ബുധനാഴ്‌ച, ജനുവരി 25, 2012

പ്രസംഗ പീഠങ്ങളില്‍ ഇനി മാഷ് ഇല്ല.....

തത്വമസിയുടെ ആചാര്യന്‍ സുകുമാര്‍ അഴീക്കോട് (86) പ്രസംഗ പീഠങ്ങളിലും, നിരൂപണ രംഗത്തും വലിയ ഒരു ശൂന്യത ബാക്കി വെച്ച് കൊണ്ടാണ് കടന്നു പോകുന്നത്.

അഴീക്കോട് മാഷ് സമകാലിക കേരളത്തിലെ മാര്‍ക്ക് ആന്റണിയായിരുന്നു. ചതിയിലൂടെ
അധികാരത്തിലേറിയ ബ്രൂട്ടസിനെ അഭിസംബോധന ചെയ്തു പ്രസംഗിച്ച് കൊണ്ട്, മാര്‍ക്ക് ആന്റണി നടത്തിയ വാഗ്ധാര ഒരു ജനകീയ വിപ്ലവത്തിന് വഴി തെളിച്ചെങ്കില്‍, അഴിക്കോട് മാഷ് തന്റെ വാഗ്ധാര കൊണ്ട്  നേടിയെടുത്തത്  സമൂഹത്തിലെ ചീഞ്ഞഴുകലുകള്‍ക്കെതിരേ ജനങ്ങളെ ബോധവത്കരിയ്ക്കുകയായിരുന്നു.

പതിറ്റാണ്ടുകള്‍ നീണ്ട പ്രസംഗ പീഠത്തിലെ ഉരുക്ക് ഗര്‍ജ്ജനമാണ് ഇന്നലെ 24 ജനുവരി 2012 അനശ്വരമായത്. പ്രസംഗം എന്ന കലയെ അതിന്റെ ഉദാത്തതയില്‍ പ്രതിഷ്ഠിച്ച മഹാ പ്രതിഭയായിരുന്നു സുകുമാര്‍ അഴീക്കോട്.  രാഷ്ട്രീയമായാലും, സിനിമയായാലും, സാമൂഹികമോ സാംസ്കാരികമോ സാഹിത്യമോ ആയാലും പൊതു ജനങ്ങള്‍ക്കു വേണ്ടി യാഥാര്‍ത്ഥ്യ ബോധത്തോടെ നിലപാടുകളെടുക്കാനും അവ വിളിച്ച് പറയാനും അദ്ധേഹം പ്രകടിപ്പിച്ച ആര്‍ജ്ജവം ഏതു വാക്കുകള്‍ക്കൊണ്ട് വിശദീകരിയ്ക്കാന്‍ പറ്റും?

ശ്വാസ കോശാര്‍ബുദ ബാധിതനായ അദ്ധേഹം 2011 ഡിസംബര്‍ പത്തിനാണ് ആശുപത്രിയില്‍ അഡ്മിറ്റായത്...  മാഷിന്റെ അസുഖ വിവരമറിഞ്ഞ് മലയാളികളൊന്നടങ്കം ആശങ്കപ്പെട്ടു. പ്രസംഗ വഴിയില്‍ അദ്ധേഹത്തിന്റെ വാക്കുകളോട് പിണങ്ങിയ ഒരുപാട് പ്രശസ്തര്‍ അദ്ധേഹത്തെ  സന്ദര്‍ശിക്കാനായി ആശുപത്രിയിലേക്ക് എത്തിക്കൊണ്ടിരുന്നു. ആരോടും പകയോ വെറുപ്പോ ശേഷിപ്പിക്കാതെ അദ്ധേഹം അവരോടൊക്കെ സൗഹൃദം പങ്ക് വെയ്ക്കുന്നത് നമ്മളൊക്കെ കണ്ടു.
 
മാഷ് എഴുതാന്‍ ബാക്കി വെച്ചതും പറയാന്‍ ബാക്കി വെച്ചതും ഇനിയും ഒരുപാടുണ്ടാവാം...  
ഹൈസ്കൂള്‍ കാലം മുതലേ അഴീക്കോട് എന്ന പേരു കേള്‍ക്കാന്‍ തുടങ്ങിയതാണ്. ഒരിയ്ക്കലെങ്കിലും അദ്ധേഹത്തെ നേരില്‍ കാണണമെന്നും അദ്ധേഹത്തിന്റെ പ്രസംഗം കേള്‍ക്കണമെന്നും ആഗ്രഹിച്ചിരുന്നു. പക്ഷേ അതിനു ഭാഗ്യം ലഭിച്ചില്ല... ഇന്ന് (ബുധനാഴ്ച്ച) അദ്ധേഹത്തിന്റെ സംസ്കാരം പയ്യമ്പലത്ത് (കണ്ണൂര്‍) വെച്ച് നടക്കും.

അഴീക്കോട് മാഷിന് നിത്യശാന്തി നേര്‍ന്നു കൊണ്ട്......


തിങ്കളാഴ്‌ച, ജനുവരി 23, 2012

പടാര്‍ ബ്ലോഗിന് ഇന്ന് ഒരു വയസ്സ്

 ഇന്ന് നല്ലൊരു ധുമ്ന്യതയുള്ള ഒരു ദിവസമാണ്..  എന്തെന്നാല്‍ ഞാനും എന്റെ ബ്ലോഗും കൂടി ടമാര്‍ പടാറായി ഗുമ്മ് കച്ചവടം തുടങ്ങിയിട്ട് ഇന്നേയ്ക്ക് കൃത്യം ഒരു വര്‍ഷം തികയുന്നു. അതായത് പടാര്‍ ബ്ലോഗ്  ഇന്ന്,  അതിന്റെ ഒന്നാം പിറന്നാള്‍ ആഘോഷിയ്ക്കുകയാണ് . ഏകാന്തതയും അസ്പൃശ്യതയും, തമോഗര്‍ത്തങ്ങളില്‍ നിന്നും അഗ്നിസ്ഫുലിംഗങ്ങള്‍ നീട്ടി എന്നെ ചുറ്റിപ്പിടിച്ച് കൊണ്ടിരുന്ന ഒരു പാതിരായ്ക്ക് ചാടിയെഴുന്നേറ്റ് ബ്ലോഗര്‍ ലോഗിന്‍ ചെയ്ത് ജൂലിയന്‍ അസാഞ്ചിനേക്കുറിച്ചും, നീരാ റാഡിയയെക്കുറിച്ചും എഴുതി  ഈ സമൂഹത്തിന്റെ കൊടിയ നന്മയ്ക്കായി സ്ഥാപിതമായ മഹദ് പ്രസ്ഥാനമാണ് പടാര്‍ ബ്ലോഗ്. ഈ പോസ്റ്റ്, ഈ ബ്ലോഗിലെ നൂറ്റി മുപ്പത്തി മൂന്നമത്തെ പോസ്റ്റാണ്.

ഒരെഴുത്തിന്റെ നാന്ദി കുറിയ്ക്കല്‍ നടത്തിയത് ഇതുപോലൊരു ജനുവരി മാസത്തിന്റെ ഒടുവിലത്തെ നാളുകളിലൊന്നായ ഈ ദിവസത്തിലായിരുന്നു. ഒരല്‍പ്പം വൈകിയാണ് ബ്ലോഗിങ്ങ് തുടങ്ങിയതെന്ന് ഇന്ന് തോന്നാറുണ്ട്... എന്കില്‍ പോലും പ്രമുഖ ബ്ലോഗര്‍മ്മാര്‍ ചീങ്കണ്ണികളേപ്പോലെ വിലസുന്ന ഈ ആമസോണ്‍ നദീതീരത്ത് എനിയ്ക്കും തിരിച്ചറിയപ്പെടാവുന്ന ഒരിടം ലഭിച്ചു എന്നത് എന്റെ എഴുത്തിനെ നിങ്ങള്‍ ഇഷ്ട്ടപ്പെടുന്നതു കൊണ്ട് മാത്രമാണ്. അതു കൊണ്ട് തന്നെ വായനക്കാരോട് എന്നും കടപ്പെട്ടിരിയ്ക്കും.

ബ്ലോഗെഴുത്ത് തുടങ്ങുമ്പോള്‍ പതിവായി പോസ്റ്റ് ഇടാമെന്നൊന്നും ചിന്തിച്ചിരുന്നില്ല. എപ്പോഴെങ്കിലും സമയം കിട്ടിയാല്‍ എന്തെങ്കിലും എഴുതണം എന്നേ കരുതിയുള്ളൂ... എന്നാല്‍ ബ്ലോഗിങ്ങ് തുടങ്ങിക്കഴിഞ്ഞ് അതൊരു ലഹരിയായി തലയ്ക്ക് പിടിച്ചു.  പിന്നെപ്പിന്നെ പതിവായി, ആഴ്ച്ചയില്‍ ഒരു മൂന്ന് പോസ്റ്റ് എങ്കിലും ഇട്ടുകൊണ്ടിരുന്നു... വിഷയങ്ങള്‍ക്ക് പരിമിതി ഉണ്ടായിരുന്നില്ല.

പക്ഷേ ഈയിടെയായി ആ ഒരൊഴുക്ക് നിലച്ചുപോയി. ഞാനിപ്പോ ബ്ലോഗ് എഴുതുന്നില്ല. ആഴ്ച്ചയില്‍ ഒന്ന് പോലും എഴുതാന്‍ ശ്രമിയ്ക്കുന്നുമില്ല. ആകെയൊരു മടുപ്പ് ജീവിതത്തെ കടന്നു പിടിച്ചതുകൊണ്ടാവാം...
ജീവിതത്തിലെ ചില പ്രതിസന്ധികള്‍ ബ്ലോഗിങ്ങിനെ പെട്ടിയ്ക്കുള്ളിലാക്കി അടച്ചുവെയ്ക്കാനാണ് തോന്നിപ്പിച്ചത്. എല്ലാം ഇട്ടെറിഞ്ഞിട്ട് കാശിക്ക് പോയി അവിടെ വെച്ച് ബ്ലോഗിങ്ങ് ആരംഭിച്ചാലെന്തെന്ന കൂലംകഷമായ ചിന്തയിലാണ് ഞാനിപ്പോ.

എങ്കിലും  ബ്ലോഗെഴുത്തിലൂടെ ലഭിച്ച ഒട്ടനവധി സുഹൃത്തുക്കളുണ്ട്. എന്റെ എഴുത്തു കൊണ്ട് എനിയ്ക്കുണ്ടായ ഏറ്റവും വലിയ നേട്ടവും ഈ സൗഹൃദങ്ങളാണ്. പക്ഷേ ഇതിലെഴുതുന്നതൊക്കെ ഒരുപാട് പേര്‍ വായിക്കുന്നുണ്ടെങ്കിലും കമന്റ് വീഴുന്നില്ല എന്നത് എന്നെ ഇരുത്തിച്ചിന്തിപ്പിച്ചിട്ടുണ്ട്. ഇരുത്തി മാത്രമല്ല, കിടത്തിയും നിര്‍ത്തിയും ചായ്ച്ച്ചും, ചരിച്ചുമെല്ലാം ചിന്തിപ്പിച്ചിട്ടുണ്ട്... ചിന്തിച്ചാലൊരു അന്തോമില്ല ചിന്തിച്ചില്ലേലൊരു കുന്തോമില്ലെന്ന് മാത്രം അവസാനം മനസിലായി

എന്തായാലും ബ്ലോഗിങ്ങില്‍  സന്തോഷവും, മനപ്രയാസവും, ചില്ലറ വിവാദങ്ങളും ഒക്കെ നല്‍കിയ കരാളകടോരമായ ഒരു നീലച്ചടയന്‍ വര്‍ഷമാണ് കടന്നു പോയത്.... പടാര്‍ ബ്ലോഗിന്റെ ഈ ഒന്നാം പിറന്നാള്‍ ബബിള്‍ഗം ചവച്ച് കുമിളവീര്‍പ്പിച്ച് പൊട്ടിച്ചുകൊണ്ട് ഞാന്‍ ഒറ്റയ്ക്ക് തന്നെ അങ്ങാഘോഷിയ്ക്കുകയാണ്..

ഈ പിറന്നാള്‍ ദിനം ആശംസിച്ച് അവിസ്മരണീയമാക്കാനായി മത്സരിച്ചെത്തുന്ന ഒരോരുത്തവര്‍ക്കുമുള്ള ലഡ്ഡു, പോസ്റ്റിന്റെ രൂപത്തില്‍ അടുത്ത ദിവസം തന്നെ ബ്ലോഗില്‍ ഇടുന്നതായിരിക്കും എന്ന് വിനീതവിധേയനായി അറിയിച്ചുകൊള്ളുന്നു....
നന്ദി നമസ്കാരം.

NB: ഞങ്ങളുടെ സ്ഥാപനത്തിന് സഹോദര സ്ഥാപനങ്ങളില്ല.
916 ഹാള്‍മാര്‍ക്ക് മുദ്രയുള്ള ഒരേയൊരു ബ്ലോഗാണ് പടാര്‍ബ്ലോഗ്.
ISO 9001-2012 അംഗീകാരമുള്ള ഏക ബ്ലോഗ് .
ഞായര്‍ പ്രവര്‍ത്തി ദിനമല്ല.

വ്യാഴാഴ്‌ച, ജനുവരി 12, 2012

പാലച്ചോട്ടിലെ യക്ഷി

ഒരുപാട് കഥകളുറങ്ങുന്ന ഒരു പാല മരം മാത്തുക്കുട്ടിയുടെ നാട്ടിന്‍ പുറത്ത് അന്നുണ്ടായിരുന്നു. പാല പൂക്കുന്നതും യക്ഷി ഇറങ്ങുന്നതുമൊക്കെ അന്ന് അവിടുത്തെ ഹിറ്റ് സ്റ്റോറികളായിരുന്നു. യക്ഷിയെ കണ്ടവരും കാണാത്തവരും എന്നു വേണ്ട യക്ഷിയുടെ കൂടെ ഒരു രാത്രി കിടന്ന്, യക്ഷിയ്ക്ക് നൂറ്റന്‍പതു രൂപാ കൊടുത്തു വിട്ടവന്‍മ്മാരു വരെ ആ നാട്ടിലുണ്ടായിരുന്നു.

അങ്ങനെയിരിയ്ക്കെയാണ് തികച്ചും അവിചാരിതമായി നമ്മുടെ കഥാ നായകന്‍ മാത്തുക്കുട്ടിയും യക്ഷിയെ കാണുന്നത്. മാത്തുക്കുട്ടി ഒന്നല്ല മൂന്നു വട്ടം യക്ഷിയെ കണ്ടു. മൂന്നാം വട്ടത്തിന് ശേഷം പിന്നീടിന്നു വരെ മാത്തുക്കുട്ടി ആ പാലച്ചുവട്ടിലൂടെ പോയിട്ടേയില്ല....

ആദ്യമായി മാത്തുക്കുട്ടി യക്ഷിയെ കാണുന്നത് ഒരു വെള്ളിയാഴ്ച്ച രാത്രി എട്ടു മണിയ്ക്കായിരുന്നു.
അന്ന് കറുത്ത വാവായിരുന്നു. കൂട്ടും കൂടി കലുങ്കിലിരുപ്പും കമന്റടിയുമെല്ലാം കഴിഞ്ഞ് കൂട്ടം പിരിഞ്ഞപ്പോള്‍, മൂളിപ്പാട്ടും പാടി നടന്നു വരികയായിരുന്നു മാത്തുക്കുട്ടി. പാല പൂത്തിരുന്നു. എങ്ങും പാലപ്പൂവിന്റെ നറുമണം...

പെട്ടന്നാണ് മാത്തുക്കുട്ടി   ഒരപ്രതീക്ഷിത കാഴ്ച്ച കാണുന്നത്. 
വെള്ള പാന്റും വെള്ള   ഷര്‍ട്ടുമണിഞ്ഞ ഒരു രൂപം പാലച്ചോട്ടില്‍ നില്‍ക്കുന്നു.
മാത്തുക്കുട്ടി   കരുതി അത് ദൂരെയുള്ള വീടിന്റെ ബള്‍ബിലെ പ്രകാശം പാളി വീഴുന്നതായിരിക്കുമെന്ന്.

 അന്നേരമുണ്ട് രൂപം അടുത്തേക്ക് വന്ന് ചോദിക്കുന്നു
- "ചുണ്ണാമ്പുണ്ടോ...?"
 അപ്പോഴാണ്  മാത്തുക്കുട്ടി  രൂപത്തെ തുറിച്ച് നോക്കിയത്.
മുഖം മൂടിയിട്ടിരുന്നു, ചുണ്ടിന്റെ കോണിലൂടെ ചുവപ്പ് രക്തം ഒലിച്ചിറങ്ങുന്നുണ്ടായിരുന്നു.മാത്തുക്കുട്ടി ഒന്നേ നോക്കിയുള്ളൂ....
അതു കണ്ടതും ഹല്ലേലൂയാ എന്നു പറഞ്ഞു  മാത്തുക്കുട്ടി  ബോധം കെട്ടു വീണു.


പിന്നെ ഒരാഴ്ച്ച കഴിഞ്ഞാണ് മാത്തുക്കുട്ടി അതേ വഴിയിലൂടെ പോകുന്നത്. അന്നും രാത്രിയായിരുന്നു....
പാലച്ചുവട്ടില്‍ എത്തിയപ്പോഴുണ്ട്, വെളുത്ത വസ്ത്രങ്ങളണിഞ്ഞ അതേ രൂപം അവിടെത്തന്നെ നില്‍ക്കുന്നു.
യക്ഷിയുടെ ചുറ്റുപാടും പുക വലയങ്ങള്‍ നിറഞ്ഞിരുന്നു.  മാത്തുക്കുട്ടി  ഒന്ന് വിരണ്ടു

മാത്തുക്കുട്ടിയുടെ കഴുത്തില്‍ കൊന്തയുണ്ടായിരുന്നതു കൊണ്ട്  ഇത്തവണ  മാത്തുക്കുട്ടി പേടിച്ചില്ല.

ഈശോയേന്ന് വിളിച്ച് ഒറ്റ നടപ്പങ്ങ് നടന്നു.
അപ്പോള്‍ രൂപം മാത്തുക്കുട്ടിയുടെ അടുത്തേക്ക് നടന്നു വന്നു.
അതു കണ്ടതും മാത്തുക്കുട്ടി ചലിയ്ക്കാനാവാതെ അവിടെത്തന്നെ നിന്നുപോയി. അവനെ വെട്ടി വിയര്‍ത്തു
 അന്നേരം രൂപം ഒറ്റച്ചോദ്യമാണ്
-"സിഗരറ്റുണ്ടോ"
അതു കേട്ടതും, മാത്തുക്കുട്ടി ഹല്ലേലൂയാ എന്നു പറഞ്ഞു  വീണ്ടും ബോധം കെട്ടു വീണു.


അതിനു ശേഷം മാത്തുക്കുട്ടി പോട്ടയില്‍ പോയി കരിസ്മാറ്റിയ്ക്ക് കൂടിയിട്ടാണ് ഒരു ലെവലായത്. അങ്ങനെയിരിക്കെ വീണ്ടും ഒരിയ്ക്കല്‍ കൂടി ഒരു സന്ധ്യാ സമയത്ത് മാത്തുക്കുട്ടിയ്ക്ക് അതേ പാലമരത്തിന്റെ ചുവട്ടിലൂടെ വരേണ്ടിയിരുന്നു. ധ്യാനം കൂടിയതോടെ ധൈര്യ ശാലിയായി മാറിയ മാത്തുക്കുട്ടി യക്ഷി വെറും പുല്ലെന്ന മട്ടിലാണ് പാലച്ചുവട്ടിലൂടെ നടന്നു വന്നത്

പെട്ടന്ന് അതാ, അതേ രൂപം അവിടെത്തന്നെ നില്‍ക്കുന്നു. വെള്ള വസ്ത്രങ്ങളുമണിഞ്ഞ്... മാത്തുക്കുട്ടിയുടെ ഉള്ളൊന്ന് കിടുകിടുത്തു. എങ്കിലും അവന്‍ ദുര്‍ബലമായ കാല്‍ വെയ്പ്പുകളോടെ അവിടുന്ന് നടന്ന് രക്ഷപെടുവാന്‍ ശ്രമിച്ചു

പൊടുന്നനെ വെള്ള വസ്ത്രമണിഞ്ഞ യക്ഷി മാത്തുക്കുട്ടിയുടെ അടുത്തേക്ക് വന്നു. മാത്തുക്കുട്ടി അവിടെ നിന്ന് ഒപ്പീസ് ചൊല്ലിക്കൊണ്ട് ട്രിപ്പീസു കളിച്ചു... അവന്റെ ഞെളിപിരിയല്‍ കണ്ട് ഊറി ചിരിച്ചുകൊണ്ട് രൂപം ചോദിച്ചു

 "ചുണ്ണാമ്പുണ്ടോ?"
മാത്തുക്കുട്ടി
 "ഇല്ല"

രൂപം
 "സിഗരറ്റ് ഉണ്ടോ ?"
മാത്തുക്കുട്ടി വീണ്ടും പറഞ്ഞു
"ഇല്ല "

ഉടനേ  രൂപം   കുറച്ചു കൂടി അടുത്തു വന്നു.
മാത്തുക്കുട്ടി  ഞെട്ടി,  തന്റെ കൊന്തയിലെ കുരിശില്‍  മുറിക്കെ പ്പിടിച്ചു.
മാത്തുക്കുട്ടി രൂപത്തിന്റെ മുഖത്തേക്ക് തുറിച്ചു നോക്കി
രൂപത്തിന്റെ ചുണ്ടിന്റെ കോണിലൂടെ രക്തം ഒലിച്ചിറങ്ങിക്കൊണ്ടിരുന്നു...

അടക്കിപ്പിടിച്ച ശബ്ദത്തില്‍  രൂപം  ചോദിച്ചു
- "പോട്ടെ, മൊബൈലില്‍ ബ്ലൂ ടൂത്തുണ്ടോ"
അന്നേരം മാത്തുക്കുട്ടി  ഹല്ലേലൂയ്യ എന്നും പറഞ്ഞ്  അവസാനമായി ബോധം കെട്ടു...

മാത്തുക്കുട്ടി വീഴുന്നത് കണ്ട് രൂപം പരിഭ്രമിച്ചു.
രൂപം തന്റെ മുഖത്തു നിന്നും വെള്ള തോര്‍ത്ത് വലിച്ചു മാറ്റി.

അത് അന്ത്രയോസ് പാസ്റ്ററായിരുന്നു!!!
അന്ത്രയോസ്  പാസ്റ്റര്‍ പിന്നെ അവിടെ നില്‍ക്കാതെ തന്റെ വീട്ടിലേക്ക് വച്ചു പിടിച്ചു....

സത്യത്തില്‍ മൂന്നു വട്ടവും സംഭവിച്ചത് ഇതാണ്.
പാസ്റ്ററുടെ വീട് അവിടുന്ന് ഒരല്‍പ്പം അടുത്തു തന്നെയായിരുന്നു. സിഗരറ്റ് വലിയ്ക്കാനും, മുറുക്കാനുമാണ് പാസ്റ്റര്‍ ആ പാലച്ചുവട്ടിലെത്തുന്നത്. ചുവന്ന മുറുക്കാന്‍, ചുണ്ടില്‍ കോണിലൂടെ ഒലിച്ചിറങ്ങിയതും, സിഗരറ്റിന്റെ പുകച്ചുരുളുകളും മാത്തുക്കുട്ടി മൂന്നു തവണയും തെറ്റിദ്ധരിയ്ക്കുകയായിരുന്നു.

അല്ല, പാസ്റ്റര്‍ക്കുമില്ലേ വികാരങ്ങളും വിചാരങ്ങളും...
പാസ്റ്റര്‍ക്കുമില്ലേ സിഗരറ്റും, മുറുക്കാനും, ബ്ലൂടൂത്തും.......