ബുധനാഴ്‌ച, ഒക്‌ടോബർ 05, 2011

സ്മോളടിച്ചാല്‍ ഗേളടിക്കും

നാലു കാലില്‍ മദ്യപിച്ചെത്തുന്ന  ഭര്‍ത്താവ്... ഭര്‍ത്താവിന്റെ റോഡളന്നുള്ള വരവ് കണ്ട്, മുതുക് കുനിച്ച്, അതിയാന്റെ ഇടി മുഴുവനും പുറത്തേറ്റ് വാങ്ങാന്‍ തയ്യാറെടുക്കുന്ന അബലയായ ഭാര്യ... തുറന്നു കിടക്കുന്ന വാതിലിലൂടെ അകത്തുകയറി, കുഴഞ്ഞ കൈ കൊണ്ട് വിളഞ്ഞ ഇടി ഇടിക്കാന്‍ തയ്യാറെടുക്കുന്ന വെളഞ്ഞ ഭര്‍ത്താവ്.... പ്രോഗ്രാം ആരംഭിക്കുകയായി. ഇടി... ഇടിയോടിടി... ഭര്‍ത്താവിന്റെ കൈമുട്ട് ഉയര്‍ന്നു താഴുന്നു. ഭാര്യയുടെ മുതുകത്ത് നിന്നും ഡ്രം സെറ്റ് മുഴങ്ങുന്നതുപോലുള്ള ശബ്ദം കേള്‍ക്കുന്നു. ഒപ്പം  ഭാര്യയുടെ വലിയ വായിലുള്ള ദയനീയ ബാക്ക് ഗ്രൗണ്ട് മ്യൂസിക്കും....

ആന്ദ്രാപ്രദേശിലെ കള്ളുകുടിയനായ ഭര്‍ത്താക്കന്മാരുള്ള വീടുകളില്‍ ഇന്നലെ വരെ ഇങ്ങനെയൊക്കെ തന്നെയീയിരുന്നു കാര്യങ്ങള്‍. എന്നാല്‍ അതെല്ലാം ആകെ തകിടം മറിഞ്ഞിരിക്കുന്നു. ആന്ദ്രാപ്രദേശിലിപ്പോ രാത്രിയായാല്‍ മദ്യപിച്ചെത്തുന്ന ഭര്‍ത്താവിനെ പ്രതീക്ഷിച്ച്, ദേഹമാസകലം സുമോഗുസ്തിക്കാരേപ്പോലെ എണ്ണതേച്ച് , പല്ലിറുമ്മി നില്‍ക്കുന്ന ഭാര്യമാരുടെ മേളമാണ്.ഭര്‍ത്താവ് കുടിച്ചിട്ടിങ്ങ് വരട്ടെ, എന്നിട്ട് വേണം ഭര്‍ത്താവിന്റെ നെഞ്ചാംകൂട് ഇടിച്ച് കലക്കാന്‍ എന്നതാണ് അവരുടെയൊക്കെ മനസിലിരിപ്പ്.

പതിവു പോലെ ഭര്‍ത്താവ് കുടിച്ച് വെളിവില്ലാതെ വരുന്നു, മുറിയില്‍ കയറുന്നു, എന്നത്തേയും പോലെ ഇടിക്കാന്‍ റെഡിയാകുന്നു. അന്നേരമാണ് കളി മാറിയ വിവരം ഭര്‍ത്താവ് അറിയുന്നത്. ഇടിയുണ്ട് ഇടിവെട്ട്പോലെ ചറപറാ വരുന്നു. ഭര്‍ത്താവിന് എന്താണ് സംഭവിക്കുന്നത് എന്നൊന്ന് ചിന്തിക്കാന്‍ പോലും സമയം കിട്ടുന്നില്ല. ആരാണിടിക്കുന്നത്? വേറാരുമല്ല സ്വന്തം പെണ്ണുമ്പിള്ള തന്നെയാണ്. ഇന്നു വരെ പെണ്ണുമ്പിള്ളയുടെ ഇടി കൊണ്ടിട്ടില്ലാത്തതു കൊണ്ട് അതെങ്ങനെ പ്രധിരോധിക്കണമെന്നോ, അതില്‍നിന്നെങ്ങനെ ഒഴിയണമെന്നോ എന്നറിയാതെ ഭര്‍ത്താവ് വട്ടം കറങ്ങുന്നു. ഒടുവില്‍  ഭര്‍ത്താവ് ബോധം കെട്ട് താഴെ വീഴുമ്പോള്‍, ഭര്‍ത്താവിന്റെ നെഞ്ചത്ത് ചവിട്ടി നിന്ന് ഭാര്യ വൈജയന്തി ഐ.പി.എസ്സിലെ വിജയ ശാന്തിയെപ്പോലെ ഗര്‍ജ്ജിക്കുന്നു.      "റേ, ഇക്കടാ ചൂഡൂ..."

പിറ്റേന്ന് തൊട്ട് അതാ, ഭര്‍ത്താവുണ്ട് കുടിയൊക്കെ നിര്‍ത്തി ഡീസന്റായി വീട്ടിലേക്ക് വന്നു കയറുന്നു. ഭാര്യയുടെ ഇടിയ്ക്ക് കുടി നിര്‍ത്താനുള്ള പവറുണ്ടെന്ന രഹസ്യമറിഞ്ഞ് ഇടിയുടെ ഉപഭോക്താക്കളായ ഭാര്യയും ഭര്‍ത്താവും "വൗ" എന്ന് അദ്ഭുതത്തോടെ തൊള്ള തുറക്കുന്നത് ഈ കഥയുടെ ശുഭാന്ത്യം.

ആന്ധ്രാപ്രദേശിലെ ചെറുകിട ജലസേചന മന്ത്രിയായ ടി.ജി. വെങ്കിടേഷ് കള്ളു കുടിയന്‍മ്മാരെ ഒതുക്കാന്‍ വേണ്ടി ആവിഷ്ക്കരിച്ച ഒരു പദ്ധതിയേക്കുറിച്ചാണ് പറഞ്ഞു വന്നത്. കള്ളുകുടിച്ച് വീട്ടിലെത്തുന്ന ഭര്‍ത്താവിനിട്ട് നല്ല നാലു പെട കൊടുക്കാമെങ്കില്‍, ഭാര്യമാരെ കാത്തിരിക്കുന്ന സമ്മാനം പതിനായിരം രൂപയാണ്. മദ്യപിച്ചെത്തി ഭാര്യമാരുമായി വഴക്കിടുന്ന ഭര്‍ത്താക്കന്‍മ്മാരെ ഒതുക്കാനാണ് അദ്ധേഹം ഈ അടവ് എടുത്തത്. "പതിപത്നി - 10000" എന്നാണ് പദ്ധതിയുടെ പേര്‍. ഇതിനോടകം ഇരുനൂറ്റിചില്ല്വാനം പേര്‍ക്ക് സമ്മാനം നല്‍കിക്കഴിഞ്ഞത്രേ. സംഭവം ഇപ്പോ ആന്ധ്ര മുഴുവനും ക്ലിക്കായി. മദ്യപിക്കാത്ത ഭര്‍ത്താവിനിട്ട് രണ്ട് പൊട്ടിച്ചിട്ട്, മൊബൈലില്‍ റെക്കോഡ് ചെയ്ത് കാശിനു വേണ്ടി ക്യൂ നില്‍ക്കുന്ന ഭാര്യമാരും, ഈ അവസരം ഒരു "അവസരമായി" എടുത്ത് ഭര്‍ത്താവിനെ തൊഴിച്ച് മലര്‍ത്തുന്നവരും ആന്ധ്രയില്‍ കൂടുന്നുണ്ടോ എന്ന് മാത്രം ഇനി അറിഞ്ഞാല്‍ മതി.

ടമാര്‍ പടാര്‍:
ഈ പദ്ധതി കേരളത്തിലായിരുന്നെങ്കില്‍, ഭാര്യയെ ക്കൊണ്ട് തന്നെ തല്ലിപ്പിച്ചിട്ട്, അതിന് കിട്ടുന്ന കാശുകൊണ്ട് ഒരുമാസം വെള്ളമടിച്ച്  അര്‍മാദിക്കുമായിരുന്നു ഇവിടുത്തെ പുള്ളികള്‍...


12 അഭിപ്രായങ്ങൾ:

  1. ഈ പദ്ധതി കേരളത്തിലായിരുന്നെങ്കില്‍, ഭാര്യയെ ക്കൊണ്ട് തന്നെ തല്ലിപ്പിച്ചിട്ട്, അതിന് കിട്ടുന്ന കാശുകൊണ്ട് ഒരുമാസം വെള്ളമടിച്ച് അര്‍മാദിക്കുമായിരുന്നു ഇവിടുത്തെ പുള്ളികള്‍... :) :)

    മറുപടിഇല്ലാതാക്കൂ
  2. ഇത് പൊതു നിരത്തില്‍ വച്ചു ചെയ്താല്‍ ആണ് 10000 രൂപ പാരിതോഷികം.

    മറുപടിഇല്ലാതാക്കൂ
  3. ഹ ഹ ഹ
    നല്ല പോസ്റ്റ്
    ഈ വാര്‍ത്ത കണ്ടിരുന്നു
    കൊള്ളാം അവസാന മാന്തല്‍

    മറുപടിഇല്ലാതാക്കൂ
  4. ഹഹ.. സത്യം.. മലയാളിക്കാണേൽ മാസം പതിനായിരം കിട്ടാനുള്ള ഒരു മാർഗ്ഗമായേനെ.. അടുക്കളപുറത്ത് പെണ്ണുമ്പിള്ളയുടെ പത്ത് കീറ് കിട്ടിയലെന്താ.. അടുത്ത മാസത്തെ കള്ളുകുടിക്കുള്ള കാശൊക്കില്ലേ..!

    മറുപടിഇല്ലാതാക്കൂ
  5. പിന്നേയ്...പ്രതികരണങ്ങളിൽ തമാശ രസകരം കൂൾ എല്ലാം ഉണ്ട്... വിമതന്മാർക്ക് ക്ലിക്കാൻ ഒരു ഓപ്ഷൻ കൂടി വച്ചോണം.. ‘ബോർ’

    മറുപടിഇല്ലാതാക്കൂ
  6. ഈ പദ്ധതി കേരളത്തിലായിരുന്നെങ്കില്‍, ഭാര്യയെ ക്കൊണ്ട് തന്നെ തല്ലിപ്പിച്ചിട്ട്, അതിന് കിട്ടുന്ന കാശുകൊണ്ട് ഒരുമാസം വെള്ളമടിച്ച് അര്‍മാദിക്കുമായിരുന്നു ഇവിടുത്തെ പുള്ളികള്‍...

    ഈ പറഞ്ഞത്‌ സത്യം....... പോസ്റ്റും രസകരം.... ആശംസകള്‍...

    മറുപടിഇല്ലാതാക്കൂ
  7. ഓ.... മലയാളിക്ക് 10000 കൊണ്ട് എന്താവാനാ.... :P

    മറുപടിഇല്ലാതാക്കൂ
  8. RYAZ ELAMBILAKODE :
    luqman :
    ഷാജു അത്താണിക്കല്‍ :
    uNdaMPoRii :
    khaadu.. :
    Arunlal Mathew || ലുട്ടുമോന്‍ :

    കേരളത്തിലിത് എന്നാണോ നടപ്പിലാവുന്നത്... :D

    മറുപടിഇല്ലാതാക്കൂ
  9. ആ ക്ലൈമാക്സ്‌ പഞ്ച്.. എന്റെ റജി കലക്കി ഹി ഹി

    മറുപടിഇല്ലാതാക്കൂ
  10. അപ്പൊ കേരളത്തിലെ പോലെ ആന്ധ്രയിലും കുടിയന്മാര്‍ക്ക് വേണ്ടി ചോദിക്കാനും പറയാനും ആരുമില്ലല്ലേ!!!!!!!

    മറുപടിഇല്ലാതാക്കൂ
  11. പോസ്റ്റ്‌ രസ്സായിട്ടോ , ടമാര്‍ പടാര്‍ കലക്കി :))

    മറുപടിഇല്ലാതാക്കൂ
  12. ആ ടമാര്‍ പടാര്‍ കലക്കി...സത്യം

    മറുപടിഇല്ലാതാക്കൂ