തിങ്കളാഴ്‌ച, ഏപ്രിൽ 30, 2018

ഡൺ കിർക്കിനു ശേഷം ഫ്യൂററുടെ ഫ്രെഞ്ച് വിജയം

 മുൻപ് ഒരു പോസ്റ്റിൽ,( https://padaarblog.blogspot.in/2018/04/blog-post_90.html )  രണ്ടാം ലോക മഹായുദ്ധത്തിൽ ജർമനിയുടെ ഡൺ കിർക് വിജയത്തേക്കുറിച്ച് ഞാനിവിടെ എഴുതിയിരുന്നു. ഡൺ കിർക്കിലെ പിന്മാറ്റം, അതായത് - ബ്രിട്ടീഷ് റോയൽ നേവിയുടെ - ഫ്രെഞ്ച് സേനയെ രക്ഷിക്കൽ അവരുടെ ഭാഗത്ത് വിജയമായും ജർമൻ ഭാഗത്ത് ചെറിയൊരു പാകപ്പിഴയു ടെ വിലയുമായിരുന്നു. ഈ ഫ്രെഞ്ച് പരാജയത്തോടെയാണ്, സാക്ഷാൽ അഡോൾഫ് ഹിറ്റ്ലർ ഉൾപ്പെടെയുള്ള അടുത്ത സുഹൃത്തുക്കൾക്ക് ദൂച്ചേ എന്നറിയപ്പെട്ട മുസ്സോളിനി അന്നാദ്യമായി യുദ്ധ മുഖത്തിറങ്ങാൻ തീരുമാനിക്കുന്നത്. യുദ്ധത്തിനിറങ്ങാനുള്ള ശേഷി ആയിട്ടില്ല എന്ന് പറഞ്ഞ് ഒഴിവായി നിന്നിരുന്ന ദൂച്ചേ (ബെനിറ്റോ മുസ്സോളിനി) യെ ഈ ജർമൻ വിജയം അമ്പരപ്പിച്ചു. ഹിറ്റ്ലർ ചാർജ്ജാവുന്നത് കണ്ട്, ഇനിയും തങ്ങൾ പതുങ്ങി ഇരിക്കാൻ പാടില്ല എന്ന് മുസ്സോളിനി ഉറപ്പിച്ചു. ഇറ്റാലിയൻ ശക്തി ലോകത്തിനു കാട്ടിക്കൊടുക്കണം. ജർമനിയ്ക്കൊപ്പമുള്ള വൻശക്തിയാണ് ഇറ്റലിയും. മുസ്സോളിനി കണക്കു കൂട്ടി. ഇറ്റലി - 1940 ജൂൺ പതിനൊന്ന് - രായ്ക്ക് രാമാനം ബ്രിട്ടണൂം ഫ്രെഞ്ചിനും എതിരേ യുദ്ധം പ്രഖ്യാപിച്ചു (സ്റ്റാലിനും, ചർച്ചിലും, റൂസ് വെൽറ്റും മുസ്സോളിനിയോട് യുദ്ധത്തിനിറങ്ങരുത് എന്ന് അതിനു മുൻപേ അഭ്യർത്ഥിച്ചിരുന്നു. പക്ഷേ മുസ്സോളിനി അതെല്ലാം ഈ യുദ്ധ പ്രഖ്യാപനത്തിലൂടെ കാറ്റിൽ പറത്തി)
പക്ഷേ ഇറ്റലിയ്ക്ക് കാര്യമായൊന്നും ചെയ്യാനുണ്ടായിരുന്നില്ല.. ഇറ്റലിയുടെ 32 ഡിവിഷൻ സൈന്യവും ഫ്രാൻസിന്റെ 6 ഡിവിഷൻ സൈന്യവും തമ്മിൽ ശക്തമായ ഏറ്റുമുട്ടൽ നടന്നു. ഇറ്റലിയെ ഫ്രെഞ്ച് സേന തുരത്തി. ഇറ്റലിയുടെ സ്റ്റ്രെങ്ത് ലോകത്തിനു ബോദ്ധ്യപ്പെടാനേ ഈ പോരാട്ടം ഉപകരിച്ചുള്ളു. അരങ്ങേറ്റം തന്നെ പരാജയമായിപ്പോയെങ്കിലും ഇറ്റാലിയൻ ആഗമനം യുദ്ധ ഗതിയെ സാരമായി ബാധിച്ചു. അതുവരെ യൂറോപ്പിൽ മാത്രം ഒതുങ്ങി നിന്ന സമരമുഖം മദ്ധ്യധരണാഴിയിലേക്കും, ആഫ്രിക്കയിലേക്കും വ്യാപിച്ചു.
ഇതേ സമയം ജർമനി ഫ്രെഞ്ച് തലസ്ഥാനം പിടിച്ചെടുക്കാനായി മുന്നേറിക്കൊണ്ടിരിക്കുകയായിരുന്നു. ഫ്രെഞ്ച് ഗവണ്മെന്റ് 10 ആം തീയതി ടൂർസിലേക്കും, 14 ആം തീയതി ബോർഡോയിലേക്കും മാറ്റി സ്ഥാപിച്ചു. വിഹ്വലനായ ഫ്രെഞ്ച് പ്രസിഡന്റ് അമേരിക്കയോട് സഹായാഭഭ്യർത്ഥന നടത്തി. പക്ഷേ റൂസ്വെൽറ്റ് ഫ്രാൻസിനോട് സഹതാപം പ്രകടിപ്പിക്കുക മാത്രമേ ചെയ്തുള്ളു.
ഡൺ കിർക്കിൽ ഫ്രാൻസിനെ സഹായിച്ച ബ്രിട്ടൺ ഇപ്പോൾ ഒന്നും ചെയ്യാതെ നോക്കിയിരുന്നു. കാരണം ഫ്രാൻസ് എന്തായാലും പരാജയപ്പെടും. ജർമൻ ശക്തിക്കെത്രേ ഫ്രാൻസിനെ സഹായിക്കാനായി തങ്ങളുടെ കപ്പലുകളും വിമാനങ്ങളും എന്തിനു കുരുതി കൊടുക്കണം എന്നായിരുന്നു ബ്രിട്ടൺ ചിന്തിച്ചത്. കാരണം ഫ്രാൻസിന്റെ പതന ശേഷം ഫ്യൂറർ (ഹിറ്റ്ലർ) ബ്രൊട്ടണിലേക്കാവും വരിക. അതുകൊണ്ട് ഇപ്പോൾ ആയുധങ്ങൾ നഷ്റ്റപ്പെടുത്തിക്കൂടാ.
അന്ന് ലോകത്തെ ഏറ്റവും മനോഹര നഗരമായിരുന്നു ഫ്രെഞ്ച് തലസ്ഥാനമായ പാരീസ്. ഡാവിഞ്ചി, ബോട്ടിസെല്ലി, മൈക്കൽ ആഞ്ചലോ ഒക്കെയുൾപ്പെടെ ഉള്ളവരുടെ വിഖ്യാത കലാസൃഷ്ടികൾ പാരീസിലെ മ്യൂസിയങ്ങളെ അലങ്കരിച്ചിരുന്നു. പാരീസിൽ വെച്ച് നടക്കാൻ പോകുന്ന യുദ്ധം ആ നഗരത്തിന്റെ നാശത്തിനിടയാക്കും എന്ന് ഫ്രെഞ്ച് ഗവണ്മെന്റിനറിയാമായിരുന്നു. അതോടെ അവർ ഒരു കാര്യം ചെയ്തു. പാരീസിനെ യുദ്ധമില്ലാ തുറന്ന നഗരമായി പ്രഖ്യാപിച്ചു.
ജൂൺ 14 ആം തീയതി നാസി ഫടൻമ്മാർ പാരീസ് കൈവശപ്പെടുത്തി. യൂറോപ്പിലെ ഏറ്റവും ഉയരമുള്ള ഈഫൽ ടവറിനു മുകളിൽ സ്വസ്തിക ചിഹ്നമുള്ള നാസിപ് പതാക പാറിക്കളിച്ചു.
ഒന്നാം ലോക മഹായുദ്ധത്തിൽ ഫ്രാൻസിലെ മാൺ തുറമുഖത്ത് നടന്ന യുദ്ധത്തിലാണ് ജർമനി പരജയപ്പെടുന്നത്. മാൺ യുദ്ധം എന്ന് ഇത് അറിയപ്പെട്ടു. മാൺ യുദ്ധത്തിന്റെ ഓർമകൾ ഹിറ്റ്ലറുടെ മനസ്സിലുണ്ടായിരുന്നു. 1918 നവംബർ 11 നാണ് ജർമനി ഫ്രാൻസുമായി കമ്പീൻ വനാന്തരത്തിൽ വെച്ച് അപമാനകരമായ യുദ്ധ വിരാമ സന്ധി ഒപ്പിട്ടത്. അതിനാൽ ഹിറ്റ്ലർ ഉറപ്പിച്ചു ഇത്തവൺ അതേ വനാന്തരത്തിൽ വെച്ചായിരിക്കും ജർമനിയുടെ അന അനിഷേദ്ധ്യത ഫ്രാൻസിനു കാട്ടിക്കൊടുക്കുന്നത്. കഴിഞ്ഞ 22 കൊല്ലമായി ഈപ്രതികാര വാഞ്ചയാണ് ഫ്യൂററെ നയിച്ചിരുന്നത്. ഒന്നാം ലോക മഹായുദ്ധത്തിൽ ആ യുദ്ധവിരാമ സന്ധി ഒപ്പ് വെച്ച അതേ തീവണ്ടി വാഗണിൽ തന്നെ ഫ്രാൻസിഉന്റെ പതനവും ഒപ്പ് വെക്കപ്പെടും എന്ന് ഹിറ്റ്ലർ അറിയിച്ചു. ഫ്രെഞ്ച് യുദ്ധ സ്മാരക മ്യൂസിയത്തിൽ സൂക്ധിച്ചിരുന്ന ആപഴയ തീവണ്ടി വാഗൺ കാമ്പീൻ വനാന്തരത്തിൽ പഴയ അതേ സ്ഥലത്ത് തന്നെ ഹിറ്റ്ലർ കൊണ്ട് വെപ്പിച്ചു.
ഹിറ്റലർ വാഗണിൽ കയറി ഇരുന്നു.
പരാജയ സന്ധി ഒപ്പ് വെക്കാൻ വന്ന ഫ്രെഞ്ചുകാർ ഇത്തരമൊരു നാടകീയ ബാക്ഗ്രൗണ്ട് പ്രതീക്ഷിച്ചിരുന്നില്ല. തങ്ങളുടെ രാജ്യം പരാജയത്തിനു പുറമേ അപമാനം കൂടി സഹിക്കുകയാണെന്ന് അവർക്ക് മനസ്സിലായി. ഹിറ്റ്ലറാകട്ടെ അന്നത്തെ അതേ നാണയത്തിൽ അതേ ഇടത്ത് അതേ തീവണ്ടിയിൽ വെച്ച് ശത്രുവിന്റെ ദൈന്യത അനുഭവിക്കുകയായിരുന്നു...
ഒടുവിൽ ഫ്യൂററുടെ എല്ലാ സന്ധികളിലും ഫ്രെഞ്ച്കാർക്ക് നാണം കെട്ട് ഒപ്പ് വെക്കേണ്ടി വന്നു. രണ്ട് ദിവസത്തിനു ശേഷം ഇറ്റലിയും ഫ്രാൻസുമായും യുദ്ധവിരാമ സന്ധിയുണ്ടായി. ജൂൺ 24 ആം തീയതി ഫ്രാൻസിൽ വെടിശബ്ദം നിലച്ചു.
അന്ന് ജർമനിയിലെ ബെർലിനിൽ ജനങ്ങൾ ഉത്സവ തിമിർപ്പിലായിരുന്നു.
തങ്ങളുടെ ഫ്യൂറർ ഒരിക്കൽ കൂടി വിജയിച്ചിരിക്കുന്നു.
10 മാസം കൊണ്ട് വിസ്തുലാ നദി മുതൽ പിരണീസ് പർവതം വരെ ജർമൻ സാമ്രാജ്യം വ്യാപിച്ചിരിക്കുന്നു.
ഫ്യൂറർ അമാനുഷനാണ്.
അടുത്ത സമാധാന ഉടമ്പടി ലണ്ടനിൽ നാം നടത്തുന്നതായിരിക്കും എന്ന് ഗോയ്ബത്സ് ജർമൻ ജനതയോട് പ്രഖ്യാപിച്ചു. ഹിറ്റ്ലർ ഈ സമയം താൻ നേടിയ പ്രദേശങ്ങളിലൂടെ ഒരു വിജയപര്യാടനം നടത്തുകയായിരുന്നു. ഒന്നാം ലോക മഹായുദ്ധത്തിൽ സൈനികനായിരിക്കെ താൻ പോരാടിയ ഇടങ്ങൾ നേരിട്ട് കാണുന്നതിലായിരുന്നു ഹിറ്റ്ലറുടെ കമ്പം. പാരീസിൽ പ്രവേശിച്ചപ്പോൾ അദ്ധേഹം അഭിമാനം കൊണ്ടു. നെപ്പോളിയൻ ബോണപ്പാർട്ടിന്റെ ശവ കുടീരത്തിലേക്ക് നോക്കി നിർന്നിമേഷനായി നിൽക്കവേ അദ്ധേഹം മനസ്സിൽ, ചിന്തിച്ചു.
- "താഴെ, തന്റെ കാൽക്കീഴിൽ ഫ്രാൻസിന്റെ ശവം കിടക്കുന്നു." -

.

അനുബന്ധ പോസ്റ്റ്
https://padaarblog.blogspot.in/2018/04/blog-post_90.html

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ