CINEMA എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
CINEMA എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ബുധനാഴ്‌ച, മാർച്ച് 28, 2012

മലയാള സിനിമയിലെ നായികമാരുടെ മരണം: ഒരു പോസ്റ്റുമോർട്ടം റിപ്പോർട്ട്

മലയാള സിനിമയിലെ നായികമാർചത്തും, പ്രസവിച്ചും, പേറെടുത്തും, കുന്നായ്മ പറഞ്ഞും, കുന്നത്ത് ജൂവലറീലെ ആഭരണം എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയും കാലം കഴിയ്ക്കാൻ തുടങ്ങീട്ട് ഇന്നേക്ക് എത്രയേതാണ്ടോ വർഷങ്ങളാകുന്നു. സിനിമാ നിരൂപകർ, മലയാളം സിനിമയേയും, കഥാ പാത്രങ്ങളേയും, എന്തിന് ക്ലീഷേയേയും, ബ്ലൂഷേയേയും വരെ പിടിച്ച് കെട്ടി പോസ്റ്റുമോർട്ടം ചെയ്യാൻ തുടങ്ങീട്ടും ഏതാണ്ട് ഇത്ര തന്നെ കാലങ്ങളായി. ഇതൊന്നും പോരാഞ്ഞ്, സാക്ഷാൽ ഞാനും, സാക്ഷാൽ ബെർളീ തോമസും, സാക്ഷാൽ... അല്ലെങ്കിൽ സാക്ഷാൽ വേണ്ട, സാക്ഷാൽ അല്ലാത്ത  സാദാ ബ്ലോഗേഴ്സ് ആയ സാധുക്കൾ വരെ, സാധൂ ബീഡിയും വലിച്ച് കൊണ്ട് മലയാള സിനിമയേക്കുറിച്ച് കദന പോസ്റ്റുമാർട്ടങ്ങൾ എഴുതിക്കൊണ്ടിരിയ്ക്കുന്നു.

ഈ പോസ്റ്റും അത്തരമൊരു മൈനർ പോസ്റ്റുമോർട്ടമാണ്. ഇത് വായിച്ച് ആരുമെന്നെ മേജർ പോസ്റ്റുമോർട്ടം ചെയ്യരുത് എന്ന് വിനയ പൂർവ്വം അപേക്ഷിച്ച് കൊണ്ട് ഈ പോസ്റ്റ് ഇവിടെ തുടങ്ങുന്നു. [സിംബൽ.....] ഇന്നത്തെ നമ്മുടെ വിഷയം, മലയാള സിനിമയിലെ നായികമാരുടെ ദുർ മരണങ്ങളേക്കുറിച്ചാണ് .

മലയാള നായികമാരുടെ മരണത്തെ പത്തായി തരം തിരിക്കാം...

ഒന്ന്: കെട്ടി ഞാന്നു ചാകൽ:-
നായിക കെട്ടി ഞാന്നു ചാകാൻ പലവിധ കാരണങ്ങളുണ്ട്. ഒന്നാമത്തേത് അവിഹിത ഗർഭമായിരിക്കും. ഐപിൽ കണ്ട് പിടിച്ചിട്ടില്ലാത്ത കാലമായതിനാൽ വയറു വീർക്കാൻ വളരെ ചാൻസാണ്. ഗർഭം സമ്മാനിച്ചവനെ രക്ഷിക്കുക എന്ന ദൗത്യം സ്വയമേവ ഏറ്റെടുത്താണ് നായിക കെട്ടിത്തൂങ്ങാൻ തീരുമാനിയ്ക്കുന്നത്. മിക്കവാറും ഇത് ചെയ്തിരുന്നത് ഓപ്പോൾ എന്ന വംശ പരമ്പരയിൽ പെട്ടവരായിരുന്നു. ഇന്ന് ഓപ്പോളോ, ജോപ്പോളോ, ജോപ്പോൾ അഞ്ചേരിയോ സിനിമയിൽ നിന്ന് അന്യം നിന്ന് പോയതു കൊണ്ട് കെട്ടി ഞാന്നു ചാകലും വംശ നാശം സംഭവിച്ച് പോയ മട്ടാണ്. നായിക തൂങ്ങിച്ചത്തു എന്ന് മനസ്സിലാകുന്നത്, പലപ്പോഴും നായികയുടെ അനിയത്തി മുറിയിലേക്ക് കയറി വരുമ്പോൾ എയറിൽ നിൽക്കുന്ന രണ്ട് കാലുകൾ കണ്ടാവും. എങ്ങും തൊടാതെ വായുവിൽ കാല് കണ്ടാൽ അന്നേരം മനസ്സിലാക്കിക്കോണം, നായിക കെട്ടിത്തൂങ്ങിച്ചത്തെന്ന്.

രണ്ട്: കെട്ടിടത്തീന്ന് ചാടി ചാകുന്നത്:-
കെട്ടിടത്തീന്ന് ചാടിച്ചാകുന്നത് വല്ലപ്പോഴും മാത്രമായിക്കണ്ടു വരുന്ന പ്രതിഭാസമാണ്. മുൻപൊക്കെ രണ്ടു നില ബംഗ്ലാവിന്റെ മേലേന്ന് ചാടി ചാവുന്ന നായികമാരുണ്ടായിരുന്നു. നടുമുറ്റത്ത് നായിക കമിഴ്ന്ന് കിടക്കുകയും, നിലത്ത് തലയുടെ ഭാഗത്ത്, രക്തം പമ്പാ നദി പോലെ കിട്ക്കുകയും ചെയ്താൽ അന്നേരം ഉറപ്പിച്ചോളണം നായിക ചാടിച്ചത്തു. കേരളത്തിൽ ഫ്ലാറ്റ് സംസ്കാരം ഒക്കെ  ആയതോടുകൂടി, ഇത്രയും ഉയരമുള്ള കെട്ടിടത്തിൽ നിന്നും എങ്ങനെ ചാടും എന്ന ബുദ്ധിമുട്ടുകൊണ്ടാവണം ഇപ്പോ ചാടിച്ചത്തു എന്ന് കേൾക്കുന്നത് അപൂർവമാണ്.

മൂന്ന്: നായിക കൊക്കയിൽ ചാടി ചാകുന്നത് :
നായിക കൊക്കയിലേക്ക് ചാടുന്നത് ഒരുപാട് പ്രതീക്ഷകളോടെയാണ്. പക്ഷേ അവിടെ നാശം പിടിച്ച നായകൻ അപ്രതീക്ഷിതമായി അവതരിച്ചു കളയും. കൊക്കയിലേക്ക് ചാടുന്ന നായികയുടെ വിരലിന്റെ അറ്റത്ത് പിടിയ്ക്കുന്ന നായകൻ അവളെ വല്ല വിധേനയും രക്ഷിച്ചെടുത്ത് കളയും. ഈ സാങ്കേതിക വിദ്യ മലയാളത്തേക്കാൾ ഉപയോഗിക്കപ്പെട്ടത് എൺപതുകളിലെ മിഥുന് ചക്രവർത്തി, അമിതാഭ് ബച്ചൻ ഹിന്ദി സിനിമകളിലായിരുന്നു.  എങ്കിലും ചാടിച്ചത്ത നായികമാർ ഭാഗ്യം ചെയ്തവരാണ്. കൊക്കയിലേക്ക് എടുത്ത് ചടി മരിച്ച നായികമാരുടെ പ്രേതം വാഗമണ്ണും, കൊടൈക്കനാലിലും ഇപ്പോഴും അലയടിയ്ക്കുന്നു.

നാല്: ട്രെയിനിന്റെ മുൻപിലേക്ക് ചാടി ചാകൽ:-
അലറിപ്പാഞ്ഞു വരുന്ന ട്രെയിൻ.... ഉലഞ്ഞ സാരിയും, മുഖത്തെന്തോ, തലേന്നത്തെ ഉറക്കം ശരിയായില്ലെന്ന ഭാവവും മായി ട്രാക്കിന്റെ ഓരം ചേർന്ന് നായിക നിൽക്കുന്നുണ്ടെങ്കിൽ ഉറപ്പിക്കണം. അവളെടുത്ത് ചാടും... നിർഭാഗ്യമെന്ന് പറയട്ടെ ഇങ്ങനെയെങ്കിലും ചാടി, ഈ നായകനിൽ നിന്ന് രക്ഷപെടാമെന്നു കരുതുന്ന നായികയ്ക്ക് അവിടേയും രക്ഷയില്ല. നായകൻ സ്പോട്ടിലെത്തും, നായികയെ ട്രെയിനിനു മുൻപിൽ നിന്ന് വലിച്ച് മാറ്റി, മെറ്റിലിലൂടെ ഉരുണ്ട് പിരണ്ട് വല്ല വിധേനയും ഒരു ദുർമരണം ഒഴിവാക്കും. കഷ്ട്ടമെന്നല്ലാതെ എന്തു പറയാൻ

അഞ്ച്: ബലാത്സംഗം ചെയ്ത് കൊല്ലൽ:-
ഘടാഘടിയനായ വില്ലന്മാർ നായികയെ പൂണ്ടടക്കം ബലാൽസംഗം ചെയ്ത് ദാരുണമായി കൊലപ്പെടുത്തുന്നത് കണ്ട് മലയാള സിനിമ ഞെട്ടിത്തരിച്ചിട്ടുണ്ട്. ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്ന നായികയുടെ ഐഡന്റിറ്റി - മുഖത്തെ നഖപ്പാടുകൾ, ചുണ്ടിലെ ചോര, ഉലഞ്ഞ മുടി, പറിച്ചെറിയപ്പെട്ട വസ്ത്രങ്ങൾ തുടങ്ങിയവയായിരിക്കും. ഇത്രയും രോഗ ലക്ഷണങ്ങൾ കാണപ്പെട്ടാൽ ഉറപ്പിച്ചോളൂ അത് ബലാത്സംഗ കൊലപാതകം തന്നെ...

ആറു: വിഷം കഴിച്ച് ചാകൽ:-
വിഷം കഴിച്ച് ചത്ത നായികമാരുടെ എണ്ണം അസംഖ്യമാണ്. വിഷം കഴിച്ച് ചാകുന്ന നായികമാരെ ശ്രദ്ധിച്ചാലറിയാം അവർ ക്ഷയിച്ച തറവാട്ടിലെ ആത്മാഭിമാനമുള്ള പെണ്ണുങ്ങളാരിയ്ക്കും. കുടുമ്പത്തിലെ ഇല്ലായ്മ, മറ്റുള്ളവരുടെ അപമാനം, കൈ നീട്ടാനുള്ള മടി തുടങ്ങിയവയാണ് ഇത്തരം നായികമാരേക്കൊണ്ട് ഈ കടും കൈ ചെയ്യിപ്പിക്കുന്നത്. ഏതെങ്കിലും നായിക  വിഷം കഴിച്ച് മരിച്ചെന്ന് കേട്ടാൽ അന്നേരം ഓർത്തോളണം, അവൾ കുടുമ്പത്തിൽ പിറന്നവള് തന്നെ എന്ന്.

ഏഴ്: ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യൽ:-
ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുന്ന നായിക മിക്കവാറും ഹോസ്റ്റലിൽ ജീവിയ്ക്കുന്നവളായിരിക്കും. അല്ലെങ്കിൽ മാതാപിതാക്കളുടെ സ്വരച്ചേർച്ചയില്ലായ്മ മൂലം തീവ്ര മനോ വേദന അനുഭവിയ്ക്കുന്നവളും. ഇങ്ങനെ ആത്മഹത്യ ചെയ്യുന്നവർ നേരേ ബാത് റൂമിൽ എത്തി ഒരു ബക്കറ്റ് വെള്ളത്തിലേക്കോ, ടമ്പ്ലറിലേക്കോ, വാഷ്ബേസിനിൽ തന്നെയോ ഞരമ്പ് മുറിച്ച് കൂളായി ചത്ത് കിടക്കും. ഇങ്ങനെ ചാകുന്നവർ നരകത്തിലേക്കേ പോകൂ എന്ന് വേണം അനുമാനിയ്ക്കാൻ. ശരീരത്തിൽ ഒരു തുള്ളി രക്തം ശേഷിച്ചിട്ടില്ലാത്തതു കാരണം ഇവർക്ക് സ്വർഗ്ഗം വരെ പോയെത്തിച്ചേരാനുള്ള ആരോഗ്യം ഉണ്ടായിരിക്കില്ല.

എട്ട്: ചത്ത് കുളത്തിൽ പൊങ്ങിക്കിടക്കൽ:-
ചത്ത് കുളത്തിൽ പൊങ്ങിക്കിടന്ന നായികമാർ വംശനാശം സംഭവിച്ച് കഴിഞ്ഞിരിയ്ക്കുന്നു. പേരിനു പോലും ഒരു തറവാട് കാണിയ്ക്കാൻ ഇന്നത്തെ സിനിമക്കാർ മടിയ്ക്കുന്നതാണ് ഇതിന് കാരണം. തറവാടുകളും അവിടുത്തെ ജന്മി കുടിയാൻ തത്വ പ്രതിസന്ധികളും മൂലമാണ് നായികമാർക്ക് കുളത്തിൽ ചത്ത് പൊങ്ങിക്കിടക്കേണ്ടി വന്നത്. മിക്കവാറും താനുമായുള്ള അവിഹിത ബന്ധത്തിന്റെ ഫലമായി നായികയുടെ വയർ വീർത്തതു കൊണ്ട്, തറവാട്ടിലെ കാരണവരായിരിക്കും ഈ കടും കൈ ചെയ്തിരിക്കുക. നായികയുടെ മരണ കാരണം അടി വയറ്റിലേറ്റ തൊഴിയാവും. ഇങ്ങനെ മരിയ്ക്കുന്ന നായികമാർ കൂടുതലും, അടിച്ചു തളി ജാനുവിന്റെ കാറ്റഗറിയിൽ പെട്ടതായിരിക്കും. അല്ലെങ്കിൽ തറവാട്ടിലെ ഹോം നേഴ്സ്...

ഒൻപത്: വെടിയുണ്ട,വാൾ, കഠാര തുടങ്ങിയവ മൂലമുള്ള മരണം:-
ഈ വക മരണങ്ങൾ അന്തമില്ലാതെ സംഭവിച്ച് കൊണ്ടിരിയ്ക്കുന്നു. ഇന്നലെയും, ഇന്നും, എന്നും ഇങ്ങനെ ചാകുന്ന നായികമാർ നില നിന്നുകൊണ്ടേയിരിക്കും

പത്ത്: ഗുളിക കഴിച്ച് ചാകൽ:-
ഗുളിക കഴിച്ച് ചാവുന്നതാണ് എക്കാലത്തേയും മലയാള സിനിമയിലെ സ്റ്റാൻഡേർഡ് സൂയിസൈഡ്. ഇത് കൂടുതലായും കാണപ്പെട്ടത് മധു സിനിമകളിലാണ് [എടാ പട്ടീ... ഇതു ഞാനാടാ മഴൂ.....]
 മധുവിന്റെ ഭാര്യയോ, കാമുകിയോ, അവിഹിത കേസു കെട്ടോ ഒക്കെയായ ശ്രീവിദ്യ, ജയഭാരതി, സീമ തുടങ്ങിയ വല്യ വീട്ടിലെ നായികമാർ, ഫാൽക്കൺ പ്രൊഡക്റ്റിന്റെ സ്റ്റിക്കറൊട്ടിച്ച ബംഗ്ലാവിലെ ബെഡ്രൂമിൽ വെച്ച്, ഈ രീതിയിൽ ആത്മഹത്യ ചെയ്ത് ഇല്ലാതായിട്ടുണ്ട്. ഒരു തരം റോസ് നിറമുള്ള ഡപ്പി എടുക്കും, കുഞ്ഞു കുഞ്ഞു ഗുളികകൾ ഡപ്പിയോടെ കയ്യിലേക്ക് കമിഴ്ത്തിയിട്ട് അത് അപ്പാടെ വായിലേക്കിട്ട് വിഴുങ്ങും. പിറ്റേന്ന് നേരം വെളുക്കുമ്പോ നായിക ക്ലോസായിക്കിടക്കുന്നതാണ് പ്രേക്ഷകൻ കാണുന്നത്. ഇത്തരം സാംബ്രദായിക ആത്മഹത്യ ചെയ്തു പോന്നിരുന്നത്, സമൂഹത്തിലെ ഉന്നതകുലജാതരായതു കൊണ്ട്, ഈ സൂയിസൈഡിനെ സൂയിസൈഡുകളിലെ രാജാവ് എന്ന് പറയപ്പെടുന്നു. 

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 26, 2011

ദൈവത്തിരുമകള്‍

ഒരു സിനിമ, അതെത്ര കൊമേഴ്സ്യല്‍ വിജയം ലക്ഷ്യമിട്ടാലും സിനിമയിലൂടെ സമൂഹത്തിനു കൊടുക്കേണ്ടുന്ന ഒരു സന്ദേശമുണ്ട്. ആത്യന്തികമായി അത് നന്മയുടെ സത്തയേക്കുറിച്ചോ, സ്നേഹത്തിന്റെ മൂല്യത്തേക്കുറിച്ചോ ഒക്കെയുള്ള ഗുണപാഠങ്ങളായിരിക്കുംബോഴാണ് സിനിമ സമൂഹത്തിനു മാതൃകയാവുന്നത്. ഇത് സിനിമയ്ക്കെന്നല്ല, ഏതൊരു കലയ്ക്കും ബാധകമാണ്. ഗുണപാഠങ്ങള്‍ക്ക് ഏതു പ്രായത്തിലും, ഏതു കാലവസ്ഥയിലും, ഏതു സാഹചര്യത്തിലും, ഏതു സമൂഹത്തിലും അത്രയേറെ പ്രസക്തിയുണ്ട്. പ്രത്യേകിച്ചും മൂല്യച്ച്യുതി ഏറെ സംഭവിച്ചു കൊണ്ടിരിക്കുന്ന ഒരു കാലഘട്ടത്തിലൂടെ നാം പൊയ്ക്കൊണ്ടിരിക്കുന്മ്പോള്‍.

എ.എല്‍. വിജയ് സ്റ്റോറിയും, ഡയറക്ഷനും നിര്‍വഹിച്ച ദൈവത്തിരുമകള്‍ ഇത്തരം സ്നേഹത്തിന്റേയും നന്‍മ്മയുടേയും അഭ്ര ചാരുത സമ്മാനിച്ച് നമ്മെ അക്ഷരാര്‍ത്ഥത്തില്‍ ആനന്ദിപ്പിക്കുകയാണ്. അഞ്ചു വയസുകാരന്റെ ബുദ്ധി മാത്രമുള്ള കൃഷ്ണ (വിക്രം) എന്ന പിതാവും, അയാളുടെ ഏക മകളായ നിലായും (സാറ) തമ്മിലുള്ള ഹൃദയ സ്പര്‍ശിയായ ആത്മ ബന്ധം വരച്ചു കാട്ടുന്നതാണ് ഈ സിനിമയുടെ ഇതിവൃത്തം. ഊട്ടിയിലെ ഒരു ചോക്കലെറ്റ് ഫാക്ടറിയിലെ ജീവനക്കാരനായ കൃഷ്ണയ്ക്ക് എല്ലാമെല്ലാം തന്റെ മകള്‍ നിലായാണ്. അവള്‍ക്ക് തിരിച്ചുള്ളതും അങ്ങനെ തന്നെ. പക്ഷേ ജീവിതത്തിന്റെ ഒരു ട്രാക്കില്‍ വെച്ച് ആ പിതാവിനു തന്റെ മകളെ നഷ്ട്ടപ്പെടുകയാണ്. കൃഷ്ണയുടെ ഭാര്യ (അവര്‍ മരിച്ചുപോയി) യുടെ വീട്ടുകാര്‍ അവളെ ചെന്നൈയിലെ വീട്ടിലേക്ക് തട്ടിക്കൊണ്ട് പോകുന്നു. തന്റെ മകള്‍ക്കു വേണ്ടി കൃഷ്ണ എന്ന - അഞ്ചു വയസുകാരന്റെ ബുദ്ധിയുള്ള - പിതാവ് നടത്തുന്ന ശ്രമങ്ങളുടെ കണ്ണീരണിക്കുന്ന കധയാണീ സിനിമ.സമൂഹത്തില്‍ ഉന്നത സ്ഥാനങ്ങളും, പിടിപാടുമുള്ളവര്‍ക്കെതിരേ നീതി ലഭിക്കാന്‍ വേണ്ടി ഇതൊന്നുമില്ലാത്ത, ബുദ്ധി വളര്‍ച്ച പോലുമില്ലാത്ത ഒരാള്‍ക്ക് അനുഭവിക്കേണ്ടി വരുന്ന വൈജാത്യങ്ങളുടെ കൂടി കഥയാണീ സിനിമ. ഇന്ത്യന്‍ സിനിമയില്‍ വിക്രത്തിന്റെ പ്രസക്തി എന്തെന്ന് ഒരിയ്ക്കല്‍ കൂടി ബോധ്യപ്പെടുത്തി തരുന്നു ഈ സിനിമ. അനിതര സാധാരണമായ അഭിനയ മികവു കൊണ്ട് വിക്രം നമ്മെ അദ്ഭുതപ്പെടുത്തുകയാണ്. അഞ്ചു വയസ്സിന്റെ ബുദ്ധിയുള്ള കൃഷ്ണയുടെ ഒരോ മാനറിസങ്ങളും, എക്സ്പ്രെഷനുകളും ആ നടന്റെ അഭിനയ ജീവിതത്തിലെ നാഴികക്കല്ലായിരിക്കും.ഈ കഥാപാത്രമാകാന്‍ വേണ്ടി നടപ്പിലും, നോട്ടത്തിലും, ഭാവത്തിലും, സംസാരത്തിലും എന്നു മാത്രമല്ല, ശരീരം ഒരുക്കിയെടുക്കുന്നതില്‍ പോലും അദ്ധേഹം എത്ര കണ്ടു പരിശ്രമിച്ചിരിക്കുന്നു എന്നത് ഈ ചിത്രം കാണുന്ന ഒരോരുത്തവര്‍ക്കും മനസിലാകും. ഡയറ്റ് ചെയ്ത് മെലിഞ്ഞൊട്ടിയ ശരീരമാണ് ഈ ചിത്രത്തിലെ വിക്രത്തിന്റെ കഥാപാത്രത്തിനുള്ളത്. എന്നാല്‍ കഥ സൊല്ലപ്പോറേന്‍ ഒരു പാട്ടു സീനിലെ - സങ്കല്‍പ്പത്തില്‍- സൂപ്പര്‍മാനായും, രാജാവായും വരുന്ന വിക്രം അദ്ധേഹത്തിന്റെ സ്വഭാവികമോ, അല്ലെങ്കില്‍ ബില്‍ഡപ്പ് ചെയ്ത ശരീരവുമായോ ആണ് പ്രത്യക്ഷപ്പെടുന്നത്. മനോഹരമായ ചില ത്രീ ഡി ആനിമേഷന്‍ രംഗങ്ങളുള്ള ഈ ഗാനം ദൈവത്തിരുമകളുടെ സവിശേഷതയാണ്. അതിലേ ആനിമേറ്റഡ് രൂപങ്ങളുടെ നിലവാരവും മികച്ചത് തന്നെ. രണ്ട് ശാരീരികാവസ്ഥകളുണ്ടാക്കാന്‍ അദ്ധേഹം വളരെ അദ്ധ്വാനിച്ചിട്ടുണ്ട്. ഒരു നടന്‍ പെര്‍ഫെക്റ്റാവുന്നത്, അയാളുടെ ശരീരം കഥയ്ക്കും കഥാപാത്രത്തിനുമനുസരിച്ച് രൂപമാറ്റം സംഭവിപ്പിക്കുന്നതിനാലും കൂടിയാണ്. വിക്രത്തിനു പുരസ്ക്കാരങ്ങളുടെ പെരു മഴ തന്നെ ലഭിച്ചേക്കാം.

കൃഷ്ണയുടെ മകള്‍ നിലായായി അഭിനയിച്ചിരിക്കുന്ന സാറ, അതിന്റെ അഭിനയത്തിലൂടെ മറ്റൊരദ്ഭുതം കൂടി നമുക്കു സമ്മാനിക്കുന്നു. കുറേക്കാലം ആ കുട്ടിയും, അതിന്റെ മാസ്മരിക അഭിനയവും ചര്‍ച്ചാ വിഷയമായേക്കാം. ഒരു കുട്ടിയുടെ മുഖത്തു നിന്നും കഥാ തീവ്രതയ്ക്കനുസരിച്ച് അഭിനയം വരുത്താന്‍ പാടാണെങ്കില്‍, സാറ അതിനുള്ള ഉത്തരമാണ്. ചിത്രത്തിന്റെ ക്ലൈമാക്സിലെ നിശബ്ദമായ ഭാവാഭിനയ പ്രകടനത്തിലൂടെ വിക്രത്തോട് കിട പിടിക്കുന്ന പെര്‍ഫോമന്‍സ് സാറ കാഴ്ച്ച വെച്ചിരിക്കുന്നു. വിക്രമും , സാറയും ചേര്‍ന്നുള്ള ക്ലൈമാക്സ് രംഗങ്ങള്‍ നിങ്ങളുടെ കണ്ണുകളെ ഈറനണിയിച്ചേക്കാം...

ചിത്രം ഇറങ്ങിയപ്പോഴുണ്ടായിരുന്ന വിവാദമാണ്, ഐ ആം സാം എന്ന ചിത്രത്തിന്റെ മോഷണമാണു ദൈവത്തിരുമകളെന്ന്. അതെന്തായാലും, കോപ്പിയടി ഇപ്പോ ഇന്ത്യന്‍ സിനിമയിലത്ര പുതിയ സംഭവം അല്ലാത്തതിനാല്‍ നമുക്കത് ക്ഷമിയ്ക്കാം. മദ്രാസിപ്പട്ടണം എന്ന ഗംഭീര ചിത്രമൊരുക്കിയ എ.എല്‍. വിജയ്, കെ. ബാല ചന്ദറും, ഭാരതി രാജയും, മണിരത്നവും ഒക്കെ തെളിയിച്ച വഴിയിലൂടെ, സ്വന്തമായ ഇരിപ്പിടം തേടിയുള്ള യാത്രയിലാണെന്ന് ഈ ചിത്രം മനസിലാക്കിത്തരുന്നു. പ്രീയദര്‍ശന്റെ അസിസ്റ്റന്റായിരുന്നത് കൊണ്ടാവാം, വിഷ്വലൈസേഷന്‍ മനോഹരമാക്കുന്നതില്‍ അദ്ധേഹം നിതാന്ത ജാഗ്രത പുലര്‍ത്തിയിരിക്കുന്നു. ഊട്ടിയുടെ മനോഹാരിതയാണ് ഈ ചിത്രത്തിന്റെ ആദ്യ പകുതിയിലെ ഫ്രെയിമുകളെ അലങ്കരിക്കുന്നത്. നിരവ് ഷായുടെ സിനിമാട്ടോഗ്രാഫിയെ എത്ര പുകഴ്ത്തിയാലും മതിയാവില്ല. ചിത്രത്തിനു ഒരു ഹോളീവുഡ് ചിത്രത്തിന്റെ മൂഡ് നല്‍കുന്നതില്‍ സിനിമാട്ടോഗ്രാഫിയുടെ പങ്ക് വലുതാണ്. വിഴികളില്‍ എന്ന ഗാനം ഷൂട്ട് ചെയ്തിരിക്കുന്നത് ഏറെ പുതുമകളോടെയാണ്. കൂടുതല്‍ ക്ലോസപ്പ് സീനുകളും, മുഴുവന്‍ സ്ലോമോഷന്‍ സീനുകളും ചേര്‍ത്ത്, ഭംഗിയേറിയ ഒരു മഴയുടെ അകമ്പടിയോടെയാണിത് ചിത്രീകരിച്ചിരിക്കുന്നത്. മഴയെ ഇത്ര മനോഹരമായി, ഇതിനു മുന്‍പ് ആരെങ്കിലും ചിത്രീകരിച്ചിട്ടുണ്ടോ എന്ന് സംശയമാണ്. വ്യത്യസ്തവും, സ്റ്റാന്‍ഡേര്‍ഡുള്ളതുമായ കോമഡി കാണിച്ച് ശ്രദ്ധ നേടിയ സന്താനം, ഈ ചിത്രത്തിലും പതിവ് തെറ്റിക്കുന്നില്ല. എ.ആര്‍. റഹ്മാന്റെ സഹോദരീ പുത്രനായ ജി.വി. പ്രകാശാണ് ദൈവത്തിരുമക്കളുടെ സംഗീതം. മനോഹരമായ പാട്ടുകളാണിതില്‍. പ്രത്യേകിച്ചും വിഴികളില്‍ എന്ന ഗാനം. ജി.വി. പ്രകാശ് "അമ്മാവന്റെ അനന്തിരവന്‍" തന്നെ എന്ന് അടിവരയിട്ടുറപ്പിക്കുന്ന ചിത്രം കൂടിയാണിത്.ആന്റണിയുടെ എഡിറ്റിങ്ങും മനോഹരം. മലയാളി നടന്‍ കൃഷ്ണ കുമാറിന്റെ തിരിച്ചു വരവു കൂടിയായി ഈ ചിത്രം. ഇതിലെ ഒരോരുത്തവരും നന്നായി പെര്‍ഫോം ചെയ്തിരിക്കുന്നു. നാസര്‍, എം. എസ്. ഭാസ്ക്കര്‍, അനുഷ്ക്കാ ഷെട്ടി, അമലാ പോള്‍, വൈ. ഗീ. മഹേന്ദ്രന്‍ എന്നിവരെയെല്ലാം എടുത്ത് പറയേണ്ടതുണ്ട്.

പ്രധാന കഥയോട് അനുബന്ധമായി, മറ്റു കഥാപത്രങ്ങളുടേയും പിത്രു പുത്ര ബന്ധങ്ങളുടെ ആവിഷ്ക്കാരവും സമാന്തരമായി നീങ്ങുന്നുണ്ട്. കുടുംബത്തിലെ സ്നേഹവും, പാരസ്പര്യവും തന്നെയാണ് കഥയുടെ ത്രെഡ്ഡ്. മൊത്തത്തില്‍ ഈ ചിത്രം സ്നേഹത്തിന്റെ മൂല്യം എത്ര ഏറെയാണെന്ന് നമ്മെ കാണിച്ചു തരുന്നു. പ്രത്യേകിച്ചും കേരളത്തില്‍ തുടര്‍ച്ചയായുണ്ടാകുന്ന പിത്രു പുത്രീ ബന്ധങ്ങളുടെ ഇടര്‍ച്ചകളുടെ പശ്ചാത്തലത്തില്‍ മലയാളികള്‍ക്ക് ഒരു ഗുണപാഠം കൂടിയാകുന്നു ദൈവത്തിരുമകള്‍
.


Related Articles
വാള്‍ട്ടര്‍ ദാക്ഷായണി പടങ്കള്‍: ചില മൊഴിമാറ്റ തമിഴ്‌ ചിത്രങ്ങള്‍
മൊണാലിസയുടെ സെക്സ്

വ്യാഴാഴ്‌ച, ഓഗസ്റ്റ് 11, 2011

ചാപ്പാ കുരിശ് കാട്ടിത്തരുന്നത്

ചാപ്പാ കുരിശ് കണ്ടു. ഇപ്പോ കണ്ട്, വന്ന വഴി തന്നെ അതിനേക്കുറിച്ച് നാലെഴുത്തങ്ങ് എഴുതുകയാണ്. ഞാനൊരു സിനിമാ റിവ്യൂ എഴുത്തുകാരനല്ലാത്തത് കൊണ്ട് ഏതു സിനിമയും അത് റിലീസാവുന്നതിനു മുന്‍പേ കാണാനോ, അതിനേക്കുറിച്ചൊക്കെ എഴുതാനോ മിനക്കെടാത്ത ആളായത് കൊണ്ടാണ് ഈ വിവരണത്തിനിത്ര വൈകിയത്.

പടത്തേക്കുറിച്ച് നല്ല അഭിപ്രായം ഉണ്ടായാല്‍ മാത്രമേ നമ്മള്‍ പടം കാണൂ. ചാപ്പാ കുരിശ് ഒരു പുതിയ പരീക്ഷണ ചിത്രമാണെന്നും, വ്യത്യസ്തമാണെന്നുമൊക്കെ കേട്ടപ്പോള്‍ ഒന്നു കണ്ടു കളയാമെന്നു കരുതി. അങ്ങനെ സവിതയില്‍ പോയി കണ്ടു. ചാപ്പാ കുരിശെന്നുള്ള പേരു ആദ്യമായി കേട്ടപ്പോള്‍ ചിന്തിച്ചത് ഇതെന്നാ കോപ്പാണെന്നാണ്. ചാപ്പാ കുരിശെന്നു പറഞ്ഞാല്‍ കൊച്ചീക്കാരുടെ ഒരു നാടന്‍ പ്രയോഗമാണ്. ഹെഡ് ഓര്‍ ടെയ്ലെന്ന് ഇംഗ്ലീഷില്‍ പറയും. പടം ആവറേജാണെന്ന് പറയാം. തിരക്കഥയിലെ കെട്ടുറപ്പില്ലായ്മ ചില സമയത്ത് അടൂര്‍ ചിത്രങ്ങളേപ്പോലെ ഇഴഞ്ഞ് നമ്മെ ബോറടിപ്പിക്കുന്നു. ട്രാഫിക്ക് പോലെ, കോക്ടെയില്‍ പോലെ, സോള്‍ട്ട് ആന്റ് പെപ്പര്‍ പോലെ, ചാപ്പാ കുരിശും വളരെ ചുരുങ്ങിയ ദിവസങ്ങള്‍ക്കുള്ളില്‍ (കോക്ക്ടെയിലും ട്രാഫിക്കും ഒറ്റ ദിവസത്തിനുള്ളില്‍ തീരുന്ന കഥകളാണ് പറഞ്ഞത്) നടക്കുന്ന ചില സംഭവങ്ങളെയാണ്
പ്രേകഷകരെ അനുഭവേദ്യമാക്കുന്നത്. എല്ലാരും പറഞ്ഞതു പോലെ വ്യത്യസ്ഥമായ പ്രമേയം, വ്യത്യസ്തമായ അവതരണം, വ്യത്യസ്തമായ അനുഭവം.... ഇതൊക്കെയാണ് ചാപ്പാ കുരിശ്.

മൊബൈല്‍ ക്ലിപ്പിങ്ങുകളുടെ കുത്തൊഴുക്കില്പെട്ട കേരളത്തിന്റെ മറ്റൊരു മുഖം ഈ ചിത്രം അനാവരണം ചെയ്യുന്നു. പലയിടങ്ങളില്‍, പരസ്പരം അറിയാത്ത പലരെ ബന്ധിപ്പിച്ച് കൊണ്ടാണു കഥയുടെ പോക്ക്. ഇവിടെ താലികെട്ട് അവിടെ ആത്മഹത്യ എന്നു പറഞ്ഞതു പോലെ ഫഹദ് ഫാസിലിന്റെ അര്‍ജുന്‍ എന്ന കഥാപാത്രത്തേയും, വിനീത് ശ്രീനിവാസന്റെ അന്‍സാരി എന്ന കഥാപാത്രത്തേയും ഇടവിട്ട് കാണിയ്ക്കുന്ന ദിന ചര്യകളുള്‍പ്പെടെയുള്ള സീനുകളൊക്കെത്തന്നെ ഗംഭീരം. അര്‍ജുന്‍ കാറില്‍ പൊയ്ക്കൊണ്ടിരിക്കുംബോള്‍ അന്‍സാരി ബോട്ടിലായിരിക്കും. അര്‍ജുന്‍ തന്റെ ജൂനിയറെ ഷൗട്ട് ചെയ്യുംബോള്‍ അന്‍സാരി തന്റെ മേലധികാരിയുടെ ഷൗട്ടിങ്ങ് ഏറ്റു വാങ്ങുകയായിരിക്കും. അന്‍സാരി ഒരു ഷോപ്പിലെ ഐ.പി.എല്‍. ക്രിക്കറ്റ് മാച്ചിലേക്ക് യാദ്രിശ്ചികയാ ശ്രദ്ധിയ്ക്കുന്നതിന്റെ അടുത്ത നിമിഷം അപ്പാര്‍ട്ടുമെന്റിലെ അര്‍ജുന്റെ ഫ്രെണ്ടിന്റെ പത്താം നംബര്‍ ഫുട്ബോള്‍ ജേഴ്സിയില്‍ നിന്നുമാണു ക്യാമറ ഔട്ട് ഓഫ് ഫൊക്കസ് ചെയ്യുന്നത്. ഇങ്ങനെ ക്ലൈമാക്സില്‍ ഇവരെ ഒന്നിച്ചെത്തിയ്ക്കാന്‍ വേണ്ടി തിരക്കഥയിലും സംവിധാനത്തിലും വളരെ ശ്രമങ്ങള്‍ നടത്തിയിട്ടുണ്ട്.

പക്ഷേ കഥയുടെ ഒഴുക്കിന് സാരമായ തകരാറുണ്ടായി. അതാണ് തിരക്കഥയിലെ പ്രധാന പ്രശ്നം. മലയാള സിനിമയ്ക്ക് സാംബ്രധായിക ചുറ്റുപാടുകളില്‍ നിന്നുമുള്ള മോചനം ഈ സിനിമ ഉറക്കെ പ്രഖ്യാപിക്കുന്നു. അവയില്‍ ചിലത് ഇവയാണ്.

1) ഒരോ ജീവിത സാഹചര്യങ്ങളിലുമുള്ള കഥാപാത്രങ്ങള്‍ക്ക് ഇണങ്ങുന്ന വസ്ത്രവിധാനം ഈ ചിത്രത്തിലൂടെ കാണുന്നു. കണ്ട അണ്ടനും, അട കോടനും ചെമ്മാനും ചെരുപ്പു കുത്തിയും വരെ സില്‍ക്കും ഗില്‍റ്റുമുള്ള കടും കളര്‍ വസ്ത്രങ്ങളണീഞ്ഞ് ആടിപ്പാടുന്ന മലയാള സിനിമയുടെ മുഖത്ത് കൊടുക്കുന്ന അടിയാണീ സിനിമ.

2) നായകനും നായികയും നായികയുടെ കുട്ടി മാമനും പൊട്ടമാമനും വരെ പാലക്കാടു പോലും നിലവിലില്ലാത്ത വള്ളുവനാടന്‍ ഭാഷ സംസാരിയ്ക്കുന്നതില്‍ നിന്നും മലയാള സിനിമയുടെ നവോത്ഥാനം ചാപ്പാ കുരിശ് പ്രഖ്യാപിക്കുന്നു. ഇടവിട്ടുള്ള സീനുകളില്‍ പ്രത്യക്ഷപ്പെടുന്ന പല കഥാപാത്രങ്ങള്‍ പല തരം പ്രാദേശിക സ്ലാങ്ങുകളില്‍ സംസാരിയ്ക്കുന്നു. ഇത്രയും കാലം ഡബ്ബിങ്ങ് ആര്‍ട്ടിസ്റ്റിനറിയാവുന്ന സ്ലാങ്ങായിരുന്നു മലയാള സിനിമയുടെ സ്ലാങ്ങ്. അത് മാറുകയാണ്.

3) ഗാനങ്ങള്‍ക്കായി ഒരു സപ്പറേഷന്‍ കൊടുക്കാതെ കഥയുടെ ഒഴുക്കിനൊപ്പം ഗാനങ്ങളും വന്നു പോകുന്നു.

4) പ്രേമമോ ചുംബനമോ കാണിയ്ക്കേണ്ട സന്ദര്‍ഭത്തില്‍ രണ്ട് പൂക്കളെ തമ്മില്‍ ചേര്‍ത്ത് ഉരുമ്മുന്ന ടെക്നിക്ക് കാലു മടക്കി തൊഴിച്ചെറിഞ്ഞു കൊണ്ട് ചാപ്പാ കുരിശ് നല്ലൊന്നാന്തരം ലിപ്പ് ലോക്ക് കിസ്സിങ്ങ് സമ്മാനിച്ച് കഥ ആവശ്യപ്പെടുന്ന തീവ്രതയെ അതേപോലെ പ്രേക്ഷകരെ ഫീല്‍ ചെയ്യിക്കുന്നു.

5) ക്ലൈമാക്സ് ഏറ്റവും വ്രിത്തിഹീനമായ ഒരു ടൊയ്ലറ്റില്‍ വെച്ചാണു നടക്കുന്നത്. അടി നടക്കണമെങ്കില്‍ അങ്ങേയറ്റം തരം താണ പ്രദേശമായി കാലങ്ങളോളം മലയാള സിനിമ കണ്ടിരുന്നത് ചന്തകളായിരുന്നു. ചന്തയില്‍ ഉപജീവനത്തിനായി കച്ചവടം നടത്തുന്ന പാവപ്പെട്ടവന്റെ ഉപ്പു ചാക്കും മീന്‍ കൊട്ടയും എടുത്തെറിഞ്ഞ് നശിപ്പിച്ച്, കച്ചവടക്കാരുടെ ശാപങ്ങളേറ്റു വാങ്ങിയ നായകന്‍മ്മാര്‍ക്കിനി ധൈര്യമായി ടൊയ്ലറ്റുകളിലേക്ക് വിരല്‍ ചൂണ്ടാം. ഫൈറ്റ് ചെയ്യാനായി.

6) സിനിമ പിടിയ്ക്കണമെങ്കില്‍ ഏറ്റവും വൃത്തിയുള്ള ഇടങ്ങള്‍ മാത്രമോ, അല്ലെങ്കില്‍ വൃത്തി ഹീനമായ പ്രദേശങ്ങള്‍ കൃത്രിമമായി സെറ്റിട്ടോ മാത്രമേ ചെയ്യാന്‍ പാടുള്ളു എന്ന നമ്മുടെ പരംബരാഗത സിനിമാ കാഴ്ച്ചപ്പാടുകള്‍ ഈ ചിത്രം തെറ്റിയ്ക്കുന്നു. വൃത്തിഹീനവും അപരിഷ്കൃതവുമായ ഏറിയകളില്‍ തന്നെ ഈ ചിത്രത്തിന്റെ കൂടുതല്‍ ഭാഗങ്ങളും ചിത്രീകരിച്ചിരിയ്ക്കുന്നു.

7) സംഘട്ടന രംഗങ്ങള്‍ ഒറിജിനാലിറ്റ്യ് ഫീല്‍ ചെയ്യിക്കുന്നു. ഡിഷ്യും ബിഷും സംഘട്ടനങ്ങളെ ഈ സിനിമ അംഗീകരിയ്ക്കുന്നില്ല

ഫഹദ് ഫാസില്‍, വിനീത് ശ്രീനിവാസന്‍, രമ്യാ നംബീശന്‍ എന്നിവരുടെ ഇതുവരെയുള്ള ഏറ്റവും മികച്ച കഥാപാത്രങ്ങളാണിതില്‍. ട്രാഫിക്കിനു ശേഷം പ്രൊഡ്യൂസര്‍ ലിസ്റ്റന്‍ സ്റ്റീഫന്റെ ഈ പരീക്ഷണം, അദ്ദേഹം ചിന്താശേഷിയുള്ള പ്രൊഡ്യൂസറാനെന്ന് വീണ്ടും തെളിയിക്കുന്നു. സമീര്‍ താഹിറും ആര്‍. ഉണ്ണിയും എഴുതിയ തിരക്കകഥയില്‍ സമീര്‍ താഹിറിന്റെ സംവിധാനം ഭാവിയിലേക്കുള്ള പ്രതീക്ഷ പകരുന്നു. അവിയലിലെ റെക്സിന്റെ സംഗീതം, പപ്പായ മീഡിയയുടെ പരസ്യകല എന്നിവയെല്ലാം മലയാള സിനിമയിലെ പുഴുക്കുത്തുകളെ തുരത്തി ഇവിടെയൊരു മാറ്റിയെഴുത്ത് പകരാനുള്ള ഊര്‍ജ്ജിതമായ ശ്രമങ്ങള്‍ തന്നെയാണ്.

ചൊവ്വാഴ്ച, ജനുവരി 25, 2011

ട്രാഫിക് സിഗ്നലില്‍ പച്ച തെളിയുമ്പോള്‍

പുതുമയുള്ള ചിന്താഗതിക്കാരായ ചിലആമ്പിറന്ന സംവിധാനപ്പുലികളും
കേരളക്കരയില്‍ ഉണ്ടെന്ന്‌ നമുക്ക്ചിലപ്പോഴൊക്കെ തോന്നിപ്പോകാറുണ്ട്.
നാലും കൂടിയ മലയാള സിനിമാക്കവലയില്‍ ഇടവരും മുന്‍പേ തന്നെ
അവര്‍ക്ക് പച്ച സിഗ്നല്‍ കിട്ടിയിട്ടുമുണ്ട്, അവര്‍കൊടി കെട്ടി പറന്നിട്ടുമുണ്ട്.
ഞാന്‍ കഴിഞ്ഞൊരു പോസ്റ്റില്‍ ലേഖിച്ചിരിന്നല്ലോ, ( ആശിച്ചിരുന്നു എന്ന്‌ വ്യംഗ്യം! )
തമിഴില്‍ വ്യത്യസ്തതയുടെ പുതിയ സിനിമകള്‍
ധാരാളമായി ഇറങ്ങുന്നു എന്നും, മലയാളിസംവിധായകര്‍ അതു കണ്ടു പഠിച്ചിരുന്നെന്കില്‍ നന്നായിരുന്നേനെ എന്നും. അതു പറഞ്ഞങ്ങോട്ട് നാവെടുത്തില്ല,
അതിന്‌ മുന്‍പുതന്നെ ദേട്രാഫിക് സിഗ്നല്‍ തെറ്റിച്ചു കയറി വന്നുകഴിഞ്ഞു ഒരു പടം! പേര് ട്രാഫിക്.

വെറും പന്ത്രണ്ടു പതിമൂന്നു മണിക്കൂര്‍ കോണ്ട് നടക്കുന്ന കുറേ സംഭവങ്ങളാണ്‌ ട്രാഫിക് എന്ന ചിത്രത്തിന്റെ ഇതിവൃത്തംപല പല വ്യക്തികള്‍ ഈ സംഭവങ്ങളില്‍ ഭാഗഭാക്കാവുന്നു. വ്യത്യസ്തമായ, പലയിടങ്ങളില്‍ ഉള്ള പലരെയുംബന്ധിപ്പിക്കുന്ന പൊതുവായ ഒരു സംഭവം ആണ്‌ പടത്തിന്റെ ത്രെഡ്. .
ബോബി-സഞ്ജയ് എഴുതിയ തിരക്കഥ തകര്‍പ്പന്‍.
ഈ ചിത്രത്തിലൂടെ മനുഷ്യന്റെ വികാരങ്ങള്‍ തകര്‍പ്പനായി കാണിച്ചിരിക്കുന്നു രാജേഷ് പിള്ള .
കയ്ക്കൂലിക്കാരനായ യുണിയന്‍ നേതാവിന്റെ കള്ള നോട്ടം പോലും എത്ര മനോഹരമായാണ്‌ അവതരിപ്പിച്ചിരിക്കുന്നത്!
ഒരേ പാറ്റേണില്‍ പടം പടച്ചു ശീലിച്ച നമ്മുടെ സിനിമാക്കാര്‍, ചിന്തിക്കാത്ത തരത്തിലുള്ള ഒരു പരീക്ഷണം തന്നെയാണ്
ഈ ചിത്രം എന്നു നിസ്സംശയം പറയാനാവും.
ഈ ചിത്രത്തില്‍ ഹീറോയില്ല. ഹീറോ എന്നുപറയുന്നത്‌ ഇതിന്‍റെ തിരക്കഥയും ഡയറക്ഷനും തന്നെ.
ആദ്യാവസാനം ത്രില്‍ നിലനിര്‍ത്തുകയും, മാനുഷിക മൂല്യങ്ങള്‍ കാട്ടിത്തരുകയും ചെയ്യുന്നു ഈ ചെറിയ ചിത്രം.
അടുക്കും ചിട്ടയും ഇല്ലാതെ, എന്നാല്‍ കണ്ടിന്യൂവിറ്റി നഷ്ട്ടപ്പെടാതെ കഥ പറയുന്ന രീതിയാണ് ഈ ചിത്രത്തിന്‍റെ പ്ലസ്പോയിന്‍റ്. (അത്തരം കഥ പറച്ചില്‍ ശൈലി മലയാളത്തില്‍ തുടങ്ങി വച്ചത് ക്ലാസ്മേറ്റ്സ് എന്ന സിനിമയാണ്.)

എന്തായാ‍ലും രാജേഷ് പിള്ള പിള്ളേരു കളിയല്ലാത്ത ഒരു പടാര്‍ പടം നമുക്കു നല്‍കിയിരിക്കുന്നു.
സൂപ്പര്‍ തോരന്‍മ്മാരോ,മാംസളസുന്ദര ബെള്‍ബെളാ ഐറ്റം നടിമാരോ ഇല്ലാതെ തന്നെ നല്ല സിനിമ പിടിക്കാനാവും
എന്നും കാട്ടിത്തരുന്നു.മലയാളത്തിലെ പടച്ചു വിടീല്‍ തമ്പുരാക്കന്‍മ്മാര്‍ക്ക് ഇതൊരു ടെക്സ്റ്റ്ബുക്ക് ആകട്ടെ എന്ന് ആശിച്ചുകോണ്ട് തല്‍ക്കാലം നിര്‍ത്തുന്നു.


Related Articles
ടോര്‍ച്ചര്‍ രവിയുടെ മണ്ടഹാര്‍
അവാര്‍ഡ്, അതല്ലേ എല്ലാം...