ഞായറാഴ്‌ച, ഒക്‌ടോബർ 25, 2015

സൊസൈറ്റി ജനറൽ ബാങ്ക് റോബറി: ഒരു ക്ലാസിക്ക് മാസ്റ്റർ മൈന്റിന്റെ കഥ

 Albert Spaggiari
ഫ്രാൻസ്
1976 ലെ  മെയ്  മാസം.

തന്റെ ഫോട്ടോഗ്രാഫി സ്റ്റുഡിയോയുടെ  ബാൽക്കണിയിൽ അലസമായിരുന്ന് അയാൾ ഒരു ചുരുട്ടിന് തിരി തെളിച്ചു.
അയാൾ, കവർച്ചകളുടെ അതിബുദ്ധികേന്ദ്രം...
സാക്ഷാൽ ആൽബേർട്ട്  സ്പാഗിയേരി
പുകച്ചുരുളുകൾ അലസമായി വായുവിലേക്ക് ഒഴുകിക്കൊണ്ടിരുന്നു...

വ്യവസ്ഥാപിത സങ്കൽപ്പങ്ങൾക്ക് വഴങ്ങിയും, നിയമത്തെ അനുശാസിച്ചും ജീവിക്കുക എന്നത് സ്പാഗിയേരിയെ സംബന്ധിച്ച് വളരെ ബുദ്ദിമുട്ടേറിയതായിരുന്നു.
വ്യത്യസ്ഥമായി എന്ത് ചെയ്യണം എന്ന ആലോചന അയാളെ വല്ലാതെ അലട്ടിത്തുടങ്ങിയിരുന്നു.
ചുരുട്ടുകൾ മാറിമാറി കത്തിയ്ക്കുന്നതിനിടയിൽ  അയാൾ ഒരു തീരുമാനത്തിലെത്തി.
തന്റെ പഴയ വഴിയിലേക്ക് തിരിച്ചു  മടങ്ങുക.
പഴയ വഴി എന്നു പറഞ്ഞാൽ,  പോലീസിനെ വട്ടം ചുറ്റിക്കുന്ന, ജനങ്ങളേയും അതോറിറ്റിയേയും അമ്പരപ്പിക്കുന്ന തന്റെയാ ബ്രില്യന്റ് കവർച്ചകളിലേക്ക് !!!

_________________________

 Albert Spaggiari
മോഷണ കലയിൽ  ലോകം കണ്ട എക്കാലത്തേയും വലിയ മാസ്റ്റർമൈൻഡ്. അതായിരുന്നു ആൽബേർട്ട്  സ്പാഗിയേരി എന്ന മെലിഞ്ഞു കൊലുന്നനെയുള്ള മനുഷ്യൻ.

1932  December 14 ന് ഫ്രാൻസിലെ ഹൗട്ടസ് ആൽപ്പസ് ഡിപ്പാർട്ട്മെന്റിലുള്ള ലാറാഗ്നെ മൊന്റെഗ്ലിലിനിൽ  ( Laragne-Montéglin, France) ആൽബേർട്ട്  സ്പാഗിയേരി ഭൂജാതനായി.
ബാല്യം അമ്മയ്ക്കൊപ്പം.
വളർന്നപ്പോൾ സ്പാഗിയേരി നിർബന്ധിത സൈനീക സേവനം അനുഷ്ട്ടിക്കുകയും ഫ്രെഞ്ച് പാരാ ട്രൂപ്പിൽ ചേരാൻ ആഗ്രഹിക്കുകയും ചെയ്തു.
പിന്നീട്, അൾജീരിയൻ യുദ്ദം കൊടുമ്പിരി കൊണ്ടിരിക്കവേ ഓർഗനൈസേഷൻ ഡെൽ ആർമീ സീക്രട്ടിനു ( OAS ) വേണ്ടി സ്പാഗിയേരി പ്രവർത്തിക്കുകയുണ്ടായി.
അക്കാലത്ത്  തടങ്കലിലായി. തടവു കാലത്ത്  Faut pas rire avec les barbares ( One mustn't laugh with the barbarians.) എന്ന പുസ്തകം എഴുതി.

അതിനു മുൻപോ പിൻപോ  എന്നോ ഒരിക്കലാണ് അയാൾ തന്റെ ആ വിശ്വ പ്രസിദ്ദമായ പ്രൊഫഷണലിസത്തിന്റെ ആരംഭം കുറിക്കുന്നത്.
കവർച്ചകളുടെ....!

ആൽബേർട്ട്യ് സ്പാഗിയേരിയുടെ ആദ്യത്തെ മോഷണം അയാളുടെ കാമുകിയ്ക്ക് വേണ്ടിയായിരുന്നത്രേ.
അതും ഒരു "ഡയമണ്ട് " !

അവിടെ നിന്നുമാണ് അയാൾ കവർച്ചകളുടെ ലോകത്തെ അതിപ്രശസ്ഥം എന്ന് വിശേഷിപ്പിക്കുന്ന, ഫ്രാൻസിലെ സൊസൈറ്റി ജനറൽ ബാങ്ക് കവർച്ചയിലെ അണിയറക്കാരനായി മാറുന്നത്.

_________________________

1976.  May.
Société Générale Bank
Nice.
France.

ആൽബേർട്ട് സ്പാഗിയേരിയുടെ നൈസിലെ  സ്റ്റുഡിയോ കെട്ടിടത്തിന് സമീപത്തായിരുന്നു സൊസൈറ്റി ജനറൽ ബാങ്ക് ശാഖ.
അങ്ങനെയിരിക്കെ ഒരിക്കൽ ബാങ്കിൽ നിൽക്കവേ ഒരു ഓവു ചാൽ ഒഴുകുന്നതിന്റെ ശബ്ദം അയാൾ കേൾക്കുകയുണ്ടായി. ബാങ്കിന്റെ ലൊക്കേഷന്റെ പ്രത്യേകത സ്പാഗിയേരിയുടെ നിഗൂഡ മനസ്സിൽ  ഒരു സ്പാർക്ക് ഉണ്ടാക്കി.
ബാങ്കിന്റെ ലോക്കർ റൂം സ്ഥിതി ചെയ്യുന്നത്  ഓവുചാലിന്റെ മേലെയാണെന്ന് അയാളുടെ കൂർമ്മബുദ്ധി കണ്ടെത്തി.

അതോടെ അയാൾ തന്റെ മനസ്സിലുള്ള വ്യത്യസ്ഥതയ്ക്ക് വേണ്ടി പ്രവർത്തിച്ചു തുടങ്ങി.
ഒടുവിലൊരു നാൾ അയാൾ തന്റെ പ്ലാൻ അസന്ധിഗ്ദമായി ഫിക്സ് ചെയ്തു.
സൊസൈറ്റി ജനറൽ ബാങ്ക് കൊള്ളയടിക്കുക !!!

തുടർന്നുള്ള ദിവസങ്ങൾ മോഷണത്തിനു വേണ്ടിയുള്ള ആലോചനകളുടേതായിരുന്നു.
കൂട്ടിയും കിഴിച്ചും ഒടുവിൽ സ്പാഗിയേരി കൃത്യമായ ഒരു മാസ്റ്റർപ്ലാൻ ആവിഷ്ക്കരിച്ചു. പിന്നീട് കവർച്ചകളുടെ  ചരിത്രത്തിലെ തന്നെ എക്കാലത്തേയും ബ്രില്യൻസിയായി മാറിയ രൂപരേഖയും പദ്ദതിയുമായിരുന്നു അത്.

സ്പാഗിയേരി ആദ്യം ചെയ്തത്  ബാങ്കിലെ ഒരു ലോക്കർ ബോക്സ് റെന്റിനെടുക്കുക എന്നതായിരുന്നു. അങ്ങനെ അയാൾ നിക്ഷേപത്തിന് എന്ന വ്യാജേന ലോക്കർ റൂമിൽ കയറി. ബുദ്ധി കൂർമ്മത കൊണ്ട്  അയാൾ അകത്തളത്തിന്റെ രൂപരേഖ മനസ്സിൽ കൃത്യമായി കുറിക്കുകയും ലോക്കറിനേക്കുറിച്ച്, അതിന്റെ സെക്യൂരിറ്റിയേക്കുറിച്ച് ഒരു അവബോധം ഉണ്ടാക്കിയെടുക്കുകയും ചെയ്തു.

തുടർന്ന് അയാൾ  ഒരു ലൗഡ് അലാം ക്ലോക്ക്  ( loud alarm clock) ലോക്കറിനുള്ളിൽ വെച്ചു പൂട്ടി.  രാത്രി കാലത്ത്  അലാറം പുറപ്പെടുവിക്കുന്ന തരത്തിൽ ക്ലോക്ക് സെറ്റ് ചെയ്തു വെച്ചു.ക്ലോക്കിൽ നിന്നും രാത്രിയിൽ അലാറം പുറപ്പെടുവിക്കുമ്പോൾ, അസ്വഭാവികമായ എന്തെങ്കിലും സംഭവിച്ചാൽ ബാങ്കിന്റെ സുരക്ഷാ ക്രമീകരണം എങ്ങനെയായിരിക്കും എന്നും, തൽഫലമായി ലോക്കർ റൂമിൽ നിന്ന്  എന്തെങ്കിലും സൈറൺ മുഴങ്ങുമോ എന്നും പരീക്ഷിക്കുകയായിരുന്നു സ്പാഗിയേരി. പിന്നീട് നിരീക്ഷണത്തിൽ നിന്നും അത്തരം സുരക്ഷാ ക്രമീകരണങ്ങൾ ഒന്നും തന്നെ അവിടെയില്ല എന്ന്  അയാൾക്ക് മനസ്സിലായി.  സൊസൈറ്റി ജനറൽ ബാങ്കിന്റെ ലോക്കർ റൂം, സാധാരണ ബാങ്കുകളിലേതിനേക്കാൾ കനത്ത ചുമരുകളാൽ സംരക്ഷിക്കപ്പെട്ടിരുന്നു. വാതിലിന്റെ കരുത്താകട്ടെ പതിൻമ്മടങ്ങായിരുന്നു. അതുകൊണ്ട് തന്നെ എക്സ്ട്രാ അലാം സംവിധാനത്തിന്റെ ആവശ്യകത ലോക്കർ റൂമിന് വേണ്ടായിരുന്നില്ല.

പദ്ദതിയുടെ ആദ്യഘട്ടം വിജയിച്ചു എന്ന് അയാൾ അനുമാനിച്ചു.
തുടർന്നയാൾ ബാങ്കിന്റേയും ലോക്കറിന്റേയും പ്ലാനുകൾ വിശദമായി വരക്കുകയും ഓപ്പറേഷൻ ഏതുവിധമായിരിക്കണമെന്ന് തീരുമാനിക്കുകയും ചെയ്തതിനു ശേഷം,ഒരു നിഗമനത്തിലെത്തി.
താൻ നേരിട്ടു  മോഷണത്തിൽ പങ്കെടുക്കുന്നില്ല.

തുടർന്ന്, അയാൾ നേരേ പോയത് ഫ്രാൻസിലെ Marseilles  സിറ്റിയിലേക്കായിരുന്നു.
വാടക ഗ്യാങ്ങുകളും ഗ്യാങ്സ്റ്റേഴ്സും ഒരുപാടുള്ള സ്ഥലം.
അവിടുത്തെ അറിയപ്പെടുന്ന ഒരു ഗ്യാങ്ങുമായി അയാൾ കൂടിയാലോചന നടത്തി.
ഈ ഗ്യാങ്ങിൽ പഴയ OAS  സുഹൃത്തുക്കളും ഉണ്ടായിരുന്നു
അവിടെ വെച്ച് ആൽബേർട്ടോ സ്പാഗിയേരി  തന്റെ  ഡീൽ ഉറപ്പിച്ചു.

_________________________

സൊസൈറ്റി ജനറൽ ബാങ്ക് അന്ന്.
മെയ് മാസത്തിലെ ഒരു രാത്രി.
ആൽബേർട്ടോ സ്പാഗിയേരിയും  കൂട്ടാളികളും സൊസൈറ്റി ജനറൽ ബാങ്കിന്റെ പരിസരത്ത് നിഴലുകൾ പോലെ ഒത്തുചേർന്നു...
രാത്രി അതിന്റെ മധ്യത്തിലൂടെ കടന്നു പോകുമ്പോൾ  ബാങ്കിനോട് ചേർന്നുള്ള  ഓവു ചാലിൽ നിന്നും ബാങ്കിന്റെ നിലവറയുടെ ചുവട്ടിലേക്ക് ഒരു അണ്ടർഗ്രൗണ്ട് ടണലിന്റെ നിർമാണം അവർ ആരംഭിച്ചു.

ടണൽ നിർമാണം ആരംഭിക്കും മുൻപേ കൃത്യവും പാലിക്കപ്പെടേണ്ടതുമായ ചില പ്രിക്വേഷൻസ് അയാൾ തന്റെ ഗ്യാങ്ങിന് നിർദേശിച്ചു കൊടുത്തു.
രാവും പകലും ഡ്യൂട്ടി.
തുടർച്ചയായി ഡ്രില്ലിങ്ങിലേർപ്പെട്ട് കൊണ്ടേയിരിക്കണം.
ഷിഫ്റ്റ് അനുസരിച്ച് ആളുകൾ മാറി മാറി ജോലി ചെയ്യണം.
ജോലിക്കിടയിൽ  കോഫി, ആൽക്കഹോൾ എന്നിവ ഒഴിവാക്കണം.
ഷിഫ്റ്റ് പൂർത്തിയാക്കുന്നവർ 10 മണിക്കൂർ നിർബന്ധമായി ഉറങ്ങുക.

ഓവു ചാലിൽ നിന്ന് ബാങ്ക് നിലവറയുടെ ചുവട്ടിലേക്കുള്ള ആ ടണൽ നിർമ്മാണത്തിന് കൃത്യം രണ്ടു മാസം സമയമെടുത്തു.
എട്ട് മീറ്റർ നീളമുണ്ടായിരുന്നു ആ ടണലിന്.

_________________________

രണ്ട് മാസങ്ങൾക്ക് ശേഷം
1976. July 16.

ഫ്രാൻസിലെ വലിയ ആഘോഷമായ Bastille Day festivitie കാലമായിരുന്നു അത്.
ബാങ്ക് ഒരു വാരാന്ത്യത്തോളം അടഞ്ഞു കിടന്ന സമയം...
സ്പാഗിയാരിയുടെ ഗ്യാങ് അന്നേ ദിവസം ബാങ്ക് നിലവറ തകർത്ത് അതിനുള്ളിൽ കയറി!!!

നിലവറയ്ക്കുള്ളിൽ പ്രവേശിച്ച അന്ന്, അതിനുള്ളിൽ സ്പാഗിയേരി തന്റെ ടീമിന് അതി വിശിഷ്ഠമായ ഒരു ലഞ്ച് ഒരുക്കി. തുരന്ന നിലവറച്ചുമർ അകത്തു നിന്നും വെൽഡ് ചെയ്തതിനു ശേഷം അവർ ഒരുമിച്ച് ആ  നിലത്തിരുന്ന് ഭക്ഷണം കഴിച്ചു. ഫ്രെഞ്ച് ഭക്ഷണമായ പേറ്റും  (Pate) വൈനുമെല്ലാം ഒഴുകിയ ആ ലഞ്ച്, ഒരു പിക്നിക് മൂഡിലുള്ള ലഞ്ച് പോലെയെന്നാണ് കുറ്റാന്വേഷകർ പിന്നീട് പറഞ്ഞത്.

400 സേഫ് ഡെപ്പോസിറ്റ് ബോക്സുകൾ  സൊസൈറ്റി ജനറൽ ബാങ്കിന്റെ നിലവറയിലുണ്ടായിരുന്നു. സാവധാനം സമയമെടുത്ത് അവയത്രയും അവർ ചാക്കിൽ കെട്ടി.
പണമായി ഏകദേശം 30-60 ദശലക്ഷം ഫ്രാങ്ക്സ് മോഷ്ടിക്കപ്പെട്ടു .
ഒപ്പം അതീവ രഹസ്യങ്ങളും വിലപിടിപ്പുള്ളതുമായ ഒട്ടനവധി ഡോക്യുമെന്റുകളും വസ്തുക്കളും സ്പാഗിയേരിയുടേയും സംഘത്തിന്റേയും കയ്യിലായി.
അതുവരെയുള്ള ചരിത്രത്തിലെ, എക്കാലത്തേയും വലിയ ബാങ്ക് കവർച്ചയായി മാറി സൊസൈറ്റി ജനറൽ ബാങ്ക് കവർച്ച!

അവധിക്കാലം കഴിഞ്ഞ് ബാങ്ക് തുറക്കുന്നതിന്റെ തൊട്ട് മുൻപത്തെ  ദിവസം,  അതായത് ജൂലൈ 20 ന് - സ്പാഗിയേരിയും ടീമും അവിടെ നിന്നും എസ്കേപ്പ് ആയി.
പോകും മുൻപ് നിലവറയുടെ ചുമരുകളിലൊരിടത്ത് ആൽബെർട്ട് സ്പാഗിയേരി  ഇങ്ങനെ ഒരു സന്ദേശം കോറിയിട്ടു.
sans armes, ni haine, ni violence
("without weapons, nor hatred, nor violence").
ബാങ്ക് ഉധ്യോഗസ്ഥർക്ക്, പോലീസിന്, ഈ ലോകത്തിന്, ഉള്ള സന്ദേശം ആയിരുന്നു അത്.
താൻ മറ്റു കവർച്ചക്കാരിൽ നിന്നും തികച്ചും വ്യത്യസ്ഥനാണ് എന്ന് ലോകത്തോട് മുഴുവൻ പ്രഖ്യാപിക്കുകയായിരുന്നു സ്പാഗിയേരി അവിടെ.

_________________________

സൊസൈറ്റി ജനറൽ ബാങ്ക് ഇന്ന്.
മൂന്നു മാസങ്ങൾക്ക് ശേഷം ഒക്ടോബറിൽ, പോലീസിന് കേസിനാസ്പദമായ ഒരു തെളിവ് ലഭിച്ചു.

സ്പാഗിയേരിയുടെ മുൻ ഗേൾഫ്രെണ്ടിൽ നിന്ന് കിട്ടിയ സൂചന പ്രകാരം അന്വേഷണ വഴികൾ സ്പാഗിയേരിയിലേക്കും കൂട്ടാളികളിലേക്കും നീണ്ടു.  ഒരാളെ അറസ്റ്റ് ചെയ്തു.
നീണ്ട ചോദ്യം ചെയ്യലിനു ശേഷം അയാൾ കുറ്റം സമ്മതിച്ചു.

ഒരു ഫോട്ടോഗ്രാഫർ എന്ന നിലയിൽ സഞ്ചാരത്തിലെന്ന് തോന്നലുണ്ടാക്കി പോയിരുന്ന സ്പാഗിയേരി, മടങ്ങി വരും വഴി എയർ പോർട്ടിൽ വെച്ച് അറസ്റ്റിലായി.

പക്ഷേ സ്പാഗിയേരി കുറ്റം സമ്മതിച്ചില്ല.
അയാൾ ഒരു ഫ്രെഞ്ച് ലീഡറുമായി തനിക്ക് ബന്ധമുണ്ടെന്ന്  നീതിന്യായ വ്യവസ്ഥയെ ബോധിപ്പിക്കാനായി, അതി ബുദ്ധിപരമായി - വായിക്കാൻ വളരെ ശ്രമകരമായ  ഒരു ഡി കോഡിങ് അസാധ്യമായ ഡോക്യുമെന്റ് നിർമ്മിക്കുകയും, അത് ജഡ്ജിന് സമർപ്പിക്കുകയും ചെയ്തു. ഇത് തന്റെ രക്ഷപെടലിനു വേണ്ടി സ്പാഗിയേരി വിദഗ്ദമായി പ്ലാൻ ചെയ്ത ഒന്നായിരുന്നു.

വിചാരണ വേളയിൽ ഇത് വായിച്ച് കൊണ്ടിരിക്കുകയായിരുന്ന  ജഡ്ജിയേയും പോലീസ് ഉധ്യോഗസ്ഥരേയും പൊടുന്നനെ അസ്ത്രപ്രജ്ഞരാക്കിക്കൊണ്ട് ഒരു ഹോളിവുഡ് ഹീറോയെ അനുസ്മരിപ്പിക്കുന്ന വിധത്തിൽ അയാൾ രണ്ടാം നിലയിലെ ജനാലയിലൂടെ താഴേക്ക് ചാടി. പാർക്ക് ചെയ്തിരുന്ന ഒരു കാറിന്റെ മേലേക്കാണയാൾ ചാടി നിന്നത്. നിമിഷം കൊണ്ട് പാർക്കിങ്ങ് ഏരിയയിലെ ഒരു മോട്ടോർ സൈക്കിളിന്റെ പിന്നിലിരുന്ന് അജ്ഞാതമായ ഒരിടത്തേക്ക് അയാൾ പാഞ്ഞു പോയി...

ചില റിപ്പോർട്ടുകൾ പ്രകാരം, കാറിന്റെ ഉടമ പിന്നീട് തന്റെ വാഹനത്തിന്റെ  കേടുപാടുകൾ തീർക്കാൻ വേണ്ടി ഒരു 5000 ഫ്രാങ്ക്സ് ചെക്ക് തപാൽ വഴി  ലഭിച്ചു എന്നവകാശപ്പെടുകയുണ്ടായി.

(സ്പാഗിയേരിയെ മോട്ടോർ സൈക്കിളിൽ രക്ഷപെടുത്തിയത് ഒരു ഫ്രെഞ്ച് പൊളിറ്റിക്കൽ നേതാവാണെന്ന് കിംവദന്തിയും അഭ്യൂഹവും പരക്കുകയുണ്ടായി.)

_________________________

പിന്നീട് ഒരിക്കലും ആൽബേർട്ട് സ്പാഗിയേരി എന്ന റോബറി മാസ്റ്റർ മൈന്റിനെ  ആരും കണ്ടില്ല.

തുടർന്ന് കേട്ടത് ഒക്കേയും അഭ്യൂഹങ്ങൾ മാത്രമായിരുന്നു.
സ്പാഗിയേരി അർജന്റീനയിലേക്ക് കടക്കുകയും അവിടെ വെച്ച് മുഖം പ്ലാസ്റ്റിക് സർജറി ചെയ്ത് തിരിച്ചറിയപ്പെടാതെ ജീവിക്കുകയും ചെയ്തു എന്ന് ചിലർ പറയുന്നുണ്ട്. ഒരു പൊളിറ്റിക്കൽ കൊലപാതകവുമായി ആൽബേർട്ടോ സ്പാഗിയേരിയുടെ പേരിനെ CIA ഒരിക്കൽ ബന്ധപ്പെടുത്തുകയുണ്ടായി. എന്നാൽ അമ്മയേയും ഭാര്യയേയും കാണാൻ അയാൾ പലതവണെ ഫ്രാൻസിലെത്തിയെന്ന്  ഉറപ്പില്ലാത്ത ചില കിംവദന്തികളും സംശയ നിഴലിലായ അക്കാലത്ത് പരന്നു. ചില ഫ്രെഞ്ച് പത്രങ്ങളാകട്ടെ, Throat Cancer നെ തുടർന്ന്  1989 ജൂൺ 10 ന്  അമ്മയുടെ വീടിനോട് ചേർന്ന് ആൽബേർട്ട് സ്പാഗിയേരിയുടെ ഡെഡ്ബോഡി  കണ്ടെത്തി എന്ന് റിപ്പോർട്ട് ചെയ്തു.
വാസ്തവം ഇന്നും അജ്ഞാതം.

_________________________

എന്തു തന്നെയായാലും ഒരു കാലത്ത് ലോകം കണ്ട ഏറ്റവും ബ്രില്യന്റ് ബാങ്ക് കവർച്ചയുടെ സൂത്രധാരനേയും, അന്ന് കവർച്ച ചെയ്യപ്പെട്ട വലിയ സ്വത്തുക്കളും പിന്നീട് ഒരിക്കലും കണ്ടെത്തുകയേ ഉണ്ടായില്ല.

റഷ്യ VS അമേരിക്ക: പ്രപഞ്ച നാശത്തിലേക്കുള്ള വിരുദ്ദ ധ്രുവങ്ങൾ.


2015 സെപ്റ്റംബർ 30.
റഷ്യൻ മിലിട്ടറി ജനറൽ ബാഗ്ദാദിലെ അമേരിക്കൻ എംബസിയിലെത്തുന്നു.  അദ്ദേഹം യു എസ് ഉദ്ധ്യോഗസ്ഥരോട് ആവശ്യപ്പെട്ടത് ഒരേയൊരു കാര്യം മാത്രം. "സിറിയയിലെ ഐസിസ് പ്രവർത്തനങ്ങൾക്ക് ഒരന്ത്യം കുറിയ്ക്കാനായി
തങ്ങളുടെ യുദ്ദക്കപ്പലുകൾ കാസ്പിയൻ കടൽ മുഖത്തേക്ക് പുറപ്പെടാൻ ഒരുങ്ങുന്നു. അതിനാൽ എത്രയും വേഗം സിറിയയിലുള്ള  അമേരിക്കൻ മിലിട്ടറി അവിടെ നിന്നും ഒഴിഞ്ഞു പോകുക."
ശീതയുദ്ധത്തിനു ശേഷം അമേരിക്കയോട് നേർക്കു നേർ നിന്നുള്ള ആദ്യത്തെ റഷ്യൻ  ഇടപെടലായിരുന്നു ഇത്.
എന്തായാലും ഒക്ടോബർ 7: 8.35 PM ന്  കാസ്പിയൻ കടലിൽ നങ്കൂരമിട്ടിരുന്ന റഷ്യൻ വിമാന വാഹിനി കപ്പലിൽ നിന്നും ആദ്യത്തെ ക്രൂയീസ് മിസൈൽ സിറിയക്ക് നേരേ തൊടുക്കപ്പെട്ടു.

പുതിയ ചേരികൾ.
________________________________________

മിഡിൽ ഈസ്റ്റിൽ ഉടലെടുത്ത ഈ പുതിയ സംഘർഷാവസ്ഥയിൽ  ചൈന റഷ്യയ്ക്കൊപ്പം കളത്തിൽ ഇറങ്ങുമെന്നു പറയുന്നു. യൂറോപ്യൻ യൂണിയന്റെ ഭാഗമായ ഫ്രാൻസ്, അമേരിക്കയേയും നാറ്റോയേയും ഞെട്ടിച്ചു കൊണ്ട് സിറിയയിൽ ഐസിസിനെതിരേ ബോംബിങ്ങ് നടത്തുന്നു.  ജർമ്മൻ ചാർസലർ ആംഗലാ മെർക്കൽ വ്ലാഡിമർ പുടിനെ പിന്തുണയ്ക്കുന്നു. രണ്ടു ലോക മഹായുദ്ദങ്ങൾ പരിശോധിച്ചാൽ മനസ്സിലാകും, സഖ്യങ്ങൾ ഉളവായത് തികച്ചും സാന്ദർഭികവും ആകസ്മികവുമായാണ്.   സിറിയയിലെ റഷ്യൻ ഇടപെടലും അതിനോടുള്ള ഫ്രാൻസ് , ജർമനി എന്നിവരുടെ അനുകൂല നിലപാടുകളും  യൂറോപ്പിനുള്ളിൽ തന്നെ പുതിയ സഖ്യങ്ങൾ രൂപപ്പെടുന്നതിന്റെ  പ്രാരംഭ ലക്ഷണങ്ങളായി കാണേണ്ടിയിരിക്കുന്നു.

2015 ജാനുവരി ഏഴിനാണ്  പ്രവാചക നിന്ദയുടെ പേരിൽ പാരീസിലെ ആക്ഷേപ ഹാസ്യ വീക്കിലിയായ ചാർലീ ഹെബ്ദോ ഓഫീസ്  ടെററിസ്റ്റ് ആക്രമണത്തിന് ഇരയാവുന്നത്. പാരീസിനെ നടുക്കിയ ഒരു ഭീകരാക്രമണമായിരുന്നു ഇത്. ഇതിനേത്തുടർന്നാണ് തീവ്രവാദത്തിന്റെ രാഷ്ട്രീയ സാമൂഹിക പ്രത്യാഘാതങ്ങളേ ഗൗരവമായി പരിഗണിയ്ക്കുന്ന ഒരു രാജ്യം എന്ന നിലയ്ക്ക്, പാരീസ് റഷ്യയുമായി അടുക്കുന്നത്. ഫലത്തിൽ വ്ലാഡിമർ പുടിനെ ഉയർത്തിക്കാട്ടുന്ന ഒരു യൂറോപ്യൻ ലീഡറായി മാറി ഫ്രെഞ്ച് പ്രസിഡന്റ് ഫ്രാങ്കോയിസ് ഹോലണ്ട് . ഫ്രെഞ്ച് പൊളിറ്റീഷ്യൻസ്, ഉയർന്ന ബിസിനസ്സുകാർ തുടങ്ങിയവർ പുതിയ ഫ്രെഞ്ച് റഷ്യൻ ബാന്ധവത്തെ അതീവ വിലമതിക്കത്തക്കതായി കാണുന്നു.

പക്ഷേ കൗതുകകരം എന്ന് പറയുന്നത് റഷ്യയുടെ സിറിയൻ ഇടപെടലിൽ അമേരിക്ക ഡൗൺ ഗിയറിലാണെന്നതാണ്. അമേരിക്ക എന്തു കൊണ്ട്  അവരുടെ ലോക സുപ്പീരിയർ പവർ ഈ സംഭവത്തിൽ റഷ്യയ്ക്കെതിരേ വിനിയോഗിക്കുന്നില്ല? കഴിഞ്ഞ ദശകങ്ങളിൽ, അഫ്ഗാനിസ്ഥാലും മറ്റും യു എസിൽ നിന്ന് തിരിച്ചടികൾ നേരിട്ട റഷ്യ, സദ്ദാം ഹുസൈൻ പ്രശ്നത്തിൽ അമേരിക്കയോട് നേരിട്ട് ഒരു ഏറ്റു മുട്ടലിന് തയ്യാറെടുക്കാതിരുന്ന റഷ്യ,  ഇന്ന് കാസ്പിയൻ കടലിൽ നിന്നും തൊടുക്കുന്ന മിസൈലുകൾ സൂചിപ്പിക്കുന്നത്  അവരുടെ ആറ്റിറ്റ്യൂഡ് മാറിയിരിക്കുന്നു എന്നാണ്. സോവിയറ്റ് യൂണിയന്റെ തകർച്ചയ്ക്ക് ശേഷം അമേരിക്കയെ ഭയപ്പെടുത്തും വിധമുള്ള എന്തോ ഒരു അഡ്വാന്റേജ് റഷ്യയ്ക്ക് ഇപ്പോൾ ലഭിച്ചിരിക്കുന്നു. ഇതിന്റെ ആദ്യ സൂചനയായിരുന്നു  യുക്രയിനിലേക്ക് റഷ്യൻ പട ഇരച്ചിറങ്ങിയത്.

കൗണ്ട് ഡൗൺ തുടങ്ങുന്നു:
____________________

2014 ഓഗസ്റ്റ് മാസം.
റഷ്യ ഉക്രയിനിൽ ഇടപെട്ടിരുന്ന സമയം.
യുക്രയിൻ അതിർത്തിയ്ക്കപ്പുറമുള്ള ബാൾട്ടിക്ക് രാജ്യങ്ങളായ ഈസ്റ്റോണിയ, ലാറ്റ്വിയ, ലിത്വാനിയ എന്നിവർ വല്ലാതെ അസ്വസ്ഥരായി.നേറ്റോ അംഗത്വമുള്ള രാഷ്ട്രങ്ങളാണിവ. ( സോവിയറ്റ് യൂണിയന്റെ ഭീഷണി മറികടക്കാനായി യു എസ്, കാനഡ, മറ്റ് വെസ്റ്റേൺ യൂറോപ്യൻ രാജ്യങ്ങൾ എന്നിവർ ചേർന്ന്  1949 April 4 നാണ്  NATO (North Atlantic Treaty Organization)  ഉടമ്പടി ഒപ്പു വെയ്ക്കുന്നത്. ) യുക്രയിനു പിന്നാലെ റഷ്യ ഈസ്റ്റോണിയയിലെ പ്രധാന നഗരമായ നാർവ ആക്രമിയ്ക്കാൻ പദ്ദതി ഒരുക്കുന്നതായി ഈസ്റ്റോണിയൻ ഇന്റലിജൻസ് സംശയിച്ചു. സ്വഭാവികമായും സഖ്യകക്ഷികളായ ഈ രാജ്യങ്ങളെ അമേരിക്കയും നാറ്റോയും സരക്ഷിക്കാൻ ബാധ്യസ്ഥരാണ്.

യൂറോപ്യന്‍ രാജ്യങ്ങളിലെ വർദ്ദിച്ചു വന്ന അമേരിക്കൻ സാന്നിദ്ധ്യം പലപ്പോഴും റഷ്യയെ ആശങ്കപ്പെടുത്തിയിരുന്നു. പാശ്ചാത്യ സേന തങ്ങളെ ആക്രമിക്കാനുള്ള ഒരു സാധ്യത  ക്രെമ്ലിൻ (മോസ്ക്കോ) എല്ലായ്പ്പോഴും മുന്നിൽ കാണാൻ തുടങ്ങി. മൂന്നിൽ രണ്ട് റഷ്യക്കാരും  അത്തരമൊരു ആക്രമണ സാധ്യതയെ ഭയപ്പെടുന്നു. യുക്രൈയിനിലെ തങ്ങളുടെ ഇടപെടലിന് മറുപടിയായി അമേരിക്കൻ / നാറ്റോ ഇടപെടൽ ഉണ്ടായേക്കും  എന്ന ഒരു ഘട്ടത്തിൽ റഷ്യ ഒരു മുഴം മുന്നേ ആണവായുധങ്ങളും ബോംബർ വിമാനങ്ങളും വിന്യസിക്കുകയും  കാര്യങ്ങളിൽ ഒരു പുനർ വിചിന്തനത്തിനുള്ള അവസരം പാശ്ചാത്യ സഖ്യത്തിന് നൽകുകയും ചെയ്തു.

ഇതോടെ യുദ്ദം  ആസന്നയിരിക്കുന്നു എന്ന്  സ്വീഡൻ ഭയപ്പെട്ടു. ഫിൻലാന്റ് പ്രധിരോധ മന്ത്രാലയം, ഒരു ക്രൈസിസ് സിറ്റുവേഷൻ ഉടലെടുത്താൽ നിർബന്ധിത സൈനിക സേവനത്തിനൊരുങ്ങണമെന്ന് തങ്ങളുടെ 900,000 പൗരൻമ്മാർക്ക് മുന്നറിയിപ്പ് നൽകി. ലിത്വാനിയ നിർബന്ധിത സൈനീക സേവനം ആരംഭിച്ചു. യുദ്ദ ഭീതിയിൽ പോളണ്ട്, ഒരു മിലിട്ടറി ജനറലിനെ പുതുതായി സ്ഥാനാരോഹണം നടത്തി. എന്നാൽ ഭയപ്പെട്ടിരുന്നത് പോലെ ഒന്നും തന്നെ സംഭവിച്ചില്ല.
പിന്നീട് ഈ സംഭവത്തെ  ഹാർവാർഡ് പ്രൊഫസറും പെന്റഗൺ അഡ്വൈസറുമായിരുന്ന ഗ്രഹാം അലിസൺ  ഒരു നൂറ്റാണ്ടു മുൻപ് ആദ്യമായി മുഴങ്ങിക്കേട്ട ഒന്നാം ലോകമഹായുദ്ദത്തിന്റെ ഭയാനകവും ഭീഭത്സവുമായ മാറ്റൊലി എന്നാണ് ഉപമിച്ചത്. എന്തായാലും  കഴിഞ്ഞ ചില ദശാബ്ദങ്ങളായി ടോപ് ഗിയറിൽ ഓടുന്ന അമേരിക്കയ്ക്ക്,  റഷ്യ കൊടുത്ത കനത്ത ഒരു താക്കീതായി മാറി ഈ സംഭവം.

* ആദ്യ കമന്റ് കാണുക

ആണവ യുദ്ദം ആസന്നം
___________________

വർഷം 1999. റഷ്യ ചെച്ച്ന്യയിൽ വിഘടനവാദികൾക്കെതിരേ പോരാടുമ്പോൾ തൊട്ടരുകിൽ യൂഗോസ്ലോവ്യയിൽ യു എസും സഖ്യകക്ഷികളും ചേർന്ന് ഒരു മിലിട്ടറി ക്യാമ്പെയിൻ ഒരുക്കി. ഇത് റഷ്യയെ വല്ലാതെ അലോസരപ്പെടുത്തി. കൊസോവോ പ്രശ്നത്തിലും ( 1998 June 11 –  1999 ) ഇതേകാര്യം ആവിർഭവിച്ചതോടെ, തങ്ങളുടെ അതിരുകളിൽ അനാവശ്യമായി യു എസ് ഇടപെടുന്നു എന്നൊരു ആശങ്ക ക്രെംലിനെ (മോസ്കോ) ആഴത്തിൽ ബാധിച്ചു. (യു സിന്റേയും സഖ്യ കക്ഷികളുടേയും  സ്ട്രെങ്ത്ത്  90-91 ലെ ഗൾഫ് യുദ്ദത്തിൽ തന്നെ റഷ്യയ്ക്ക് ബോധ്യമായിരുന്നു.)

തൊട്ടടുത്ത വർഷം, അതായത് 2000 ൽ റഷ്യൻ ഡിഫൻസ് മിനിസ്ട്രി പുതിയ ഒരു മിലിട്ടറി സ്ട്രാറ്റജി നിർമ്മിച്ചു.   “De - Escalation” എന്ന് റഷ്യനിൽ പറയുന്ന ഈ കൺസപ്റ്റിന്റെ പേരാണ് ലിമിറ്റഡ് ന്യൂക്ലിയർ സ്ട്രൈക്ക് (Limited Nuclear Strike).
നേർക്ക് നേർ യുദ്ദങ്ങളല്ലാതെ, തങ്ങളുടെ ഡിഫൻസിന് പ്രധിരോധിച്ച് നിൽക്കാവുന്നതിനും ഉപരിയായ ഒരു ലാർജ് സ്കെയിൽ കൺവൻഷണൽ അറ്റാക്ക് വരികയാണെങ്കിൽ, നിബന്ധനകൾക്കുള്ളിൽ നിന്നു കൊണ്ടുള്ള  ഒരു ന്യൂക്ലിയർ അറ്റാക്കിന് തങ്ങൾക്ക് അവകാശമുണ്ട് എന്നതായിരുന്നു അത്.

എന്താണ് ഈ പരിധികൾക്കുള്ളിൽ നിന്നുള്ള ആണവ യുദ്ദം??
നോൺ സ്ട്രാറ്റജിക്  ( Shorter-Range / ഹ്രസ്വ ദൂര ) ആയുധം എന്നാണ് റഷ്യ ഈ ലിമിറ്റഡ് ന്യൂക്ലിയർ അറ്റാക്കിനെ നിർവചിക്കുന്നത്. അതിർത്തിയോട് ചേർന്ന് തങ്ങളെ വിശാല സഖ്യം ഉപയോഗിച്ച് വലയം ചെയ്താൽ  പ്രതിരോധിക്കാനായി തങ്ങൾക്ക് ന്യൂക്ലിയർ അറ്റാക്ക് നടത്താം എന്നായിരുന്നു അത്.  2010 ൽ ഈ നിയമത്തിലെ ചില പഴുതുകൾ അടച്ചു കൊണ്ട് അത് പുന: ക്രോഡീകരിച്ചു.  അമേരിക്കയോ സഖ്യ കക്ഷികളോ അവരുടെ ഫുൾ പവർ ഉപയോഗിച്ച് അവർക്ക് സാധ്യമായ ഡിസ്റ്റൻസിൽ നിന്ന്  തങ്ങളെ ആക്രമിച്ചാൽ അവിടങ്ങളിലേക്ക് തങ്ങൾക്ക് ദീർഖ ദൂര ആണവായുധം ഉപയോഗിക്കാം എന്നായിരുന്നു അത്.  ഫലത്തിൽ ആദ്യം ആണവായുധം ഉപയോഗിക്കില്ല എന്ന യു എസുമായുള്ള ഉടമ്പടിയെ റഷ്യ  ചവറ്റുകുട്ടയിലേക്കെറിയുകയായിരുന്നു

ആയുധങ്ങൾ താരതമ്യം ചെയ്യുമ്പോൾ
______________________________

കഴിഞ്ഞ ഇരുപത് വർഷത്തിനിടയിൽ റഷ്യയ്ക്കുണ്ടായ മാറ്റം ഭയപ്പെടത്തക്ക വിധത്തിലുള്ളതാനെന്ന് പെന്റഗൺ നടത്തിയ ഏറ്റവും പുതിയ പഠനത്തിൽ പറയുന്നു. 10-09-2015 ൽ മിലിട്ടറി ടൈംസ് കറസ്പോണ്ടന്റുകളായ ആൻഡ്രൂ ടിഗ്മാനും ഓറിയാനാ പാവ്കിയും (Andrew Tilghman & Oriana Pawlky)  ചേർന്ന് പെന്റഗണിനെ ഉദ്ദരിച്ച് എഴുതിയ ആർട്ടിക്കിളിൽ  ഇതിനേക്കുറിച്ച് വിശദമായി പറയുന്നുണ്ട്.

പെന്റഗൺ പറയുന്നത് പല മേഖലകളിലും റഷ്യ അമേരിക്കയേക്കാൾ മുന്നിട്ട് നിൽക്കുന്നു എന്നാണ്. കഴിഞ്ഞ ഇരുപത്തഞ്ച് വർഷമായി അമേരിക്ക ഒരു സുപ്പീരിയർപവർ എന്ന ലേബൽ  ഉണ്ടാക്കിയെടുത്തിട്ടുണ്ട്. എന്നാൽ ഇക്കാലത്ത് ലോക ഭീമൻ എന്ന് പ്രത്യക്ഷത്തിൽ തോന്നിപ്പിക്കാവുന്നതൊന്നും ചെയ്യാതെ,   റഷ്യ വളരെ സൈലന്റായി പുതിയ യുദ്ദ സമ്പ്രദായങ്ങളും ആയുധങ്ങളും വികസിപ്പിച്ചെടുക്കുകയായിരുന്നു. ഇതിലൂടെ അവർ തങ്ങൾക്കൊപ്പം നിൽക്കാവുന്ന വിധം  സജ്ജരായിരിക്കുന്നു എന്നാണ് പെന്റഗൺ ഭയപ്പെടുന്നത്.

"റഷ്യ ഇപ്പോൾ  ഒരു സുപ്പീരിയർ പവറായി ജെനറേറ്റ് ചെയ്തിരിക്കുന്നു." പെന്റഗൺ ഒഫീഷ്യലായ David Ochmanek പറയുന്നു. ബജറ്റുകൾ താരതമ്യം ചെയ്ത് റഷ്യൻ സൈനീക ശക്തി അളക്കുന്നത് വിഡ്ഡിത്തമാണെന്ന് അവർ സൂചിപ്പിക്കുന്നു. ഉദാഹരണമായി ചൈനയ്ക്ക് റഷ്യയേക്കാൾ കൂടിയ സൈനീക ബജറ്റാണുള്ളത്. പക്ഷേ അവർ റഷ്യയിൽ നിന്നുമാണ് നൂതനായുധങ്ങളും അവയുടെ മറ്റ് ഘടകങ്ങളും ഇറക്കുമതി ചെയ്യുന്നത്. റഷ്യ അമേരിക്ക എന്നിവരുടെ നിലവിലെ സൈനീക കണക്കുകൾ വെച്ചു കൊണ്ട് ഇരുവരുടേയും ശക്തി കമ്പയർ ചെയ്യുന്നത് മണ്ടത്തരമാണന്നും ഒരു ആപ്പിളും ഓറഞ്ചും തമ്മിൽ താരതമ്യം ചെയ്യും പോലെയാണിതെന്നും ലേഖനത്തിൽ വായിക്കാം. റഷ്യയുടെ തന്ത്രപരമായ സൈനീക ഘടനയും, ലക്ഷ്യ പ്രാപ്തി കൈവരിക്കാനുള്ള ശക്തിയും കണ്ടില്ലെന്ന് നടിക്കുന്നത് മണ്ടത്തരമാണെന്ന് അവർ വിലയിരുത്തുന്നു. മറ്റു രാജ്യങ്ങൾക്ക്  മികച്ച യുദ്ദോപകരണങ്ങൾ വിൽക്കുന്ന റഷ്യ, മറ്റുള്ളവർക്ക് നൽകാത്ത എന്തെല്ലാം ആയുധങ്ങൾ സ്വന്തം ആയുധപ്പുരയിൽ പൂഴ്ത്തി വച്ചിരിക്കുന്നു  എന്നത് രഹസ്യമാണ്.

കഴിഞ്ഞ ചില ദശാബ്ദങ്ങളിൽ  അത്യന്താധൂനികമായ ന്യൂക്ലിയർ ആംഡ് സബ് മറൈനുകൾ, ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകൾ, ലോങ് റേഞ്ച് സ്ട്രൈക്ക് എയർക്രാഫ്റ്റുകൾ എന്നിവ റഷ്യ പുതുതായി  രൂപകല്പന ചെയ്തിരിക്കുന്നു. മോസ്കോയിലെ മിലിട്ടറി എക്സ്പേർട്ടീവ്  Vadim Kozyulin ഒരു ഇന്റർവ്യൂവിൽ ഈയിടെ പറഞ്ഞത് ഇതിനോട് ചേർത്ത് വായിക്കാം.  "റഷ്യ തകർച്ചകളിൽ നിന്ന് ഉയർന്നു വരികയാണ്. പലരും കരുതുന്നത് പോലെ റഷ്യയ്ക്ക് മിലിട്ടറി ബാലൻസ് നില നിർത്തുക എന്നത് അത്ര ചെലവേറിയ കാര്യമൊന്നുമല്ല്".

പഠനത്തിൽ പെന്റഗൺ കണ്ടെത്തിയ ചില കമ്പാരിസൺസ് ഇങ്ങനെയാണ്: -
1. അമേരിക്കൻ നേവിയുടെ കാര്യപ്രാപ്തി, റഷ്യൻ നേവിയെ അപേക്ഷിച്ച് മികച്ചതാണ്. ലോകത്തിന്റെ പല ഭാഗങ്ങളിലും യു എസ് നേവിയുടെ സാന്നിധ്യമുണ്ടുതാനും. എന്നാൽ അത്യാവശ്യമായ ഇടങ്ങളിലല്ലാതെ റഷ്യ ലോകത്തിന്റെ എല്ലാ സ്ഥലങ്ങളിലും ഒരേ സമയം വാർ ഷിപ്പുകളോ സബ് മറൈനുകളോ അയക്കുന്നില്ല. കാരണം അവർക്ക് അതിന്റെ ആവശ്യമില്ല.
2. എയർ കാരിയേർസ് അമേരിയ്ക്കയ്ക്ക് 10 ഉം റഷ്യയ്ക്ക് ഒന്നും എന്ന് കാണാം. പക്ഷേ ഈ താരതമ്യത്തിൽ കാര്യമില്ല. ഇക്കാര്യത്തിൽ അമേരിക്കയുടെ സ്ട്രെങ്ത്തിനോട് കിടപിടിയ്ക്കാനാവാത്ത അവർ കരിങ്കടൽ, ബാൾട്ടിക് സമുദ്രം, മെഡിറ്റനേറിയൻ സീ എന്നിവിടങ്ങളിൽ ന്യൂക്ലിയർ ആയുധവാഹികളായ   സബ് മറൈനുകൾ വിന്യസിച്ചിരിക്കുന്നു. ജലത്തിലോ ജലോപരിതലത്തിലോ കരയിലോ കൃത്യമായി ശത്രുവിനെ ടാർഗറ്റ് ചെയ്യാൻ അവർക്കാകുന്നു.
3. ആകാശ യുദ്ദങ്ങളുടെ കാര്യവും ഇങ്ങനെ തന്നെ.  അമേരിക്കയേക്കാൾ മുൻപനാകാൻ ശ്രമിക്കാതെ, ഫലപ്രഥമായി അത്തരം ആകാശ യുദ്ദങ്ങളുടെ മുനയൊടിക്കാനുതകുന്ന ആധൂനിക ആന്റി സ്റ്റെൽത് മിസൈലുകൾ നിർമ്മിക്കുകയും, എല്ലാ ഡൊമസ്റ്റിക് ബോർഡർ റീജിയണുകളിലും അവ വിന്യസിക്കുകയും ചെയ്യുകയാണുണ്ടായത്.
4. ഇതിനെല്ലാം ഉപരിയാണ് റഷ്യൻ മിലിട്ടറിക്ക് വേണ്ടിയുള്ള ഇലക്ട്രിക്ക് / ഇലക്ട്രോണിക്  ടെക്നോളജിയും സ്പേസ് ഡിഫൻസ് ടെക്നോളജിയും. അമേരിക്കയുടേയും സഖ്യ കക്ഷികളുടേയും ആക്രമണങ്ങളെ റഷ്യൻ റഡാറുകൾ കൃത്യമായി മുൻകൂട്ടി കണ്ടത്തുന്നു . എന്ന് മാത്രമല്ല എതിരാളിയുടെ സിഗ്നൽ സംവിധാനത്തെ തകരാറിലാക്കുകയും ചെയ്യുന്നു. ചുരുക്കത്തിൽ റഷ്യ, അമേരിക്ക എന്നിവരുടെ സൈനീക ശക്തി തുല്യമല്ലായിരിക്കാം. പക്ഷേ നിലവിൽ അത് വളരെ ചെറിയ വ്യത്യാസത്തിലുള്ളതാകുന്നു.

പറക്കും തളികകളും ഡ്രോണുകളും
__________________________

ബിസി 214  മുതൽ UFO ( Unidentified  Flying Object ) അഥവാ പറക്കും തളികകൾ  റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളതായി കാണാം. നാസ, യൂറോപ്യൻ സ്പേസ് ഏജൻസി, റഷ്യൻ ഫെഡറൽ സ്പേസ് ഏജൻസി തുടങ്ങിയവ UFO കളേക്കുറിച്ച് പഠിക്കുന്നുണ്ട്. അന്യഗ്രഹജീവികൾ ( aliens ) പറക്കും തളികകളിൽ ഭൂമി സന്ദർശിക്കാൻ ഇറങ്ങുന്നു എന്നാണ് ഇതിനേക്കുറിച്ചുള്ള  മനുഷ്യ ഭാവന.  പറക്കും തളികകൾ ഏറ്റവുമധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത്  ഇരുപതാം നൂറ്റാണ്ടിലാണ്.   1917 ൽ ആദ്യമായി. പിന്നീട് രണ്ടാമത് റിപ്പോർട്ട് ചെയ്യപ്പെടുന്നത് 1940 ലാണ്. തുടർന്ന് 1980 കൾ വരെ, വർഷത്തിൽ മൂന്നും നാലും തവണവരെ പറക്കും തളികകൾ ( UFO ) കണ്ടിരുന്നു. കോൾഡ് വാർ കാലഘട്ടത്തിലാണിവ കൂടുതൽ തവണ കണ്ടിട്ടുള്ളതെന്നതും, ഏറ്റവും അധികം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് അമേരിക്കയിലാണെന്നതും കൗതുകകരമായ ഒരു വസ്തുതയാണ്.  1980 കൾക്ക് ശേഷം  UFOകളേക്കുറിച്ചുള്ള വാർത്തകൾ കുറഞ്ഞു. 1980 കൾ വരെ  മൂന്നും നാലും തവണ വിസിറ്റ് ചെയ്ത പറക്കും തളികകൾ പിന്നീട് വർഷത്തിൽ ഒന്നോ രണ്ടോ പ്രാവശ്യം വീതമേ ഭൂമി സന്ദർശിച്ചിട്ടുള്ളു.

അമേരിക്ക സമ്പന്ന രാജ്യമായത് കൊണ്ടാണോ ഏലിയൻസ്, അമേരിക്കയിലേക്ക് മാത്രം തുടർച്ചയായി വരാൻ കാരണം?  ഇരുപതാം നൂറ്റാണ്ടിൽ  117 തവണ ഇത് പ്രത്യക്ഷപ്പെട്ടപ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്സിൽ മാത്രം 59 തവണയാണ് റിപ്പോർട്ട് ചെയ്യപ്പെട്ടത്. 1940 കൾക്ക് ശേഷം ശീതയുദ്ദ കാലത്ത്,  58 തവണ  യുണൈറ്റഡ് സ്റ്റേറ്റ്സിനു മേലേ UFO റിപ്പോർട്ട് ചെയ്യപ്പെട്ടു.

ഇരുപത്തൊന്നാം നൂറ്റാണ്ടിൽ 22 പ്രാവശ്യം ലോകത്ത്  UFO കളെ കണ്ടെത്തി എന്ന് പറയപ്പെടുന്നതിൽ 10 തവണയും വേദിയായത്  യു എസും കാനഡയുമാണ്.  UFO റിപ്പോർട്ട് ചെയ്യപ്പെട്ട രാജ്യങ്ങളിൽ അമേരിയ്ക്കൻ ഐക്യനാടുകൾക്ക്  പിന്നിലുള്ളത് യു കെ ആണ്.  മറ്റുള്ള രാജ്യങ്ങളിൽ പ്രത്യക്ഷപ്പെട്ട വർഷങ്ങളും അനുബന്ധ സാഹചര്യങ്ങളും താഴെ വായിക്കുക.

1948 ൽ ജപ്പാനിൽ ഇത് റിപ്പോർട്ട് ചെയ്തു. (1945 ലോക മഹാ യുദ്ദത്തിനു ശേഷം).
1978 ൽ പോളണ്ടിൽ.(എൺപതുകളിൽ കമ്യൂണിസ്റ്റ് പാർട്ടി പോളണ്ടിൽ നിന്ന് തൂത്തെറിയപ്പെട്ടു)
1994 ൽ ചൈനയിൽ.
2007 ലും 2015 ലും ഇൻഡ്യയിൽ. ( ഇൻഡ്യ കരുത്താർജ്ജിച്ചു കൊണ്ടിരിക്കുന്ന കാലം. ചാന്ദ്രയാൻ, മംഗൾയാൻ ഒക്കെ ഓർക്കുക )
2011 ൽ ഇസ്രായേൽ ( പിന്നീട് അതൊരു തട്ടിപ്പാണെന്ന് മൊസാദ് കണ്ടെത്തി )
2014 ൽ ഇറാനിൽ. ( ഇറാൻ കഴിഞ്ഞ ദശകങ്ങളിലായി അമേരിക്കയുൾപ്പെടെയുള്ളവരുടെ യുദ്ദ സാധ്യതാ മേഖലയായി നിൽക്കുന്നു)

ഇത്രയും നാളിനിടയ്ക്ക് സോവിയറ്റ് യൂണിയനിലോ ഇന്നത്തെ റഷ്യയിലോ ഇത്തരം സംഭവം റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ളത് ആകെ ഒന്നോ രണ്ടോ തവണ മാത്രമാണ്. 1959 - 1968 എന്നീ വർഷങ്ങളിൽ മാത്രം.
റഷ്യൻ സ്പേസ് ഏജൻസി UFOയേക്കുറിച്ച്  ഇങ്ങനെ പറയുന്നു:
1. ആധൂനിക സയൻസിന് ഇത്തരം പ്രതിഭാസങ്ങൾ തിരിച്ചറിയാൻ സാധിച്ചിട്ടില്ല. അല്ലെങ്കിൽ മനുഷ്യന് തിരിച്ചറിയാനാവാത്ത എന്തോ പ്രതിഭാസമാണ്  UFO.
2.ഒരു പക്ഷേ നിലവിൽ സംശയിക്കപ്പെടുന്നതു പോലെ അന്യഗ്രഹ ജീവികളുടെ പ്രവർത്തനങ്ങൾ ആവാം.
3. അല്ലെങ്കിൽ യു എസിന്റെയോ, ജപ്പാന്റെയോ ആളില്ലാ ഡ്രോൺ വിമാനങ്ങളാവാം UFO.

ഇവിടെയാണ് ആളില്ലാ വിമാനങ്ങളൂടെ, ഡ്രോൺ വിമാനങ്ങളുടെ സാധ്യതയെ നാം അവലോകനം ചെയ്യുന്നത്.  യു എസ് എഞ്ചിനീയറായ ചാൾസ് ഫ്രാങ്ക്ലിൻ കെറ്ററിങ്ങാണ് ചരിത്രത്തിലെ ആദ്യത്തെ ഡ്രോൺ അഥവാ UAV കണ്ടു പിടിച്ചത്. UAV എന്ന് പറഞ്ഞാൽ  Unmanned Aerial Vehicle. കെറ്ററിങ്ങ് ബഗ് ( Kettering Bug ) എന്ന പേരിൽ ഇത് അറിയപ്പെട്ടു.  മനുഷ്യ പ്രവർത്തനം ഇല്ലാതെ ലക്ഷ്യ സ്ഥാനത്ത് ബോംബ് വർഷിക്കുന്ന ഒരു മിസൈൽ ആയിരുന്നു ഇത്. 1918 ഒക്റ്റോബർ രണ്ടിനായിരുന്നു കെറ്ററിങ് ബഗ്ഗിന്റെ ആദ്യ പറക്കൽ. അതിനും മുൻപ്, 1800 കളുടെ മധ്യത്തിൽ ഓസ്ട്രേലിയ, വെനീസ് കീഴടക്കുവാനായി ബോംബ് ഘടിപ്പിച്ച ആളില്ലാ ബലൂണുകൾ അയച്ചതായി ചരിത്രം പറയുന്നുണ്ട്. ഒന്നാം ലോക മഹായുദ്ദ കാലത്ത് തന്നെ റിമോട്ട് കണ്ട്രോൾ ഉപയോഗിച്ച് പറത്താവുന്ന വിമാനങ്ങൾ രഹസ്യായുധങ്ങളായി കണ്ടു പിടിക്കപ്പെട്ടിരുന്നു. നാസി ജർമനി രണ്ടാം ലോക മഹായുദ്ദ കാലത്ത് ഒട്ടനവധി ആളില്ലാ വിമാനങ്ങൾ സൃഷ്ട്ടിക്കുകയും ഉപയോഗിക്കുകയും ചെചെയ്തു.  1973 ൽ ഇസ്രായേൽ ആദ്യമായി UAV നിർമിച്ചു.

ഇന്നത്തെ ഡ്രോണുകളുടെ ആദ്യ പതിപ്പുകൾ കഴിഞ്ഞ നൂറ്റാണ്ടിന്റെ തുടക്ക കാലം മുതലേ ഉണ്ടായിരുന്നു എന്നാണിത് കാണിയ്ക്കുന്നത്. അങ്ങനെയെങ്കിൽ ശത്രുവിന്റെ രഹസ്യങ്ങൾക്ക് വേണ്ടി സോവിയറ്റ് യൂണിയൻ പ്രവർത്തിപ്പിച്ചിരുന്ന ഡ്രോണുകയോ, സ്വന്തം ഡ്രോണുകളുടെ പരീക്ഷണ പറക്കലുകളെയോ ആവാം അമേരിക്കൻ ഐക്യനാടുകളിൽ പറക്കും തളികയായി (UFO) തെറ്റിദ്ദരിക്കപ്പെട്ടത്. അമേരിക്ക ഇന്ന് ഡ്രോണുകളുപയോഗിച്ച് ബിൻ ലാദൻമ്മാരെ വക വരുത്തുമ്പോൾ റഷ്യ ഒരു ഡ്രോൺ അറ്റാക്ക് നടത്തിയതായി നാം എവിടേയും കേട്ടിട്ടില്ല. അവരുടെ അത്യന്ത രഹസ്യങ്ങളിൽ ഒന്നാവാം അവരുടെ ഡ്രോണുകൾ.

അഗോചരമായ ആയുധ ശേഖരങ്ങൾ (invisible warheads)
_____________________________________________

സൈബീരിയൻ ഗർത്തം
സൈബീരിയയിൽ അടുത്തിടെ ഉടലെടുത്ത അതിഭീമാകാരങ്ങളായ ഗർത്തങ്ങൾ ഒരു മരീചികയായി നിൽക്കുന്നു. 2013 ൽ യുക്രയിൻ  നാഷണൽ സയൻസ്  അക്കാഡമി നടത്തിയ  റിസർച്ചിൽ, അതിശക്തമായ ഒരു ഉൽക്ക വന്ന്  പതിച്ചതിന്റെ തിരുശേഷിപ്പുകളാണ് സൈബീരിയൻ ഗർത്തങ്ങളെന്നാണ് വിശദീകരിച്ചത്. ചിന്ന ഗ്രഹങ്ങളോ (asteroid)
ധൂമകേതുക്കളോ (comet) വന്ന് പതിച്ചതായി അവർ അനുമാനിക്കുന്നു. രസകരമായ വസ്തുത, ഈ സംഭവത്തിൽ ഒരു മനുഷ്യനു പോലും ആപത്ത് പിണഞ്ഞില്ല എന്നതാണ്.  മനുഷ്യവാസമുള്ള പ്രദേശത്തെ ഒഴിവാക്കി, തികച്ചും ഒഴിഞ്ഞ ഒരിടം നോക്കി കിറുകൃത്യമായി ഒരു ചിന്നഗ്രഹമോ ധൂമകേതുവോ വന്നു വീണു എന്ന് പറയുന്നത് ഇന്ന് വിശ്വസിക്കാൻ പ്രയാസമുണ്ട്. ഇന്നാണെങ്കിൽ ഭൂമിയ്ക്ക് നേരേ വന്നു കൊണ്ടിരിക്കുന്ന ഒരു ഉൽക്കയെ കൃത്യമായി ലക്ഷ്യം മാറ്റി വിടാൻ (???) കഴിയുന്ന സൂപ്പർ കമ്പ്യൂട്ടറുകൾ ഉണ്ടാവാൻ സാധ്യതയുണ്ട്. സത്യത്തിൽ ഇന്നു കാണുന്ന ഈ സൈബീരിയൻ ഗർത്തങ്ങൾ, സോവിയറ്റ് യൂണിയൻ നടത്തിയ ആദ്യത്തെ അതി ബൃഹത്തായ ന്യൂക്ലിയർ സ്ഫോടന പരീക്ഷണത്തിന്റെ ഫലമായിരുന്നു എന്ന്  അനൗദ്യോഗികമായി വിശ്വസിക്കപ്പെടുന്നു.

 ടാംഗസ്കാ ഇവന്റ്
1908 ജൂൺ 30 ന്, ജനവാസം ഇല്ലാത്ത  ഈസ്റ്റേൺ സബീരിയയിൽ റഷ്യ ഒരു ലാർജ് എക്സ്പ്ലോഷൻ നടത്തുകയുണ്ടായി. 1945 ജൂലൈ 16 ന് അമേരിക്ക ആദ്യമായി ട്രിനിറ്റി ന്യൂക്ലിയർ ടെസ്റ്റ് നടത്തുന്നതിനും 35 വർഷങ്ങൾക്ക് മുൻപാണിതെന്ന് ഓർക്കണം. ഇതിന്റെ ഫലമായി നിബിഡ വനങ്ങളായിരുന്ന ഈസ്റ്റേൺ സൈബീരിയയിലെ 2,150 കിലോമീറ്ററുകളോളം തരിശായിപ്പോയി. ടാംഗസ്ക് ഇവന്റ്  (Tunguska Event) എന്നാണിത് അറിയപ്പെടുന്നത്.  ലോകചരിത്രത്തിലെ തന്നെ ഏറ്റവും വലിയ ഭൂമർദ്ദം സൃഷ്ടിച്ച ഈ സ്ഫോടന പരീക്ഷണം, മൈലുകളോളം അകലെ വരെ  മിഡ് എയറിൽ ദൃശ്യമാവുകയും കിലോമീറ്ററുകളോളം ചുറ്റളവ് ഭൂപ്രദേശം ശക്തമായി നിലത്തേക്ക് ഇടിഞ്ഞമരും പോലെ അനുഭവപ്പെടുകയും ചെയ്തതായി  പറയുന്നു. 15 മെഗാ ടണ്ണോളം സ്ഫോടകവസ്തുക്കൾ നിറച്ചിരുന്നു എന്ന് അനുമാനിക്കപ്പെടുന്ന ഈ സ്ഫോടനത്തിന് ഹിരോഷിമയിൽ വീണ ആറ്റം ബോംബിന്റെ 1,000 ഇരട്ടി ശക്തി ഉണ്ടായിരുന്നു എന്ന് വിക്കിപീഡിയ പറയുന്നു.
(9 മെഗാ ടൺ Mk/B-53 bomb ആണ് ഹിരോഷിമയിൽ ഇട്ടത്).
റിക്ടർ സ്കെയിലിൽ 5.0 രേഖപ്പെടുത്തിയ  സൈബീരിയൻ എക്സ്പ്ലോഷൻ,  2,150 സ്ക്വയർ കിലോമീറ്ററുകളിലായി  സൈബീരിയയിലെ 80 മില്ല്യൺ മരങ്ങളെ ചാരമാക്കിക്കളഞ്ഞു.

3. ഡിഫൻസ് ടെക്നോളജി അഡ്വാന്റേജസ്
_________________________________

റഷ്യയും യു എസും ഒരേപോലെ വികസിപ്പിച്ചെടുത്ത  ടെക്നോളജിയാണ്  EWS അഥവാ  Early Warning Systems.  ഭൂഖണ്ടാന്തര ആണവ പോർമുനകളേക്കുറിച്ച്  നാലു മിനിട്ടിനുള്ളിൽ മുന്നറിയിപ്പ് നൽകുന്ന അലാം എന്ന് സാങ്കേതികമായി ഇതിനെ വിശേഷിപ്പിക്കാം.

OKO എന്നാണ് റഷ്യയുടെ ഈ ടെക്നോളജി അറിയപ്പെടുന്നത്.  ഇംഗ്ലീഷിൽ Eye അഥവാ കണ്ണ് എന്നാണ് ഇതിന്റെ അർഥം.  സോവിയറ്റ് യൂണിയൻ 1970 കളിലാണ് ഇത് വികസിപ്പിക്കുന്നത്. 72 ൽ ഫസ്റ്റ് ലോഞ്ചിങ്. EWS പരിഷ്ക്കരിച്ച്  നൂതന സാങ്കേതിക വിദ്യകളോടെ Kosmos 2469 എന്ന സാറ്റലൈറ്റ്  2010 സെപ്റ്റംബർ 30 ന് അവർ പുതുതായി വിക്ഷേപിച്ചു. ഏതെങ്കിലും ഒരു രാജ്യത്തു നിന്നോ, സ്പേസിലൂടെയോ തങ്ങൾക്കു നേരേ ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലുകൾ ( ICBM ) പുറപ്പെട്ടിട്ടുണ്ടെങ്കിൽ നാലേ നാലു മിനിട്ടുകൾക്കുള്ളിൽ OKO അത് ഐഡന്റിഫൈ ചെയ്ത് അലാം നൽകും.
 ( നിലവിലിത്  EKS  സിസ്റ്റം എന്ന് പരിഷ്ക്കരിച്ചു. അതിന്റെ ഭാഗമായി  2015 നവംബർ 15 ന് പുതിയ സാറ്റലൈറ്റ് അവർ വിക്ഷേപിക്കാൻ പോകുന്നു. )

അമേരിക്കയുടെ ഇതേ സിസ്റ്റത്തിന്  പേര്  മിസൈൽ ഡിഫൻസ് അലാം സിസ്റ്റം  (MIDAS) എന്നാണ്.  1960 - 1966 നിടയ്ക്ക്  രൂപവത്കരിച്ച ഈ സാങ്കേതിക വിദ്യയ്ക്ക് നിരവധി പോരായ്മകൾ ഉണ്ടായിരുന്നു. പോരായ്മകൾ പരിഷ്ക്കരിച്ച് 1970 ൽ പുതിയ സാറ്റലൈറ്റ്  വിക്ഷേപിച്ചു. ഇതിലേക്ക് അവസാന അപ്ഡേഷൻ നടന്നത് 2007 ലാണ്.

EWS അലാം ഇരു രാജ്യങ്ങളേയും ഒരു ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈലിൽ നിന്നും  ( ICBM ) സുരക്ഷിതരാക്കുന്നു. പക്ഷേ ഈ സംവിധാനത്തിന്റെ ഭീകരമായ ഒരു പോരായ്മ എന്ന് പറയുന്നത്   തെറ്റായി ഒരു അലാം പുറപ്പെടുവിച്ചാൽ പോലും ലോകത്തിൽ  അചിന്ത്യമായത് സംഭവിക്കും എന്നതാണ്.

സോവിയറ്റ് എയർ ഡിഫൻസ് ഫോഴ്സ് ഓഫീസറായ സ്റ്റാൻസ്ലാവ് യെഗ്രാഫോവിച്ച് പെട്രോ (Stanislav Yevgrafovich Petrov) ഈ അലാറവുമായി ബന്ധപ്പെടുത്തി ഒരു സംഭവം പറയുന്നുണ്ട്. 1983 സെപ്റ്റംബർ 26 ന്  റഷ്യൻ എയ്റോ സ്പേസ് വിഭാഗത്തിന് പൊടുന്നനെ ഒരു EWS അലാം ലഭിക്കുന്നു.  യുണൈറ്റഡ് സ്റ്റേറ്റ്സിൽ നിന്നും ഒരു ICBM തങ്ങൾക്ക് നേരേ പുറപ്പെട്ട്  കഴിഞ്ഞിരിക്കുന്നു.
ഇത്തരം ഒരു നോട്ടിഫിക്കേഷൻ വന്നാലുടനേ ഒരു ബട്ടൺ അമർത്തിയാൽ, അമേരിയ്ക്കയ്ക്ക് എതിരേ കൃത്യമായ ഇടങ്ങളിൽ ടാർജറ്റ് ചെയ്ത് വച്ചിരിക്കുന്ന മിസൈലുകൾ നിമിഷങ്ങൾക്കുള്ളിൽ തിരിച്ചടിയ്ക്ക് പുറപ്പെട്ടു കഴിഞ്ഞിരിക്കും. എന്നാൽ പെട്രൊ തിടുക്കം കാട്ടാതെ ഒട്ടൊന്ന് ആലോചിക്കുകയും, പുനർ പരിശോധനയിൽ അതൊരു കമ്പ്യൂട്ടർ എറർ ആണെന്ന് മനസ്സിലാക്കുകയും ചെയ്തതു കൊണ്ട് വൻ വിപത്ത് ഒഴിഞ്ഞു പോയി.
ഈ സംഭവത്തേക്കുറിച്ച്,  2015 മെയ് പതിനഞ്ചിന്  കോളിൻ ഫ്രീമാൻ  എന്ന ലേഖകൻ, ടെലഗ്രാഫ് പത്രത്തിൽ എഴുതിയ ആർട്ടിക്കിളാണ് - "When The Soviet Nuclear Warning system Showed a U.S. Missile Strike, He Just Waited and  Saved The World"

വരാൻ പോകുന്നത് ഹോളിവുഡ് സിനിമകളെ വെല്ലുന്ന ബഹിരാകാശ യുദ്ദങ്ങൾ.
___________________________________________________________

സാറ്റലൈറ്റുകകൾ മുഖേന റഷ്യ നിയന്ത്രിക്കുന്ന ആണവ വ്യാപ്തി.
(ഗ്രാഫിക്സ്)
2015 ഓഗസ്റ്റ് 15 ന് ന്യൂസ് ഡോട്ട് കോമിൽ വന്ന "യു എസ്,  റഷ്യ, ചൈന എന്നിവർ ബഹിരാകാശ യുദ്ദത്തിനു തുടക്കമിട്ടിരിക്കുന്നു" എന്ന ലേഖനത്തിൽ യുദ്ദങ്ങൾ സൂപ്പർ മോഡേണലൈസ് ചെയ്യപ്പെട്ടിരിക്കുന്നതിനേക്കുറിച്ച് വിശദീകരിക്കുന്നുണ്ട്. ഭൂഘണ്ടാന്തര ബാലിസ്റ്റിക് മിസൈലുകൾ പഴങ്കഥയായെന്നും ബഹിരാകാശത്തെ സാറ്റലൈറ്റുകളിൽ നിന്ന് ആലിപ്പഴം പോലെ ആയുധ മഴ പെയ്യുന്ന ഒരു കാലം വരാൻ പോകുന്നു എന്നും ലേഖനം വിശദീകരിക്കുന്നു.

കഴിഞ്ഞ 70 വർഷങ്ങൾ കൊണ്ട് മിലിട്ടറി അറ്റാക്കിൽ മേധാവിത്വം നേടാനുള്ള ശ്രമത്തിന്റെ ഭാഗമായി ഈ മൂന്ന് സൂപ്പർ പവറുകൾ നിരവധി ബഹിരാകാശ ആയുധങ്ങൾ ഡെവലപ്പ് ചെയ്യുകയും, പരീക്ഷിക്കുകയും സാറ്റലൈറ്റുകളായി വിക്ഷേപിക്കുകയും ചെയ്തിരിക്കുന്നു. ബഹിരാകാശത്തെ ഒരു അഡ്വാന്റേജ് അവിടെ റൂൾസ് ഒന്നും തന്നെ ബാധകമല്ല എന്നതാണ്. ഭൂമിയുടെ ഭ്രമണ പഥത്തെ, മാരകായുധങ്ങൾ ചുറ്റിക്കൊണ്ടിരിക്കുന്നു എന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തിട്ടുണ്ട്. ഒരു നാൾ ഭൂമുഖത്തു നിന്നും യുദ്ദം ബഹിരാകാശത്തേക്ക് പറിച്ച് നടപ്പെടും..
ഒരു ബഹിരാകാശ യുദ്ദം നടന്നാൽ ഭൂമിയ്ക്ക് ഫിസിക്കൽ ഡാമേജും, മനുഷ്യന് തുടർ ജീവിതം അസാധ്യമാകുന്ന സാഹചര്യര്യവും സംജാതമാകും.

നാം കാണുന്ന, കേൾക്കുന്ന ഒട്ടുമിക്ക ഉപഗ്രഹ വിക്ഷേപണങ്ങളും ഭൂമിയുടെ നന്മയെ ഉദ്ദേശിച്ചുള്ളതല്ല. നിലവിൽ  ബഹിരാകാശ രാജാവായി  അമേരിക്ക വിലസുമ്പോൾ, റഷ്യ ചൈന എന്നിവർ ഒരുമിച്ച് ചേർന്ന് യു.എസ് ഏകാധിപത്യത്തെ വെല്ലുവിളിക്കുകയാണ്.  ഭൂമിയിലേക്ക് ആയുധങ്ങൾ വിക്ഷേപിക്കുന്നതിനോടൊപ്പം, മൊബൈൽ ടവറുകൾ, എ ടി എം, ബാങ്കിങ്ങ് സംവിധാനങ്ങൾ തുടങ്ങിയവ തകർക്കുക, എതിരാളിയുടെ ഉപഗ്രഹ സംവിധാനത്തെ തകർക്കുക,  തുടങ്ങി എന്തും ഇത്തരം സാറ്റലൈറ്റുകളിലൂടെ സാധ്യമാണ്.  ഇന്ന് നിലവിലുള്ള സാറ്റലൈറ്റുകളിൽ മൂന്നിൽ രണ്ടും മിലിട്ടറി പർപ്പസിനു വേണ്ടിയാണ്  ഉപയോഗിക്കപ്പെടുന്നത്.  റഷ്യയുടെ ബഹിരാകാശ താൽപ്പര്യങ്ങൾ കോൾഡ് വാർ കാലത്തേ തുടങ്ങിയതാണ്. അതത്ര രഹസ്യവുമല്ല.  എന്നാൽ ചൈന കഴിഞ്ഞ ചില വർഷങ്ങളിൽ 130 സ്പേസ് ക്രാഫ്റ്റുകൾ വിക്ഷേപിച്ചിരിക്കുന്നു. 2022 ൽ സ്വന്തം സ്പേസ് സ്റ്റേഷൻ - Tiāngōng - നിർമ്മിക്കാനുള്ള ഒരുക്കത്തിലുമാണവർ.

ജൂലൈയിൽ ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയിൽ യൂറോപ്യൻ യൂണിയന്റെ നേതൃത്വത്തിൽ വന്ന ഒരു സ്പേസ് പെരുമാറ്റച്ചട്ടത്തെ റഷ്യ എതിർക്കുകയുണ്ടായി.  അതിനേത്തുടർന്ന്  യു എസ് അസിസ്റ്റന്റ് സെക്രട്ടറി ഫ്രാങ്ക് റോസ് ഇങ്ങനെ പറഞ്ഞു: "യു എസ്, ഒരു സ്പേസ് അറ്റാക്ക് ആരംഭിക്കില്ല. എന്നാൽ യു എസിനെതിരേ ഒരു സ്പേസ് അറ്റാക്ക് ഉടലെടുത്താൽ അതിനെ പ്രധിരോധിക്കാൻ തങ്ങൾ ബാധ്യസ്ഥരാണ്." ഈ വാക്കുകൾ അമേരിക്കയുടെ ബഹിരാകാശ പേടി വ്യക്തമാക്കുന്നുണ്ട്.

EWS പോലെ, സ്പേസിൽ നിന്നോ സ്പേസിനു പുറത്തു നിന്നോ വരാവുന്ന എല്ലാവിധ ആക്രമണങ്ങളെയും ഉടനടി കണ്ടെത്തി പ്രതിരോധിക്കുകയോ പ്രത്യാക്രമണം നടത്തുകയോ ചെയ്യാവുന്ന അതി ബൃഹത്തായ പ്രധിരോധ ഘടന റഷ്യ അമേരിക്ക എന്നിവർ വികസിപ്പിച്ചെടുത്തിട്ടുണ്ട്.
റഷ്യയിൽ ഈ സിസ്റ്റം VKO (Aerospace Defense Forces - 1992) എന്നും അമേരിക്കയിൽ ഇത്  NORAD ( North American Aerospace Defense Command - 1958 ) എന്നും അറിയപ്പെടുന്നു.

ആണവയുദ്ദത്തിന്റെ പ്രത്യാഘാതങ്ങൾ
______________________________

2008 ൽ, "ആണവ യുദ്ദത്തിന്റെ മാരക പ്രത്യാഘാതങ്ങൾ: അന്ധകാരം, കാലാവസ്ഥാ വ്യതിയാനം, പട്ടിണി"  എന്ന പേരിൽ അലൻ ഫിലിപ്പ്  എഴുതിയ ലേഖനത്തിൽ ഇങ്ങനെ പറയുന്നു. സ്വഭാവികമായും ഒരു ആണവ പോർമുനയെ അന്തരീഷത്തിൽ വെച്ച് തകർക്കാൻ പറ്റുന്ന ഒരു സിസ്റ്റവും നിലവിൽ കണ്ടു പിടിക്കപ്പെട്ടിട്ടില്ല. ടെൻ ബില്യൺ ഡോളർ ചിലവാക്കി ഇരു കൂട്ടരും ദശാബ്ദങ്ങളോളം  മത്സരിച്ച്,  അതിവേഗതയിൽ പാഞ്ഞു വരുന്ന ഒരു ആണവായുധത്തെ ഫലപ്രഥമായി എങ്ങനെ തടയാം  എന്ന് ഗവേഷണം നടത്തിയിരുന്നു. പക്ഷേ ഒരു സൊല്യൂഷനും ലഭിച്ചിട്ടില്ല. ( പരിമിതമായ ഒരു മിസൈൽ ആക്രമണത്തെ പോലും നശിപ്പിക്കാനുതകുന്ന വിശ്വസനീയമായ ഒരു പ്രധിരോധം നാളിതുവരെ കണ്ടുപിടിക്കപ്പെട്ടിട്ടില്ല. )

മൂന്നു രീതിയിൽ ആണവ ആക്രമണം നടക്കാം.
1. ആണവ ശക്തികൾ നേരിട്ട് അയക്കുന്നതോ,
2. മനുഷ്യ / സാങ്കേതിക പിഴവാലോ,
3. ടെററിസ്റ്റുകളുടെ കയ്യിൽ എത്തപ്പെട്ടതു മൂലമോ ആണവ ആക്രമണമുണ്ടാകാം. മനുഷ്യരുടെ പിഴവാലോ, സാങ്കേതിക പിഴവാലോ ഉളവാകുന്ന ആണവ ആക്രമണത്തെ ആക്സിഡന്റൽ ന്യൂക്ലിയർ വാർ എന്നു പറയുന്നു.

വൻ ശക്തികളിൽ ഒരാൾ മറ്റൊരാൾക്ക് നേരേ ഒരു ആണവായുധം പ്രയോഗിച്ചാൽ, ആണവ - ആയുധം ധരിച്ച ബാലിസ്റ്റിക് മിസൈലുകൾ , ആണവ കമാൻഡ് ആൻഡ് കൺട്രോൾ സിസ്റ്റങ്ങൾ എന്നിവയ്ക്ക് നാലു മിനിട്ടിനുള്ളിൽ ജാഗ്രതാ നിർദേശം ലഭിക്കും.  അടുത്ത നിമിഷങ്ങൾക്കുള്ളിൽ പ്രത്യാക്രമണത്തിനുള്ള കമാന്റ് കൊടുക്കാൻ ഓട്ടോമാറ്റിക് സംവിധാനത്തിന് കഴിയും. കരയിൽ നിന്ന് വിക്ഷേപിക്കുന്ന ഒരു ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈൽ ( ICBM ) അമേരിക്കയിലേക്കോ റഷ്യയിലേക്കോ സഞ്ചരിക്കാൻ കുറഞ്ഞത് 30 മിനിട്ട് സമയം ആവശ്യമാണ്. ടാർജറ്റിനരികിൽ പതുങ്ങിക്കിടക്കുന്ന ഒരു അന്തർ വാഹിനിയിൽ നിന്നാകുമ്പോൾ അത് പതിനഞ്ച് മിനിട്ടിനുള്ളിൽ ലക്ഷ്യം കണ്ടെത്തിയിരിക്കും.

ആണവായുധത്തിൽ നിന്ന് ഏതെങ്കിലും ജനതയെ സംരക്ഷിക്കുക അസാധ്യമാണ്. വളരെ ഡീപ്പായ അണ്ടർഗ്രൗണ്ട് ഷെൽറ്ററുകൾക്ക് പോലും സംരക്ഷിക്കാനാവില്ല. സ്ട്രാറ്റജിക് ആണവായുധങ്ങൾ നൂറുകണക്കിന് അല്ലെങ്കിൽ ആയിരക്കണക്കിന് ചതുരശ്ര കിലോമീറ്ററുകളോ മൈലുകളോ നിമിഷം കൊണ്ട് തകർക്കും. മിനിട്ടിന്റെ പത്തിലൊന്ന് നിമിഷം കൊണ്ട് അന്തരീക്ഷം  കനത്ത താപനിലയിൽ തിളയ്ക്കും. നിലത്ത് നിന്നും തീജ്വാലകൾ ചുഴലിക്കാറ്റ് പോലെ ഉയരും. ഇതിനിടയ്ക്ക് ഒരു പുൽനാമ്പിനു പോലും രക്ഷപെടാനാവില്ല. ഇനി അഗാധ ഗർത്തങ്ങളിൽ നിന്ന് അസാധ്യമെന്ന് കരുതുന്ന രീതിയിൽ ഒരാൾ രക്ഷപെട്ടാൽ പോലും പുറത്തിറങ്ങിയാൽ അന്തരീഷത്തിലെ റേഡിയോ ആക്ടിവിറ്റിയ്ക്ക് അവരും ഇരയാകും. പുറത്തുണ്ടാവുന്നതെല്ലാം ആണവപ്രസരണമേറ്റ ആളുകളും വസ്തുക്കളുമായിരിക്കും. ഷെൽറ്ററുകളിൽ നിന്ന് രക്ഷപെട്ടു വരുന്നവർക്ക് ഇവയിൽ നിന്ന് രക്ഷ നേടാനാവില്ല. ആഗോള കാലാവസ്ഥാമാറ്റം, ശരാശരി ഉപരിതല - താപനിലയുടെ മാറ്റം, കൃഷി, ഭൂപ്രകൃതി എന്നിവയുടെ നാശം / അസന്തുലിതാവസ്ഥ എന്നിവ കൊണ്ട്  തുടർ ജീവിതം അസാധ്യമാകും.

മനുഷ്യൻ അവന്റെ ഏറ്റവും സങ്കീർണമായൊരു ലോക ക്രമത്തിലാണിന്ന് ജീവിക്കുന്നത്. മിത്തുകളിലൂടെ നാം പഠിച്ചിരുന്ന ഒരു അവസാനം ഇങ്ങെത്തിക്കഴിഞ്ഞു. ശാക്തിക രാഷ്ട്രങ്ങൾ ശവപ്പറമ്പ് സ്വപ്നം കാണുന്ന കഴുകൻമ്മാരേ പോലെ കാത്തിരിക്കുന്നു. ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക്ക് മിസൈലിൽ നിന്നും ഭൂമിയെ ചുറ്റിക്കൊണ്ടിരിക്കുന്ന ആയുധക്കൂമ്പാരങ്ങളായ സാറ്റലൈറ്റുകളിലേക്ക് ശാസ്ത്രം വളർന്നിരിക്കുന്നു. പരോക്ഷ യുദ്ദങ്ങളിൽ (proxy Wars)  നിന്നൊക്കെ മാറി മാറി ഏതു നിമിഷവും പെയ്യാവുന്ന ഒരു തീമഴയ്ക്ക് ചുവട്ടിലാണ് മനുഷ്യന്റ് ഈ നൂറ്റാണ്ട്.

__________________________

* ഈസ്റ്റോണിയയിലെ നാർവ ആക്രമിക്കപ്പെടും എന്ന ഭീതി നില നിൽക്കുന്ന സമയത്ത്, ആണവ യുദ്ദം ഉണ്ടായേക്കാമെന്ന ഭീഷണിയിൽ, ആണവ ഭീകരത  വരച്ചു കാട്ടുന്ന ഒരു ചിത്രത്തിന്റെ ലിങ്ക് ഇവിടെ കൊടുത്തിരിക്കുന്നു.
 https://cdn3.vox-cdn.com/.../WW3_flowchart-illust.SL3.0.png

*മറ്റുള്ള ചിത്രങ്ങൾക്ക് ആദ്യത്തെ കമന്റുകൾ നോക്കുക.

റഷ്യ അമേരിക്ക: ശാക്തിക തുലനം

സമീപ കാലത്ത് എഡ്വേർഡ് സ്നോഡൻ, യുക്രൈയിൻ, ഇപ്പോൾ സിറിയ തുടങ്ങിയ സംഭവങ്ങളുലായി ബന്ധപ്പെട്ട് അമേരിക്കയും റഷ്യയും തമ്മിൽ കൂടെക്കൂടെ ഉരസുകയാണ്. 90 കളോടെ ശീതയുദ്ദം അവസാനിപ്പിച്ച ഇരു കൂട്ടരും ഈ ദശാബ്ദത്തിന്റെ തുടക്കം മുതൽ വീണ്ടും കടുത്ത ഭിന്നിപ്പിലാണ്.
പക്ഷേ റഷ്യയോട് മുട്ടാൻ അമേരിക്കയ്ക്ക് തീരെ താൽപ്പര്യമില്ല. അഥവാ ഭയമാണ്.
ഇല്ലെങ്കിൽ സിറിയയിലെ സി ഐ എ പരിശീലന കേന്ദ്രങ്ങൾ വരെ റഷ്യ ബോംബിട്ട് തകർക്കുമ്പോൾ അമേരിക്ക എന്തു കൊണ്ട് കർട്ടനു പിന്നിൽ മറഞ്ഞിരിക്കുന്നു. ഇരു കൂട്ടരും തമ്മിൽ ഒരു യുദ്ദം ഉണ്ടായാൽ, (അത് ആസന്നമാണ്.  കോൾഡ് വാറിന്റെ സമയത്തേ കൗണ്ട് ഡൗൺ തുടങ്ങിക്കഴിഞ്ഞതാണ്) ഏറെക്കുറേ ലോകത്തിന്റെ അവസാനവും അന്നായിരിക്കും. റഷ്യയും അമേരിക്കയും തമ്മിലുള്ള ബലാബലത്തിന്റെ ഒരു കമ്പാരിസണാണ് ഈ പോസ്റ്റ്.
വസ്തുതകൾക്ക് കടപ്പാട് ഗൂഗിൾ. :)

1. ആണവായുധം
______________
1938 ൽ ന്യൂക്ലിയർ ഫിഷൻ കണ്ടു പിടിയ്ക്കപ്പെട്ടതോടു കൂടി അമേരിക്കയും സോവിയറ്റ് യൂണിയനും ഒരു മാരകായുധത്തിന്റെ പണിപ്പുരയിലായിരുന്നു.
അതിനൊടുവിൽ 1945 ജൂലൈ 16 ന് അമേരിക്ക ആദ്യമായി - വിജയകരമായി - ന്യൂക്ലിയർ ടെസ്റ്റ് നടത്തി.
ന്യൂ മെക്സിക്കോയിലെ, ട്രിനിറ്റി സ്റ്റേറ്റിലെ ജൊർനാഡ ഡെൽ മ്യൂർട്ടോ ഡിസേർട്ടിലായിരുന്നു അത്. ട്രിനിറ്റി എന്നായിരുന്നു കോഡ് നെയിം.

അമേരിക്ക ന്യൂക്ലിയർ പരീക്ഷണം നടത്തിയതോടെ സോവിയറ്റ് യൂണിയനും പിന്നെ വൈകിച്ചില്ല.
1949 ആഗസ്റ്റ് 29 ന് ഫസ്റ്റ് ലൈറ്റ്നിങ് എന്ന രഹസ്യ നാമത്തിൽ, കസാഖിസ്ഥാനിൽ വെച്ച് സോവിയറ്റ് യൂണിയനും വിജയകരമായി ന്യൂക്ലിയർ പരീക്ഷണം നടത്തി.

രണ്ടായിരം മുതൽ നാലായിരം വരെ ന്യൂക്ലിയർ ബോംബുകൾ റഷ്യയുടെ പക്കൽ ഉണ്ടെന്നാണ് വിക്കിയിൽ കാണുന്നത്.  അത്രതന്നെ ആണവായുധങ്ങൾ യു.എസിന്റെ പക്കലും ഇരിപ്പുണ്ട്. (അനൗദ്യോഗിക കണക്കുകൾ പ്രകാരം ലോകത്താകമാനം 15,000 ത്തോളം ന്യൂക്ലിയർ ബോംബുകൾ ഉണ്ടെന്നും, റഷ്യ അമേരിക്ക എന്നിവരുടെ പക്കൽ മാത്രം യഥാക്രമം ഏഴായിരം എന്ന സംഖ്യയ്ക്കടുത്ത്  ബോംബുകൾ ഉണ്ടാവുമെന്നും പറയുന്നു.)

ന്യൂക്ലിയർ ആയുധങ്ങൾ കൈവശമുള്ള രാജ്യങ്ങളിൽ റഷ്യയും, അമേരിക്കയും Nuclear Triad എന്ന കാറ്റഗറിയിലാണ് ഉൾപ്പെടുന്നത്.
അതായത്  കര, വ്യോമ, നാവിക ഇടങ്ങളിൽ ഏതിലും വെച്ച് ആണവ ആക്രമണം നടത്താൻ ശേഷിയുള്ളവരാണിവർ.
ഇംഗ്ലണ്ടിന് കടൽ മാർഗ്ഗം, ഫ്രാൻസിന് ആകാശം - കടൽ മാർഗ്ഗം തുടങിയവയിലൂടെയേ ആണവായുധം വിക്ഷേപിക്കാൻ നിലവിൽ ശേഷിയുള്ളു. ചൈനയെ ന്യൂക്ലിയർ ത്രയം ആയി സംശയിക്കുന്നുണ്ട്. ഇൻഡ്യയ്ക്ക് നിലവിൽ കര, വ്യോമ ആക്രമണം നടത്താനുള്ള കപ്പാസിറ്റിയുണ്ട്. സമുദ്രം വഴി ആണവാക്രമണം നടത്താനുള്ള ഡെവലപ്മെന്റിലാണ് ഇൻഡ്യ എന്ന് കാണുന്നു.

2. AK 47
_______
1947 ൽ സോവിയറ്റ് യൂണിയൻ മിലിട്ടറിയ്ക്ക് വേണ്ടി മിഖായിൽ കലാഷ്നികോവ് ഒരു ഓട്ടോമാറ്റിക് റൈഫിൾ രൂപകൽപ്പന ചെയ്തു. Avtomat Kalashnikova അഥവാ AK47 എന്നായിരുന്നു അതിന്റെ പേര്. യുദ്ദമുഖത്ത് നേർക്ക് നേർ ആക്രമണങ്ങളിൽ ഏറ്റവും ഫലപ്രദമായ ആയുധം. ഇന്ന് നൂറുകണക്കിന് രാജ്യങ്ങളിലെ പട്ടാളക്കാരുടെ പ്രീയപ്പെട്ട തോക്കു കൂടിയാണിത്.

1957 ൽ അമേരിക്ക ഇതിനു മറുപടിയായി M16 Rifle നിർമ്മിച്ചു. എങ്കിലും ഏറ്റവും മികച്ചത്  AK 47  തന്നെ

3. ടാങ്കുകൾ
_________
T-90AM (റഷ്യ)
അമേരിക്കയുടേയും റഷ്യയുടേയും ടാങ്കുകൾ തമ്മിൽ കമ്പാരിസൺ ചെയ്യപ്പെടുമ്പോൾ ഒന്നാമത് നിൽക്കുന്നത് ടാങ്കുകളാണ് T-90AM.
തൊട്ടു പിന്നിൽ അമേരിക്കയുടെ  M1A2 SEPv2  ടാങ്കുകൾ

4. ആണവ വാഹിനി മുങ്ങിക്കപ്പലുകൾ
_________________________________________
ലോകത്ത് നിർമിക്കപ്പെട്ടിട്ടുള്ളവയിൽ ഏറ്റവും വലിപ്പമേറിയ ആണവ വാഹിനി മുങ്ങിക്കപ്പലായ Akula-class submarines 1980 ലാണ് റഷ്യ സമുദ്രാന്തർ ഭാഗങ്ങളിൽ വിന്യസിക്കുന്നത്.  മാസങ്ങളോളം കടലിനടിത്തട്ടിൽ  നിശ്ചലമായി കഴിയാനും, റഡാറുകൾക്ക് കണ്ടെത്താൻ കഴിയാത്തവിധം ശബ്ദം പുറപ്പെടുവിക്കാതെ സഞ്ചരിക്കാനും ഇതിനു കഴിയും.

അമേരിക്കയുടെ വിർജീനിയ ക്ലാസ് ആണവ അന്തർ വാഹിനകൾക്കുള്ള (Virginia Class Submarine) റഷ്യൻ മറുപടിയാണിത്.

5. ഭൂഖണ്ടാന്തര ബാലിസ്റ്റിക് മിസൈലുകൾ.
_________________________________
R-36M. ഇന്റർ കോണ്ടിനെന്റൽ ബാലിസ്റ്റിക് മിസൈൽ (റഷ്യ).
നാറ്റോ ഇതിനെ (SS-18 Satan) എന്ന് വിളിയ്ക്കുന്നു.
ന്യൂക്ലിയർ ആയുധ ശേഖരവുമായി 16,000 കിലോ മീറ്ററുകൾ സഞ്ചരിക്കാൻ ശേഷിയുള്ള മിസൈലാണിത്. നിലവിൽ യു എസ് മിസൈൽ ഡിഫൻസിന് പ്രധിരോധിക്കാവുന്നതിനും ഉപരിയായ ഒന്ന് എന്നാണ് യുദ്ദ സൈദ്ധാന്തികർ ഇതിനെ വിശേഷിപ്പിക്കുന്നത്.
യു എസിന്റെ രാജ്യാന്തര ബാലിസ്റ്റിക് മിസൈലായ UGM-133 Trident II വിന് 11,000 കിലോമീറ്റർ ദൂര പരിധിയേയുള്ളു.

6. ഫൈറ്റർ ജെറ്റുകൾ
_________________
സുഖോയ് - Su-27 ഫൈറ്റർ ജെറ്റ്. (റഷ്യ)
Maximum Altitude: 18, 500 meters. Maximum Kilometer: 1, 400 km.
ഫ്ലൈറ്റ് ഇന്റർനാഷണൽ മാഗസിന്റെ ഇരുപതാം നൂറ്റാണ്ടിലെ ബെസ്റ്റ് ഇന്റർനാഷണൽ എയർക്രാഫ്റ്റ് ആയി തിരഞ്ഞെടുക്കപ്പെട്ട ഫൈറ്റർ വിമാനമാണിത്.
അമേരിക്കയുടെ F (ഉദാ: F15, F16) ശ്രേണിയിലുള്ള ഫൈറ്റർ ജെറ്റുകളോട് ഇത് കിടപിടിയ്ക്കുന്നു.

ഇനിയും ഒരുപാട് ഐറ്റംസ് നമുക്ക് അറിയാത്തതായുണ്ടാവാം. ഡിഫൻസുമായി ബന്ധപ്പെട്ട എല്ലാ രഹസ്യങ്ങളും പുറത്തു വിടില്ലല്ലോ. രാസ, ജൈവായുധങ്ങളും, ഡ്രോൺ വിമാനങ്ങൾക്കുമൊക്കെ മേലേ വേറേ എന്തെല്ലാം രഹസ്യായുധങ്ങൾ ഇരു കൂട്ടരുടേയും കയ്യിലുണ്ടെന്ന് ദൈവം തമ്പുരാനറിയാം.

വ്യാഴാഴ്‌ച, ഒക്‌ടോബർ 08, 2015

ഒരു അമർ ട്രാജഡിക്കഥ

ബി സി മുന്നൂറ്റി പന്ത്രണ്ട്.

പരീക്ഷിത് രാജാവിനെ അന്നാദ്യമായിട്ട് ശപിക്കുന്നത് ദുർവാസാവ് മഹർഷിയാണ്.
ഇന്നേയ്ക്ക് ഏഴ് ദിവസത്തിനുള്ളിൽ പരീക്ഷിത്ത്‌ രാജാവ്, തക്ഷകൻ എന്ന മൂർഖൻ പാമ്പിന്റെ കടിയേറ്റ് വടിയാകും.

പരീക്ഷിത്ത്  അയ്യടാന്നായിപ്പോയി.
സത്യം പറഞ്ഞാൽ അത്രയ്ക്ക് ശാപം കിട്ടേണ്ടുന്ന കാര്യമൊന്നുമില്ലായിരുന്നു.

പുള്ളി ദുർവാസാവിനെ കേറി എടാ "ദുർവാസ്രാവേ" എന്ന് ചുമ്മാ ഒന്ന് വിളിച്ച് പോയി.
ഹെന്റെ പൊന്നോ.
ഇനി ഒണ്ടാവാനൊന്നുമില്ല.
ഫക് യൂ ബ്ലഡീ ബാസ്റ്റാർഡ് എന്ന് തന്തയ്ക്ക് വിളിച്ച് വാഗ്ധാരണി തുടങിയ ദുർവാസാവ്, നിന്നെ മൂർഖൻ കൊത്തി കൊല്ലും എന്ന ശാപത്തോടെയാണ് വാചകമടി നിർത്തിയത്.

ബൈ ദി ബൈ, ശാപം രാജാവിനെ ഘടോൽ ഞെട്ടിച്ച് കളഞ്ഞു.
ശാപം കിട്ടി ഇരുപത്തഞ്ച് മിനിട്ട് തികയും മുൻപേ ഒരുമാതിരിപ്പെട്ട ജീവികളെല്ലാം രാജാവിനെ കടിയ്ക്കാനായി ഇട്ടോടിച്ചു.
രാജാവിനെ കടിയ്ക്കാൻ ചെന്ന കൂട്ടത്തിൽ കൊട്ടാരത്തിലെ പഴുതാരയും, തേളും, പല്ലിയും, പാറ്റായും തുടങ്ങി എന്തിനധികം പാത്രിയാർക്കീസ് ബാവാ വരെ യുണ്ടായിരുന്നു.
ഇഴജന്തുക്കൾ അഥവാ റാപ്ടിൽസിനേക്കൊണ്ട് ആശാന് ഒരു രക്ഷയുമില്ലെന്ന് വന്നു.

അന്ന് രാത്രി പുള്ളി  പള്ളിയുറക്കത്തിനിടയിൽ പാമ്പ് പാമ്പ് എന്ന് വിളിച്ച് വലിയ വായിൽ അലറുകയും, അലർച്ച കേട്ട് അന്തപുരം സൂക്ഷിപ്പുകാരി മറുതാ മറിയ വന്ന് തിരുമുഖം കാണിയ്ക്കുകയും, മറുതാ മറിയയെ കണ്ട് രാജാവ് ഫിറ്റ്സ് ബാധിച്ച് കയ്യും കാലുമിട്ടടിയ്ക്കുകയും  ചെയ്തതോടെയാണ് സംഭവത്തിന്റെ സീരിയസ്നസ്സ് കൊട്ടാരം സ്റ്റാഫിന് മനസ്സിലായത്.

കൊട്ടാരം വൈദ്യൻ കം വാസ്തു ശില്പി, മി. ഷെർലക് ഇതിനൊരു പരിഹാരം കണ്ടെത്തി.
സംഭവം ദുർവാസാവിന്റെ ശാപമാണ്.
അതിനെ അങ്ങനങ്ങ് നിസ്സാരവത്കരിച്ചിട്ട് കാര്യമില്ല.
മമ്മൂട്ടിയുടെ പടം പൊട്ടുമെന്നതും ദുർവാസാവിന്റെ ശാപം ഫലിക്കുമെന്നതും മൂന്നുതതരം അച്ചട്ടാണ്.
പ്രതിക്രീയ ചെയ്യുകയേ നിർവാഹമുള്ളു.

ഷെർലക് ഒരു മാസ്റ്റർ പ്ലാനിന്റെ ഡെമോ പ്രസന്റേഷൻ നടത്തി.
സുർക്കയും ചുണ്ണാമ്പും കൂട്ടിക്കുഴച്ച മിശ്രിതം കൊണ്ട് ഏഴു നിലയുള്ള ബിൽഡിങ്  നിർമ്മിക്കുക.
പരീക്ഷിത് രാജാവ് ഏറ്റവും മുകളിലെ നിലയിൽ അന്തിയുറങ്ങുക.
പുറത്ത്, ഐ.ബി, റോ, സിബിഐ, എൻ. ഐ.എ, നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ, വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ, ക്രൈംബ്രാഞ്ച്, സ്പെഷ്യൽ ബ്രാഞ്ച്, എസ്.പി.ജി, ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് തുടങ്ങിയ സർവ്വ സംഘത്തെ ടിപ്പറിനടിച്ച്  കാവൽ നിർത്തുക.
അതാണ് പരിഹാരം.

സി സി ക്യാമറ വെക്കുന്നില്ലേ?
പരീക്ഷിത്ത് ചോദിച്ചു.

സി സി അടയ്ക്കാഞ്ഞത് കൊണ്ട് സി സി ക്യാമറ സി സിക്കാര് പിടിച്ചെടുത്തോണ്ട് പോയി സാർ...
സ്റ്റോർ കീപ്പർ വിക്രമൻ പിള്ള തല ചൊറിഞ്ഞു.

സി സി ക്യാമറ ഇല്ലെങ്കിൽ മൊബൈൽ ക്യാമറ എങ്കിലും വെയ്ക്കെടേ...

മൊബൈൽ ക്യാമറകളെല്ലാം രാജ്ഞി കുളിയ്ക്കാൻ കയറുന്ന ബാത്ത് റൂമിലാണ് സാർ...

ഭ. അതെല്ലാം അവിടൂന്നെടുത്തോണ്ട് ഇവിടോട്ട് കൊണ്ട് ഒണ്ടാക്കെടേ  &%@@**+@@.....

നിമിഷങൾക്കുള്ളിൽ മൊബൈൽ ക്യാമറകൾ രാജാവിന്റെ മുറിയുടെ നാലു ചുറ്റും അറ്റാച്ച്ഡ് ആയി.

ഇനി പുറത്തൂന്ന് ഒരു ഫുഡ്ഡും വേണ്ട.!!!
ആര്യാസിലെ മസാല ദോശ, ഇൻഡ്യൻ കോഫീ ഹൗസിലെ പൊറോട്ടേം ചട്ണീം, തട്ടുകടയിലെ ഓമ്ലൈറ്റ്  തുടങിയ ഒരു പാഴ്സൽ ഫുഡ്ഡും ഇനി ഇതിനകത്തേക്ക് കൊണ്ടു വരണ്ട.
പാലു കൊണ്ടു വരുന്ന അണ്ണാമലൈയോട് ഇനി ഈ പടി കടന്നേക്കരുത് എന്ന് പറയുക. ഉദ്യാനത്തിൽ ജൈവ പച്ചകൃഷി നടത്തുന്നുണ്ട്.
ഇനി അതു മാത്രം മതി ഇവിടെ.
രാജാവ് ഉത്തരവിട്ടു.

ഉവ്വെമ്പ്രാ.

ഫുൾ പ്രൊട്ടക്ഷനിൽ, ഫുൾ സെറ്റപ്പിൽ പരീക്ഷിത് രാജാവ് ആ ഏഴു നില ബംഗ്ലാവിൽ അർമാദിക്കാൻ തുടങ്ങി.
ഏഴ് ദിവസം കഴിഞ്ഞാൽ തന്റെ ജീവൻ രക്ഷിച്ചതിനു പ്രത്യുപകാരമായി, വാസ്തുശില്പി ഷെർലക്കിന് സ്തുത്യർഹ സേവനത്തിനുള്ള മെഡലും പ്രശസ്തിപത്രവും നൽകണമെന്ന്  അദ്ദേഹം അപ്പോഴേ നിരീച്ചു.
മുറിയിലെ സ്വിമ്മിങ് പൂളിൽ പഴയ വില്ലൻ അംജദ് ഖാനേപ്പോലെ അദ്ദേഹം നീന്തിത്തുടിച്ചു.

ദിവസങൾ ഒന്നൊന്നായി കടന്നു പോയി.
ഒടുവിൽ ശാപം തീരുന്ന ദിവസം എത്തി.
ഏഴാവത് നാൾ!

സായാഹ്നം.
ഈ സമയമാണ് കാശ്യപ മഹർഷി പരീക്ഷിത് രാജാവിനെ കാണാൻ വേണ്ടി പുറപ്പെടുന്നത്.
ഇതേ സമയം തന്നെ രാജാവിനെ കടിച്ച് കൊല്ലാനായി തക്ഷകനും പുറപ്പെട്ട് വരുകയാണ്.

എം സി റോഡിൽ മെയിന്റനൻസ് വർക്ക് നടക്കുന്ന ചിങ്ങവനത്ത് വെച്ച് ഇരുവരും യാദൃശ്ചികയാൽ കണ്ടു മുട്ടി.
ഈവനിങ്ങ് വാക്കിങിന്റെ ഗുട്ടൻസ് ഇരുവരും പരസ്പരം പങ്ക് വെച്ചപ്പോൾ രണ്ടുപേരും ഒരേ വഴിയ്ക്കാണെന്ന് രണ്ടുപേർക്കും ഒരേപോലെ മനസ്സിലായി.
ആശാന്റെ കാല് തല്ലിയൊടിക്കാൻ പോകുകയാണെന്ന് കാശ്യപ മഹർഷിയും, ആശാനിട്ട് നൈസിലൊരു പണി കൊടുക്കാൻ പോവുകയാണെന്ന് തക്ഷകനും പരസ്പരം പറഞ്ഞതോടെ അന്നേരം കിട്ടിയ സൂപ്പർഫാസ്റ്റിന് ഇരുവരും കൊട്ടാരക്കരയ്ക്ക് വെച്ച് പിടിച്ചു.

മന്ത്ര തന്ത്രങ്ങൾ കൊണ്ട് ചത്തതിനെ ജീവിപ്പിക്കുന്ന ഭീകര സത്വമാണ് കാശ്യപ മഹർഷി എന്ന് മനസ്സിലായതോടെ പുള്ളിയെ എങനെയെങ്കിലും ഒഴിവാക്കുന്നതാണ് അതിന്റെയൊരിത് എന്ന് തക്ഷകന് തോന്നി.

തക്ഷകൻ സംസാരത്തിനിടയിൽ ടോപ്പിക്കായി മന:പ്പൂർവ്വം അടിവാരം അമ്മിണിയുടെ പേരെടുത്തിട്ടു.
ടോപ്പിക്കിനിടയിൽ ടോപ്പ് ലെസ്സായ അമ്മിണിയുടെ ചിത്രം തക്ഷകന്റെ മൊബൈലിൽ തെളിഞ്ഞു വന്നതോടെ മഹർഷി ടെമ്പറായി.
ഉടനേ തന്നെ അടിവാരം അമ്മിണിയുടെ ഫോൺ നംബരും വീട്ട് അഡ്രസ്സും തക്ഷകനിൽ നിന്ന് എഴുതി വാങി രസീതും കൈപ്പറ്റി.
വഴിയിൽ കൈരളി ടി എം ടി കമ്പിയുടെ ഫ്ലെക്സ്ബോർഡ് കണ്ട ജംഗ്ഷനിൽത്തന്നെ മഹർഷി സിംഗിൾ ബെല്ലടിച്ച് ബസ്സ് നിർത്തിക്കുകയും, അവിടെയിറങി അടിവാരം സൂപ്പർഫാസ്റ്റിനു കയറി നേരേ അടിവാരത്തേക്ക്  യൂ ടേണടിയ്ക്കുകയും ചെയ്തു.

തക്ഷകനപ്പോൾ മനസ്സിൽ ഊറിയൂറി ചിരിക്കുകയായിരുന്നു...

പരീക്ഷിത്തിന്റെ കൊട്ടാരം കരൺ ജോഹറിന്റെ സിനിമകളിലെ കൊട്ടാരങ്ങളെ വെല്ലുന്നതായിരുന്നു.
എങ്ങനെ അകത്ത് കയറും എന്നാലോചിച്ച് തക്ഷകൻ ആലോചിച്ച് നിൽക്കുമ്പോഴുണ്ട് കൊട്ടാരത്തിലെ ജൈവ പച്ചക്കറികൾക്കിടയിൽ ഒരാളനക്കം.

പരീക്ഷിത്ത് രാജാവിന് കഴിയ്ക്കാൻ വേണ്ടി ആപ്പിള് പറിയ്ക്കുന്ന തോട്ടം സ്റ്റാഫ് ഐസക് ന്യൂട്ടനായിരുന്നു അത്.
പിന്നൊന്നുമാലോചിച്ചില്ല.
തക്ഷകൻ ഒരു കുണ്ടളപ്പുഴുവിന്റെ രൂപത്തിൽ ഒരു ആപ്പിളിനുള്ളിലേക്ക് നൈസായിട്ട് കയറി.

ഇതൊന്നുമറിയാതെ ഐസക് ന്യൂട്ടൻ ആപ്പിളുമായി പരീക്ഷിത് രാജാവിന്റെ മുറിയിലേക്ക് നടന്നു.
രാജാവിന് ആപ്പിളിനോട് ഭയങ്കര ആക്രാന്തമായിരുന്നു.
കിട്ടിയപാടേ രാജാവ് ആപ്പിളൊരെണ്ണമെടുത്ത് അണ്ണാക്കിലോട്ട് തട്ടി.
ആമാശയത്തിന്റെ വിശപ്പ് ആപ്പിളിനറിയില്ലല്ലോ.
ആപ്പിളിനുള്ളിലതാ ഒരു പുഴു!!!

രാജാവ് ഞെട്ടി.

പണി പാളിയിരിക്കുന്നു എന്ന് രാജാവിന് മനസ്സിലായി.

പെട്ടന്നതാ പുഴു ഭീമാകാര രൂപം പ്രാപിക്കുന്നു.
രാജാവ് വിളിച്ചു കൂവി.
അളിയാ ഇത് പുഴുവല്ല. പുപ്പുഴുവാണ്..........

തക്ഷകൻ പതുങ്ങിയ ഒരു ചിരി ചിരിച്ചു.
ഇണ്ട്രൊഡ്യൂസിങ് മൈ സെൽഫ്.
ഐ ആം തക്ഷകൻ!!!
ചാകാൻ പോകും മുൻപ് എന്താണ് നിന്റെ അന്ത്യാഭിലാഷം?

കുഴഞ്ഞു വീണ പരീക്ഷിത് വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു.
ഒരുമിച്ചൊരു സെൽഫി എടുക്കണം.
പ്ലീസ്....

ആയിക്കോട്ടെ...

പരീക്ഷിത്ത് സെൽഫി എടുത്തു.
സെക്കന്റ് കൊണ്ട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റും ചെയ്തു.

ഇതെല്ലാം കഴിഞ്ഞ പാടേ തക്ഷകൻ പരീക്ഷിത്തിനെ നൈസായിട്ടൊന്ന് ദംശിച്ചു.

ശാപം തീരാൻ മിനിട്ടുകൾ മാത്രമുള്ളപ്പോൾ നമ്മുടെ പരീക്ഷിത്ത് മരിച്ച് വീഴുകയാണ് സുഹൃത്തുക്കളെ മരിച്ച് വീഴുകയാണ്...

പിന്നീട് തക്ഷകൻ ഒരു നിമിഷം അവിടെ നിന്നില്ല.
കള്ള പാസ്പ്പോർട്ടിൽ ആശാൻ സിറിയയിലേക്ക് തിരിച്ചു.
ശിഷ്ട്ടകാലം ഐ എസിൽ ചേർന്ന് രാഷ്ട്രത്തിനു വേണ്ടി സേവനം അനുഷ്ട്ടിക്കാൻ...

**** **** **** **** **** **** **** **** **** **** **** **** **** ****

പരീക്ഷിത്ത് മരിച്ചതോടെ പല വിപ്ലവങ്ങളും അവിടെ നടന്നു.
യു എൻ ഉച്ചകോടിയിൽ പലസ്ഥീൻ പതാക പാറിക്കളിച്ചു.
വ്ലാഡിമർ പുടിനും ബരാക് ഒബാമയും അഞ്ചു മിനിട്ട്  ഓണത്തല്ല് നടത്തി.
സണ്ണീ ലിയോൺ കന്യാസ്ത്രീയായി.

ശുഭം .
മംഗളം

മലയാളിയ്ക്കെന്താണ് ഫുട്ബോളിനോടിത്ര പ്രീയം?

കോർപ്പറേറ്റ് മുതലാളിമാരും, സിനിമാ, ക്രിക്കറ്റ് താരങ്ങളും അവരുടെ വിലയേറിയ സമയം ഫുട്ബോളിനെ വളർത്താൻ വേണ്ടി മാറ്റി വെച്ചിരിക്കുന്നു എന്നത് ഗ്ലോറിഫൈ ചെയ്യപ്പെടേണ്ട ഒരു വസ്തുതയാണ്.   ഐ എസ് എല്ലിൽ ടീമുകളെ ഇറക്കിയതിലൂടെ തെണ്ടുൽക്കറും , ഗാംഗുലിയും, ജോൺ ഏബ്രഹാമുമെല്ലാം അവരുടെ മഹത്വം ഒന്നു കൂടി വർദ്ധിപ്പിച്ചിരിക്കുന്നു.

പക്ഷേ തെണ്ടുൽക്കർ എന്ന വ്യക്തി പ്രഭാവം കാരണമാണ് ഐ എസ് എല്ലിന് കേരളത്തിൽ വേരോട്ടം കിട്ടിയതെന്നും, തെണ്ടുൽക്കർ ഇല്ലായിരുന്നു എങ്കിൽ മലയാളി ഈ ഫുട്ബോൾ കാണാൻ മിനക്കെടുമായിരുന്നില്ല എന്നുമുള്ള തരത്തിൽ അഭിപ്രായരൂപീകരണം ഉരുത്തിരിയുമ്പോൾ, അത് തികച്ചും ബാലിശമായ ഒരു വാദഗതിയാണെന്നേ പറയാനുള്ളു. കാരണം മലയാളിയുടെ പ്രൗഡമായ ഫുട്ബോൾ - ആസ്വാദന - പാരമ്പര്യത്തേക്കുറിച്ച് ഒന്നുമൊന്നും അറിയാതെയുള്ള അവകാശവാദങ്ങളാണവ.  പത്രങ്ങളുടെ ഒരല്പം പൈങ്കിളി കലർന്ന ആലങ്കാരിക ശൈലിയെ പുതു തലമുറ ആവശ്യത്തിനും അനാവശ്യത്തിനും കടമെടുക്കുന്നതു കൊണ്ടുള്ള കുഴപ്പവുമാവാം.  ദൈവം ഗ്യാലറിയിലിരുന്നത് കൊണ്ട്  ബ്ലാസ്റ്റേഴ്സിന്റെ കപ്യാർ എതിർ പോസ്റ്റിൽ കൂട്ടമണിയടിച്ചു എന്ന മട്ടിൽ "മ" പത്രങ്ങളെഴുതി വിടുന്ന ആലങ്കാരികതയെ മനസ്സിലാക്കാതെ, അതിനെ അതേ പടി വിഴുങ്ങുന്നത് കൊണ്ടാണ് സച്ചിനില്ലായിരുന്നെങ്കിൽ കേരളം ഫുട്ബോളിൽ തോൽക്കുമായിരുന്നു എന്ന മട്ടിലുള്ള തീയറിയൊക്കെ വരുന്നത്.

സച്ചിനു പകരം അഭിഷേക് ബച്ചനോ, ലക്ഷ്മി റായോ, സണ്ണി ലിയോണോ കേരളാ ബ്ലാസ്റ്റേഴ്സിന്റെ നേതൃത്വം വഹിച്ചിരുന്നെങ്കിലും ഐ എസ് എല്ലിനോട് മലയാളി ഇപ്പോഴുള്ള അതേ തീവ്രതയോടു കൂടി തന്നെ പ്രതികരിച്ചേനേ.  ഉടമ സണ്ണി ലിയോൺ ആയിരുന്നെങ്കിൽ അവരെ കാണാൻ വേണ്ടി മാത്രം വരുന്ന പത്ത് പതിനായിരം ആളുകളേക്കൂടെ കൂട്ടി, ഗ്യാലറിയ്ക്ക് എഴുപതിനായിരം റെഗുലർ വരവ് വെയ്ക്കാമായിരുന്നു. ഇത്രയധികം മാർക്കറ്റിങ്ങോ, ഇത്രയും ക്ലാരിറ്റിയും, ചുടുലതയുമുള്ള സംപ്രേഷണമോ ഒന്നുമില്ലാതിരുന്ന കാലത്തും മലയാളി കൂട്ടമായി ഫുട്ബോൾ സ്റ്റേഡിയങ്ങളിലേക്ക് ഇരച്ചു വന്നിട്ടുണ്ട്.  അത്തരമൊരു വലിയ പാരമ്പര്യം നേരത്തേ തന്നെയുള്ള കേരളത്തിലെ ഫുട്ബോൾ ആസ്വാദകർ, ഇന്ന് ഐ എസ് എല്ലിലൂടെ ലഭിക്കുന്ന -  ലോക നിലവാരത്തോടടുത്തു നിൽക്കുന്ന - ഈ വേദിയിലേക്ക് കടന്നു വന്നിരുന്നില്ലെങ്കിൽ മാത്രമേ അതൊരു അദ്ഭുതമാകുമായിരുന്നുള്ളു.

ഫുട്ബോൾ മലയാളിയ്ക്ക് ഒരു ജീവനാഡിയാണ്. അത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ അതിന് കൃത്യമായ ഒരുത്തരവുമൊട്ടില്ലതാനും.  അതുകൊണ്ടാണ്   വേൾഡ് കപ്പ് സീസണിൽ സംസ്ഥാനമൊട്ടുക്ക് പന്തയങ്ങളും, വെല്ലുവിളിയും നിറഞ്ഞ രസകരമായ ഫ്ലെക്സ് ബോർഡുകൾ പെരുകുന്നത്. റിവർപ്ലേറ്റിന്റെയോ ബൊക്കാ ജൂനിയേഴ്സിന്റെയോ പോലെ ഭൂമിശാസ്ത്രമോ, ചരിത്രമോ കെട്ടുപിണഞ്ഞ വൈരത്തിന്റെ ചൂടുള്ള നാടോടിക്കഥകളോ, യൂറോപ്യൻ ക്ലബ്ബുകൾക്കുള്ളത് പോലെ ആഡ്യത്വത്തിന്റെ  തൊങ്ങലുകളോ ഒന്നും അവകാശപ്പെടാനില്ലാത്ത, വലുപ്പത്തിൽ മുൻപിൽ നിൽക്കുന്നൊരു രാജ്യത്തിന്റെ ഇങ്ങേക്കോണിൽ പടവലങ്ങ പോലുള്ളൊരു കൊച്ചു സംസ്ഥാനത്തെ ആളുകൾക്ക് എങ്ങനെയാണ് ഇങ്ങനെയൊരു ഫുട്ബോൾ ഭ്രാന്ത് വന്നത്?

ഒരു പക്ഷേ മലയാളിയുടെ സാക്ഷരത ഇതിനൊരു കാരണമായിരിക്കാം.
ഇൻഡ്യയിലെ മറ്റ് പ്രാദേശിക ഭാഷാ ചാനലുകളോ പത്രങ്ങളോ ഒന്ന് നോക്കിയാൽ ഏറ്റവും അധികം കാണുന്നത് സിനിമാ സംബന്ധിയായ വാർത്തകളായിരിക്കും. എന്നാൽ ലോകത്തിലെ രാഷ്ട്രീയവും, സാമൂഹികവും, കലാ- കായികവുമായ ഒട്ടു മിക്ക വാർത്തകളും ദൈനം ദിനം മലയാളി കണ്ടും വായിച്ചും പോരുന്നു. കർണാടകയിലെയോ, തമിഴ്നാട്ടിലെയോ ഒരു പ്ലസ്ടു വിദ്യാർഥിയോട് എത്ര ഭൂഗണ്ടങ്ങളുണ്ടെന്ന് ചോദിച്ചാൽ അവർ കണ്ണു മിഴിയ്ക്കും. അതേ സമയം കേരളത്തിലെ ഒരു മിഡിൽ സ്കൂൾ കുട്ടി അതിനുത്തരം കൃത്യമായി പറയുകയും ചെയ്യും. എന്തും അറിയാനും, ശ്രദ്ദിക്കാനും പഠിക്കാനും മലയാളിയ്ക്കുള്ള പ്രത്യേക സാമർഥ്യം പഠന വിധേയമാക്കേണ്ടതാണ്. സ്കൂളിൽ പഠിച്ചിട്ടേയില്ലാത്ത ഒരു മീൻകാരൻ നാട്ടിൽ വരുമായിരുന്നു. അയാൾക്ക് രണ്ടു ഭൂഘണ്ടങ്ങൾ കൃത്യമായി അറിയാം. ലാറ്റിനമേരിക്കയും , യൂറോപ്പും.
ഫുട്ബോൾ കാണുന്നതിന്റെ ഒരു ഗുണം.

ഏതെങ്കിലും വ്യക്തി വൈഭവം കാരണമല്ല മലയാളി ഫുട്ബോൾ സ്റ്റേഡിയങ്ങളിലേക്ക് ഒഴുകിയെത്തുന്നത് എന്ന് മനസ്സിലാക്കണമെങ്കിൽ കേരളത്തിന്റെ ഫുട്ബോൾ ചരിത്രത്തിലേക്കൊന്ന്  കണ്ണോടിയ്ക്കണം.

ബ്ലാക് ആന്റ് വൈറ്റ് ടി വി ഇൻഡ്യയിൽ പ്രചാരത്തിലായിത്തുടങ്ങിയ 86 ലെ മെക്സിക്കോ വേൾഡ് കപ്പ് മുതലാണ് മലയാളിക്ക് ഫുട്ബോൾ ഇന്നു കാണുന്ന ഇത്ര തീവ്രതയോടെ - ഇത്രയേറെ പ്രീയപ്പെട്ടതായത്. അതിനു മുൻപ്  പത്ര വാർത്തകളിലൂടെയോ, റേഡിയോ കമന്ററികളിലൂടെയോ   മാത്രം അറിഞ്ഞിരുന്ന  അന്താരാഷ്ട്ര ഫുട്ബോളും, സായാഹ്നങ്ങളിൽ ഉണങ്ങിയ പാടത്ത്  പരസ്പരം തട്ടിത്തട്ടി നേരിട്ട് സംവേദിച്ചിരുന്ന അത്ര പരിഷ്കൃതമല്ലാത്ത ഫുട്ബോളും മാത്രമേ മലയാളിയ്ക്ക്  വശമുണ്ടായിരുന്നുള്ളു.  സ്വഭാവികമായും  കോളനിവത്കരണ കാലത്ത് ബ്രിട്ടൺ ഇറക്കുമതി ചെയ്ത  ഒരു കായിക രൂപമെന്ന നിലയ്ക്ക്  ഫുട്ബോൾ  നേരത്തേ തന്നെ ഇവിടെ പ്രചാരത്തിലായിരുന്നു.

1941 ലാണ്   സന്തോഷ് ട്രോഫി ആരംഭിച്ചത്.
അന്ന് ബ്രിട്ടീഷ് ഇൻഡ്യയാണ്.
പിന്നീട് 13 തവണ സന്തോഷ് ട്രോഫി  ഫൈനലിൽ എത്തുകയും അഞ്ച് തവണ വിജയികളാകുകയും ചെയ്ത കേരളം 1973 ൽ  റെയിൽവേസിനെ പരാജയപ്പെടുത്തിയാണ് ആദ്യമായി ജേതാക്കളാകുന്നത്. അതിൽ പിന്നീട് മലയാളി ഫുട്ബോളിനെ കണ്ടിരുന്നത് വളരെ ഇമോഷണലായാണ്.  തുടർന്ന് നടന്ന ഒരോ സന്തോഷ് ട്രോഫി ടൂർണമെന്റുകളും, കേരളാ പോലീസ്, എസ് ബി ടി, ടറ്റാനിയം തുടങ്ങിയ നമ്മുടെ സ്വന്തം ഗ്ലാമർ ടീമുകളുടെ പോരാട്ടങ്ങളും, വിജയൻ, പാപ്പച്ചൻ, സത്യൻ, അഞ്ചേരി, ഗോളി ചാക്കോ, വി പി ഷാജി, ഷറഫലി, ഇഗ്നേഷ്യസ് തുടങ്ങിയവരുമെല്ലാം  സ്പോർട്ട്സ് മാഗസിനുകളോ, സ്പോർട്ട് ചാനലുകളോ ഇന്നത്തത്ര പ്രചാരത്തിൽ ഇല്ലാതിരുന്ന കാലത്ത് വെറും പത്രവാർത്തകളിലൂടെയാണ് മലയാളിയുടെ നെഞ്ചിലൊട്ടിച്ചേർന്നത്. 55 ലെ സന്തോഷ് ട്രോഫിക്ക്  കേരളത്തിൽ, എറണാകുളം ആദ്യമായി വേദിയായി. പിന്നീട് എത്രയോ തവണ കേരളത്തിൽ സന്തോഷ് ട്രോഫിയ്ക്ക് വേദികൾ ഒരുക്കിയിരിക്കുന്നു. കാര്യവട്ടം സ്റ്റേഡിയവും, കലൂർ സ്റ്റേഡിയവുമൊക്കെ ഉണ്ടാകുന്നതിനും മുൻപാണ് മുള കൊണ്ട് തീർത്ത, സന്തോഷ് ട്രോഫി ഗ്യാലറികൾ കാണികളേക്കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നത്.

1996 ലാണ് എഫ് സി കൊച്ചിൻ എന്ന ക്ലബ്ബ് എസ്റ്റാബ്ലിഷ് ചെയ്യുന്നത്. ഇൻഡ്യയിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബ് ആയിരുന്നു എഫ് സി കൊച്ചിൻ. ഫുട്ബോളിന്റെ മക്കയായ കൽക്കട്ടയേക്കാൾ ഫുട്ബോളിന് വേരോട്ടവും ദീർഖദർശിത്വവും കേരളത്തിനുണ്ടായിരുന്നു എന്ന് അഭിമാനിക്കാവുന്ന ഒരോർമ്മപ്പെടുത്തലാണ് എഫ് സി കൊച്ചിൻ എന്ന പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബിന്റെ പിറവി. അതിനു  പിന്നീട് എന്തു പറ്റി എന്നതിന് സാമ്പത്തികവും, അഡ്മിനിസ്ട്രേഷനിലെ പ്രൊഫഷണലിസമില്ലായ്മയുമൊക്കെ ഒരു കാരണമാവാം. അത്  പക്ഷേ നമ്മുടെ വിഷയം അല്ല.

അന്താരാഷ്ട്ര ഫുട്ബോൾ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് 1982 മുതലാണ് നെഹ്റു കപ്പ് ആരംഭിക്കുന്നത്. 1982 ഉറുഗ്വായും, 1983 ൽ ഹംഗറിയും ( ഫ്രെങ്ക് പുഷ്ക്കാസ് കളിച്ചിരുന്ന ഹംഗറി), 1984 ൽ പോളണ്ടും, 85 മുതൽ 88 വരെ സോവിയറ്റ് യൂണിയനും, റൊമാനിയയും, നോർത്ത് കൊറിയയും, ഇറാഖുമെല്ലാം വന്ന് കളിയ്ക്കുകയും ചാമ്പ്യൻമ്മാരാവുകയും ചെയ്തിട്ടുള്ള മഹാ വേദിയായിരുന്നു നെഹ്റു കപ്പ്.  ചൈന, യൂഗോസ്ലോവ്യ, ഉസ്ബെക്കിസ്ഥാൻ, ബൾഗേറിയ എന്നീ രാജ്യങ്ങളൊക്കെ നെഹ്റു കപ്പിൽ പങ്കെടുത്തിട്ടുണ്ട്. 2007, 2009, 2012 ൽ തുടർച്ചയായി ഇൻഡ്യ ചാമ്പ്യൻമ്മാരായി. ( 98 മുതൽ 2006 വരെ ടൂർണമെന്റ് മുടങ്ങിക്കിടന്നിരുന്നു.) തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളൊക്കെ പലവട്ടം നെഹ്രു കപ്പിന് വേദികളായിത്തീർന്നിട്ടുണ്ട്.  96 ലാണ് ജവഹർലാൽ നെഹ്റു  സ്റ്റേഡിയം രാജ്യത്തിനു തുറന്നു കൊടുക്കുന്നത്.  അതിനു മുൻപ് 83 ലും 85 ലും ഇതേ കൊച്ചിയിൽ നെഹ്റു കപ്പ് നടന്നിട്ടുണ്ട്. മുള കൊണ്ടു തീർത്ത ഗ്യാലറികളിൽ നെഹ്റു കപ്പും, സന്തോഷ് ട്രോഫിയും കണ്ടിരുന്ന മലയാളിയുടെ കഥ ഈ കാലഘട്ടങ്ങളുമായി ബന്ധപ്പെട്ടു കിടപ്പുണ്ട്.

1992 മുതൽ 1997 വരെ കേരളത്തിൽ നടത്തപ്പെട്ട അന്നത്തെ പ്രൊഫഷണൽ ഫുട്ബോൾ  ടൂർണമെന്റായിരുന്നു സിസേഴ്സ് കപ്പ്.  എഫ് സി കൊച്ചിൻ, ഡെമ്പോ ഗോവ, ബഗാൻ, ഇൻഡ്യൻ ബാങ്ക് ഒക്കെ പങ്കെടുത്ത വലിയ ടൂർൺനമെന്റായിരുന്നു അന്ന്  സിസേഴ്സ് കപ്പ്.

1977 - 1978 മുതൽക്കുള്ള ഫെഡറേഷൻ കപ്പും ഇതേ പോലെയാണ്. പലവട്ടം കേരളം വേദിയാവുകയും ഗ്യാലറികളിൽ ജന പങ്കാളിത്തം രൂപപ്പെടുകയും ചെയ്തു.

1952 മുതൽ 1995 വരെ ഇടതടവില്ലാതെ നടന്നിരുന്ന സേഠ് നാഗ്ജി ട്രോഫി കൂടി പറയാതെ മലയാളിയുടെ ഫുട്ബോൾ ചരിത്രം പൂർണ്ണമാവില്ല. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, സാൽഗോക്കർ, ജെ സി ടി മിൽസ്, മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബ്, വാസ്കോ, ടൈറ്റാനിയം, ഡെമ്പോ ഗോവ തുടങിയ പ്രബലരായ ടീമുകളാണ് സേഠ് നാഗ്ജി ട്രോഫിയിൽ വന്ന് കളിച്ചും, ആവേശമുണർത്തിയും, ചാമ്പ്യൻ പട്ടം നേടിയും കടന്നു പോയിട്ടുള്ളത്. ഇതിലെയൊക്കെ ജന പങ്കാളിത്തം വളരെ വലിയതായിരുന്നു. സച്ചിന്റെ മുൻ തലമുറ ക്രിക്കറ്റർമ്മാരായിരുന്ന ഗവാസ്കറോ, കപിൽ ദേവോ ഒന്നും പ്രചോദിപ്പിച്ചിട്ടോ, ബ്രാൻഡ് അംബാസിഡർമ്മാരായിട്ടോ ഒന്നുമല്ല അന്നുള്ള ജനറേഷൻ സേഠ് നാഗ്ജി കപ്പ് കാണാൻ ഒഴുകിയെത്തിയത്.

മറ്റ് ഏതു ഗെയിമും ഏതെങ്കിലും കളിക്കാരന്റെ പേരിൽ ബ്രാൻഡ് ചെയ്യാൻ കഴിയുമായിരിക്കും. പക്ഷേ ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം ഏതെങ്കിലുമൊരു ബ്രാൻഡിങ്ങിന് ഉപരിയായാണ് ആ  ഗെയിം  നിലനിൽക്കുന്നത്. പെലെയ്ക്കും മറഡോണയ്ക്കും ശേഷം തന്നെ എത്ര പേർ വന്നു. സിദാൻ വന്നു ഇപ്പോൾ മെസ്സി വന്നു. പെലെ മറഡോണ എന്നിവരുടെ കാലഘട്ടത്തിലും അതിനു മുൻപും എത്ര ലെജണ്ടുകളുണ്ടായിരുന്നു. ബെക്കൻ ബോവർ, ഗുള്ളിറ്റ്,  ഫ്രെങ്ക് പുഷ്ക്കാസ് അങ്ങനെ അങ്ങനെ വലിയവരുടെ പട്ടിക നീളുകയാണ്.  ഫുട്ബോളെന്ന് കേൾക്കുമ്പോൾ ഏതെങ്കിലും ഒരു കളിക്കാരനിൽ കേന്ദ്രീകരിക്കാതെ  ഒരുപാട് പേരെ നമ്മൾ ഓർത്തെടുക്കുന്നു. എന്നാൽ ക്രിക്കറ്റ് എന്ന് കേൾക്കുമ്പോൾ ഒരു സച്ചിനോ, ഗോൾഫ് എന്ന് കേൾക്കുമ്പോൾ ഒരു ടൈഗർ വുഡ്ഡോ, ബാസ്കറ്റ് ബോൾ എന്ന് കേൾക്കുമ്പോൾ ഒരു മൈക്കൽ ജോർദ്ദാനോ മാത്രം കൺ വെട്ടത്ത് വരുന്നു. അപ്പോൾ  ഫുട്ബോൾ എന്നത്   ബ്രാൻഡിങ്ങിനൊക്കെ ഉപരിയായ ഒരു ഗെയിമാണ്. ആ ഗെയിമിലെ ലെജണ്ടുകൾക്ക് പോലും ഒരു ബ്രാൻഡ് അംബാസഡർ പട്ടം  കാണികൾ ചാർത്തിക്കൊടുത്തിട്ടില്ല. സച്ചിനോ മറ്റാരുമോ ആയിക്കോട്ടെ, ഒരു വ്യക്തിയുടെ മഹത്വത്തിൽ അന്ധരായി വെറുതേയങ്ങ് താഴ്ത്തിക്കെട്ടേണ്ടുന്നതല്ല കേരളത്തിലെ ഫുട്ബോൾ ആസ്വാദകരുടെ മഹത്തായ ആവേശം. അതിന് മൺകുടത്തിലാക്കി കുഴിച്ചിട്ട മുന്തിരിച്ചാറിന്റെ പഴക്കമുണ്ട്. വീര്യമുണ്ട്.

_________________________________________
* ഒപ്പം കൊടുത്തിട്ടുള്ള ചിത്രം മഞ്ചേരിയിൽ നടന്ന ഫെഡറേഷൻ കപ്പിന്റേതാണ്.

ശുഭം.
നന്ദി.