തിങ്കളാഴ്‌ച, ഏപ്രിൽ 30, 2018

നാഥു ലാ ആക്രമിക്കപ്പെട്ട രാത്രി.

 1948, 1965, 1971, 1999 വർഷങ്ങളിലായി നാലു തവണ ഇൻഡ്യയും പാക്കിസ്ഥാനും തമ്മിൽ യുദ്ധങ്ങളുണ്ടായി. 1962 ൽ ചൈനയുമായും. ഇങ്ങനെ ഭൂമുഖത്തെ ഏറ്റവും അശാന്തമായ പ്രദേശങ്ങളിലൊന്നായിത്തീർന്നു ഇൻഡ്യൻ ഉപഭൂഖണ്ഡം. ഇപ്പോഴും അതിർത്തി തർക്കങ്ങളും, സംഘർഷ സാദ്ധ്യതകളും തുടരുകയും ചെയ്യുന്നു. പാകിസ്താനുമായുള്ള നാല് യുദ്ധങ്ങളും വിജയിച്ച ഇൻഡ്യ പക്ഷേ, 62 ൽ ചൈനയോട് പരാജയപ്പെടുകയുണ്ടായി.
1962 ലെ ഇൻഡോ ചൈനാ യുദ്ധം ഇൻഡ്യൻ ചരിത്രത്തിലെ കറുത്ത അടയാളമാണ്. ഇൻഡോ ചീനി ഭായി ഭായി എന്ന് വിശ്വസിച്ച് നടന്നിരുന്ന നമ്മെ അവർ പിന്നിൽ നിന്നു കുത്തുകയായിരുന്നു.
62 നു ശേഷം 2017 വരെയുള്ള കാലം വരെ ചൈനയുമായുള്ള അതിരുകളിൽ സംഘർഷങ്ങൾ പലത് നടക്കുകയുണ്ടായി. എന്നാൽ അതൊന്നും മൂർശ്ചിക്കുകയുണ്ടായില്ല. ഇൻഡ്യയും പാക്കിസ്ഥാനും തമ്മിൽ പലപ്പോഴും ഉണ്ടാകാറുള്ളതു പോലെ, ഇന്ത്യയും ചൈനയും തമ്മിലുള്ള അതിർത്തി പ്രശ്നങ്ങൾ വലിയ രീതിയിലുള്ള ചൂടുപിടിച്ച ചർച്ചകൾക്കോ, ലോക ശ്രദ്ധ തിരിയുന്നതിലേക്കോ, സമാധാന ചർച്ചകൾക്കോ വിഷയമായിട്ടില്ല.
ലോകത്തെ വൻ ശക്തിയായ ചൈന പിന്നീടെന്തുകൊണ്ട് അതിർത്തി തർക്കത്തിന്റെ ഭാഗമായി ഇൻഡ്യയെ ആക്രമിച്ചില്ല? ഈ ചോദ്യത്തിനുള്ള വലിയ ഉത്തരമാണ് 67 ൽ നടന്ന നാഥു ലാ - ചോ ലാ ഏറ്റുമുട്ടൽ (Nathu La and Cho La Clashes).!
.
പരാജയത്തിൽ നിന്ന് പഠിച്ച പുതിയ തിരിച്ചറിവുകൾ
*******************************************************************************
62 യുദ്ധത്തിനു ശേഷം ഇൻഡ്യ രാജ്യാന്തര / പ്രതിരോധ നിലപാടുകൾ പൊളിച്ചെഴുതുകയുണ്ടായി. നെഹ്രു ആവിഷ്കരിച്ച ചേരി ചേരാ പ്രസ്ഥാനത്തിൽ നിന്ന് നമുക്ക് പ്രത്യേകിച്ച് ഗുണങ്ങളൊന്നുമില്ലെന്ന് ഇൻഡ്യ അന്ന് മനസ്സിലാക്കി. അന്ന് പാക് പക്ഷത്താണ് അമേരിക്ക. തങ്ങളുടെ അതിരുകളിൽ പാക്കിസ്ഥാൻ ചൈന എന്നിങ്ങനെ രണ്ടു ശത്രുക്കൾ ഉടലെടുത്തതോടെ സ്വഭാവികമായും ഇൻഡ്യ സോവിയറ്റ് യൂണിയനോട് കൂടുതൽ ചായ്വ് കാട്ടിത്തുടങ്ങി. മൂന്നു വർഷങ്ങൾക്കപ്പുറം 65 ൽ, പാക്കിസ്ഥാനുമായി വീണ്ടുമൊരു യുദ്ധം വന്നു. അത് കഴിഞ്ഞ് രണ്ടു വർഷങ്ങൾ തികയുമ്പോഴേക്കും ഇൻഡ്യയും ചൈനയും തമ്മിൽ 67 ൽ വീണ്ടും ഉരസലുണ്ടായി. ഇതാണ് നാഥു ലാ - ചോ ലാ ഏറ്റുമുട്ടൽ.
ഇൻഡ്യയ്ക്കും ടിബറ്റിനുമിടയിലെ പഴയ സിൽക്ക് റൂട്ടിന്റെ ഭാഗമായിരുന്നു നാഥുലാ പാസ്. 1947 ൽ ഇൻഡ്യയ്ക്ക് സ്വാതന്ത്ര്യം ലഭിച്ചപ്പോൾ സിക്കിം ഒരു സ്വതന്ത്ര നാട്ടുരാജ്യമായിത്തന്നെ നിന്നു. അങ്ങനെയിരിക്കെ 1950 ൽ ചൈന ടിബറ്റിനെ തങ്ങളുടെ അധീനതയിലാക്കി. പ്രക്ഷോഭങ്ങളും എതിർ ശബ്ദങ്ങളും അടിച്ചൊതുക്കപ്പെട്ടതോടെ ടിബറ്റൻ ജനത സിക്കിമിലേക്ക് പലായനം ചെയ്യാനാരംഭിച്ചു. ഇത് സിക്കിമിനെ ആശങ്കപ്പെടുത്തി. ടിബറ്റ് പിടിച്ചടക്കിയതു പോലെ ചൈന തങ്ങളേയും പിടിച്ചടക്കിയേക്കാം എന്നതായിരുന്നു അത്. ഇക്കാലത്ത് ടിബറ്റിനൊപ്പമായിരുന്നു ഇൻഡ്യ. ദലൈ ലാമയ്ക്ക് ഇൻഡ്യ അഭയം നൽകുകയും ചെയ്തു. ഇത് ചൈനയെ അലോസരപ്പെടുത്തി. ടിബറ്റിലെ വിപ്ലവത്തിന് ഇൻഡ്യ പിന്തുണ പകരുന്നു എന്ന് അവർ ആരോപിച്ചു.
അക്കാരണത്താലാണ് 1962 ലെ ഇൻഡോ ചൈന യുദ്ധം പൊട്ടിപ്പുറപ്പെടുന്നത്. അധികം താമസിയാതെ സിൽക്ക് റൂട്ടെന്നറിയപ്പെട്ട നാഥുലാ പാസ് അടച്ചു പൂട്ടി. അതുവഴിയുള്ള ഇൻഡ്യയുടേയും സിക്കിമിന്റേയും വ്യാപാരം നിന്നു. ഇൻഡ്യയ്ക്ക് മേൽ ചൈന കൈ വെച്ചതോടെ സിക്കിമും അശാന്തിയിലായി. ഏത് സമയവും ചൈനീസ് വ്യാളി തങ്ങളെ വിഴുങ്ങാനെത്തും എന്നവർ ഉറപ്പിച്ചു.
അങ്ങനെയിരിക്കെ 1965 ൽ ഇൻഡ്യ പാക്കിസ്ഥാൻ യുദ്ധം ആരംഭിച്ചു. അന്ന് പാക്കിസ്ഥാനെ സഹായിക്കാനായി നാഥു ലാ, ജെലെപ് ലാ (Nathu La and Jelep La,) എന്നിവിടങ്ങളിൽ നിന്ന് പിൻവാങ്ങാൻ ചൈന ഇന്ത്യയോട് ഭീക്ഷണി മുഴക്കിയിരുന്നു. കാര്യങ്ങൾ ഇങ്ങനെ പോകവേ, 1967 ൽ ഇൻഡോ-സിനോ അതിരുകൾ വീണ്ടും പ്രകമ്പനം കൊണ്ടു. നാഥു ലായിലായിലും ച്ചോ ലായിലുമായിരുന്നു ഇത്തവണ ചൈനീസ് അതിക്രമം. 1967 സെപ്ടംബർ 11 മുതൽ 14 വരെ നാഥുലയിലും, ഒക്ടോബർ 1 ന് ചോ ലാ യിലും നടന്ന ഏറ്റുമുട്ടലായിരുന്നു Nathu La and Cho La Clashes.
.
നാഥു ലാ, ചോ ലാ ഏറ്റുമുട്ടൽ
*********************************************
ഇൻഡ്യയും ചൈനയും തമ്മിൽ പങ്കിടുന്നത് 4000 കിലോമീറ്റർ അതിർത്തിയാണ്. കൃത്യമായി അടയാളപ്പെടുത്തപ്പെട്ടിട്ടില്ലാത്ത അതിർത്തിയാണിത്.
സിക്കിം ടിബറ്റ് ബോർഡറിലെ താഴ്വരയോട് ചേർന്നുള്ള നാഥുലാ പാസിൽ, 20 - 30 മീറ്റർ അപ്പുറവും ഇപ്പുറവുമായി ഇൻഡോ ചീനി പട്ടാളക്കാർ തമ്പടിച്ചിരുന്നു. 62 യുദ്ധത്തിനു ശേഷം ഇന്ത്യൻ സേന വൻ തോതിൽ ചൈനീസ് അതിർത്തിയിൽ വിന്യസിക്കപ്പെട്ട കാലമായിരുന്നു അത്. ഇതോടെ, പീപ്പിൾസ് ലിബറേഷൻ ആർമി, ലൗഡ് സ്പീക്കറുകളുപയോഗിച്ച് ഇൻഡ്യയോട് അവിടം വിട്ട് പിൻവാങ്ങാൻ ഭീക്ഷണികൾ മുഴക്കുക പതിവായി.
അങ്ങനെ പോകവേയാണ് ഇവിടം വീണ്ടും അശാന്തിയുടെ മുൾ മുനയിലായത്. 1967 ഓഗസ്റ്റ് 13 ന് ഇൻഡ്യൻ ട്രഞ്ചുകളിലേക്ക് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ ഗ്രൗണ്ട് ഫോഴ്സ് പ്രകോപനപരമായി അതിക്രമിച്ചു കയറി. അവർ കരസേനയുടെ ബങ്കറുകൾ നശിപ്പിച്ചു. എന്നാൽ ഇൻഡ്യ ഇത് സിക്കിം അതിർത്തിയിൽ പെട്ടതാണെന്ന് ചൈനയെ അറിയിച്ചു .അവിടെ നിന്ന് പിൻവാങ്ങാൻ അവരോട് ആവശ്യപ്പെടുകയും ചെയ്തു.
ബങ്കറുകൾ നശിപ്പിക്കപ്പെട്ടതിനേത്തുടർന്ന്, തൊട്ടടുത്ത ദിവസം നാഥു ലായിൽ ഇൻഡ്യൻ സൈന്യം അതിർത്തി വേലി കെട്ടാൻ ആരംഭിച്ചു. ഓഗസ്റ്റ് 18 മുതൽ ചൈനീസ് അതിർത്തിയിൽ നെടു നീളത്തിൽ വേലി ഉയർന്നു തുടങ്ങി. ഇതോടെ, വീണ്ടും ചൈനീസ് സൈന്യം വൻ ആയുധ സന്നാഹങ്ങളോടെയെത്തുകയും, ഇൻഡ്യ നിർമ്മിച്ച വേലികൾ പൊളിച്ചു കളയാൻ ആരംഭിക്കുകയും ചെയ്തു. അന്ന് പരസ്പരം സംഘർഷം നടന്നെങ്കിലും വെടിവെയ്പ്പുണ്ടായില്ല.
സെപ്ടംബർ. 7 ന് ഇൻഡ്യ വീണ്ടും നാഥുലയുടെ തെക്ക് ഭാഗത്ത് വേലി നിർമ്മാണം പുനരാരംഭിച്ചു. അപ്പോൾ ചൈനീസ് സൈനികർ അവിടേക്കുമെത്തി. അവരുടെ കമാൻഡർ, ഇൻഡ്യൻ കമാൻഡർക്ക് വീണ്ടും മുന്നറിയിപ്പ് നൽകി. ഇതിനെ തുടർന്നുണ്ടായ സംഘട്ടനത്തിൽ ഇരു ഭാഗത്തും ചില സൈനികർക്ക് പരുക്കേറ്റു.
സെപ്തംബർ 11 ന്, ഇൻഡ്യ തങ്ങളുടെ അതിർത്തി സൂചിപ്പിക്കാൻ, നാഥു ലായിൽ നിന്ന് സെബു ലാ വരെ, മറ്റൊരു വേലി കെട്ടാൻ തീരുമാനിച്ചു. ഇന്ത്യൻ കരസേനയിലെ എൻജിനീയർമാരും ജവാന്മാരും ഇത് തുടരുമ്പോൾ, പെട്ടന്ന് ചൈനീസ് സൈനികരും, അവരുടെ രാഷ്ട്രീയ കമ്മിസാറും അവിടേക്കെത്തി. വേലി കെട്ടൽ തടസ്സപ്പെടുത്താനുള്ള അവരുടെ ഉദ്യമത്തെ, ഇൻഡ്യൻ ലെഫ്റ്റനന്റ് കേണൽ തന്റെ പ്ലാറ്റൂണുമായി തടഞ്ഞു. ഇരു കൂട്ടരും തമ്മിലുള്ള തർക്കം വലിയ വെല്ലുവിളികളായി മാറി...
അൽപ്പം കഴിഞ്ഞ്, ചൈനീസ് സൈന്യം അവരുടെ ബങ്കറുകളിലേക്കു മടങ്ങി പോയി.
ഇൻഡ്യ വേലി കെട്ടൽ തുടർന്നു.
ഒരു പതിനഞ്ച് മിനിട്ട് കഴിഞ്ഞപ്പോൾ, പൊടുന്നനെ ചൈനീസ് ഭാഗത്ത് നിന്നും ഒരു വിസിൽ ഉച്ചത്തിൽ മുഴങ്ങി. തൊട്ടു പിന്നാലെ മീഡിയം മെഷീൻ ഗണ്ണുകളിൽ നിന്ന് ഇൻഡ്യൻ സൈനികർക്ക് നേരേ തീയുണ്ടകൾ വർഷിക്കാനാരംഭിച്ചു. അപ്രതീക്ഷിതമായ ഈ ആക്രമണത്തിൽ ഇൻഡ്യൻ ഭാഗത്ത് ഗുരുതര പരിക്കുകളും, മരണണങ്ങളുമുണ്ടായി. തൊട്ടു പിന്നാലെ ഇന്ത്യക്കെതിരേ അവരുടെ പീരങ്കിയാക്രമണവും ആരംഭിച്ചു.
ഇതോടെ യാഥാർത്ഥ്യത്തിന്റെ സങ്കീർണത മനസ്സിലാക്കിയ ഇൻഡ്യൻ സൈനികർ, തങ്ങളുടെ പക്കലുള്ള ആർട്ടിലറികൾ തുറന്ന് ശക്തമായി തിരിച്ചടിയ്ക്കാൻ തുടങ്ങി. ഇൻഡ്യൻ കരസേനയുടെ തോക്കുകളും പീരങ്കികളും തീ തുപ്പിക്കൊണ്ടിരുന്നു. അടുത്ത മൂന്നു ദിവസങ്ങൾ - രാത്രിയും പകലും കനത്ത ഏറ്റുമുട്ടൽ തുടർന്നു.
പീരങ്കികൾ, മോർട്ടറുകൾ, മെഷീൻ ഗൺ എന്നിവ ഉപയോഗിച്ചായിരുന്നു ഇരുകൂട്ടരുടേയും ഏറ്റുമുട്ടൽ.
നിരവധി ചൈനീസ് ബങ്കറുകൾ കരസേന നശിപ്പിച്ചു. ഇൻഡ്യയുടെ വീറുറ്റ തിരിച്ചടി ചൈനയ്ക്ക് അപ്രതീക്ഷിതമായിരുന്നു. അതിൽ അവരുടെ പതർച്ച പ്രകടമായിരുന്നു. ഇതോടെ ചൈനീസ് നേതൃത്വം അപകടം മണത്തു.
സെപ്റ്റംബർ 14 ന് വെടിനിർത്തൽ പ്രഖ്യാപിക്കപ്പെട്ടു. വെടി നിർത്തലിനു ശേഷം, സെപ്ടംബർ 15/16 ദിവസങ്ങളിലായി
ഇരു കൂട്ടരും തങ്ങളുടെ പ്രദേശത്തുള്ള ശവശരീരങ്ങൾ കൈമാറി.
എന്നാൽ ഇവിടം കൊണ്ട് എല്ലാം ശാന്തമായില്ല.
ഒക്ടോബർ 1 ന് ഇൻഡ്യൻ കരസേനയും, പീപ്പിൾസ് ലിബറേഷൻ ആർമിയും തമ്മിൽ ചോ ലാ അതിർത്തിയിൽ ഏറ്റുമുട്ടി. നാഥു ലായിൽ ന്നിന്നൽപ്പം അകലെ, സിക്കിം-ടിബറ്റ് അതിർത്തിയിലായിരുന്നു ചോ ലാ .
ഈ ഏറ്റുമുട്ടൽ ഒരു ദിവസം നീണ്ടുനിന്നു. ഇവിടേയും ഇൻഡ്യൻ ജവാൻമ്മാർ അതിശക്തമായി തിരിച്ചടിച്ചു. ഇൻഡ്യയുടെ തീവ്രമായ ആക്രമണങ്ങളേത്തുടർന്ന്, ചോ ലായിൽ നിന്ന് മൂന്ന് കിലോമീറ്റർ പിൻവലിയാൻ ചൈന നിർബന്ധിതരായി.
നാഥുല ഇൻസിഡന്റിൽ 32 ചൈനക്കാരും, 65 ഇൻഡ്യൻ ജവാൻമ്മാരും കൊല്ലപ്പെട്ടതായും, എന്നാൽ ചോ ലായിൽ 36 ഇൻഡ്യൻ സൈനികരും അസംഖ്യം ചൈനാ ഭടൻമ്മാരും കൊല്ലപ്പെട്ടതായും ചില നിരീക്ഷണങ്ങൾ പറയുന്നു. എന്നാൽ ഇന്ത്യൻ പ്രതിരോധ മന്ത്രാലയം റിപ്പോർട്ടുചെയ്തത് അനുസരിച്ച്, ഈ രണ്ട് ഏറ്റുമുട്ടലിലും കൂടി ഇൻഡ്യൻ നിരയിൽ 88 പേർ കൊല്ലപ്പെടുകയും 163 പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നാണ്. ഒപ്പം, ചൈനീസ് നിരയിൽ 340 പേർ കൊല്ലപ്പെടുകയും 450 പേർക്ക് പരിക്കേൽക്കുകയും ചെയ്തു എന്നും. അതെന്തു തന്നെയായാലും വൻ ആൾ നാശവും, ബങ്കറുകളുടെ നഷ്ടവും ചൈനയ്ക്കുണ്ടായി.
ഇൻഡ്യയിൽ നിന്ന് ചൈനയ്ക്ക് നേരിട്ട വലിയ തോതിലുള്ള 'രക്തച്ചൊരിച്ചിലുണ്ടായ ആദ്യ സംഭവം ആയിരുന്നു ഇത്. ഈ യുദ്ധത്തിലാണ് ആദ്യമായി, ഇൻഡ്യൻ പോരാട്ട വീര്യം ചൈന മനസ്സിലാക്കിയതും, ശക്തമായ ആയുധങ്ങൾ ഉപയോഗപ്പെടുത്തുന്നതിനുള്ള ചൈനയുടെ അജ്ഞത ലോകത്തിനു വെളിവായതും.
62 ലെ അപ്രതീക്ഷിത പരാജയത്തിന്, നാം നൽകിയ തിരിച്ചടിയായി ചരിത്രകാരൻമ്മാർ ഇതിനെ വ്യാഖ്യാനിക്കുന്നു. ഇൻഡ്യൻ സൈന്യത്തിന്റെ ശക്തമായ പുരോഗതിയുടെ സൂചനയും ഇതിലൂടെ ചൈനയ്ക്ക് മനസ്സിലായി. അന്നാദ്യമായി ഈ സംഭവത്തോടെ അതിർത്തി പിടിച്ചെടുക്കാനുള്ള ചൈനയുടെ നിരന്തരമായ മത്സരത്തിന്, ആദ്യമായി ഇൻഡ്യയിൽ നിന്ന് വിഘ്നം നേരിട്ടു. അന്നത്തെ ആ തിരിച്ചടിയുടെ ഓർമകൾ ഇന്നും അവരെ അലട്ടുന്നുണ്ട്. കാരണം, ആക്രമണഭീതിയോടെ ജീവിക്കാൻ വിധിക്കപ്പെട്ടവൻ എപ്പോഴും കരുതലോടെയിരിക്കും. അങ്ങനെയുള്ളവനെ ഏതു വമ്പനും ഭയപ്പെട്ടേ തീരൂ.
.
67 നു ശേഷം
*********************
ഇൻഡ്യയുടെ ഈ തിരിച്ചടിയ്ക്ക് ശേഷം, ഇന്ത്യ-ചൈന അതിർത്തി പൊതുവിൽ സമാധാനപരമായിത്തീർന്നു. ഇൻഡ്യൻ സൈന്യം ചൈനീസ് അതിരുകളിൽ വിപുലമായ സാന്നിദ്ധ്യം ഏർപ്പെടുത്തുകയും, അതിർത്തിയോട് ചേർന്ന് അവകാശവാദമുന്നയിക്കുന്നതിൽ കൂടുതൽ മിടുക്കു കാട്ടിത്തുടങ്ങുകയും ചെയ്തു.
ഇക്കാലത്ത് സിക്കിമിൽ രാജവാഴ്ച ഇല്ലാതായി. അതുവരെ ഇന്ത്യൻ ഉപഭൂഖണ്ഡത്തെ അംഗീകരിക്കാതിരുന്ന സിക്കിം, 1975 ൽ ഇൻഡ്യൻ യൂണിയനിൽ ലയിച്ചു. സിക്കിം ഒരു ഇന്ത്യൻ സംസ്ഥാനമായി മാറി. 2003 ൽ സിക്കിമിനെ ഇൻഡ്യയുടെ ഭാഗമെന്ന നിലയിൽ ചൈന പരോക്ഷമായി അംഗീകരിച്ചു. ചൈനയ്ക്ക് സിക്കിം ഇപ്പോൾ ഒരു തർക്ക വിഷയമല്ലെന്ന് ചൈനീസ് പ്രധാനമന്ത്രി ഹു ജിന്റാവോ 2005 ൽ പ്രഖ്യാപിച്ചു.
67 ശേഷം, ഇന്ത്യയും ചൈനയും പിന്നീട് ഒരിക്കലും അതിർത്തിയിൽ വെടിവയ്പിൽ ഏർപ്പെടുകയുണ്ടായില്ല. ചൂടുപിടിച്ച വാഗ്വാദങ്ങളും, സൈനികരെ അണിനിരത്തിയിയുള്ള ശാക്തിക പ്രകടനവും ഉണ്ടായിട്ടുണ്ടെങ്കിലും അവയൊന്നും
സായുധ ഏറ്റുമുട്ടലിലേക്ക് വഴി വെച്ചില്ല. അതിന്റെ പ്രധാന കാരണമായി യുദ്ധ സൈദ്ധാന്തികർ പറയുന്നത്, നാഥു ലാ & ചോ ലാ സംഘർഷത്തിലെ ഇൻഡ്യയുടെ അന്നത്തെ പോരാട്ടവീര്യമായിരുന്നു.
1987-ൽ ഇന്ത്യ അരുണാചൽ പ്രദേശ് സംസ്ഥാനം രൂപവത്കരിച്ചു, ചൈന അവകാശപ്പെട്ട പ്രദേശമായിരുന്നെങ്കിലും, ഇന്ത്യ സധൈര്യം അത്തരം ഒരു തീരുമാനത്തിലൂടെ കടന്നു പോയി. ചൈനീസ് ഗവൺമെന്റ് ഇതിൽ പ്രതിഷേധിച്ചെങ്കിലും, ഈ വിഷയവും പരിഹരിക്കപ്പെട്ടു.
1993 ൽ ഇരു രാജ്യങ്ങളും LAC (ലൈൻ ഓഫ് ആക്ച്വൽ കണ്ട്രോൾ) അംഗീകരിച്ചു കൊണ്ടുള്ള ഒരു സമാധാന കരാർ ഒപ്പുവെച്ചു. ഇന്ന് ചൈന ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സൈനീക ശക്തിയും, ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ നാലാമത്തെ സൈനീക ശക്തിയുമാണ്. ഒരു യുദ്ധത്തിനായി ഇരുകൂട്ടരും
ഇനി ഇറങ്ങിത്തിരിക്കുകയാണെങ്കിൽ അതിൻറെ ആഘാതം സങ്കൽപ്പങ്ങൾക്കതീതമായിരിക്കും.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ