ശനിയാഴ്‌ച, ഏപ്രിൽ 30, 2011

മസാല ദോശ ആന്റിമാര്‍ക്ക് എന്തോന്ന് ഡ്രെസ്സ് കോഡ്


സ്‌ത്രീകളെ ഒന്ന് നോക്കുന്നതുപോലും കടുത്തകുറ്റകരമായി കാണുന്ന പുതിയൊരു പ്രവണത ഇന്ന് നമ്മുടെ നാട്ടില്‍ കാണപ്പെടുന്നുണ്ട്. എന്നാല്‍ ലൈംഗീകത ഉണര്‍ത്തുന്ന വിധത്തിലുള്ള വസ്ത്രധാരണത്തോട്കൂടിയും, കാമോദ്ദീപകങ്ങളായ ചേഷ്ടകളോട് കൂടിയും, പൊതു വേദികളില്‍ പ്രത്യക്ഷപ്പെടുന്ന ഇവിടുത്തെ സ്ത്രീകളും, സെലിബ്രിറ്റികളുംതങ്ങളെ ആവോളം ആസ്വദിക്കൂ എന്നും, ആസ്വദിച്ചു ഹാലിളകുമ്പോള്‍ തങ്ങളെ ഓര്‍ത്തു മറ്റേതെങ്കിലും സാധു പെണ്‍കുട്ടികളെ പീഡിപ്പിക്കൂ എന്ന് നിരന്തരം ആഹ്വാനംചെയ്തു കൊണ്ടും ഇരിക്കുന്നു. ശരീരം എങ്ങെനെ മറയ്ക്കാം എന്നതിനേക്കാള്‍ ശരീരം എങ്ങെനെ ഒരു കാഴ്ച ബംഗ്ലാവ് ആക്കാം എന്ന നവലിബറല്‍ ചിന്താഗതിയുടെ നൂതന ദ്രിശ്യങ്ങള്‍ കണ്മുന്‍പില്‍ നിറയുകയാണ്‌.

എന്നെയൊന്നു നൊക്കൂ, നോക്കി നോക്കി കൊതിക്കൂ എന്നു ചിന്തിച്ചിരുന്ന സ്‌ത്രീകളെ അപേക്ഷിച്ച്, എന്നെയൊന്നു കൊതിക്കൂ, കൊതിച്ചു കൊതിച്ചു കയറി പിടിക്കൂ എന്നു വിളംബരം ചെയ്യുന്ന ശരീര ഭാഷ ആവിഷ്കരിക്കുന്ന തരത്തിലേക്ക് സ്ത്രീകള്‍ പരിഷ്കരിക്കപ്പെട്ടത് ചാനലുകളുടെ അതിപ്രസരത്തോടെയാണ്‌. ചാനല്‍ വിപ്ലവം ഇവിടെ നടത്തിയ സമൂല പരിവര്‍ത്തനങ്ങളില്‍ നമ്മുടെ സംസ്കാരവും, കീഴ്വഴക്കങ്ങളും, കാഴ്ച്ചപ്പാടുകളും അംബേ തകിടം മറിഞ്ഞു. വാര്‍ത്തവായിക്കുന്നവര്‍, വാര്‍ത്ത എങ്ങനെ വായിക്കുന്നു എന്നതിനേക്കാള്‍ പ്രധാനം, വാര്‍ത്ത വായിക്കുമ്പോള്‍ അവര്‍ ഏത് തരം വസ്ത്രം, എങ്ങനെ ധരിക്കുന്നു എന്നതിനായി. അതോടൊപ്പം പരസ്യങ്ങളുടെ ശൈലി, ഉല്‍പ്പന്നത്തിന്റെ ഗുണമേന്മ പ്രഖ്യാപനത്തെക്കാള്‍, മോഡലുകളുടെ നഗ്നതാ പ്രദര്‍ശനമായി മാറുകയും ചെയ്തു. സ്ത്രീ ശരീരം വിപണി മൂല്യമുള്ള പ്രദര്‍ശന വസ്തുവാണെന്ന കണ്ടു പിടുത്തം ചാനലുകളും പരസ്യങ്ങളും ചേര്‍ന്ന് സമര്‍ത്ഥമായി നടപ്പാക്കിയപ്പോള്‍ പൊതുജനങ്ങള്‍ പതിയെ പതിയെ അതിനോട് സമരസപ്പെടുകയും ചെയ്തു. നാടൊട്ടുക്ക് പൊന്തി നില്‍ക്കുന്ന വലിയപരസ്യ ഹോര്‍ഡിങ്ങുകള്‍ പൊതുജനത്തോട് പ്രഖ്യാപനം ചെയ്യുന്നതും ഏറെക്കുറേ പുതിയൊരു വസ്ത്ര സംസ്കാരത്തെ പ്രോല്‍സാഹിപ്പിക്കുക എന്ന തത്ത്വതാണ്. ജ്വല്ലറിയുടെ പരസ്യമായാലും, സാരിയുടെ പരസ്യമായാലും, കറി പൌഡറിന്റെ പരസ്യമായാലും, അവയിലെല്ലാം വിപണിവല്‍ക്കരിക്കപ്പെട്ട അല്‍പ്പ വസ്ത്രധാരിണികളുടെ ഇമേജുകള്‍, ലംബവും തിരശ്ചീനവുമായി നമ്മെ മോഹിപ്പിച്ചു കൊണ്ടിരിക്കുന്നു. സിനിമകളും, ചാനലുകളും, പരസ്യങ്ങളും ചേര്‍ന്ന് നടപ്പാക്കിയപുതിയ വസ്ത്രധാരണ സമ്പ്രദായങ്ങള്‍ യാതൊരു മടിയും കൂടാതെ ഇവിടുത്തെ മധ്യവര്‍ഗ ഉപരിവര്‍ഗ സ്ത്രീകള്‍ അണിഞ്ഞു നടക്കുവാന്‍ തുടങ്ങി. സത്യത്തില്‍ സിനിമകളും, സീരിയലുകളും, പരസ്യങ്ങളും മാത്രം ജീവിതത്തെ നയിക്കുന്ന രീതിയിലേക്ക് നമ്മുടെ ജീവിതം മാറിപ്പോയിരിക്കുന്നു.

ഈയടുത്ത കാലം വരെ, സിനിമകള്‍ക്ക് പ്രേക്ഷകനെ സ്വാധീനിക്കുന്നതിന് ഒരു പരിധിയുണ്ടായിരുന്നു. എന്തെന്നാല്‍ അത് സിനിമ ആയതുകൊണ്ട് തന്നെ. സിനിമ മറ്റൊരു ലോകമാണെന്നും , അത് അയഥാര്‍ത്ഥ്യങ്ങളുടെ മിശ്രണമാണെന്നും ജനങ്ങള്‍ക്ക് എപ്പോഴും ബോധ്യമുണ്ടായിരുന്നു.എന്നാല്‍ ചാനലുകളും, പരസ്യങ്ങളും സിനിമയോട് ബന്ധപ്പെട്ടിരിക്കുമ്പോള്‍ തന്നെ, അവ കുറേക്കൂടി പ്രേക്ഷകരോട് ഇഴുകി സംവേദിക്കപ്പെടുകയും ചെയ്തു. അതോടെ സിനിമ, ചാനല്‍, പരസ്യം തുടങ്ങിയവ പ്രേക്ഷകരെ സംബന്ധിച്ച് തങ്ങളുടെ സംസ്കാരത്തെ പുനര്‍നിര്‍വചിക്കുന്ന പൊതുവായ ഒരു മാധ്യമം ആണെന്ന ചിന്ത വരുകയും, അവയിലൂടെ കാണുന്നതാണ് ജീവിതമെന്ന് മനസില്‍ ഉറപ്പിക്കുകയും ചെയ്തു. അതിന്റെ അനന്തരഫലമായി ഇവിടെ പുതിയ ഒരു ശരീര സംസ്ക്കാരം ഉടലെടുത്തു. ലാവണ തൈലങ്ങളും, ഹെയര്‍ഓയിലുകളും, ഫേഷ്യല്‍ ക്രീമുകളും ഇത്രയധികം മുളച്ചു പൊന്തിയത് ഈ ശരീര പ്രദര്‍ശന മനശാസ്ത്രത്തെ ചുറ്റിപ്പറ്റിയാണ്‌.

സീരിയല്‍, സിനിമാ ആന്റിമാര്‍ കൊഴുപ്പ്‌ മുറ്റിയ തങ്ങളുടെ മാദക മേനികളെ സുതാര്യവും, അല്‍പ്പവുമായ വസ്ത്രങ്ങളിലൂടെ പ്രദര്‍ശിപ്പിച്ചു പതിനാറു തികഞ്ഞ കവ്‌മാരക്കാരന്‍ മുതല്‍ പതിനാറടിയന്തിരത്തിലേക്ക് കാത്തുകിടക്കുന്ന പാല്‍ക്കാരന്‍ പത്രോസ്‌ വരെയുള്ളവരെ വിജറുംഭിതരാക്കുന്നു. പൊതുവേ യങ്ങ് എന്നു പറയുന്ന നടിമാരെ അപേക്ഷിച്ച്, മദ്യ വയസു പിന്നിട്ട അമ്മ, അമ്മായി, അമ്മായിയമ്മ നടിമാരാണ് തങ്ങളുടെ മുഴുത്ത ജമ്പറും, ബമ്പറും കണ്ടു നിങ്ങള്‍ ടെമ്പര്‍ അടിച്ചോളൂ എന്ന് ദ്യോതിപ്പിക്കുന്നത്. മാധ്യമ സെലിബ്രിറ്റികളെ അനുകരിച്ച് പൊതു ഇടങ്ങളില്‍ ചുരിദാറിന്റെ ഷാള്‍, മാറു മറയ്ക്കാനാണ് എന്ന സങ്കല്‍പ്പം കാറ്റില്‍ പറത്തി, അത് കഴുത്തില്‍ ചുറ്റി ഡിങ്കനെപ്പോലെ നടക്കുന്ന പെണ്‍കുട്ടികളുടെയും, സ്ത്രീകളുടെയും എണ്ണം വര്‍ദ്ധിക്കുകയാണ്. ഇനി ജട്ടി എടുത്തു ചുരിദാര്‍ ബോട്ടത്തിന്റെ മേലെ ഇടുന്നത് എന്നാണാവോ? അതിലും ഉപരിയായി നില്‍ക്കുന്നത് അത്തരം സന്ദര്‍ഭങ്ങളില്‍ അവരുടെ ലൈംഗീകത വെളിവാക്കുന്ന ശരീര ഭാഷയാണ്‌. മാധ്യമങ്ങളിലെ സെന്‍സേഷന്‍ പ്രോഗ്രാമുകളില്‍ അവതാരികമാരും, ഗസ്റ്റ് സെലിബ്രിറ്റികളും അണിയുന്ന ഡ്രെസ്സ്കളും അവര്‍ പ്രകടിപ്പിക്കുന്ന ശരീര ചലനങ്ങളും സഭ്യതയുടെ അതിരുകള്‍ കടക്കുന്നു എന്ന് നിങ്ങള്‍ക്കും തോന്നിയിട്ടുണ്ടാവാം. ഇതിന് ഒരു അറുതി സ്വപ്നത്തില്‍ പോലും ഞാനോ നിങ്ങളോ പ്രതീക്ഷിക്കുന്നില്ല. എന്തെന്നാല്‍ നമ്മള്‍ ഇക്കാണുന്നതെല്ലാം പുരോഗമനത്തിന്റെയും, കാലഘട്ടത്തിന്റെയും അനിവാര്യമായ മാറ്റങ്ങള്‍ ആണ്. പക്ഷേ ഈ മസാല ദോശ ആന്റിമാര്‍ക്ക് ഒരല്‍പ്പം മയമൊക്കെ ആകാമല്ലോ. അതെങ്കിലും പരിഗണിക്കുക. എന്തെന്നാല്‍ എന്നെപ്പോലുള്ളവര്‍ക്ക് നിങ്ങള്‍ ഒരു കുളിരാണ്. അത് അവിടം കൊണ്ടുകഴിഞ്ഞു. പക്ഷേ ഇത്തരം കാഴ്ച്ചകള്‍ മനസിലിട്ട് താലോലിക്കുകയും, നിങ്ങള്‍ 'സെലിബ്രിറ്റി ആന്റിബയോട്ടിക്കുകളെ' ഓര്‍ത്ത് കൈപ്പരുവത്തില്‍ ഒത്തുവരുന്ന ഏതെങ്കിലും 'പാരസിറ്റാ മോള്‍'മാരെ കേറി ഡിംഗോള്‍ഫിക്കാ സുഡാനിക്കാ ചെയ്യാന്‍ ശ്രമിക്കുന്ന മനോരോഗികളും നൂറിനു ഒന്നെന്ന കണക്കില്‍ ഇവിടുണ്ട്. അത്തരക്കാര്‍ക്ക് നിങ്ങള്‍ ഒരു കാമമോഹിതം ആണ്.

വാല്:-
"മലയാള ഭാഷയ്ക്ക് മുതല്‍ കൂട്ടാണ് റിജോയുടെ രചനകള്‍ , എല്ലാം വളരെ വത്യസ്തമാര്ന്നവയാണ് .... എല്ലാംവായിക്കാന്‍ കഴിഞ്ഞിട്ടില്ല, എങ്കിലും വായിച്ചിടത്തോളം വളരെ നന്നയിരിക്കുന്നു ... തുടര്‍ന്നും ഇത് പോലുള്ള സൃഷ്ടികള്‍പ്രതീക്ഷിക്കുന്നു ....."

പടാര്‍ ബ്ലോഗിനെക്കുറിച്ച് ഫേസ്ബുക്കിലെ ഒരു ഗ്രൂപ്പില്‍ ഫഹദ് എ. കെ. എഴുതിയ ചെറിയ ഒരു പോസ്റ്റ് ആണിത്. ഇതെഴുതിയ ഫഹദിനെ എനിക്കൊരു മുന്‍പരിചയവും ഇല്ല. (ഫേസ്ബുക്കിലെ എന്‍റെ കേരളം , എന്‍റെ മലയാളം എന്നഗ്രൂപ്പിന്റെ അഡ്മിനാണ് ഫഹദ് എ. കെ.). എന്തായാലും ഈ വാക്കുകള്‍ ഈ ബ്ലോഗിനെക്കുറിച്ചുള്ള ആദ്യക്രിട്ടിസിസമായി പടാര്‍ ബ്ലോഗ്‌ കണക്കാക്കുന്നു.
(നമ്മളെ ആരെങ്കിലും പുകഴ്ത്തുമ്പോള്‍ എന്തൊരു സന്തോഷമാണ്. ഹൊ! )


Related Articles

ബുധനാഴ്‌ച, ഏപ്രിൽ 27, 2011

ജനങ്ങള്‍ക്ക് എന്‍ഡോസള്‍ഫാന്‍. സര്‍ക്കാരിന് എന്തോ സള്‍ഫാന്‍.

കാസര്‍ഗോഡ്‌ ജില്ല ഒരു വലിയ ബ്ലാക്ക് മാര്‍ക്കിന് ഉള്ളില്‍ കിടന്നു വീര്‍പ്പു മുട്ടുമ്പോള്‍ നമ്മെ പ്രതിനിധാനം ചെയ്യുന്ന സര്‍ക്കാര്‍ പണ്ഡിതന്മാര്‍ ബ്ലാക്ക് മാര്‍ക്കിനുള്ളിലേക്ക് വീണ്ടും കറുത്തവിഷം കോരി ഒഴിക്കുകയാണ്‌. എന്‍ഡോസള്‍ഫാന്‍ എന്ന കൊടും വിഷം രാജ്യമാകമാനം സാമൂഹിക പ്രശ്നങ്ങള്‍ ഉയര്‍ത്തുമ്പോള്‍, ഇതൊന്നും കണ്ടില്ല കേട്ടില്ല എന്നു നടിച്ച് എന്‍ഡോസള്‍ഫാന് വേണ്ടി വാദങ്ങള്‍ ഉയര്‍ത്തുകയാണ് ഭാരത സര്‍ക്കാര്‍. അല്ലയോ സര്‍ക്കാരേ, ഞങ്ങള്‍ക്ക് ചിലതൊക്കെ അറിഞ്ഞാല്‍ കൊള്ളാം. ഒരു ജനത കാലങ്ങളായി അനുഭവിച്ചു കൊണ്ടിരിക്കുന്ന ഒരു മാരക വിപത്തിനെ, പൊട്ടന്‍ ആനയെ കണ്ടതുപോലെ പരസ്പര ബന്ധമില്ലാത്ത പഠന റിപ്പോര്‍ട്ടുകള്‍ കൊണ്ടും, കൂലിയ്ക്കെടുത്ത ശാസ്ത്രജ്ഞന്മാരുടെ മനുഷ്യത്വം തീണ്ടാത്ത ഡയലോഗ്കള്‍ കൊണ്ടും പുച്ഛിച്ചു തള്ളാന്‍ മാത്രം, ദുരന്തത്തിന് ഇരയായി തീര്‍ന്ന കാസര്‍ഗോട്ടെ പാവങ്ങള്‍ എന്തു തെറ്റാണ് ചെയ്തത്? കാസര്‍ഗോഡ്‌ ജില്ല ലോക വ്യാപകമായി ചര്‍ച്ചാവിഷയമായിട്ടും എട്ടും പൊട്ടും തിരിച്ചറിയാത്ത പറുങ്ങാണ്ടിപ്പിള്ളേരെപ്പോലെ, നിങ്ങള്‍ സര്‍ക്കാരും, വകുപ്പു മേധാവികളും പൊട്ടന്‍ കളിക്കുന്നത് എന്തുകൊണ്ടാണ്? ലോകമാസകലം 63 രാജ്യങ്ങള്‍ പൂര്‍ണമായി എന്‍ഡോസള്‍ഫാന്‍ എന്ന ഈ വിഷം നിരോധിച്ചു കഴിഞ്ഞിരിക്കുന്നു. ബാക്കിയുള്ളവര്‍ നിരോധനം നടപ്പിലാക്കാന്‍ പോകുന്നു. പക്ഷേ നമുക്കുമാത്രം എന്തേ ഇത് മനസിലാവുന്നില്ല? ഇങ്ങനെയിങ്ങനെ, എന്‍ഡോസള്‍ഫാന്‍ പ്രശ്നത്തില്‍ നിരന്തരമായി അലട്ടുന്ന പല ചോദ്യങ്ങളണ്ട്. ചോദ്യങ്ങളെക്കാള്‍ ഞെട്ടിക്കുന്നത് അവയുടെ ഉത്തരങ്ങളാണ്.

1) നാം നമുക്കുവേണ്ടി തിരഞ്ഞെടുത്ത ഭാരത സര്‍ക്കാര്‍ ആളെക്കൊല്ലുന്നവിഷ ലായനിക്ക് വക്കാലത്ത് പിടിക്കുന്നത് എന്തു കാരണത്താലാണ്?
ഇന്‍ഡ്യയില്‍ എന്‍ഡോസള്‍ഫാന്‍ നിര്‍മ്മിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ അധീനതയിലുള്ള ഹിന്ദുസ്ഥാന്‍ ഇന്‍സെക്‌റ്റിസൈഡ്‌സ്‌ ലിമിറ്റഡ് എന്ന കമ്പനിയാണ്‌.( കമ്പനിയുടെ പേര്‌ വാസ്തവത്തില്‍ ഹിന്ദുസ്ഥാന്‍ ഇന്‍ഫ്ക്ഷന്‍സൈഡ്‌സ് ലിമിറ്റഡ് എന്നായിരുന്നു ആക്കേണ്ടിയിരുന്നത്.) എന്‍ഡോസള്‍ഫാന്‍ വിപണിയില്‍ എത്തുന്നത് പ്രസ്തുത പേരോടു കൂടിയല്ല. ബെയര്‍ ക്രോപ്പ് സയന്‍സ്‌ എന്ന അന്താരാഷ്ട്ര കുത്തക കമ്പനിയാണ്‌ എന്‍ഡോസള്‍ഫാന്‍ എന്ന പേര്‌ ഉപയോഗിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിലൂടെ മനുഷ്യ ശരീരങ്ങള്‍ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നു എന്നും, തല്‍ഫലമായി ചികില്‍സയില്ലാത്ത മാരക രോഗങ്ങള്‍ മുതല്‍ ജനിതക വൈകല്യങ്ങള്‍ വരെ ഉടലെടുത്തേക്കാം എന്നും സംശയിക്കപ്പെട്ടതോടെ പല രാജ്യങ്ങളും ഇത് നിരോധിക്കുകയുണ്ടായി. എന്നാല്‍ ഇതിന്റെ ഉല്‍പ്പാദകരും, ഏറിയ പങ്കു ഉപഭോക്താക്കളുമായ ഇന്ത്യ, ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞു കൊണ്ട്, ഈ കീടനാശിനിയെ അനുകൂലിക്കുകയാണ്‌ ചെയ്തു വരുന്നത്. നമ്മുടെ സര്‍ക്കാരും, സര്‍കാര്‍ വകുപ്പുകളും എന്‍ഡോസള്‍ഫാന്‍ എന്ന ലാഭ വിഹിതത്തെക്കുറിച്ച് മാത്രമേ ആശങ്കപ്പെടുന്നുള്ളൂ. ലോക രാജ്യങ്ങളില്‍ സ്വീകരിക്കപ്പെടുന്ന ഒരിന്‍ഡ്യന്‍ ഉല്‍പ്പന്നം നേടി തരുന്ന വിപണി മാത്രമാണ് സര്‍ക്കാരിന്റെ പരമപ്രധാന ലക്ഷ്യം. അല്ലാതെ ഇവിടെ എത്രപേര്‍ ചത്ത് ഒടുങ്ങുന്നുണ്ട് എന്നത് സര്‍ക്കാര്‍ കാര്യമല്ല.

2) നമ്മുടെ സര്‍ക്കാര്‍ ലോക രഷ്ട്രങ്ങളുടെ മുന്‍പില്‍ എന്‍ഡോസള്‍ഫാന്‍ എന്നു കേള്‍ക്കുമ്പോള്‍ എന്തോ സള്‍ഫാന്‍ എന്നു പറയുന്നതെന്തു കൊണ്ട്?
ജനീവ കണ്‍വെന്‍ഷനില്‍ വീണ്ടും വീണ്ടും നമ്മുടെ സര്‍ക്കാര്‍ പ്രതിനിധികള്‍ എന്‍ഡോസള്‍ഫാന് വേണ്ടി വാദിക്കുമ്പോള്‍, കാസര്‍ഗോഡും, കര്‍ണാടകയും വിഹ്വലതയോടെ പരതുകയാണ്‌, ഇനി തങ്ങളെ രക്ഷിക്കാന്‍, ആരോഗ്യത്തോടെ ജീവിക്കാനുള്ള ആഗ്രഹത്തെ പരിഗണിക്കാന്‍ ആരുണ്ട് ആശ്രയം എന്ന്. എന്‍ഡോസള്‍ഫാന്റെ ദൂഷ്യം ഏറ്റവും കൂടുതല്‍ അനുഭവിച്ചത്‌ കര്‍ണാടകയും കാസര്‍ഗോഡ്‌മാണ്‌. 173 രാജ്യങ്ങളുടെ സംയുക്ത കൂട്ടായ്മയായ ജനീവ കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ വിഷയം വോട്ടിന് ഇടാതിരിക്കാന്‍ ഇന്‍ഡ്യന്‍ പ്രതിനിധികള്‍ ആവോളം ശ്രമിച്ചു. പകരം അഭിപ്രായ സമന്‍വയത്തിലൂടെ വിഷയം സാധൂകരിക്കാന്‍ വേണ്ടിയാണ് ഇന്ത്യയുടെ പുറപ്പാട്. വോട്ടെടുപ്പ്‌ വന്നാല്‍ ഭൂരിപക്ഷം രാഷ്ട്രങ്ങളും എന്‍ഡോസള്‍ഫാനെ എതിര്‍ക്കുമെന്ന്‌ നമ്മുടെ വകുപ്പ് അധികാരികള്‍ക്ക് അറിയാമായിരുന്നു. എന്നിട്ടും ചര്‍ച്ചയില്‍ ചൈനയും, കൊറിയയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യയുടെ നിലപാടിന് വിരുദ്ധമായ തീരുമാനം എടുക്കുകയായിരുന്നു. കൂട്ടക്കുരുതി നടത്തുന്ന ഒരു രാസ വസ്തുവിനെ അവര്‍ എന്തിനു പ്രോല്‍സാഹിപ്പിക്കണം?

3) ഇത്രയധികം പരാതികളും, തെളിവുകളും ഉണ്ടായിട്ടും എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ കാണാപ്പുറങ്ങളെക്കുറിച്ച്എന്തുകൊണ്ട് സര്‍ക്കാര്‍ അന്വേഷിക്കുന്നില്ല?
അന്വേഷി
ക്കുന്നുണ്ടല്ലോ. കാര്യമായിത്തന്നെ അന്വേഷിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇതിനു മുന്‍പ് മൂന്ന് പഠനങ്ങള്‍ നടന്നുകഴിഞ്ഞു. ഇപ്പോള്‍ ഇന്‍ഡ്യന്‍ കവുണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച് ആണ് അന്വേഷിക്കുന്നതും, പഠിക്കുന്നതും. ഇന്‍ഡ്യന്‍ കവുണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്‍റെ പഠനം പൂര്‍ത്തിയാകാതെ ഒന്നും പറയാന്‍ പറ്റില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. കവുണ്‍സിലിന്റെ പഠനം പൂര്‍ത്തിയാകണമെങ്കില്‍ ഇനിയും മൂന്ന് വര്‍ഷം കൂടി എടുക്കുമത്രേ. പഠന റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ എന്‍ഡോസള്‍ഫാന്‍ നിരോധനം വേണമോ വേണ്ടയോ എന്നത് തീരുമാനിക്കുകയുള്ളൂ. (നിരോധനം വേണമോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ വീണ്ടും മൂന്ന് വര്‍ഷം കൂടി എടുക്കുമായിരിക്കും. എന്തെന്നാല്‍ ഇത്‌ രാജ്യം ഇന്ത്യയാണ്‌.) അത്രയും കാലം കൂടി ദുരന്തത്തിന് ഇരയായവര്‍ പീഡകള്‍ അനുഭവിക്കണം എന്നാണോ സര്‍ക്കാര് പറയുന്നത്? എന്നു മാത്രമല്ല ദുരന്തം വരും തലമുറകളിലേക്ക്‌ പകരുവാന്‍ മാത്രം നീണ്ട ഒരു കാലാവധി കൂടിയാണ് ഇത്.

ഭരണകൂടങ്ങള്‍ക്കു ജനങ്ങള്‍ എന്നും കളിപ്പാവകളാണ് എന്നത് ചരിത്രത്തിന്റെ തമാശയാണ്. ചരിത്രം മറയില്ലാതെ ആവര്‍ത്തിക്കപ്പെടും. പക്ഷേ നാം കയ്യും വായും മൂടിക്കെട്ടി അനങ്ങാതെ ഇരുന്നു കളയരുത്. ഓരോ ജനകീയ മുന്നേറ്റങ്ങളും നമ്മെ പഠിപ്പിക്കുന്നത് സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളെ അരിഞ്ഞെറിഞ്ഞു, തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുത്ത പൊതുജന ഐക്യമെന്ന കരിങ്കല്ലിന്റെ സാര്‍വത്രികമായ പ്രസക്തിയെയാണ്‌. സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ എന്തു തന്നെയായാലും അതിനെതിരെയുള്ള ഒരു പോരാട്ടത്തിന് സമയമായിരിക്കുന്നു. കാസര്‍ഗോഡ് ജില്ലയിലെ നമ്മുടെ സഹോദരങ്ങള്‍ക്കും മാതാപിതാക്കന്മാര്‍ക്കും വേണ്ടി നമുക്ക് ഒരുമിച്ച് പോരാടാം. നമ്മുടെ ആത്യന്തിക ലക്ഷ്യം എന്‍ഡോസള്‍ഫാന്‍ എന്ന, ഈ മുടിഞ്ഞ വിഷലായനി നിര്‍ത്തലാക്കുക എന്നതായിരിക്കണം. ഇനിയൊരു പിറവി പോലും അവിടെ വൈകല്യങ്ങളോടെ ഉണ്ടാവാന്‍ നാം അറിഞ്ഞുകൊണ്ട് അനുവദിക്കരുത്.


Related Articles

ചൊവ്വാഴ്ച, ഏപ്രിൽ 26, 2011

മാത്തുക്കുട്ടി ചരിതം: ആന്‍ ഐഡിയ ക്യാന്‍ ചെയ്ഞ്ച് യുവര്‍ ഫെയ്സ്

മാത്തുക്കുട്ടിയുടെ മുഖത്തു നോക്കി ഗ്രെയ്സ്മേരി വീണ്ടും ഒരു ആട്ട് ആട്ടി. എന്നിട്ട്‌ പല്ലു കടിച്ച്‌ ഇത്രയും
കൂടി പറഞ്ഞു - "ഇഡിയറ്റ്‌!!! "
മാത്തുക്കുട്ടിയുടെ ഗ്യാസുപൂട്ടിയ നിമിഷമായിരുന്നു അത്.
ഗ്രെയ്സ്മേരി ചവിട്ടിതുള്ളി പോകവേ ഭൂമിയും, പാതാളവും മേലുകീഴ് മറിഞ്ഞ്
അവന്റെ കണ്ണില്‍ ഇരുട്ടു കയറി... അവന്‍ വിവശതയോടെ എന്തിനോ വേണ്ടി തിരഞ്ഞു...
പെട്ടന്ന് സംഭവിച്ചതെല്ലാം കണ്ടുകൊണ്ട് മറഞ്ഞു നില്‍ക്കുകയായിരുന്ന അവന്റെ കൂട്ടുകാരന്‍ വര്‍ഗീസ്‌ ഓടിപ്പാഞ്ഞെത്തി, ഒരു ചൈനീ കൈനി എടുത്ത് മാത്തുക്കുട്ടിക്ക് നല്‍കി.
അവനത്‌ ആര്‍ത്തിയോടെ വായിലിട്ട് ഇങ്ങനെ പറഞ്ഞു.- " സിഗര്‍റ്റ് എഡ് ഡേയ്... "
ഇനിയൊരു ഫ്ലാഷ് ബാക്കാണ്‌.
(ഇപ്പോള്‍ നടന്ന ഈ സംഭവത്തിന്റെ കാര്യകാരണങ്ങളിലേക്ക് എത്തും മുന്‍പ്‌ അതിലേക്ക്
നയിച്ച മാത്തുക്കുട്ടിയുടെ പ്രണയ കഥയിലേക്കും നമുക്ക് പോകാം)

മാര്‍ത്തമറിയം കോളേജില്‍ ചേര്‍ന്ന കാലം തൊട്ടേ മാത്തുക്കുട്ടി ഡീസന്റ് ആണ്‌ .
പ്രേമിക്കണമെന്ന യാതൊരുവിധ ഉദ്ദേശവുമായിട്ടല്ല മാത്തുക്കുട്ടി കോളേജില്‍ ചേര്‍ന്നത്.
(അല്ലെന്കില്‍ തന്നെ സിഗരറ്റ്‌ വലിക്കാനും, വെള്ളമടിക്കാനും മര്യാദയ്ക്ക് നേരം കിട്ടുന്നില്ല.അന്നേരമാ പ്രേമം!) പെണ്‍പിള്ളേരുടെ മുഖത്തു പോലും അവന്‍ നോക്കാറില്ല.
എന്നുകരുതി ബാക്കിയുള്ള ഭാഗങ്ങള്‍ അവന്‍ നോക്കാതെ വിട്ടിരുന്നതുമില്ല.
അത്തരം ഒരു കണ്ട്രിപ്പരുവത്തില്‍ പൊയ്ക്കൊണ്ടിരുന്ന മാത്തുക്കുട്ടി പൊടുന്നനെയാണ്‌
പ്രേമം എന്ന വാരിക്കുഴിയില്‍ വീണുപോയത്.

കഥാനായിക കൈത അവറാന്‍ മകള്‍ മിനിമോള്‍ എന്ന ഗ്രെയ്സ്മേരി!

ക്ലാസ്സിലെ സുന്ദരിയായിരുന്നു ഗ്രെയ്സ്. അവള്‍ എല്ലാം തികഞ്ഞവള്‍ ആയിരുന്നില്ലെന്കിലും, ചിലതൊക്കെ തികഞ്ഞവള്‍ തന്നെയായിരുന്നു! എന്നുമാത്രമല്ല ചിലതൊക്കെ അവള്‍ക്ക് അല്‍പ്പം കൂടുതല്‍ ഉണ്ടായിരുന്നില്ലേ എന്നും സംശയമുണ്ട്.
അതില്‍ പല്ലിന്റെ കാര്യമാണ് എടുത്തു പറയേണ്ടത്. (കോന്ത്രപ്പല്ലുള്‍പ്പെടെ അവള്‍ക്ക് 33 പല്ലുണ്ടായിരുന്നു.)

സത്യമായും ഈ ഗ്രെയ്സ്മേരി എന്നുപറയുന്ന കൂതറയെ
മാത്തുക്കുട്ടി ശ്രദ്ധിച്ചിരുന്നതേയില്ല എന്നതാണ്‌ വാസ്തവം. അവളെയെന്നല്ല, ഒരവളുമ്മാരേം
ശ്രദ്ധിക്കുന്ന കൂട്ടത്തിലല്ലാരുന്നു ഡീസന്റായ മാത്തുക്കുട്ടി.
ആകെപ്പാടെ ഒന്നു ശ്രദ്ധ വച്ചിരുന്നത് മലയാളം പഠിപ്പിക്കാന്‍ എത്തുന്ന ആനി ടീച്ചറിനെയാണ്.
ചെറുപ്പക്കാരിയും സുന്ദരിയുമായ ഒരു ടീച്ചറെ ഏത് വിദ്യാര്‍ത്ഥിയും ഒന്ന് ശ്രദ്ധിച്ചെന്നൊക്കെയിരിക്കും.
അതിനിപ്പോ ആരെയും കുറ്റം പറയാന്‍ പറ്റുകേല! മാത്തുക്കുട്ടി ക്ലാസ്സില്‍ വരുന്നതു തന്നെ
ആനി ടീച്ചറെ കാണാനും, പിന്നെ ക്ളാസ് കട്ടു ചെയ്യാനും വേണ്ടി മാത്രമായിരുന്നു.
അങ്ങനെ ഒരുവക അലമ്പും അങ്ങേയറ്റത്തെ ഫ്രോഡു പരുപാടികളും ഒക്കെയായി പൊയ്ക്കൊണ്ടിരുന്ന കാലത്താണ്‌ മാത്തുക്കുട്ടി ഒരു സ്വയം പ്രഖ്യാപിത കാമുകനായി
കൂട്ടുകാര്‍ക്കിടയില്‍ സ്ഥാനാരോഹണം ചെയ്തത്.

ഇരുപത്തൊന്നു പെണ്‍കുട്ടികളുള്ള ആ ക്ലാസ്സില്‍ ഗ്രെയ്സ്മേരിയോട്‌ മാത്രം
പ്രേമം തോന്നാന്‍ കാരണം, മുന്‍പ് ഒരിക്കല്‍ നടന്ന ഒരു നോട്ടപ്പിശക്
കാരണമായിരുന്നു! ഒരിയ്‌ക്കല്‍ പതിവുപോലെ അലക്ഷ്യമായി ക്ലാസ്സില്‍ ഇരുന്ന മാത്തുക്കുട്ടി അറിയാതെ ഒന്നു തിരിഞ്ഞു നോക്കി. അന്നേരമാണ് തന്നെത്തന്നെ നോക്കിയിരിക്കുകയായിരുന്ന ഗ്രെയ്സ്മേരിയെ അവന്‍ കാണുന്നത്.
പരസ്പരം ഒട്ടൊരു നേരം കണ്ണുകള്‍ മാറ്റാത്ത അവസ്ഥയില്‍ നിന്നുപോയെങ്കിലും,
തന്റെ കണ്ണുകളെ അവന്‍ ഒരു എക്സ്പേര്‍ട്ട് ഡ്രൈവറെപ്പോലെ ബ്രേക്കിട്ട് വെട്ടിച്ചു മാറ്റിക്കളഞ്ഞു.
ഒരല്‍പ്പം കഴിഞ്ഞ് അവന്‍ വീണ്ടും പിന്നിലേക്ക് പാളിനോക്കി. അപ്പോഴും അവള്‍ അതേ നോട്ടം നോക്കിയിരിക്കുന്നു!
അന്നാദ്യമായി ബി.ടി. വഴുതന പോലെ ഒരു പെണ്‍മിഴി അവന്‍റെ മനസിനെ ഉലച്ചു.
മാത്തുക്കുട്ടിയുടെ മനസ്സ് പ്രകമ്പനങ്ങള്‍ കൊണ്ടു നിറഞ്ഞു.

ഉള്ളതു പറഞ്ഞാല്‍ അന്നതില്‍പ്പിന്നെ മാത്തുക്കുട്ടി മര്യാദക്ക് ഉറങ്ങിയിട്ടില്ല.
ഉറങ്ങാന്‍ കിടന്ന അവന്റെ ഹൃദയത്തെ ഗ്രെയ്സ്മേരിയുടെ കണ്ണുകള്‍ ഹാക്ക് ചെയ്യാന്‍ തുടങ്ങി.
അവന്‍റെ മനസില്‍ നിന്ന് ആനി ടീച്ചര്‍ എന്നെന്നേക്കുമായി ഡൈവോഴ്സ് ചെയ്യപ്പെടുകയും,
പകരം തല്‍ സ്ഥാനത്തേക്ക് ഗ്രെയ്സ്മേരി കുടിയിരിക്കപ്പെടുകയും ചെയ്തത് വളരെപ്പെട്ടന്നാണ്.
ഗ്രെയ്സ്മേരിയുടെ കോന്ത്രപ്പല്ലാല്‍ തന്റെ മാറത്ത് ഏറ്റുവാങ്ങേണ്ട ദന്തക്ഷതങ്ങളെ കിനാവു കണ്ട്‌
മാത്തുക്കുട്ടി രാത്രികള്‍ പകലുകളാക്കി.

അസയിന്‍മെന്‍്റ് വെക്കാത്തതിന് ക്ലാസ്സില്‍ നിന്നിറക്കി വിട്ടാല്‍പോലും, മാത്തുക്കുട്ടി
വീട്ടില്‍ പോകാതെ ക്ലാസ് അരികില്‍ തന്നെ ചുറ്റിപ്പറ്റി നിന്നു. മുന്‍പൊക്കെ അസയിന്‍മെന്‍്റ് വെക്കാത്തപ്പോള്‍ അസിന്‍റെ പടത്തിനും, ആസിയാന്‍ കരാറിനെതിരെയുള്ള സമരത്തിനും പോകുമായിരുന്ന മാത്തുക്കുട്ടിക്ക് വന്ന മാറ്റം അവന്റെ ഉറ്റ സുഹൃത്തായ വര്‍ഗീസിനെപ്പോലും അംബരപ്പിച്ചു. കാര്യങ്ങള്‍ അറിഞ്ഞതോടെ വര്‍ഗീസ്‌ അവന് ധൈര്യം പകര്‍ന്നു.

അങ്ങനെയാണ് മാത്തുക്കുട്ടി തന്റെ ഗാഡ ഗൂഡ പ്രണയം ഗ്രെയ്സ്മേരിയോട് പറയുവാന്‍
തീരുമാനിക്കുന്നത്. അതിനു വേണ്ടിയുള്ള ഗഹനമായ പദ്ദതികള്‍ ഇരുവരും ചേര്‍ന്നു
മെനഞ്ഞു. അത്യന്തം അപകടകരമായ പദ്ദതിയ്ക്ക് വര്‍ഗീസ് ഒരു പേരുമിട്ടു.
ഓപ്പറേഷന്‍ ലൌസ്മേരി.
പദ്ദതിയുടെ പേരു കേട്ട് മാത്തുക്കുട്ടി തന്റെ സുഹൃത്തിനെ അപ്രീഷിയേറ്റ്‌ ചെയ്തു.
- കൊള്ളാമെടാ... കൊള്ളാം. നീ ഇത്രേം ബുദ്ധിമാനാണെന്ന് ഞാന്‍ വിചാരിച്ചില്ല.
അതു കേട്ടപ്പോള്‍ വര്‍ഗീസിന്റെ കണ്ണുകള്‍ നിറഞ്ഞു. അവന്‍ പറഞ്ഞു.
- നന്ദിയുണ്ട് നന്ദിയുണ്ട്... എനിക്ക് ബുദ്ധിയുണ്ടെന്ന് നിനക്കെന്കിലും മനസിലായല്ലോ.
- അതിന് നീ കരയുന്നതെന്തിനാ?
മാത്തുക്കുട്ടി ചോദിച്ചു. അപ്പൊള്‍ വര്‍ഗീസ്‌ പറഞ്ഞു.
- ഇത്‌ സന്തോഷക്കണ്ണീരാടാ... സന്തോഷക്കണ്ണീര്‍.
- അതു ശരി. സന്തോഷത്തിനു വേണ്ടി ഇങ്ങനെ കരഞ്ഞാല്‍, നീ പിന്നെ സന്‍കടം
വരുമ്പോള്‍ എവിടുന്നെടുത്തിട്ട് കരയും?
അതോടെ സുഹൃത്ത് കരച്ചില്‍ നിര്‍ത്തി.
അങ്ങനെ അവര്‍ ഗ്രെയ്സ്മേരിയോട് പ്രണയം പറയുന്ന പദ്ദതിയുടെ മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കി.
ലന്ചു ബ്രേക് സമയമാണ് പറ്റിയത്. അവള്‍ ഊണു കഴിഞ്ഞ് കൈ കഴുകാന്‍ പൈപ്പിന്‍
ചോട്ടിലേക്ക് വരുമ്പോള്‍ അവളോട് മാത്തുക്കുട്ടി തന്റെ ഹൃദയം തുറക്കുക.
പദ്ദതി സൂപ്പര്‍! ഇനി അതൊന്ന് നടന്നു കിട്ടിയാല്‍ മാത്രം മതി.
അന്നവര്‍ പിരിഞ്ഞു.

അങ്ങനെ അവര്‍ കാത്തുകാത്തിരുന്ന മുഹൂര്‍ത്തം വന്നു ചേര്‍ന്നു.
തദ്ദിവസം മാത്തുക്കുട്ടിയും, വര്‍ഗീസും ക്ലാസ്സ് കട്ട് ചെയ്തു ക്യാമ്പസിലെ ആകെയുണ്ടായിരുന്ന പൈപ്പുകളുടെ പരിസരത്ത് കാവലിരുന്നു.
ഉച്ചയായി. ഒരുമണിയായി. കോളേജില്‍ ലന്ചു ബ്രേക്കിന്റെ ബെല്ലടിച്ചു.
അതോടെ മാത്തുക്കുട്ടിയ്ക്ക് ടെന്‍ഷനായിത്തുടങ്ങി. അവന്റെ നെഞ്ച് പടപടാ എന്നിടിക്കാന്‍ തുടങ്ങി. ഇന്നത്തെ ഓപ്പറേഷന്‍ വേണ്ടെന്നു വെച്ചില്ലെങ്കില്‍ തനിക്ക് ഒരു
ഹാര്‍ട്ട് ഓപ്പറേഷന്‍ വേണ്ടിവരും എന്ന് മാത്തുക്കുട്ടിയ്ക്ക് തോന്നി. പക്ഷേ അവനത്
വര്‍ഗീസിനോടു പറഞ്ഞില്ല. നിശബ്ദമായി അവര്‍ക്കിടയില്‍ സമയം കടന്നു പോയി. പെട്ടന്ന് വര്‍ഗീസ്
പറഞ്ഞു
- ഗ്രെയ്സ്മേരി വരുന്നുണ്ട്. ഇനി ഞാന്‍ ഇവിടെ നിന്നാല്‍ ശരിയാവില്ല. ഞാന്‍ ദാ ആ പോസ്റ്റിന്റെ മറവില്‍ നില്‍ക്കാം. നീ ധൈര്യമായി കാര്യം അവതരിപ്പിച്ചോ. ഒന്നും പേടിക്കേണ്ട. മറുപടി
ഉടനേ വേണ്ട ആലോചിച്ചിട്ട് നാളെ തന്നാല്‍ മതി എന്നു പറയണം കേട്ടോ.
അതും പറഞ്ഞ് വര്‍ഗീസ് പെട്ടന്ന് തന്നെ മാറിക്കളഞ്ഞു.
മാത്തുക്കുട്ടി നോക്കുമ്പോള്‍ ഗ്രെയ്സ്മേരി ഒരു കറുപ്പ് നിറമുള്ള ചുരിദാര്‍ അണിഞ്ഞു നടന്നു വരികയാണ്.
ഈശ്വരാ...

അവള്‍ മാത്തുക്കുട്ടിയെ കണ്ടിട്ടും ഒട്ടും മൈന്‍ഡ് ചെയ്യാതെ പൈപ്പിന്‍ ചുവട്ടിലേക്ക് നടന്നു. മാത്തുക്കുട്ടിയ്ക്ക് ആകെപ്പാടെ ഒരു വിറയല്‍ അനുഭവപ്പെട്ടു. അവന്‍ പോസ്റ്റിന് മറഞ്ഞു നിന്ന്, തന്നെ
പാളിനോക്കുന്ന വര്‍ഗീസിനെ നോക്കി. വര്‍ഗീസ് അവനെ കണ്ണ്‌ കാണിച്ചു. പോയി പറ പോയി പറ എന്ന്.
മാത്തുക്കുട്ടി പതുക്കെ ഗ്രെയ്സ്മേരി നില്‍ക്കുന്ന പൈപ്പിന്‍ ചുവട്ടിലേക്ക് ചെന്നു. പക്ഷേ ഗ്രെയ്സ്മേരി പെട്ടന്നതാ ലേഡീസ് ബാത്ത് റൂം ലക്ഷ്യമാക്കി നടക്കുന്നു. ഒട്ടൊന്നമാന്തിച്ച മാത്തുക്കുട്ടിയും അവളുടെ പുറകേ നടന്നു. പിന്നില്‍ കാലടി ശബ്ദം കേട്ട് ഗ്രെയ്സ്മേരി ഒന്ന് തിരിഞ്ഞു നോക്കി. പിന്നില്‍ വളിച്ച ചിരിയുമായി നില്‍ക്കുന്ന മാത്തുക്കുട്ടിയെക്കണ്ടു അവള്‍ പെട്ടന്ന് തന്നെ നിന്നു.
- ഉം.. എന്താ?
- അത്... അത്... എനിക്ക് ഗ്രെയ്സ്മേരിയോട് ഒരു കാര്യം പറയാനുണ്ട്...
- പറഞ്ഞോളൂ
അവള്‍ ചുരിദാറിന്റെ ഷാളിന്റെ തലപ്പ് കൊണ്ട് മുഖം തുടച്ചു.
- അത്... ആരും കാണാതെ വേണം സംസാരിക്കാന്‍. അതാണ്...
- ഓഹോ. എന്കില്‍ അങ്ങോട്ട് പൊയ്ക്കോളൂ. ഞാനിതാ ബാത്രൂമില്‍ പോയിട്ട് ഇപ്പൊ
വന്നേക്കാം. ഓകേ?!
ബാത്രൂമിലോ?മാത്തുക്കുട്ടി ഒന്ന് മിഴിച്ചു. അന്നേരമാണ്‌ അവന് ഒരു ഐഡിയ തോന്നിയത്. ആന്‍ ഐഡിയ ക്യാന്‍ ചെയ്ഞ്ച് യുവര്‍ ലൈഫ് എന്നല്ലേ.
- എന്നാല്‍ ഞാനും വരട്ടെ ബാത്രൂമിലേക്ക്? അവിടെയാവുമ്പോള്‍ മറ്റാരും കാണുകയുമില്ല.
- ങേ
ഗ്രെയ്സ്മേരി ഞെട്ടിപ്പോയി. അപ്പൊള്‍ മാത്തുക്കുട്ടി വിറയലോടെ തുടര്‍ന്നു
- ഞാനും വന്നോട്ടെ ബാത്രൂമിലേക്ക്. ഇവിടെ വെച്ചാണെന്കില്‍ മറ്റ് സ്റ്റുഡന്റ്സ് ഒക്കെ
കണ്ടെന്നു വരും.
ഗ്രെയ്സ്മേരി വീണ്ടും ഞെട്ടി.
- മാത്തുക്കുട്ടി എന്തനാവശ്യമാണ് ഈ പറയുന്നത്?
- പ്ലീസ് എനിക്ക് പറഞ്ഞേ തീരൂ. അതു കൊണ്ടാ. ബാത്രൂമിലാവുമ്പോള്‍ എന്ത് കൊണ്ടും
സൗകര്യവുമാണ്‌
-
മാത്തുക്കുട്ടീ...
ഗ്രെയ്സ്മേരി ഒറ്റ അലര്‍ച്ചയായിരുന്നു. മാത്തുക്കുട്ടി കിടുങ്ങിപ്പോയി. മറഞ്ഞു നിന്ന് കാര്യങ്ങള്‍ സാകൂതം വീക്ഷിച്ചുകൊണ്ടിരുന്ന പദ്ദതി ഉപജ്ഞാതാവ് വര്‍ഗീസും ആ അലര്‍ച്ചയില്‍ കിടുങ്ങിപ്പോയി. കിടുങ്ങലില്‍
വര്‍ഗീസിന്റെ പാന്റിന്റെ ബെല്‍റ്റിലെ ബക്കിള് പൊട്ടി.
അതോടെ അവന്റെ വയറ്റില്‍ ഒരു എക്കിള് പൊട്ടി.

എന്താണ് സംഭവിയ്ക്കുന്നത് എന്ന്
മാത്തുക്കുട്ടിയ്ക്കു മനസിലായില്ല. ഗ്രെയ്സ്മേരി ഒന്ന് കറങ്ങുന്നത്‌ കണ്ടു. മാത്തുക്കുട്ടിയുടെ ചെകിട്ടത്ത് പട്ടേ എന്നൊരു അടി കിട്ടിയത് മാത്രം
മാത്തുക്കുട്ടിയറിഞ്ഞു. അവന്റെ കണ്ണില്‍ പൊന്നീച്ച പറന്നു. ചെവിയില്‍ കുഴല്‍കിണറു
കുഴിക്കുന്നതുപോലുള്ള ഒരു ശബ്ദമാണാദ്യം കേട്ടത്. പിന്നെയത് ദൂര്‍ദര്‍ശന്‍ ചാനല്‍
തടസ്സം കാണിക്കുമ്പോള്‍ കേള്‍ക്കാറുള്ള നീണ്ട വിസിലടി ശബ്ദമായി മാറി.
- ഭ! അലവലാതി... നീയെന്താ എന്നോട് പറഞ്ഞത്? നിന്റെ അമ്മയോട് പോയി പറയെടാ...
ഗ്രെയ്സ്മേരി അലറി.
അവള്‍ രണ്ടു നിമിഷം കോപം കൊണ്ട്‌ വിറച്ച് അവിടെത്തന്നെ നിന്നുപോയി. എന്നിട്ട്
മാത്തുക്കുട്ടിയുടെ മുഖത്തു നോക്കി ഗ്രെയ്സ്മേരി വീണ്ടും ഒരു ആട്ട് ആട്ടി. ഒപ്പം പല്ലു കടിച്ച്‌ ഇത്രയും കൂടി പറഞ്ഞു - "ഇഡിയറ്റ്‌!!! "
മാത്തുക്കുട്ടിയുടെ ആപ്പീസ് പൂട്ടിയ നിമിഷങ്ങളായിരുന്നു അത്.
തുടര്‍ന്ന് ഗ്രെയ്സ്മേരി കലിപ്പോടെ ചവിട്ടിത്തുള്ളി ക്ലാസ്സിലേക്ക് നടന്നു.
അവള്‍ നടന്നകലുമ്പോള്‍
മാത്തുക്കുട്ടി വിവശനായി അവിടെത്തന്നെ നിശ്ചലം നിന്നു.

ഗ്രെയ്സ്മേരി അകന്നകന്ന് മറയുമ്പോള്‍ ഫ്ലാഷ് ബാക്ക് തീരുകയാണ്. ഇപ്പോള്‍ നാം ആദ്യം വായിച്ച തല്‍സമയ ദ്രിശ്യത്തില്‍ എത്തി...
(ഇതെല്ലാം കണ്ടു നിന്ന വര്‍ഗീസ്‌ അന്നേരമാണ്‌ മാത്തുക്കുട്ടിയുടെ അരികിലേക്ക് ഓടിച്ചെല്ലുന്നത്.
അപ്പോഴാണു മാത്തുക്കുട്ടി പറഞ്ഞത് " സിഗര്‍റ്റ് എഡ് ഡേയ്... ")


Related Articles

ചൊവ്വാഴ്ച, ഏപ്രിൽ 19, 2011

എണ്‍പതുകളിലെ ഒരു പ്രേമലേഖനം

സ്‌നേഹം നിറഞ്ഞ സിസിലിയ്ക്ക്,
മൂട്ടയ്ക്കല്‍ എബി എഴുതുന്ന കത്ത്.

നേരു പറഞ്ഞാല്‍ അന്ന് പള്ളിപ്പെരുന്നാളിനു ഒന്നു കണ്ടതിനു ശേഷം പിന്നെ ഒന്നു കാണാന്‍ പോലും കഴിയുന്നില്ലല്ലോ. സിസിലിയെ കാണാഞ്ഞ് എന്‍റെ കരളിനുള്ളില്‍ വരാല്‍
കുത്തുന്നത് പോലുള്ള ഒരുതരം കുത്തലാണ്.
അത് സിസിലിക്ക് മനസിലാകുമോ എന്തോ? പെരുനാളിന്റെ തിരക്കിനിടയില്‍ എത്ര തവണ ഞാന്‍ സിസിലിയെ നോക്കി നിര്‍ന്നിമേഷനായി നിന്നു പോയെന്നോ?
സിസിലിയുടെ അടുത്തു വന്നു ആ പേലവ കരങ്ങളില്‍ പിടിച്ചു കൊണ്ട് പെരുനാള്‍ അങ്കണം
മുഴുവന്‍ ചുറ്റി നടക്കണമെന്ന് ഞാന്‍ എത്രമാത്രം ആഗ്രഹിച്ചിരുന്നു.
പക്ഷേ ഒന്നുമൊന്നും നടക്കില്ലല്ലോ. സിസിലിയുടെ അപ്പച്ചന്റെ കണ്ണ് വെട്ടിച്ച്
ഇടയ്ക്കിടയ്ക്ക് നല്‍കിയ കടക്കണ്ണേറുകള്‍ മാത്രമാണ് എന്‍റെ അന്നത്തെ സന്തോഷം.

ആ കടാക്ഷങ്ങള്‍ ഏറ്റപ്പോള്‍ കരളേ ഞാന്‍ ചിന്തിച്ചു പോയി, ഞാന്‍ ജയന്‍ ആണെന്നും സിസിലി ജയഭാരതി ആണെന്നും. പക്ഷേ സിനിമയല്ലല്ലോ ജീവിതം. അന്നേരം ആരും കാണാതെ ഞാന്‍ ആംഗ്യഭാഷയില്‍ ഒരു കാര്യം പറയാന്‍ ശ്രമിച്ചത് ഓര്‍ക്കുന്നുണ്ടോ? അത് മറ്റൊന്നുമല്ല. സിസിലി മുന്‍പൊരിക്കല്‍ എന്നോട് പറഞ്ഞിരുന്നല്ലോ ഇത്തവണത്തെ പള്ളി പെരുനാളിനു കൈ നിറയെ ഇടാന്‍ കരിവള വാങ്ങിച്ചു നല്‍കണം എന്ന്. പ്രീയപ്പെട്ടവളെ, എന്‍റെ ഓമനയ്ക്കു വേണ്ടി ഞാനന്ന് കരിവള മാത്രമല്ല കണ്മഷിയും, ചാന്തുപൊട്ടും, ഒരുപാട് നിറങ്ങളുള്ള കുപ്പിവളകളും എല്ലാം വാങ്ങിയിരുന്നു. അതൊക്കെ സിസിലിക്കു കൊണ്ട് തരട്ടെ എന്നാണ് ഞാന്‍ ആംഗ്യഭാഷയിലൂടെ മനസിലാക്കാന്‍ ശ്രമിച്ചത്. പക്ഷേ ആള്‍ക്കാരുടെ തിരക്കും സിസിലിയുടെ അപ്പച്ചന്റെ കൊമ്പന്‍ മീശയും കാരണം ഞാന്‍ സാഹസത്തില്‍ നിന്ന് പിന്തിരിയുകയായിരുന്നു.അന്ന് സിസിലി അണിഞ്ഞിരുന്ന റോസ് പാവാടയും, വെള്ള ബ്ലൌസും സിസിലിയ്ക്ക് എന്തു ഭംഗിയായിരുന്നെന്നോ. അപ്പോള്‍ സിസിലി, സാഗറിലെ ഡിമ്പിള്‍ കപാഡിയ ആണോ എന്നുപോലും ഞാന്‍ സംശയിച്ചു പോയി. അതാണോ അപ്പച്ചന്‍ പെരുനാളിനു വേണ്ടി വാങ്ങിത്തന്ന പുത്തനുടുപ്പ്?

അതിനുശേഷമാണ്‌ നമുക്ക് പിന്നെ പരസ്പരം കാണാന്‍ സാധിക്കാതെ വന്നത്. കണ്ടിരുന്നെങ്കില്‍ വാങ്ങിക്കൂട്ടിയ സമ്മാനങ്ങളൊക്കെ ഞാന്‍ കയ്യോടെ തരുമായിരുന്നു. പെരുനാളിനു ശേഷം സിസിലി തയ്യല്‍ പഠിക്കാന്‍ പോകുന്നതും കാണുന്നേയില്ല. എന്തു പറ്റി? തയ്യല്‍ പഠിത്തം നിര്‍ത്തിയോ? അതോ നമ്മള്‍ തമ്മിലുള്ള ബന്ധത്തെക്കുറിച്ചറിഞ്ഞു
സിസിലിയുടെ അപ്പച്ചന്‍ ഇനി പഠിത്തം വേണ്ടെന്നു പറഞ്ഞോ?
പക്ഷേ ഒന്നറിയണം,
ആരു വിചാരിച്ചാലും, എത്ര വിലക്കിയാലും നമ്മള്‍ ഒന്നായി തന്നെ ജീവിക്കും. സിസിലിയെ പിരിഞ്ഞ്
എനിക്ക് ഒരു ജീവിതമില്ല. സിസിലിയില്ലെന്കില്‍ സിസിലിയുടെ ഈ എബിയും ഇല്ല. അതറിഞ്ഞാല്‍ നന്നു.

സിസിലിയ്ക്ക് ചില കല്യാണാലോചനകള്‍ വരുന്നുണ്ടെന്ന് മേരിക്കുട്ടി പറഞ്ഞു ഞാന്‍ അറിഞ്ഞു. സിസിലിയെ ഞാന്‍ അല്ലാതെ ആരെങ്കിലും കെട്ടിയാല്‍, സത്യമായും പറയട്ടെ അയാള്‍ക്ക് സിസിലി കൊരങ്ങന്റെ കയ്യില്‍ പൂമാല കിട്ടിയത് പോലെയായിരിക്കും. അതുകൊണ്ട് നമ്മള്‍ ഒന്നിക്കുന്നതാവും അതിന്റെയൊരു ശരി. മംഗളം ആഴ്ചപ്പതിപ്പില്‍ കമലാ ഗോവിന്ദ എഴുതുന്ന നോവലിലെ മിനിക്കുട്ടിയെപ്പോലെ സിസിലിയും ഒരു പാവമാണ്. പക്ഷേ മിനിക്കുട്ടിയെപ്പോലെ കരയാനല്ല, എന്റെ കൂടെ ജീവിച്ചു സന്തോഷിക്കാനാണു സിസിലിയെ ഞാന്‍ സ്നേഹിക്കുന്നത്. പക്ഷേ സിസിലിയുടെ അപ്പച്ചന്‍ നമ്മുടെ ബന്ധത്തെ എതിര്‍ക്കുമെന്നാണ് തോന്നുന്നത്. സിസിലിയുടെ അപ്പച്ചന്‍ മനോരമ ആഴ്ചപ്പതിപ്പില്‍ ജോസി വാഗമറ്റം എഴുതുന്ന നോവലിലെ നോബിളിന്റെ ശത്രു സെബാസ്റ്റ്യനെക്കാളും ക്രൂരനാണ്‌. ഇങ്ങനെയൊക്കെ ഞാന്‍ എഴുതിപ്പോകുന്നത് എന്‍റെ വിഷമം കൊണ്ടാണ്. എന്നു കരുതി സിസിലി വിഷമിക്കരുത്. എന്റെ വീട്ടിലും ഇപ്പോള്‍ ആകെ പ്രശ്നങ്ങള്‍ ആണ്. എന്നെയിപ്പം ബോംബെയില്‍ അയക്കാനുള്ള
തീരുമാനത്തില്‍ ആണു വീട്ടുകാര്‍. അമ്മാച്ചന്‍ ബോംബെയില്‍ ആണല്ലോ. അവരുടെ വര്‍ക്ക്ഷോപ്പില്‍ പോയി നില്‍ക്കാന്‍ എന്നോട് അപ്പനും അമ്മയും ഒരേ നിര്‍ബന്ധമാണ്‌. എനിക്ക് പക്ഷേ സിസിലിയെ വിട്ട് പോകുന്ന കാര്യം ആലോചിക്കാന്‍ കൂടി കഴിയുന്നില്ല. എല്ലാ വിധത്തിലും നമ്മുടെ സ്നേഹം വലിയ പങ്കപ്പാടുകളില്‍ കൂടി കടന്നു പൊയ്ക്കൊണ്ടിരിക്കുകയാണ്. മനസിന്റെ പ്രയാസം കാരണം ഈയിടെയായി ഞാന്‍ ആരും കാണാതെ ദിനേശ് ബീഡി വലിക്കാനും തുടങ്ങിയിരിക്കുന്നു.
അതു കാരണം ചുമയും തുടങ്ങി.

പക്ഷേ എന്‍റെ ഏറ്റവും വലിയ വിഷമം സിസിലിയെ ഒന്ന് കാണുന്നില്ലല്ലോ എന്നതാണ്.
ഇന്നലെയും മിനിഞ്ഞാന്നും ഞാന്‍ സിസിലിയുടെ വീടിനു മുന്‍പിലെ വഴിയിലൂടെ ഒരു കാര്യവുമില്ലെന്കിലും വെറുതേ സൈക്കിള്‍ ചവിട്ടി പോയിരുന്നു. സിസിലിയെ ഒന്ന് കാണുകയെന്കിലും ചെയ്യാമല്ലോ എന്നോര്‍ത്ത്. പക്ഷേ മുറ്റത്തോ, ജനാലയ്ക്കലോ പോലും സിസിലിയെ ഞാന്‍ കണ്ടില്ല. ഇനി എന്‍റെ പൊന്നിനു വല്ല പൊങ്ങന്‍ പനിയോ, മുണ്ടിനീരോ മറ്റോ ആയി കിടപ്പിലാണോ എന്നു ഞാന്‍ ഭയപ്പെടുന്നു. മനസില്‍ ആധിയും, വിഷമവും ആയതു കാരണം ഇപ്പോള്‍ സജിയുടേയും, വില്‍സന്റെയും ഒപ്പം കനാലില്‍ പോവുകയോ, ഊത്തയെപ്പിടിക്കുകയോ പോലും ചെയ്യുന്നില്ല. ഇന്നലെ മീന്‍ പിടിക്കാന്‍ പോയ
അവര്‍ക്ക് കുറെയേറെ പള്ളത്തിയേയും, ഒരു ആമയെയും കിട്ടിയെന്നു പറയുന്നതു കേട്ടു.
പക്ഷേ ആമയെക്കാണാന്‍ പോലും ഞാന്‍ പോയില്ല. വീട്ടില്‍ തന്നെ ഇരിപ്പായിരുന്നു. ഒന്നിലും ഒരു താല്‍പ്പര്യവും ഇല്ല പൊന്നേ.

എഴുതിയെഴുതി എന്‍റെ ഹീറോപ്പേനയിലെ മഷി തീരാറായി. ഇനി ഈ കത്തിടപാട് ഇതിലും വലിയ അപകടം പിടിച്ച പണിയാണ്. എന്നത്തേയും പോലെ ഇതും തെക്കേതിലെ മേഴ്സി വശം കൊടുത്തയക്കാം. ഇതിനുള്ള മറുപടി, പറ്റുമെങ്കില്‍ -മറ്റ് കുഴപ്പങ്ങളൊന്നും ഇല്ലെന്നെങ്കിലും എഴുതി - ഉടനെ തന്നെ മേഴ്സിയുടെ കയ്യില്‍ കൊടുത്തു വിടണം.
ഒപ്പം അന്ന് പള്ളിപ്പെരുന്നാളിനു സിസിലിയ്ക്കു വേണ്ടി വാങ്ങി, എന്‍റെ കട്ടിലിനടിയിലെ
ഡ്രംകു പെട്ടിയില്‍ ഒളിപ്പിച്ചു വെച്ച കരിവളകളും, പൊട്ടും, കണ്മഷിയുമെല്ലാം മേഴ്സി മുഖേന
കൊടുത്തു വിടുകയാണ്. എല്ലാം സിസിലിയ്ക്ക് ഇഷ്ട്ടപ്പെടും എന്നു വിശ്വസിക്കുന്നു. മറുപടി പ്രതീക്ഷിച്ചുകൊണ്ട് ഒരായിരം സ്നേഹ ചുംബനങ്ങളോടെ
സിസിലിയുടെ സ്വന്തം
എബിച്ചായന്‍.


Related Articles

തിങ്കളാഴ്‌ച, ഏപ്രിൽ 18, 2011

കഥ പുസ്തകങ്ങള്‍ക്ക് എന്തു സംഭവിച്ചു?

വിക്കിപീഡിയയും, വിക്കിലീക്ക്സും വന്നതോടെ വിക്കിയെ ആര്‍ക്കും വേണ്ടാതായി. ഇന്‍സ്പെക്ടര്‍ ഗരുഡും, ഹവില്‍ദാര്‍ ബല്‍ബീറുമെല്ലാം വായനക്കാരോട് പണ്ടേ സുല്ല് പറഞ്ഞതാണ്.ഡിങ്കനു പണ്ടേപ്പോലെ ഫാന്‍സില്ല...

പറഞ്ഞു വന്നത് എന്റെയൊക്കെ കുട്ടിക്കാലത്തെ (വായനക്കാരുടെ പ്രായം അനുസരിച്ച് നമ്മുടെയൊക്കെ എന്നും വിവക്ഷിക്കാം. ) പ്രീയ കൂട്ടുകാരായിരുന്ന, കഥ പുസ്തകങ്ങളിലെ കഥാപാത്രങ്ങളെക്കുറിച്ചാണ്. ബാല്യകാലത്തിന്റെ ഗൃഹാതുരതയ്ക്ക് മേല്‍
ഓര്‍മകളായി എത്തുന്ന ഫാന്റസിക്കഥാപാത്രങ്ങള്‍. അന്നൊക്കെ എത്രയെത്ര കഥ പുസ്തകങ്ങളായിരുന്നു. ബാലരമ, പൂമ്പാറ്റ, ബാലമംഗളം, അമ്പിളിമാമന്‍, തേനരുവി, മലര്‍വാടി, ഉണ്ണിക്കുട്ടന്‍ , ബാബുസാലി, റ്റോംസ് മാഗസിന്‍ , കുട്ടികളുടെ ദീപിക,
യുറേക്കാ, മുത്തശ്ശി, പാതി വഴിയില്‍ എത്തിയ ബാലഭൂമി, ഒപ്പം അമര്‍ചിത്രകഥകള്‍, അസംഖ്യം സചിത്ര കഥകള്‍ അങ്ങനെ അങ്ങനെ...

നമ്പോലനും, വൈദ്യരും, ശുപ്പാണ്ടിയും, ഡിറ്റക്ടീവ് വിക്രമും, നസിറുദ്ദീന്‍ ഹോജയും എത്ര
ഹരമായിരുന്നു അന്ന്. പപ്പൂസ്, എതിരാളിക്കൊരു പോരാളിയായിരുന്ന ഡിങ്കന്‍ , കൌശലക്കാരനായ കലൂലൂ മുയല്‍, കാലിയ, മന്ത്രിയുടെ തന്ത്രങ്ങളിലെ ചതിയനായ മന്ത്രിയും, ഭോജ രാജാവും, കപീഷ്, വേട്ടക്കാരന്‍ ദോപ്പയ്യ, ലൊട്ടുലൊടുക്ക് - ഗുല്‍ഗുലുമാല്‍,
വാംബാ എന്ന റോബോട്ട്, തവളയുടെ രൂപമുള്ള അന്യഗ്രഹ ജീവിയായ വിക്കി, സീമാന്‍ ,
വീരോ... എണ്ണമറ്റ കോമിക് കഥാപാത്രങ്ങള്‍. കുഞ്ഞു നാളുകളിലെ യഥാര്‍ത്ഥ ഹീറോകള്‍
അവരൊക്കെയായിരുന്നു.

അന്ന് ഏറ്റവുമധികം ജനപ്രിയമായ ബാല മാസികകള്‍ ബാലരമയും, പൂമ്പാറ്റയും ആയിരുന്നു. ഇവയില്‍ ഏതിന്റെയെന്കിലും ഒരു ലക്കം കയ്യില്‍ കിട്ടാതെപോയാല്‍ അത് ഒരു വലിയ നഷ്ടം സംഭവിച്ചത് പോലെയായിരുന്നു അന്നൊക്കെ.
അക്കാലത്ത് ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ സാധനങ്ങള്‍ക്ക് പകരം സാധനങ്ങള്‍ തന്നെ വിനിമയം ചെയ്യുന്ന ബാര്‍ട്ടര്‍ സമ്പ്രദായമൊക്കെ നിലനിന്നിരുന്നു. കൂട്ടുകാരന്‍ വായിക്കാത്ത അഞ്ജു കഥ പുസ്‌തകങ്ങള്‍ അവന് കൊടുത്തിട്ട്, നമ്മള്‍ വായിക്കാത്ത അഞ്ജു എണ്ണം തിരികെ വാങ്ങുക. നമ്മുടെ കയ്യിലും,
അവന്റെ കയ്യിലും ഉള്ള കഥ പുസ്‌തകങ്ങളുടെ സംഖ്യയുടെ അടിസ്ഥാനത്തില്‍ പുസ്‌തകങ്ങളുടെ കണക്ക് കൂടുകയോ കുറയുകയോ ചെയ്യാം.

ബോബനും മോളിയും അക്കാലത്ത് എല്ലാവരുടെയും പ്രീയങ്കരരായിരുന്നു. റ്റോംസ് ചിരിപ്പിച്ച ബാല്യം ഇന്നും ഓര്‍മകളില്‍ നിറയുന്നു. അതുപോലെ തന്നെ പല കുട്ടികള്‍ക്കും അന്നൊക്കെബാലരമയിലെ മായാവി വല്യ ഹരമായിരുന്നു. ഞാന്‍ ലുട്ടാപ്പിയുടെ ആരാധകന്‍ ആയതു കൊണ്ട് മായാവിയോട് തീരെ താല്‍പ്പര്യം ഇല്ലായിരുന്നു. വാലു ചുരുട്ടി
ശത്രുക്കളെ കബളിപ്പിക്കുന്ന കപീഷ്, കപീഷിന്റെ പൂമ്പാറ്റയിലെ എതിരാളി കിഷ്ക്കു തുടങ്ങിയവരൊക്കെ അല്‍ഭുത കഥാപാത്രങ്ങള്‍ ആയിരുന്നു. ഇവരൊക്കെ യഥാര്‍ത്ഥത്തില്‍
ഉണ്ടെന്നു തന്നെ അന്ന് വിശ്വസിച്ചിരിന്നു. ജിംഡാന്‍ സിംഹവും, പിപ്പിക്കുരങ്ങനും, ബബൂണ്‍
അമ്മാവനും, സംഖര്‍ഷം തരുന്ന സാഹസ കഥാപാത്രങ്ങള്‍ ആയിരുന്നു

അക്കാലത്ത് ബാലരമയിലും, പൂമ്പാറ്റയിലും ബാല നോവലുകള്‍ എഴുതിയിരുന്നത് സി. രാധാകൃഷ്‌ണന്‍, കെ. ബാബു എന്നിവരായിരുന്നു. ശാസ്ത്രവും, സാഹസികതയും, മിത്തും കൈകോര്‍ക്കുന്ന ഗുണപാഠങ്ങള്‍ ഏറെയുള്ള നോവലുകളാണ്‌ അവര്‍ എഴുതിയത്.
കാര്‍ട്ടൂണിസ്റ്റ്‌ വേണു വര കൊണ്ട് ചിരിപ്പിച്ചു. ചലോ ചപ്പല്‍സ്, തല മാറട്ടെ , ജംബനും തുമ്പനും... ഒരു കാലത്തിന്റെ ചിന്തകള്‍ വേണു വരയിലൂടെ പകര്‍ന്നു നല്‍കി.
ഇടക്കാലത്ത് ബോബനും മോളിക്കും അപരന്മാര്‍ ആയി ബോണിയും സോണിയും, ബോബി സോമി, തുടങ്ങിയ കോമിക്സ്കളും ഇറങ്ങിയിരുന്നു. പക്ഷേ ബോബനേയും മോളിയെയും തോല്‍പ്പിക്കാന്‍ കഴിയാത്തത് കൊണ്ടാവാം അവര്‍ പിന്നെ അപ്രത്യക്ഷമായി.

നാടോടിക്കഥകളും, പുരാണകഥകളും, മറ്റും ഞങ്ങള്‍ക്കു സമ്മാനിച്ചിരുന്നത് അമര്‍ചിത്രകഥകളും, അമൃത് ചിത്രകഥകളുമായിരുന്നു. ഇവയിലൂടെയൊക്കെ
കുട്ടിക്കാലത്ത് ലഭിച്ച അറിവുകളും ഗുണപാഠങ്ങളും ഇന്നും
ഞങ്ങളെയൊക്കെ നന്മയുള്ളവരായി നിലനിര്‍ത്തുന്നു എന്നു തോന്നുന്നു.
കഥ പുസ്തക വായനാശീലം ഏതു പ്രായത്തിലാണോ നിര്‍ത്തിക്കളഞ്ഞത്?
യവ്വനത്തിന്റെ ആരംഭത്തിലാവണം.

എന്നാലിപ്പോള്‍
കഥ പുസ്തകങ്ങള്‍ ഇന്നത്തെ
കുട്ടികള്‍ക്ക് വേണ്ട എന്നായിട്ടുണ്ട്. മൊബൈലും, ഇന്റര്‍നെറ്റും കൈവെള്ളയില്‍
കൊണ്ടു നടക്കുന്ന കുട്ടികള്‍ക്കെവിടെ വായിക്കാന്‍ സമയം?
കഥകള്‍ വായിക്കാതെ വളരുന്ന കുട്ടികള്‍ സ്വയം നിഷേധിക്കുന്നത് അറിവിന്റെയും,
നന്മയുടേയും വലിയൊരു ഗുരു സന്നിധിയാണ്‌. ഇന്ന് എല്ലാവര്‍ക്കും വേണ്ടത് ഗെയിം ആണ്. ഗെയിമില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി മുന്നേറുകയും, ശത്രുക്കളെ വെടിവെച്ച് ഇടുകയും ചെയ്യുന്ന കുട്ടികള്‍ ,
എന്തിനേയും കീഴ്പ്പെടുത്താനാണ് പഠിക്കുന്നത്. പിന്നീട് വളര്‍ന്നു വരുമ്പോള്‍ ജീവിതത്തിലും ഒന്നാമത് ആകാന്‍ വേണ്ടിയുള്ള കീഴ്പ്പെടുത്തലുകള്‍ ആണ്. കഥകളിലൂടെ ലഭിക്കേണ്ട നന്മകളെ അവഗണിക്കുന്നത് പില്‍ക്കാലത്ത്‌ സഹവര്‍ത്തിത്വം, സഹനം എന്നിവയെ കൂടി ഇല്ലാതെയാക്കുന്നു. കുട്ടികള്‍ക്ക്‌ നന്മയുടെ കഥകളും, കഥ പുസ്തകങ്ങളും വാങ്ങി നല്‍കേണ്ടത് മാതാപിതാക്കള്‍ ഒരു കടമയായി ഏറ്റെടുത്തിരുന്നെന്കില്‍..!


Related Articles

ശനിയാഴ്‌ച, ഏപ്രിൽ 16, 2011

വാള്‍ട്ടര്‍ ദാക്ഷായണി പടങ്കള്‍: ചില മൊഴിമാറ്റ തമിഴ്‌ ചിത്രങ്ങള്‍

എത്ര വല്യ ഹോളിവുഡ്‌ ചിത്രവും തമിഴ്‌നാട്ടില്‍ ഓടുന്നത് തമിഴ്‌ മൊഴിമാറ്റം നടത്തിയാണല്ലോ. സ്റ്റീഫന്‍ സ്പില്‍ബര്‍ഗിന്റെ ചിത്രം വന്നാലുംതമിഴ്‌ മക്കള്‍ക്ക് അത് ഭാരതിരാജ പടം മാതിരി.
ഇതാ അത്തരം ചില മൊഴിമാറ്റ ചിത്രങ്ങളുടെ പേരുകള്‍. സിനിമകളുടെ പേരു മാത്രമല്ല, കൊടി കെട്ടിയ ഹോളിവുഡ് പ്രൊഡക്ഷന്‍ കമ്പനികളുടെ പേരുകളും, അവയുടെ തമിഴ് മൊഴിമാറ്റവും ഈ ലിസ്റ്റിലുണ്ട്. ആദ്യത്തേത് ഒറിജിനല്‍ ഇംഗ്ലീഷ്‌ പേര്‌, ഒപ്പം കൊടുത്തിരിക്കുന്നത് മൊഴിമാറ്റം ചെയ്ത തമിഴ്‌ പേര്‌.
(നോട്ട്:- വിക്കിപീഡിയ മുക്കി വെച്ചിരുന്ന അതീവ രഹസ്യങ്ങളായ ഈ വിവരങ്ങള്‍ മുക്കിപീഡിയയില്‍ നിന്നും ഞാന്‍ പൊക്കിയതാണ്‌. അതു കൊണ്ട് ഈപോസ്റ്റിനെ നിങ്ങള്‍ പൊക്കിപീഡിയ എന്നുവിളിച്ചോളൂ... )

വാള്‍ട്ട് ഡിസ്നി പിക്ചേഴ്സ്: വാള്‍ട്ടര്‍ ദാക്ഷായണിപടങ്കള്‍
വാര്‍ണര്‍ ബ്രതേര്‍സ്: വാരാണസി സഹോദരര്‍ഗള്‍
കൊളംബിയ പിക്ചേഴ്സ്: കോളാമ്പിയില്‍ പിച്ചയ്
റോങ്ങ്
ടേണ്‍: തപ്പാന തിരുമ്പല്‍
അമേരിക്കന്‍ ബ്യൂട്ടി: അമേരിക്കാവൈ പൂട്ടി
ഗോസ്റ്റ് റൈഡേര്‍: പേയ്ക്കളിന്‍ റെയ്ഡ്
ജുറാസിക് പാര്‍ക്ക്: ഭീകരപ്പല്ലി വേഡിക്കൈ ഇടം
ഗോഡ്സില്ല: കടവുള്‍ ഇല്ലൈ
ലൈഫ് ഈസ് ബ്യൂട്ടിഫുള്‍: വാഴ്ക്കൈ പൂട്ടിയ പുള്ളൈ
ഓവര്‍ ദ ടോപ്പ്: അവര്‍ താന്‍ തപ്പ്
ചാര്‍ലീസ് എന്‍ജല്‍സ്: ഹോര്‍ലിക്സ് ദേവതൈ
ഈവിള്‍ ഡെഡ്: ഇവള്‍ താന്‍ ലഡു
ഹോളോ മാന്‍ : ഓട്ടയാന മനിതന്‍
ഐസ് എയ്ജ്: കുളിരാന വയസ്സ്
അപ്പൊ കാലിപ്റ്റൊ: അപ്പനുക്ക് കാല്‍ പൊട്ടല്‍
ഷാര്‍ക്ക് അറ്റാക്ക്: സരക്ക് അത്തയ്ക്ക്
ഡീപ്പ് ബ്ലൂ സീ: ഡപ്പിയില്‍ ബ്ലൂ സീഡി
ലോസ്റ്റ് വേള്‍ഡ്‌: ലൂസാന ഉലകം

കൂടുതല്‍ ചിത്രങ്ങളുടെ പേര്‌ വിവരങ്ങള്‍ വിക്കിപീഡിയയില്‍ (മുക്കിപീഡിയയില്‍ )ലഭ്യമായിട്ടില്ല.
ലഭ്യമാകുമ്പോള്‍ വീണ്ടും ഇതുപോലെയൊരു പോസ്റ്റോ, അല്ലെന്കില്‍ ഒന്നിലധികംപോസ്റ്റോ വായനക്കാര്‍ക്ക്
പ്രതീക്ഷിക്കാവുന്നതാണ്‌.


Related Articles

വ്യാഴാഴ്‌ച, ഏപ്രിൽ 14, 2011

കാര്‍ട്ടൂണ്‍ കോര്‍ണര്‍

രാഷ്‌ട്രീയ കേരളത്തെ ഇളക്കിമറിച്ച തിരഞ്ഞെടുപ്പ് മാമാങ്കത്തിന് ഇന്നലെ നടന്ന
വോട്ടെടുപ്പോടെ സമാപനം കുറിക്കപ്പെട്ടു. ആരോപണ പ്രത്യാരോപണങ്ങളും ഭരണ പ്രതിപക്ഷ വിലയിരുത്തലുകളും വോട്ടെടുപ്പോടെ അന്ത്യം കുറിക്കപ്പെട്ടു.
ഇനി വരുന്ന പതിമൂന്നാം തീയതി ഫലപ്രഖ്യാപനം പുറത്തുവരും വരെ മുന്നണികള്‍ക്കും,
സ്ഥാനാര്‍ഥികള്‍ക്കും നെഞ്ചിടിപ്പ് തന്നെ നെഞ്ചിടിപ്പ്.
പ്രചാരണം കൊടുമ്പിരിക്കൊണ്ടിരുന്ന സമയത്ത് വരച്ച മൂന്ന് കാര്‍ട്ടൂണുകള്‍ ഇവിടെ പോസ്റ്റുകയാണ്‌.
വെറും വരയും ചിന്തയും കൊണ്ട് ആവിഷ്കരിച്ച ഒരു ചിന്ന പോസ്റ്റ് ആണിത്.
ഇവിടെ എത്തുന്നവര്‍ അഭിപ്രായം അറിയിക്കുമല്ലോ.Related Articles

തിങ്കളാഴ്‌ച, ഏപ്രിൽ 11, 2011

പ്രകടന പത്രിക

മാന്യ മഹാ ജനങ്ങളെ,
മാറിമാറി വരുന്ന മുന്നണികളുടെ കപടമായ പ്രവര്‍ത്തനങ്ങള്‍ നിമിത്തം മനസ് മുരടിച്ച നിങ്ങള്‍ക്ക് മുന്‍പിലേക്ക്‌ നാടിനെ രക്ഷിക്കാനായി വീണ്ടും ഒരു അവസരം കൂടി വന്നു ചേര്‍ന്നിരിക്കുകയാണ്.
വരുന്ന പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍, മദ്യപക്ഷ ജനാധിപത്യ മുന്നണിയ്ക്കു വേണ്ടി നമ്മുടെ മാക്രി മുക്ക് പഞ്ചായത്തിലെ ഒന്നാം വാര്‍ഡില്‍ നിന്നും, പാര്‍ലമെന്റിലേക്ക് മല്‍സരിക്കുന്നത് നിങ്ങളുടെ സ്വന്തം കണ്ണിലുണ്ണിയായ ശ്രീ.കോരക്ക് ഒബാമയാണ്‌. ജനകീയ പ്രശ്നങ്ങളുടെ പരിഹാര ക്രീയകള്‍ക്കായി ഒരു മൂത്താപ്പാനെപ്പോലെ നിങ്ങള്‍ക്കൊപ്പം എന്നും ഉണ്ടായിരുന്നത് ശ്രീ.കോരക്ക് ഒബാമയും, മദ്യപക്ഷ ജനാധിപത്യ മുന്നണിയും മാത്രമായിരുന്നു എന്ന് നിങ്ങള്‍ക്ക് പറയാതെ തന്നെ അറിയാമല്ലോ.

ഒന്ന് തിരിഞ്ഞു നോക്കിയാല്‍ നിങ്ങള്‍ക്കു തന്നെ അറിയുവാന്‍ കഴിയും,കഴിഞ്ഞ അഞ്ജു വര്‍ഷങ്ങള്‍ കൊണ്ട് ഞങ്ങള്‍ എന്തെല്ലാം വികസന പ്രവര്‍ത്തനങ്ങള്‍ നാടിനു വേണ്ടി സംഭാവന ചെയ്തിരിക്കുന്നു എന്ന്! കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇവിടെ ഒട്ടും തന്നെ മഴ പെയ്തിരുന്നില്ല എന്നത് നിങ്ങള്‍ മറന്നു കാണില്ലല്ലോ. എന്നാല്‍ ഈ സര്‍ക്കാരിന്റെകാലത്ത് ഇവിടെ കാലവര്‍ഷം കുത്തിപ്പെയ്തത് മദ്യപക്ഷ ജനാധിപത്യ മുന്നണി സര്‍ക്കാരിന്റെ
എടുത്തു പപറയേണ്ട നേട്ടം തന്നെയാണ്. കഴിഞ്ഞ സര്‍ക്കാരിന്റെ കാലത്ത് ഇവിടെ നാനൂറ് പെണ്‍കുട്ടികള്‍ മാത്രമേ പീഡനങ്ങള്‍ക്ക് ഇരയായുള്ളൂ. എന്നാല്‍ നമ്മുടെ സര്‍ക്കാരിന്റെ കാലത്ത് പീഡനങ്ങള്‍ക്ക് വന്‍ പുരോഗതിയുണ്ടായി എന്നതും, പീഡന സംഖ്യ എഴുനൂറ് കടക്കുകയുണ്ടായി എന്നതും തികച്ചും ശ്ലാഘനീയമാണ്‌. നടന്നു കൊണ്ടിരിക്കുന്ന അക്രമങ്ങള്‍ വീണ്ടും തുടര്‍ന്നു കൊണ്ടു പോകുവാനായി ഒരിക്കല്‍ക്കൂടി മദ്യപക്ഷ ജനാധിപത്യ മുന്നണിയെത്തന്നെ അധികാരത്തില്‍ എത്തിക്കേണ്ടത് നിങ്ങള്‍ ഓരോരുത്തരുടെയും ആവശ്യമാണ്.

ആയതിനാല്‍ നാടിന്റെ അഭിവന്ദ്യ പുരോഗതിക്കായി
നിങ്ങളുടെ ഓരോ വോട്ടും നമ്മുടെ ചിഹ്നമായ, "അരിവാള്‍ താമര കൈപ്പത്തി" ചിഹ്നത്തിനു നല്‍കി, മദ്യപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാര്‍ഥി ശ്രീ.കോരക്ക് ഒബാമയെ വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു. ശ്രീ. കോരക്ക് ഒബാമ വിജയിച്ചാല്‍ നാടിനെ വികസിപ്പിച്ചു,
വികസിപ്പിച്ചു മൊത്തത്തില്‍ ഒരു വലിയ കുട്ടിച്ചോറാക്കി മാറ്റും എന്നു നിങ്ങള്‍ക്ക് ഇതിനാല്‍ ഉറപ്പ് തരുകയാണ്‌.

ശ്രീ. കോരക്ക് ഒബാമ വിജയിച്ചാല്‍,
1) ന്യൂയോര്‍ക്കില്‍ നിന്നും പോഞ്ഞിക്കര വരെ നാലുവരി എക്സ്പ്രസ്സ് പാത പണി കഴിക്കും. ( ത്രൂ പാതയാണ് )
2) കൊണ്ടോട്ടി മുതല്‍ മിയാമി ബീച്ച് വരെ ഭൂഗര്‍ഭ ബുള്ളറ്റ് ട്രെയിന്‍ പാത ആരംഭിക്കും.
3) രണ്ടു രൂപയ്ക്ക് ബിരിയാണിയും, സലാഡും കൊടുക്കും.
4) എന്‍ഡോസള്‍ഫാന്‍ വീടു വീടാന്തരം കയറി അടിക്കും.
5) ചിങ്ങവനത്ത് ഓക്സ്ഫോര്‍ഡ് യൂണിവേര്‍‌സിറ്റി സ്ഥാപിക്കും
6) നെഹ്രു ട്രോഫി വള്ളംകളി അടുത്ത വര്‍ഷംമുതല്‍ സൂയസ് കനാലില്‍ നടത്തുന്നതായിരിക്കും.
7) നയാഗ്ര വെള്ളച്ചാട്ടം ചെങ്ങന്നൂരിനോട് ചേര്‍ക്കും.
8) കോടനാട്, ഡയ്നോസര്‍ വളര്‍ത്തല്‍ കേന്ദ്രം ആരംഭിക്കും.
9) വൈപ്പിന്‍ കുടിവെള്ള പദ്ധതിയുടെ പേര്‌ വാഷിങ്ങ്ടണ്‍ കുടിവെള്ള പദ്ധതി എന്നാക്കി പുനര്‍ നിര്‍വചിക്കും.
10) മുല്ലപ്പെരിയാര്‍ അണക്കെട്ടും, തൊട്ടപ്പുറത്തുള്ള തമിഴ്നാടും കാഞ്ഞിരപ്പള്ളി ജില്ലയോട് ചേര്‍ക്കും.
11) പട്ടാമ്പി റെയില്‍വേ സ്റ്റേഷനു സമീപം വേള്‍ഡ് ട്രേഡ് സെന്റര്‍ ശിലാസ്ഥാപനം ചെയ്യും.
12) സുല്‍ത്താന്‍ ബത്തേരിയില്‍ കണ്ടെയ്നര്‍ ടെര്‍മിനലിന്റെ പണി ആരംഭിക്കും.
13) മലമ്പുഴയില്‍ ഇന്‍ഫോപാര്‍ക്ക്‌ കൊണ്ടു വരും.
14) ഇടുക്കി തുറമുഖത്തിന് അന്താരാഷ്ട്ര പദവി നല്‍കും.
15) സാന്‍ ഫ്രാന്‍സിസ്കോയില്‍ നിന്നും ഒറ്റപ്പാലം വരെ കെ എസ് ആര്‍ റ്റി സി ഓര്‍ഡിനറി ബസ്സ്‌ സര്‍വീസ്‌ ആരംഭിക്കും.

ആയതിനാല്‍ മാക്രി മുക്ക്പഞ്ചായത്തിന്റെ സമഗ്ര വികസനത്തിനു വേണ്ടി നിങ്ങള്‍ ഓരോരുത്തരും " അരിവാള്‍ താമര കൈപ്പത്തി " ചിഹ്നത്തില്‍ വോട്ട് ചെയ്ത് നമ്മുടെ സ്ഥാനാര്‍ഥി ശ്രീ.കോരക്ക് ഒബാമയെ വന്‍ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു.

എന്ന്
മദ്യപക്ഷ ജനാധിപത്യ മുന്നണി കണ്‍വീനര്‍
ശ്രീ. കാളന്‍ രാഘവന്‍ .


Related Articles

വെള്ളിയാഴ്‌ച, ഏപ്രിൽ 08, 2011

ലതിക സുഭാഷിന്‍റെ പ്രസിദ്ധീ.

ആക്ച്വലി ലതിക സുഭാഷ് ഏതു തരത്തിലാണ് പ്രസിദ്ധ എന്നു ഞങ്ങള്‍ ജനങ്ങള്‍ക്ക് അറിയുവാനുള്ള അവകാശം ഇന്‍ഡ്യന്‍ ഭരണ ഘടന കല്‍പ്പിച്ചു തന്നിട്ടുണ്ടോ എന്നാണ് പടാര്‍ ബ്ലോഗിന് ഇപ്പോള്‍ അറിയേണ്ടത്. അറിയേണ്ട കാര്യങ്ങള്‍ അപ്പപ്പോള്‍ തന്നെ അറിയുകയും, അറിഞ്ഞ കാര്യങ്ങള്‍ അപ്പപ്പോള്‍ തന്നെ കോടികള്‍ വരുന്ന വായനക്കാരെ അറിയിക്കുവാനുള്ള അടങ്ങാത്ത പ്രതിബദ്ധതയുമാണ്‌ പടാര്‍ ബ്ലോഗിനെ എന്നും മുന്നോട്ട് നയിക്കുന്നത്. ഈ ബ്ലോഗിനെ ഒരു എന്‍സൈക്ലോപീഡിയ ബ്രിട്ടാനിക്കയോ, വിക്കിപീഡിയയോ, അതുമല്ലെങ്കില്‍ ഒരു സി എന്‍ എന്‍, ബി ബി സി ലെവലില്‍ എന്കിലുമോ ആയി കാണുന്ന വായനക്കാരുടെ, അറിയുവാനുള്ള അടങ്ങാത്ത ജിജ്ഞാസയെ ആശ്രയിച്ചാണ്‌ പടാര്‍ ബ്ലോഗ്‌ പുരോഗമിക്കുന്നത്. കാര്യങ്ങള്‍ ഇങ്ങനെയൊക്കെ ആയതു കൊണ്ട്, ചൂടുള്ള വാര്‍ത്തകളുടെ നഗ്ന സത്യങ്ങള്‍ നിങ്ങളോട് പകര്‍ന്നു തരാന്‍ പടാര്‍ ബ്ലോഗ്‌ ബാധ്യസ്ഥവുമാണ്.

ഇപ്പോള്‍
ലതിക സുഭാഷും വി എസ് അച്യുതാനന്ദനുമാണ്‌ വാര്‍ത്തകളെ നിയന്ത്രിക്കുന്നത്‌. (നേരാംവണ്ണം ഭരണം നിയന്ത്രിക്കാന്‍ അച്ചുതാനന്ദന് അറിയാന്‍ മേലാ...). എന്നാലും ഉള്ളത് പറയാമല്ലോ. വി എസ്ന്റെ വെറുമൊരു വാചകം കൊണ്ട് മലമ്പുഴ മണ്ടലം അന്യായ ദേശീയ ശ്രദ്ധ ആകര്‍ഷിച്ചിരിക്കുകയാണ്. സാധാരണ ഗതിയില്‍ തമിഴ്നാട്ടിലെ സംസ്ഥാന നേതാക്കള്‍ക്കാണ് ദേശീയ ശ്രദ്ധ ലഭിക്കാറുള്ളത്. കേരളം മൂന്നാം കെട്ടിലെ എന്തോ ആണെന്നുള്ള മട്ടാണ് ദേശീയ നേതാക്കള്‍ക്കും, മാദ്ധ്യമങ്ങള്‍ക്കും ഉള്ളത്. എന്നാല്‍ അച്യുതാനന്ദനു നാക്കിന് എല്ലില്ലാത്തതു കാരണം സംഭവം സോണിയ ഗാന്ധി മുതല്‍ സുഷമ സ്വരാജ് വരെ ഏറ്റു പിടിച്ചിരിക്കുകയാണ്. സന്തോഷം. ഏതോ ഒരുത്തി എന്നു സിന്ധു ജോയിയെ പറഞ്ഞു പുകിലു പിടിച്ചത് ഒതുങ്ങിയില്ല, അതിനു മുന്‍പേ അച്ചുതാനന്ദന്‍ അടുത്ത വെടി പൊട്ടിക്കുകയായിരുന്നു. തന്റെ എതിര്‍ സ്ഥാനാര്‍ത്ഥിയായ ലതിക സുഭാഷ് ഒരു തരത്തില്‍ പ്രസിദ്ധയാണെന്നും അത് ഏതു തരത്തിലാണെന്ന് എല്ലാവര്‍ക്കും അറിയാം എന്നുമാണ് അദേഹം പറഞ്ഞത്. ഒരു സ്ത്രീയ്ക്ക് എതിരെ ദ്വയാര്‍ത്ഥത്തിലുള്ളതും അത്യന്തം ദു:സ്സൂചനകള്‍ നിറഞ്ഞതുമായ ഒരു പരാമര്‍ശം, സോറി പരാക്രമം ആയിരുന്നു ഇത്. സംഭവം വിവാദമായതോടെ പതിവുപോലെ തന്നെ അദേഹം ഉരുണ്ടുകളിക്കുയുമുണ്ടായി. ഇത്രയും കാര്യങ്ങള്‍ നിങ്ങള്‍ക്കെല്ലാവര്‍ക്കും അറിയാവുന്നതുമാണ്. പക്ഷേ ലതിക സുഭാഷ് ഏതെങ്കിലും തരത്തില്‍ പ്രസിദ്ധയാണോ എന്നും, അല്ലെങ്കില്‍ അവര്‍ ഏതു തരത്തിലുള്ള പ്രസിദ്ധീയാണ്‌ സമ്പാദിച്ചത് എന്നും‌ നമ്മള്‍ പൊതു ജനങ്ങള്‍ക്ക് അറിയണം. ഇല്ലെന്കില്‍ നമ്മള്‍ എന്തു പൊതു ജനം? ഈ പോസ്റ്റിന്റെ ഉദ്ദേശം അത്ര മാത്രമേയുള്ളൂ.

*2004 മാര്‍­ച്ച് 7ന് നടന്ന അപ്രശസ്തമായ ഒരു സംഭവമാണ്‌ വി എസ്‌ പരോക്ഷമായി സൂചിപ്പിച്ചത് എന്നാണ് പടാര്‍ ബ്ലോഗിന്റെ ന്യുയോര്‍ക്ക് ലേഖകന്‍ റിപ്പോര്‍ട്ട് ചെയ്തത്. അന്ന് ശ്രീ. ഉ­മ്മന്‍ ചാ­ണ്ടി തി­രു­വ­ന­ന്ത­പു­രം-പാ­ല­ക്കാ­ട് അമൃത എക്‌­സ്‌­പ്ര­സില്‍ നടത്തിയ ഒരു യാത്രയാണ് ഇപ്പോഴത്തെ വിവാദങ്ങളുടെ കേന്ദ്രബിന്ദു എന്നാണ് റോയിട്ടര്‍സ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഉ­മ്മന്‍ ചാ­ണ്ടി­യോ­ടൊ­പ്പം ട്ര­യി­നി­ലെ രണ്ടാം ക്ലാ­സ് എ സി കമ്പാര്‍­ട്ട്‌­മെ­ന്റില്‍ മു­ടി ക്രോ­പ്പ് ചെ­യ്ത ഒരു വനി­ത­യെ കണ്ടെ­ന്നു­ള്ള കിംവദന്തികള്‍ അക്കാ­ല­ത്ത് ഉയര്‍ന്നു കേട്ടിരുന്നു. പക്ഷേ അതെല്ലാം ഉമ്മന്‍ ചാ­ണ്ടി­ അന്നേ തന്നെ തള്ളി­ക്ക­ള­ഞ്ഞി­രു­ന്നു. ഇ­ത് തന്റെ ഭാ­ര്യ മറി­യാ­മ്മ ആയി­രു­ന്നെ­ന്നും, മറി­യാ­മ്മ തല­യില്‍ സ്‌­കാര്‍­ഫ് കെ­ട്ടി­യ­തി­നാല്‍ കമ്പാര്‍­ട്ട്‌­മെ­ന്റില്‍ തങ്ങള്‍­ക്ക് എതി­രെ­യി­രു­ന്ന സ്ത്രീ തി­രി­ച്ച­റി­യാ­ത്ത­താ­ണ് വി­വാ­ദ­ത്തി­ന് പി­ന്നി­ലു­ള്ള സം­ഭ­വ­മെ­ന്നും ഉമ്മന്‍ ചാ­ണ്ടി പിന്നീട് വി­ശ­ദീ­ക­രി­ച്ചി­രു­ന്നു­. വി­വാ­ദ­ത്തില്‍ ലതി­ക­യു­ടെ പേ­രാണ് ചില പര­ദൂ­ഷ­ണ­പ്രി­യ­ന്മാര്‍ ഉയര്‍ത്തിക്കാട്ടിയത്. കോണ്‍­ഗ്ര­സി­ലെ ഉമ്മന്‍ ചാ­ണ്ടി­യു­ടെ ശത്രു­ക്ക­ളും എതിര്‍ ഗ്രൂ­പ്പു­കാ­രു­മാ­ണ് ഈ പ്ര­ചാ­ര­ണം ഏറ്റു­പി­ടി­ച്ച് നാ­റ്റ­ക്കേ­സാ­ക്കി­യ­തെ­ന്ന് കോണ്‍­ഗ്ര­സ് പ്ര­വര്‍­ത്ത­കര്‍ തന്നെ അക്കാ­ല­ത്ത് സമ്മ­തി­ച്ചി­ട്ടു­ണ്ട്. പാ­ല­ക്കാ­ട് നി­ന്നു പ്ര­സി­ദ്ധീ­ക­രി­ക്കു­ന്ന എക്സ്‌­ക്ലൂ­സീ­വ് എന്ന മാ­സി­ക­യില്‍ (ഇ­ന്ന­ത് ദി­ന­പ­ത്ര­മാ­ണ്) മാ­ത്ര­മേ അന്ന് ലതി­ക­യേ­യും ഉമ്മന്‍ ചാ­ണ്ടി­യേ­യും കൂ­ട്ടി­ച്ചേര്‍­ത്ത് അപ­വാ­ദ­കഥ അച്ച­ടി­ച്ചു­വ­ന്നു­ള്ളൂ. അതേ സമ­യം അന്ന് ട്രെ­യിന്‍ യാ­ത്ര നട­ത്തിയ വി­ഐ­പി ആര് എന്ന ചോ­ദ്യ­വു­മാ­യി സമ­കാ­ലിക മല­യാ­ളം വാ­രി­ക­യും, ഉമ്മന്‍ ചാ­ണ്ടി­ക്കെ­തി­രായ ഗൂ­ഢാ­ലോ­ച­ന­യാ­ണ് സം­ഭ­വ­മെ­ന്ന മട്ടില്‍ ലതിക സു­ഭാ­ഷി­ന്റെ വാ­ക്കു­ക­ളു­മാ­യി വനിതയും പ്രസിദ്ധീകരിക്കപ്പെട്ടിരുന്നു. എന്നാല്‍ ഉമ്മന്‍ ചാ­ണ്ടി­യുടെ ഭാഗത്ത് ന്യായീകരണം ഉണ്ടെന്നുള്ള കാരണത്താല്‍ തന്നെ അന്ന് ദേശാഭിമാനി പത്രം പോലും സംഭവം ഏറ്റു പിടിച്ചില്ല.*

വ്യക്തിത്വ ഗുണത്തില്‍ അദേഹം പുലര്‍ത്തുന്ന മൂല്യങ്ങളെ താറടിച്ചു കാണിക്കുവാന്‍ വേണ്ടിയുള്ള ഈ ശ്രമം കപടമാണെന്ന് എല്ലാവര്‍ക്കും ബോധ്യമുണ്ടായിരുന്നു താനും.
ഉമ്മന്‍ ചാ­ണ്ടി­ എന്ന വ്യക്തി, രാഷ്‌ട്രീയ കേരളത്തില്‍ അന്യം നിന്ന് പൊയ്ക്കൊണ്ടിരിക്കുന്ന മൂല്യങ്ങളുടെ കറ തീര്‍ന്ന വാക്താവ് തന്നെയാണ് എന്നത് തര്‍ക്കമറ്റ കാര്യം തന്നെയാണ്. എന്തായാലും കാലങ്ങള്‍ക്കു ശേഷം ഇന്ന് മലമ്പുഴയില്‍ അച്ചുതാനന്ദന്‍ പൊട്ടിച്ച ബോംബ് പ്രസ്തുത സംഭവത്തെക്കുറിച്ചുള്ള ഒന്നാണെന്നാണ് രാഷ്‌ട്രീയ അണിയറയില്‍ പറഞ്ഞു കേള്‍ക്കുന്നത്.

മുള്ളും മുനയും വെച്ചുള്ള പ്രചാരണ തന്ത്രങ്ങള്‍ തിരിഞ്ഞു നോക്കി കൊഞ്ഞനം കുത്തുമ്പോള്‍ പല രാഷ്‌ട്രീയ നേതാക്കള്‍ക്കും അവര്‍ പ്രതീക്ഷിക്കാത്ത തിരിച്ചടികളാണ് ഉണ്ടാക്കുന്നതെന്ന് അവര്‍ ഓര്‍ക്കുന്നുണ്ടാവില്ല.
വി എസ്ന്‌ എതിരെ വെറുമൊരു ചാവേറിന്റെ സ്ഥാനം മാത്രമുണ്ടായിരുന്ന ലതിക സുഭാഷ്, ഇന്ന് ഹൈ വോള്‍ട്ടേജില്‍ മിന്നി കേരള രാഷ്ട്രീയത്തില്‍ തന്റേതായ ഒരു സ്ഥാനം കണ്ടെത്തിയിരിക്കുകയാണ്. വി എസ് പുഷ്പം പോലെ ജയിച്ചു കയറും എന്ന മാധ്യമങ്ങളുടെയും, പൊതു ജനങ്ങളുടെയും സകല മുന്‍‌വിധികളേയും അപ്രസക്തമാക്കിക്കൊണ്ട് ഒരു ഗുരുതര പരാമര്‍ശത്തോടെ, മലമ്പുഴ ഡാം തീവ്ര പോരാട്ടത്തിന്റെ ഷട്ടര്‍ തുറന്നു കഴിഞ്ഞിരിക്കുന്നു. ഇത്രയും കാലം വി എസ്നു ണ്ടായിരുന്ന, അല്ലെന്കില്‍ ഉണ്ടെന്നു നാം വിശ്വസിച്ചിരുന്ന സ്ത്രീപക്ഷ പ്രശ്നങ്ങളിലെ പോസിറ്റിവ് ഇമേജ്‌ ചോര്‍ന്നൊലിച്ചു പോകുന്ന കാഴ്ചകളാണ് നിരന്തരമായിഉണ്ടായിക്കൊണ്ടിരിക്കുന്നത്. പ്രചാരണത്തില്‍ ബാക്ക് സീറ്റില്‍ ആയിപ്പോയ യു ഡി എഫ് ഇതോടെ ഡ്രൈവിങ്ങ് സീറ്റിലേക്ക്‌ അമര്‍ന്നിരുന്നു കഴിഞ്ഞിരിക്കുന്നു. മലമ്പുഴയില്‍ പോരാട്ടം മുറുകുകയാണ്. അച്ചുതാനന്ദന്റെ നാക്കിന്റെ എല്ലിനാണോ, അതോ ലതിക സുഭാഷിന്റെ നട്ടെല്ലിനാണോ ബലം കൂടുതലുള്ളത് എന്ന് വോട്ടുപെട്ടി തുറക്കുമ്പോള്‍ അറിയാം. അതു വരെ ഒരു ഷോര്‍ട്ട് ബ്രേക്ക്.

(* വാര്‍ത്തയ്ക്കു കടപ്പാട് മലയാളം ബ്ലോഗ്‌. വാര്‍ത്ത അതേപടി പകര്‍ത്തിയതാണ്)


Related Articles

ബുധനാഴ്‌ച, ഏപ്രിൽ 06, 2011

ലോകം ജയിച്ചത്...

ഒരല്‍പ്പം വൈകിയാണെങ്കിലും ഇവിടെ ഇങ്ങനെയൊരു പോസ്റ്റ് ഇടാതിരിക്കുക എന്നത് അചിന്ത്യമായതു കൊണ്ടും, ഞാനൊരു കറ തീര്‍ന്ന ഇന്ത്യന്‍ ആകുന്നതു കൊണ്ടും, എനിക്ക് ക്രിക്കറ്റ്‌ അത്യാവശ്യം ഇഷ്ട്ടമുള്ള ഒരു കായിക ഇനം ആണെന്നതു കൊണ്ടും ലോകകപ്പ് ക്രിക്കറ്റ് കഴിഞ്ഞു നാലാമത്തെ ദിവസമായ ഇന്ന് ഇന്ത്യയുടെ കപ്പ് വിജയത്തെക്കുറിച്ച് ഇവിടെ ഒരു പോസ്റ്റ് പോസ്റ്റുകയാണ്‌. 1983 നു ശേഷം വീണ്ടുമൊരിക്കല്‍ കൂടി ഇന്ത്യ ലോക ക്രിക്കറ്റ് ചാമ്പ്യന്‍മാരായിരിക്കുകയാണ്. അക്ഷരാര്‍ത്ഥത്തില്‍ തന്നെ ഇന്ത്യയുടെ ഇത്തവണത്തെ കളികള്‍ എല്ലാം തന്നെ ഓര്‍മകളില്‍ സൂക്ഷിക്കപ്പെടേണ്ടവയായിരുന്നു. ക്വാര്‍ട്ടര്‍ ഫൈനലില്‍ ഓസ്‌ട്രേലിയയുടെ മേധാവിത്വം, സെമി ഫൈനലില്‍ പാക്കിസ്ഥാന്റെ കരുത്ത്, ഫൈനലില്‍ ശ്രീലങ്കന്‍ വന്യതയെ... ഇന്ത്യ തകര്‍ത്തെറിഞ്ഞത് ചില്ലറക്കാരെ ആരെയും ആയിരുന്നില്ല. കളിച്ച കളികള്‍ ആകട്ടെ പ്രേക്ഷകന്റെ ഞരമ്പുകളില്‍ രക്തയോട്ടം വര്‍ദ്ധിപ്പിക്കുന്ന തരം നെഞ്ചിടിപ്പന്‍ കളികളും.

ഫൈനലില്‍ രണ്ടാമത് ബാറ്റിങ്ങിനിറങ്ങുമ്പോള്‍ ചരിത്രം ഇന്ത്യയ്ക്ക് എതിരായിരുന്നു. ലോകകപ്പില്‍ ഇന്നു വരെ ആതിഥേയ രാജ്യം മുത്തമിട്ടിട്ടില്ല, വാംഖഡെ സ്റ്റേഡിയത്തില്‍ രണ്ടാമത് ബാറ്റ് ചെയ്തവര്‍ ജയിച്ചിട്ടില്ല, ഫൈനലില്‍ ആദ്യം ബാറ്റ് ചെയ്യുകയും, അവരില്‍ ആരെങ്കിലും സെന്‍ച്ചുറി അടിക്കുകയും ചെയ്തിട്ടുള്ളപ്പോഴെല്ലാം രണ്ടാമത് ബാറ്റ് ചെയ്തവര്‍ തോല്‍ക്കുകയാണുണ്ടായത് തുടങ്ങി ഇന്ത്യയ്ക്ക് പ്രതീക്ഷിക്കാന്‍ ഒന്നും ഉണ്ടായിരുന്നില്ല. ഒപ്പം തന്നെ രണ്ടാം ബോളില്‍ തന്നെ സെവാഗ് മടങ്ങുകയും അധികമൊന്നും ചെയ്യാതെ സച്ചിനും പോകുകയും
ചെയ്തതോടെ പ്രതീക്ഷകള്‍ അസ്തമിച്ചതാണ്‌. എന്നാല്‍ ഗൌതം ഗംഭീറും, ക്യാപ്റ്റന്‍ ധോണിയും മറ്റൊന്നായിരുന്നു തീരുമാനിച്ചിരുന്നത്. അവര്‍ നമ്മെ ജയിപ്പിക്കാന്‍ വേണ്ടി ബാറ്റ് വീശിക്കൊണ്ടിരുന്നു. അവരുടെ നിശ്ചയ ദാര്‍ഢ്യം, സിംഹള സ്വപ്‌നങ്ങള്‍ക്കു മേല്‍ കണ്ണീര്‍ ചാര്‍ത്തിക്കൊണ്ട് ഒടുവില്‍ നമ്മെ ചാമ്പ്യന്മാര്‍ ആക്കുകയായിരുന്നു.

ലോക ക്രിക്കറ്റിലെ മഹാരഥന്മാരുടെ നിരയിലേക്ക് ധോനി ഉയര്‍ത്തപ്പെട്ട ഇന്നിങ്ങ്‌സും, കിരീട നേട്ടവും ആയിരുന്നു ഇത്‌. ഗ്യാരി ക്രിസ്റ്റ്യന്‍ എന്ന കോച്ചും, കളിക്കാരും, റ്റീമിന്റെ അണിയറയില്‍ പ്രവര്‍ത്തിച്ചവരും എല്ലാം അഭിനന്ദനം അര്‍ഹിക്കുന്നു. നന്ദി.
എല്ലാവര്‍ക്കും നന്ദി. നമ്മുടെ രാജ്യത്തിന്‌ ഒരിക്കല്‍ കൂടി കായിക ഭൂപടത്തിലെ യശസ്സു ചാര്‍ത്തി നല്‍കിയതിന് എല്ലാവര്‍ക്കും നന്ദി.


Related Articles