ഫീച്ചര്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
ഫീച്ചര്‍ എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, ഓഗസ്റ്റ് 24, 2011

തല പിളരുന്ന ബ്ലൂടൂത്ത് ഭീകരത

ഒരു മൊബൈല്‍ ക്യാമറാ ദ്രിശ്യമാണ്. ഒരാള്‍ ഒരു മൂന്നു നിലക്കെട്ടിടത്തിന്റെ ഉയരമുള്ള (ചിലപ്പോള്‍ അതിലുമേറെ..) ഫ്ലാറ്റ്ഫോമില്‍ നിന്നും, താഴെ, ഒരു അഞ്ചാറടി മാറിയുള്ള കുളത്തിലേക്ക് ഡൈവ് ചെയ്യുന്നു. അതായത് ഒളിമ്പിക്സിലൊക്കെ മത്സരാര്‍ത്ഥികള്‍ സ്വിമ്മിങ്ങ് പൂളിലേക്ക് ഡൈവ് ചെയ്യുന്നത് പോലെ. കുറേ പെണ്‍കുട്ടികള്‍ ഈ പ്രകടനം കാണാന്‍ കാത്തുകെട്ടി നില്‍പ്പുണ്ട്. (യുവതികളെ നമുക്ക് ദ്രിശ്യമല്ല) സാഹസമായി ഡൈവ് ചെയ്ത് നീന്താന്‍ തയ്യാറെടുക്കുന്നവന്റെ പ്രകടനം, അയാളുടെ ഏതോ സുഹൃത്ത് മൊബൈല്‍ ക്യാമറയില്‍ ഒപ്പുകയാണ്...(ഈ ദ്രിശ്യമാണ് നമ്മള്‍ കാണുന്നത്. )

"മൊബൈല്‍" ക്യാമറാമാന്‍ ഈ മൂന്നാം നിലയിലെ, പ്രസ്തുത ഫ്ലാറ്റ്ഫോമിനടുത്തുള്ള ജനാലയ്ക്കരികില്‍ നില്‍ക്കുന്നു. യുവാവിനേയും, അയാള്‍ നില്‍ക്കുന്ന ഫ്ലാറ്റ്ഫോമും, അയാള്‍ ചാടുംമ്പോള്‍ അതിനെ ഫോക്കസ് ചെയ്യുന്ന ക്യാമറാ ദ്രിശ്യവും മാത്രമാണ് നമ്മുടെ മുന്‍പില്‍. ഒരല്‍പ്പം ഓടിവന്ന്, ഫ്ലാറ്റ്ഫോമിന്റെ അറ്റത്ത് നിന്നു, താഴെ, ഒരല്‍പ്പം മാറിയുള്ള കുളത്തിലേക്ക് യുവാവ് എടുത്ത് ചാടുന്നു. അഥവാ, തല കുത്തനേ ഡൈവ് ചെയ്യുന്നു. യുവതികളുടെ "വൗ" വിളികളും, അദ്ഭുതം കലര്‍ന്ന കയ്യടിയും പിന്നണിയില്‍ കേള്‍ക്കാം. കൃത്യമായി ലക്ഷ്യത്തിലേക്ക് ചാടി "വിജയം വരിച്ച" ആ യുവാവ് നീന്തി തിരിച്ച് കയറി വരുന്നു. വീണ്ടും മൊബൈല്‍ ക്യാമറാ ദ്രിശ്യം മൂന്നാം നിലയുടെ ഉയരത്തിലുള്ള ഫ്ലാറ്റ്ഫോമിലേക്ക്. യുവാവ് വീണ്ടും കുളത്തിലേക്ക് ഡൈവ് ചെയ്യാനായി തയ്യാറെടുക്കുന്നു..............................................

ഇത്രയും എഴുതിയത് ഒരു സിനിമാക്കഥയല്ല. ഇനി എഴുതുന്നതും സിനിമാക്കഥയല്ല. സിനിമയില്‍ പോലും നാം കാണാനറയ്ക്കുന്ന ഒരു ദാരുണ യാഥാര്‍ത്ഥ്യത്തേക്കുറിച്ചാണ് ഇവിടെ പറയാന്‍ പോകുന്നത് . യുവാവ് വീണ്ടും ചാടുന്നു. പക്ഷെ, ഈ ശ്രമത്തില്‍ ഫ്ലാറ്റ്ഫോമിന്റെ എഡ്ജില്‍ വച്ച് യുവാവിന്റെ കാലൊന്ന് സ്ലിപ്പാകുന്നു. എല്ലാം ഒരു നിമിഷം കൊണ്ട് കഴിഞ്ഞു. കാലു വഴുതിയതോടെ ബാലന്‍സ് തെറ്റിയ യുവാവ്, തല കുത്തനെ താഴെക്ക് പതിച്ച്, കുളക്കരയിലെ ഫ്ലാറ്റ് ഫോമിന്റെ അറ്റത്ത് തലയിടിച്ച് വെള്ളത്തിലേക്ക് വീണു അതി ദാരുണമായി മരിയ്ക്കുന്നു.........

യുവാവിന്റെ തല തറയില്‍ ചെന്ന് ഇടിക്കുമ്പോഴേക്കും, പിന്നണിയില്‍ പെണ്‍കുട്ടികളുടെ ആര്‍ത്ത നാദങ്ങള്‍ മുഴങ്ങുകയാണ്. യുവാവിന്റെ നിശ്ചലമായ ശരീരം വെള്ളത്തില്‍ പൊങ്ങി കമിഴ്ന്നു കിടക്കുന്നു... അവസാനം ആരോ നീന്തിച്ചെന്നെടുക്കുന്ന കഥാനായകന്റെ തല, നടുവേ പിളര്‍ന്ന് രണ്ടായിക്കിടക്കുന്ന ദ്രിശ്യത്തോടെ ഈ മൊബൈല്‍ ദ്രിശ്യം അവസാനിക്കുകയാണ്.

ഇതിത്രയും നോര്‍ത്തിന്ത്യയിലെവിടെയൊ നടന്ന ഒരു ഭീകര യാഥാര്‍ത്ഥ്യമാണ്. ഇത്രയും രംഗങ്ങള്‍ കഴിഞ്ഞ ആഴ്ച്ച നാട്ടിലെ ചില കൊച്ച് പയ്യന്‍മ്മാരുടെ മൊബൈലില്‍ കണ്ടതാണ്. പറയാന്‍ ശ്രമിച്ചത് ഇത്തരം വയലന്‍സ് മൊബൈലില്‍ കൊണ്ട് നടക്കുകയും, അത് വീണ്ടും വീണ്ടും കണ്ട് ആസ്വദിക്കുകയും, മറ്റുള്ളവര്‍ക്ക് സെന്റ് ചെയ്ത് നിര്‍വൃതിയടയുകയും ചെയ്യുന്ന മനസാക്ഷിക്കുത്തില്ലാത്ത മൊബൈല്‍ മാനിയാക്കുകളേക്കുറിച്ചാണ്.

ഞാന്‍ നോക്കുമ്പോള്‍ ഈ പയ്യന്‍മ്മാരിത് വീണ്ടും വീണ്ടും കണ്ട് ചിരിക്കുകയും, കമന്റ് പറയുകയുമാണ്. സത്യത്തില്‍, ഇതൊന്ന് കാണൂ എന്ന് പറഞ്ഞ് അവരെന്നെ ഈ വീഡിയോ കാട്ടിത്തരുമ്പോള്‍ എന്താണിതിന്റെ അവസാനമെന്നെനിക്കറിയില്ലായിരുന്നു. എങ്കില്‍ ഞാനത് കാണുമായിരുന്നില്ല. യുവാവിന്റെ രണ്ടാമത്തെ ചാട്ടത്തില്‍ അയാളുടെ തല ഫ്ലാറ്റ്ഫോമില്‍ ഇടിക്കുന്നതിന്റെ ആ വിദൂര ദ്രിശ്യം കണ്ട് എന്റെ അടി വയറ്റില്‍ നിന്നുമൊരാന്തല്‍ തലച്ചോറിലേക്ക് പായുകയാണുണ്ടായത്. ആ ദ്രിശ്യം അന്നു രാത്രി പലയാവര്‍ത്തി എന്റെ ഉറക്കമൊഴിഞ്ഞ കണ്ണുകള്‍ക്കു മുന്‍പില്‍ വന്ന് എന്നെഅസ്വസ്ഥതപ്പെടുത്തിക്കൊണ്ടിരുന്നു.

എന്നെ അദ്ഭുതപ്പെടുത്തിയ കാര്യം, മൂന്നാം നിലയില്‍ ഈ ദ്രിശ്യം വീഡിയോയിലെടുത്തു കൊണ്ടിരുന്ന ആള്‍ക്ക് ഒരു ചാഞ്ചല്യവും ഉണ്ടായില്ലല്ലോ എന്നതാണ്. യുവാവ് തറയില്‍ തലയിടിച്ച്, തല പൊട്ടിച്ചിതറി, പിടലിയൊടിഞ്ഞ് കുളത്തിലേക്ക് പതിയ്ക്കുന്നത് കണ്ടിട്ട് പോലും ക്യാമറാ ഫോക്കസ്സ് ചെയ്തവന്റെ കയ്യൊന്ന് വിറയ്ക്കുകയോ, ക്യാമറയൊന്ന് ഉലയുകയോ പോലുമുണ്ടായില്ല. പിന്നീട് ആരൊക്കെയോ ആ ശവം കരയിലേക്ക് എടുത്തു കൊണ്ട് വരുന്നതുപോലും ആ ഭീകരന്‍ ഫോക്കസ് ചെയ്യുകയായിരുന്നു എന്ന നടുക്കുന്ന ബോധ്യമാണ് ഈ വീഡിയോയിലെ ഏറ്റവും വലിയ ഞെട്ടല്‍. ഒരു അപ്രതീക്ഷിത മരണം മുഴുവനായും, ക്യാമറയൊന്നു കുലുങ്ങുക പോലും ചെയ്യാതെ ക്ഷമയോട് കൂടി ഒപ്പിയെടുത്ത ആ "മൊബൈല്‍" ക്യാമറാമാന്റെ ക്രൂരമായ മനസിനെ എന്താണ് വിളിക്കേണ്ടത്? അവസാനം അതെ മൊബൈലില്‍, യുവാവിന്റെ രണ്ടായിപ്പിളര്‍ന്ന്, രണ്ട് വശങ്ങളിലെക്ക് കിടക്കുന്ന തലയുടെ ദ്രിശ്യം കൂടി ക്ലോസപ്പില്‍ എടുക്കുന്നതോടെയാണ് ആ അജ്ഞാതനായ സൈക്കോപാത്ത് സംതൃപ്തനാവുന്നത്.

വീഡിയോ കണ്ടു പോയ ഞാന്‍ തലയ്ക്ക് കയ്യും കൊടുത്ത് ഇരുന്നുപോയി. പിന്നീട് ആ ചെറുപ്പക്കാരോട് പറഞ്ഞു. "ദയവായി നിങ്ങള്‍ ഇത്തരം വീഡിയോകള്‍ കൊണ്ടു നടക്കരുത്. ആസ്വദിക്കരുത്. ആര്‍ക്കോ സംഭവിച്ച ദാരുണാവസ്ഥ നിങ്ങള്‍ തമാശായി കാണരുത്. ഒപ്പം ഇത്തരം ക്രൂരമായ രംഗങ്ങള്‍ ആവര്‍ത്തിച്ച് കാണുന്നതിലൂടെ, നിങ്ങളും എന്തും ആസ്വദിക്കുന്നത്ര ക്രൂരന്‍മ്മാരായിത്തീരും...." അവര്‍ക്കത് മനസിലായോ എന്തോ? സൗദിയില്‍ തലവെട്ടുന്ന ദ്രിശ്യവും, ട്രെയിനിനു മുകളില്‍ നിന്ന് ഇലക്ട്രിക്ക് കമ്പിയില്‍ പിടിച്ച് ആത്മഹത്യ ചെയ്യുന്ന ദ്രിശ്യവുമൊക്കെ ഇത്തരം ബ്ലൂടൂത്ത് രസക്കാഴ്ച്ചകളായിരുന്നല്ലോ.

ഈ ദാരുണമായ സംഭവം എന്നു നടന്നതാണെന്നൊന്നും എനിക്കറിയില്ല. ഞാനിത് ആദ്യമായാണ് കാണുന്നത്. ഫൈനല്‍ ഡെസ്റ്റിനേഷന്‍, സോ തുടങ്ങിയ സിനിമകളിലെ അതി ഭീകര രംഗങ്ങള്‍ പോലും കാണാന്‍ വയ്യാതെ തല കുനിച്ചിരിക്കാറുള്ള ഒരാളെന്ന നിലയില്‍ ഇത്തരം വീഡിയോകള്‍ ഞാനൊരിയ്ക്കലും അംഗീകരിക്കുന്നില്ല. ആരാന്റെ ദുരിതം, നമ്മുടെ എന്റര്‍ടെയ്ന്മെന്റ് എന്നൊരു ഭീകരാവസ്ഥ മൊബൈല്‍ മാനിയാക്കുകള്‍ക്ക് പിടിപെട്ടിരിക്കുന്ന ഒരു ദുരന്ത കാലഘട്ടമാണിത്. ശേഷമുള്ള നാലഞ്ചു ദിവസങ്ങള്‍ ഈ രംഗങ്ങളെയോര്‍ത്ത് ഞാനെന്റെ മനസു ബേജാറാക്കി.

പ്രീയപ്പെട്ടവരേ, ഈ ബ്ലോഗിലൂടെ ഞാനിന്ന് വരെ ആഹ്വാനങ്ങളൊന്നും ചെയ്തിട്ടില്ല. കാരണം ആഹ്വാനം ചെയ്യാനും മാത്രം വല്യ പുള്ളീയാണ് ഞാനെന്ന്, എനിക്കൊരിയ്ക്കലും തോന്നിയിട്ടില്ല. എന്നാല്‍ ഇന്ന്, ആദ്യമായി ഒരു ആഹ്വാനം ചെയ്യുകയാണ്. ഇത് വായിക്കുന്ന നിങ്ങള്‍ ഇത്തരം വീഡിയോകളെ പ്രോഹ്ത്സാഹിപ്പിക്കരുത്. പരസ്പ്പരം സെന്റ് ചെയ്യുകയോ, റിസീവ് ചെയ്യുകയോ ചെയ്യരുത്. എവിടെയെങ്കിലും ഒരു ദുരന്തം നടന്നാല്‍ ഉടനേ അത് ക്യാമറയിലൊപ്പരുത്. അഥവാ നിങ്ങള്‍ ദുരന്തം പ്രതീക്ഷിച്ച് എടുക്കാത്ത ഒരു വീഡിയോയിലേക്ക് അപ്രതീക്ഷിതമായി ദുരന്തമെത്തിയാല്‍, ദയവായി ആ വീഡിയോ അതിന്റെ സാക്ഷ്യ പത്രമായി പ്രകാശനം ചെയ്യരുത്. നിങ്ങളില്‍ നിന്ന് നിങ്ങളെ അറിയാത്തവര്‍ക്കിടയിലേക്ക് ആ രംഗങ്ങള്‍ പ്രചാരം ചെയ്യപ്പെടുന്നതോടെ, അതൊരു മൂന്നാം കിട സസ്പെന്‍സ് ത്രില്ലറായി മാറിപ്പോകും. അതു കൊണ്ട് പ്ലീസ്... ഇത്തരം വീഡിയോകള്‍ കണ്ട് ആസ്വദിക്കുകയോ മൊബൈലില്‍ കൊണ്ട് നടക്കുകയോ ചെയ്യരുത്. ഇതൊരു ചെറിയ ആഹ്വാനമായി എടുക്കുമെന്ന പ്രതീക്ഷയോടെ...

വാല്: കഴിഞ്ഞദിവസം ട്രെയിനില്‍ വരുമ്പോള്‍, മൂന്നു യുവാക്കള്‍ ഈ വീഡിയോയെപ്പറ്റി പറയുന്നതും, മറ്റേയാളോട് ഇത് സെന്റ് ചെയ്ത് തരട്ടെ എന്നുചോദിക്കുന്നതും കേട്ടു. അതേ, ഈ വീഡിയോ ഇപ്പോള്‍ കേരളമൊട്ടാകെ ബ്ലൂടൂത്തുകള്‍ വഴി സഞ്ചരിച്ചുകൊണ്ടിരിക്കുന്നു.


Related Articles
മേരീ ആന്‍സി മരിച്ചതെങ്ങനെ?
സദാചാരത്തരങ്ങള്‍


വ്യാഴാഴ്‌ച, ഓഗസ്റ്റ് 18, 2011

മെലഡികളുടെ ജോണ്‍സന്‍ മാഷ് അനശ്വരനായി....


ജോണ്‍സന്‍ മാഷ് (58) ബാക്കി വച്ചിട്ട് പോകുന്നത് ഇങ്ങിനി ഒരിയ്ക്കലും തിരിച്ച് വരാത്ത, ലാളിത്യമാര്‍ന്ന ഉപകരണ സംഗീതത്തിന്റെ അകമ്പടിയുള്ള ഒരു പിടി മനോഹര ഗാനങ്ങളാണ്.ആര്‍ക്കും ഏതു സമയത്തും മൂളാവുന്ന മാസ്മരിക ഗാനങ്ങള്‍ മലയാളിയ്ക്ക് മേലേ പൂക്കള്‍ പോലെ മ്രിദുവായി വിതറിപ്പോയ ഗന്ധര്‍വന്‍. അതാണു ജോണ്‍സന്‍ മാഷ്.
ചെന്നൈയിലെ കാട്ടുപാക്കത്തെ വസതിയില്‍ വെച്ച് നെഞ്ച് വേദന അനുഭവപ്പെട്ട അദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടു പോകും വഴിയായിരുന്നു മരണം സംഭവിച്ചത്.

അദ്ദേഹത്തിന്റെ പല പാട്ടുകളും ഹമ്മിങ്ങോടെയാവും ആരംഭിയ്ക്കുക. അനുബന്ധമായി തബലയുടേയും വയലിന്റേയും ഗിറ്റാറിന്റേയും പതുങ്ങിയ ശബ്ദം. സംഗീതോപകരണങ്ങളുടെ ശബ്ദത്തേക്കാള്‍, ഗായകരുടെ ശബ്ദത്തിനു പ്രാധാന്യം കൊടുത്ത ഒരു സംഗീത സംവിധായകന്‍. ജോണ്‍സന്‍ മാഷിനെ അങ്ങനെ വിലയിരുത്താനാണെനിക്കിഷ്ട്ടം. പാതിരാത്രികളില്‍ ഹെഡ് ഫോണിലൂടെ അദ്ദേഹത്തിന്റെ പാട്ട് എത്രയോ തവണ നേരം വെളുപ്പിച്ചിരിക്കുന്നു. അദ്ദേഹത്തിന്റെ വലിയൊരു ആരാധകനായിരുന്നു ഞാന്‍. നമ്മുടെയൊക്കെ മനസിനു കുളിര്‍മ്മ നല്‍കുന്ന പാട്ടുകളാണ് ആ മഹാ പ്രതിഭയുടെ സ്രിഷ്ട്ടി വൈഭവത്തില്‍ നിന്നൂര്‍ന്നു വീണത്.

ജോണ്‍സന്‍:- ജനനം: 1953 മാര്‍ച്ച് 26ന് തൃശൂര്‍ നെല്ലിക്കുന്നില്‍. മരണം: 2011 ആഗസ്റ്റ് 18 ചെന്നൈയില്‍. സംഗീതത്തിനും പശ്ചാത്തല സംഗീതത്തിനുമായി നിരവധി ദേശീയ, സംസ്ഥാന അവാര്‍ഡുകള്‍ ജോണ്‍സന്‍ കരസ്ഥമാക്കിയിട്ടുണ്ട് . പശ്ചാത്തല സംഗീതത്തിന് രണ്ടുതവണ ദേശീയ അവാര്‍ഡ് , സംഗീത സംവിധാനത്തിന് മൂന്നുതവണ സംസ്ഥാന അവാര്‍ഡ് , പശ്ചാത്തലസംഗീതത്തിന് രണ്ടു തവണ സംസ്ഥാന അവാര്‍ഡ് , കേരള ഫിലിം ക്രിട്ടിക്‌സ് അവാര്‍ഡ് നാലുതവണ.

അദ്ധേഹം സംഗീത സംവിധാനം ചെയ്ത എന്റെ ചില ഫേവറിറ്റ് പാട്ടുകള്‍ താഴെ കൊടുക്കുന്നു....

പവിഴം പോല്‍ പവിഴാധരം പോല്‍ (നമുക്കു പാര്‍ക്കാന്‍ മുന്തിരിത്തോപ്പുകള്‍)

മന്ദാര ചെപ്പുണ്ടോ മാണിക്യക്കല്ലുണ്ടോ (ദശരഥം)

കണ്ണീര്‍പ്പൂവിന്റ കവിളില്‍ (കിരീടം)

ദേവാംഗണങ്ങള്‍ കയ്യൊഴിഞ്ഞ താരകം (ഞാന്‍ ഗന്ധര്‍വന്‍)

അനുരാഗിണീ ഇതാ നിന്‍ കരളില്‍ വിരിഞ്ഞ പൂക്കള്‍ (ഒരു കുടക്കീഴില്‍)

കുന്നിമണി ചെപ്പ് തുറന്ന് (പൊന്മുട്ടയിടുന്ന താറാവ്)

വട്ടയില പന്തലിട്ടു (യാത്രക്കാരുടെ ശ്രദ്ധയ്ക്ക്)

പിന്‍ നിലാവില്‍ പൂ വിടര്‍ന്നു (വീണ്ടും ചില വീട്ടു കാര്യങ്ങള്‍)

ചന്ദനച്ചോലയില്‍ (സല്ലാപം)

കറുത്ത രാവിന്റെ (നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക)

ചൈത്ര നിലാവിന്റെ (ഒരാള്‍ മാത്രം)

ദേവ കന്യക (ഈ പുഴയും കടന്ന്)

രാജ ഹംസമേ (ചമയം)

കണ്ണനെന്ന് പേര്‌ (ഇരട്ടക്കുട്ടികളുടെ അച്ഛന്‍)

ജോണ്‍സണ്‍ മാഷിനേക്കുറിച്ച് കൂടുതല്‍ അറിയേണ്ടവര്‍ ഈ ലിങ്കിലേക്ക് പോകുക.
അദ്ധേഹത്തിന്റെ എല്ലാ പാട്ടുകലുടേയും ലിസ്റ്റ് ലഭിയ്ക്കാന്‍ ഇവിടെ ഇവിടെ ക്ലിക്കുക.