വ്യാഴാഴ്‌ച, ജൂലൈ 14, 2011

ഗ്രെയ്സ് മേരിയ്ക്കൊരു ലവ് ലെറ്റര്‍

സ്‌നേഹം നിറഞ്ഞ ഗ്രെയ്സ് മേരി അറിയുന്നതിന്,
ആദ്യം തന്നെ ഒരപേക്ഷയുണ്ട്.
ഈ കത്ത്‌ ചുമ്മാ എന്കിലും ഒന്ന് വായിച്ചിട്ട് മാത്രമേ കീറി കളയാവൂ. പ്ലീസ്........

ഗ്രെയ്സ് മേരി എന്നെ വെറും കൂതറയായാണോ കാണുന്നത് എന്നൊരു സംശയം ഈയിടെയായി എനിക്ക് തോന്നുന്നുണ്ട്. അതെന്റെ കുഴപ്പമാണോ അതോ ഇനി ഗ്രെയ്സ് മേരിയുടെ നോട്ടത്തിന്റെ കുഴപ്പമാണോ എന്ന് എനിക്കങ്ങോട്ട് മനസിലാകുന്നില്ല. പക്ഷേ ഗ്രെയ്സ് മേരി ഒന്നു മനസ്സിലാക്കുന്നത് നന്ന്. ഗ്രെയ്സ് മേരിയെ ഞാനൊരിയ്ക്കലും ഒരു കൂതറയായി ഇന്നേവരെ കണ്ടിട്ടില്ല. നേരു പറഞാല്‍ ഗ്രെയ്സ്മേരിയുടെ സൗന്ദര്യത്തില്‍ ഞാന്‍ എപ്പോഴും ലയിച്ച് പോകാറാണു പതിവ്. എന്നാ ഒടുക്കത്തെ സൗന്ദര്യമാണു ഗ്രെയ്സ് മേരിയുടേത്. ഉള്ളതു പറയാമല്ലോ ഗ്രെയ്സ് മേരിയ്ക്ക് മഴയത്തും വെയിലത്തും മാറാത്ത ഭംഗിയാണ്‌. ഇത്രയും സുന്ദരിയായ ഗ്രെയ്സ്മേരി എന്റെ കാമുകിയാകുന്നതില്‍ എനിക്കൊരു വിരോധവുമില്ല. കാരണം ഗ്രെയ്സ് മേരിയ്ക്കു വേണ്ടി ഞാന്‍ എന്റെ ജീവിതം തന്നെ ഉഴിഞ്ഞു വച്ചിരിക്കുകയാണ്‌. ഗ്രെയ്സ് മേരി എന്നെ ഒന്ന് നോക്കുന്നതും, എന്നോടൊന്നു സംസാരിക്കുന്നതും മാത്രം പ്രതീക്ഷിച്ചാണു ഞാന്‍ കോളേജില്‍ വരുന്നത്. അല്ലാതെ പഠിച്ചു പാസായി വല്യ കൊണാണ്ടര്‍ ആകാമെന്ന് കരുതിയിട്ടല്ല. ഗ്രെയ്സ് മേരിയ്ക്ക് ചിലപ്പോള്‍ ഞാന്‍ വെറുമൊരു "താനാരുവാ" ആയിരിക്കും. പക്ഷേ എനിക്ക് ഗ്രെയ്സ്മേരി അങ്ങനെയല്ല. ഗ്രെയ്സ് മേരിയെ എന്റെ ഹ്രിദയത്തില്‍ നിന്നും ഇല്ലാതാക്കുവാന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചതാണ്. പക്ഷേ നടക്കുന്നില്ല. ഗ്രെയ്സ് മേരി വല്ല കോക്രോച്ചോ, കീഠാണുവോ മറ്റോ ആയിരുന്നെങ്കില്‍ ഹിറ്റ് അടിച്ചെന്കിലും ഗ്രെയ്സ് മേരിയെ മനസില്‍ നിന്നും ഇല്ലാതാക്കാമായിരുന്നു. പക്ഷേ ഗ്രെയ്സ് മേരി ഹിറ്റ് അടിച്ചാലും പോകാത്തത്ര സൂപ്പര്‍ ഹിറ്റായി എന്റെ മനസ്സില്‍ കിടന്ന് ഓടുകയാണ്.


ഗ്രെയ്സ് മേരിയ്ക്കറിയാമോ ഗ്രെയ്സ് മേരീ, ഗ്രെയ്സ് മേരി എന്നെയൊന്ന് ഇഷ്ട്ടപ്പെടുവാന്‍ വേണ്ടി
ഞാന്‍ എന്നും രാത്രി സൈക്കിള്‍ അഗര്‍ബത്തി കത്തിച്ച് പ്രാര്‍ഥിക്കാറുണ്ട്. സൈക്കിള്‍ അഗര്‍ബത്തിയ്ക്ക് പണ്ടത്തേപ്പോലുള്ള ശക്തിയില്ലാഞ്ഞിട്ടോ, അതോ കര്‍ത്താവിനു സാംബ്രാണി ഇഷ്ട്ടമല്ലാഞ്ഞിട്ടോ എന്തോ, ഗ്രെയ്സ്മേരി മാത്രം എന്നെ ഇഷ്ട്ടപ്പെടുന്നില്ല. അഗര്‍ബത്തി കത്തിച്ച് കര്‍ത്താവിന്റെ മുന്‍പില്‍ നിന്നാരും പ്രാര്‍ത്തിയ്ക്കാറില്ലെങ്കിലും ഞാന്‍ അതും പരീക്ഷിച്ച് നോക്കിയത് എനിക്ക് സൈക്കിള്‍ അഗര്‍ബത്തിയിലുള്ള വിശ്വാസം കൊണ്ടല്ല ഗ്രെയ്സ്മേരീ. നിന്നെ എങ്ങനേയും എന്റെ സ്വന്തമാക്കണമെന്നുള്ള തീവ്രമായ ആഗ്രഹം കൊണ്ടാണ്‌.

ഇപ്പോള്‍ ഇങ്ങനെയൊരു കത്ത്‌ എഴുതാന്‍ കാരണം എന്താണെന്നു വെച്ചാല്‍, വരുന്ന പരീക്ഷക്ക് ഗ്രെയ്സ് മേരി തോല്‍ക്കുമോ എന്ന ആശങ്ക കൊണ്ട് മാത്രമാണ്. ഗ്രെയ്സ് മേരി ഇന്നലെ ജീനയോട് പറഞ്ഞില്ലേ "ഒന്നും അങ്ങോട്ട് ഓര്‍മയില്‍ നില്‍ക്കുന്നില്ല, അതുകൊണ്ടു എക്സാമിന് പൊട്ടാന്‍ ചാന്‍സുണ്ട്" എന്ന്. ഇന്നലെ നിങ്ങള്‍ തമ്മില്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ ഞാന്‍ ഗ്രെയ്സ് മേരിയുടെ തൊട്ടടുത്ത്, ഒരു ഇരുപതടി മാറി നില്‍പ്പുണ്ടായിരുന്നു. പരീക്ഷയ്ക്ക് ഗ്രെയ്സ് മേരി പൊട്ടുമെന്നു കേട്ടപ്പോള്‍ എന്റെ ചങ്ക് പൊട്ടി. ഗ്രെയ്സ് മേരിയുടെ ഓര്‍മ ശക്തി കൂട്ടാനുള്ള വഴി ഞാന്‍ പറഞ്ഞു തരാം ഗ്രെയ്സ് മേരീ, ഞാന്‍ പറഞ്ഞു തരാം. തുളസിയില അരച്ചെടുത്ത് കറ്റാര്‍വാഴപ്പോളയില്‍ ചാലിച്ച്, ഗോ മൂത്രവും നാരങ്ങാ അച്ചാറും സമാസമം ചേര്‍ത്ത് ഒരു ടീസ്പൂണ്‍ കോഴിക്കാട്ടത്തില്‍ മിക്സ് ചെയ്ത് ചാണക വെള്ളത്തില്‍ കലര്‍ത്തി തിളപ്പിച്ചാറിച്ച് കുടിച്ചാല്‍ ബുദ്ധിയും ശക്തിയും വര്‍ദ്ധിക്കും എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. കഴിയുമെങ്കില്‍ അതൊന്ന് പരീക്ഷിച്ചു നോക്കുക. അതല്ലെങ്കില്‍ സന്തോഷ് പാണ്ടിയോ സന്തോഷ് ബ്രഹ്മിയോ വാങ്ങി കഴിക്കുക. ബുദ്ദിയ്ക്കും, ശക്തിയ്ക്കും, ഉണര്‍വിനും, ഉന്മേഷത്തിനും സന്തോഷ് ബ്രഹ്മി നല്ലതാണ്‌.

ജീനയുമായുള്ള സംസാരമെല്ലാം കഴിഞ്ഞ്, ഗ്രെയ്സ് മേരി ഇന്നലെ കോളേജ്‌ വിട്ട് വീട്ടിലേക്ക് പോകുമ്പോള്‍, മനോരമയുടെ പത്രമോഫീസ് മുതല്‍ പാത്രിയാര്‍ക്കീസ് ബാവായുടെ ഓഫീസ് വരെ ഞാന്‍ ഗ്രെയ്സ് മേരിയെ പിന്തുടര്‍ന്നിരുന്നു. ഗ്രെയ്സ് മേരി ആ മണ്ടയില്ലാത്ത ബസ്സ്റ്റോപ്പില്‍, പൊരി വെയിലത്ത് കെ.എസ്.ആര്‍.ടി.സി ബസ് കാത്തു നില്‍ക്കുന്നതും, ഒടുവില്‍ തുരുമ്പിച്ച ഓര്‍ഡിനറി ബസില്‍ കയറി പോകുന്നതും കണ്ടു എന്റെ കണ്ണ് നിറഞ്ഞു. സത്യത്തില്‍ ഗ്രെയ്സ് മേരി എന്നോട് കൂട്ടായിരുന്നെങ്കില്‍ ഇത്രയും ബ്യൂട്ടിയായ ഗ്രെയ്സ് മേരിയെ ഞാന്‍ എന്റെ സ്കൂട്ടിയില്‍ കയറ്റി ഊട്ടി വരെ കൊണ്ടു പോയേനെ.

ഗ്രെയ്സ് മേരി എന്നെ നോക്കുമ്പോഴെല്ലാം എന്റെ മനസ്സില്‍ ഓരോ ലഡ്ഡു പൊട്ടും. പക്ഷേ ഗ്രെയ്സ് മേരി ആ സതീശനെയോ ജോണ്‍സനെയോ നോക്കുമ്പോഴെല്ലാം എന്‍റെ ചങ്ക് പൊട്ടും. ഈ വക ആധികളും, വ്യാധികളും കാരണം വരാന്‍ പോകുന്ന സപ്ലിമെന്ററി പരീക്ഷയിലും ഞാന്‍ പൊട്ടും.
അങ്ങനെ സംഭവിച്ചാല്‍ അപ്പന്റെ കയ്യീന്ന് എന്റെ മുഖത്തൊരെണ്ണം പൊട്ടും. അന്നേരം ചിലപ്പോള്‍ എന്റെ വായിലെ പല്ല്‌ പൊട്ടും. അതോടെ ചിലപ്പോള്‍ എന്റെയീ വണ്‍വേ ലൈനും പൊട്ടും. എല്ലാം കൊണ്ടും വലിയൊരു പൊട്ടല്‍ ഇതിന്റെ ക്ലൈമാക്സില്‍ എന്നെ കാത്തിരിക്കുന്നുണ്ടോ എന്നൊരു ഡൗട്ട് ഇല്ലാതില്ല. എല്ലാം ഒരു പൊട്ടല്‍ ആയി കലാശിച്ചാലും ഗ്രെയ്സ്മേരി എന്നെയൊരു പൊട്ടന്‍ ആയി കണക്കാക്കരുതേ എന്നൊരപേക്ഷ മാത്രമേ ഈ പാവം മാത്തുക്കുട്ടിയ്ക്കുള്ളു.

ഇതിനെങ്കിലും ഗ്രെയ്സ്മേരി ഒരു മറുപടി തരുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. തരില്ലേ ഗ്രെയ്സ് മേരീ. തരണം. തരാതിരിയ്ക്കരുത്. തരാതരം മറുപടികള്‍ തരം തിരിച്ച് കൊടുക്കാന്‍ കെല്പ്പുള്ള ഗ്രെയ്സ്മേരി ഇതിനുള്ള മറുപടി തരാതിരിയ്ക്കില്ല എന്നെന്റെ മനസ് പറയുന്നു.

മറ്റൊന്നും എഴുതാനില്ല. തല്‍ക്കാലം ഈ കത്ത് ഇവിടെ നിര്‍ത്തുന്നു. മറുപടി പ്രതീക്ഷിച്ച് കൊണ്ട്...
സ്വന്തം
മാത്തുക്കുട്ടി
ഒപ്പ്.

ഫ്രം:
പീ.പീ. മാത്തുക്കുട്ടി
ഫസ്റ്റ് പി.ഡി.സി
തേഡ് ഗ്രൂപ്പ്
ബി. ഡിവിഷന്‍,
മാര്‍ത്ത മറിയം കോളേജ്‌.


ടു:
ഗ്രെയ്സ് മേരി
ഫസ്റ്റ് പി.ഡി.സി
തേഡ് ഗ്രൂപ്പ്
ബി. ഡിവിഷന്‍,
മാര്‍ത്ത മറിയം കോളേജ്‌.



Related Articles

7 അഭിപ്രായങ്ങൾ:

  1. ഇങ്ങനെ പോയാല്‍ ഗ്രെയ്സ് മേരി ഒന്ന് പൊട്ടിക്കും
    ആപൊട്ടലോടെ മറ്റെല്ലാ പൊട്ടലും തുടങ്ങും ...ജാഗ്രതെ

    മറുപടിഇല്ലാതാക്കൂ
  2. കെ.എം. റഷീദ് :
    അതേയതേ. ഗ്രെയ്സ്മേരിയുടെ കൈ തരിക്കുന്നുണ്ടെന്ന് അധികം താമസിയാതെ മാത്തുക്കുട്ടി മനസിലാക്കുമെന്നാണു തോന്നുന്നത്.. ഹ ഹാ

    മറുപടിഇല്ലാതാക്കൂ
  3. സൈക്കിളിനു പകരം മെഴുകുതിരി ഒന്ന് ട്രൈ ചെയ്തു നോക്കിയാ...ചിലപ്പോ..

    മറുപടിഇല്ലാതാക്കൂ
  4. അനന്തരം എന്തു സംഭവിച്ചു? ഗ്രേയ്സ് മേരി ക്രേസ് മേരി ആയോ?

    മറുപടിഇല്ലാതാക്കൂ
  5. Villagemaan:
    മെഴുകുതിരിയിൽ മായമല്ലേ.... :)

    ajith:
    അവളുടെ മറുപടി വരുന്നുണ്ട്... :)

    മറുപടിഇല്ലാതാക്കൂ
  6. മാത്തുക്കുട്ടിയുടെ പഴയതൊക്കെ ഞാന്‍ വായിച്ചു, നന്നായിട്ടുണ്ട്

    പറ്റുമെങ്കില്‍ അധികം ഗ്യാപ്പ് വരാതെ മാത്തുകുട്ടി സീരീസ്‌ പോസ്റ്റ്‌ ചെയ്യ്‌

    മറുപടിഇല്ലാതാക്കൂ