വ്യാഴാഴ്‌ച, ഒക്‌ടോബർ 08, 2015

മലയാളിയ്ക്കെന്താണ് ഫുട്ബോളിനോടിത്ര പ്രീയം?

കോർപ്പറേറ്റ് മുതലാളിമാരും, സിനിമാ, ക്രിക്കറ്റ് താരങ്ങളും അവരുടെ വിലയേറിയ സമയം ഫുട്ബോളിനെ വളർത്താൻ വേണ്ടി മാറ്റി വെച്ചിരിക്കുന്നു എന്നത് ഗ്ലോറിഫൈ ചെയ്യപ്പെടേണ്ട ഒരു വസ്തുതയാണ്.   ഐ എസ് എല്ലിൽ ടീമുകളെ ഇറക്കിയതിലൂടെ തെണ്ടുൽക്കറും , ഗാംഗുലിയും, ജോൺ ഏബ്രഹാമുമെല്ലാം അവരുടെ മഹത്വം ഒന്നു കൂടി വർദ്ധിപ്പിച്ചിരിക്കുന്നു.

പക്ഷേ തെണ്ടുൽക്കർ എന്ന വ്യക്തി പ്രഭാവം കാരണമാണ് ഐ എസ് എല്ലിന് കേരളത്തിൽ വേരോട്ടം കിട്ടിയതെന്നും, തെണ്ടുൽക്കർ ഇല്ലായിരുന്നു എങ്കിൽ മലയാളി ഈ ഫുട്ബോൾ കാണാൻ മിനക്കെടുമായിരുന്നില്ല എന്നുമുള്ള തരത്തിൽ അഭിപ്രായരൂപീകരണം ഉരുത്തിരിയുമ്പോൾ, അത് തികച്ചും ബാലിശമായ ഒരു വാദഗതിയാണെന്നേ പറയാനുള്ളു. കാരണം മലയാളിയുടെ പ്രൗഡമായ ഫുട്ബോൾ - ആസ്വാദന - പാരമ്പര്യത്തേക്കുറിച്ച് ഒന്നുമൊന്നും അറിയാതെയുള്ള അവകാശവാദങ്ങളാണവ.  പത്രങ്ങളുടെ ഒരല്പം പൈങ്കിളി കലർന്ന ആലങ്കാരിക ശൈലിയെ പുതു തലമുറ ആവശ്യത്തിനും അനാവശ്യത്തിനും കടമെടുക്കുന്നതു കൊണ്ടുള്ള കുഴപ്പവുമാവാം.  ദൈവം ഗ്യാലറിയിലിരുന്നത് കൊണ്ട്  ബ്ലാസ്റ്റേഴ്സിന്റെ കപ്യാർ എതിർ പോസ്റ്റിൽ കൂട്ടമണിയടിച്ചു എന്ന മട്ടിൽ "മ" പത്രങ്ങളെഴുതി വിടുന്ന ആലങ്കാരികതയെ മനസ്സിലാക്കാതെ, അതിനെ അതേ പടി വിഴുങ്ങുന്നത് കൊണ്ടാണ് സച്ചിനില്ലായിരുന്നെങ്കിൽ കേരളം ഫുട്ബോളിൽ തോൽക്കുമായിരുന്നു എന്ന മട്ടിലുള്ള തീയറിയൊക്കെ വരുന്നത്.

സച്ചിനു പകരം അഭിഷേക് ബച്ചനോ, ലക്ഷ്മി റായോ, സണ്ണി ലിയോണോ കേരളാ ബ്ലാസ്റ്റേഴ്സിന്റെ നേതൃത്വം വഹിച്ചിരുന്നെങ്കിലും ഐ എസ് എല്ലിനോട് മലയാളി ഇപ്പോഴുള്ള അതേ തീവ്രതയോടു കൂടി തന്നെ പ്രതികരിച്ചേനേ.  ഉടമ സണ്ണി ലിയോൺ ആയിരുന്നെങ്കിൽ അവരെ കാണാൻ വേണ്ടി മാത്രം വരുന്ന പത്ത് പതിനായിരം ആളുകളേക്കൂടെ കൂട്ടി, ഗ്യാലറിയ്ക്ക് എഴുപതിനായിരം റെഗുലർ വരവ് വെയ്ക്കാമായിരുന്നു. ഇത്രയധികം മാർക്കറ്റിങ്ങോ, ഇത്രയും ക്ലാരിറ്റിയും, ചുടുലതയുമുള്ള സംപ്രേഷണമോ ഒന്നുമില്ലാതിരുന്ന കാലത്തും മലയാളി കൂട്ടമായി ഫുട്ബോൾ സ്റ്റേഡിയങ്ങളിലേക്ക് ഇരച്ചു വന്നിട്ടുണ്ട്.  അത്തരമൊരു വലിയ പാരമ്പര്യം നേരത്തേ തന്നെയുള്ള കേരളത്തിലെ ഫുട്ബോൾ ആസ്വാദകർ, ഇന്ന് ഐ എസ് എല്ലിലൂടെ ലഭിക്കുന്ന -  ലോക നിലവാരത്തോടടുത്തു നിൽക്കുന്ന - ഈ വേദിയിലേക്ക് കടന്നു വന്നിരുന്നില്ലെങ്കിൽ മാത്രമേ അതൊരു അദ്ഭുതമാകുമായിരുന്നുള്ളു.

ഫുട്ബോൾ മലയാളിയ്ക്ക് ഒരു ജീവനാഡിയാണ്. അത് എന്തുകൊണ്ടാണെന്ന് ചോദിച്ചാൽ അതിന് കൃത്യമായ ഒരുത്തരവുമൊട്ടില്ലതാനും.  അതുകൊണ്ടാണ്   വേൾഡ് കപ്പ് സീസണിൽ സംസ്ഥാനമൊട്ടുക്ക് പന്തയങ്ങളും, വെല്ലുവിളിയും നിറഞ്ഞ രസകരമായ ഫ്ലെക്സ് ബോർഡുകൾ പെരുകുന്നത്. റിവർപ്ലേറ്റിന്റെയോ ബൊക്കാ ജൂനിയേഴ്സിന്റെയോ പോലെ ഭൂമിശാസ്ത്രമോ, ചരിത്രമോ കെട്ടുപിണഞ്ഞ വൈരത്തിന്റെ ചൂടുള്ള നാടോടിക്കഥകളോ, യൂറോപ്യൻ ക്ലബ്ബുകൾക്കുള്ളത് പോലെ ആഡ്യത്വത്തിന്റെ  തൊങ്ങലുകളോ ഒന്നും അവകാശപ്പെടാനില്ലാത്ത, വലുപ്പത്തിൽ മുൻപിൽ നിൽക്കുന്നൊരു രാജ്യത്തിന്റെ ഇങ്ങേക്കോണിൽ പടവലങ്ങ പോലുള്ളൊരു കൊച്ചു സംസ്ഥാനത്തെ ആളുകൾക്ക് എങ്ങനെയാണ് ഇങ്ങനെയൊരു ഫുട്ബോൾ ഭ്രാന്ത് വന്നത്?

ഒരു പക്ഷേ മലയാളിയുടെ സാക്ഷരത ഇതിനൊരു കാരണമായിരിക്കാം.
ഇൻഡ്യയിലെ മറ്റ് പ്രാദേശിക ഭാഷാ ചാനലുകളോ പത്രങ്ങളോ ഒന്ന് നോക്കിയാൽ ഏറ്റവും അധികം കാണുന്നത് സിനിമാ സംബന്ധിയായ വാർത്തകളായിരിക്കും. എന്നാൽ ലോകത്തിലെ രാഷ്ട്രീയവും, സാമൂഹികവും, കലാ- കായികവുമായ ഒട്ടു മിക്ക വാർത്തകളും ദൈനം ദിനം മലയാളി കണ്ടും വായിച്ചും പോരുന്നു. കർണാടകയിലെയോ, തമിഴ്നാട്ടിലെയോ ഒരു പ്ലസ്ടു വിദ്യാർഥിയോട് എത്ര ഭൂഗണ്ടങ്ങളുണ്ടെന്ന് ചോദിച്ചാൽ അവർ കണ്ണു മിഴിയ്ക്കും. അതേ സമയം കേരളത്തിലെ ഒരു മിഡിൽ സ്കൂൾ കുട്ടി അതിനുത്തരം കൃത്യമായി പറയുകയും ചെയ്യും. എന്തും അറിയാനും, ശ്രദ്ദിക്കാനും പഠിക്കാനും മലയാളിയ്ക്കുള്ള പ്രത്യേക സാമർഥ്യം പഠന വിധേയമാക്കേണ്ടതാണ്. സ്കൂളിൽ പഠിച്ചിട്ടേയില്ലാത്ത ഒരു മീൻകാരൻ നാട്ടിൽ വരുമായിരുന്നു. അയാൾക്ക് രണ്ടു ഭൂഘണ്ടങ്ങൾ കൃത്യമായി അറിയാം. ലാറ്റിനമേരിക്കയും , യൂറോപ്പും.
ഫുട്ബോൾ കാണുന്നതിന്റെ ഒരു ഗുണം.

ഏതെങ്കിലും വ്യക്തി വൈഭവം കാരണമല്ല മലയാളി ഫുട്ബോൾ സ്റ്റേഡിയങ്ങളിലേക്ക് ഒഴുകിയെത്തുന്നത് എന്ന് മനസ്സിലാക്കണമെങ്കിൽ കേരളത്തിന്റെ ഫുട്ബോൾ ചരിത്രത്തിലേക്കൊന്ന്  കണ്ണോടിയ്ക്കണം.

ബ്ലാക് ആന്റ് വൈറ്റ് ടി വി ഇൻഡ്യയിൽ പ്രചാരത്തിലായിത്തുടങ്ങിയ 86 ലെ മെക്സിക്കോ വേൾഡ് കപ്പ് മുതലാണ് മലയാളിക്ക് ഫുട്ബോൾ ഇന്നു കാണുന്ന ഇത്ര തീവ്രതയോടെ - ഇത്രയേറെ പ്രീയപ്പെട്ടതായത്. അതിനു മുൻപ്  പത്ര വാർത്തകളിലൂടെയോ, റേഡിയോ കമന്ററികളിലൂടെയോ   മാത്രം അറിഞ്ഞിരുന്ന  അന്താരാഷ്ട്ര ഫുട്ബോളും, സായാഹ്നങ്ങളിൽ ഉണങ്ങിയ പാടത്ത്  പരസ്പരം തട്ടിത്തട്ടി നേരിട്ട് സംവേദിച്ചിരുന്ന അത്ര പരിഷ്കൃതമല്ലാത്ത ഫുട്ബോളും മാത്രമേ മലയാളിയ്ക്ക്  വശമുണ്ടായിരുന്നുള്ളു.  സ്വഭാവികമായും  കോളനിവത്കരണ കാലത്ത് ബ്രിട്ടൺ ഇറക്കുമതി ചെയ്ത  ഒരു കായിക രൂപമെന്ന നിലയ്ക്ക്  ഫുട്ബോൾ  നേരത്തേ തന്നെ ഇവിടെ പ്രചാരത്തിലായിരുന്നു.

1941 ലാണ്   സന്തോഷ് ട്രോഫി ആരംഭിച്ചത്.
അന്ന് ബ്രിട്ടീഷ് ഇൻഡ്യയാണ്.
പിന്നീട് 13 തവണ സന്തോഷ് ട്രോഫി  ഫൈനലിൽ എത്തുകയും അഞ്ച് തവണ വിജയികളാകുകയും ചെയ്ത കേരളം 1973 ൽ  റെയിൽവേസിനെ പരാജയപ്പെടുത്തിയാണ് ആദ്യമായി ജേതാക്കളാകുന്നത്. അതിൽ പിന്നീട് മലയാളി ഫുട്ബോളിനെ കണ്ടിരുന്നത് വളരെ ഇമോഷണലായാണ്.  തുടർന്ന് നടന്ന ഒരോ സന്തോഷ് ട്രോഫി ടൂർണമെന്റുകളും, കേരളാ പോലീസ്, എസ് ബി ടി, ടറ്റാനിയം തുടങ്ങിയ നമ്മുടെ സ്വന്തം ഗ്ലാമർ ടീമുകളുടെ പോരാട്ടങ്ങളും, വിജയൻ, പാപ്പച്ചൻ, സത്യൻ, അഞ്ചേരി, ഗോളി ചാക്കോ, വി പി ഷാജി, ഷറഫലി, ഇഗ്നേഷ്യസ് തുടങ്ങിയവരുമെല്ലാം  സ്പോർട്ട്സ് മാഗസിനുകളോ, സ്പോർട്ട് ചാനലുകളോ ഇന്നത്തത്ര പ്രചാരത്തിൽ ഇല്ലാതിരുന്ന കാലത്ത് വെറും പത്രവാർത്തകളിലൂടെയാണ് മലയാളിയുടെ നെഞ്ചിലൊട്ടിച്ചേർന്നത്. 55 ലെ സന്തോഷ് ട്രോഫിക്ക്  കേരളത്തിൽ, എറണാകുളം ആദ്യമായി വേദിയായി. പിന്നീട് എത്രയോ തവണ കേരളത്തിൽ സന്തോഷ് ട്രോഫിയ്ക്ക് വേദികൾ ഒരുക്കിയിരിക്കുന്നു. കാര്യവട്ടം സ്റ്റേഡിയവും, കലൂർ സ്റ്റേഡിയവുമൊക്കെ ഉണ്ടാകുന്നതിനും മുൻപാണ് മുള കൊണ്ട് തീർത്ത, സന്തോഷ് ട്രോഫി ഗ്യാലറികൾ കാണികളേക്കൊണ്ട് നിറഞ്ഞു കവിഞ്ഞിരുന്നത്.

1996 ലാണ് എഫ് സി കൊച്ചിൻ എന്ന ക്ലബ്ബ് എസ്റ്റാബ്ലിഷ് ചെയ്യുന്നത്. ഇൻഡ്യയിലെ ആദ്യത്തെ പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബ് ആയിരുന്നു എഫ് സി കൊച്ചിൻ. ഫുട്ബോളിന്റെ മക്കയായ കൽക്കട്ടയേക്കാൾ ഫുട്ബോളിന് വേരോട്ടവും ദീർഖദർശിത്വവും കേരളത്തിനുണ്ടായിരുന്നു എന്ന് അഭിമാനിക്കാവുന്ന ഒരോർമ്മപ്പെടുത്തലാണ് എഫ് സി കൊച്ചിൻ എന്ന പ്രൊഫഷണൽ ഫുട്ബോൾ ക്ലബ്ബിന്റെ പിറവി. അതിനു  പിന്നീട് എന്തു പറ്റി എന്നതിന് സാമ്പത്തികവും, അഡ്മിനിസ്ട്രേഷനിലെ പ്രൊഫഷണലിസമില്ലായ്മയുമൊക്കെ ഒരു കാരണമാവാം. അത്  പക്ഷേ നമ്മുടെ വിഷയം അല്ല.

അന്താരാഷ്ട്ര ഫുട്ബോൾ ടീമുകളെ പങ്കെടുപ്പിച്ചു കൊണ്ട് 1982 മുതലാണ് നെഹ്റു കപ്പ് ആരംഭിക്കുന്നത്. 1982 ഉറുഗ്വായും, 1983 ൽ ഹംഗറിയും ( ഫ്രെങ്ക് പുഷ്ക്കാസ് കളിച്ചിരുന്ന ഹംഗറി), 1984 ൽ പോളണ്ടും, 85 മുതൽ 88 വരെ സോവിയറ്റ് യൂണിയനും, റൊമാനിയയും, നോർത്ത് കൊറിയയും, ഇറാഖുമെല്ലാം വന്ന് കളിയ്ക്കുകയും ചാമ്പ്യൻമ്മാരാവുകയും ചെയ്തിട്ടുള്ള മഹാ വേദിയായിരുന്നു നെഹ്റു കപ്പ്.  ചൈന, യൂഗോസ്ലോവ്യ, ഉസ്ബെക്കിസ്ഥാൻ, ബൾഗേറിയ എന്നീ രാജ്യങ്ങളൊക്കെ നെഹ്റു കപ്പിൽ പങ്കെടുത്തിട്ടുണ്ട്. 2007, 2009, 2012 ൽ തുടർച്ചയായി ഇൻഡ്യ ചാമ്പ്യൻമ്മാരായി. ( 98 മുതൽ 2006 വരെ ടൂർണമെന്റ് മുടങ്ങിക്കിടന്നിരുന്നു.) തിരുവനന്തപുരം, കൊച്ചി, കോഴിക്കോട് എന്നിവിടങ്ങളൊക്കെ പലവട്ടം നെഹ്രു കപ്പിന് വേദികളായിത്തീർന്നിട്ടുണ്ട്.  96 ലാണ് ജവഹർലാൽ നെഹ്റു  സ്റ്റേഡിയം രാജ്യത്തിനു തുറന്നു കൊടുക്കുന്നത്.  അതിനു മുൻപ് 83 ലും 85 ലും ഇതേ കൊച്ചിയിൽ നെഹ്റു കപ്പ് നടന്നിട്ടുണ്ട്. മുള കൊണ്ടു തീർത്ത ഗ്യാലറികളിൽ നെഹ്റു കപ്പും, സന്തോഷ് ട്രോഫിയും കണ്ടിരുന്ന മലയാളിയുടെ കഥ ഈ കാലഘട്ടങ്ങളുമായി ബന്ധപ്പെട്ടു കിടപ്പുണ്ട്.

1992 മുതൽ 1997 വരെ കേരളത്തിൽ നടത്തപ്പെട്ട അന്നത്തെ പ്രൊഫഷണൽ ഫുട്ബോൾ  ടൂർണമെന്റായിരുന്നു സിസേഴ്സ് കപ്പ്.  എഫ് സി കൊച്ചിൻ, ഡെമ്പോ ഗോവ, ബഗാൻ, ഇൻഡ്യൻ ബാങ്ക് ഒക്കെ പങ്കെടുത്ത വലിയ ടൂർൺനമെന്റായിരുന്നു അന്ന്  സിസേഴ്സ് കപ്പ്.

1977 - 1978 മുതൽക്കുള്ള ഫെഡറേഷൻ കപ്പും ഇതേ പോലെയാണ്. പലവട്ടം കേരളം വേദിയാവുകയും ഗ്യാലറികളിൽ ജന പങ്കാളിത്തം രൂപപ്പെടുകയും ചെയ്തു.

1952 മുതൽ 1995 വരെ ഇടതടവില്ലാതെ നടന്നിരുന്ന സേഠ് നാഗ്ജി ട്രോഫി കൂടി പറയാതെ മലയാളിയുടെ ഫുട്ബോൾ ചരിത്രം പൂർണ്ണമാവില്ല. മോഹൻ ബഗാൻ, ഈസ്റ്റ് ബംഗാൾ, സാൽഗോക്കർ, ജെ സി ടി മിൽസ്, മുഹമ്മദൻസ് സ്പോർട്ടിങ് ക്ലബ്ബ്, വാസ്കോ, ടൈറ്റാനിയം, ഡെമ്പോ ഗോവ തുടങിയ പ്രബലരായ ടീമുകളാണ് സേഠ് നാഗ്ജി ട്രോഫിയിൽ വന്ന് കളിച്ചും, ആവേശമുണർത്തിയും, ചാമ്പ്യൻ പട്ടം നേടിയും കടന്നു പോയിട്ടുള്ളത്. ഇതിലെയൊക്കെ ജന പങ്കാളിത്തം വളരെ വലിയതായിരുന്നു. സച്ചിന്റെ മുൻ തലമുറ ക്രിക്കറ്റർമ്മാരായിരുന്ന ഗവാസ്കറോ, കപിൽ ദേവോ ഒന്നും പ്രചോദിപ്പിച്ചിട്ടോ, ബ്രാൻഡ് അംബാസിഡർമ്മാരായിട്ടോ ഒന്നുമല്ല അന്നുള്ള ജനറേഷൻ സേഠ് നാഗ്ജി കപ്പ് കാണാൻ ഒഴുകിയെത്തിയത്.

മറ്റ് ഏതു ഗെയിമും ഏതെങ്കിലും കളിക്കാരന്റെ പേരിൽ ബ്രാൻഡ് ചെയ്യാൻ കഴിയുമായിരിക്കും. പക്ഷേ ഫുട്ബോളിനെ സംബന്ധിച്ചിടത്തോളം ഏതെങ്കിലുമൊരു ബ്രാൻഡിങ്ങിന് ഉപരിയായാണ് ആ  ഗെയിം  നിലനിൽക്കുന്നത്. പെലെയ്ക്കും മറഡോണയ്ക്കും ശേഷം തന്നെ എത്ര പേർ വന്നു. സിദാൻ വന്നു ഇപ്പോൾ മെസ്സി വന്നു. പെലെ മറഡോണ എന്നിവരുടെ കാലഘട്ടത്തിലും അതിനു മുൻപും എത്ര ലെജണ്ടുകളുണ്ടായിരുന്നു. ബെക്കൻ ബോവർ, ഗുള്ളിറ്റ്,  ഫ്രെങ്ക് പുഷ്ക്കാസ് അങ്ങനെ അങ്ങനെ വലിയവരുടെ പട്ടിക നീളുകയാണ്.  ഫുട്ബോളെന്ന് കേൾക്കുമ്പോൾ ഏതെങ്കിലും ഒരു കളിക്കാരനിൽ കേന്ദ്രീകരിക്കാതെ  ഒരുപാട് പേരെ നമ്മൾ ഓർത്തെടുക്കുന്നു. എന്നാൽ ക്രിക്കറ്റ് എന്ന് കേൾക്കുമ്പോൾ ഒരു സച്ചിനോ, ഗോൾഫ് എന്ന് കേൾക്കുമ്പോൾ ഒരു ടൈഗർ വുഡ്ഡോ, ബാസ്കറ്റ് ബോൾ എന്ന് കേൾക്കുമ്പോൾ ഒരു മൈക്കൽ ജോർദ്ദാനോ മാത്രം കൺ വെട്ടത്ത് വരുന്നു. അപ്പോൾ  ഫുട്ബോൾ എന്നത്   ബ്രാൻഡിങ്ങിനൊക്കെ ഉപരിയായ ഒരു ഗെയിമാണ്. ആ ഗെയിമിലെ ലെജണ്ടുകൾക്ക് പോലും ഒരു ബ്രാൻഡ് അംബാസഡർ പട്ടം  കാണികൾ ചാർത്തിക്കൊടുത്തിട്ടില്ല. സച്ചിനോ മറ്റാരുമോ ആയിക്കോട്ടെ, ഒരു വ്യക്തിയുടെ മഹത്വത്തിൽ അന്ധരായി വെറുതേയങ്ങ് താഴ്ത്തിക്കെട്ടേണ്ടുന്നതല്ല കേരളത്തിലെ ഫുട്ബോൾ ആസ്വാദകരുടെ മഹത്തായ ആവേശം. അതിന് മൺകുടത്തിലാക്കി കുഴിച്ചിട്ട മുന്തിരിച്ചാറിന്റെ പഴക്കമുണ്ട്. വീര്യമുണ്ട്.

_________________________________________
* ഒപ്പം കൊടുത്തിട്ടുള്ള ചിത്രം മഞ്ചേരിയിൽ നടന്ന ഫെഡറേഷൻ കപ്പിന്റേതാണ്.

ശുഭം.
നന്ദി.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ