BIOGRAPHY എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
BIOGRAPHY എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

തിങ്കളാഴ്‌ച, ഏപ്രിൽ 30, 2018

ഡൺകിർക് പിൻവാങ്ങൽ

"പിൻ മാറ്റം കൊണ്ട് ഒരു യുദ്ധവും ജയിക്കാൻ കഴിയുകയില്ല"
മഹത്തായ ഡൺകിർക്ക് പിൻ മാറ്റത്തിനു ശേഷം ബ്രിട്ടീഷ് പ്രധാനമന്ത്രി വിൻസ്റ്റൺ ചർച്ചിൽ, പാർളമെന്റിനെ അഭിമുഖീകരിച്ചു കൊണ്ട് പറഞ്ഞ വാചകങ്ങളാണിത്. രണ്ടാം ലോക മഹായുദ്ധത്തിൽ ഹിറ്റ്ലറുടെ യുദ്ധ തന്ത്രങ്ങളിലെ രണ്ട് വലിയ വീഴ്ച്ചകളിൽ ഒന്നായിരുന്നു ഡൺകിർക്ക്. (മറ്റൊരു വീഴ്ച്ച, കമ്യൂണിസത്തോടുള്ള കഠിനമായ വെറുപ്പു കാരണം, സ്റ്റാലിൻഗ്രാഡ് എന്ത് വില കൊടുത്തും പിടിച്ചടക്കണം എന്ന മോഹമായിരുന്നു. ഇവ രണ്ടും ജർമൻ സാമ്രാജ്യത്വ മോഹത്തിന് വലിയ പരാജയങ്ങൾ നൽകുകയുണ്ടായി)
1940 മെയ് 27 ന് ആരംഭിച്ച്, ജൂൺ നാലിന് അവസാനിച്ചഒരു യുദ്ധവും, അതിജീവനവുമായിരുന്നു ഡൺകിർക്ക് പിൻവാങ്ങൽ (Dunkirk Evacuation).
ബെൽജിയം അതിർത്തിയോട് ചേർന്ന ഫ്രെഞ്ച് തുറമുഖ ഭാഗമായിരുന്നു ഡൺകിർക്ക് (Dunkirk). ജർമൻ - സെവൻത് പാൻസർ ഡിവിഷന്റെ സർവ്വ സൈന്യാധിപനായ ജെനറൽ ഫീൽഡ് മാർഷൽ: എർവിൻ റോമ്മലിന്റെ (Erwin Rommel) ടാങ്ക് ഡിവിഷൻ, ഡൺകിർക്കിനു നേരേ ഇരമ്പിയെത്തിക്കൊണ്ടിരുന്നു. ഈ സൈനീക ഡിവിഷന്റെ നീക്കങ്ങൾ വിസ്മയവേഗത്തിലായിരുന്നു. മിക്കപ്പോഴും റോമ്മലിന്റെ ഭടൻമ്മാർ ശത്രുസൈന്യത്തിന്റെ നേരേ പിൻ ഭാഗത്ത് പ്രത്യക്ഷപ്പെട്ടിരുന്നതിനാൽ ഗോസ്റ്റ് (Ghost) ഡിവിഷൻ എന്ന പേര് അവർ സമ്പാദിക്കുകയുണ്ടായി.
ഡൺകിർക്കിൽ നിന്ന് 20 മൈൽ അകലെയുള്ള ഒരു പുഴയിലെ നാലു പാലങ്ങൾ ജർമ്മൻ സേന കൈവശപ്പെടുത്തി. ആംഗ്ലോ-ഫ്രെഞ്ച് സൈന്യത്തിന് മേൽ നിർണായക പ്രഹരം ഏൽപ്പിക്കുവാൻ ജർമൻ സൈന്യം ഒരുങ്ങവേ 1940 മെയ് 24 ആം തീയതി വൈകുന്നേരം ഫ്യൂററുടെ ഒരുത്തരവ് വന്നു. ആക്രമണം നിർത്തി വെക്കുക എന്നതായിരുന്നു അത്. ഫ്യൂററുടെ ഉത്തരവ് കേട്ട് ജർമൻ കരസൈന്യാധിപൻമ്മാർ ഞെട്ടി. കാരണം വിജയത്തിന്റെ വക്കിലായിരുന്നു അവരപ്പോൾ.
സുനിശ്ചിതമായ വിജയം വേണ്ടന്ന് വെക്കുവാൻ ഹിറ്റ്ലറെ പ്രേരിപ്പിച്ച കാരണങ്ങളേ പറ്റി പിന്നീട് വളരെയേറെ വാദപ്രതിവാദങ്ങളുണ്ടായിട്ടുണ്ട്.
അതിലൊന്ന്, ആർമി ജനറൽ" റൂൺഡ് സ്റ്റേറ്റിനെ ഹിറ്റ്ലർ സന്ദർശിക്കുകയുണ്ടായി. റൂൺഡ് സ്റ്റേറ്റ് ഫ്യൂററോട് , രണ്ടാഴ്ച്ചത്തെ നിരന്തര യുദ്ധം കൊണ്ട് ഒരുപാട് ജർമൻ ടാങ്കുകൾക്ക് കേടുപാടുകൾ സംഭവിച്ചിട്ടുണ്ടെന്നും അവയുടെ തകരാറുകൾ പരിഹരിക്കാൻ ഒരു താൽക്കാലിക ഇടവേള ലഭിക്കണമെന്നും അഭ്യർത്ഥിച്ചു. ഇത് ഫ്യൂറർക്ക് സ്വീകാര്യമായിരുന്നു. കാരണം ഈ സമയത്ത് ബെൽജിയത്തിൽ ഘോര യുദ്ധം നടക്കുകയാണ്. അവിടെയുള്ള ചതുപ്പ് പ്രദേശങ്ങൾ ടാങ്കുകൾക്ക് പറ്റിയതല്ല. ഫ്രെഞ്ചുകാർക്കെതിരേയുള്ള യുദ്ധത്തിലാണ് സർവ്വ ശക്തിയും കൈവരിക്കേണ്ടത്. അതിനാൽ ടാങ്കുകൾ ബെൽജിയത്തിൽ കുടുങ്ങിപ്പോയാൽ, അപകടമായേക്കും. തന്മൂലം ബെൽജിയത്തിലെ യുദ്ധത്തിൽ പരിപൂർണ്ണ ശ്രദ്ധ പുലർത്തുന്നത് അബദ്ധമായേക്കും. ഈ പരിഗണനകളാണ് ആ യുദ്ധം നിർത്തി വെക്കാൻ ഫ്യൂററെ പ്രേരിപ്പിച്ചത്.
വേറൊന്ന് രാഷ്ട്രീയമായ പരിഗണനകളായിരുന്നു. ബെൽജിയത്തിലും ഹോളണ്ടിലുമുള്ള ഫ്ലെമിഷ് വംശജരെ ചേർത്ത് ഒരു പുതിയ രാഷ്ട്രം രൂപവത്കരിക്കണമെന്ന് ഫ്യൂറർക്ക് ആഗ്രഹമുണ്ടായിരുന്നു. അതെന്നും വിശാല ജർമനിയോട് സഖ്യമായിരിക്കുന്നതാവണം എന്നും ഫ്യൂറർ മനസ്സിൽ കണ്ടു. അതുകൊണ്ട് അന്നാട്ടുകാരെ പിന്നീട് വിരോധികളാക്കുന്ന ഇപ്പോഴത്തെ യുധം അദ്ദേഹം വേണ്ട എന്ന് വെക്കുകയായിരുന്നു.
മറ്റൊരു കാരണം അവിശ്വസനീയമായി തോന്നിയേക്കാവുന്ന ഒന്നായിരുന്നു. ഹിറ്റ്ലർ തന്നെ തന്റെ സംഭാഷണങ്ങളിലൂടെ ഇക്കാര്യം പിന്നീട് വിശദീകരിക്കുകയുണ്ടായി. അത്; ബ്രിട്ടീഷ് സാമ്രാജ്യത്തെ നശിപ്പിക്കണമെന്ന് തനിക്ക് ഉദ്ദേശമില്ലായിരുന്നു എന്നതായിരുന്നു. ഫ്രാൻസ് വീഴുന്നതോടെ യൂറോപ്പിലെ ജർമൻ മേധാവിത്വം അംഗീകരിച്ച് കൊണ്ട് ബ്രിട്ടൺ പിന്മാറിയേക്കും എന്ന് അദ്ധേഹം കണക്കു കൂട്ടി. ആ നിലയ്ക്ക് ബ്രിട്ടണുമായി ഒരു വലിയ സംഘട്ടനം വേണ്ട. അഭിമാന ഭംഗം കൂടാതെ പിന്മാറാൻ ബ്രിട്ടന് അവസരം കൊടുക്കുന്നതായിരുന്നു ഫ്യൂററുടെ മനസ്സിലുണ്ടായിരുന്നത്.
പിന്നൊരുകാരണമായി ചരിത്രകാരൻമ്മാർ ചൂണ്ടിക്കാട്ടുന്നത്, ഗോറിങ്ങിന്റെ ഉപദേശത്തെയാണ്. ഇപ്പോൾ തന്നെ ജർമൻ കര സൈന്യത്തിന്റെ അദ്ഭുത വിജയങ്ങൾ കര സൈന്യാധിപൻമ്മാരുടെ പ്രശസ്തി വളരെ വർധിപ്പിച്ചിരിക്കുന്നു. അതു കൊണ്ട് ഉടനേ ഒരു നിർണായകമായ വിജയം കൂടി കരസേന നേടിയാൽ അവർ ഫ്യൂററെ പോലും നിഷ്പ്രഭനാക്കും. ഫ്യൂററെ അധികാര ഭ്രഷ്ടനാക്കാൻ കൂടി കരസേന മടിച്ചില്ലെന്ന് വരാം. അതു കൊണ്ട് കരയുദ്ധം നിർത്തി വെച്ചിട്ട് ആംഗ്ലോ-ഫ്രെഞ്ച് സൈന്യത്തെ തകർക്കുക എന്നത് വിമാന സേനയ്ക്ക് വിട്ടുകൊടുക്കാം എന്ന് ഗോറിങ്ങ് ഹിറ്റ്ലറെ ഉപദേശിക്കുകയുണ്ടായി.
ഇത്തരം പല കാരണങ്ങൾക്കൊപ്പം, ബ്രിട്ടീഷ് നാവിക ശക്തിയേപ്പറ്റിയുള്ള അറിവില്ലായ്മ്മയും ഹിറ്റ്ലറെ സ്വാധീനിച്ചു കാണണം. മൂന്നു വശവും ജർമൻ സൈന്യത്താൽ വളയപ്പെട്ടും, ആകാശ ആക്രമണത്താൽ പരിക്ഷീണിതരായും കഴിയുന്ന ബ്രിട്ടീഷ് - ഫ്രെഞ്ച് സൈനികർക്ക്, ഇനി കീഴടങ്ങലേ നിവൃത്തിയുള്ളു എന്ന് ഫ്യൂറർ കണക്കു കൂട്ടി. ഇക്കാര്യങ്ങളാൽ 15 ദിവസത്തെ നിരന്തര യുദ്ധം കൊണ്ട് ക്ഷീണിച്ച തന്റെ സൈനികർ ഒരു താൽക്കാലിക ഇടവേള എടുത്തു കൊള്ളട്ടെ എന്ന് ഫ്യൂറരും വിചാരിച്ചു. ലോക മഹായുദ്ധത്തിന്റെ ആരംഭമായത് കാരണം പിന്നീട് നാലു വർഷത്തേക്ക് യുദ്ധം നീളുമെന്ന് അന്ന് ഹിറ്റ്ലറോ ജർമൻ സൈന്യമോ ഒരിക്കലും ചിന്തിച്ച് കൂടി കാണില്ല.
പിന്നിലുള്ള കാരണം എന്തായാലും, ഈ തീരുമാനം രണ്ടാം ലോക മഹായുദ്ധത്തിൽ ഹിറ്റ്ലർക്ക് പറ്റിയ ഏറ്റവും വലിയ തെറ്റായിരുന്നു. അനന്തര ഫലങ്ങൾ അത് പിന്നീട് തെളിയിക്കുകയുണ്ടായി.
ഈ അപ്രതീക്ഷിത ഇടവേളയോടെ, പോരാട്ട മേഖലയിൽ വലയുകയായിരുന്ന തങ്ങളുടെ സൈനീകരെ രക്ഷിക്കാൻ ബ്രിട്ടീഷ് റോയൽ നേവി ഒരുങ്ങിയിറങ്ങി. ഈ ഘട്ടത്തിൽ പത്മവ്യൂഹത്തിൽ പെട്ട തങ്ങളുടെ സഹോദരൻമ്മാരെ / മക്കളെ രക്ഷിക്കാനായി ബ്രിട്ടണിലെ ആബാലവൃദ്ധം ജനങ്ങളും ബ്രിട്ടീഷ് ണേവിയ്ക്കൊപ്പം കടലിലിറങ്ങി. അനേകം ചെറു കപ്പലുകൾ, ചരക്ക് കപ്പലുകൾ, ബോട്ടുകൾ ഒക്കെയായി ഇംഗ്ലീഷ് ചാനലിലേക്ക് ബ്രിട്ടീഷ് ജനത ഇറങ്ങി.
24 ആം തീയതി 887 ബ്രിട്ടീഷ് കപ്പലുകൾ ഇംഗ്ലീഷ് ചാനൽ കുറുകേ കടന്നു. അഡ്മിറൽ റാസേ മ്യൂർ ഈ സന്നദ്ധ സേവനത്തിനു നേതൃത്വം വഹിച്ചു. ഇതേ അവസരത്തിൽ ആംഗ്ലോ-ഫ്രെഞ്ച് സൈനീകർ ഡൺ കിർക്കിലേക്ക് പിന്മാറ്റം ആരംഭിച്ചു. ഹിറ്റ്ലറുടെ ഉത്തരവ് ജർമൻ ആക്രമണത്തെ മന്ദീഭവിപ്പിച്ചു. ഈ സമയം കൊണ്ട് രക്ഷപെടാനുള്ള ക്രമീകരണങ്ങൾ ചെയ്യാൻ ഇംഗ്ലീഷ് - ഫ്രെഞ്ച് സൈനികർക്ക് സാധിച്ചു.
ഡൺകിർക്കിലെ കപ്പൽ ഡോക്കുകൾക്ക് ജർമൻ വിമാന സേന മാരകമായ നാശനഷ്ടങ്ങൾ വരുത്തിയിരുന്നു. ഇതുമൂലം വലിയ പടക്കപ്പലുകൾക്ക് തീരത്തടുക്കുവാൻ കഴിഞ്ഞില്ല. കഴുത്തറ്റം വരെ വെള്ളത്തിൽ നടന്നും നീന്തിയുമെത്തിയ അവശരായ ഭടൻമ്മാരെ ബോട്ടുകളിൽ കയറ്റി അകലെ നിന്നിരുന്ന കപ്പലുകളിലേക്ക് മാറ്റുകയും അവ ഇംഗ്ലീഷ് തീരത്തേക്ക് പോയി തങ്ങളുടെ ഭടൻമ്മാരെ അവിടിറക്കിയിട്ട് തിരികെ വന്ന് വീണ്ടും ആളുകളെ കയറ്റുകയും ചെയ്തു. രക്ഷപെടാനും, രക്ഷപെടുത്താനുമുള്ള വ്യഗ്രതയിൽ ഈ സമയത്ത് ബോട്ടുകൾ തമ്മിൽ കൂട്ടിയിടിച്ചും, വലിയ കപ്പലുകളുടെ ഓഅലത്തിൽ പെട്ട് ചെറിയ കപ്പലുകൾ മറിഞ്ഞും വളരെ അപകടങ്ങളും ഇതിനിടയിലുണ്ടായി. അതോടൊപ്പം ദിനം പ്രതി ഉഗ്രമായിക്കൊണ്ടിരിക്കുന്ന വിനാശകരമായ ജർമ്മൻ വിമാനാക്രമണവും ഈ പദ്ധതിയ്ക്ക് വിഘ്നം വരുത്തി.
അതേ സമയം ഡൺകിർക്കിലെ കര ആക്രമണം നിർത്തി വെക്കാനുള്ള ഫ്യൂറരുടെ ഉത്തരവ് സൈന്യാധിപൻമ്മാരെ അദ്ഭുതസ്തബ്ദരാക്കി. കൈക്കുള്ളിലായ വിജയം വഴുതിപ്പോകുന്നത് നിസ്സഹായതയോടെ അവർ അറിഞ്ഞു. സൈനീക നീക്കങ്ങൾ വിദഗ്ദമായി നിയൻബ്ത്രിച്ചു കൊണ്ടിരുന്ന ബ്രൗക്കിറ്റ്ഷും, ഹാൽഡറും ഫ്യൂററുടെ തീരുമാനം തെറ്റാണെന്ന് വാദിച്ചു.ഹിറ്റ്ലർ അത് വക വെച്ചില്ല. രാഷ്ട്രീയ പരിഗണനകൾ സൈന്യാധിപൻമ്മാർക്ക് മനസ്സിലാവുകയില്ലെന്നായിരുന്നു അദ്ധേഹത്തിന്റെ നിലപാട്.
കര ആക്രമണം നിർത്തിയിരിക്കുന്നത് മൂലം ഡൺകിർക്കിൽ എന്താണ് നടന്നു കൊണ്ടിരിക്കുന്നതെന്ന് ജർമൻ ഹൈക്കമാൻഡിന് ശരിക്കും മനസ്സിലായില്ല. ഇത്ര വലിയ സൈന്യത്തെ ശത്രുവിന് കരയിൽ നിന്ന് രക്ഷിച്ച് കൊണ്ടു പോകാനാവുമെന്ന് ജർമൻ സൈനീകോന്നതൻമ്മാർ സങ്കൽപ്പിക്കുകയുണ്ടായില്ല. 26 ആം തീയതി ബ്രിട്ടീഷുകാർ പിന്വാങ്ങാൻ തുടങ്ങിയതോടെയാണ് ഹിറ്റ്ലർ അബദ്ധം മനസ്സിലാക്കിയത്. അതോടെ ആക്രമണം പുനരാരംഭിക്കാൻ ഫ്യൂറർ ഉത്തരവിട്ടു.
പക്ഷേ അപ്പോഴേക്കും വൈകിപ്പോയിരുന്നു. ഈ സമയം കൊണ്ട് പിൻവാങ്ങലിനുള്ള സകല ഒരുക്കവും ഇംഗ്ലീഷ് ചാനലിൽ ബ്രിട്ടീഷ് റോയൽ നേവി പൂർത്തീകരിച്ചിരുന്നു. ആക്രമണത്തെ എതിർത്ത് കൊണ്ട് തന്നെ ആംഗ്ലോ-ഫ്രെഞ്ച് സൈനീകർ രക്ഷപെട്ടുകൊണ്ടിരുന്നു. ഇതിനിടയിൽ ബെൽജിയം രാജാവ് കീഴടങ്ങി. ഡൺകിർക്കിനു നേരേ മാരകമായ അക്രമണം നടത്തിയവരിൽ പ്രശസ്ഥനായ റോമ്മലും, പിൻവാങ്ങിയ ബ്രിട്ടീഷ് സേനയിൽ മറ്റൊരു പ്രശസ്ഥനായ മോണ്ട് ഗോമറിയും ഉണ്ടായിരുന്നു.
9 ദിവസം കൊണ്ട് ബ്രിട്ടീഷുകാർ ഡൺ കിർക്കിൽ നിന്നുമുള്ള പിൻ വാങ്ങൽ പൂർത്തിയാക്കി. അവസാനത്തെ ബ്രിട്ടീഷ് കര സൈനീകനായ അലക്സാണ്ടറും കപ്പൽ കയറി.
അപ്പോഴേക്കും ആക്രമണം പുനരാരംഭിച്ച ജർമൻ സേന, ജൂൺ 4 ആം തീയതി ഡൺ കിർക്ക് കൈവശപ്പെടുത്തി. 40,000 പേരെ തടവുകാരാക്കിയതായി ജർമനി അവകാശപ്പെട്ടു. എന്നാൽ 3,38,226 സൈനികരെ ഡൺ കിർക്കിൽ നിന്നും ബ്രിട്ടീഷുകാർക്ക് രക്ഷിക്കാൻ കഴിഞ്ഞു. ഇവരിൽ 1,39,911 പേർ ഫ്രെഞ്ചുകാരും ബെൽജിയംകാരുമായിരുന്നു. പ്രതീക്ഷയ്ക്കും ഉപരിയായ ഒരു വൻ രക്ഷപെടുത്തലായി ഇത് ചരിത്രത്തിൽ എഴുതപ്പെട്ടു.
യുദ്ധം തുടങ്ങിയ സമയത്ത് ഡൺകിർക്കിലും, ഫ്രാൻസിന്റെ സമീപ ഭാഗങ്ങളിലുമായി ബ്രിട്ടീഷ് സേന 704 ടാങ്കുകളാണ് പോരാട്ടത്തിനു വിന്യസിച്ചിരുന്നത്. ഇവയിൽ വെറും 25 എണ്ണം മാത്രമാണ് ഈ രക്ഷപെടുത്തലിൽ തിരികെ ബ്രിട്ടണിലെത്തിയത്. അത്രയ്ക്കായിരുന്നു ജർമനിയുടെ സംഹാര ശക്തി.
തോൽവിയടഞ്ഞ് ചിന്നഭിന്നമായി തിരിച്ചെത്തിയ ഈ സേനയെ വികസിപ്പിച്ചാണ് 4 വർഷത്തിനു ശേഷം ഫ്രാൻസിൽ വീണ്ടും ജർമനിയ്ക്കെതിരേ ആക്രമണം നടത്താൻ ബ്രിട്ടീഷുകാർക്ക് സാധിച്ചത്. 1940 കയ്യെത്തും ദൂരത്ത് അവസരം ലഭിച്ചിട്ടും അവരെ നശിപ്പിക്കാതെ പോയത് വലിയ അബദ്ധമായെന്ന് അന്ന് ഫ്യൂറർക്ക് തോന്നുകയുണ്ടായി.

.

അനുബന്ധ പോസ്റ്റ്
https://padaarblog.blogspot.in/2018/04/blog-post_2.html
____________________________________________
കട: രണ്ടാം ലോകമഹായുദ്ധത്തേക്കുറിച്ചുള്ള പുസ്തകങ്ങൾ, വിക്കി, ഗൂഗിൾ.

ജൈവ യുദ്ധങ്ങൾ നൂറ്റാണ്ടുകളിലൂടെ...

2001 സെപ്റ്റംബർ 11 നാണ് അമേരിക്കയെ നടുക്കിയ വേൾഡ് ട്രേഡ് സെന്റർ, പെന്റഗൺ ആക്രമണങ്ങൾ നടന്നത്. അതിനു തൊട്ടു പിന്നാലെ അമേരിക്കയെ ഭീതിയുടെ മുൾമുനയിൽ നിർത്തിയ മറ്റൊരു സംഭവം ഉണ്ടായി. അമേരിക്കൻ ധാർഷ്ട്യത്തിന് എതിരായി പ്രഖ്യാപിക്കപ്പെട്ട, കഴിഞ്ഞ അര നൂറ്റാണ്ടിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു ജൈവ യുദ്ധമായിരുന്നു ( Bio Warfare) അത്. തപാൽപ്പെട്ടികളിലൂടെ സഞ്ചരിച്ച ഒരു അദൃശ്യ യുദ്ധം.
ട്രേഡ് സെന്റർ ചാരക്കൂമ്പാരമായി പതിച്ച് കൃത്യം ഒരാഴ്ച്ച കഴിഞ്ഞ്, സെപ്റ്റംബർ 18 നും, ഒക്ടോബർ 9 നും ന്യൂയോർക്ക് സിറ്റിയിലേക്കും ഫ്ലോറിഡയിലേക്കും എട്ട് കത്തുകൾ മെയിൽ ചെയ്യപ്പെടുന്നതിൽ നിന്നാണ് സംഭവങ്ങളുടെ തുടക്കം.
അവയിൽ രണ്ടെണ്ണം യു എസ് ഡെമോക്രാറ്റിക് സെനറ്റർമാർക്കും, മറ്റുള്ളവ പ്രമുഖ പത്ര വാർത്താ സ്ഥാപനങ്ങൾക്കുമാണ് മെയിൽ ചെയ്യപ്പെട്ടത്. ആന്ത്രാക്സ് പൊടി വിതറിയ കത്തുകളായിരുന്നു അവ. അമേരിക്കയ്ക്കു മേൽ അദൃശ്യ ശക്തികളുടെ ഒരു രണ്ടാം ഘട്ട യുദ്ദമായിരുന്നു ഇത്. ജൈവയുദ്ധം (Biological Warfare) എന്ന് ശസ്ത്രം പേരിട്ട വിസിബിലിറ്റിയില്ലാത്ത / അഗോചരമായ ഒരു യുദ്ദപ്രഖ്യാപനം.
സെപ്റ്റംബർ 18 ന് അയക്കപ്പെട്ട ആദ്യത്തെ ആറ് കത്തുകൾ യഥാക്രമം, ന്യൂയോർക്ക് മഹാനഗരത്തിലെ ABC News, CBS News, NBC News, New York Post എന്നിവയ്ക്കും, ഫ്ലോറിഡയിലെ National Enquirer at American Media എന്നിവയുടെ ഓഫീസിലേക്കുമാണ് പോസ്റ്റ് ചെയ്യപ്പെട്ടത്. മാരക രോഗമായ ആന്ത്രാക്സ് പരത്തുന്ന രോഗാണുക്കളെ അതിവിദഗ്ദമായി ഉള്ളടക്കം ചെയ്തിരുന്ന കത്തുകൾ. അഞ്ച് പേർ ഈ സംഭവത്തിൽ കൊല്ലപ്പെട്ടു. 17 പേർക്ക് രോഗം സ്ഥിരീകരിക്കപ്പെട്ടു. റോബർട്ട് സ്റ്റീവൻസ് എന്നയാളാണ് കത്തിലൂടെ ആന്ത്രാക്സ് ബാധിച്ച് മരിച്ച ആദ്യ വ്യക്തി. ചർദ്ദിയും തളർച്ചയുമായി ഹോസ്പിറ്റലിൽ പ്രവേശിക്കപ്പെട്ട ഇയാൾ ഒക്ടോബർ അഞ്ചിന് അന്തരിച്ചു. ന്യൂയോർക്ക് പോസ്റ്റും NBC ന്യൂസും, തങ്ങൾക്ക് വന്ന ലെറ്ററുകൾ പിന്നീട് കണ്ടെത്തി. ABC News, CBS News, അമേരിക്കൻ മീഡിയ എന്നിവയ്ക്ക് വന്ന കത്തുകൾ കൈപ്പറ്റിയ അവരുടെ സ്റ്റാഫുകൾക്ക് ആന്ത്രാക്സ് രോഗം സ്തിരീകരിച്ചു.
ഒക്ടോബർ 9 ന് വീണ്ടും രണ്ടു കത്തുകൾ കൂടി മെയിൽ ചെയ്യപ്പെട്ടു. ഈ കത്തുകൾ സെനറ്റർമാരായ Tom Daschle, Patrick Leahy എന്നിവർക്ക് ലഭിച്ചതോടെയാണ് കത്തുകളിൽ ആന്ത്രാക്സ് വൈറസ് അടങ്ങിയിട്ടുണ്ട് എന്ന് സ്ഥിരീകരിക്കപ്പെട്ടത്. അതോടെ അമേരിക്കൻ ഗവണ്മെന്റ്, പോസ്റ്റൽ സേവനങ്ങൾ ഷട്ട് ഡൗൺ ചെയ്തു. FBI അന്വേഷണം ഏറ്റെടുത്തു. അമേരിന്ത്രാക്സ് (Amerithrax) എന്ന് പേരിട്ട ഈ ഇന്വെസ്റ്റിഗേഷൻ, അമേരിക്കൻ നിയമപാലന ചരിത്രത്തിലെ ഏറ്റവും സങ്കീർണ്ണമായ ഒരു കേസായി പിന്നീട് മാറി.
സെനറ്റർ Tom Daschle, ഗ്രെന്റ് ലെസ്സി എന്ന തന്റെ സഹായി മുഖാന്തിരം കത്ത് തുറന്നു. സെനറ്റർ Patrick Leahy യ്ക്ക് അയക്കപ്പെട്ട കത്ത് തപാൽ കോഡ് തെറ്റിയതിനാൽ മറ്റൊരിടത്ത് എത്തപ്പെട്ട നിലയിൽ പിന്നീട് കണ്ടെത്തി. പ്രസ്ഥുത കത്ത് വിർജീനിയയിലേക്ക് പോകുകയും, തപാൽ വകുപ്പ് ഉദ്ധ്യോഗസ്ഥനായ ഡേവിഡ് ഹോസ് എന്നയാൾക്ക് അന്ത്രാക്സ് ബാധിക്കുകയും ചെയ്തു. കത്തുകള്‍ തുടര്‍ക്കഥയായതോടെ അമേരിക്കയിലെങ്ങും ഒരു ആന്ത്രാക്സ് ഭീതി നിഴൽ വിരിച്ചു.
2001 ൽ ആരംഭിച്ച ഈ കേസന്വേഷണം, 2010 ഫെബ്രുവരി 19 ന് FBI ക്ലോസ് ചെയ്തു. ഡോ. ബ്രൂസ് ഇവന്‍സ് (Bruce Ivins) എന്ന അമേരിക്കൻ ശാസ്ത്രജ്ഞനെ മാത്രമാണ് എഫ്‌ബിഐ പ്രതിസ്ഥാനത്ത് ചേര്‍ത്തിരുന്നത്. മാനസീക വിഭ്രാന്തിയുള്ള ഗവേഷക ശാസ്ത്രജ്ഞനാണ് ഇവിന്‍സ്. (???) ഇവിന്‍സിനെതിരെ കുറ്റം ചുമത്താന്‍ പ്രോസിക്യൂട്ടര്‍മാര്‍ തയ്യാറെടുക്കവേ, 2009 ൽ അദ്ദേഹം സ്വയം ജീവനൊടുക്കി. അതിനു മുൻപ് ജൈവായുധ വിദഗ്ധന്‍ സ്റ്റീവന്‍ ഹാറ്റ്ഫിലിനെതിരെ (Steven Hatfill) കേസെടുക്കാനും FBI നീക്കം നടത്തിയിരുന്നു. പല പഴുതുകളും ഗൌരവത്തോടെ എടുക്കാതെയാണ് എഫ്‌ബിഐ കുറ്റാന്വേഷണം നടത്തിയതെന്ന വിമർശനം വന്ന കേസ് ആയിരുന്നു ഇത്. ഒരർഥത്തിൽ FBI യ്ക്ക് വിജയിക്കാൻ കഴിയാതിരുന്ന കേസും.
ജൈവായുധങ്ങൾ (Biological Weapons)
_______________________________
ജൈവ ആയുധങ്ങൾ ഒരു ആധുനിക പ്രതിഭാസമാണ് തോന്നാം. എന്നാൽ വളരെ കാലപ്പഴക്കം ചെന്നതും, ഭയാനകവുമായ ഒരു ചരിത്രം അവയ്ക്കുണ്ട്. ബയോളജിക്കൽ വെപ്പണുകൾക്കെതിരേയുള്ള അമേരിക്കൻ പ്രതിരോധ ആസ്ഥാനമായ
യു.എസ് ആർമി മെഡിക്കൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് (U.S. Army Medical Research Institute of Infectious Diseases) നടത്തിയ "ജൈവ യുദ്ധങ്ങളുടെ ചരിത്ര പശ്ചാത്തലം" എന്ന പഠനത്തിൽ, സാംക്രമിക രോഗങ്ങൾ എങ്ങനെ യുദ്ധ വിജയങ്ങൾക്ക് വേണ്ടി ഉപയോഗിക്കപ്പെടുന്നു എന്ന് ചൂണ്ടിക്കാണിച്ചു തരുന്നുണ്ട്. ഫലപ്രഥമായൊരു പ്രധിരോധം മുൻ കൂട്ടി ചെയ്യാൻ സാധ്യമല്ലാത്ത ഒന്നാണ് ജൈവായുധങ്ങൾ. ജൈവായുധങ്ങൾ അദൃശ്യമാണ്. അവയുടെ ഫലം പ്രവചനങ്ങൾക്ക് അസാധ്യമാണ്. ചിലപ്പോൾ താരതമ്യേന വളരെ വേഗത്തിലോ, ചിലപ്പോൾ വളരെ സാവധാനമോ അവയുടെ പ്രത്യാഘാതങ്ങളുണ്ടാകാം.
ഒരു Bio Warfare ഇരകളുടെ എണ്ണത്തിന്റെ വ്യാപ്തി കൂട്ടും. രോഗം മരണം എന്നിവ കൂടാതെ ഭയം, പരിഭ്രാന്തി, അരക്ഷിതാവസ്ഥ എന്നിവ ജനങ്ങൾക്ക് മേൽ ഉളവാകും. ഒപ്പം, സർവ മേഖലയിലും മരവിപ്പിക്കുന്ന ഒരു അനിശ്ചിതത്വം സൃഷ്ടിക്കപ്പെടും. ജൈവ യുദ്ദങ്ങളുടെ പ്രധാന ലക്ഷ്യമെന്നു പറയുന്നത്, രാഷ്ട്രത്തിന്റെ സാമൂഹിക-സാമ്പത്തിക പ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുക, ഗവണ്മെന്റ് -അധികാരം എന്നിവയെ സമ്മർദ്ദത്തിലാഴ്ത്തുക, സൈനിക പ്രതികരണങ്ങൾ മരവിപ്പിക്കുക തുടങ്ങിയവയാണ്. ഒരു യുദ്ധത്തിൽ ശത്രുവിനെ, വളരെ എളുപ്പത്തിൽ പരാജയപ്പെടുത്താൻ ജൈവാക്രമണങ്ങൾ കൊണ്ട് നിഷ്പ്രയാസം സാധിക്കുന്നു.
അമേരിക്കയ്ക്ക് മേൽ നിഴൽ വിരിച്ച ആന്ത്രാക്സ് യുദ്ധഭീതിയെക്കുറിച്ചായിരുന്നു ഈ ലേഖനത്തിന്റെ തുടക്കം. എന്നാൽ നിലവിൽ ഏറ്റവുമധികം രാസ - ജൈവായുധങ്ങൾ ഡെവലപ്പ് ചെയ്യുകയും, ഇപ്പോഴും ലാബോറട്ടറികളിൽ സൂക്ഷിക്കുകയും ചെയ്യുന്ന ഒരു പ്രധാന രാജ്യമാണ് അമേരിക്ക. വിയറ്റ്നാമിലും, ഇറാഖിലുമൊക്കെ അവർ അതിന്റെ സാമ്പിളുകൾ ഭീതിദമായ രീതിയിൽ പരീക്ഷിക്കുകയും ചെയ്തതാണ്. അതിനാൽ തന്നെ കൊടുത്താൽ കൊല്ലത്തും കിട്ടും എന്ന വാചകത്തെ അന്വർത്ഥിക്കുന്ന ഒന്നായിരുന്നു അമേരിക്കയ്ക്ക് 2001 ൽ ലഭിച്ച ആന്ത്രാക്സ് ലെറ്ററുകൾ.
ഒരേ സമയം തന്നെ ബയോളജിക്കൽ വെപ്പണുകളുടെ ഇരയായ ചരിത്രവും, മറ്റുള്ളവരെ അതിന് ഇരയാക്കിയ ചരിത്രവും കൂടെ കൊണ്ടു നടക്കുന്നവരാണ് അമേരിക്ക എന്നും കൂടി നാം അറിഞ്ഞിരിക്കേണ്ടതുണ്ട്. ബയോളജിക്കൽ വെപ്പണുകളേക്കുറിച്ചുള്ള പഠനത്തിൽ അത് ഏറ്റവുമധികം ഉപയോഗിച്ചിട്ടുള്ളത് ബ്രിട്ടനും, അമേരിക്കയുമാണെന്ന് കാണാം. വാസ്തവത്തിൽ , ബ്രിട്ടൺ തങ്ങളുടെ വൈരികളെ കൊല്ലാൻ വസൂരി എന്ന ആശയം ഉപയോഗിച്ച ആദ്യത്തെ രാഷ്ട്രം ആയിരുന്നു. 18-ആം നൂറ്റാണ്ടിൽ, 1754 - 1763 വരെയുള്ള കാലത്ത്, ഇൻഡ്യയിലും കാനഡയിലുമായി നടന്ന യുദ്ദങ്ങളിൽ ബ്രിട്ടനും ഫ്രാൻസും വ്യാപകമായി വസൂരി കെട്ടഴിച്ചു വിട്ടിരുന്നു.
പ്ലേഗും, വസൂരിയും, കോളറയും യുദ്ധ തന്ത്രമായതെങ്ങനെ?
____________________________________________
പതിനാലാം നൂറ്റാണ്ടിൽ കാഫ്ഫാ (*1) ആക്രമണ സമയത്ത്, ശത്രുക്കളായ തതാരി സൈന്യം, കഫാ നഗരത്തിൽ ബുബോണിക് പ്ലേഗ് (Bubonic Plague) ബാധിച്ചു മരിച്ച തങ്ങളുടെ സൈനികരെ കൂട്ടമായി കൊണ്ടു തള്ളുകയും, അതിനെ തുടർന്ന് യൂറോപ്പിൽ പ്ലേഗ് ബാധിക്കുകയും ചെയ്തതാണ് ചരിത്രത്തിലെ ആദ്യത്തെ പ്രത്യക്ഷമായ, ബയോളജിക്കൽ യുദ്ധ തന്ത്രം.
1763 -ൽ പോണ്ടിയാക്ക് (*2) യുദ്ദസമയത്ത്, വടക്കേ അമേരിക്കയിലെ ബ്രിട്ടീഷ് സൈന്യത്തിന്റെ കമാൻഡർ-ഇൻ-ചീഫ്: സർ ജെഫ്രി ആംഹെർസ്റ്റ്, കേണൽ ഹെൻറി ബൊക്കെയ്ക്ക് (Henry Bouquet) എഴുതി:-
"ഇന്ത്യക്കാരുടെ ഇടയിൽ ഭംഗിയായി വസൂരി (Smallpox) അയയ്ക്കാൻ കഴിഞ്ഞതു പോലെ, വടക്കേ അമേരിക്കൻ ഗോത്രങ്ങൾക്കിടയിലും അവരെ നശിപ്പിക്കാൻ നമ്മുടെ അതേ തന്ത്രം തന്നെ പ്രയോഗിക്കണം."
ഇതിന് കേണൽ ജഫ്രി ആംഹെർസ്റ്റ് എഴുതിയ മറുപടി മറുപടി ഇതാണ്: -
"ഞാൻ അവർക്ക് നമ്മുടെ പക്കലുണ്ടായിരുന്ന, സാംക്രമിക രോഗികളുടെ കമ്പിളിപ്പുതപ്പുകൾ നൽകി കഴിഞ്ഞു. രോഗം എന്നെത്തന്നെ കീഴ്പ്പെടുത്താതിരിക്കാൻ അതീവ ശ്രദ്ദ ചെലുത്തേണ്ടതുണ്ട്. വസൂരി അമേരിക്കൻ സ്വദേശികളുടെ സംഖ്യ കുറച്ചുകൊണ്ടിരിക്കുന്നു. ഈ രോഗം മുൻപ് ഉണ്ടായിട്ടില്ലാത്തത് കൊണ്ട് അവർക്ക് പ്രധിരോധ ശേഷി ഉണ്ടാവുകയില്ല. പ്രധിരോധ മരുന്നുന്നുകളും നിലവിൽ ലഭ്യമല്ല."
ചരിത്രത്തിൽ വസൂരി എന്ന മഹാ വിപത്തിനെ ബ്രിട്ടൻ എത്രമേൽ ഭീകരമായാണ് ഉപയോഗിച്ചതെന്നതിന്റെ ഏറ്റവും വലിയ തെളിവുകളിലൊന്നാണീ കത്തുകൾ.
1775-83 ലെ അമേരിക്കൻ റെവല്യൂഷണറി വാർ സമയത്ത് പല പകർച്ച വ്യാധികളും ഒരു ആയുധമായി ഉപയോഗിക്കപ്പെട്ടിരുന്നു. 1775-76 ശീതകാലത്ത് , അമേരിക്കൻ ശക്തികൾ ബ്രിട്ടീഷ് നിയന്ത്രണത്തിൽ നിന്നും, കാനഡയിലെ ഫ്രെഞ്ച് സ്പീക്കിങ് പ്രൊവിൻസ് ആയ ക്വീബെക് (Quebec) മോചിപ്പിക്കാൻ ശ്രമിക്കുമ്പോൾ, ബ്രിട്ടീഷ് സേനയുടെ കമാൻഡർ, അമേരിക്കൻ സൈനികർക്കെതിരേ ഷുദ്രകരങ്ങളായ രോഗാണുക്കളെ സന്നിവേശിപ്പിക്കുകയുണ്ടായി. ഏതാനും ആഴ്ചകൾക്കുശേഷം പകർച്ചവ്യാധിയാൽ പതിനായിരക്കണക്കിന് അമേരിക്കൻ പോരാളികൾ കൊല്ലപ്പെട്ടു.
1941-ൽ ജപ്പാൻ നടത്തിയ ചൈന അധിനിവേശകാലത്ത് നടന്ന സംഭവം ഇരുപതാം നൂറ്റാണ്ടിലെ ബയോ വാർഫെയറുകളിൽ പ്രധാനപ്പെട്ട ഒന്നാണ്. ചൈനയിലെ അധിനിവേശ പ്രദേശത്ത് ജാപ്പനീസ് സയന്റിസ്റ്റുകളും, സ്റ്റാഫുകളും ഉൾപ്പെടെ 3000 ഓളം ആളുകൾ ജൈവ ആയുധ പദ്ദതിക്കായി ചിലവഴിക്കുമ്പോൾ, ഒരു സാങ്കേതിക പാളിച്ച ഉണ്ടാവുകയും 1,700 ജാപ്പനീസുകാരും, തടവുകാരായ 10000 ചൈനീസ് സൈനീകരും കൊല്ലപ്പെടുകയും ചെയ്തു. എന്നു മാത്രമല്ല ചൈനീസ് നഗരങ്ങളിൽ ആന്ത്രാക്സ്, കോളറ തുടങ്ങിയ പകർച്ച വ്യാധികൾ പൊടുന്നനെ വ്യാപിക്കുകയും ഉണ്ടായി.
ഒന്നാം ലോക മഹായുദ്ദ കാലത്ത് കന്നു കാലികൾ, കുതിരകൾ തുടങ്ങിയവയിലൂടെ എതിരാളികൾക്ക് മേൽ പകർച്ച വ്യാധികൾ പരത്താൻ പല രാജ്യങ്ങളും പരസ്പരം ശ്രമിയ്ക്കുകയുണ്ടായി.
1939 - 1945 ലെ രണ്ടാം ലോകമഹായുദ്ധ കാലത്ത് , ബ്രിട്ടീഷ്-അമേരിക്കൻ ശാസ്ത്രജ്ഞർ വസൂരിയെ വീണ്ടും ജൈവ ആയുധമായി ഉപയോഗിക്കുകയുണ്ടായി. എന്നാൽ വസൂരിയ്ക്ക് എതിരേയുള്ള വാക്സിനുകളുടെ ലഭ്യത കാരണം അവർ അതിനെ ഒരു ഫലപ്രദമായ ആയുധം ആയി കണക്കാക്കിയില്ല എന്നു മാത്രം.
ഇത്തരം നിരവധി ജൈവായുധ പ്രയോഗങ്ങളേക്കുറിച്ച് ചരിത്രത്തിലെ ഒട്ടേറെ ഏടുകളിൽ നിന്ന് കാണാൻ സാധിക്കും. മെക്കാനിക്കൽ ആയുധങ്ങൾക്ക് നേടാൻ കഴിയുന്നതിലും അധികമായി ഫലം കൈവരിക്കാൻ ഇത്തരമൊരു അദൃശ്യ യുദ്ധമുറയാൽ സാധിക്കുന്നു.
*************************
(*1) കാഫ്ഫാ / caffa : - now Feodossia, UKRAINE.
(*2) Pontiac's War, Pontiac's Conspiracy, or Pontiac's Rebellion.
ലാബോറട്ടറികളിലെ ഫ്രീസറുകളിൽ സോവിയറ്റ് യൂണിയനും അമേരിക്കയും.
_________________________________________________________
ജൈവായുധങ്ങളുടെ കാര്യത്തിൽ ഇന്ന് ബ്രിട്ടൺ ഒരു പ്രധാന ശക്തിയല്ല. പകരം ആ സ്ഥാനത്തേക്ക് പുതിയ മഹാശക്തികൾ ഉദിച്ചുയർന്നു. അമേരിക്കയും റഷ്യയും ഇന്ന് ഈ നശീകരണായുധത്തിന്റെ കാര്യത്തിൽ മേധാവിത്വം പുലർത്തുന്നു.
അമേരിക്കയ്ക്കൊപ്പമോ, അവരേക്കാൾ ബഹുദൂരമോ മുൻപിലാണ് ഇക്കാര്യത്തിൽ പഴയ സോവിയറ്റ് യൂണിയനും അവരുടെ തിരുശേഷിപ്പായ ഇന്നത്തെ റഷ്യയും എന്ന് എടുത്തു പറയണം. സോവിയറ്റ് യൂണിയന്റെ കാലം മുതൽക്കേ രാസ ജൈവായുധങ്ങളിൽ അവർ നേടിയ പുരോഗതി, വരും കാലത്തെ ആശങ്കാകുലമാക്കുന്നു. കോൾഡ് വാർ കാലത്ത് നേടിയ ഒട്ടേറെ ശാസ്ത്ര സാങ്കേതിക വളർച്ചയ്ക്കൊപ്പം, ഇരു രാജ്യങ്ങളിലേയും ലാബോറട്ടറികളിൽ അതിമാരക വൈറസുകളേയും ബാക്ടീരിയകളേയും ഇരുവരും മത്സരിച്ച് വികസിപ്പിച്ചിരുന്നു എന്നു കൂടി നാം അറിയേണ്ടതാണ്.
1928 മുതൽ 1971 വരെ സോവിയറ്റ് യൂണിയൻ ഒന്നാമത്തെ സൂപ്പർ പവർ ആയിക്കൊണ്ടിരുന്ന അഥവാ ആയിത്തീർന്ന കാലഘട്ടമായിരുന്നു. ശാസ്ത്ര സാങ്കേതിക മേഖലയെ സംബന്ധിച്ചിടത്തോളം 1972 മുതൽ 1993 വരെ, ശരിക്കും പുരോഗമനപരമായ ഒരു കാലമായിരുന്നു. ജനിതക എഞ്ചിനീയറിങ് - പ്രത്യേകിച്ചും പുതിയ തന്മാത്രാ ജനിതക സാങ്കേതിക വിദ്യകൾ (molecular genetics techniques) അവർ വികസിപ്പിച്ചെടുത്തു. ബാക്ടീരിയകൾ വൈറസുകൾ എന്നിവയ്ക്ക് എതിരേ കൂടുതൽ മെച്ചപ്പെട്ട വാക്സിനുകൾ സോവിയറ്റ് റഷ്യ നിർമിച്ചു.
ന്യൂക്ലിയർ ആയുധങ്ങളേക്കുറിച്ച് ഗഹനമായ പഠനങ്ങൾ നടത്തുകയും, യുഎസ് യൂണിവേഴ്സിറ്റികളിൽ നിരവധി സംവാദങ്ങൾ നയിക്കുകയും ചെയ്ത അലക്സ് വെല്ലെർസ്റ്റ്യൺ (Alex Wellerstein) ബയോ വെപ്പണുകളേക്കുറിച്ച് എഴുതിയ ഒരു ലേഖനത്തിൽ ഇങ്ങനെ വിശദീകരിക്കുന്നു. അമേരിക്കക്കാർ ഒരു കാര്യം ചെയ്യാൻ തുടങ്ങുമ്പോൾ സോവിയറ്റ് യൂണിയനും അതേ കാര്യം ആരംഭിക്കും. (ചിലപ്പോൾ നേരേ തിരിച്ചും). എന്നാൽ സോവിയറ്റ് യൂണിയൻ / റഷ്യ, അവരുടെ തനതായ, സ്വന്തമായ ഒരു വഴിയിലൂടെയാവും മുന്നോട്ടു പോകുക. ഇതൊരു സ്ട്രാറ്റജിയുടെ പരാധീനത അല്ല. പകരം സാമ്പത്തിക പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന റഷ്യയെ സംബന്ധിച്ചിടത്തോളം അവരുടെ ശാസ്ത്ര നേട്ടങ്ങൾക്കുള്ള ശ്രമങ്ങളിൽ സാമ്പത്തികം കൂടി നോക്കേണ്ടുന്ന കാര്യം പ്രധാനമായതു കൊണ്ടാണ്. അമേരിക്ക ഒരു പ്രോഗ്രാം അവതരിപ്പിക്കുമ്പോൾ തത്സമയം തന്നെ അതിന്റെ ഡിസൈൻ മനസ്സിലാക്കി തങ്ങളുടെ സ്വന്തമായ മറ്റൊരു സാങ്കേതികത ഉപയോഗിച്ച് അതിനോട് കിടപിടിക്കുന്നതോ അതിനും മേലെ നിൽക്കുന്നതോ ആയ പലതും റഷ്യ നിർമ്മിച്ചു. റഷ്യ കോപ്പി ചെയ്യുന്നു എന്ന് നാം ഇതിനെ വില കുറച്ചു കാണേണ്ടുന്നതില്ല. പകരം, സ്വന്തം കഴിവുപയോഗിച്ച് എത്ര വലിയ ടെക്നോളജിയും സ്വായത്തമാക്കുകയും, കൂടുതൽ വൈവിധ്യങ്ങൾ അതിൽ ഉൾക്കൊള്ളിക്കാൻ ശ്രമിക്കുകയും ചെയ്യുന്ന റഷ്യക്കാർ തികച്ചും പ്രശംസ അർഹിക്കുന്നു. എന്നു മാത്രമല്ല, ബയോളജിക്കൽ വെപ്പണുകളെ സംബന്ധിച്ച് പറഞ്ഞാൽ, ബാക്ടീരിയകൾക്കെതിരേയും, വൈറസുകൾക്കെതിരേയും അമേരിക്ക വാക്സിനുകൾ കണ്ടു പിടിച്ചു കൊണ്ടിരുന്ന കാലത്ത്, റഷ്യ, ബാക്ടീരിയകളേയും - വൈറസുകളേയും സങ്കരിപ്പിച്ച് പുതിയ കണ്ടുപിടുത്തങ്ങൾ തന്നെ നടത്തുകയുണ്ടായി.
വിചിത്രമായ ഒരു സംഗതി, ഏതെങ്കിലും ജൈവായുധം വിക്ഷേപിക്കാവുന്ന ഒരു മെക്കാനിസം കോൾഡ് വാർ കാലത്ത് സോവിയറ്റ് യൂണിയന് ഇല്ല എന്നതായിരുന്നു . അതായത് അവർ U.S. നെ ടാർഗറ്റ് ചെയ്യുന്നില്ലായിരുന്നു എന്നാണതിന്റെ അർഥം . ICBM - ൽ ഇത്തരം ജൈവായുധം കൂട്ടി യോജിപ്പിക്കാൻ അവർ ശ്രമിച്ചില്ല. അഥവാ ഇനി അങ്ങനെ ശ്രമിച്ചിരുന്നെങ്കിൽ തന്നെ അത് എങ്ങുമെങ്ങുമെത്തിയുമില്ല.
മിഖായേൽ ഗോർബച്ചേവിന്റെ കാലഘട്ടത്തിൽ, അദ്ദേഹം ഉൾപ്പെടെ വെറും നാലേ നാലുപേർക്കേ സോവിയറ്റ് ബയോ വെപ്പൺ പ്രോഗ്രാമിനെക്കുറിച്ച് പൂർണ്ണമായ കഥ അറിയാമായിരുന്നുള്ളു. അമേരിക്കൻ പ്രസിഡന്റായിരുന്ന George H.W. Bush, ഇന്റലിജൻസ് റിപ്പോർട്ടുമായി ബന്ധപ്പെട്ട് ഇക്കാര്യത്തേക്കുറിച്ചൊരു വിശദീകരണത്തിന് ഗോർബച്ചേവിനെ നിർബന്ധിച്ചെങ്കിലും ഗോർബച്ചേവ് മുടന്തൻ ന്യായങ്ങൾ പറഞ്ഞ് ഒഴിഞ്ഞുമാറുകയാണുണ്ടായത്. ബയോ വെപ്പണുകൾ കൊണ്ട് ലോകത്തെ അധീശ ശക്തിയാകാം എന്നൊക്കെ ഗോർബച്ചേവ് കരുതിയിരുന്നു. എന്നാൽ സോവിയറ്റ് യൂണിയന്റെ തകർച്ച അത്തരമൊരു നാശത്തിൽ നിന്ന് ലോകത്തെ രക്ഷിച്ചു.
സോവിയറ്റ് യൂണിയൻ തങ്ങളുടെ ബയോളജിക്കൽ വാർഫെയർ പ്രോഗ്രാം ഊർജ്ജിതമാക്കിയതിന്റെ പിന്നാമ്പുറത്തേക്കുറിച്ച് അലക്സ് വെല്ലർസ്റ്റ്യൺ ഒരു സംഭവം പങ്കു വെക്കുന്നുണ്ട്. 1960 ൽ പസഫിക് സമുദ്രത്തിലെ ജോൺസ്ടൺ ഐലന്റിൽ FBI യും US ആർമിയും ചേർന്ന് ഒരു ജൈവായുധ പരീക്ഷണം നടത്തുകയുണ്ടായി. സോവിയറ്റ് KGB ഉധ്യോഗസ്ഥനായ ഒരു ഡബിൾ ഏജന്റ് ഈ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഈ ഏജന്റിൽ നിന്ന് ഈ വിവരം അറിഞ്ഞ റഷ്യ ഞെട്ടി. അമേരിക്ക ഊർജ്ജിതമായി ജൈവായുധ നിർമാണത്തിലാണ് എന്നത് റഷ്യയെ ഇരുത്തി ചിന്തിപ്പിച്ചു. ഈ സംഭവമായിരുന്നു പിന്നീട് റഷ്യയുടെ ജൈവായുധ ഗവേഷണങ്ങൾക്ക് ആക്കം കൂട്ടിയത്.
ജൈവായുധ വിരുദ്ധ സമ്മേളനം (Biological Weapons Convention)
____________________________________________________
1969 നവംബറിൽ, യു.എസ് പ്രസിഡന്റ് റിച്ചാർഡ് നിക്സൺ ജൈവ ആയുധങ്ങൾ നിർമിക്കുന്നതും പ്രയോഗിക്കുന്നതും കുറ്റകരമാക്കി പ്രഖ്യാപിച്ചു. വിയറ്റ്നാം യുദ്ധസമയത്ത് നടത്തിയ രാസായുധങ്ങളുടെ ഉപയോഗം, അമേരിക്കൻ ജനങ്ങളുടെ വെറുപ്പിനിടയാക്കിയ സമ്മർദ്ദം മൂലമായിരുന്നു ഇത് . നിക്സന്റെ ചരിത്രപരമായ ജൈവ ആയുധ നിരോധനത്തിന്റെ പശ്ചാത്തലത്തിൽ, അവർക്ക് ഭയമുള്ള സോവിയറ്റ് യൂണിയൻ ഉൾപ്പെടെയുള്ളവരെ അത്തരം നിയമത്തിൽ കൊണ്ടുവരാനായി അമേരിക്ക ഒരു അന്താരാഷ്ട്ര കരാറുണ്ടാക്കൻ ശ്രമമാരംഭിച്ചു.
1972 - ഏപ്രിൽ 10 ന് യുണൈറ്റഡ് സ്റ്റേറ്റ്സ്, യു.കെ, സോവിയറ്റ് യൂണിയൻ എന്നിവർ എല്ലാത്തരം ബയോളജിക്കൽ ആയുധങ്ങൾക്കുമെതിരായുള്ള ഒരു കൺവൻഷൻ വിളിച്ചു കൂട്ടി. അതായിരുന്നു Biological Weapons Convention. 1925 ലെ ജനീവ പ്രോട്ടോക്കോളിന്റെ തുടർച്ചയായിരുന്നു ഇത്. സോവിയറ്റ് യൂണിയനും, ബ്രിട്ടനും കരാർ വ്യവസ്ഥകൾ പാലിക്കും എന്ന് വാഗ്ദാനം ചെയ്തു. (ഇതിൽ ഒപ്പു വെച്ചത് യു എസ് 1975 ലാണ്.) അതോടെ U.S.ന് ആശ്വാസമായി. അവരെ പോലെ (?), സോവിയറ്റ് യൂണിയനും അവരുടെ ജൈവായുധങ്ങൾ ഉപേക്ഷിക്കുമെന്ന് യു എസ് വിശ്വസിച്ചു. എന്നാൽ തങ്ങളുടെ ബയോളജിക്കൽ സ്റ്റോറേജുകൾ പരിശോധിക്കാൻ മറ്റാർക്കും അവകാശമില്ല എന്ന് സോവിയറ്റ് യൂണിയൻ പ്രഖ്യാപിക്കുകയുണ്ടായി.
പക്ഷേ, അമേരിക്കയുടെ വിശ്വാസം തെറ്റായിരുന്നു എന്ന് വൈകാതെ തന്നെ അവർക്ക് ബോധ്യമായി. 1989 -ൽ ഒരു മുതിർന്ന സോവിയറ്റ് ബയോളജിക്കൽ വെപ്പൺ സയന്റിസ്റ്റ് യു.കെയിലെ ക്ക് കൂറു മാറി. വ്ലാഡിമർ പാസെഷ്നിക് (Vladimir Pasechnik) ആയിരുന്നു അത്. അമേരിക്കയും സോവിയറ്റ് യൂണിയനുമായുള്ള കരാറിന്റെ ഭാഗമായി ആണവായുധങ്ങൾ ഉൾപ്പെടെയുള്ളവ കുറച്ചു കൊണ്ടിരുന്ന കാലത്ത്, സോവിയറ്റ് യൂണിയൻ തങ്ങളുടെ ജൈവായുധ വികസനം അതീവ രഹസ്യമായി തുടരുകയായിരുന്നു എന്ന് പാസെഷ്നിക് തുറന്നു പറഞ്ഞു. സോവിയറ്റുകൾ 1973 ൽ സ്ഥാപിച്ച BIOPREPARAT (*3) എന്ന സിവിലിയൻ ഫാർമസ്യൂട്ടിക്കൽ കമ്പനി, യഥാർഥത്തിൽ ജൈവ-ആണവായുധങ്ങൾ വിപുലപ്പെടുത്തുന്ന ഒന്നായിരുന്നു എന്ന രഹസ്യം പാസെഷ്നിക് വെളിപ്പെടുത്തി.
*************************
(*3) BIOPREPARAT : - Biopreparat was the Soviet Union's major biological warfare agency from the 1970s on
കെൻ അലിബെക്കോവിന്റെ വെളിപ്പെടുത്തലുകൾ.
______________________________________
എന്നാൽ കൂടുതൽ സ്ഫോടനാത്മകമായ വിവരങ്ങൾ വരാൻ പോകുന്നതേ ഉണ്ടായിരുന്നുള്ളു. 1992 ൽ അമേരിക്കയിലേക്ക് കൂറുമാറിയ, സോവിയറ്റ് യൂണിയനിലെ മൈക്രോ ബയോളജിസ്റ്റും - ബയോളജിക്കൽ വാർഫെയർ എക്സ്പേർട്ടുമായിരുന്ന ഡോ: കെന്നത് അലിബെക്കോവ് (Kanatjan Alibekov) ആയിരുന്നു സോവിയറ്റ് ബയോവാർഫെയർ പദ്ദതികളേക്കുറിച്ച് ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകൾ നടത്തിയത്. 1987 മുതൽ 1992 വരെ BIOPREPARAT ലാബോറട്ടറിയുടെ ചീഫ് സയിന്റിസ്റ്റ് ആയിരുന്നു ഡോ: കെന്നത് അലിബെക്കോവ് .
കെൻ അലിബെക്ക് പങ്കു വെച്ച വിവരങ്ങൾ കേട്ട് ബ്രിട്ടനും, യുണൈറ്റഡ് സ്റ്റേറ്റ്സും ഞെട്ടി.
വസൂരിയെ സംബന്ധിച്ചായിരുന്നു അലിബെക്കിന്റെ ഏറ്റവും വലിയ വെളിപ്പെടുത്തൽ. വസൂരി (Smallpox) പടർന്നപ്പോൾ അതിനെ പ്രധിരോധിക്കാനുള്ള ഗവേഷണങ്ങളുടെ കാലത്ത്, റഷ്യൻ ഡോക്ടർമാർ എടുത്ത വസൂരി സാമ്പിളുകൾ സോവിയറ്റ് സൈന്യത്താൽ പിന്നീട് മാരക ജൈവായുധങ്ങളായി മാറി വന്നതു എങ്ങനെ എന്ന് കെൻ ബെക്ക് ലോകത്തെ അറിയിച്ചു. വസൂരി (Smallpox) മനുഷ്യ കുലത്തെ ഉന്മൂലനം ചെയ്യുന്നതാണെന്ന് റഷ്യയ്ക്ക് അറിയാം എന്ന് അലിബെക്ക് പറയുന്നു. എന്നാൽ ഇത് സൂക്ഷിക്കേണ്ടിയിരിക്കുന്നു, അതിനു രണ്ടു കാരണങ്ങളുണ്ട്. ഒന്ന്, ഭാവിയിൽ ഉണ്ടാകാൻ ചാൻസുള്ള മറ്റേതെങ്കിലും ഒരു മാരക രോഗത്തിനെതിരേ ചിലപ്പോൾ വസൂരി രോഗാണു പ്രധിരോധത്തിനുപകരിക്കും. രണ്ട്, മനുഷ്യജീവൻ ഉന്മൂലനം ചെയ്യാനായ ഏറ്റവും ശക്തമായ ഒരു ആയുധവും ആയിരിക്കും.
ഇന്ന് റഷ്യ അമേരിക്ക എന്നിവരുടെ പക്കൽ മാത്രമേ വസൂരി വൈറസ് ശേഷിച്ചിട്ടുള്ളു. ലോകത്തിലെ അവശേഷിക്കുന്ന ഈ രണ്ട് വസൂരി സാമ്പിളുകൾ റഷ്യയിലും അമേരിക്കയിലും ഉള്ള രണ്ട് ഉയർന്ന ലാബുകളിൽ അതീവ സൂക്ഷ്മമായി ഇപ്പോഴും പരിചരിക്കപ്പെടുന്നു.
വസൂരി വൈറസ് അനൗദ്യോഗിക ഓഹരികളിലൊന്നായി പല രാജ്യങ്ങളിലും ഇപ്പോഴും ഉണ്ടായിരിക്കാൻ സാധ്യതയുണ്ടെന്നും അലി ബെക്ക് സംശയമുന്നയിക്കുന്നു . അമേരിക്ക, റഷ്യ എന്നിവർക്കൊപ്പം വൈറസ് അശ്രദ്ധമായി മനപ്പൂർവം നിലനിർത്തി എന്ന് കരുതപ്പെടുന്ന മറ്റു രാജ്യങ്ങളിൽ ചൈന, ക്യൂബ, ഇന്ത്യ , ഇറാൻ , ഇസ്രായേൽ , പാകിസ്താൻ, യൂഗോസ്ലാവിയ, ഉത്തര കൊറിയ , ഇറാഖ് എന്നീ രാജ്യങ്ങളേയും അലി ബെക്ക് അന്ന് സംശയിച്ചിരുന്നു.
സംഭ്രമജനകമായ പത്ത് ജൈവായുധങ്ങൾ.
_________________________________
1. SMALLPOX (വസൂരി).
2. ANTHRAX (ആടുമാടുകളെ ബാധിക്കുന്ന ഒരു രോഗം).
3. EBOLA (വൈറസ്‌ കാരണം ഉണ്ടാകുന്ന മാരകമായ ഒരു പകർച്ചവ്യാധി ).
4. PLAGUE (എലിപ്പനി).
5. TULAREMIA.
6. BOTULINUM TOXIN.
7. RICE BLAST.
8. RINDERPEST.
9. NIPAH VIRUS.
10. CHIMERA VIRUSES.
തണുത്തുറഞ്ഞു കിടക്കുന്ന പകർച്ച വ്യാധികൾ.
___________________________________
ചരിത്രം നിരത്തുന്ന ജൈവ യുദ്ധ തെളിവുകൾ മാനവ രാശിയുടെ ഭാവിയേയും ആശങ്കയിലാഴ്ത്തുന്നു. അറ്റോമിക്ക് വാർഫെയർ പ്രോഗ്രാമുകളേക്കുറിച്ച് മാത്രമേ നാം എല്ലായ്പോഴും ആശങ്കപ്പെടുന്നുള്ളു. എന്നാൽ അവയോടൊപ്പം നിൽക്കുന്ന വിനാശകരവും ബീഭത്സവുമായ ഒരു നശീകരണ പ്രകൃയ തന്നെയാണ് ബയോളജിക്കൽ വാർഫെയർ പ്രോഗ്രാംസ്. റഷ്യ, അമേരിക്ക എന്നീ രാജ്യങ്ങളുടെ ആഴമുള്ള ലാബോറട്ടറി ഫ്രീസറുകളിൽ എന്തു നടക്കുന്നു എന്ന് തിരിച്ചറിയാൻ നമുക്കാർക്കും കഴിയില്ല. നിലവിലുള്ളതിനേക്കാൾ കടുത്ത മാരക രോഗങ്ങളെ കെട്ടഴിച്ച് വിടാനുള്ള ഹൈബ്രീഡ് ശ്രമങ്ങളിലാണ് സൂപ്പർ പവറുകൾ.
ലോകം, 2001 സെപ്റ്റംബർ 18-ന് ഒരു ആന്ത്രാക്സ് ആക്രമണത്തിന്റെ ആക്രമണത്തിന്റെ മൈനൂട്ടായ ഒരു സൂചനയെ കണ്ടെത്തി എന്നത്, അത്തരം ഒരു സാധ്യത ഏതു രാജ്യത്തും, ഏതു സമയത്തും എപ്പോൾ വേണമെങ്കിലും പൊട്ടിപ്പുറപ്പെടാം എന്ന അടയാളമാണ് നൽകുന്നത്. മാനവരാശിയെ ഇഞ്ചിഞ്ചായി കൊല്ലാനുതകുന്ന പകർച്ച വ്യാധികൾ ലാബോറട്ടറികളിൽ നിന്ന് ഒരിക്കലും പുറത്തേക്ക് പ്രവഹിക്കാതിരിക്കട്ടെ എന്ന് നമുക്ക് പ്രത്യാശിക്കാം.
********************************************
റഫറൻസ് : - ബയോളജിക്കൽ വാർഫെയർ സംബന്ധിച്ച് Stefan Riedel, Colette Flight, Alex Wellerstein എന്നിവരുടെ ലേഖനങ്ങൾ, ഒപ്പം വിക്കി പീഡിയ മറ്റ് ഗൂഗിൾ ഇൻഫർമേഷനുകൾ എന്നിവ.
വസ്തുതകൾക്കനുബന്ധമായ ചിത്രങ്ങൾ ആദ്യ കമന്റുകളിൽ കാണാവുന്നതാണ്.

നാഥു ലാ ആക്രമിക്കപ്പെട്ട രാത്രി.

 1948, 1965, 1971, 1999 വർഷങ്ങളിലായി നാലു തവണ ഇൻഡ്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധങ്ങളുണ്ടായി. 1962 ൽ ചൈനയുമായും. ഇങ്ങനെ ഭൂമുഖത്തെ ഏറ്റവും അശാന്തമായ പ്രദേശങ്ങളിലൊന്നായിത്തീർന്നു ഇൻഡ്യൻ ഉപഭൂഖണ്ഡം. ഇപ്പോഴും അതിർത്തി തർക്കങ്ങളും, സംഘർഷ സാദ്ധ്യതകളും തുടരുകയും ചെയ്യുന്നു. പാകിസ്താനുമായുള്ള നാല് യുദ്ധങ്ങളും വിജയിച്ച ഇൻഡ്യ പക്ഷേ, 62 ൽ ചൈനയോട് പരാജയപ്പെടുകയുണ്ടായി.
1962 ലെ ഇൻഡോ ചൈനാ യുദ്ധം ഇൻഡ്യൻ ചരിത്രത്തിലെ കറുത്ത അടയാളമാണ്. ഇൻഡോ ചീനി ഭായി ഭായി എന്ന് വിശ്വസിച്ച് നടന്നിരുന്ന നമ്മെ അവർ പിന്നിൽ നിന്നു കുത്തുകയായിരുന്നു.
62 നു ശേഷം 2017 വരെയുള്ള കാലം വരെ ചൈനയുമായുള്ള അതിരുകളിൽ സംഘർഷങ്ങൾ പലത് നടക്കുകയുണ്ടായി. എന്നാൽ അതൊന്നും മൂർശ്ചിക്കുകയുണ്ടായില്ല. ഇൻഡ്യയും പാക്കിസ്ഥാനും തമ്മിൽ പലപ്പോഴും ഉണ്ടാകാറുള്ളതു പോലെ, ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങൾ വലിയ രീതിയിലുള്ള ചൂടുപിടിച്ച ചർച്ചകൾക്കോ, ലോക ശ്രദ്ധ തിരിയുന്നതിലേക്കോ, സമാധാന ചർച്ചകൾക്കോ വിഷയമായിട്ടില്ല.
ലോകത്തെ വൻ ശക്തിയായ ചൈന പിന്നീടെന്തുകൊണ്ട് അതിർത്തി തർക്കത്തിന്റെ ഭാഗമായി ഇൻഡ്യയെ ആക്രമിച്ചില്ല? ഈ ചോദ്യത്തിനുള്ള വലിയ ഉത്തരമാണ് 67 ൽ നടന്ന നാഥു ലാ - ചോ ലാ ഏറ്റുമുട്ടൽ (Nathu La and Cho La Clashes).!
.
പരാജയത്തിൽ നിന്ന് പഠിച്ച പുതിയ തിരിച്ചറിവുകൾ
*******************************************************************************
62 യുദ്ധത്തിനു ശേഷം ഇൻഡ്യ രാജ്യാന്തര / പ്രതിരോധ നിലപാടുകൾ പൊളിച്ചെഴുതുകയുണ്ടായി. നെഹ്രു ആവിഷ്കരിച്ച ചേരി ചേരാ പ്രസ്ഥാനത്തിൽ നിന്ന് നമുക്ക് പ്രത്യേകിച്ച് ഗുണങ്ങളൊന്നുമില്ലെന്ന് ഇൻഡ്യ അന്ന് മനസ്സിലാക്കി. അന്ന് പാക് പക്ഷത്താണ് അമേരിക്ക. തങ്ങളുടെ അതിരുകളിൽ പാക്കിസ്ഥാൻ ചൈന എന്നിങ്ങനെ രണ്ടു ശത്രുക്കൾ ഉടലെടുത്തതോടെ സ്വഭാവികമായും ഇൻഡ്യ സോവിയറ്റ് യൂണിയനോട് കൂടുതൽ ചായ്വ് കാട്ടിത്തുടങ്ങി. മൂന്നു വർഷങ്ങൾക്കപ്പുറം 65 ൽ, പാക്കിസ്ഥാനുമായി വീണ്ടുമൊരു യുദ്ധം വന്നു. അത് കഴിഞ്ഞ് രണ്ടു വർഷങ്ങൾ തികയുമ്പോഴേക്കും ഇൻഡ്യയും ചൈനയും തമ്മിൽ 67 ൽ വീണ്ടും ഉരസലുണ്ടായി. ഇതാണ് നാഥു ലാ - ചോ ലാ ഏറ്റുമുട്ടൽ.
ഇൻഡ്യയ്ക്കും ടിബറ്റിനുമിടയിലെ പഴയ സിൽക്ക് റൂട്ടിന്റെ ഭാഗമായിരുന്നു നാഥുലാ പാസ്. 1947 ൽ ഇൻഡ്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ സിക്കിം ഒരു സ്വതന്ത്ര നാട്ടുരാജ്യമായിത്തന്നെ നിന്നു. അങ്ങനെയിരിക്കെ 1950 ൽ ചൈന ടിബറ്റിനെ തങ്ങളുടെ അധീനതയിലാക്കി. പ്രക്ഷോഭങ്ങളും എതിർ ശബ്ദങ്ങളും അടിച്ചൊതുക്കപ്പെട്ടതോടെ ടിബറ്റൻ ജനത സിക്കിമിലേക്ക് പലായനം ചെയ്യാനാരംഭിച്ചു. ഇത് സിക്കിമിനെ ആശങ്കപ്പെടുത്തി. ടിബറ്റ് പിടിച്ചടക്കിയതു പോലെ ചൈന തങ്ങളേയും പിടിച്ചടക്കിയേക്കാം എന്നതായിരുന്നു അത്. ഇക്കാലത്ത് ടിബറ്റിനൊപ്പമായിരുന്നു ഇൻഡ്യ. ദലൈ ലാമയ്ക്ക് ഇൻഡ്യ അഭയം നൽകുകയും ചെയ്തു. ഇത് ചൈനയെ അലോസരപ്പെടുത്തി. ടിബറ്റിലെ വിപ്ലവത്തിന് ഇൻഡ്യ പിന്തുണ പകരുന്നു എന്ന് അവർ ആരോപിച്ചു.
അക്കാരണത്താലാണ് 1962 ലെ ഇൻഡോ ചൈന യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. അധികം താമസിയാതെ സിൽക്ക് റൂട്ടെന്നറിയപ്പെട്ട നാഥുലാ പാസ് അടച്ചു പൂട്ടി. അതുവഴിയുള്ള ഇൻഡ്യയുടേയും സിക്കിമിന്റേയും വ്യാപാരം നിന്നു. ഇൻഡ്യയ്ക്ക് മേൽ ചൈന കൈ വെച്ചതോടെ സിക്കിമും അശാന്തിയിലായി. ഏത് സമയവും ചൈനീസ് വ്യാളി തങ്ങളെ വിഴുങ്ങാനെത്തും എന്നവർ ഉറപ്പിച്ചു.
അങ്ങനെയിരിക്കെ 1965 ൽ ഇൻഡ്യ പാക്കിസ്ഥാൻ യുദ്ധം ആരംഭിച്ചു. അന്ന് പാക്കിസ്ഥാനെ സഹായിക്കാനായി നാഥു ലാ, ജെലെപ് ലാ (Nathu La and Jelep La,) എന്നിവിടങ്ങളിൽ നിന്ന് പിൻവാങ്ങാൻ ചൈന ഇന്ത്യയോട് ഭീക്ഷണി മുഴക്കിയിരുന്നു. കാര്യങ്ങൾ ഇങ്ങനെ പോകവേ, 1967 ൽ ഇൻഡോ-സിനോ അതിരുകൾ വീണ്ടും പ്രകമ്പനം കൊണ്ടു. നാഥു ലായിലായിലും ച്ചോ ലായിലുമായിരുന്നു ഇത്തവണ ചൈനീസ് അതിക്രമം. 1967 സെപ്ടംബർ 11 മുതൽ 14 വരെ നാഥുലയിലും, ഒക്ടോബർ 1 ന് ചോ ലാ യിലും നടന്ന ഏറ്റുമുട്ടലായിരുന്നു Nathu La and Cho La Clashes.
.
നാഥു ലാ, ചോ ലാ ഏറ്റുമുട്ടൽ
*********************************************
ഇൻഡ്യയും ചൈനയും തമ്മിൽ പങ്കിടുന്നത് 4000 കിലോമീറ്റർ അതിർത്തിയാണ്. കൃത്യമായി അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്ത അതിർത്തിയാണിത്.
സിക്കിം ടിബറ്റ് ബോർഡറിലെ താഴ്വരയോട് ചേർന്നുള്ള നാഥുലാ പാസിൽ, 20 - 30 മീറ്റർ അപ്പുറവും ഇപ്പുറവുമായി ഇൻഡോ ചീനി പട്ടാളക്കാർ തമ്പടിച്ചിരുന്നു. 62 യുദ്ധത്തിനു ശേഷം ഇന്ത്യൻ സേന വൻ തോതിൽ ചൈനീസ് അതിർത്തിയിൽ വിന്യസിക്കപ്പെട്ട കാലമായിരുന്നു അത്. ഇതോടെ, പീപ്പിൾസ് ലിബറേഷൻ ആർമി, ലൗഡ് സ്പീക്കറുകളുപയോഗിച്ച് ഇൻഡ്യയോട് അവിടം വിട്ട് പിൻവാങ്ങാൻ ഭീക്ഷണികൾ മുഴക്കുക പതിവായി.
അങ്ങനെ പോകവേയാണ് ഇവിടം വീണ്ടും അശാന്തിയുടെ മുൾ മുനയിലായത്. 1967 ഓഗസ്റ്റ് 13 ന് ഇൻഡ്യൻ ട്രഞ്ചുകളിലേക്ക് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഗ്രൗണ്ട് ഫോഴ്സ് പ്രകോപനപരമായി അതിക്രമിച്ചു കയറി. അവർ കരസേനയുടെ ബങ്കറുകൾ നശിപ്പിച്ചു. എന്നാൽ ഇൻഡ്യ ഇത് സിക്കിം അതിർത്തിയിൽ പെട്ടതാണെന്ന് ചൈനയെ അറിയിച്ചു .അവിടെ നിന്ന് പിൻവാങ്ങാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു.
ബങ്കറുകൾ നശിപ്പിക്കപ്പെട്ടതിനേത്തുടർന്ന്, തൊട്ടടുത്ത ദിവസം നാഥു ലായിൽ ഇൻഡ്യൻ സൈന്യം അതിർത്തി വേലി കെട്ടാൻ ആരംഭിച്ചു. ഓഗസ്റ്റ് 18 മുതൽ ചൈനീസ് അതിർത്തിയിൽ നെടു നീളത്തിൽ വേലി ഉയർന്നു തുടങ്ങി. ഇതോടെ, വീണ്ടും ചൈനീസ് സൈന്യം വൻ ആയുധ സന്നാഹങ്ങളോടെയെത്തുകയും, ഇൻഡ്യ നിർമ്മിച്ച വേലികൾ പൊളിച്ചു കളയാൻ ആരംഭിക്കുകയും ചെയ്തു. അന്ന് പരസ്പരം സംഘർഷം നടന്നെങ്കിലും വെടിവെയ്പ്പുണ്ടായില്ല.
സെപ്ടംബർ. 7 ന് ഇൻഡ്യ വീണ്ടും നാഥുലയുടെ തെക്ക് ഭാഗത്ത് വേലി നിർമ്മാണം പുനരാരംഭിച്ചു. അപ്പോൾ ചൈനീസ് സൈനികർ അവിടേക്കുമെത്തി. അവരുടെ കമാൻഡർ, ഇൻഡ്യൻ കമാൻഡർക്ക് വീണ്ടും മുന്നറിയിപ്പ് നൽകി. ഇതിനെ തുടർന്നുണ്ടായ സംഘട്ടനത്തിൽ ഇരു ഭാഗത്തും ചില സൈനികർക്ക് പരുക്കേറ്റു.
സെപ്തംബർ 11 ന്, ഇൻഡ്യ തങ്ങളുടെ അതിർത്തി സൂചിപ്പിക്കാൻ, നാഥു ലായിൽ നിന്ന് സെബു ലാ വരെ, മറ്റൊരു വേലി കെട്ടാൻ തീരുമാനിച്ചു. ഇന്ത്യൻ കരസേനയിലെ എൻജിനീയർമാരും ജവാന്മാരും ഇത് തുടരുമ്പോൾ, പെട്ടന്ന് ചൈനീസ് സൈനികരും, അവരുടെ രാഷ്ട്രീയ കമ്മിസാറും അവിടേക്കെത്തി. വേലി കെട്ടൽ തടസ്സപ്പെടുത്താനുള്ള അവരുടെ ഉദ്യമത്തെ, ഇൻഡ്യൻ ലെഫ്റ്റനന്റ് കേണൽ തന്റെ പ്ലാറ്റൂണുമായി തടഞ്ഞു. ഇരു കൂട്ടരും തമ്മിലുള്ള തർക്കം വലിയ വെല്ലുവിളികളായി മാറി...
അൽപ്പം കഴിഞ്ഞ്, ചൈനീസ് സൈന്യം അവരുടെ ബങ്കറുകളിലേക്കു മടങ്ങി പോയി.
ഇൻഡ്യ വേലി കെട്ടൽ തുടർന്നു.
ഒരു പതിനഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ, പൊടുന്നനെ ചൈനീസ് ഭാഗത്ത് നിന്നും ഒരു വിസിൽ ഉച്ചത്തിൽ മുഴങ്ങി. തൊട്ടു പിന്നാലെ മീഡിയം മെഷീൻ ഗണ്ണുകളിൽ നിന്ന് ഇൻഡ്യൻ സൈനികർക്ക് നേരേ തീയുണ്ടകൾ വർഷിക്കാനാരംഭിച്ചു. അപ്രതീക്ഷിതമായ ഈ ആക്രമണത്തിൽ ഇൻഡ്യൻ ഭാഗത്ത് ഗുരുതര പരിക്കുകളും, മരണണങ്ങളുമുണ്ടായി. തൊട്ടു പിന്നാലെ ഇന്ത്യക്കെതിരേ അവരുടെ പീരങ്കിയാക്രമണവും ആരംഭിച്ചു.
ഇതോടെ യാഥാർത്ഥ്യത്തിന്റെ സങ്കീർണത മനസ്സിലാക്കിയ ഇൻഡ്യൻ സൈനികർ, തങ്ങളുടെ പക്കലുള്ള ആർട്ടിലറികൾ തുറന്ന് ശക്തമായി തിരിച്ചടിയ്ക്കാൻ തുടങ്ങി. ഇൻഡ്യൻ കരസേനയുടെ തോക്കുകളും പീരങ്കികളും തീ തുപ്പിക്കൊണ്ടിരുന്നു. അടുത്ത മൂന്നു ദിവസങ്ങൾ - രാത്രിയും പകലും കനത്ത ഏറ്റുമുട്ടൽ തുടർന്നു.
പീരങ്കികൾ, മോർട്ടറുകൾ, മെഷീൻ ഗൺ എന്നിവ ഉപയോഗിച്ചായിരുന്നു ഇരുകൂട്ടരുടേയും ഏറ്റുമുട്ടൽ.
നിരവധി ചൈനീസ് ബങ്കറുകൾ കരസേന നശിപ്പിച്ചു. ഇൻഡ്യയുടെ വീറുറ്റ തിരിച്ചടി ചൈനയ്ക്ക് അപ്രതീക്ഷിതമായിരുന്നു. അതിൽ അവരുടെ പതർച്ച പ്രകടമായിരുന്നു. ഇതോടെ ചൈനീസ് നേതൃത്വം അപകടം മണത്തു.
സെപ്റ്റംബർ 14 ന് വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടു. വെടി നിർത്തലിനു ശേഷം, സെപ്ടംബർ 15/16 ദിവസങ്ങളിലായി
ഇരു കൂട്ടരും തങ്ങളുടെ പ്രദേശത്തുള്ള ശവശരീരങ്ങൾ കൈമാറി.
എന്നാൽ ഇവിടം കൊണ്ട് എല്ലാം ശാന്തമായില്ല.
ഒക്ടോബർ 1 ന് ഇൻഡ്യൻ കരസേനയും, പീപ്പിൾസ് ലിബറേഷൻ ആർമിയും തമ്മിൽ ചോ ലാ അതിർത്തിയിൽ ഏറ്റുമുട്ടി. നാഥു ലായിൽ ന്നിന്നൽപ്പം അകലെ, സിക്കിം-ടിബറ്റ് അതിർത്തിയിലായിരുന്നു ചോ ലാ .
ഈ ഏറ്റുമുട്ടൽ ഒരു ദിവസം നീണ്ടുനിന്നു. ഇവിടേയും ഇൻഡ്യൻ ജവാൻമ്മാർ അതിശക്തമായി തിരിച്ചടിച്ചു. ഇൻഡ്യയുടെ തീവ്രമായ ആക്രമണങ്ങളേത്തുടർന്ന്, ചോ ലായിൽ നിന്ന് മൂന്ന് കിലോമീറ്റർ പിൻവലിയാൻ ചൈന നിർബന്ധിതരായി.
നാഥുല ഇൻസിഡന്റിൽ 32 ചൈനക്കാരും, 65 ഇൻഡ്യൻ ജവാൻമ്മാരും കൊല്ലപ്പെട്ടതായും, എന്നാൽ ചോ ലായിൽ 36 ഇൻഡ്യൻ സൈനികരും അസംഖ്യം ചൈനാ ഭടൻമ്മാരും കൊല്ലപ്പെട്ടതായും ചില നിരീക്ഷണങ്ങൾ പറയുന്നു. എന്നാൽ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം റിപ്പോർട്ടുചെയ്തത് അനുസരിച്ച്, ഈ രണ്ട് ഏറ്റുമുട്ടലിലും കൂടി ഇൻഡ്യൻ നിരയിൽ 88 പേർ കൊല്ലപ്പെടുകയും 163 പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ്. ഒപ്പം, ചൈനീസ് നിരയിൽ 340 പേർ കൊല്ലപ്പെടുകയും 450 പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നും. അതെന്തു തന്നെയായാലും വൻ ആൾ നാശവും, ബങ്കറുകളുടെ നഷ്ടവും ചൈനയ്ക്കുണ്ടായി.
ഇൻഡ്യയിൽ നിന്ന് ചൈനയ്ക്ക് നേരിട്ട വലിയ തോതിലുള്ള 'രക്തച്ചൊരിച്ചിലുണ്ടായ ആദ്യ സംഭവം ആയിരുന്നു ഇത്. ഈ യുദ്ധത്തിലാണ് ആദ്യമായി, ഇൻഡ്യൻ പോരാട്ട വീര്യം ചൈന മനസ്സിലാക്കിയതും, ശക്തമായ ആയുധങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള ചൈനയുടെ അജ്ഞത ലോകത്തിനു വെളിവായതും.
62 ലെ അപ്രതീക്ഷിത പരാജയത്തിന്, നാം നൽകിയ തിരിച്ചടിയായി ചരിത്രകാരൻമ്മാർ ഇതിനെ വ്യാഖ്യാനിക്കുന്നു. ഇൻഡ്യൻ സൈന്യത്തിന്റെ ശക്തമായ പുരോഗതിയുടെ സൂചനയും ഇതിലൂടെ ചൈനയ്ക്ക് മനസ്സിലായി. അന്നാദ്യമായി ഈ സംഭവത്തോടെ അതിർത്തി പിടിച്ചെടുക്കാനുള്ള ചൈനയുടെ നിരന്തരമായ മത്സരത്തിന്, ആദ്യമായി ഇൻഡ്യയിൽ നിന്ന് വിഘ്നം നേരിട്ടു. അന്നത്തെ ആ തിരിച്ചടിയുടെ ഓർമകൾ ഇന്നും അവരെ അലട്ടുന്നുണ്ട്. കാരണം, ആക്രമണഭീതിയോടെ ജീവിക്കാൻ വിധിക്കപ്പെട്ടവൻ എപ്പോഴും കരുതലോടെയിരിക്കും. അങ്ങനെയുള്ളവനെ ഏതു വമ്പനും ഭയപ്പെട്ടേ തീരൂ.
.
67 നു ശേഷം
*********************
ഇൻഡ്യയുടെ ഈ തിരിച്ചടിയ്ക്ക് ശേഷം, ഇന്ത്യ-ചൈന അതിർത്തി പൊതുവിൽ സമാധാനപരമായിത്തീർന്നു. ഇൻഡ്യൻ സൈന്യം ചൈനീസ് അതിരുകളിൽ വിപുലമായ സാന്നിദ്ധ്യം ഏർപ്പെടുത്തുകയും, അതിർത്തിയോട് ചേർന്ന് അവകാശവാദമുന്നയിക്കുന്നതിൽ കൂടുതൽ മിടുക്കു കാട്ടിത്തുടങ്ങുകയും ചെയ്തു.
ഇക്കാലത്ത് സിക്കിമിൽ രാജവാഴ്ച ഇല്ലാതായി. അതുവരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തെ അംഗീകരിക്കാതിരുന്ന സിക്കിം, 1975 ൽ ഇൻഡ്യൻ യൂണിയനിൽ ലയിച്ചു. സിക്കിം ഒരു ഇന്ത്യൻ സംസ്ഥാനമായി മാറി. 2003 ൽ സിക്കിമിനെ ഇൻഡ്യയുടെ ഭാഗമെന്ന നിലയിൽ ചൈന പരോക്ഷമായി അംഗീകരിച്ചു. ചൈനയ്ക്ക് സിക്കിം ഇപ്പോൾ ഒരു തർക്ക വിഷയമല്ലെന്ന് ചൈനീസ് പ്രധാനമന്ത്രി ഹു ജിന്റാവോ 2005 ൽ പ്രഖ്യാപിച്ചു.
67 ശേഷം, ഇന്ത്യയും ചൈനയും പിന്നീട് ഒരിക്കലും അതിർത്തിയിൽ വെടിവയ്പിൽ ഏർപ്പെടുകയുണ്ടായില്ല. ചൂടുപിടിച്ച വാഗ്വാദങ്ങളും, സൈനികരെ അണിനിരത്തിയിയുള്ള ശാക്തിക പ്രകടനവും ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും
സായുധ ഏറ്റുമുട്ടലിലേക്ക് വഴി വെച്ചില്ല. അതിന്റെ പ്രധാന കാരണമായി യുദ്ധ സൈദ്ധാന്തികർ പറയുന്നത്, നാഥു ലാ & ചോ ലാ സംഘർഷത്തിലെ ഇൻഡ്യയുടെ അന്നത്തെ പോരാട്ടവീര്യമായിരുന്നു.
1987-ൽ ഇന്ത്യ അരുണാചൽ പ്രദേശ് സംസ്ഥാനം രൂപവത്കരിച്ചു, ചൈന അവകാശപ്പെട്ട പ്രദേശമായിരുന്നെങ്കിലും, ഇന്ത്യ സധൈര്യം അത്തരം ഒരു തീരുമാനത്തിലൂടെ കടന്നു പോയി. ചൈനീസ് ഗവൺമെന്റ് ഇതിൽ പ്രതിഷേധിച്ചെങ്കിലും, ഈ വിഷയവും പരിഹരിക്കപ്പെട്ടു.
1993 ൽ ഇരു രാജ്യങ്ങളും LAC (ലൈൻ ഓഫ് ആക്ച്വൽ കണ്ട്രോൾ) അംഗീകരിച്ചു കൊണ്ടുള്ള ഒരു സമാധാന കരാർ ഒപ്പുവെച്ചു. ഇന്ന് ചൈന ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സൈനീക ശക്തിയും, ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സൈനീക ശക്തിയുമാണ്. ഒരു യുദ്ധത്തിനായി ഇരുകൂട്ടരും
ഇനി ഇറങ്ങിത്തിരിക്കുകയാണെങ്കിൽ അതിൻറെ ആഘാതം സങ്കൽപ്പങ്ങൾക്കതീതമായിരിക്കും.

ഉടൻ വരുന്നു. സംഭ്രമ ജനകമായ റഷ്യൻ ടോർപിഡോ...

ദി ഡേ ആഫ്റ്റർ ടുമോറോ, 2012 എന്നീ സിനിമകളിൽ കരയെ കടലെടുക്കുന്നതിന്റെ ഭീതിപ്പെടുത്തുന്ന രംഗങ്ങളുണ്ട്. യഥാർഥ ജീവിതത്തിൽ, സുനാമി എന്ന രാക്ഷസ തിരമാലകളുടെ ദുരന്ത ദൃശ്യങ്ങൾ നമ്മുടെ കൺമുൻപിലിപ്പോഴുമുണ്ട്. തീരദേശങ്ങളെ ചുറ്റിപ്പറ്റി എന്നും പ്രകൃതിയുടെ വേലിയേറ്റങ്ങൾ നാശ നഷ്ട്ടങ്ങളുടെ ആകെത്തുകയായി നില കൊള്ളുന്നു. നമ്മുടെ ചിന്തകൾക്കതീതമായ ദുരന്തങ്ങളെത്രയോ പ്രകൃതി അതിന്റെ അനന്തതയിൽ മൂർച്ച കൂട്ടിക്കൊണ്ട് ഒളിച്ചു വെച്ചിരിക്കുന്നു?!
ഇത് പ്രകൃതിയുടെ കഥ.
എന്നാൽ ഇത്തരമൊരു ഭീകര സുനാമി, അല്ലെങ്കിൽ രാക്ഷസത്തിര, മനുഷ്യ നിർമിതമായി ഭൂമുഖത്ത് ആഞ്ഞടിച്ചാലോ? അതിന്റെ ഭവിഷ്യത്ത് ന്യൂക്ലിയർ ബോംബിങ്ങിനേക്കാൾ പ്രഹരശേഷി തീർത്താലോ? സംശയിക്കാനൊന്നുമില്ല. അത്തരമൊരായുധം യുദ്ധ തന്ത്രത്തിന്റെ ഭാഗമായി അണിയറയിൽ പരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
അമേരിക്കൻ തീരദേശ നഗരങ്ങളിലേക്ക് മനുഷ്യ നിർമിത സുനാമി?
___________________________________________________
2015 നവംബർ 12.
Sochi City
Krasnodar Krai
Russia.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും, റഷ്യൻ കര / നാവീക / വ്യോമ സേനാ ജനറൽമാരും ചേർന്നുള്ള മീറ്റിങ്ങ്. നാറ്റോ സഖ്യവുമായി നില നിൽക്കുന്ന ശീത സമരം, ഉക്രയിൻ, സിറിയ തുടങ്ങിയ ഇടങ്ങളിലെ സംഘർഷം, മെഡിറ്റനേറിയൻ കടലിലെ പോർ വിന്യാസം എന്നിവയേക്കുറിച്ചുള്ള അനുബന്ധ ചർച്ചകളാണ് മീറ്റിങ്ങിന്റെ കാതൽ.
റഷ്യൻ സ്റ്റേറ്റ് ടെലിവിഷനായ NTV ആണ് ലൈവ് സംപ്രേഷണം.
അക്കൂട്ടത്തിൽ ഒരു ജനറൽ അതീവ ശ്രദ്ധയോടെ ഒരു ഡയഗ്രം പരിശോധിക്കുന്നത് ചാനലിലൂടെ ലോകം കണ്ടു. സമുദ്രാന്തർ ഭാഗത്തു കൂടി സ്വയം സഞ്ചരിക്കാവുന്ന ഒരു ടോർപിഡോയുടെ രേഖാ ചിത്രമായിരുന്നു അത്.
പിന്നീട് ഈ രേഖാചിത്രം നിരവധി അഭ്യൂഹങ്ങൾക്കിടയാക്കി. റഷ്യയുടെ എതിർ ചേരിയിൽ എന്നും നില കൊള്ളുന്ന അമേരിക്കയെ ആ ചിത്രത്തിന്റെ ദുരൂഹത കുഴക്കി. പെന്റഗണിന് അതൊരു സമസ്യയായി. ടോർപിഡോ നാറ്റോ സഖ്യത്തിന് ആശങ്കാകുലമായ ദിവസങ്ങൾ സമ്മാനിച്ചു...
അമേരിക്കൻ കോസ്റ്റൽ സിറ്റികൾക്ക് നേരേ ലക്ഷ്യം വെച്ച് റഷ്യ ഒരു മാരകായുധത്തിന്റെ പണിപ്പുരയിലാണെന്ന് അമേരിക്ക നേരത്തേ തന്നെ സംശയിച്ചിരുന്നു. അതിന്റെ രൂപ രേഖയാണ് പുടിന്റെ വാർത്താ സമ്മേളനത്തിൽ ടെലിവിഷൻ ചാനലിലൂടെ ലീക്ക് ആയത് എന്ന് ഈ സംശയത്തെ സാധൂകരിക്കും വിധം ബി ബി സി സ്ഥിരീകരിച്ചു. രേഖാചിത്രത്തിലുള്ളത് വിനാശകാരിയായ ഒരു റഷ്യൻ - ഡ്രോൺ - ടോർപിഡോ ആണെന്ന് ലോകം ഭയപ്പെട്ടു.
ബി ബി സി ന്യൂസ്, ഓൺ ലൈനിൽ Russia reveals giant nuclear torpedo in state TV 'leak' എന്ന ലേഖനം 12 November 2015 വന്നിരുന്നു.
Status-6 എന്ന് നാമകരണം ചെയ്ത, ലോങ് റേഞ്ച് ന്യൂക്ലിയർ ടോർപിഡോ ആണിത്.
മുങ്ങിക്കപ്പലിൽ നിന്ന് വിക്ഷേപിക്കുമ്പോൾ ലക്ഷ്യത്തിലെത്തി ന്യൂക്ലിയർ സ്ഫോടനം നടക്കുകയും തീരദേശ മേഖലകളിൽ ശത്രുവിന്റെ പ്രധാനപ്പെട്ട സാമ്പത്തിക ഉറവിടങ്ങൾ, വ്യവസായിക മേഖലകൾ എന്നിവ നശിപ്പിച്ചു രാജ്യത്ത് അപ്രതീക്ഷിതമായി ഒരസ്ഥിരത സൃഷ്ട്ടിക്കുകയും ചെയ്യും.
എന്താണ് ടോർപിഡോ?
___________________
1866 ൽ ആസ്ട്രിയക്കാരനായ റോബർട്ട് വൈറ്റ് ഹെഡ്ഡ് (Robert Whitehead) ആണ് സ്വയം പ്രവർത്തിക്കുന്ന ടോർപിഡോ കണ്ടു പിടിച്ചത്. സിഗാർ ആകൃതിയിലുള്ള സ്വയം പര്യാപ്തമായ അണ്ടർവാട്ടർ മിസൈൽ ആണിത്. ഒരു കപ്പൽ അല്ലെങ്കിൽ അന്തർവാഹിനിയിൽ നിന്ന് ഉപയോഗിക്കുകയോ, എയർക്രാഫ്റ്റിൽ നിന്ന് സമുദ്രത്തിലേക്ക് വിക്ഷേപിക്കുകയോ ചെയ്യാം. വെള്ളത്തിൽ താഴ്ന്നു, സ്വയം സഞ്ചരിച്ച് ടാർഗെറ്റ് എത്തുമ്പോൾ പൊട്ടിത്തെറിച്ച് വിനാശകാരിയാകുംവിധമാണ് ഇതിന്റെ രൂപ കൽപ്പന. ഇന്ന് വളരെ നവീനമായ മാറ്റങ്ങളോടെ അത്യന്തം അപകടകാരിയായ ആയുധമായി ഇതുപയോഗിക്കുന്നു.
റഷ്യയുടെ നവീന ആയുധങ്ങൾക്ക് മറുപടിയില്ലാതെ അമേരിക്ക.
________________________________________________
ജെ.ഡി. ഹെയസ് (J. D. Heyes) 2015 നവംബർ 21 ന് എഴുതിയ "Russia's new secret weapon could unleash massive tidal waves against U.S. coastal cities" എന്ന ലേഖനത്തിൽ ഇതിനേക്കുറിച്ച് സവിസ്ഥരം പ്രതിപാദിക്കുന്നുണ്ട്.
ഒബാമ അമേരിക്കയിൽ അധികാരത്തിലെത്തിയതോടെ, യുദ്ധത്തിൽ നിന്നും വിട്ട്, സമാധാനം ലക്ഷ്യമിട്ട് നിരവധി കാര്യങ്ങൾ ചെയ്യുകയുണ്ടായി. അമേരിക്കയുടെ പിൻ വലിയൽ നടക്കുന്ന ഇതേ സമയം, പഴയ കെ ജിബി ഏജന്റായ വ്ലാഡിമർ പുടിന്റെ നേതൃത്വത്തിൽ റഷ്യ, സൂപ്പർ പവർ എന്ന ഡ്രൈവിങ് സീറ്റിലേക്ക് അടുത്തു കൊണ്ടുമിരുന്നു. മിലിട്ടറി പവർ ബാലൻസിങ്ങിനായി രണ്ട് ദശാബ്ദത്തോളം റഷ്യൻ ആയുധപ്പുരയിൽ അതി നൂതനായുധങ്ങൾ നിർമ്മിക്കപ്പെട്ടു കൊണ്ടിരുന്ന കാലത്തിന്റെ തുടർച്ച കൂടിയായിരുന്നു ഇത്. തങ്ങളെ ഭീതിപ്പെടുത്തുന്ന അനേകം ആയുധങ്ങൾ റഷ്യയുടെ ആവനാഴിയിലുണ്ട് എന്നൊരു കിംവദന്തി, വൈറ്റ് ഹൗസിലും നാറ്റോ ആസ്ഥാനത്തും കറങ്ങി നടപ്പുമുണ്ട്. പോരാത്തതിന് യുക്രയിൻ അസ്ഥിരത, സിറിയൻ ഇടപെടൽ എന്നിവയിലൂടെ റഷ്യ ട്രിഗർ പോയിന്റ് വലിയ്ക്കുകയും ചെയ്തിരിക്കുന്നു. ഇങ്ങനെയിരിക്കുമ്പോഴാണ്, അമേരിക്ക മുൻപേ തന്നെ സംശയിച്ചിരുന്ന ഈ സ്ഫോടനാത്മകമായ വാർത്ത NTV യിലൂടെ ലീക്ക് ചെയ്യുന്നത്.
2015 നവംബർ 30 ന് ഡേവ് ഹോഡ്ജസ് (Dave Hodges) തന്റെ "ദി കോമൺസെൻസ് ഷോ" എന്ന ബ്ലോഗിൽ "റഷ്യയുടെ സൂപ്പർ ആയുധങ്ങൾക്ക് അമേരിക്കയ്ക്ക് മറുപടിയില്ല" എന്നൊരു ലേഖനം എഴുതി. പൊതുജനങ്ങൾക്ക് അപ്രാപ്യമായ രീതിയിൽ റഷ്യ അഗോചര ആയുധങ്ങളുടെ നിർമാണത്തിലാണ്. അതിലൊന്നാണ് Krasuha-4. ചാര ഉപഗ്രഹമായ ഇതൊരു Mobile Electronic Warfare System ആണ്. ഇത് ശത്രുവിന്റെ എല്ലാ കമ്യൂണിക്കേഷൻ സംവിധാനങ്ങളേയും തകർക്കും. രണ്ടാമത്തേത് Tesla Based Plasma Fighter Jet. തിരിച്ചറിയാൻ പ്രയാസകരമായ ശബ്ദ രൂപങ്ങളുള്ള ഫൈറ്റർ ജെറ്റ് ആണിത്. ശത്രുവിന്റെ റഡാറുകളുടെ കണ്ണിൽ പെടാതെ ടാർഗറ്റ് ഭേദിക്കാൻ ഇവയ്ക്ക് കഴിയും. സുഖോയ് പാക് എഫ്.എ (Sukhoi PAK FA) ആണ് മൂന്നാമത്തേത്. റഷ്യ വികസിപ്പിച്ച ഒരു അഞ്ചാം തലമുറ ഫൈറ്റർ ജെറ്റ് ആണിത്
(PAK - FA:- Perspektivnyi Aviatsionnyi Kompleks Frontovoi Aviatsyi)
പാക് എഫ്എ, അമേരിക്കയുടെ F-22 Raptor, F-35 Lightning II എന്നീ ലോകത്തിലെ ആദ്യത്തെ അഞ്ചാം തലമുറ ഫൈറ്റർ ജെറ്റുകളോറ്റ് മത്സരിക്കാൻ രൂപകല്പന ചെയ്തതാണ്. ഇതോടൊപ്പം ആളില്ലാ നശീകരണായുധങ്ങൾക്ക് വേണ്ടി റഷ്യ ഗഹനമായ ശ്രമങ്ങളിലായിരുന്നു. ആദ്യത്തെ ഫുൾ ഓട്ടോമാറ്റിക്ക് ടാങ്ക് അർമത (Armata) അവരുടെ സൃഷ്ടിയാണ്.
ഇത് കൂടാതെയാണ് റഷ്യ, അത്യന്ത വിനാശകാരിയായ ടോർപിഡോ എന്ന മാരകായുധം കൂടി വികസിപ്പിക്കുകയാണ് എന്ന വാർത്ത ലോകം അറിയുന്നത്. ന്യൂക്ലിയർ വാഹക ശേഷിയുള്ള ഒരു ഡ്രോൺ ആണിത്. ഇത് ലക്ഷ്യത്തിലെത്തിയാൽ, ഇതുണ്ടാക്കുന്ന ടൈഡൽ വേവ്സ് മൂലം ഭീമാകാരമായ വേലിയേറ്റം സൃഷ്ട്ടിക്കപ്പെടുകയും ടാർഗറ്റിനടുത്ത തീരദേശ നഗരങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്യും. ന്യൂയോർക്ക്, വാഷിങ്ഡൺ ഡിസി തുടങ്ങിയ അമേരിക്കൻ കോസ്റ്റൽ സിറ്റികൾ ലക്ഷ്യമിട്ടു കൊണ്ടുള്ള ഒരു അണ്ടർവാട്ടർ ഡ്രോണിന്റെ പണിപ്പുരയിലാണ് റഷ്യ എന്നും, അതിന്റെ രൂപ രേഖയാണ് വാർത്താ സമ്മേളനത്തിൽ റഷ്യൻ ജനറൽ പരിശോധിച്ചു കൊണ്ടിരുന്നത് എന്നും ഈ ലേഖനം സമർഥിക്കുന്നു. ജപ്പാനിലെ ഫുക്കുഷിമ ദുരന്തത്തിനു തുല്യമായ ഒരു എഫക്ട് ഉണ്ടാക്കിയേക്കാവുന്ന ഒരു സൈലന്റ് ന്യൂക്ലിയർ അറ്റാക്കും റഷ്യയ്ക്ക് ചിലപ്പോൾ ഇതിലൂടെ സാധ്യമായേക്കാം.
10,000km (6,200 മൈൽ) ശ്രേണിയുള്ള, 56 നോട്ടിക്കൽ മൈൽ സ്പീഡുള്ള 3,300 അടി ആഴത്തിൽ യാത്ര ചെയ്യാവുന്ന ഈ ടോർപിഡോ ഡ്രോൺ ലീക്കായതോടെ അമേരിക്ക സംഭ്രമത്തിലായി. ഇത് ഒരു വൻ സ്ഫോടനം സൃഷ്ട്ടിച്ചില്ലെങ്കിൽ പോലും ഒരു ന്യൂക്ലിയർ വേലിയേറ്റം കോസ്റ്റൽ സിറ്റികളിലേക്ക് വ്യാപിപ്പിച്ചേക്കാം എന്നത് സ്ഥിതി ഗതികൾ സങ്കീർണമാക്കി.
NTV നടത്തിയത് യാദൃശ്ചിക ബ്രോഡ് കാസ്റ്റിങ്ങ് അല്ല എന്നും, ചാനലിലൂടെ മനപ്പൂർവ്വം തന്നെ - റഷ്യൻ മിലിട്ടറിയുടെ അറിവോടെ - പുറത്തു വിട്ടതാണെന്നും യു എസ് ഉറച്ച് വിശ്വസിക്കുന്നു. ഒരു പക്ഷേ യൂറോപ്പിലെ സഖ്യകക്ഷികളെ പരിരക്ഷിക്കാനുള്ള യു എസിന്റെ ബാധ്യതയെ തടയിടുക എന്ന ഉദ്ധേശത്തിലാവാം ഇത് പെട്ടന്ന് വാർത്തയാക്കിയത്.
അതെന്തായാലും റഷ്യയും അമേരിക്കയും തമ്മിലുള്ള ആയുധ കിട മത്സരം ഇപ്പോൾ ശീതയുദ്ധ സമാനമായ ഒരന്തരീക്ഷത്തിലൂടെയാണ് കടന്നു പോകുന്നത്. ആത്യന്തികമായി ഇവയൊക്കെ മനുഷ്യ നന്മയ്ക്ക് ഉപകരിക്കാനല്ല ശത്രു സംഹാരത്തിനുള്ളതാണെന്ന തിരിച്ചറിവ് ഭീതിദമാണ്.
_________________________________________
2015 നവംബർ 12 ന് Andrew E Kramernov എഴുതിയ "Russia Says Leak of Secret Nuclear Weapon Design Was an Accident" / 2016 ഫെബ്രുവരി 24 ന് Maxim Trudolyubov എഴുതിയ "Russia’s Hybrid War" എന്നീ ലേഖനങ്ങൾക്കു കൂടി കടപ്പാട്

26/11- മാർകോസ്: പാടിപ്പുകഴ്ത്തപ്പെടാത്ത വീര നായകർ.

രാജ്യത്തിന്റെ തന്ത്രപ്രധാന സമുദ്രാതിർത്തികളിൽ നിതാന്ത ജാഗ്രതയോടെ നമുക്കു വേണ്ടി കാവൽ നിൽക്കുന്നവരാണ് ഇൻഡ്യൻ നേവി. ഇൻഡോ-പാക്, ഇൻഡോ-ചൈന കര അതിർത്തികളിലെ പോലെയുള്ള നിരന്തര സംഘർഷങ്ങൾ രാജ്യത്തിന്റെ സമുദ്രാന്തർ ഭാഗങ്ങളിൽ കാര്യമാത്രപ്രസക്തമായി ഉണ്ടാകാറില്ലാത്തത് കൊണ്ട്, നാം നമ്മുടെ നാവീക സേനയുടെ പോരാട്ട വീര്യത്തേക്കുറിച്ച് അധികമൊന്നും അറിയുന്നില്ല.
സമീപകാലത്ത് അറേബ്യൻ സമുദ്രത്തിൽ വെച്ച് സൊമാലിയൻ കടൽ കൊള്ളക്കാരുമായി പല തവണ പോരാട്ടങ്ങൾ നടക്കുകയുണ്ടായി. Mar 14, 2011 ൽ കടൽ കൊള്ളക്കാർ ഹൈജാക്ക് ചെയ്ത മൊസാംബിക് പതാകയുള്ള വേഗ 5 എന്ന ഫിഷിങ് ഷിപ്പിൽ നിന്നും സൊമാലിയൻ കടൽ കൊള്ളക്കാരെ കീഴടക്കിയത് നാവീക സേനയുടെ കരുത്തിന് പൊൻ തൂവലായി മാറുകയുണ്ടായി.
ചില സന്ദർഭങ്ങളിൽ സമുദ്ര സുരക്ഷയുടെ ഭാഗമായി സംഘർഷ പ്രദേശങ്ങളിൽ ചരക്കു കപ്പലുകൾക്ക് അകമ്പടി സേവിക്കാറുണ്ട് ഇൻഡ്യൻ നേവി. അങ്ങനെയൊരു സന്ദർഭത്തിലാണ് സൊമാലിയൻ കൊള്ളക്കാരുമായി നാവീക സേന മുഖാമുഖം വന്നത്.
ഇൻഡ്യൻ നാവീക സേനയുടെ പടക്കപ്പൽ അടുത്ത് എത്തിയപ്പോൾ കൊള്ളക്കാർ അതിനെ ആക്രമിക്കുകയുണ്ടായി. ഇൻഡ്യൻ നേവിയുടെ അതിശക്തമായ തിരിച്ചടിയാണ് തുടർന്നുണ്ടായത്. കൊള്ളക്കാർ ഒന്നൊന്നായി കൊല്ലപ്പെട്ടു, കുറേ പേർ അറബി കടലിന്റെ ആഴങ്ങളിലേക്ക് ജീവൻ രക്ഷിക്കാനായി കുതിച്ച് ചാടി.
61 കടൽ കൊള്ളക്കാരെ നേവി കീഴടക്കി. അവരിൽ നിന്ന് രക്ഷപെടുത്തിയ 13 ബന്ധികളെ 700 മൈലുകൾക്കിപ്പുറം കൊച്ചിയിൽ സുരക്ഷിതമായി ഇറക്കുകയും ചെയ്തു. 90 ഓളം ചെറുതും, വലുതുമായ ആയുധങ്ങളും റോക്കറ്റ് പ്രൊപ്പല്ലഡ് ഗ്രനേഡുകളും, സമുദ്രാന്തർ കവർച്ചക്കാർ കൈവശം വെച്ചിരുന്നു. ഇൻഡ്യൻ നേവിയുടെ തുടർച്ചയായി നടന്ന മൂന്നാമത് ആന്റി പൈറസി ഓപ്പറേഷനായിരുന്നു ഇത്. തൽവാർ ക്ലാസിൽ പെട്ട INS Tabar ആയിരുന്നു ഈ ധീരമായ ഓപ്പറേഷൻ നടത്തിയത്.
ഇതിൽ സുപ്രധാന പങ്ക് വഹിച്ചവരാണ് ഇൻഡ്യൻ നേവൽ സ്പെഷ്യൽ ഫോഴ്സായ മറൈൻ കമാൻഡോകൾ.
.
മാർകോസ് (MARCOS)
_______________________
ഇൻഡ്യൻ നേവിയുടെ മറൈൻ കമാൻഡോ ഫോഴ്സാണ് രാജ്യത്തിന്റെ അഭിമാനമായ മാർകോസ്. Marine Commando Force (MCF) എന്നതിന്റെ ചുരുക്കപ്പേരാണ് MARCOS.
ഇൻഡ്യൻ എയർ ഫോഴ്സിന്റെ ഗരുഡ്ഡ് കമാൻഡോസ്, ഇൻഡ്യൻ ആർമിയുടെ കമാൻഡോകളായ പാരാ സ്പെഷൽ ഫോഴ്സ് എന്നിവ പോലെ രാജ്യാതിർത്തികളുമായി ബന്ധപ്പെട്ടാണ് മാർകോസിന്റെ പ്രവർത്തനം. കറുത്ത വേഷം ധരിക്കുന്ന, ഇവർ പ്രധാനമായും Bulletproof Jackets, AK-47, MP5 Submachine Guns എന്നിവ അണിഞ്ഞിരിക്കുന്നു. രാജ്യാതിർത്തി, അതിർത്തി കടന്നുള്ള ഓപ്പറേഷനുകൾ എന്നിവയാണ് മറൈൻ കമാൻഡോകളുടെ പ്രധാന ദൗത്യ മേഖല.
(സമീപ കാലത്ത് പഠാൻകോട്ട് എയർ ഫോഴ്സ് സ്റ്റേഷൻ തീവ്രവാദികൾ കയ്യേറിയപ്പോൾ ആദ്യം സമർത്ഥമായി ഇടപെട്ടത് എയർ ഫോഴ്സിന്റെ - ഗരുഡ് കമാൻഡോസ് ആയിരുന്നു. ഉറിയിൽ നമ്മുടെ കരസേനാ ജവാൻമ്മാരെ ഹീനമായി കൊന്ന പാക്ക് ടെററിസ്റ്റുകൾക്കെതിരേ നിയന്ത്രണ രേഖ കടന്ന് കരസേന നടത്തിയ സർജിക്കൽ സ്ട്രൈക്കിനു പിന്നിൽ ആർമിയുടെ പാരാ സ്പെഷൽ ഫോഴ്സായിരുന്നു.)
മാർക്കോസിന്റെ ഏറ്റവും പ്രശസ്ഥമായ ഓപ്പറേഷൻ 26/11 മുംബൈ ഭീകരാക്രമണമായിരുന്നു. മുബൈ സൈനീക വിജയം എല്ലാവരും NSG-യുടെ പേരിലാണ് കൊണ്ടാടുന്നത്. എന്നാൽ, മുംബൈ അശാന്തിയുടെ പിടിയിലായ നിമിഷം, അലർട്ട് കിട്ടിയ ഉടനേ ആദ്യമായി സ്പോട്ടിലെത്തിയത് മാർകോസ് ആയിരുന്നു.
.
26/11 - അശാന്തിയുടെ രാത്രി.
_____________________________
2008 നവംബർ 26 ബുധൻ.
രാത്രി 09.20 ന് ഒബ്റോയി ഹോട്ടലിൽ വെടിശബ്ദം മുഴങ്ങി. മുംബൈയ്ക്ക് മേലേ അശാന്തി കരിമ്പടം പുതച്ചു...
ഭീകരർ രാജ്യത്തിന്റെ സാമ്പത്തിക സിരാ കേന്ദ്രത്തെ നിശ്ചലമാക്കാൻ തുടങ്ങിയ രാത്രി ആയിരുന്നു അത്.
രാത്രി പത്തു മണിയ്ക്ക് ഛത്രപതി ശിവജി ടെർമിനൽ, കൊളാബ മാർക്കറ്റ്, കാമാ ഹോസ്പിറ്റൽ, ഗേറ്റ് വേ ഓഫ് ഇൻഡ്യയിലെ ഹോട്ടൽ താജ്, നരിമാൻ പോയിന്റിലെ ഒബ്റോയ് ഹോട്ടൽ എന്നിവിടങ്ങളിൽ ഒരേ സമയം വെടി വെയ്പ്പുണ്ടായി. വൈകാതെ സാന്റാക്രൂസ് വിമാനത്താവളത്തിനു സമീപം - വിലെ പാർലെയിലും, മഡ്ഗാവിലും, ഡോക് യാർഡിലും സ്ഫോടനങ്ങളുണ്ടായി.
അർധ രാത്രിയ്ക്ക് ശേഷം വിവിധ ഭാഗങ്ങളിൽ സ്ഫോടനങ്ങളും വെടി വെയ്പ്പും തുടർന്നു. മെട്രോ സിനിമയ്ക്ക് സമീപം ജി ഡി ഹോസ്പിറ്റലിലും, കാമാ ഹോസ്പിറ്റലിലും, പരിക്കേറ്റവരെ പ്രവേശിപ്പിച്ച ബോംബേ ഹോസ്പിറ്റലിനു സമീപവും, ജൂഹു മാരിയറ്റ് ഹോട്ടലിനരികെയും ഇതേ സമയം തന്നെ വെടി വെയ്പ്പുണ്ടായി...
രാജ്യത്തിന്റെ പരമാധികാരം ചോദ്യം ചെയ്യപ്പെട്ട ഭീകര രാത്രിയായിരുന്നു അന്ന്.
മണിക്കൂറുകളെണ്ണും മുൻപ്, മഹാരാഷ്ട്രാ ചീഫ് സെക്രട്ടറി ജോണി ജോസഫ് മുംബൈയിലെ നേവൽ ആസ്ഥാനവുമായി ബന്ധപ്പെട്ടു. അദ്ധേഹം വിഹ്വലതയോടെ, അടിയന്തിരമായി നേവിയുടെ സഹായം അഭ്യർത്ഥിച്ചു. ഈ സമയം ഭീകരാക്രമണ വാർത്തകൾ ചാനലുകളിൽ ഫ്ലാഷ് ന്യൂസായി ഓടിത്തുടങ്ങി. രാജ്യത്തെ പൗരൻമ്മാർ ഭീതിദരായി വിറങ്ങലിച്ചു നിന്നു...
.
മാർകോസ് വരുന്നു.
____________________
2008 നവംബർ 27 വ്യാഴം.
സമയം രാവിലെ - 09:15
കൊളാബയിലെ നാവീകസേനാ ആസ്ഥാനത്തെ ആൻഗ്രേയിൽ നിന്നും, ഇൻഡ്യൻ നേവിയുടെ കവചിത വാഹനങ്ങൾ - കമാൻഡോകളേയും വഹിച്ച് - താജ് ഹോട്ടലിനു സമീപത്തേയ്ക്ക് കുതിച്ചു. അതുവരെ ലോക്കൽ പോലീസ് വളഞ്ഞിരുന്ന താജ് - ഒബ്റോയ് ഹോട്ടലുകളും, നരിമാൻ ഹൗസും മറൈൻ കാമാൻഡോകളുടെ ആഗമനത്തോടെ പൂർണമായും അവരുടെ നിയന്ത്രണത്തിലായി.
(സൈന്യത്തിന്റെ അടിയന്തിര നടപടിയ്ക്ക് ഇത്രയും കാല താമസം നേരിട്ടതിനേക്കുറിച്ച് പല അഭ്യൂഹങ്ങളും പിന്നീടുണ്ടായി. രാഷ്ട്ര തലത്തിൽ വില പേശൽ നടന്നിരുന്നു എന്നതാണ് അതിൽ പ്രധാനം.)
ഇൻഡ്യൻ മറൈൻ കമാൻഡോകളായ മാർകോസ് നടത്തിയ ഏറ്റവും സമർത്ഥമായ ഓപ്പറേഷനാണ് പിന്നീട് അവിടെ നടന്നത്.
അപ്പോഴേക്കും താജ് ഹോട്ടൽ, ഒബ്റോയ് ഹോട്ടൽ, നരിമാൻ ഹൗസ് എന്നിവയ്ക്ക് മേലേ ഇരുണ്ട കാർമേഘം പരന്നു കഴിഞ്ഞിരുന്നു .
ഭീകരരുടെ ഗൺഷൂട്ടുകളേ തുടർന്ന്, താജിന്റെ ഇരുണ്ട ഇടനാഴിയിൽ പുക, മൂടൽ മഞ്ഞു പോലെ പരന്നിരിക്കുന്നു. അവിടവിടെയായി ഡെഡ് ബോഡികൾ ചിതറി കിടന്നു...
26/11 രാത്രി സൈന്യത്തിന്റെ ഏറ്റവും ധീരോദാത്തമായ ആക്ഷനായിരുന്നു മാർകോസ് അവിടെ നടത്തിയത്.
താജ്, ഒബ്റോയ്, നരിമാൻ ഹൗസ് എന്നിവിടങ്ങളിലെ "മാർകോസ്" കമാൻഡോകളുടെ അറൈവലിനു ശേഷം, താജ് ഹോട്ടലിലെ നാലു ടെററിസ്റ്റുകളും കമാൻഡോകളും തമ്മിൽ ഗൺഷൂട്ട് ആരംഭിച്ചു.
മറീനുകളുടെ കടുത്ത തിരിച്ചടിയിൽ ഭീകരർ പതറാൻ തുടങ്ങി.
ശത്രുക്കൾ ഗേറ്റ് വേ ഓഫ് ഇൻഡ്യയ്ക്ക് എതിരേയുള്ള ചേംബേഴ്സ് ലൈബ്രറിയിലേക്ക് കടന്നു. രാജ്യത്തെ രക്ഷിക്കാനായി കൂടുതൽ മറൈൻ കമാൻഡോകൾ എത്തിക്കൊണ്ടിരുന്നു...
ഇതിനിടെ താജിന്റെ മറ്റൊരു ഭാഗത്ത്, കമാൻഡോകളും ഭീകരരുമായി രണ്ടാമതൊരു Gunfight പൊട്ടിപ്പുറപ്പെട്ടു.
ഇതോടെ ഭീകരർ മറ്റ് പലയിടത്തുമുണ്ടെന്നും, ഹോട്ടലുകളിലെ അന്തേ വാസികൾക്ക് ആപത്ത് പിണഞ്ഞേക്കുമെന്നും കമാൻഡോകൾക്ക് മനസ്സിലായി. ഈ സമയം, ആദ്യം ഏറ്റുമുട്ടിയ ഭീകരർ - കമാൻഡോകളോട് എതിർത്ത് നിൽക്കാൻ ത്രാണിയില്ലാതെ ലൈബ്രറി ലക്ഷ്യമാക്കി നീങ്ങി. അവരെ പിന്തുടർന്ന് - കമാൻഡോകൾ ലൈബ്രറിയിലേക്ക് വെടിയുതിർത്തുകൊണ്ട് - ചുവടുകൾ വെച്ചു.
കൂട്ടത്തിൽ രണ്ടു മറീനുകൾക്ക് പരിക്കേറ്റു...
പരിക്ക് അവഗണിച്ച് കമാൻഡോകൾ ലൈബ്രറിയുടെ പ്രവേശന കവാടം കവർ ചെയ്തു.
അധികം താമസിയാതെ മറൈൻ കമാൻഡോകൾ ലൈബ്രറിയുടെ അകത്തളത്തിലേക്ക് ടിയർ ഗ്യാസ് (കണ്ണീർ വാതകം) പ്രയോഗിച്ചു.
അകത്തളത്തിലെ നീക്കങ്ങൾ മർജാരന്റെ സൂക്ഷ്മതയോടെ അവർ വിശകലനം ചെയ്തു.
അര മണിക്കൂറിനു ശേഷം കമാൻഡോകൾ അകത്ത് കടന്നു.
പക്ഷേ ഭീകരർ അവിടെ നിന്നും രക്ഷപെട്ടു കളഞ്ഞിരുന്നു.
അവർ അടുക്കളയിലേക്കുള്ള ഒരു വാതിലിലൂടെ പുറത്ത് കടന്നിരുന്നു.
കമാൻഡോകളുടെ പോരാട്ടത്തിന്റെ തീവ്രത കൊണ്ട്, ഭീകരരുടെ കയ്യിലെ ആയുധങ്ങളും വെടിക്കോപ്പുകളും ഒന്നൊന്നായി കുറഞ്ഞു കൊണ്ടിരിക്കുകയായിരുന്നു.
അതോടെ അവർ ഗ്രനേഡുകൾ തൊടുത്തുവിടാൻ ആരംഭിച്ചു.
സമുദ്ര മദ്ധ്യത്തിലെ ഓയിൽ ഇൻസ്റ്റാലേഷനുകളുടെ സുരക്ഷ, കടൽ കൊള്ളക്കാർ എന്നിവർക്കെതിരേയാണ് സാധാരണയായി മാർക്കോസ് എപ്പോഴും ഓപ്പറേഷനുകൾ നടത്താറ്. ഏതാണ്ട് അതേ സാഹചര്യങ്ങൾക്ക് തുല്യമായിരുന്നു താജിലെ സംഭവങ്ങളും...
രാത്രിയിൽ ഹോട്ടലുകളുടെ ഉൾത്തളം അന്ധകാരം പൂണ്ടു കിടന്നിരുന്നു. ഒരു സമഗ്ര അറ്റാക്കിനുള്ള അനുവാദം കമാൻഡോകൾക്ക് ലഭിച്ചിരുന്നുമില്ല.
അതിനാൽ ഹോട്ടലുകളിൽ തങ്ങിയിരിക്കുന്ന അന്തേവാസികളെ സുരക്ഷിതരാക്കുക എന്നതായിരുന്നു അപ്പോഴത്തെ ദൗത്യം.
അതോടെ, വിവിധ റൂമുകളിൽ കുടുങ്ങിപ്പോയ നിസ്സഹായരായ ബന്ധികളെ സംരക്ഷിക്കുക എന്നതിലേക്കായി കമാൻഡോകളുടെ ഫോക്കസ്സ്.
.
ഒബ്രോയ് ഹോട്ടലിലെ റെസ്ക്യൂ.
________________________________
ഇതേ സമയം ഒബ്റോയ് ഹോട്ടലിന്റെ 21-ആം നിലയിലേക്ക് മാർകോസ് കമാൻഡോകൾ സാദ്ധ്യമായ വഴികളിലൂടെയെല്ലാം കടന്നു കയറി. ചെറിയ വെന്റിലേറ്ററുകളിലൂടെയും, കെട്ടിട വിളുമ്പിലെ ചെറിയ ലാഡറുകളിലൂടെയും, കയറിൽ തൂങ്ങിയുമെല്ലാം അവർ മുകൾനിലയിലെത്തി.
തുടർന്ന് മുകളിൽ നിന്നും കമാൻഡോകൾ താഴേക്ക് താഴേക്ക് ഒരോ ഫ്ലോറുകളായി തിരച്ചിൽ നടത്തിക്കൊണ്ട് റൂമുകൾ ഒഴിപ്പിക്കാൻ തുടങ്ങി. ആക്രമണത്തിന്റെ വലുപ്പത്തേക്കുറിച്ച് കൃത്യമായ വിവരങ്ങൾ ലഭിക്കാതെച്ചുമ്യും ഭീകരരുടെ എണ്ണത്തേക്കുറിച്ച് പോലീസിന്റെ അജ്ഞതയും കാരണം കമാൻഡോകൾ പൂർണ സജ്ജരായല്ല താജിലും, ഒബ്റോയിലും, നരിമാൻ ഹൗസിലും വിന്യസിക്കപ്പെട്ടത്. തന്നെയുമല്ല, അതിർത്തികളിൽ ശത്രു സംഹാര ദൗത്യം നിർവഹിക്കുന്ന മറീൻ കമാൻഡോകൾക്ക്, ഇവിടെ ഹോട്ടലിനുള്ളിൽ കുടുങ്ങിയ അന്തേവാസികളുടെ ജീവൻ കാക്കേണ്ടതും പ്രധാന പ്രശ്നമായിരുന്നു. എന്നിട്ടും കർമ്മചോദന കൊണ്ടും പോരാട്ട വീര്യം കൊണ്ടും, അവർ ദൃതഗതിയിൽ തങ്ങളുടെ ചുമതല നിർവഹിച്ചു.
താജിന്റെ ഇരുണ്ട ഇടനാഴികളിലൂടെ ഭാരതത്തിന്റെ ധീരരായ സമുദ്ര സൈനികർ റൂമുകളിൽ നിന്ന് റൂമുകളിലേക്ക് ചുവടുകൾ വെച്ചു. അന്ധകാരം നിറഞ്ഞ മുറികളിൽ മരണ ഭീതിയിൽ വിറങ്ങലിച്ച് നിന്ന കുട്ടികളേയും മുതിർന്നവരേയും കമാൻഡോകൾ ഒരു പോറൽ പോലുമേൽക്കാൻ അനുവദിക്കാതെ പുറത്തേയ്ക്ക് രക്ഷിച്ച് തുടങ്ങി.
ന്യൂ ഡെൽഹിയിൽ നിന്നും നാഷണൽ സെക്യൂരിറ്റി ഗാർഡ്സ് (NSG) എത്തുംവരെ, മാർകോസ് ഭീകരർക്കായുള്ള തിരച്ചിലും - പോരാട്ടവും, ആളുകളെ ഒഴിപ്പിക്കലും തുടർന്നുകൊണ്ടേയിരുന്നു.
.
തിരശീലയ്ക്ക് പിന്നിലേക്ക്.
____________________________
2008 നവംബർ 27. വ്യാഴം.
രാത്രി 07: 30
NSG കമാൻഡോകൾ മുംബൈയിൽ എത്തുന്നു.
വെള്ളിയാഴ്ച്ച രാവിലെ പത്തു മണിയ്ക്ക്, ഓപ്പറേഷന്റെ ചുമതല NSG-യ്ക്ക് കൈമാറിയതായി മാർകോസിന്റെ കമാൻഡിങ്ങ് ഓഫീസർ തമ്പിരാജ് പത്ര സമ്മേളനത്തിൽ അറിയിച്ചു. ചാനലുകൾക്ക് നൽകിയ ചെറിയ ഇന്റർവ്യൂവിൽ മറൈൻ കമാൻഡോകൾ കറുത്ത മൂടുപടം കൊണ്ട് മുഖം മറച്ചിരുന്നു. ഓപ്പറേഷൻ "ബ്ലാക് ടൊർണാഡോ" ആരംഭിച്ചിരിക്കുന്നു എന്ന് മാർകോസ് ചീഫ് പ്രഖ്യാപിച്ചു.
NSG ചുമതല ഏറ്റെടുത്തതോടെ ഓപ്പറേഷൻ വിവരങ്ങൾ പുറം ലോകത്തിന് ലഭ്യമല്ലാതായി. താജിൽ നിന്നും, ഒബ്റോയിൽ നിന്നും, നരിമാൻ ഹൗസിൽ നിന്നുമുള്ള വിവരങ്ങളുടെ വരവ് ഇല്ലാതാകുകയും ചെയ്തു.
താജ്, ഒബ്റോയ് ഹോട്ടലുകൾ, നരിമാൻ ഹൗസ് എന്നിവയുടെ ഉൾ വശം NSG-യും, പുറത്തെ ചുറ്റളവിന്റെ സെക്യൂരിറ്റി മാർകോസും ഏറ്റെടുത്തു.
ക്രമേണ NSG-യുടെ കൂടുതൽ യൂണിറ്റുകൾ മുംബൈയിൽ എത്തിയതോടെ മാർകോസ് അവരുടെ ദൗത്യമവസാനിപ്പിച്ച് കൊളാബയിലെ നേവൽ ബേസിലേക്ക് മടങ്ങി.
എല്ലായ്പ്പോഴുമെന്നതു പോലെ അവർ മീഡിയയ്ക്കു മുൻപിൽ അത്യന്ത വീരനായകൻമ്മാരായി പ്രത്യക്ഷപ്പെടുന്നുമില്ല, എന്നാൽ പൊടുന്നനെ ഒരു സാന്നിദ്ധ്യമറിയിച്ചിട്ട് തിരശീലയ്ക്ക് പിന്നിലേക്ക് ഒതുങ്ങുകയും ചെയ്തു.
നമുക്ക് പുകഴ്ത്താൻ എല്ലായ്പ്പോഴും അരങ്ങത്ത് എൻ എസ് ജിയുടെ വീര സൈനികരുണ്ട്. പക്ഷേ മാർകോസ്, ഗരുഡ് കമാൻഡോസ്, പാര സ്പെഷ്യൽക് ഫോഴ്സ് കമാൻഡോസ് എന്നിവരൊന്നും ഒരിക്കലും തിരശീലയിൽ പ്രത്യക്ഷപ്പെടുന്നില്ല. അവരൊക്കെ എന്നും പിന്നണിയിലാണ്. നാം അവരുടെ ഓപ്പറേഷനുകൾ പലതും അറിയുന്നത് പോലുമില്ല.
മറീനുകളുടെ റെസ്ക്യൂ ദൗത്യത്തിൽ പ്രസ്ഥുത ഹോട്ടലുകളിലെ ഭൂരിഭാഗം ജനങ്ങളേയും രക്ഷപെടുത്തുകയുണ്ടായി. അതിനാൽ NSG - യ്ക്ക്, അന്തേവാസികൾക്ക് ആപത്ത് സംഭവിക്കുമോ എന്ന ഭയം കൂടാതെ ഭീകരർക്കെതിരേ ഉടനടി അറ്റാക്ക് നടത്താൻ സാധിച്ചു.
NSG - പിന്നീട് ഓപ്പറേഷൻ "ബ്ലാക് ടൊർണാഡോ" അഭിമാനകരമായും, വിജയകരമായും പൂർത്തിയാക്കിയത് ചരിത്രം.
അന്ന് 40 മണിക്കൂറിലേറെ നീണ്ട സൈനീക നടപടിയ്ക്കൊടുവിൽ 165 പേരാണ് ഇവിടങ്ങളിൽ കൊല്ലപ്പെട്ടത്. 26/11 ദുരന്തത്തിൽ, സമയബന്ധിതമായി മാർകോസിന്റെ ഇടപെടൽ ഉണ്ടായത് കൊണ്ടാണ് മരണസംഖ്യ ക്രമാതീതമായി ഉയരാതിരുന്നത് എന്ന് ഇന്നും സൈനീക വൃത്തങ്ങളും, രാജ്യവും അഭിമാനത്തോടെ സ്മരിക്കുന്നു.
.
അതിർത്തികളിൽ അവർ പോരാട്ടത്തിലാണ്.
_____________________________________________
മറൈൻ കമാൻഡോകൾ എന്നത് ഒരിക്കലും രാജ്യത്തിനുള്ളിൽ, രാജ്യത്തിന്റെ നാലതിരുകൾക്കുള്ളിൽ ഓപ്പറേഷനുകൾ നടത്തുക എന്ന ദൗത്യവുമായി ബന്ധപ്പെട്ട് രൂപീകരിച്ച ഒരു ഫോഴ്സ് അല്ല.
Marine Commandos are the Special Operations Unit of the Indian Navy.
26/11 ന് മാർകോസ് കമാൻഡൊസ് അശാന്തി നിറഞ്ഞ മുംബൈ സിറ്റിയിൽ അറൈവ് ചെയ്യപ്പെട്ടത്, ഭീകരർക്കു വേണ്ടിയുള്ള തിരച്ചിലിനും അതിലുപരി റെസ്ക്യൂ ഓപ്പറേഷനും വേണ്ടിയാണ്. ഒരിക്കലും താജിലോ ഒബ്റോയിലോ ഭീകരർക്കൈതിരേ ഡയറക്ട് അറ്റാക്ക് ചെയ്യുക എന്നത് മാർക്കോസിന്റെ ദൗത്യം ആയിരുന്നില്ല. അതിനുള്ള പരിശീലനമല്ല അവർക്ക് ലഭിച്ചിരിക്കുന്നത്.
മാർകോസ് എന്നത് സ്പെഷ്യൽ ഫോഴ്സ് ആണ്. രാജ്യാതിർത്തിയ്ക്ക് സമീപവും, അതിർത്തിയ്ക്കപ്പുറവുമുള്ള ഓപ്പറേഷനുകളാണ് മാർക്കോസിന്റെ ഉത്തരവാദിത്വത്തിൽ വരുന്നത്. സമുദ്രാതിർത്തി കടന്നുള്ള ഏതൊരു ദൗത്യത്തിനും മാർക്കോസിന് പരമാധികാരമുണ്ടായിരിക്കും. ഇതേ ചുമതല തന്നെയാണ് വ്യോമ സേനാ കമാൻഡോകളായ ഗരുഡ് കമാൻഡോസിനും, കരസേനാ കമാൻഡോകളായ പാരാ സ്പെഷ്യൽ ഫോഴ്സിനുമുള്ളത്.
നേരേ മറിച്ച് NSG - ഒരു സ്പെഷ്യൽ ഫോഴ്സ് അല്ല. (പലപ്പോഴും മീഡിയയും പത്രങ്ങളും ഇങ്ങനെ തെറ്റായി വ്യാഖ്യാനിക്കുന്നുണ്ട്.) NSG - ഒരു എലൈറ്റ് കൗണ്ടർ ടെററിസ്റ്റ് യൂണിറ്റാണ്. ഹോം മിനിസ്ട്രിക്ക് കീഴിൽ പ്രവർത്തിക്കുന്ന NSG-യ്ക്ക്, രാജ്യത്തിനകത്ത് നടക്കുന്ന പ്രധാന ഓപ്പറേഷനുകളാണ് നൽകപ്പെട്ടിരിക്കുന്നത്.
രാജ്യത്തിനകത്ത് ഭീകരരോ, വിധ്വംസക ശക്തികളോ കടന്നു കയറിയാൽ അവരെ അമർച്ച ചെയ്യുന്നത് NSG യുടെ പരിധിയിൽപെട്ട കാര്യമാണ്.
അതു കൊണ്ടാണ് പഠാൻകോട്ട് വ്യോമസേനാ താവളം ആക്രമിക്കപ്പെട്ടപ്പോൾ, ആദ്യം എയർ ഫോഴ്സ് സ്റ്റേഷനിൽ തന്നെ ചുമതലയിലുണ്ടായിരുന്ന "ഗരുഡ്" കമാൻഡോസ് നിയന്ത്രണം ഏറ്റെടുത്തെങ്കിലും പിന്നീട് ഓപ്പറേഷൻ ചുമതല NSG-യ്ക്ക് കൈ മാറിയത്.
മാർകോസിന്റെ നേതൃത്വത്തിൽ ജമ്മു കാശ്മീരിൽ ഓപ്പറേഷൻ രക്ഷക് (Operation Rakshak) ഇപ്പോൾ നടന്നു കൊണ്ടിരിക്കുന്നു.
ഝലം നദിയിലും, വൂളാർ തടാകത്തിലും (Jhelum River, and Wular Lake) മാർകോസ് രാജ്യത്തെ കാവൽ ചെയ്യുന്നു.
നാലു ടീം മാർകോസ് കമാൻഡോകളെ ജമ്മു കാശ്മീരിലെ ഈ നദികളിൽ വർഷം മുഴുവനും വിന്യസിച്ചിരിക്കുന്നു. പർവതങ്ങളാൽ ചുറ്റപ്പെട്ട, 250 സ്ക്വയർ കിലോമീറ്ററുള്ള ഈ നദി കടന്ന്, ഭീകരർ ശ്രീനഗറിലേക്ക് പ്രവേശിക്കുന്നത് സമർത്ഥമായി തടയുന്നത് ഇന്ന് ഈ മറീൻ കമാൻഡോകളാണ്.
90 കളുടെ തുടക്കത്തിൽ ഈ നദിയിലൂടെ ഭീകരർ നുഴഞ്ഞു കയറുന്നത് കരസേനയ്ക്കും, BSF-നും ചില്ലറ തലവേദനയല്ല സൃഷ്ടിച്ചിരുന്നത്.
1995-ൽ മാർകോസ് ടീമിനെ ഇവിടെ വിന്യസിച്ച് ഒരാഴ്ച്ച തികയും മുൻപ് അവർ നദി കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന മുഴുവൻ നുഴഞ്ഞു കയറ്റവും അമർച്ച ചെയ്യുകയുണ്ടായി എന്നത് സൈനീക ചരിത്രത്തിലെ മിന്നുന്ന ഏടാണ്.
നാമിന്ന് ഇത് വായിച്ച് കൊണ്ടിരിക്കുമ്പോൾ, തന്ത്രപ്രധാനമായ ഈ അതിർത്തി പ്രദേശങ്ങളിൽ, മാർകോസും ആർമിയുടെ സ്പെഷൽ യൂണിറ്റും ചേർന്ന് സംയുക്തമായ ഓപ്പറേഷനുകൾ നടത്തിക്കൊണ്ടിരിക്കുകയാണ്. ഇസ്രായേലി അണ്ടർ കവർ ഓപ്പറേഷനുകളുടെ രീതി ഈ യൂണിറ്റ് ഫലപ്രഥമായി പ്രയോഗിക്കാറുണ്ട്. കാശ്മീരി സ്യൂട്ടായ Pheren ധരിച്ച് കാശ്മീരി ലോക്കൽസിൽ ഒരാളേപ്പോലെ കടന്നു കൂടി മാർകോസ് കമാൻഡോകൾ പല ഓപ്പറേഷനുകളും ചെയ്യുന്നു.
99 ലെ കാർഗിൽ യുദ്ധ കാലത്ത് ആർമിയോടൊപ്പം മാർകോസ് സഹകരിക്കുകയുണ്ടായി. ഇക്കാര്യത്തേക്കുറിച്ച് പക്ഷേ രാജ്യതന്ത്രജ്ഞർ പിന്നീട് സംശയം പ്രകടിപ്പിക്കുകയുണ്ടായി.
എന്നാൽ, ആർമിയിലെ Lt. Gen: Hira Nandani തന്നെ ഈ സംശയങ്ങൾക്ക് വിട നൽകി. കാർഗിൽ യുദ്ധത്തിൽ , ആർമിയ്ക്കൊപ്പം നേവൽ മറൈൻ കമാൻഡോകൾ സഹകരിച്ചിരുന്നു എന്ന് അദ്ധേഹം രാജ്യത്തോട് വെളിപ്പെടുത്തുകയുകയുണ്ടായി.
ഇത്തരത്തിൽ തിരഞ്ഞെടുക്കപ്പെട്ടതും അതീവ രഹസ്യാത്മകവുമായ തന്ത്രപ്രധാന ഓപ്പറേഷനുകളിലേ മാർകോസ് പങ്കെടുക്കൂ. ഇന്ന് രാജ്യാതിർത്തികളിൽ നേരിട്ടുള്ള കോംബാറ്റ് ദൗത്യങ്ങൾക്കു വേണ്ടി മാർക്കോസിനെ വിന്യസിച്ചിരിക്കുന്നു. മാർകോസ്, ഗരുഡ്ഡ്, പാരാ സ്പെഷ്യൽ ഫോഴ്സ് എന്നിവയേക്കുറിച്ച് നാം എന്തെങ്കിലും വലിയ ഓപ്പറേഷനുകൾ വരുമ്പോൾ മാത്രമേ അറിയുന്നുള്ളു. അതു പോലും വളരെ കുറച്ച് വിവരങ്ങൾ മാത്രം. അണിയറയിൽ നമുക്ക് മുഖം തരാതെ, രാജ്യ വിരുദ്ധ ശക്തികൾക്കൈതിരേ നിരന്തരമായി പോരാട്ടം നടത്തിക്കൊണ്ടിരിക്കുകയാണ് അവർ.
ജയ് ജവാൻ.
ബിഗ് സല്യൂട്ട്!!

ഡൺ കിർക്കിനു ശേഷം ഫ്യൂററുടെ ഫ്രെഞ്ച് വിജയം

 മുൻപ് ഒരു പോസ്റ്റിൽ,( https://padaarblog.blogspot.in/2018/04/blog-post_90.html )  രണ്ടാം ലോക മഹായുദ്ധത്തിൽ ജർമനിയുടെ ഡൺ കിർക് വിജയത്തേക്കുറിച്ച് ഞാനിവിടെ എഴുതിയിരുന്നു. ഡൺ കിർക്കിലെ പിന്മാറ്റം, അതായത് - ബ്രിട്ടീഷ് റോയൽ നേവിയുടെ - ഫ്രെഞ്ച് സേനയെ രക്ഷിക്കൽ അവരുടെ ഭാഗത്ത് വിജയമായും ജർമൻ ഭാഗത്ത് ചെറിയൊരു പാകപ്പിഴയു ടെ വിലയുമായിരുന്നു. ഈ ഫ്രെഞ്ച് പരാജയത്തോടെയാണ്, സാക്ഷാൽ അഡോൾഫ് ഹിറ്റ്ലർ ഉൾപ്പെടെയുള്ള അടുത്ത സുഹൃത്തുക്കൾക്ക് ദൂച്ചേ എന്നറിയപ്പെട്ട മുസ്സോളിനി അന്നാദ്യമായി യുദ്ധ മുഖത്തിറങ്ങാൻ തീരുമാനിക്കുന്നത്. യുദ്ധത്തിനിറങ്ങാനുള്ള ശേഷി ആയിട്ടില്ല എന്ന് പറഞ്ഞ് ഒഴിവായി നിന്നിരുന്ന ദൂച്ചേ (ബെനിറ്റോ മുസ്സോളിനി) യെ ഈ ജർമൻ വിജയം അമ്പരപ്പിച്ചു. ഹിറ്റ്ലർ ചാർജ്ജാവുന്നത് കണ്ട്, ഇനിയും തങ്ങൾ പതുങ്ങി ഇരിക്കാൻ പാടില്ല എന്ന് മുസ്സോളിനി ഉറപ്പിച്ചു. ഇറ്റാലിയൻ ശക്തി ലോകത്തിനു കാട്ടിക്കൊടുക്കണം. ജർമനിയ്ക്കൊപ്പമുള്ള വൻശക്തിയാണ് ഇറ്റലിയും. മുസ്സോളിനി കണക്കു കൂട്ടി. ഇറ്റലി - 1940 ജൂൺ പതിനൊന്ന് - രായ്ക്ക് രാമാനം ബ്രിട്ടണൂം ഫ്രെഞ്ചിനും എതിരേ യുദ്ധം പ്രഖ്യാപിച്ചു (സ്റ്റാലിനും, ചർച്ചിലും, റൂസ് വെൽറ്റും മുസ്സോളിനിയോട് യുദ്ധത്തിനിറങ്ങരുത് എന്ന് അതിനു മുൻപേ അഭ്യർത്ഥിച്ചിരുന്നു. പക്ഷേ മുസ്സോളിനി അതെല്ലാം ഈ യുദ്ധ പ്രഖ്യാപനത്തിലൂടെ കാറ്റിൽ പറത്തി)
പക്ഷേ ഇറ്റലിയ്ക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.. ഇറ്റലിയുടെ 32 ഡിവിഷൻ സൈന്യവും ഫ്രാൻസിന്റെ 6 ഡിവിഷൻ സൈന്യവും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടന്നു. ഇറ്റലിയെ ഫ്രെഞ്ച് സേന തുരത്തി. ഇറ്റലിയുടെ സ്റ്റ്രെങ്ത് ലോകത്തിനു ബോദ്ധ്യപ്പെടാനേ ഈ പോരാട്ടം ഉപകരിച്ചുള്ളു. അരങ്ങേറ്റം തന്നെ പരാജയമായിപ്പോയെങ്കിലും ഇറ്റാലിയൻ ആഗമനം യുദ്ധ ഗതിയെ സാരമായി ബാധിച്ചു. അതുവരെ യൂറോപ്പിൽ മാത്രം ഒതുങ്ങി നിന്ന സമരമുഖം മദ്ധ്യധരണാഴിയിലേക്കും, ആഫ്രിക്കയിലേക്കും വ്യാപിച്ചു.
ഇതേ സമയം ജർമനി ഫ്രെഞ്ച് തലസ്ഥാനം പിടിച്ചെടുക്കാനായി മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു. ഫ്രെഞ്ച് ഗവണ്മെന്റ് 10 ആം തീയതി ടൂർസിലേക്കും, 14 ആം തീയതി ബോർഡോയിലേക്കും മാറ്റി സ്ഥാപിച്ചു. വിഹ്വലനായ ഫ്രെഞ്ച് പ്രസിഡന്റ് അമേരിക്കയോട് സഹായാഭഭ്യർത്ഥന നടത്തി. പക്ഷേ റൂസ്വെൽറ്റ് ഫ്രാൻസിനോട് സഹതാപം പ്രകടിപ്പിക്കുക മാത്രമേ ചെയ്തുള്ളു.
ഡൺ കിർക്കിൽ ഫ്രാൻസിനെ സഹായിച്ച ബ്രിട്ടൺ ഇപ്പോൾ ഒന്നും ചെയ്യാതെ നോക്കിയിരുന്നു. കാരണം ഫ്രാൻസ് എന്തായാലും പരാജയപ്പെടും. ജർമൻ ശക്തിക്കെത്രേ ഫ്രാൻസിനെ സഹായിക്കാനായി തങ്ങളുടെ കപ്പലുകളും വിമാനങ്ങളും എന്തിനു കുരുതി കൊടുക്കണം എന്നായിരുന്നു ബ്രിട്ടൺ ചിന്തിച്ചത്. കാരണം ഫ്രാൻസിന്റെ പതന ശേഷം ഫ്യൂറർ (ഹിറ്റ്ലർ) ബ്രൊട്ടണിലേക്കാവും വരിക. അതുകൊണ്ട് ഇപ്പോൾ ആയുധങ്ങൾ നഷ്റ്റപ്പെടുത്തിക്കൂടാ.
അന്ന് ലോകത്തെ ഏറ്റവും മനോഹര നഗരമായിരുന്നു ഫ്രെഞ്ച് തലസ്ഥാനമായ പാരീസ്. ഡാവിഞ്ചി, ബോട്ടിസെല്ലി, മൈക്കൽ ആഞ്ചലോ ഒക്കെയുൾപ്പെടെ ഉള്ളവരുടെ വിഖ്യാത കലാസൃഷ്ടികൾ പാരീസിലെ മ്യൂസിയങ്ങളെ അലങ്കരിച്ചിരുന്നു. പാരീസിൽ വെച്ച് നടക്കാൻ പോകുന്ന യുദ്ധം ആ നഗരത്തിന്റെ നാശത്തിനിടയാക്കും എന്ന് ഫ്രെഞ്ച് ഗവണ്മെന്റിനറിയാമായിരുന്നു. അതോടെ അവർ ഒരു കാര്യം ചെയ്തു. പാരീസിനെ യുദ്ധമില്ലാ തുറന്ന നഗരമായി പ്രഖ്യാപിച്ചു.
ജൂൺ 14 ആം തീയതി നാസി ഫടൻമ്മാർ പാരീസ് കൈവശപ്പെടുത്തി. യൂറോപ്പിലെ ഏറ്റവും ഉയരമുള്ള ഈഫൽ ടവറിനു മുകളിൽ സ്വസ്തിക ചിഹ്നമുള്ള നാസിപ് പതാക പാറിക്കളിച്ചു.
ഒന്നാം ലോക മഹായുദ്ധത്തിൽ ഫ്രാൻസിലെ മാൺ തുറമുഖത്ത് നടന്ന യുദ്ധത്തിലാണ് ജർമനി പരജയപ്പെടുന്നത്. മാൺ യുദ്ധം എന്ന് ഇത് അറിയപ്പെട്ടു. മാൺ യുദ്ധത്തിന്റെ ഓർമകൾ ഹിറ്റ്ലറുടെ മനസ്സിലുണ്ടായിരുന്നു. 1918 നവംബർ 11 നാണ് ജർമനി ഫ്രാൻസുമായി കമ്പീൻ വനാന്തരത്തിൽ വെച്ച് അപമാനകരമായ യുദ്ധ വിരാമ സന്ധി ഒപ്പിട്ടത്. അതിനാൽ ഹിറ്റ്ലർ ഉറപ്പിച്ചു ഇത്തവൺ അതേ വനാന്തരത്തിൽ വെച്ചായിരിക്കും ജർമനിയുടെ അന അനിഷേദ്ധ്യത ഫ്രാൻസിനു കാട്ടിക്കൊടുക്കുന്നത്. കഴിഞ്ഞ 22 കൊല്ലമായി ഈപ്രതികാര വാഞ്ചയാണ് ഫ്യൂററെ നയിച്ചിരുന്നത്. ഒന്നാം ലോക മഹായുദ്ധത്തിൽ ആ യുദ്ധവിരാമ സന്ധി ഒപ്പ് വെച്ച അതേ തീവണ്ടി വാഗണിൽ തന്നെ ഫ്രാൻസിഉന്റെ പതനവും ഒപ്പ് വെക്കപ്പെടും എന്ന് ഹിറ്റ്ലർ അറിയിച്ചു. ഫ്രെഞ്ച് യുദ്ധ സ്മാരക മ്യൂസിയത്തിൽ സൂക്ധിച്ചിരുന്ന ആപഴയ തീവണ്ടി വാഗൺ കാമ്പീൻ വനാന്തരത്തിൽ പഴയ അതേ സ്ഥലത്ത് തന്നെ ഹിറ്റ്ലർ കൊണ്ട് വെപ്പിച്ചു.
ഹിറ്റലർ വാഗണിൽ കയറി ഇരുന്നു.
പരാജയ സന്ധി ഒപ്പ് വെക്കാൻ വന്ന ഫ്രെഞ്ചുകാർ ഇത്തരമൊരു നാടകീയ ബാക്ഗ്രൗണ്ട് പ്രതീക്ഷിച്ചിരുന്നില്ല. തങ്ങളുടെ രാജ്യം പരാജയത്തിനു പുറമേ അപമാനം കൂടി സഹിക്കുകയാണെന്ന് അവർക്ക് മനസ്സിലായി. ഹിറ്റ്ലറാകട്ടെ അന്നത്തെ അതേ നാണയത്തിൽ അതേ ഇടത്ത് അതേ തീവണ്ടിയിൽ വെച്ച് ശത്രുവിന്റെ ദൈന്യത അനുഭവിക്കുകയായിരുന്നു...
ഒടുവിൽ ഫ്യൂററുടെ എല്ലാ സന്ധികളിലും ഫ്രെഞ്ച്കാർക്ക് നാണം കെട്ട് ഒപ്പ് വെക്കേണ്ടി വന്നു. രണ്ട് ദിവസത്തിനു ശേഷം ഇറ്റലിയും ഫ്രാൻസുമായും യുദ്ധവിരാമ സന്ധിയുണ്ടായി. ജൂൺ 24 ആം തീയതി ഫ്രാൻസിൽ വെടിശബ്ദം നിലച്ചു.
അന്ന് ജർമനിയിലെ ബെർലിനിൽ ജനങ്ങൾ ഉത്സവ തിമിർപ്പിലായിരുന്നു.
തങ്ങളുടെ ഫ്യൂറർ ഒരിക്കൽ കൂടി വിജയിച്ചിരിക്കുന്നു.
10 മാസം കൊണ്ട് വിസ്തുലാ നദി മുതൽ പിരണീസ് പർവതം വരെ ജർമൻ സാമ്രാജ്യം വ്യാപിച്ചിരിക്കുന്നു.
ഫ്യൂറർ അമാനുഷനാണ്.
അടുത്ത സമാധാന ഉടമ്പടി ലണ്ടനിൽ നാം നടത്തുന്നതായിരിക്കും എന്ന് ഗോയ്ബത്സ് ജർമൻ ജനതയോട് പ്രഖ്യാപിച്ചു. ഹിറ്റ്ലർ ഈ സമയം താൻ നേടിയ പ്രദേശങ്ങളിലൂടെ ഒരു വിജയപര്യാടനം നടത്തുകയായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിൽ സൈനികനായിരിക്കെ താൻ പോരാടിയ ഇടങ്ങൾ നേരിട്ട് കാണുന്നതിലായിരുന്നു ഹിറ്റ്ലറുടെ കമ്പം. പാരീസിൽ പ്രവേശിച്ചപ്പോൾ അദ്ധേഹം അഭിമാനം കൊണ്ടു. നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ശവ കുടീരത്തിലേക്ക് നോക്കി നിർന്നിമേഷനായി നിൽക്കവേ അദ്ധേഹം മനസ്സിൽ, ചിന്തിച്ചു.
- "താഴെ, തന്റെ കാൽക്കീഴിൽ ഫ്രാൻസിന്റെ ശവം കിടക്കുന്നു." -

.

അനുബന്ധ പോസ്റ്റ്
https://padaarblog.blogspot.in/2018/04/blog-post_90.html

ഇൻഡ്യ Vs ചൈന : ശത്രു പടിവാതിൽക്കൽ നിൽപ്പുണ്ട്...

 2013 ഏപ്രിൽ 15.
റാഖി നള.
ദൗലത്ബാഗ് ഓൾഡി.
ലൈൻ ഓഫ് ആക്ച്വൽ കണ്ട്രോളിനു സമീപമുള്ള - അക്സായിചിൻ-ലഡാക്ക് മേഖലയിൽ പെടുന്ന - തന്ത്രപ്രധാന ഇടമായ ദൗലത്ബാഗ് ഓൾഡിയിലെ (Daulat Beg Oldi) റാഖിനളയിൽ ഒരു ചൈനീസ് പ്ലാറ്റൂൺ വന്ന് ക്യാമ്പ് ചെയ്തു. ഇൻഡ്യയുടേയും ചൈനയുടേയും സംയുക്ത പട്രോളിങ്ങ് നടത്തപ്പെടുന്ന ഇവിടം, ഇരു സൈന്യങ്ങളും ഒരു പെർമനന്റ് ബേസ് ആയി കണക്കു കൂട്ടിയിരുന്നില്ല. ചൈനീസ് പട്ടാളം നിലയുറപ്പിച്ചത് കണ്ടതോടെ ഇൻഡ്യ വളരെ പെട്ടന്ന് തന്നെ ചൈനീസ് ക്യാമ്പിന് ഏകദേശം 300 മീറ്റർ എതിരേ ട്രൂപ്പുകളെ വിന്യസിച്ചു. സൈനീക മന്ത്രാലയവും, രാജ്യരക്ഷാ വിഭാഗവും, ന്യൂഡൽഹിയും അലർട്ടായി. രാജ്യത്തിനു മേൽ ഒരു അപ്രതീക്ഷിത യുദ്ദഭീതി നിഴലിട്ടു. ഒട്ടും താമസം കൂടാതെ ഇൻഡോ ചൈനാ ഒഫീഷ്യൽ കോൺഫറൻസുകൾ തീരുമാനിക്കപ്പെട്ടു. ചർച്ചകൾ നടക്കുമ്പോൾ, ഹെലികോപ്ടറുകൾ, ടാങ്കുകൾ, പാരാട്രൂപ്പുകൾ തുടങ്ങിയവ അതിർത്തിയിലെ ക്യാമ്പിനെ സപ്പോർട്ട് ചെയ്യാനായി അയച്ചു കൊണ്ട് പീപ്പിൾസ് ലിബറേഷൻ ആർമി അവരുടെ നയം വ്യക്തമാക്കി. മൂന്നാഴ്ച്ചകളോളം അണിയറയിൽ ഇരു രാജ്യങ്ങളുടേയും ഉന്നത നേതാക്കൾ തമ്മിൽ ചർച്ചകൾ നടന്നു. തർക്കം മേയ് 5-ന് പരിസമാപിച്ചു. തുടർന്ന് രണ്ടു സൈന്യവും ദൗലത്ബാഗ് ഓൾഡിയിൽ നിന്ന് പിന്മാറി. അന്ന് ഒപ്പുവച്ച കറാറിന്റെ ഭാഗമായി ഇൻഡ്യൻ അതിർത്തിയിലെ ചുമാർ മേഖലയുടെ 250 കിലോമീറ്റർ ഭാഗത്തെ മിലിട്ടറി സ്ട്രക്ചറുകൾ പൊളിച്ചു കളയാൻ ഇൻഡ്യ നിർബന്ധിതരായി.
ഇടയ്ക്ക് തർക്കത്തിലുള്ള നമ്മുടെ പ്രദേശങ്ങളിലേക്ക് ചൈനീസ് പട്ടാളം കടന്നു കയറുകയും ചൈനീസ് മെയ്ഡ് സിഗരറ്റ് പാക്കറ്റുകൾ, ബിയർ ബോട്ടിലുകൾ എന്നിവ അവിടവിടെയായി ഉപേക്ഷിക്കുകയും, അതിർത്തിയിലെ പാറകളിൽ ചൈനീസ് അക്ഷരങ്ങൾ കോറിയിടുകയും ചെയ്യാറുണ്ട്. ഇൻഡ്യൻ അതിർത്തിയിൽ ഇൻഡ്യൻ സേനയും ഇത് ചെയ്യുന്നതും പതിവാണ്. ഇതൊരു നിഗൂഡ മുന്നറിയിപ്പാണ്. പ്രദേശത്തിന് തങ്ങളാണ് അവകാശികൾ എന്ന് സ്ഥാപിക്കാനുള്ള മനശാസ്ത്രപരമായ ഒരു നീക്കം. എന്നാൽ ദൗലത്ബാഗ് ഓൾഡിയിലെ ഇൻസിഡന്റ് അതെല്ലാം മറികടന്നു കൊണ്ടുള്ളതായിരുന്നു.
അക്സായ് ചിന്നിലെ ശാക്തിക കിട മത്സരങ്ങൾ.
___________________________________
അരുണാചൽ ഉൾപ്പെടെയുള്ള അതിർത്തി പ്രദേശങ്ങളിൽ ചൈന കൈ കടത്തലിനു മുതിർന്നേക്കാം എന്ന ഭീതി തലയ്ക്ക് മുകളിൽ തന്നെയുണ്ട്. 1962 ലെ ഇൻഡോ ചൈനാ യുദ്ദത്തേ തുടർന്ന് തർക്ക പ്രദേശങ്ങളിൽ ആർക്കും പ്രത്യേക അവകാശം ഇല്ലാതെ രൂപീകരിച്ച Line of Actual Control (LAC) ൽ ചൈനയ്ക്ക് സംതൃപ്തി പോരാ എന്നതാണ് അവരുടെ പുതിയ പല നീക്കങ്ങൾക്കും കാരണം. 62 ലെ യുദ്ദത്തിൽ ഇൻഡ്യയെ ഭയപ്പെടുത്തിയിട്ട് സ്വയം പിൻമാറിയത് തെറ്റായിരുന്നു എന്ന് ഇന്ന് അവർ വിലയിരുത്തുന്നു.
നിരന്തരമുള്ള ചൈനീസ് പ്രകോപനങ്ങൾ നമ്മുടെ ഡിഫൻസീവ് സ്ട്രെങ്തിന്റെ കാര്യത്തിൽ പല വീണ്ടു വിചാരങ്ങൾക്കും ഇട നൽകുന്നുണ്ട്. അതുകൊണ്ടു തന്നെ മുൻപെന്നത്തേക്കാളും വിപുലീകരിച്ച തോതിൽ ന്യൂ ഡൽഹി അതിന്റെ സായുധ നവീകരണത്തിന് ആക്കം കൂട്ടിക്കൊണ്ടിരിക്കുന്നത് കാണാം. അതിർത്തി തർക്കങ്ങളിൽ ഏതു നിമിഷവും ഒരു കരയുദ്ദം പ്രതീക്ഷിക്കപ്പെടാവുന്നതാണ്.
അതേ പോലെ തന്നെ സമുദ്രാതിർത്തികളുടെ കാര്യവും എടുത്തു പറയേണ്ടതാണ്. സമുദ്രാതിർത്തികളുടെ പേരിൽ സംഘർഷങ്ങൾ ഇതുവരെ ഉടലെടുത്തിട്ടില്ലെങ്കിലും, ചൈനയുടെ ശ്രീലങ്കൻ ഇൻവെസ്റ്റ്മെന്റും അതിനു പിന്നിലുള്ള ഗൂഡ ലക്ഷ്യങ്ങളും സമീപ ഭാവിയിൽ തന്നെ ഇൻഡ്യൻ മഹാ സമുദ്രവും തർക്ക വേദികളിലൊന്നാവാം എന്ന സൂചനകൾ നൽകുന്നു. വലിയ തോതിൽ വിദേശ എണ്ണ ഇറക്കുമതി ചെയ്യുന്ന ചൈനയ്ക്ക്, ഏറ്റവുമധികം ഉപയോഗപ്പെടുന്നത് ഇൻഡ്യൻ മഹാ സമുദ്രമാണ്. ആയതിനാൽ സമുദ്രാതിർത്തികളിലെ ആധിപത്യം മുന്നിൽ കണ്ടുകൊണ്ട് ഡിഫൻസ് മിനിസ്ട്രി പുതിയ സ്ട്രാറ്റജി മെനയുന്നു. കാരണം സൈനീക പരമായി ഇൻഡ്യൻ മഹാ സമുദ്രത്തിലേക്ക് പെട്ടന്ന് എത്തിപ്പെടാൻ ചൈനയ്ക്ക് സാധിക്കില്ല. പീപ്പിൾസ് ലിബറേഷൻ ആർമിയുടെ നേവി ( PLAN) യ്ക്ക് ഇവിടേക്ക് എത്തണമെങ്കിൽ ഏഷ്യയുടെ തെക്ക് നിന്നും ആയിരക്കണക്കിന് മൈൽ ചുറ്റി യാത്ര ചെയ്യണം. നിലവിൽ ശ്രീലങ്ക പോലെ ഒരു തുറമുഖ ഇടത്താവളം അവർ ലക്ഷ്യമിടുന്നതിനു പിന്നിലെ കാരണം അതു തന്നെയാണ്..
അതിർത്തി യുദ്ദങ്ങൾ അവസാനിക്കുന്നില്ല.
_________________________________
കഴിഞ്ഞ ദശാബ്ദം മുതൽക്കുള്ള ഇൻഡ്യയുടെ കുതിപ്പിനെ ചൈന ഭയക്കുന്നുണ്ട്. പ്രത്യേകിച്ചും സ്ട്രാറ്റജി ഡെവലപ്മെന്റിൽ ഇൻഡ്യ പഴയ ഒരു ന്യൂട്രൽ സമീപനം വിട്ട് വ്യക്തമായ ലക്ഷ്യങ്ങളുമായി പോകുന്നതും അവർക്ക് ഭയമുളവാക്കുന്നു. അതുകൊണ്ട് തന്നെ നിരന്തരം പ്രകോപനങ്ങളുണ്ടാക്കി ഇൻഡ്യയെ ക്ഷീണിപ്പിക്കാൻ ശ്രമിക്കുന്നു. ചൈനയുടെ സൈനീക ഇടപെടലുകൾ പല വിധത്തിൽ ഇൻഡ്യയെ ബാധിച്ചു കൊണ്ടിരിക്കുന്നു. അതിന്റെ കാരണങ്ങളും വ്യക്തമാണ്.
ഇനിയും തീർച്ചപ്പെടുത്തിയിട്ടില്ലാത്ത ഇൻഡ്യൻ അതിർത്തിയിലെ, പ്രത്യേകിച്ചും ആക്ച്വൽ കണ്ട്രോൾ ലൈനിൽ ( Line of Actual Control (LAC)) അവർ ഒരിക്കലും സന്തോഷവാൻമ്മാരല്ല. അതിന്റെ പേരിലാണ് 62 ലെ യുദ്ദം മുതൽ ഇപ്പോൾ ദൗലത് ബാഗ് ഓൾഡിയിലും, അരുണാചൽ പ്രദേശിലുമെല്ലാം അവർ കടന്നു കയറുന്നത്. ചൈനയുടെ നിബന്ധനകൾക്കനുസൃതമായി ബോർഡർ തിട്ടപ്പെടുത്തിയാൽ, തർക്കത്തിലുള്ള എല്ലാ രാജ്യങ്ങളുമായും (ടിബറ്റ്, ജപ്പാൻ തുടങ്ങിയവ ഉദാഹരണം) അവർ സഹവർത്തിത്വത്തിന് സന്നദ്ദരാണ് എന്നത് ചൈനയുടെ ധാർഷ്ട്യത്തെയാണ് കാട്ടിത്തരുന്നത്.
അരുണാചലിലും ദൗലത്ബാഗ് ഓൾഡിയിലും പ്രകടിപ്പിക്കുന്ന സമീപനത്തിന് തികച്ചും വിരുദ്ദമായ ഒന്നാണ് അവർ പാക് അധീന കാശ്മീരിൽ പ്രകടിപ്പിച്ചു കൊണ്ടിരിക്കുന്നത്. സൗത്ത് ചൈന സമുദ്രത്തിലോ (നിരവധി അവകാശവാദങ്ങളിൽ പെട്ട ഒരു സമുദ്രഭാഗം) അരുണാചൽ പ്രദേശിലോ ഇൻഡ്യ ഏതെങ്കിലും വികസന പ്രോജക്ടുകൾ നടത്തിയാൽ ഉടൻ പ്രധിഷേധിക്കുന്ന ചൈന, Pakistan-Occupied Kashmir (PoK), China-Occupied Kashmir (COK) (mostly Aksai Chin in Ladakh) എന്നിവയുടെ കാര്യത്തിൽ നിശബ്ദത പാലിക്കുന്നു.
അരുണാചലിന്റെ വികസനം തടയുക, അതുവഴി അരുണാചൽ ജനതയെ അസംതൃപ്തരാക്കി ഒരു ഇൻഡ്യൻ വിരുദ്ദ മനോഭാവം സൃഷ്ടിക്കുക എന്നതൊക്കെയാണ് ചൈനയുടെ നിഗൂഡ ലക്ഷ്യങ്ങൾ. എന്നാൽ അവർക്ക് നിക്ഷേപങ്ങളുള്ള മേൽ പറഞ്ഞ ഇടങ്ങളിൽ അവർക്ക് പ്രധിഷേധമില്ല. കൂടാതെ ചൈനയിലെ വൻ മുസ്ലീം ഭൂരിപക്ഷ പ്രദേശമായ സിങ്ജിയാങിൽ (Xinjiang) ജിഹാദി ഇടപെടൽ തടയാൻ പാക് അധീന കാശ്മീരിലെ അവരുടെ നിലപാട് അവരെ സഹായിക്കും. കാരണം ഇൻഡ്യൻ സമ്മർദ്ദം മൂലം തീവ്രവാദികൾക്ക് കാശ്മീർ വിട്ട് സിങ്ജിയാങ്ങിലേക്ക് തിരിയാൻ കഴിയില്ല.
അതേപോലെ തന്നെ അതിർത്തി സംസ്ഥാനങ്ങളിലെ ഭീകരതയുടെ പശ്ചാത്തലത്തിൽ മറ്റൊരു കാര്യം കൂടി ചിന്തിക്കേണ്ടതുണ്ട്. സമീപ കാലത്ത് മണിപ്പൂരിലെ ഒളിയാക്രമണത്തിൽ 18 സൈനീകർ കൊല്ലപ്പെട്ടു. സമാനമായ ആക്രമണങ്ങൾ നാഗാലാൻഡിലും നടക്കുന്നു. അതേപോലെ തന്നെ എട്ട് അസം റൈഫിൾസ് ജവാന്മാർ അടുത്തകാലത്ത് കൂട്ടക്കൊല ചെയ്യപ്പെടുകയുണ്ടായി. പ്രസ്ഥുത ഇടങ്ങളിലെ ഭീകരതയിൽ ചൈനയ്ക്ക് നേരിട്ട് പങ്കുള്ളതായി ഇന്റലിജൻസ് ബ്യൂറോയും, റോയും ഗവണ്മെന്റിനെ അറിയിച്ചിട്ടുണ്ട്. കൂടാതെ ഷേക് ഹസീനയുടെ ബംഗ്ലാദേശ്, വിധ്വംസക ശക്തികൾക്കെതിരേ ഇൻഡ്യയ്ക്കൊപ്പം യോജിച്ച് പ്രവർത്തിക്കുന്നത് ചൈനയെ അലോസരപ്പെടുത്തുന്നു.
അതിർത്തി കയ്യേറാനുള്ള ശ്രമം ചൈന തുടരുമ്പോൾ, നമ്മുടെ ജവാൻമ്മാർ പട്രോളിങ് ശക്തമാക്കുന്നു. 2013 ഓഗസ്റ്റിൽ അരുണാചൽ പ്രദേശിലെ തവാങ് കടന്നു കയറിയ ചൈന, മേഘയിൽ ഒരു ആപത്ത് സംജാതമാകുന്ന നഗ്നമായ സൂചന തന്നെ നൽകിക്കഴിഞ്ഞു. അന്ന് ആദ്യമായി ചൈനീസ് സൈനികർ ഇന്ത്യൻ റീജിയണിൽ പെട്ട ഒരു ബൗണ്ടറി മതിൽ പൊളിക്കാൻ ശ്രമിച്ചു .
*ചൈന മതിൽ പൊളിക്കാൻ കടന്ന വീഡിയോ താഴെ കമന്റുകളിലൊന്നിൽ ഇട്ടിട്ടുണ്ട്.
ഇവയൊക്കെ സൂചിപ്പിക്കുന്നത്, ചൈന ഇന്ത്യയുമായി മറ്റൊരു ഹ്രസ്വ യുദ്ധമോ അതിനപ്പുറമോ വ്യക്തമായി പ്ലാൻ ചെയ്യുന്നുണ്ടാവാം എന്നാണ്. നാം എപ്പോഴും ചൈനയുടെ ഒരു ആക്രമണത്തിന് അലർട്ടായിരുന്നേ പറ്റൂ.
62 ലെ യുദ്ദത്തിൽ അക്സായ് ചിൻ ലൈനിന് സമ്മതം പറഞ്ഞ ചൈന ഇന്ന് അതിനെ എതിർക്കുന്നു. എന്തെന്നാൽ ടിബറ്റ് അധിനിവേശം പൂർണമാകണമെങ്കിൽ ചൈനയ്ക്ക് അരുണാചലും വേണം. ഒപ്പം ഒരു യുദ്ദത്തിൽ മേധാവിത്വം നേടാനുതകുന്ന രീതിയിലുള്ള ഇൻഡ്യൻ അതിർത്തിയിലെ കീഴ്ക്കാം തൂക്കായ അതിർത്തി ഭൂപ്രദേശം അവരെ നിരാശരാക്കുന്നു. സാറ്റലൈറ്റ് ക്യാമറകളിലൂടെ എടുത്ത ഇൻഡ്യൻ അതിർത്തി പ്രദേശങ്ങൾ കവർച്ച ചെയ്യണം എന്ന വാശിയിലാവാം അവർ.
അരുണാചലിലെ തവാങ്ങ് കീഴടക്കിയിട്ട്, ഒരു മഹാമനസ്കത പോലെ മറ്റ് പ്രദേശങ്ങളിൽ ഒരു നിരുപാധിക ഒത്തു തീർപ്പുണ്ടാക്കാൻ ഇൻഡ്യയ്ക്ക് മേൽ സമ്മർദ്ദം ചെലുത്താൻ കഴിഞ്ഞേക്കാം എന്ന് അവർ കണക്കു കൂട്ടുന്നു.
ചൈനയെ ഭയപ്പെടുത്തുന്നത് എന്ത്?
____________________________
എന്നാൽ ഇൻഡ്യ പഴയതിൽ നിന്ന് ഒട്ടേറെ പാഠങ്ങൾ ഉൾക്കൊണ്ടിരിക്കുന്നു. അതിർത്തി പ്രശ്നങ്ങളിൽ ഉദാരവത്കരണം നടത്തുന്ന നമ്മുടെ സമീപനം എന്നേ നാം കുഴിച്ചു മൂടിയിരിക്കുന്നു. ഭാരതത്തിന്റെ ഒരു തരി മണ്ണ് നമുക്കിനി ഒരാൾക്കും വിട്ടു കൊടുക്കാനാവില്ല. ഇത്തരം സംഘർഷ സാഹചര്യങ്ങളെ സമർഥമായി പ്രതിരോധിക്കാൻ സൈനീകപരമായി നാം മുന്നേറ്റത്തിന്റെ പാതയിലാണ്.
യുദ്ദ സൈദ്ദാന്തികരുടെ കണ്ടെത്തൽ അനുസരിച്ച് നിലവിൽ ചൈനയെ ഭയപ്പെടുത്താനുതകുന്ന ചില സൈനീക മേഖലകളിൽ നാം വ്യക്തമായ ഒരു റൂട്ടിലാണ്. അവയിൽ പ്രധാനപ്പെട്ടവ താഴെ കൊടുക്കുന്നു.
1. വിക്രമാദിത്യ വിമാനവാഹിനിക്കപ്പലുകൾ (VIkramaditya Aircraft Carrier) :-
1961 ൽ കമ്മീഷൻ ചെയ്ത INS വിക്രാന്ത് ആണ് ഇൻഡ്യയുടെ ആദ്യ എയർക്രാഫ്റ്റ് കരിയർ. 2013 ൽ കമ്മീഷൻ ചെയ്ത ഐ എൻ എസ് വിക്രമാദിത്യ നിലവിൽ മറ്റു സൂപ്പർ പവറുകളുടെ വിമാനവാഹിനി കപ്പലുകളോട് കിടപിടിക്കാവുന്ന വിധം സജ്ജമാണ്.
സോവിയറ്റ് ചുവയുള്ള ഐ എൻ എസ് വിക്രമാദിത്യ, ശത്രുക്കളുടെർ മുങ്ങിക്കപ്പലുകൾ കണ്ടെത്തി നശിപ്പിക്കുന്ന ഒന്നാണ്. 1996 കളിൽ റഷ്യ ക്ഷുദ്രശക്തികളെ നിർമാർജ്ജനം ചെയ്യാൻ ഉപയോഗിച്ചിരുന്ന ഇത് 2004 ലാണ് ഇൻഡ്യ വാങ്ങുന്നത്. വിക്രമാദിത്യയിൽ മുപ്പത് MiG-29K, അല്ലെങ്കിൽ അത്ര തന്നെ തേജസ് ഫൈറ്റർ വിമാനങ്ങൾ, 12 ഹെലികോപ്ടറുകൾ എന്നിവ ഉൾക്കൊള്ളും. വിക്രമാദിത്യയ്ക്ക് വേണ്ടുന്ന പുതിയ ചില അപ്ഡേഷനുകൾ ഇസ്രായേലുമായി ചേർന്ന് പ്രൊഗ്രാം ചെയ്യുകയുണ്ടായി.സമുദ്രത്തിൽ നമുക്ക് ചൈനയെ ഭയക്കേണ്ട കാര്യമില്ല. കാരണം INS വിക്രമാദിത്യ ഇന്ത്യൻ മഹാ സമുദ്രത്തിൽ തീർച്ചയായും കാവലിനുണ്ട്.
2. അഞ്ചാം തലമുറ യുദ്ദവിമാനങ്ങൾ. (Fifth Generation Fighter Aircraft - FGFA) :-
രൂപകൽപ്പന ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്ന ഇന്ത്യയിലെ ആദ്യത്തെ അഞ്ചാം തലമുറ ഫൈറ്റർ വിമാനം ആണ് FGFA. ഹിന്ദുസ്ഥാൻ എയ്റോനോട്ടിക്സ് ലിമിറ്റഡ് + റഷ്യൻ സുഖോയ് കോർപ്പറേഷൻ എന്നിവയുടെ ഒരു സംയുക്ത സംരംഭം. സൈദ്ധാന്തികമായി അമേരിക്കൻ F-22 , ചൈനീസ് J-20 ഗണത്തിൽ പെടുത്താവുന്ന ഒന്നാണിത്. മൾട്ടി റോളുകളിലുള്ള വിമാനമാണിത്. ആകാശത്തിലെ ശത്രുവിനെ ആകാശത്ത് വെച്ചും, ആകാശത്തു നിന്നും ഭൂമിയിലേക്കും ഇതിനു ആക്രമിക്കാൻ കഴിയും. ഫിഫ്ത് ജനറേഷൻ പോരാളികളുടെ എല്ലാ ഗുണഗണങ്ങളും ഇതിനുണ്ട്. കരയിലും കടലിലും ടാർഗെറ്റുകൾ ആക്രമിക്കാൻ കഴിയുന്ന ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈൽ വഹിക്കാൻ ശേഷിയുണ്ട്. 30 ബ്ലില്ല്യൺ യു എസ് ഡോളർ ചിലവഴിക്കുന്ന ഈ സംയുക്ത സംരംഭം, 2020 - 2022 ൽ ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കുന്നു. ഇവയുടെ ഡിസൈൻ, സാങ്കേതികത എന്നിവയിലെ പൂർണത സംബന്ധിച്ച് നിലവിൽ ചില സംശയങ്ങളുന്നയിക്കപ്പെട്ടിട്ടുണ്ട്. എന്നാൽ സുഖോയ് ഡിസൈൻ ബ്യൂറോയുടെ 70 വർഷത്തെ പാരമ്പര്യത്തിൽ ഇൻഡ്യ പ്രതീക്ഷ അർപ്പിക്കുന്നു.
വിദേശ സാങ്കേതിക വിദ്യ ഉപയോഗിച്ച് തികച്ചും തദ്ദേശീയമായി രൂപ കൽപ്പന ചെയ്തതാണ് ചൈനയുടെ J-20. ഇൻഡ്യയുടെ FGFA ഒരു വിജയമായി തീർന്നാൽ ആസന്ന ഭാവിയിൽ തന്നെ ആകാശ മേൽക്കോയ്മയിൽ ചൈനയുടെ മേൽ തികച്ചും ഒരു ആധിപത്യം സ്ഥാപിക്കാനാകും എന്ന് നിസംശയം പറയാം.
3. ബ്രഹ്മോസ് മിസൈൽ. (BrahMos Anti-Ship Missile) :-
റഷ്യയുമായി ചേർന്ന് വികസിപ്പിച്ച ഷോർട്ട് റേഞ്ച് സൂപ്പർസോണിക് ക്രൂയിസ് മിസൈലാണ് ബ്രഹ്മോസ്. കര ആകാശം കടൽ തുടങ്ങി എവിടെ വെച്ചും വിക്ഷേപിക്കാൻ സാധിക്കും.കരയിലോ സമുദ്രത്തിലോ കൃത്യതയോടെയുള്ള ടാർഗറ്റു നേട്ടങ്ങൾക്ക് കഴിവുള്ള ലോകത്തിലെ ഏറ്റവും വികസിത മിസൈലുകളിൽ ഒന്നാണ് ബ്രഹ്മോസ്.
ഇൻഡ്യയിലൂടെ ഒഴുകുന്ന Brahmaputra, റഷ്യയിലൂടെ ഒഴുകുന്ന Moskva എന്നീ രണ്ടു നദികളുടെ പേരുകൾ കൂട്ടിയോജിപ്പിച്ച് ഇട്ടതാണ് ബ്രഹ്മോസ് എന്ന പേര്. 440 മുതൽ 660 വരെ പൗണ്ട് ഭാരമുള്ള ആയുധ ശേഖരങ്ങൾ വഹിക്കാൻ കഴിവുള്ള ബ്രഹ്മോസ് മിസൈലിന്, സാഹചര്യങ്ങൾക്കനുസൃതമായി 186 മുതൽ 310 മൈലുകൾ വരെ ദൂര പരിധിപ്രാപിക്കാനാവും.
ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമിയ്ക്കെതിരേ ബ്രഹ്മോസ് ഗണ്യമായ ഒരു പ്രധിരോധം തീർക്കുന്നു. ഒരു ചൈനീസ് കര, നാവീക ആക്രമണത്തിന്റെ വേഗത ഇതുവരെ പരീക്ഷിക്കപ്പെട്ടിട്ടില്ലെങ്കിലും അതിനെ പ്രധിരോധിക്കാൻ ഫലപ്രഥമാണ് ബ്രഹ്മോസ് എന്ന് യുദ്ദ സൈദ്ദാന്തികർ അനുമാനിക്കുന്നു.
4. കൊൽക്കത്താ ക്ലാസ് സംഹാരക്കപ്പൽ (Kolkata-Class Destroyer) :-
വേഗത + കരുത്ത്, കരയിലും കടലിലും ആക്രമണം നടത്താനുള്ള ശേഷി തുടങ്ങിയ കാര്യങ്ങളിൽ, ഇൻഡ്യൻ നേവിയുടെ കൊൽക്കത്താക്ലാസ് പടക്കപ്പലുകൾ പ്രബലമായ ഒന്ന് തന്നെയാണ്. Multipurpose Destroyers ആണ് ഇവ. ഇൻഡ്യയുടെ എയർക്രാഫ്റ്റ് കരിയറുകൾക്ക് സംരക്ഷണം നൽകാവുന്ന വിധം സ്വതന്ത്രമായി പ്രവർത്തിക്കുക എന്നതാണ് ഇവയുടെ പ്രധാന ദൗത്യങ്ങളിലൊന്ന്. റഡാർ സംവിധാനങ്ങൾ കൃത്യമായി കണ്ടെത്താനും, ഒപ്പം റഡാർ ഗൈഡഡ് മിസൈലുകൾക്ക് തൽക്ഷണം നിർദേശം നൽകാനും, മുങ്ങിക്കപ്പലുക്കളെ കൃത്യമായി കണ്ടെത്താനും നിലവിൽ ഇവയ്ക്ക് കഴിയും. 16 ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് വിമാനങ്ങളെ വഹിക്കാൻ പ്രാപ്തമായ കൊൽക്കത്താ ക്ലാസ് പടക്കപ്പലുകൾ ലോകത്തെ ഏതൊരു നാവീക സേനയോടും ജലോപരിതലത്തിൽ വെച്ച് എതിരിടാൻ കെൽപ്പുള്ള ഒന്നാണ്. ഈ ക്ലാസിൽ പെട്ട നാലു കപ്പലുകൾ കൂടി നിലവിൽ പ്ലാൻ ചെയ്യുന്നുണ്ട്.
5. ആണവ അന്തർവാഹിനികൾ (Arihant-Class Ballistic-Missile Submarine) :-
ദശാബ്ദങ്ങളായി ഇൻഡ്യ ഒരു ആണവ ശക്തിയാണെങ്കിലും അതിന്റെ കാര്യപ്രാതിയുടെ വിശ്വസനീയതയേക്കുറിച്ച് ആർക്കും ഒന്നും അറിയില്ല.
മഹാനഗരങ്ങളിലേക്ക് ശത്രു ലക്ഷ്യമിട്ടാലോ, ഒരു അപ്രതീക്ഷിത ന്യൂക്ലിയർ ആക്രമണത്തിന് ആരെങ്കിലും ഒരുമ്പെട്ടാലോ, ശത്രുവിനുള്ള പുനർവിചിന്തനത്തിനായി ഒരു സർപ്രൈസായി വെച്ചിരിക്കുന്ന ഒന്നാണ് നമ്മുടെ ആണവായുധങ്ങൾ.
ഇന്ത്യ ഒരു ആഴക്കടൽ ആണവ ആക്രമണ ശക്തിയുള്ള ലോകത്തിലെ ആറാമത്തെ രാജ്യമാകാനുള്ള ഡെവലപ്മെന്റിലാണ്. Arihant പ്രത്യേകമായി ആണവ മിസൈലുകൾ വിക്ഷേപിക്കാനുള്ള ഇന്ത്യയിലെ ആദ്യ "ബാലിസ്റ്റിക് മിസൈൽ അന്തർവാഹിനി" ആണ് . പന്ത്രണ്ടോളം K-15 ഷോർട്ട് റേഞ്ച് ന്യൂക്ലിയർ മിസൈലുകളും, നാല് K-4 ഇന്റർമീഡിയറ്റ് റേഞ്ച് ന്യൂക്ലിയർ മിസൈലുകളും വഹിക്കാൻ ഉതകുന്ന ഒന്നാണിത്. K-15 മിസൈലുകൾക്ക് ഇന്ത്യൻ മഹാ സമുദ്രത്തിൽ നിന്ന് 700 കിലോമീറ്റർ ദൂര പരിധി ഉണ്ട്. ചൈനയിലെ 3500 കിലോമീറ്റർ ദൂരം വരെ പോകാവുന്ന IRBM മിസൈലുകളും Arihant നു വഹിക്കാനാവും. ഭാരതത്തിന്റെ ആദ്യ തദ്ദേശീയ "ബാലിസ്റ്റിക് മിസൈൽ വാഹക അന്തർവാഹിനി" ആണിത്.
ചൈനയ്ക്ക് പക്ഷേ അറിഹന്റിനെ തൽക്കാലം ഭയപ്പെടേണ്ട കാര്യമില്ല. കാരണം ആദ്യം ആണവായുധം ഉപയോഗിക്കില്ല എന്ന കരാറിലുള്ള ഒരു പ്രബല രാജ്യമാണിന്ത്യ. എന്നാൽ ഇന്ത്യയ്ക്കെതിരേ അങ്ങനെ ഒരു നീക്കമുണ്ടായാൽ പോലും, ആ നയം മാറ്റാൻ ഉതകുന്ന വിജയകരമായ ഒന്നാണ് Arihant Class. പന്ത്രണ്ടോളം ആണവ മിസൈലുകൾ ഇവയിൽ വിന്യസിക്കാം. ഇതേ വിഭാഗത്തിൽ പെട്ട മൂന്നു മുങ്ങിക്കപ്പലുകൾ കൂടി പ്ലാൻ ചെയ്തിരിക്കുന്നു
6. ബാലിസ്റ്റിക് മിസൈലുകൾ. (Intermediate-Range Ballistic Missile) :-
2015 Jan. 31.
ബേ ഓഫ് ബംഗാളിലെ വീലേർസ് ഐലന്റിൽ നിന്നും ഇൻഡ്യയുടെ ആദ്യത്തെ ലോങ് റേഞ്ചർ ബാലിസ്റ്റിക് മിസൈൽ, AGNI V വിജയകരമായി പരീക്ഷിക്കപ്പെട്ടു.
ബെയ്ജിങ്ങ് ഉൾപ്പെടെ (ബെയ്ജിങ്ങോ, ഷാങ്ഹായിയോ മാത്രമല്ല) ചൈനയിലെ ഏത് മഹാ നഗരത്തിലെയും ടാർഗറ്റുകളിലേക്ക് AGNI V യ്ക്ക് കൃത്യമായി എത്തിച്ചേരാൻ കഴിയും.
അഗ്നി 5 ഒരു IRBM മിസൈലാണ്. (Intermediate-Range Ballistic Missile).
ഒരു ടൺ ഭാരവുമായി 5000 കിലോമീറ്ററുകൾ ഇത് സഞ്ചരിക്കും. "India's 'Beijing Killer' Missile" എന്നാണ് വാർ തീയറിസ്റ്റുകൾ അഗ്നിയെ വിലയിരുത്തുന്നത്. അഗ്നി 5 ന്റെ 5000 കിലോ മീറ്റർ പ്രഹര പരിധിയ്ക്ക് ഏറെക്കുറേ ഏഷ്യ, നോർത്ത് ആഫ്രിക്കയുടെ നല്ലൊരു ഭാഗം, കിഴക്കൻ യൂറോപ്പ്, റഷ്യയുടെ ചില ഭാഗങ്ങൾ എന്നിവയൊക്കെ സാധ്യമായ ഡിസ്റ്റൻസാണ്.
നിലവിൽ ചൈന ഇക്കാര്യത്തിൽ നമ്മേക്കാൾ ബഹുദൂരം മുന്നിലാണ്. ഇൻഡ്യയുടെ ഏതു ഭാഗത്തും എത്താവുന്ന ICBM (Inter Continental Ballistic Missile) മിസൈലുകൾ അവർക്കുണ്ട്.
7. വരുന്നൂ, ഇൻഡ്യയുടെ ആദ്യ ഭൂഘണ്ടാന്തര ബാലിസ്റ്റിക് മിസൈൽ. :-
ഇൻഡ്യയുടെ, പി.എസ്.എൽ.വി റോക്കറ്റുകളുപയോഗിച്ചുള്ള ബഹിരാകാശ പരീക്ഷണങ്ങളെ നിരീക്ഷിച്ചിരുന്ന പെന്റഗൺ, ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകളിലേക്ക് ഇന്ത്യ അതിവേഗം അടുക്കുന്നു എന്ന് നേരത്തേ തന്നെ സംശയം ഉന്നയിച്ചിരുന്നു. അഗ്നി 5 അതിന്റെ തുടക്കം മാത്രമായിരുന്നു. ( മുൻപ് റഷ്യ അമേരിക്കാ പോസ്റ്റിൽ, സാറ്റലൈറ്റ് പരീക്ഷണങ്ങളധികവും മിലിട്ടറി പർപ്പസിനു വേണ്ടിയാണ് എന്ന് എഴുതിയിരുന്നു. ദീർഖദൂര മിസൈലുകളുടെ പ്രവർത്തന ക്ഷമത പരീക്ഷിക്കാൻ ഇന്ന് ആകെയുള്ള മാർഗ്ഗം സ്പേസിലേക്കും മറ്റും റോക്കറ്റുകൾ അയക്കുക എന്നതാണ്.)
2015 ഏപ്രിലിൽ ദീർഖകാല അഭ്യൂഹങ്ങൾക്ക് വിരാമമിട്ടു കൊണ്ട്, DRDO ((Defence Research and Development Organization) ) യുടെ Armament Research Board ചെയർമാനായ S.K. Salwan ആ വിവരം പുറത്തു വിട്ടു. ഇൻഡ്യ ഒരു ICBM ന്റെ പണിപ്പുരയിലാണ്. 2017 ൽ ഇത് പരീക്ഷണം നടത്തിയേക്കും.
സൂര്യ എന്ന കോഡ്നെയിമിട്ടിട്ടുള്ള Agni VI - ICBM ഇപ്പോൾ ഗർഭാവസ്ഥയിലാണ്. യൂറോപ്പ്, ഏഷ്യ, ആഫ്രിക്ക & ഓഷ്യാനിയ എന്നിവിടങ്ങളിലേക്ക് ഇതിനു പ്രഹര ശേഷിയുണ്ടാവും. കൂടാതെ അലാസ്കാ, നോർത്തേൺ കാനഡ എന്നിവിടങ്ങളിലേക്ക് ടാർഗറ്റ് കണ്ടെത്താനുമാവും. എന്നാൽ യുണൈറ്റഡ് സ്റ്റേറ്റ്സ് , സൗത്ത് അമേരിക്ക തുടങ്ങിയ ഭൂഖണ്ഡങ്ങളിലേക്ക് ഇതിന് എത്തിച്ചേരാനാവുമോ എന്ന് സംശയമുണ്ട്. എന്നാൽ വളരെ അകലെയുള്ള ഒരു ടാർഗറ്റ് ലക്ഷ്യമിടുന്ന, കൂടുതൽ മികച്ച ഭൂഘണ്ടാന്തര ബാലിസ്റ്റിക് മിസൈലുകളിലേക്ക് അധികം വൈകാതെ എത്തിയേക്കാം.
വിക്കി പീടിയയിൽ ഇങ്ങനെ കാണുന്നു.
Agni-VI (Under Development):
is a ICBM with a range of 8,000-10,000 km and is expected to enter service in 2018.
എന്തുകൊണ്ട് നാം ICBM നിർമ്മിക്കുന്നു?
_______________________________
ചേരിചേരാ പ്രസ്ഥാനത്തിന്റെ ഉപജ്ഞാതാക്കളായിരുന്നു ഇന്ത്യ. എന്നാൽ അതിനെ ചോദ്യം ചെയ്തു കൊണ്ടാണ് 1962 ൽ ചൈനീസ് ആക്രമണം സംജാതമായത്. എങ്കിലും ഇന്നും നാം പഴയ ചേരിചേരാ പ്രസ്ഥാനത്തോട് അടുത്തു നിൽക്കുന്ന ഒരു ന്യൂട്രൽ സമീപനമാണ് അനുവർത്തിച്ചു പോരുന്നത്. ഇനി ഒരു ലോക മഹായുദ്ദമുണ്ടായാൽ അത്തരം ന്യൂട്രാലിറ്റി കൊണ്ട് പ്രത്യേകിച്ച് കാര്യമുണ്ടെന്ന് തോന്നുന്നില്ല. ഇൻഡ്യയ്ക്കും ഭാഗഭാക്കാകെണ്ടി വരാം. സ്വഭാവികമായും നിലവിലെ ശാക്തിക ചേരികൾ വെച്ച് അമേരിക്ക എതിരായി വരാനുള്ള സാധ്യത വളരെ കൂടുതലാണ്. അത്തരം ഒരു അവസ്ഥയെ നാം ഇപ്പോഴേ മുൻകൂട്ടി കാണേണ്ടതുണ്ട്. ബെയ്ജിങ് വരെ എത്താവുന്ന IRBM മിസൈലിൽ നിന്നും ഭൂഘണ്ടങ്ങൾ താണ്ടാവുന്ന ഒരു ICBM മിസൈൽ അതുകൊണ്ടു തന്നെ നമുക്ക് ആവശ്യമാണ്.
പ്രശസ്ഥമായ ഒരു പഴയകാല സംഭവം ഇൻഡ്യൻ സൈന്യത്തിന് മുന്നിൽ എപ്പോഴും ഒരു അനുഭവപാഠമായി ഇരിപ്പുണ്ട്.
1971 ലെ ഇൻഡോ പാക്ക് യുദ്ധം.
ഇന്ത്യയുടെ കരസേന, നാവികസേന , വ്യോമസേന എന്നിവയുടെ ക്ലിനിക്കൽ പ്രൊഫഷണലിസം, ലോകത്തിനു ആദ്യമായി ബോധ്യമായ കാലം. അന്ന് പാക്കിസ്ഥാനെ സപ്പോർട്ട് ചെയ്യുന്ന രാജ്യമായിരുന്നു യുണൈറ്റഡ് സ്റ്റേറ്റ്സ്.
റിച്ചാർഡ് നിക്സൺ ആയിരുന്നു അമേരിക്കൻ പ്രസിഡന്റ്. യുദ്ധത്തോടനുബന്ധിച്ച് അമേരിക്ക മൂന്ന് ബറ്റാലിയൻ മറീനുകളെ ഇൻഡ്യൻ സമുദ്രത്തിൽ ഒരു നിരീക്ഷണത്തിനു വിട്ടു. അതിനേത്തുടർന്ന് യു.എസ്.എസ് എന്റർപ്രൈസസ് എന്ന പടക്കപ്പൽ ഇൻഡ്യൻ മഹാ സമുദ്രത്തിൽ നമ്മെ ഭീതിപ്പെടുത്തിക്കൊണ്ടിരുന്നു...
കാലം ഇന്നൊരുപാട് കഴിഞ്ഞെങ്കിലും യുദ്ധ തത്വം അനുസരിച്ച് ആരും ആരേയും വിശ്വസിച്ചു കൂടാ എന്ന ഒന്നുണ്ട്. നാളെ കാശ്മീർ വിഷയത്തിൽ അമേരിക്കൻ നിലപാട് ഒരുപക്ഷേ മാറിയേക്കാം. അമേരിക്കൻ നിലപാടുകൾ എപ്പോഴും അവരുടെ സ്വാർഥ താല്പര്യങ്ങളെ മാത്രം ആശ്രയിച്ചാണിരിക്കുന്നത്. അതിനാൽ നമുക്ക് ഒരു മുൻ കരുതൽ കൂടിയേ തീരൂ. 1971 ലെ ഇൻഡ്യൻ സമുദ്രാതിർത്തിയിലുണ്ടായ ആ സംഭവത്തിൽ നിന്നുള്ള തിരിച്ചറിവാണ് നമ്മെ ഇന്നൊരു ബാലിസ്റ്റിക് മിസൈലിന്റെ അനിവാര്യതയിലേക്ക് എത്തിച്ചത്. 10,000 മുതൽ 15,000 കിലോമീറ്റർ വരെ ദൂര പരിധിയുള്ള ഒരു ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ, വരുന്ന ദശാബ്ദത്തിൽ തന്നെ നമ്മുടെ സൈന്യം സ്വന്തമാക്കും.
ഉപസംഹാരം
___________
സൂപ്പർ പവറായ ചൈനയ്ക്ക്, യു.എസ് ഉൾപ്പെടെ ആരുമായും ഒരു ഏറ്റുമുട്ടൽ ഭീതി നിലവിലുണ്ട്. ഇൻഡ്യയ്ക്ക് പൊതുവിൽ പാക്കിസ്ഥാൻ, ചൈന എന്നിവരല്ലാതെ പറയത്തക്ക എതിരാളി ഇപ്പോഴില്ല. ബീജിങ്ങ്, ഷാങ്ഹായ് എന്നിവയും, കൂടാതെ പാക്കിസ്ഥാൻ മുഴുവനായും കവർ ചെയ്യാവുന്ന ദൂര പരിധിയിലുള്ള മിസൈലുകൾ തൽക്കാലം നമുക്കുണ്ട്. ഇത്തരം ഒരവസ്ഥയിൽ ഒരു മുഴുനീള ബലാബലത്തിന് ചൈനയോ പാക്കിസ്ഥാനോ തൽക്കാലം നിൽക്കാൻ സാധ്യതയില്ല.
1962 ലെ യുദ്ദത്തിൽ ചൈനയോട് നേരിട്ട പരാജയത്തിൽ നിന്നും അര നൂറ്റാണ്ട് കഴിഞ്ഞിരിക്കുന്നു. നിലവിലെ ഇൻഡ്യൻ മിലിട്ടറി സ്ട്രാറ്റജി ഏറെ മുന്നോട്ട് പോയിരിക്കുന്നു. എങ്കിലും ഒരു ഇൻഡോ - സിനോ വാർ സാധ്യത എപ്പോഴും നില നിൽക്കുന്നു. നമ്മുടെ പ്രധിരോധ ബജറ്റ് വർദ്ദിപ്പിച്ച് കാലഘട്ടാനുസൃതമായ അപ്ഡേഷനുകളോടെ പുതിയ ആയുധങ്ങൾ നാം നേടിയേ തീരൂ. ഇൻഡ്യയിലേക്ക് കടന്നു കയറാൻ ശ്രമിക്കുന്ന ശത്രുവിനെ, വാതിൽക്കൽ വെച്ച് ദൗത്യം ഉപേക്ഷിച്ച് തിരിച്ച് പോകാൻ പ്രേരിപ്പിക്കുന്ന ഒരു സൈനീക ശാക്തികത നമുക്കുണ്ടായേ തീരൂ.
ആരേയും ആക്രമിക്കാനല്ല, സ്വയ രക്ഷയ്ക്ക് വേണ്ടി മാത്രം!
ജയ് ഹിന്ദ്.
ഭാരത് മാതാ കീ ജയ്!!!
________________________________
ഒപ്പം കൊടുത്തിട്ടുള്ള ചിത്രം - INS VIKRAMADITYA.
കൂടുതൽ ചിത്രങ്ങൾ ആദ്യ കമന്റുകളിൽ കാണാം.
പ്രധാന വസ്തുതകൾക്കുള്ള കടപ്പാട് :
വിക്കി പീഡിയ, ദി നാഷണൽ ഇന്ററെസ്റ്റ്, ദി ഡിപ്ലോമാറ്റ്, Kyle Mizokami, Zachary Keck, Manish Acharya, Ankit Panda