ഞായറാഴ്‌ച, മേയ് 15, 2011

നിങ്ങള്‍ക്ക് അറിയുമോ നിക്കിനെ?


മുന്നൂറോളം വരുന്ന ഒരു യുവ സദസ്സ്. അവര്‍ അച്ചടക്കത്തോടെ, അതിലേറെ അദ്ഭുതത്തോടെ നിശബ്ദരായി ഇരിക്കുകയാണ്. എല്ലാവരുടെയും കണ്ണുകൾ കേന്ദ്രീകരിച്ചിരിക്കുന്നത് മുന്‍പിലുള്ള വേദിയിലേക്കാണ്. ചിലരുടെയൊക്കെ കണ്ണുകളില്‍ നീര്‍ മണികള്‍ തുളുമ്പാന്‍ വെമ്പുന്നുണ്ട്. മറ്റു ചിലരാകട്ടെ ഇപ്പോള്‍ പൊട്ടിക്കരയും എന്ന മുഖ ഭാവത്തിലാണ്‌. അവരെ ഇത്രയധികം നൊമ്പരപ്പെടുത്തിയ വിധം എന്താണ്‌ അവിടെ സംഭവിച്ചത്? വേദിയില്‍ ഒരു ഡെസ്ക് ഇട്ടിരിക്കുന്നു. ഡെസ്ക്കിന്മേല്‍ അദ്ഭുതകരമായ ഒരു കാഴ്ചയാണ് അവര്‍ കണ്ടുകൊണ്ടിരിക്കുന്നത്. അവിടെ അതാ കൈകാലുകള്‍ ഇല്ലാത്ത, വെറുമൊരു മാംസപിണ്ഡം മാത്രമായ ഒരു മനുഷ്യരൂപം ചെവിയില്‍
ഘടിപ്പിച്ചു വെച്ചിരിക്കുന്ന മൈക്രോഫോണിലൂടെ ആ വലിയ യുവ സദസിനോട്
സംവേദിക്കുകയായിരുന്നു. ചെറുപ്പക്കാരനായ, അതീവ സുന്ദരനായ, അതിലേറെ നിഷ്കളങ്കനായ ആ യുവാവ് തന്റെ ജീവിതാനുഭവങ്ങള്‍ അവരോട് പംക് വെക്കുകയായിരുന്നു. തലയും, ഉദരത്തോളം വരുന്ന ശരീരവും മാത്രമുള്ള, ഇതൊരു മനുഷ്യജീവി തന്നെയോ എന്ന് സഹതാപം തോന്നിപ്പിക്കുന്ന ആ പ്രഭാഷകന്റെ പേരാണ് നിക്ക്. നിക്കോളാസ് ജെയിംസ് വ്യൂജിച്ച്.

നിക്കിന്റെ കഥ
കാലില്‍ ഇടാന്‍ പുതിയ അഡിഡാസ് ഷൂ ഇല്ലാത്തന്റെ പേരില്‍, കയ്യില്‍ കെട്ടാന്‍ പുതിയ റാഡോ വാച്ച് ലാഭിക്കാഞ്ഞതിന്റെ പേരില്‍, ദുഃഖിക്കുന്നവരാണ് നിങ്ങളെങ്കില്‍ ജന്മനാ കൈകളോ, കാലുകളോ ഇല്ലാതെ ജീവിക്കാന്‍ വിധിക്കപ്പെട്ട നിക്കിനെക്കുറിച്ച് നിങ്ങള്‍ അറിയണം.

1982 ഡിസംബര്‍ നാലിന് പഴയ യൂഗോസ്ലാവ്യയിലാണ് (ഇന്നത്തെ സെര്‍ബിയ) അദ്ധേഹം ജനിച്ചത്‌. മാതാപിതാക്കള്‍ ബോറിസും, ദുഷ്ക്കയും. മാതാവ്‌ ഒരു ആതുരാലയത്തിലെ നേഴ്സ് ആയിരുന്നു. ദമ്പതികളുടെ സന്തോഷങ്ങള്‍ക്കു മേല്‍ നിക്ക് പിറന്നു വീണത്‌ അവരുടെ ജീവിതത്തെ ആര്‍ദ്ര വിലാപങ്ങങ്ങളിലേക്ക് തള്ളി വിട്ടു കൊണ്ടായിരുന്നു. അപൂര്‍വമായി മാത്രം സംഭവിക്കാവുന്ന ചില മനുഷ്യ ജന്മങ്ങളെപ്പോലെ നിക്കും അപൂര്‍വതകളിലെ അത്യപൂര്‍വതയായി ജന്മം കൊണ്ടു. ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന തങ്ങളുടെ മകന് മറ്റ് അവയവങ്ങള്‍ ഒന്നും ഇല്ലെന്നും, അത് തലയും ഉദരവും മാത്രമുള്ള ഒരു മാംസപിണ്ഡം മാത്രമാണെന്നും മനസിലായതോടെ ആ ദമ്പതികള്‍ തകര്‍ന്നുപോയി. ബോറിസും, ദുഷ്ക്കയും അതില്‍ നിന്ന് മുക്തരാവാന്‍ നാളുകള്‍ എടുത്തു. തങ്ങള്‍ക്കും,
തങ്ങളുടെ പൊന്നോമനയ്ക്കും ഇങ്ങനെയൊരു ദുരന്തം വന്നു ഭവിച്ചല്ലോ എന്നു ആ മാതാപിതാക്കള്‍ വേദനിച്ചെന്കിലും പിന്നീട് അവന്റെ പരിചരണത്തിനായി അവര്‍ അവരുടെ ജീവിതം തന്നെ ഉഴിഞ്ഞുവച്ചു.

നിക്ക് പതിയെ വളര്‍ന്നു തുടങ്ങി. കുഞ്ഞു നാളില്‍ അവന് അവന്റെ ന്യൂനതകള്‍ അറിയാന്‍ കഴിഞ്ഞിരുന്നില്ല. ക്രമേണ അവനു തിരിച്ചറിവുകള്‍ ഉണ്ടായിത്തുടങ്ങി. മറ്റ് കുട്ടികളും തന്റെ ഇളയ സഹോദരങ്ങളും ഓടിച്ചാടി നടക്കുമ്പോള്‍, നൃത്തം ചെയ്യുമ്പോള്‍, കൈ കൊട്ടി പാടുമ്പോള്‍ അവനു മനസിലായി തനിക്ക് ഇതിനൊന്നും സാധ്യമല്ല എന്നു. അവര്‍ക്കൊക്കെയുള്ളതുപോലെ തനിക്ക് കൈകളോ കാലുകളോ ഇല്ലെന്നും താന്‍ മാത്രം എന്തേ ഇങ്ങനെയായിപ്പോയി എന്നും അവന്‍ ആലോചിക്കാന്‍ തുടങ്ങി. ചിന്തകള്‍ അവനെ ഭ്രാന്ത് പിടിപ്പിച്ചു. അവന്‍ ചെറു പ്രായത്തില്‍ തന്നെ കടുത്ത വിഷാദങ്ങളിലൂടെയും, ആത്മസംഘര്‍ഷങ്ങളിലൂടെയും, മനപ്രയാസത്തിലൂടെയും കടന്നു പോയി. അതവനെ ഗാഡമായ നിരാശയിലേക്കും, അപകര്‍ഷതാബോധത്തിലേക്കും നയിച്ചു. ആ കാലഘട്ടത്തെക്കുറിച്ച് നിക്ക് ഇങ്ങനെയാണ് പറയുന്നത്. " കമിഴ്ത്തി വെച്ച പാത്രം പോലെ ഒരു സോഫയില്‍ കിടത്തിയാല്‍ അങ്ങനെതന്നെ കിടക്കുവാനേ കഴിയുമായിരുന്നുള്ളൂ. ഒന്ന് തിരിയുവാനോ ചരിയുവാനോ, പോട്ടെ ഒന്ന് അനങ്ങുവാന്‍ പോലും കഴിയുമായിരുന്നില്ല."

പക്ഷേ മാതാപിതാക്കള്‍ അവന് ധൈര്യം പകര്‍ന്നു. അവര്‍ അവനെ സ്‌കൂളില്‍ ചേര്‍ത്തു.
നല്ലൊരു ഭാവി സ്വപ്നം കണ്ടു പഠനം ആരംഭിച്ചവര്‍ക്കിടയില്‍, നിക്ക് ഒറ്റപ്പെടലും വേദനയും അനുഭവിച്ചു തല താഴ്ത്തി നടന്നു. അവനു മാത്രം ഭാവി സ്വപ്‌നങ്ങള്‍ ഇല്ലായിരുന്നു. കയ്യും കാലും ഇല്ലാത്തവന് എന്തു സ്വപ്നം?! അവന്റെ കുറവുകള്‍ക്കു മേലെ കവതുകത്തോടെയും, സഹതാപത്തോടെയും നീളുന്ന അനേകമനേകം കണ്ണുകൾ അവനില്‍ ആത്മനിന്ദ നിറച്ചു. തന്റെ ഏകാന്തതകളില്‍ തനിക്കൊപ്പം ഇരിക്കുവാന്‍ സുഹൃത്തുക്കള്‍ പോലും ഇല്ലല്ലോ എന്ന ചിന്ത അവനെ അനാഥത്വത്തെപ്പോലെ വേട്ടയാടി. ജീവിതം ഇരുളിലേക്ക് ചാഞ്ഞു കൊണ്ടിരുന്നു. പക്ഷേ അവന്റെ മാതാപിതാക്കള്‍ അവനെ കരുതലോടെ പരിചരിച്ചു. ജീവിതത്തില്‍ സ്വപ്നം കാണാനും, ആഗ്രഹിക്കാനും, ആത്മവിശ്വാസം വളര്‍ത്തിയെടുക്കാനും അവര്‍ അവനെ പ്രേരിപ്പിച്ചു.

12 വയസുള്ളപ്പോള്‍ നിക്ക് എന്നും രാത്രിയിൽ മണിക്കൂറുകളോളം പ്രാര്‍ഥിക്കുമായിരുന്നു. കൈകളും കാലുകളും മുളച്ചു വരാന്‍ . എന്നിട്ട് ശാന്തമായി കിടന്നുറങ്ങും. പിറ്റേന്ന് കാലത്ത് മറ്റുള്ളവരെപ്പോലെ തനിക്കും കൈകളും കാലുകളും മുളച്ചു വരും എന്ന പ്രതീക്ഷയില്‍. പിറ്റേന്ന് നേരം പുലരുമ്പോള്‍ അവന്‍ കണ്ണ് തുറന്ന് ആദ്യം നോക്കുന്നത് കയ്യിലേക്കും കാലിലേക്കുമാവും. അവ മുളച്ചു വന്നിട്ടുണ്ടോ എന്നറിയാന്‍ . അത് സംഭവിച്ചിട്ടില്ല എന്നു അറിയുന്നതോടെ അവന്‍ വിങ്ങിപ്പൊട്ടി കരയുമായിരുന്നു.

ഇന്ന് നിക്ക് ആരാണ്
ആയിടക്ക് നിക്കിന്റെ ജീവിതത്തിലെ വഴിത്തിരിവുകളില്‍ ഒന്ന് സംഭവിച്ചു. ഉദരത്തിനു താഴെ കാല്‍ വിരലുകള്‍ പോലെ മുഴച്ചു നിന്നിരുന്ന ഭാഗം ഒരു ശസ്ത്രക്രിയയിലൂടെ വേര്‍പെടുത്തി രണ്ടു വിരലുകള്‍ പോലെയാക്കി. അത് നിക്കിന്റെ സ്വപ്നങ്ങളിലേക്കുള്ള പടി വാതില്‍ ആയിരുന്നു. അതോടെ അവന് പതുക്കെപ്പതുക്കെ കാല്‍ കുത്തി നില്‍ക്കാമെന്നായി. പരിശ്രമിച്ചാല്‍ നീങ്ങാം എന്നുമായി. അവന്‍ , അവന്റെ സ്വപ്നങ്ങള്‍ക്കു വേണ്ടി പരിശ്രമിക്കാന്‍ തുടങ്ങി...

നിക്കിന്റെ ജീവിതത്തിലെ വലിയൊരു ഭാഗധേയമായിരുന്നു നിക്കും കുടുംബവും അമേരിക്കയിലേക്ക്‌ കുടിയേറിയത്. അവിടെ അവന്‍ സ്‌കൂള്‍ വിദ്യാഭ്യാസം തുടര്‍ന്നു. ആദ്യമൊക്കെ അവിടുത്തെ സാഹചര്യങ്ങളും അവന് ബുദ്ധിമുട്ടായിരുന്നു. എന്നാല്‍ പതിയെപ്പതിയെ അവന്‍ അമേരിക്കന്‍ ജീവിതവുമായി പൊരുത്തപ്പെട്ടു. അവനെ സ്നേഹിക്കുകയും, ഒപ്പം കൊണ്ടു നടക്കുകയും ചെയ്യുന്ന കൂട്ടുകാര്‍ അവനുണ്ടായി. അത് അവന്റെ മനസിനെ ആശ്വാസം കൊള്ളിച്ചു. അവനു ആത്മവിശ്വാസം തോന്നിത്തുടങ്ങി. സ്വയം ഒരു മതിപ്പ് അവനില്‍ വളര്‍ന്നു വന്നു. അതൊരു തുടക്കമായിരുന്നു. തന്റെ ജീവിതം വെറുമൊരു ആകസ്മികതയല്ലെന്നും, ജീവിതത്തില്‍ തനിക്ക് പലതും ചെയ്യാനുണ്ടെന്നും നിക്കിനു തോന്നിത്തുടങ്ങി. അതൊരു വലിയ മാറ്റത്തിന്റെ തുടക്കമായിരുന്നു.

നിക്കിനിപ്പോള്‍ 28 വയസ്സ് പൂര്‍ത്തിയായിരിക്കുന്നു. ഇന്ന് നിക്ക് ലോക പ്രശസ്തനാണ്‌. 24 രാജ്യങ്ങളിലായി അസംഖ്യം വേദികളില്‍ നിക്ക് തന്റെ ജീവിതം മറ്റുള്ളവരുടെ വിജയത്തിനുള്ള തിരി നാളമായി പകര്‍ന്നു നല്‍കി കഴിഞ്ഞിരിക്കുന്നു. നിരാശയും അപകര്‍ഷതയും ബാധിച്ച ഒരു ലോകത്തിനു മുന്നില്‍ നിക്ക് പ്രചോദകന്റെ പ്രഭ വിടര്‍ത്തുന്നു. ഇപ്പോള്‍ നിക്ക് സ്വയമായി പല്ലു തേയ്ക്കും, മുഖം കഴുകും, നീന്തും, പൊക്കം കുറഞ്ഞതായതുകൊണ്ട് കുട്ടികള്‍ക്കൊപ്പം കളികളില്‍ പങ്കെടുക്കും, കമ്പ്യൂട്ടറില്‍ ടൈപ്പ് ചെയ്യും. രണ്ടു വിരലുകള്‍ തന്നെ ധാരാളം എന്നാണ് നിക്ക് പറയുന്നത്. തങ്ങളുടെ കുറവുകളും, പരാജയങ്ങളും ഓര്‍ത്ത് ജീവിതം പാഴാക്കുന്നവര്‍ക്കിടയില്‍ നിക്ക് ഒരു ദൈവദൂതനെപ്പോലെ കടന്നു ചെന്ന്, തന്റെ ജീവിതത്തെ തന്നെ ഉദാഹരണമായി കാട്ടുന്നു. മറ്റുള്ളവരെ പ്രചോദിപ്പിക്കുന്നു. ഇന്ന് ലോകമൊട്ടാകെ കടന്നു ചെല്ലുന്ന ആത്മവിശ്വാസത്തിന്റെ ദാധാവാണദ്ദേഹം. പല യൂണിവേഴ്സിറ്റികളിലും, കോളേജുകളിലും നിക്ക് ക്ഷണിക്കപ്പെട്ട അതിഥിയായി കടന്നു ചെല്ലുന്നു. നിക്കിന്റെ മുഖത്ത് നിറയുന്ന മനോഹരമാ‍യ ആ ചിരി നമ്മുടെ എല്ലാ പ്രശ്നങ്ങളെയും ഇല്ലാതാക്കാന്‍ പോന്നതാണ്.

ഈ വീഡിയോ കണ്ടു നോക്കൂ. ഇതാണ് നിക്ക്:-








നിങ്ങള്‍ക്ക് ഈ പോസ്റ്റും, ബ്ലോഗും ഇഷ്ട്ടപ്പെട്ടെന്കില്‍ ഇതിലെ ഫോളോ എന്ന കോളത്തില്‍ കയറി ഫോളോ ചെയ്യുകയോ, അല്ലെന്കില്‍ ഫേസ്ബുക്ക് ഫാന്‍ പേജിലെത്തി ലൈക്ക് ചെയ്യുകയോ ചെയ്യണമെന്ന് വിനീതമായി അഭ്യര്‍ത്ഥിക്കുന്നു...



Related Articles
ബോണി എമ്മിന്റെ യുഗം
കുമ്പറാസിപ്പിട്ടോ

9 അഭിപ്രായങ്ങൾ:

  1. ഈ വീഡിയോകള്‍ യുട്യൂബില്‍ കണ്ടിട്ടുണ്ട് . ദൈവം എന്തിനു ഇത്ര ക്രൂരനാവുന്നു എന്നാണു അന്ന് ചിന്തിച്ചത്. പക്ഷെ ഇപ്പോള്‍ തോന്നുന്നു കൈയും കാലും ഉണ്ടായിരുന്നു എങ്കില്‍ അവന്‍ ഒരുപക്ഷെ
    ഒന്നും ആവില്ലായിരുന്നു, ഒരു സാധാരണക്കാരനായി ജീവിച്ചു മരിച്ചേനെ എന്ന് .... നന്ദി റിജോ ഈ നല്ല പോസ്റ്റിനു ...

    മറുപടിഇല്ലാതാക്കൂ
  2. നന്ദി റ്റോംസ്‌...


    ശരിയാണ് ചേച്ചി, ചിലരെക്കൊണ്ട് ദൈവത്തിന് ചില ഉദ്ദേശങ്ങള്‍ ഉണ്ട്. നിക്കിന്റെ കാര്യത്തില്‍ അതാണ് സംഭവിക്കുന്നത്.

    മറുപടിഇല്ലാതാക്കൂ
  3. വളരെ നല്ല ലേഖനം. പ്രതിസന്ധികളില്‍ തളരാതെ ജീവിക്കാന്‍ പ്രചോദനം നല്‍കുന്ന ഒരു വ്യക്തിയെ പരിചയപ്പെടുത്തിയതിനു നന്ദി റിജോ

    മറുപടിഇല്ലാതാക്കൂ
  4. നന്ദി ഏപ്രില്‍ ലില്ലി:
    - ഇത്തരം ആളുകള്‍ നമുക്കെല്ലാം ഒരു സന്ദേശമാണ്


    നന്ദി സിദ്ധീക്ക..

    മറുപടിഇല്ലാതാക്കൂ
  5. സുഹൃത്തേ..ഞാന്‍ ഇത് വായിച്ചില്ല..എനിക്കിത് വായിക്കാന്‍ ഉള്ള ശക്തി ഇല്ല...
    ബ്ലോഗ്‌ വിസിറ്റ് ചെയ്തു എന്നറിയിക്കാന്‍ മാത്രമായി ഈ കമന്റ് ഇടുന്നു..വീണ്ടും വരാം.

    മറുപടിഇല്ലാതാക്കൂ
  6. വില്ലേജ് മാന്‍ :-
    താങ്കളുടെ മനസ്സ് എനിക്ക് വായിക്കാന്‍ കഴിയുന്നു...
    വീണ്ടും വരുക...

    ലുലു:-
    നന്ദി...

    മറുപടിഇല്ലാതാക്കൂ