ഞായറാഴ്‌ച, ഏപ്രിൽ 29, 2012

കവചിത ഇൻഡ്യയുടെ കാലികപ്രസക്തി



അഗ്നി അഞ്ചിന്റെ വിക്ഷേപണവുമായി ബന്ധപ്പെട്ട ചില യാധാർഥ്യങ്ങളിലേക്കുള്ള ഒരു യാത്രയാണീ പോസ്റ്റ്. സമകാലിക ഇന്ഡ്യൻ പ്രതിരോധത്തിന് മേലേയുള ആശങ്കകളും,  ചൈനീസ് ഭീക്ഷണിയും  അതിർത്തി കടന്ന് മഹാമേരു പോലെ നമ്മെ തുറിച്ച് നോക്കിക്കൊണ്ടിരിക്കുന്നു. ഇന്ന് ലോക രാജ്യങ്ങളിൽ ആരിൽ നിന്നെങ്കിലും നമുക്ക് ശക്തമായ ഭീക്ഷണി ഉയരുന്നുണ്ടെങ്കിൽ അത് ചൈനയിൽ നിന്ന് മാത്രമാണ്.

അസമിനും അരുണാചൽ പ്രദേശിനും വേണ്ടി പിടിമുറുക്കുന്ന ചൈനയുടെ ശാക്തിക നയങ്ങൾ, നമ്മുടെ രാജ്യത്തെ വരിഞ്ഞു കെട്ടിക്കൊണ്ടിരിയ്ക്കുന്നു.  മംഗോളിയൻ വംശജർ ഭൂരിപക്ഷം വരുന്ന സിക്കിം തുടങ്ങിയ  അതിർത്തി സംസ്ഥാനങ്ങളിൽ ചൈനീസ് കളി,  മാതാഹരി നടത്തിയ ചാര പ്രവർത്തനങ്ങളേക്കാൾ വലുതാണ്.  ഇൻഡ്യൻ മഹാ സമുദ്രത്തിന്റെ അർദ്ധ ഭാഗത്തോളം ശ്രീ ലങ്കയിൽ താവളമുറപ്പിച്ച് ഇപ്പോൾ തന്നെ പിടിച്ചടക്കിയിരിക്കുന്ന ചൈനീസ് ഗവണ്മെന്റ്, ഇൻഡ്യൻ ഭൂ പ്രദേശത്തിനെ നാലു ചുറ്റും വളഞ്ഞ മട്ടാണ്. 

തർക്ക പ്രദേശങ്ങളുടെ കാര്യം വരുമ്പോൾ സ്വന്തം രാജ്യത്തിന്റെ മാപ്പിന്റെ കൃത്യത ചിലപ്പോൾ തെറ്റായി കാണിക്കുന്നുണ്ടാവാം. പാക്കിസ്ഥാനിലെ പഞ്ചാബ് ഇന്നും ഇൻഡ്യയുടേതാണെന്ന് നമ്മൾ പറയാറുണ്ട്. അരുണാചലിനെ ചൈനീസ് മാപ്പിൽ അവർ കാണിയ്ക്കുമ്പോൾ അതേ അരുണാചല് ഇൻഡ്യൻ മാപ്പിൽ നമ്മുടെ ഭാഗമാണ്. ടിബറ്റ് ചൈനയുടേതാണെന്ന് അവർ അവകാശപ്പെടുമ്പോൾ, ടിബറ്റ് സ്വതന്ത്ര രാജ്യമണെന്ന് ഇൻഡ്യ ആവർത്തിക്കുന്നു. ജപ്പാന്റെ ചില ദ്വീപ സമൂഹങ്ങളെ ചൈന അവരുടേതെന്ന് മാപ്പിൽ കാണിയ്ക്കുമ്പോൾ, ജപ്പാന്റെ മാപ്പിൽ, അതേ ദ്വീപുകൾ സ്വന്തമായിത്തന്നെയിരിക്കുന്നു. 

ഫോക് ലാന്റ് ദ്വീപുകൾക്ക് വേണ്ടി അർജന്റീനയും ബ്രിട്ടണും പണ്ട് ഏറ്റു മുട്ടിയതാണ്. അർജന്റീനയുടെ ഫോക് ലാന്റ് ദ്വീപുകൾ ബ്രിട്ടന്റേതാണെന്ന് ബ്രിട്ടൻ അവകാശപ്പെട്ടിടത്ത് തുടങ്ങിയ തർക്കമായിരുന്നു അത്.
തർക്ക പ്രദേശങ്ങൾ ലോകത്ത് എവിടെയും ഒന്ന് പോലെ തന്നെയാണ്. അതുകൊണ്ട് മാപ്പിന്റെ ആധികാരികത, പഞ്ചായത്തായാലും, മുനിസിപ്പാലിറ്റിയായാലും, ലോക രാഷ്ട്രങ്ങളായാലും അതങ്ങനെ തന്നെ തുടരും.


തർക്കത്തിലുണ്ടെന്ന് അവർ വരുത്തി തീർക്കാൻ ശ്രമിക്കുന്ന പ്രദേശങ്ങളിൽ അവരുടെ അവകാശ വാദം ഉറപ്പിക്കാൻ ചൈന ചില പ്രത്യേക നടപടികൾ ആവിഷ്ക്കരിയ്ക്കാറുണ്ട്. അതിലൊന്ന്,  വർഷാ വർഷം അരുണാചൽ പ്രദേശിലെ ഇൻഡ്യൻ അതിർത്തിയിലേക്ക് ഒന്നര കിലോ മീറ്ററോളം നെഞ്ചും വിരിച്ച് കയറി വരുന്ന ചൈനീസ് ആർമി, നമ്മുടെ പാറക്കെട്ടുകൾക്ക് മേലേ ചൈനീസ് അക്ഷരങ്ങളും, ചൈനീസ് മുദ്രാവാക്യങ്ങളും എഴുതി വെച്ച്, മെയ്ഡ് ഇൻ ചൈന സിഗരട്ടും,  മെയ്ഡ് ഇൻ ചൈന ബ്രാണ്ടിക്കുപ്പികളും ഉപേക്ഷിച്ച് പുല്ലുപോലിറങ്ങിപ്പോകുന്നതാണ്. ചൈന കാണിയ്ക്കുന്ന ഈ അധിനിവേശം നോക്കി നിൽക്കാനേ ഇൻഡ്യൻ പട്ടാളത്തിന് കഴിയാറുള്ളു. എന്തെന്നാൽ, പാക്കിസ്ഥാനല്ല ചൈന. അവരോട് മുട്ടാൻ നമ്മൾ പലയാവർത്തി ജനിക്കേണ്ടിയിരിക്കുന്നു. 

ആ സത്യത്തിന്റെ ഭീകരതയെ ചെറുക്കാനാണ് ഇൻഡ്യൻ ഡിഫൻസ് അത്യന്താധൂനിക മിസൈലുകളും ആണവ അന്തർ വാഹിനികളും വികസിപ്പിച്ച് കൊണ്ടിരിക്കുന്നത്. നമ്മുടെ തല തകർക്കാൻ വരുന്നവന്റെ കുതികാൽ വെട്ടാനെങ്കിലും നമുക്ക് കഴിയും എന്ന ആത്മ വിശ്വാസം ഒരോ ഇൻഡ്യൻ പൗരനും, കൊടി മരത്തിൽ ജ്വലിക്കുന്ന ത്രിവർണ പതാകയെ സല്യൂട്ട് ചെയ്യാൻ പ്രേരിപ്പിക്കുന്നു

യുദ്ധം എപ്പോൾ വേണമെങ്കിലും ആർക്കെതിരേ വേണമെങ്കിലും ഉണ്ടാവാം. ഭായീ ഭായീ എന്നു പറഞ്ഞ് തോളിൽ കയ്യുമിട്ട് നടന്ന കാലത്താണ് ചൈന ഇൻഡ്യയെ ആക്രമിച്ചത്.  ഇന്നത്തെ കാലത്തെ ആക്രമണങ്ങൾ മുച്ചൂടും നശിപ്പിക്കാൻ വേണ്ടി മാത്രമുള യുദ്ധങ്ങളാണ്. തങ്ങളുടെ ശാക്തിക, സാമ്പത്തിക മേൽക്കോയ്മയെ എതിരിടാൻ പോന്നവനെ നശിപ്പിക്കുക. യുദ്ധങ്ങളുടെ പിന്നിലുള്ള ചേതോവികാരം  പ്രാചീന കാലം തൊട്ട് അങ്ങനെ തന്നെയായിരുന്നെങ്കിലും അന്നത്തെ യുദ്ധങ്ങളും ഇന്നത്തെ യുദ്ധങ്ങളും തമ്മിലുള വ്യത്യാസം, സാമ്രാജ്യത്ത പ്രവണത ഇന്ന് ഇല്ലാതായി എന്നതാണ്... ഒരു രാജ്യം പിടിച്ചടക്കി അവിടം സ്വന്തമാക്കി വെച്ച് ഭരിക്കാൻ ഇന്ന് രാജ്യങ്ങൾ താല്പര്യപ്പെടുന്നില്ല എന്ന് വന്നിരിക്കുന്നു.
അതുകൊണ്ട് തന്നെ, ഇൻഡ്യയെ പിടിച്ചടക്കേണ്ട കാര്യമൊന്നും ചൈനക്കില്ല. പിടിച്ചടക്കലും സാമ്രാജ്യത്ത ഭരണവുമൊക്കെ അസ്തമിച്ച് കഴിഞ്ഞു. അഫ്ഗാനിസ്ഥാനീന്നും ഇറാക്കീന്നും ഊരിപ്പോരാനാണ് അവിടം പിടിച്ചടക്കിയ അമേരിക്ക പോലും ആലോചിക്കുന്നത്.


ആണവ മിസൈലുകളുടെ കണ്ട്രോൾ ബട്ടണുകൾ ഒരോ രാജ്യത്തേയും അതാതു കാലത്തെ ഭരണാധികാരിയും സൈനീക മേധാവികളും ചേർന്ന് നിയന്ത്രിക്കുന്ന ഒന്നാണ്. അവയൊക്കെ പറന്നുയരാൻ അധികം സമയയം ആവശ്യമില്ല. ഇപ്പോൾ തന്നെ ഇൻഡ്യൻ അതിർത്തി പ്രദേശങ്ങളെയൊക്കെ ലാക്കാക്കാൻ പോകുന്ന മിസൈലുകളുടെ ശേഖരം പാക്കിസ്ഥാന്റെ കയ്യിലുണ്ട്. അവർക്ക് നേരിട്ടുള്ള ഒരു യുദ്ധത്തിൽ നമ്മുടെ രാജ്യത്തോട് പിടിച്ച് നിൽക്കാൻ ആവില്ല എന്ന ഘട്ടത്തിൽ, അവർ  നമുക്കെതിരേ അവയൊക്കെ, എന്തിന് ആണവായുധം പോലും പ്രയോഗിച്ച് കൂടാ എന്നില്ല. അവയുടെ നിയന്ത്രണം, നല്ലൊരു ജനാധിപത്യ ഭരണ കൂടത്തിന് പോലും സാധ്യതയില്ലാത്ത, പട്ടാളവും തീവ്ര വാദികളും ചേർന്ന് ഭരിക്കുന്ന ഒരു നിയന്ത്രണ സംവിധാനത്തിന് കീഴിലാണെന്നത് നമ്മെ സംബന്ധിച്ചിടത്തോളം ഡെമോക്ലീസിന്റെ വാളാണ്.

ലോകത്തെ ആയുധ ശക്തിയിൽ ഒന്നാമത് നിൽക്കുന്ന രാജ്യമാണല്ലോ അമേരിക്ക. ഭീക്ഷണിയ്ക്ക് മേൽ തലയും വെച്ച് ഉറങ്ങുന്നവർ എന്നൊരു ചിന്ത അവർ എപ്പോഴും കൊണ്ട് നടക്കുന്നു. അതു കൊണ്ട് തന്നെ എപ്പോഴും ഒരു ആക്രമണത്തിന് അവർ സന്നദ്ധരാണ്. തിരിച്ചടിക്കാൻ കരുതലുളളവരുമാണ്. അവരുടെ ആറ്റം-ന്യൂക്ലിയർ ബോംബുകളുടെ വിന്യാസത്തിന്റെ കാര്യം ചിന്തിച്ചാൽ ഒരു ലോകാവസാനം എന്ന് തന്നെ ഉറപ്പിക്കുന്നതാവും നല്ലത്.

അമേരിക്കൻ പ്രസിഡന്റ് ലോകത്ത് എവിടേക്ക് പോയാലും, എയർ ഫോഴ്സ് വൺ എന്ന അദ്ദേഹത്തിന്റെ ഔദ്യോഗിക വിമാനത്തിൽ ആണവ മിസൈലുകളുടെ കണ്ട്രോൾ ബട്ടണുകൾ അടങ്ങിയ ട്രങ്ക് പെട്ടിയും ഒപ്പം കാണും. ഈ മിസൈലുകളൊക്കെ പണ്ടേക്ക് പണ്ടേ, ലക്ഷ്യം നിർവചിക്കപ്പെട്ട് റെഡിയായിരുപ്പാണ്. എണ്ണം പറഞ്ഞ രാജ്യങ്ങൾക്ക് നേരേ.... അതിപ്പോ റഷ്യയോ, ചൈനയോ,  ഇൻഡ്യ തന്നെയോ, എന്തിന് എതോപ്യ പോലും ആകാം. തങ്ങളുടെ രാജ്യത്തിന് നേരേ ആക്രമണം ഉണ്ടാകാൻ പോകുന്നു എന്ന് വിവരം ലഭിച്ചാലുടനേ അമേരിക്കൻ പ്രസിഡന്റ് ആ പെട്ടിയിലെ ബട്ടണുകളിൽ വിരൽ അമർത്തുകയേ വേണ്ടു. അമേരിക്ക കത്തി അമരാൻ തുടങ്ങുന്നതിന് മുന്നേ ശത്രു രാജ്യം ലക്ഷ്യമാക്കി അവരുടെ ആണവ മിസൈലുകൾ പുറപ്പെട്ടിട്ടുണ്ടാവും. ഇതാണതിന്റെയൊരു കളി.
അതു കൊണ്ട്, ലോകത്തെ ഏതൊരു കിറുക്കൻ ഭരണാധികാരി വിചാരിച്ചാലും ഈ മിസൈലുകൾ പറന്നുയരാം. 

അങ്ങനെ സംഭവിച്ചാൽ, അടുത്ത ലോകമഹാ യുദ്ധമോ, അല്ലെങ്കിൽ മായൻ കലണ്ടറിലും മായമില്ലാത്ത [?] വേദ ഗ്രന്ഥങ്ങളിലും  പറഞ്ഞ് വിശ്വസിപ്പിച്ച ലോകാവസാനമോ ഉണ്ടാവുകയും ചെയ്യാം.


ഇൻഡ്യൻ ഉപഭൂഖണ്ടം ഒരു ആക്രമണ ഭീക്ഷണി നേരിട്ടാൽ, അമേരിക്ക സഹായിക്കും എന്ന് മൂഡമായി ധരിക്കുന്ന ഒരു ഭരണ നേത്രുത്വമാണ് നമുക്കിന്നുള്ളത്. ഇൻഡ്യയെ എന്നും സപ്പോർട്ട് ചെയ്തിട്ടുള്ളത് സോവിയറ്റ് യൂണിയനാണ്. അവരുടെ ആയുധങ്ങൾ ഏറ്റവും കൂടുതൽ വാങ്ങുന്നിടം തൊട്ട്, പ്രഖ്യാപിതമല്ലാത്ത ഒരു സൈനീക അച്ചുതണ്ട് പോലും  ഇൻഡ്യയ്ക്ക്, സോവിയറ്റ് യൂണിയനുമായുണ്ട്. പിന്നീട് സോവിയറ്റ് യൂണിയൻ പല പല റിപ്പബ്ലിക്കുകളായി ചിന്നി ചിതറിയിട്ട് പോലും,  ഇന്നത്തെ റഷ്യയും ഇൻഡ്യയും തമ്മിൽ ആ അടുപ്പം കാത്തു സൂക്ഷിക്കുന്നു.

ഇനിയത്തെ കാലത്തെ യുദ്ധങ്ങൾ ഏക പക്ഷീയമായ രണ്ട് രാഷ്ട്രങ്ങൾ തമ്മിലല്ല. നേരിട്ടും അല്ലാതെയും ഒരായിരം സഹായ ഹസ്തങ്ങൾ യുദ്ധത്തിലേർപ്പെടുന്ന രാജ്യങ്ങൾക്ക് തുണയായി കിട്ടും. ഇസ്രായേലിന്റെ ശക്തി അമേരിക്കൻ പിന്തുണയാണെങ്കിൽ, പാലസ്തീനെ സഹായിക്കാൻ അറബ് മുസ്ലീം രാഷ്ട്രങ്ങളുടെ നിര തന്നെയുണ്ട്. അതു പോലെ ചൈന ഇൻഡ്യയുമായി ഒരു യുദ്ധത്തിലേർപ്പെട്ടാൽ ഒന്നുകിൽ അമേരിയ്ക്കയ്ക്കോ, അല്ലെങ്കിൽ റഷ്യയ്ക്കോ അവരുടെ താൽപ്പരാർഥം ഇൻഡ്യയെ സഹായിക്കേണ്ടി വന്നേക്കാം.... കാരണം തങ്ങളെ കവിഞ്ഞ് മറ്റൊരുത്തൻ [ചൈന] സാമ്രാജ്യത്ത ശക്തിയായി തീരുന്നത് ഒരാൾക്കും സഹിക്കില്ലെന്നത് തന്നെ.



ഇങ്ങനെ നിരവധി കാരണങ്ങൾ ഉളളത് കൊണ്ട്, അഗ്നി പോലുള മിസൈലുകളും, ലോകത്തിലേ എറ്റവും മികച്ച ആയുധ ശേഖരങ്ങളാലും നമ്മുടെ രാജ്യം കവചിതമായിരിക്കണം.  ലോക രാഷ്ട്രങ്ങളുടെ ചതുരംഗക്കളിയ്ക്കിടയിൽ നമുക്ക്  തന്ത്ര പരമായ ആക്രമണ ഭീക്ഷണി നേരിടുമ്പോൾ ഇൻഡ്യയ്ക്ക് അവരോട് ധൈര്യ പൂർവ്വം പറയാം..  ചെക്................
 





ടമാർ പടാർ:  
ഞാൻ ഉത്തര കൊറിയയുടെ ഒരു ആരാധകനാണ്. 
ഒന്നുമില്ലേലെന്താ, വയറ് നിറച്ചും ഉപരോധങ്ങളാണെങ്കിലെന്താ, തൊട്ടാ പണി കിട്ടും എന്ന് മറ്റുള്ളവരേക്കൊണ്ട് തോന്നിപ്പിക്കാൻ ഉത്തര കൊറിയയ്ക്ക് എപ്പോഴും കഴിയുന്നു. 
രാജ്യങ്ങളായാൽ അങ്ങനെ ആണായിപ്പിറക്കണം....

ഞായറാഴ്‌ച, ഏപ്രിൽ 22, 2012

സല്യൂട്ട് ഇൻഡ്യ.

ബിഹൈന്റ് ദ എനിമീ ലൈൻസ് എന്ന  വിഖ്യാത ഹോളീവുഡ് ചിത്രത്തിലെ ആദ്യ രംഗങ്ങൾ ആരും മറന്നു ട്ടുണ്ടാവില്ലല്ലോ. വിമാനവേധ മിസൈലുകൾ എന്താണെന്ന് സാധാരണ ജനങ്ങളെ ബോധ്യപ്പെടുത്തിയ ഒരു സിനിമയാണത്. സ്ട്രാറ്റജിയുടെ  ചില്ലറ അഭ്യാസങ്ങൾ കാട്ടി പട്ടാളക്കഥകളുടെ രോമാഞ്ച ചിറകിലേറ്റിയ സിനിമയാണത്.  ആക്രമിക്കാൻ പാഞ്ഞെത്തുന്ന വിമാനങ്ങളെയോ, ആക്രമിച്ച് പായുന്ന വിമാനങ്ങളെയോ, തന്ത്രപ്രധാന രഹസ്യങ്ങൾ ചോർത്താനായി എത്തുന്ന ശബ്ദരഹിത വിമാനങ്ങളെയോ പിന്തുടർന്ന് ചെന്ന്, ആക്രമിച്ച് നശിപ്പിക്കുന്ന വിമാനവേധ മിസൈലുകളുടെ ത്രസിപ്പിക്കുന്ന രംഗങ്ങൾ ആ ചിത്രം കാട്ടിത്തരുന്നു

കേവലം ഗ്രാഫിക്സോ, സ്പെഷൽ ഇഫക്ടുകളോ എന്നു പറയാമെങ്കിലും അത്തരം ചിത്രങ്ങളിലൂടെ മനസ്സിലാക്കുന്ന വലിയ സത്യം, ഒരോ രാജ്യത്തേയും പൗരൻമ്മാരുടെ ചിന്താ ശക്തിയ്ക്ക് അതീതമാണ് ഒരോ രാജ്യങ്ങളുടേയും സ്ട്രാറ്റജിക്കൽ സ്ട്രെങ്ങ്ത് എന്നതാണ്.  എടുക്കുമ്പോൾ ഒന്ന് തൊടുക്കുമ്പോൾ നൂറ്, കൊള്ളുമ്പോൾ ആയിരം എന്ന കണക്കിൽ ഒരോ രാജ്യങ്ങളും തങ്ങളുടെ ആയുധശേഖരം വർധിപ്പിച്ച് കൊണ്ടിരിക്കുന്നത്, ശത്രു വാതില്ക്കൽ തന്നെ ഊഴം കാത്ത് നിൽപ്പുണ്ടെന്ന് തിരിച്ചറിവിലാണ്.                           

ഭയം എന്ന വികാരം ഭൂമുഖത്തെ ഒരോ ജീവജാലങ്ങളേയും ആത്യന്തികമായി നയിക്കുന്ന ഒന്നാണല്ലോ. മ്രിഗങ്ങളുടെ റിഫ്ലക്ഷൻ വളരെ പെട്ടന്നാണ്. ഉറക്കത്തിൽ പോലും അവയ്ക്ക് ആപത്ത് നേരിട്ടാൽ രക്ഷപെടൽ നിമിഷങ്ങൾക്കുളളിൽ നടന്നിരിക്കും. ആക്രമണവും പ്രത്യാക്രമണവും  വളരെ പ്ലാൻ ചെയ്ത് കരുതിക്കൂട്ടിത്തന്നയായിരിക്കും അവ നടത്താറുള്ളത്. ഒരു ചീറ്റപ്പുലി, ഒരു കൂട്ടം മാനുകൾക്കിടയിൽ വേട്ടയാടാൻ തീരുമാനിച്ചാൽ, അത് ഒന്നിനെ തന്നെ എയിം ചെയ്ത് അതിനെ മാത്രം പിന്തുടർന്ന് പിടിക്കും. പക്ഷേ മനുഷ്യന് റിഫ്ലക്ട് ചെയ്യാനുള്ള കാല താമസവും, അവന്റെ ശരീരത്തിന്റെ പരിമിതികളും ആദിമ കാലം മുതൽക്കേ അവനേക്കൊണ്ട് കൂർത്ത കല്ലുകൾ, കുന്തങ്ങൾ തുടങ്ങിയ ആയുധങ്ങൾ അണിയുന്നവനാക്കി തീർത്തു. ഭയത്തെ തോൽപ്പിക്കാൻ ആയുധങ്ങളുടെ സംരക്ഷണവും, അവ കൂടുതൽ കൂടുതൽ ശേഖരിക്കുക ദൗർബല്യവും അവനിൽ സംജാതമാക്കി. പിന്നീട് സംഘം ചേരലും, പ്രവിശ്യാ ഭരണവും തുടങ്ങിയപ്പോൾ എതിർ സംഘത്തേക്കാളും എതിർ പ്രവിശ്യയേക്കാളും ആളും , അർഥവും, ആയുധങ്ങളും അവന് ആവ്ശ്യമായി വന്നു.

ഇരുപത്തൊന്നാം നൂറ്റാണ്ടിലെ പ്രഖ്യാപിത നിഴൽ യുദ്ധകാലത്ത് രാഷ്ട്രങ്ങളെ ഭരിക്കുന്ന ഭീതിയുടെ അടിസ്ഥാനം, നാലുപാടും ശത്രു ജാഗരൂകരായിരിക്കുന്നു എന്നത് തന്നെയാണ്. തങ്ങൾക്ക് ഒന്നും സംഭവിക്കില്ല എന്നറിയാമായിരുന്നിട്ടും, അഭിമാന സ്തംഭങ്ങളായ ലോക വ്യാപാര കേന്ദ്രങ്ങളുടെ തകർച്ചയുടെ പേരിൽ മാത്രം അമേരിക്ക അഫ്ഗാനിസ്ഥാനേയും, ഇറാഖിനേയുമൊക്കെ ആക്രമിച്ചത് ആധൂനിക ഭയപ്പാടിന്റെ പ്രതീകമായിരുന്നു. അറേബ്യൻ രാജ്യങ്ങളിലെ പെട്രോളിന് മേലേ ഒരു കണ്ണുണ്ടെങ്കിലും, തങ്ങളെ ആക്രമിച്ചേക്കുമോ എന്ന ഭയമാണ് അവരെ, ഓടുന്ന പട്ടിക്ക് ഒരു മുഴം മുൻപേ എന്ന യുദ്ധതന്ത്രം സ്വീകരിക്കാൻ പ്രേരിപ്പിച്ചത്.

ദുർശക്തികളുടെ അച്ചുതണ്ടെന്ന് ഇറാൻ, ഇറാഖ്, ഉത്തര കൊറിയ എന്നിവരെ അമേരിക്ക സംബോധന ചെയ്തപ്പോൾ. ഉത്തര കൊറിയ എന്ന കുഞ്ഞു രാജ്യം പ്രതികരിച്ചത് "ഉത്തര കൊറിയയെ ആരെങ്കിലും ആക്രമിച്ചാൽ തങ്ങൾ ആറ്റം ബോംബിടും" എന്ന ഒറ്റ ഡയലോഗിലാണ്. അവരുടെ പക്കൽ ആറ്റം ബോംബുണ്ട് അതു കൊണ്ട് അവരെ ആക്രമിക്കണം എന്ന് പറഞ്ഞു നടന്ന അമേരിക്ക പിന്നീടിന്നോളം ഉത്തര കൊറിയക്കെതിരേ സംസാരിച്ചിട്ടില്ല എന്നത് അവർക്ക് ആ പരാമർശത്തെ നിസ്സാര വത്കരിച്ച് കളയാൻകഴിഞ്ഞില്ല എന്നത് കൊണ്ട് മാത്രമായിരുന്നു. ഉത്തര കൊറിയ അങ്ങനെ ചെയ്തേക്കുമോ എന്ന ഭയം അമേരിക്കയെ അലട്ടാൻ തുടങ്ങി. സത്യത്തിൽ ഉത്തര കൊറിയുടെ ഭയപ്പാട് കൊണ്ടാണ് വായിൽ വന്നത് കോതയ്ക്ക് പാട്ടെന്ന മട്ടിൽ അവരേക്കൊണ്ട് അങ്ങനെ പറയിപ്പിച്ചത്. ഇങ്ങനെ ഭയം, ആർക്കും എപ്പോഴും ഉണ്ടായിക്കൊണ്ടിരിക്കാമെന്നും, ഭയത്തെ തടുക്കാനുളള നല്ല മാർഗ്ഗം ഭയപ്പെടുത്തിക്കൊണ്ടിർഇക്കുന്നവനെ ഭയപ്പെടുത്തുക എന്നതാണെന്നും സൈനീക യുദ്ധ തന്ത്രങ്ങളിൽ ഉരുത്തിരിഞ്ഞു വന്നു കൊണ്ടിരിക്കുന്നു.

നമ്മുടെ  രാജ്യം  അഗ്നി 5 മിസൈൽ വിക്ഷേപണം നടത്തിയത്, നമ്മെ നിരന്തരം ഭയപ്പെടുത്താൻ ശ്രമിയ്ക്കുന്ന സകല രാജ്യങ്ങൾക്കും ഒരു ശക്തമായ താക്കീത് നൽകുക എന്ന അർഥത്തിൽ കൂടിയാണ്. കണ്ണും പൂട്ടി ആക്രമിക്കാൻ വന്നാൽ, കയ്യുംകെട്ടി നിൽക്കാതെ തിരിച്ചടിച്ച് കളയും എന്ന ശക്തമായ താക്കീത്. അഥവാ ഭയപ്പെടുത്തൽ. തനിക്ക് അവനെ തോൽപ്പിക്കാനും തകർക്കാനും പറ്റുമെങ്കിലും, അവന് വേനമെങ്കിൽ തന്റെ നട്ടെല്ലിന് ക്ഷതം ഏൽപ്പിക്കാൻ സാധ്യതയുണ്ടെന്ന് തോന്നിപ്പിക്കാൻ അഗ്നി 5 രാജ്യം ഒരു ആഘോഷമായി ഏറ്റെടുത്തതിലൂടെ  കഴിഞ്ഞിരിക്കുന്നു. 5000 കിലോമീറ്ററാണിതിന്റെ പ്രഹര പരിധി. ചൈനയേപ്പോലെ നമുക്ക് മുൻപിൽ മഹാമേരുവായി വളരുന്ന ശത്രു രാജ്യം മുതൽ റഷ്യയും ആഫ്രിക്കയും എല്ലാം ഉൾപ്പെടുന്ന വിശാലമായ ലക്ഷ്യങ്ങളിലേക്ക് നമ്മുടെ ആണവ പോർമുനകൾ വഹിച്ച് ലക്ഷ്യം കാണാൻ ഈ മിസൈലിന് കഴിയും. ശബ്ദത്തിന്റെ പതിൻമ്മടങ്ങ് വേഗത അഗ്നി 5 നുണ്ട്.

യു എസ്, ചൈന, ഫ്രാൻസ്, റഷ്യ തുടങ്ങിയ രാജ്യങ്ങൾക്ക് മാത്രമാണ് ഇത്രയും പ്രഹര ശേഷിയുളള മിസൈൽ ഉളളു. തങ്ങൾക്ക് തിരിച്ചടി കിട്ടും എന്ന് ഉറപ്പുള്ള രാജ്യത്തെ ആക്രമിക്കാതിരിക്കുന്നതും യുദ്ധതന്ത്രമാണെങ്കിൽ, ഇൻഡ്യയെ തൊട്ടാൽ കൈ പൊളളും എന്ന ഒരു ഭയം മറ്റു രാജ്യങ്ങളെ ഗ്രസിപ്പിക്കാനും  ഈ മിസൈലിന്റെ വിജയകരമായ വിക്ഷേപണത്തോടെ നമുക്ക് കഴിഞ്ഞിട്ടുണ്ട്.

39.9  ബില്ല്യൺ ഡോളറാണ് നമ്മുടെ രാജ്യത്തിന്റെ സൈനീക ബജറ്റ്.  നിരന്തര ശത്രുവായ പാകിസ്ഥാൻ, ഇന്ന് നമുക്കൊരു ഭീതിപ്പെടുത്തുന്ന രാഷ്ട്രമല്ല. അവരേക്കാൾ എത്രയോ എത്രയോ പടി മുകളിലാണ് നമ്മുടെ രാജ്യത്തിന്റെ സൈനീക ബലം. പക്ഷേ ചൈന തൊട്ടപ്പുറത്ത് നിന്ന്  നമ്മുടെ രാജ്യത്തിന്റെ അടിവേരിളക്കാൻ പ്ലാനും പദ്ധതിയും എലിവേഷനും വരച്ച് കാത്തിരിക്കുമ്പോൾ നമുക്ക് ഭയപ്പാടുണ്ടായേ മതിയാവൂ. അത്തരം ഭയത്തിൽ നിന്നും നാം ആർജ്ജിച്ചെടുക്കുന്ന സൈനീക ബലം, ചൈനയെ ഭീതിപ്പെടുത്താൻ പോകുന്നതാവുമ്പോൾ തൊട്ടാൽ പണി കിട്ടും എന്ന ഭയം അവരെ വേട്ടയാടാൻ തുടങ്ങും.

അമേരിക്ക പോലുളള രാജ്യങ്ങൾക്കും ശക്തമായ ഒരു താക്കീതാണ് നാം ഇതിലൂടെ നൽകുന്നത്. ഇത്തരം ആയുധങ്ങളുടെ സോഴ്സിനും, ടെക്നോളജിക്കും വേണ്ടി നാം അമേരിക്ക, റഷ്യ പോലെയുളള രാജ്യങ്ങളെ ആശ്രയിക്കാറുണ്ടെങ്കിലും, നമ്മുടെ ശാക്തിക വളർച്ച ഏഷ്യൻ രാജ്യത്തെ പുതിയ ശാക്തിക ധ്രുവീകരണമായി മാറുകയാണ്. തെക്കനേഷ്യൻ രാജ്യങ്ങളിൽ അമേരിക്ക കൈകടത്താത്തതിന് പിന്നിൽ ചൈയുടെ സമ്മർദ്ധവും, ഇൻഡ്യയുടെ സ്വയം പര്യാപ്തതയുമെല്ലാം ഘടകങ്ങളാണ്....

അഗ്നി 5, 2014-ഓടെയേ സൈന്യത്തിന് കൈമാറ്റം ചെയ്യൂ... അതിനു മുൻപ് ഇനിയും പരീക്ഷണ പറക്കലുകൾ ആവശ്യമാണ്. പൊഖ്രാൻ മരുഭൂമിയിൽ രണ്ട് തവണ ബുദ്ധൻ ചിരിച്ചതിന് ശേഷം, ഒഡീഷയിലെ വീലർ ദ്വീപിൽ 20.04.2012 -ൽ അഗ്നി പ്രഭ ചൊരിഞ്ഞത് രാജ്യത്തെ സംബന്ധിച്ചിടത്തോളം അഭിമാനത്തിന്റേയും, ശാക്തിക വളർച്ചയുടേയും സുശക്തമായ ഉറപ്പ് തന്നെയാകുന്നു.

സല്യൂട്ട് ഇൻഡ്യ.

ഞായറാഴ്‌ച, ഏപ്രിൽ 08, 2012

പടാർബ്ലോഗ് ഇനിയില്ല....

ജീവിതത്തിൽ ചില ആത്യന്തികങളായ തിരിച്ചരിവുകൾ ഉണ്ടാകുമ്പോഴാണ് ഈ ഭൂമുഖത്ത് വിപ്ലവങ്ങളും, മാറ്റങ്ങളും ഉണ്ടായിട്ടുള്ളത്. മാറ്റങ്ങൾക്ക് കുട പിടിച്ച് മാത്രം എന്നും ശീലിച്ചിട്ടുള്ള ഒരു ജനതയെ സംബന്ധിച്ചിടത്തോളം മാറ്റങ്ങൾക്ക് പിടിക്കേന്റ കുട പോപ്പിയോ, ജോൺസോ, കൊളംബിയയോ എന്തായാലും അത് ഒരു വിഷയമല്ല. കുട പിടിയ്ക്കുക എന്നത് മാത്രമാണ് വിഷയം.

മാറ്റങ്ങൾക്ക് കുടപിടിക്കേണ്ടുന്ന ഒരു ദൗത്യം ഇന്ന് ഈ ബ്ലോഗിന്റെ വായനക്കാർക്കും വന്ന് ചേർന്നിരിയ്ക്കുകയാണ്. ഇന്നൊരു വലിയ മാറ്റം ഇവിടെ തിരശീലയുയർത്തുമ്പോൾ നിങ്ങൾ വായനക്കാർക്ക് സന്തോഷം ഉണ്ടാവും എന്ന് തന്നെ ഉറച്ച് വിശ്വസിയ്ക്കുന്നു.....

പടാർബ്ലോഗ് തുടങ്ങിയിട്ട് ഇന്നേയ്ക്ക് ഒരു വർഷവും മൂന്നു മാസവും തികയുന്നു. കട്ടപ്പുറത്തെ വണ്ടി പോലാരുന്നു ഈ ബ്ലോഗ് ഓടിക്കൊണ്ടിരുന്നത്. ഈ ബ്ലോഗിന്റെ ആദായം എന്ന് പറയുന്നത് ഇവിടെ വീഴുന്ന കമന്റുകളും, തെറി വിളികളുമൊക്കെയായിരുന്നു. തെറി വിളി പേടിച്ച് ഒരിയ്ക്ക്ല് ഇതിന്റെ കമന്റ് കട അടച്ച് പൂട്ടിയിരിക്കുകയായിരുന്നു. എന്നാൽ കുറച്ച് നാൾ മുൻപ് അത് തുറന്നു കൊടുത്തു. പ്രത്യക്ഷവും പരോക്ഷവുമായ ഏതൊരു വിമർശന കമന്റും ഈ ബ്ലോഗിന്റെ ചുവട്ടിലിങ്ങനെ നിരന്നു കിടക്കുന്നത് പടാർ ബ്ലോഗിന്റെ ഒരു സവിശേഷത തന്നെയായിരുന്നു.

പക്ഷേ അത്യന്തം നിർഭാഗ്യകരമെന്ന് പറയട്ടെ, ഈ ബ്ലോഗിൽ കമന്റ് ഒപ്ഷൻ തന്നെ ആവശ്യമായിരുന്നില്ല എന്ന് പലപ്പോഴും തോന്നിയിട്ടുണ്ട്. എന്തെന്നാൽ കമന്റ് വീഴുന്ന ബ്ലോഗുകൾക്കല്ലേ കമന്റ് ഒപ്ഷൻ ആവശ്യമുള്ളു. കമന്റിന്റെ എണ്ണം എന്തു പറഞ്ഞാലും, ഒരോ ബ്ലോഗിന്റേയും സ്വീകാര്യത തന്നെയാണ് തെളിയിച്ച് കാണിച്ചിരുന്നത്. പടാർ ബ്ലോഗിലെ ശൂന്യമായ കമന്റ് കോളങ്ങൾ ഒരോ നിമിഷവും ഈ ബ്ലോഗിന്റെ അസ്വീകാര്യതയെ ഓർമ്മിപ്പിച്ച് കൊണ്ടിരിയ്ക്കുകയാണ്.

കമന്റില്ലാത്ത ബ്ലോഗും, ഉപ്പില്ലാത്ത കഞ്ഞിയും  ഒരിയ്ക്കലും എല്ലാവർക്കും രുചിയ്ക്കുന്ന ഒന്നല്ല എന്ന് വൈകിയെങ്കിലും മനസ്സിലാക്കുന്നു. ഇതിന്റെയെല്ലാം അർഥം, നമ്മുടെ എഴുത്ത് അരു ബോറാണ് എന്നതാണ്. അതുകൊണ്ടാണ് ഇവിടെ കമന്റ് വീഴാത്തത്. സാറ്റിസ്ഫാക്ഷനു വേണ്ടി മാത്രം ആരും എഴുതുന്നില്ല. എല്ലാവരും എഴുതുന്നത് അംഗീകരിയ്ക്കപ്പെടാനാണ്. ബ്ലോഗ് പോസ്റ്റുകളെ സംബന്ധിച്ച് അംഗീകാരത്തിന്റെ നിറവ് അതിൽ വീഴുന്ന കമന്റുകളാണ്. ഇവിടെ കമന്റ് വീഴുന്നില്ലെങ്കിൽ എഴുത്ത് നിർത്തുക എന്നതാണ് അതിനർഥം.
പടാർബ്ലോഗ് ഇവിടെ പൂർണ്ണമാവുന്നു.

അതു കൊണ്ട് അവസാനം കൂലംകഷമായ ഒരു തീരുമാനം കൈക്കൊള്ളുകയാണ്.
ഇന്ന് ഇവിടെ സീലടിച്ച് ഒപ്പ് ചാർത്തുകയാണ്. ഇനി ഇവിടെ ഒരു ബ്ലോഗ് പോസ്റ്റ് ഉണ്ടാവില്ല. എന്നു വെച്ചാൽ ബ്ലോഗിങ്ങ് ഞാൻ മതിയാക്കുകയാണെന്ന്. തീരുമാനം ഒക്കെ പെട്ടന്ന് പെട്ടന്നായിരുന്നു. ഇനി ഒരു പോസ്റ്റ് ആവിഷ്ക്കരിയ്ക്കപ്പെട്ആത്ത വിധം ഗോദ്രേജ് താഴിട്ട് ഈ ബ്ലോഗ് പൂട്ടിക്കെട്ടി സീൽ ചെയ്യുന്നു. ഇതുവരെ സഹകരിച്ച, വന്നു വായിച്ച, എല്ലാവർക്കും ഒരായിരം നന്ദി തികച്ചും ആത്മാർഥമായി അർപ്പിച്ചുകൊണ്ട് ഉപസംഹരിയ്ക്കട്ടെ.
നന്ദി, നന്ദി നമസ്കാരം....

എന്ന്,
സ്വന്തം റിജോ ജോർജ്ജ്. 
പടാർ ബ്ലോഗ്



[എല്ലാം ടമാർ പഠാർ.......]


വെള്ളിയാഴ്‌ച, ഏപ്രിൽ 06, 2012

രാജ്യ തലസ്ഥാനത്തേയ്ക്കൊരു സൈനീക നീക്കം. ഒരു അട്ടിമറി അലർട്ടിന് പിന്നിൽ...

 ഹരിയാനയിലെ ഹിസാറിൽ നിന്ന് ഇൻഡ്യൻ കാലാൾപ്പടയുടെ, മെക്കനൈസ്ഡ് ഇൻഫെന്ററി യൂണിറ്റും, ആഗ്രയിൽ നിന്ന് 50 പാരാബ്രിഗേഡിന്റെ ഒരു യൂണിറ്റും ചേർന്ന് രാജ്യ തലസ്ഥാനം ലക്ഷ്യമാക്കി നീങ്ങിയത് എന്തിനെന്ന് രാജ്യവ്യാപകമായി  തലപുകച്ച് കൊണ്ടിരിക്കുകയാണ്.... ഹിസാറിൽ നിന്ന് സർവ യുദ്ധോപകരണങ്ങളുമായി നീങ്ങിയ സൈന്യം, നജഫ്ഗഡ് വരെയും, ആഗ്രയിൽ നിന്നുള്ള സൈന്യം, പാലം വിമാനത്താവളം വരെയും എന്തിന് എത്തി എന്നതിന്റെ സീക്രട്ട് വശങ്ങളെ ന്യായീകരിച്ചും, സംശയിച്ചും ആഭ്യന്തര മന്ത്രാലയം ഇരുട്ടില് തപ്പുമ്പൊൾ മഹത്തായ ഒരു ജനാധിപത്യ പ്രക്രിയയ്ക്ക് മേൽ ഒരു പട്ടാള അട്ടിമറി നടന്നേക്കുമായിരുന്നോ എന്നുള്ള ഒരു ഞെട്ടലിലേക്കും പ്രസ്തുത സംഭവം, സാധ്യതയെ വിടര്ത്തിയിടുന്നു.

കഴിഞ്ഞ ജനുവരി പതിനാറിനായിരുന്നു രാജ്യത്ത് ഇന്ന് ചർച്ചയായിത്തീർന്ന സംഭവം. കരസേനാ മേധാവി, ജനറൽ വി.കെ. സിങ്ങിന്റെ ജനന തീയതി വിവാദവുമായി ബന്ധപ്പെട്ട് കോടതിയിൽ കേസ് പരിഗണിയ്ക്കപ്പെടുന്നതിന്റെ തലേ ദിവസമായിരുന്നു, ഇന്ന് സംശയ നിഴലിലായ ആ സൈനീക നീക്കം നടന്നത്. ദ്രുദ ഗതിയിൽ രണ്ട് വശങ്ങളിലൂടെ രാജ്യ തലസ്ഥാനത്തേക്ക് നീങ്ങിയ സൈനീക യൂണിറ്റുകളുടെ നടപടിയേക്കുറിച്ച് ഇൻഡ്യൻ എയർഫോഴ്സ്, ഇൻഡ്യൻ നേവി എന്നിവർക്കു പോലും അറിവ് കിട്ടിയിരുന്നില്ല. പ്രതിരോധ മന്ത്രാലയം ഈ വിവരം അറിഞ്ഞിരുന്നില്ല. സൈനീക വിജ്ഞാപനം പുറപ്പെടുവിക്കപ്പെട്ടതുമില്ല.

ഇന്റലിജൻസ് ബ്യൂറോയുടേയും, റോയുടേയും അപായ സിഗ്നൽ കിട്ടിയതോടെ ഭരണ നേതൃത്വം ഉണരുകയും, രണ്ട് സൈനീക യൂണിറ്റുകളുടേയും ദേശീയ പാത വഴിയുളള വരവ് തടസപ്പെടുത്താൻ ഉത്തരവിറക്കുകയും ചെയ്തു. ഭീകരാക്രമണ സാധ്യത ഉണ്ടെന്ന ജാഗ്രതാ നിർദേശം പോലീസിന് നൽകുകയും, തലസ്ഥാനം പോലീസിനെക്കൊണ്ട് നിറയുകയും, ഹൈവേകളിൽ കടുത്ത വാഹന പരിശോധനക്ക് കർശന നിർദേശം നൽകുകയും ചെയ്തു. ഇങ്ങനെ ചെയ്തത്, സൈന്യത്തിന്റെ വേഗത കുറച്ച് യാത്ര മന്ദഗതിയിലാക്കാനായിരുന്നു.
16 നു രാത്രിയോടെ പ്രതിരോധ മന്ത്രി എ.കെ. ആന്റണി, ആഭ്യന്തര മന്ത്രാലയം എന്നിവർക്ക് ഇന്റലിജൻസ് വിവരം ലഭിയ്ക്കുകയും തുടർന്ന് അടിയന്തിരമായി രണ്ട് സൈനീക യൂണിറ്റുകളോടും മടങ്ങിപ്പോകാൻ ഉത്തരവിറക്കുകയും ചെയ്യുകയായിരുന്നു.
സത്യത്തിൽ അന്ന് നടന്ന സൈനീക നീക്കം ഒരു പരീക്ഷണ യാത്രയായിരുന്നു എന്ന് പിന്നീട് സൈനീവ വൃത്തങ്ങൾ വ്യക്തമാക്കുന്നു.. പാർളമെന്റ് ആക്രമണത്തേത്തുടർന്ന് എത്ര വേഗം യുദ്ധ സന്നദ്ദരായി അതിർത്തിയിലേക്ക് എത്താനാവും എന്ന പരീക്ഷണ യാത്രയായിരുന്നു അതെന്ന് സൈനീക വൃത്തങ്ങൾ  പിന്നീട് വ്യക്തമാക്കിയിട്ടുണ്ട്. സൈനീക മേധാവിയും സർക്കാരും തമ്മിലുളള പൊരുത്തക്കേടുകളുടെ പുറത്ത്, അടിസ്ഥാനമില്ലാതെ സംശയിക്കപ്പെടുകയായിരുന്നു പ്രസ്തുത സൈനീക നീക്കം എന്ന് ഇന്ന് പറയപ്പെടുന്നു. സേനാ മേധാവി ജനറൽ വി.കെ. സിങ്ങ് ഉയർത്തിയ ചില വിവാദങ്ങൾ, രണ്ട് കാലാൾ യൂണിറ്റുകളുടെ ഡെൽഹി സന്ദർശനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾക്കിടയാക്കിയതാണെന്ന് ഇന്ന് സർക്കാരും ന്യായീകരിയ്ക്കുന്നുണ്ട്. എങ്കിലും ആശങ്ക അടങ്ങിയിട്ടില്ല.

ആയിരത്തി തൊളളായിരത്തി അമ്പതുകളോടനുബന്ധിച്ച് സ്വാതന്ത്ര്യം നേടിയ പല രാജ്യങ്ങളും, റിപ്പബ്ലിക്കുകളും പിന്നീട് പട്ടാള അട്ടിമറിയ്ക്ക് വിധേയമായ ചരിത്രം ലോകത്ത് അങ്ങോളം ഇങ്ങോളം ഉണ്ട്. ഇന്നും അത് തുടരുന്നു. പ്രത്യേകിച്ചും പരമോന്നത ജനാധിപത്യ രാജ്യമായ ഇൻഡ്യയുടെ സമീപ കാല വളർച്ചയിൽ അസൂയാലുക്കളായ മറ്റ് രാജ്യങ്ങളുടെ തുരങ്കം വെയ്ക്കലുകൾക്കും സാധ്യതയുണ്ട്. അതു കൊണ്ട് തന്നെ രാജ്യ തലസ്ഥാനത്ത് നടക്കുന്ന ഏതൊരു സൈനീക വിന്യാസവും ഭരണ നേതൃത്വം സംശയ ദ്രിഷ്ട്ടിയോടെയാവും വീക്ഷിയ്ക്കുക.

മറ്റ് രാജ്യങ്ങളിലെ പട്ടാള നേതൃത്വത്തെ അപേക്ഷിച്ച് ജനാധിപത്യ വിശ്വാസികളായ ഇൻഡ്യൻ സൈനീക നേതൃത്വത്തെ അനാവശ്യമായി സംശയിക്കുന്നതിൽ കാര്യമില്ല. എവിടെയൊക്കെ പട്ടാള വിപ്ലവം ഉണ്ടായോ, അവിടെയെല്ലാം സൈന്യത്തിന്റെ എല്ലാ വിഭാഗങ്ങളും, സൈനീക ഓഫീസർ ക്ലാസും ഒരു പക്ഷത്തും മറുപക്ഷത്ത് സർക്കാരും നിന്നപ്പോഴാണ് അങ്ങനെ സംഭവിച്ചിട്ടുള്ളത്. സർക്കാരും സൈന്യവും യോജിച്ച് പോകാനാവാത്ത നില വന്നാൽ ഒരു സൈനീക അട്ടിമറിയ്ക്ക് സ്കോപ്പുണ്ട്. പക്ഷേ അനാവശ്യമായ അഭ്യൂഹങ്ങളുടെ പേരിൽ നമ്മുടെ സൈന്യത്തെ സംശയിക്കുന്നത് അവരോട് ചെയ്യുന്ന നീതികേടാണ്. ജനാധിപത്യത്തിന്റെ കാവലാളുകൾ രാഷ്ട്രീയക്കാരാണെങ്കിൽ, രാജ്യത്തിന്റെ കാവൽക്കാരാണ് സൈനീകർ. അവരിൽ നിന്ന് പൗരൻമ്മാർക്ക് ദോഷകരമായി തീരുന്ന നടപടിയുണ്ടാവില്ല. അങ്ങനെ നമുക്ക് വിശ്വസിയ്ക്കാം.....

അഭ്യൂഹങ്ങൾക്കപ്പുറം ഇൻഡ്യ എന്ന വികാരം നമ്മുടെ സൈന്യത്തേയും, രാഷ്ട്രീയക്കാരേയും, പൊതുജനത്തേയും നയിക്കുന്നു എന്ന പൊതു വിശ്വാസം തകർക്കപ്പെടാതെയിരിക്കട്ടെ.

മേരാ ഭാരത് മഹാൻ.
ജയ് ജവാൻ. ജയ് കിസാൻ...