ഞായറാഴ്‌ച, ഏപ്രിൽ 29, 2012

കവചിത ഇൻഡ്യയുടെ കാലികപ്രസക്തി



അഗ്നി അഞ്ചിന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട ചില യാധാർഥ്യങ്ങളിലേക്കുള്ള ഒരു യാത്രയാണീ പോസ്റ്റ്. സമകാലിക ഇന്ഡ്യൻ പ്രതിരോധത്തിന് മേലേയുള ആശങ്കകളും,  ചൈനീസ് ഭീക്ഷണിയും  അതിർത്തി കടന്ന് മഹാമേരു പോലെ നമ്മെ തുറിച്ച് നോക്കിക്കൊണ്ടിരിക്കുന്നു. ഇന്ന് ലോക രാജ്യങ്ങളിൽ ആരിൽ നിന്നെങ്കിലും നമുക്ക് ശക്തമായ ഭീക്ഷണി ഉയരുന്നുണ്ടെങ്കിൽ അത് ചൈനയിൽ നിന്ന് മാത്രമാണ്.

അസമിനും അരുണാചൽ പ്രദേശിനും വേണ്ടി പിടിമുറുക്കുന്ന ചൈനയുടെ ശാക്തിക നയങ്ങൾ, നമ്മുടെ രാജ്യത്തെ വരിഞ്ഞു കെട്ടിക്കൊണ്ടിരിയ്ക്കുന്നു.  മംഗോളിയൻ വംശജർ ഭൂരിപക്ഷം വരുന്ന സിക്കിം തുടങ്ങിയ  അതിർത്തി സംസ്ഥാനങ്ങളിൽ ചൈനീസ് കളി,  മാതാഹരി നടത്തിയ ചാര പ്രവർത്തനങ്ങളേക്കാൾ വലുതാണ്.  ഇൻഡ്യൻ മഹാ സമുദ്രത്തിന്റെ അർദ്ധ ഭാഗത്തോളം ശ്രീ ലങ്കയിൽ താവളമുറപ്പിച്ച് ഇപ്പോൾ തന്നെ പിടിച്ചടക്കിയിരിക്കുന്ന ചൈനീസ് ഗവണ്മെന്റ്, ഇൻഡ്യൻ ഭൂ പ്രദേശത്തിനെ നാലു ചുറ്റും വളഞ്ഞ മട്ടാണ്. 

തർക്ക പ്രദേശങ്ങളുടെ കാര്യം വരുമ്പോൾ സ്വന്തം രാജ്യത്തിന്റെ മാപ്പിന്റെ കൃത്യത ചിലപ്പോൾ തെറ്റായി കാണിക്കുന്നുണ്ടാവാം. പാക്കിസ്ഥാനിലെ പഞ്ചാബ് ഇന്നും ഇൻഡ്യയുടേതാണെന്ന് നമ്മൾ പറയാറുണ്ട്. അരുണാചലിനെ ചൈനീസ് മാപ്പിൽ അവർ കാണിയ്ക്കുമ്പോൾ അതേ അരുണാചല് ഇൻഡ്യൻ മാപ്പിൽ നമ്മുടെ ഭാഗമാണ്. ടിബറ്റ് ചൈനയുടേതാണെന്ന് അവർ അവകാശപ്പെടുമ്പോൾ, ടിബറ്റ് സ്വതന്ത്ര രാജ്യമണെന്ന് ഇൻഡ്യ ആവർത്തിക്കുന്നു. ജപ്പാന്റെ ചില ദ്വീപ സമൂഹങ്ങളെ ചൈന അവരുടേതെന്ന് മാപ്പിൽ കാണിയ്ക്കുമ്പോൾ, ജപ്പാന്റെ മാപ്പിൽ, അതേ ദ്വീപുകൾ സ്വന്തമായിത്തന്നെയിരിക്കുന്നു. 

ഫോക് ലാന്റ് ദ്വീപുകൾക്ക് വേണ്ടി അർജന്റീനയും ബ്രിട്ടണും പണ്ട് ഏറ്റു മുട്ടിയതാണ്. അർജന്റീനയുടെ ഫോക് ലാന്റ് ദ്വീപുകൾ ബ്രിട്ടന്റേതാണെന്ന് ബ്രിട്ടൻ അവകാശപ്പെട്ടിടത്ത് തുടങ്ങിയ തർക്കമായിരുന്നു അത്.
തർക്ക പ്രദേശങ്ങൾ ലോകത്ത് എവിടെയും ഒന്ന് പോലെ തന്നെയാണ്. അതുകൊണ്ട് മാപ്പിന്റെ ആധികാരികത, പഞ്ചായത്തായാലും, മുനിസിപ്പാലിറ്റിയായാലും, ലോക രാഷ്ട്രങ്ങളായാലും അതങ്ങനെ തന്നെ തുടരും.


തർക്കത്തിലുണ്ടെന്ന് അവർ വരുത്തി തീർക്കാൻ ശ്രമിക്കുന്ന പ്രദേശങ്ങളിൽ അവരുടെ അവകാശ വാദം ഉറപ്പിക്കാൻ ചൈന ചില പ്രത്യേക നടപടികൾ ആവിഷ്ക്കരിയ്ക്കാറുണ്ട്. അതിലൊന്ന്,  വർഷാ വർഷം അരുണാചൽ പ്രദേശിലെ ഇൻഡ്യൻ അതിർത്തിയിലേക്ക് ഒന്നര കിലോ മീറ്ററോളം നെഞ്ചും വിരിച്ച് കയറി വരുന്ന ചൈനീസ് ആർമി, നമ്മുടെ പാറക്കെട്ടുകൾക്ക് മേലേ ചൈനീസ് അക്ഷരങ്ങളും, ചൈനീസ് മുദ്രാവാക്യങ്ങളും എഴുതി വെച്ച്, മെയ്ഡ് ഇൻ ചൈന സിഗരട്ടും,  മെയ്ഡ് ഇൻ ചൈന ബ്രാണ്ടിക്കുപ്പികളും ഉപേക്ഷിച്ച് പുല്ലുപോലിറങ്ങിപ്പോകുന്നതാണ്. ചൈന കാണിയ്ക്കുന്ന ഈ അധിനിവേശം നോക്കി നിൽക്കാനേ ഇൻഡ്യൻ പട്ടാളത്തിന് കഴിയാറുള്ളു. എന്തെന്നാൽ, പാക്കിസ്ഥാനല്ല ചൈന. അവരോട് മുട്ടാൻ നമ്മൾ പലയാവർത്തി ജനിക്കേണ്ടിയിരിക്കുന്നു. 

ആ സത്യത്തിന്റെ ഭീകരതയെ ചെറുക്കാനാണ് ഇൻഡ്യൻ ഡിഫൻസ് അത്യന്താധൂനിക മിസൈലുകളും ആണവ അന്തർ വാഹിനികളും വികസിപ്പിച്ച് കൊണ്ടിരിക്കുന്നത്. നമ്മുടെ തല തകർക്കാൻ വരുന്നവന്റെ കുതികാൽ വെട്ടാനെങ്കിലും നമുക്ക് കഴിയും എന്ന ആത്മ വിശ്വാസം ഒരോ ഇൻഡ്യൻ പൗരനും, കൊടി മരത്തിൽ ജ്വലിക്കുന്ന ത്രിവർണ പതാകയെ സല്യൂട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നു

യുദ്ധം എപ്പോൾ വേണമെങ്കിലും ആർക്കെതിരേ വേണമെങ്കിലും ഉണ്ടാവാം. ഭായീ ഭായീ എന്നു പറഞ്ഞ് തോളിൽ കയ്യുമിട്ട് നടന്ന കാലത്താണ് ചൈന ഇൻഡ്യയെ ആക്രമിച്ചത്.  ഇന്നത്തെ കാലത്തെ ആക്രമണങ്ങൾ മുച്ചൂടും നശിപ്പിക്കാൻ വേണ്ടി മാത്രമുള യുദ്ധങ്ങളാണ്. തങ്ങളുടെ ശാക്തിക, സാമ്പത്തിക മേൽക്കോയ്മയെ എതിരിടാൻ പോന്നവനെ നശിപ്പിക്കുക. യുദ്ധങ്ങളുടെ പിന്നിലുള്ള ചേതോവികാരം  പ്രാചീന കാലം തൊട്ട് അങ്ങനെ തന്നെയായിരുന്നെങ്കിലും അന്നത്തെ യുദ്ധങ്ങളും ഇന്നത്തെ യുദ്ധങ്ങളും തമ്മിലുള വ്യത്യാസം, സാമ്രാജ്യത്ത പ്രവണത ഇന്ന് ഇല്ലാതായി എന്നതാണ്... ഒരു രാജ്യം പിടിച്ചടക്കി അവിടം സ്വന്തമാക്കി വെച്ച് ഭരിക്കാൻ ഇന്ന് രാജ്യങ്ങൾ താല്പര്യപ്പെടുന്നില്ല എന്ന് വന്നിരിക്കുന്നു.
അതുകൊണ്ട് തന്നെ, ഇൻഡ്യയെ പിടിച്ചടക്കേണ്ട കാര്യമൊന്നും ചൈനക്കില്ല. പിടിച്ചടക്കലും സാമ്രാജ്യത്ത ഭരണവുമൊക്കെ അസ്തമിച്ച് കഴിഞ്ഞു. അഫ്ഗാനിസ്ഥാനീന്നും ഇറാക്കീന്നും ഊരിപ്പോരാനാണ് അവിടം പിടിച്ചടക്കിയ അമേരിക്ക പോലും ആലോചിക്കുന്നത്.


ആണവ മിസൈലുകളുടെ കണ്ട്രോൾ ബട്ടണുകൾ ഒരോ രാജ്യത്തേയും അതാതു കാലത്തെ ഭരണാധികാരിയും സൈനീക മേധാവികളും ചേർന്ന് നിയന്ത്രിക്കുന്ന ഒന്നാണ്. അവയൊക്കെ പറന്നുയരാൻ അധികം സമയയം ആവശ്യമില്ല. ഇപ്പോൾ തന്നെ ഇൻഡ്യൻ അതിർത്തി പ്രദേശങ്ങളെയൊക്കെ ലാക്കാക്കാൻ പോകുന്ന മിസൈലുകളുടെ ശേഖരം പാക്കിസ്ഥാന്റെ കയ്യിലുണ്ട്. അവർക്ക് നേരിട്ടുള്ള ഒരു യുദ്ധത്തിൽ നമ്മുടെ രാജ്യത്തോട് പിടിച്ച് നിൽക്കാൻ ആവില്ല എന്ന ഘട്ടത്തിൽ, അവർ  നമുക്കെതിരേ അവയൊക്കെ, എന്തിന് ആണവായുധം പോലും പ്രയോഗിച്ച് കൂടാ എന്നില്ല. അവയുടെ നിയന്ത്രണം, നല്ലൊരു ജനാധിപത്യ ഭരണ കൂടത്തിന് പോലും സാധ്യതയില്ലാത്ത, പട്ടാളവും തീവ്ര വാദികളും ചേർന്ന് ഭരിക്കുന്ന ഒരു നിയന്ത്രണ സംവിധാനത്തിന് കീഴിലാണെന്നത് നമ്മെ സംബന്ധിച്ചിടത്തോളം ഡെമോക്ലീസിന്റെ വാളാണ്.

ലോകത്തെ ആയുധ ശക്തിയിൽ ഒന്നാമത് നിൽക്കുന്ന രാജ്യമാണല്ലോ അമേരിക്ക. ഭീക്ഷണിയ്ക്ക് മേൽ തലയും വെച്ച് ഉറങ്ങുന്നവർ എന്നൊരു ചിന്ത അവർ എപ്പോഴും കൊണ്ട് നടക്കുന്നു. അതു കൊണ്ട് തന്നെ എപ്പോഴും ഒരു ആക്രമണത്തിന് അവർ സന്നദ്ധരാണ്. തിരിച്ചടിക്കാൻ കരുതലുളളവരുമാണ്. അവരുടെ ആറ്റം-ന്യൂക്ലിയർ ബോംബുകളുടെ വിന്യാസത്തിന്റെ കാര്യം ചിന്തിച്ചാൽ ഒരു ലോകാവസാനം എന്ന് തന്നെ ഉറപ്പിക്കുന്നതാവും നല്ലത്.

അമേരിക്കൻ പ്രസിഡന്റ് ലോകത്ത് എവിടേക്ക് പോയാലും, എയർ ഫോഴ്സ് വൺ എന്ന അദ്ദേഹത്തിന്റെ ഔദ്യോഗിക വിമാനത്തിൽ ആണവ മിസൈലുകളുടെ കണ്ട്രോൾ ബട്ടണുകൾ അടങ്ങിയ ട്രങ്ക് പെട്ടിയും ഒപ്പം കാണും. ഈ മിസൈലുകളൊക്കെ പണ്ടേക്ക് പണ്ടേ, ലക്ഷ്യം നിർവചിക്കപ്പെട്ട് റെഡിയായിരുപ്പാണ്. എണ്ണം പറഞ്ഞ രാജ്യങ്ങൾക്ക് നേരേ.... അതിപ്പോ റഷ്യയോ, ചൈനയോ,  ഇൻഡ്യ തന്നെയോ, എന്തിന് എതോപ്യ പോലും ആകാം. തങ്ങളുടെ രാജ്യത്തിന് നേരേ ആക്രമണം ഉണ്ടാകാൻ പോകുന്നു എന്ന് വിവരം ലഭിച്ചാലുടനേ അമേരിക്കൻ പ്രസിഡന്റ് ആ പെട്ടിയിലെ ബട്ടണുകളിൽ വിരൽ അമർത്തുകയേ വേണ്ടു. അമേരിക്ക കത്തി അമരാൻ തുടങ്ങുന്നതിന് മുന്നേ ശത്രു രാജ്യം ലക്ഷ്യമാക്കി അവരുടെ ആണവ മിസൈലുകൾ പുറപ്പെട്ടിട്ടുണ്ടാവും. ഇതാണതിന്റെയൊരു കളി.
അതു കൊണ്ട്, ലോകത്തെ ഏതൊരു കിറുക്കൻ ഭരണാധികാരി വിചാരിച്ചാലും ഈ മിസൈലുകൾ പറന്നുയരാം. 

അങ്ങനെ സംഭവിച്ചാൽ, അടുത്ത ലോകമഹാ യുദ്ധമോ, അല്ലെങ്കിൽ മായൻ കലണ്ടറിലും മായമില്ലാത്ത [?] വേദ ഗ്രന്ഥങ്ങളിലും  പറഞ്ഞ് വിശ്വസിപ്പിച്ച ലോകാവസാനമോ ഉണ്ടാവുകയും ചെയ്യാം.


ഇൻഡ്യൻ ഉപഭൂഖണ്ടം ഒരു ആക്രമണ ഭീക്ഷണി നേരിട്ടാൽ, അമേരിക്ക സഹായിക്കും എന്ന് മൂഡമായി ധരിക്കുന്ന ഒരു ഭരണ നേത്രുത്വമാണ് നമുക്കിന്നുള്ളത്. ഇൻഡ്യയെ എന്നും സപ്പോർട്ട് ചെയ്തിട്ടുള്ളത് സോവിയറ്റ് യൂണിയനാണ്. അവരുടെ ആയുധങ്ങൾ ഏറ്റവും കൂടുതൽ വാങ്ങുന്നിടം തൊട്ട്, പ്രഖ്യാപിതമല്ലാത്ത ഒരു സൈനീക അച്ചുതണ്ട് പോലും  ഇൻഡ്യയ്ക്ക്, സോവിയറ്റ് യൂണിയനുമായുണ്ട്. പിന്നീട് സോവിയറ്റ് യൂണിയൻ പല പല റിപ്പബ്ലിക്കുകളായി ചിന്നി ചിതറിയിട്ട് പോലും,  ഇന്നത്തെ റഷ്യയും ഇൻഡ്യയും തമ്മിൽ ആ അടുപ്പം കാത്തു സൂക്ഷിക്കുന്നു.

ഇനിയത്തെ കാലത്തെ യുദ്ധങ്ങൾ ഏക പക്ഷീയമായ രണ്ട് രാഷ്ട്രങ്ങൾ തമ്മിലല്ല. നേരിട്ടും അല്ലാതെയും ഒരായിരം സഹായ ഹസ്തങ്ങൾ യുദ്ധത്തിലേർപ്പെടുന്ന രാജ്യങ്ങൾക്ക് തുണയായി കിട്ടും. ഇസ്രായേലിന്റെ ശക്തി അമേരിക്കൻ പിന്തുണയാണെങ്കിൽ, പാലസ്തീനെ സഹായിക്കാൻ അറബ് മുസ്ലീം രാഷ്ട്രങ്ങളുടെ നിര തന്നെയുണ്ട്. അതു പോലെ ചൈന ഇൻഡ്യയുമായി ഒരു യുദ്ധത്തിലേർപ്പെട്ടാൽ ഒന്നുകിൽ അമേരിയ്ക്കയ്ക്കോ, അല്ലെങ്കിൽ റഷ്യയ്ക്കോ അവരുടെ താൽപ്പരാർഥം ഇൻഡ്യയെ സഹായിക്കേണ്ടി വന്നേക്കാം.... കാരണം തങ്ങളെ കവിഞ്ഞ് മറ്റൊരുത്തൻ [ചൈന] സാമ്രാജ്യത്ത ശക്തിയായി തീരുന്നത് ഒരാൾക്കും സഹിക്കില്ലെന്നത് തന്നെ.



ഇങ്ങനെ നിരവധി കാരണങ്ങൾ ഉളളത് കൊണ്ട്, അഗ്നി പോലുള മിസൈലുകളും, ലോകത്തിലേ എറ്റവും മികച്ച ആയുധ ശേഖരങ്ങളാലും നമ്മുടെ രാജ്യം കവചിതമായിരിക്കണം.  ലോക രാഷ്ട്രങ്ങളുടെ ചതുരംഗക്കളിയ്ക്കിടയിൽ നമുക്ക്  തന്ത്ര പരമായ ആക്രമണ ഭീക്ഷണി നേരിടുമ്പോൾ ഇൻഡ്യയ്ക്ക് അവരോട് ധൈര്യ പൂർവ്വം പറയാം..  ചെക്................
 





ടമാർ പടാർ:  
ഞാൻ ഉത്തര കൊറിയയുടെ ഒരു ആരാധകനാണ്. 
ഒന്നുമില്ലേലെന്താ, വയറ് നിറച്ചും ഉപരോധങ്ങളാണെങ്കിലെന്താ, തൊട്ടാ പണി കിട്ടും എന്ന് മറ്റുള്ളവരേക്കൊണ്ട് തോന്നിപ്പിക്കാൻ ഉത്തര കൊറിയയ്ക്ക് എപ്പോഴും കഴിയുന്നു. 
രാജ്യങ്ങളായാൽ അങ്ങനെ ആണായിപ്പിറക്കണം....

7 അഭിപ്രായങ്ങൾ:

  1. ആയുധങ്ങള്‍ തേച്ചു മിനുക്കുന്നതും സുരക്ഷ ഉറപ്പാക്കുന്നതും ഒക്കെ നല്ലത് തന്നെ. പക്ഷെ അതിനു ഇത്തരത്തില്‍ പോര്‍വിളിയുടെ മേമ്പൊടി നല്‍കുന്നത് നല്ലതല്ല. പ്രത്യേകിച്ചും സമാധാന അന്തരീക്ഷം നിലനില്‍ക്കുകയും നയതന്ത്ര ചര്‍ച്ചകള്‍ നടക്കുകയും ചെയ്യുന്ന സാഹചര്യത്തില്‍.
    ഇത് പണ്ട് മറ്റേ പുള്ളി യുധിഷ്ടിരനോട് പടയോരുക്കികോളാന്‍ പറഞ്ഞിട്ട് ദുര്യോധനന്‍റെ അടുത്ത് ഡീല്‍ ഓര്‍ നോ ഡീല്‍ കളിക്കാന്‍ പോയ പോലാകും !!!!

    മറുപടിഇല്ലാതാക്കൂ
  2. ഇന്ത്യ ഒരു അമേരിക്കന്‍ അടിമ രാജ്യമാണ്,..

    മറുപടിഇല്ലാതാക്കൂ
  3. നന്നായി പഠിച്ച് അവതരിപ്പിച്ചു.....നല്ല ലേഖനം,

    മറുപടിഇല്ലാതാക്കൂ
  4. ജിതിനേ,
    ഇതൊരു പോർ വിളിയല്ല.

    നമ്മുടെ രാജ്യം അഗ്നി അഞ്ച് മിസൈൽ വിക്ഷേപണം നടത്തിയതിനെപ്പോലും പരിഹസിച്ച് കൊണ്ട് ഫീച്ചറെഴുതിയ പത്രങ്ങളും, ചാനലുകളുമുളള ഒരു രാജ്യമാണ് ചൈന. അവരുടെ പല നയങ്ങളും പ്രകോപനപരവും, വെല്ലുവിളി നിറഞ്ഞതുമാണ്. നമുക്ക് നട്ടെല്ലുണ്ടെന്ന് നമ്മുടെ രാജ്യം ചിലപ്പോഴെങ്കിലും തെളിയിക്കുന്നതിനെ അടിവരയിട്ട് പറയുമ്പോൾ, അതിനെ വെല്ലുവിളിയെന്ന് പറയാനാവില്ലല്ലോ...

    മറുപടിഇല്ലാതാക്കൂ
  5. ങാ..അഞ്ചുമിനിട്ടെങ്കിലും പ്രതിരോധിക്കാന്‍ കഴിയുമല്ലോ.. അതുമതി. ഇനി ഈ പ്രോജക്റ്റിന്റെ പേരില്‍ എത്ര കോടിയാണോ അമുക്കിയത്. ആര്‍ക്കറിയാം

    മറുപടിഇല്ലാതാക്കൂ
  6. india swanthamayi nirmicha oru flight engininte peru parayamo???

    (indiakku swantham ennu parayavunna orennam)???

    മറുപടിഇല്ലാതാക്കൂ