
മാറിമാറി വരുന്ന മുന്നണികളുടെ കപടമായ പ്രവര്‍ത്തനങ്ങള്‍ നിമിത്തം മനസ് മുരടിച്ച നിങ്ങള്‍ക്ക് മുന്‍പിലേക്ക് നാടിനെ രക്ഷിക്കാനായി വീണ്ടും ഒരു അവസരം കൂടി വന്നു ചേര്‍ന്നിരിക്കുകയാണ്.
ഈ വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍, മദ്യപക്ഷ ജനാധിപത്യ മുന്നണിയ്ക്കു വേണ്ടി നമ്മുടെ മാക്രി മുക്ക് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നിന്നും, പാര്‍ലമെന്റിലേക്ക് മല്‍സരിക്കുന്നത് നിങ്ങളുടെ സ്വന്തം കണ്ണിലുണ്ണിയായ ശ്രീ.കോരക്ക് ഒബാമയാണ്. ജനകീയ പ്രശ്നങ്ങളുടെ പരിഹാര ക്രീയകള്‍ക്കായി ഒരു മൂത്താപ്പാനെപ്പോലെ നിങ്ങള്‍ക്കൊപ്പം എന്നും ഉണ്ടായിരുന്നത് ശ്രീ.കോരക്ക് ഒബാമയും, മദ്യപക്ഷ ജനാധിപത്യ മുന്നണിയും മാത്രമായിരുന്നു എന്ന് നിങ്ങള്‍ക്ക് പറയാതെ തന്നെ അറിയാമല്ലോ.
ഒന്ന് തിരിഞ്ഞു നോക്കിയാല്‍ നിങ്ങള്‍ക്കു തന്നെ അറിയുവാന്‍ കഴിയും,കഴിഞ്ഞ അഞ്ജു വര്‍ഷങ്ങള്‍ കൊണ്ട് ഞങ്ങള്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ നാടിനു വേണ്ടി സംഭാവന ചെയ്തിരിക്കുന്നു എന്ന്! കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇവിടെ ഒട്ടും തന്നെ മഴ പെയ്തിരുന്നില്ല എന്നത് നിങ്ങള്‍ മറന്നു കാണില്ലല്ലോ. എന്നാല്‍ ഈ സര്‍ക്കാരിന്റെകാലത്ത് ഇവിടെ കാലവര്‍ഷം കുത്തിപ്പെയ്തത് മദ്യപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ
എടുത്തു പപറയേണ്ട നേട്ടം തന്നെയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇവിടെ നാനൂറ് പെണ്‍കുട്ടികള്‍ മാത്രമേ പീഡനങ്ങള്‍ക്ക് ഇരയായുള്ളൂ. എന്നാല്‍ നമ്മുടെ സര്‍ക്കാരിന്റെ കാലത്ത് പീഡനങ്ങള്‍ക്ക് വന്‍ പുരോഗതിയുണ്ടായി എന്നതും, പീഡന സംഖ്യ എഴുനൂറ് കടക്കുകയുണ്ടായി എന്നതും തികച്ചും ശ്ലാഘനീയമാണ്. നടന്നു കൊണ്ടിരിക്കുന്ന ഈ അക്രമങ്ങള്‍ വീണ്ടും തുടര്‍ന്നു കൊണ്ടു പോകുവാനായി ഒരിക്കല്‍ക്കൂടി മദ്യപക്ഷ ജനാധിപത്യ മുന്നണിയെത്തന്നെ അധികാരത്തില്‍ എത്തിക്കേണ്ടത് നിങ്ങള്‍ ഓരോരുത്തരുടെയും ആവശ്യമാണ്.
ആയതിനാല്‍ നാടിന്റെ അഭിവന്ദ്യ പുരോഗതിക്കായി
നിങ്ങളുടെ ഓരോ വോട്ടും നമ്മുടെ ചിഹ്നമായ, "അരിവാള്‍ താമര കൈപ്പത്തി" ചിഹ്നത്തിനു നല്കി, മദ്യപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ശ്രീ.കോരക്ക് ഒബാമയെ വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ശ്രീ. കോരക്ക് ഒബാമ വിജയിച്ചാല്‍ ഈ നാടിനെ വികസിപ്പിച്ചു,
വികസിപ്പിച്ചു മൊത്തത്തില്‍ ഒരു വലിയ കുട്ടിച്ചോറാക്കി മാറ്റും എന്നു നിങ്ങള്‍ക്ക് ഇതിനാല്‍ ഉറപ്പ് തരുകയാണ്.
ശ്രീ. കോരക്ക് ഒബാമ വിജയിച്ചാല്‍,
1) ന്യൂയോര്‍ക്കില്‍ നിന്നും പോഞ്ഞിക്കര വരെ നാലുവരി എക്സ്പ്രസ്സ് പാത പണി കഴിക്കും. ( ത്രൂ പാതയാണ് )
2) കൊണ്ടോട്ടി മുതല്‍ മിയാമി ബീച്ച് വരെ ഭൂഗര്‍ഭ ബുള്ളറ്റ് ട്രെയിന്‍ പാത ആരംഭിക്കും.
3) രണ്ടു രൂപയ്ക്ക് ബിരിയാണിയും, സലാഡും കൊടുക്കും.
4) എന്‍ഡോസള്‍ഫാന്‍ വീടു വീടാന്തരം കയറി അടിക്കും.
5) ചിങ്ങവനത്ത് ഓക്സ്ഫോര്‍ഡ് യൂണിവേര്സിറ്റി സ്ഥാപിക്കും
6) നെഹ്രു ട്രോഫി വള്ളംകളി അടുത്ത വര്‍ഷംമുതല്‍ സൂയസ് കനാലില്‍ നടത്തുന്നതായിരിക്കും.
7) നയാഗ്ര വെള്ളച്ചാട്ടം ചെങ്ങന്നൂരിനോട് ചേര്‍ക്കും.
8) കോടനാട്, ഡയ്നോസര് വളര്‍ത്തല്‍ കേന്ദ്രം ആരംഭിക്കും.
9) വൈപ്പിന്‍ കുടിവെള്ള പദ്ധതിയുടെ പേര് വാഷിങ്ങ്ടണ്‍ കുടിവെള്ള പദ്ധതി എന്നാക്കി പുനര്‍ നിര്‍വചിക്കും.
10) മുല്ലപ്പെരിയാര്‍ അണക്കെട്ടും, തൊട്ടപ്പുറത്തുള്ള തമിഴ്നാടും കാഞ്ഞിരപ്പള്ളി ജില്ലയോട് ചേര്‍ക്കും.
11) പട്ടാമ്പി റെയില്‍വേ സ്റ്റേഷനു സമീപം വേള്‍ഡ് ട്രേഡ് സെന്റര്‍ ശിലാസ്ഥാപനം ചെയ്യും.
12) സുല്‍ത്താന്‍ ബത്തേരിയില്‍ കണ്ടെയ്നര്‍ ടെര്‍മിനലിന്റെ പണി ആരംഭിക്കും.
13) മലമ്പുഴയില്‍ ഇന്‍ഫോപാര്‍ക്ക് കൊണ്ടു വരും.
14) ഇടുക്കി തുറമുഖത്തിന് അന്താരാഷ്ട്ര പദവി നല്‍കും.
15) സാന്‍ ഫ്രാന്‍സിസ്കോയില്‍ നിന്നും ഒറ്റപ്പാലം വരെ കെ എസ് ആര് റ്റി സി ഓര്‍ഡിനറി ബസ്സ് സര്‍വീസ് ആരംഭിക്കും.
ആയതിനാല്‍ മാക്രി മുക്ക്പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനു വേണ്ടി നിങ്ങള്‍ ഓരോരുത്തരും " അരിവാള്‍ താമര കൈപ്പത്തി " ചിഹ്നത്തില്‍ വോട്ട് ചെയ്ത് നമ്മുടെ സ്ഥാനാര്‍ഥി ശ്രീ.കോരക്ക് ഒബാമയെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.
എന്ന്
മദ്യപക്ഷ ജനാധിപത്യ മുന്നണി കണ്‍വീനര്‍
ശ്രീ. കാളന് രാഘവന് .
Related Articles
ഈ പോസ്റ്റിനു എന്റെ ഒരു കള്ള വോട്ട്... :)
മറുപടിഇല്ലാതാക്കൂരാഷ്ട്രീയത്തെ കളിയാക്കി കൈയ്യടി നേടുന്നത് ഒരു പഴയ നമ്പര്‍ ആണ്. സമൂഹം അരാഷ്ട്രീയവല്ക്കരിക്കപെടുന്നത് ആരുടെ ആവശ്യമാണ് എന്ന് തിരിച്ചറിയുക. അരാഷ്ട്രീയവല്‍ക്കരിക്കപെട്ട സമൂഹത്തെ മുതലെടുക്കുന്നവരുടെ കൈയ്യിലെ കുട്ടിക്കുരങ്ങുകള്‍ ആകാതിരിക്കുക.
മറുപടിഇല്ലാതാക്കൂലിപി രഞ്ചു :-
മറുപടിഇല്ലാതാക്കൂകള്ള വോട്ട് ഒരു മൌലികാവകാശമാണല്ലോ. :)
ജിതിന് :-
മച്ചാ,
രാഷ്ട്രീയ വാദത്തിനും, അരാഷ്ട്രീയ വാദത്തിനും ഇടയില്‍ വീര്‍പ്പുമുട്ടുന്ന 120 കോടി ജനത അവരുടെ വേദനകളെ മറക്കുന്നത്, തീവ്രമായ പ്രശ്നങ്ങളോടും സലാം പറയാനുള്ള ഇത്തരം ചില നേരംപൊക്കുകള് കൈവശം വച്ചുകൊണ്ട് നടക്കുന്നത് മൂലമാണ്. ഞാന്‍ രാഷ്ട്രീയത്തിനു എതിരോ, അരാഷ്ട്രീയത്തിനു പിന്തുണ നേരുന്നവനോ അല്ല. പക്ഷേ അധികാരം ലഭിച്ചാല്‍ ഇവിടെ ചെയ്യും എന്നു പറയുകയും, എന്നാല്‍ ചെയ്യാതെ ഇരിക്കുകയും ചെയ്യുന്നത് ഇത്തരം അസംബന്ധ വാഗ്ദാനങ്ങള്‍ (ഇത്രയും വരില്ലെങ്കിലും) തന്നെയാണ്. യു ഡി എഫ് പറയുന്നത് ഇവിടെ വികസനം നടന്നില്ലെന്നും അവര്‍ അധികാരത്തില്‍ എത്തിയാല്‍ ഇവിടെ വികസനം കൊണ്ടുവരും എന്നുമാണ് പറയുന്നത്. എന്തു വികസനമാണ് അവര്‍ ഇവിടെ കൊണ്ടു വരുന്നത്. കേരളത്തെ വികസിപ്പിച്ചു വികസിപ്പിച്ചു കാശ്മീര്‍ ബോര്‍ഡര്‍ വരെ അവര്‍ വികസിപ്പിക്കുമോ..?
സത്യത്തില്‍ രാഷ്ട്രീയക്കരല്ലേ നമ്മെ കളിയാക്കുന്നത്? ഒന്നും രണ്ടും പറഞ്ഞ് 5 വര്‍ഷം തികക്കും .എന്നിട്ട് അടുത്തവര്‍ വരും . അവരും തദൈവ .അപ്പോള്‍ തോല്‍ക്കുന്നത് കേരളം മാത്രം
മറുപടിഇല്ലാതാക്കൂ