ഗ്രെയ്സ് മേരി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഗ്രെയ്സ് മേരി എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തിങ്കളാഴ്‌ച, ഒക്‌ടോബർ 17, 2011

വാച്ച് ആന്റ് വാര്‍ഡ് മത്തുക്കുട്ടി

കാലങ്ങള്‍ക്കു മുന്‍പ് മാത്തുക്കുട്ടി ഒരു വാച്ച് ആന്റ് വാര്‍ഡ് ആയിരുന്നു. ഗ്രെയ്സ് മേരിയെ ലൈനടിയ്ക്കുന്ന കാലത്ത് തന്നെയായിരുന്നു മാത്തുക്കുട്ടി ആ പദവിയും വഹിച്ചിരുന്നത്.

മാര്‍ത്ത മറിയം കോളെജിന്റെ തൊട്ടടുത്ത കോമ്പൗണ്ടിലെ ഗവണ്മെന്റ് ഹോസ്പിറ്റലില്‍ രോഗികള്‍ക്ക്  കൂട്ടിരിക്കുന്ന പെണ്‍പിള്ളാരെ  വായ്നോക്കാന്‍ വേണ്ടി ഒരോ വാര്‍ഡിലും
പോയി രഹ്സ്യമായി വാച്ച് ചെയ്യും.

അന്ന് അവന് പേരു വീണു.
വാച്ച് ആന്റ് വാര്‍ഡ്....!

അങ്ങനെയിരിക്കെ ഏതോ പെങ്കൊച്ചിന്റെ തന്തപ്പടി ഹോസ്പിറ്റലില്‍ വെച്ച് മാത്തുക്കുട്ടിയെ ശരിക്കൊന്ന് കൈകാര്യം ചെയ്തു.  അക്കാലത്ത് അതൊരു വല്യ സംഭവമായിരുന്നു.

വാച്ച് ആന്റ് വാര്‍ഡിനെ കയ്യേറ്റം ചെയ്തെന്ന് പിറ്റേന്ന് പത്രപത്രങ്ങളായ പത്രങ്ങളിലൊക്കെ വന്നു.

സംഭവം വല്യ ഇഷ്യൂ ആയിത്തീര്‍ന്നത് പെട്ടന്നായിരുന്നു. മാത്തുക്കുട്ടി തല്ലുകൊണ്ട് ചത്തെന്ന് ഏതോ തെണ്ട് മാര്‍ത്ത മറിയം കോളേജില്‍ അടിച്ചിറക്കിയത് ന്യൂട്ടറിലായിരുന്നു.  മാത്തുക്കുട്ടി ചത്തില്ലെന്ന് മാത്തുക്കുട്ടിയ്ക്ക് മാത്രമേ അന്ന് അറിയാമായിരുന്നുള്ളൂ.

അടി കൊണ്ട് ഒരു മാസം ബെഡ് റെസ്റ്റ് വിധിയ്ക്കപ്പെട്ട് എല്ലു നുറുങ്ങുന്ന വേദനയുമായി കിടക്കവേ അവനെ ഗ്രെയ്സ്മേരിയുടെ ഓര്‍മ്മകള്‍ അലട്ടി. മാര്‍ത്ത മറിയം കോളെജില്‍ പോകുന്നതും പച്ചച്ചുരിദാറിട്ട് വരുന്ന ഗ്രെയ്സ്മേരിയെ വായ്നോക്ക് നിന്ന് സായൂജ്യമടയുന്നതുമൊക്കെ അവനു വല്ലാതെ നഷ്ട്ടമായി. ആയിടയ്ക്കാണ് കൂട്ടുകാരന്‍ വര്‍ഗ്ഗീസ് ആ ഞെട്ടിയ്ക്കുന്ന വാര്‍ത്തയുമായി മാത്തുക്കുട്ടിയെ തേടി എത്തിയത്. മാത്തുക്കുട്ടി ലീവെടുക്കുന്നതിന്റെ കാരണം ബോധിപ്പിച്ചില്ലെങ്കില്‍ റ്റീ.സി. തന്ന് പുരത്താക്കും എന്നൊരു തീരുമാനം മാനേജ്മെന്റ് എടുത്തിട്ടുണ്ടത്രെ. വിവരമറിഞ്ഞ് മാത്തുക്കുട്ടി ഞെട്ടി.

താന്‍ ചത്തിട്ടില്ലെന്നും പെണ്ണു കേസില്‍ പെട്ട് തല്ലു കൊണ്ടതല്ലെന്നും വരുത്തി തീര്‍ക്കേണ്ടത് മാത്തുക്കുട്ടിയുടെ ഏറ്റവും വലിയ ഒരാവശ്യമായി തീര്‍ന്നു. ടീച്ചര്‍ക്കൊരു ലീവ് ലെറ്റര്‍ കൊടുത്താലോ എന്ന ഐഡിയ അന്നേരമാണവനുദിച്ചത്. അടി കൊണ്ട് അവശനായി സ്വന്തം വീടിന്റെ കന്നി മൂലയിലെ മുറിയിലെ കട്ടിലില്‍ കിടന്ന് അവന്‍ ടീച്ചര്‍ക്കൊരു ലീവ് ലെറ്ററെഴുതി.

കത്ത് ഇങ്ങനെയായിരുന്നു-


"കണ്ണിച്ചോരയില്ലാത്ത, കരുണാമയിയായ കത്രീന ടീച്ചര് അറിയുന്നതിന്,

ചില സാങ്കേതിക കാരണങ്ങളാല്‍ കഴിഞ്ഞ രണ്ടാഴ്ച്ച എനിക്ക് ലീവെടുക്കേണ്ടി വന്നു.
ടീച്ചറു ഷമി. ഒരു ചെറിയ അപകടം പറ്റിയതു കൊണ്ടാണ് ഞാന്‍ ലീവെടുത്തത്.

കാരാപ്പുഴയില്‍ നിന്ന് കാക്കോത്തിക്കാവിലേക്ക് കാര്‍ഗില്‍ സിനിമ കാണാന്‍  പോയ ഒരു യാത്രയുടെ കാരമുള്ളു കുത്തുന്ന കാനനാനുഭവം കാരണം എനിക്ക്  കാലിനു വേദനയും, കാലിഡോസ്ക്കോപ്പും ഒരുമിച്ച് പിടിച്ചതു കൊണ്ടാണ് ഞാനീയിടെയൊക്കെ  ലീവായിപ്പോയത്.  അങ്ങനെയാണ് ഞാന്‍ കാതങ്ങള്‍ക്കപ്പുറത്തുള്ള കാലു ചികിത്സാ ക്ലിനിക്കിലേക്ക് പോകാന്‍ തീരുമാനിച്ചത്.  കരുനാഗപ്പള്ളീക്കടലു കടന്ന് കാനാഞ്ചിറയിലേക്ക് പോയാലേ കാലിനു വേദന മാറൂ എന്ന്  കാനായിക്കുഞ്ഞിരാജന്‍ ഡോക്ടറു പറഞ്ഞതനുസരിച്ചാണങ്ങനെ ചെയ്തത്.

കാനായീടെ ക്വാര്‍ട്ടേഴ്സിന്റെ സ്റ്റെപ്പിറങ്ങുമ്പോ ദേ പിന്നേം ഞാന്‍ കിടക്കുന്നു കാറ്റാടി മരത്തിന്റെ മണ്ട പോലെ കല്ല് പാകിയ തറയില്‍. കാലിന്റെ കാതലായ ഭാഗത്തിന് ഉളുക്കം. അതോടെ ഞാന്‍ കാണിപ്പയ്യൂരോട്ടേ പോകുന്നുള്ളു, കാലക്കേട് മാറാനെന്നും പറഞ്ഞ് കൂട്ടുകാരനായ കാദറിന്റെ കാലിബറില്‍ കയറി കാറ്റ് തട്ടാതെ കാട്ടാക്കടയിലേക്ക് വെച്ച് പിടിച്ചു.  ഇത്രയും കടുത്ത തിരക്കുകളും കടുത്ത അസഹ്യതകളും ഈയിടെയായി ഉണ്ടായത് കൊണ്ടാണ് കരളേ, ക്ലാസ്സിന് വരാന്‍ കഴിയാതെ പോയത്.

കത്രീന ടീച്ചറു കലിക്കരുത്. ടീച്ചറുടെ ക്ലാസ്സില്‍ തുടരാന്‍ ഈ കാലമാടനേക്കൂടി അനുവദിക്കണം.
ടീച്ചറിന് ഒരുപാട് ഐ ലവ് യൂ നേര്‍ന്നു കൊണ്ട് ,

സ്വന്തം
മാത്തുക്കുട്ടി
കപ്പ്.
സോറി, ഒപ്പ്."

വര്‍ഗീസ് മുഖേന മാത്തുക്കുട്ടി കത്ത് കോളേജിലേക്ക് കൊടുത്തു വിട്ടു.

വളരെ ഭവ്യതയോടെ മടക്കിയ വെള്ളക്കടലാസുമായി നില്‍ക്കുന്ന വര്‍ഗീസിനെ ഒന്ന് നോക്കിയിട്ട്, ക്ലാസ്സ് ഇന്‍ ചാര്‍ജ്ജ് കത്രീന ടീച്ചര്‍ ആ കടലാസ് വാങ്ങി നിവര്‍ത്തി. ടീച്ചറുടെ മുഖത്ത് വിവിധ ഭാവങ്ങള്‍ മിന്നി മറയുന്നത് വര്‍ഗീസ് സാകൂതം നോക്കി നിന്നു.

സിനിമാ നടി കല്‍പ്പനയേപ്പോലെ ഇരുന്ന ടീച്ചര്‍ പൊടുന്നനെയാണ്  സിനിമാ നടന്‍ കീരിക്കാടന്‍ ജോസിന്റെ ഭാവഹാദികള്‍ മുഖത്ത് ആവാഹിച്ചത്. ഒറ്റ അലര്‍ച്ചയായിരുന്നു കത്രീന ടീച്ചര്‍. അലര്‍ച്ചയുടെ ശക്തിയില്‍  വര്‍ഗ്ഗീസ് കോളെജ് കാന്റീനിന്റെ കിച്ചണില്‍ ചെന്ന് വീണു....

അന്ന് വൈകിട്ട് സസ്പെന്‍ഷന്‍ ഓര്‍ഡര്‍ കയ്യില്‍ കിട്ടി. മാത്തുക്കുട്ടിയ്ക്കും, വര്‍ഗ്ഗീസിനും...

വ്യാഴാഴ്‌ച, ജൂലൈ 14, 2011

ഗ്രെയ്സ് മേരിയ്ക്കൊരു ലവ് ലെറ്റര്‍

സ്‌നേഹം നിറഞ്ഞ ഗ്രെയ്സ് മേരി അറിയുന്നതിന്,
ആദ്യം തന്നെ ഒരപേക്ഷയുണ്ട്.
ഈ കത്ത്‌ ചുമ്മാ എന്കിലും ഒന്ന് വായിച്ചിട്ട് മാത്രമേ കീറി കളയാവൂ. പ്ലീസ്........

ഗ്രെയ്സ് മേരി എന്നെ വെറും കൂതറയായാണോ കാണുന്നത് എന്നൊരു സംശയം ഈയിടെയായി എനിക്ക് തോന്നുന്നുണ്ട്. അതെന്റെ കുഴപ്പമാണോ അതോ ഇനി ഗ്രെയ്സ് മേരിയുടെ നോട്ടത്തിന്റെ കുഴപ്പമാണോ എന്ന് എനിക്കങ്ങോട്ട് മനസിലാകുന്നില്ല. പക്ഷേ ഗ്രെയ്സ് മേരി ഒന്നു മനസ്സിലാക്കുന്നത് നന്ന്. ഗ്രെയ്സ് മേരിയെ ഞാനൊരിയ്ക്കലും ഒരു കൂതറയായി ഇന്നേവരെ കണ്ടിട്ടില്ല. നേരു പറഞാല്‍ ഗ്രെയ്സ്മേരിയുടെ സൗന്ദര്യത്തില്‍ ഞാന്‍ എപ്പോഴും ലയിച്ച് പോകാറാണു പതിവ്. എന്നാ ഒടുക്കത്തെ സൗന്ദര്യമാണു ഗ്രെയ്സ് മേരിയുടേത്. ഉള്ളതു പറയാമല്ലോ ഗ്രെയ്സ് മേരിയ്ക്ക് മഴയത്തും വെയിലത്തും മാറാത്ത ഭംഗിയാണ്‌. ഇത്രയും സുന്ദരിയായ ഗ്രെയ്സ്മേരി എന്റെ കാമുകിയാകുന്നതില്‍ എനിക്കൊരു വിരോധവുമില്ല. കാരണം ഗ്രെയ്സ് മേരിയ്ക്കു വേണ്ടി ഞാന്‍ എന്റെ ജീവിതം തന്നെ ഉഴിഞ്ഞു വച്ചിരിക്കുകയാണ്‌. ഗ്രെയ്സ് മേരി എന്നെ ഒന്ന് നോക്കുന്നതും, എന്നോടൊന്നു സംസാരിക്കുന്നതും മാത്രം പ്രതീക്ഷിച്ചാണു ഞാന്‍ കോളേജില്‍ വരുന്നത്. അല്ലാതെ പഠിച്ചു പാസായി വല്യ കൊണാണ്ടര്‍ ആകാമെന്ന് കരുതിയിട്ടല്ല. ഗ്രെയ്സ് മേരിയ്ക്ക് ചിലപ്പോള്‍ ഞാന്‍ വെറുമൊരു "താനാരുവാ" ആയിരിക്കും. പക്ഷേ എനിക്ക് ഗ്രെയ്സ്മേരി അങ്ങനെയല്ല. ഗ്രെയ്സ് മേരിയെ എന്റെ ഹ്രിദയത്തില്‍ നിന്നും ഇല്ലാതാക്കുവാന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചതാണ്. പക്ഷേ നടക്കുന്നില്ല. ഗ്രെയ്സ് മേരി വല്ല കോക്രോച്ചോ, കീഠാണുവോ മറ്റോ ആയിരുന്നെങ്കില്‍ ഹിറ്റ് അടിച്ചെന്കിലും ഗ്രെയ്സ് മേരിയെ മനസില്‍ നിന്നും ഇല്ലാതാക്കാമായിരുന്നു. പക്ഷേ ഗ്രെയ്സ് മേരി ഹിറ്റ് അടിച്ചാലും പോകാത്തത്ര സൂപ്പര്‍ ഹിറ്റായി എന്റെ മനസ്സില്‍ കിടന്ന് ഓടുകയാണ്.


ഗ്രെയ്സ് മേരിയ്ക്കറിയാമോ ഗ്രെയ്സ് മേരീ, ഗ്രെയ്സ് മേരി എന്നെയൊന്ന് ഇഷ്ട്ടപ്പെടുവാന്‍ വേണ്ടി
ഞാന്‍ എന്നും രാത്രി സൈക്കിള്‍ അഗര്‍ബത്തി കത്തിച്ച് പ്രാര്‍ഥിക്കാറുണ്ട്. സൈക്കിള്‍ അഗര്‍ബത്തിയ്ക്ക് പണ്ടത്തേപ്പോലുള്ള ശക്തിയില്ലാഞ്ഞിട്ടോ, അതോ കര്‍ത്താവിനു സാംബ്രാണി ഇഷ്ട്ടമല്ലാഞ്ഞിട്ടോ എന്തോ, ഗ്രെയ്സ്മേരി മാത്രം എന്നെ ഇഷ്ട്ടപ്പെടുന്നില്ല. അഗര്‍ബത്തി കത്തിച്ച് കര്‍ത്താവിന്റെ മുന്‍പില്‍ നിന്നാരും പ്രാര്‍ത്തിയ്ക്കാറില്ലെങ്കിലും ഞാന്‍ അതും പരീക്ഷിച്ച് നോക്കിയത് എനിക്ക് സൈക്കിള്‍ അഗര്‍ബത്തിയിലുള്ള വിശ്വാസം കൊണ്ടല്ല ഗ്രെയ്സ്മേരീ. നിന്നെ എങ്ങനേയും എന്റെ സ്വന്തമാക്കണമെന്നുള്ള തീവ്രമായ ആഗ്രഹം കൊണ്ടാണ്‌.

ഇപ്പോള്‍ ഇങ്ങനെയൊരു കത്ത്‌ എഴുതാന്‍ കാരണം എന്താണെന്നു വെച്ചാല്‍, വരുന്ന പരീക്ഷക്ക് ഗ്രെയ്സ് മേരി തോല്‍ക്കുമോ എന്ന ആശങ്ക കൊണ്ട് മാത്രമാണ്. ഗ്രെയ്സ് മേരി ഇന്നലെ ജീനയോട് പറഞ്ഞില്ലേ "ഒന്നും അങ്ങോട്ട് ഓര്‍മയില്‍ നില്‍ക്കുന്നില്ല, അതുകൊണ്ടു എക്സാമിന് പൊട്ടാന്‍ ചാന്‍സുണ്ട്" എന്ന്. ഇന്നലെ നിങ്ങള്‍ തമ്മില്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ ഞാന്‍ ഗ്രെയ്സ് മേരിയുടെ തൊട്ടടുത്ത്, ഒരു ഇരുപതടി മാറി നില്‍പ്പുണ്ടായിരുന്നു. പരീക്ഷയ്ക്ക് ഗ്രെയ്സ് മേരി പൊട്ടുമെന്നു കേട്ടപ്പോള്‍ എന്റെ ചങ്ക് പൊട്ടി. ഗ്രെയ്സ് മേരിയുടെ ഓര്‍മ ശക്തി കൂട്ടാനുള്ള വഴി ഞാന്‍ പറഞ്ഞു തരാം ഗ്രെയ്സ് മേരീ, ഞാന്‍ പറഞ്ഞു തരാം. തുളസിയില അരച്ചെടുത്ത് കറ്റാര്‍വാഴപ്പോളയില്‍ ചാലിച്ച്, ഗോ മൂത്രവും നാരങ്ങാ അച്ചാറും സമാസമം ചേര്‍ത്ത് ഒരു ടീസ്പൂണ്‍ കോഴിക്കാട്ടത്തില്‍ മിക്സ് ചെയ്ത് ചാണക വെള്ളത്തില്‍ കലര്‍ത്തി തിളപ്പിച്ചാറിച്ച് കുടിച്ചാല്‍ ബുദ്ധിയും ശക്തിയും വര്‍ദ്ധിക്കും എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. കഴിയുമെങ്കില്‍ അതൊന്ന് പരീക്ഷിച്ചു നോക്കുക. അതല്ലെങ്കില്‍ സന്തോഷ് പാണ്ടിയോ സന്തോഷ് ബ്രഹ്മിയോ വാങ്ങി കഴിക്കുക. ബുദ്ദിയ്ക്കും, ശക്തിയ്ക്കും, ഉണര്‍വിനും, ഉന്മേഷത്തിനും സന്തോഷ് ബ്രഹ്മി നല്ലതാണ്‌.

ജീനയുമായുള്ള സംസാരമെല്ലാം കഴിഞ്ഞ്, ഗ്രെയ്സ് മേരി ഇന്നലെ കോളേജ്‌ വിട്ട് വീട്ടിലേക്ക് പോകുമ്പോള്‍, മനോരമയുടെ പത്രമോഫീസ് മുതല്‍ പാത്രിയാര്‍ക്കീസ് ബാവായുടെ ഓഫീസ് വരെ ഞാന്‍ ഗ്രെയ്സ് മേരിയെ പിന്തുടര്‍ന്നിരുന്നു. ഗ്രെയ്സ് മേരി ആ മണ്ടയില്ലാത്ത ബസ്സ്റ്റോപ്പില്‍, പൊരി വെയിലത്ത് കെ.എസ്.ആര്‍.ടി.സി ബസ് കാത്തു നില്‍ക്കുന്നതും, ഒടുവില്‍ തുരുമ്പിച്ച ഓര്‍ഡിനറി ബസില്‍ കയറി പോകുന്നതും കണ്ടു എന്റെ കണ്ണ് നിറഞ്ഞു. സത്യത്തില്‍ ഗ്രെയ്സ് മേരി എന്നോട് കൂട്ടായിരുന്നെങ്കില്‍ ഇത്രയും ബ്യൂട്ടിയായ ഗ്രെയ്സ് മേരിയെ ഞാന്‍ എന്റെ സ്കൂട്ടിയില്‍ കയറ്റി ഊട്ടി വരെ കൊണ്ടു പോയേനെ.

ഗ്രെയ്സ് മേരി എന്നെ നോക്കുമ്പോഴെല്ലാം എന്റെ മനസ്സില്‍ ഓരോ ലഡ്ഡു പൊട്ടും. പക്ഷേ ഗ്രെയ്സ് മേരി ആ സതീശനെയോ ജോണ്‍സനെയോ നോക്കുമ്പോഴെല്ലാം എന്‍റെ ചങ്ക് പൊട്ടും. ഈ വക ആധികളും, വ്യാധികളും കാരണം വരാന്‍ പോകുന്ന സപ്ലിമെന്ററി പരീക്ഷയിലും ഞാന്‍ പൊട്ടും.
അങ്ങനെ സംഭവിച്ചാല്‍ അപ്പന്റെ കയ്യീന്ന് എന്റെ മുഖത്തൊരെണ്ണം പൊട്ടും. അന്നേരം ചിലപ്പോള്‍ എന്റെ വായിലെ പല്ല്‌ പൊട്ടും. അതോടെ ചിലപ്പോള്‍ എന്റെയീ വണ്‍വേ ലൈനും പൊട്ടും. എല്ലാം കൊണ്ടും വലിയൊരു പൊട്ടല്‍ ഇതിന്റെ ക്ലൈമാക്സില്‍ എന്നെ കാത്തിരിക്കുന്നുണ്ടോ എന്നൊരു ഡൗട്ട് ഇല്ലാതില്ല. എല്ലാം ഒരു പൊട്ടല്‍ ആയി കലാശിച്ചാലും ഗ്രെയ്സ്മേരി എന്നെയൊരു പൊട്ടന്‍ ആയി കണക്കാക്കരുതേ എന്നൊരപേക്ഷ മാത്രമേ ഈ പാവം മാത്തുക്കുട്ടിയ്ക്കുള്ളു.

ഇതിനെങ്കിലും ഗ്രെയ്സ്മേരി ഒരു മറുപടി തരുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. തരില്ലേ ഗ്രെയ്സ് മേരീ. തരണം. തരാതിരിയ്ക്കരുത്. തരാതരം മറുപടികള്‍ തരം തിരിച്ച് കൊടുക്കാന്‍ കെല്പ്പുള്ള ഗ്രെയ്സ്മേരി ഇതിനുള്ള മറുപടി തരാതിരിയ്ക്കില്ല എന്നെന്റെ മനസ് പറയുന്നു.

മറ്റൊന്നും എഴുതാനില്ല. തല്‍ക്കാലം ഈ കത്ത് ഇവിടെ നിര്‍ത്തുന്നു. മറുപടി പ്രതീക്ഷിച്ച് കൊണ്ട്...
സ്വന്തം
മാത്തുക്കുട്ടി
ഒപ്പ്.

ഫ്രം:
പീ.പീ. മാത്തുക്കുട്ടി
ഫസ്റ്റ് പി.ഡി.സി
തേഡ് ഗ്രൂപ്പ്
ബി. ഡിവിഷന്‍,
മാര്‍ത്ത മറിയം കോളേജ്‌.


ടു:
ഗ്രെയ്സ് മേരി
ഫസ്റ്റ് പി.ഡി.സി
തേഡ് ഗ്രൂപ്പ്
ബി. ഡിവിഷന്‍,
മാര്‍ത്ത മറിയം കോളേജ്‌.



Related Articles

ഞായറാഴ്‌ച, മാർച്ച് 27, 2011

മാത്തുക്കുട്ടിയുടെ പ്രണയ പരാക്രമങ്ങള്‍!!!


ഒരു ചരിത്ര മുഹൂര്‍ത്തത്തിലേക്കുള്ള പ്രവേശന പത്രികയുമായി മാത്തുക്കുട്ടി കോളേജിന്റെ വരാന്തയില്‍ ഒട്ടൊരു ആക്രാന്തത്തോടെയും, ഒരല്‍പ്പം പരവേശത്തോടെയും കാത്തു നിന്നു. ഗ്രെയ്സ് മേരിയോടുള്ള തന്റെ പ്രേമം, താന്‍ ഇന്നവളെ ആദ്യമായി നേരില്‍ അറിയിക്കാന്‍പോവുകയാണ്. ഒരിയ്‌ക്കല്‍ ഫോണിലൂടെ പറഞ്ഞിട്ടുണ്ട്.പക്ഷേ അതു ചീറ്റിപ്പോയി. എന്നാല്‍പ്പിന്നെ ഇനി നേരില്‍ പറഞ്ഞേക്കാംഎന്നങ്ങു കരുതി. തന്റെ ജീവിതത്തിലെ പുതിയൊരു ചരിത്രമാണ്‌, ഇന്ന് പിറക്കാന്‍ പോകുന്നത്. ഗ്രെയ്സ് മേരി വരാനുള്ള സമയമായി. ഇനിഏതാനും നിമിഷങ്ങള്‍ മാത്രം...
ടക്... ടക്.. ടക്... അവന്റെ ഹൃദയം ഇടിച്ചു.

മാത്തുക്കുട്ടി ആകെ വിവശനായി കോളേജ്‌ ഗെയ്റ്റിലേക്ക് നോക്കി നെടുവീര്‍പ്പിട്ടു. അവന്റെ നെടുവീര്‍പ്പൂകളെ അപ്രസക്തമാക്കി ഒരു ചുവന്ന സാരിയുമുടുത്തു കൊണ്ട് ഗ്രെയ്സ് മേരി ഗെയ്റ്റിങ്കല്‍ പ്രത്യക്ഷപ്പെട്ടു. അവളെ കണ്ട മാത്രയില്‍ തന്നെ അവന്റെ നെഞ്ചത്ത് ഗ്യാസിന്റെ സോഡാ സര്‍ബത്ത്‌ പൊട്ടി. അതോടെ നല്ലൊരു ഏമ്പക്കം വലിയ വായില്‍ പുറത്തേക്ക് പറന്നു. ഗ്രെയ്സ് മേരി പക്ഷേ ഒറ്റയ്ക്കായിരുന്നില്ല. അവളുടെയൊപ്പം അവളുടെ കൂട്ടുകാരികളായ ജീനാ മേരി പൌലോസ്, ലിറ്റു പോള്‍, സെലീന ടോമിച്ചന്‍ തുടങ്ങിയ അല്‍ഗുല്‍ത്ത് അര്‍മാദികളും ഉണ്ടായിരുന്നു. എല്ലാവരെയും കൂടി ഒരുമിച്ചു കണ്ടതോടെ മാത്തുക്കുട്ടിയുടെ സകല കോണ്‍ഫിഡന്‍സും, കോണ്‍ഫിഡന്‍സ് ഗ്രൂപ്പ് കൊണ്ടുപോയി. യൂക്കാലിപ്റ്റസ് മരം കാറ്റത്ത് ആടുന്നത് പോലെ അവന്‍ നിന്ന് ആടാന്‍തുടങ്ങി. അന്നേരം മാത്തുക്കുട്ടിയ്ക്ക് ടോയ്‌ലറ്റില്‍ പോകണമെന്നും, മൂത്രമൊഴിക്കണമെന്നും തോന്നി. പക്ഷേ ഇതിനു രണ്ടിനും പറ്റാത്ത ഒരു മുടിഞ്ഞ സാഹചര്യമായിപ്പോയതു
കൊണ്ടു മാത്രം അവന്‍ അതിന് മിനക്കെട്ടില്ല.

ഗ്രെയ്സ് മേരിയും സംഖവും നടന്നു വരികയാണ്. ഗ്രെയ്സ് മേരി ദൂരെ നിന്ന് തന്നെ മാത്തുക്കുട്ടിയെ കണ്ടു. അതോടെ അവളുടെ മുഖത്ത്‌ ഒരുതരം പുച്ഛം വിടര്‍ന്നു. മാത്തുക്കുട്ടി രണ്ടും കല്‍പ്പിച്ച് അവര്‍ക്കെതിരെ നടന്നുതുടങ്ങി. അന്നേരം അവന്‍ അവന്റെ ഡയറക്ടറിയിലുള്ള സകല പുണ്യാളന്‍മ്മാരേയും പേരു പേരായി വിളിച്ചു. ഗ്രെയ്സ് മേരി തന്നെ ഈര്‍ഷ്യയോടെ തുറിച്ചു
നോക്കുന്നുണ്ടോ എന്നവന്‍ സംശയിച്ചു. സത്യത്തില്‍ ഗ്രെയ്സ്മേരിയെക്കാള്‍ അവനെ തുറിച്ചു നോക്കിക്കൊണ്ടിരുന്നത് ജീനാ മേരി പൌലോസിന്റെ കൂര്‍ത്ത മുലകളായിരുന്നു... സത്യം പറഞ്ഞാല്‍ രാത്രിയുറക്കങ്ങളില്‍ അവന്റെ ടെമ്പറേച്ചര്‍ കൂട്ടുന്നത് ജീനാ മേരി പൌലോസായിരുന്നു. അവന്റെ പാതിരാക്കിനാവുകളില്‍ എന്നും, ചുരിദാറിന്റെ ഇറുകിയ ടോപ്പോ, അതിലും ഇറുകിയ പെറ്റിക്കോട്ടോ മാത്രം ഇട്ടുകൊണ്ട് അവള്‍ അവനെ സ്വര്‍ഗ്ഗലോകത്തേയ്ക്കു
കൂട്ടിക്കൊണ്ടുപോകുമായിരുന്നു. മറ്റു പല ആണുങ്ങളെയും പോലെ, മാത്തുക്കുട്ടിയ്ക്കും അങ്ങനെയൊക്കെത്തന്നെയായിരുന്നു. പ്രേമം ഒരുത്തിയോട്, കാമo വേറൊരുത്തിയോട്... പക്ഷേ അവന് ഗ്രെയ്സ്മേരിയോടുള്ളത് നൂറു ഗ്രാം തന്കത്തില്‍ പൊതിഞ്ഞ പരിശുദ്ധമായ് 916 ഹാള്‍മാര്‍ക് പ്രേമം തന്നെയായിരുന്നു.

ഏകദേശം അവര്‍ അടുത്തെത്തിയതും മാത്തുക്കുട്ടി ഒറ്റ നില്‍പ്പങ്ങു നിന്നു. എവിടുന്നോ കിട്ടിയ ഒരു സെക്കന്‍ഡ്ഹാന്‍ഡ് ധൈര്യത്തില്‍ അവന്‍ ഒറ്റച്ചോദ്യമാണ്.
- ഗ്രെയ്സ് മേരി ഒന്നു നില്‍ക്കുമോ?
അവള്‍ നില്‍ക്കാതെയങ്ങ് പൊയ്ക്കളയും എന്നായിരുന്നു അവന്‍ കരുതിയത്. പക്ഷേ തികച്ചും അപ്രതീക്ഷിതമായി അവളങ്ങ് നിന്നു കളഞ്ഞു. അവളുടെ കൂട്ടുകക്ഷികളും അവിടെത്തന്നെ നിന്നു. അതോടെ മാത്തുക്കുട്ടിയുടെ ഉള്ള ധൈര്യം ആവിയായിപ്പോയി.
- ഉം എന്തു വേണം?
ഗ്രെയ്സ് മേരി അവന്റെ മുഖത്തേക്ക് നോക്കാതെ ചോദിച്ചു.
- ഒന്ന് സംസാരിക്കാന്‍ വേണ്ടിയാണ്...
- സംസാരിച്ചോ...
- അല്ല ഗ്രെയ്സ് മേരിയോട് ഒറ്റയ്ക്കായിരുന്നു സംസാരിക്കേണ്ടിയിരുന്നത്.
- ഇവരും കൂടെ കേള്‍ക്കുന്നതാണെന്കില്‍ സംസാരിച്ചാല്‍ മതി. അല്ലെന്കില്‍ സംസാരിക്കണോന്നില്ല

സത്യത്തി
ല്‍ മാത്തുക്കുട്ടി അങ്ങനെ ഒരു മറുപടി പ്രതീക്ഷിച്ചിരുന്നില്ല എന്നതായിരുന്നു വാസ്തവം. കര്‍ത്താവേ എന്തു ചെയ്യും? വന്നു പോയി. നിന്നു പോയി. ഇനിയിപ്പം സംസാരിച്ചേ പറ്റൂ. ഒടുവില്‍ രണ്ടും കല്‍പ്പിച്ച്‌ അവനതങ്ങ് പറഞ്ഞു.
- എനിക്ക് ഗ്രെയ്സ് മേരിയെ ഇഷ്ട്ടമാണ്. അതാണ് പറയാനുള്ളത്.
ഒരു നിമിഷം അവിടൊരു നിശബ്ദത പരന്നു. നിശബ്ദതയ്ക്കു മേലേകൂടി അവന്റെ നെഞ്ച് കരിമ്പിന്‍ ജ്യൂസ് അടിക്കുന്ന മെഷീന്റെതുപോലെ പടപടായെന്നു ഇടിക്കാന്‍ തുടങ്ങി. നെഞ്ച്ടിപ്പ് കൂടിക്കൂടി ഒരു മാതിരി ആസ്ത്മ രോഗിയെപ്പോലെയായി ചളകൊളമായി തീരുമോ എന്ന് അവന്‍ വേവലാതിപ്പെട്ടു.
അന്നേരം ഗ്രെയ്സ് മേരി അവനോടു ചോദിച്ചു.
- മാത്തുക്കുട്ടി പൊട്ടനൊന്നുമല്ലല്ലോ
മാത്തുക്കുട്ടി ഒട്ടൊന്നു അമ്പരന്നു.
- ങേ? അതെന്താ ഗ്രെയ്സ് മേരി അങ്ങനെ ചോദിച്ചത്?
- മാത്തുക്കുട്ടിയ്ക്ക് ചെവിക്കു വല്ല കേള്‍വിക്കുറവും ഉണ്ടോ?
- ഇല്ല ഗ്രെയ്സ് മേരി. സത്യമായിട്ടും ഇല്ല. ഇന്നലേം കൂടി ഞാന്‍ ഹെഡ്ഫോണ്‍ വെച്ച് പാട്ടു കേട്ടതാ.
- ഓഹോ, എന്കില്‍ നിങ്ങളോടല്ലേ ഇക്കഴിഞ്ഞ വാലന്‍ന്റെയിന്‍സ് ഡേയ്ക്ക് ഞാന്‍ പറഞ്ഞത് എനിക്ക് നിങ്ങളെ ഇഷ്ട്ടമല്ലെന്ന്. എന്നിട്ടും വീണ്ടും വന്നിങ്ങനെ നില്‍ക്കാന്‍ നിങ്ങള്‍ക്ക്‌ നാണമില്ലേ മിസ്റ്റര്‍ മാത്തുക്കുട്ടീ..?
അതോടെ മാത്തുക്കുട്ടി പരുങ്ങലിലായി. എന്കിലും ഒരല്പം തന്റേടത്തോടെ അവന്‍ പറഞ്ഞു.
- ഇഷ്ട്ടം മനസിലിരുന്ന് വിങ്ങുന്നതുകൊണ്ടാണ് ഗ്രെയ്സ് മേരീ വീണ്ടും ഞാന്‍ വന്നത്.
- അയ്യോ പാവം. വിങ്ങലു മാറ്റാന്‍ ഇവള്‍ടെ കയ്യില്‍ മരുന്നൊന്നുമില്ലല്ലോ മാത്തുക്കുട്ടീ...
അത് പറഞ്ഞത് സെലീന ടോമിച്ചനായിരുന്നു. ഇവളെന്തിനാ ഇതിനിടയില്‍ കയറിയത്?! മാത്തുക്കുട്ടി വീണ്ടും പ്രതിരോധത്തിലായി.
- മാത്തുക്കുട്ടിയോട് ഗ്രെയ്സ് മേരി അന്നേ പറഞ്ഞതല്യോ, മാത്തുക്കുട്ടിയെ ഇഷ്ട്ടമല്ലെന്ന്. പിന്നേം ഇങ്ങനെ ശല്യപ്പെടുത്തുന്നതു ശരിയാണോ?
‍ഈ ഡയലോഗ് ജീനാ മേരി പൌലോസ് വകയായിരുന്നു. മാത്തുക്കുട്ടി അവളെയൊന്നു
നോക്കി. എടി ജീനാ മേരി പൌലോസേ.., മുഴുത്ത മദാലസേ.. നിന്നെ ഞാനുണ്ടല്ലോ.. ഹും... അവനു കലിപ്പ്ഉം, ചമ്മലും ഒരുമിച്ച് വന്നു.
- മാത്തുക്കുട്ടി ഇങ്ങനെ വീണ്ടും വരികയാണെങ്കില്‍ ഞങ്ങള്‍ ഇത്‌ പ്രിന്‍സിപ്പാളിനോട്
കംപ്ലയിന്റു ചെയ്യും.
ഇത്തവണത്തെ ഊഴം ലിറ്റു പോളിന്റെതായിരുന്നു. കഴുതപുലികളുടെ ഇടയില്‍ പെട്ട മാന്‍പേടയെപ്പോലെ നിന്നു മാത്തുക്കുട്ടി വിയര്‍ത്തു. അന്നേരം മാത്തുക്കുട്ടിയുടെ പൊട്ടത്തലയില്‍ അപായമണി മുഴങ്ങി. ഇവറ്റകള്‍ വളഞ്ഞുവെച്ചുള്ള ആക്രമണമാണ്. നീ പെട്ടു പോയി മാത്തുക്കുട്ടീ.
പെട്ടു പോയി. എത്രയും പെട്ടെന്ന് എസ്കേപ്പ് ആയിക്കോ, ഇല്ലെന്കില്‍ ഇവളുമ്മാര്‍ നിന്റെ ചീട്ടു കീറും.
പെട്ടന്ന് തന്നെ മാത്തുക്കുട്ടി ഗ്രെയ്സ്
മേരിയോയോടായി പറഞ്ഞു.
- ഗ്രെയ്സ് മേരിയോട് ഞാന്‍ ആദ്യമേ പറഞ്ഞതല്ലേ ഒറ്റയ്ക്കാണ് എനിക്ക് സംസാരിയ്ക്കേണ്ടതെന്നു. ഇനിയിപ്പോ നമുക്ക് നാളെ സംസാരിക്കാം.
- നാളെയോ എന്തിന്? എനിക്ക് നിങ്ങളോട് സംസാരിക്കുകയേ വേണ്ട.
അവള്‍ അസന്നിഗ്ധമായിത്തന്നെ പ്രഖ്യാപിച്ചു. പക്ഷേ അതൊന്നും കേള്‍ക്കാന്‍ നില്‍ക്കാതെ മാത്തുക്കുട്ടി ഒറ്റ നടപ്പങ്ങ് നടന്നു കഴിഞ്ഞിരുന്നു. അവന് വല്ല വിധേനയും കാന്റീനില്‍ പോയി സ്വല്പം വെള്ളം
കുടിച്ചാല്‍ മതിയെന്നായിരുന്നു.
തന്‍റെ പിന്നില്‍ അടക്കിപ്പിടിച്ച കൂട്ടച്ചിരി അവന്‍ കേട്ടു. പക്ഷേ ഒന്നും ഗൌനിക്കാതെ അവന്‍ സ്പീഡില്‍ തന്നെ നടന്നു. പക്ഷേ പെട്ടന്ന് ഉച്ചത്തില്‍ ഒരു പിന്‍വിളി കേട്ടു.
- മാത്തുക്കുട്ടീ.., ഒന്നു നിന്നേ...
കര്‍ത്താവേ, അതു ഗ്രെയ്സ് മേരിയാണ്‌. അവള്‍ എന്തിനാവും തന്നെ വിളിച്ചത്? ഒരു നിമിഷം മാത്തുക്കുട്ടി നിശ്ചലം നിന്നു പോയി. ഒരു പക്ഷേ തന്നെ ഇഷ്ട്ടമാണെന്നു പറയാന്‍ വേണ്ടിയാവുമോ? എന്റെ ലൈനോളജി പുണ്യാളാ...
ഐശ്വര്യ റായുടെ വിളി കേട്ട് അഭിഷേക് ബച്ചന്‍ തിരിയുന്നതു പോലെ മാത്തുക്കുട്ടി സ്ലോമോഷനില്‍ പതുക്കെ തിരിഞ്ഞു നിന്നു. അപ്പൊള്‍ ഗ്രെയ്സ് മേരി അതിലും സ്ലോമോഷനില്‍ അവനരികിലേക്ക് നടന്നടുത്തു. അവളുടെ മുഖത്ത്‌ അന്നേരം വിസ്പ്പറിന്റെ പരസ്യത്തിലെ മോഡലിന്റെതുപോലെ ഒരു ആത്മവിശ്വാസം മിനുങ്ങുന്നുണ്ടായിരുന്നു. അടുത്തെത്തിയതും അവള്‍ അവന്റെ കണ്ണുകളിലേക്ക് ഉറ്റു നോക്കിക്കൊണ്ട്‌ പതുക്കെപറഞ്ഞു.
- നിങ്ങള്‍ പാന്റിന്റെ സിബ്‌ ഇട്ടിട്ടില്ല.
- ങേ?
മാത്തുക്കുട്ടി ഭീകരമായി ഒന്നു ഞെട്ടി
- നിങ്ങള്‍ പാന്റിന്റെ സിബ്‌ ഇട്ടിട്ടില്ലെന്ന്.
ഈശ്വരാ... മാത്തുക്കുട്ടിയുടെ തലയില്‍ സോഡാക്കുപ്പി പൊട്ടി. അവനു തല കറങ്ങി.ചാരിത്ത്റയം
സംരക്ഷിക്കാന്‍ വിഫല ശ്രമം നടത്തുന്ന പെണ്‍കുട്ടിയെപ്പോലെ തന്റെ ദുര്‍ബലമായ കൈകള്‍ കൊണ്ട് അവന്‍ പാന്റിന്റെ മുന്‍വശം മറച്ചു പിടിച്ചു.
ഗ്രെയ്സ് മേരി തികച്ചും പുച്ഛത്തോടെ അവനോടു പറഞ്ഞു
- ആദ്യം സിബ്‌ ഇടാനും, മാന്യമായി ഒരു പെണ്ണിന്റെ മുന്‍പില്‍ നില്‍ക്കാനും നിങ്ങള്‍ പഠിച്ചെടുക്കൂ. അതിനു ശേഷം വേണം പ്രേമിക്കാന്‍ നടക്കാന്‍ കേട്ടോ. സ്വന്തം വസ്ത്രത്തിന്റെ കാര്യം പോലും മര്യാദയ്ക്ക് ഗൌനിക്കാത്ത നിങ്ങളെ പ്രേമിച്ചാല്‍, പ്രേമിക്കുന്നവര്‍ ചുറ്റിപ്പോയതു തന്നെ.
അത്രയും പറഞ്ഞിട്ട് ഒറ്റ വെട്ടിത്തിരിയലോടെ ഗ്രെയ്സ് മേരി, തന്റെ ഗ്യാങ്ങിനരികിലേക്ക് പോയി.

മാത്തുക്കുട്ടി
ചമ്മി .അവന്റെ ചോര വാര്‍ന്ന മുഖം ഡോബര്‍മാന്റെതുപോലെ പമ്മി.
ഒരു സുനാമി അടിച്ചിരുന്നെന്കിലെന്ന് അവന്‍ അപ്പോള്‍ ആത്മാര്‍ത്ഥമായും ആശിച്ചുപോയി. പക്ഷേ ആവശ്യമുള്ളപ്പോള്‍ സുനാമിയും അടിക്കുകേല, ഒരു കോപ്പും അടിക്കുകേല. ജാള്യതയോടെ തന്റെ പാന്റിന്റെ സിബ് വലിച്ചിടുമ്പോള്‍ അവന്‍ ആത്മഗതം പോലെ പറഞ്ഞു.
" ഈശ്വരാ... വീണ്ടും എന്റെ പ്രേമം മൂങ്ങാ കടിച്ച പേരയ്ക്കാ പോലെയായല്ലോ..."


Related Articles