തിങ്കളാഴ്‌ച, ഏപ്രിൽ 30, 2018

ഉടൻ വരുന്നു. സംഭ്രമ ജനകമായ റഷ്യൻ ടോർപിഡോ...

ദി ഡേ ആഫ്റ്റർ ടുമോറോ, 2012 എന്നീ സിനിമകളിൽ കരയെ കടലെടുക്കുന്നതിന്റെ ഭീതിപ്പെടുത്തുന്ന രംഗങ്ങളുണ്ട്. യഥാർഥ ജീവിതത്തിൽ, സുനാമി എന്ന രാക്ഷസ തിരമാലകളുടെ ദുരന്ത ദൃശ്യങ്ങൾ നമ്മുടെ കൺമുൻപിലിപ്പോഴുമുണ്ട്. തീരദേശങ്ങളെ ചുറ്റിപ്പറ്റി എന്നും പ്രകൃതിയുടെ വേലിയേറ്റങ്ങൾ നാശ നഷ്ട്ടങ്ങളുടെ ആകെത്തുകയായി നില കൊള്ളുന്നു. നമ്മുടെ ചിന്തകൾക്കതീതമായ ദുരന്തങ്ങളെത്രയോ പ്രകൃതി അതിന്റെ അനന്തതയിൽ മൂർച്ച കൂട്ടിക്കൊണ്ട് ഒളിച്ചു വെച്ചിരിക്കുന്നു?!
ഇത് പ്രകൃതിയുടെ കഥ.
എന്നാൽ ഇത്തരമൊരു ഭീകര സുനാമി, അല്ലെങ്കിൽ രാക്ഷസത്തിര, മനുഷ്യ നിർമിതമായി ഭൂമുഖത്ത് ആഞ്ഞടിച്ചാലോ? അതിന്റെ ഭവിഷ്യത്ത് ന്യൂക്ലിയർ ബോംബിങ്ങിനേക്കാൾ പ്രഹരശേഷി തീർത്താലോ? സംശയിക്കാനൊന്നുമില്ല. അത്തരമൊരായുധം യുദ്ധ തന്ത്രത്തിന്റെ ഭാഗമായി അണിയറയിൽ പരീക്ഷിക്കപ്പെട്ടു കൊണ്ടിരിക്കുന്നു.
അമേരിക്കൻ തീരദേശ നഗരങ്ങളിലേക്ക് മനുഷ്യ നിർമിത സുനാമി?
___________________________________________________
2015 നവംബർ 12.
Sochi City
Krasnodar Krai
Russia.
റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും, റഷ്യൻ കര / നാവീക / വ്യോമ സേനാ ജനറൽമാരും ചേർന്നുള്ള മീറ്റിങ്ങ്. നാറ്റോ സഖ്യവുമായി നില നിൽക്കുന്ന ശീത സമരം, ഉക്രയിൻ, സിറിയ തുടങ്ങിയ ഇടങ്ങളിലെ സംഘർഷം, മെഡിറ്റനേറിയൻ കടലിലെ പോർ വിന്യാസം എന്നിവയേക്കുറിച്ചുള്ള അനുബന്ധ ചർച്ചകളാണ് മീറ്റിങ്ങിന്റെ കാതൽ.
റഷ്യൻ സ്റ്റേറ്റ് ടെലിവിഷനായ NTV ആണ് ലൈവ് സംപ്രേഷണം.
അക്കൂട്ടത്തിൽ ഒരു ജനറൽ അതീവ ശ്രദ്ധയോടെ ഒരു ഡയഗ്രം പരിശോധിക്കുന്നത് ചാനലിലൂടെ ലോകം കണ്ടു. സമുദ്രാന്തർ ഭാഗത്തു കൂടി സ്വയം സഞ്ചരിക്കാവുന്ന ഒരു ടോർപിഡോയുടെ രേഖാ ചിത്രമായിരുന്നു അത്.
പിന്നീട് ഈ രേഖാചിത്രം നിരവധി അഭ്യൂഹങ്ങൾക്കിടയാക്കി. റഷ്യയുടെ എതിർ ചേരിയിൽ എന്നും നില കൊള്ളുന്ന അമേരിക്കയെ ആ ചിത്രത്തിന്റെ ദുരൂഹത കുഴക്കി. പെന്റഗണിന് അതൊരു സമസ്യയായി. ടോർപിഡോ നാറ്റോ സഖ്യത്തിന് ആശങ്കാകുലമായ ദിവസങ്ങൾ സമ്മാനിച്ചു...
അമേരിക്കൻ കോസ്റ്റൽ സിറ്റികൾക്ക് നേരേ ലക്ഷ്യം വെച്ച് റഷ്യ ഒരു മാരകായുധത്തിന്റെ പണിപ്പുരയിലാണെന്ന് അമേരിക്ക നേരത്തേ തന്നെ സംശയിച്ചിരുന്നു. അതിന്റെ രൂപ രേഖയാണ് പുടിന്റെ വാർത്താ സമ്മേളനത്തിൽ ടെലിവിഷൻ ചാനലിലൂടെ ലീക്ക് ആയത് എന്ന് ഈ സംശയത്തെ സാധൂകരിക്കും വിധം ബി ബി സി സ്ഥിരീകരിച്ചു. രേഖാചിത്രത്തിലുള്ളത് വിനാശകാരിയായ ഒരു റഷ്യൻ - ഡ്രോൺ - ടോർപിഡോ ആണെന്ന് ലോകം ഭയപ്പെട്ടു.
ബി ബി സി ന്യൂസ്, ഓൺ ലൈനിൽ Russia reveals giant nuclear torpedo in state TV 'leak' എന്ന ലേഖനം 12 November 2015 വന്നിരുന്നു.
Status-6 എന്ന് നാമകരണം ചെയ്ത, ലോങ് റേഞ്ച് ന്യൂക്ലിയർ ടോർപിഡോ ആണിത്.
മുങ്ങിക്കപ്പലിൽ നിന്ന് വിക്ഷേപിക്കുമ്പോൾ ലക്ഷ്യത്തിലെത്തി ന്യൂക്ലിയർ സ്ഫോടനം നടക്കുകയും തീരദേശ മേഖലകളിൽ ശത്രുവിന്റെ പ്രധാനപ്പെട്ട സാമ്പത്തിക ഉറവിടങ്ങൾ, വ്യവസായിക മേഖലകൾ എന്നിവ നശിപ്പിച്ചു രാജ്യത്ത് അപ്രതീക്ഷിതമായി ഒരസ്ഥിരത സൃഷ്ട്ടിക്കുകയും ചെയ്യും.
എന്താണ് ടോർപിഡോ?
___________________
1866 ൽ ആസ്ട്രിയക്കാരനായ റോബർട്ട് വൈറ്റ് ഹെഡ്ഡ് (Robert Whitehead) ആണ് സ്വയം പ്രവർത്തിക്കുന്ന ടോർപിഡോ കണ്ടു പിടിച്ചത്. സിഗാർ ആകൃതിയിലുള്ള സ്വയം പര്യാപ്തമായ അണ്ടർവാട്ടർ മിസൈൽ ആണിത്. ഒരു കപ്പൽ അല്ലെങ്കിൽ അന്തർവാഹിനിയിൽ നിന്ന് ഉപയോഗിക്കുകയോ, എയർക്രാഫ്റ്റിൽ നിന്ന് സമുദ്രത്തിലേക്ക് വിക്ഷേപിക്കുകയോ ചെയ്യാം. വെള്ളത്തിൽ താഴ്ന്നു, സ്വയം സഞ്ചരിച്ച് ടാർഗെറ്റ് എത്തുമ്പോൾ പൊട്ടിത്തെറിച്ച് വിനാശകാരിയാകുംവിധമാണ് ഇതിന്റെ രൂപ കൽപ്പന. ഇന്ന് വളരെ നവീനമായ മാറ്റങ്ങളോടെ അത്യന്തം അപകടകാരിയായ ആയുധമായി ഇതുപയോഗിക്കുന്നു.
റഷ്യയുടെ നവീന ആയുധങ്ങൾക്ക് മറുപടിയില്ലാതെ അമേരിക്ക.
________________________________________________
ജെ.ഡി. ഹെയസ് (J. D. Heyes) 2015 നവംബർ 21 ന് എഴുതിയ "Russia's new secret weapon could unleash massive tidal waves against U.S. coastal cities" എന്ന ലേഖനത്തിൽ ഇതിനേക്കുറിച്ച് സവിസ്ഥരം പ്രതിപാദിക്കുന്നുണ്ട്.
ഒബാമ അമേരിക്കയിൽ അധികാരത്തിലെത്തിയതോടെ, യുദ്ധത്തിൽ നിന്നും വിട്ട്, സമാധാനം ലക്ഷ്യമിട്ട് നിരവധി കാര്യങ്ങൾ ചെയ്യുകയുണ്ടായി. അമേരിക്കയുടെ പിൻ വലിയൽ നടക്കുന്ന ഇതേ സമയം, പഴയ കെ ജിബി ഏജന്റായ വ്ലാഡിമർ പുടിന്റെ നേതൃത്വത്തിൽ റഷ്യ, സൂപ്പർ പവർ എന്ന ഡ്രൈവിങ് സീറ്റിലേക്ക് അടുത്തു കൊണ്ടുമിരുന്നു. മിലിട്ടറി പവർ ബാലൻസിങ്ങിനായി രണ്ട് ദശാബ്ദത്തോളം റഷ്യൻ ആയുധപ്പുരയിൽ അതി നൂതനായുധങ്ങൾ നിർമ്മിക്കപ്പെട്ടു കൊണ്ടിരുന്ന കാലത്തിന്റെ തുടർച്ച കൂടിയായിരുന്നു ഇത്. തങ്ങളെ ഭീതിപ്പെടുത്തുന്ന അനേകം ആയുധങ്ങൾ റഷ്യയുടെ ആവനാഴിയിലുണ്ട് എന്നൊരു കിംവദന്തി, വൈറ്റ് ഹൗസിലും നാറ്റോ ആസ്ഥാനത്തും കറങ്ങി നടപ്പുമുണ്ട്. പോരാത്തതിന് യുക്രയിൻ അസ്ഥിരത, സിറിയൻ ഇടപെടൽ എന്നിവയിലൂടെ റഷ്യ ട്രിഗർ പോയിന്റ് വലിയ്ക്കുകയും ചെയ്തിരിക്കുന്നു. ഇങ്ങനെയിരിക്കുമ്പോഴാണ്, അമേരിക്ക മുൻപേ തന്നെ സംശയിച്ചിരുന്ന ഈ സ്ഫോടനാത്മകമായ വാർത്ത NTV യിലൂടെ ലീക്ക് ചെയ്യുന്നത്.
2015 നവംബർ 30 ന് ഡേവ് ഹോഡ്ജസ് (Dave Hodges) തന്റെ "ദി കോമൺസെൻസ് ഷോ" എന്ന ബ്ലോഗിൽ "റഷ്യയുടെ സൂപ്പർ ആയുധങ്ങൾക്ക് അമേരിക്കയ്ക്ക് മറുപടിയില്ല" എന്നൊരു ലേഖനം എഴുതി. പൊതുജനങ്ങൾക്ക് അപ്രാപ്യമായ രീതിയിൽ റഷ്യ അഗോചര ആയുധങ്ങളുടെ നിർമാണത്തിലാണ്. അതിലൊന്നാണ് Krasuha-4. ചാര ഉപഗ്രഹമായ ഇതൊരു Mobile Electronic Warfare System ആണ്. ഇത് ശത്രുവിന്റെ എല്ലാ കമ്യൂണിക്കേഷൻ സംവിധാനങ്ങളേയും തകർക്കും. രണ്ടാമത്തേത് Tesla Based Plasma Fighter Jet. തിരിച്ചറിയാൻ പ്രയാസകരമായ ശബ്ദ രൂപങ്ങളുള്ള ഫൈറ്റർ ജെറ്റ് ആണിത്. ശത്രുവിന്റെ റഡാറുകളുടെ കണ്ണിൽ പെടാതെ ടാർഗറ്റ് ഭേദിക്കാൻ ഇവയ്ക്ക് കഴിയും. സുഖോയ് പാക് എഫ്.എ (Sukhoi PAK FA) ആണ് മൂന്നാമത്തേത്. റഷ്യ വികസിപ്പിച്ച ഒരു അഞ്ചാം തലമുറ ഫൈറ്റർ ജെറ്റ് ആണിത്
(PAK - FA:- Perspektivnyi Aviatsionnyi Kompleks Frontovoi Aviatsyi)
പാക് എഫ്എ, അമേരിക്കയുടെ F-22 Raptor, F-35 Lightning II എന്നീ ലോകത്തിലെ ആദ്യത്തെ അഞ്ചാം തലമുറ ഫൈറ്റർ ജെറ്റുകളോറ്റ് മത്സരിക്കാൻ രൂപകല്പന ചെയ്തതാണ്. ഇതോടൊപ്പം ആളില്ലാ നശീകരണായുധങ്ങൾക്ക് വേണ്ടി റഷ്യ ഗഹനമായ ശ്രമങ്ങളിലായിരുന്നു. ആദ്യത്തെ ഫുൾ ഓട്ടോമാറ്റിക്ക് ടാങ്ക് അർമത (Armata) അവരുടെ സൃഷ്ടിയാണ്.
ഇത് കൂടാതെയാണ് റഷ്യ, അത്യന്ത വിനാശകാരിയായ ടോർപിഡോ എന്ന മാരകായുധം കൂടി വികസിപ്പിക്കുകയാണ് എന്ന വാർത്ത ലോകം അറിയുന്നത്. ന്യൂക്ലിയർ വാഹക ശേഷിയുള്ള ഒരു ഡ്രോൺ ആണിത്. ഇത് ലക്ഷ്യത്തിലെത്തിയാൽ, ഇതുണ്ടാക്കുന്ന ടൈഡൽ വേവ്സ് മൂലം ഭീമാകാരമായ വേലിയേറ്റം സൃഷ്ട്ടിക്കപ്പെടുകയും ടാർഗറ്റിനടുത്ത തീരദേശ നഗരങ്ങൾ വെള്ളത്തിനടിയിലാകുകയും ചെയ്യും. ന്യൂയോർക്ക്, വാഷിങ്ഡൺ ഡിസി തുടങ്ങിയ അമേരിക്കൻ കോസ്റ്റൽ സിറ്റികൾ ലക്ഷ്യമിട്ടു കൊണ്ടുള്ള ഒരു അണ്ടർവാട്ടർ ഡ്രോണിന്റെ പണിപ്പുരയിലാണ് റഷ്യ എന്നും, അതിന്റെ രൂപ രേഖയാണ് വാർത്താ സമ്മേളനത്തിൽ റഷ്യൻ ജനറൽ പരിശോധിച്ചു കൊണ്ടിരുന്നത് എന്നും ഈ ലേഖനം സമർഥിക്കുന്നു. ജപ്പാനിലെ ഫുക്കുഷിമ ദുരന്തത്തിനു തുല്യമായ ഒരു എഫക്ട് ഉണ്ടാക്കിയേക്കാവുന്ന ഒരു സൈലന്റ് ന്യൂക്ലിയർ അറ്റാക്കും റഷ്യയ്ക്ക് ചിലപ്പോൾ ഇതിലൂടെ സാധ്യമായേക്കാം.
10,000km (6,200 മൈൽ) ശ്രേണിയുള്ള, 56 നോട്ടിക്കൽ മൈൽ സ്പീഡുള്ള 3,300 അടി ആഴത്തിൽ യാത്ര ചെയ്യാവുന്ന ഈ ടോർപിഡോ ഡ്രോൺ ലീക്കായതോടെ അമേരിക്ക സംഭ്രമത്തിലായി. ഇത് ഒരു വൻ സ്ഫോടനം സൃഷ്ട്ടിച്ചില്ലെങ്കിൽ പോലും ഒരു ന്യൂക്ലിയർ വേലിയേറ്റം കോസ്റ്റൽ സിറ്റികളിലേക്ക് വ്യാപിപ്പിച്ചേക്കാം എന്നത് സ്ഥിതി ഗതികൾ സങ്കീർണമാക്കി.
NTV നടത്തിയത് യാദൃശ്ചിക ബ്രോഡ് കാസ്റ്റിങ്ങ് അല്ല എന്നും, ചാനലിലൂടെ മനപ്പൂർവ്വം തന്നെ - റഷ്യൻ മിലിട്ടറിയുടെ അറിവോടെ - പുറത്തു വിട്ടതാണെന്നും യു എസ് ഉറച്ച് വിശ്വസിക്കുന്നു. ഒരു പക്ഷേ യൂറോപ്പിലെ സഖ്യകക്ഷികളെ പരിരക്ഷിക്കാനുള്ള യു എസിന്റെ ബാധ്യതയെ തടയിടുക എന്ന ഉദ്ധേശത്തിലാവാം ഇത് പെട്ടന്ന് വാർത്തയാക്കിയത്.
അതെന്തായാലും റഷ്യയും അമേരിക്കയും തമ്മിലുള്ള ആയുധ കിട മത്സരം ഇപ്പോൾ ശീതയുദ്ധ സമാനമായ ഒരന്തരീക്ഷത്തിലൂടെയാണ് കടന്നു പോകുന്നത്. ആത്യന്തികമായി ഇവയൊക്കെ മനുഷ്യ നന്മയ്ക്ക് ഉപകരിക്കാനല്ല ശത്രു സംഹാരത്തിനുള്ളതാണെന്ന തിരിച്ചറിവ് ഭീതിദമാണ്.
_________________________________________
2015 നവംബർ 12 ന് Andrew E Kramernov എഴുതിയ "Russia Says Leak of Secret Nuclear Weapon Design Was an Accident" / 2016 ഫെബ്രുവരി 24 ന് Maxim Trudolyubov എഴുതിയ "Russia’s Hybrid War" എന്നീ ലേഖനങ്ങൾക്കു കൂടി കടപ്പാട്

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ