വെള്ളിയാഴ്‌ച, നവംബർ 25, 2011

ഡി 12 പരശുറാം എക്സ്പ്രസ്സ്

ട്രെയിനില്‍ നല്ല തിരക്കുണ്ടായിരുന്നു.
കോട്ടയത്തു നിന്നും അവളോടൊപ്പം  എ.സി. കോച്ചിനു തൊട്ടരികിലുള്ള കമ്പാര്‍ട്ട്മെന്റിലേക്ക് ഞാന്‍ കയറുമ്പോള്‍ ഒരു കള്ളന്റെ ഭാവമായിരുന്നു എനിക്ക്.

ബാത്ത് റൂമുകള്‍ക്കിടയിലെ ഇടനാഴിയില്‍ മുഖാമുഖം നില്‍ക്കുമ്പോള്‍, അവള്‍ കര്‍ച്ചീപ് കൊണ്ട് മുഖത്തെ വിയര്‍പ്പ് ഒപ്പുന്നുണ്ടായിരുന്നു.

രണ്ട് തവണ ഞാനത് ചോദിക്കാനാഞ്ഞതാണ്. പക്ഷേ അവളുടെ അലസ ഭാവം എന്നെ അതില്‍ നിന്ന് തടഞ്ഞു....

ഞാനിന്ന് പതിവിലും നേരത്തേ കോട്ടയത്തെ ഒന്നാം ഫ്ലാറ്റ്ഫോമില്‍ ഇടം പിടിച്ചെങ്കിലും അവളിപ്പോഴാണ് ഓടിക്കിതച്ച് വന്നത്. അപ്പോഴേക്കും ട്രെയിനും  കടന്നു വന്നിരുന്നു. സംസാരിക്കാനോ ചിരിയ്ക്കാനോ പോലും കഴിയും മുന്‍പ് ട്രെയിനിലേക്ക് കയറുകയായിരുന്നു.

രണ്ട് കൊളേജുകളില്‍ പഠിക്കുന്ന ഞാനും അവളും, മൂന്നു മാസങള്‍ക്ക് മുന്‍പ് യാദൃശ്ചികമായാണ് പരിചയപ്പെടുന്നത്. പിന്നെ സൗഹൃദമായി, സൗഹൃദം വളര്‍ന്നു, ട്രെയിനിലെ പോക്കു വരവുകള്‍ ഒരുമിച്ചായി... രാവിലേ അവള്‍ തിരുവല്ലയില്‍ നിന്ന് കയറും, വൈകിട്ട് തിരുവല്ലയിലിറങ്ങും, എനിക്ക് പിന്നേയും യാത്രയുണ്ട്...  

ഞാനവളുടെ മുഖത്തേക്ക് നൊക്കി നിന്നു.
രണ്ട് കമ്പാര്‍ട്ട്മെന്റുകളെ തമ്മില്‍ യോജിപ്പിക്കുന്ന ആ ഇടനാഴിയില്‍ ഇരുട്ടും ചൂടും ആഴ്ന്നു കിടന്നു. എല്ലായിടത്തും തിരക്കായതിനാല്‍ ഇനിയിപ്പോ ഇവിടുന്ന് മാറാനും പറ്റില്ല.

- എന്നിട്ടെന്തായി.
ഞാനവളോട് ചോദിച്ചു
- എന്ത്
- അല്ല, ഇന്നലെ ഞാന്‍ പറഞ്ഞ കാര്യം....?!

മിഠായി ചവയ്ക്കുമ്പോള്‍ ഇടം കവിളില്‍ നിന്ന് വലം കവിളിലേക്ക് അത് മാറ്റിയിടുമ്പോഴെന്നതു പോലെ അവളുടെ കവിളും ചുണ്ടും ഒന്ന് തുടുത്തു. ട്രെയിനിന്റെ "ക്ടക്ക് ക്ടക്ക്" ശബ്ദം, ഞങ്ങള്‍ നിന്ന ഇടനാഴിയില്‍ മുഴങ്ങിക്കൊണ്ടിരുന്നു. മറുപടിയ്ക്കു വേണ്ടി ഞാന്‍ കാതോര്‍ത്തത് മിച്ചം.

- എന്തേലും ഒന്ന് പറയൂ. അത് എന്തായാലും കുഴപ്പമില്ലെന്ന് ഞാനിന്നലേ പറഞ്ഞായിരുന്നല്ലോ...

വീണ്ടും മൗനം. ഞാന്‍ ചുറ്റുമൊന്ന് നോക്കി. അപ്പുറത്തും ഇപ്പുറത്തും ആളുകളൊക്കെ നില്‍പ്പുണ്ട്. ചില തെണ്ടികള്‍, ഞങ്ങള്‍ വല്ല ഉഡായിപ്പുമാണോ എന്ന മട്ടില്‍ ഇടം കണ്ണ് കൊണ്ട് ജാഗ്രതയോടെ ഞങ്ങളെ വീക്ഷിക്കുന്നുണ്ട്. ഞാന്‍ പെട്ടന്ന് അവളുടെ അടുത്തേക്ക്, മുഖത്തിനടുത്തേക്ക് ചേര്‍ന്ന് നിന്നു. അവളൊന്ന് ഞെട്ടി.

- പറ ഇഷ്ട്ടമാണെങ്കില്‍ ആണെന്ന് പറ. ഇല്ലെങ്കില്‍  ഇല്ല. എനിക്ക് വയ്യ ഇങ്ങനെ ടെന്‍ഷനടിക്കാന്‍. ഇന്നലെ രാത്രി ഉറങ്ങിയിട്ടില്ല. നിനക്കറിയാമോ?  ടെന്‍ഷന്‍ കാരണം ഇന്ന് വലിച്ച സിഗരറ്റിന് കണക്കുമില്ല. അല്ലെങ്കില്‍, ഒന്നും മിണ്ടാതെ നിക്കുന്നതിലും ഭേദം എന്നെ ഇതീന്ന് പിടിച്ചങ്ങ് പുറത്തേക്ക് തള്ള്. നാശം! ഇതിലും ഭേദം അതാ...

- കര്‍ത്താവേ
അവളൊന്ന് നിശ്വസിച്ചു. "ചായ് ചായ്" വിളികളുമായി ചായക്കാരന്‍ പയ്യന്‍ ഞങ്ങളെ കടന്ന് പോയി...

- പറഞ്ഞേ, എന്നെ ഇഷ്ട്ടമാണോ... ഇല്ലെങ്കില്‍, ഇനി ഞാന്‍ പുറകേ നടക്കാനൊന്നും വരില്ല. ഇന്നത്തോടെല്ലാം തീര്‍ന്നു. ഇനി എന്റെ നോട്ടം പോലും നിന്നെ ശല്യപ്പെടുത്തുമെന്ന് പേടിക്കണ്ട. പക്ഷേ മറുപടി കിട്ടിയേ തീരൂ.

അന്നേരം അവളെന്റെ മുഖത്തേക്ക് നോക്കി ഒരു ചോദ്യമാണ്.
- ഇഷ്ട്ടമായാ എന്നെ കെട്ടുവോ..?

- അപ്പോ എന്നെ ഇഷ്ട്ടമാണോ?

- എന്ന് ഞാന്‍ പറഞ്ഞില്ലല്ലോ. ഇഷ്ട്ടമായാല്‍  കെട്ടുമോന്നല്ലേ ചോദിച്ചുള്ളൂ.

ഞാന്‍  ആവേശം കൊണ്ടു. എന്റെ ഹൃദയമിടിപ്പ് വര്‍ദ്ധിച്ചു...
- കെട്ടാതെ പിന്നെ. നിന്നെ എനിക്ക് അത്രയ്ക്ക് ഇഷ്ട്ടമാണ്. അതിപ്പോ എങ്ങനെ പറഞ്ഞു ഫലിപ്പിക്കും എന്നെനിക്കറിയില്ല. നിന്നെ കെട്ടുമെന്നല്ല, എപ്പഴും നിന്നെയിങ്ങനെ കെട്ടിപ്പിടിച്ചിരിയ്ക്കും. ഞാനിനി പഠിക്കാനൊന്നും പോകുന്നില്ല...

- അയ്യോ...
അവളുടെ ചിരി.
എന്റെ നെഞ്ച് പെരുമ്പറ കൊട്ടി.

- ഒന്ന് പറ....
എന്റെ ശബ്ദം ആര്‍ദ്രമായി. എനിക്ക് വിറയ്ക്കുന്നത് പോലെ തോന്നി.
പനി പിടിച്ചോ? ഞാന്‍ സംശയിച്ചു. ഞാന്‍ എന്റെ നെറ്റിയ്ക്കു മീതേയും, കഴുത്തിലും എന്റെ കൈത്തലം വെച്ച് നോക്കി. ചുട്ട് പൊള്ളുന്നുണ്ട്.

- എന്താ? പനിയാണോ?
അവളുടെ ചോദ്യം.

- എനിക്ക് പനിയായാല്‍ ആര്‍ക്കാ ഇത്ര വിഷമം?

- എനിക്ക് വിഷമമുണ്ട്.

ഒരു കൈത്തലം എന്റെ നെറ്റിയ്ക്ക് മീതേ നീണ്ടു വന്ന് അമര്‍ന്നു.
- ചൂടുണ്ടല്ലോ....
 എന്റെ ശ്വാസമിടിപ്പ് കൂടി. അതോ ശ്വാസം നിലച്ചോ. ഞാന്‍,ഒരു നിമിഷം കൊണ്ട് ആ മനോഹരമായ കൈത്തലം കവര്‍ന്നെടുത്ത് അവളോട് ചേര്‍ന്നു നിന്നു. അവള്‍ ചുറ്റുപാടും നോക്കിയിട്ട് കൈ വലിച്ചെടുത്തു.

- അപ്പോ നിനക്കെന്നെ ഇഷ്ട്ടമാണ്..?!

(മറുപടിയില്ല)

- പ്രാന്ത് പിടിപ്പിക്കാതെ പറ. പ്ലീസ്...

കുഞ്ഞൊരു മൗനത്തിന് ശേഷം ആ മറുപടി വന്നു.
- ഉം. ആണ്.....

എന്റെ നെഞ്ചാംകൂട്ടില്‍ പൂത്തിരി കത്തി... 
- ശരിയ്ക്കും..? കര്‍ത്താവേ..?
ഞാന്‍  വീണ്ടും ചോദിച്ചു...

- ഉം. ശരിയ്ക്കും..!
അവളുടെ പതിഞ്ഞ ശബ്ദം.

- ചുമ്മാ..?

- എന്നാ ചുമ്മാതാ...

- ഇഷ്ട്ടമാണെന്ന് കാര്യമായിട്ടാണോ പറഞ്ഞത്?

- കാര്യമായിട്ടല്ലേ എന്നോട് ചോദിച്ചത്. അപ്പോ കാര്യമായിട്ട് തന്നെയാ പറഞ്ഞതും.
വാക്കുകളില്‍ കുസൃതി

ദൈവമേ.....
ഞാന്‍ നെഞ്ചത്ത് കൈവെച്ചു.

എനിക്കെന്തു ചെയ്യണമെന്ന് അറിയില്ലായിരുന്നു.
ഞാന്‍ അവളുടെ വലത്ത് വശത്ത് അവളോട് ചേര്‍ന്നു നിന്നു. അവളുടെ കൈ വിരലുകള്‍ക്കിടയില്‍ എന്റെ കൈവിരലുകള്‍ കോര്‍ക്കപ്പെട്ടു. എന്റെ മുഖം അവളുടെ ചെവിയിലേക്കടുത്തു. മന്ത്രിക്കുന്നതുപോലെ ഞാന്‍ അവളോട് ചോദിച്ചു.

- എനിക്ക് ഈ സന്തോഷം എങ്ങനെ പ്രകടിപ്പിക്കണം എന്നറിയില്ല. മറ്റു വല്ലയിടത്തുമായിരുന്നെങ്കില്‍ നിന്നെ ഞാന്‍ വാരിയെടുത്ത് ഡാന്‍സ് ചെയ്തേനെ. പക്ഷേ ഇവിടെ അത് പറ്റില്ലല്ലോ....

അവളുടെ ചിരി കേട്ടു.

ഞാന്‍ വീണ്ടും മന്ത്രിച്ചു.
- ഒരുമ്മ തരട്ടെ....  കവിളത്ത്....
പെട്ടന്നവള്‍ കണ്ണ് മുഴപ്പിച്ചു.
- യേശുഅപ്പാ.. ഇത് ട്രെയിനാ...

ഞാന്‍ ട്രെയിനിന്റെ മേല്‍ഭാഗത്തേക്ക് നോക്കി ചാരി നിന്നു. എന്റെ സന്തോഷം കാരണം എനിക്ക് ഹാര്‍ട്ട് അറ്റാക്ക് വരുമോ എന്നുപോലും ഒരുവേള തോന്നിപ്പോയി. ജീവിതത്തിലേക്ക് പുതിയ വസന്തം വാതില്‍ തുറന്നു. മലയടിവാരത്തിലെ തണുത്ത കാറ്റിലെ ഈറന്‍  ഞങ്ങള്‍ നിന്നിടത്തെപ്പോലും കുളിരണിയിച്ചു.

ഞാന്‍  ചരിഞ്ഞ് അവളുടെ മുഖത്തേയ്ക്ക് നോക്കിക്കൊണ്ട് നിന്നു.

അപ്പോഴും  പരശുറാം എക്സ്പ്രസ്സ് തിരുവനന്തപുരം ലക്ഷ്യമാക്കി കുതിച്ച് പായുകയായിരുന്നു...

13 അഭിപ്രായങ്ങൾ:

  1. - എന്താ? പനിയാണോ?
    അവളുടെ ചോദ്യം.
    - എനിക്ക് പനിയായാല്‍ ആര്‍ക്കാ ഇത്ര വിഷമം?
    - എനിക്ക് വിഷമമുണ്ട്.
    ഒരു കൈത്തലം എന്റെ നെറ്റിയ്ക്ക് മീതേ നീണ്ടു വന്ന് അമര്‍ന്നു.
    - ചൂടുണ്ടല്ലോ....
    എന്റെ ശ്വാസമിടിപ്പ് കൂടി. അതോ ശ്വാസം നിലച്ചോ.

    മറുപടിഇല്ലാതാക്കൂ
  2. അപ്പോൾ പുതിയ ലൈനായി..ട്രെയിൻ യാത്രകളിൽ നിന്ന് ഒരുപാട് കഥകൾ കിട്ടും..ഞാൻ ആകെ വിരലിലെണ്ണാവുന്ന യത്രകളെ ട്ര്യിനിൽ ചെയ്തിട്ടുള്ളൂ....
    ഒരു കഥയെഴുതുമ്പോൾ ആത്മാശം ഉണ്ടാകണമെങ്കിൽ അത്തരം അനുഭവങ്ങളിലൂടെ ഒരിക്കലെങ്കിലും കടന്ന് പോകണം..

    എനിവേ ആ ഇഷ്ടമാണെന്ന് കേൾക്കുമ്പോഴുള്ള എക്സ്പ്രഷൻ ആ വികാരം അത് വാക്കുകളിൽ ഒതുക്കാൻ ആവില്ല....നടിമാരുടെയും മറ്റും മസാലകൾ നിർത്തിയിട്ട് ഇത് പോലുള്ള നല്ല കഥകൾ എഴുതൂ...

    മറുപടിഇല്ലാതാക്കൂ
  3. വിവാദമല്ലാത്ത സ്സാധരണ പോസ്റ്റുകൾക്കെങ്കിലും അപ്രൂവൽ എടുത്തു കളയരുതോ...റിജോ സാ‍ാറെ...

    മറുപടിഇല്ലാതാക്കൂ
  4. നന്നായി കേട്ടോ ......ട്രെയിന്‍ പ്രണയം :) ഇനിയും കുതിച്ചു പായട്ടെ കഥകള്‍ ..ഇനിയും വരാം കേട്ടോ ....ചാച്ചു തിരക്കുന്നുണ്ടാകും :)

    മറുപടിഇല്ലാതാക്കൂ
  5. അപ്പൊ നിന്റെ കാര്യം ഒരു വഴിക്കായി...ഇനി നമ്മുടേത് എപ്പോഴാണാവോ... :)

    ആശംസകള്‍..

    മറുപടിഇല്ലാതാക്കൂ
  6. The Pony Boy :
    ഉടനേ തന്നെ അപ്രൂവൽ ഏടുത്ത് കള്യുന്നുണ്ട്.....

    ചാച്ചുവിന്റെ മാലാഖ :
    പഞ്ചാരകുട്ടന്‍ -malarvadiclub :
    khaadu.. :
    ഹ്ഹ്ഹ്.... :) 

    മറുപടിഇല്ലാതാക്കൂ
  7. വായിച്ചു തുടങ്ങിയപ്പോള്‍ ഒരു തമിഴ് സിനിമയുടെ ട്രയിന്‍ പ്രണയ രംഗങ്ങള്‍ തെളിഞ്ഞു വന്നൂ..
    പ്രണയ സംഭാഷണങ്ങള്‍ വളരെ നാച്യുറലായി തോന്നി..അനുഭവമാണെന്ന് സംശയിയ്ക്കന്നൂ.. :)
    ആശംസകള്‍ ട്ടൊ..!

    മറുപടിഇല്ലാതാക്കൂ
  8. മിക്കാവാറും ഇവിടെ വരാറുണ്ടെങ്കിലും കമന്റിടുന്നത് ആദ്യമായിട്ടാണ്... നല്ല അവതരണം... ആസ്വദിച്ചു... അഭിനന്ദനങ്ങള്‍ !

    മറുപടിഇല്ലാതാക്കൂ
  9. എന്നെ വെറുതെ ആശിപ്പിക്കല്ലെ... മനുഷ്യനിവിടെ വല്ലവളുമാരുടേം വലയില്‍ വീഴാതെ കഷ്ടപ്പെട്ട് നടക്കുമ്പോ വഴി തെറ്റിക്കാന്‍ വേണ്ടി ഓരോന്ന് എഴുതി വിട്ടോളും... :P

    മറുപടിഇല്ലാതാക്കൂ
  10. Oru Aadya pranaya saaphalyathinte chitram nannayi varachirikkunnu. Alpam polum krithrimathwam thonniyilla.
    Valare nannayi. I like it.

    മറുപടിഇല്ലാതാക്കൂ