ചൊവ്വാഴ്ച, മേയ് 01, 2018

മാക്കോണ്ടയിലെ കവർച്ച

 ഒഴിച്ച് വെച്ച രണ്ടാമത്തെ ഗ്ലാസ് ഒറ്റ വലിയ്ക്ക് കാലിയാക്കിയിട്ട് ഏബ്രഹാം പ്രഖ്യാപിച്ചു.
ഇന്ന് ഞാൻ പറയാൻ പോകുന്നത് ഒരു കവർച്ച കഥയാണ്.

കവർച്ച കഥകൾ എപ്പോഴും വളരെ ഇന്ററസ്റ്റിങ്ങാണ്.
കുട്ടപ്പായി നാരങ്ങാ അച്ചാറ് വലതു ചൂണ്ടു വിരലിൽ തൊട്ടെടുത്ത് നാക്കിലേക്ക് പറ്റിച്ചിട്ട് പറഞ്ഞു,
കഴിഞ്ഞ തവണത്തെ പോലെ ഒരു ത്രില്ലിങ്ങ് മൂഡ് വരാൻ ഏബ്രാച്ചന്റെ ഈ കഥയ്ക്കും കഴിയും.

തുറന്നു വെച്ച മദ്യ കുപ്പി, ഒരു കൊക്കൊ കോള, തണുത്ത മിനറൽ വാട്ടർ ബോട്ടിലുകൾ, മൂന്നു ഗ്ലാസ്സുകൾ, ഒരു പാത്രത്തിൽ വേവിച്ച കപ്പ, മറ്റൊരു പാത്രത്തിൽ അടുക്കായിരിക്കുന്ന പൊറോട്ട, വേറൊന്നിൽ ചിക്കൻ കറി, ഇനിയൊന്നിൽ ഗ്രിൽഡ് ചിക്കൻ, അച്ചാറ് കുപ്പി, എന്നിവയെല്ലാം മേശപ്പുറത്ത് നിരന്നിരുന്നു.

വാരാന്ത്യത്തിൽ അവരുടെ ഒരു ഒത്തുകൂടൽ ഡേവിഡിന്റെ ടെറസിനു മേലേ പതിവുള്ളതാണ്. അവർ എന്ന് പറയുമ്പോൾ അവർ നാലു പേരുണ്ട്. ഡേവിഡ്, എബി, ഏബ്രഹാം, കുട്ടപ്പായി.

നാലുപേരും സിംഗിൾ ലൈഫ്. ഇപ്പോൾ എറണാകുളത്ത് ജോലിയും, താമസവും. ഡേവിഡ് ലീവ്സിനെടുത്ത വീടിന്റെ ടെറസാണ് വാരാന്ത്യ മദ്യപാന സദസ്സ്. നഗരത്തിലെ പ്രമുഖ അഡ്വർട്ടൈസ്നിങ്ങ് ഏജൻസിയിലെ വിഷ്വലൈസറാണ് ഡേവിഡ്. എബി ഒരു മാനുഫാക്ച്വറിങ്ങ് കമ്പനിയുടെ സെയിൽസ് എക്സിക്യുട്ടീവ്. കുട്ടപ്പായി ഡേവിഡിന്റെ വീടിനു തൊട്ടരികിലുള്ള പ്രമുഖ കറി പൗഡർ ഗോഡൗണിന്റെ സൂപ്പർവൈസറാണ്. ഒരു ഓൺ ലൈൻ മീഡിയയുടെ ഇന്വെസ്റ്റിഗേറ്റീവ് ജേർണലിസ്റ്റായിട്ട് ജോലി നോക്കുകയാണ് ഏബ്രഹാം. ഇവരുടെ വെള്ളമടി കൂട്ടായ്മകളിൽ എരിവും, പുളിയും, ഉദ്വേഗവും, സംഭ്രമവും വാരി വിതറുന്ന എന്തെങ്കിലും ഒരു ഐറ്റം എല്ലായ്പ്പോഴും ഏബ്രഹാമിന്റെ പക്കൽ ഉണ്ടാവും. കഴിഞ്ഞാഴ്ച്ച ആരുഷി തൽവാറിന്റെ കൊലപാതകത്തിനു പിന്നിലുള്ള ചില സമസ്യകളുടെ വിവരണമായിരുന്നു ദാസപ്പാപ്പി കൂടഴിച്ചു വിട്ടത്. അതിന്റെ പൊള്ളൽ ഇതുവരെ മാറിയിട്ടില്ല. അതിനു മുൻപ് ചാൾസ് ശോഭരാജിന്റെ ധീര കൃത്യങ്ങളായിരുന്നു സംഭാഷണവിഷയം. ഇന്ന് ഏബ്രഹാം ഒരു കഥയാണ് പറയാൻ പോകുന്നത്.

കഥ പോരട്ടെ.
നിരയായി വെച്ച മൂന്നു ഗ്ലാസുകളിലേക്ക് ഇരുണ്ട ദ്രാവകം തുല്യമായി പകർന്നു കൊണ്ട് എബി പറഞ്ഞു.

ഈ കഥ നടക്കുന്ന നഗരത്തിന് ഒരു പേര് വേണം. തൽക്കാലം നമുക്ക് അതിനെ സാങ്കൽപ്പികമായി മാക്കോണ്ട എന്ന് വിളിയ്ക്കാം.

ഹൈ.
എബി ഗ്ലാസുകളിലേക്ക് ക്ലബ്ബ് സോഡ പകർന്നു കൊണ്ട് ആശ്ചര്യപ്പെട്ടു.
മാക്കൊണ്ട മാർക്വേസിന്റെ ഏകാന്തതയുടെ നൂറു വർഷങ്ങളിലെ സ്ഥലമല്ലേ?

മാർക്വേസ് തന്റെ നോവലിനായി കണ്ടെത്തിയ ഒരു സാങ്കൽപ്പിക ഭൂമികയാണ് മാക്കൊണ്ട. ഞാനത് കടമെടുക്കുന്നു എന്നേയുള്ളു. മാർക്വേസിനോടും, ഏകാന്തതയോടുമുള്ള തികഞ്ഞ ബഹുമാന പുരസ്സരം.
ഏബ്രഹാം ഒരു സിഗരറ്റിന് ലൈറ്റർ തെളിച്ചു.

ആയിക്കോട്ടെ. കഥയ്ക്കാണ് പ്രസക്തി. കഥാ പാത്രങ്ങൾക്കോ കഥാ ഭൂമികയ്ക്കോ കഥയോളം പ്രസക്തി വേണമെന്നില്ല.
ഡേവിഡ് പ്രസ്ഥാവിച്ചു.

ഈ കഥയിൽ, കഥാപാത്രങ്ങൾക്ക് ഉള്ളതിനേക്കാൾ വസ്തുതകൾക്കാണ് പ്രസക്തി.
ഏബ്രഹാം പുഞ്ചിരിച്ചു.
ഇതിൽ മൂന്നു കഥാപാത്രങ്ങളുണ്ട്. ഇവരെ നമുക്ക് A,B,C എന്ന് വിളിയ്ക്കാം.

കുഴപ്പമില്ല. കഥ തന്നെയാണ് മുഖ്യം. ക്യാരക്ടറുകൾ ചില ഘട്ടങ്ങളിൽ മറഞ്ഞിരിക്കുന്നത് അതിന്റെ വിശ്വാസ്യതയ്ക്ക് അനുയോജ്യമാണ്.

A,B,C എന്നിവർ പ്രൊഫഷണൽ ബാങ്ക് കൊള്ളക്കാരാണ്. ഒരു കവർച്ചയോടുള്ള ഇവരുടെ സമീപനം, ആധൂനികമായ സാങ്കേതിക വിദ്യകൾ കവർച്ചയിൽ എങ്ങനെ ഉപയോഗിക്കപ്പെടുന്നു എന്നിവയെല്ലാം ഈ കഥയിൽ വന്നു പോകുന്നുണ്ട്. എന്നിരിയ്ക്കിലും, കഥ പറച്ചിലിനിടയിൽ, എപ്പോഴെങ്കിലും ലോജിക്കിനേക്കുറിച്ച് സംശയമുണ്ടായാൽ നിങ്ങൾക്കത് ധൈര്യമായി ചോദിക്കാം. കാരണം എന്റെ കഥയിൽ തെറ്റുണ്ടാവരുത് എന്നെനിക്ക് നിർബന്ധമുണ്ട്.

താർച്ചയായും.
കുട്ടപ്പായി അയാളുടെ ഗ്ലാസിനെ പാതിയാക്കി നിർത്തി, ചിക്കൻ ഫ്രൈയുടെ ഒരു പീസ് വായിലേക്ക് വെച്ച് കൊണ്ട് പറഞ്ഞു.
എന്തെങ്കിലും അവ്യക്തതയുണ്ടെങ്കിൽ ഒരു ദാക്ഷിണ്യവുമില്ലാതെ ഞങ്ങളത് ചോദിച്ചിരിക്കും.

ഓക്കെ. എങ്കിൽ കഥ തുടങ്ങുകയാണ്.
ഏബ്രഹാം പുക വായുവിലേക്ക് ഊതി വിട്ടു.
ഈ കഥയുടെ പേരാണ് മാക്കോണ്ടയിലെ കവർച്ച.കഥയുടെ ഒഴുക്കിനു വേണ്ടി ഇതിനെ ഞാൻ മൂന്നായി തിരിക്കുകയാണ്.
മൂവരും രണ്ടാമത്തെ പെഗ്ഗിന്റെ ഉണർവ്വിൽ ഏബ്രഹാമിനെ നോക്കിയിരുന്നു.

ഒന്നാം ഭാഗം
____________
അതൊരു നവംബർ മാസത്തിലെ ആദ്യത്തെ ആഴ്ച്ചയിലെ തണുത്ത സായാഹ്നമായിരുന്നു.

കൊച്ചിയിലെ ഒരു പ്രമുഖ ഹോട്ടൽ മുറിയിൽ A യും Bയും Cയും ഒത്തു കൂടിയിരിക്കുകയാണ്. നാമിപ്പോൾ ചെയ്യുന്നത് പോലെ അന്ന് അവരുടെ മദ്ധ്യത്തിലെ മേശപ്പുറത്തും മദ്യക്കുപ്പികളും ഗ്ലാസ്സുകളും നിരന്നിരുന്നു. കേരളത്തിലെ മൂന്ന് ജില്ലകളിൽ കഴിയുന്ന അവരെ ഒന്നിപ്പിക്കാൻ മുൻ കൈ എടുത്തത് A ആയിരുന്നു.

A, B യോടും, C യോടുമായി പറഞ്ഞു.
നമ്മൾ ഒത്തു കൂടിയിരിക്കുന്നത്, എല്ലായ്പ്പോഴുമെന്നത് പോലെ കൊള്ളാവുന്ന ലാഭമുള്ള ഒരു കവർച്ച പ്ലാൻ ചെയ്യാനാണ്.

എവിടെ?
Bയും Cയും ആകാംഷാഭരിതരായി.
ഫോൺ ചെയ്ത് അവരെ ഇരുവരേയും വിളിച്ച് വരുത്തുമ്പോൾ A തന്റെ മനസ്സിലുള്ള കാര്യങ്ങളേപ്പറ്റി ഒരക്ഷരം പറഞ്ഞിരുന്നില്ല. റൂം നമ്പരും, ഹോട്ടലും സൂചിപ്പിച്ചിട്ട് ഇന്ന ദിവസം ഇന്ന സമയത്തിനുള്ളിൽ അവിടെ എത്തിച്ചേരിഉക എന്ന് മാത്രമാണയാൾ അവരോട് പറഞ്ഞിരുന്നത്.

മാക്കോണ്ട.
A പറഞ്ഞു.
അവിടെ നഗരത്തോട് ചേർന്ന് സ്ഥിതി ചെയ്യുന്ന കോർപ്പറേഷൻ ബാങ്കുണ്ട്. അതാണ് നമ്മുടെ ലക്ഷ്യം.

Bയും Cയും മൂളിക്കേട്ടു.
അവരെ സംബന്ധിച്ചിടത്തോളം സ്ഥലം ഏതെന്നത് അവർക്കൊരു വിഷയമല്ലായിരുന്നു. ഒരു കാര്യത്തിനായി റിസ്കെടുക്കുമ്പൊൾ നന്നായി വല്ലതും തടയണം, പിടിക്കപ്പെടാനും പാടില്ല ഇത്രയേ ഉണ്ടായിരുന്നുള്ളു.

A ഒരു കാര്യത്തിന് വിളിച്ചാൽ അയാൾ അതിനുള്ള സകല മുൻകരുതലുകളും എടുത്തു കഴിഞ്ഞിട്ടായിരിക്കും തങ്ങളെ വിളിച്ച് വരുത്തുക എന്ന് മുൻ അനുഭവങ്ങൾ വെച്ച് Bയ്ക്കും, Cയ്ക്കും അറിയാം. ഒരു ഓപ്പറേഷൻ അതിന്റെ എല്ലാ വിശദാംശങ്ങളോടും പ്ലാൻ ചെയ്തതിനു ശേഷം, അതിന്റെ സാദ്ധ്യതകളും അസാദ്ധ്യതകളും മനസ്സിൽ പലവുരു പഠിച്ചതിനു ശേഷം മാത്രം മുന്നോട്ട് പോകാൻ തീരുമാനിക്കുന്ന അതി സമർഥനാണ് A. പ്രൊഫഷണൽ ലെവലിൽ A കാര്യങ്ങൾ മുഴുമിപ്പിക്കുന്നു.

A കീശയിൽ നിന്നെടുത്ത ഒരു നഗരഭൂപടം മേശമേൽ നിവർത്തി വച്ചു.
ഗൂഗിൾ എർത്തിൽ നിന്നും സംഘടിപ്പിച്ചതാണ്.
അയാൾ പറയുകയുണ്ടായി.
ഇത് മാക്കോണ്ട.
കേരളത്തിലെ ചെറിയ നഗരങ്ങളിൽ ഒന്ന്.
ഇനി പറയുന്ന കാര്യങ്ങൾ നിങ്ങൾ വള്ളിപുള്ളി തെറ്റാതെ കേൾക്കണം.

ടേബിൾ ലാമ്പിനെ അരണ്ട വെളിച്ചത്തിൽ, A കാര്യങ്ങൾ തന്റെ സഹപ്രവർത്തകർക്ക് വിശദീകരിച്ചു.
നമ്മൾ ലക്ഷ്യമിടുന്ന കോർപ്പറേഷൻ ബാങ്ക് ദേ ഇതാണ്.
നഗരത്തിലെ എം സി റോഡിൽ നിന്നും ഇടത്തേക്ക് തിരിഞ്ഞു പോകുന്ന ഒരു വൺവേയാണ് ഈ കാണുന്നത്. നഗര മദ്ധ്യത്തിൽ നിന്നും ആരംഭിക്കുന്ന ഈ വൺ വേ അതിന്റെ ഡെഡ് എന്റിലെത്തുമ്പോൾ കുറുകേ ദേ വേറൊരു റോഡ് വരികയാണ്. അതായത് നഗര മദ്ധ്യത്തിൽ നിന്നാരംഭിക്കുന്ന വൺ വേ റോഡ് ഇംഗ്ലീഷ് അക്ഷരമാലയിലെ T പോലെ അവസാനിക്കുന്നു.

ഞാൻ പറയുന്ന റോഡിന്റെ രൂപം നിങ്ങൾക്ക് വ്യക്തമാകുന്നുണ്ടോ? ഇല്ലെങ്കിൽ പറയണം.
കഥയിൽ നിന്നും പുറത്തേക്ക് വന്ന് ഏബ്രഹാം ടേബിളിൽ വരച്ചു കാണിക്കാനെന്ന വിധം മുൻപോട്ടാഞ്ഞു..
ഏബ്രാച്ചൻ പറഞ്ഞത് ഞാൻ മനസ്സിൽ സങ്കൽപ്പിക്കുകയായിരുന്നു.ഈ പറയുന്ന വണ്വേ അതേപടി എന്റെ മനസ്സിൽ ഞാൻ കാണുന്നു.
ഡേവിഡ് ഉന്മേഷത്തോടെ പറഞ്ഞു.
ഡേവിഡിനെ പിന്തുണച്ച് കുട്ടപ്പായിയും എബിയും തലകുലുക്കി.
ഏബ്രഹാം കഥയിലേക്ക് ഉൾ വലിഞ്ഞു.

A തന്റെ കൂട്ടാളികളോട് തുടർന്നു.
T യുടെ മുകളറ്റത്തെ വലത് ഭാഗം തിരികെ എം സി റോഡിലേക്ക് സംയോജിക്കുമ്പോൾ, T യുടെ മുകളിലെ ഇടത് അറ്റം നേരേ പത്തനം തിട്ടയിലേക്കുള്ള നേരിട്ടുള്ള റോഡായി പോകുകയാണ്.

Bയും Cയും മാപ്പിലേക്കും Aയുടെ മുഖത്തേക്കും മാറിമാറി നോക്കിക്കൊണ്ടിരുന്നു.
Tയുടെ മുകളിലുള്ള വലതു മൂലയിൽ നഗരത്തിലെ ഫാമിലി കോർട്ടും അനുബന്ധ കെട്ടിടങ്ങളൂമാണ്. മുകളിലെ ഇടതു മൂലയിലുള്ളത് ഒരു ഗവണ്മെന്റ് ഗേൾസ് ഹൈസ്കൂൾ ആണ്.

മാപ്പിൽ T എന്ന അക്ഷരത്തോട് സാദൃശ്യമാം വിധം പോകുന്ന വൺ വേയുടെ മുകളിലെ കുറുകേയുള്ള റോഡിന് മേലേ, തന്റെ ബോൾ പെന്നിന്റെ തുമ്പു കൊണ്ട് കുത്തിയിട്ട് A പറഞ്ഞു.
T അഥവാ ഈ വൺ വേയുടെ മുകളിലായി ഈ കാണുന്നത് നഗര സഭാ ബിൽഡിങ്ങ് ആണ്.

ഈ കഥയിൽ ഒരു വഴിയ്ക്കൊക്കെ ഇത്രമാത്രം പ്രാധാന്യമുണ്ടോ?
അപ്രതീക്ഷിതമായി കുട്ടപ്പായി ചോദിച്ചു.
കുട്ടപ്പായിയുടെ ചോദ്യത്തിന്റെ ഉലച്ചിലിൽ കഥയിൽ മുഴുകിപ്പോയിരുന്ന, ഏബ്രഹാമും, എബിയും, ഡേവിഡും പുറത്തു വന്നു. ഏബ്രഹാം രണ്ടാമത്തെ സിഗരറ്റ് ചുണ്ടിലേക്ക് വെച്ചു.

തീർച്ചയായും.
ഡേവിഡ് കുട്ടപ്പായിയോട് പറഞ്ഞു.
ഇതൊരു പ്രൊഫഷണൽ കവർച്ചയാണെന്ന് ഏബ്രാച്ചൻ ആദ്യമേ പറഞ്ഞതാണ്. ആ നിലയ്ക്ക് വസ്തുതകളെല്ലാം തന്നെ തികച്ചും പ്രൊഫഷണലായിരിക്കണം. ഒരോ സംഭവങ്ങളും യുക്തിസഹമായിരിക്കണം.

അല്ല ഞാൻ ചോദിച്ചെന്നേയുള്ളു. കഥ തുടരട്ടെ.
കുട്ടപ്പായിയും ഒരു സിഗരറ്റിനു തീ കൊളുത്തി.

ഈ നഗര സഭാ ബിൾഡിങ്ങിന്റെ താഴെ ഇടത് വശത്തായാണ് കോർപ്പറേഷൻ ബാങ്ക്.
അത് പറഞ്ഞ് കൊണ്ട് A, B യേയും Cയേയും മാറിമാറി നോക്കി.
Bയും Cയും Aപറയുന്നത് സാകൂതം ശ്രദ്ധിച്ചിരിക്കുകയായിരുന്നു.
A തുടർന്നു.
നാളെ വൈകുന്നേരം നമ്മൾ ഈ സ്ഥലം നേരിൽ സന്ദർശിക്കുന്നുണ്ട് അപ്പോൾ നിങ്ങൾക്ക് കാര്യങ്ങൾ കുറച്ചു കൂടി വ്യക്തമാകും.

നഗരസഭാ കെട്ടിടത്തിന്റെ ഒരു ഭൂമിശാസ്ത്രം എങ്ങനെയാണ്?
C ചോദിച്ചു.

A മാപ്പിലേക്ക് ആഴ്ന്നു.
ബാങ്കിന്റെ വലതു വശം നഗരസഭാ ബിൽഡിങ്ങിന്റെ അറ്റം തന്നെയാണ്. ബാങ്കിന്റെ പിൻ ഭാഗത്താണ് ലോക്കർ റൂം. ബാങ്കിനു വലതു ചേർന്ന് ഒരു ഓവു ചാൽ പോകുന്നുണ്ട്. ഒരാൾക്ക് നിൽക്കാൻ മാത്രം ആഴമുള്ള, ഇപ്പോൾ ഉപയോഗ ശൂന്യമായ ഒന്നാണ് ഈ ഓവു ചാൽ.

ഈ ഓവുചാൽ വഴിയാണോ നമ്മൾ തുരന്ന് കയറുന്നത്?
B ചോദിച്ചു.

അതെ.
A പറഞ്ഞു.
ഓവുചാലിന്റെ ബാങ്കിനു പിൻവശത്തോട് ചേർന്ന അറ്റത്ത്, തറ തുരന്നു കഴിഞ്ഞാൽ നമുക്ക് നേരേ ലോക്കർ റൂമിൽ കടക്കാനാവും.

അപ്പോൾ എബി ചോദിച്ചു.
ആ ഓവു ചാൽ ഉപയോഗ ശൂന്യമാണെന്നതും, ഒരാൾക്ക് നിവർന്ന് നിൽക്കാൻ പാകത്തിലുള്ളതാനെന്നും A എങ്ങനെ ഉറപ്പിച്ചു?

മൂന്നാമത്തെ ഗ്ലാസ് മൂന്നാമതും സിപ്പ് ചെയ്ത് കൊണ്ട് ഏബ്രാച്ചൻ ചിരിച്ചു.
A അതി സമർഥനാണെന്ന് ഞാൻ ആദ്യമേ പറഞ്ഞു കഴിഞ്ഞു. ഒപ്പം അയാളത് വിശദീകരിക്കാൻ പോകുന്നതേയുള്ളു...

ശരി എങ്കിൽ കഥ തുടർന്നോളൂ.
മുൻപിലെ പാത്രത്തിലെ വേവിച്ച കപ്പയുടെ ഒരു കഷണം കോഴിക്കറിയിൽ മുക്കി നാവിലേക്ക് വെച്ചു കൊണ്ട് ഡേവിഡ് പ്രസ്ഥാവിച്ചു.

A തന്റെ കൂട്ടാളികളോട് തുടർന്നു.
ഈ കോർപ്പറേഷൻ ബാങ്ക് സ്ഥിതി ചെയ്യുന്ന നഗര സഭാ കെട്ടിടത്തിന്റെ കോമ്പൗണ്ടിന് തൊട്ടരികിലുള്ള വീടിന്റെ രണ്ടാം നിലയിലാണ് ഞാനിപ്പോൾ താമസിച്ചു കൊണ്ടിരിക്കുന്നത്. മൂന്നു മാസമായിട്ട് ഞാൻ അവിടെയുണ്ട്. പല രാത്രികളിലും ഏറെ നിരീഷണങ്ങളും അപഗ്രഥനങ്ങളും നടത്തുകയുണ്ടായി. കഴിഞ്ഞ ആഴ്ച്ച ഞാനൊരു സൂത്രപ്പണി ഒപ്പിക്കുകയും ചെയ്തു.

എന്തായിരുന്നു അത്?
പെട്ടന്ന് C ഉദ്വേഗഭരിതനായി.

തന്റെ ഇടതു ചെവിയ്ക്കുള്ളിൽ വിരൽ കടത്തി ചൊറിഞ്ഞു കൊണ്ട് A പറഞ്ഞു.
ഞാൻ നഗരത്തിലെ ഒരു ഷോപ്പിങ്ങ് മാളിൽ നിന്നും ഒരു മൊബൈൽ ഫോൺ മോഷ്ടിക്കുകയുണ്ടായി. ഈ ഫോണിൽ ഞാൻ, രാത്രി ഒരു മണിയ്ക്കുള്ള അലാറം സെറ്റ് ചെയ്ത് വെയ്ക്കുകയുണ്ടായി. എന്നിട്ട് ഒരു ചെറിയ സ്പീക്കറുമായി ഈ ഫോൺ കണക്ട് ചെയ്തു. ഇത് രണ്ടും ഒരു ബോക്സിനുള്ളിൽ ഉറപ്പിച്ച് മറ്റൊരു മെറ്റൽ ബോക്സിനുള്ളിലാക്കി ഞാനാ ബാങ്കിന്റെ ലോക്കറിൽ വച്ചു പൂട്ടിയിട്ടുണ്ട്.

ബാങ്ക് ലോക്കറിൽ...
B അർദ്ധോക്തിയിൽ നിർത്തി.
കോർപ്പറേഷൻ ബാങ്കിൽ ഞാൻ ഒരു അക്കൗണ്ട് എടുത്തിരുന്നു. ഈ സംഭവത്തിനു മുൻപും ഒരു തവണ ഞാൻ ലോക്കർ റൂമിൽ കയറിയിട്ടുണ്ട്. അത് പക്ഷേ എന്റെ ഒരു മോതിരം വെച്ച് പൂട്ടാനായിരുന്നു എന്നു മാത്രം.

അതൊക്കെ സമതിച്ചു. പക്ഷേ ഈ മൊബൈൽ ഫോണിൽ അലാറം വച്ചത്തിന്റെ ഉദ്ധേശം വ്യക്തമായില്ല...
C സംശയത്തോടെ A യെ ഉറ്റു നോക്കി.

ലോക്കർ റൂമിൽ അലാറം സെറ്റ് ചെയ്ത മൊബൈൽ ഫോൺ വച്ചതിനു ശേഷം തുടർന്നുള്ള രാത്രികളിൽ ഞാനെന്റെ രണ്ടാം നിലയിലെ മുറിയിലിരുന്നു ബാങ്കിനെ നിരീക്ഷിച്ചു. അതായത് രാത്രികളിൽ ഈ അലാറം മുഴങ്ങും. സ്പീക്കറിലൂടെ അതിന്റെ ശബ്ദം ലോക്കർ റൂമിനുള്ളിൽ ഉച്ചത്തിൽ മുഴങ്ങും. അസ്വഭാവികമായ ഒരു ശബ്ദം വരുമ്പൊൾ ലോക്കർ റൂമിൽ എന്തെങ്കിലും അപകട സൈറൺ ഉറപ്പിച്ചിട്ടുണ്ടെങ്കിൽ അത് അപായ സിഗ്നൽ നൽകും. ഇനി അങ്ങനെ അല്ലെങ്കിൽ പോലും കുറഞ്ഞ പക്ഷം ലോക്കർ റൂമിലെ മൊബൈൽ അലാറത്തിന്റെ ശബ്ദം, ലോക്കർ റൂമിനു പുറത്ത്, ബാങ്കിന്റെ മുൻ വശത്തെ സെക്യൂരിറ്റി ക്യാബീനിലേക്ക് എത്തുന്നുണ്ടോ എന്നറിയുകയും ചെയ്യാം.

Bയും Cയും Aയുടെ ബുദ്ധികൂർമ്മതയെ പ്രശംസിക്കുന്ന മട്ടിൽ പരസ്പരം നോക്കി ഒരു ചിഒരി കൈമാറി.

ഒട്ടൊരു മൗനത്തിനു ശേഷം A തുടർന്നു.
ഭാഗ്യവശാൽ അലാറത്തിന്റെ ശബ്ദം ലോക്കർ റൂമിന് പുറത്തേക്ക് എത്തുന്നുണ്ടായിരുന്നില്ല. തന്നെയുമല്ല അലാറത്തിന്റെ അപ്രതീക്ഷിത ശബ്ദത്തോട് പ്രതികരിക്കുന്ന പ്രത്യേക സിഗ്നലുകളൊന്നും ലോക്കർ റൂമിനുള്ളിൽ സ്ഥാപിച്ചിരുന്നുമില്ല.
ഇതിലൂടെ, നമ്മൾ ലോക്കർ റൂമിൽ കടക്കുമ്പോഴുണ്ടാകുന്ന ശബ്ദങ്ങളൊന്നും മറ്റാരെങ്കിലും തന്നെ അറിയില്ല എന്നതിരിച്ചറിവാണ് നമുക്ക് നൽകുന്നത്.

അതൊരു ഗംഭീര ഐഡിയ ആയിരുന്നു.
ഡേവിഡ് പറഞ്ഞു.
ഒപ്പം അയാൾ കപ്പയും കോഴിക്കറിയും ചവച്ചു കൊണ്ടിരുന്നു. കുട്ടപ്പായി ത്രില്ലടിച്ച് ഇരിക്കുകയാണ്. എബി നാലാമത്തെ റൗണ്ട് എല്ലാ ഗ്ലാസുകളിലേക്കും പകരുകയായിരുന്നു. മേശയുടെ ചുവട്ടിൽ, ഭിത്തിയോട് ചേർന്ന് രണ്ടാമതൊരു ഫുൾ ബോട്ടിൽ കൂടി, ഇതൊന്ന് തീരട്ടെന്നവണ്ണം അവരെ കാത്തിരിക്കുന്നുണ്ടായിരുന്നു. വലതു കയ്യിലെ ചെറുവിരൽ ഉയർത്തിക്കാട്ടിയിട്ട് മൂത്രമൊഴിക്കാനായി ഏബ്രഹാം എഴുനേറ്റു.

മദ്യപാനം ആരോഗ്യത്തിനു ഹാനികരം
ഡേവിഡ് പറഞ്ഞു.

ഈ മുന്നറിയിപ്പ് നമ്മൾ ഇതുവരെ ഈ കഥയിൽ എവിടെയും നൽകിയിരുന്നില്ല
എബി അനുകൂലിച്ചു.

ഇപ്പോഴാണ് എനിക്ക് സെൻസർ ചെയ്യാനുള്ള സമയം ലഭിച്ചത്. എല്ലാവരും ഇതൊരു ആരോഗ്യപരമായ മുന്നറിയിപ്പായി എടുക്കണം.

സിഗരറ്റ് വലിയേയും ഉൾപ്പെടുത്തണം.
കുട്ടപ്പായി തന്റെ കയ്യിലുള്ള സിഗരറ്റ് പഞ്ഞിയോളം കത്തി തീർന്നത് അറിഞ്ഞില്ലായിരുന്നു.
ഈ നഗരത്തിനിതെന്തു പറ്റി? എല്ലായിടത്തും പുക. എല്ലായിടത്തും ചാരം...
കുട്ടപ്പായി അടുത്ത സിഗരറ്റിനായി പാക്കറ്റ് തപ്പവേ തീയേറ്റർ സ്ലൈഡിലെ ആ ശബ്ദം അനുകരിച്ചു.

അപ്പോഴേക്കും ഏബ്രഹാം മടങ്ങി വന്ന് അയാളുടെ കസേരയിലേക്ക് ചാഞ്ഞു. വീണ്ടും അവർ കഥയിലേക്ക് കടന്നു.

രണ്ടാം ഭാഗം
_____________
കൊച്ചിയിലെ ലോഡ്ജിൽ കൂടിക്കാഴ്ച്ച നടന്നതിനു തൊട്ടടുത്ത ദിനം അവർ മൂവരും ചേർന്ന് മാക്കൊണ്ട നഗരം സന്ദർശിച്ചു. നഗരത്തിലെ ബസ് സ്റ്റാൻഡിൽ നിന്നും വൺ വേ വഴി പോകുന്ന പ്രൈവറ്റ് ബസ്സിൽ കയറിയാണ് അവർ മൂവരും ബാങ്കിനെ ചുറ്റിയത്. മൂന്നു തവണ അവരങ്ങനെ ചെയ്യുകയുണ്ടായി. സ്വകാര്യ വാഹനങ്ങൾ ഉപയാഗിക്കാതിരുന്നത് ബോധ പൂർവ്വമായിരുന്നു. സമീപ കാലത്തായി ഒട്ടുമിക്ക കടകളുടേയും മുൻപിൽ സിസി ക്യാമറ വച്ചിട്ടുണ്ടായിരുന്നു. എന്തെങ്കിലും തരത്തിലുള്ള കുറ്റകൃത്യം നടന്നതിനു ശേഷം പോലീസുകാർ പ്രതികളെ പൊക്കിയിരുന്നത് കുറ്റകൃത്യം നടന്നിരുന്ന പ്രദേശത്തിനു സമീപം കടന്നു പോയ വാഹനങ്ങൾ, വ്യക്തികൾ എന്നിവയുടെ സിസി ക്യാമറ ദൃശ്യങ്ങളിലൂടെയായിരുന്നു. കവർച്ച ചെയ്യുന്നത് പിടിക്കപ്പെടാൻ അല്ല എന്ന കവർച്ചക്കാരുടെ പൊതു ബോധം അവരെ ശക്തമായി ഭരിച്ചിരുന്നു.

നഗരത്തിൽ നിന്നൊഴിഞ്ഞ്, ഒരു പെട്ടിക്കടയ്ക്ക് സമീപം സിഗരറ്റ് പുകച്ചു കൊണ്ട് നിൽക്കവേ മാക്കൊണ്ടയുടെ ഭൂപ്രദേശത്തേക്കുറിച്ച് ഒരു അവബോധമുണ്ടായോ എന്ന് A തന്റെ കൂട്ടാളികളോട് ചോദിച്ചു.
സമർഥരായിരുന്നു അവർ.
മൂന്നു തവണത്തെ വൺ വേ പ്രദക്ഷീണത്തിൽ കൂട്ടാളികൾ ഇരുവരും ഇരുവരും A-യേപ്പോലെ ആ നഗരത്തേക്കുറിച്ച് അവബോധമുള്ളവരായി മാറിയിരുന്നു.

A തന്റെ സുഹൃത്തുക്കളെ നഗരസഭാ കെട്ടിടത്തിനു പിന്നിലെ ഒരു വഴിയിലേക്ക് പിന്നീട് നയിക്കുകയുണ്ടായി. അത് ഒരു ഒഴിഞ്ഞ പുരയിടമായിരുന്നു. പോലീസ് സ്റ്റേഷനിൽ പിടിച്ചെടുക്കപ്പെടുന്ന വണ്ടികൾ, പിന്നീട് നൂലാമാലകളിൽ പെട്ട് അവകാശികൾ അന്വേഷിക്കാതെ വരുമ്പോൾ, കൊണ്ടു തള്ളുന്ന ഒരിടമായിരുന്നു അത്.

A തന്റെ കൂട്ടാളികളോട് പറഞ്ഞു
ബാങ്കിൽ നിന്ന് മോഷണം കഴിഞ്ഞാൽ, ഓവു ചാൽ വഴിതന്നെ പുറത്തെത്തുന്ന നമ്മൾ, നേരേ നഗര സഭാ കോമ്പൗണ്ടിന്റെ മതിൽക്കെട്ട് ചാടിക്കടന്ന് ഈ ഉപയോഗശൂന്യമായ വാഹനങ്ങളുടെ ശവപ്പറമ്പിലേക്കാണ് വന്നു കയറുന്നത്. ഈ തുരുമ്പിച്ച വാഹനഗ്ങൾക്കിടയിൽ, പുറം ലോകം ശ്രദ്ധിക്കാത്ത വിധം മറച്ച് വെച്ചിരിക്കുന്ന, വളരെ പഴഞ്ചനെന്ന് തോന്നിപ്പിക്കുന്ന നമ്മുടെ വാടക വണ്ടിയിൽ നാം പുറത്തേക്ക് ഓടിച്ചു പോകുന്നു. അതാണ് പ്ലാൻ.

അങ്ങനെയൊരു പഴഞ്ചൻ വാഹനം നമുക്ക് കണ്ടുപിടിക്കേണ്ടേ?
B ചോദിച്ചു

കഴിഞ്ഞ ദിവസം, രണ്ടു മാസത്തേക്ക് വേണ്ടുന്നവിധത്തിൽ ഒരു മാരുതി 800 കാർ സമീപ ജില്ലയിൽ നിന്ന് ഞാൻ വാടകയ്ക്ക് എടുത്തിരുന്നു. മോഷ്ടിക്കപ്പെടുന്ന കാറുകൾ രൂപം മാറ്റി വാടകയ്ക്ക് നൽകുന്ന ഒരു കൂട്ടരാണവർ.
A പറയുകയുണ്ടായി.
വളരെ പഴഞ്ചനാണത്. ഒറ്റ കാഴ്ച്ചയ്ക്ക്, അധികാരികൾ റെയ്ഡ് ചെയ്ത് - വിട്ടുകൊടുക്കാതെ വച്ചിരിക്കുന്ന ഇപ്പോൾ ആക്രിവാഹനങ്ങൾ പോലെ തോന്നും വിധം ഞാനതിനെ മാറ്റി എടുത്തിട്ടുണ്ട്. പെയിന്റെല്ലാം ചുരണ്ടി കളഞ്ഞു. ആ വാഹനത്തിന്റെ നമ്പർ പ്ലേറ്റും ഞാൻ തിരുത്തിയിട്ടുണ്ട്. ഇനി നാം ഒരിക്കലും ആ വാഹനം തിരികെ നൽകാൻ പോകുന്നില്ലല്ലോ...

അതേപോലെ,
സിഗരറ്റ് കുറ്റി താഴേക്കിട്ട് അടുത്തതിന് തിരി കൊളുത്തിക്കൊണ്ട് A തുടർന്നു.
കവർച്ച നമ്മൾ നടത്തുന്ന പകൽ നാം ഇവിടെ ഉണ്ടാവില്ല. രാത്രി, നാം തിരിച്ചെത്തും. ബാങ്കിലേക്ക് പ്രവേശിക്കുന്നത് ആക്രിവാഹനങ്ങൾ കിടക്കുന്ന ആ ഒഴിഞ്ഞ പറമ്പിലൂടെയാവും. കവർച്ചയ്ക്ക് ശേഷം നേരേ നാം കോമ്പൗണ്ട് മതിൽ ചാടിക്കടന്ന് നമ്മുടെ വാഹത്തിലെത്തുന്നു. അത് ഓടിച്ച് നേരേ നമ്മൾ പോകുന്നത് പത്തനം തിട്ടയ്ക്കായിരിക്കും. അവിടെ വനത്തിനുള്ളിൽ വാഹനം ഉപേക്ഷിച്ച് നാം മറ്റൊരു വാഹനത്തിൽ തുടർ യാത്ര ചെയ്യും. എരുമേലിയിൽ വനത്തിനുള്ളിൽ എന്റെ വാഹനം നമ്മെ കാത്തു കിടപ്പുണ്ട്.

ഇപ്പോൾ B യ്ക്കും C യ്ക്കും പലപ്പോഴായി തോന്നിയിരുന്ന മിച്ചമുള്ള സംശയങ്ങളും മാറിക്കഴിഞ്ഞിരുന്നു.
A തുടർന്നു.
കവർച്ചയ്ക്ക് വേണ്ടുന്ന ആയുധങ്ങളെല്ലാം തന്നെ ഞാൻ കഴിഞ്ഞ ദിവസങ്ങളിലായി സംഘടിപ്പിച്ചിട്ടുണ്ട്. ഒപ്പം പണം ഉൾപ്പെടെ ബാങ്കിൽ നിന്ന് ലഭിക്കാവുന്ന വിലപിടിച്ചവ നിറയ്ക്കാനുള്ള ബാഗുകളും മുന്നമേ കരുതിയിരിക്കുന്നു. അതൊന്നുമോർത്ത് നിങ്ങൾ വിഷമിക്കണ്ട.

പിന്നൊരു കാര്യം.
A സിഗരറ്റ് കുറ്റി താഴേക്കിട്ടു.
കവർച്ച ചെയ്യുന്ന ദിവസം മുൻപെല്ലായ്പ്പോഴുമെന്നതു പോലെ നമ്മളാരും മദ്യപിക്കില്ല. ഇന്ന് ഇവിടെ വെച്ച് പിരിയുന്ന നാം ഓപ്പറേഷൻ നിശ്ചയിച്ചിരിക്കുന്നതിനു തലേന്ന് വരെ കടുത്ത വ്യായാമ മുറകളിൽ ഏർപ്പെടേണ്ടതുണ്ട്. കാരണം വിശ്രമമില്ലാത്ത ഒരു രാത്രിയാണ് നമ്മെ കാത്തിരിക്കുന്നത്. അലസത നമ്മുടെ ശരീരത്തെ ആയാസപ്പെടുത്തും. കഠിനമായി നമുക്ക് ആ രാത്രിയിൽ പണിയെടുക്കാനാവില്ല.

Bയും Cയും അതിനോട് യോജിക്കുകയുണ്ടായി.
അന്ന് അവർ മൂന്നായി പിരിയാൻ നേരത്ത് A ഓർമ്മിപ്പിച്ചു.
ഓപ്പറേഷൻ ഡേറ്റ് ഞാൻ വഴിയേ അറിയിക്കാം. പറഞ്ഞ പടി എല്ലാത്തിനും വേണ്ടി ശാരീരികമായും മാനസികമായും തയ്യാറാവുക. കാരണം നമ്മുടെ സമീപനം തികച്ചും പ്രൊഫഷണൽ ആണ്.

മൂന്നാം ഭാഗം
_____________
ഏബ്രഹാം ചോദിച്ചു.
രണ്ടാം ഭാഗം അവസാനിച്ചപ്പോൾ നിങ്ങൾക്ക് കാര്യമായ സംശയങ്ങളില്ലാത്തത് നല്ല വീലായതിന്റെ ലക്ഷണമാണോ?

യുക്തിരാഹിത്യം എന്നൊന്ന് ഞാനിതുവരെ കണ്ടില്ല..
ഡേവിഡ് കൈ ഉയർത്തി ഫേസ്ബുക്കിലെ ലൈക്ക് ചിഹ്നം അനുകരിച്ചു.

അതേ. അതുകൊണ്ട് സംശയങ്ങൾക്ക് എന്തെങ്കിലും സാധ്യതയോ, ചോദ്യങ്ങൾക്ക് പ്രസക്തിയോ ഇല്ലായിരുന്നു.
എബി അനുകൂലിച്ചു.

ഇടയ്ക്ക് തോന്നിയ ചില ചോദ്യങ്ങൾ ഇപ്പോൾ ഓർമ്മയിൽ വരുന്നില്ല.
കുട്ടപ്പായി തമാശരൂപേണ കണ്ണിറുക്കി ചിരിച്ചു..

എങ്കിൽ നാം ക്ലൈമാക്സിലേക്ക് കടക്കാൻ പോകുന്നു.
ഏബ്രഹാം ഗ്ലാസ്സ് ഒറ്റ വലിയ്ക്ക് തീർത്തു.
പിറകേ ഒരു വിരൽ അച്ചാറും വായിലേക്ക് ചെന്നു.

അന്ന് ഡിസംബർ 25 ആയിരുന്നു.
ഏബ്രാച്ചൻ കഥയിലേക്ക് ആഴ്ന്നു.
ക്രിസ്മസ്സ് രാവ്. ഉണ്ണിയേശുവിന്റെ തിരു ജനനത്തിന്റെ ഉന്മാദത്താൽ ലോകം ആലസ്യം പൂണ്ടുറങ്ങുന്ന രാവ്.

Aയും Bയും Cയും വിഭാവനം ചെയ്ത കോർപ്പറേഷൻ ബാങ്ക് കവർച്ച, രൂപീകരിയ്ക്കപ്പെടുകയായിരുന്നു അന്ന്. മുന്നൊരുക്കങ്ങൾ കടുകിട തെറ്റിക്കാത്ത വിധം അവർ കാര്യങ്ങൾ ഒന്നൊന്നായി ചെയ്തു.

ഇരുപത്തിയഞ്ചാം തീയതി പകൽ സമയം Aയും Bയും Cയും ചേർന്ന് അടുത്ത നഗരത്തിൽ ഒരു സെക്കന്റ് ഷോ സിനിമ കാണുകയുണ്ടായി. രാത്രി അവർ തട്ടു കടയിൽ നിന്നും ഭക്ഷണം കഴിച്ചു. രാത്രി നന്നായി ഇരുണ്ടതോടെ അവർ മൂവരും മാക്കൊണ്ട നഗരത്തിലേക്ക് പ്രവേശിച്ചു.

നഗരത്തിലെ ഇരുണ്ട വശത്തിലൂടെ നടന്ന് അവർ നഗരസഭാ കെട്ടിടത്തിനു പിന്നിലുള്ള ഉപയോഗ ശൂന്യമായ വാഹനങ്ങൾ തള്ളിയ പറമ്പിലേക്ക് കടന്നു. ആരും തങ്ങളെ നിരീക്ഷിക്കുകയോ പിന്തുടരുകയോ ചെയ്യുന്നില്ല എന്ന് അവർ ഒരോ നിമിഷവും ഉറപ്പിച്ചു.

A വാടകയ്ക്കെടുക്കുകയും, രൂപ മാറ്റത്തിനു വിധേയമാക്കുകയും ചെയ്ത വളരെ പഴയ കാർ അനേകം തുരുമ്പിച്ച കാറുകൾക്കിടയിൽ കിടപ്പുണ്ടായിരുന്നു. ഡ്രില്ലിങ് മെഷീൻ, തരാതരം കമ്പിപ്പാരകൾ, ബാഗുകൾ, പെൻ ടോർച്ചുകൾ എന്നിങ്ങനെ ഒരു തുരങ്കമുണ്ടാക്കി, കവർച്ച ചെയ്യാൻ വേണ്ടുന്ന എല്ലാ വസ്തുക്കളും അതിനുള്ളിൽ A പൂഴ്ത്തി വച്ചിരുന്നു.
അവർ അതുമായി നഗരസഭാ കോമ്പൗണ്ടിന്റെ മതിൽക്കെട്ട് ചാടിക്കടന്നു. അപ്പോൾ സമയം 11 PM ആയിരുന്നു.

ബാങ്കിന്റെ പിൻഭാഗത്തോടടുത്ത്, വലതു വശത്തെ ഓവുചാലിന്റെ സ്ലാബ് ഇളക്കി മാറ്റിയിട്ട് മൂവരും തങ്ങളുടെ പണിയായുധങ്ങളുമായി അതിനുള്ളിലേക്ക് ഇറങ്ങി. മൂവരും ഇറങ്ങിയതിനു ശേഷം അതിനുള്ളിൽ നിന്നുകൊണ്ട് സ്ലാബ് - അത് അൽപ്പം ബുദ്ധിമുട്ടായിരുന്നെങ്കിൽ പോലും - പഴയ പടി വയ്ക്കുകയുണ്ടായി.

ബാങ്കിനു മുൻ വശത്ത്, എ ടി എം കൗണ്ടറിനുള്ളിൽ, ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നതും, നാളെ തന്റെ പണി തെറിയ്ക്കാൻ പോകുന്നതുമായ ഞെട്ടിക്കുന്ന സംഭവത്തേക്കുറിച്ച്, യാതൊരു ആകുലതകളുമില്ലാതെ ഒരു ശിശുവിനേപ്പോലെ ഉറങ്ങിക്കൊണ്ടിരുന്നു.

ഓവുചാലിനുള്ളിൽ നിന്ന് അവർ തുരങ്കം നിർമ്മിക്കാൻ തുടങ്ങി.
വളരെ ആയാസകരവും, അത്യദ്ധ്വാനം വേണ്ടുന്നതുമായ ഒരു പണിയായിരുന്നു അത്.
ലോക്കർ റൂം ലക്ഷ്യമാക്കി പതിനൊന്നരയോടെ ആരംഭിച്ച തുരങ്ക നിർമാണം ഏകദേശം രണ്ടരയോടു കൂടി പൂർത്തിയായി.
മൂന്നു മണിക്കൂറോളം അവർ വിശ്രമമില്ലാതെ പ്രവർത്തിക്കുകയായിരുന്നു. രണ്ടേ മുക്കാലായപ്പോൾ അവർക്ക് മുൻപിൽ അവസാനത്തെ മണ്ണും അടർന്നു വീണു. ലോക്കർ റൂമിന്റെ വശ്യത നക്ഷത്രം പോലെ തിളങ്ങി.

സ്വപ്ന ലോകത്തെന്നത് പോലെ അവർ ലോക്കർ റൂമിന്റെ തറയിലെ ദ്വാരത്തിലൂടെ അതിനുള്ളിലേക്ക് നൂണ്ടു കയറി. മൊബൈൽ അലാറം വച്ചുള്ള പരീക്ഷണത്തോടെ അവർ ഉറപ്പിച്ചിരുന്നത് പോലെ, തുരങ്കമുണ്ടാക്കി അവർ ലോക്കറിനുള്ളിൽ പ്രവേശിച്ചപ്പോഴും അസ്വഭാവികമായ ഒരു അപകട സിഗ്നലും അതിനുള്ളിൽ മുഴങ്ങുകയുണ്ടായില്ല.

സമയം കളയാതെ മൂവരും ഡ്രില്ലറുകളുപയോഗിച്ച് ലോക്കറുകൾ കുത്തി തുറക്കാൻ ആരംഭിച്ചു. പൊളിഞ്ഞു വീഴുന്ന ലോക്കർ കബോഡുകൾക്കുള്ളിൽ നിന്നും പണവും സ്വർണാഭരണങ്ങളും അവർ ബാഗുകളിലേക്ക് വാരി വാരി നിറച്ചു. ഏകദേശം മൂന്നേ മുക്കാലായപ്പോഴേക്കും Aയും Bയും Cയും അവരുടെ കവർച്ച അതിന്റെ എല്ലാ അർഥത്തിലും പൂർത്തീകരിച്ചു. ബാങ്ക് ലോക്കർ റൂമിൽ ഇനി മിച്ചമൊന്നും ഇല്ലാത്ത വിധം.

തിരികെ തുരങ്കത്തിലൂടെ, ഓവു ചാലിലൂടെ പുറത്തിറങ്ങിയ അവർ, സ്ലാബ് പഴയ പടി തെന്നിച്ച് നീക്കിയിട്ട് പുറത്തിറങ്ങി. നാലു വലിയ ബാഗുകളിൽ പണം മാത്രമുണ്ടായിരുന്നു. ഒപ്പം പണിയായുധങ്ങളും. തങ്ങളുടേതായ ഏതെങ്കിലും വസ്തു വകകൾ ലോക്കർ റൂമിലോ, തുരങ്കത്തിലോ കെട്ടിടത്തിനു പരിസരത്തോ അബദ്ധത്തിൽ പോലും നഷ്ടപ്പെട്ടിട്ടില്ല എന്ന് അവർ ഉറപ്പാക്കിയിരുന്നു.

നഗരസഭാ കോമ്പൗണ്ട് മതിൽ ചാടിക്കടന്ന് അവർ തങ്ങളുടെ കൊള്ള മുതലുകളുമായി ആക്രി വാഹനങ്ങൾ നിരത്തിയിട്ടിരിക്കുന്ന കാടു പിടിച്ച പ്രദേശത്തേക്ക് കയറി.
ഇരുളിൽ തുരുമ്പിച്ച വാഹങ്ങൾക്കിടയിൽ അദൃശ്യമാം വണ്ണം നിന്നിരുന്ന തങ്ങളുടെ വാടക കാറിലേക്ക് അവർ കൊള്ളമുതലുകളും, സാധന സാമഗ്രികളും കയറ്റി വെച്ചു. കാര്യങ്ങൾക്കൊന്നിനും ആവശ്യത്തിലേറെ തിടുക്കം കാട്ടാതിരിക്കാനും, സാവധാനമെന്ന വണ്ണം പ്രവർത്തിക്കാനും അവർ ആസമയങ്ങളിൽ പ്രത്യേകം ശ്രമിച്ചിരുന്നു.

ഹെഡ് ലൈറ്റ് പ്രകാശിപ്പിക്കാതെ തന്നെ വാഹനം സ്റ്റാർട്ട് ചെയ്ത് പതിയെ തിരിച്ച് അവർ നിരത്തിലേക്ക് ഇറങ്ങി.വാഹനം മറ്റൊരു ഊടു വഴിയിലൂടെ പത്തനം തിട്ടയിലേക്കുള്ള പാത ലക്ഷ്യമാക്കി കുതിച്ചു. എരുമേലിയിലെ വനപാതയിൽ നിന്ന് കാടിനുള്ളിലായി അവർ ആ കാർ ഉപേക്ഷിച്ചു. എന്നിട്ട് അതിനൽപ്പം അകലെയായി ഇലപ്പടർപ്പുകൾക്കിടയിൽ നിർത്തിയിട്ടിരുന്ന A യുടെ മറ്റൊരു കാറിൽ കയറി അവർ യാത്ര തുടർന്നു.

പിറ്റേന്ന് കാലത്ത് ബാങ്ക് തുറന്ന ഉദ്ധ്യോഗസ്ഥർ നടുങ്ങിപ്പോയി.
അധികം താമസിയാതെ പോലീസ് എത്തുകയുണ്ടായി.
അന്വേഷണം, ഡോഗ് സ്വാഡ്, പ്രതികളെന്ന് സംശയം തൊന്നിപ്പിക്കുന്ന എല്ലാവരേയും ചോദ്യം ചെയ്യുക തുടങ്ങിയ പതിവു കലാപരിപാടികളുണ്ടായി...
ഏബ്രഹാം കഥ പറഞ്ഞു നിർത്തി.

രണ്ടാമത്തെ കുപ്പിയിലെ ആദ്യ റൗണ്ട് ഒഴിക്കൽ കൂടി പൂർണമാവുകയായിരുന്നു അപ്പോൾ..

സംഭ്രമജനകവും ഉദ്വേഗ ഭരിതവും.
ഡേവിഡ് പ്രസ്താവിച്ചു.

ഈ കഥയിൽ സംഭ്രമജനകത ഇല്ല എന്നു തന്നെ പറയാം. നിങ്ങൾ ഉദ്വേഗഭരിതരായെങ്കിൽ ഞാനെന്നോട് തന്നെ കടപ്പെട്ടിരിക്കുന്നു.
ഏബ്രഹാം പറഞ്ഞു. അയാളുടെ നാവ് ഇപ്പോൾ കുഴയാൻ തുടങ്ങിയിരിക്കുന്നു.

ഇത് വെറും കഥ മാത്രമോ, അതോ ശരിക്കും നടന്നതോ?
കുട്ടപ്പായി ചോദിച്ചു. അയാൾക്ക് വായിൽ നിന്ന് എക്കിളും ഈമ്പക്കവും വരുന്നുണ്ടായിരുന്നു.

അതിനേക്കുറിച്ച് ഞാനെന്ത് പറയാനാണ്? നിങ്ങൾക്ക് ഇഷ്ടമുള്ളത് പോലെ തീരുമാനിക്കാം. ശ്രോതാവിന്, വായനക്കാരന് അതിനുള്ള സ്വാതന്ത്ര്യമുണ്ട്.
ഏബ്രഹാം പറഞ്ഞു.
ഒപ്പം ഇത്രയും കൂടി -
കുട്ടപ്പായീ നീ വാള് വെയ്ക്കുമെന്ന് തോന്നുന്നു...

കുട്ടപ്പായി അപ്പോഴേക്കും തറയിലേക്ക് കമിഴ്ന്ന് കിടന്നിരുന്നു.

ആന്റി ക്ലൈമാക്സ് വല്ലതുമുണ്ടായോ?
എബി ചോദിച്ചു.
അതായത് നമ്മുടെ കവർച്ചക്കാർ പിന്നീട് പിടിക്കപ്പെടുകയുണ്ടായോ?

ഇല്ല. ഒരിയ്ക്കലും അവർ പിടിയിലായില്ല. വളരെ പ്രൊഫഷണൽ ആയിരുന്നു അവരുടെ സമീപനം. പൊലീസിന് നംബർ പ്ലേറ്റും, പെയിന്റും മാറ്റിയ വാടക കാറിലേക്ക് കഷ്ടിച്ച് എത്താൻ പോലും കഴിഞ്ഞില്ല എന്നതാണ് ഇതിന്റെ ആന്റി ക്ലൈമാക്സ്.

അപ്പോൾ വാടകയ്ക്ക് നൽകിയ കാർ മിസ്സിങ്ങ് ആയതിനേപ്പറ്റി കാർ ഉടമ ഒരു പോലീസ് സ്റ്റേഷനിലും കമ്പ്ലയിന്റ് നൽകിയില്ലേ? അയാൾ അത് അന്വേഷിച്ച് ഇറങ്ങിയില്ലേ?
ഡേവിഡ് ചോദിച്ചു.

ഇല്ല. കാരണം അയാൾ Aയ്ക്ക്, വാടകയ്ക്ക് നൽകിയിരുന്ന കാറ് മോഷ്ടിക്കപ്പെട്ട് എത്തിയിരുന്നവയായിരുന്നു. അങ്ങനെയുള്ള ഒരാൾ തന്റെ കാർ മോഷണം പോയെന്ന് ഒരിക്കലും പരാതിപ്പെടില്ലല്ലോ.

ശരി. ഇനിയെങ്കിലും ഏബ്രാച്ചൻ പറയൂ, A യുടേയും, B യുടേയും, Cയുടേയും ശരിയ്ക്കുള്ള പേരുകൾ എന്താണ്?
എബി പുതിയൊരു ചോദ്യം എറിഞ്ഞു.

അവർക്ക് പേരുകൾ ഇല്ല.
ദാസപ്പാപ്പി ഒരു സിഗരട്ടിന് തീ കൊളുത്തി.
ഈ കഥയിൽ ഇതുവരെ പറയപ്പെടാത്ത പേരുകൾക്ക്, കഥയ്ക്ക് ശേഷം എന്ത് കാര്യം?

അൽപ്പ നേരം അവിടൊരു നിശബ്ദത പടർന്നു.
അത് ഭംഗിച്ച് കൊണ്ട് എബിയും ഡേവിഡും തുറന്ന ചിരിയോടെ ഒരു കയ്യടി പാസാക്കി. മനോഹരവും ത്രില്ലിങ്ങ് നിറഞ്ഞതുമായ ഒരു രാവ് ഒരുക്കിയ ഏബ്രഹാമിനുള്ള ആദരസൂചകമായിരുന്നു ആ കയ്യടി.

അടുത്ത മാസവും ഏബ്രാച്ചൻ ഇതുപോലൊരു കഥ പറയണം.
കമിഴ്ന്ന് കിടക്കുന്ന കിടപ്പിൽ അവ്യക്തമായ ഉച്ചാരണത്തോടെ കുട്ടപ്പായി പുലമ്പി.
നല്ല ത്രില്ലും, സസ്പെൻസുമൊക്കെയുള്ള ഒരു കഥ..

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ