തിങ്കളാഴ്‌ച, ഏപ്രിൽ 30, 2018

മഹാ പ്രളയം മിത്തുകളിലൂടെ

ആദിമ കാലത്ത് കാഴ്ച്ചപ്പാടുകളെല്ലാം ഉരുത്തിരിഞ്ഞത് എല്ലായ്പ്പോഴും ദൈവീകതയെ ചുറ്റിപ്പറ്റിയായിരുന്നു. പ്രകൃതിയുടെ സത്യങ്ങളേയും സമസ്യകളേയും ദൈവീക വെളിപ്പെടലുകളായി അക്കാലം വ്യാഖ്യാനിച്ചു പോന്നു. നാം ഇന്ന് അവയെ മിത്ത് (MYTH) എന്ന് സംബോധന ചെയ്യുന്നു. ഐതീഹ്യം. പുരാവൃത്തം, കെട്ടുകഥ എന്നൊക്കെയാണ് മിത്തിന്റെ അർഥം. യഥാർത്തത്തിൽ മിത്ത് വെറും ഭ്രമാത്മക കഥകൾ മാത്രമായിരുന്നോ? ആയിരിക്കില്ല. മനുഷ്യൻ, നേരിട്ട സമകാലിക പ്രതിഭാസങ്ങളെ അവന്റെ അക്കാലത്തെ യുക്തിക്കനുശൃതമായി കോറിയിട്ടതാവാം ഒരുപക്ഷേ മിത്തുകൾ. ആ നിലയ്ക്ക് അവ ചരിത്രം കൂടിയാണ്. ഫാന്റസിയുടെ അതിപ്രസരമുള്ള ചരിത്രത്തെയാവാം നാം ഇന്ന് മിത്ത് എന്ന് വിളിച്ച് ഒതുക്കി നിർത്തിയിരിക്കുന്നത്. ഇത്തരമൊരു സമസ്യയേക്കുറിച്ചാണ് ഈ പോസ്റ്റ്.
കാലാകാലങ്ങളായി ശാസ്ത്രകാരൻമ്മാരും ചരിത്രകാരൻമ്മാരും ഭൂമുഖത്തെ നശിപ്പിച്ചു കളഞ്ഞ ഒരു മഹാപ്രളയത്തേക്കുറിച്ചുള്ള ഗവേഷണത്തിലാണ്. പ്രളയത്തിന്റെ തിരുശേഷിപ്പുകളൊന്നും ആധികാരികമായി കണ്ടെടുക്കപ്പെട്ടിട്ടില്ല. മിത്തുകളുമായി ബന്ധപ്പെട്ട് നാം അറിഞ്ഞ പ്രളയം എന്തുകൊണ്ട് കൃത്യമായ ഒരു എവിഡൻസും തരാതെവണ്ണം ഇന്നും മറഞ്ഞിരിക്കുന്നു? എന്താണ് ചരിത്രകാരൻമ്മാരുക്കും സയന്റിസ്റ്റുകൾക്കും അതിനേക്കുറിച്ച് പറയാനുള്ളത്?
നോഹയുടെ പെട്ടകം (ബൈബിള്‍ - 1445 B.C)
_____________________________________
ബൈബിളിലും ഖുറാനിലും ഒരേ പോലെ എഴുതപ്പെട്ട ഒരു പ്രളയ കഥയുണ്ട്.
ബൈബിളിൽ ഉൽപ്പത്തി പുസ്തകത്തിൽ (Genesis 6–9) പറയുന്ന നോഹയുടെ കാലത്തെ പ്രളയവും (the Noachian Flood) അതിനെ അതിജീവിക്കാൻ നോഹ പെട്ടകം നിർമിച്ചതുമാണ് ഭൂരിഭാഗം മനുഷ്യരും കേട്ടിട്ടുള്ള ഒന്നാമത്തെ പ്രളയകഥ. ഭൂമിയിൽ മനുഷ്യൻ പെരുകിയപ്പോൾ അവൻ ദൈവത്തിനനുശൃതമായ ജീവിതത്തെ മറന്നു കളഞ്ഞപ്പോൾ, ദൈവം നോഹയെ തിരഞ്ഞെടുക്കുകയും നേഹയോട് ചില അരുളപ്പാടുകൾ നടത്തുകയും ചെയ്തു എന്ന് ബൈബിൾ പറയൂന്നു.ഒരു ജലപ്രളയം കൊണ്ട് ഭൂമിയെ താൻ നശിപ്പിച്ച് കളയാൻ പോകുന്നു എന്നും, ഒരു പെട്ടകമുണ്ടാക്കി ( Ark ) സർവ ജീവജാലങ്ങളിലേയും ആണും പെണ്ണും ഉൾപ്പെടെ ഒരോ ജോഡികളെയും അതിൽ കയറ്റി രക്ഷപെടുക എന്നും ദൈവം പറയുന്നു. നോഹ ഇതനുസരിക്കുന്നു. 40 രാവും 40 പകലും ഭൂമിയിൽ മഴ പെയ്യുകയും ഭൂമി മുഴുവൻ വെള്ളം കൊണ്ട് നിറയുകയും ചെയ്തു. പെട്ടകം വെള്ളത്തിനു മേലേ ഒഴുകി. 150 ദിവസങ്ങളോളം വെള്ളം ഭൂമിയിൽ നിന്നു. നോഹയുടെ ആർക്ക് ഏഴാം മാസം പതിനേഴാം നാൾ അരാറാത്ത് പർവതത്തിന്റെ ശിഖരത്തിൽ ഉറച്ചു. ഇതാണ് ബൈബിൾ കഥ.
ഇതേ കഥ തന്നെയാണ് ഖുറാനിലും ( 609 CE to 632 CE (abbreviated AD)) പറയുന്നത്.
Qur'an - (Suras 11 and 71)
ബൈബിളിലും ഖുറാനിലും പറയുന്ന ഈ പേമാരിയും വെള്ളപ്പൊക്കവും എങ്ങെനെ ചരിത്രമാകുന്നു എന്ന് നാം സംശയിക്കാം. അന്വേഷിച്ച് ചെല്ലുമ്പോൾ നാം ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ, വിവിധ കൾച്ചറുകളിലെല്ലാംതന്നെ ഒരു ഭീതിതമായ ആഗോള പ്രളയത്തേക്കുറിച്ച് പറയുന്നതായി കാണുന്നു.
ലോകത്തുള്ള ഏകദേശം അഞ്ഞൂറോളം കഥകളിൽ ( പുരാണങ്ങൾ, നാടോടിക്കഥകൾ എന്നിവ ഉൾപ്പെടെ ) പ്രളയം പരാമർശിക്കപ്പെടുന്നു. ബൈബിളിലേയും ഖുറാനിലേയും നോഹയുടെ കഥകളുമായി ഇവയ്ക്കുള്ള ബന്ധം രസകരമാണ്.
ഗിൽഗാമേഷ് ഫ്ലൂഡ് മിത്ത് (Gilgamesh - 1872 AD)
________________________________________
ചരിത്രാതീത കാലത്തെ ബാബിലോണിയൻ മിത്തുകളിൽ പ്രധാനമായ ഒന്നായിരുന്നു ഗിൽഗാമേഷ് ഇതിഹാസം. പൂർവ്വകാല ബാബിലോണിലെ ( ഇന്നത്തെ ഇറാഖ് ) യൂഫ്രട്ടീസ് നദിയുടെ തീരവുമായി ബന്ധപ്പെടുത്തിയാണ് ഗിൽഗാമേഷിന്റെ ഇതിഹാസം രൂപപ്പെട്ടത്.
ഗിൽഗാമെഷിന് ഒരു ദൈവ വെളിപാടുണ്ടാവുകയാണ് - മനുഷ്യകുലത്തെ നശിപ്പിച്ച് കളയാനായി ദൈവം ഒരു പ്രളയം സൃഷ്ട്ടിക്കാൻ പോകുന്നു. ഒരു കപ്പലുണ്ടാക്കി ഗിൽഗാമേഷും കുടുംബവും, അവരുടെ ബന്ധുക്കളും, കന്നുകാലികളും, ധാന്യങ്ങളുമെല്ലാമായി രക്ഷപെടുക. ദൈവത്തിന്റെ ആജ്ഞപ്രകാരം ഗിൽഗാമേഷ് ഒരു ആർക്ക് നിർമ്മിച്ച് അതിൽ യാത്ര തുടങ്ങി. തുടർന്ന് പേമാരിയും അതേത്തുടർന്ന് ഭൂമി മുഴുവൻ സർവ്വ നാശം വിതച്ച പ്രളയവും സംജാതമായി എന്ന് കണ്ടെടുത്ത ചരിത്ര ഫലകങ്ങൾ സൂചിപ്പിക്കുന്നു. ക്രി. മു. 2700 കളിൽ എഴുതപ്പെട്ട ഏറ്റവും പഴക്കം ചെന്ന ഒരു സ്റ്റോറിയായാണ് ഗിൽഗാമേഷ് അറിയപ്പെടുന്നത്.
ഗിൽഗമേഷ് ഇതിഹാസത്തിലെ വെള്ളപ്പൊക്കം ഒരു കെട്ടുകഥയാണ് എന്നും അത് അട്രഹാസിസ് ഇതിഹാസത്തിൽ നിന്ന് കോപ്പി ചെയ്തതാണ് എന്ന് ഒരു വിഭാഗം ചരിത്ര പണ്ടിതർ ആരോപിക്കുന്നുണ്ട്. ടഗ്രീസ് നദിയുമായി ബന്ധപ്പെട്ടുണ്ടായ മഹാ പ്രളയവുമായി ബന്ധപ്പെട്ടുള്ള പുരാണ രേഖയാണ് അട്രഹാസിസ്. Atra-Hasis എന്നാൽ അത്യന്ത ജ്ഞാനം ( exceedingly wise) എന്നാണ് അർഥം.
അട്രഹാസിസ് ഇതിഹാസത്തിലെ പ്രളയം ( Atra - hasis 1635 ബി.സി. )
______________________________________________________
അത്രഹാസിസ് ഇതിഹാസത്തിൽ, ടൈഗ്രീസിലുണ്ടായ ഒരു മഹാ പ്രളയത്തേ തുടർന്ന് ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട ഒരു ഗോത്രവർഗ്ഗ രാജാവ് തന്റെ കുടുംബത്തേയും കൂട്ടി വലിയൊരു വഞ്ചിയിൽ രക്ഷപെടുകയും, ഒടുവിൽ പേർഷ്യൻ ഗൾഫ് മേഖലയിൽ കരയ്ക്ക് അടിയുകയും ചെയ്തു. ഉണങ്ങിയ നിലത്തിറങ്ങിയ ആ ഗോത്രവർഗ്ഗ രാജാവ്, ഒരു യാഗപീഠം പണിത് ഇനിമേൽ അങ്ങനെയൊരു വെള്ളപ്പൊക്കം ഉണ്ടാവാതിരിക്കാൻ വേണ്ടി ബലി അർപ്പിച്ചു എന്നാണ് അട്രഹാസിസിലെ ഒരു ഏട് കാട്ടിത്തരുന്നത്. ( ബൈബിളിൽ നോഹയും യാഗപീഠം പണിയുകയും, ബലി അർപ്പിക്കുകയും ചെയ്തതായി (Genesis 8:20) ) പറയുന്നുണ്ട്.) പ്രാചീന മൊസൊപ്പൊട്ടോമിയയിൽ ഒരു വെള്ളപ്പൊക്കമുണ്ടായതായി ഈ കഥകൾ സമർഥിക്കുന്നതിലൂടെ, അത് സംഭവിച്ചു കഴിഞ്ഞതാണെന്ന് തീർച്ചയായും നമുക്ക് അനുമാനിക്കാം.
ഗ്രീക്ക് ഇതിഹാസത്തിലെ പ്രളയം
__________________________
ഗ്രീക്ക് ഇതിഹാസത്തിലും ഒരു ആഗോള ജലപ്രളയത്തെ ആസ്പദമാക്കി രണ്ടു കഥകൾ പറയപ്പെടുന്നുണ്ട്. ഡിയൂക്ലിസിന്റേയും, സീയുസിന്റേയും കഥകളിലാണവ.
അതിലൊന്ന് ഇങ്ങനെയാണ്:
മനുഷ്യൻ തെറ്റുകൾ തുടർന്നുകൊണ്ടേയിരുന്നു. ക്ഷമ നശിച്ച ദേവൻ ഭൂമിയെ നശിപ്പിക്കാൻ ജലത്തോട് ഉത്തരവിട്ടു. അക്കാലത്തെ ഗ്രീക്ക് രാജാവായിരുന്നു ഭൂമിയിലെ ഏറ്റവും സത്യസന്ധനായ ഡിയൂകാലിയോൺ (Deucalion). മനുഷ്യകുലത്തിന് തീ ദാനം ചെയ്ത പ്രോമിത്യൂസിന്റെ മകനായിരുന്നു ഡിയൂകാലിയോൺ. പ്രളയത്തേക്കുറിച്ച് അറിഞ്ഞ പ്രോമിത്യൂസ്, തന്റെ മകനോട് ഒരു വലിയ തോണി പണിയുവാനും ആത്യന്തിക വിപത്തിൽ നിന്ന് രക്ഷപെടുവാനും നിർദേശിച്ചു. പേമാരി ആരംഭിച്ചു. 9 രാവും 9 പകലും പേമാരിയുണ്ടായി. ഒടുവിൽ തോണി മധ്യഗ്രീസിലെ പർനാസിസ് പർവതത്തിന്റെ (Mount Parnassus), ശിഖരത്തിൽ ഉറച്ചു. മഹാപ്രളയത്തിൽ ഭൂമുഖത്തെ സർവ്വരും മുങ്ങിമരിച്ചു. അതിൽ നിന്ന് രക്ഷപെട്ട രണ്ടേ രണ്ടു പേർ ഡിയൂകാലിയോൺ രാജാവും, രാജാവിന്റെ പത്നി പിർഹായും (Pyrrha) മാത്രമായിരുന്നു.
ഇൻഡ്യൻ മിത്തുകളിലെ പ്രളയം
___________________________
മത്സ്യ പുരാണ ( 250-500 എ.ഡി. )
മഹാവിഷ്ണു ഭൂമുഖത്തെ ഒരു രാജാവായിരുന്ന മനുവിനോട് പറയുകയാണ് ഒരു വലിയ ജലപ്രളയം ആസന്നമായിരിക്കുന്നു, സമ്പാദ്യമെല്ലാം എടുത്ത് ഒരു വഞ്ചിയിൽ രക്ഷപെട്ടുകൊള്ളുക എന്ന്. മനുവും കുടുംബവും പണ്ടിത ശ്രേഷ്ഠരായ നവരത്നങ്ങളും അടക്കം അവർ ഒരു വഞ്ചിയിൽ യാത്ര തുടങ്ങി.
(ചില കഥകളിൽ മനുവിന്റെ വഞ്ചിയിൽ സകല ജീവജാലങ്ങളും കയറിയതായും പറയുന്നു.) പ്രളയം ആരംഭിച്ചു. ഒടുവിൽ മഹാവിഷ്ണു മത്യാവതാരം എടുക്കുകയും മനുവിനേയും കൂട്ടരേയും രക്ഷിക്കുകയും ചെയ്തു എന്നാണ് മത്സ്യ പുരാണത്തിൽ നാം വായിക്കുന്നത്.
ഇൻഡ്യൻ ദ്വീപസമൂഹങ്ങളായ ആൻഡമാൻ നിക്കോബാറിലെ ഗോത്ര വർഗ്ഗക്കാർക്കിടയിൽ പ്രചരിക്കുന്ന സമാനമായൊരു പ്രളയ കഥയുണ്ട്. ഗോത്രവർഗ്ഗ ദൈവമായ പുലുഗ( Puluga) തന്നെ ധിക്കരിച്ച ജനത്തിന്മേൽ ഒരു പ്രളയം ചൊരിഞ്ഞു. രണ്ടു സ്ത്രീകളും രണ്ടു പുരുഷൻമ്മാരുമുൾപ്പെടെ നാലുപേർ മാത്രം രക്ഷപെട്ടു എന്നാണീ കഥ.
സുമേറിയൻ ഇതിഹാസത്തിലെ പ്രളയം (1600 ബിസി)
___________________________________________
സുമേറിയൻ മിത്തായ Eridu Genesis നേക്കുറിച്ച് പഠിച്ചവരിൽ പ്രമുഖനാണ് ചരിത്രകാരനായ Thorkild Jacobsen. സുമേറിയൻ സംസ്കാരത്തിന്റെ ഭാഗമായ നിപ്പൂർ (Nippur) നഗരത്തിൽ നിന്നും കണ്ടെത്തിയ ഫലക ത്തെ അദ്ദേഹം നിർവചിച്ചത് ഇങ്ങനെയാണ്. എൻലിൽ, എൻകി ( Enlil, Enki ) എന്നീ ദൈവങ്ങൾ ഒരു പ്രളയത്തിൽ നിന്ന് മനുഷ്യനെ രക്ഷിക്കാനായി ഒരു ആർക്ക് (പെട്ടകം) നിർമ്മിക്കാൻ ജനങ്ങളോട് നിർദേശിക്കുന്നു. തുടർന്ന് വൻ പേമാരിയും പ്രളയവും സംജാതമാകുന്നു. ഏഴു രാവും ഏഴു പകലും മഴ പെയ്തു. ഒടുവിൽ ആർക്കിനുള്ളിൽ അഭയം പ്രാപിച്ചവർ മാത്രം രക്ഷപെട്ടു. മറ്റുള്ളതെല്ലാം നശിച്ചു.
ആഫ്രിക്കൻ ഇതിഹാസത്തിലെ പ്രളയം
________________________________
നിരവധി ആഫ്രിക്കൻ മിത്തുകളിൽ പ്രളയം പരാമർശിക്കപ്പെടുന്നുണ്ട്.
സൗത്ത് ആഫ്രിക്ക , നമീബിയ, ബോട്സ്വാന തുടങ്ങിയ ആഫ്രിക്കൻ രാജ്യങ്ങളിലെ നാമാ ജനവിഭാഗം (Nama people, an African ethnic group of South Africa, Namibia and Botswana) ഇതേ പ്രളയ കഥ പറയുന്നുണ്ട്.
The Kwaya, Mbuti, Maasai, Mandin, and Yoruba എന്നീ വംശങ്ങളുടെ കഥകളിലാണ് പ്രധാനമായും പ്രളയ കഥയുള്ളത്.
അതിൽ മാസൈ (Maasai) മിത്ത് ഇങ്ങനെയാണ്:-
ഒരിക്കൽ ഒരു പ്രളയം വന്നുതുടങ്ങി. നദികൾ നിറഞ്ഞു. തിരഞ്ഞെടുക്കപ്പെട്ട രണ്ടു പേരോട് ദൈവം ഉത്തരവിട്ടു. വിത്തുകളും മൃഗങ്ങളുമായി ഒരു തോണിയിൽ കയറി രക്ഷപെടുക. ഒടുവിൽ വെള്ളം പർവ്വതങ്ങളെ കവിഞ്ഞു. ഒരുനാൾ വെള്ളം വറ്റിയപ്പോൾ അതറിയാനായി പ്രാവിനെ പറത്തി വിട്ടു. പ്രാവ് തിരികെ വന്നു. തുടർന്ന് പരുന്തിനെ വിട്ടു. അത് വന്നില്ല. അപ്പോൾ തോണിയിലുണ്ടായിരുന്നവർ കര കാണപ്പെട്ടിരിക്കുന്നു എന്ന് അനുമാനിച്ച് അവിടെ ഇറങ്ങി.
അയർലന്റ്, നോർവേ, ഫിൻലാന്റ് എന്നിവിടങ്ങളിലെ നാടോടി കഥകളിൽ ഒരു പ്രളയ കഥ ചിത്രീകരിക്കപ്പെട്ടിട്ടുണ്ട്. ചരിത്രാതീത ചൈനീസ് മിതോളജിയിലെ നുവ (Nüwa) എന്ന ദേവതയുടെ കഥയും ഇതേ പോലെയൊരു പ്രളയവുമായി ബന്ധപ്പെട്ടതാണ്. മലേഷ്യയിലെ തിമുവാൻ (Temuan) ഗോത്ര കഥയിൽ ദൈവം സർവ്വ തിമുവാൻ വംശത്തേയും ഒരു പ്രളയം കൊണ്ടു നശിപ്പിച്ചതായും, അവരിൽ നിന്ന് രണ്ടുപേരെ മാത്രം രക്ഷപെടുത്തിയതായും പറയുന്നുണ്ട്.
എന്തുകൊണ്ട് ഒരു പ്രാദേശിക മഹാപ്രളയം സാധ്യമാകുന്നു?
_____________________________________________
ഇത്തരം ഒരു ഗ്ലോബൽ ഫ്ലൂഡ് ഉണ്ടായതിനെ സമർഥിക്കുന്ന സയന്റിഫിക്ക് എവിഡൻസുകളൊന്നും തന്നെയില്ല. ഭൂമിശാസ്ത്രപരമായ തെളിവുകൾ ലോകമാകമാനമുള്ള ഒരു പ്രളയത്തെ സാധൂകരിക്കുന്നുമില്ല. എന്നാൽ വിവിധ സംസ്കാരങ്ങളിൽ പരാമർശിക്കപ്പെടുന്ന പ്രളയത്തെക്കുറിച്ച് സയൻസ് എന്താണ് പറയുന്നത്?
സയന്റിസ്റ്റുകൾ സമർഥിക്കുന്നത് ഒരു പ്രാദേശിക ജല പ്രളയം ഈ വിധത്തിൽ പ്രചരിക്കപ്പെട്ടിരിക്കാം എന്നാണ്. ഉദാഹരണമായി, ബൈബിൾ, ഖുറാൻ, ഗിൽഗാമേഷ്, അട്രഹാസിസ്, സുമേറിയൻ ഇതിഹാസം എന്നിവയിൽ പരാമർശിക്കപ്പെടുന്ന പ്രളയം പ്രാചീന മെസപ്പൊട്ടോമിയയോ പരിസരങ്ങളോ ആയി ബന്ധപ്പെട്ടതാണ്. നദികളായ യൂഫ്രട്ടീസും ടൈഗ്രീസും മെസപ്പൊട്ടോമിയയുടെ ഭാഗങ്ങളായിരുന്നു ( ഇന്നത്തെ ഇറാഖ്.) മൊസോപ്പൊട്ടോമിയയിൽ വീശുന്ന് കാറ്റ് മെഡിറ്റനേറിയൻ സീയിൽ നിന്നാണ് വന്നിരുന്നത്. ഇത് ഗൾഫിന്റേയും പേർഷ്യയുടേയും ഭാഗമായ സിറിയ തുർക്കി ഇറാൻ തുടങ്ങിയ ഇടങ്ങളിലെ പർവതങ്ങൾ കടന്ന് ഗൾഫ് അവസാനിക്കുന്ന ഒമാൻ വരെ വീശുന്നു. പ്രാചീന കാലത്ത് ഈ പ്രദേശങ്ങളിലുണ്ടായ മഴയുടെ ദൈർഖ്യം മൂലം അവിടെ വലിയ പ്രളയങ്ങൾ ഉണ്ടായിട്ടുണ്ടാവാം.
സമാനമായ വലിയ പ്രാദേശിക വെള്ളപ്പൊക്കങ്ങൾ ലോകമെമ്പാടുമുള്ള ചരിത്രത്തിലുടനീളം സാധാരണമാണ് . ഉദാഹരണത്തിന്, നിലവിൽ - ബംഗ്ലാദേശിൽ, മൺസൂൺ വീശുന്നത് രാജ്യത്താകമാനമായാണ്. ആയിരക്കണക്കിനാളുകൾ അതു മൂലം മരിക്കുന്നു. ഒരോ രാജ്യങ്ങൾക്കും സ്ഥലത്തിനും ബംഗ്ലാദേശിനേപ്പോലെ ഒരു വെള്ളപ്പൊക്ക കഥ പറയാനുണ്ടാവും. ഉത്തരാഖണ്ടിലെ സമീപകാല പ്രളയം ഓർക്കുക. നിരവധിയാളുകളാണ് അതിൽ മരണമടഞ്ഞത്.
ഇത്തരം പലയിടങ്ങളിൽ പല കാലത്തുണ്ടായ പ്രളയങ്ങളെ, മറ്റൊരിടത്തു നിന്നും വാഗ്മൊഴിയാൽ കേട്ട കേവല കഥകളുമായി കോർത്തിണക്കി - ദൈവീകത നിറഞ്ഞ - ഒരു ക്ലൈമാക്സോടു കൂടി രേഖപ്പെടുത്തിയതാവാം ഒരു പക്ഷേ ഈ മിത്തുകളിലെ പ്രളയ കഥകൾ. അതുകൊണ്ടാവാം എല്ലാ കഥകളിലും രണ്ടോ അല്ലെങ്കിൽ ചുരുക്കം പേരോ രക്ഷപെട്ടു എന്ന യാദൃശ്ചികത ഉടലെടുത്തത്.
______________________________
നോട്ട് ചെയ്യേണ്ടവ:-
* ഒരു ആഗോള വെള്ളപ്പൊക്കത്തിന് ഇതുവരെ ശാസ്ത്രീയമായ തെളിവുകൾ ഇല്ല.
യൂസേബിയസിന്റെ കാലം മുതൽ ( c.275-339 AD), ഇന്നു വരെ നോഹയുടെ പെട്ടകം സെർച്ച് ചെയ്തു കൊണ്ടിരിക്കുന്നു.പല പര്യവേഷണങ്ങൾക്ക് ശേഷവും പെട്ടകം ലഭിച്ചിട്ടില്ല.
*ബാബിലോണിയൻ മിത്തുകളിലെല്ലാം പരാമർശിക്കപ്പെടുന്ന പ്രളയം Ziusudra ഇതിഹാസത്തിലാണ് ആദ്യമായി കാണപ്പെട്ടതെന്നും, അതിന്റെ വക ഭേദങ്ങളാണ് തുടർന്ന് കേൾക്കുന്ന എല്ലാ പ്രളയ പുരാണങ്ങളെന്നും ചരിത്രകാരൻമ്മാർ പറയപ്പെടുന്നു.
*അബ്രഹാമ്യ, ഇൻഡ്യൻ പാരമ്പര്യങ്ങൾ കൂട്ടിച്ചേർത്ത് 19 ആം നൂറ്റാണ്ടിൽ പേർഷ്യയിൽ ഉടലെടുത്ത വിശ്വാസമാണ് ബഹായി വിശ്വാസം (Bahá'í Faith). ബഹായി വിശ്വാസപ്രകാരം നോഹയും പെട്ടകവും പ്രളയവും ഒരു സിംബോളിക് കൺസെപ്റ്റ് ആയാണ് പറയുന്നത്. ദൈവത്തെ അനുസരിക്കുന്നവരും, ദൈവ നിഷേധികളും എന്നാണ് കൺസെപ്റ്റ്. ദൈവ നിഷേധികൾ നശിച്ചു പോയി (പെട്ടകത്തെ സ്പിരിച്വലീയാണ് ഇവിടെ കാണുന്നത്) എന്ന് പര്യവസാനം.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ