
1) നാം നമുക്കുവേണ്ടി തിരഞ്ഞെടുത്ത ഭാരത സര്ക്കാര് ആളെക്കൊല്ലുന്ന ഈ വിഷ ലായനിക്ക് വക്കാലത്ത് പിടിക്കുന്നത് എന്തു കാരണത്താലാണ്?
ഇന്‍ഡ്യയില്‍ എന്‍ഡോസള്‍ഫാന്‍ നിര്‍മ്മിക്കുന്നത് കേന്ദ്ര സര്‍ക്കാര്‍ അധീനതയിലുള്ള ഹിന്ദുസ്ഥാന്‍ ഇന്‍സെക്‌റ്റിസൈഡ്‌സ് ലിമിറ്റഡ് എന്ന കമ്പനിയാണ്.( ഈ കമ്പനിയുടെ പേര് വാസ്തവത്തില്‍ ഹിന്ദുസ്ഥാന്‍ ഇന്‍ഫ്ക്ഷന്‍സൈഡ്‌സ് ലിമിറ്റഡ് എന്നായിരുന്നു ആക്കേണ്ടിയിരുന്നത്.) എന്‍ഡോസള്‍ഫാന്‍ വിപണിയില്‍ എത്തുന്നത് പ്രസ്തുത പേരോടു കൂടിയല്ല. ബെയര്‍ ക്രോപ്പ് സയന്‍സ് എന്ന അന്താരാഷ്ട്ര കുത്തക കമ്പനിയാണ് എന്‍ഡോസള്‍ഫാന്‍ എന്ന പേര് ഉപയോഗിക്കുന്നത്. എന്‍ഡോസള്‍ഫാന്‍ ഉപയോഗത്തിലൂടെ മനുഷ്യ ശരീരങ്ങള്‍ക്ക് പ്രത്യാഘാതങ്ങള്‍ ഉണ്ടാകുന്നു എന്നും, തല്‍ഫലമായി ചികില്‍സയില്ലാത്ത മാരക രോഗങ്ങള്‍ മുതല്‍ ജനിതക വൈകല്യങ്ങള്‍ വരെ ഉടലെടുത്തേക്കാം എന്നും സംശയിക്കപ്പെട്ടതോടെ പല രാജ്യങ്ങളും ഇത് നിരോധിക്കുകയുണ്ടായി. എന്നാല്‍ ഇതിന്റെ ഉല്‍പ്പാദകരും, ഏറിയ പങ്കു ഉപഭോക്താക്കളുമായ ഇന്ത്യ, ഇതുമൂലമുണ്ടാകുന്ന പ്രത്യാഘാതങ്ങളെ പൂര്‍ണമായും തള്ളിക്കളഞ്ഞു കൊണ്ട്, ഈ കീടനാശിനിയെ അനുകൂലിക്കുകയാണ് ചെയ്തു വരുന്നത്. നമ്മുടെ സര്‍ക്കാരും, സര്‍കാര്‍ വകുപ്പുകളും എന്‍ഡോസള്‍ഫാന്‍ എന്ന ലാഭ വിഹിതത്തെക്കുറിച്ച് മാത്രമേ ആശങ്കപ്പെടുന്നുള്ളൂ. ലോക രാജ്യങ്ങളില്‍ സ്വീകരിക്കപ്പെടുന്ന ഒരിന്‍ഡ്യന്‍ ഉല്‍പ്പന്നം നേടി തരുന്ന വിപണി മാത്രമാണ് സര്‍ക്കാരിന്റെ പരമപ്രധാന ലക്ഷ്യം. അല്ലാതെ ഇവിടെ എത്രപേര്‍ ചത്ത് ഒടുങ്ങുന്നുണ്ട് എന്നത് സര്‍ക്കാര്‍ കാര്യമല്ല.
2) നമ്മുടെ സര്‍ക്കാര്‍ ലോക രഷ്ട്രങ്ങളുടെ മുന്‍പില്‍ എന്‍ഡോസള്‍ഫാന്‍ എന്നു കേള്‍ക്കുമ്പോള്‍ എന്തോ സള്‍ഫാന്‍ എന്നു പറയുന്നതെന്തു കൊണ്ട്?
ജനീവ കണ്‍വെന്‍ഷനില്‍ വീണ്ടും വീണ്ടും നമ്മുടെ സര്‍ക്കാര്‍ പ്രതിനിധികള്‍ എന്‍ഡോസള്‍ഫാന് വേണ്ടി വാദിക്കുമ്പോള്‍, കാസര്‍ഗോഡും, കര്‍ണാടകയും വിഹ്വലതയോടെ പരതുകയാണ്, ഇനി തങ്ങളെ രക്ഷിക്കാന്‍, ആരോഗ്യത്തോടെ ജീവിക്കാനുള്ള ആഗ്രഹത്തെ പരിഗണിക്കാന്‍ ആരുണ്ട് ആശ്രയം എന്ന്. എന്‍ഡോസള്‍ഫാന്റെ ദൂഷ്യം ഏറ്റവും കൂടുതല്‍ അനുഭവിച്ചത് കര്‍ണാടകയും കാസര്‍ഗോഡ്‌മാണ്. 173 രാജ്യങ്ങളുടെ സംയുക്ത കൂട്ടായ്മയായ ജനീവ കണ്‍വെന്‍ഷനില്‍ എന്‍ഡോസള്‍ഫാന്‍ വിഷയം വോട്ടിന് ഇടാതിരിക്കാന്‍ ഇന്‍ഡ്യന്‍ പ്രതിനിധികള്‍ ആവോളം ശ്രമിച്ചു. പകരം അഭിപ്രായ സമന്‍വയത്തിലൂടെ വിഷയം സാധൂകരിക്കാന്‍ വേണ്ടിയാണ് ഇന്ത്യയുടെ പുറപ്പാട്. വോട്ടെടുപ്പ് വന്നാല്‍ ഭൂരിപക്ഷം രാഷ്ട്രങ്ങളും എന്‍ഡോസള്‍ഫാനെ എതിര്‍ക്കുമെന്ന് നമ്മുടെ വകുപ്പ് അധികാരികള്‍ക്ക് അറിയാമായിരുന്നു. എന്നിട്ടും ചര്‍ച്ചയില്‍ ചൈനയും, കൊറിയയും ഉള്‍പ്പെടെയുള്ള രാജ്യങ്ങള്‍ ഇന്ത്യയുടെ നിലപാടിന് വിരുദ്ധമായ തീരുമാനം എടുക്കുകയായിരുന്നു. കൂട്ടക്കുരുതി നടത്തുന്ന ഒരു രാസ വസ്തുവിനെ അവര്‍ എന്തിനു പ്രോല്‍സാഹിപ്പിക്കണം?
3) ഇത്രയധികം പരാതികളും, തെളിവുകളും ഉണ്ടായിട്ടും എന്‍ഡോസള്‍ഫാന്‍ ദുരന്തത്തിന്റെ കാണാപ്പുറങ്ങളെക്കുറിച്ച്എന്തുകൊണ്ട് സര്‍ക്കാര്‍ അന്വേഷിക്കുന്നില്ല?
അന്വേഷിക്കുന്നുണ്ടല്ലോ. കാര്യമായിത്തന്നെ അന്വേഷിക്കുന്നുണ്ട്. സംസ്ഥാനത്ത് ഇതിനു മുന്‍പ് മൂന്ന് പഠനങ്ങള്‍ നടന്നുകഴിഞ്ഞു. ഇപ്പോള്‍ ഇന്‍ഡ്യന്‍ കവുണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച് ആണ് അന്വേഷിക്കുന്നതും, പഠിക്കുന്നതും. ഇന്‍ഡ്യന്‍ കവുണ്‍സില്‍ ഫോര്‍ മെഡിക്കല്‍ റിസര്‍ച്ചിന്‍റെ പഠനം പൂര്‍ത്തിയാകാതെ ഒന്നും പറയാന്‍ പറ്റില്ലെന്ന നിലപാടിലാണ് കേന്ദ്ര സര്‍ക്കാര്‍. കവുണ്‍സിലിന്റെ പഠനം പൂര്‍ത്തിയാകണമെങ്കില്‍ ഇനിയും മൂന്ന് വര്‍ഷം കൂടി എടുക്കുമത്രേ. പഠന റിപ്പോര്‍ട്ട് ലഭിച്ചതിനു ശേഷം മാത്രമേ എന്‍ഡോസള്‍ഫാന്‍ നിരോധനം വേണമോ വേണ്ടയോ എന്നത് തീരുമാനിക്കുകയുള്ളൂ. (നിരോധനം വേണമോ വേണ്ടയോ എന്നു തീരുമാനിക്കാന്‍ വീണ്ടും മൂന്ന് വര്‍ഷം കൂടി എടുക്കുമായിരിക്കും. എന്തെന്നാല്‍ ഇത് രാജ്യം ഇന്ത്യയാണ്.) അത്രയും കാലം കൂടി ദുരന്തത്തിന് ഇരയായവര്‍ പീഡകള്‍ അനുഭവിക്കണം എന്നാണോ സര്‍ക്കാര് പറയുന്നത്? എന്നു മാത്രമല്ല ദുരന്തം വരും തലമുറകളിലേക്ക് പകരുവാന്‍ മാത്രം നീണ്ട ഒരു കാലാവധി കൂടിയാണ് ഇത്.
ഭരണകൂടങ്ങള്‍ക്കു ജനങ്ങള്‍ എന്നും കളിപ്പാവകളാണ് എന്നത് ചരിത്രത്തിന്റെ തമാശയാണ്. ചരിത്രം മറയില്ലാതെ ആവര്‍ത്തിക്കപ്പെടും. പക്ഷേ നാം കയ്യും വായും മൂടിക്കെട്ടി അനങ്ങാതെ ഇരുന്നു കളയരുത്. ഓരോ ജനകീയ മുന്നേറ്റങ്ങളും നമ്മെ പഠിപ്പിക്കുന്നത് സര്‍ക്കാരുകളുടെ ജനദ്രോഹ നടപടികളെ അരിഞ്ഞെറിഞ്ഞു, തങ്ങളുടെ അവകാശങ്ങള്‍ നേടിയെടുത്ത പൊതുജന ഐക്യമെന്ന കരിങ്കല്ലിന്റെ സാര്‍വത്രികമായ പ്രസക്തിയെയാണ്. സര്‍ക്കാരിന്റെ താല്‍പര്യങ്ങള്‍ എന്തു തന്നെയായാലും അതിനെതിരെയുള്ള ഒരു പോരാട്ടത്തിന് സമയമായിരിക്കുന്നു. കാസര്‍ഗോഡ് ജില്ലയിലെ നമ്മുടെ സഹോദരങ്ങള്‍ക്കും മാതാപിതാക്കന്മാര്‍ക്കും വേണ്ടി നമുക്ക് ഒരുമിച്ച് പോരാടാം. നമ്മുടെ ആത്യന്തിക ലക്ഷ്യം എന്‍ഡോസള്‍ഫാന്‍ എന്ന, ഈ മുടിഞ്ഞ വിഷലായനി നിര്‍ത്തലാക്കുക എന്നതായിരിക്കണം. ഇനിയൊരു പിറവി പോലും അവിടെ വൈകല്യങ്ങളോടെ ഉണ്ടാവാന്‍ നാം അറിഞ്ഞുകൊണ്ട് അനുവദിക്കരുത്.
Related Articles
എന്ഡോസള്ഫാന്: ഒടുവില്‍ ആഗോളമായിത്തന്നെ നിരോധിച്ചിരിക്കുന്നു..!
മറുപടിഇല്ലാതാക്കൂ