ഞായറാഴ്‌ച, ഏപ്രിൽ 29, 2012

കവചിത ഇൻഡ്യയുടെ കാലികപ്രസക്തിഅഗ്നി അഞ്ചിന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട ചില യാധാർഥ്യങ്ങളിലേക്കുള്ള ഒരു യാത്രയാണീ പോസ്റ്റ്. സമകാലിക ഇന്ഡ്യൻ പ്രതിരോധത്തിന് മേലേയുള ആശങ്കകളും,  ചൈനീസ് ഭീക്ഷണിയും  അതിർത്തി കടന്ന് മഹാമേരു പോലെ നമ്മെ തുറിച്ച് നോക്കിക്കൊണ്ടിരിക്കുന്നു. ഇന്ന് ലോക രാജ്യങ്ങളിൽ ആരിൽ നിന്നെങ്കിലും നമുക്ക് ശക്തമായ ഭീക്ഷണി ഉയരുന്നുണ്ടെങ്കിൽ അത് ചൈനയിൽ നിന്ന് മാത്രമാണ്.

അസമിനും അരുണാചൽ പ്രദേശിനും വേണ്ടി പിടിമുറുക്കുന്ന ചൈനയുടെ ശാക്തിക നയങ്ങൾ, നമ്മുടെ രാജ്യത്തെ വരിഞ്ഞു കെട്ടിക്കൊണ്ടിരിയ്ക്കുന്നു.  മംഗോളിയൻ വംശജർ ഭൂരിപക്ഷം വരുന്ന സിക്കിം തുടങ്ങിയ  അതിർത്തി സംസ്ഥാനങ്ങളിൽ ചൈനീസ് കളി,  മാതാഹരി നടത്തിയ ചാര പ്രവർത്തനങ്ങളേക്കാൾ വലുതാണ്.  ഇൻഡ്യൻ മഹാ സമുദ്രത്തിന്റെ അർദ്ധ ഭാഗത്തോളം ശ്രീ ലങ്കയിൽ താവളമുറപ്പിച്ച് ഇപ്പോൾ തന്നെ പിടിച്ചടക്കിയിരിക്കുന്ന ചൈനീസ് ഗവണ്മെന്റ്, ഇൻഡ്യൻ ഭൂ പ്രദേശത്തിനെ നാലു ചുറ്റും വളഞ്ഞ മട്ടാണ്. 

തർക്ക പ്രദേശങ്ങളുടെ കാര്യം വരുമ്പോൾ സ്വന്തം രാജ്യത്തിന്റെ മാപ്പിന്റെ കൃത്യത ചിലപ്പോൾ തെറ്റായി കാണിക്കുന്നുണ്ടാവാം. പാക്കിസ്ഥാനിലെ പഞ്ചാബ് ഇന്നും ഇൻഡ്യയുടേതാണെന്ന് നമ്മൾ പറയാറുണ്ട്. അരുണാചലിനെ ചൈനീസ് മാപ്പിൽ അവർ കാണിയ്ക്കുമ്പോൾ അതേ അരുണാചല് ഇൻഡ്യൻ മാപ്പിൽ നമ്മുടെ ഭാഗമാണ്. ടിബറ്റ് ചൈനയുടേതാണെന്ന് അവർ അവകാശപ്പെടുമ്പോൾ, ടിബറ്റ് സ്വതന്ത്ര രാജ്യമണെന്ന് ഇൻഡ്യ ആവർത്തിക്കുന്നു. ജപ്പാന്റെ ചില ദ്വീപ സമൂഹങ്ങളെ ചൈന അവരുടേതെന്ന് മാപ്പിൽ കാണിയ്ക്കുമ്പോൾ, ജപ്പാന്റെ മാപ്പിൽ, അതേ ദ്വീപുകൾ സ്വന്തമായിത്തന്നെയിരിക്കുന്നു. 

ഫോക് ലാന്റ് ദ്വീപുകൾക്ക് വേണ്ടി അർജന്റീനയും ബ്രിട്ടണും പണ്ട് ഏറ്റു മുട്ടിയതാണ്. അർജന്റീനയുടെ ഫോക് ലാന്റ് ദ്വീപുകൾ ബ്രിട്ടന്റേതാണെന്ന് ബ്രിട്ടൻ അവകാശപ്പെട്ടിടത്ത് തുടങ്ങിയ തർക്കമായിരുന്നു അത്.
തർക്ക പ്രദേശങ്ങൾ ലോകത്ത് എവിടെയും ഒന്ന് പോലെ തന്നെയാണ്. അതുകൊണ്ട് മാപ്പിന്റെ ആധികാരികത, പഞ്ചായത്തായാലും, മുനിസിപ്പാലിറ്റിയായാലും, ലോക രാഷ്ട്രങ്ങളായാലും അതങ്ങനെ തന്നെ തുടരും.


തർക്കത്തിലുണ്ടെന്ന് അവർ വരുത്തി തീർക്കാൻ ശ്രമിക്കുന്ന പ്രദേശങ്ങളിൽ അവരുടെ അവകാശ വാദം ഉറപ്പിക്കാൻ ചൈന ചില പ്രത്യേക നടപടികൾ ആവിഷ്ക്കരിയ്ക്കാറുണ്ട്. അതിലൊന്ന്,  വർഷാ വർഷം അരുണാചൽ പ്രദേശിലെ ഇൻഡ്യൻ അതിർത്തിയിലേക്ക് ഒന്നര കിലോ മീറ്ററോളം നെഞ്ചും വിരിച്ച് കയറി വരുന്ന ചൈനീസ് ആർമി, നമ്മുടെ പാറക്കെട്ടുകൾക്ക് മേലേ ചൈനീസ് അക്ഷരങ്ങളും, ചൈനീസ് മുദ്രാവാക്യങ്ങളും എഴുതി വെച്ച്, മെയ്ഡ് ഇൻ ചൈന സിഗരട്ടും,  മെയ്ഡ് ഇൻ ചൈന ബ്രാണ്ടിക്കുപ്പികളും ഉപേക്ഷിച്ച് പുല്ലുപോലിറങ്ങിപ്പോകുന്നതാണ്. ചൈന കാണിയ്ക്കുന്ന ഈ അധിനിവേശം നോക്കി നിൽക്കാനേ ഇൻഡ്യൻ പട്ടാളത്തിന് കഴിയാറുള്ളു. എന്തെന്നാൽ, പാക്കിസ്ഥാനല്ല ചൈന. അവരോട് മുട്ടാൻ നമ്മൾ പലയാവർത്തി ജനിക്കേണ്ടിയിരിക്കുന്നു. 

ആ സത്യത്തിന്റെ ഭീകരതയെ ചെറുക്കാനാണ് ഇൻഡ്യൻ ഡിഫൻസ് അത്യന്താധൂനിക മിസൈലുകളും ആണവ അന്തർ വാഹിനികളും വികസിപ്പിച്ച് കൊണ്ടിരിക്കുന്നത്. നമ്മുടെ തല തകർക്കാൻ വരുന്നവന്റെ കുതികാൽ വെട്ടാനെങ്കിലും നമുക്ക് കഴിയും എന്ന ആത്മ വിശ്വാസം ഒരോ ഇൻഡ്യൻ പൗരനും, കൊടി മരത്തിൽ ജ്വലിക്കുന്ന ത്രിവർണ പതാകയെ സല്യൂട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നു

യുദ്ധം എപ്പോൾ വേണമെങ്കിലും ആർക്കെതിരേ വേണമെങ്കിലും ഉണ്ടാവാം. ഭായീ ഭായീ എന്നു പറഞ്ഞ് തോളിൽ കയ്യുമിട്ട് നടന്ന കാലത്താണ് ചൈന ഇൻഡ്യയെ ആക്രമിച്ചത്.  ഇന്നത്തെ കാലത്തെ ആക്രമണങ്ങൾ മുച്ചൂടും നശിപ്പിക്കാൻ വേണ്ടി മാത്രമുള യുദ്ധങ്ങളാണ്. തങ്ങളുടെ ശാക്തിക, സാമ്പത്തിക മേൽക്കോയ്മയെ എതിരിടാൻ പോന്നവനെ നശിപ്പിക്കുക. യുദ്ധങ്ങളുടെ പിന്നിലുള്ള ചേതോവികാരം  പ്രാചീന കാലം തൊട്ട് അങ്ങനെ തന്നെയായിരുന്നെങ്കിലും അന്നത്തെ യുദ്ധങ്ങളും ഇന്നത്തെ യുദ്ധങ്ങളും തമ്മിലുള വ്യത്യാസം, സാമ്രാജ്യത്ത പ്രവണത ഇന്ന് ഇല്ലാതായി എന്നതാണ്... ഒരു രാജ്യം പിടിച്ചടക്കി അവിടം സ്വന്തമാക്കി വെച്ച് ഭരിക്കാൻ ഇന്ന് രാജ്യങ്ങൾ താല്പര്യപ്പെടുന്നില്ല എന്ന് വന്നിരിക്കുന്നു.
അതുകൊണ്ട് തന്നെ, ഇൻഡ്യയെ പിടിച്ചടക്കേണ്ട കാര്യമൊന്നും ചൈനക്കില്ല. പിടിച്ചടക്കലും സാമ്രാജ്യത്ത ഭരണവുമൊക്കെ അസ്തമിച്ച് കഴിഞ്ഞു. അഫ്ഗാനിസ്ഥാനീന്നും ഇറാക്കീന്നും ഊരിപ്പോരാനാണ് അവിടം പിടിച്ചടക്കിയ അമേരിക്ക പോലും ആലോചിക്കുന്നത്.


ആണവ മിസൈലുകളുടെ കണ്ട്രോൾ ബട്ടണുകൾ ഒരോ രാജ്യത്തേയും അതാതു കാലത്തെ ഭരണാധികാരിയും സൈനീക മേധാവികളും ചേർന്ന് നിയന്ത്രിക്കുന്ന ഒന്നാണ്. അവയൊക്കെ പറന്നുയരാൻ അധികം സമയയം ആവശ്യമില്ല. ഇപ്പോൾ തന്നെ ഇൻഡ്യൻ അതിർത്തി പ്രദേശങ്ങളെയൊക്കെ ലാക്കാക്കാൻ പോകുന്ന മിസൈലുകളുടെ ശേഖരം പാക്കിസ്ഥാന്റെ കയ്യിലുണ്ട്. അവർക്ക് നേരിട്ടുള്ള ഒരു യുദ്ധത്തിൽ നമ്മുടെ രാജ്യത്തോട് പിടിച്ച് നിൽക്കാൻ ആവില്ല എന്ന ഘട്ടത്തിൽ, അവർ  നമുക്കെതിരേ അവയൊക്കെ, എന്തിന് ആണവായുധം പോലും പ്രയോഗിച്ച് കൂടാ എന്നില്ല. അവയുടെ നിയന്ത്രണം, നല്ലൊരു ജനാധിപത്യ ഭരണ കൂടത്തിന് പോലും സാധ്യതയില്ലാത്ത, പട്ടാളവും തീവ്ര വാദികളും ചേർന്ന് ഭരിക്കുന്ന ഒരു നിയന്ത്രണ സംവിധാനത്തിന് കീഴിലാണെന്നത് നമ്മെ സംബന്ധിച്ചിടത്തോളം ഡെമോക്ലീസിന്റെ വാളാണ്.

ലോകത്തെ ആയുധ ശക്തിയിൽ ഒന്നാമത് നിൽക്കുന്ന രാജ്യമാണല്ലോ അമേരിക്ക. ഭീക്ഷണിയ്ക്ക് മേൽ തലയും വെച്ച് ഉറങ്ങുന്നവർ എന്നൊരു ചിന്ത അവർ എപ്പോഴും കൊണ്ട് നടക്കുന്നു. അതു കൊണ്ട് തന്നെ എപ്പോഴും ഒരു ആക്രമണത്തിന് അവർ സന്നദ്ധരാണ്. തിരിച്ചടിക്കാൻ കരുതലുളളവരുമാണ്. അവരുടെ ആറ്റം-ന്യൂക്ലിയർ ബോംബുകളുടെ വിന്യാസത്തിന്റെ കാര്യം ചിന്തിച്ചാൽ ഒരു ലോകാവസാനം എന്ന് തന്നെ ഉറപ്പിക്കുന്നതാവും നല്ലത്.

അമേരിക്കൻ പ്രസിഡന്റ് ലോകത്ത് എവിടേക്ക് പോയാലും, എയർ ഫോഴ്സ് വൺ എന്ന അദ്ദേഹത്തിന്റെ ഔദ്യോഗിക വിമാനത്തിൽ ആണവ മിസൈലുകളുടെ കണ്ട്രോൾ ബട്ടണുകൾ അടങ്ങിയ ട്രങ്ക് പെട്ടിയും ഒപ്പം കാണും. ഈ മിസൈലുകളൊക്കെ പണ്ടേക്ക് പണ്ടേ, ലക്ഷ്യം നിർവചിക്കപ്പെട്ട് റെഡിയായിരുപ്പാണ്. എണ്ണം പറഞ്ഞ രാജ്യങ്ങൾക്ക് നേരേ.... അതിപ്പോ റഷ്യയോ, ചൈനയോ,  ഇൻഡ്യ തന്നെയോ, എന്തിന് എതോപ്യ പോലും ആകാം. തങ്ങളുടെ രാജ്യത്തിന് നേരേ ആക്രമണം ഉണ്ടാകാൻ പോകുന്നു എന്ന് വിവരം ലഭിച്ചാലുടനേ അമേരിക്കൻ പ്രസിഡന്റ് ആ പെട്ടിയിലെ ബട്ടണുകളിൽ വിരൽ അമർത്തുകയേ വേണ്ടു. അമേരിക്ക കത്തി അമരാൻ തുടങ്ങുന്നതിന് മുന്നേ ശത്രു രാജ്യം ലക്ഷ്യമാക്കി അവരുടെ ആണവ മിസൈലുകൾ പുറപ്പെട്ടിട്ടുണ്ടാവും. ഇതാണതിന്റെയൊരു കളി.
അതു കൊണ്ട്, ലോകത്തെ ഏതൊരു കിറുക്കൻ ഭരണാധികാരി വിചാരിച്ചാലും ഈ മിസൈലുകൾ പറന്നുയരാം. 

അങ്ങനെ സംഭവിച്ചാൽ, അടുത്ത ലോകമഹാ യുദ്ധമോ, അല്ലെങ്കിൽ മായൻ കലണ്ടറിലും മായമില്ലാത്ത [?] വേദ ഗ്രന്ഥങ്ങളിലും  പറഞ്ഞ് വിശ്വസിപ്പിച്ച ലോകാവസാനമോ ഉണ്ടാവുകയും ചെയ്യാം.


ഇൻഡ്യൻ ഉപഭൂഖണ്ടം ഒരു ആക്രമണ ഭീക്ഷണി നേരിട്ടാൽ, അമേരിക്ക സഹായിക്കും എന്ന് മൂഡമായി ധരിക്കുന്ന ഒരു ഭരണ നേത്രുത്വമാണ് നമുക്കിന്നുള്ളത്. ഇൻഡ്യയെ എന്നും സപ്പോർട്ട് ചെയ്തിട്ടുള്ളത് സോവിയറ്റ് യൂണിയനാണ്. അവരുടെ ആയുധങ്ങൾ ഏറ്റവും കൂടുതൽ വാങ്ങുന്നിടം തൊട്ട്, പ്രഖ്യാപിതമല്ലാത്ത ഒരു സൈനീക അച്ചുതണ്ട് പോലും  ഇൻഡ്യയ്ക്ക്, സോവിയറ്റ് യൂണിയനുമായുണ്ട്. പിന്നീട് സോവിയറ്റ് യൂണിയൻ പല പല റിപ്പബ്ലിക്കുകളായി ചിന്നി ചിതറിയിട്ട് പോലും,  ഇന്നത്തെ റഷ്യയും ഇൻഡ്യയും തമ്മിൽ ആ അടുപ്പം കാത്തു സൂക്ഷിക്കുന്നു.

ഇനിയത്തെ കാലത്തെ യുദ്ധങ്ങൾ ഏക പക്ഷീയമായ രണ്ട് രാഷ്ട്രങ്ങൾ തമ്മിലല്ല. നേരിട്ടും അല്ലാതെയും ഒരായിരം സഹായ ഹസ്തങ്ങൾ യുദ്ധത്തിലേർപ്പെടുന്ന രാജ്യങ്ങൾക്ക് തുണയായി കിട്ടും. ഇസ്രായേലിന്റെ ശക്തി അമേരിക്കൻ പിന്തുണയാണെങ്കിൽ, പാലസ്തീനെ സഹായിക്കാൻ അറബ് മുസ്ലീം രാഷ്ട്രങ്ങളുടെ നിര തന്നെയുണ്ട്. അതു പോലെ ചൈന ഇൻഡ്യയുമായി ഒരു യുദ്ധത്തിലേർപ്പെട്ടാൽ ഒന്നുകിൽ അമേരിയ്ക്കയ്ക്കോ, അല്ലെങ്കിൽ റഷ്യയ്ക്കോ അവരുടെ താൽപ്പരാർഥം ഇൻഡ്യയെ സഹായിക്കേണ്ടി വന്നേക്കാം.... കാരണം തങ്ങളെ കവിഞ്ഞ് മറ്റൊരുത്തൻ [ചൈന] സാമ്രാജ്യത്ത ശക്തിയായി തീരുന്നത് ഒരാൾക്കും സഹിക്കില്ലെന്നത് തന്നെ.ഇങ്ങനെ നിരവധി കാരണങ്ങൾ ഉളളത് കൊണ്ട്, അഗ്നി പോലുള മിസൈലുകളും, ലോകത്തിലേ എറ്റവും മികച്ച ആയുധ ശേഖരങ്ങളാലും നമ്മുടെ രാജ്യം കവചിതമായിരിക്കണം.  ലോക രാഷ്ട്രങ്ങളുടെ ചതുരംഗക്കളിയ്ക്കിടയിൽ നമുക്ക്  തന്ത്ര പരമായ ആക്രമണ ഭീക്ഷണി നേരിടുമ്പോൾ ഇൻഡ്യയ്ക്ക് അവരോട് ധൈര്യ പൂർവ്വം പറയാം..  ചെക്................
 

ടമാർ പടാർ:  
ഞാൻ ഉത്തര കൊറിയയുടെ ഒരു ആരാധകനാണ്. 
ഒന്നുമില്ലേലെന്താ, വയറ് നിറച്ചും ഉപരോധങ്ങളാണെങ്കിലെന്താ, തൊട്ടാ പണി കിട്ടും എന്ന് മറ്റുള്ളവരേക്കൊണ്ട് തോന്നിപ്പിക്കാൻ ഉത്തര കൊറിയയ്ക്ക് എപ്പോഴും കഴിയുന്നു. 
രാജ്യങ്ങളായാൽ അങ്ങനെ ആണായിപ്പിറക്കണം....

ഞായറാഴ്‌ച, ഏപ്രിൽ 22, 2012

സല്യൂട്ട് ഇൻഡ്യ.

ബിഹൈന്റ് ദ എനിമീ ലൈൻസ് എന്ന  വിഖ്യാത ഹോളീവുഡ് ചിത്രത്തിലെ ആദ്യ രംഗങ്ങൾ ആരും മറന്നു ട്ടുണ്ടാവില്ലല്ലോ. വിമാനവേധ മിസൈലുകൾ എന്താണെന്ന് സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തിയ ഒരു സിനിമയാണത്. സ്ട്രാറ്റജിയുടെ  ചില്ലറ അഭ്യാസങ്ങൾ കാട്ടി പട്ടാളക്കഥകളുടെ രോമാഞ്ച ചിറകിലേറ്റിയ സിനിമയാണത്.  ആക്രമിക്കാൻ പാഞ്ഞെത്തുന്ന വിമാനങ്ങളെയോ, ആക്രമിച്ച് പായുന്ന വിമാനങ്ങളെയോ, തന്ത്രപ്രധാന രഹസ്യങ്ങൾ ചോർത്താനായി എത്തുന്ന ശബ്ദരഹിത വിമാനങ്ങളെയോ പിന്തുടർന്ന് ചെന്ന്, ആക്രമിച്ച് നശിപ്പിക്കുന്ന വിമാനവേധ മിസൈലുകളുടെ ത്രസിപ്പിക്കുന്ന രംഗങ്ങൾ ആ ചിത്രം കാട്ടിത്തരുന്നു

കേവലം ഗ്രാഫിക്സോ, സ്പെഷൽ ഇഫക്ടുകളോ എന്നു പറയാമെങ്കിലും അത്തരം ചിത്രങ്ങളിലൂടെ മനസ്സിലാക്കുന്ന വലിയ സത്യം, ഒരോ രാജ്യത്തേയും പൗരൻമ്മാരുടെ ചിന്താ ശക്തിയ്ക്ക് അതീതമാണ് ഒരോ രാജ്യങ്ങളുടേയും സ്ട്രാറ്റജിക്കൽ സ്ട്രെങ്ങ്ത് എന്നതാണ്.  എടുക്കുമ്പോൾ ഒന്ന് തൊടുക്കുമ്പോൾ നൂറ്, കൊള്ളുമ്പോൾ ആയിരം എന്ന കണക്കിൽ ഒരോ രാജ്യങ്ങളും തങ്ങളുടെ ആയുധശേഖരം വർധിപ്പിച്ച് കൊണ്ടിരിക്കുന്നത്, ശത്രു വാതില്ക്കൽ തന്നെ ഊഴം കാത്ത് നിൽപ്പുണ്ടെന്ന് തിരിച്ചറിവിലാണ്.                           

ഭയം എന്ന വികാരം ഭൂമുഖത്തെ ഒരോ ജീവജാലങ്ങളേയും ആത്യന്തികമായി നയിക്കുന്ന ഒന്നാണല്ലോ. മ്രിഗങ്ങളുടെ റിഫ്ലക്ഷൻ വളരെ പെട്ടന്നാണ്. ഉറക്കത്തിൽ പോലും അവയ്ക്ക് ആപത്ത് നേരിട്ടാൽ രക്ഷപെടൽ നിമിഷങ്ങൾക്കുളളിൽ നടന്നിരിക്കും. ആക്രമണവും പ്രത്യാക്രമണവും  വളരെ പ്ലാൻ ചെയ്ത് കരുതിക്കൂട്ടിത്തന്നയായിരിക്കും അവ നടത്താറുള്ളത്. ഒരു ചീറ്റപ്പുലി, ഒരു കൂട്ടം മാനുകൾക്കിടയിൽ വേട്ടയാടാൻ തീരുമാനിച്ചാൽ, അത് ഒന്നിനെ തന്നെ എയിം ചെയ്ത് അതിനെ മാത്രം പിന്തുടർന്ന് പിടിക്കും. പക്ഷേ മനുഷ്യന് റിഫ്ലക്ട് ചെയ്യാനുള്ള കാല താമസവും, അവന്റെ ശരീരത്തിന്റെ പരിമിതികളും ആദിമ കാലം മുതൽക്കേ അവനേക്കൊണ്ട് കൂർത്ത കല്ലുകൾ, കുന്തങ്ങൾ തുടങ്ങിയ ആയുധങ്ങൾ അണിയുന്നവനാക്കി തീർത്തു. ഭയത്തെ തോൽപ്പിക്കാൻ ആയുധങ്ങളുടെ സംരക്ഷണവും, അവ കൂടുതൽ കൂടുതൽ ശേഖരിക്കുക ദൗർബല്യവും അവനിൽ സംജാതമാക്കി. പിന്നീട് സംഘം ചേരലും, പ്രവിശ്യാ ഭരണവും തുടങ്ങിയപ്പോൾ എതിർ സംഘത്തേക്കാളും എതിർ പ്രവിശ്യയേക്കാളും ആളും , അർഥവും, ആയുധങ്ങളും അവന് ആവ്ശ്യമായി വന്നു.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രഖ്യാപിത നിഴൽ യുദ്ധകാലത്ത് രാഷ്ട്രങ്ങളെ ഭരിക്കുന്ന ഭീതിയുടെ അടിസ്ഥാനം, നാലുപാടും ശത്രു ജാഗരൂകരായിരിക്കുന്നു എന്നത് തന്നെയാണ്. തങ്ങൾക്ക് ഒന്നും സംഭവിക്കില്ല എന്നറിയാമായിരുന്നിട്ടും, അഭിമാന സ്തംഭങ്ങളായ ലോക വ്യാപാര കേന്ദ്രങ്ങളുടെ തകർച്ചയുടെ പേരിൽ മാത്രം അമേരിക്ക അഫ്ഗാനിസ്ഥാനേയും, ഇറാഖിനേയുമൊക്കെ ആക്രമിച്ചത് ആധൂനിക ഭയപ്പാടിന്റെ പ്രതീകമായിരുന്നു. അറേബ്യൻ രാജ്യങ്ങളിലെ പെട്രോളിന് മേലേ ഒരു കണ്ണുണ്ടെങ്കിലും, തങ്ങളെ ആക്രമിച്ചേക്കുമോ എന്ന ഭയമാണ് അവരെ, ഓടുന്ന പട്ടിക്ക് ഒരു മുഴം മുൻപേ എന്ന യുദ്ധതന്ത്രം സ്വീകരിക്കാൻ പ്രേരിപ്പിച്ചത്.

ദുർശക്തികളുടെ അച്ചുതണ്ടെന്ന് ഇറാൻ, ഇറാഖ്, ഉത്തര കൊറിയ എന്നിവരെ അമേരിക്ക സംബോധന ചെയ്തപ്പോൾ. ഉത്തര കൊറിയ എന്ന കുഞ്ഞു രാജ്യം പ്രതികരിച്ചത് "ഉത്തര കൊറിയയെ ആരെങ്കിലും ആക്രമിച്ചാൽ തങ്ങൾ ആറ്റം ബോംബിടും" എന്ന ഒറ്റ ഡയലോഗിലാണ്. അവരുടെ പക്കൽ ആറ്റം ബോംബുണ്ട് അതു കൊണ്ട് അവരെ ആക്രമിക്കണം എന്ന് പറഞ്ഞു നടന്ന അമേരിക്ക പിന്നീടിന്നോളം ഉത്തര കൊറിയക്കെതിരേ സംസാരിച്ചിട്ടില്ല എന്നത് അവർക്ക് ആ പരാമർശത്തെ നിസ്സാര വത്കരിച്ച് കളയാൻകഴിഞ്ഞില്ല എന്നത് കൊണ്ട് മാത്രമായിരുന്നു. ഉത്തര കൊറിയ അങ്ങനെ ചെയ്തേക്കുമോ എന്ന ഭയം അമേരിക്കയെ അലട്ടാൻ തുടങ്ങി. സത്യത്തിൽ ഉത്തര കൊറിയുടെ ഭയപ്പാട് കൊണ്ടാണ് വായിൽ വന്നത് കോതയ്ക്ക് പാട്ടെന്ന മട്ടിൽ അവരേക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. ഇങ്ങനെ ഭയം, ആർക്കും എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കാമെന്നും, ഭയത്തെ തടുക്കാനുളള നല്ല മാർഗ്ഗം ഭയപ്പെടുത്തിക്കൊണ്ടിർഇക്കുന്നവനെ ഭയപ്പെടുത്തുക എന്നതാണെന്നും സൈനീക യുദ്ധ തന്ത്രങ്ങളിൽ ഉരുത്തിരിഞ്ഞു വന്നു കൊണ്ടിരിക്കുന്നു.

നമ്മുടെ  രാജ്യം  അഗ്നി 5 മിസൈൽ വിക്ഷേപണം നടത്തിയത്, നമ്മെ നിരന്തരം ഭയപ്പെടുത്താൻ ശ്രമിയ്ക്കുന്ന സകല രാജ്യങ്ങൾക്കും ഒരു ശക്തമായ താക്കീത് നൽകുക എന്ന അർഥത്തിൽ കൂടിയാണ്. കണ്ണും പൂട്ടി ആക്രമിക്കാൻ വന്നാൽ, കയ്യുംകെട്ടി നിൽക്കാതെ തിരിച്ചടിച്ച് കളയും എന്ന ശക്തമായ താക്കീത്. അഥവാ ഭയപ്പെടുത്തൽ. തനിക്ക് അവനെ തോൽപ്പിക്കാനും തകർക്കാനും പറ്റുമെങ്കിലും, അവന് വേനമെങ്കിൽ തന്റെ നട്ടെല്ലിന് ക്ഷതം ഏൽപ്പിക്കാൻ സാധ്യതയുണ്ടെന്ന് തോന്നിപ്പിക്കാൻ അഗ്നി 5 രാജ്യം ഒരു ആഘോഷമായി ഏറ്റെടുത്തതിലൂടെ  കഴിഞ്ഞിരിക്കുന്നു. 5000 കിലോമീറ്ററാണിതിന്റെ പ്രഹര പരിധി. ചൈനയേപ്പോലെ നമുക്ക് മുൻപിൽ മഹാമേരുവായി വളരുന്ന ശത്രു രാജ്യം മുതൽ റഷ്യയും ആഫ്രിക്കയും എല്ലാം ഉൾപ്പെടുന്ന വിശാലമായ ലക്ഷ്യങ്ങളിലേക്ക് നമ്മുടെ ആണവ പോർമുനകൾ വഹിച്ച് ലക്ഷ്യം കാണാൻ ഈ മിസൈലിന് കഴിയും. ശബ്ദത്തിന്റെ പതിൻമ്മടങ്ങ് വേഗത അഗ്നി 5 നുണ്ട്.

യു എസ്, ചൈന, ഫ്രാൻസ്, റഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് മാത്രമാണ് ഇത്രയും പ്രഹര ശേഷിയുളള മിസൈൽ ഉളളു. തങ്ങൾക്ക് തിരിച്ചടി കിട്ടും എന്ന് ഉറപ്പുള്ള രാജ്യത്തെ ആക്രമിക്കാതിരിക്കുന്നതും യുദ്ധതന്ത്രമാണെങ്കിൽ, ഇൻഡ്യയെ തൊട്ടാൽ കൈ പൊളളും എന്ന ഒരു ഭയം മറ്റു രാജ്യങ്ങളെ ഗ്രസിപ്പിക്കാനും  ഈ മിസൈലിന്റെ വിജയകരമായ വിക്ഷേപണത്തോടെ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

39.9  ബില്ല്യൺ ഡോളറാണ് നമ്മുടെ രാജ്യത്തിന്റെ സൈനീക ബജറ്റ്.  നിരന്തര ശത്രുവായ പാകിസ്ഥാൻ, ഇന്ന് നമുക്കൊരു ഭീതിപ്പെടുത്തുന്ന രാഷ്ട്രമല്ല. അവരേക്കാൾ എത്രയോ എത്രയോ പടി മുകളിലാണ് നമ്മുടെ രാജ്യത്തിന്റെ സൈനീക ബലം. പക്ഷേ ചൈന തൊട്ടപ്പുറത്ത് നിന്ന്  നമ്മുടെ രാജ്യത്തിന്റെ അടിവേരിളക്കാൻ പ്ലാനും പദ്ധതിയും എലിവേഷനും വരച്ച് കാത്തിരിക്കുമ്പോൾ നമുക്ക് ഭയപ്പാടുണ്ടായേ മതിയാവൂ. അത്തരം ഭയത്തിൽ നിന്നും നാം ആർജ്ജിച്ചെടുക്കുന്ന സൈനീക ബലം, ചൈനയെ ഭീതിപ്പെടുത്താൻ പോകുന്നതാവുമ്പോൾ തൊട്ടാൽ പണി കിട്ടും എന്ന ഭയം അവരെ വേട്ടയാടാൻ തുടങ്ങും.

അമേരിക്ക പോലുളള രാജ്യങ്ങൾക്കും ശക്തമായ ഒരു താക്കീതാണ് നാം ഇതിലൂടെ നൽകുന്നത്. ഇത്തരം ആയുധങ്ങളുടെ സോഴ്സിനും, ടെക്നോളജിക്കും വേണ്ടി നാം അമേരിക്ക, റഷ്യ പോലെയുളള രാജ്യങ്ങളെ ആശ്രയിക്കാറുണ്ടെങ്കിലും, നമ്മുടെ ശാക്തിക വളർച്ച ഏഷ്യൻ രാജ്യത്തെ പുതിയ ശാക്തിക ധ്രുവീകരണമായി മാറുകയാണ്. തെക്കനേഷ്യൻ രാജ്യങ്ങളിൽ അമേരിക്ക കൈകടത്താത്തതിന് പിന്നിൽ ചൈയുടെ സമ്മർദ്ധവും, ഇൻഡ്യയുടെ സ്വയം പര്യാപ്തതയുമെല്ലാം ഘടകങ്ങളാണ്....

അഗ്നി 5, 2014-ഓടെയേ സൈന്യത്തിന് കൈമാറ്റം ചെയ്യൂ... അതിനു മുൻപ് ഇനിയും പരീക്ഷണ പറക്കലുകൾ ആവശ്യമാണ്. പൊഖ്രാൻ മരുഭൂമിയിൽ രണ്ട് തവണ ബുദ്ധൻ ചിരിച്ചതിന് ശേഷം, ഒഡീഷയിലെ വീലർ ദ്വീപിൽ 20.04.2012 -ൽ അഗ്നി പ്രഭ ചൊരിഞ്ഞത് രാജ്യത്തെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്റേയും, ശാക്തിക വളർച്ചയുടേയും സുശക്തമായ ഉറപ്പ് തന്നെയാകുന്നു.

സല്യൂട്ട് ഇൻഡ്യ.

ചൊവ്വാഴ്ച, ഏപ്രിൽ 17, 2012

കുലസ്ത്രീകളുടെ വ്യാകരണങ്ങൾ

കുലസ്ത്രീയെ തിരിച്ചറിയാൻ കുല മഹർഷിയായ കുലോത്തുംഗ കുൽക്കർണി,  തന്റെ  "കുലുക്കിക്കുത്താൻ കുലസ്ത്രീകൾ" എന്ന ഖണ്ഡ കാവ്യത്തിൽ ഒട്ടനവധി വിശദീകരണങ്ങൾ നടത്തിയിട്ടുണ്ട്. അവയിൽ ചിലത് ഇതാ..

1. മുപ്പത്തഞ്ച് വയസ്സിന് മേലോട്ടുള്ളവരെയാണ് എപ്പോഴും നാം കുലസ്ത്രീ കുലസ്ത്രീ എന്ന് പറയാറുള്ളത്. ഒരു കുലസ്ത്രീയുടെ  നടപ്പിലും എടുപ്പിലും ആകമാനം ഒരു വശപ്പിശക് തോന്നണം. അങ്ങനെയുള്ള ആരെയെങ്കിലും കാണുകയാണെങ്കിൽ അന്നേരം മനസ്സിൽ ഓർത്തോളണം യെവൾ, ചില്ലറക്കാരിയല്ല. ഒന്നാംതരം കുലസ്ത്രീ തന്നെ എന്ന്.

2. ഒരുത്തമ കുലസ്ത്രീയ്ക്ക് വേണ്ടത് വിജുലിംഭിച്ച ബോഡിയാണ്.
മുടി ക്രോപ്പ് ചെയ്തതും, ബോബ് ചെയ്തതുമായാൽ അവൾ ഉത്തമ കുലസ്ത്രീയാണെന്ന് ഉത്തമ ഗീതത്തിൽ വായിച്ചിട്ടുണ്ട്. ചുണ്ടിൽ ലിപ്സ്റ്റിക്, കവിളത്ത് റോസ് പൗഡർ, റൂഷ്, പോളീഷ്,   മേക്കപ്പിന് വേണ്ടി കിട്ടാവുന്ന ഒരുമാതിരിപ്പെട്ട സകല കണകുണാ തുടങ്ങിയവ ശരീരത്തിലുണ്ടെങ്കിൽ പിന്നെ അവളല്ലാതെ ഈ ലോകത്ത് വേറൊരു കുലസ്ത്രീയില്ല.

3. മേൽചുണ്ട് കീഴ്പ്പല്ല് കൊണ്ട് കടിക്കൽ, പാതി മയങ്ങിയ കണ്ണുകൾ, ഇടയ്ക്കിടയ്ക്കുള്ള കണ്ണ് വെട്ടിക്കൽ, മൂക്കു കൊണ്ട് ചുമ്മാ മണം പിടിക്കൽ തുടങ്ങിയവ പ്രകടിപ്പിക്കുകയും, കാലിന്മേൽ കാൽ കയറ്റി സെക്സിയായി ബോഡീ ലാങ്ങ്വേജ് പ്രദർശിപ്പിക്കുക തുടങ്ങിയവ ചെയ്യുന്നുണ്ടെങ്കിൽ അവൾ കുലസ്ത്രീ തന്നെ.

4. എൺപത്തഞ്ച്  മുതൽ നൂറ്റഞ്ച് കിലോ വരെ തൂക്കമുള്ള കുലസ്ത്രീകളാണ് യധാർഥ കുലസ്ത്രീ. ഒരു സ്ത്രീയെ കണ്ടാലുടനേ  "ഇവര് ഇടിവെട്ട് കുലസ്ത്രീ തന്നെ" എന്നൊരാന്തലുണ്ടായാൽ, അവൾ കുലസ്ത്രീകളിലെ രാജവെമ്പാലയാണ്. അത്തരക്കാരെ കിങ്ങ് കുലസ്ത്രീയെന്നോ, സവിതാ കുല ഭാബി എന്നോ വിളിക്കാം.

5. കുലസ്ത്രീകൾ ടു പീസ് ബിക്കിനി അണിയുന്നവരാവണം, സെൻസും സെൻസിബിലിറ്റിയും, സെക്സ് അപ്പീലും ഉണ്ടാവണം. കുലസ്ത്രീയെ കാണുന്ന ഉടനേ തന്നെ, പന്ത്രണ്ട്, പത്തിന്റെ പയ്യൻമ്മാർ പോലും "എന്റമ്മാമ്മോ" എന്ന് മനസ്സിലെങ്കിലും വിളിച്ച് അവിടെ തന്നെ മോഹലാസ്യപ്പെട്ട് വീഴാം.അന്നു മുതൽ ആ പയ്യന്മാർ പറമ്പിലും പാടത്തും എഞ്ചിനീയറേയും ഡോകടറേയും റോക്കറ്റേൽ പറപ്പിക്കും.

6. ടു പീസ് ബിക്കിനി ഇല്ലെങ്കിൽ പുറകും, മുൻപും ഇറക്കി വെട്ടിയ ബ്ലൗസും, ഉടുത്തോ ഉടുത്തിട്ടില്ലേ എന്ന് സംശയിക്കത്തക്ക വിധം ചുറ്റിയ സാരി അണിഞ്ഞവരായാലും, അവർ കുലസ്ത്രീ തന്നെ. ഒരൽപ്പം ലാസ്യ ഭാവവും - എന്നാൽ,  ഈ മലയാളി വായ്നോക്കികളേക്കൊണ്ട് തോറ്റു എന്ന മട്ടിൽ ശ്ച്ചം ഭാവിയ്ക്കുകയും ചെയ്താൽ  അവർ ഉന്മാദ കുലസ്ത്രീയായിരിക്കും.

7. മുപ്പത്തഞ്ചു വയസ്സിന് മേലേയുള്ള കുലസ്ത്രീകൾ,  ഇറുകിയ ജീൻസും, ടോപ്പും, ചുരിദാറും ഒക്കെയിട്ട് പബ്ലിക്കിൽ നടക്കും. തങ്ങളെ എല്ലാവരും ശ്രദ്ദിയ്ക്കണം എന്ന് ആഗ്രഹമുണ്ടെങ്കിലും, അങ്ങനെ ആരെങ്കിലും ശ്രധിയ്ക്കുന്നതായി അവരുടെ ശ്രദ്ധയിൽ പെട്ടാൽ ആനിമിഷം "കണ്ട്രീ ഫെലോസ്"  എന്ന് ഇംഗ്ലീഷിൽ ശർദ്ദിയ്ക്കും. 


 8. കുലസ്ത്രീകൾ മക്കളെ കൂടെ കൊണ്ട് നടക്കാറില്ല. നടക്കുന്നവരാകട്ടെ, തങ്ങൾക്ക് ലഭിക്കുന്ന നോട്ടത്തിൽ പാതി, തങ്ങളുടെ പെണ്മക്കൾക്കും ലഭിക്കട്ടെ എന്ന സദുദ്ദേശത്തോടെ അവരെ വസ്ത്രധാരണം ചെയ്ത് കൂടെ നടത്തും. കുലസ്ത്രീകൾ സ്വാർഥരല്ല എന്ന് ഇങ്ങനെ നാം മനസ്സിലാക്കും.

9. കുലസ്ത്രീകൾ ഒരിക്കലും മതിലു ചാടാറില്ല, പകരം  പാർട്ടികൾ, കീചെയിൻ കൊളാബറേഷൻ, പർച്ചേസിങ്ങ്, ഷോപ്പിങ്ങ് തുടങ്ങിയവയിലൂടെ സന്തോഷം കണ്ടെത്തുകയും; കുടുംബം - കുട്ടി, കുട്ടി - കുടുംബം എന്ന് മാത്രം ചിന്തിച്ച് ജീവിയ്ക്കുകയും ചെയ്യും. ഒപ്പം തന്നെ ഭർത്താവിനെ എടാ ശങ്കർ, ഡാ ജോണീ, വാഡാ ഷെറീഫേ എന്നൊക്കെ വിളിച്ചെന്നുമിരിക്കും.

10. മദാലസയും, മാദകത്വം തോന്നിപ്പിക്കുന്ന ശരീര ഭാഷയും, മദോന്മത്തമായ ചേഷ്ഠകളും, കൂട്ടിന്ന് കുറേ മാദക മസാല ദോശകളും ഉണ്ടെങ്കിൽ, അവൾ കുലസ്ത്രീകളേക്കാളും വല്യ കുക്കുലസ്ത്രീയാണ്.


തൽക്കാലം ഇത്രയും വിവരണങ്ങൾ കൊണ്ട് തൃപ്തിപ്പെടണം. കൂടുതൽ വിവരങ്ങൾ മഹർഷിയുടെ പുസ്തകത്തിൽ നിന്നും കണ്ടെത്തി, ഇനിയുള്ള വല്ല ലക്കത്തിലും ഇവിടെ വാരി വിളമ്പാം.

ഞായറാഴ്‌ച, ഏപ്രിൽ 08, 2012

അല്ല എന്നാത്തിനാ നമ്മൾ ബ്ലോഗെഴുത്ത് നിർത്തുന്നത്.....

പുല്ല്. നീരാ റാഡിയമാർക്കും,കോഴപ്പണക്കാർക്കും, അച്ചാമ്മ വർഗ്ഗീസുമാർക്കും, മോഹൻ തോമസ്സിന്റെ ഉച്ചിഷ്ട്ടങ്ങൾക്കും എതിരേ ഈ ലോകത്ത് രണ്ടേ രണ്ട് തീക്ഷ്ണ പ്രതികരണങ്ങളേയുള്ളു. ഒന്ന് സാക്ഷാൽ സുരേഷ് ഗോപി. രണ്ട് പടാർബ്ലോഗ്..... കമന്റില്ലേൽ പോട്ട് പുല്ല്. അല്ലെങ്കിലും കമന്റിനു വേണ്ടി ബ്ലോഗ് എഴുതാനാരുന്നു പ്ലാനും എലിവേഷനുമെങ്കിൽ മറ്റ് ബ്ലോഗ് പോസ്റ്റുകളെല്ലാം തിരഞ്ഞ് പിടിച്ച് കമന്റിട്ട് നടന്നേനെ....

ഒരു വായിൽ രണ്ട് വർത്തമാനം പറയുന്നു എന്ന് നിങ്ങൾക്ക് തോന്നിയേക്കാം. അഭിപ്രായം ഇരുമ്പുലയ്ക്ക അല്ലെന്നും, വാക്കും ചാക്കും എപ്പോ വേണമെങ്കിലും കീറാമെന്നും ഫോർലൈൻ ബുക്കിൽ എക്സ്ട്രാ ഒരു അണ്ടർ ലൈനിട്ട് ഞാനിവിടെ അടിച്ചുറപ്പിക്കുന്നു.

കമന്റില്ലേൽ പോട്ടെന്ന് വെക്കും. അല്ലെങ്കിലും ഈ കമന്റൊക്കെ എന്നാ ഉണ്ടായത്. ആദ്യം ബ്ലോഗ്. പിന്നെ ബ്ലോഗ് പോസ്റ്റ്. അതും കഴിഞ്ഞാണ് അതിന്റെ കീഴിൽ കമന്റ് എന്ന സാധനം വന്നത്. ഗുമ്മില്ലായ്മ്മയാണ് ഇപ്പോഴത്തെ പ്രധാന പ്രശ്നമെങ്കിൽ, നാലു പാക്കറ്റ് ഗോൾഡ് ഫിൽട്ടരും, ഒരു ഗ്ലാസ് കരിങ്ങാലി വെള്ളവും ഉണ്ടെങ്കിൽ ഗുമ്മ് താനേ വരും. പടാർ ബ്ലോഗ് അങ്ങനെ അവസാനിപ്പിക്കാൻ ഇപ്പോ മനസ്സില്ല. വേണുന്നവർ വായിക്കട്ടെ, കീ ബോഡിന് കുഴപ്പമില്ലെങ്കിൽ കമന്റട്ടെ.... അല്ല പിന്നെ. എനിക്ക് ഇതേയുള്ളു സ്വന്തമെന്ന് പറയാൻ. പിന്നെ പുനലൂര് ഇരുപത്തഞ്ചേക്കർ റബ്ബരും, ആക്സിസ്  ബാങ്കിൽ അമ്പത് ലക്ഷത്തിന്റെ ബാങ്ക് ബാലൻസും....

എൺപത്തേഴ് തരുണീ മണികൾ തുണിയും മണിയുമില്ലാതെ നിരന്ന് നിൽക്കുന്ന രാജകീയ അംഗണം ഈ ബ്ലോഗിന്റെ പടിഞ്ഞാറു ഭാഗത്ത് കന്നിമൂലയിൽ മേശിരി സ്ഥാപിച്ചിട്ടുണ്ട്. അതിന്റെ ഐശ്വര്യം ഐശ്വര്യാ റായ് ബച്ചനോ, അവരുടെ കൊച്ചിനോ പോലും ഉണ്ടെന്നു തോന്നുന്നില്ല.....

ഇനീം ബ്ലോഗ് എഴുതും. ഇനീം പോസ്റ്റ് കൊണ്ട് കസറും. എഴുത്തിൽ നമ്മളെ  തകർക്കാൻ കേവലം അഞ്ച് സെന്റീ മീറ്റർ നീളമുള്ള ഗുമ്മിനാവില്ല. ഗുമ്മിനെ വാരിക്കുഴി കുഴിച്ച്, കയരുകെട്ടി ബന്ധിച്ച്, ഈ ബ്ലോഗിന്റെ ആനക്കൊട്ടിലിൽ കൊണ്ട് ഞാൻ തളച്ചിടും. എന്നിട്ട് ഇടഞ്ഞ കൊമ്പന്റെ കൃഷ്ണ മണിയിൽ തോട്ടാ വെച്ച് പൊട്ടിയ്ക്കും. പടാർ ബ്ലോഗിൽ നിന്ന് പിറന്ന വിജ്രുംബിതങ്ങളായ സ്ഫോടനങ്ങൾ ഇനിയും തുടരും. ബെർളിച്ചായൻ കിങ്ങാണെങ്കിൽ നമ്മൾ കമ്മീഷണറാ. ഞങ്ങൾ പറയുന്നത് നിങ്ങൾക്ക് മനസ്സിലായില്ലെങ്കിലും ഞങ്ങൾ ഇനിയും ഇനിയും പറഞ്ഞു കൊണ്ടേയിരിക്കും. ഇനിയും ഒരായിരം മസാല പോസ്റ്റുകൾ ഇവിടെ പിറക്കാൻ കിടക്കുന്നു, ഇനിയും ഒരായിരം നേരംകൊല്ലി കഥകൾ ഇവിടെ പിറക്കാനിരിക്കുന്നു, ഇനിയും വരും ഇവിടെ ഗ്രേസ്മേരി മാത്തുക്കുട്ടി കഥകൾ, ഇനിയും വരും ഇവിടെ സെലീനയ്ക്കുള്ള എയർ മെയിൽ മറുപടി, ഇനിയും ഇനിയും പോസ്റ്റുകൾ പിറക്കും.

അല്ല നമ്മളെന്നാത്തിനാ ബ്ലോഗെടുത്ത് ഫ്രിഡ്ജിനകത്ത് വെച്ച് പൂട്ടുന്നെ? ബ്ലോഗ് ഒന്നൂടെ സെറ്റപ്പാക്കി, വായിക്കാനെത്തുന്നവർക്ക് നാരങ്ങാ വെള്ളവും, എയർകണ്ടീഷണറൈസ്ഡ് റെസ്റ്റ് റൂമും, രാജകീയ പരിചരണവും ഒരുക്കാൻ ബ്രിട്ടനിലെ കമ്പനീമായിട്ട് ടൈയപ്പ് ആയിട്ടുണ്ട്. ഇപ്പോ ചിന്നതായൊരു ഇടവേളയാണെങ്കിലും ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ ഇവിടെ അടുത്ത പോസ്റ്റ് വീണിരിക്കും. കമന്റുന്നവർ കമന്റിയാൽ മതി. പടാർ ബ്ലോഗ് ടമാർ പഠാറായി ഇനിയും ഇനിയും യാത്ര തുടരും. ഞാൻ പട്ടടയിലേക്കെടുക്കപ്പെടുമ്പോൾ എന്റെ പെണ്ണുമ്പിള്ള മഗ്ദരീനാ മദാമ്മ നെഞ്ചത്തടിച്ച് ഇച്ചായോ എന്ന് അലമുറ ഇട്ട് കരയുന്ന നാൾ വരെ ഇവിടുത്തെ പോസ്റ്റൊഴുക്ക് ചാലിയാറിലെ പരല്മീനിനേപ്പോലെ മുങ്ങാംകുഴിയിട്ട് ഒഴുക്കിനെതിരേ നീന്തിത്തുടിയ്ക്കും.  ഇതാ ഇന്നു മുതൽ, ഇതാ നാളെ മുതൽ വീണ്ടും വീണ്ടും വീണ്ടും പടാർ ബ്ലോഗ്... ലോകത്തിലെ ഏറ്റവും തീക്ഷ്ണമായ ഒരേയൊരു ബ്ലോഗ്.... ഉയർപ്പ് ഞായറിനോടനുബന്ധിച്ച് ഈ പാതിരായ്ക്ക് മാടൻ മലയിലെ മറുതാ മറിയയുടെ ടീ ഷോപ്പിലെ കട്ടൻ കാപ്പിയും കുടിച്ച് ഉന്മേഷത്തോടെ പോസ്റ്റുകളുടെ കുത്തൊഴുക്ക് ഉടൻ ആരംഭിക്കുന്നു.

വെയ്റ്റ് ആന്റ് സീ.....
അല്ല പിന്നെ.....

പടാർബ്ലോഗ് ഇനിയില്ല....

ജീവിതത്തിൽ ചില ആത്യന്തികങളായ തിരിച്ചരിവുകൾ ഉണ്ടാകുമ്പോഴാണ് ഈ ഭൂമുഖത്ത് വിപ്ലവങ്ങളും, മാറ്റങ്ങളും ഉണ്ടായിട്ടുള്ളത്. മാറ്റങ്ങൾക്ക് കുട പിടിച്ച് മാത്രം എന്നും ശീലിച്ചിട്ടുള്ള ഒരു ജനതയെ സംബന്ധിച്ചിടത്തോളം മാറ്റങ്ങൾക്ക് പിടിക്കേന്റ കുട പോപ്പിയോ, ജോൺസോ, കൊളംബിയയോ എന്തായാലും അത് ഒരു വിഷയമല്ല. കുട പിടിയ്ക്കുക എന്നത് മാത്രമാണ് വിഷയം.

മാറ്റങ്ങൾക്ക് കുടപിടിക്കേണ്ടുന്ന ഒരു ദൗത്യം ഇന്ന് ഈ ബ്ലോഗിന്റെ വായനക്കാർക്കും വന്ന് ചേർന്നിരിയ്ക്കുകയാണ്. ഇന്നൊരു വലിയ മാറ്റം ഇവിടെ തിരശീലയുയർത്തുമ്പോൾ നിങ്ങൾ വായനക്കാർക്ക് സന്തോഷം ഉണ്ടാവും എന്ന് തന്നെ ഉറച്ച് വിശ്വസിയ്ക്കുന്നു.....

പടാർബ്ലോഗ് തുടങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു വർഷവും മൂന്നു മാസവും തികയുന്നു. കട്ടപ്പുറത്തെ വണ്ടി പോലാരുന്നു ഈ ബ്ലോഗ് ഓടിക്കൊണ്ടിരുന്നത്. ഈ ബ്ലോഗിന്റെ ആദായം എന്ന് പറയുന്നത് ഇവിടെ വീഴുന്ന കമന്റുകളും, തെറി വിളികളുമൊക്കെയായിരുന്നു. തെറി വിളി പേടിച്ച് ഒരിയ്ക്ക്ല് ഇതിന്റെ കമന്റ് കട അടച്ച് പൂട്ടിയിരിക്കുകയായിരുന്നു. എന്നാൽ കുറച്ച് നാൾ മുൻപ് അത് തുറന്നു കൊടുത്തു. പ്രത്യക്ഷവും പരോക്ഷവുമായ ഏതൊരു വിമർശന കമന്റും ഈ ബ്ലോഗിന്റെ ചുവട്ടിലിങ്ങനെ നിരന്നു കിടക്കുന്നത് പടാർ ബ്ലോഗിന്റെ ഒരു സവിശേഷത തന്നെയായിരുന്നു.

പക്ഷേ അത്യന്തം നിർഭാഗ്യകരമെന്ന് പറയട്ടെ, ഈ ബ്ലോഗിൽ കമന്റ് ഒപ്ഷൻ തന്നെ ആവശ്യമായിരുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്തെന്നാൽ കമന്റ് വീഴുന്ന ബ്ലോഗുകൾക്കല്ലേ കമന്റ് ഒപ്ഷൻ ആവശ്യമുള്ളു. കമന്റിന്റെ എണ്ണം എന്തു പറഞ്ഞാലും, ഒരോ ബ്ലോഗിന്റേയും സ്വീകാര്യത തന്നെയാണ് തെളിയിച്ച് കാണിച്ചിരുന്നത്. പടാർ ബ്ലോഗിലെ ശൂന്യമായ കമന്റ് കോളങ്ങൾ ഒരോ നിമിഷവും ഈ ബ്ലോഗിന്റെ അസ്വീകാര്യതയെ ഓർമ്മിപ്പിച്ച് കൊണ്ടിരിയ്ക്കുകയാണ്.

കമന്റില്ലാത്ത ബ്ലോഗും, ഉപ്പില്ലാത്ത കഞ്ഞിയും  ഒരിയ്ക്കലും എല്ലാവർക്കും രുചിയ്ക്കുന്ന ഒന്നല്ല എന്ന് വൈകിയെങ്കിലും മനസ്സിലാക്കുന്നു. ഇതിന്റെയെല്ലാം അർഥം, നമ്മുടെ എഴുത്ത് അരു ബോറാണ് എന്നതാണ്. അതുകൊണ്ടാണ് ഇവിടെ കമന്റ് വീഴാത്തത്. സാറ്റിസ്ഫാക്ഷനു വേണ്ടി മാത്രം ആരും എഴുതുന്നില്ല. എല്ലാവരും എഴുതുന്നത് അംഗീകരിയ്ക്കപ്പെടാനാണ്. ബ്ലോഗ് പോസ്റ്റുകളെ സംബന്ധിച്ച് അംഗീകാരത്തിന്റെ നിറവ് അതിൽ വീഴുന്ന കമന്റുകളാണ്. ഇവിടെ കമന്റ് വീഴുന്നില്ലെങ്കിൽ എഴുത്ത് നിർത്തുക എന്നതാണ് അതിനർഥം.
പടാർബ്ലോഗ് ഇവിടെ പൂർണ്ണമാവുന്നു.

അതു കൊണ്ട് അവസാനം കൂലംകഷമായ ഒരു തീരുമാനം കൈക്കൊള്ളുകയാണ്.
ഇന്ന് ഇവിടെ സീലടിച്ച് ഒപ്പ് ചാർത്തുകയാണ്. ഇനി ഇവിടെ ഒരു ബ്ലോഗ് പോസ്റ്റ് ഉണ്ടാവില്ല. എന്നു വെച്ചാൽ ബ്ലോഗിങ്ങ് ഞാൻ മതിയാക്കുകയാണെന്ന്. തീരുമാനം ഒക്കെ പെട്ടന്ന് പെട്ടന്നായിരുന്നു. ഇനി ഒരു പോസ്റ്റ് ആവിഷ്ക്കരിയ്ക്കപ്പെട്ആത്ത വിധം ഗോദ്രേജ് താഴിട്ട് ഈ ബ്ലോഗ് പൂട്ടിക്കെട്ടി സീൽ ചെയ്യുന്നു. ഇതുവരെ സഹകരിച്ച, വന്നു വായിച്ച, എല്ലാവർക്കും ഒരായിരം നന്ദി തികച്ചും ആത്മാർഥമായി അർപ്പിച്ചുകൊണ്ട് ഉപസംഹരിയ്ക്കട്ടെ.
നന്ദി, നന്ദി നമസ്കാരം....

എന്ന്,
സ്വന്തം റിജോ ജോർജ്ജ്. 
പടാർ ബ്ലോഗ്[എല്ലാം ടമാർ പഠാർ.......]


ശനിയാഴ്‌ച, ഏപ്രിൽ 07, 2012

രാഘവനും സുധർമ്മയും പിന്നെ "ത്രീ" സിനിമയും

ധനുഷ് , ശ്രുതീ ഹാസൻ ജോഡിയുടെ ത്രീ സിനിമ കണ്ടു. ത്രീ എന്ന സിനിമയ്ക്ക് വല്ല അഡീഷണൽ ടൈറ്റിലും ഉണ്ടോ എന്ന് ശ്രദ്ധിച്ചിട്ടില്ല. അത് കൊണ്ട് ഈയുള്ളവനെ പരിഹസിയ്ക്കരുത്....

ട്യൂഷന് സെന്റരും അവിടെ വച്ചുള്ള പ്രണയ പരാക്രമങ്ങളുമൊക്കെയായി ആദ്യ പകുതി വല്യ കുഴപ്പമില്ലാതെ പോയിട്ടുണ്ട്. രണ്ടാം പകുതി എന്തോ എനിക്ക് ആസ്വദിയ്ക്കാൻ കഴിഞ്ഞില്ല... ആദ്യ പകുതി കണ്ടിരുന്നപ്പോൾ എനിക്ക് പെട്ടന്ന് മേലേടത്തെ രാഘവന്റേയും, കീഴേടത്തെ സുധർമ്മയുടേയും വിക്ടറീ കോളേജിലെ പ്രണയമാണ് ഓർമ്മ വന്നത്. ഹണ്ട്രഡ് സീ സീ ബൈക്കിൽ അകം കാണാവുന്ന ഒറ്റമുണ്ടുടുത്ത് പറക്കുന്ന രാഘവനും, ധാവണിയും ഉടുത്ത് നാട്ടുകാരേക്കൊണ്ട് പറയിപ്പിക്കാനായി ഹെർക്കുലീസ് സൈക്കിളിന്റെ കാരിയറിൽ, വല്യ വീതിയുള്ള കരുത്ത റബർബാന്റൊക്കെയിട്ട് മുറുക്കിയ പുസ്തകക്കെട്ടുമായി പൊക്കണോമിക്സ് പഠിയ്ക്കാൻ പായുന്ന സുധർമ്മയും അന്ന് നാട്ടിൻപുറത്തെ ടി ജി രവിയും , ജയഭാരതിയുമായിരുന്നു.

വിക്ടറീ കോളേജിൽ ഇരുവരും ക്ലാസ്മേറ്റ്സ് ആയിരുന്നു. സുധർമ്മ പത്താം തരം മൂന്നാമതും തോറ്റ്, വീണ്ടും തോൽക്കാനായി ട്യൂടോറിയൽ കോളേജിലേക്ക് പോകുന്നു. രാഘവൻ പത്താംതരം നാലാമതും തോറ്റ്, അഞ്ചാമതും തോൽക്കാനായി ട്യൂഷന് പോകുന്നു. അക്കാലത്ത് ഇരുവരും എങ്ങനെയോ പ്രണയബദ്ധരായി. എന്നും രാവിലേ ഒൻപത് മുപ്പതിന് കുമാരനെല്ലൂർ പോസ്റ്റോഫീസിന്റെ പടിഞ്ഞാറേ ഇടവഴിയിലെ മൈൽ കുറ്റിയ്ക്കരികിൽ വെച്ച് ഇരുവരും തമ്മിൽ കാണും. അതാണ് പതിവ്. അഥവാ ആരെങ്കിലും ഒരാൾ അൽപ്പം നേരത്തേ പോയാൽ, താൻ പോയി എന്ന് കമിതാവിനെ അറിയിക്കാനായി മൈൽ കുറ്റിയ്ക്ക് മേലേ ഒരു വട്ടയിലയും വെച്ച് അതിൻമ്മേലൊരു മെറ്റൽക്കഷണവും എടുത്ത് വെയ്ക്കുമായിരുന്നു. അതൊരു സിഗ്നലായിരുന്നു. അധികവും അങ്ങനെ ചെയ്തിരുന്നത് സുധർമ്മയായിരുന്നു താനും. സുധർമ്മയുടെ വീട്ടില് ആരുമില്ലാത്തപ്പോൾ രാഘവനെ ക്ഷണിച്ചു കൊണ്ട്, സുധർമ്മ ഒരു നരച്ച് കീറിയ തോർത്ത് അയയിൽ ഇടുമായിരുന്നു. കീഴേടത്ത് ശങ്കരൻ, അതായത് സുധർമ്മയുടെ അഛൻ, മുറുക്കിയ ചുണ്ട് തുടച്ച് തുടച്ച് വട്ടം വട്ടം ചുവന്ന കറ പടർന്ന ചുവന്നകരയൻ വെള്ളത്തോർത്ത്...

സിഗ്നൽ കൊടുക്കുന്ന കാര്യത്തിൽ സുധർമ്മയും, സിഗ്നൽ സ്വീകരിയ്ക്കുന്ന കാര്യത്തിൽ രാഘവനും കേമമായതു കാരണം പിൽക്കാലത്ത് സുധർമ്മയ്ക്ക് തോപ്രാംകുടി റെയില്വേ സ്റ്റേഷനിൽ സ്റ്റേഷൻ മാസ്റ്ററായും, രാഘവന് അതേ സ്റ്റേഷനിലെ സമ്പർക്ക് ക്രാന്തി എക്സ്പ്രസ്സിന്റെ എഞ്ചിൻ ഡ്രൈവറായും ജോലി ലഭിയ്ക്കുകയുണ്ടായി... അങ്ങനെ അവരുടെ പ്രണയം സക്സസ്സായി...

ഇതിത്രയും പറഞ്ഞതുമായി ത്രീയിലെ കഥയ്ക്ക് എന്തെങ്കിലും ബന്ധമുണ്ട് എന്ന് നിങ്ങൾ കരുതരുത്. ത്രീയിലെ ട്യൂട്ടോറിയൽ കോളേജ് കണ്ടപ്പോൾ ഞാൻ വിക്ടറീ കോളേജിനേക്കുറിച്ചും മേലേടത്ത് രാഘവനേക്കുറിച്ചും കീഴേടത്ത് സുധർമ്മയേക്കുറിച്ചും ഓർത്തെന്നേയുള്ളൂ.

ത്രീ എന്ന സിനിമ അന്യൻ, ഗജിനി, കാതൽ കൊണ്ടേൻ പോലെ, ഒരു മനുഷ്യനുണ്ടാകുന്ന ദ്വന്ദ വ്യക്തിത്വങ്ങളെ അവലോകനം ചെയ്യുന്ന ഒരു സിനിമയായി ത്രീയേയും വിലയിരുത്താം.
മൾട്ടിപ്പിൾ ഡിസോർഡർ, ഡ്യുവൽ പേഴ്സണാലിറ്റി, എന്നൊക്കെ ഈ സിനിമകളിലൂടെ പറഞ്ഞു കേട്ടിട്ടുള്ളതു കൊണ്ട് ഇതും അങ്ങനെയെന്തോ പേഴ്സണാലിറ്റിയാണെന്ന് നമ്മൾ വിചാരിക്കണം. [അത് നമ്മുടെ പേഴണാലിറ്റിയുടെ ഭാഗം] ഇല്ലെങ്കിൽ ഐശ്വര്യാ ധനുഷ് നമ്മുടെ നെഞ്ചാം കൂടിനിട്ട് ഇടി തരും. ഇനി അവർക്കതിനായില്ലെങ്കിലും, അവരുടെ പിതാശ്രീയായ രജനി കാന്ത് അതു ചെയ്യും. രജനികാന്ത് പണ്ടേ എന്തും ചെയ്തു കളയുന ഒരു മനുഷ്യനാണ്. അതുകൊണ്ടൊക്കെ ഈ സിനിമ പോയിക്കണ്ട് കയ്യടിക്കണമെന്നേ എനിക്ക് പറയാനുള്ളു.

ഐശ്വര്യാ ധനുഷിന്റെ സംവിധാനം തകർപ്പനാണ്. എക്സ്പീരിയൻസ്ഡ് അല്ലാത്ത ഒരാൾ ഇത്രയും മനോഹരമായി സംവിധാനം ചെയ്യണമെങ്കിൽ അത് അംഗീകരിയ്ക്കപ്പെടേണ്ടത് തന്നെയാണ്. ധനുഷിന്റെ അഭിനയം തകർപ്പനായിട്ടുണ്ട്. പ്രത്യേകിച്ചും അവസാന രംഗഗളിലൊക്കെ... ശ്രുതിഹാസന്റെ കാര്യം, അവരുടെ കരച്ചിലൊക്കെ ഗംഭീരമായെന്ന് പറയണം. വീര്യം കൂടിയ ഗ്ലിസരിന്റെ ഇഫക്ട് ആയിരിക്കുമോ അതെന്നേ ഡൗട്ടുള്ളു. കമലഹാസന്റെ മകളായത് കൊണ്ട് ശ്രുതിഹാസൻ കമലഹാസനെ വെല്ലുന്ന രീതിയിൽ അഭിനയിക്കണം എന്നൊക്കെ കരുതുന്നത് ബാലിശമാണ്. നിർവികാരമായ ഒരു പാവയെ അനുസ്മരിപ്പിക്കുന്ന ശ്രുതിഹാസൻ, ഇമോഷണൽ സീനൊക്കെ നന്നാക്കിയിട്ടുണ്ട്. അപ്പൻ പൾസറേൽ കേറിയിട്ടുണ്ടെന്ന് പറഞ്ഞ് മകന്റെ ചന്തിയ്ക്ക് പരുവ് വരണമെന്നില്ലല്ലോ എന്നതു പോലെ ഇതും നമുക്ക് ക്ഷമിച്ച് കളയാം.. ത്രീയിലെ ബാക്ഗ്രൗണ്ട് സ്കോറൊന്നും പോരാ. യൂ ട്യൂബിൽ കേട്ട് കേട്ട് തഴമ്പ് വന്നതു കാരണം കൊലവെറിപ്പാട്ട് പോലും പുതുമയോടെ ആസ്വദിയ്ക്കാൻ പറ്റിയില്ല. പടം വ്യത്യസ്ഥമായിട്ടുണ്ട്. സാധാരണ പ്രേക്ഷകനെ സംബന്ധിച്ച് കുഴപ്പമില്ല എന്ന് പറയാവുന്ന ഒരു ഫിലിം.. അതാണ് ത്രീ...

തീയേറ്റരിലാണെങ്കിൽ ഭയങ്കര ജനക്കൂട്ടമായിരുന്നു. ഞാനുൾപ്പെടെ ആകെ ഒരു എട്ട് പേരാവണം ബാൽക്കണിയിലുണ്ടായിരുന്നത്. ഒറ്റയ്ക്കിരുന്ന് പേടിച്ച് പനി പിടിച്ചോ എന്നൊരു സംശയമുണ്ട്.  സിനിമാ കണ്ട്, ധനുഷിന്റെ വട്ട് കണ്ട്, എന്റെ തലയ്ക്ക് വട്ട് പിടിച്ചപ്പോ ഞാനും ഭീതിയോടെ തീയേറ്ററിന്റെ നാലുപാടും നോക്കിക്കൊണ്ടിരിക്കുകയായിരുന്നു. ഉള്ളത് പറയാമല്ലോ, എന്റെ പുറകിലത്തെ സീറ്റുകളിലിരിയ്ക്കുന്നവർ ഇപ്പോ കത്തിയെടുക്കുമെന്നും എന്റെ കഴുത്തേൽ വെയ്ക്കുമെന്നും ഞാൻ സത്യമായും   പേടിച്ച് പോയി. അതു കാരണം എന്റെ ശ്രദ്ധ സ്ക്രീനിലോട്ടുള്ളതിനേക്കാൾ പിന്നിലേക്കായിരുന്നു. മൈ ബ്ലഡീ വാലന്റൈന് എന്ന ത്രീഡി സിനിമ കണ്ടുകൊണ്ടിരിയ്ക്കുമ്പോൾ പെട്ടന്ന് മാസ്ക് അണിഞ്ഞ വില്ലന്റെ കയ്യിലെ പിക്കാസ് നമ്മുടെ നെഞ്ചത്തേയ്ക്ക് വരുന്നതു കാണുന്ന ഭീതിയോടെ ഇരുന്നാണ് ത്രീ കണ്ടത്. വല്ല കിഡ്നി റാക്കറ്റിലേം അംഗങ്ങളാണോ ആളനക്കം ഇല്ലാത്ത തീയേറ്ററിന്റെ ഇരുൾപറ്റി നമ്മുടെ പിൻ നിരയിലിരിയ്ക്കുന്നത്...?

തല വേദന മാറാനാണ് ഒരു സിനിമ കാണാമെന്ന് കരുതിയത്. പക്ഷേ തലവേദന കൂടി ഹെഡേയ്ക്ക് ആയെന്ന് പറഞ്ഞ അവസ്ഥയായി പടം കണ്ടിറങ്ങിയപ്പോൾ.... പടത്തിന് പത്തിൽ എത്ര മാർക്കിടണമെന്ന് അറിയില്ല. പടത്തിന് എത്ര മാർക്കിട്ടാലും, ഇല്ലെങ്കിലും ധനുഷിന്റെ  രണ്ടാം പകുതിയിലെ  അഭിനയത്തിന് പത്തിൽ ഒൻപത് മാർക്ക് ഇട്ടേ തീരൂ....


[രാഘവനും, സുധർമ്മയും എന്ന പേരിന് കടപ്പാട് രാജരാജേശ്വരി ഗ്രൂപ്പിലെ കുഞ്ഞമ്മാമ്മയ്ക്ക്... ]

വിരുഗമ്പാക്കത്തു നിന്നും സുമലതാ ശശിധരൻ

 എത്രയും സ്നേഹം നിറഞ്ഞ മാലതീ....
കുറേക്കാലമായി ഒരു കത്തയക്കണം എന്ന് വിചാരിക്കുന്നു.
എനിക്കീ  പുത്തൻ പിള്ളേരുടെ മൊബൈൽ ഫോൺ സംസ്കാരമൊന്നും വശമില്ല. കൊയിനിട്ട് കൊയിൻ ബോക്സീന്ന് വിളിക്കും. അതാ പതിവ്. പഴേ പോലെ കടകളിൽ ഇൻലന്റ് കിട്ടാത്തതു കൊണ്ടും, പോസ്റ്റോഫീസിൽ പോകാൻ അര മണിക്കൂർ സമയം ചിലവുള്ളത് കൊണ്ടും കത്തെഴുതാൻ മടിയാണ്. വഴീലെങ്ങും ഇപ്പോ പോസ്റ്റ് ബോക്സും ഇല്ല. ഉള്ള പോസ്റ്റ് ബോക്സൊക്കെ ആണുങ്ങൾ മൂത്രമൊഴിക്കാനായി ഉപയോഗിക്കുന്നു.... എന്നിരുന്നാലും വളരെ കഷ്ട്ടപ്പെട്ട്, ബുദ്ധിമുട്ടി ഈ കത്ത് എഴുതുന്നു. കിട്ടിയാൽ നീ മറുപടി അയയ്ക്കുകയോ, ഫോൺ വിളിക്കുകയോ ചെയ്യുമെന്ന് പ്രതീക്ഷിയ്ക്കുകയും ചെയ്യുന്നു.

പണ്ട്, ഞാനിങ്ങ് വിരുഗമ്പാക്കത്തേക്ക് മഡ്രാസ് മെയിലു കേറുന്നതിനും മുൻപ്, നമ്മളൊപ്പിച്ച വേലത്തരങ്ങൾ വല്ലോം നീ ഓർക്കാറുണ്ടോ? ഞാനൊന്നും മറന്നിട്ടില്ല. കൂടെക്കൂടെ അതൊക്കെ ഓർത്ത് പൊട്ടിച്ചിരിയ്ക്കാറുണ്ട്.  നീയും ഞാനൂടെ എത്ര തവണ ആലുമ്മൂട്ടിലെ അവറാച്ചന്റെ പേരേലും, ചാമ്പേലും വലിഞ്ഞു കേറിയേക്കുന്നു. ഒരിയ്ക്കൽ പേരേലിരുന്ന് നമ്മളിങ്ങനെ ചാഞ്ചാടുമ്പോ അവറാച്ചൻ താഴെ വന്ന് നിന്നതും, നീ നിന്റെ പാവാട ലേശം തെറുത്തു കയറ്റിയതും അത് കണ്ട് അവറാച്ചൻ അവിടെത്തന്നെ കുഴഞ്ഞു വീണതും ആശുപത്രീലേക്ക് കൊണ്ടുപോകും വഴി അറ്റാക്കായി മരിച്ചെന്ന് നാട്ടുകാർ വിധിയെഴുതിയതും ഞാനൊരു നടുക്കത്തോടെ ഇന്നുമോർക്കുന്നു. നിന്റെ വട്ടച്ചൊറി പിടിച്ച തുട കണ്ടാൽ കാണുന്നവന് അറ്റാക്ക് വരുമെന്ന പുതിയ മെഡിക്കൽ റിപ്പോർട്ടും അന്നാണ് നമുക്ക് കിട്ടിയത്..

നാരങ്ങാനത്തെ നിന്റെ വല്യമ്മായി ഇപ്പോഴും ഉണ്ടോ? പണ്ട് നീ അവരുടെ മോന്തയ്ക്കോട്ട് ഒരു കരിക്ക് എടുത്ത് ആഞ്ഞെറിഞ്ഞത് ഞാൻ ഇന്നും ഓർക്കുന്നു. അന്ന് അവരുടെ നാലു പല്ലും, മൂക്കിന്റെ പാലവും പോയെന്നറിഞ്ഞ് നമ്മൾ മാഞ്ചോട്ടിലിരുന്ന് പൊട്ടിപ്പൊട്ടിച്ചിരിച്ചത് നീ മറന്നു കാണില്ലല്ലോ.

അന്ന് നീയാണ് കട്ടപ്പന ബ്യൂട്ടി. നിന്റൊപ്പം ഞാൻ നടക്കുമ്പോ എല്ലാ കള്ള കാപാലികന്മാരും നിന്നയേ നോക്കൂ... അന്നൊക്കെ, എനിക്ക് നിന്നോട് അസൂയ തോന്നിപ്പിച്ചിട്ടുണ്ട്.അതു കാരണം ട്രങ്ക് പെട്ടീൽ പാറ്റാ ഗുളികയിട്ട് ഭദ്രമായി വെച്ച പാവാടേം, ബ്ലൗസും ഇട്ട്, മുല്ലപ്പൂവും ചൂടി, കുട്ടിക്കൂറാ പൗഡരും തേച്ച് നിന്നേക്കാൾ അണിഞ്ഞൊരുങ്ങി നടക്കാൻ ഞാനന്ന് വെമ്പൽ കൊണ്ടിരുന്നു. പക്ഷേ എപ്പോഴും ഒരു പണത്തൂക്കം മുൻപിലായിരുന്നു നിന്റെ മുൻതൂക്കം...

അന്ന് നീ ആരുടെയൊക്കെ കാമുകിയാരുന്നു? എത്ര പേർ ഊഴമിട്ട് നിന്റെ വീട്ടിലേക്ക് രാപ്പകൽ വരുമായിരുന്നു... നീ ജീവിതം ആസ്വദിച്ചതു പോലെ ഈ ലോകത്ത് ഒരു പെണ്ണും ആസ്വദിച്ചിട്ടുണ്ടാവില്ലെന്നു തോന്നുന്നു. പിന്നെ നീ നീലിപ്പറമ്പിലെ സുധാകരനെ കെട്ടിയെന്നൊക്കെ അറിഞ്ഞിരുന്നു. കെട്ടിക്കഴിഞ്ഞ് നീ പതിവ്രത ആയോ എന്തോ...?

ജോണും, ബാലനും, സത്യവ്രതനുമൊക്കെ എന്നെ ഒന്ന് സൈറ്റടിക്കാനായി ഞാൻ എന്തോരം ആഗ്രഹിച്ചിട്ടുണ്ടെന്നോ? ഒരിക്കൽ ബാലൻ എന്നെക്കണ്ട് കലിംഗിലിരുന്ന് ആരോടോ പറയുന്നത് കേട്ടു, ഇവൾടെ മുഖം കണ്ടാൽ ഉണ്ണിമേരിയേപ്പോലാ, പക്ഷേ ബാക്കിയൊക്കെ കണ്ടാൽ അടൂർ ഭവാനിയേപ്പോലാണെന്ന്. അന്ന് കാലിൽ കിടന്ന ലൂണാർ ചപ്പൽ കൊണ്ട് അവന്റെ മോന്തയ്ക്ക് എറിഞ്ഞിട്ട് ഞാൻ ഓടിപ്പോയി തലയിണയിൽ മുഖം അമർത്തി ഏങ്ങിയേങ്ങിക്കരഞ്ഞിട്ടുണ്ട്. അറിയാമോ നിനക്ക്?എന്റെ ലൂണാർ ചെരിപ്പ് പോയെങ്കിലെന്താ, അന്നത്തെ ഏറു കൊണ്ട് അവന്റെയൊരു കണ്ണ് കലങ്ങിയില്ലേ. പിന്നവൻ എന്നെങ്കിലും ആരെയെങ്കിലും ഒരു കണ്ണിറുക്കിക്കാണിച്ചിട്ടുണ്ടോ?

അതിന്റെ നാലാം നാളാണ് ഞാനിങ്ങ് വിരുഗമ്പാക്കത്തേക്ക് പോരുന്നത്. ഇവിടെ ചെമ്മീൻ ഫാക്ടറീൽ ചെമ്മീൻ പാക്ക് ചെയ്ത് ഞാൻ ഇതിന്റെ ഓണറെത്തന്നെ അങ്ങ് പാക്ക് ചെയ്യുവാരുന്നു. അങ്ങനെ നേടിയതാ വിരുഗമ്പാക്കം മുരുഹൻ കോയിൽ സ്ട്രീറ്റ്, തെക്ക് മട വീഥിയിൽ ഒരുഗ്രനൊരു വീട് കിട്ടി. കെട്ടാതെ തന്നെ തങ്കം പോലത്തെ ഒരു പൊന്നോമന മകനെ കിട്ടി [മകനിപ്പോ ഇരുപത്തൊന്ന് വയസ്സ്.], ചെട്ടിയാർ ജ്വല്ലറീന്ന് കൊട്ടക്കണക്കിന് പവനും, സത്യ മംഗലത്ത് ഒര് ഫാം ഹൗസും കിട്ടി. ഇപ്പോ ജീവിതം സംതൃപ്തമാണ്. അംഗീകൃതമായി കല്യാണം കഴിച്ചിട്ടില്ലാത്തതു കൊണ്ട് ഇന്നും എന്റെ പേരിന്റെ വാലായിട്ട് അച്ഛന്റെ പേരു തന്നെ കൊണ്ട് നടക്കുന്നു.

തൽക്കാലം കത്ത് ചുരുക്കുന്നു.
മറുപടി പ്രതീക്ഷിച്ചു കൊണ്ട്..,

സുമലതാ ശശിധരൻ
വിരുഗമ്പാക്കം
ചെന്നൈ

വെള്ളിയാഴ്‌ച, ഏപ്രിൽ 06, 2012

രാജ്യ തലസ്ഥാനത്തേയ്ക്കൊരു സൈനീക നീക്കം. ഒരു അട്ടിമറി അലർട്ടിന് പിന്നിൽ...

 ഹരിയാനയിലെ ഹിസാറിൽ നിന്ന് ഇൻഡ്യൻ കാലാൾപ്പടയുടെ, മെക്കനൈസ്ഡ് ഇൻഫെന്ററി യൂണിറ്റും, ആഗ്രയിൽ നിന്ന് 50 പാരാബ്രിഗേഡിന്റെ ഒരു യൂണിറ്റും ചേർന്ന് രാജ്യ തലസ്ഥാനം ലക്ഷ്യമാക്കി നീങ്ങിയത് എന്തിനെന്ന് രാജ്യവ്യാപകമായി  തലപുകച്ച് കൊണ്ടിരിക്കുകയാണ്.... ഹിസാറിൽ നിന്ന് സർവ യുദ്ധോപകരണങ്ങളുമായി നീങ്ങിയ സൈന്യം, നജഫ്ഗഡ് വരെയും, ആഗ്രയിൽ നിന്നുള്ള സൈന്യം, പാലം വിമാനത്താവളം വരെയും എന്തിന് എത്തി എന്നതിന്റെ സീക്രട്ട് വശങ്ങളെ ന്യായീകരിച്ചും, സംശയിച്ചും ആഭ്യന്തര മന്ത്രാലയം ഇരുട്ടില് തപ്പുമ്പൊൾ മഹത്തായ ഒരു ജനാധിപത്യ പ്രക്രിയയ്ക്ക് മേൽ ഒരു പട്ടാള അട്ടിമറി നടന്നേക്കുമായിരുന്നോ എന്നുള്ള ഒരു ഞെട്ടലിലേക്കും പ്രസ്തുത സംഭവം, സാധ്യതയെ വിടര്ത്തിയിടുന്നു.

കഴിഞ്ഞ ജനുവരി പതിനാറിനായിരുന്നു രാജ്യത്ത് ഇന്ന് ചർച്ചയായിത്തീർന്ന സംഭവം. കരസേനാ മേധാവി, ജനറൽ വി.കെ. സിങ്ങിന്റെ ജനന തീയതി വിവാദവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് പരിഗണിയ്ക്കപ്പെടുന്നതിന്റെ തലേ ദിവസമായിരുന്നു, ഇന്ന് സംശയ നിഴലിലായ ആ സൈനീക നീക്കം നടന്നത്. ദ്രുദ ഗതിയിൽ രണ്ട് വശങ്ങളിലൂടെ രാജ്യ തലസ്ഥാനത്തേക്ക് നീങ്ങിയ സൈനീക യൂണിറ്റുകളുടെ നടപടിയേക്കുറിച്ച് ഇൻഡ്യൻ എയർഫോഴ്സ്, ഇൻഡ്യൻ നേവി എന്നിവർക്കു പോലും അറിവ് കിട്ടിയിരുന്നില്ല. പ്രതിരോധ മന്ത്രാലയം ഈ വിവരം അറിഞ്ഞിരുന്നില്ല. സൈനീക വിജ്ഞാപനം പുറപ്പെടുവിക്കപ്പെട്ടതുമില്ല.

ഇന്റലിജൻസ് ബ്യൂറോയുടേയും, റോയുടേയും അപായ സിഗ്നൽ കിട്ടിയതോടെ ഭരണ നേതൃത്വം ഉണരുകയും, രണ്ട് സൈനീക യൂണിറ്റുകളുടേയും ദേശീയ പാത വഴിയുളള വരവ് തടസപ്പെടുത്താൻ ഉത്തരവിറക്കുകയും ചെയ്തു. ഭീകരാക്രമണ സാധ്യത ഉണ്ടെന്ന ജാഗ്രതാ നിർദേശം പോലീസിന് നൽകുകയും, തലസ്ഥാനം പോലീസിനെക്കൊണ്ട് നിറയുകയും, ഹൈവേകളിൽ കടുത്ത വാഹന പരിശോധനക്ക് കർശന നിർദേശം നൽകുകയും ചെയ്തു. ഇങ്ങനെ ചെയ്തത്, സൈന്യത്തിന്റെ വേഗത കുറച്ച് യാത്ര മന്ദഗതിയിലാക്കാനായിരുന്നു.
16 നു രാത്രിയോടെ പ്രതിരോധ മന്ത്രി എ.കെ. ആന്റണി, ആഭ്യന്തര മന്ത്രാലയം എന്നിവർക്ക് ഇന്റലിജൻസ് വിവരം ലഭിയ്ക്കുകയും തുടർന്ന് അടിയന്തിരമായി രണ്ട് സൈനീക യൂണിറ്റുകളോടും മടങ്ങിപ്പോകാൻ ഉത്തരവിറക്കുകയും ചെയ്യുകയായിരുന്നു.
സത്യത്തിൽ അന്ന് നടന്ന സൈനീക നീക്കം ഒരു പരീക്ഷണ യാത്രയായിരുന്നു എന്ന് പിന്നീട് സൈനീവ വൃത്തങ്ങൾ വ്യക്തമാക്കുന്നു.. പാർളമെന്റ് ആക്രമണത്തേത്തുടർന്ന് എത്ര വേഗം യുദ്ധ സന്നദ്ദരായി അതിർത്തിയിലേക്ക് എത്താനാവും എന്ന പരീക്ഷണ യാത്രയായിരുന്നു അതെന്ന് സൈനീക വൃത്തങ്ങൾ  പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. സൈനീക മേധാവിയും സർക്കാരും തമ്മിലുളള പൊരുത്തക്കേടുകളുടെ പുറത്ത്, അടിസ്ഥാനമില്ലാതെ സംശയിക്കപ്പെടുകയായിരുന്നു പ്രസ്തുത സൈനീക നീക്കം എന്ന് ഇന്ന് പറയപ്പെടുന്നു. സേനാ മേധാവി ജനറൽ വി.കെ. സിങ്ങ് ഉയർത്തിയ ചില വിവാദങ്ങൾ, രണ്ട് കാലാൾ യൂണിറ്റുകളുടെ ഡെൽഹി സന്ദർശനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾക്കിടയാക്കിയതാണെന്ന് ഇന്ന് സർക്കാരും ന്യായീകരിയ്ക്കുന്നുണ്ട്. എങ്കിലും ആശങ്ക അടങ്ങിയിട്ടില്ല.

ആയിരത്തി തൊളളായിരത്തി അമ്പതുകളോടനുബന്ധിച്ച് സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും, റിപ്പബ്ലിക്കുകളും പിന്നീട് പട്ടാള അട്ടിമറിയ്ക്ക് വിധേയമായ ചരിത്രം ലോകത്ത് അങ്ങോളം ഇങ്ങോളം ഉണ്ട്. ഇന്നും അത് തുടരുന്നു. പ്രത്യേകിച്ചും പരമോന്നത ജനാധിപത്യ രാജ്യമായ ഇൻഡ്യയുടെ സമീപ കാല വളർച്ചയിൽ അസൂയാലുക്കളായ മറ്റ് രാജ്യങ്ങളുടെ തുരങ്കം വെയ്ക്കലുകൾക്കും സാധ്യതയുണ്ട്. അതു കൊണ്ട് തന്നെ രാജ്യ തലസ്ഥാനത്ത് നടക്കുന്ന ഏതൊരു സൈനീക വിന്യാസവും ഭരണ നേതൃത്വം സംശയ ദ്രിഷ്ട്ടിയോടെയാവും വീക്ഷിയ്ക്കുക.

മറ്റ് രാജ്യങ്ങളിലെ പട്ടാള നേതൃത്വത്തെ അപേക്ഷിച്ച് ജനാധിപത്യ വിശ്വാസികളായ ഇൻഡ്യൻ സൈനീക നേതൃത്വത്തെ അനാവശ്യമായി സംശയിക്കുന്നതിൽ കാര്യമില്ല. എവിടെയൊക്കെ പട്ടാള വിപ്ലവം ഉണ്ടായോ, അവിടെയെല്ലാം സൈന്യത്തിന്റെ എല്ലാ വിഭാഗങ്ങളും, സൈനീക ഓഫീസർ ക്ലാസും ഒരു പക്ഷത്തും മറുപക്ഷത്ത് സർക്കാരും നിന്നപ്പോഴാണ് അങ്ങനെ സംഭവിച്ചിട്ടുള്ളത്. സർക്കാരും സൈന്യവും യോജിച്ച് പോകാനാവാത്ത നില വന്നാൽ ഒരു സൈനീക അട്ടിമറിയ്ക്ക് സ്കോപ്പുണ്ട്. പക്ഷേ അനാവശ്യമായ അഭ്യൂഹങ്ങളുടെ പേരിൽ നമ്മുടെ സൈന്യത്തെ സംശയിക്കുന്നത് അവരോട് ചെയ്യുന്ന നീതികേടാണ്. ജനാധിപത്യത്തിന്റെ കാവലാളുകൾ രാഷ്ട്രീയക്കാരാണെങ്കിൽ, രാജ്യത്തിന്റെ കാവൽക്കാരാണ് സൈനീകർ. അവരിൽ നിന്ന് പൗരൻമ്മാർക്ക് ദോഷകരമായി തീരുന്ന നടപടിയുണ്ടാവില്ല. അങ്ങനെ നമുക്ക് വിശ്വസിയ്ക്കാം.....

അഭ്യൂഹങ്ങൾക്കപ്പുറം ഇൻഡ്യ എന്ന വികാരം നമ്മുടെ സൈന്യത്തേയും, രാഷ്ട്രീയക്കാരേയും, പൊതുജനത്തേയും നയിക്കുന്നു എന്ന പൊതു വിശ്വാസം തകർക്കപ്പെടാതെയിരിക്കട്ടെ.

മേരാ ഭാരത് മഹാൻ.
ജയ് ജവാൻ. ജയ് കിസാൻ...