തിങ്കളാഴ്‌ച, ഏപ്രിൽ 30, 2018

നിർത്തി വെയ്ക്കപ്പെട്ട യുദ്ധത്തിൽ ഫുട്ബോൾ തിരയുന്ന സാദ്ധ്യതകൾ

 ലോക ചരിത്രത്തെ മാറ്റി മറിച്ച ഒരു മഹായുദ്ധത്തിന് ഒരു ഇടവേള സംജാതമാകുക, ഈ ഇടവേളയില്‍ പരസ്പരം പോരടിച്ചിരുന്ന സൈനികർ തമ്മിൽ സ്നേഹവും സൗഹൃദവും പങ്കു വെക്കുക, അതിനേ തുടർന്ന് ഒരു സൗഹൃദ ഫുട്ബോൾ മത്സരം നടത്തുക എന്നത്, ഇന്ന് ചിന്തിയ്ക്കുമ്പോൾ അസംഭവ്യമെന്ന് തോന്നും. എന്നാൽ ചരിത്രം അങ്ങനെയാണ്. ക്രൂരതയുടെ മുഖപ്പുകളും മാനവ സ്നേഹത്തിന്റെ ഉദാത്തമായ പ്രതീകങ്ങളും ഒരേ പോലെ ചരിത്രത്തിന്റെ ഉള്ളറകളിൽ കെട്ടു പിണഞ്ഞു കിടക്കുന്നു.
ഒന്നാം ലോക മഹായുദ്ധം ചരിത്രത്തെ അതിനു മുൻപെന്നും പിൻപെന്നുമുള്ള രണ്ട് താളുകളായി ഇഴപിരിച്ചു നിർത്തുന്നു. പിൽക്കാലത്ത് ഒട്ടനവധി രാഷ്ട്രീയ സാമൂഹിക സൈദ്ധാന്തിക മാറ്റങ്ങൾക്ക് വഴി തെളിയ്ക്കുകയുണ്ടായി ചരിത്രത്തിന്റെ ഏറ്റവും ഭീകരത ഉൾക്കൊള്ളുന്ന ഒന്നാം മഹായുദ്ധം. 1914 ജൂലൈ മാസത്തിലാണ് ലോകം രണ്ട് തട്ടിലായി യുദ്ധം തുടങ്ങിയത്. ബ്രിട്ടൺ, ഫ്രാൻസ്, റഷ്യ, ഇറ്റലി, അമേരിക്ക എന്നീ രാജ്യങ്ങൾ സഖ്യ ശക്തികൾ എന്ന പേരിൽ ഒരറ്റത്തും, ജർമ്മനി, ഓസ്ട്രിയ-ഹംഗറി, ബൾഗേറിയ, ഓട്ടോമൻ സാമ്രാജ്യം എന്നിവർ കേന്ദ്രീയ ശക്തികൾ എന്ന പേരിൽ മറുപക്ഷത്തും അണി നിരന്നു. അന്നോളം ഉണ്ടായ യുദ്ധ ചരിത്രങ്ങളെയെല്ലാം ഈ യുദ്ധം വളരെ പിന്നിലാക്കി.ജന സംഖ്യയുടെ ഒരു ഭാഗം ഭൂമുഖത്തു നിന്നും തുടച്ചു നീക്കപ്പെട്ടു. ഒപ്പം പുതിയ സാമ്രാജ്യത്വ രൂപവത്കരണത്തിനും രണ്ടാം ലോക മഹായുദ്ധത്തിന്റെ ശിലാവത്കരണത്തിനുമുള്ള റിഹേഴ്സൽ കൂടിയായി മാറി യുദ്ധം. അങ്ങനെയുള്ളൊരു യുദ്ധമാണ് നിർത്തി വെക്കപ്പെട്ടത്. അധികാരത്തിന്റെ ആജ്ഞാ ശക്തിയ്ക്കെതിരേ താഴേത്തട്ടിൽ നിന്ന് അപ്രതീക്ഷിതമായുണ്ടായ ഒരു സൗമ്യമായ പ്രതികരണമായിരുന്നു അത്. ക്രിസ്മസ് ട്രൂസ് (Christmas Truce) എന്നറിയപ്പെടുന്ന ചരിത്രത്തിലെ മഹത്തായ ഒരു മുഹൂർത്തം.
തത്‌ക്കാലയുദ്ധവിരാമം (CHRISTMAS TRUCE)
___________________________________________
അതൊരു ക്രിസ്മസ് രാവായിരുന്നു.
ബ്രിട്ടീഷ് ക്യാമ്പ് ആക്രമണ പ്രത്യാക്രമണങ്ങളാൽ ആടിയുലഞ്ഞ ദിനങ്ങളായിരുന്നു കഴിഞ്ഞു പോയത്. കുറച്ചപ്പുറത്ത് ജർമൻ സൈനികരുണ്ട്. കഴിഞ്ഞ അഞ്ചു മാസങ്ങളായി സൈനികരെല്ലാം തമ്മിൽ നിരന്തര പോരാട്ടങ്ങളിലാണ്. വീട്ടിലേക്ക് ഒന്ന് തിരികെ പോകാൻ സൈനികർ അദമ്യമായി ആഗ്രഹിച്ചിരുന്നു. തങ്ങളുടെ പ്രീയപ്പെട്ടവരുടെ മുഖം ഒന്ന് കാണാനും, സ്വസ്ഥത എന്തെന്ന് അനുഭവിക്കാനും സൈനികർ മനസ്സാലെ ആഗ്രഹിച്ചു തുടങ്ങിയിരുന്നു അന്ന്.
രാത്രി വൈകിയപ്പോൾ
തങ്ങളുടെ ട്രെഞ്ചുകളിൽ ക്ഷീണിതരായി വിശ്രമിക്കുകയായിരുന്ന ബ്രിട്ടീഷ് സൈനികർ പെട്ടന്നാണ് ഒരു കരോൾ ഗാനം കേൾക്കുന്നത്. അത് സംഘശബ്ദമായും ഇമ്പമായും ബ്രിട്ടീഷ് ട്രെഞ്ചുകൾക്ക് മീതേ ഒഴുകി വന്നു.
ജർമൻ സൈനികരുടെ ട്രൂപ്പുകളിൽ നിന്നായിരുന്നു അവ മുഴങ്ങിക്കേട്ടത്. കാര്യമറിയാൻ തങ്ങളുടെ ട്രെഞ്ചുകളിൽ നിന്ന് പുറത്തേക്കിറങ്ങിയ ബ്രിട്ടീഷ് സൈനികരെ എതിരേറ്റത് ജർമൻ സൈനികരുടെ കരോൾ ഗാനങ്ങളും അവരുടെ കൈകളിലെ മെഴുകുതിരി നാളങ്ങളുമായിരുന്നു. ഒപ്പം ക്രിസ്മസ് ട്രീകളും, അവയ്ക്ക് അരികിൽ നിന്ന് പരസ്പരം ഉപഹാരങ്ങൾ കൈമാറുന്ന ജർമൻ സൈനികരും ബ്രിട്ടീഷ് ബെറ്റാലിയന് അദ്ഭുതമായി.
യുദ്ധമുഖത്തെ ശത്രുതയും അശാന്തിയും ആകുലതകളും പെട്ടന്നൊരു നിമിഷത്തിൽ മാറ്റി പ്രതിഷ്ഠിക്കപ്പെടുകയാണ്.
എതിരാളികൾ പ്രചോദനവും പ്രതീക്ഷയും നൽകുകയാണ്.
കരോൾ ഗാനങ്ങൾ പതിയെ ബ്രിട്ടീഷ് ഭടൻമ്മാരുടെ നാവുകളിലേക്കും പരന്നു.
ആ രാത്രി അന്നു വരെയുള്ള കഠിന ദിനങ്ങൾക്ക് മേലേ സമാധാനത്തിന്റേയും സ്നേഹത്തിന്റേയും സൗഹൃദത്തിന്റേയും അന്തരീക്ഷം സംജാതമാക്കി. അധികാര വർഗ്ഗം തരിമ്പും വിട്ടുവീഴ്ച്ച കാട്ടാതെ പോരാട്ട വേദി വിപുലപ്പെടുത്തിക്കൊണ്ടിരിക്കുമ്പോൾ, താഴെ തട്ടിൽ പരസ്പരം കൊന്നും മരിച്ചും കഴിയാൻ ആകസ്മികമായി വിധിക്കപ്പെട്ട സൈനീക സംഘങ്ങൾ, പ്രതീക്ഷയുടെ സമാധാനത്തിന്റെ ഒരു പ്രഭാതം സ്വപ്നം കണ്ട് ഇമ്പമായി പാടിക്കൊണ്ടിരിയ്ക്കുകയായിരുന്നു.
അടുത്ത ദിവസം പ്രഭാതത്തിൽ ബ്രിട്ടീഷ്, ജർമൻ സൈനികർ പരസ്പരം ഹസ്തദാനം നടത്തുകയും തങ്ങളുടെ ട്രെഞ്ചുകളിൽ തങ്ങൾ വിലപിടിച്ചതായി കരുതുന്നവ എതിരാളികൾക്ക് ക്രിസ്മസ് സമ്മാനങ്ങളായി കൈമാറുകയും, ഫോട്ടോഗ്രാഫുകൾ എടുക്കുകയും ചെയ്തു. അന്നേദിനം അവർ കൈ കോർത്ത് ട്രെഞ്ചുകളുടെ അറ്റകുറ്റപ്പണികൾ നടത്തുകയും, മരണപ്പെട്ടവരുടെ വിറങ്ങലിച്ച ശരീരങ്ങൾ മറവു ചെയ്യുകയും, ചെയ്തു.
തുടർന്ന് ബ്രിട്ടീഷ്, ജർമൻ ബെറ്റാലിയനുകൾ തമ്മിൽ ഒരു സൗഹൃദ കാൽപ്പന്തു കളിയ്ക്ക് ആ പോരാട്ട ഭൂമി വേദിയായി. പീരങ്കികളും ബയണറ്റുകളും തീ തുപ്പിയ, കഴുകൻമ്മാർ ശവങ്ങൾ കൊത്തി വലിച്ചിരുന്ന യുദ്ധ മുഖം ഒരു മഹത്തായ കായിക മത്സരത്തിന്റെ മൈതാനമായി രൂപാന്തരം പ്രാപിച്ചു. ബ്രിട്ടീഷ് സൈന്യത്തിന്റെ ഒന്നാം ബെറ്റാലിയനും, ജർമൻ സൈന്യത്തിന്റെ 371 ആം ബെറ്റാലിയനും തമ്മിലായിരുന്നു മത്സരം.
കാൽ പന്തു കളിയ്ക്ക് എന്നും മാനവ സമൂഹത്തെ ഒന്നിപ്പിക്കുന്നതിൽ ഒരു പ്രത്യേക വിരുതുണ്ട്. രണ്ടു ശത്രു രാജ്യങ്ങൾ തമ്മിൽ ഒരു മഹായുദ്ധ വേദിയിൽ പരസ്പരം സൗഹൃദ മത്സരം നടത്തുന്നത് ചരിത്രത്തിലെ അപൂർവ്വതകളിലൊന്നും,സാഹചര്യത്തിന്റെ കഠിനത അനുസരിച്ച് അത്യുദാത്തവും ആയിരുന്നു.
ആ ഫുട്ബോൾ മാച്ചിൽ, ജർമനി 2 - 1 എന്ന സ്കോറിൽ ബ്രിട്ടീഷ് ഭടൻമ്മാർക്കെതിരേ വിജയിച്ചു. ഇവിടെ വിജയം പരാജയം എന്നതിനേക്കാൾ മഹത്തരമാകുന്നത് ആ കളിയുടെ സവിശേഷതയാണ്.
പക്ഷേ ഈ താൽക്കാലിക യുദ്ധ വിരാമം യുദ്ധത്തിന്റെ എല്ലാ മേഖലയിലും, പ്രത്യേകിച്ച് പാശ്ചാത്യ സഖ്യങ്ങൾക്കിടയിലേക്ക് കടന്നു ചെന്നില്ല. മറ്റ് പ്രദേശങ്ങളിൽ ക്രിസ്മസ് ദിനത്തിലും യുദ്ധം നടന്നുകൊണ്ടിരുന്നു. സഖ്യങ്ങളുടെ കേന്ദ്ര സ്ഥാനത്തുള്ളവർ ഒറ്റപ്പെട്ട ഈ യുദ്ധവിരാമം യുദ്ധത്തിനു തുരങ്കം വെക്കുന്നതായി ഭയപ്പെടുകയും, അവരതിനെ കഠിനമായി എതിർക്കുകയും ചെയ്തു. എന്നു മാത്രമല്ല ഇത്തരം യുദ്ധ വിരാമങ്ങളും സൗഹൃദ കൂട്ടായ്മകളും തുടർന്ന് ഉണ്ടാവാതിരിക്കാൻ മേലധികാരികൾ മുൻകരുതൽ എടുക്കുകയും ചെയ്തു.
യുദ്ധ ഭൂമിയിൽ എല്ലാ പ്രതിസന്ധികളുടേയും മദ്ധ്യത്തിൽ തീവ്രമായ അനുഭവങ്ങളിലൂടെ കടന്നു പോയിരുന്ന സൈനികർക്ക് വീടുകളിലേക്ക് മടങ്ങി പോകാനുള്ള ശ്രമത്തിന്റെ ഭാഗം കൂടിയായിരുന്നു ഈ താൽക്കാലിക യുദ്ധ വിരാമം. അന്ന് അവർ പരസ്പരം ആശംസകൾ കൈ മാറുമ്പോൾ, ഉപഹാരങ്ങൾ നൽകുമ്പോൾ, പന്തു തട്ടുമ്പോൾ ഒരിക്കലും ചിന്തിച്ചിരുന്നില്ല, തുടർന്ന് നാലു വർഷത്തോളം ഈ യുദ്ധം നീണ്ടു പോകുമെന്ന് . ഫുട്ബോൾ പോലെ ഒരു മഹത്തായ കളി കൊണ്ട് അവർക്ക് അതിനെ മറികടക്കാൻ ആവുമായിരുന്നില്ല.
ക്യാപ്ടൻ ജോൺ ല്യൂവിന്റെ കത്ത്
________________________________
1914 ലെ യുദ്ധ മുഖത്തു നിന്നും ബ്രിട്ടീഷ് ക്യാപ്ടനായ ജോൺ ല്യൂ തന്റെ പ്രണയിനിയായ ലോണയ്ക്ക് എഴുതിയ ഒരു കത്തിൽ നിന്നുമാണ് ലോകം ഈ വിസ്മയകരമായ സംഭത്തെക്കുറിച്ച് അറിയുന്നത്. രണ്ടാം മഹായുദ്ധത്തിനും ശേഷം കാലങ്ങൾക്കിപ്പുറം, സൈനീക ചരിത്രകാരനായ പോൾ ലീഡർ (Paul Leader) തന്റെ ഒരു സുഹൃത്തിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തതായിരുന്നു ഈ കത്ത്. ക്യാപ്ടൻ ല്യൂ വിരഹവും, വേദനയും, ആശങ്കകളും ചാലിച്ചെഴുതിയ കത്തിലെ സന്തോഷം നിറയുന്ന പരാമർശങ്ങൾ ചരിത്രം അവശേഷിപ്പിച്ച് പോയ ഒരു സുന്ദര ദിനത്തിന്റെ നേർ രേഖയായി ആധൂനിക ലോകം പങ്കു വെച്ചു.
തലേദിവസം വരെ പരസ്പരം കൊല്ലാൻ ശ്രമിച്ചുകൊണ്ടിരുന്ന സൈനീകർ ഒന്നിച്ച് ഒരു കാൽപന്തുകളി നടത്തിയതിന്റെ അവിസ്മരണീയത ആ കത്തിലുണ്ട്. Nothing other than Extraordinary എന്നാണ് ഈ ദിവസത്തേക്കുറിച്ച് ജോൺ ല്യൂ തന്റെ പ്രീയപ്പെട്ടവളോട് പറയുന്നത്.
ലണ്ടനിലെ ഒരു മ്യൂസിയത്തിൽ പോൾ ലീഡർ ഈ കത്ത് പ്രദർശിപ്പിക്കുകയുണ്ടായി.തന്റെ ജീവിതത്തിൽ സംഭവിച്ചവയിൽ വെച്ച് മറ്റെന്തിനേക്കാളും മഹത്തരമായ ഒരു ദിനമാണ് കഴിഞ്ഞു പോയത് എന്ന് ക്യാപ്ടൻ ല്യൂ ആ കടലാസിൽ എഴുതി. ക്യാപ്റ്റൻ ല്യൂ പിന്നീട് യുദ്ധം അതിജീവിച്ചോ എന്നത് ചരിത്രത്തിന്റെ ഇരുണ്ട സമസ്യയായി ഇന്നും നിലനിൽക്കുന്നു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ