വ്യാഴാഴ്‌ച, ഒക്‌ടോബർ 08, 2015

ഒരു അമർ ട്രാജഡിക്കഥ

ബി സി മുന്നൂറ്റി പന്ത്രണ്ട്.

പരീക്ഷിത് രാജാവിനെ അന്നാദ്യമായിട്ട് ശപിക്കുന്നത് ദുർവാസാവ് മഹർഷിയാണ്.
ഇന്നേയ്ക്ക് ഏഴ് ദിവസത്തിനുള്ളിൽ പരീക്ഷിത്ത്‌ രാജാവ്, തക്ഷകൻ എന്ന മൂർഖൻ പാമ്പിന്റെ കടിയേറ്റ് വടിയാകും.

പരീക്ഷിത്ത്  അയ്യടാന്നായിപ്പോയി.
സത്യം പറഞ്ഞാൽ അത്രയ്ക്ക് ശാപം കിട്ടേണ്ടുന്ന കാര്യമൊന്നുമില്ലായിരുന്നു.

പുള്ളി ദുർവാസാവിനെ കേറി എടാ "ദുർവാസ്രാവേ" എന്ന് ചുമ്മാ ഒന്ന് വിളിച്ച് പോയി.
ഹെന്റെ പൊന്നോ.
ഇനി ഒണ്ടാവാനൊന്നുമില്ല.
ഫക് യൂ ബ്ലഡീ ബാസ്റ്റാർഡ് എന്ന് തന്തയ്ക്ക് വിളിച്ച് വാഗ്ധാരണി തുടങിയ ദുർവാസാവ്, നിന്നെ മൂർഖൻ കൊത്തി കൊല്ലും എന്ന ശാപത്തോടെയാണ് വാചകമടി നിർത്തിയത്.

ബൈ ദി ബൈ, ശാപം രാജാവിനെ ഘടോൽ ഞെട്ടിച്ച് കളഞ്ഞു.
ശാപം കിട്ടി ഇരുപത്തഞ്ച് മിനിട്ട് തികയും മുൻപേ ഒരുമാതിരിപ്പെട്ട ജീവികളെല്ലാം രാജാവിനെ കടിയ്ക്കാനായി ഇട്ടോടിച്ചു.
രാജാവിനെ കടിയ്ക്കാൻ ചെന്ന കൂട്ടത്തിൽ കൊട്ടാരത്തിലെ പഴുതാരയും, തേളും, പല്ലിയും, പാറ്റായും തുടങ്ങി എന്തിനധികം പാത്രിയാർക്കീസ് ബാവാ വരെ യുണ്ടായിരുന്നു.
ഇഴജന്തുക്കൾ അഥവാ റാപ്ടിൽസിനേക്കൊണ്ട് ആശാന് ഒരു രക്ഷയുമില്ലെന്ന് വന്നു.

അന്ന് രാത്രി പുള്ളി  പള്ളിയുറക്കത്തിനിടയിൽ പാമ്പ് പാമ്പ് എന്ന് വിളിച്ച് വലിയ വായിൽ അലറുകയും, അലർച്ച കേട്ട് അന്തപുരം സൂക്ഷിപ്പുകാരി മറുതാ മറിയ വന്ന് തിരുമുഖം കാണിയ്ക്കുകയും, മറുതാ മറിയയെ കണ്ട് രാജാവ് ഫിറ്റ്സ് ബാധിച്ച് കയ്യും കാലുമിട്ടടിയ്ക്കുകയും  ചെയ്തതോടെയാണ് സംഭവത്തിന്റെ സീരിയസ്നസ്സ് കൊട്ടാരം സ്റ്റാഫിന് മനസ്സിലായത്.

കൊട്ടാരം വൈദ്യൻ കം വാസ്തു ശില്പി, മി. ഷെർലക് ഇതിനൊരു പരിഹാരം കണ്ടെത്തി.
സംഭവം ദുർവാസാവിന്റെ ശാപമാണ്.
അതിനെ അങ്ങനങ്ങ് നിസ്സാരവത്കരിച്ചിട്ട് കാര്യമില്ല.
മമ്മൂട്ടിയുടെ പടം പൊട്ടുമെന്നതും ദുർവാസാവിന്റെ ശാപം ഫലിക്കുമെന്നതും മൂന്നുതതരം അച്ചട്ടാണ്.
പ്രതിക്രീയ ചെയ്യുകയേ നിർവാഹമുള്ളു.

ഷെർലക് ഒരു മാസ്റ്റർ പ്ലാനിന്റെ ഡെമോ പ്രസന്റേഷൻ നടത്തി.
സുർക്കയും ചുണ്ണാമ്പും കൂട്ടിക്കുഴച്ച മിശ്രിതം കൊണ്ട് ഏഴു നിലയുള്ള ബിൽഡിങ്  നിർമ്മിക്കുക.
പരീക്ഷിത് രാജാവ് ഏറ്റവും മുകളിലെ നിലയിൽ അന്തിയുറങ്ങുക.
പുറത്ത്, ഐ.ബി, റോ, സിബിഐ, എൻ. ഐ.എ, നാർകോട്ടിക് കണ്ട്രോൾ ബ്യൂറോ, വിജിലൻസ് ആന്റ് ആന്റി കറപ്ഷൻ ബ്യൂറോ, ക്രൈംബ്രാഞ്ച്, സ്പെഷ്യൽ ബ്രാഞ്ച്, എസ്.പി.ജി, ഇൻഡോ ടിബറ്റൻ ബോർഡർ പോലീസ് തുടങ്ങിയ സർവ്വ സംഘത്തെ ടിപ്പറിനടിച്ച്  കാവൽ നിർത്തുക.
അതാണ് പരിഹാരം.

സി സി ക്യാമറ വെക്കുന്നില്ലേ?
പരീക്ഷിത്ത് ചോദിച്ചു.

സി സി അടയ്ക്കാഞ്ഞത് കൊണ്ട് സി സി ക്യാമറ സി സിക്കാര് പിടിച്ചെടുത്തോണ്ട് പോയി സാർ...
സ്റ്റോർ കീപ്പർ വിക്രമൻ പിള്ള തല ചൊറിഞ്ഞു.

സി സി ക്യാമറ ഇല്ലെങ്കിൽ മൊബൈൽ ക്യാമറ എങ്കിലും വെയ്ക്കെടേ...

മൊബൈൽ ക്യാമറകളെല്ലാം രാജ്ഞി കുളിയ്ക്കാൻ കയറുന്ന ബാത്ത് റൂമിലാണ് സാർ...

ഭ. അതെല്ലാം അവിടൂന്നെടുത്തോണ്ട് ഇവിടോട്ട് കൊണ്ട് ഒണ്ടാക്കെടേ  &%@@**+@@.....

നിമിഷങൾക്കുള്ളിൽ മൊബൈൽ ക്യാമറകൾ രാജാവിന്റെ മുറിയുടെ നാലു ചുറ്റും അറ്റാച്ച്ഡ് ആയി.

ഇനി പുറത്തൂന്ന് ഒരു ഫുഡ്ഡും വേണ്ട.!!!
ആര്യാസിലെ മസാല ദോശ, ഇൻഡ്യൻ കോഫീ ഹൗസിലെ പൊറോട്ടേം ചട്ണീം, തട്ടുകടയിലെ ഓമ്ലൈറ്റ്  തുടങിയ ഒരു പാഴ്സൽ ഫുഡ്ഡും ഇനി ഇതിനകത്തേക്ക് കൊണ്ടു വരണ്ട.
പാലു കൊണ്ടു വരുന്ന അണ്ണാമലൈയോട് ഇനി ഈ പടി കടന്നേക്കരുത് എന്ന് പറയുക. ഉദ്യാനത്തിൽ ജൈവ പച്ചകൃഷി നടത്തുന്നുണ്ട്.
ഇനി അതു മാത്രം മതി ഇവിടെ.
രാജാവ് ഉത്തരവിട്ടു.

ഉവ്വെമ്പ്രാ.

ഫുൾ പ്രൊട്ടക്ഷനിൽ, ഫുൾ സെറ്റപ്പിൽ പരീക്ഷിത് രാജാവ് ആ ഏഴു നില ബംഗ്ലാവിൽ അർമാദിക്കാൻ തുടങ്ങി.
ഏഴ് ദിവസം കഴിഞ്ഞാൽ തന്റെ ജീവൻ രക്ഷിച്ചതിനു പ്രത്യുപകാരമായി, വാസ്തുശില്പി ഷെർലക്കിന് സ്തുത്യർഹ സേവനത്തിനുള്ള മെഡലും പ്രശസ്തിപത്രവും നൽകണമെന്ന്  അദ്ദേഹം അപ്പോഴേ നിരീച്ചു.
മുറിയിലെ സ്വിമ്മിങ് പൂളിൽ പഴയ വില്ലൻ അംജദ് ഖാനേപ്പോലെ അദ്ദേഹം നീന്തിത്തുടിച്ചു.

ദിവസങൾ ഒന്നൊന്നായി കടന്നു പോയി.
ഒടുവിൽ ശാപം തീരുന്ന ദിവസം എത്തി.
ഏഴാവത് നാൾ!

സായാഹ്നം.
ഈ സമയമാണ് കാശ്യപ മഹർഷി പരീക്ഷിത് രാജാവിനെ കാണാൻ വേണ്ടി പുറപ്പെടുന്നത്.
ഇതേ സമയം തന്നെ രാജാവിനെ കടിച്ച് കൊല്ലാനായി തക്ഷകനും പുറപ്പെട്ട് വരുകയാണ്.

എം സി റോഡിൽ മെയിന്റനൻസ് വർക്ക് നടക്കുന്ന ചിങ്ങവനത്ത് വെച്ച് ഇരുവരും യാദൃശ്ചികയാൽ കണ്ടു മുട്ടി.
ഈവനിങ്ങ് വാക്കിങിന്റെ ഗുട്ടൻസ് ഇരുവരും പരസ്പരം പങ്ക് വെച്ചപ്പോൾ രണ്ടുപേരും ഒരേ വഴിയ്ക്കാണെന്ന് രണ്ടുപേർക്കും ഒരേപോലെ മനസ്സിലായി.
ആശാന്റെ കാല് തല്ലിയൊടിക്കാൻ പോകുകയാണെന്ന് കാശ്യപ മഹർഷിയും, ആശാനിട്ട് നൈസിലൊരു പണി കൊടുക്കാൻ പോവുകയാണെന്ന് തക്ഷകനും പരസ്പരം പറഞ്ഞതോടെ അന്നേരം കിട്ടിയ സൂപ്പർഫാസ്റ്റിന് ഇരുവരും കൊട്ടാരക്കരയ്ക്ക് വെച്ച് പിടിച്ചു.

മന്ത്ര തന്ത്രങ്ങൾ കൊണ്ട് ചത്തതിനെ ജീവിപ്പിക്കുന്ന ഭീകര സത്വമാണ് കാശ്യപ മഹർഷി എന്ന് മനസ്സിലായതോടെ പുള്ളിയെ എങനെയെങ്കിലും ഒഴിവാക്കുന്നതാണ് അതിന്റെയൊരിത് എന്ന് തക്ഷകന് തോന്നി.

തക്ഷകൻ സംസാരത്തിനിടയിൽ ടോപ്പിക്കായി മന:പ്പൂർവ്വം അടിവാരം അമ്മിണിയുടെ പേരെടുത്തിട്ടു.
ടോപ്പിക്കിനിടയിൽ ടോപ്പ് ലെസ്സായ അമ്മിണിയുടെ ചിത്രം തക്ഷകന്റെ മൊബൈലിൽ തെളിഞ്ഞു വന്നതോടെ മഹർഷി ടെമ്പറായി.
ഉടനേ തന്നെ അടിവാരം അമ്മിണിയുടെ ഫോൺ നംബരും വീട്ട് അഡ്രസ്സും തക്ഷകനിൽ നിന്ന് എഴുതി വാങി രസീതും കൈപ്പറ്റി.
വഴിയിൽ കൈരളി ടി എം ടി കമ്പിയുടെ ഫ്ലെക്സ്ബോർഡ് കണ്ട ജംഗ്ഷനിൽത്തന്നെ മഹർഷി സിംഗിൾ ബെല്ലടിച്ച് ബസ്സ് നിർത്തിക്കുകയും, അവിടെയിറങി അടിവാരം സൂപ്പർഫാസ്റ്റിനു കയറി നേരേ അടിവാരത്തേക്ക്  യൂ ടേണടിയ്ക്കുകയും ചെയ്തു.

തക്ഷകനപ്പോൾ മനസ്സിൽ ഊറിയൂറി ചിരിക്കുകയായിരുന്നു...

പരീക്ഷിത്തിന്റെ കൊട്ടാരം കരൺ ജോഹറിന്റെ സിനിമകളിലെ കൊട്ടാരങ്ങളെ വെല്ലുന്നതായിരുന്നു.
എങ്ങനെ അകത്ത് കയറും എന്നാലോചിച്ച് തക്ഷകൻ ആലോചിച്ച് നിൽക്കുമ്പോഴുണ്ട് കൊട്ടാരത്തിലെ ജൈവ പച്ചക്കറികൾക്കിടയിൽ ഒരാളനക്കം.

പരീക്ഷിത്ത് രാജാവിന് കഴിയ്ക്കാൻ വേണ്ടി ആപ്പിള് പറിയ്ക്കുന്ന തോട്ടം സ്റ്റാഫ് ഐസക് ന്യൂട്ടനായിരുന്നു അത്.
പിന്നൊന്നുമാലോചിച്ചില്ല.
തക്ഷകൻ ഒരു കുണ്ടളപ്പുഴുവിന്റെ രൂപത്തിൽ ഒരു ആപ്പിളിനുള്ളിലേക്ക് നൈസായിട്ട് കയറി.

ഇതൊന്നുമറിയാതെ ഐസക് ന്യൂട്ടൻ ആപ്പിളുമായി പരീക്ഷിത് രാജാവിന്റെ മുറിയിലേക്ക് നടന്നു.
രാജാവിന് ആപ്പിളിനോട് ഭയങ്കര ആക്രാന്തമായിരുന്നു.
കിട്ടിയപാടേ രാജാവ് ആപ്പിളൊരെണ്ണമെടുത്ത് അണ്ണാക്കിലോട്ട് തട്ടി.
ആമാശയത്തിന്റെ വിശപ്പ് ആപ്പിളിനറിയില്ലല്ലോ.
ആപ്പിളിനുള്ളിലതാ ഒരു പുഴു!!!

രാജാവ് ഞെട്ടി.

പണി പാളിയിരിക്കുന്നു എന്ന് രാജാവിന് മനസ്സിലായി.

പെട്ടന്നതാ പുഴു ഭീമാകാര രൂപം പ്രാപിക്കുന്നു.
രാജാവ് വിളിച്ചു കൂവി.
അളിയാ ഇത് പുഴുവല്ല. പുപ്പുഴുവാണ്..........

തക്ഷകൻ പതുങ്ങിയ ഒരു ചിരി ചിരിച്ചു.
ഇണ്ട്രൊഡ്യൂസിങ് മൈ സെൽഫ്.
ഐ ആം തക്ഷകൻ!!!
ചാകാൻ പോകും മുൻപ് എന്താണ് നിന്റെ അന്ത്യാഭിലാഷം?

കുഴഞ്ഞു വീണ പരീക്ഷിത് വിറയാർന്ന ശബ്ദത്തിൽ പറഞ്ഞു.
ഒരുമിച്ചൊരു സെൽഫി എടുക്കണം.
പ്ലീസ്....

ആയിക്കോട്ടെ...

പരീക്ഷിത്ത് സെൽഫി എടുത്തു.
സെക്കന്റ് കൊണ്ട് ഇൻസ്റ്റാഗ്രാമിൽ പോസ്റ്റും ചെയ്തു.

ഇതെല്ലാം കഴിഞ്ഞ പാടേ തക്ഷകൻ പരീക്ഷിത്തിനെ നൈസായിട്ടൊന്ന് ദംശിച്ചു.

ശാപം തീരാൻ മിനിട്ടുകൾ മാത്രമുള്ളപ്പോൾ നമ്മുടെ പരീക്ഷിത്ത് മരിച്ച് വീഴുകയാണ് സുഹൃത്തുക്കളെ മരിച്ച് വീഴുകയാണ്...

പിന്നീട് തക്ഷകൻ ഒരു നിമിഷം അവിടെ നിന്നില്ല.
കള്ള പാസ്പ്പോർട്ടിൽ ആശാൻ സിറിയയിലേക്ക് തിരിച്ചു.
ശിഷ്ട്ടകാലം ഐ എസിൽ ചേർന്ന് രാഷ്ട്രത്തിനു വേണ്ടി സേവനം അനുഷ്ട്ടിക്കാൻ...

**** **** **** **** **** **** **** **** **** **** **** **** **** ****

പരീക്ഷിത്ത് മരിച്ചതോടെ പല വിപ്ലവങ്ങളും അവിടെ നടന്നു.
യു എൻ ഉച്ചകോടിയിൽ പലസ്ഥീൻ പതാക പാറിക്കളിച്ചു.
വ്ലാഡിമർ പുടിനും ബരാക് ഒബാമയും അഞ്ചു മിനിട്ട്  ഓണത്തല്ല് നടത്തി.
സണ്ണീ ലിയോൺ കന്യാസ്ത്രീയായി.

ശുഭം .
മംഗളം

1 അഭിപ്രായം: