾ ഒന്നൊന്നായി ചെയ്തു.

ഇരുപത്തിയഞ്ചാം തീയതി പകൽ സമയം Aയും Bയും Cയും ചേർന്ന് അടുത്ത നഗരത്തിൽ ഒരു സെക്കന്റ് ഷോ സിനിമ കാണുകയുണ്ടായി. രാത്രി അവർ തട്ടു കടയിൽ നിന്നും ഭക്ഷണം കഴിച്ചു. രാത്രി നന്നായി ഇരുണ്ടതോടെ അവർ മൂവരും മാക്കൊണ്ട നഗരത്തിലേക്ക് പ്രവേശിച്ചു.

നഗരത്തിലെ ഇരുണ്ട വശത്തിലൂടെ നടന്ന് അവർ നഗരസഭാ കെട്ടിടത്തിനു പിന്നിലുള്ള ഉപയോഗ ശൂന്യമായ വാഹനങ്ങൾ തള്ളിയ പറമ്പിലേക്ക് കടന്നു. ആരും തങ്ങളെ നിരീക്ഷിക്കുകയോ പിന്തുടരുകയോ ചെയ്യുന്നില്ല എന്ന് അവർ ഒരോ നിമിഷവും ഉറപ്പിച്ചു.

A വാടകയ്ക്കെടുക്കുകയും, രൂപ മാറ്റത്തിനു വിധേയമാക്കുകയും ചെയ്ത വളരെ പഴയ കാർ അനേകം തുരുമ്പിച്ച കാറുകൾക്കിടയിൽ കിടപ്പുണ്ടായിരുന്നു. ഡ്രില്ലിങ് മെഷീൻ, തരാതരം കമ്പിപ്പാരകൾ, ബാഗുകൾ, പെൻ ടോർച്ചുകൾ എന്നിങ്ങനെ ഒരു തുരങ്കമുണ്ടാക്കി, കവർച്ച ചെയ്യാൻ വേണ്ടുന്ന എല്ലാ വസ്തുക്കളും അതിനുള്ളിൽ A പൂഴ്ത്തി വച്ചിരുന്നു.
അവർ അതുമായി നഗരസഭാ കോമ്പൗണ്ടിന്റെ മതിൽക്കെട്ട് ചാടിക്കടന്നു. അപ്പോൾ സമയം 11 PM ആയിരുന്നു.

ബാങ്കിന്റെ പിൻഭാഗത്തോടടുത്ത്, വലതു വശത്തെ ഓവുചാലിന്റെ സ്ലാബ് ഇളക്കി മാറ്റിയിട്ട് മൂവരും തങ്ങളുടെ പണിയായുധങ്ങളുമായി അതിനുള്ളിലേക്ക് ഇറങ്ങി. മൂവരും ഇറങ്ങിയതിനു ശേഷം അതിനുള്ളിൽ നിന്നുകൊണ്ട് സ്ലാബ് - അത് അൽപ്പം ബുദ്ധിമുട്ടായിരുന്നെങ്കിൽ പോലും - പഴയ പടി വയ്ക്കുകയുണ്ടായി.

ബാങ്കിനു മുൻ വശത്ത്, എ ടി എം കൗണ്ടറിനുള്ളിൽ, ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതും, നാളെ തന്റെ പണി തെറിയ്ക്കാൻ പോകുന്നതുമായ ഞെട്ടിക്കുന്ന സംഭവത്തേക്കുറിച്ച്, യാതൊരു ആകുലതകളുമില്ലാതെ ഒരു ശിശുവിനേപ്പോലെ ഉറങ്ങിക്കൊണ്ടിരുന്നു.

ഓവുചാലിനുള്ളിൽ നിന്ന് അവർ തുരങ്കം നിർമ്മിക്കാൻ തുടങ്ങി.
വളരെ ആയാസകരവും, അത്യദ്ധ്വാനം വേണ്ടുന്നതുമായ ഒരു പണിയായിരുന്നു അത്.
ലോക്കർ റൂം ലക്ഷ്യമാക്കി പതിനൊന്നരയോടെ ആരംഭിച്ച തുരങ്ക നിർമാണം ഏകദേശം രണ്ടരയോടു കൂടി പൂർത്തിയായി.
മൂന്നു മണിക്കൂറോളം അവർ വിശ്രമമില്ലാതെ പ്രവർത്തിക്കുകയായിരുന്നു. രണ്ടേ മുക്കാലായപ്പോൾ അവർക്ക് മുൻപിൽ അവസാനത്തെ മണ്ണും അടർന്നു വീണു. ലോക്കർ റൂമിന്റെ വശ്യത നക്ഷത്രം പോലെ തിളങ്ങി.

സ്വപ്ന ലോകത്തെന്നത് പോലെ അവർ ലോക്കർ റൂമിന്റെ തറയിലെ ദ്വാരത്തിലൂടെ അതിനുള്ളിലേക്ക് നൂണ്ടു കയറി. മൊബൈൽ അലാറം വച്ചുള്ള പരീക്ഷണത്തോടെ അവർ ഉറപ്പിച്ചിരുന്നത് പോലെ, തുരങ്കമുണ്ടാക്കി അവർ ലോക്കറിനുള്ളിൽ പ്രവേശിച്ചപ്പോഴും അസ്വഭാവികമായ ഒരു അപകട സിഗ്നലും അതിനുള്ളിൽ മുഴങ്ങുകയുണ്ടായില്ല.

സമയം കളയാതെ മൂവരും ഡ്രില്ലറുകളുപയോഗിച്ച് ലോക്കറുകൾ കുത്തി തുറക്കാൻ ആരംഭിച്ചു. പൊളിഞ്ഞു വീഴുന്ന ലോക്കർ കബോഡുകൾക്കുള്ളിൽ നിന്നും പണവും സ്വർണാഭരണങ്ങളും അവർ ബാഗുകളിലേക്ക് വാരി വാരി നിറച്ചു. ഏകദേശം മൂന്നേ മുക്കാലായപ്പോഴേക്കും Aയും Bയും Cയും അവരുടെ കവർച്ച അതിന്റെ എല്ലാ അർഥത്തിലും പൂർത്തീകരിച്ചു. ബാങ്ക് ലോക്കർ റൂമിൽ ഇനി മിച്ചമൊന്നും ഇല്ലാത്ത വിധം.

തിരികെ തുരങ്കത്തിലൂടെ, ഓവു ചാലിലൂടെ പുറത്തിറങ്ങിയ അവർ, സ്ലാബ് പഴയ പടി തെന്നിച്ച് നീക്കിയിട്ട് പുറത്തിറങ്ങി. നാലു വലിയ ബാഗുകളിൽ പണം മാത്രമുണ്ടായിരുന്നു. ഒപ്പം പണിയായുധങ്ങളും. തങ്ങളുടേതായ ഏതെങ്കിലും വസ്തു വകകൾ ലോക്കർ റൂമിലോ, തുരങ്കത്തിലോ കെട്ടിടത്തിനു പരിസരത്തോ അബദ്ധത്തിൽ പോലും നഷ്ടപ്പെട്ടിട്ടില്ല എന്ന് അവർ ഉറപ്പാക്കിയിരുന്നു.

നഗരസഭാ കോമ്പൗണ്ട് മതിൽ ചാടിക്കടന്ന് അവർ തങ്ങളുടെ കൊള്ള മുതലുകളുമായി ആക്രി വാഹനങ്ങൾ നിരത്തിയിട്ടിരിക്കുന്ന കാടു പിടിച്ച പ്രദേശത്തേക്ക് കയറി.
ഇരുളിൽ തുരുമ്പിച്ച വാഹങ്ങൾക്കിടയിൽ അദൃശ്യമാം വണ്ണം നിന്നിരുന്ന തങ്ങളുടെ വാടക കാറിലേക്ക് അവർ കൊള്ളമുതലുകളും, സാധന സാമഗ്രികളും കയറ്റി വെച്ചു. കാര്യങ്ങൾക്കൊന്നിനും ആവശ്യത്തിലേറെ തിടുക്കം കാട്ടാതിരിക്കാനും, സാവധാനമെന്ന വണ്ണം പ്രവർത്തിക്കാനും അവർ ആസമയങ്ങളിൽ പ്രത്യേകം ശ്രമിച്ചിരുന്നു.

ഹെഡ് ലൈറ്റ് പ്രകാശിപ്പിക്കാതെ തന്നെ വാഹനം സ്റ്റാർട്ട് ചെയ്ത് പതിയെ തിരിച്ച് അവർ നിരത്തിലേക്ക് ഇറങ്ങി.വാഹനം മറ്റൊരു ഊടു വഴിയിലൂടെ പത്തനം തിട്ടയിലേക്കുള്ള പാത ലക്ഷ്യമാക്കി കുതിച്ചു. എരുമേലിയിലെ വനപാതയിൽ നിന്ന് കാടിനുള്ളിലായി അവർ ആ കാർ ഉപേക്ഷിച്ചു. എന്നിട്ട് അതിനൽപ്പം അകലെയായി ഇലപ്പടർപ്പുകൾക്കിടയിൽ നിർത്തിയിട്ടിരുന്ന A യുടെ മറ്റൊരു കാറിൽ കയറി അവർ യാത്ര തുടർന്നു.

പിറ്റേന്ന് കാലത്ത് ബാങ്ക് തുറന്ന ഉദ്ധ്യോഗസ്ഥർ നടുങ്ങിപ്പോയി.
അധികം താമസിയാതെ പോലീസ് എത്തുകയുണ്ടായി.
അന്വേഷണം, ഡോഗ് സ്വാഡ്, പ്രതികളെന്ന് സംശയം തൊന്നിപ്പിക്കുന്ന എല്ലാവരേയും ചോദ്യം ചെയ്യുക തുടങ്ങിയ പതിവു കലാപരിപാടികളുണ്ടായി...
ഏബ്രഹാം കഥ പറഞ്ഞു നിർത്തി.

രണ്ടാമത്തെ കുപ്പിയിലെ ആദ്യ റൗണ്ട് ഒഴിക്കൽ കൂടി പൂർണമാവുകയായിരുന്നു അപ്പോൾ..

സംഭ്രമജനകവും ഉദ്വേഗ ഭരിതവും.
ഡേവിഡ് പ്രസ്താവിച്ചു.

ഈ കഥയിൽ സംഭ്രമജനകത ഇല്ല എന്നു തന്നെ പറയാം. നിങ്ങൾ ഉദ്വേഗഭരിതരായെങ്കിൽ ഞാനെന്നോട് തന്നെ കടപ്പെട്ടിരിക്കുന്നു.
ഏബ്രഹാം പറഞ്ഞു. അയാളുടെ നാവ് ഇപ്പോൾ കുഴയാൻ തുടങ്ങിയിരിക്കുന്നു.

ഇത് വെറും കഥ മാത്രമോ, അതോ ശരിക്കും നടന്നതോ?
കുട്ടപ്പായി ചോദിച്ചു. അയാൾക്ക് വായിൽ നിന്ന് എക്കിളും ഈമ്പക്കവും വരുന്നുണ്ടായിരുന്നു.

അതിനേക്കുറിച്ച് ഞാനെന്ത് പറയാനാണ്? നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ തീരുമാനിക്കാം. ശ്രോതാവിന്, വായനക്കാരന് അതിനുള്ള സ്വാതന്ത്ര്യമുണ്ട്.
ഏബ്രഹാം പറഞ്ഞു.
ഒപ്പം ഇത്രയും കൂടി -
കുട്ടപ്പായീ നീ വാള് വെയ്ക്കുമെന്ന് തോന്നുന്നു...

കുട്ടപ്പായി അപ്പോഴേക്കും തറയിലേക്ക് കമിഴ്ന്ന് കിടന്നിരുന്നു.

ആന്റി ക്ലൈമാക്സ് വല്ലതുമുണ്ടായോ?
എബി ചോദിച്ചു.
അതായത് നമ്മുടെ കവർച്ചക്കാർ പിന്നീട് പിടിക്കപ്പെടുകയുണ്ടായോ?

ഇല്ല. ഒരിയ്ക്കലും അവർ പിടിയിലായില്ല. വളരെ പ്രൊഫഷണൽ ആയിരുന്നു അവരുടെ സമീപനം. പൊലീസിന് നംബർ പ്ലേറ്റും, പെയിന്റും മാറ്റിയ വാടക കാറിലേക്ക് കഷ്ടിച്ച് എത്താൻ പോലും കഴിഞ്ഞില്ല എന്നതാണ് ഇതിന്റെ ആന്റി ക്ലൈമാക്സ്.

അപ്പോൾ വാടകയ്ക്ക് നൽകിയ കാർ മിസ്സിങ്ങ് ആയതിനേപ്പറ്റി കാർ ഉടമ ഒരു പോലീസ് സ്റ്റേഷനിലും കമ്പ്ലയിന്റ് നൽകിയില്ലേ? അയാൾ അത് അന്വേഷിച്ച് ഇറങ്ങിയില്ലേ?
ഡേവിഡ് ചോദിച്ചു.

ഇല്ല. കാരണം അയാൾ Aയ്ക്ക്, വാടകയ്ക്ക് നൽകിയിരുന്ന കാറ് മോഷ്ടിക്കപ്പെട്ട് എത്തിയിരുന്നവയായിരുന്നു. അങ്ങനെയുള്ള ഒരാൾ തന്റെ കാർ മോഷണം പോയെന്ന് ഒരിക്കലും പരാതിപ്പെടില്ലല്ലോ.

ശരി. ഇനിയെങ്കിലും ഏബ്രാച്ചൻ പറയൂ, A യുടേയും, B യുടേയും, Cയുടേയും ശരിയ്ക്കുള്ള പേരുകൾ എന്താണ്?
എബി പുതിയൊരു ചോദ്യം എറിഞ്ഞു.

അവർക്ക് പേരുകൾ ഇല്ല.
ദാസപ്പാപ്പി ഒരു സിഗരട്ടിന് തീ കൊളുത്തി.
ഈ കഥയിൽ ഇതുവരെ പറയപ്പെടാത്ത പേരുകൾക്ക്, കഥയ്ക്ക് ശേഷം എന്ത് കാര്യം?

അൽപ്പ നേരം അവിടൊരു നിശബ്ദത പടർന്നു.
അത് ഭംഗിച്ച് കൊണ്ട് എബിയും ഡേവിഡും തുറന്ന ചിരിയോടെ ഒരു കയ്യടി പാസാക്കി. മനോഹരവും ത്രില്ലിങ്ങ് നിറഞ്ഞതുമായ ഒരു രാവ് ഒരുക്കിയ ഏബ്രഹാമിനുള്ള ആദരസൂചകമായിരുന്നു ആ കയ്യടി.

അടുത്ത മാസവും ഏബ്രാച്ചൻ ഇതുപോലൊരു കഥ പറയണം.
കമിഴ്ന്ന് കിടക്കുന്ന കിടപ്പിൽ അവ്യക്തമായ ഉച്ചാരണത്തോടെ കുട്ടപ്പായി പുലമ്പി.
നല്ല ത്രില്ലും, സസ്പെൻസുമൊക്കെയുള്ള ഒരു കഥ..

ബ്ലാക്ക് അന്വേഷിച്ചൊരു "സഞ്ചാരം." (സന്തോഷ് ജോർജ്ജ് കുളങ്ങര)

ഞാനിപ്പോൾ റെയിൽ വേ കോളനിയിലേക്കാണ് പോകുന്നത്.
ഇന്ന് ബിവറേജ് അവധിയാണ്.
ഒരു മിലിട്ടറി റം കരസ്ഥമാക്കുക എന്നതാണ് എന്റെ ആഗമനോദ്ദേശം.
ഗൈഡ് ഷിബു ആയിരുന്നു എന്നെ നയിച്ചിരുന്നത്.
ഇന്ന് ഗാന്ധി ജയന്തിദിനമാണ്.
ഗാന്ധിക്ക് ജനിക്കാൻ കണ്ട സമയത്തെ എല്ലാ കുടിയൻമ്മാരും രാവിലെ മുതൽ പ്രാകുന്നുണ്ടായിരുന്നു.
കവലയിൽ നിന്നും നേരേ മുൻപിൽ കാണുന്നതാണ് റെയിൽവേ കോളനിയിലേക്കുള്ള ഇടുങ്ങിയ പാത. പാതയോരത്ത് ഹാൻസും, പാൻ പരാഗും വിൽക്കുന്ന കടകളുടെ ഒരു നീണ്ട നിര കണ്ടു.
ഞാൻ അതിലൊന്നിൽ നിന്നും ഒരു കവർ ഹാൻസും ഒരു കവർ പാൻ പരാഗും വാങ്ങി.
അത് മിക്സ് ചെയ്ത് വായിലിട്ട് ചവച്ചപ്പോൾ ഒരു പ്രത്യേക തരം അനുഭൂതി ഉണ്ടാവുന്നതായി ഞാൻ അറിഞ്ഞു.
കുറച്ചപ്പുറത്ത് മിലിട്ടറി റം അന്വേഷിച്ച് വന്ന മറ്റൊരു വിദ്യാർത്ഥി സംഘത്തിന്, ഒരു ഗൈഡ് ക്ലാസ് എടുക്കുന്നത് കണ്ടു. ഇവിടെ ഇങ്ങനെ അസംഖ്യം റം അന്വേഷകരേയും അവർക്ക് വഴി കാട്ടുന്ന ഗൈഡുകളേയും കാണാം.
ഗാന്ധി ജയന്തി, ഇംഗ്ലീഷ് മാസത്തിന്റെ ഒന്നാം തീയതി തുടങ്ങിയ ദിനങ്ങളിൽ ഈ പാതയിൽ വലിയ തിരക്ക് അനുഭവപ്പെടാറുണ്ടെന്ന് എന്റെ വഴികാട്ടി ഷിബു എന്നോട് പറഞ്ഞു.
അൽപ്പ ദൂരം നടന്നു കഴിഞ്ഞപ്പോൾ ചാർസൗബീസ് വിൽക്കുന്ന ഒരു കട കാണാനായി. 1970 കളിൽ സ്ഥാപിതമായ ഒരു കച്ചവട സ്ഥാപനമാണിത്. സുധാകരൻ എന്നയാളുടേതാണ് ഈ സ്ഥാപനം. ആദ്യ കാലത്ത് അത്ര വികസിതമല്ലാതിരുന്ന ഈ പ്രദേശത്തെ ഏക സ്ഥാപനമായിരുന്നു ഇത്. തുടക്കത്തിൽ ഒട്ടേറെ പ്രതിസന്ധികളെ നേരിട്ടാണ് സുധാകരൻ ഈ മുറുക്കാൻ കടയെ ഒരു വൻ വ്യവസായമാക്കി വളർത്തി എടുത്തത്. ഇന്ന് മുപ്പത്തെട്ടോളം റെയിൽവേ കോളനികളിലായി വ്യാപിച്ച് കിടക്കുന്ന ഒരു വൻ ബിസിനസ് ശൃംഖലയായി മാറിയിരിക്കുന്നു സുധാകരന്റെ മുറുക്കാൻ കട.
ഞങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്ന പാത ഇപ്പോൾ രണ്ടായി പിരിയുകയാണ്. ഗൈഡ് ഷിബു എന്നെ ഇടതു വശത്തെ പാതയിലേക്കാണ് നയിക്കുന്നത്. ആ പാതയോരത്ത് ഒരു തട്ടു കട പ്രത്യക്ഷമായി. തട്ടുകട നടത്തുന്നത് ശാന്ത എന്നൊരു ചേച്ചിയാണെന്ന് ഷിബു എന്നോട് പറഞ്ഞു. ശാന്തയ്ക്ക് തട്ടു കട മാത്രമല്ല "കൂട്ടു കിട"യും ഉണ്ടെന്ന് ഷിബു എന്നോട് പറഞ്ഞു.
ഇപ്പോൾ ഞാനും ശാന്തയും തമ്മിൽ സംസാരിക്കുകയാണ്.
ഷിബു ഞങ്ങൾക്കിടയിൽ ഇപ്പോൾ ഒരു ട്രാൻസിലേറ്ററായി വർത്തിക്കുന്നു.
പ്രാകൃതമായ ഒരു ഭാഷയിൽ "കൂട്ടു കിടക്കാൻ വരണോ സാറേ" എന്നാണ് ശാന്ത ചോദിക്കുന്നത് എന്ന് ഷിബു എന്നോട് പറഞ്ഞു. "മറ്റൊരവസരത്തിലാകട്ടെ" എന്ന് ഞാൻ വിനയ പൂർവ്വം പറഞ്ഞ് ഒഴിഞ്ഞു.
വീണ്ടും നടപ്പ് തുടരുകയാണ്.
തട്ടുകട പിന്നിട്ട്, ഏകദേശം 10 മിനിട്ടോളം ഞങ്ങൾ നടന്നിരിക്കുന്നു.
ഒടുവിൽ ഇപ്പോൾ ഞങ്ങൾ ഒരു വീട്ടു മുറ്റത്ത് എത്തി.
എന്നെ ഗേറ്റിനരുകിൽ നിർത്തിയിട്ട്, ഗൈഡ് ഷിബു ആ വീടിന്റെ കതകിന് തട്ടുകയാണ്.
അൽപ്പം കഴിഞ്ഞ് കതക് തുറക്കപ്പെടുകയും, ഒരാൾ ഇറങ്ങി വന്ന് ഷിബുവുമായി സംസാരിക്കുന്നതും കാണാം.
അയാളാവണം ഞങ്ങൾ അന്വേഷിച്ച് നടന്ന ആ മിലിട്ടറിക്കാരൻ.
ഷിബു എന്നെ അടുത്തേക്ക് വിളിച്ചു.
എന്നെ കണ്ടതോടെ അയാൾ വളരെ സന്തോഷവാനായി.
സാധനം ഒന്നും കയ്യിലില്ലെന്നും, വേണമെങ്കിൽ അയാൾക്ക് അടിക്കാൻ വെച്ചിരുന്നതിൽ നിന്ന് രണ്ടെണ്ണം അടിച്ചിട്ട് പോകാം എന്നും അയാൾ സ്നേഹപൂർവ്വം പറഞ്ഞു. എങ്ങനെയെങ്കിലും രണ്ടെണ്ണം അടിച്ചാൽ മതിയെന്നേ എനിക്കുണ്ടായിരുന്നുള്ളു.
ഇപ്പോൾ ഞങ്ങൾ മിലിട്ടറിക്കാരന്റെ തീൻ മേശയ്ക്ക് ചുറ്റുമാണ്.
സെലിബ്രേഷനാണ് അയാൾ ഒഴിക്കുന്നത്.
സോഡാ ഇല്ലെന്നും, പച്ചവെള്ളം കുഴപ്പമുണ്ടോ എന്നും അയാൾ ചോദിച്ചു. വളരെ സ്നേഹസമ്പന്നരാണ് ഈ കോളനിയിലെ മിലിട്ടറിക്കാർ.
ഇന്ന് രാത്രി ഞാനിനി ഇവിടെ തന്നെ അടിച്ച് വാളു വെച്ച് കിടക്കും.
ഇനി നാളെ പുലർച്ചെ മാത്രമേ ഞാൻ തിരികെ എന്റെ വീട്ടിലേക്ക് മടങ്ങൂ. വളരെ മനോഹരമായ ഒരു യാത്രയുടെ പര്യവസാനത്തിന് ഞങ്ങളിപ്പോൾ ചിയേഴ്സ് പറയുകയാണ്...
__________________________________
നാളെ:- വടുതല വത്സലാ സ്ക്വയർ.

ഒരു ബോളിവുഡ് കദന കഥ

എൺപത് - തൊണ്ണൂറുകളിലെ ഹിന്ദി സിനിമകൾ ക്ലീഷേകളുടെ ബംബർ പാക്കേജുകളായിരുന്നു. ദൂര ദർശനിൽ മാത്രം കാണാൻ ഭാഗ്യം സിദ്ദിച്ച, ഒരേ പാറ്റേണിൽ ബോളിവുഡ് ഘടാഘടിയൻമ്മാർ പടച്ച് വിട്ട അക്കാലത്തെ സിനിമകളിലെ ചില ആവർത്തനങ്ങളൊന്ന് ഓർമിപ്പിക്കുകയാണ്. നമുക്കെല്ലാം അറിയാവുന്നതാണ്. ഒരു പക്ഷേ ഇവിടെ തന്നെ ഇതുപോലുള്ള പോസ്റ്റ് വന്നിട്ടുമുണ്ടാവാം. നിങ്ങളുടെ അനുഗ്രഹോം ഹാഷിഷും ബ്രൗൺഷുഗറും അഭ്യർഥിച്ചു കൊണ്ട്....
__________________________
കഥാസാരം:
ടൈറ്റിലോടുമ്പോൾ ഗ്രാമത്തിലെ ഒരു കുടുംബത്തിലെ ഗൃഹ നാഥനെ വില്ലനായ ഠാക്കൂർ വെടി വെച്ച് കൊല്ലും. ഗൃഹ നാഥയെ ആട്ടിപ്പായിക്കും.
അവർക്ക് രണ്ട് കിഡ്സ്.
അവർ കൈ കുഞ്ഞുങ്ങളുമായി റെയില്വേ സ്റ്റേഷനിലേക്ക് ഓടും.
ഒരു കൊച്ചിനെ ഗുഡ്സ് വാഗണിലിടും.
മറ്റേതിനെ കുർള എക്സ്പ്രസ്സിലോട്ട് ഇടും.
രണ്ട് ട്രെയിനും രണ്ട് ദിശകളിലേക്ക് പോം. 

കുർളയിൽ അകപ്പെട്ട ചെക്കനെ ബോംബെയിലെ ഏതെങ്കിലും ബിർള എടുത്ത് വളർത്തും.
ഗുഡ്സിൽ അകപ്പെട്ട പയ്യൻസ് ഏതെങ്കിലും ബാഡ് പീപ്പിൾസിനൊപ്പം ചേരിയിൽ അടിയും.

ടൈറ്റിൽ പേരും നാളുമൊക്കെ കഴിയുമ്പോഴേക്കും രണ്ടുപേരും ഠപ്പേന്നങ്ങ് വലുതാകും.
അപ്പോ അവരുടെ മുഖം കണ്ട് നമ്മള് ഞെട്ടും.
അമ്പടാ രണ്ടും മിഥുൻ ചക്രവർത്തി.
ഡബിൾ ആക്ട്!!!
കുർളക്കാരൻ ആഷ്പുഷ് ലൈഫ്.
അപരൻ ചേരിയിലെ രക്ഷകൻ.

അതിനിടയ്ക്ക് ആശാൻമ്മാർക്ക് ഒരോ കാമുകിമാർ ഉണ്ടാവും.
രണ്ട് ഗേൾസും പഴയ ആ ഠാക്കൂറിന്റെ വിത്തുകൾ!!!
ഒടുക്കം നായകൻസിന് മനസ്സിലാകും തങ്ങൾ ഇരട്ടകളാണെന്ന്.
അതോടെ അവർ പിരിയാനുള്ള കാരണം കണ്ടെത്തും.

ഠാക്കൂറാണ് എല്ലാ പുല്ലും ചെയ്തതെന്ന് മനസ്സിലാകുമ്പോൾ രക്തം 100 സെൽഷ്യസിൽ തിളയ്ക്കും.
പിന്നൊട്ടും വൈകില്ല.
ഇരുവരും ഒന്നായി ചേർന്ന് ഠാക്കൂറിനെ പൂച്ചട്ടിയെടുത്ത് ഒറ്റടി വെച്ച് കൊല്ലും.

നായിക:
ധാർഷ്ട്യത്തിന്റെ ആൾ രൂപമായിരിക്കും നായിക.
പ്ലിമത്ത് കാറിൽ പാഞ്ഞ് വന്ന് നായകന്റെ ദേഹത്ത് ചെളിവെള്ളം തെറിപ്പിക്കലായിരുന്നു പ്രധാന ഹോബി.
പക്ഷേ ഒടുക്കം നായകൻ തന്നെ അവളെ സ്കൂട്ടാക്കും.
പിന്നെ പാട്ടായി, ഡാൻസായി,ഉഡാൻസായി, ഉഡായിപ്പായി അതങ്ങനെ പോം...

മൊട്ടക്കുന്ന്:
നായകനും നായികയും ഒരു മൊട്ടക്കുന്നിന്റെ മേലേ വെച്ച് ഓടി വന്ന് ആലിംഗന ബദ്ധരാകും. എന്നിട്ട് നിലത്ത് കിടന്ന് ഒറ്റ ഉരുളലാണ്. ഉരുണ്ടുരുണ്ടുരുണ്ട് താഴ്വര വരെ നൈസിലങ്ങ് പോകും.
ആ ഉരുളലുകളിൽ നിന്നുള്ള ഇൻസ്പിരേഷനിലാണ് പിൽക്കാലത്ത് സുനിദ്ര ബെഡ്ഡ് കമ്പനി, ഡൺലപ് മെത്തകൾ ഇറക്കാൻ തുടങ്ങിയത്.

ക്ഷേത്രം:
നായകൻ നായികയ്ക്ക് ജീവിതം കൊടുക്കുന്നത്
ശിവ ക്ഷേത്രം അല്ലെങ്കിൽ ദുർഗാ ക്ഷേത്രത്തിൽ വെച്ചായിരിക്കും.
അത് മിക്കവാറും രാത്രി നേരത്തായിരിക്കും
ഇടിയും മിന്നലും മഴയും ബാക്ഗ്രൗണ്ടിൽ...
നായകന്റെ അമ്മയും അവിടെവിടേലും കാണും.
നായകൻ ശിവനയോ ദുർഗയേയോ നോക്കി, നാല് കീറൻ ഡയലോഗ് കാച്ചും.
കക്ഷി കൈ വിരൽ ത്രിശൂലത്തിൽ വെച്ച് നൈസിലൊരു മുറിവുണ്ടാക്കും.
എന്നിട്ട് നായികയുടെ നെറ്റിയ്ക്ക് സിമ്പിളായിട്ടൊര് സീമന്ദക്കുറി വരക്കും.
ചടങ്ങ് കഴിഞ്ഞു.
നായകന്റെ അമ്മ കൊരവയിടും.
(നാളെത്തൊട്ട് മരുമകൾക്ക് നേരേ ചിരവയെടുക്കേണ്ട അമ്മായിഅമ്മയാകുന്ന സന്തോഷത്തിലാണവർ...)

വില്ലൻ:
വില്ലന്റെ പ്രധാന വേഷം നൈറ്റിയായിരിക്കും.
ഫ്ലവർ, എംബ്രോയിഡറിയൊക്കെ ചെയ്ത ഫ്രെണ്ട് ഓപ്പൺ നൈറ്റി...
ഡെലിവറി കഴിഞ്ഞ ലേഡീസ് കുഞ്ഞുങ്ങൾക്ക് ഇങ്ക് കൊടുക്കാനുള്ള സൗകര്യത്തിന് ഇടുന്നത് പോലുള്ള സാധനം.
അരയിൽ ചാട്ടവാറ് പോലൊരു ബെൽറ്റും കാണും ഒരാഡംബരത്തിന്.
ഈ വക നൈറ്റി അണിയുന്ന വില്ലൻമ്മാർ അധികവും കാണപ്പെട്ടിരുന്നത് വല്യ ബ്ലംഗ്ലാവ്സിന്റെ മട്ടുപ്പാവ്സിലോ, ബിക്കിനിയിട്ട സ്റ്റെപ്പിനികൾക്കൊപ്പം സ്വിമ്മിങ്ങ് പൂളിലോ ആയിരുന്നു.

സ്റ്റെപ്പിനി:
വില്ലൻമ്മാർ അധോലോക മാഫിയാ സെറ്റപ്പിലുള്ളവരാണെങ്കിൽ ഗുഹ പോലെ ഇന്റീരിയർ ചെയ്ത സെറ്റപ്പിലായിരിക്കും താമസം.
ചുവപ്പും പച്ചയും ഉൾപ്പെടെ ബഹുവർണ്ണ നിറങ്ങളിലുള്ള എൽ ഇ ഡി ബൾബ് അഥവാ മാല ലൈറ്റുകൾ ഭിത്തി മുഴുവൻ ഒട്ടിച്ച് വെച്ചിരിക്കും.
ബാക്ഗ്രൗണ്ട് മ്യൂസിക്ക്, സോപ്പ് വെള്ളത്തിലേക്ക് ഷർട്ട് മുക്കുമ്പോ കുമിള പൊങ്ങുന്നത് പോലെ ഗുളു ഗുള ഗുളു ഗ്ലാന്നൊരു ശബ്ദമായിരുന്നു.
മിനിമം ഒരു പെരുമ്പാമ്പ് എങ്കിലും വില്ലന്റെ കഴുത്തിൽ കാണും. മദ്യം മദിരാശി കാബറേ ഒക്കെ സുലഭമാണ്.

കാബറേ:
ശരീരം മുഴുവൻ ഗിൽറ്റ് വാരിത്തേച്ച്, റോസ് പൗഡറിൽ കുളിച്ച് നിൽക്കുന്ന ഒരു അന്യായ ഐറ്റമായിരിക്കും ഈ കാബറേ നർത്തകി. അവരുടെ ശരീരത്തിൽ ആവശ്യത്തിലധികം പ്രോട്ടീനും, ധാതു ലവണങ്ങളും അടിഞ്ഞിട്ടുള്ളത് കൊണ്ട് ബ്രോയിലർ ചിക്കൻ പോലൊരു കനത്ത മദാലസയായിരിക്കും പ്രസ്തുത നടി.

ടെക്നോളജി:
വില്ലനും വില്ലന്റെ ഗേൾഫ്രെണ്ട്സും ചേർന്ന് നയകനെ കൊല്ലാൻ ശ്രമിച്ച് കൊണ്ടേയിരിക്കും.
അതിന് പല നംബരുകളുണ്ട്.
ലിക്കറിൽ കുരുടാൻ കലക്കുക,
നായകൻ ഇരിക്കുന്ന സോഫാസെറ്റിയ്ക്കുള്ളിൽ ഓട്ടോമാറ്റിക്കായി പുറത്തേക്ക് വന്ന് കുത്തിക്കൊല്ലാൻ പാകത്തിലുള്ള നല്ലയിനം കത്തി സെറ്റ് ചെയ്ത് വെക്കുക തുടങ്ങി,
കണ്ടാൽ കണ്ണ് തെള്ളുന്ന പല ടെക്നിക്ക്സുണ്ട്.

പക്ഷേ നായകനുണ്ടോ ഇതിൽ വല്ലതും ചാവുന്നു.
അവനാരാ മോൻ?!!! 

മിക്കവാറും ഈ ടെക്നിക്കിലൊക്കെ ബലിയാടാവുന്നത് പാവം ഐറ്റം ഡാൻസർ അമ്മച്ചി തന്നെയാവും.

ബചാവോ:
ബലാത്സംഗത്തിനിരയായി എത്ര നായികമാർക്കും ഉപ നായികമാർക്കുമാണ് ദുരന്ത കഥാപാത്രമായി മാറേണ്ടി വന്നത്. ബചാവോ എന്ന മൂന്നക്ഷരത്തിൽ മാത്രം 30 ആണ്ടാണ് ഹിന്ദി സിനിമ ചുറ്റിക്കളിച്ചത്.

ഫെസ്റ്റിവൽ:
മലയാള സിനിമകളിലെല്ലാം ഓണാഘോഷം ഉണ്ടാവാറില്ല.
തമിഴ് സിനിമകളിലെല്ലാം പൊങ്കലും ഉണ്ടാവാറില്ല.
പക്ഷേ അന്നത്തെ ഹിന്ദി സിനിമകളിലെല്ലാം ഹോളി ആഘോഷം മസ്റ്റായിരുന്നു.
പിന്നെ ഗണേശോത്സവം.
ഹോളിയ്ക്ക് വെള്ള കുർത്തയണിഞ്ഞ നായകൻ തലയിലൊരു തോർത്തും കെട്ടി ഒറ്റപ്പാട്ടാണ്.
കയ്യിലൊരു ഗഞ്ചറയോ മൗത്ത്ഓർഗണോ കാണും.
നായകന്റെ ബാക്കിൽ പാളയംപള്ളീലെ പെരുനാളിന് ബാന്റ് വായിക്കുന്ന കുറേ ബാന്റ് സെറ്റുകാരും...

ബുള്ളറ്റ് പ്രൂഫ്:
വെടിയും വെടിയുണ്ടയുമുള്ള സിനിമയാണെങ്കിൽ നായകൻ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് അണിഞ്ഞിട്ടുണ്ടാവും.
അന്നൊക്കെ അമ്പത്പൈസാകവറ് ചുവട് കീറി ദേഹത്ത് അണിയിച്ചായിരുന്നു കോസ്റ്റ്യൂം ഡിസൈനേഴ്സ് ബുള്ളറ്റ്പ്രൂഫ് ജാക്കറ്റാക്കിയിരുന്നത്.
നെഞ്ചത്ത് ബുള്ളറ്റ് പ്രൂഫുണ്ടെങ്കിൽ നെറ്റിയ്ക്ക് വെടികൊണ്ടാലും നായാൻ ചാവുകേലാരുന്നു.

ഷൂ:
വല്യ വീട്ടിലെ നായകൻ നായകൻ ജന്മത്ത് ഷൂ ഊരാറില്ല.
"സൂ" ഇട്ടോണ്ടേ അവൻ കട്ടിലില്പോലും കിടന്നുറങ്ങൂ.
[ ഇതിൽ നിന്ന് മനസ്സിലാകുന്ന ഗുണപാഠം:
അന്നത്തെ മിക്കവാറും നായകൻമ്മാർക്ക് കാലിൽ ആണിയുണ്ടായിരുന്നു. ]

കോമഡി:
കോമഡി ചെയ്യുന്ന ടീംസിന് ഒരു ഡ്രെസ്സ് കോഡുണ്ട്.
വെള്ള പൈജാമ.
തലയിലൊരു നെഹ്രുത്തൊപ്പി.
വെള്ള മുണ്ട്.
[ മുണ്ടുടുക്കുന്നതിന്റെ റഫറൻസ്: - ബാലരമയിലെ കർഷക ചിത്രകഥകളിലെ ഭോലാറാമിനെപ്പോലെ. അതുമല്ലെങ്കിൽ മലയാളം ബാലേകളിലെ രാജാക്കൻമ്മാരേപ്പോലെ...]

സ്പോർട്ട്സ്:
ഗോൾഫ്, ടേബിൾ ടെന്നീസ്, ഷട്ടിൽ, പിന്നെ ടേബിളിലെ കുഴീലോട്ട് നീളമുള്ള കോലും കൊണ്ട് എന്തോ മഹത്തായ കാര്യം ചെയ്ത് തീർക്കും പോലെ ബോൾ ഉരുട്ടി വിടുന്ന സ്നൂക്കർ തുടങ്ങിയ ഗെയിംസൊക്കെ അക്കാലത്തെ പ്രധാന സ്പോർട്ട്സ് ഇനങ്ങളായിരുന്നു.
ഇത്തരം കളികളിൽ നായകനേക്കാൾ വില്ലൻമ്മാർക്കായിരുന്നു നല്ല പരിജ്ജ്ഞാനം.

ഡൈവ്:
അന്ന് ഡൈവ് ഇല്ലാത്ത ബോളിവുഡ് സിനിമകളില്ലായിരുന്നു.
തൊട്ടതിനും പിടിച്ചതിനുമെല്ലാം ഡൈവ്.
നായകൻ ഡൈവ് ചെയ്യും, വില്ലൻ ഡൈവ് ചെയ്യും, നായിക ഡൈവ് ചെയ്യും, എന്തിനധികം ക്യാമറാമേനോൻ വരെ കൂടെ ഡൈവ് ചെയ്യുമായിരുന്നു.

കൊക്ക:
80 - 90 കളിലെ തിരക്കഥാകൃത്തുക്കൾ കൊക്കെയിൻ അടിച്ചോണ്ടെഴുതിയ മിക്ക തിരക്കഥകളിലും കൊക്ക ഒരു പ്രധാന കഥാപാത്രമായിരുന്നു.
അഗാധമായ കൊക്കയിലേക്ക് വീണു പോകുന്ന നായികയോ, നായികയുടെ മമ്മിയോ, ചിലപ്പോൾ നായകൻ തന്നെയോ ആവാം കഥയിലെ ബംബർ ത്രില്ല്.
എഡ്ജിലുള്ള ഒരു വെള്ളാരം കല്ലിന്റെ തുഞ്ചത്ത് പിടിച്ച് കഥാപാത്രം ജീവനും മരണത്തിനുമിടയിൽ ഊയലാടും. 

അപ്പോൾ അപരൻ / അപര കമിഴ്ന്ന് കിടന്ന് കഥാപാത്രത്തെ രക്ഷിക്കാൻ ശ്രമിക്കും.
പക്ഷേ നടക്കൂല...... 

ചെയ്ത് പോയ തെറ്റുകൾക്കുള്ള പ്രായശ്ചിത്തമോ, അല്ലെങ്കിൽ നിർണായകമായ ട്വിസ്റ്റൊ അവിടെ വെച്ചായിരിക്കും തൂങ്ങിക്കിടക്കുന്ന കക്ഷി വെളിപ്പെടുത്തക.
അവസാനം "ആാാാാ" എന്നൊരു എക്കോ മാത്രം അവശേഷിപ്പിച്ച് കഥാപാത്രം കൊക്കയിലേക്ക് വീഴും....

.

തിങ്കളാഴ്‌ച, ഏപ്രിൽ 30, 2018

യുഗാന്ത്യ ലോക മഹായുദ്ദവും ബൈബിൾ പ്രവചനങ്ങളും

ചരിത്രത്തിലെ എണ്ണപ്പെട്ട പ്രവചനങ്ങളുടെ പിന്നിലുള്ള നിഗൂഡത അനാവരണം ചെയ്യപ്പെടുമ്പോൾ സംകാലീക സംഭവങ്ങളുമായി അവയ്ക്കുള്ള ബന്ധം മനുഷ്യനെ അമ്പരപ്പിക്കാറുണ്ട്. ഭാഗ്യവശാലോ നിർഭാഗ്യവശാലോ ചരിത്രാതീത പ്രവചനങ്ങളെല്ലാംദൈവം മിത്ത് എന്നിവയുമായി ബന്ധപ്പെട്ടുള്ളവയായിരുന്നു. അതിൽ നിന്ന് വിഭിന്നമായി 16-ാം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന വൈദ്യശാസ്ത്ര വിദഗ്ദനും ജ്യോതിഷ വ്യാഖ്യാതാവുമായ നോസ്ട്രദാമോസ് കൃത്യതയോടെ രണ്ട് ലോകമഹായുദ്ധങ്ങൾ പ്രവചിച്ചത് പിൽക്കാലത്ത് അദ്ഭുതമായി തീരുകയുണ്ടായി.

നെപ്പോളിയൻ ഹിറ്റ്ലര്‍ എന്നിവരുടെ ഉയർച്ച , യു എസ് പ്രസിഡന്റായിരുന്ന ജോൺ എഫ് കെന്നഡിയുടെ വധം എന്നിവ പോലും നോസ്ട്രഡാമോസ് പ്രവചിച്ചിരുന്നു എന്ന് അദ്ദേഹത്തേക്കുറിച്ച് പഠിക്കുന്ന ചരിത്രകാരൻമ്മാർ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
പ്രവചനങ്ങളുടെ കാര്യത്തിൽ ബൈബിൾ (Bible Prophecies) എന്നും ചരിത്രകാരൻമ്മാരുടെ ഇഷ്ട്ട വിഷയമായിരുന്നു. മതവുമായി ബന്ധപ്പെട്ടിരിക്കുന്നു എന്ന വസ്തുത ഒഴിച്ച് നിർത്തി, ബൈബിളിലെ പ്രവചനങ്ങൾക്ക് സമകാലീക യാധാർഥ്യവുമായുള്ള ബന്ധം എന്താണെന്ന് കണ്ടെത്താനുള്ള പല ശ്രമങ്ങളും ചരിത്രകാരൻമ്മാരുടെ ഭാഗത്ത് നിന്നുണ്ടായിട്ടുണ്ട്.

മൂന്നാം (അല്ലെങ്കിൽ അത്യന്താവസാനമായ) ലോക മഹായുദ്ദവും ബൈബിളും
_________________________________________________________
ഒരു മൂന്നാം ലോക മഹായുദ്ദത്തേക്കുറിച്ച് ഞെട്ടിക്കുന്ന പ്രവചനങ്ങളാണ് ബൈബിളിൽ കൊടുത്തിരിക്കുന്നത്. ആണവായുധങ്ങൾ, രാജ്യങ്ങൾ തമ്മിലുള്ള സഖ്യങ്ങൾ, തുടങ്ങി വർത്തമാന കാലത്തോട് അടുത്തു നിൽക്കുകയും രാഷ്ട്രീയ സമവാക്യങ്ങളോട് ബന്ധപ്പെട്ട് നിൽക്കുകയും ചെയ്യുന്ന പല പ്രവചനങ്ങളും ബി സി യിൽ എഴുതപ്പെട്ട ബൈബിളിൽ കാണാം.

വേദ ഗ്രന്ഥം എന്ന നിലവിലുള്ള കാഴ്ച്ചപ്പാടിൽ നിന്ന് വിഭിന്നമായി ബൈബിളിനെ ഒരു ചരിത്ര ഗ്രന്ഥമോ പ്രവചന ഗ്രന്ഥമോ ആയി കണക്കാക്കിയാൽ ഇന്നോളം സംഭവിച്ചിട്ടില്ലാത്ത, എന്നാൽ ഇനി സംഭവിക്കാൻ സാധ്യതയുള്ള ഒരു യുദ്ദത്തേക്കുറിച്ച് സൂചനകളിലൂടെയും അടയാളങ്ങളിലൂടെയും വിവരിച്ചിരിക്കുന്നതായി ചരിത്രകാരൻമ്മാർ സമർഥിച്ചിട്ടുണ്ട്.

ബൈബിൾ പ്രവചനങ്ങളിലെ യുഗാന്ത്യം, ആന്റിക്രൈസ്റ്റ് തുടങ്ങിയ വേദ/ദൈവപരമായ സങ്കൽപ്പങ്ങളെ ഒഴിവാക്കി, വർത്തമാനകാല രാഷ്ട്രീയ സാമൂഹിക സിദ്ദാന്തങ്ങൾക്കനുസൃതമായി പല പണ്ടിതൻമ്മാരും ചിന്തിക്കുന്നു.
ഒരർഥത്തിൽ വരാൻ പോകുന്ന ഒരു ഭീകര യുദ്ദത്തെയാണ് ബൈബിൾ, ദൈവത്തേ കൂട്ടു പിടിച്ച് യുഗാന്ത്യകാലം അഥവാ ആന്റി ക്രൈസ്റ്റിന്റെ ഇടപെടലുകൾ എന്നൊക്കെ പറയുന്നത്.

(ഈ പോസ്റ്റ് ഒരു മത പ്രചരണ പോസ്റ്റോ, ക്രിസ്റ്റ്യാനിറ്റിയെ ഗ്ലോറിഫൈ ചെയ്യുന്ന പോസ്റ്റോ ആയി ചിന്തിക്കരുത് എന്ന് ഒരു മുൻകൂർ ജാമ്യം എടുക്കുന്നു. ബൈബിൾ പ്രവചനങ്ങളെ പറ്റി പഠിച്ച ചരിത്രകാരൻമ്മാർ സമർഥിക്കുന്ന ചില കാര്യങ്ങളിലേക്ക് ഒരു ശ്രദ്ദ ക്ഷണിക്കലാണിത്.)

ഒന്നും രണ്ടും ലോക മഹായുദ്ദങ്ങൾ
____________________________
You will hear of wars and rumors of wars,
but see to it that you are not alarmed.
Such things must happen, but the end is still to come.
(Matthew 24:6)

നെപ്പോളിയന്റെ യുദ്ദങ്ങൾക്ക് ശേഷം യൂറോപ്പ് ഒരു നീണ്ടകാലം സമാധാനത്തിലായിരുന്നു. അക്കാലത്ത് ശാസ്ത്രത്തിൽ വളരെ ദ്രുതഗതിയിലുള്ള പുരോഗതിയുണ്ടായി. സാങ്കേതികവിദ്യ , ആശയവിനിമയ മേഖലകളിലെ വളർച്ച എന്നിവയൊക്കെ അക്കാലത്തെ സംഭാവനകളാണ്. ബ്രിട്ടനും ജർമനിയും തമ്മിലുള്ള നാവിക മത്സരം ഒരു യുദ്ദത്തിനുള്ള സാധ്യത എപ്പോഴും നില നിർത്തിയിരുന്നു എങ്കിലും നെപ്പോളിയന്റെ അധിനിവേശത്തേക്കുറിച്ചുള്ള ഓർമ്മ ഒരു സംഘർഷത്തിൽ നിന്ന് ബ്രിട്ടനേയും ജർമനിയേയും പിൻ വലിച്ചു കൊണ്ടിരുന്നു. എന്നാൽ അക്കാലത്തെ അനുരഞ്ചനങ്ങളെയെല്ലാം താറുമാറാക്കി, ബോസ്നിയ - ഹെർസിഗോവിനയുടെ പേരിൽ 1908 ഓസ്ട്രിയ - ഹംഗറി പ്രശ്നം ഉടലെടുത്തു.

ആറുവർഷങ്ങൾക്ക് ശേഷം 1914 July 28 ന് ഒന്നാം ലോക മഹായുദ്ദം പടക്കളങ്ങളിലേക്ക് കൂടഴിച്ചു വിടപ്പെട്ടു.

ഒരു രാജ്യം മറ്റൊരു രാജ്യത്തെ കീഴ്പ്പെടുത്തുന്ന ചരിത്രത്തിന് ബദലായി നിരവധി രാജ്യങ്ങൾ ഒരു സഖ്യമായി അണിചേർന്ന്, ശത്രു പക്ഷത്തുള്ള ഒന്നിലേറെ രാജ്യങ്ങളുടെ മറ്റൊരു സഖ്യത്തെ എതിരിട്ട ഒന്നാം ലോകയുദ്ദം, അശുഭകരമായ ലക്ഷണങ്ങളുടെ ആദ്യ തുടക്കമായിരുന്നു. രണ്ടാം ലോകയുദ്ദമായപ്പോഴേക്കും ഒന്നാം ലോകമഹായുദ്ദത്തിൽ നിന്ന് പാഠങ്ങൾ പഠിച്ച ലോക രാജ്യങ്ങളിൽ, സാമ്പത്തികമായി മികച്ചവർ അവരുടെ സ്ട്രാറ്റജി ഡെവലപ്പ് ചെയ്യുകയുണ്ടായി. ആ ഇടവേളയിൽ വികസിപ്പിച്ചെടുത്ത ആയുധങ്ങളുടെ പരീക്ഷണ മേഖല ആയിരുന്നു സത്യത്തിൽ രണ്ടാം ലോകമഹായുദ്ദം. അവിടെ നിന്നും ഒരു മുക്കാൽ നൂറ്റാണ്ട് ആയിരിക്കുന്നു ഇന്ന്.

ഉക്രേയിനിലെ അസ്ഥിരത , സിറിയയിലെ അരാജകത്വം, ചൈനീസ് സമുദ്രാതിർത്തികളിലെ ട്രിഗർ പോയിന്റുകൾ തുടങ്ങി എന്തും ഒരു സംഘർഷത്തിന്റെ നാന്ദി കുറിക്കലുകളാവാം. ഇന്ന് വെറും 1000 കിലോ തൂക്കമുള്ള ഒരൊറ്റ തെർമോന്യൂക്ലിയർ ആയുധത്തിന് ഏകദേശം 1.2 ദശലക്ഷം ടൺ സ്ഫോടക ശക്തിയുണ്ടെന്ന് അനുമാനിക്കപ്പെടുന്നു . വരാൻ പോകുന്ന ഒരു ആഗോള യുദ്ദത്തിൽ ലോകത്തിന് എന്ത് സംഭവിക്കാം എന്നത് നമ്മുടെ ചിന്തയ്ക്കും അപ്പുറമാണ്.

വർത്തമാന കാലത്ത് നിന്നും ചരിത്രാതീത കാലത്ത് എഴുതപ്പെട്ട ബൈബിൾ പ്രവചനങ്ങളിലേക്ക് പോകുമ്പോൾ - യുദ്ദം , ക്ഷാമം, തുടങ്ങി ആകാശത്ത് നിന്നും നക്ഷത്രങ്ങൾ വരെ വീഴുന്ന ഒരു അവസാന കാലത്തേക്കുറിച്ച്, അന്ത്യ യുദ്ദത്തേക്കുറിച്ച്, അഗ്നിയിലെരിയുന്ന ഒരു ഭൂമുഖത്തേക്കുറിച്ച് ഒക്കെ നാം പഠിക്കുന്നു. ആസന്നമായ ഒരു മഹാ യുദ്ദത്തേയും, പ്രയോഗിക്കപ്പെടാൻ പോകുന്ന അതി മാരകങ്ങളായ ആയുധങ്ങളേയും ആവാം പഴയ നിയമകാലത്തെ ബൈബിൾ ഭാഗങ്ങളിൽ പരാമർശിക്കുന്നത് എന്നൊരു അനുമാനം മിക്ക ചരിത്രകാരൻമ്മാർക്കും ഉണ്ട്. Revelation അഥവാ വെളിപ്പാട് എന്ന ബൈബിളിലെ അവസാന പുസ്തകത്തിലാണ് അന്ത്യകാല ത്തേക്കുറിച്ച് ഗഹനമായി പ്രദിപാദിച്ചിരിക്കുന്നത്. ഇസ്രായേലിനെ ലോക രാജ്യങ്ങൾ എതിർക്കുന്നതും, ഒടുവിൽ എല്ലാത്തിനേയും കീഴടക്കി ഇസ്രായേൽ അധീശ ശക്തിയായി വാഴുന്നതുമാണ് റെവെലേഷന്റെ കാതൽ.

വരാൻ പോകുന്ന അവസാന യുദ്ദത്തിൽ ഇസ്രായേലിനെതിരേ ഗോഗ് മാഗോഗ് എന്നിവയുടെ നേതൃത്വത്തിൽ വലിയ സഖ്യം ഉടലെടുക്കും എന്ന് പറയുന്നുണ്ട്. അലക്സാണ്ടറുടെ സാമ്രാജ്യം പോലും കൃത്യമായി ബൈബിളിൽ പ്രവചിക്കപ്പെട്ടിരുന്നു. ലോകത്തിന്റെ ക്രമത്തെ തന്നെ തകിടം മറിക്കുന്ന കാലിക പ്രസക്തമായ സംഭവങ്ങൾ ബൈബിൾ പ്രവചനങ്ങളുമായി എങ്ങനെ ഒത്തു പോകുന്നു എന്നത് ചിലപ്പോൾ ഒരു അദ്ഭുതമായി തോന്നും.

എന്താണ് ഗോഗും മാഗോഗും?
_______________________
Ezekiel (യെഹസ്കേൽ എന്നാണ് മലയാളം ട്രാൻസലേഷനുകളിൽ) പ്രവചനത്തിൽ വടക്കു നിന്നും കുറേ രാജ്യങ്ങൾ ഇസ്രായേലിനെതിരേ അന്ത്യ യുദ്ദത്തിനായി ഒന്നിക്കും എന്ന് പറയുന്നത് നമുക്കു കാണാം. ഇതിൽ ഇസ്രായേലിന്റെ എതിരാളികളിൽ പ്രമുഖമായ പേരുകൾ ഗോഗ് , മാഗോഗ് എന്നിവയാണ്. ഈ യുദ്ദത്തിൽ ക്രമേണ എല്ലാ രാജ്യങ്ങളും, സകല മനുഷ്യരും ഭാഗഭാക്കാകും എന്ന് Revelation പറയുന്നു. ഒരു മൂന്നാം ലോക മഹായുദ്ദത്തിന്റെ സാഹചര്യങ്ങളെയാണ് ഇവിടെ പരാമർശിക്കുന്നത് എന്ന് ചരിത്രകാരൻമ്മാർ ചൂണ്ടിക്കാട്ടുന്നു.

ബൈബിൾ എഴുതപ്പെടുന്ന കാലത്ത് നോഹയുടെ മകനാണ് ചരിത്രപരമായി മാഗോഗ്. മാഗോഗിന്റെ സന്തതിപരമ്പരകൾ യിസ്രായേലിന്റെ ബഹുദൂരം വടക്കുള്ള യൂറോപ്പ്, വടക്കൻ ഏഷ്യ എന്നിവിടങ്ങളിലേക്ക് വ്യാപിച്ചു.
മാഗോഗിലെ ആളുകൾ അയോധന കലയിൽ അതി വിദഗ്ദരായിരുന്നു.
(പിന്നീട് ഈ വിഭാഗം ബാർബേറിയൻസ് എന്ന് അറിയപ്പെട്ടു)

മാഗോഗ് എന്ന ബൈബിൾ സൂചനയെ ചരിത്രകാരൻമ്മാർ മൂന്നാം ലോകമഹായുദ്ദത്തിൽ പ്രധാന പങ്കു വഹിക്കുന്ന ഒരു സഖ്യമായാണ് ഇന്ന് വിലയിരുത്തുന്നത്. ഗോഗ് ഈ സഖ്യത്തിന്റെ നേതാവാണ്.
(ഗോഗ് എന്നത് ഒരു വ്യക്തിയെ സിംബോളിക്ക് ആയി പരാമർശിക്കുന്നതാവാം).
യെഹെസ്കേൽ പ്രവചനത്തിൽ സാത്താനെ പരാമർശിക്കുന്നില്ല. എന്നാൽ Revelation - ൽ വ്യക്തമായി, പ്രാഥമിക കഥാപാത്രമായി സാത്താനെ സഹസ്രാബ്ദത്തിന്റെ അവസാന യുദ്ധത്തിൽ എത്തിക്കുന്നു. ഡെവിൾ / സാത്താൻ / അന്തി ക്രിസ്തു എന്ന് വിളിക്കുന്നത് വർത്തമാന കാലഘട്ടത്തിൽ ഏതെങ്കിലും വ്യക്തിയെ ആവാം. (ഒരു വ്യക്തിക്ക് പകരം അത് നിരവധി വ്യക്തികളേയും ആവാം.) പ്രവചനങ്ങളിൽ ഡെവിൾ എന്ന് പരാമർശിക്കുന്നയാൾ അഥവാ അത്തരം വ്യക്തികൾ എന്നത് കൊണ്ട് ഉദ്ദേശിക്കുന്നത് ഇസ്രായേലിന്റെ എതിരാളികളെ ആയിരിക്കണം.

ബൈബിൾ എഴുതപ്പെടുന്ന കാലത്ത് ഇസ്രായേലിന്റെ പ്രധാന എതിരാളികൾ ഫെലിസ്ത്യർ ആയിരുന്നു.ഇന്നത്തെ പലസ്ഥീനികൾ. ആയിരക്കണക്കിനു വർഷങ്ങളായുള്ള ബദ്ദ ശത്രുത ഇന്നും തുടരുന്നു. ഏക ദൈവ വിശ്വാസികളായ ഇസ്രയേല്യരും ബഹു ദൈവ വിശ്വാസികളായ പലസ്ഥീനികളും തമ്മിൽ ആചാരങ്ങളുടേയും സാമൂഹികതയുടേയും പേരിലാണ് യുദ്ദങ്ങൾ നടത്തിയിരുന്നത്. ദൈവത്തിന്റെ സ്വത്വം ആയിരുന്നു എപ്പോഴും ഒന്നാമത്തെ പ്രശ്നം. അതുകൊണ്ടാണ് അക്കാലത്തെ ലിഖിതങ്ങളിലും പ്രവചനങ്ങളിലും ദൈവം ഒരു പ്രധാന ഘടകമാകുന്നത്.

ബൈബിളിൽ റഷ്യ പരാമർശിക്കപ്പെടുന്നു?
_________________________________
സമീപ കാലത്ത് കിഴക്കൻ യൂറോപ്പിലും, മിഡിൽ ഈസ്റ്റിലുമുള്ള റഷ്യൻ ഇടപെടലുകളെ, ബൈബിൾ പ്രവചനങ്ങളുമായി ബന്ധിപ്പിച്ച് ചിന്തിക്കുമ്പോൾ ചരിത്രകാരൻമ്മാർക്കു തന്നെ അമ്പരപ്പുണ്ടാകുന്നു. എസക്കിയേൽ പ്രവചനത്തിലാണ് റഷ്യ പരാമർശിക്കപ്പെടുന്നത്. (കരടിയുടെ മുഖമുള്ള രൂപം എന്ന് റീവലെഷനിലും പരാമർശിക്കുന്നുണ്ട്. റഷ്യയിലാണ് പോളാർ ബെയറുകളുള്ളത്.)

Gog, Magog, Rosh, Meshek and Tubal (ഗോഗ്, മാഗോഗ്, റോഷ്, മെഷക്, തുബാൽ) എന്നിവരുടെ ഐഡന്റിറ്റി ഈ പ്രവചനം മനസ്സിലാക്കുന്നതിൽ നിർണായകമാണ്. ഇസ്രായേലിനും നേരേ വടക്കുള്ള മാഗോഗ് എന്ന സ്ഥലത്ത് നിന്നും വരുന്ന ഗോഗ് എന്ന വ്യക്തി - റോഷ്, മെശക്ക്, തുബൽ എന്നിവരുടെ ലീഡറാണ്. ഈ സഖ്യം ഇസ്രായേലിന്റെ സമാധാനത്തിനു വിഘ്നം വരുന്ന രീതിയിൽ ഒരു ആക്രമണത്തിനു പദ്ദതി ഇടും. ഇതാണ് പ്രവചനത്തിന്റെ സത്ത.

ബൈബിളിലെ മാഗോഗ് ഇസ്രയേലിനു നേരേ വടക്കാണ്. ബാർബേറിയൻസ് ജീവിച്ചിരുന്ന പ്രദേശമാണ് മാഗോഗ്. ആർട്ടിക് സർക്കിളിലേക്കുള്ള നേർ രേഖ അനുസരിച്ച് റഷ്യ ഇസ്രായേലിനു നേരേ വടക്ക് സ്ഥിതി ചെയ്യുന്നു. പ്രവചനത്തിലെ Rosh എന്നത് റഷ്യയും, Meshek എന്നത് മോസ്കോയും ആണെന്ന് പണ്ടിതർ വ്യാഖ്യാനിച്ചിട്ടുണ്ട്. അതല്ലെങ്കിൽ മാഗോഗ് എന്നത് - ഉക്രയിൻ, നോർത്ത് റഷ്യ , നോർത്ത് ബ്ലാക് സീ എന്നിവിടങ്ങൾ ഉൾപ്പെടുന്ന ഒരു കോമൺ ഏരിയ ആവാം എന്നും ചില ചരിത്രകാരൻമ്മാർ പറയുന്നു.
Tubal എന്നത് ഭൂമിശാസ്ത്രപരമായി സൈബീരിയയിലെ പ്രധാന ഭാഗമോ, സെൻട്രൽ തുർക്കിയോ ആവാം എന്ന് സൈധാന്തികർ നിരീക്ഷിക്കുന്നു. പ്രവചന പരമായി, ബൈബിൾ എഴുതപ്പെട്ട കാലഘട്ടത്തിൽ റഷ്യ, അല്ലെങ്കിൽ പഴയ സോവിയറ്റ് യൂണിയൻ മുതൽ അറബ് രാജ്യങ്ങൾ വരെ വ്യാപിച്ചു കിടന്നിരുന്ന ഒരു വലിയ ദേശം ആയിരിക്കണം മാഗോഗ്.

സമീപ കാലത്ത് റഷ്യ ഒരു സൂപ്പർ പവറായി മാറുന്നതായി നമുക്ക് കാണാം. സോവിയറ്റ് കാലഘട്ടത്തിനു സേഷം ഇസ്രായേലുമായി സംഘർഷത്തിലുള്ള നിരവധി അറബ് / ഇസ്ലാം രാജ്യങ്ങളുമായി റഷ്യ നിലവിൽ ഒരു ബാന്ധവം നിർമിച്ചിട്ടുണ്ട്.

ബൈബിൾ പ്രകാരം ഗോഗിന്റെ നേത്രുത്വത്തിൽ ഒരു ഭീമമായ സൈന്യം ഇസ്രായേലിനെ എതിർക്കും.

ഈ വലിയ സൈന്യത്തിൽ ഉൾപ്പെടുന്ന മറ്റു രാജ്യങ്ങളുടെ പേര് ബൈബിളിൽ കൊടുത്തിരിക്കുന്നത് ഇങ്ങനെയാണ്.
പേർഷ്യ - Persia (modern-day Iran)
പുട് - Put (modern-day Sudan)
കുഷ് - Cush (modern-day Libya)
ഗോമർ - Gomer (Part of modern-day Turkey)
ബേത് തോഗർമ - Beth Togarmah (another portion of modern-day Turkey or possibly Syria).
ഈ കൊടുത്തിരിക്കുന്ന രാജ്യങ്ങളും ഇസ്രായേലും തമ്മിലുള്ള നിലവിലെ ബന്ധം ഒന്നു പരിശോധിക്കുക. എന്നാൽ യെഹസ്കേലിന്റെ പ്രവചനത്തിൽ, ഈ സംഭവങ്ങൾ എന്ന് ആരംഭിക്കുമെന്നോ എന്ന് അവസാനിക്കുമെന്നോ കൊടുത്തിട്ടില്ല.
പക്ഷേ Revelation - ൽ വരുമ്പോൾ അത് 2000 വർഷങ്ങൾക്ക് ശേഷം എന്ന ഒരു കണക്ക് പറയുന്നുണ്ട്.

അവസാന യുദ്ദത്തിൽ ചൈനയുടെ പങ്ക്.
_______________________________
ഒരു പാട് ചരിത്രകാരൻമ്മാർ Revelation ഉദ്ദരിച്ച് അവസാന യുദ്ദത്തിലെ ചൈനയുടെ ഇടപെടലിനേക്കുറിച്ച് ബൈബിളിൽ പരാമർശിക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. (ചില പണ്ടിതൻമ്മാർ ചൈന നോർത്ത് കൊറിയ എന്നിവ ചേർന്നുള്ള സഖ്യമായും ഈ പ്രവചന ഭാഗത്തെ വിലയിരുത്തുന്നു.)

യൂഫ്രട്ടീസ് നദിയ്ക്ക് മേലേ കൂടി, കിഴക്കു നിന്നുള്ള നിന്നുള്ള രാജാക്കന്മാർ ഇസ്രായേലിലേക്ക് മാർച്ച് ചെയ്യും (Revelation 16). അതേ തുടർന്ന് മഹാ സർപ്പത്തിന്റെ വായിൽ നിന്നും മനുഷ്യന് കഷ്ട്ടങ്ങൾ വരുന്നു എന്ന് ഇവിടെ കാണാം. കിഴക്കിന്റെ രാജാക്കൻമ്മാർ എന്നതും മഹാ സർപ്പം എന്നതും ചൈനയുടെ നിർവചനമാണ് എന്നതിന് പ്രവചനങ്ങളിലെ നിഗൂഡത വ്യാഖ്യാനിച്ചും, ജിയോഗ്രഫിക്കൽ അടിസ്ഥാനത്തിലും നിരവധി ഉദാഹരണങ്ങൾ കാണാം.

Revelation 9:16 ൽ ഇങ്ങനെ പറയുന്നു.
മനുഷ്യനെ നശിപ്പിക്കാനായി ഇരുപതിനായിരം മടങ്ങ് ഇരട്ടിച്ച ഭീമമായ ഒരു കുതിരപ്പട വരികയാണ്. തീ നിറമുള്ള ശരീരവും, രക്ത വർണ്ണമുള്ള കവചവും, വായിൽ നിന്ന് പുറപ്പെടുന്ന തീജ്വാലകളും, സർപ്പത്തിന്റെ തലയുള്ള വാലും അവയ്ക്കുണ്ട്.

കുതിരകൾ എന്നത് അന്നത്തെ കാലഘട്ടാനുസൃതമായ ഒരു സങ്കൽപ്പം മാത്രമാണ്. എന്നാൽ തീ നിറം മംഗോളിയൻ വംശജരുടെ അഥവാ ചൈനാക്കാരുടെ ശരീരത്തിന്റെ മഞ്ഞ നിറത്തെ കാണിക്കുന്നു. രക്ത വർണമുള്ള കവചം എന്നത് ചിന്തിക്കേണ്ട വിഷയമാണ്. ഇന്ന് നിലവിലുള്ളതിൽ പ്രബലമായ കമ്യൂണിസ്റ്റ് രാഷ്ട്രമാണ് ചൈന. കമ്യൂണിസ്റ്റ് അടയാളമാണ് ചുവപ്പ്. അവരുടെ ഫ്ലാഗിന്റെ നിറവും ചുവപ്പാണ്. വായിൽ നിന്ന് പുറപ്പെടുന്ന തീ ജ്വാലയും സർപ്പത്തിന്റെ തലയും ചൈനീസ് ട്രഡീഷനുമായി അടുത്തു നിൽക്കുന്നു. തീ തുപ്പുന്ന വ്യാളി ചൈനീസ് ആചാരങ്ങളുടെ അടയാളം തന്നെയാണ്. തീ നിറമുള്ള മഹാ സർപ്പം ആകാശത്തിലെ നക്ഷത്രങ്ങളിൽ മൂന്നിലൊന്നിനെ വലിച്ചുകൂട്ടി ഭൂമിയിലേക്കെറിഞ്ഞു എന്ന് Revelation 12 ൽ വായിക്കുന്നു. (ഭൂമിയിലേക്ക് പതിക്കുന്ന ആകാശത്തിലെ നക്ഷത്രങ്ങൾ, ഭൂമി ഇരുളുന്നത്, മലകളും കുന്നുകളും കല്ല് മഴയിൽ നശിക്കുന്നത് ഒക്കെ വരാൻ പോകുന്ന ന്യൂക്ലിയർ ബാലിസ്റ്റിക് മിസൈലുകളുടെ, സാറ്റലൈറ്റ് കേന്ദ്രീകരിച്ച് നടക്കാൻ പോകുന്ന ആയുധ മഴയുടെ ഒക്കെ സൂചനകളാവാം)

അടുത്തകാലത്തായി ചൈനയുടെ ശക്തിയും സ്വാധീനവും വല്ലാതെ ഉയർന്നിട്ടുണ്ട്. അതി ബൃഹത്തായ സൈനീക ഘടനയാണ് അവർക്കുള്ളത്. ലോകത്തിലെ ഏറ്റവും വലിയ കരസേനയാണ് പീപ്പിൾസ് ലിബറേഷൻ ആർമി. ഇരുപതിനായിരം മടങ്ങ് വലിയ കുതിരപ്പട എന്നത് സിംബോളിക്കായി ചൈനയുടെ സൈനീക ശക്തിയെ തന്നെ കുറിയ്ക്കുന്നു. നിലവിൽ ഹോങ് കോങ്, ടിബറ്റ്, തായ്വാൻ തുടങ്ങിയവ രാജ്യങ്ങളെ ചൈന നിരന്തരം ഭയപ്പെടുത്തുന്നു. ഒരു പ്രകോപനം സൃഷ്ട്ടിക്കാനുള്ള വ്യഗ്രത ചൈന എപ്പോഴും പ്രകടിപ്പിക്കുന്നു. അതുകൊണ്ടു തന്നെ അന്തിമ യുദ്ദത്തിൽ ചൈന ഉൾപ്പെടെ പല രാജ്യങ്ങളും ദ്വിഗ്വിജയം നേടാനായി ശ്രമിക്കും.

സാധ്യമായ ഒരു ആഗോള യുദ്ദത്തിൽ ഇറാന്റെ പങ്ക്?
________________________________________
പേർഷ്യ എന്നും ഏലാം എന്നുമുള്ള പേരുകളിൽ ബൈബിളിൽ അന്ത്യകാല പ്രവചനങ്ങളിൽ പല ഭാഗത്തും ഇറാനെ പരാമർശിക്കുന്നത് കാണാം. അണവായുധങ്ങൾ ഉൾപ്പെടെ കൈവശം ഉണ്ടെന്ന് അനുമാനിക്കപ്പെടുന്ന ഇറാന്റെ ഇസ്രയേലുമായുള്ള ശത്രുതയും വർത്തമാന കാലത്ത് പ്രവചനങ്ങളെ പ്രസക്തമാക്കുന്നു. ഇറാനും അയൽ രാജ്യങ്ങളും ഈ യുദ്ദത്തിലെങ്ങനെ പങ്കാളികൾ ആകുന്നു എന്ന് ഡാനിയേൽ പ്രവാചകന്റെ പുസ്തകത്തിലാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്. ബൈബിൾ കാലത്തിനു ശേഷമുള്ള ഇറാന്റെ കാലഘട്ടത്തേക്കുറിച്ച് യിരമ്യാ (Jeremiah) പ്രവാചകന്റെ പുസ്തകത്തിലും എഴുതിയിട്ടുണ്ട്.

ഏലാമിന് (ഇന്നത്തെ ഇറാൻ) മേലേ നാലു കാറ്റു വീശി ഏലാം നശിപ്പിക്കപ്പെടും എന്ന് Jeremiah പറയുന്നു. ഈ നാലു കാറ്റിനേക്കുറിച്ചാണ് ദാനിയേൽ 8 വിശദീകരിക്കുന്നത്. (ഇതിന്റെ ഡീറ്റെയിൽസ് തൊട്ട് താഴെ അലക്സാണ്ടറേക്കുറിച്ചുള്ള പാരഗ്രാഫിൽ കൊടുത്തിട്ടുണ്ട്)

ചരിത്രം ആദ്യം നോക്കാം: -
334 BC യിൽ അലക്സാണ്ടർ പേർഷ്യ, സിറിയ, ഈജിപ്റ്റ് തുടങ്ങിയവ ആക്രമിച്ചു.
596 ബി സിയിൽ ബാബിലോൺ - പേർഷ്യയെ കീഴടക്കി. അതിനു ശേഷം മഹാനായ സൈറസിന്റെ (Cyrus the Great) കീഴിലായി പേർഷ്യ. ഏലാമ്യരും (Elam) മേദ്യരും (Media) പേർഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായി.
ഇതിൽ നിന്ന് മേദോ - പേർഷ്യൻ (Medo-Persian) സാമ്രാജ്യം ഉടലെടുത്തു. തുടർന്ന് 539 ബി.സി. യിൽ മിഡോ - പേർഷ്യൻസ് ബാബിലോൺ കീഴടക്കുകയും ചെയ്തു. തുടർന്ന നൂറ്റാണ്ടുകളിൽ പേർഷ്യ ഭരിച്ചിരുന്നത് ഇവരൊക്കെയാണ്:
സെല്യൂക്കിഡ് Seleucids, പർത്യൻസ് ( Parthians), സസാനിയൻസ് (Sassanians), റോമ( Romans), ബൈസാന്റിനസ് (Byzantines), അവസാനം എഡി 636 മുതൽ അത് മുസ്ലിംങ്ങളുടെ സ്വന്ത രാജ്യമായി. 1501-ൽ ഇറാൻ സ്ഥാപിതമായി.

* യൂഫ്രട്ടീസ് നദി, ബാബിലോൺ എന്നീ പേരുകളിൽ ഇറാഖും നിരവധി തവണ ബൈബിളിൽ പരാമർശിക്കപ്പെടുന്നു

ബൈബിളിലെ - "മഹാനായ അലക്സാണ്ടര്‍".
_________________________________
അലക്സാണ്ടർ തന്റെ ലോകം വിജയങ്ങൾ തുടങ്ങിയത് ഏകദേശം 250 വർഷം മുന്പ് , ദൈവം ദാനിയേലിന് അത് ദർശനം നൽകി.

സാമ്രാജ്യത്തേക്കുറിച്ചുള്ള പ്രവചനം:-
ദാനിയേൽ നാലു "ആഗോള" സാമ്രാജ്യങ്ങൾ തുടർച്ചയായി ഉണ്ടാകും എന്നു പ്രവചിച്ചിരുന്നു. അദ്ദേഹത്തിന്റെ പ്രവചനത്തിൽ അലക്സാണ്ടറിൽ തുടങ്ങി ഗ്രീക്ക് സാമ്രാജ്യം നാലു ഭാഗങ്ങളായി വിഭജിക്കപ്പെടും എന്ന മുന്നറിയിപ്പ് ഉൾപ്പെടെ പല സൂചനകളും ഉണ്ടായിരുന്നു . അലക്സാണ്ടർ അല്ലെങ്കിൽ മഹാനായ അലക്സാണ്ടർ അതുമല്ലെങ്കിൽ മാസിഡോണിയൻ രാജാവ് എന്ന പേരിൽ ഒരാൾ ബൈബിളിൽ പരാമർശിക്കപ്പെടുന്നില്ല. ഡാനിയൽ (Daniel) സെഖർയ്യാവു (Zechariah) എന്നീ പ്രവചനങ്ങളിൽ, ഗ്രീസിനേക്കുറിച്ചും ഉടലെടുക്കാൻ പോകുന്ന അലക്സാണ്ടറുടെ മാസിഡോണിയൻ സാമ്രാജ്യത്തേക്കുറിച്ചും നിഗൂഡമായ മുന്നറിയിപ്പികൾ ഉണ്ടായിരുന്നു. B.C ആറാം നൂറ്റാണ്ടിൽ എഴുതപ്പെട്ട യുഗാന്തര പ്രതീക്ഷാ പ്രവചനങ്ങളാണിവ. സെഖര്യാവു 520 - 470 B.C യ്ക്ക് ഇടയിൽ എഴുതിയ പ്രവചനം അലക്സാണ്ടറുടെ സാമ്രാജ്യത്തേക്കുറിച്ചാണ്.

ദാനിയേൽ ഒരു ദർശനം കാണുന്നു.
അധ്യായം 8: 8-10
ഏലാമിലെ ഇലായി നദീതീരത്ത് രണ്ടു കോമ്പുള്ള, വളരെ ശക്തനായ ഒരു ആട് നദീ തീരത്ത് നിൽക്കുന്നു. മറ്റൊരു മൃഗത്തിനും അതിനോട് ഏറ്റുമുട്ടുവാൻ കഴിയുന്നില്ല. പെട്ടന്ന് പടിഞ്ഞാറു നിന്നും ഒറ്റ കൊമ്പുള്ള ഒരു ആട്ടിൻകുട്ടി പാഞ്ഞു വന്ന് ആദ്യത്തെ ആടിനെ ഇടിച്ച് താഴെയിടുകയും അതിന്റെ രണ്ടു കൊമ്പുകളും തകർത്തു കളയുകയും ചെയ്യുന്നു.
തുടർന്ന് ആട്ടിൻകുട്ടി അതിശക്തനായി മാറി.
എന്നാൽ കരുത്തനായിരിക്കവെ തന്നെ അതിന്റെ ഒറ്റക്കൊമ്പ് പെട്ടന്ന് തകർന്നു പോയി. അതിനു ശേഷം ആട്ടിൻകുട്ടിയുടെ തലയിൽ നിന്നും ആകാശത്തിലെ നാലു കാറ്റിനും നേരേ നേരേ നാലു കൊമ്പുകൾ പുതുതായി മുളച്ചു വന്നു (തൊട്ടു മേലത്തെ ഇറാനേക്കുറിച്ചുള്ള ഭാഗത്തെ രണ്ടാം പാരഗ്രാഫ് നോക്കുക) . അതിൽ ഒരു കൊമ്പ് മാത്രം സർവ ദേശത്തേക്കും വ്യാപിച്ചു
ഇതായിരുന്നു സ്വപ്നം.

അധ്യായം 8 , 20-23 വരെയുള്ളത് ഈ സ്വപ്നത്തിന്റെ നിർവചനം ദാനിയേൽ തന്നെ പ്രസ്ഥാവിക്കുന്നതാണ്.
ആദ്യത്തെ രണ്ടു കൊമ്പുള്ളതായി കാണുന്ന കരുത്തനായ ആട്, പാർസ്യ രാജാക്കൻമ്മാരെ അടയാളപ്പെടുത്തുന്നു.
ഇതിനെ തകർത്ത് രണ്ടു കൊമ്പും നശിപ്പിക്കുന്ന, പടിഞ്ഞാറു നിന്ന് വരുന്ന ആട്ടിൻ കുട്ടി യവന രാജാവിനെ പ്രതിനിധാനം ചെയ്യുന്നു.
അതിന്റെ ഒറ്റക്കൊമ്പ് ഒന്നാമത്തെ യവനരാജാവിനെയാണ് കുറിയ്ക്കുന്നത്.
എന്നാൽ ശക്തമായിരിക്കുമ്പോൾ തന്നെ, അത് തകർന്ന ശേഷം അതിൽ നിന്ന് മുളയ്ക്കുന്ന നാലു കൊമ്പുകൾ യവന രാജ്യത്ത് നിന്നും പുതുതായി ഉദ്ഭവിക്കുന്ന നാലു രാജ്യങ്ങളെയാണ് കാണിയ്ക്കുന്നത്.

ഇനി നമുക്ക് അലക്സാണ്ടറുടെ ചരിത്രത്തിലേക്കൊന്നു നോക്കാം.
Alexander Born in 356 B.C. and Dying 32 years later.
വളരെ ചുരുങ്ങിയ കാലം ജീവിച്ച അലക്സാണ്ടറുടെ ഖ്യാതി ഇന്നും നില നിൽക്കുന്നു.
13 വർഷം രാജത്വ പട്ടം അനുഷ്ട്ടിച്ചതിൽ, സ്വന്തം രാജ്യമായ മാസിഡോണിയയിലേതിനേക്കാളും അദ്ദേഹം ചിലവിട്ടത് മാസിഡോണിയയ്ക്ക് പുറത്തായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ സാമ്രാജ്യമായിരുന്ന മാസിഡോണിയൻ സാമ്രാജ്യം ഇന്നു വരെ ഉളവായ ഏറ്റവും വലിയ സാമ്രാജ്യമായി വിലയിരുത്തപ്പെടുന്നു.

അലക്സാണ്ടർ അദ്ദേഹത്തിന്റെ ആദ്യകാലത്ത് പേർഷ്യൻ സാമ്രാജ്യത്തേയും, ഏഷ്യാമൈനർ, ഈജിപ്ത്, ഇസ്രായേൽ ഉൾപ്പെടെ സകലതിനെയും കീഴടക്കുകയുണ്ടായതായി ചരിത്രം പഠിപ്പിക്കുന്നു.
അതോടെ ഗ്രീക്ക് ഭാഷ ഒരു സാർവത്രിക ഭാഷയായി മാറി.
എന്നാൽ സാമ്രാജ്യാധിപതിയായിരിക്കെ തന്നെ പാരമ്പര്യാവകാശികളാരുമില്ലാതെ അലക്സാണ്ടർ കാലയവനികയ്ക്കുള്ളിൽ മറഞ്ഞു.
ഇതേതുടർന്ന് അലക്സാണ്ടറുടെ സാമ്രാജ്യം നാലായി വിഘടിച്ച്,
Babylonian, Medo-Persian, Greek, Roman എന്നീ സാമ്രാജ്യങ്ങൾ ഉടലെടുത്തു.

യുണൈറ്റഡ് സ്റ്റേറ്റ്സും ബ്രിട്ടണും
__________________________
ബൈബിൾ പ്രവചനങ്ങളിലെ എൻഡ് ടൈം വാർ'ൽ യു എസ്, യു കെ എന്നീ രാജ്യങ്ങളെ എവിടേയും പരാമർശിക്കുന്നില്ല. ഒരുപക്ഷേ വരാൻ പോകുന്ന ആഗോള യുദ്ദത്തിൽ ബ്രിട്ടൺ അമേരിക്ക എന്നിവർ ഇസ്രായേലിനൊപ്പം നിക്കാനുള്ള സാധ്യത ഒരു കാരണമാവാം. വിശദീകരിച്ചാൽ ഇസ്രായേലിനൊപ്പം ആരൊക്കെ അണിചേരുന്ന് എന്ന് ബൈബിളിൽ ഒരിടത്തും പരാമർശങ്ങളില്ല. ഇസ്രായേൽ ഏകമായി ശത്രുവിനെ കീഴടക്കും എന്നത് ബൈബിൾ പ്രവചനങ്ങളുടെ കാതൽ ആയതു കൊണ്ടാവാം ഇത്. അവസാന യുദ്ദത്തിനു ശേഷം ഇസ്രായേൽ അധാശ ശക്തിയായി തീരുമെന്നതാണ് ബൈബിൾ പ്രവാചകൻമ്മാരുടെയെല്ലാം സ്വപ്നം.

ഉപസംഹാരം
___________
ബൈബിൾ പ്രവചനങ്ങളും സമകാലിക സംഭവങ്ങളും എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് തിനേക്കുറിച്ച് ചരിത്രകാരൻമ്മാരുടെ കണ്ടെത്തലുകൾ വിശദീകരിക്കുക എന്നത് മാത്രമാണ് ഈ പോസ്റ്റിന്റെ ഉദ്ദേശം. ബൈബിളും ക്രിസ്തീയതയും മറ്റു മതങ്ങളേക്കാൾ മഹത്തായത് എന്ന് പ്രസ്ഥാവിക്കുകയല്ല ഈ പോസ്റ്റിന്റെ ഉദ്ദെശം. മറ്റു മത ഗ്രൻസ്ഥങ്ങളിലെ അന്ത്യ പ്രവചനങ്ങളേക്കുറിച്ച് ചർച്ച ചെയ്യാൻ താല്പര്യമുണ്ടെങ്കിൽ ഈ വിഷയത്തേക്കുറിച്ച് മിത്തുകൾ എന്ത് പറയുന്നു എന്ന് നമുക്കൊക്കെ അറിയാൻ സാധിക്കും. സ്വർഗ്ഗം നരകം ഒന്നും ഈ പോസ്റ്റിന്റേയോ എന്റേയോ വിഷയമല്ല. പ്രവചനങ്ങൾക്ക് വർത്തമാനകാല സാഹചര്യങ്ങളുമായുള്ള സാമ്യത എത്ര കണ്ട് കൃത്യമാകുന്നു എന്നുള്ള അന്വേഷണത്തിന്റെ ഫലം മാത്രമാണീ പോസ്റ്റ്.

മറ്റു മതങ്ങളേയും ബഹുമാനിക്കുന്ന ഒരാളെന്ന് നിലയിൽ ബൈബിൾ വാക്യങ്ങൾ അതേപടി എഴുതുക എന്നത് മാക്സിമം ഒഴിവാക്കിയിട്ടുണ്ട്. ഒഴിവാക്കാൻ തീരെ കഴിയാതിരുന്ന തീരെ ചുരുക്കം ഇടങ്ങളിൽ മാത്രമേ ബൈബിൾ വാക്യങ്ങൾ അതേ പടിയും, റഫറൻസായി ബൈബിൾ അധ്യായങ്ങളും നൽകിയിട്ടുള്ളു. യുഗാന്ത്യത്തേക്കുറിച്ച് ഖുറാൻ, കൽക്കി അവതാരം എന്നിവ പറയുന്ന നിരീക്ഷണങ്ങളും സമകാലിക സാഹചര്യങ്ങളും യോജിക്കുന്നുണ്ടെങ്കിൽ അത്തരം ഇൻഫർമേഷൻസ് പങ്കു വെക്കാം.

നന്ദി.

.