വെള്ളിയാഴ്‌ച, മാർച്ച് 16, 2012

സച്ചിന്റെ നൂറിന്...

ടെൻഡുൽക്കർ എന്ന മഹാനായ ക്രിക്കറ്റർ, രാജ്യത്തിന്റെ അഭിമാനം എന്നല്ല ഇൻഡ്യയുടെ പ്രതീകം തന്നെയാണ്. കായബലം കുറഞ്ഞ ശരീര പ്രക്രിതിയുള്ള ഒരു ജനതയുടെ കായികപരതയുടെ പരമം ആണ് തെണ്ടുൽക്കർ. കഴിഞ്ഞ ഇരുപത് വർഷത്തെ കാലത്തുള്ള ക്രിക്കറ്റ് ലോകം കണ്ട ഏറ്റവും മികച്ച കളിക്കാർ ബ്രയാൻ ലാറയും തെണ്ടുൽക്കറുമാണ്. ഇനി ഇവരേക്കാൾ ആരെങ്കിലും കളി മിടുക്കനാവാനുള്ള സാധ്യത വളരെ വിരളവുമാണ്.

ഒരു അന്താരാഷ്ട്ര ഗെയിമിൽ റെക്കോഡുകളുടെ മഹത്തായ പ്രാധാന്യത്തെ തെൻഡുൽക്കർ സ്വാംശീകരിയ്ക്കുന്നു. സാക്ഷാൽ ഡൊണാൾഡ് ബ്രാഡ്മാന് അവസാനത്തെ കളിയിൽ കേവലം നാല് റൺ അടിച്ചാൽബാറ്റിങ്ങ് ശരാശരി 100 ആകും എന്ന ഘട്ടത്തിൽ അദ്ദേഹം ഡക്ക് ഔട്ടായി കളം ഒഴിയേണ്ടി വന്ന അനുഭവത്തെ തെൻഡുൽക്കറുമായി ചേർത്ത് എനിക്ക് പലപ്പോഴും തോന്നിയിട്ടുണ്ട്. പക്ഷേ നൂറ്റി മുപ്പത് കോടി ജനങ്ങളെ ആത്യന്തികമായ നിരാശയിൽ ആഴ്ത്താതെ, മഹാനായ ഒരേയൊരു തെൻഡുൽക്കർ തന്റെ സ്വപ്ന ഫിഗറിലേക്ക് അദ്ദേഹത്തിന്റെ ബാറ്റ് ചലിപ്പിച്ചിരിയ്ക്കുന്നു. നൂറു സെഞ്ച്വറികൾ എന്ന മഹാ കടമ്പ ലോകത്തിന് മുൻപിൽ നേടിക്കൊണ്ട് അദ്ദേഹം മനുഷ്യനെ വീണ്ടും വീണ്ടും സ്വപ്നം കാണാൻ പ്രേരിപ്പിച്ചുകൊണ്ടേയിരിക്കുന്നു...

ലാറയ്ക്ക് റെക്കോദുഡുകൾ കുറവായിരിക്കാം, തെൻഡുൽക്കർ റെക്കോഡുകളുടെ തോഴനും. ബാറ്റിങ്ങ് അഭൗമകതയുടെ ഇടവും വലവുമായിരുന്നു ഈ ലെജണ്ടുകൾ. ഒരു പക്ഷേ വായനക്കാർക്ക് അഭിപ്രായ വ്യത്യാസം ഉണ്ടാവാം. ഇൻഡ്യക്കാരനെ സംബന്ധിച്ച് തെണ്ടുൽക്കറുമായി ലാറയെ കമ്പയർ ചെയ്യരുതെന്ന് വാദിയ്ക്കുന്നവരുമുണ്ടാവാം. എന്റെ അഭിപ്രായത്തിൽ ലോകം കണ്ട ഏറ്റവും മികച്ച കളിക്കാർ ഇവർ ഇരുവരും തന്നെയാണ്.

പൊക്കം കുറഞ്ഞവർ കായിക ലോകത്ത് ചരിത്രം എഴുതിയവരാണ്. സാക്ഷാൽ ഡിയാഗോ അർമാൻഡോ മറഡോണ, ബ്രയാൻ ലാറ, സച്ചിൻ തെൻഡുൽക്കർ തുടങ്ങിയവർ അതിൽ തിളങ്ങി നിൽക്കുന്നു. നമ്മുടെയൊക്കെ ഭാഗ്യമാണ്, മൈക്കൽ ജാക്സൺ, ഇളയരാജ, എ. ആർ. റഹ്മാൻ, യേശുദാസ്, ലാറ, തെൻഡുൽക്കർ തുടങ്ങിയവരുടെ കാലത്ത് ജീവിയ്ക്കാൻ കഴിഞ്ഞു എന്നത്.

പ്രീയപ്പെട്ട തെൻഡുൽക്കർ, അങ്ങയുടെ കളി കണ്ട് ക്രിക്കറ്റ് ഇഷ്ട്ടപ്പെട്ടു തുടങ്ങിയ ആളാണിതെഴുതുന്നത്. പണ്ട് താങ്കൾ ബാറ്റ് ചെയ്യാൻ നിൽക്കുമ്പോൾ ഒരോ ബോളും താങ്കൾ ഫേസ് ചെയ്യുന്നത് കാണാൻ ത്രാണിയില്ലാതെ കണ്ണ് പൊത്തി നിന്നിട്ടുണ്ട്. വേറൊന്നും കൊണ്ടല്ല. അന്നൊക്കെ താങ്കൾ ഔട്ടായാൽ അതോടെ ഇൻഡ്യയുടെ പണി തീർന്നു. അതുകൊണ്ട് താങ്കൾ ഒരു മുപ്പത് റൺസ് എടുക്കുന്നിടം വരെ പ്രാര്‍‌ത്ഥനയുമായി, കണ്ണടച്ചും, ഒളികണ്ണിട്ട് ടീ വിയിലേക്ക് നോക്കിയും നിന്നിട്ടുണ്ട്. താങ്കളുടെ ഒരോ സെഞ്ച്വറിയ്ക്ക് വേണ്ടിയും ആർപ്പ് വിളിച്ചിട്ടുണ്ട്. അന്നത്തെ ആ കുട്ടിയുടെ മനസ്സിലേക്ക് ഇന്നൊരിയ്ക്കൽ കൂടി ഞാൻ തിരിച്ചെത്തുന്നു. ആരാധ്യനായ അങ്ങയുടെ മാസ്മരികമായ നൂറാം സ്വെഞ്ച്വറിയ്ക്ക് എന്റെ ഒരായിരം പൂച്ചെണ്ടുകൾ, കയ്യടികൾ....

വിശ്രമ ജീവിതത്തിലേക്ക് അങ്ങ് നീക്കി വെയ്ക്കുന്നത് ഒരു രാജ്യത്തെ അഭിമാനമായ ഒരു കളിയുടെ നെഞ്ചു വിരിച്ചുള്ള ചരിത്ര രേഖയാണ്. ഈ നൂറാം സെഞ്ച്വറി ഞങ്ങൾ നെഞ്ചിലേറ്റുന്നു. മഹാനായ കൊച്ച് മനുഷ്യന്റെ മുൻപിൽ, താങ്കൾ ഇക്കണ്ട കാലമത്രയും സൃഷ്ടിച്ച കളിയഴകുകളുടെ സൗന്ദര്യത്തെ ആദരവുകളോടെ എഴുനേറ്റ് നിന്ന് നമിച്ച് കൊണ്ട്, അങ്ങയുടെ വലിയ ഒരു ആരാധകൻ...



3 അഭിപ്രായങ്ങൾ:

  1. സച്ചിന് ആശംസകള്‍ ..ഇനിയും ഒരു പത്തു പതിനഞ്ചു സെഞ്ചുറി കൂടി പോരട്ടെ ...ആ ബാറ്റില്‍ നിന്ന്

    മറുപടിഇല്ലാതാക്കൂ
  2. സച്ചിനും റിജോയ്ക്കും ആശംസകള്‍.

    മറുപടിഇല്ലാതാക്കൂ
  3. ഹാവൂ ആശ്വാസമായി അങ്ങനെ ഐശ്വര്യാരായിന്റെ പ്രസവവും സച്ചിന്റെ സെന്ജോറിയും കഴിഞ്ചു. ഇനി നമ്മള്‍ ഇന്ത്യകാര്‍ക്ക് വേറെ വല്ലതും ചിന്ദിക്കാലോ..

    മറുപടിഇല്ലാതാക്കൂ