വെള്ളിയാഴ്‌ച, നവംബർ 25, 2011

ഡി 12 പരശുറാം എക്സ്പ്രസ്സ്

ട്രെയിനില്‍ നല്ല തിരക്കുണ്ടായിരുന്നു.
കോട്ടയത്തു നിന്നും അവളോടൊപ്പം  എ.സി. കോച്ചിനു തൊട്ടരികിലുള്ള കമ്പാര്‍ട്ട്മെന്റിലേക്ക് ഞാന്‍ കയറുമ്പോള്‍ ഒരു കള്ളന്റെ ഭാവമായിരുന്നു എനിക്ക്.

ബാത്ത് റൂമുകള്‍ക്കിടയിലെ ഇടനാഴിയില്‍ മുഖാമുഖം നില്‍ക്കുമ്പോള്‍, അവള്‍ കര്‍ച്ചീപ് കൊണ്ട് മുഖത്തെ വിയര്‍പ്പ് ഒപ്പുന്നുണ്ടായിരുന്നു.

രണ്ട് തവണ ഞാനത് ചോദിക്കാനാഞ്ഞതാണ്. പക്ഷേ അവളുടെ അലസ ഭാവം എന്നെ അതില്‍ നിന്ന് തടഞ്ഞു....

ഞാനിന്ന് പതിവിലും നേരത്തേ കോട്ടയത്തെ ഒന്നാം ഫ്ലാറ്റ്ഫോമില്‍ ഇടം പിടിച്ചെങ്കിലും അവളിപ്പോഴാണ് ഓടിക്കിതച്ച് വന്നത്. അപ്പോഴേക്കും ട്രെയിനും  കടന്നു വന്നിരുന്നു. സംസാരിക്കാനോ ചിരിയ്ക്കാനോ പോലും കഴിയും മുന്‍പ് ട്രെയിനിലേക്ക് കയറുകയായിരുന്നു.

രണ്ട് കൊളേജുകളില്‍ പഠിക്കുന്ന ഞാനും അവളും, മൂന്നു മാസങള്‍ക്ക് മുന്‍പ് യാദൃശ്ചികമായാണ് പരിചയപ്പെടുന്നത്. പിന്നെ സൗഹൃദമായി, സൗഹൃദം വളര്‍ന്നു, ട്രെയിനിലെ പോക്കു വരവുകള്‍ ഒരുമിച്ചായി... രാവിലേ അവള്‍ തിരുവല്ലയില്‍ നിന്ന് കയറും, വൈകിട്ട് തിരുവല്ലയിലിറങ്ങും, എനിക്ക് പിന്നേയും യാത്രയുണ്ട്...  

ഞാനവളുടെ മുഖത്തേക്ക് നൊക്കി നിന്നു.
രണ്ട് കമ്പാര്‍ട്ട്മെന്റുകളെ തമ്മില്‍ യോജിപ്പിക്കുന്ന ആ ഇടനാഴിയില്‍ ഇരുട്ടും ചൂടും ആഴ്ന്നു കിടന്നു. എല്ലായിടത്തും തിരക്കായതിനാല്‍ ഇനിയിപ്പോ ഇവിടുന്ന് മാറാനും പറ്റില്ല.

- എന്നിട്ടെന്തായി.
ഞാനവളോട് ചോദിച്ചു
- എന്ത്
- അല്ല, ഇന്നലെ ഞാന്‍ പറഞ്ഞ കാര്യം....?!

മിഠായി ചവയ്ക്കുമ്പോള്‍ ഇടം കവിളില്‍ നിന്ന് വലം കവിളിലേക്ക് അത് മാറ്റിയിടുമ്പോഴെന്നതു പോലെ അവളുടെ കവിളും ചുണ്ടും ഒന്ന് തുടുത്തു. ട്രെയിനിന്റെ "ക്ടക്ക് ക്ടക്ക്" ശബ്ദം, ഞങ്ങള്‍ നിന്ന ഇടനാഴിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു. മറുപടിയ്ക്കു വേണ്ടി ഞാന്‍ കാതോര്‍ത്തത് മിച്ചം.

- എന്തേലും ഒന്ന് പറയൂ. അത് എന്തായാലും കുഴപ്പമില്ലെന്ന് ഞാനിന്നലേ പറഞ്ഞായിരുന്നല്ലോ...

വീണ്ടും മൗനം. ഞാന്‍ ചുറ്റുമൊന്ന് നോക്കി. അപ്പുറത്തും ഇപ്പുറത്തും ആളുകളൊക്കെ നില്‍പ്പുണ്ട്. ചില തെണ്ടികള്‍, ഞങ്ങള്‍ വല്ല ഉഡായിപ്പുമാണോ എന്ന മട്ടില്‍ ഇടം കണ്ണ് കൊണ്ട് ജാഗ്രതയോടെ ഞങ്ങളെ വീക്ഷിക്കുന്നുണ്ട്. ഞാന്‍ പെട്ടന്ന് അവളുടെ അടുത്തേക്ക്, മുഖത്തിനടുത്തേക്ക് ചേര്‍ന്ന് നിന്നു. അവളൊന്ന് ഞെട്ടി.

- പറ ഇഷ്ട്ടമാണെങ്കില്‍ ആണെന്ന് പറ. ഇല്ലെങ്കില്‍  ഇല്ല. എനിക്ക് വയ്യ ഇങ്ങനെ ടെന്‍ഷനടിക്കാന്‍. ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല. നിനക്കറിയാമോ?  ടെന്‍ഷന്‍ കാരണം ഇന്ന് വലിച്ച സിഗരറ്റിന് കണക്കുമില്ല. അല്ലെങ്കില്‍, ഒന്നും മിണ്ടാതെ നിക്കുന്നതിലും ഭേദം എന്നെ ഇതീന്ന് പിടിച്ചങ്ങ് പുറത്തേക്ക് തള്ള്. നാശം! ഇതിലും ഭേദം അതാ...

- കര്‍ത്താവേ
അവളൊന്ന് നിശ്വസിച്ചു. "ചായ് ചായ്" വിളികളുമായി ചായക്കാരന്‍ പയ്യന്‍ ഞങ്ങളെ കടന്ന് പോയി...

- പറഞ്ഞേ, എന്നെ ഇഷ്ട്ടമാണോ... ഇല്ലെങ്കില്‍, ഇനി ഞാന്‍ പുറകേ നടക്കാനൊന്നും വരില്ല. ഇന്നത്തോടെല്ലാം തീര്‍ന്നു. ഇനി എന്റെ നോട്ടം പോലും നിന്നെ ശല്യപ്പെടുത്തുമെന്ന് പേടിക്കണ്ട. പക്ഷേ മറുപടി കിട്ടിയേ തീരൂ.

അന്നേരം അവളെന്റെ മുഖത്തേക്ക് നോക്കി ഒരു ചോദ്യമാണ്.
- ഇഷ്ട്ടമായാ എന്നെ കെട്ടുവോ..?

- അപ്പോ എന്നെ ഇഷ്ട്ടമാണോ?

- എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. ഇഷ്ട്ടമായാല്‍  കെട്ടുമോന്നല്ലേ ചോദിച്ചുള്ളൂ.

ഞാന്‍  ആവേശം കൊണ്ടു. എന്റെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു...
- കെട്ടാതെ പിന്നെ. നിന്നെ എനിക്ക് അത്രയ്ക്ക് ഇഷ്ട്ടമാണ്. അതിപ്പോ എങ്ങനെ പറഞ്ഞു ഫലിപ്പിക്കും എന്നെനിക്കറിയില്ല. നിന്നെ കെട്ടുമെന്നല്ല, എപ്പഴും നിന്നെയിങ്ങനെ കെട്ടിപ്പിടിച്ചിരിയ്ക്കും. ഞാനിനി പഠിക്കാനൊന്നും പോകുന്നില്ല...

- അയ്യോ...
അവളുടെ ചിരി.
എന്റെ നെഞ്ച് പെരുമ്പറ കൊട്ടി.

- ഒന്ന് പറ....
എന്റെ ശബ്ദം ആര്‍ദ്രമായി. എനിക്ക് വിറയ്ക്കുന്നത് പോലെ തോന്നി.
പനി പിടിച്ചോ? ഞാന്‍ സംശയിച്ചു. ഞാന്‍ എന്റെ നെറ്റിയ്ക്കു മീതേയും, കഴുത്തിലും എന്റെ കൈത്തലം വെച്ച് നോക്കി. ചുട്ട് പൊള്ളുന്നുണ്ട്.

- എന്താ? പനിയാണോ?
അവളുടെ ചോദ്യം.

- എനിക്ക് പനിയായാല്‍ ആര്‍ക്കാ ഇത്ര വിഷമം?

- എനിക്ക് വിഷമമുണ്ട്.

ഒരു കൈത്തലം എന്റെ നെറ്റിയ്ക്ക് മീതേ നീണ്ടു വന്ന് അമര്‍ന്നു.
- ചൂടുണ്ടല്ലോ....
 എന്റെ ശ്വാസമിടിപ്പ് കൂടി. അതോ ശ്വാസം നിലച്ചോ. ഞാന്‍,ഒരു നിമിഷം കൊണ്ട് ആ മനോഹരമായ കൈത്തലം കവര്‍ന്നെടുത്ത് അവളോട് ചേര്‍ന്നു നിന്നു. അവള്‍ ചുറ്റുപാടും നോക്കിയിട്ട് കൈ വലിച്ചെടുത്തു.

- അപ്പോ നിനക്കെന്നെ ഇഷ്ട്ടമാണ്..?!

(മറുപടിയില്ല)

- പ്രാന്ത് പിടിപ്പിക്കാതെ പറ. പ്ലീസ്...

കുഞ്ഞൊരു മൗനത്തിന് ശേഷം ആ മറുപടി വന്നു.
- ഉം. ആണ്.....

എന്റെ നെഞ്ചാംകൂട്ടില്‍ പൂത്തിരി കത്തി... 
- ശരിയ്ക്കും..? കര്‍ത്താവേ..?
ഞാന്‍  വീണ്ടും ചോദിച്ചു...

- ഉം. ശരിയ്ക്കും..!
അവളുടെ പതിഞ്ഞ ശബ്ദം.

- ചുമ്മാ..?

- എന്നാ ചുമ്മാതാ...

- ഇഷ്ട്ടമാണെന്ന് കാര്യമായിട്ടാണോ പറഞ്ഞത്?

- കാര്യമായിട്ടല്ലേ എന്നോട് ചോദിച്ചത്. അപ്പോ കാര്യമായിട്ട് തന്നെയാ പറഞ്ഞതും.
വാക്കുകളില്‍ കുസൃതി

ദൈവമേ.....
ഞാന്‍ നെഞ്ചത്ത് കൈവെച്ചു.

എനിക്കെന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു.
ഞാന്‍ അവളുടെ വലത്ത് വശത്ത് അവളോട് ചേര്‍ന്നു നിന്നു. അവളുടെ കൈ വിരലുകള്‍ക്കിടയില്‍ എന്റെ കൈവിരലുകള്‍ കോര്‍ക്കപ്പെട്ടു. എന്റെ മുഖം അവളുടെ ചെവിയിലേക്കടുത്തു. മന്ത്രിക്കുന്നതുപോലെ ഞാന്‍ അവളോട് ചോദിച്ചു.

- എനിക്ക് ഈ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്നറിയില്ല. മറ്റു വല്ലയിടത്തുമായിരുന്നെങ്കില്‍ നിന്നെ ഞാന്‍ വാരിയെടുത്ത് ഡാന്‍സ് ചെയ്തേനെ. പക്ഷേ ഇവിടെ അത് പറ്റില്ലല്ലോ....

അവളുടെ ചിരി കേട്ടു.

ഞാന്‍ വീണ്ടും മന്ത്രിച്ചു.
- ഒരുമ്മ തരട്ടെ....  കവിളത്ത്....
പെട്ടന്നവള്‍ കണ്ണ് മുഴപ്പിച്ചു.
- യേശുഅപ്പാ.. ഇത് ട്രെയിനാ...

ഞാന്‍ ട്രെയിനിന്റെ മേല്‍ഭാഗത്തേക്ക് നോക്കി ചാരി നിന്നു. എന്റെ സന്തോഷം കാരണം എനിക്ക് ഹാര്‍ട്ട് അറ്റാക്ക് വരുമോ എന്നുപോലും ഒരുവേള തോന്നിപ്പോയി. ജീവിതത്തിലേക്ക് പുതിയ വസന്തം വാതില്‍ തുറന്നു. മലയടിവാരത്തിലെ തണുത്ത കാറ്റിലെ ഈറന്‍  ഞങ്ങള്‍ നിന്നിടത്തെപ്പോലും കുളിരണിയിച്ചു.

ഞാന്‍  ചരിഞ്ഞ് അവളുടെ മുഖത്തേയ്ക്ക് നോക്കിക്കൊണ്ട് നിന്നു.

അപ്പോഴും  പരശുറാം എക്സ്പ്രസ്സ് തിരുവനന്തപുരം ലക്ഷ്യമാക്കി കുതിച്ച് പായുകയായിരുന്നു...

വെള്ളിയാഴ്‌ച, നവംബർ 18, 2011

ക്യൂരിയസ് കേസുകെട്ട് ഓഫ് ബെഞ്ചമിന്‍ എസ്.ഐ.

ബെഞ്ചമിന്‍ എസ്. ഐ. അലറി.
ഗ്ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍ര്‍.................

എസ്. ഐ.യുടെ അലര്‍ച്ച കേട്ട് ലോക്കപ്പില്‍ കിടന്ന ആംബ്രോസ് അറുമുഖം നടുങ്ങി വിറച്ചു.

- പേടിക്കണ്ട,
ബെഞ്ചമിന്‍ എസ്. ഐ. ലോക്കപ്പിലേക്ക് നോക്കി സൗമ്യമായി പറഞ്ഞു.

- ഇന്ന് ട്വിറ്ററില്‍ ഇടേണ്ടുന്ന ഗര്‍ജ്ജനമായിരുന്നു ഇത്. ഇടയ്ക്ക് നെറ്റ് കട്ടായത് കൊണ്ട് ഞാനങ്ങ് ലൈവ് അപ്ഡേഷന്‍ കൊടുത്തെന്നേയുള്ളൂ...

- ഹൊ! ഞാനങ്ങ് പേടിച്ച് പോയി...
ആംബ്രോസ് നെഞ്ചത്ത് കൈ വെച്ചു

ബെഞ്ചമിന്‍ എസ്. ഐ. തുടര്‍ന്നു.
- എന്നെ നിങ്ങളെന്തിനാണിങ്ങനെ പേടിക്കുന്നതെന്ന് അറിയില്ല. പേടിക്കണ്ട അനിയാ.  ഞാന്‍ നിങ്ങളെ ഒന്നും ചെയ്യില്ല. ഇവിടുത്തെ ചോദ്യം ചെയ്യലും, തെറി പറയലും, ഇടിയും, ഉലക്കയ്ക്കുരുട്ടലുമെല്ലാം ട്വിറ്റര്‍  അപ്ഡേഷന്‍സ് വഴിയാണ്. ഇതൊരു ഹൈ ടെക് പോലീസ് സ്റ്റേഷനാണ്. ഇവിടുത്തെ പോലീസും പ്രതിയുമെല്ലാം
ഇന്റര്‍നെറ്റ് ഉപഭോക്താക്കളാവണം.  അതിനാണ് ലോക്കപ്പിനുള്ളിലും ലാപ് ടോപ് വെച്ചിട്ട്
നിങ്ങള്‍ക്കെല്ലാം  ഇ-മെയിലും പാസ് വേഡും എടുത്ത് തരുന്നതും, ഇന്റര്‍നെറ്റ് ഉപയോഗിക്കാന്‍
പഠിപ്പിക്കുന്നതും.   നിങ്ങളെയൊക്കെ ഞാന്‍ ട്വിറ്ററുപയോഗിക്കാന്‍ പടിപ്പിച്ചതു പോലും അതിനാണ്.  ചോദ്യവും ഉത്തരവും ആവശ്യവും അനാവശ്യവും എല്ലാം ഇനി ട്വിറ്ററിലൂടെ മതി. ഓകെ?! അപ്പോ ചോദ്യോത്തരം തുടങ്ങാം. ആംബ്രോസ് ട്വിറ്റര്‍ ലോഗിന്‍ ചെയ്തല്ലോ..?

ആംബ്രോസ്
- ചെയ്തു സാര്‍...!

ബ്ബെഞ്ചമിന്‍ എസ്. ഐ. ട്വിറ്ററില്‍ ടൈപ്പി.

Benjamin S.I.:
aaradaa pattee mariyede mula moshttichath?

ambros arumukham:
ങേ? അയ്യേ, സത്യമായും ഞങ്ങള്‍  അത് മോഷ്ട്ടിച്ചിട്ടില്ല സാറേ.. ചെ

Benjamin S.I.:
സോറി. ഒരക്ഷരം മാറിപ്പോയതാ. ഇതാ ഞാന്‍ മംഗ്ലീഷില്‍ ടൈപ്പാത്തത്. മുലയല്ല മാല... ആരാടാ പട്ടീ മറിയേടെ മാല മോഷ്ട്ടിച്ചത്?

ambros arumukham:
i dont no saaar. mariyaas maalaa ees njaan mottichittilla

Benjamin S.I.:
well ഗുഡ് ഇംഗ്ലീഷ്. you keep it up.

ambros arumukham:
well saaar well...

Benjamin S.I.:
നിനക്ക് വില്‍സ് വേണോ?

ambros arumukham:
no saaar. Well saaar Well ennaa paranjath.

Benjamin S.I.:
യെസ്. പറയൂ. മറിയേടെ മാല എവിടാണൊളിപ്പിച്ചത്?

ambros arumukham:
മോട്ടിച്ചാ അന്നേരം തന്നെ ഞാന്‍  വില്‍ക്കും. അതാ എന്റെ സ്റ്റൈല്‍. ഒളിപ്പിക്കാറില്ല

Benjamin S.I.:
പറഞ്ഞില്ലെങ്കില്‍  തെണ്ടീ നിന്നെ ഞാന്‍ ചവിട്ടും. മാല ഞാന്‍ പൊക്കും

ambros arumukham:
പിന്നേ. സാര്‍ ഊ...........ട്ടീപ്പോയാലും കിട്ടുകേല.

Benjamin S.I.:
what?

ambros arumukham:
not..!

Benjamin S.I.:
എന്നെ നിനക്ക് ശരിക്കറിഞ്ഞു കൂട. പറയെടാ ചെറ്റേ. മാലയെവിടെ?

ambros arumukham:
njaan eduththillennu ethra praavasyam paranju?

Benjamin S.I.:
pinne ninte thanthayaanodaa atheduththath?

ambros arumukham:
തന്ത മാല മോഷണം ചെയ്തിട്ടില്ല. കിണറ്റു കരേലെ മോട്ടറു മോഷ്ട്ടിച്ച് മറിച്ച് വില്‍ക്കലാരുന്നു തന്തേടെ പണി

Benjamin S.I.:
athu shari.

ambros arumukham:
:)

Benjamin S.I.:
do you want coffee?

ambros arumukham:
എന്താ?

Benjamin S.I.:
കാപ്പി വേണോന്ന്?

ambros arumukham:
വേണ്ട സാര്‍. ഒരു ഓ.സി.ആറു വാങ്ങിത്തന്നാ ഉപകാരമായിരുന്നു.

Benjamin S.I.:
ജവാന്‍ മതിയോടാ?

ambros arumukham:
ജവാനടിച്ചാ മിക്സ് ചെയ്യാന്‍ സെവനപ്പ് വേണം സാറേ. ഇല്ലേ എറങ്ങുകേല. ഒരു പാക്കറ്റ് ഫില്‍ട്ടറും മസ്റ്റാ.

Benjamin S.I.:
എങ്കി ലിക്കര്‍ വാങ്ങാന്‍ ഞാനാളെ വിടാം. പക്ഷേ, നീ പറ മറിയേടെ പത്ത് പവന്റെ മാല എവിടെ?

ambros arumukham:
ഓ, സാറിന്റെയൊരു കൊറിയേം, കൊറിയേടെ മാപ്പും.... എനിക്ക് മടുത്തു..

Benjamin S.I.:
ha ha ha.. nice comady. i like you

ambros arumukham:
:)

Benjamin S.I.:
ഓകെ പറ. മാല...?

ambros arumukham:
സാറിന്റെ പറച്ചിലു കേട്ടാത്തോന്നും സാറിന്റെ ഭാര്യേടെ മാലയാ ഞാനടിച്ച് മാറ്റിയതെന്ന്.

Benjamin S.I.:
എന്റെ ഭാര്യേടെ മാലയല്ല, എന്റെ ഭാര്യേത്തന്നെ അടിച്ച് മാറ്റിയാ  എനിക്കിത്ര വിഷമമില്ല ഡാഷ് മോനെ. അത് ഔട്ട് ഓഫ് കവറേജാ.

ambros arumukham:
:(

Benjamin S.I.:
ഈ മാല എനിക്ക് കണ്ടെത്തിയേ പറ്റൂ. പന്ന... പൊലയാടി മോനേ

ambros arumukham:
............................ :(

Benjamin S.I.:
പറയെടാ താ......ന്തോന്നീ ആ മാല എവിടാ വെച്ചേക്കുന്നെ.?

ambros arumukham:
എനിക്ക് അറിയില്ല സാറേ... സത്യമായിട്ടും എനിക്കറിയില്ല.

Benjamin S.I.:
നിന്നെ ഞാനിന്ന് ഉലക്കയ്ക്കുരുട്ടും കഴുവേറീക്കടെ മോനെ. പറയെടാ പന്ന പൂ......ന്തേനരുവീ.....

ambros arumukham:
അയ്യോ എന്നെ ഇടിക്കല്ലേ

Benjamin S.I.:
ട്വിറ്ററു വഴി നിന്നെ ഇടിച്ചുരുട്ടീട്ടേയുള്ളു ബാക്കി കാര്യം

ambros arumukham:
ayyo

Benjamin S.I.:
ഡിഷും... ആ.. ബിഷും.. ടിഷ്യൂം... ആ... ഡപക്കാ.. ഡുംകാ.. ഡിഷ്ക്കാ... പിഷ്ക്കാ...

ambros arumukham:
ayyo. kollalle.... :(

Benjamin S.I.:
ninne njaaninn ulakkaykkuruttum. maiguneshaaa...

ambros arumukham:
ഇനിയെന്നെ ട്വിറ്ററു വഴി തല്ലല്ലേ സാറേ... ഞാനാ വഴിക്ക് പോയിട്ട് പോലുമില്ല. കഴിഞ്ഞ ബുധനാഴ്ച്ച ഞാനവസാനമായ് മോട്ടിച്ചത് മൂന്നുകുല തേങ്ങയാ...

Benjamin S.I.:
നിന്റെ മൂന്നു കുല പൊട്ടറ്റോ ഞാനിന്ന് പൊട്ടിക്കും ചെറ്റേ.

ambros arumukham:
സാറിനെന്താ മറിയേടെ മാലയോട് ഇത്ര ഇത്. ഈ കേസ് തെളിയിച്ചാ പ്രമോഷന്‍ കിട്ടുമോ?

Benjamin S.I.:
പ്രമോഷനല്ലടാ പുല്ലേ. മാല കിട്ടിയില്ലേ ഒരു ഡൈവോഴ്സ് നടക്കും...! :(

ambros arumukham:
ഡൈവോഴ്സോ? എന്തിന്

Benjamin S.I.:
ശ്ശെ. നിന്നോട് ഞാനതെങ്ങനെ പറയും... പറയാതിരുന്നാലും ശരിയാവില്ല... :(

ambros arumukham:
tell me saaar...   :)

Benjamin S.I.:
nee english okke padichu poyallo. good!

ambros arumukham:
:) താങ്ക്സ്. പറയൂ സാറേ... എന്താ മാലേം സാറും തമ്മിലുള്ള ബന്ധം?

Benjamin S.I.:
എടാ ആംബ്രോസേ, ഈ മറിയേമായിട്ട് എനിക്കൊരു ചെറിയ സെറ്റപ്പുണ്ടായിരുന്നു. ഒരവിഹിത ബന്ധം!

ambros arumukham:
my dog?!

Benjamin S.I.:
നാലു ദിവസം മുന്‍പ് എന്റെ പെംബ്രന്നോത്തി കരിസ്മാറ്റിക്ക് ധ്യാനം കൂടാന്‍  ചാലക്കുടിക്ക് പോയി. അന്നേരം...

ambros arumukham:
അന്നേരം?

Benjamin S.I.:
അന്നേരം അവളൂരി ഷെല്‍ഫേ വെച്ചിട്ട് പോയ പത്ത് പവന്റെ മാല, ഞാനെടുത്ത് മറിയേടെ കഴുത്തിലിട്ടു.

ambros arumukham:
saaaro?  enthinu?

Benjamin S.I.:
മറിയക്കെങ്ങാണ്ടും കല്യാണത്തിന് പോകാനാണെന്നും പറഞ്ഞ്.
രണ്ട് ദിവസത്തിനുള്ളില്‍ തിരിച്ചു തരാനിരുന്നതാ മറിയ.

ambros arumukham:
ennitt?

Benjamin S.I.:
എടാ അവളത് തിരിച്ച് തരാനിരുന്നതിന്റെ തലേന്ന് അത് മോഷണം പോയി. അവളുടെ വീട്ടീന്ന്.. :(

ambros arumukham:
അമ്മേ... :(

Benjamin S.I.:
നീയാണിവിടുത്തെ വല്യ മോഷ്ട്ടാവ്. അതാ നിന്നോട് ചോദിക്കുന്നെ..
മാല എവിടാന്ന് പറയെടാ കഴുവേറീ?

ambros arumukham:
ഞാനെടുത്തിട്ടില്ല സാറേ. അമ്മയാണെ സത്യം.

Benjamin S.I.:
che!!! pinnaaraa ath cheythath??? ഇനിയിപ്പോ എന്തു ചെയ്യും? :(  

ambros arumukham:
എന്നാപ്പിന്നെ, അത് സ്വന്തം വീട്ടീന്ന് മോഷണം പോയെന്ന് ഭാര്യയോട് പറഞ്ഞാപ്പോരേ...

Benjamin S.I.:
അത് പറ്റില്ല. വീട്ടിലെപ്പോഴും കാവലിന് ആളുള്ളതല്ലേ. ആരും കേറില്ല. തന്നേമല്ല...

ambros arumukham:
...?

Benjamin S.I.:
തന്നേമല്ല.., ആ മാല സേഫായിട്ട് അവളു വെച്ചതാ. അത് അവിടുന്ന് പോകാനൊരു ചാന്‍സുമില്ല. എനിക്കും അവള്‍ക്കുമേ അറിയൂ അത് വെച്ചിരുന്ന ഇടം.

ambros arumukham:
അതുശരി! ഇനിയിപ്പോ എന്തു ചെയ്യും. ഞാനെന്തായാലും മറിയേടെ മാല മോഷ്ട്ടിച്ചിട്ടില്ല. അതെനിക്കുറപ്പാ.

KOVALAM KOCHAPPI:
ഹായ് ഫ്രെണ്ട്സ്. :)

Benjamin S.I.:
....?

ambros arumukham:
....?

KOVALAM KOCHAPPI:
ഹായ് ഫ്രെണ്ട്സ്. :)

ambros arumukham:
ഇതാരാ ഇടയ്ക്കു കേറി വന്നേക്കുന്നെ

KOVALAM KOCHAPPI:
ഞാന്‍ കോവളം കൊച്ചാപ്പി. :D

Benjamin S.I.:
കോവളം കൊച്ചാപ്പിയോ? തനിക്കെന്താ ഇവിടെ കാര്യം. ഇവിടെ ചോദ്യം ചെയ്യല്‍ നടക്കുകയാണ്. ഞാന്‍ പോലീസാണ്...

KOVALAM KOCHAPPI:
അത് അറിഞ്ഞോണ്ട് തന്നാ വന്നത്. നിങ്ങള് ആ പാവത്തിനെ തല്ലണ്ട കാര്യമില്ല..!

Benjamin S.I.:
അതു പറയാന്‍ നീയാരാടാ ചെറ്റേ. പോലീസുകാരെ പഠിപ്പിക്കുന്നോ? കള്ള റാസ്ക്കല്‍.

KOVALAM KOCHAPPI:
ഞാനൊന്ന് പറയട്ടെ സാറേ. ചൂടാവാതെ... നിങ്ങളുദ്ധേശിക്കുന്ന മാല എന്റെ കയ്യിലുണ്ട്. മറിയേടെ കഴുത്തിക്കിടന്ന പത്തു പവന്റെ മാല. ha ha..

Benjamin S.I.:
ദൈവമേ.. നിന്റെ കയ്യിലോ. നീയാരാ? നീയേതാ? അതിങ്ങ് താടാ റാസ്ക്കല്‍!!!

KOVALAM KOCHAPPI:
അത് തരില്ല സാറേ. അത് ഞാനടിച്ച് മാറ്റിയതൊന്നുമല്ല. മറിയ എനിക്ക് ഗിഫ്റ്റ് തന്നതാ.

ambros arumukham:
എന്റെ സാറേ ചതിച്ചോ

Benjamin S.I.:
ഗിഫ്റ്റ് തന്നതോ? മറിയയോ? ഡാഷത്തരം പറയരുത് തെണ്ടീ.....

KOVALAM KOCHAPPI:
ha ha. saaru choodaavaathe.  ath enikk mariya thannathaanu saare.

Benjamin S.I.:
എന്തിന്? എന്തിന് നിനക്കത് മറിയ തരണം? ഞാനിത് വിശ്വസിക്കില്ല.

KOVALAM KOCHAPPI:
നിങ്ങളും മറിയയും തമ്മില്‍ അറിയുന്നതിനു മുന്‍പ് തൊട്ടേ ഞാനും മറിയേമായിട്ട് ഇച്ചിരെ... സംതിങ്ങ് സംതിങ്ങ് ഒക്കെയുള്ളതാ.. :D

Benjamin S.I.:
pokriththaram parayaruth..!

KOVALAM KOCHAPPI:
പോക്രിത്തരമോ? ഹഹ. സാറു മറിയക്കൊരു ഉപഹാരം ചെയ്തു. മറിയ എനിക്കൊരു പലഹാരം തന്നു. അത്രേയുള്ളൂ ഹഹ്ഹ്
:D

Benjamin S.I.:
എടാ പുല്ലേ സൈബര്‍ സെല്ലുപയോഗിച്ച് നിന്നേം, നീ പൊക്കിയ മാലേം ഞാന്‍ കണ്ടു പിടിക്കും. നിന്റെ അണ്ഡം കീറും..!!!

KOVALAM KOCHAPPI:
ഉവ്വ ഉവ്വ. എങ്കില്‍ ഞാനീ ചാറ്റിന്റെ പ്രിന്റ് സ്ക്രീനെടുത്ത് സാറിന്റെ വൈഫിന് അയച്ചു കൊടുക്കും. അന്നു തീരും സാറിന്റെ കുടുംബ ഭദ്രത. ഹ്ഹ്ഹ്

Benjamin S.I.:
ദൈവമേ. നീയെന്തൊക്കെയാ  പറയുന്നത്. എനിക്ക് വല്ലാതെ വരുന്നു...

ambros arumukham:
saaare, ivan pani paalum vellaththil tharuvaannu thonnunnu

Benjamin S.I.:
ഇനിയിപ്പോ എന്തു ചയ്യും. ഞാനെന്ത് തരണം നിനക്ക്?

KOVALAM KOCHAPPI:
എനിക്കൊന്നും തരണ്ട. ഞാനീ മാലയും തിരിച്ച് തരില്ല! സാറിന് ഇഷ്ട്ടം പോലെ കാശൊണ്ടല്ലോ, വേറൊരെണ്ണം വാങ്ങി ഭാര്യയ്ക്ക് കൊട്..

Benjamin S.I.:
അയ്യോ?! :(

KOVALAM KOCHAPPI:
അപ്പോ ഞാന്‍ പോകുന്നു. ഗുഡ് ബൈ!  ഹാ ഹാ...
:D

Benjamin S.I.:
ഡാ..

Benjamin S.I.:
ഏയ്... എടോ...

Benjamin S.I.:
എടാ കൊച്ചാപ്പീ... പോയോ...

Benjamin S.I.:
ചെ! ആ മൈ___ ന്‍  പോയി  :(

ambros arumukham:
ഇനിയിപ്പൊ എന്ത് ചെയ്യും സാറേ?

Benjamin S.I.:
എടാ ആ മറിയ ഒരു കേസുകെട്ടാരുന്നെങ്കിലും ഇത്ര വല്യൊരു കേസുകെട്ട് എനിക്കിട്ട് പണിയുമെന്ന് സ്വപ്നത്തില്‍ പോലും ഞാനോര്‍ത്തില്ല

ambros arumukham:
അപ്പോ എനിക്കിനി പോകാമല്ലോ സാറേ... :)

Benjamin S.I.:
നീ പോകുന്നതല്ലല്ലോ വിഷയം. അവളറിഞ്ഞാല്‍ എന്റെ കാര്യം പോക്കാ. എന്തൊരു കേസുകെട്ടാണിത്. കര്‍ത്താവേ....

Benjamin S.I.:
ഹെഡ് കോണ്‍സ്റ്റബിള്‍, എനിക്കൊരു ഉപ്പു സോഡാ വാങ്ങിച്ചോണ്ട് വാടോ...


ബുധനാഴ്‌ച, ഒക്‌ടോബർ 26, 2011

കാര്‍ത്തികാ റോഡ് സെവന്‍ത് ബ്ലോക്ക്

കടുത്ത പേമാരിയില്‍ ബാംഗ്ലൂര്‍ നഗരം ഉറങ്ങിക്കൊണ്ടിരുന്ന ഒരു വേനല്‍ക്കാലമായിരുന്നു അത്. കൂറ്റാ കൂരിരുട്ട്. അന്ന് പിള്ളേരായ പിള്ളേരെയെല്ലാം എഴുത്തിനിരുത്തുന്ന
കഷ്ട്ടപൂജാഷ്ട്ടമി നാളായിരുന്നു. കോള്‍ സെന്ററിലെ വൈകിയുള്ള ഡ്യൂട്ടി കഴിഞ്ഞ്  പുലര്‍ച്ചെ നാലരയ്ക്ക് ഞാന്‍ ഇന്ദിരാ നഗറില്‍ ബസ്സിറങ്ങുമ്പോള്‍ റോഡ് വിജനം. അന്നവിടെ കന്നഡികരുടെ ദേശീയോത്സവമായ ഓണം സെലിബ്രേഷനും കൂടിയായിരുന്നു. കഷ്ട്ടകാലം വരുമ്പോള്‍ എല്ലാം കൂട്ടത്തോടെന്നും, ഓണത്തപ്പനും, ഓടനാവട്ടം ഓമനേം ഒരുമിച്ച് വരുമെന്നും പണ്ടേ ബനാനാ ടോക്കുണ്ടല്ലോ.

വഴിയോരം വിജനമായിരുന്നു. ഇന്ദിരാ നഗറില്‍ നിന്ന് ഞാന്‍ റൈറ്റ് കട്ട് ചെയ്ത്
കന്നഡിക  രക്ഷണ്‍ വേദിയുടെ ഓഫീസിനു മുന്‍പിലൂടെ കാര്‍ത്തികാ റോഡിലെക്ക് തിരിഞ്ഞു.
സ്ട്രീറ്റ് ലൈറ്റുകളെല്ലാം അണഞ്ഞു കിടന്നിരുന്നു. ദൂരെ  മജസ്റ്റിക്കിനടുത്ത് ദേവീകുളം ആകാശവാണി നിലയത്തിന്റെ ഓഫീസിനു മേലെ  അവിടുത്തെ സ്റ്റാഫിന്റെ ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ശബ്ദം കേള്‍ക്കാമായിരുന്നു...  രാവിലെ ദര്‍ബാര്‍ സിങ്ങിനൊപ്പം അടിച്ച കിങ്ങ്ഫിഷറിന്റെ ഹങ്ങോവര്‍ മാറാഞ്ഞതു കൊണ്ടാവണം എന്റെ കാലുകള്‍ കുഴയുന്നുണ്ടായിരുന്നു.

ബസന്ത് നഗറിലെ അപ്പാര്‍ട്ട്മെന്റുകള്‍ക്ക് പുറകില്‍ നിന്നും
ചെന്നായ്ക്കളുടെ ഉച്ചത്തിലുള്ള ഓരിയിടീല്‍ കേള്‍ക്കാമായിരുന്നു. തലയ്ക്കു മുകളിലെ സ്ട്രീറ്റ് ലൈറ്റില്‍ നിന്നും ഒരു മൂങ്ങയുടെ ക്രൗര്യമായ മൂളല്‍ കേട്ടു.  ചെരുപ്പിന്റെ നീണ്ട ഹീലു കാരണം എനിക്ക് ഇപ്പോ വീഴുമെന്ന് പോലും തോന്നിപ്പോയി.

സെവന്‍ത് ബ്ലോക്കിലേക്ക് ഞാന്‍ തിരിഞ്ഞപ്പോഴാണ് എനിക്കൊരു സംശയം ഉദിച്ചത്. ആരോ പിന്തുടരുന്നുണ്ടോ?
ഞാന്‍ പെട്ടന്ന് തിരിഞ്ഞു നോക്കി...
ഇല്ല തോന്നലാണ്...
വീണ്ടും നടന്നു.
ബംഗ്ലൂര്‍ മേയറുടെ ഭാര്യ വീടെന്ന് മറ്റുള്ളവരില്‍ നിന്ന് അറിഞ്ഞ വലിയ  ബംഗ്ലാവിനു മുന്‍പിലൂടെ ഞാന്‍ പതിയെ നടന്നു.
പിന്നില്‍ വീണ്ടും അതേ കാലടി ശബ്ദം..?
യെസ്. എന്റെ ഉള്ളിലൂടെ ഒരു നടുക്കം പാഞ്ഞു....
ഞാന്‍ പതിയെ തല ചരിച്ച്, ഇടംകണ്ണ് കൊണ്ട് ഒന്നു നോക്കി. ഇല്ല ആരും ഇല്ല....
എന്റെ ചെവിയുടെ പിറകിലൂടെ വിയര്‍പ്പു തുള്ളി ചാലിട്ടു... എന്റ കാലുകള്‍ക്ക് ബലം വര്‍ദ്ധിച്ചു. നടപ്പിനു വേഗത കൂടി. സീസ്റ്റന്‍ ചാപ്പലിലിരുന്ന്  മാര്‍പ്പാപ്പ പ്രാര്‍ത്തിയ്ക്കുന്നുണ്ടെങ്കില്‍ അതിന്റെ അനുഗ്രഹീത വലയം എന്നേക്കൂടെ  ഭ്രമണം  ചെയ്യട്ടെ എന്ന് ഞാന്‍ മനസ്സുകൊണ്ടാശിച്ചു...

സെവന്‍ത് ബ്ലോക്കിലെ അവസാനത്തെ കെട്ടിടമായിരുന്നു എന്റെ അപ്പാര്‍ട്ട്മെന്റായ സൈമൺ ലില്ലി. ഞാനതിന്റെ ഗേറ്റിലെത്തി. വാച്ച്മാന്‍  ഉറക്കമാണോ?

"വാച്ച്മാന്‍ ... വാച്ച്മാന്‍ ..."
ഞാന്‍ വിളിച്ചുകൊണ്ടിരുന്നു.

വാച്ച്മാന്‍ അപ്പുറത്തിരുന്ന് ബാറ്റ്മാന്‍ കാണുകയായിരുന്നു എന്ന് ഞാനറിഞ്ഞില്ല.
വാച്ച്മാനെ വിളിച്ച് വിളിച്ച് എന്റെ തൊണ്ടക്കുഴിയിലെ വെള്ളം വറ്റി. പതിയെ കാര്‍ത്തികാ  റോഡിന്റെ, ബന്നാര്‍ഗട്ട ജംഗഷനിലെ എന്റിലേക്ക് നോക്കി. ഞാന്‍ നടുങ്ങിപ്പോയി... ഒരു രൂപം, ഒരു ഏഴേഴര എട്ടൊന്‍പത് അടിയുള്ള ഒരു ആജാനുബാഹുവായ രൂപം, അത് സ്ട്രീറ്റ് ലൈറ്റുകളുടെ അവ്യക്തമായ പ്രകാശത്തെ വകഞ്ഞു മാറ്റിക്കൊണ്ട് നടന്നടുക്കുന്നു...

ഈശ്വരാ, ഇങ്ങനൊരു രൂപത്തേക്കുറിച്ച് ഏറ്റുമാനൂര്‍ ശിവകുമാറിന്റെ മാന്ത്രിക നോവലില്‍ പോലും കേട്ടിട്ടില്ലല്ലോ എന്ന ചിന്ത എന്നെ തളര്‍ത്തിക്കളഞ്ഞു. അടുത്തേക്ക് വരുന്ന രൂപത്തിന് മുഖമുണ്ടായിരുന്നില്ല. കടുത്ത ബ്രൗണും, ബ്ലാക്കും ഇടകലര്‍ന്ന നിറങ്ങളുള്ള തല മറയ്ക്കുന്ന നീണ്ട രോമക്കുപ്പായമാണയാള്‍ ധരിച്ചിരുന്നത്.  പൊടുന്നനെ ഇന്‍ഡ്യന്‍  എയര്‍ഫോഴ്സിന്റെ ഒരു ഹെലികോപ്ടര്‍ തലയ്ക്കു മുകളിലൂടെ ഒരു ഇരമ്പലോടെ പാഞ്ഞു പോയി. ഹെലികോപ്ടറിന്റെ ഇന്‍ഡിക്കേറ്ററിന്റെ വെളിച്ചത്തില്‍ ഞാനാ രൂപത്തെ മുഴുവനായി കണ്ടു. ആ ഭീമാകാരന് വലതു കൈ ഇല്ലായിരുന്നു. ഇടതുകൈയ്യില്‍ വലിയൊരു  പിക്കാസ് വെട്ടിത്തിളങ്ങിക്കൊണ്ടിരുന്നു...
എന്റെ രക്തം ഉറഞ്ഞു തുടങ്ങി... പിക്കാസ്സാ വെബ് ആല്‍ബത്തില്‍പ്പോലും ഇത്ര വല്യൊരു പിക്കാസ് ഞാന്‍ കണ്ടിട്ടില്ല...

ഏതോ ഘാതകനാണ്. അവന്റെ ഉദ്ധേശം എന്താണ്. റേപ്പാണോ?
ഒരു റോപ്പ്  കിട്ടിയിരുന്നെങ്കില്‍ ഈ ഗേറ്റ് ചാടിക്കടന്നു പോകാമായിരുന്നു. അല്ലെങ്കില്‍ ഒരു റോക്ക്  കിട്ടിയാല്‍ അതെടുത്ത് അവന്റെ മണ്ടയ്ക്കെറിഞ്ഞിട്ട് ഓടാമായിരുന്നു. ഗേറ്റിനു മേലേ  നിന്നും ഒരു വവ്വാൽ ചിറകടിച്ച് പറന്നു പോയി. മേയറുടെ ഭാര്യ വീട്ടിലെ ചെയിഞ്ചിങ്ങ് റോസിന്റെ ചുവട്ടില്‍ വെച്ച് ഒരു കരിമ്പൂച്ച ഒരു പന്നിയെലിയെ തിന്നുകൊണ്ടിരുന്നു.

മരണം ഉറപ്പായി.. ഞാന്‍ ഉച്ചത്തില്‍ നിലവിളിച്ചു...
അമ്മോ അച്ചോ ഓടി വരണേ.
പക്ഷേ ശബ്ദമൊന്നും പുറത്തേക്ക് വന്നില്ല.
മാടമ്പള്ളിയിലെ നിലവറ മൈന മയങ്ങിപ്പോയിരുന്നു....

ഞാന്‍ ഓടി. എനിക്ക് പിന്നില്‍ സെവന്‍ത്  ബ്ലോക്കിലെ ഒരോരോ അപ്പാര്‍ട്ടുമെന്റുകളും മറഞ്ഞുകൊണ്ടിരുന്നു. ഞാന്‍ കാനയുടെ സൈഡിലെ കാനം രാജേന്ദ്രന്റെ വീടിന്റെ  മതിലിലൂടെ വലിഞ്ഞു കയറി. അവരുടെ വീടിന്റെ കോമ്പൗണ്ടിനുള്ളില്‍ മതിലിനോട് ചേര്‍ന്ന് ഞാന്‍ ശ്വാസം അടക്കിപ്പിടിച്ച് പതുങ്ങിയിരുന്നു. എത്ര നേരമങ്ങനെ കടന്നു പോയി എന്നറിയില്ല.

പെട്ടന്ന് ചെറിയ ഞരങ്ങലോടെ  ഗേറ്റ് തുറക്കപ്പെട്ടു. അതേ അയാള്‍
വരുകയാണ്... ആ ആജാനുബാഹു....
ഭഗവതീ... ഞാന്‍ കണ്ണുകള്‍ ഇറുക്കിയടച്ചു.
 എന്റെ ബ്ലൂ സ്കേർട്ട് ഞാന്‍  ഇലകള്‍ക്കിടയിലേക്ക് പതിയെ കയറ്റി എന്നെത്തെന്നെ ഒളിപ്പിക്കാന്‍  ശ്രമിച്ചു.  എന്നെ  വിറയ്ക്കുന്നുണ്ടായിരുന്നു. ആ വേനലിലും, മഞ്ഞു കാലത്തെന്നത് പോലെ എന്റെ താടി  കിടുകിടുത്തു.  രൂപത്തെ ഞാന്‍ പാതി കണ്ണ്  തുറന്ന് നോക്കിക്കൊണ്ടിരുന്നു. എന്റെ മുഖവും മനസ്സും ഭീതികൊണ്ട് കരുവാളിച്ച് പോയിരുന്നു....

മരിക്കാന്‍ പോകയാണ്.
അല്ല, കൊല്ലപ്പെടാന്‍ .....
എന്റെ തലയ്ക്കുള്ളിലൂടെ ഒരു മിന്നല്‍  പാഞ്ഞു...
തണുത്ത മരണം മുന്‍പിലുണ്ട്.

പട്ടി കാലന്‍ കൂവി. കോഴി കാലക്കേട്കൊണ്ട് കൂവി...
ചെവിയില്‍ ചൂളം കുത്തുന്നു... മരണത്തിന്റെ ചൂളം കുത്തല്‍.
ഞാന്‍ ചെവി പൊത്തി.
ഗ്വാണ്ടനാമോയിലെ തടവുകാര്‍  ഉറക്കെയുറക്കെ ഓരിയിട്ടു.
ഓാഓാഓാഓാഓയ്.................

ഇനി ഒന്നും പ്രതീക്ഷിച്ചിട്ട് കാര്യമില്ല.
ഉടനേ തന്നെ ഞാന്‍ ബാഗില്‍ നിന്നും ലിപ്സ്റ്റിക്കെടുത്ത് ചുണ്ടില്‍ പുരട്ടി.
ചത്ത് കിടന്നാലും ചമഞ്ഞ് കിടക്കണമെന്ന് അമ്മ പറയാറുള്ളത് ഞാനോര്‍ത്തു. ഫെയര്‍ ആന്റ് ലൗലി പതുക്കെ ഞെക്കി മുഖത്തും കഴുത്തിലും തേച്ചു. കണ്ണില്‍ കണ്മഷി  തേക്കാനായി ബാഗില്‍ പരതി. പക്ഷേ അത് മാത്രം കിട്ടിയില്ല. എങ്കിലും തക്ക  സമയത്ത് ഒരു ഐഡിയാ കിട്ടി.നേരേ, മതിലിലെ പായലിനടിയിലിരുന്ന കറുത്ത ചെളി  വാരി കണ്‍ പിരികത്തില്‍ തേച്ചു. ഇപ്പോ സുന്ദരിയായിട്ടുണ്ട്. ഇനി ചിരിച്ചുകൊണ്ടിരിക്കണം. കൊലപാതകി എന്ത് ചെയ്താലും ചിരിച്ചു കൊണ്ട് തന്നെയിരിക്കണം. മുഖം വികൃതമാകരുത്.
കത്തി കൊണ്ട് കുത്തിയാലും പിക്കാസ്സു കൊണ്ട് വെട്ടിയാലും
ചിരി വിടരുത്. നാളത്തെ ഇന്‍ഡ്യന്‍ എക്സ്പ്രസ്സിലും, ഡെക്കാന്‍ ക്രോണിക്കിളിലും ഞാന്‍
കൊല്ലപ്പെട്ടുകിടക്കുന്ന സുന്ദരമായ ഫോട്ടോ തന്നെ അച്ചടിക്കപ്പെടണം...

എങ്ങനെയായിരിക്കും അയാളെന്നെ കൊല്ലുക?
ഗജിനിയിലെ അസിനേപ്പോലെ കത്തികൊണ്ട് കുത്തിയോ?
അതോ തലയ്ക്ക് വലിയ ടി.എം.ടി. കമ്പി കൊണ്ട് അടിച്ചോ?
അതിന്റെയൊക്കെ ഉപയോഗം അയാള്‍ക്ക് വരുമെന്ന് തോന്നുന്നില്ല.
കയ്യിലൊരു പിക്കാസ്സുണ്ട്. മൈ ബ്ലഡീ വാലന്റൈന്‍സിലേപ്പോലെ, ഫ്രൈഡേ ദ തേര്‍ട്ടീന്തിലേപ്പോലെ.. ഒരു പിക്കാസ്സ് കൊലപാതകി...
അയാള്‍ക്ക് അതു തന്നെ ധാരാളം!

പൊടുന്നനെയാണത് സംഭവിച്ചത്.  ബാഗിലിരുന്ന എന്റെ മൊബൈല്‍ അപ്രതീക്ഷിതമായി റിങ്ങ് ചെയ്തു....
എന്റെ തലയില്‍ നക്ഷത്രങ്ങള്‍ പറന്നു. എന്റെ ഹ്രിദയമിടിപ്പ് നിലച്ചു.
എന്ത് ചെയ്യണം എങ്ങനെ ചെയ്യണം എന്നറിയാതെ ഞാന്‍ ഭയാക്രാന്തയായി.
ക്രൗര്യമായ ആ രൂപം - അതേ,  ഗെറ്റില്‍ പിടിച്ചുകൊണ്ട് കിതയ്ക്കുകയായിരുന്ന ആ രൂപം - എന്നെ, ഞാനിരുന്ന ഭാഗത്തേക്ക് പൊടുന്നനെ ചുഴിഞ്ഞു നോക്കി.

കാനം രാജേന്ദ്രന്റെ ബെഡ്രൂമിലെ റോസ് വെളിച്ചം എന്റെ മേലേ പടരുന്നുണ്ടായിരുന്നു.
എന്റെ ചുണ്ടുകള്‍ വിറച്ചു. രൂപം എന്റെ  അടുത്തേക്ക് ചുവടുകള്‍ വെച്ചു... വാച്ചിലെ സക്കന്റ് സൂചിയുടെ നേരിയ ശബ്ദം പോലും എനിക്കു കേള്‍ക്കാവുന്നത്ര നിശബ്ദത അവിടെയുണ്ടായിരുന്നു... ഇപ്പോ പിക്കാസ് ഉയര്‍ന്നു താഴും... എന്റെ അന്ത്യ കുര്‍ബാന ഇവിടെ പൂര്‍ത്തിയാകും. അതിനു മുന്‍പ് സ്വയം ഒപ്രിശുമ ചൊല്ലിയേക്കാം.....

ഉറക്കെ അലറിയാല്‍ പോലും കാര്‍ത്തികാറോഡ് സെവൻത്  ബ്ലോക്ക് എനിക്ക് രക്ഷ തരുമെന്ന് തോന്നുന്നില്ല... ഞാന്‍ കൈ കൂപ്പിക്കൊണ്ട് മതിലിനോട് പറ്റിയിരുന്നു.
രൂപം അടുത്തു വന്നു. ഞാന്‍  യാചനയൊടെ ആ പത്തടിയുള്ള രൂപത്തെ നോക്കി.
പെട്ടന്ന് അയാളുടെ കയ്യില്‍ നിന്ന് പിക്കാസ്സ് താഴെ വീണു.
അയാള്‍ പുതച്ചിരുന്ന. ശീല പോലെ ചുറ്റിയ വലിയ ജാക്കറ്റ് -കരിമ്പടം-   പിന്നിലേക്ക്
ഊര്‍ത്തി എറിഞ്ഞു.

ഞാന്‍ ഞെട്ടിപ്പോയി.
എനിക്കെന്റെ കണ്ണുകളെ വിശ്വസിക്കാനായില്ല.
അത് ആജാനുബാഹുവായ ഒരാളല്ല. രണ്ട് പേരാണ്.
അതാ ഒരുത്തന്റെ തോളില്‍ ഒരു അഞ്ചു വയസ്സുകാരന്‍ പയ്യന്‍  ഇരിക്കുന്നു...
ഞാൻ കണ്ണു തിരുമ്മി വീണ്ടും നോക്കി.
അതേ. അതങ്ങനെ തന്നെയാണ്.

എനിക്ക് മുന്‍പില്‍ നില്‍ക്കുന്ന ആളുടെ തോളില്‍  ഒരു ചിന്ന പയ്യന്‍സ് ഇരിക്കുകയാണ്.
പെട്ടന്ന് രൂപം പോക്കറ്റിൽ നിന്ന് മൊബൈലെടുത്ത് എന്റെ മുഖത്തേക്ക് തെളിച്ചു.

എന്റെ മുഖം വ്യക്തമായതും അയാളില്‍  നിന്ന് ഒരു ആശ്ച്ചര്യകരമായ ശബ്ദം പുരപ്പെട്ടു

"അക്കാ നീങ്ക ഏന്‍ ഇങ്കെ വന്ത് ഒക്കാന്തിരിക്കിറേന്‍ ? ഏന്‍ , എന്നാ ആച്ച് അക്കാ?"

]അക്കയെന്നോ. ആരുടെ അക്ക.ഞാന്‍ അംബരന്നു.
 കൊലപാതകിക്കും മാനേഴ്സോ? പക്ഷേ ഈ ശബ്ദം, ഇത് നല്ല പരിചയമുണ്ട്!

"അക്കാ ഇത് നാന്‍ താന്‍ . ഇന്ത സ്ട്രീറ്റിലെ ട്രെയിനേജ് ക്ലീനാക്കിറ വേലയെല്ലാം സെയ്യിറ അന്‍പഴകന്‍ ."

അന്‍പഴകനോ.
ഞാൻ ആലോചിച്ചു
ട്രെയിനേജ് ക്ലീനര്‍ അന്‍പഴകന്‍ ..?!
ഇവനാരുന്നോ ഈ കാലമാടനായി തന്നെ പേടിപ്പിച്ചത്?

"അക്കാ ഇന്ന് കാലത്ത് വന്ത് ട്രെയിനേജ്  ക്ലീനാക്കറുതുക്ക് താന്‍ , നാനും എന്‍ കുഴൈന്തയും
വന്തത്. അപ്പോ ഒരു പൊണ്ണ് ഇന്തപ്പക്കം ഓടി പോകിറത് നാങ്ക പാത്തേന്‍ . അത് യാരെന്ന് തെരിയ്റുതുക്ക് താന്‍ നാങ്ക ഫോളോ പണ്ണി വന്തത്. അന്ത ആള്‍ നീങ്ക താന്‍ന്ന് ഇപ്പൊതാന്‍ തെരിഞ്ചത്. നീങ്ക എതുക്ക് ഇങ്കെ വന്ത്.......?"

ഞാന്‍ ചാടി എഴുനേറ്റു.
ഞാന്‍ രണ്ടുമൂന്നു തവണ ദീര്‍ഘമായി നിശ്വസിച്ചു.
എത്ര നേരം ശ്വാസം അടക്കിപ്പിടിച്ചതാണ്...
എന്നിട്ട് എന്നിട്ട് അന്‍പഴകനെ നോക്കി ഞാനൊരു ചമ്മിയ ചിരി ചിരിച്ചു.

"എന്റെ അന്‍പഴകാ, ഇത് നീയാണെന്ന് ആദ്യേ അറിഞ്ഞിരുന്നെങ്കില്‍ ഞാനിത്ര  ടെന്‍ഷനടിക്കൂലാരുന്നു. ഞാന്‍ പേടിച്ച് ചത്ത് പോകേണ്ടതായിരുന്നു... ഞാനെന്തുമ്മാത്രം പേടിച്ച് പോയി... ഗജിനി, സഞ്ചയ് രാമസ്വാമി, അസിന്‍ ... അവസാനം പവനായി ശവമായി"

അത്രയും പറഞ്ഞു കൊണ്ട് ഞാന്‍ ബോധം കെട്ട് കാനം രാജേന്ദ്രന്റെ ഉദ്യാനത്തിന്
നടുവിലേക്ക് വീണു. അത്രയും നേരം കെടാതെ പോയ എന്റെ ബോധം അന്നേരമാണ് കെട്ട് പോയത്.


(കാർത്തികാ ലക്ഷ്മിയുടെ ബാംഗ്ലൂര്‍ അനുഭവങ്ങളുടെ ഡയറിയില്‍ നിന്നും)


ചൊവ്വാഴ്ച, ഒക്‌ടോബർ 25, 2011

ശോഭയുടെ ബലാല്‍സംഗം. ഒരു ഫ്ലാഷ്ബാക്


ശോഭേ... എടീ ശോഭേ... കതക് തുറക്കാനാ പറഞ്ഞത്. എടീ കതക് തുറക്കാന്‍ . മര്യാദയ്ക്ക് നീ കതക് തുറക്കുന്നോ അതോ ഞാന്‍ ചവിട്ടി പൊളിയ്ക്കണോ?
- ഉമ്മര്‍ അലറി.

നിശബ്ദത...
മുറിയ്ക്കുള്ളില്‍, അടച്ചിട്ട  കതകില്‍ ചാരി നിന്ന് കിതയ്ക്കുന്ന ശോഭ. ശോഭയുടെ മാറിടം കിതപ്പുകൊണ്ട് വിജ്രുംഭനങ്ങള്‍ സൃഷ്ടിയ്ക്കുന്നു. 

ശോഭേ, എന്റെ ക്ഷമയെ നീ പരീക്ഷിയ്ക്കരുത്.  ഞാന്‍ കതക്  ചവിട്ടിപ്പൊളിയ്ക്കുമെന്ന് പറഞ്ഞാല്‍ ചവിട്ടിപ്പൊളിച്ചിരിയ്ക്കും!

ശോഭ ദയനീയമായി അപേക്ഷിയ്ക്കുന്നു.
അരുത്...  ഉമ്മറു ചേട്ടന്‍ പോകണം. എനിക്കൊരു കുടുംബമുള്ളതാണ്. എന്നെ ദ്രോഹിക്കരുത്. ദയവായി എന്നെ ഉപദ്രവിയ്ക്കരുത്..

ഉമ്മറു ചേട്ടന്റെ ഉണ്ടക്കണ്ണുകള്‍ തവള പിടുത്തക്കാരെക്കണ്ട പച്ചത്തവളയുടേതു പോലെ ഒന്നുകൂടി ഉരുളുന്നു. കതകു തുറന്നാല്‍ ശോഭയോടൊപ്പം കട്ടിലില്‍ കിടന്ന് ഉരുളുന്ന സൗഭാഗ്യത്തെയോര്‍ത്ത് ഉമ്മര്‍ ഏതോ അമ്പലത്തിലേക്ക് ഒരു ഉരുളി നേര്‍ന്നു.

ശോഭേ...  ഭേ..  ഭേ..  ഫേ... ഫേ...  ഏഏഏഏഏ........
ഉമ്മര്‍ ഗര്‍ജിച്ചു-

ഞാനൊരു ഭര്ത്രുമതിയാണ്. ഭര്‍ത്താവിനെ മതിയായവളായാണ്.  എങ്കിലും ഒരു ബലാല്‍സംഗത്തിനൊന്നും നിന്നുകൊടുക്കാന്‍ എന്നേക്കൊണ്ട് പറ്റില്ല. ഉമ്മറു ചേട്ടന്‍ എന്റെ പിറക്കാതെ പോയ ആങ്ങളയാണ്... എന്നെ മനസ്സിലാക്കൂ...
ശോഭ കെഞ്ചി-

ശോഭ വാതിലിനരികില്‍ നിന്ന് ഭിത്തിയിലേക്ക് നീങ്ങി നിന്ന് കിതയ്ക്കുന്നു. നെറ്റിയിലൂടെ മാറിടത്തിലേക്ക് വിയര്‍പ്പ് ചാലിട്ടൊഴുകുന്നു. ശോഭയുടെ മാറിടം ആരുടെയോ കരങ്ങള്‍ക്കുള്ളില്‍ കിടന്ന് ഞെരിഞ്ഞമരാന്‍ വേണ്ടി പൊട്ടിത്തരിയ്ക്കുകയാണ്...

അത്രയുമായപ്പോള്‍ ക്ഷമകെട്ട് ഉമ്മര്‍ ഒറ്റച്ചവിട്ടിന് വാതിലു പൊളിച്ചു!!! 

അകത്തു കയറിയ ഉമ്മര്‍ ഗ്രഹിണി പിടിച്ച ചെക്കന്‍ ചക്കക്കൂട്ടാന്‍ കണ്ടതു പോലെ ശോഭയെ നോക്കി കണ്ണുരുട്ടുന്നു. ശോഭ വെള്ള സാരി കൊണ്ട് ദേഹമാസകലം മൂടിപ്പുതയ്ക്കാന്‍ വിഫലമായി ശ്രമിയ്ക്കുന്നു. താന്‍ സാരിയല്ല ഉടുത്തിരിയ്ക്കുന്നതെന്നും, സാരിയാണെന്ന് കരുതി വെള്ള തോര്‍ത്താണു ചുറ്റിയിരിക്കുന്നതെന്നും ശോഭ അപ്പോഴാണ് മനസ്സിലാക്കുന്നത്. ഈശ്വരാ...

അരുത്.. അരുത്... ദയവായി എന്നെ ഉപദ്രവിക്കരുത്... എന്നെ നശിപ്പിക്കരുത്...

ശോഭേ ഞാനൊരു വികാര ജീവിയാണ്. നിന്നെ കാണുമ്പോഴൊക്കെ പ്രത്യേകിച്ചും!  
ദാഹം വന്നാല്‍ സോഡാ സര്‍ബത്ത് കുടിച്ച് ദാഹം തീര്‍ക്കാം. മനുഷ്യന് വികാരം വന്നാല്‍ എന്ത് ചെയ്യും? പറയൂ ശോഭേ പറയൂ...  

എനിക്കറിയില്ല.. ദയവ് ചെയ്ത് പോകൂ.

എന്നാല്‍ ഞാന്‍ പറയാം. വികാരം വന്നാല്‍ ബലാല്‍സംഗം ചെയ്യണം.

ശോഭ മുറിയുടെ മൂലയിലേക്ക് പമ്മിയിരിക്കുന്നു. ഉമ്മര്‍ കരടി ചുവടു വെയ്ക്കുമ്പോലെ ചുവട് വെച്ച് ശോഭയുടെ അരികിലെത്തുന്നു. പിന്നെ നടക്കുന്നതൊരു മല്‍പ്പിടുത്തമാണ്

ത്സം ജം ത്സം ജം ത്സം ജം...... (ബാക്ക്ഗ്രൗണ്ട് മ്യൂസിക്..)

ശോഭ അലറുന്നു. ബച്ചാവോ ബച്ചാവോ

ബചാവോയോ? ങാ ഇനി അവനേക്കൂടെ വിളിക്ക്. എന്നിട്ട് വേണം അവനും വന്ന് നിന്നെ ബലാല്‍സംഗം ചെയ്യാന്‍ ...

വീണ്ടും ശോഭ-
ബചാവോ ബചാവോ... രക്ഷിക്കൂ രക്ഷിക്കൂ...

പെട്ടന്ന് വാതില്‍ക്കലേക്ക് ഒരു രൂപം കടന്ന് നിന്നു. ഉമ്മര്‍ ഞെട്ടി തിരിഞ്ഞ് നോക്കുന്നു. വെള്ള കോട്ട്, സ്യൂട്ട്, ഷൂ, കൂളിങ്ങ് ഗ്ലാസ്സ്, തൊപ്പി, ചുണ്ടിലൊരു എരിയുന്ന സിഗരറ്റ്... ആഗതന്‍ പതിയെ ഉപചാരം പ്രകടിപ്പിച്ചു.

ഹലോ മിസ്റ്റര്‍ പെരേര...

ഓ.., ജോസ് പ്രകാശ്...!
ഉമ്മര്‍ മനസ്സില്‍ പ്രാകി.

മിസ്റ്റര്‍ പെരേര..., ഹാര്‍ബറില്‍ ഒരു ലോഡ് സ്വര്‍ണ ബിസ്കറ്റ് എത്തിയിട്ടുണ്ട്. കസ്റ്റംസുകാരില്ലാത്ത നേരമാണ്... നമ്മുടെ പയ്യന്‍മ്മാരുടെ കൂടെ നിങ്ങളൊന്ന് അത്രടം വരെ പോയാല്‍.., നമുക്ക് കിട്ടുന്നത് കോടികളാണ്....

ത്സം ജം ത്സം ജം ത്സം ജം...... ( വീണ്ടും ബാക്ക്ഗ്രൗണ്ട് മ്യൂസിക്..)

ഒന്നു പോടോ, മനുഷ്യനിവിടെ ബലാല്‍സംഗം ചെയ്യാന്‍ നിക്കുമ്പോഴാണ് അവന്റെയൊരു സ്വര്‍ണ്ണ ബിസ്ക്കറ്റ്. എന്തായാലും ഇതൊന്ന് തീര്‍ത്തിട്ടേ ഞാനിനി ഏതു പരിപാടിയ്ക്കും ഉള്ളൂ.

ധിക്കാരം ഞാന്‍ വെച്ച് പൊറുപ്പിക്കില്ല!


ഞാനിന്ന് ഇല്ലെന്ന് പറഞ്ഞില്ലേ?!!!
ഉമ്മര്‍ ക്ഷോഭാകുലനായി-

ഓഹോ.. നിങ്ങളപ്പോ ഇന്ന് ഓപ്പറേഷനില്ല, അല്ലേ മിസ്റ്റര്‍ പെരേര...?  

ഇന്നത്തെ ഓപ്പറേഷന് ഞാന്‍ എന്തായാലും ഇല്ല. നാളെ  ഹിരണ്യേടെ ഒരു ഓപ്പറേഷനുണ്ട്. അത് വരത്തന്‍ നാടാരുടെ ആശുപത്രീലാ... അതിന് ഞാന്‍ പോകുന്നുണ്ട്. ബോസിപ്പോ പോ

അപ്പോ നിങ്ങളെന്റെ മുതലക്കുഞ്ഞുങ്ങള്‍ക്ക് ഭക്ഷണമാകാന്‍ തീരുമാനിച്ചു എന്നര്‍ഥം!. കൊള്ളാം. 

ഇതെല്ലാം കേട്ടു കൊണ്ട് നില്‍ക്കുകയായിരുന്ന ശോഭ പെട്ടന്നാണ് സഹികെട്ട് അലറിയത്.

എടോ കിഴട്ട് കിഴവന്‍ ബോസ് പ്രകാശേ. താനൊന്ന് പോയേ. ഇവിടൊരുത്തന്‍ വന്ന് എന്നെയൊന്ന് ബലാല്‍സംഗം ചെയ്യാന്‍ നിക്കുമ്പഴാ അവന്റെയൊരു കോപ്പിലെ കിടങ്ങും, മുതലേം,  സ്വര്‍ണ്ണ ബിസ്കറ്റും. ഒന്ന് പോടോ അവിടുന്ന്.... ആറ്റു നോറ്റിരുന്നാ ഒരുത്തനെന്നെ ബലാല്‍സംഗം ചെയ്യാന്‍ വന്നത്. അന്നേരം വന്നേക്കുന്നു അത് കുളമാക്കാന്‍ . എങ്കില്‍ താനൊന്ന് എന്നെ ബലാല്‍സംഗം ചെയ്യ്. താനൊട്ട് ചെയ്യുകേമില്ല, ചെയ്യുന്നവനേക്കൊണ്ടൊട്ട് ചെയ്യിക്കുകേമില്ല. ഒന്ന് പോടോ പ്രകാശേ... ഉമ്മറു ചേട്ടന്‍ വാ.. അങ്ങേരെ പൊറത്താക്കീട്ട് ചേട്ടനൊന്ന് ഉത്സാഹിച്ചേ...

ശോഭയുടെ അപ്രതീക്ഷിത് ഡയലോഗ് അവിടെ പ്രകമ്പനം സൃഷ്ടിച്ചു. ജോസ് പ്രകാശ് ഞെട്ടി. ഉമ്മറു ചേട്ടന്റെ ഗ്യാസു പോയി.

രണ്ടു പേരും ബ്ലിങ്കി നില്‍ക്കവേ വാതിലിലൂടെ താടി ചൊറിഞ്ഞു കൊണ്ട് ബാലന്‍ കെ നായര്‍ നടന്നു വന്നു. ബാലന്‍ കെ നായര്‍ വിടല നോട്ടത്തോടെ പുലമ്പി.-
ശോഭേ, നീ ഒരു ബലാല്‍സംഗത്തിനല്ല, ഒരു മുന്നൂറു ബലാല്‍സംഗത്തിനെങ്കിലും സ്കോപ്പുള്ള സാധനമാ.. പക്ഷേ അന്നത്തെ ആ ഹെലികോപ്റ്ററപകടത്തെ തുടര്‍ന്ന് എനിക്ക് ബലാല്‍സംഗം ചെയ്യാനുള്ള ആംബിയറില്ല.  എം. എന്‍ . നംബ്യാര്‍ സാര്‍ വന്നിട്ടുണ്ട്. അദ്ധേഹം ഈ വക കമ്പി പരിപാടികള്‍ക്കെല്ലാം എപ്പോഴും റെഡിയാണ്. അദ്ധേഹത്തോടെങ്ങനെ, ശോഭയ്ക്ക് താല്‍പ്പര്യമുണ്ടോ?

ശോഭയുടെ മാറിടം രാജപ്പന്റെ കടയിലെ ബോണ്ട പോലെ ഉരുണ്ടു നിന്നു.  അന്നേരം എം.എന്‍ . നംബ്യാര്‍ വാതിലിലൂടെ കുനിഞ്ഞ് അകത്തേക്ക് കയറി വന്നു. അദ്ധ്ഹത്തിന്റെ തോളില്‍ ഒരു പരുന്ത് തുറിച്ച് നോക്കിക്കൊണ്ട് ഇരുന്നു. ക്രാ ക്രാ എന്നൊരു ബാക്ഗ്രൗണ്ട് മ്യൂസിക്ക് മുഴങ്ങി.

കൊമ്പന്‍ മീശ തലോടിക്കൊണ്ട് എം.എന്‍ . നംബ്യാര്‍ എല്ലാവരേയും തുറിച്ച് നോക്കി.

നിശബ്ദമായ നിമിഷങ്ങള്‍ കടന്നു പോയി.

ഉമ്മര്‍, ജോസ്  പ്രകാശ്, ബാലന്‍ കെ. നായര്‍, എം.എന്‍ . നംബ്യാര്‍.... ചെ! ഇന്നത്തെ ദിവസം പോയിക്കിട്ടി. ഇന്ന് ബലാല്‍സംഗോം നടക്കില്ല ഒരു കോപ്പും നടക്കില്ല. ശോഭ ആകെ നിരാശയായി. 

പെട്ടന്നായിരുന്നു ശോഭയുടെ മനസ്സിലൊരു ഐഡിയ തെളിഞ്ഞത്. യെസ്. അതു തന്നെ...
തന്നെ ബലാല്‍സംഗം ചെയ്യാന്‍ ഇവരേക്കാളൊക്കെ യോഗ്യതയുള്ള ഒരു പെരിയ ഗഡി സ്ഥലത്തുണ്ട്. അയാളെ വിളിച്ച് വരുത്തുക തന്നെ. പുള്ളിയാണ് ശരിയ്ക്കും ബലാല്‍സംഗ എക്സ്പേര്‍ട്ട്.

ശോഭ മൊബൈലെടുത്തു. കോണ്ടാക്റ്റിലെ സേര്‍ച്ചില്‍ ടി എന്ന അക്ഷരം അമര്‍ത്തി.

അന്നേരം ഡിപ്ലേയില്‍ തെളിഞ്ഞു വന്ന പേരു കണ്ട് അവള്‍ രോമാഞ്ചം കൊണ്ടു.
ടി.ജി. രവി!!!
ത്സം ജം ത്സം ജം ത്സം ജം...... ( ഒരിയ്ക്കല്‍ കൂടി ബാക്ക്ഗ്രൗണ്ട് മ്യൂസിക് മുഴങ്ങി..)

ശോഭ, ടി.ജി. രവിയ്ക്ക് ഡയല്‍ ചെയ്യുമ്പോള്‍, അവളുടെ മനസ്സില്‍ ലഡ്ഡുവും, അവിടെ കൂടി നിന്നിരുന്ന മറ്റ് വില്ലന്‍മ്മാരുടെ ചങ്കും പൊട്ടിക്കൊണ്ടിരുന്നു.





*ഈ കഥയിലെ കഥാപാത്രങ്ങൾക്ക് പല പ്രശസ്തരുടേയും പേരുകളുമായി സാമ്യം തോന്നുന്നുണ്ടെങ്കിൽ, അത് തികച്ചും യാദ്രിശ്ചികം മാത്രമാണ്.


തിങ്കളാഴ്‌ച, ഒക്‌ടോബർ 17, 2011

വാച്ച് ആന്റ് വാര്‍ഡ് മത്തുക്കുട്ടി

കാലങ്ങള്‍ക്കു മുന്‍പ് മാത്തുക്കുട്ടി ഒരു വാച്ച് ആന്റ് വാര്‍ഡ് ആയിരുന്നു. ഗ്രെയ്സ് മേരിയെ ലൈനടിയ്ക്കുന്ന കാലത്ത് തന്നെയായിരുന്നു മാത്തുക്കുട്ടി ആ പദവിയും വഹിച്ചിരുന്നത്.

മാര്‍ത്ത മറിയം കോളെജിന്റെ തൊട്ടടുത്ത കോമ്പൗണ്ടിലെ ഗവണ്മെന്റ് ഹോസ്പിറ്റലില്‍ രോഗികള്‍ക്ക്  കൂട്ടിരിക്കുന്ന പെണ്‍പിള്ളാരെ  വായ്നോക്കാന്‍ വേണ്ടി ഒരോ വാര്‍ഡിലും
പോയി രഹ്സ്യമായി വാച്ച് ചെയ്യും.

അന്ന് അവന് പേരു വീണു.
വാച്ച് ആന്റ് വാര്‍ഡ്....!

അങ്ങനെയിരിക്കെ ഏതോ പെങ്കൊച്ചിന്റെ തന്തപ്പടി ഹോസ്പിറ്റലില്‍ വെച്ച് മാത്തുക്കുട്ടിയെ ശരിക്കൊന്ന് കൈകാര്യം ചെയ്തു.  അക്കാലത്ത് അതൊരു വല്യ സംഭവമായിരുന്നു.

വാച്ച് ആന്റ് വാര്‍ഡിനെ കയ്യേറ്റം ചെയ്തെന്ന് പിറ്റേന്ന് പത്രപത്രങ്ങളായ പത്രങ്ങളിലൊക്കെ വന്നു.

സംഭവം വല്യ ഇഷ്യൂ ആയിത്തീര്‍ന്നത് പെട്ടന്നായിരുന്നു. മാത്തുക്കുട്ടി തല്ലുകൊണ്ട് ചത്തെന്ന് ഏതോ തെണ്ട് മാര്‍ത്ത മറിയം കോളേജില്‍ അടിച്ചിറക്കിയത് ന്യൂട്ടറിലായിരുന്നു.  മാത്തുക്കുട്ടി ചത്തില്ലെന്ന് മാത്തുക്കുട്ടിയ്ക്ക് മാത്രമേ അന്ന് അറിയാമായിരുന്നുള്ളൂ.

അടി കൊണ്ട് ഒരു മാസം ബെഡ് റെസ്റ്റ് വിധിയ്ക്കപ്പെട്ട് എല്ലു നുറുങ്ങുന്ന വേദനയുമായി കിടക്കവേ അവനെ ഗ്രെയ്സ്മേരിയുടെ ഓര്‍മ്മകള്‍ അലട്ടി. മാര്‍ത്ത മറിയം കോളെജില്‍ പോകുന്നതും പച്ചച്ചുരിദാറിട്ട് വരുന്ന ഗ്രെയ്സ്മേരിയെ വായ്നോക്ക് നിന്ന് സായൂജ്യമടയുന്നതുമൊക്കെ അവനു വല്ലാതെ നഷ്ട്ടമായി. ആയിടയ്ക്കാണ് കൂട്ടുകാരന്‍ വര്‍ഗ്ഗീസ് ആ ഞെട്ടിയ്ക്കുന്ന വാര്‍ത്തയുമായി മാത്തുക്കുട്ടിയെ തേടി എത്തിയത്. മാത്തുക്കുട്ടി ലീവെടുക്കുന്നതിന്റെ കാരണം ബോധിപ്പിച്ചില്ലെങ്കില്‍ റ്റീ.സി. തന്ന് പുരത്താക്കും എന്നൊരു തീരുമാനം മാനേജ്മെന്റ് എടുത്തിട്ടുണ്ടത്രെ. വിവരമറിഞ്ഞ് മാത്തുക്കുട്ടി ഞെട്ടി.

താന്‍ ചത്തിട്ടില്ലെന്നും പെണ്ണു കേസില്‍ പെട്ട് തല്ലു കൊണ്ടതല്ലെന്നും വരുത്തി തീര്‍ക്കേണ്ടത് മാത്തുക്കുട്ടിയുടെ ഏറ്റവും വലിയ ഒരാവശ്യമായി തീര്‍ന്നു. ടീച്ചര്‍ക്കൊരു ലീവ് ലെറ്റര്‍ കൊടുത്താലോ എന്ന ഐഡിയ അന്നേരമാണവനുദിച്ചത്. അടി കൊണ്ട് അവശനായി സ്വന്തം വീടിന്റെ കന്നി മൂലയിലെ മുറിയിലെ കട്ടിലില്‍ കിടന്ന് അവന്‍ ടീച്ചര്‍ക്കൊരു ലീവ് ലെറ്ററെഴുതി.

കത്ത് ഇങ്ങനെയായിരുന്നു-


"കണ്ണിച്ചോരയില്ലാത്ത, കരുണാമയിയായ കത്രീന ടീച്ചര് അറിയുന്നതിന്,

ചില സാങ്കേതിക കാരണങ്ങളാല്‍ കഴിഞ്ഞ രണ്ടാഴ്ച്ച എനിക്ക് ലീവെടുക്കേണ്ടി വന്നു.
ടീച്ചറു ഷമി. ഒരു ചെറിയ അപകടം പറ്റിയതു കൊണ്ടാണ് ഞാന്‍ ലീവെടുത്തത്.

കാരാപ്പുഴയില്‍ നിന്ന് കാക്കോത്തിക്കാവിലേക്ക് കാര്‍ഗില്‍ സിനിമ കാണാന്‍  പോയ ഒരു യാത്രയുടെ കാരമുള്ളു കുത്തുന്ന കാനനാനുഭവം കാരണം എനിക്ക്  കാലിനു വേദനയും, കാലിഡോസ്ക്കോപ്പും ഒരുമിച്ച് പിടിച്ചതു കൊണ്ടാണ് ഞാനീയിടെയൊക്കെ  ലീവായിപ്പോയത്.  അങ്ങനെയാണ് ഞാന്‍ കാതങ്ങള്‍ക്കപ്പുറത്തുള്ള കാലു ചികിത്സാ ക്ലിനിക്കിലേക്ക് പോകാന്‍ തീരുമാനിച്ചത്.  കരുനാഗപ്പള്ളീക്കടലു കടന്ന് കാനാഞ്ചിറയിലേക്ക് പോയാലേ കാലിനു വേദന മാറൂ എന്ന്  കാനായിക്കുഞ്ഞിരാജന്‍ ഡോക്ടറു പറഞ്ഞതനുസരിച്ചാണങ്ങനെ ചെയ്തത്.

കാനായീടെ ക്വാര്‍ട്ടേഴ്സിന്റെ സ്റ്റെപ്പിറങ്ങുമ്പോ ദേ പിന്നേം ഞാന്‍ കിടക്കുന്നു കാറ്റാടി മരത്തിന്റെ മണ്ട പോലെ കല്ല് പാകിയ തറയില്‍. കാലിന്റെ കാതലായ ഭാഗത്തിന് ഉളുക്കം. അതോടെ ഞാന്‍ കാണിപ്പയ്യൂരോട്ടേ പോകുന്നുള്ളു, കാലക്കേട് മാറാനെന്നും പറഞ്ഞ് കൂട്ടുകാരനായ കാദറിന്റെ കാലിബറില്‍ കയറി കാറ്റ് തട്ടാതെ കാട്ടാക്കടയിലേക്ക് വെച്ച് പിടിച്ചു.  ഇത്രയും കടുത്ത തിരക്കുകളും കടുത്ത അസഹ്യതകളും ഈയിടെയായി ഉണ്ടായത് കൊണ്ടാണ് കരളേ, ക്ലാസ്സിന് വരാന്‍ കഴിയാതെ പോയത്.

കത്രീന ടീച്ചറു കലിക്കരുത്. ടീച്ചറുടെ ക്ലാസ്സില്‍ തുടരാന്‍ ഈ കാലമാടനേക്കൂടി അനുവദിക്കണം.
ടീച്ചറിന് ഒരുപാട് ഐ ലവ് യൂ നേര്‍ന്നു കൊണ്ട് ,

സ്വന്തം
മാത്തുക്കുട്ടി
കപ്പ്.
സോറി, ഒപ്പ്."

വര്‍ഗീസ് മുഖേന മാത്തുക്കുട്ടി കത്ത് കോളേജിലേക്ക് കൊടുത്തു വിട്ടു.

വളരെ ഭവ്യതയോടെ മടക്കിയ വെള്ളക്കടലാസുമായി നില്‍ക്കുന്ന വര്‍ഗീസിനെ ഒന്ന് നോക്കിയിട്ട്, ക്ലാസ്സ് ഇന്‍ ചാര്‍ജ്ജ് കത്രീന ടീച്ചര്‍ ആ കടലാസ് വാങ്ങി നിവര്‍ത്തി. ടീച്ചറുടെ മുഖത്ത് വിവിധ ഭാവങ്ങള്‍ മിന്നി മറയുന്നത് വര്‍ഗീസ് സാകൂതം നോക്കി നിന്നു.

സിനിമാ നടി കല്‍പ്പനയേപ്പോലെ ഇരുന്ന ടീച്ചര്‍ പൊടുന്നനെയാണ്  സിനിമാ നടന്‍ കീരിക്കാടന്‍ ജോസിന്റെ ഭാവഹാദികള്‍ മുഖത്ത് ആവാഹിച്ചത്. ഒറ്റ അലര്‍ച്ചയായിരുന്നു കത്രീന ടീച്ചര്‍. അലര്‍ച്ചയുടെ ശക്തിയില്‍  വര്‍ഗ്ഗീസ് കോളെജ് കാന്റീനിന്റെ കിച്ചണില്‍ ചെന്ന് വീണു....

അന്ന് വൈകിട്ട് സസ്പെന്‍ഷന്‍ ഓര്‍ഡര്‍ കയ്യില്‍ കിട്ടി. മാത്തുക്കുട്ടിയ്ക്കും, വര്‍ഗ്ഗീസിനും...