ബുധനാഴ്‌ച, മാർച്ച് 28, 2012

മലയാള സിനിമയിലെ നായികമാരുടെ മരണം: ഒരു പോസ്റ്റുമോർട്ടം റിപ്പോർട്ട്

മലയാള സിനിമയിലെ നായികമാർചത്തും, പ്രസവിച്ചും, പേറെടുത്തും, കുന്നായ്മ പറഞ്ഞും, കുന്നത്ത് ജൂവലറീലെ ആഭരണം എടുത്ത് കാമുകനൊപ്പം ഒളിച്ചോടിയും കാലം കഴിയ്ക്കാൻ തുടങ്ങീട്ട് ഇന്നേക്ക് എത്രയേതാണ്ടോ വർഷങ്ങളാകുന്നു. സിനിമാ നിരൂപകർ, മലയാളം സിനിമയേയും, കഥാ പാത്രങ്ങളേയും, എന്തിന് ക്ലീഷേയേയും, ബ്ലൂഷേയേയും വരെ പിടിച്ച് കെട്ടി പോസ്റ്റുമോർട്ടം ചെയ്യാൻ തുടങ്ങീട്ടും ഏതാണ്ട് ഇത്ര തന്നെ കാലങ്ങളായി. ഇതൊന്നും പോരാഞ്ഞ്, സാക്ഷാൽ ഞാനും, സാക്ഷാൽ ബെർളീ തോമസും, സാക്ഷാൽ... അല്ലെങ്കിൽ സാക്ഷാൽ വേണ്ട, സാക്ഷാൽ അല്ലാത്ത  സാദാ ബ്ലോഗേഴ്സ് ആയ സാധുക്കൾ വരെ, സാധൂ ബീഡിയും വലിച്ച് കൊണ്ട് മലയാള സിനിമയേക്കുറിച്ച് കദന പോസ്റ്റുമാർട്ടങ്ങൾ എഴുതിക്കൊണ്ടിരിയ്ക്കുന്നു.

ഈ പോസ്റ്റും അത്തരമൊരു മൈനർ പോസ്റ്റുമോർട്ടമാണ്. ഇത് വായിച്ച് ആരുമെന്നെ മേജർ പോസ്റ്റുമോർട്ടം ചെയ്യരുത് എന്ന് വിനയ പൂർവ്വം അപേക്ഷിച്ച് കൊണ്ട് ഈ പോസ്റ്റ് ഇവിടെ തുടങ്ങുന്നു. [സിംബൽ.....] ഇന്നത്തെ നമ്മുടെ വിഷയം, മലയാള സിനിമയിലെ നായികമാരുടെ ദുർ മരണങ്ങളേക്കുറിച്ചാണ് .

മലയാള നായികമാരുടെ മരണത്തെ പത്തായി തരം തിരിക്കാം...

ഒന്ന്: കെട്ടി ഞാന്നു ചാകൽ:-
നായിക കെട്ടി ഞാന്നു ചാകാൻ പലവിധ കാരണങ്ങളുണ്ട്. ഒന്നാമത്തേത് അവിഹിത ഗർഭമായിരിക്കും. ഐപിൽ കണ്ട് പിടിച്ചിട്ടില്ലാത്ത കാലമായതിനാൽ വയറു വീർക്കാൻ വളരെ ചാൻസാണ്. ഗർഭം സമ്മാനിച്ചവനെ രക്ഷിക്കുക എന്ന ദൗത്യം സ്വയമേവ ഏറ്റെടുത്താണ് നായിക കെട്ടിത്തൂങ്ങാൻ തീരുമാനിയ്ക്കുന്നത്. മിക്കവാറും ഇത് ചെയ്തിരുന്നത് ഓപ്പോൾ എന്ന വംശ പരമ്പരയിൽ പെട്ടവരായിരുന്നു. ഇന്ന് ഓപ്പോളോ, ജോപ്പോളോ, ജോപ്പോൾ അഞ്ചേരിയോ സിനിമയിൽ നിന്ന് അന്യം നിന്ന് പോയതു കൊണ്ട് കെട്ടി ഞാന്നു ചാകലും വംശ നാശം സംഭവിച്ച് പോയ മട്ടാണ്. നായിക തൂങ്ങിച്ചത്തു എന്ന് മനസ്സിലാകുന്നത്, പലപ്പോഴും നായികയുടെ അനിയത്തി മുറിയിലേക്ക് കയറി വരുമ്പോൾ എയറിൽ നിൽക്കുന്ന രണ്ട് കാലുകൾ കണ്ടാവും. എങ്ങും തൊടാതെ വായുവിൽ കാല് കണ്ടാൽ അന്നേരം മനസ്സിലാക്കിക്കോണം, നായിക കെട്ടിത്തൂങ്ങിച്ചത്തെന്ന്.

രണ്ട്: കെട്ടിടത്തീന്ന് ചാടി ചാകുന്നത്:-
കെട്ടിടത്തീന്ന് ചാടിച്ചാകുന്നത് വല്ലപ്പോഴും മാത്രമായിക്കണ്ടു വരുന്ന പ്രതിഭാസമാണ്. മുൻപൊക്കെ രണ്ടു നില ബംഗ്ലാവിന്റെ മേലേന്ന് ചാടി ചാവുന്ന നായികമാരുണ്ടായിരുന്നു. നടുമുറ്റത്ത് നായിക കമിഴ്ന്ന് കിടക്കുകയും, നിലത്ത് തലയുടെ ഭാഗത്ത്, രക്തം പമ്പാ നദി പോലെ കിട്ക്കുകയും ചെയ്താൽ അന്നേരം ഉറപ്പിച്ചോളണം നായിക ചാടിച്ചത്തു. കേരളത്തിൽ ഫ്ലാറ്റ് സംസ്കാരം ഒക്കെ  ആയതോടുകൂടി, ഇത്രയും ഉയരമുള്ള കെട്ടിടത്തിൽ നിന്നും എങ്ങനെ ചാടും എന്ന ബുദ്ധിമുട്ടുകൊണ്ടാവണം ഇപ്പോ ചാടിച്ചത്തു എന്ന് കേൾക്കുന്നത് അപൂർവമാണ്.

മൂന്ന്: നായിക കൊക്കയിൽ ചാടി ചാകുന്നത് :
നായിക കൊക്കയിലേക്ക് ചാടുന്നത് ഒരുപാട് പ്രതീക്ഷകളോടെയാണ്. പക്ഷേ അവിടെ നാശം പിടിച്ച നായകൻ അപ്രതീക്ഷിതമായി അവതരിച്ചു കളയും. കൊക്കയിലേക്ക് ചാടുന്ന നായികയുടെ വിരലിന്റെ അറ്റത്ത് പിടിയ്ക്കുന്ന നായകൻ അവളെ വല്ല വിധേനയും രക്ഷിച്ചെടുത്ത് കളയും. ഈ സാങ്കേതിക വിദ്യ മലയാളത്തേക്കാൾ ഉപയോഗിക്കപ്പെട്ടത് എൺപതുകളിലെ മിഥുന് ചക്രവർത്തി, അമിതാഭ് ബച്ചൻ ഹിന്ദി സിനിമകളിലായിരുന്നു.  എങ്കിലും ചാടിച്ചത്ത നായികമാർ ഭാഗ്യം ചെയ്തവരാണ്. കൊക്കയിലേക്ക് എടുത്ത് ചടി മരിച്ച നായികമാരുടെ പ്രേതം വാഗമണ്ണും, കൊടൈക്കനാലിലും ഇപ്പോഴും അലയടിയ്ക്കുന്നു.

നാല്: ട്രെയിനിന്റെ മുൻപിലേക്ക് ചാടി ചാകൽ:-
അലറിപ്പാഞ്ഞു വരുന്ന ട്രെയിൻ.... ഉലഞ്ഞ സാരിയും, മുഖത്തെന്തോ, തലേന്നത്തെ ഉറക്കം ശരിയായില്ലെന്ന ഭാവവും മായി ട്രാക്കിന്റെ ഓരം ചേർന്ന് നായിക നിൽക്കുന്നുണ്ടെങ്കിൽ ഉറപ്പിക്കണം. അവളെടുത്ത് ചാടും... നിർഭാഗ്യമെന്ന് പറയട്ടെ ഇങ്ങനെയെങ്കിലും ചാടി, ഈ നായകനിൽ നിന്ന് രക്ഷപെടാമെന്നു കരുതുന്ന നായികയ്ക്ക് അവിടേയും രക്ഷയില്ല. നായകൻ സ്പോട്ടിലെത്തും, നായികയെ ട്രെയിനിനു മുൻപിൽ നിന്ന് വലിച്ച് മാറ്റി, മെറ്റിലിലൂടെ ഉരുണ്ട് പിരണ്ട് വല്ല വിധേനയും ഒരു ദുർമരണം ഒഴിവാക്കും. കഷ്ട്ടമെന്നല്ലാതെ എന്തു പറയാൻ

അഞ്ച്: ബലാത്സംഗം ചെയ്ത് കൊല്ലൽ:-
ഘടാഘടിയനായ വില്ലന്മാർ നായികയെ പൂണ്ടടക്കം ബലാൽസംഗം ചെയ്ത് ദാരുണമായി കൊലപ്പെടുത്തുന്നത് കണ്ട് മലയാള സിനിമ ഞെട്ടിത്തരിച്ചിട്ടുണ്ട്. ബലാത്സംഗത്തിനിരയായി കൊല്ലപ്പെടുന്ന നായികയുടെ ഐഡന്റിറ്റി - മുഖത്തെ നഖപ്പാടുകൾ, ചുണ്ടിലെ ചോര, ഉലഞ്ഞ മുടി, പറിച്ചെറിയപ്പെട്ട വസ്ത്രങ്ങൾ തുടങ്ങിയവയായിരിക്കും. ഇത്രയും രോഗ ലക്ഷണങ്ങൾ കാണപ്പെട്ടാൽ ഉറപ്പിച്ചോളൂ അത് ബലാത്സംഗ കൊലപാതകം തന്നെ...

ആറു: വിഷം കഴിച്ച് ചാകൽ:-
വിഷം കഴിച്ച് ചത്ത നായികമാരുടെ എണ്ണം അസംഖ്യമാണ്. വിഷം കഴിച്ച് ചാകുന്ന നായികമാരെ ശ്രദ്ധിച്ചാലറിയാം അവർ ക്ഷയിച്ച തറവാട്ടിലെ ആത്മാഭിമാനമുള്ള പെണ്ണുങ്ങളാരിയ്ക്കും. കുടുമ്പത്തിലെ ഇല്ലായ്മ, മറ്റുള്ളവരുടെ അപമാനം, കൈ നീട്ടാനുള്ള മടി തുടങ്ങിയവയാണ് ഇത്തരം നായികമാരേക്കൊണ്ട് ഈ കടും കൈ ചെയ്യിപ്പിക്കുന്നത്. ഏതെങ്കിലും നായിക  വിഷം കഴിച്ച് മരിച്ചെന്ന് കേട്ടാൽ അന്നേരം ഓർത്തോളണം, അവൾ കുടുമ്പത്തിൽ പിറന്നവള് തന്നെ എന്ന്.

ഏഴ്: ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യൽ:-
ഞരമ്പ് മുറിച്ച് ആത്മഹത്യ ചെയ്യുന്ന നായിക മിക്കവാറും ഹോസ്റ്റലിൽ ജീവിയ്ക്കുന്നവളായിരിക്കും. അല്ലെങ്കിൽ മാതാപിതാക്കളുടെ സ്വരച്ചേർച്ചയില്ലായ്മ മൂലം തീവ്ര മനോ വേദന അനുഭവിയ്ക്കുന്നവളും. ഇങ്ങനെ ആത്മഹത്യ ചെയ്യുന്നവർ നേരേ ബാത് റൂമിൽ എത്തി ഒരു ബക്കറ്റ് വെള്ളത്തിലേക്കോ, ടമ്പ്ലറിലേക്കോ, വാഷ്ബേസിനിൽ തന്നെയോ ഞരമ്പ് മുറിച്ച് കൂളായി ചത്ത് കിടക്കും. ഇങ്ങനെ ചാകുന്നവർ നരകത്തിലേക്കേ പോകൂ എന്ന് വേണം അനുമാനിയ്ക്കാൻ. ശരീരത്തിൽ ഒരു തുള്ളി രക്തം ശേഷിച്ചിട്ടില്ലാത്തതു കാരണം ഇവർക്ക് സ്വർഗ്ഗം വരെ പോയെത്തിച്ചേരാനുള്ള ആരോഗ്യം ഉണ്ടായിരിക്കില്ല.

എട്ട്: ചത്ത് കുളത്തിൽ പൊങ്ങിക്കിടക്കൽ:-
ചത്ത് കുളത്തിൽ പൊങ്ങിക്കിടന്ന നായികമാർ വംശനാശം സംഭവിച്ച് കഴിഞ്ഞിരിയ്ക്കുന്നു. പേരിനു പോലും ഒരു തറവാട് കാണിയ്ക്കാൻ ഇന്നത്തെ സിനിമക്കാർ മടിയ്ക്കുന്നതാണ് ഇതിന് കാരണം. തറവാടുകളും അവിടുത്തെ ജന്മി കുടിയാൻ തത്വ പ്രതിസന്ധികളും മൂലമാണ് നായികമാർക്ക് കുളത്തിൽ ചത്ത് പൊങ്ങിക്കിടക്കേണ്ടി വന്നത്. മിക്കവാറും താനുമായുള്ള അവിഹിത ബന്ധത്തിന്റെ ഫലമായി നായികയുടെ വയർ വീർത്തതു കൊണ്ട്, തറവാട്ടിലെ കാരണവരായിരിക്കും ഈ കടും കൈ ചെയ്തിരിക്കുക. നായികയുടെ മരണ കാരണം അടി വയറ്റിലേറ്റ തൊഴിയാവും. ഇങ്ങനെ മരിയ്ക്കുന്ന നായികമാർ കൂടുതലും, അടിച്ചു തളി ജാനുവിന്റെ കാറ്റഗറിയിൽ പെട്ടതായിരിക്കും. അല്ലെങ്കിൽ തറവാട്ടിലെ ഹോം നേഴ്സ്...

ഒൻപത്: വെടിയുണ്ട,വാൾ, കഠാര തുടങ്ങിയവ മൂലമുള്ള മരണം:-
ഈ വക മരണങ്ങൾ അന്തമില്ലാതെ സംഭവിച്ച് കൊണ്ടിരിയ്ക്കുന്നു. ഇന്നലെയും, ഇന്നും, എന്നും ഇങ്ങനെ ചാകുന്ന നായികമാർ നില നിന്നുകൊണ്ടേയിരിക്കും

പത്ത്: ഗുളിക കഴിച്ച് ചാകൽ:-
ഗുളിക കഴിച്ച് ചാവുന്നതാണ് എക്കാലത്തേയും മലയാള സിനിമയിലെ സ്റ്റാൻഡേർഡ് സൂയിസൈഡ്. ഇത് കൂടുതലായും കാണപ്പെട്ടത് മധു സിനിമകളിലാണ് [എടാ പട്ടീ... ഇതു ഞാനാടാ മഴൂ.....]
 മധുവിന്റെ ഭാര്യയോ, കാമുകിയോ, അവിഹിത കേസു കെട്ടോ ഒക്കെയായ ശ്രീവിദ്യ, ജയഭാരതി, സീമ തുടങ്ങിയ വല്യ വീട്ടിലെ നായികമാർ, ഫാൽക്കൺ പ്രൊഡക്റ്റിന്റെ സ്റ്റിക്കറൊട്ടിച്ച ബംഗ്ലാവിലെ ബെഡ്രൂമിൽ വെച്ച്, ഈ രീതിയിൽ ആത്മഹത്യ ചെയ്ത് ഇല്ലാതായിട്ടുണ്ട്. ഒരു തരം റോസ് നിറമുള്ള ഡപ്പി എടുക്കും, കുഞ്ഞു കുഞ്ഞു ഗുളികകൾ ഡപ്പിയോടെ കയ്യിലേക്ക് കമിഴ്ത്തിയിട്ട് അത് അപ്പാടെ വായിലേക്കിട്ട് വിഴുങ്ങും. പിറ്റേന്ന് നേരം വെളുക്കുമ്പോ നായിക ക്ലോസായിക്കിടക്കുന്നതാണ് പ്രേക്ഷകൻ കാണുന്നത്. ഇത്തരം സാംബ്രദായിക ആത്മഹത്യ ചെയ്തു പോന്നിരുന്നത്, സമൂഹത്തിലെ ഉന്നതകുലജാതരായതു കൊണ്ട്, ഈ സൂയിസൈഡിനെ സൂയിസൈഡുകളിലെ രാജാവ് എന്ന് പറയപ്പെടുന്നു. 

ചൊവ്വാഴ്ച, മാർച്ച് 27, 2012

അഞ്ചാം മന്ത്രി ഉറങ്ങാത്ത വീട്

കോബ്രയേതാ കോപ്പേതാന്നറിയാത്തവനെ പിടിച്ച് കോപ്പൻഹേഗനിലോട്ട് അയച്ചെന്ന് പറഞ്ഞതു പോലാണ്, അഞ്ചാം മന്ത്രിക്ക് വേണ്ടി കോൺഗ്രസ്സുകാരോട് സംസാരിയ്ക്കാൻ വന്ന ലീഗുകാരുടെ അവസ്ഥ..

അഞ്ചാം മന്ത്രി അഞ്ചാം മന്ത്രി എന്ന് കേൾക്കാൻ തുടങ്ങീട്ട് കാലം കുറേയായി.
അഞ്ചാം മന്ത്രി ഒട്ടാകുന്നതുമില്ല, മന്ത്രിക്ക് വേണ്ടിയുള്ള അവകാശവാദം ഒട്ട് തീരുന്നതുമില്ല. അഞ്ചാം മന്ത്രിയുടെ കാര്യവും, ഇൻഡ്യ ചൈനയെ സാമ്പത്തികമായി കടത്തി വെട്ടുന്ന കാര്യവും കോട്ടമൈതാനത്ത് മഴവില്ല് തെളിഞ്ഞതു പോലെയാണെന്നാണ് പണ്ടൊരു മഹാൻ താളിയോലയിൽ എഴുതിപ്പിടിപ്പിച്ചത്.

ലീഗ്, അഞ്ചാം മന്ത്രിയെ ഇപ്പോ വാഴിയ്ക്കും എന്ന് പറയാൻ തുടങ്ങിയതിന് ശേഷം സംസ്ഥാനത്തെ അന്തർ ബന്തർ  കുന്ദളങ്ങളിലൂടെ ഒട്ടനവധി ചരിത്ര സാംസ്കാരിക മാറ്റങ്ങൾ ഒഴുകിപ്പോയിട്ടുണ്ട്. വാവ സുരേഷ് ഒന്നല്ല, നാലു വട്ടം പത്തനം തിട്ടയിലെ ആങ്ങമൂഴിയിൽ നിന്നും രാജവെമ്പാലയെ പിടിച്ചു. വെട്ടു കുട്ടനെന്ന വെണ്ടർ ക്രിമിനൽ, മൃഗയയിലെ വാറുണ്ണിയേപ്പോലെ - ഒരു പുലിയെ കൊന്ന് അതിന്റെ നെഞ്ചിൽ ചവിട്ടി നിന്ന് ദിഗന്തങ്ങൾ നടുങ്ങുമാറുച്ചത്തിൽ ജാമ്മ്യത്തിനപേക്ഷിച്ചു. മോഹൻ ലാലിന്റെ കാസനോവ ഇറങ്ങി. മമ്മൂട്ടീടെ കോബ്ര റിലീസാകാൻ പോകുന്നു. പാർവതീ ഓമനക്കുട്ടൻ ബില്ലയിൽ അഭിനയിച്ച് തുടങ്ങി, അഭിസാരികയ്ക്ക് കറിവേപ്പില എന്ന് മലബാർ മാനുവലിലും ഭാഷാ നിഘണ്ടുക്കളിലും തുല്യം ചാർത്തി. പക്ഷേ  എന്നിട്ടുമെന്തേ അഞ്ചാം മന്ത്രി മാത്രം വരുന്നില്ല എന്നോർത്ത് ആശങ്കാകുലരായിരിയ്ക്കുകയാണ് കോണ്ടോട്ടി മുതൽ കുറവിലങ്ങാട് വരെയുള്ള സാദാ പീപ്പിൾസ്.

അഞ്ചാം മന്ത്രി വരുന്നതും, കർത്താവ് വീണ്ടും വരുന്നതും ഒരേ ദിവസം ആകാതിരിയ്ക്കാനുള്ള തയ്യാറെടുപ്പ് മലപ്പുറത്തെ രാജാപ്പാർട്ട് വേഷധാരികൾ അടുക്കും ചിട്ടയോടെ ആവിഷ്ക്കരിച്ച് തുടങ്ങി എന്ന് വിശ്വസ്ഥ കേന്ദ്രങ്ങളിൽ നിന്ന് നീട്ടിക്കിട്ടിയെ റിപ്പോർട്ടുണ്ട്. മുല്ലപ്പെരിയാർ പൊട്ടും, അല്ല പൊട്ടില്ല, അല്ല പൊട്ടുട്ടും, അല്ല പൊട്ടുട്ടില്ല, എന്നാ പൊട്ടുട്ടുട്ടുട്ടിക്കോട്ടെ എന്നൊക്കെ പറയും പോലെ, വായിൽ തോന്നുന്നത് കോതയ്ക്ക് പാട്ടായാണ് ലീഗ് പ്രമാണികൾ തട്ടി മൂളിയ്ക്കുന്നത്. കുറച്ച് നാൾ അനക്കമൊന്നുമില്ലാതിരുന്ന അഞ്ചാം മന്ത്രി ഇപ്പോ, അനൂപ് ജേക്കബിന്റെ മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് വീണ്ടുമൊന്ന് ഉഷാറായിട്ടുണ്ട്.

അനൂപ് ജേക്കബിനൊപ്പം മഞ്ഞളാം കുഴി അലിയ്ക്കും കൂടി ഒരു തൂവെളള ജൂബാ തയ്ച്ച് കാത്തുകെട്ടി ഇരിക്കുകയാണ് ലീഗ്. നാളെ നിർണായകമായ യു.ഡി.എഫ്. യോഗം ആരംഭിക്കാനിരിയ്ക്കേ മഞ്ഞളാം കുഴി അലിയ്ക്ക് വേണ്ടി തയ്ച്ച ജൂബാ, ഹാങ്കറിൽ തന്നെ കിടക്കണമോ, അതോ മഞ്ഞളാം കുഴി അലി അതുമിട്ടോണ്ട് സഭയിലേക്ക് പ്ലിമത്തേൽ വന്നിറങ്ങണോ എന്ന് കോൺഗ്രസ് ജൂബക്കാർ തീരുമാനിയ്ക്കും. എല്ലാ ജൂബക്കാരും കൂടി ചേർന്ന് ആകെ മൊത്തത്തിൽ ഒരു അജൂബയാകുന്ന ലക്ഷണം കാണുന്നുമുണ്ട്.

ഈ സർക്കാരിന്റെ കാലാവധി തീരുന്നതിന് മുൻപ് ഒരു അഞ്ചാം മന്ത്രി ഉണ്ടായി കാണുമോ എന്ന വിക്രീളിത വിക്ഷോളനത്താൽ നാട്ടുകൂട്ടവും ആകെ അങ്കലാപ്പിലാണ്. പത്തനം തിട്ടയിൽ വാവ സുരേഷ് ഒരിയ്ക്കൽ കൂടി രാജ വെമ്പാലയെ തേടി എത്തും മുൻപ് ഒരഞ്ചാം മന്ത്രി, ഒരൊറ്റ അഞ്ചാം മന്ത്രി... അതാണ് ലീഗിന്റെ ആത്യന്തിക സ്വപ്നം. ലീഗിന്റെ സ്വപ്നവും, മഞ്ഞളാം കുഴി അലിയുടെ വിമ്മിഷ്ട്ടവും എത്രയും പെട്ടന്ന് മാറാനായി സാക്ഷാൽ ഒബാമ തന്നെ ഇടപെടേണ്ടുന്ന സന്ദർഭം ഒഴിവാക്കണമെന്നേ എനിക്ക് യു.ഡി. എഫ്. നേതൃത്വത്തിനോട് അപേക്ഷിയ്ക്കാനുള്ളു.


ടാമാർ പടാർ:

[ലീഗിലിപ്പോ, മാന്നാർ മത്തായി സ്പീക്കിങ്ങിൽ ഇന്നസെന്റും, മുകേഷും തമ്മിൽ നടത്തിയ സംഭാഷണമാണ് അരങ്ങേറുന്നതെന്ന് വിശ്വസനീയ റിപ്പോർട്ടുണ്ട്. ചോർന്ന് കിട്ടിയത് താഴെ കൊടുക്കുന്നു...]

X: മത്തായിച്ചേട്ടാ ഞാൻ ആയിരം അഞ്ചാം മന്ത്രിയെ കൊണ്ടുവരും, ആയിരം അഞ്ചാം മന്ത്രിയെ.......

Y: ആയിരം അഞ്ചാം മന്ത്രിയെ കൊണ്ടു വന്നാൽ നിന്റപ്പൻ ചിലവിന് കൊടുക്കുമോടാ? ഒര് അഞ്ചാം മന്ത്രിയെ കൊണ്ടുവാടാ..,  ഒര് അഞ്ചാം മന്ത്രിയെ....


വ്യാഴാഴ്‌ച, മാർച്ച് 22, 2012

മോശപ്പാസ്റ്റർ മോശക്കാരനാവുന്നു....

മോശ പാസ്റ്റർ എതിരാളിക്കൊരു പോരാളിയും ശക്തരിൽ ശക്തനുമായിരുന്നു. മോശ പാസ്റ്ററൊന്നു ഭത്സിച്ച് പ്രാർത്തിച്ചാൽ സാന്റ്വിച്ച് തിന്നുന്ന സാത്താൻ സൗത്തിന്ത്യ കടന്ന് ന്യൂ സൗത്ത് വെയിൽസിലേക്ക് പലായനം ചെയ്യുമായിരുന്നു. അത്ര പ്രവചന വരമുള്ള ആളായിരുന്നു മോശ പാസ്റ്റർ. ലൂയീ പാസ്റ്റർ ആരാണെന്ന് ചോദിച്ചാൽ അത് മോശപ്പാസ്റ്ററുടെ അപ്പാപ്പനാണെന്ന് സഭയിലെ അമ്മാമ്മമാർ പറയുന്ന കാലമായിരുന്നു അത്.

കാര്യങ്ങളിങ്ങനെയൊക്കെ ആയിരുന്നെങ്കിലും,  മോശപ്പാസ്റ്ററുടെ ഏറ്റവും വലിയ വീക്നസ്സ് ഗൾഫിലുള്ള ഭർത്താക്കൻമ്മാരുടെ നാട്ടിൽ കഴിയുന്ന മദാലസകളായ അമ്മാമ്മമാരായിരുന്നു. അവരുടെ ഏത് അനർഥത്തിലും പാസ്റ്ററൊരു നല്ല ഇടയനേപ്പോലെ സഹായം ചൊരിഞ്ഞു പോന്നു. നരകത്തിലേക്ക് പൊയ്ക്കൊണ്ടിരുന്ന പല അമ്മാമ്മമാരുടേയും, കയ്യും, മറ്റ് പലതും പിടിച്ച് അവരെ സ്വർഗ്ഗ രാജ്യത്തിന്റെ നിത്യതയിലേക്ക് പാസ്റ്റർ ഒരുപാട് വട്ടം കൂട്ടിക്കൊണ്ട് പോയിട്ടുണ്ട്. അതൊക്കെ അതൊക്കെ സഭാ വിശ്വസികളെ പോലും അംബരപ്പിച്ചു.

പാസ്റ്ററുടെ സ്ഥിരം സന്ദർശക വീടായിരുന്നു ഇരുമ്പും മൂട്ടിൽ സ്റ്റെല്ലയുടെ വീട്. സ്റ്റെല്ലയുടെ ഭർത്താവ് ദുബായീലായിരുന്നു. സ്റ്റെല്ലയാണെങ്കിൽ നല്ല സ്റ്റൈലും. രണ്ട് പെറ്റതാണെന്നും, എട്ടും, അഞ്ചും വയസ്സുള്ള രണ്ട് പിള്ളേരുടെ മമ്മിയാണെന്നും സ്റ്റെല്ലയെക്കണ്ടാൽ ദൈവം തമ്പുരാൻ പോലും പറയുകേലാരുന്നു. സ്റ്റെല്ലയുടെ സ്റ്റൈലു കണ്ട മോശ പാസ്റ്റർ സില്ലെന്ന് ഒരു കാതലിൽ വീണു പോയത് പെട്ടന്നാണ്.

സ്റ്റെല്ലയെ വീഴ്ത്തണം എന്ന് പാസ്റ്റർക്ക് അരുളപ്പാടുണ്ടായി. അത്രയും നാൾ "എനിക്കുണ്ടേലെന്താ എനിക്കില്ലേലെന്താ എല്ലാം കർത്താവു തന്നതല്ലേ" എന്ന പാട്ട് പാടി നടന്ന മോശപ്പാസ്റ്റർ അന്നു മുതൽ വാരണം ആയിരത്തിലെ "നെഞ്ചുക്കുൾ പെയ്തത് മാമഴ" എന്ന് അപാട്ട് സീക്രട്ടായി മൂളി നടക്കാൻ തുടങ്ങി. അതിന്റെ ഇടയ്ക്ക് രണ്ട് ഹല്ലേലൂയ കൂടി കേറ്റി പാസ്റ്റർ അതൊരു ക്രിസ്തീയ  ഭക്തി ഗാനമാക്കി മാറ്റി.

തുടർന്ന് മോശപ്പാസ്റ്ററുടെ ഘോരഘോരം ഉപവാസ പ്രാർഥനകൾ സ്റ്റെല്ലയുടെ വില്ലയിൽ പതിവാകാൻ തുടങ്ങി. പാസ്റ്ററുടെ പ്രാർത്തനയും സ്റ്റെല്ലയുടെ ഉപവാസവും നാട്ടിൽ ചർച്ചാ വിഷയമായി. മോശപ്പാസ്റ്ററുടെ ഉപവാസ പ്രാർഥനയു സാത്താനെ ഭത്സിക്കലും സ്റ്റെല്ലയുടെ വില്ലയെ പ്രകമ്പനം കൊള്ളിച്ചു. അവിടുന്ന് അവ്യക്തമായി കേട്ട ഞരക്കവും മൂളലും ശ്രദ്ധിച്ച ജനങ്ങൾക്ക് ഒന്ന് മനസ്സിലായി. പാസ്റ്റർ ആള് ചില്ലറക്കാരനല്ല, സാത്താനെ ഒരു പരുവമാക്കി എടുത്തിട്ടിടിയ്ച്ച് സാത്താൻ ജീവശ്ചവമായി ഞരങ്ങി മൂളി ഊർദ്ധശ്വാസം വലിയ്ക്കുന്നു.

തന്റെ പതിവ് വരത്തു പോക്കും ഉപവാസവും നാട്ടിൽ മൊത്തം ചർച്ചയായത് പാസ്റ്ററും അറിഞ്ഞില്ല സ്റ്റെല്ലയും അറിഞ്ഞില്ല. അഥവാ സ്റ്റെല്ലയ്ക്ക് നാട്ടുകാരറിഞ്ഞെന്ന് അറിഞ്ഞാലും പുല്ലായിരുന്നു. ഭർത്താവ് ഗൾഫിലുള്ള സ്റ്റെല്ല നിത്യമായ നരകത്തിലേക്ക് പൊയ്ക്കൊണ്ടിരുന്നപ്പോൾ, അവളെ സ്വർഗ്ഗരാജ്യത്തിന്റെ അനുഭവങ്ങളിലേക്ക് കൈപിടിച്ച് ഉയർത്തിയത് മോശപ്പാസ്റ്ററാണ്. പാസ്റ്ററേയും പാസ്റ്ററു കാണിച്ചു തരുന്നന സ്വർഗത്തേയും സ്റ്റെല്ലേടെ പട്ടി ഉപേക്ഷിക്കും!

കാര്യങ്ങൾ ഇങ്ങനെയൊക്കെ പോകവേയാണ് തികച്ചും ആകസ്മികമായി ആ സംഭവം അരങ്ങേറിയത്. സ്റ്റെല്ലയ്ക്കൊരു വില്ലൻ മകനുണ്ടായിരുന്നു.  രണ്ട് മക്കളിൽ മൂത്തതും, വിളഞ്ഞതുമായ കുരുത്തം കെട്ട  ഫ്രെഡറിക്ക്. അവനാണ് എല്ലാം ഒരു പരുവമാക്കി ടമാർ പടാറാക്കിയത്.

പതിവ് പോലെ അന്നും  മോശപ്പാസ്റ്റർ, സ്റ്റെല്ലാ വില്ലയിലേക്ക് ഉപവാസ പ്രാർഥനയ്ക്കും സ്വർഗ്ഗീയ നിറവുകൾക്കുമായി കടന്നു വന്നു. ഗ്ലോറീ
അന്ന് ഫ്രെഡറിക്ക് അവിടുണ്ട്.

സ്റ്റെല്ലയുടെ തലയിൽ കൈവെച്ച് പ്രാർത്ഥിക്കുകയായിരുന്നു. പാസ്റ്റർക്ക് സ്പിരിറ്റ് കേറി പാസ്റ്റർ ആത്മാവിൽ ആരാധിക്കാൻ തുടങ്ങി.  അതോടെ പാസ്റ്റർ അന്യഭാഷകൾ ഒരോന്നൊരോന്നായി വെളിപാട് കിട്ടിയതു പോലെ വിളംബാൻ ആരംഭിച്ചു. പാസ്റ്ററുടെ ആദ്യ അന്യഭാഷ വായിൽ നിന്ന് ചുടുല വേഗതയിൽ പുറത്ത് ചാടി.

"റിക്കാബലാ ഷക്കീലാമ്മ! റിക്കാബലാ ഷക്കീലാമ്മ!  ഭ! പരട്ടപ്പിശാചേ. എഴുനേറ്റ് പൊക്കോണം!!!"
പാസ്റ്ററുടെ ഭത്സനം കേട്ട് ഫ്രെഡറിക്ക് ഞെട്ടി, അവൻ പ്രകംബനം കൊണ്ടു.
സ്റ്റെല്ലാ വില്ലയുടെ സെപ്റ്റിക്ക് ടാങ്ക് പൊട്ടി...

പ്രകംബനം അടങ്ങിയ ഫ്രെഡറിക് ഓർക്കാപ്പുറത്ത്, ഉടനടി ഉറക്കെയൊരു ചോദ്യമാണ്.
"ഷക്കീലാമ്മയോ?പാസ്റ്ററങ്കിള് ഷക്കീലേടെ പടമൊക്കെ കാണുവോ???"

അപ്രതീക്ഷിതമായ ചോദ്യം കേട്ട് പാസ്റ്ററൊന്ന് അമ്പരന്നു.
പാസ്റ്ററൊന്ന് ചൂളി. പ്രാർഥനയ്ക്കിടയിലും പാസ്റ്ററുടെ മുഖത്ത് ഇളിഭ്യത നിറഞ്ഞു. ഒരു കണ്ണ് നൈസായി തുറന്ന് പാസ്റ്റർ ഫ്രെഡറിക്കിനെ ഒന്ന് നോക്കി. അതേ സമയം സ്റ്റെല്ലയും ഒരു കണ്ണ് പതുങ്ങനെ തുറന്ന് ഫ്രെഡറിക്കിനെ നോക്കി രോക്ഷം കൊണ്ടു. അന്യ ഭാഷയുടേയും ഭത്സനത്തിന്റേയും ഒഴുക്ക് മുറിഞ്ഞ പാസ്റ്റർ ഇറ്റാലിയൻ കപ്പലിൽ നിന്നുള്ള വെടികൊണ്ട് തകർന്ന മത്സ്യ ബന്ധന തൊഴിലാളികളേപ്പോലെ അവിടെക്കിടന്ന് കൈകാലിട്ടടിച്ചു.

വെളിപ്പാടുകളുടെ ഉറവയ്ക്ക് ഉടച്ചിൽ സംഭവിച്ച മോശപ്പാസ്റ്റർ സ്തോത്രം ഗ്ലോറി പ്രെയ്സ് ദി ലോർഡ് തുടങ്ങിയ വാചകങ്ങൾ ആവർത്തിച്ചാവർത്തിച്ച് നേരം കളയാൻ വെപ്രാളപ്പെട്ടു. സ്റ്റെല്ല അക്ഷമയിലായി. സ്റ്റെല്ലയ്ക്ക് എങ്ങനെയെങ്കിലും സ്വർഗ്ഗരാജ്യം കണ്ടാൽ മതിയെന്നേ ഉണ്ടായിരുന്നുള്ളു. സ്റ്റെല്ല മൂന്നു വട്ടം ജെട്ടൽ രേഖപ്പെടുത്തി.

അന്നേരം പാസ്റ്റർ വീണ്ടും അന്യഭാഷകളിലേക്ക് ഊടാടി സഞ്ചരിക്കാൻ തുടങ്ങി.പാസ്റ്ററുടെ വായിൽ നിന്ന് അന്യഭാഷയുടെ പ്രളയം വീണ്ടും ആരംഭിച്ചു

"കൂടാരാരാ ഷീബാമ്മാമ്മ... കൂടാരാരാ ഷീബാമ്മാമ്മ... കൂടാരാരാ ഷീബാമ്മാമ്മ... കൂടാരാരാ ഷീബാമ്മാമ്മ..."

ഉടനടി അതാ ഫ്രെഡറിക്കിന്റെ അടുത്ത ഡയലോഗ്
"കൂടാരാ ഷീബാമാമ്മയോന്നോ? അപ്പുറത്തെ  ഷീബാമാമ്മ അതിന് പണ്ടേ ചത്തതാണല്ലോ..."

ഇത്തവണ പസ്റ്ററുടെ അന്യ ഭാഷ അവിടെ ഫുൾസ്റ്റോപ്പായി.
സ്റ്റെല്ല അവിടെ നിന്ന് വില്ലിച്ചു.
"സ്റ്റെല്ല ഒറ്റ അലർച്ചയലറി. എറിഞ്ഞ് നിന്നെ ഞാൻ മലത്തും..."

മോശപ്പാസ്റ്റർ പ്രാർഥന നിർത്തി.അദ്ദേഹം സെറ്റിയിലേക്കിരുന്നു. ഫ്രെഡറിക്കിനെ അടുത്ത് വിളിച്ച് അവനെപ്പിടിച്ച് മടിയിലിരുത്തി. എന്നിട്ട് സ്റ്റെല്ലയോട് പറഞ്ഞു.

"ഇവൻ കൊച്ചല്ലേ. ഇങ്ങനൊന്നും പറയുന്നത് കാര്യമാക്കണ്ട. അതൊക്കെ അറിവാകുമ്പോൾ മാറിക്കോളും"

അപ്പോഴാണ് ഫ്രെഡറിക്ക് പാസ്റ്ററുടെ മടിയിലിരുന്ന് അടുത്ത ഡയലോഗ് പൊട്ടിയ്ക്കുന്നത്.

"മമ്മീ ഈ പാസ്റ്ററങ്കിള് നമ്മുടെ പള്ളീലെ ഷേർളിയാന്റിയേം കൊണ്ട് ലോഡ്ജിപ്പോയി മുറിയെടുത്തെന്ന് ജിനു അച്ചാച്ചനൊക്കെ പറയുന്നത് കേട്ടു."

'എന്ത്?'
സ്റ്റെല്ല ഞെട്ടി.
മോശപ്പാസ്റ്റർ ഞെട്ടി. അദ്ദേഹം ചെക്കനെ താഴെ ഇറക്കിയിട്ട് ചാടി എഴുനേറ്റു. 'കർത്താവേ യെവനിതെന്തുവാ പറയുന്നെ?"

പയ്യൻ തുടർന്നു.
"എന്നിട്ട് ഇതൊക്കെ എല്ലാരും അറിഞ്ഞു മമ്മീ. അങ്ങനെ ജിനു അച്ചാച്ചനൊക്കെ  പാസ്റ്ററങ്കിളിനോട് ചോദിച്ചു അങ്കിളെന്തിനാ ആന്റിയേം കൊണ്ട് കൊണ്ട് ലോഡ്ജിൽ പോയേന്ന്.'

മോശപ്പാസ്റ്ററുടെ മുഖത്തു കൂടി വിയർപ്പ് ചാലിട്ടു. പാസ്റ്റർ ബൈബിളെടുത്ത് കക്ഷത്ത് വെച്ച് കൊണ്ട് മുറ്റത്തിരിയ്ക്കുന്ന സ്പ്ലെണ്ടറിലേക്ക് പാളി നോക്കി.

സ്റ്റെല്ല ബ്ലിങ്കി നിൽക്കേ പയ്യൻ തുടർന്നു
"അങ്ങനെ ചോദിച്ചവരോട് പാസ്റ്ററങ്കിള് പറഞ്ഞതാ മമ്മീ വിറ്റ്. പറയട്ടേ പാസ്റ്ററങ്കിളേ..?"

ഒരു നിമിഷം നിശബ്ദമായി  പാസ്റ്ററെയും സ്റ്റെല്ലയേയും നോക്കിയിട്ട് പയ്യൻ തുടർന്നു
"ഷേർളിയാന്റീമായിട്ട് ലോഡ്ജിൽ മുറിയെടുത്തത് ലോഡ് ജീസസിനെ കാണിയ്ക്കാനാരുന്നെന്ന്. ഹഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്"

മോശപ്പാസ്റ്റർക്ക് തല കറങ്ങുന്നത് പോലെ തോന്നി. സ്റ്റെല്ല, പാസ്റ്ററെ നോക്കി പല്ല് കടിച്ചു. സ്റ്റെല്ലയുടെ പല്ലുകടി, കപ്പാസിറ്ററടിച്ചു പോയ ഉഷാ ഫാനിന്റെ കട കട സൗണ്ട് പോലെ അവിടെ മുഴങ്ങി. എല്ലാം കൊണ്ടും ആകെപ്പാടെ, മോശപ്പാസ്റ്ററുടെ കണ്ട്രോളു പോയി. പാസ്റ്റർ പയ്യനെ ഒന്ന് കലിപ്പിച്ച് നോക്കി. സ്റ്റെല്ലയെ ദയനീയമായി ഒന്നുകൂടി നോക്കി. എന്നിട്ട് ആകാശങ്ങളിലിരിയ്ക്കുന്ന ഒടേ തമ്പുരാനെ ചൂഴ്ന്നു നോക്കിക്കൊണ്ട് പാസ്റ്റർ ഫ്രെഡറിക്കിനു നേരേ കൈ ചൂണ്ടി ഒറ്റ അലർച്ചയായിരുന്നു.

'എന്റെ ദൈവമേ, തന്തയ്ക്ക് പെറക്കാത്ത ഈ മുടിഞ്ഞ പട്ടിക്കഴുവേറീടെ മോനെ ഇന്ന് ഞാൻ ഒറ്റത്തൊഴിയ്ക്ക് മലത്തും. ഇല്ലെങ്കിൽ ഈ ദൈവ ദാസനെ നീ ഇന്നത്തോടം അങ്ങെടുത്തേക്കണേ...."

ചൊവ്വാഴ്ച, മാർച്ച് 20, 2012

ഗ്രേസ്മേരീസ് ഓൺ സ്റ്റോറീസ്.....

 സ്വന്തം, കാമുകനെ തൊട്ടാൽ എന്താ പ്രശ്നം?
എന്തെങ്കിലും പ്രശ്നമുണ്ടെന്ന് ഒരു പെണ്ണായ എനിക്ക്  ഇതുവരെ തോന്നിയിട്ടില്ല.

ഞാൻ എന്റെ വുഡ്ബീ കുര്യാക്കോസിനെ ഒരിയ്ക്കൽ തൊട്ടിട്ടുണ്ട്....

ഒരു സായം സന്ധ്യയ്ക്ക് ബീച്ചിലിരിയ്ക്കുമ്പോൾ ഞാൻ കുര്യാക്കോസിനോട് ചോദിച്ചു
കുര്യാക്കോസ് ഞാൻ നിന്നെ ഒന്ന് തൊട്ടോട്ടെ എന്ന്

അവൻ പറഞ്ഞു വേണ്ട അതൊക്കെ കല്യാണം കഴിഞ്ഞ് മതിയെന്ന്... 

ഞാൻ പറഞ്ഞു അല്ല ഒറ്റപ്രാവശയ്ത്തേക്ക് മാത്രം ഞാനൊന്ന് തൊട്ടോട്ടേ എന്ന്

കുര്യാക്കോസ് പറഞ്ഞു.
എന്നാ പതുക്കെ തൊട്ടോളാൻ....
 അപ്പോ അവന്റെ തൊണ്ടക്കുഴിയിൽ വെള്ളം ഇറങ്ങി... 

പിന്നൊട്ടും വൈകിയില്ല, വിറയാർന്ന കൈവിരലുകൾ ഉയർത്തി അവനെ ഞാൻ ഒന്ന് തൊട്ടു. അവന്റെ കണ്ണിൽ...

പിന്നീട് അവന്റെ കണ്ണ് ശരിയായത് വാസൻ ഐ കെയറിൽ പോയിട്ടാണ്.... പാവം................


==========================================================================
==========================================================================



ഈറ്റക്കാട്ടിൽ ഈപ്പൻ ഈനാശു.
 കേട്ടിട്ടുണ്ടോ?എന്റപ്പനാ... 

ഞങ്ങളന്ന് ഹൈറേഞ്ചിലാ ഹൈറേഞ്ചിൽ.
മൊബൈലിന് റേഞ്ചില്ലെന്നൊരൊറ്റ കുഴപ്പമേ ഹൈറേഞ്ചിലുണ്ടാരുന്നുള്ളു. തോപ്രാംകുടീടെ വടക്ക് കിഴക്ക് ഭാഗങ്ങളിലായി നീണ്ടു പരന്ന് ഫലഭൂയിഷ്ഠമായ സമതലമായിരുന്നു ഞങ്ങളുടെ പഞ്ചായത്ത്.

വളർത്ത് പട്ടിയെ കല്ലെറിഞ്ഞ റേഞ്ചറു സായിപ്പിന്റെ തല ഒറ്റയേറിന് പൊട്ടിച്ചവനാ എന്റെ അപ്പൻ. 

അപ്പനൊരു ദിവസം രാവിലേ കാട്ടിലോട്ട് പോകുന്നത്  കണ്ടു.
രാത്രി കേറി വരുന്നത് ഭയങ്കരനൊരു കരടിയേം കൊണ്ടാ...
ഞാനും അമ്മച്ചീം കൊച്ചേച്ചീം ഞെട്ടി....

എങ്ങും ഇരുട്ട്...

അന്നേരം അമ്മ എന്നോട് ചോദിക്കുവാ, "കൊച്ചേ ഇതിലേതാടീ അപ്പനെന്ന്...."

==========================================================================
==========================================================================




കാന്റൻബറി ആർച്ച് ബിഷപ്പ് കോട്ടുവായിട്ടു.
ഡമാസ്കസ്സിലെ പ്രധാനമന്ത്രി തണ്ണിമത്തൻ ജ്യൂസടിച്ചു.
ആഫ്രിക്കൻ സഫാരിക്കിടയിൽ ഹിപ്പൊപ്പൊട്ടാമസിന്റെ വായിൽ ഒരു നാല് ഒറ്റയാൻ കുടുങ്ങി...
മിഖായേൽ ഗോർബച്ചേവ് ആഫ്റ്റർ ഷേവ് ഉപയോഗിച്ചപ്പോ താടി ചൊറിഞ്ഞു തടിച്ചു.
കാതറിൻ സ്വേറ്റാ ജോൺസ് എഫ്.എച്.എം മാഗസിന്റെ കവറിൽ പർദയിട്ട് പോസ് ചെയ്തു.
ക്ലിയോപാട്ര ക്ലിഫ് ഹാങ്ങർ സിനിമയുടെ വ്യാജ സീഡി വാങ്ങി.
വാവടുത്തപ്പോ കോഴി കാലൻ കൂവി.
വവ്വാലുകൾ ബാറ്റൺബോസിന്റെ വീട് ലക്ഷ്യമാക്കി ചിറകടിച്ചു. 


പുറത്ത് പാണ്ടിലോറിയുടെ ശബ്ദം കേട്ടപ്പോൾ, കയറു കട്ടിലിൽ കിടന്ന് ഉറങ്ങുകയായിരുന്ന കോട്ടയം പുഷ്പ്പനാഥ് ചാടിയെഴുനേറ്റ് ചോദിച്ചു.
"മൂത്ത മോൻ കുവൈറ്റീന്ന് എന്നാ വരുന്നെ.......???"

 ==========================================================================
==========================================================================

വെള്ളിയാഴ്‌ച, മാർച്ച് 16, 2012

സച്ചിന്റെ നൂറിന്...

ടെൻഡുൽക്കർ എന്ന മഹാനായ ക്രിക്കറ്റർ, രാജ്യത്തിന്റെ അഭിമാനം എന്നല്ല ഇൻഡ്യയുടെ പ്രതീകം തന്നെയാണ്. കായബലം കുറഞ്ഞ ശരീര പ്രക്രിതിയുള്ള ഒരു ജനതയുടെ കായികപരതയുടെ പരമം ആണ് തെണ്ടുൽക്കർ. കഴിഞ്ഞ ഇരുപത് വർഷത്തെ കാലത്തുള്ള ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച കളിക്കാർ ബ്രയാൻ ലാറയും തെണ്ടുൽക്കറുമാണ്. ഇനി ഇവരേക്കാൾ ആരെങ്കിലും കളി മിടുക്കനാവാനുള്ള സാധ്യത വളരെ വിരളവുമാണ്.

ഒരു അന്താരാഷ്ട്ര ഗെയിമിൽ റെക്കോഡുകളുടെ മഹത്തായ പ്രാധാന്യത്തെ തെൻഡുൽക്കർ സ്വാംശീകരിയ്ക്കുന്നു. സാക്ഷാൽ ഡൊണാൾഡ് ബ്രാഡ്മാന് അവസാനത്തെ കളിയിൽ കേവലം നാല് റൺ അടിച്ചാൽബാറ്റിങ്ങ് ശരാശരി 100 ആകും എന്ന ഘട്ടത്തിൽ അദ്ദേഹം ഡക്ക് ഔട്ടായി കളം ഒഴിയേണ്ടി വന്ന അനുഭവത്തെ തെൻഡുൽക്കറുമായി ചേർത്ത് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ നൂറ്റി മുപ്പത് കോടി ജനങ്ങളെ ആത്യന്തികമായ നിരാശയിൽ ആഴ്ത്താതെ, മഹാനായ ഒരേയൊരു തെൻഡുൽക്കർ തന്റെ സ്വപ്ന ഫിഗറിലേക്ക് അദ്ദേഹത്തിന്റെ ബാറ്റ് ചലിപ്പിച്ചിരിയ്ക്കുന്നു. നൂറു സെഞ്ച്വറികൾ എന്ന മഹാ കടമ്പ ലോകത്തിന് മുൻപിൽ നേടിക്കൊണ്ട് അദ്ദേഹം മനുഷ്യനെ വീണ്ടും വീണ്ടും സ്വപ്നം കാണാൻ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു...

ലാറയ്ക്ക് റെക്കോദുഡുകൾ കുറവായിരിക്കാം, തെൻഡുൽക്കർ റെക്കോഡുകളുടെ തോഴനും. ബാറ്റിങ്ങ് അഭൗമകതയുടെ ഇടവും വലവുമായിരുന്നു ഈ ലെജണ്ടുകൾ. ഒരു പക്ഷേ വായനക്കാർക്ക് അഭിപ്രായ വ്യത്യാസം ഉണ്ടാവാം. ഇൻഡ്യക്കാരനെ സംബന്ധിച്ച് തെണ്ടുൽക്കറുമായി ലാറയെ കമ്പയർ ചെയ്യരുതെന്ന് വാദിയ്ക്കുന്നവരുമുണ്ടാവാം. എന്റെ അഭിപ്രായത്തിൽ ലോകം കണ്ട ഏറ്റവും മികച്ച കളിക്കാർ ഇവർ ഇരുവരും തന്നെയാണ്.

പൊക്കം കുറഞ്ഞവർ കായിക ലോകത്ത് ചരിത്രം എഴുതിയവരാണ്. സാക്ഷാൽ ഡിയാഗോ അർമാൻഡോ മറഡോണ, ബ്രയാൻ ലാറ, സച്ചിൻ തെൻഡുൽക്കർ തുടങ്ങിയവർ അതിൽ തിളങ്ങി നിൽക്കുന്നു. നമ്മുടെയൊക്കെ ഭാഗ്യമാണ്, മൈക്കൽ ജാക്സൺ, ഇളയരാജ, എ. ആർ. റഹ്മാൻ, യേശുദാസ്, ലാറ, തെൻഡുൽക്കർ തുടങ്ങിയവരുടെ കാലത്ത് ജീവിയ്ക്കാൻ കഴിഞ്ഞു എന്നത്.

പ്രീയപ്പെട്ട തെൻഡുൽക്കർ, അങ്ങയുടെ കളി കണ്ട് ക്രിക്കറ്റ് ഇഷ്ട്ടപ്പെട്ടു തുടങ്ങിയ ആളാണിതെഴുതുന്നത്. പണ്ട് താങ്കൾ ബാറ്റ് ചെയ്യാൻ നിൽക്കുമ്പോൾ ഒരോ ബോളും താങ്കൾ ഫേസ് ചെയ്യുന്നത് കാണാൻ ത്രാണിയില്ലാതെ കണ്ണ് പൊത്തി നിന്നിട്ടുണ്ട്. വേറൊന്നും കൊണ്ടല്ല. അന്നൊക്കെ താങ്കൾ ഔട്ടായാൽ അതോടെ ഇൻഡ്യയുടെ പണി തീർന്നു. അതുകൊണ്ട് താങ്കൾ ഒരു മുപ്പത് റൺസ് എടുക്കുന്നിടം വരെ പ്രാര്‍‌ത്ഥനയുമായി, കണ്ണടച്ചും, ഒളികണ്ണിട്ട് ടീ വിയിലേക്ക് നോക്കിയും നിന്നിട്ടുണ്ട്. താങ്കളുടെ ഒരോ സെഞ്ച്വറിയ്ക്ക് വേണ്ടിയും ആർപ്പ് വിളിച്ചിട്ടുണ്ട്. അന്നത്തെ ആ കുട്ടിയുടെ മനസ്സിലേക്ക് ഇന്നൊരിയ്ക്കൽ കൂടി ഞാൻ തിരിച്ചെത്തുന്നു. ആരാധ്യനായ അങ്ങയുടെ മാസ്മരികമായ നൂറാം സ്വെഞ്ച്വറിയ്ക്ക് എന്റെ ഒരായിരം പൂച്ചെണ്ടുകൾ, കയ്യടികൾ....

വിശ്രമ ജീവിതത്തിലേക്ക് അങ്ങ് നീക്കി വെയ്ക്കുന്നത് ഒരു രാജ്യത്തെ അഭിമാനമായ ഒരു കളിയുടെ നെഞ്ചു വിരിച്ചുള്ള ചരിത്ര രേഖയാണ്. ഈ നൂറാം സെഞ്ച്വറി ഞങ്ങൾ നെഞ്ചിലേറ്റുന്നു. മഹാനായ കൊച്ച് മനുഷ്യന്റെ മുൻപിൽ, താങ്കൾ ഇക്കണ്ട കാലമത്രയും സൃഷ്ടിച്ച കളിയഴകുകളുടെ സൗന്ദര്യത്തെ ആദരവുകളോടെ എഴുനേറ്റ് നിന്ന് നമിച്ച് കൊണ്ട്, അങ്ങയുടെ വലിയ ഒരു ആരാധകൻ...



വെള്ളിയാഴ്‌ച, മാർച്ച് 09, 2012

ഇറ്റാലിയൻ മറീനുകൾക്ക് വേണ്ടി ഒരു ദീനരോദനം

ഇറ്റാലിയൻ മറീനുകളായ ലസ്തോറെ മാസി മിലിയാനോയും, സാല്വത്തോറെ ജിറോണും പൂജപ്പുര ജയിലിൽ അടയ്ക്കപ്പെട്ടിരിക്കുന്നു. എന്റിക്ക ലെക്സി കപ്പലിലെ സുരക്ഷാ ഡ്യൂട്ടിയ്ക്കിടയിൽ അവരുടെ കയ്യിൽ നിന്നുമുണ്ടായ ഒരു പാളിച്ച അവരെ തടവറപ്പുള്ളികളാക്കി മാറ്റിയിരിക്കുകയാണ്.

പ്രീയപ്പെട്ട, ലസ്തോറെ മാസി മിലിയാനോ, സാല്വത്തോറെ ജിറോൺ... പോലീസ് കസ്റ്റഡിയിൽ റിമാന്റ് ചെയ്യപ്പെട്ട് പൂജപ്പുരയിലേക്ക് യാത്രയാവുന്ന നിങ്ങളുടെ ചിത്രങ്ങൾ കണ്ടു. ധീരതയുടേയും ആത്മ വിശ്വാസത്തിന്റേയും പ്രതിരൂപങ്ങളായ നിങ്ങളുടെ മുഖത്തെ ദൈന്യത എന്നെ ഒട്ടൊരു നേരം ചിന്താകുലനാക്കി. ഏൽപ്പിക്കപ്പെട്ട ദൗത്യ നിർവഹണത്തിനിടയിൽ നിങ്ങൾക്ക് അറിയാതെ പിണഞ്ഞ ഒരു കയ്യബദ്ധം നിങ്ങളെ ഇന്ന് കാതങ്ങൾക്കിപ്പുറം, ഈ ഇൻഡ്യാ മഹാരാജ്യത്തെ വെറും തടവു പുള്ളികൾ മാത്രമാക്കിയിരിക്കുന്നു.

നിങ്ങളുടെ തോക്കുകളുടെ ട്രിഗറിൽ വിരലമർന്നപ്പോൾ നഷ്ട്ടപ്പെട്ടത് നാലു പാവം ജീവനുകളായിരുന്നു. അവരുടെ ഉയിരുകളിലൂടെ വേർപെട്ടത് പല കുടുംബംങളുടെ പ്രതീക്ഷകളും ആയിരുന്നു. എങ്കിലും അന്ന് നിങ്ങൾക്ക് സംഭവിച്ചത് വലിയൊരു അബദ്ധമായിരുന്നു എന്നാണ് ഈയുള്ളവന്റെ അനുമാനം.

സൊമാലിയൻ കൊള്ളക്കാരിൽ നിന്നും ഇതിനു മുൻപ് നാല് ഇറ്റാലിയൻ കപ്പലുകൾക്ക് സംഭവിച്ച ദുരന്തങ്ങളായിരിക്കാം മത്സ്യ ബന്ധന ബോട്ടുകളുടെ ദൂരക്കാഴ്ച്ചയിൽ നിങ്ങളെ ഓർമ്മിപ്പിച്ചത്. അതാവാം രണ്ടാമതൊന്നും ആലോചിക്കാതെ നിങ്ങൾ തോക്കെടുത്തതും തുരു തുരാ നിറയൊഴിച്ചതും.

പക്ഷേ, അപ്രതീക്ഷിതമായി നാലു നിരപരാധികൾക്ക്  ജീവൻ വെടിയേണ്ടി വന്നു. നിങ്ങളുടെ തോക്കിൽ നിന്നുതിർന്ന വെടിയുണ്ടകൾ മത്സ്യ തിഴിലാളികളുടെ നെഞ്ച് ലാക്കാക്കി പോകുമ്പോൾ, സൊമാലിയൻ തീരങ്ങളിൽ വലിയ കപ്പലുകൾ പ്രതീക്ഷിച്ച് സൊമാലിയൻ കടൽക്കൊള്ളക്കാർ കാത്തിരിക്കുന്നുണ്ടായിരുന്നിരിക്കാം.

മരിച്ചവരുടെ കുടുംബാംഗങ്ങളുടെ വേദന മനസ്സിലേക്ക് തിര പോലെ അടിച്ചിറങ്ങിക്കഴിഞ്ഞിരിക്കുകയാണ്. അവരുടെ വേദനയിൽ ഐക്യദാർഡ്യം പ്രകടിപ്പിക്കുന്നു. എങ്കിലും, നിങ്ങളുടെ ദൈന്യമായ മുഖം പെട്ടന്ന് മനസ്സിനെ സ്പർശിച്ചു പോയി. അന്താരാഷ്ട്ര നിയമങ്ങൾ അനുശാസിക്കുന്ന പദവികളും ആനുകൂല്യങ്ങളും അനുഭവിക്കേണ്ടുന്ന സൈനികരായ  നിങ്ങൾ, ഇതാ മറ്റൊരു രാജ്യത്ത്, അപരിചിതമായ ചുറ്റുപാടിൽ, ജീവിതത്തിൽ ആദ്യമായി ജയിൽ വാസം അനുഷ്ഠിക്കുന്നു.

നിങ്ങളുടെ നാടിന്റെ നിറവും മണവും സംസ്കാരവും ഇനി നാലു ചുവരുകൾക്കപ്പുറം നിങ്ങൾക്ക് അന്യമാവുകയാണ്. ജീവിതത്തിന്റെ നല്ല പ്രായം നിങ്ങൾക്കിനി ഇവിടെ പാഴാകുന്നു. കുടുംബം, വേണ്ടപ്പെട്ടവർ, കൂട്ടുകാർ, സർവോപരി നിങ്ങൾ ഒരു ഇറ്റാലിയൻ പൗരനെന്ന നിലയിൽ അനുഭവിച്ച സ്വാതന്ത്ര്യങ്ങളും സന്തോഷവും നിങ്ങൾക്കിനി ഇവിടുത്തെ നീണ്ട നാളുകൾ കൊട്ടിയടയ്ക്കുന്നു.

ഇതെഴുതുന്ന എനിക്ക് നിങ്ങളുടെ ഈ അവസ്ഥയിൽ ആത്മാര്‍ത്ഥമായ ദു:ഖമുണ്ട്. നിങ്ങളുടെ കരയുമെന്ന മട്ടിലുള്ള, അനേകം ചിന്താകുലങ്ങൾ പേറുന്ന മുഖഭാവം എന്റെ മനസ്സിലേക്ക് ഒരമ്പ് എയ്തതു പോലെ അനുഭവപ്പെട്ടിരിക്കുന്നു.

എന്നെ സംബന്ധിച്ചിടത്തോളം, ഏതു രാജ്യത്തെയായാലും സൈനികനെന്നു കേൾക്കുമ്പോൾ അവരോടൊരു ആരാധന തോന്നുന്ന മനസ്സിനുടമയാണ് ഞാൻ.  അതോടൊപ്പം ഈയുള്ളവന്റെ സഹോദരൻ, ഇൻഡ്യൻ നേവിയിലെ ഒരുദ്യോഗസ്ത്ഥനുമാണ്. ഇതൊക്കെ കൊണ്ട് തന്നെ എന്റെ ഹൃദയം നിങ്ങൾക്ക് വേണ്ടിയും ദുഖിയ്ക്കുന്നു. എനിക്ക്  പക്ഷേ നിങ്ങളോട് സഹതപിക്കാനേ കഴിയൂ. തെറ്റിന്റെ കാഠിന്യം നിങ്ങൾക്ക് ശിക്ഷ ഒരുക്കിത്തന്നിരിക്കുന്നു. എങ്കിലും, നിങ്ങൾ രണ്ടുപേർക്കും, ദൈവം തുണയായിരിക്കട്ടെ എന്നാശംസിച്ചു കൊണ്ട്, നിർത്തുന്നു....

വ്യാഴാഴ്‌ച, മാർച്ച് 01, 2012

ഒരു കുരുവിക്കഥ

 പണ്ട് പണ്ട്, ഒരിടത്തൊരിടത്ത് ഒരു കുരുവിക്കുഞ്ഞുണ്ടായിരുന്നു.  ബാല്യ കാലത്ത് അത് ഏകനായിരുന്നു. അതിന് വിഷമങ്ങൾ വരുമ്പോ ആരോടും പറയാനില്ലായിരുന്നു. ബാല്യം ഒറ്റപ്പെടലിന്റേതായതു കൊണ്ട് കുരുവിക്കുഞ്ഞ്, എന്നും ഒറ്റയ്ക്ക് മാറി നിൽക്കാനും, മറ്റു കുരുവികളുടെ ആഘോഷങ്ങളിൽ പങ്ക് ചേരാനും മടിച്ച് മടിച്ച് നിന്നു.

തിളങ്ങുന്ന ഗോതമ്പു മണികൾ കണ്ടാലും കുരുവിക്കുഞ്ഞിന് സാമർത്യത്തോടെ അത് ചെന്ന് കൊത്തിത്തിന്നാനുള്ള മിടുക്ക് കൈമോശം വന്നു പോയിരുന്നു. മറ്റു കുരുവികളുടെ കളകളാരവത്തിലും കിലുങ്ങിച്ചിരികൾക്കും ഇടയിൽ കുരുവിക്കുഞ്ഞ് വേപഥ്വോടെ പകച്ച് നിന്നു.

പ്രായത്തിന്റെ കൈ വേലകൾ പ്രക്രിതിദത്തമായി ശരീരത്തെ ആവരണം ചെയ്തപ്പോൾ, കുരുവിക്കുഞ്ഞ് ഒരു ഇണയ്ക്ക് വേണ്ടി ആഗ്രഹിയ്ക്കാൻ തുടങ്ങി. കുരുവിക്കുഞ്ഞ് തന്റെ ഇണയാകാൻ യോജിച്ച ഒരാളെ ആ വലിയ കൂട്ടത്തിൽ നിന്നും കണ്ടെത്തി. കുരുവിക്കുഞ്ഞിന്റെ രാ പകലുകൾ അവൾക്ക് വേണ്ടി മാത്രമായ കാലങ്ങളായിരുന്നു അത്. കുരുവിക്കുഞ്ഞിന്റെ സാമീപ്യത്തിലെ ഹൃദയഹാരിത അനുഭവിച്ച അവൾ അവനോട് കൂടുതൽ അടുത്തിടപഴകാനാരംഭിച്ചു.   

കുരുവിക്കുഞ്ഞിന്റെ ഹൃദയം അവൾക്ക് വേണ്ടി മാത്രം തീവ്രമായി മിടിച്ചു കൊണ്ടിരുന്നു. അവൾക്ക് വേണ്ടി ജീവൻ പോലും കളയാൻ ആ കുരുവിക്കുഞ്ഞ് തയ്യാറായിരുന്നു. കുരുവിക്കുഞ്ഞ് മറ്റൊരാൾക്ക് പറഞ്ഞു മനസ്സിലാക്കിക്കൊടുക്കാൻ ആവാത്തത്ര തീവ്രമായി അവളെ സ്നേഹിച്ചു. ...

അവൾക്ക് പക്ഷേ കുരുവിക്കുഞ്ഞിനോട് പ്രണയമായിരുന്നില്ല.... കുരുവിക്കുഞ്ഞിന്റെ മനസ്സ് അറിഞ്ഞപ്പോൾ അവൾ പുശ്ചത്തോടെ തല തിരിച്ചു. അവളുടെ മനസ്സിൽ തനിയ്ക്ക് ഇടമില്ലെന്നറിഞ്ഞ് കുരുവിക്കുഞ്ഞ് തീവ്രദു:ഖങ്ങളുടെ തടവറയിലായി. അതിനു ശേഷം കുരുവിക്കുഞ്ഞിനെ ഒഴിവാക്കാൻ അവൾ മത്സരിച്ചു. കുരുവിക്കുഞ്ഞിന്റെ അടുത്തു പോലും പറന്നു ചെന്നിരിയ്ക്കാതിരിയ്ക്കുക, ഇലകൾക്കിടയിൽ മറഞ്ഞിരിയ്ക്കുക, മറ്റു കുരുവിപ്പയ്യന്മാരോടൊപ്പം സന്തോഷിച്ച് ആർത്തുല്ലസിയ്ക്കുക തുടങ്ങി അവൾ കുരുവിക്കുഞ്ഞിനെ മാനസികമായി തകർക്കാവുന്നതെല്ലാം ചെയ്തു.

അന്ന് ആ വലിയ കൂട്ടത്തിലെ എല്ലാ കുരുവിപ്പയ്യന്മാർക്കും സുന്ദരികളായ ഇണകളുണ്ടായിരുന്നു. ഒരോ ഇണക്കുരുവികളും വാക മരത്തിന്റെ ശിഖരത്തിലിരുന്ന് കൊക്കുരുമ്മുകയും, തൂവലു വിടർത്തി കുതൂഹലം കൊള്ളുകയും, ഇമ പറിയ്ക്കാതെ പരസ്പരം നോക്കിയിരിയ്ക്കുകയും, സ്വകാര്യം പങ്കു വെയ്ക്കുകയും, കിലുങ്ങനെ ചിരിയ്ക്കുകയും ചെയ്തു.

ആരുടേയും സാമീപ്യമില്ലാതെ കുരുവിക്കുഞ്ഞ് ഒറ്റയ്ക്, വാക മരത്തിന്റെ ഏറ്റവും മേലെയുള്ള ശിഖരത്തിൽ പോയി ശൂന്യതയിലേക്ക് നോക്കി ഇരുന്നു. ആകാശം വിശാലമായിരുന്നു.... .

അന്നൊരിയ്ക്കൽ ഗ്രാമത്തിലെ ഗോതമ്പ് വയൽ പൂത്തു. ഗോതമ്പു മണികൾ കൊത്തിയെടുക്കാനായി കുരുവികളൊന്നടങ്കം അവിടേക്ക് പറന്നു. ഒന്നിനോടും താല്പര്യമില്ലാതിരുന്ന കുരുവിക്കുഞ്ഞ് വയലോരത്തുള്ള ഒരു തെങ്ങോലത്തലപ്പിൽ നിരാലംബനായി ഇരുന്നു.

പെട്ടന്നാണ് ഒരു ചിറകടി ശബ്ദവും അപായ സൂചനകളും കുരുവിക്കൂട്ടത്തിൽ നിന്ന് കേട്ടത്. കുരുവിക്കുഞ്ഞ് നോക്കുമ്പോൾ അതാ കുരുവികളൊന്നടക്കം ഭീതിയോടെ പറന്നുയരുന്നു. കുരുവിക്കുഞ്ഞ് നോക്കവേ, കാണുന്നത്, ഒരു കുരുവി അതാ വേട്ടക്കാർ വെച്ചിരുന്ന വലയിൽ കുടുങ്ങിപ്പിടയുന്നു.

കുരുവിക്കുഞ്ഞ് തല താഴ്ത്തി സൂക്ഷിച്ച് നോക്കവേ, അത് താനേറെ പ്രണയിച്ച ആ പെൺകുരുവിയാണല്ലോ എന്ന് മനസ്സിലാവുന്നു. പിന്നെ അവനൊട്ടും വൈകിയില്ല അതി വേഗത്തിൽ പറന്ന് വലയുടെ സമീപത്തെത്തി.

നോക്കുമ്പോൾ അവൾ കുതറിക്കുതറി വലയിഴകളാൽ മുറുകി മരണവെപ്രാളം അനുഭവിക്കുന്നു. കുരുവിക്കുഞ്ഞ് പിന്നൊട്ടും വൈകിയില്ല. അവനാവുന്നത്ര ശക്തിയിൽ ആ വലയിഴകൾ കൊത്തി വിടർത്താൻ ശ്രമം തുടങ്ങി. ഒടുവിൽ അവന്റെ പരിശ്രമം അവനെ വിജയിപ്പിക്കുക തെന്നെ ചെയ്തു. അവൻ ചെറിയ ഒരു വിടവുണ്ടാക്കി, അതിന്റെ ഒരു ഇഴയിലൂടെ അകത്തേക്ക് നൂഴ്ന്ന്, പെൺ കുരുവിയ്ക്ക് പുരത്തേക്കിറങ്ങാനുള്ള വഴി കാണിച്ചു കൊടുത്തു.

പെൺ കുരുവി, കുരുവിക്കുഞ്ഞിനെ ഒന്ന് നോക്കിയിട്ട് പെട്ടന്ന് തന്നെ അതിലൂടെ പുറത്തേക്ക് നൂഴ്ന്നിറങ്ങി, വലയ്ക്കുള്ളിലിരിയ്ക്കുന്ന കുരുവിക്കുഞ്ഞിനെ ഒന്നു നോക്കി.. എന്നിട്ട് ഒട്ടും വൈകാതെ അവൾ അടുത്ത് തന്നെയുള്ള ഒരു മരത്തിന്റെ ശിഖരത്തിലേക്ക് പറന്നു പോയി. അവിടെ അവളെ, ഒരു ആൺ കുരുവി ആശങ്കയോടെ കാത്തിരിക്കുന്നുണ്ടായിരുന്നു.  അത് അവളുടെ ഇണയായിരുന്നത്രേ...

കുരുവിക്കുഞ്ഞ് അന്നാദ്യമായാണ് മ നസ്സിലാക്കുന്നത് അവൾക്ക് മറ്റൊരു ഇണയുണ്ടായിരുന്നു എന്ന്... അവൾ ഇണയൂടെ അടുത്തു പോയിരുന്ന് തനിക്ക് വേണ്ടി വലയിൽ അകപ്പെട്ടു പോയ കുരുവിക്കുഞ്ഞിനെ ഒരൽപ്പം സഹതാപത്തോടെ നോക്കി...  എന്നിട്ട്, മരത്തിന്റെ ശിഖരത്തിലിരുന്ന് ആ പെൺ കുരുവിയും അവളുടെ ഇണയും പരസ്പരം കൊക്കുരുമ്മിക്കൊണ്ടിരുന്നു...

കുരുവിക്കുഞ്ഞ് അതു കാണുന്നുണ്ടായിരുന്നു. മനസ്സൊന്നു പതറിയ അവൻ ഒരു നിമിഷം തകർന്ന മനസ്സോടെ വലയ്ക്കുള്ളിൽ ഇരുന്നു പോയി. പെട്ടന്നാണ് വയലുടമ വരുന്നത്. വയലുടമയെ കണ്ടിട്ടും അവന് പുറത്തേക്ക് ചാടണമെന്ന് തോന്നിയില്ല,. മനസ് മരവിച്ചിരുന്നു....  വയലുടമയെ കണ്ട് മറ്റു കുരുവികളെല്ലാം ശിഖരങ്ങൾ വിട്ട് സുരക്ഷിതമായ ഇടം നോക്കി പറന്നു പോയ്ക്കൊണ്ടിരുന്നു.

കുരുവിക്കുഞ്ഞ് തന്റെ നിഷ്ക്കളങ്കമായ മിഴികളോടെ താൻ രക്ഷിച്ച, തന്റെ പ്രണയിനിയെ നോക്കുമ്പോൾ അവൾ അവളുടെ കാമുകനുമായി കൊക്കുരുമ്മി ലോകത്തെ തന്നെ വിസ്മരിച്ചിച്ചിരിയ്ക്കുന്ന കാഴ്ച്ചയാണ് കാണുന്നത്.

അപ്പോഴേക്കും വയൽ ഉടമ വലയുൾപ്പെടെ ചേർത്ത് കുരുവിക്കുഞ്ഞിനെ അമർത്തിപ്പിടിച്ചെടുക്കുകയും അതേ അവസ്ഥയിൽ തന്നെ കുരുവിക്കുഞ്ഞിന്റെ ഇരു ചിറകുകളും വലിച്ച് പറിച്ച് എടുക്കുകയും ചെയ്തു. ചിറകുകൾ തന്റെ ശരീരത്തിൽ നിന്ന് പറിഞ്ഞു പോകുമ്പോൾ അതിന്റെ ശരീരം വിറച്ചു. വേദന കൊണ്ട് അതിന്റെ കണ്ണുകളിൽ നിന്ന് കണ്ണുനീർത്തുള്ളികൾ കടലു പോലെ ഒഴുകാൻ തുടങ്ങി. അപ്പോഴും കുരുവിക്കുഞ്ഞ് ദയനീയതയോടെ, വിറയ്ക്കുന്ന കൊക്കുകളോടെ ആയാസപ്പെട്ട് ആ മരത്തിന്റെ ശിഖരത്തിലേക്ക് നോക്കി. താൻ പ്രണയിക്കുന്നുണ്ടായിരുന്ന കുരുവിയും അവളുടെ ഇണയും കൊക്കുരുമ്മിക്കൊണ്ട് തന്നെ ഇരിയ്ക്കുകയായിരുന്നു....

അന്നാദ്യമായി കുരുവിക്കുഞ്ഞിന്റെ മനസ് ശൂന്യമായി. ജീവിതം ശരീരത്തിൽ നിന്ന് പിടഞ്ഞു വിറ പോകുന്നതായി ആ തളർച്ചയിൽ അതിന് മനസ്സിലായി. എന്നിട്ടും കലി തീരാതെ, ഗ്രാമവാസി ചിറകുകൾ വേർപെട്ട് രക്തത്തിൽ കുളിച്ച് കിടക്കുന്ന കുരുവിക്കുഞ്ഞിനെ താഴെയിട്ട് അതിന്റെ ഇളം തൂവലുകൾക്കൊണ്ട് മൂടപ്പെട്ട ശരീരത്തിൽ ആഞ്ഞാഞ്ഞു ചവിട്ടിച്ചതച്ചു . എല്ലാം തീർത്ത് ഗ്രാമവാസി മടങ്ങുമ്പോൾ ശിഖരത്തിൽ നിന്നും ആ ഇണക്കുരുവികളും അകലേക്ക് പറന്നു പോയിരുന്നു.

അവിടമെങ്ങും ശൂന്യമായി.  പക്ഷേ അപ്പോഴും, കുരുവിക്കുഞ്ഞിന്റെ ചിതറിയും ചതഞ്ഞും പഴംതുണി പോലെ നിലത്തു കിടന്ന ശരീരത്തിലെ, നിശ്ച്ചലമായ നീർ മിഴികൾ ആ ശൂന്യമായ മരക്കൊമ്പിലേക്ക് തന്നെ നോട്ടം പതിപ്പിച്ച് കിടക്കുകയായിരുന്നു.....