തിങ്കളാഴ്‌ച, ഏപ്രിൽ 18, 2011

കഥ പുസ്തകങ്ങള്‍ക്ക് എന്തു സംഭവിച്ചു?

വിക്കിപീഡിയയും, വിക്കിലീക്ക്സും വന്നതോടെ വിക്കിയെ ആര്‍ക്കും വേണ്ടാതായി. ഇന്‍സ്പെക്ടര്‍ ഗരുഡും, ഹവില്‍ദാര്‍ ബല്‍ബീറുമെല്ലാം വായനക്കാരോട് പണ്ടേ സുല്ല് പറഞ്ഞതാണ്.ഡിങ്കനു പണ്ടേപ്പോലെ ഫാന്‍സില്ല...

പറഞ്ഞു വന്നത് എന്റെയൊക്കെ കുട്ടിക്കാലത്തെ (വായനക്കാരുടെ പ്രായം അനുസരിച്ച് നമ്മുടെയൊക്കെ എന്നും വിവക്ഷിക്കാം. ) പ്രീയ കൂട്ടുകാരായിരുന്ന, കഥ പുസ്തകങ്ങളിലെ കഥാപാത്രങ്ങളെക്കുറിച്ചാണ്. ബാല്യകാലത്തിന്റെ ഗൃഹാതുരതയ്ക്ക് മേല്‍
ഓര്‍മകളായി എത്തുന്ന ഫാന്റസിക്കഥാപാത്രങ്ങള്‍. അന്നൊക്കെ എത്രയെത്ര കഥ പുസ്തകങ്ങളായിരുന്നു. ബാലരമ, പൂമ്പാറ്റ, ബാലമംഗളം, അമ്പിളിമാമന്‍, തേനരുവി, മലര്‍വാടി, ഉണ്ണിക്കുട്ടന്‍ , ബാബുസാലി, റ്റോംസ് മാഗസിന്‍ , കുട്ടികളുടെ ദീപിക,
യുറേക്കാ, മുത്തശ്ശി, പാതി വഴിയില്‍ എത്തിയ ബാലഭൂമി, ഒപ്പം അമര്‍ചിത്രകഥകള്‍, അസംഖ്യം സചിത്ര കഥകള്‍ അങ്ങനെ അങ്ങനെ...

നമ്പോലനും, വൈദ്യരും, ശുപ്പാണ്ടിയും, ഡിറ്റക്ടീവ് വിക്രമും, നസിറുദ്ദീന്‍ ഹോജയും എത്ര
ഹരമായിരുന്നു അന്ന്. പപ്പൂസ്, എതിരാളിക്കൊരു പോരാളിയായിരുന്ന ഡിങ്കന്‍ , കൌശലക്കാരനായ കലൂലൂ മുയല്‍, കാലിയ, മന്ത്രിയുടെ തന്ത്രങ്ങളിലെ ചതിയനായ മന്ത്രിയും, ഭോജ രാജാവും, കപീഷ്, വേട്ടക്കാരന്‍ ദോപ്പയ്യ, ലൊട്ടുലൊടുക്ക് - ഗുല്‍ഗുലുമാല്‍,
വാംബാ എന്ന റോബോട്ട്, തവളയുടെ രൂപമുള്ള അന്യഗ്രഹ ജീവിയായ വിക്കി, സീമാന്‍ ,
വീരോ... എണ്ണമറ്റ കോമിക് കഥാപാത്രങ്ങള്‍. കുഞ്ഞു നാളുകളിലെ യഥാര്‍ത്ഥ ഹീറോകള്‍
അവരൊക്കെയായിരുന്നു.

അന്ന് ഏറ്റവുമധികം ജനപ്രിയമായ ബാല മാസികകള്‍ ബാലരമയും, പൂമ്പാറ്റയും ആയിരുന്നു. ഇവയില്‍ ഏതിന്റെയെന്കിലും ഒരു ലക്കം കയ്യില്‍ കിട്ടാതെപോയാല്‍ അത് ഒരു വലിയ നഷ്ടം സംഭവിച്ചത് പോലെയായിരുന്നു അന്നൊക്കെ.
അക്കാലത്ത് ഞങ്ങള്‍ കുട്ടികള്‍ക്കിടയില്‍ സാധനങ്ങള്‍ക്ക് പകരം സാധനങ്ങള്‍ തന്നെ വിനിമയം ചെയ്യുന്ന ബാര്‍ട്ടര്‍ സമ്പ്രദായമൊക്കെ നിലനിന്നിരുന്നു. കൂട്ടുകാരന്‍ വായിക്കാത്ത അഞ്ജു കഥ പുസ്‌തകങ്ങള്‍ അവന് കൊടുത്തിട്ട്, നമ്മള്‍ വായിക്കാത്ത അഞ്ജു എണ്ണം തിരികെ വാങ്ങുക. നമ്മുടെ കയ്യിലും,
അവന്റെ കയ്യിലും ഉള്ള കഥ പുസ്‌തകങ്ങളുടെ സംഖ്യയുടെ അടിസ്ഥാനത്തില്‍ പുസ്‌തകങ്ങളുടെ കണക്ക് കൂടുകയോ കുറയുകയോ ചെയ്യാം.

ബോബനും മോളിയും അക്കാലത്ത് എല്ലാവരുടെയും പ്രീയങ്കരരായിരുന്നു. റ്റോംസ് ചിരിപ്പിച്ച ബാല്യം ഇന്നും ഓര്‍മകളില്‍ നിറയുന്നു. അതുപോലെ തന്നെ പല കുട്ടികള്‍ക്കും അന്നൊക്കെബാലരമയിലെ മായാവി വല്യ ഹരമായിരുന്നു. ഞാന്‍ ലുട്ടാപ്പിയുടെ ആരാധകന്‍ ആയതു കൊണ്ട് മായാവിയോട് തീരെ താല്‍പ്പര്യം ഇല്ലായിരുന്നു. വാലു ചുരുട്ടി
ശത്രുക്കളെ കബളിപ്പിക്കുന്ന കപീഷ്, കപീഷിന്റെ പൂമ്പാറ്റയിലെ എതിരാളി കിഷ്ക്കു തുടങ്ങിയവരൊക്കെ അല്‍ഭുത കഥാപാത്രങ്ങള്‍ ആയിരുന്നു. ഇവരൊക്കെ യഥാര്‍ത്ഥത്തില്‍
ഉണ്ടെന്നു തന്നെ അന്ന് വിശ്വസിച്ചിരിന്നു. ജിംഡാന്‍ സിംഹവും, പിപ്പിക്കുരങ്ങനും, ബബൂണ്‍
അമ്മാവനും, സംഖര്‍ഷം തരുന്ന സാഹസ കഥാപാത്രങ്ങള്‍ ആയിരുന്നു

അക്കാലത്ത് ബാലരമയിലും, പൂമ്പാറ്റയിലും ബാല നോവലുകള്‍ എഴുതിയിരുന്നത് സി. രാധാകൃഷ്‌ണന്‍, കെ. ബാബു എന്നിവരായിരുന്നു. ശാസ്ത്രവും, സാഹസികതയും, മിത്തും കൈകോര്‍ക്കുന്ന ഗുണപാഠങ്ങള്‍ ഏറെയുള്ള നോവലുകളാണ്‌ അവര്‍ എഴുതിയത്.
കാര്‍ട്ടൂണിസ്റ്റ്‌ വേണു വര കൊണ്ട് ചിരിപ്പിച്ചു. ചലോ ചപ്പല്‍സ്, തല മാറട്ടെ , ജംബനും തുമ്പനും... ഒരു കാലത്തിന്റെ ചിന്തകള്‍ വേണു വരയിലൂടെ പകര്‍ന്നു നല്‍കി.
ഇടക്കാലത്ത് ബോബനും മോളിക്കും അപരന്മാര്‍ ആയി ബോണിയും സോണിയും, ബോബി സോമി, തുടങ്ങിയ കോമിക്സ്കളും ഇറങ്ങിയിരുന്നു. പക്ഷേ ബോബനേയും മോളിയെയും തോല്‍പ്പിക്കാന്‍ കഴിയാത്തത് കൊണ്ടാവാം അവര്‍ പിന്നെ അപ്രത്യക്ഷമായി.

നാടോടിക്കഥകളും, പുരാണകഥകളും, മറ്റും ഞങ്ങള്‍ക്കു സമ്മാനിച്ചിരുന്നത് അമര്‍ചിത്രകഥകളും, അമൃത് ചിത്രകഥകളുമായിരുന്നു. ഇവയിലൂടെയൊക്കെ
കുട്ടിക്കാലത്ത് ലഭിച്ച അറിവുകളും ഗുണപാഠങ്ങളും ഇന്നും
ഞങ്ങളെയൊക്കെ നന്മയുള്ളവരായി നിലനിര്‍ത്തുന്നു എന്നു തോന്നുന്നു.
കഥ പുസ്തക വായനാശീലം ഏതു പ്രായത്തിലാണോ നിര്‍ത്തിക്കളഞ്ഞത്?
യവ്വനത്തിന്റെ ആരംഭത്തിലാവണം.

എന്നാലിപ്പോള്‍
കഥ പുസ്തകങ്ങള്‍ ഇന്നത്തെ
കുട്ടികള്‍ക്ക് വേണ്ട എന്നായിട്ടുണ്ട്. മൊബൈലും, ഇന്റര്‍നെറ്റും കൈവെള്ളയില്‍
കൊണ്ടു നടക്കുന്ന കുട്ടികള്‍ക്കെവിടെ വായിക്കാന്‍ സമയം?
കഥകള്‍ വായിക്കാതെ വളരുന്ന കുട്ടികള്‍ സ്വയം നിഷേധിക്കുന്നത് അറിവിന്റെയും,
നന്മയുടേയും വലിയൊരു ഗുരു സന്നിധിയാണ്‌. ഇന്ന് എല്ലാവര്‍ക്കും വേണ്ടത് ഗെയിം ആണ്. ഗെയിമില്‍ എതിരാളികളെ ബഹുദൂരം പിന്നിലാക്കി മുന്നേറുകയും, ശത്രുക്കളെ വെടിവെച്ച് ഇടുകയും ചെയ്യുന്ന കുട്ടികള്‍ ,
എന്തിനേയും കീഴ്പ്പെടുത്താനാണ് പഠിക്കുന്നത്. പിന്നീട് വളര്‍ന്നു വരുമ്പോള്‍ ജീവിതത്തിലും ഒന്നാമത് ആകാന്‍ വേണ്ടിയുള്ള കീഴ്പ്പെടുത്തലുകള്‍ ആണ്. കഥകളിലൂടെ ലഭിക്കേണ്ട നന്മകളെ അവഗണിക്കുന്നത് പില്‍ക്കാലത്ത്‌ സഹവര്‍ത്തിത്വം, സഹനം എന്നിവയെ കൂടി ഇല്ലാതെയാക്കുന്നു. കുട്ടികള്‍ക്ക്‌ നന്മയുടെ കഥകളും, കഥ പുസ്തകങ്ങളും വാങ്ങി നല്‍കേണ്ടത് മാതാപിതാക്കള്‍ ഒരു കടമയായി ഏറ്റെടുത്തിരുന്നെന്കില്‍..!


Related Articles

10 അഭിപ്രായങ്ങൾ:

  1. വളരെ ശരിയാണു...ഇന്നത്തെ കുട്ടികൾക്ക് ചിത്രകഥാ പുസ്തകങ്ങൾ വായിക്കണ്ടാ...കമ്പ്യൂട്ടറും ഗെയിമും പിന്നെ സമയം കിട്ടിയാൽ ക്രിക്കറ്റും അതാണവരുടെ ലോകം...നഷ്ടപ്പെടുന്നത് അറിവുകളുടെ മണിമുത്തുകളാണെന്ന് അവരറിയുന്നില്യാ...നല്ല ലേഖനം ട്ടോ

    മറുപടിഇല്ലാതാക്കൂ
  2. എന്റെ പ്രിയ താരം ആയിരുന്ന ബാലഭൂമിയിലെ മാജിക് മാലുവിനെ മറന്നു കളഞ്ഞോ? പോസ്റ്റ്‌ വായിക്കുമ്പോള്‍ ഓരോ പഴയ കാലത്തെ കഥാപത്രങ്ങളും മനസ്സിലൂടെ കടന്നു പോയി. യുറീക്കയിലെ ശാസ്ത്ര പംക്തികള്‍ എന്നെ ഒരു പാട് സ്വാധീനിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ന് കുട്ടികള്‍ കാണുന്നത് ദേവീമഹാത്മ്യവും അലാവുധീനും പോലെ യുക്തിക്ക് നിരക്കാത്ത പരിപാടികളാണ്, തീര്‍ച്ചയായും നമ്മുടെ ഒക്കെ ബാല്യം അനുഗ്രഹീതമാണ്

    മറുപടിഇല്ലാതാക്കൂ
  3. അജ്ഞാതന്‍2011, ഏപ്രിൽ 18 10:16 PM

    ഞാന്‍ ലുട്ടാപ്പിയുടെ ആരാധകന്‍ ആയതു കൊണ്ട് മായാവിയോട് തീരെ താല്‍പ്പര്യം ഇല്ലായിരുന്നു

    ഹും സുഖിച്ചിരിക്കണു......... ;)

    മറുപടിഇല്ലാതാക്കൂ
  4. നന്ദി റിജോ, ആ കഥാപാത്രങ്ങളെ ഒക്കെ വീണ്ടും ഓര്‍മിപ്പിച്ചതിനു...
    എനിക്ക് പപ്പൂസിനെ ആയിരുന്നു ഇഷ്ടം... :)
    ഇപ്പൊ കുട്ടികള്‍ക്ക് ‌ ആനിമേഷന്‍ പടങ്ങളും കാര്‍ട്ടുണ്സും ഒക്കെയാണ്
    ഇഷ്ടം. അവയില്‍ നല്ല കഥകള്‍ ഒക്കെ ഉണ്ടെങ്കിലും മലയാളത്തില്‍ ഇറങ്ങുന്നത് കൂടുതലും തട്ടിക്കൂട്ടുകളാണ്.

    മറുപടിഇല്ലാതാക്കൂ
  5. സീത,പത്രക്കാരന്‍ , ലുട്ടാപ്പി, ലിപി, സിനു... എല്ലാവര്‍ക്കും നന്ദി.

    ഒരിക്കലും മറക്കാനാവാത്ത ആ കാലത്തിന്റെ തിരുശേഷിപ്പുകള്‍ മനസില്‍ കൊണ്ടു നടക്കുന്നവര്‍ വേറെയുമുണ്ട് എന്ന് അറിയാന്‍ കഴിഞ്ഞത് സന്തോഷം പകരുന്നു.

    മറുപടിഇല്ലാതാക്കൂ
  6. ശരിയാണ് റിജോ.. കോമിക്കുകളും കഥാ പുസ്തകങ്ങളും തന്ന ലോകം ഒന്ന് വേറെ തന്നെ ആണ്. അമര്‍ ചിത്ര കഥകളുടെയും, ഇന്ദ്രജാല്‍ കൊമിക്സുകളുടെയും ഒരു നല്ല ശേഖരം എനിക്കുണ്ടായിരുന്നു. ഒരിക്കല്‍ വട്ടു തോന്നി ഒക്കെ വിറ്റു. ഇപ്പോള്‍ വല്ലാത്ത നഷ്ട ബോധം തോന്നുന്നു.

    മറുപടിഇല്ലാതാക്കൂ
  7. ഇവിടെയെത്തിയ തൊമ്മി, ഏപ്രില്‍ ലില്ലി എന്നിവരോടുള്ള നന്ദി രേഖപ്പെടുത്തുന്നു. നന്ദി...

    മറുപടിഇല്ലാതാക്കൂ
  8. നമ്മുടെ പക്രുവിനെയും ഇമ്മിണി കോഴിയെയും മറന്നോ?

    മറുപടിഇല്ലാതാക്കൂ