വെള്ളിയാഴ്‌ച, ഓഗസ്റ്റ് 17, 2012

സിസിലിയാ കാസാ. [ഒന്ന്]

ഇരുപത് ദിവസം.
ഏഴ് രാജ്യങ്ങൾ.
480 മണിക്കൂറുകൾ....

ഐതിഹാസികമായ ഒരു സാഹസിക യാത്രയിലായിരുന്നു ഞാൻ....
 *********************************************************************************



ഞാൻ...
[അഥവാ എന്നേക്കുറിച്ച് കെ ജി ബിയുടെ വിലയിരുത്തൽ..]


പേരറിയാത്ത അജ്ഞാതൻ.
ഇൻഡ്യൻ വംശജനെന്ന് കെ ജി ബി ഉദ്യോഗസ്ഥരാൽ  സംശയിക്കപ്പെടുന്നു.
തലയ്ക്ക് മാരകമായ പ്രഹരവും, തോളെല്ല് തുളച്ച മൂന്ന് വെടിയുണ്ടകളുമായി മോസ്കോയുടെ തെരുവോരത്ത് നിന്നും പ്രാദേശിക പൊലീസ് കണ്ടെടുത്ത മരണാസന്നനായ യുവാവ്.
അഞ്ചു മാസം ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ശാരീരികാരോഗ്യ വിദഗ്തരുടേയും, മാനസികാരോഗ്യ വിദഗ്തരുടേയും ചികിത്സയിൽ.

ജീവിതത്തിലേക്ക് അയാൾ രക്ഷപെട്ട് വന്നെങ്കിലും കഴിഞ്ഞകാല സംഭവങ്ങൾ പലതും മറന്നു പോയി.  താൻ എങ്ങനെ വധശ്രമത്തിൽ പെട്ടു എന്നു പോലും അയാൾക്ക് ഓർമ്മിക്കാനാവുന്നില്ല. സ്‌മൃതി നാശത്തോളം പോന്ന, എന്നാൽ പഴയ മനുഷ്യനിലേക്ക് തിരിച്ചു വരാവുന്ന ഒരു രോഗം. മെഡിക്കൽ സയൻസിൽ പേരു നിർവചിക്കപ്പെട്ടിട്ടില്ലാത്ത ഈ അവസ്ഥയെ ഡോക്ടർമ്മാർ അവഗാഹമായി പരിശോധിക്കുന്നു.
തലയ്ക്കേറ്റ മാരക പ്രഹരമാണ് അയാൾക്ക് അയാൾ ആരാണെന്ന് പോലും തിരിച്ചറിയാൻ പാടില്ലാത്ത അവസ്ഥയിലേക്ക്  മാറ്റിയത്.
എല്ലാം അയാൾ  വിസ്മരിച്ചു പോയി. സ്വന്തം പേര്, നാട്, എന്തിന് റഷ്യയിൽ വന്നു, എന്തായിരുന്നു അയാളുടെ ജോലി എല്ലാം.....!

ഓർമകൾ പലതും നഷ്ട്ടപ്പെട്ടെങ്കിലും അയാളെ വൈദ്യ ശാസ്ത്രം എഴുതി തളളുന്നില്ല. കാരണം അയാൾ മുൻപ് ചെയ്തു കൊണ്ടിരുന്ന പല പ്രവർത്തികളും പൊടുന്നനേയുള്ള പ്രതികരണങ്ങളിലൂടെ ആവർത്തിക്കുന്നു. ഉദാഹരണം, ഡ്രൈവിങ്ങ്, നീന്തൽ, തോക്കുപയോഗിക്കുന്നത്,  ഫോൺ ഉപയോഗിക്കൽ തുടങ്ങിയ പലതും. അതെങ്ങനെ ഉപയോഗിക്കണമെന്ന് അയാൾക്ക് മുന്നേക്കൂട്ടി തീരുമാനിക്കാനാവുന്നില്ലെങ്കിലും മുൻപ് ഇവ ഉപയോഗിച്ച ഒരാളാണ് എന്നു തോന്നിപ്പിക്കുമ്പോലെ അയാൾ ഇവ ചെയ്തു പോകുന്നുണ്ട്.

അപ്പോൾ  അയാൾ നിസ്സാരനല്ല.
ആപത്ക്കാരിയാണ്...
റഷ്യൻ പൊലീസിനും, ലോകത്തെ ഏറ്റവും വലിയ ചാര സംഘടനയായ കെ ജി ബിയ്ക്കും അയാളെ, അയാളിൽ നിന്ന് തന്നെ മനസ്സിലാക്കിയേ പറ്റൂ...

ഇത് ഒരു വേട്ടയുടേയും അതിജീവനത്തിന്റേയും കഥയാണ്.
നിമിഷങ്ങളെണ്ണി കാത്തിരിക്കുക.
ഒരോ ചുവടും മരണത്തിനും രക്ഷപെടലിനും ഇടയിലെ നൂൽപ്പാലത്തിലൂടെയാണ്.

 *********************************************************************************

മോസ്കോ.
റഷ്യ.
 കെ ജി ബി ആസ്ഥാനം.
(KGB -  Komitet gosudarstvennoy bezopasnosti )


 06. 30. PM.
ജൂലൈ 10.
വ്യാഴം.

അമർന്നിരിക്കുന്ന പിസ്റ്റളിന്റെ തണുപ്പ് ഇടുപ്പെല്ലിലൂടെ അരിച്ചരിച്ച് തലച്ചോറിലേക്ക് കയറിക്കൊണ്ടിരികുന്നു.

പറ. ആരാണ് നീ? റഷ്യയിൽ എന്തിന് വന്നു.

തൊട്ട് മുൻപിൽ രോമത്തൊപ്പിയും കമ്പിളി വസ്ത്രവുമണിഞ്ഞ് ചുരുട്ടിന്റെ പുക മുഖത്തേക്ക് ഊതി വിട്ടുകൊണ്ട് നിൽക്കുന്ന ആജാനുബാഹുവിന്റെ കണ്ണുകളിലേക്ക് ഞാൻ നിസ്സഹായനായി നോക്കി.

അയാളുടെ ഐഡി കാർഡിൽ ജൊനാഥൻ ഡോക്കോവിച്ച് എന്ന് നീല നിറത്തിൽ എഴുതിയിട്ടുണ്ടായിരുന്നു.

അവർ എന്റേതെന്ന് ആദ്യം പറഞ്ഞിരുന്ന തുകൽ ബാഗ് എടുത്ത് മേശപ്പുറത്തേക്കിട്ടു. മേശമേൽ ഒരു ടംബ്ലറിൽ വെള്ളവും വെച്ചിട്ടുണ്ടായിരുന്നു. തുകൽ ബാഗ് തുറന്ന് മുൻപിൽ നിന്നയാൾ എന്തൊക്കെയോ പുറത്തെടുത്ത് നിരത്തിയിട്ടു.

എട്ട് പാസ്സ്പോർട്ടുകൾ. എട്ട് പേരുകൾ. എല്ലാം നിങ്ങളുടേതാണ്..
പേരുകൾ വായിച്ചതിൽ നിന്നും, നിങ്ങളുടെ രൂപത്തിൽ നിന്നും കെ ജി ബി അനുമാനിയ്ക്കുന്നത് നിങ്ങളൊരു ഇൻഡ്യൻ വംശജൻ തന്നെയാണെന്നാണ്.

പിന്നിൽ നിന്നയാൾ പിസ്റ്റൾ ഒന്നുകൂടി ഇടുപ്പെല്ലിലേക്ക് അമർത്തിക്കൊണ്ട് മുരണ്ടു.

മോസ്കോയിലെ ഫേമസ് ഹോസ്പിറ്റലായ സെന്റർ ഫോ മെന്റൽ ഡെവലപ്മെന്റിൽ നിന്നാണ് നിങ്ങളെ ഞങ്ങൾ  കസ്റ്റഡിയിൽ  വാങ്ങുന്നത്. അഞ്ച് മാസമായി പൊലീസ് കസ്റ്റഡിയിൽ നിങ്ങൾ ആ ഹോസ്പിറ്റലിലായിരുന്നു. നിങ്ങളുടെ കഴിഞ്ഞ കാല ഓർമ്മകൾ നശിച്ചു പോയി എന്നൊക്കെയാണ് അവിടുത്തെ ഡോക്ടർമ്മാർ പറയുന്നത്. ഒരു ആക്രമണം നിങ്ങൾക്ക് നേരേ ഉണ്ടായി എന്നത് ശരിയാണ്. നിങ്ങളുടെ സെന്റ്പീറ്റേഴ്സ്ബർഗ്ഗിലെ അപ്പാർട്ട്മെന്റിൽ നിന്നും ഞങ്ങൾക്ക് ലഭിച്ചത് ഇന്റർനാഷണൽ ഡ്രൈവിങ്ങ് ലൈസൻസ്, ആറ് തോക്കുകൾ, ലാപ്ടോപ്പ് തുടങ്ങിയ ഒട്ടനവധി സാധനങ്ങളാണ്. നിങ്ങൾ സ്പൈ ആണോ എന്ന് ഞങ്ങൾ അനുമാനിക്കുന്നത് അതു കൊണ്ട് തന്നെയാണ്...

ഞങ്ങൾക്ക് വേണ്ടത് വ്യക്തമായ ഉത്തരമാണ്.
മതിയായ രേഖകളില്ലാതെ പിടിക്കപ്പെട്ട നിങ്ങൾക്കിനീ ഒരു രക്ഷപെടൽ തീർത്തും അസാധ്യമാണെന്ന് തന്നെ കരുതിക്കോളൂ.
ആകെയുളള പോംവഴി, വ്യക്തമായ കാര്യങ്ങൾ ഓർക്കുന്നുണ്ടെങ്കിൽ തുറന്ന് പറയുക എന്നത് മാത്രമാണ്....

ജൊനാഥൻ ഡോക്കോവിച്ച് തണുത്ത ശബ്ദത്തിൽ ചോദിച്ചു.

*********************************************************************************

 എന്റെ കാലുകൾ നിലത്തുറയ്ക്കുന്നുണ്ടായിരുന്നില്ല.
ഞാൻ പറക്കുകയാണോ എന്ന് തോന്നിപ്പോയി....
എന്റെ കിതപ്പ് പിന്നിലേക്ക് പോകുന്ന കാറ്റിനേക്കാൾ ഇരമ്പം തീർക്കുന്നുണ്ടായിരുന്നു.

എതിരേ വന്ന മൂന്ന് പേരേയും ഞാൻ ഷൂട്ട് ചെയ്തു...

ഓട്ടത്തിനിടയിൽ ഞാൻ  കിതയ്ക്കുന്നുണ്ടായിരുന്നെങ്കിലും എന്റെ കാലുകൾക്ക് അസാമാന്യ ബലം വന്നു കൊണ്ടിരുന്നു.
മരണത്തിന്റെ വിളുമ്പിൽ നിന്നും നൂൽക്കമ്പിയിൽ പിടിച്ച് രക്ഷപെടുന്നയാളുടെ രക്തയോട്ടം എന്റെ കാൽപ്പാദത്തിൽ നിന്നും തലച്ചോറിലേക്ക് ഞരമ്പുകളിലൂടെ പമ്പു ചെയ്യപ്പെട്ടുകൊണ്ടിരുന്നു.

കസ്റ്റഡി റൂമിനുള്ളിൽ വെച്ച് വരാൻ പോകുന്ന ആപത്ത് ഇടുപ്പെല്ലിൽ തണുത്ത വൃത്തം വരച്ച് കൊണ്ടിരുന്നപ്പോൾ പിന്നൊന്നും ചിന്തിച്ചില്ല.  ഇടത് കൈമുട്ട് കൊണ്ട് പിന്നിൽ നിന്നയാളുടെ നെഞ്ചാംകൂടിന് ഒന്ന് കൊടുക്കുകയായിരുന്നു. അയാളുടെ കയ്യിൽ നിന്ന് ലക്ഷ്യം തെറ്റിയ തോക്ക് രണ്ട് തവണ വെടിശബ്ദം മുഴക്കി. മുൻ വശത്ത് നിന്ന ജൊനാഥൻ ഡൊക്കോവിച്ച് എന്ന ആജാനുബാഹുവിന്റെ ഇടത് നെറ്റിയിൽ ഒരു ചുവന്ന പൊട്ട് വീഴുന്നതും നേർ രേഖ പോലെ ചോരപ്പാട് മൂക്കിലേക്ക് ഒഴുകുന്നതും കാണാൻ മാത്രമേ എനിക്ക് സമയമുണ്ടായുളളു.
പിന്നിൽ ബാലൻസ് തെറ്റി ചരിഞ്ഞു വീണ പേരറിയാത്ത കെ ജി ബി ഉദ്യോഗസ്ഥന്റെ നെറ്റിയ്ക്ക്, മേസമേലിരുന്ന വെള്ളം നിറച്ച ടംബ്ലറു കൊണ്ട് ഒറ്റ അടി കൊടുത്തു.
ടംബ്ലർ ചിതറിത്തെറിച്ചു പോയി.

അയാളുടേയും, മുൻപിൽ വെടിയേറ്റു കിടന്ന കെ ജി ബി ഉദ്യോഗസ്ഥന്റേയും തോക്കുകൾ കവർന്നെടുത്ത്  അരയിൽ തിരുകി ലോക്ക് ചെയ്ത ഡോറും തുറന്ന് കോറിഡോറിലേക്ക് ചാടിയിറങ്ങിയപ്പോൾ ആദ്യം വന്നവന്റെ നെഞ്ചിലേക്കാണ് ഞാൻ നിറയൊഴിച്ചത്. സ്റ്റീൽ ഭിത്തികളിൽ തട്ടി വെടി ശബ്ദം കെ ജി ബി ആസ്ഥാനം മുഴുവൻ പ്രകമ്പനം കൊണ്ടിരിക്കണം.
മലച്ചു വീണ മെലിഞ്ഞ മനുഷ്യന്റെ കയ്യിലും അരയിലുമുണ്ടായിരുന്ന തോക്കുകൾ കവർന്നെടുത്ത് ഞാൻ ഇരു കയ്കളിലും പിടിച്ചു...

അവിടുന്ന് തുടങ്ങിയ ഓട്ടമാണ്.
നേരേ മുകൾ നിലയിലെ വലതു വശത്തേക്ക് ഓടി......

പിന്നിൽ ഒട്ടനവധി ബൂട്ടുകളുടെ മുഴക്കം പിന്തുടരുന്നുണ്ടായിരുന്നു.  ഇടയ്ക്കെപ്പോഴോ എന്റെ ചെവിയ്ക്കരികിലൂടെ തേനീച്ച ഇരമ്പും പോലെ ഒരു വെടിയുണ്ട പാഞ്ഞു...

ഒന്നും ചിന്തിച്ചില്ല മരണത്തിലേക്കെന്നത് പോലെ ഞാൻ മുൻ വശത്തെ ജനാലച്ചില്ലും തകർത്തു കൊണ്ട് പുറത്തേക്കെടുത്ത് ചാടി...


ആകാശത്താണ്.....



ശരീര ഭാരം ശൂന്യമായി ശൂന്യമായി തൂവൽ പോലെയാണോ ഞാനെന്ന് എനിക്ക് തോന്നിപ്പോയി.
താഴെ അനേകായിരം നക്ഷത്ര വിളക്കുകൾ.....
മോസ്കോയുടെ രാത്രിയിലേക്ക് മരണത്തോടൊപ്പം ഞാൻ പാറി വീണുകൊണ്ടിരുന്നു...

പത്ത് സെക്കന്റ്.
അഗാധമായ സ്പീഡിൽ താഴേക്ക് വീണുകൊണ്ടിരുന്ന ഞാൻ ഒരു പഞ്ഞിക്കെട്ടിൽ വന്ന് ശക്തമായി ഇടിച്ച് വായുവിൽ ഒന്നുയർന്ന് പൊങ്ങി വീണ്ടും അതേ പഞ്ഞിക്കെട്ടിലേക്ക്.....

വലതു കയ്യിലെ പിസ്റ്റൾ തെന്നിത്തെറിച്ച് ടെറസിന്റെ വലതു മൂലയിൽ ചെന്നിടിച്ച് നിന്നു. പത്ത് മിനിട്ട് ഞാൻ ബോധം നഷ്ട്ടപ്പെട്ടവനെയെന്നത് പോലെ കിടന്നു.  കമിഴ്ന്ന്.

കണ്ണു തുറന്ന് സ്ഥലകാല ബോധം വീണ്ടെടുക്കവേ ദൈവത്തിന്റെ കൈകൾ, പഴകിയ നൂറോളം പഞ്ഞി മെത്തകളായി - എനിക്ക് കീഴേ - ആ ടെറസിനു മേലേ കിടക്കുന്നത് ഞാൻ കണ്ടു.

മെത്തയുണ്ടാക്കുന്ന സ്ഥാപനമോ, അല്ലെങ്കിൽ പഴകിയ മെത്തകൾ സംഭരിച്ച് വീണ്ടും മെത്ത നെയ്യുകയോ ചെയ്യുന്ന  സ്ഥാപനമോ, വീടൊ മറ്റോ ആണിത്...

ഞാൻ ചാടിയെഴുനേറ്റു

ഓടണം.

കഴിഞ്ഞ രണ്ടാഴ്ച്ചയായി ഹോസ്പിറ്റൽ കിടക്കയിൽ നിന്നും മനസ്സിലേക്ക് ആഞ്ഞു തറച്ച് കൊണ്ടിരിക്കുന്ന വാക്കുകളാണ്, ഇത് റഷ്യയാണ് എന്നും, ഞാൻ രേഖകളില്ലാത്ത ഇൻഡ്യൻ വംശജനാണ് എന്നതും, ചരനാണ് എന്നതും,  താൻ മോസ്കോ പൊലീസിന്റേയും പിന്നീട് കെ ജി ബിയുടേയും കസ്റ്റഡി തടങ്കലിലാണെന്നും, എല്ലാത്തിലും ഉപരി എനിക്ക് എന്റെ കഴിഞ്ഞ കാല ഓർമ്മകൾ നഷ്ട്ടപ്പെട്ടു എന്നതും......

ആരാണ് ഞാൻ...
എന്താണെന്റെ പേര്?

തലയിൽ പൊട്ടിത്തെറികൾ നടക്കുന്നു..

ഞാൻ ആരാണെന്ന് അറിയണം.
എന്റെ രേഖകൾ തിരിച്ച് കിട്ടണം.

ഇത് ജീവൻ പണയം വെച്ചുളള ഞാണിൻമ്മേൽ കളിയാണ്.
പിൻ വാങ്ങിയാൽ മരണം വെടിയുണ്ടയുടെ രൂപത്തിൽ തലയ്ക്ക് നേരേ ചീറി വരും.

നേരേ ഹോസ്പിറ്റലിലേക്ക്.
 ഏതു ഹോസ്പിറ്റലിലാണെന്ന്  ഇതു വരെ മനസ്സിലാക്കിയിരുന്നില്ല.
ഇന്ന് കെ ജി ബി ഓഫീസിനുളളിൽ വെച്ച്, അവർ പറയുമ്പോഴാണ് ആ ഹോസ്പിറ്റലിന്റെ പേരു പോലും ഞാൻ മനസ്സിലാക്കുന്നത്....

അവിടേക്ക്..
അവിടേക്ക്...

ഞാൻ ചാടിയെഴുനേറ്റു.
എനിക്ക് ദാഹിക്കുന്നുണ്ടായിരുന്നു....

*********************************************************************************


ബോൾഷോയ് കാമെന്നീ മോസ്റ്റ്.
മോസ്കോ.
08. PM

മെഡിക്കൽ ഉപകരണങ്ങൾ വിൽക്കുന്ന കടയിലേക്ക് ഞാൻ കയറി ചെല്ലുമ്പോൾ റിസപ്ഷനിലെ യുവതി ചിരിയോടെ സ്വാഗതം ചെയ്തു.

സെന്റർ ഫോർ മെന്റൽ ഡെവലപ്മെന്റ് ഹോസ്പിറ്റൽ അഡ്രസ്സ് തന്ന് സഹായിക്കാമോ എന്ന് ഞാൻ ചോദിച്ചപ്പോൾ അവർ എന്നെയൊന്ന് ആപാദചൂഡം നോക്കി. എന്റെ മുഷിഞ്ഞ വസ്ത്രവും തുകൽ ബാഗും ക്ഷീണിച്ച പ്രകൃതവും കണ്ടിട്ട്, അവർക്ക് ഒരു അരക്കിറുക്കന്റെ ലക്ഷണം തോന്നിക്കാണുമോ?

എത്രയും വേഗം എന്നെ ഒഴിവാക്കാനെന്നതു പോലെ അവർ ഒരു വിസിറ്റിങ്ങ് കാർഡ്  നൽകിയിട്ട്,   മറ്റെന്തോ ജോലികളിൽ മുഴുകുമ്പോലെ  പെരുമാറി.

ഞാൻ വിസിറ്റിങ്ങ് കാർഡിലേക്ക് കണ്ണോടിച്ചു.
Center for Mental Development,
3, Maliy Kiselniy Lane, Moscow.

 *********************************************************************************


ആന്യ ഷെവ്ച്ചെങ്കോവ്...,  നിങ്ങൾ അന്വേഷിക്കുന്ന ആൾ അതു തന്നെയാവാം...
 എൻക്വയറിയിലെ പൺകുട്ടി റെക്കോഡ്  ഫയലിന്റെ താളുകൾ വിടർത്തി നോക്കിയിട്ട് എന്നോട് പറഞ്ഞു.

ഓർമ്മ സംബന്ധമായ പ്രശ്നങ്ങൾ - അതായത് മറവി, ആക്സിഡെന്റുകളിൽ തലയ്ക്ക് പ്രശ്നം സംഭവിച്ചവർ- തുടങ്ങിയ കേസുകൾ അറ്റന്റ് ചെയ്യുന്ന സംഘത്തിന്റെ  ഡിപ്പാർട്ട്മെന്റ് ഹെഡ്ഡ് അവരാണ്.


ആന്യ ഷെവ്ച്ചെങ്കോവ്....
ആ പേര് രണ്ടുമൂന്നാവർത്തി ഞാൻ ഉരുവിട്ടു.

അവരെ ഇപ്പോ കാണാമോ?

ഇല്ല. ഡോക്ടർ ആന്യ അപ്പാർട്ട്മെന്റിലാവും. നാളെ രാവിലേ വരൂ... കാലേകൂട്ടി ടോക്കൺ ഏടുക്കണമെന്നേയുളളു.

ശരി അവരുടെ അപ്പാർട്ട്മെന്റ് വിലാസം???

സോറി അപരിചിതർക്ക് ഞങ്ങൾ അത് കൊടുക്കാറില്ല സേർ...

ഞാൻ ഒരു നിമിഷം അവിടെ ആശയകുഴപ്പത്തിൽ നിന്നു.
തോക്ക് ചൂണ്ടണമോ എന്ന ചിന്തയോടെ  ഞാൻ നാലുപാടും ഒന്ന് വീക്ഷിച്ചു...

പക്ഷേ എനിക്ക് തോക്ക് പുറത്തെടുക്കേണ്ടി വന്നില്ല .

എന്റെ കണ്ണുകളിലെ തിളക്കമില്ലായ്മ കണ്ടിട്ടാവാം അവർ അഡ്രസ്സ് ഒരു വെള്ളക്കടലാസിലേക്ക് നോട്ട് ചെയ്തു തന്നു

നന്ദി...
  നിങ്ങളുടെ പേരൊന്ന് പറയുമോ സാർ, എൻക്വയറിയിൽ എഴുതാനാണ്..

അത് കേൾക്കാത്ത ഭാവത്തിൽ ഞാൻ തിരിഞ്ഞു.

അതിവേഗത്തിൽ ഹോസ്പിറ്റൽ വിട്ട് പുറത്തേക്ക് നടന്നു.
മോസ്കോയ്ക്ക് മീതേ മഞ്ഞു പൊഴിഞ്ഞു....

നിരത്തിലെങ്ങും കമ്പിളി വസ്ത്രമണിഞ്ഞ ആണും പെണ്ണും  ഇഴുകിച്ചേർന്ന് നടന്നു കൊണ്ടിരുന്നു.
വലതു വശത്തെ ടാക്സി സ്റ്റാന്റിലേക്ക് ഞാൻ ചുവട് വെച്ചു

*********************************************************************************


നീറോ തടാകം ( Lake Nero)
തടാകത്തിന് മേലേ  പാലത്തിലൂടെ ടാക്സീകാബ് ചീറിപ്പാഞ്ഞു.


ക്രെംലിന്‍.
9.30 PM.

ക്രൂഷ്ചേവിന്റെ ദ്രവിച്ച കോൺക്രീറ്റ് സ്തൂപവും, അരിവാൾ ചുറ്റിക നക്ഷത്രവും - പഴയ സോവ്യറ്റ് യൂണിയന്റെ തിരുശേഷിപ്പായി പാതയോരത്ത് തിരസ്കരിക്കപ്പെട്ടനിലയിൽ കാണാമായിരുന്നു.
അതിന് മീതേ തകർന്ന അക്ഷരങ്ങളിൽ Tovarisch (കൊമ്രേഡ് / സഖാവ്) ചുവപ്പ് പടർന്ന അക്ഷരങ്ങൾ...

ടാക്സി ഡ്രൈവർ കാശ് ചോദിച്ച് കോളറിൽ പിടിച്ചപ്പോൾ മുഷ്ട്ടി ചുരുട്ടി അയാളുടെ മൂക്കിന്റെ പാലത്തിനിട്ട് ഒരിടി കൊടുത്തു.
അയാൾ ടാക്സികാബിന്റെ ബോണറ്റിലേക്ക് മലച്ച് തല്ലി വീണതോടെ  ഞാൻ അയാളുടെ കീശയിൽ കയ്യിട്ടു. പഴ്സ് എടുത്ത് തുറന്നു.
ഒരു ദിവസത്തെ അദ്ദ്വാനം മുഴുവനും നോട്ടുകളായി അതിൽ അടുക്കിയിരിക്കുന്നു.
 എടുത്ത് പോക്കറ്റിലിട്ടു.

ഞാൻ നടന്നു.
 ഇടയ്ക്ക് ഒന്ന് തിരിഞ്ഞു നോക്കി. ഡ്രൈവർ ബോധമറ്റ് കിടക്കുകയാണ്.
 സോറി....

അപ്പാർട്ട്മെന്റിലേക്ക് എങ്ങനെ കടക്കും എന്ന് ഞാൻ ആലോചിച്ചു.
 അപ്പാർട്ട്മെന്റിന് പിൻ വശത്ത്  ഒരോ നിലയിലേയും ബാൽക്കണിയോട് ചേർന്ന് സ്ലൈഡിങ്ങ് ലോഫ്റ്റ് ലാഡർ കാണാമായിരുന്നു. ഞാൻ അതിലൂടെ മുകൾ നിലയിലേക്ക് കയറാനായി  ലക്ഷ്യമിടുമ്പോൾ ഫുട്പാത്തിലൂടെ രണ്ട് റഷ്യൻ പൊലീസുകാരുടെ (politsiya) സാന്നിധ്യം ഞാൻ അറിഞ്ഞു.

വേഗം ഞാൻ , ഒന്നുമറിയത്തതു പോലെ മുൻപോട്ട് നടന്നു.
പൊലീസ് മാറിക്കഴിഞ്ഞു എന്നുറപ്പായപ്പോൾ ഞാൻ അപ്പാർട്ട്മെന്റിന്റെ പിൻവശത്തെ  ഇരിട്ടിലേക്ക് പതുങ്ങി.

കാർഷെഡ്ഡിന് സമീപത്തെ പൂന്തോട്ടത്തിന്റെ വശത്തായി കിടന്ന - അറ്റം വളഞ്ഞ -  നീണ്ട കനം കുറഞ്ഞ കമ്പി കയ്യിലെടുത്തു. കാർ ഷെഡ്ഡിന് മേലേ ചാടിപ്പിടിച്ച് കയറിയിട്ട്, കമ്പി കൊണ്ട് സ്ലൈഡിങ്ങ് ലോഫ്റ്റ് ലാഡർ വലിച്ച് താഴേക്കിട്ടു.
ഒരു കയ്യിൽ കമ്പിയും പിടിച്ച് ഞാൻ ദ്രുത ഗതിയിൽ   ഗോവണി കയറി. രണ്ടാം നിലയിലെ ബാൽക്കണിയിൽ നിന്ന് മൂന്നാം നിലയിലെ  ഗോവണി വലിച്ച് താഴത്തേക്കാക്കി.
ഇതേ രീതിയിൽ ഞാൻ അഞ്ച് നിലകൾ മുകളിലേക്ക് കയറി.

താഴെ ഫുട്ട്പാത്തിൽ, മുൻപേ കണ്ട പൊലീസുകാർ എന്തോ ചവയ്ക്കുന്നതിനൊപ്പം സംസാരിച്ച് കൊണ്ട് നടന്ന് പോകുന്നുണ്ടായിരുന്നു...

ഞാൻ റിസപ്ഷനിസ്റ്റ് നൽകിയ കടലാസിലെ കുറിപ്പടി നോക്കി.

Anya Shevchenko
Nevsky Suite
121 E, 5th Floor,  3rd St ,
kremlin.

ഞാൻ ബാൽക്കണിയിലെ നൈലോൺ കർട്ടൻ വകഞ്ഞ് മാറ്റി അകത്തേക്ക് കടന്നു. ആ മുറിയിൽ ആരെങ്കിലും ഉണ്ടോ എന്നൊന്ന് നോക്കി. കിച്ചണിലാണെന്ന് തോന്നുന്നു, സോസറുകളോ കപ്പുകളോ ടേബിളിൽ വയ്ക്കുന്ന മൃദു ശബ്ദം കേൾക്കാം.
ഞാൻ റൂമിലൂടെ സ്വീകരണ മുറി എന്ന് തോന്നിയ്ക്കുന്നിടത്തേക്ക് നടന്നു.

അവിടെ അഞ്ച് വയസ്സ് തോന്നിക്കുന്ന ഒരു സ്വർണമുടിക്കാരി പെൺകുട്ടി കളിപ്പാട്ടങ്ങളോT യുദ്ധം പിടിക്കുന്നുണ്ടായിരുന്നു.
അപ്രതീക്ഷിതമായി റൂമിനുളളിൽ,  അപരിചിതനായ എന്നെ കണ്ട് അവൾ അന്തം വിട്ട്  രണ്ട് വട്ടം കണ്ണു ചിമ്മി.
ഞാൻ പതിയെ ഡൊർ തുറന്ന് മുറിക്ക് പുറത്തേക്ക് ഇറങ്ങിയിട്ട് ഒന്ന് തിരിഞ്ഞ് നോക്കുമ്പോൾ കുട്ടി കിച്ചണിലേക്ക് ഓടുന്നത് കണ്ടു. ഡോർ ചാരിയിട്ട് വേഗം തന്നെ കോറിഡോറിലൂടെ, അന്വേഷിക്കുന്ന റൂം നംബർ നോക്കി ഞാൻ  നടന്നു.

*********************************************************************************



121  E യിലെ ഡോറ് ലോക്ക് ചെയ്തിട്ടില്ലായിരുന്നു.

ഞാൻ പതിയെ അത് തുറന്ന് അകത്ത് കയറി.
ബാത് റൂമീൽ ഷവറിൽ നിന്ന് വെള്ളം വീഴുന്നതിന്റെ നേർത്ത ശബ്ദം കേൾക്കാമായിരുന്നു....
ഉള്ളിൽ മൂളിപ്പാട്ട് പാടുന്ന ഒരു സ്ത്രീ സ്ത്രീ ശബ്ദവും.

ഞാൻ ഡൈനിങ്ങ് റൂമിലേക്ക് നടന്നു.
അവിടെ അടച്ച് വച്ചിരുന്ന പാത്രങ്ങൾ പതിയെ തുറന്നു.
ബ്ലിന്റ്സെസ് [ *1.] അടച്ച് വെച്ചിട്ടുണ്ടായിരുന്നു.
ഞാൻ അത് ആർത്തിയോടെ വാരിക്കഴിച്ചു.
ഫ്രിഡ്ജിൽ നിന്നും ഒരു ബോട്ടിൽ തണുത്ത വള്ളം കൂടിയായപ്പോൾ വയറ് നിറഞ്ഞു.

പെട്ടന്നാണ് അകത്തേക്ക് പദ പദന ശബ്ദം അടുത്ത് വന്നത്.
ഞാൻ വേഗം പൊസിഷനിലാവാൻ ശ്രമിയ്ക്കുമ്പോഴേക്കും സുന്ദരിയായ ഒരു യുവതി പിങ്ക് നിറമുള്ള  ബാത് ടവ്വലും ചുറ്റി അവിടേക്ക് വന്നു കഴിഞ്ഞു.

എന്നെ കണ്ടതും അന്തം വിട്ട യുവതിയുടെ ബാത് ടവ്വൽ ഊർന്ന് താഴേക്ക് പോയി.
ഞാൻ ഒരു നിമിഷം വിസ്മയിച്ച് നിന്നു പോയി.

***********************************************************

വളളത്തുളളികളുടെ  തിളങ്ങുന്ന  മിനുമിനുപ്പ്  ശരീരത്തില് തുടിക്കുന്ന  യുവതി എന്റെ മുൻപിൽ വിടർന്ന് നിന്നു. ഒ
രു വേള കൊണ്ട് മന സാന്നിധ്യം വീണ്ടെടുത്ത യുവതി കബോഡിന് മേലേയിരുന്ന ഫ്രൈയിങ്ങ് പാൻ എന്റെ മുഖത്തിന് നേരേ  ആയത്തിൽ വലിച്ചെറിഞ്ഞു.

തല നാരിഴ വ്യത്യാസത്തിൽ ഞാൻ എന്റെ തല വെട്ടിച്ചത് കൊണ്ടു മാത്രം ഞാൻ രക്ഷപെട്ടു.

അവൾ ഉച്ചത്തിൽ പുലമ്പിക്കൊണ്ട് ടവ്വൽ വാരിച്ചുറ്റി അപ്പുറത്തേക്ക് ഓടുമ്പോൾ ഞാൻ ടേബിളിന് മേലേകൂടി ഒറ്റച്ചാട്ടത്തിന് അവരെ ചുറ്റിപ്പിടിച്ച് കസേരയിലേക്ക് തളളിയിട്ടു.

കസേരയിൽ നിന്ന് ചാടിയെഴുനേൽക്കാൻ ശ്രമിക്കുന്ന യുവതിയുടെ നെറ്റിയ്ക്ക് മീതേ ഗണ് അമർത്തിക്കൊണ്ട് ഞാൻ മുരണ്ടു.

അനങ്ങരുത്.

ഊർന്നു പോയ ടവ്വൽ അടിവയറിനേയും അരക്കെട്ടിനേയും മാത്രം മറയ്ക്കുന്ന നിലയിൽ ചുളുങ്ങിക്കിടക്കുമ്പോൾ, അനാവൃതമായ മാറിടങ്ങൾ  പകപ്പ് കൊണ്ടും കിതപ്പു കൊണ്ടും അതിവേഗത്തിൽ ഉയരുകയും താഴുകയും   ചെയ്യുന്നുണ്ടായിരുന്നു.

അവരുടെ മാറിടങ്ങളുടെ വിടവിലൂടെ ഒലിച്ചിറങ്ങിയ ഒരു ജലകണം വിസ്ത്രുതമായ പുക്കിൾച്ചുഴിയിലേക്ക് കുമിളയായി മറഞ്ഞു.

സ്ത്രീയുടെ ശരീരത്തിൽ നിന്നും പ്രവഹിക്കുന്ന മാദകമായ ഒരു ഗന്ധം മുറി മുഴുവൻ പ്രസരിച്ചു.
ചില നിമിഷങ്ങൾ അതെന്നെ കൊതിപ്പിക്കാൻ തുടങ്ങി.
എന്റെ ഞരമ്പുകളിലേക്ക് ചൂട് അരിച്ചിറങ്ങിക്കൊണ്ടിരിക്കുമ്പോൾ എന്റെ ശരീരം ഒരു പുതപ്പ് മോഹിച്ചോ എന്ന് തോന്നിപ്പോയി...

നിമിഷം കൊണ്ട് ഞാൻ എന്റെ മനോ നിയന്ത്രണം തിരികെ പിടിക്കാൻ വൃധാ ശ്രമിച്ചു.
ഞാൻ അവരുടെ കണ്ണുകളിലേക്ക് നോക്കി പതിയെ ചോദിച്ചു.
 ഡോ: ആന്യ ഷെവ്ചെങ്കോവ്..???!!!

അവരുടെ വിടർന്ന നക്ഷത്രക്കണ്ണുകൾക്കുളളിൽ ഭീതിയുടെ നിഴലാട്ടം ഞാൻ നീല നിറത്തിൽ കണ്ടു. അവരുടെ കൊഴുത്ത മാറിടങ്ങൾ ബെഡ്റൂം ലാമ്പിന്റെ റോസ് വെളിച്ചത്തിൽ വെട്ടിത്തിളങ്ങി.

  ________________________________________________________________________________
_________________________________________________________________________________

- തുടരും -






__________________________________________________________________________________

*1.
(blintzes) -
മുട്ട, പാൽ, ടർക്കീ ബ്രെസ്റ്റ്, ഉളളി തുടങ്ങിയവ ചേർത്ത്, ബ്രെഡ്ഡ് രൂപത്തിൽ ചൂട് പറക്കുന്ന ഒരുതരം റഷ്യന്‍ ഫുഡ്.





തുടർന്ന് ഈ പോസ്റ്റിലെക്ക് പോകുക:-

സിസിലിയാ കാസാ. [രണ്ട്]


6 അഭിപ്രായങ്ങൾ:

  1. എന്‍റെ പോന്നു.... ഏതോ ഹോളിവുഡ് തിരകഥ ആണെന്ന് തോന്നിപോയി!!! ഇനി ആണോ?

    മറുപടിഇല്ലാതാക്കൂ
  2. അവരുടെ വിടർന്ന നക്ഷത്രക്കണ്ണുകൾക്കുളളിൽ ഭീതിയുടെ നിഴലാട്ടം ഞാൻ നീല നിറത്തിൽ കണ്ടു. ..... !!

    മറുപടിഇല്ലാതാക്കൂ
  3. നിങ്ങളുടെയൊക്കെ ബ്ലോഗ്‌ രചനകള്‍ വായിച്ചു ഈ എളിയ ഞാനും ഒരു ബ്ലോഗ്‌ തുടങ്ങി..കഥകള്‍ക്ക് മാത്രമായി ഒരു ബ്ലോഗ്‌...അനുഗ്രഹാശിസുകള്‍ പ്രതീക്ഷിക്കുന്നു....(ആദ്യ കഥ, ബഷീറും ബീവിയും ചെന്ന് ചാടിയ ഗുലുമാല്‍ വായിക്കാന്‍ ക്ഷണിക്കുന്നു)

    മറുപടിഇല്ലാതാക്കൂ