തിങ്കളാഴ്‌ച, ഏപ്രിൽ 30, 2018

ലോർഡ് റീത്ത

ലോർഡ് റീത്ത ബ്രിട്ടൺ ഭരിച്ചിരുന്ന കാലം.
സുന്ദരി, അലോക ലാവണ്യവതി, സർവം പ്രഭ, ലോക രാജ്യങ്ങളുടെ ആദരവും ഭയവും പിടിച്ച് പറ്റുന്ന രാഷ്ട്ര തന്ത്രജ്ഞ. സർവ്വോപരി, സുരലോക പരിമള വിളുംബിത.

ബഹുമാന്യ ബ്രിട്ടീഷ് വനിതകൾക്ക് പാരമ്പര്യമായി കൽപ്പിച്ച് പോന്ന ലേഡി എന്ന സംബോധനയോട് ലോർഡ് റീത്തയ്ക്ക് പരമപുശ്ച്ചമായിരുന്നു. താവഴിയും തരവഴിയും ലഭിച്ച അധികാരക്കസേരയിൽ ഹൃതോൽപ്പിത നിതംബം ആദ്യമായി അമർന്ന നിമിഷം തന്നെ രാജ്ഞി റീത്ത ഗസറ്റു വഴി വിജ്ഞാപനം പുറപ്പെടുവിച്ചു.
ഇനിയുള്ള കാലം, ഈയുള്ളവളാണ് ബ്രിട്ടന്റെ ഭരണാധികാരി.
ആയതിനാൽ ലേഡി കൂഡി തുടങ്ങിയ സ്ത്രീലിംഗപരമായ കേവല സംബോധനകൾ വേണമെന്നില്ല. മേലാൽ ബ്രിട്ടന്റെ സംബോധന ലോർഡ് റീത്ത എന്ന പുല്ലിംഗത്തിൽ ആയിരിക്കട്ടെ.... അയാം ദി സ്റ്റേറ്റ്!

ഗസറ്റ് വിജ്ഞാപനത്തോടെ ലേഡി റീത്ത വിഖ്യാതയായ ലോർഡ് റീത്തയായി പരിണമിച്ചു. ഭക്ഷണം, ബ്യൂട്ടി പാർലർ, ഇവരണ്ടും ലോർഡ് റീത്തയ്ക്ക് സന്ധിയില്ലാ സമരങ്ങളായിരുന്നു. പിസാ കോർണറുകളിൽ രാജ്ഞിയുടെ അംഗ രക്ഷകർ ട്രാഫിക് ബ്ലോക്കുണ്ടാക്കുന്നത് ബ്രിട്ടനിലെ പതിവായി.

അക്കാലത്ത് ലോർഡ് റീത്തയ്ക്ക് അതികലശലായ ഒരു അലംകൃതാഗ്രഹം ഉടലെടുത്തു.
ഇൻഡ്യൻ കോഫീ ഹൗസിൽ പോയി ഒരു മസാല ദോശ കഴിയ്ക്കണം...

വിവരമറിഞ്ഞ് റാണിയുടെ പിതാമഹൻ റോൾഡ് ഗോൾഡ് ലോർഡ് ഓൾഡ് മങ്ക് ആപാദചൂഡം ഞെട്ടി.

റാണി എന്ത് അസംബന്ധമാണ് ടോക്കുന്നത്? നാം ചരിത്രാതീത കാലം മുതൽക്ക് അടിമകളാക്കി വെച്ചിരുന്ന പീറ ഇൻഡ്യയിൽ പോകുകയോ? അതും, അവിടുത്തെ തരം താഴ്ന്ന ഇൻഡ്യൻ കാപ്പീ ഹൗസിൽ?
മകളേ നിനക്കെന്തു പറ്റി?
അമേരിക്കയിൽ പോയി ചിക്കൻ ബക്കാർഡി കഴിയ്ക്കുന്നത് പിന്നേം അന്തസ്സ്....

പിതാമഹന് അറിയാമല്ലോ, പുറത്ത് പോയി ഭക്ഷണം കഴിയ്ക്കുന്നത് എന്റെ ഒരു വീക്ക്നെസ്സാണെന്ന്. അമേരിക്കയിൽ പോകാനുള്ള വകുപ്പിപ്പോ പേഴ്സിലില്ല. മന്തെന്റ് വന്നാൽ കയ്യിൽ കാശ് കാണുകേല...

ഏത് മന്തന്റെ കയ്യിലാണ് കാശ് കാണാത്തത്?
ഈ പിതാമഹൻ തരാമെടീ കാശ്? നിനക്കെത്ര വേണം, പറ...

മന്തന്റെയല്ല പിതാമഹാ. മന്ത് എന്റ്. മാസാവസാനം.
വീക്കെന്റ്, ഇയറെന്റ് എന്നൊക്കെ പോലെ...

ട്രഷറീന്നെടുക്കണം.ട്രഷറി പിന്നാർക്ക് വേണ്ടി ഉണ്ടാക്കിയിട്ടേക്കുവാന്നാ നിന്റെ വിചാരം?

ട്രഷറീലെ കാശെടുത്തല്ലേ പിതാമഹാ കഴിഞ്ഞ മാസം ഞാൻ ക്രഷറ് വാങ്ങിയത്. ഖജനാവും കാലിയാകാറായി. പ്രജകള് കോന്തൻമ്മാര് നികുതിയടയ്ക്കാറുണ്ടോ എന്നുപോലും ഞാൻ സംശയിക്കുന്നു. മാസങ്ങളായി ഞാനൊരു കാപ്പച്ചീനോ കുടിച്ചിട്ട്...

കാപ്പച്ചീനോ കുടിച്ച് ടൈം കളയാതെ നീ കത്തോലിക്കാ പള്ളീലെ എതേലും കപ്പൂച്ചിനെ പോയൊന്ന് കാണ് മോളേ. മനസ് ഒന്ന് തെളിയട്ടെ...

അതെല്ലാം പിന്നെ ആലോചിക്കാം. എനിക്കിപ്പോ ഇൻഡ്യയിലേക്ക് പോകണം. ഇൻഡ്യൻ കോഫീ ഹൗസിൽ കയറണം. മസാല ദോശ കഴിക്കണം. പിതാമഹൻജി അതിനുള്ള പണം തരണം...

പിതാമഹൻ റോൾഡ് ഗോൾഡ് ലോർഡ് ഓൾഡ് മങ്ക് ഗതകാല സ്മരണകൾ അയവിറക്കി.
നിന്റെ അമ്മയും ഇതേപോലെ പിടിവാശിക്കാരിയായിരുന്നു. അവളൊരുത്തി കാരണമാ ഇൻഡ്യയെ നമുക്ക് ഇൻഡ്യക്കാർക്ക് തന്നെ വിട്ടു കൊടുക്കേണ്ടി വന്നത്.

മമ്മിയെ എന്തിന് കുറ്റം പറയണം. ഡാഡിയ്ക്ക് കെൽപ്പില്ലാഞ്ഞിട്ടാണ് മമ്മി നെഹ്രുവിന്റെ കൂടെ കൂടിയത്.

എടീ, എന്റെ കെൽപ്പില്ലായ്മ്മയൊന്നുമല്ല കാരണം. ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല ആ നെഹ്റു പണി പറ്റിയ്ക്കുമെന്ന്. അയാളെ ഞാൻ വിശ്വസിച്ചു. കുട്ടികളുടെ ചാച്ചാജി എന്നല്ലാരുന്നോ പേര്...

കുട്ടികളുടെ ചാച്ചാജി എന്ത് ചെയ്തെന്നാണ്?

നിന്റെ മമ്മിയെ കറക്കിയെടുത്തു. കുട്ടികള് കാണിക്കുന്ന പരിപാടിയൊന്നുമല്ല അവൻ നിന്റെ മമ്മീമായിട്ട് ചെയ്തത്.അതൊന്നും ഞാനിപ്പോ പറയുന്നില്ല. ച്ചേ ച്ചേ.. അയ്യയ്യേ... എന്തിനധികം, അവസാനം ഇൻഡ്യയെ വരെ അയാൾ സ്വന്തമാക്കി...

കൂൾ പിതാമഹാ കൂൾ...

ഇന്നാ നാൽപ്പത് രൂഫാ.
കൊണ്ടോയിത്തിന്ന്.
പക്ഷേ ഒരു കണ്ടീഷൻ. ഒരേയൊരു മസാല ദോശ മാത്രേ നീ വാങ്ങാവൂ. വട വേണ്ടെന്ന് പറയണം.
വിതൗട്ട് വട!
വടയ്ക്ക് കൊടുക്കാൻ ഗ്രേറ്റ് ബ്രിട്ടനിൽ കാശില്ല...!

താങ്ക്യൂ പിതാമഹാ... താങ്ക്യൂ സോ മച്ച്...
ആ സംഭാഷണം അങ്ങനെ അവസാനിച്ചു.

പിറ്റേന്ന് പുലർച്ചെ ഗ്രേറ്റ് ട്രിവാൻഡ്രത്ത് അക്ഷാംശ രേഖയ്ക്കും ഭൂമദ്ധ്യ രേഖയ്ക്കും നടുവിലായി ബ്രിട്ടീഷ് റോയൽ എയർലൈൻസ് ഒരെണ്ണം ലാന്റ് ചെയ്തു. വിമാനം ലോക്കോ ഷെഡിൽ ടാർപോളിനിട്ട് മൂടിയിട്ട്, തിരിച്ചറിയപ്പെടാതിരിക്കാൻ മഫ്ലറും ചുറ്റി റാണി ഒരോട്ടോ പിടിച്ചു.
നേരേ ഇൻഡ്യൻ കോഫീ ഹൗസ്....

പ്രൗഡമായ ഇൻഡ്യൻ കോഫീ ഹൗസ്...
പുറത്ത് വെച്ച് തന്നെ ലോർഡ് റീത്ത നാല് ഫോട്ടോ അങ്ങോട്ട് പകർത്തി.
കോഫീ ഹൗസിലേക്ക് ആഗതയായ റാണി ഇൻഡ്യൻ കോഫീ ഹൗസിന്റെ ഉൾത്തളങ്ങളിലേക്ക് നോക്കി നിശ്വാസമുതിർത്തു.
ചുമരിൽ എ കെ ജി, യു കെ ജി, പ്രീ കേ ജി, മഹാത്മജി തുടങ്ങിയവരുടെ എണ്ണച്ചായാ ചിത്രങ്ങൾ...
എങ്ങും മസാല ദോശകളുടെ മാദകമായ പരിമളം...

ഒരൽപ്പം സെർവഞ്ചിതത്തോടെ സപ്ലയർ കുഞ്ചു ആഗതനായി.
ബ്രിട്ടന്റെ ഔദ്യോഗിക മര്യാദക്രമം അനുസരിച്ച് രാജ്ഞി അങ്ങോട്ടേക്ക് ആരാഞ്ഞു-
പേര്?

കുഞ്ചു?

മഞ്ചുവിന്റെ?

കസിൻ ബ്രോ...!

പഞ്ചാരക്കച്ചവടം?

അതൊക്കെ നിർത്തി.

കാരണം?

പഴേ ലാഭമില്ല...

ഒട്ടൊരു മൗനത്തിനു ശേഷം കുഞ്ചു ചോദിച്ചു
മദ്ദാമ്മയുടെ വരവിന്റെ ഉദ്ദേശം..???

ഇവിടെ മസാല ദോശ കിട്ടും എന്ന് കേട്ടറിഞ്ഞിട്ടുണ്ട്....

കൂടെ ചട്ണിയും ചമ്മന്തിയും വടയും കിട്ടും.

വട വേണമെന്നില്ല.

എന്നാ വടയില്ലാതെ ഒന്നെടുക്കട്ടെ?

വേഗന്നായിക്കോട്ടെ. അസാരം ധൃതീലാണ് നോം.

കുഞ്ചു പോയി.
കുഞ്ചു വന്നു.
മസാല ദോശയും വന്നു.

മുൻപിൽ വിശാലമായി പരന്നിരിയ്ക്കുന്ന മസാല ദോശ രാജ്ഞിയെ അഭിവാദ്യം ചെയ്തു.
ഒരിളം പീസ് സാവധാനം അടർത്തിയെടുത്ത് രാജ്ഞി ശ്രദ്ദയോടെ നാവിൽവെച്ചു.

വൗ! വാട്ട് ആൻ അമേസിങ്ങ്...
ലോർഡ് റീത്തയ്ക്ക് സന്തോഷം അടക്കാനായില്ല.
രാജ്ഞി ആരാഞ്ഞു.
ഇത്തരം ദോശകളുടെ റെസീപ്പിയൊക്കെ ഒന്ന് പറഞ്ഞുതന്നാൽ ഗ്രേറ്റ് ബ്രിട്ടണത് വലിയ ഉപകാരമായിരുന്നു?

കുഞ്ചു വാചാലനായി.
തലേന്ന് തുടങ്ങുന്ന പ്രീ പ്രൊഡക്ഷനാണ് മദാം...
സപ്ലയർ കുഞ്ചു റെസീപ്പി പകർന്നു നൽകി -
ആട്ടിയെടുത്ത ഉഴുന്നും, അരിയും ഒന്നിച്ച് ഇളക്കി ഉപ്പും ചേര്‍ത്ത് തലേന്നേ എച്ച് ഡി എഫ് സീടെ ലോക്കറിൽ വെച്ച് പൂട്ടും.
അടുത്ത ദീസം കാലത്ത്, ചടങ്ങ് ആരംഭിക്കും...
ആദ്യം ഉരുളക്കിഴങ്ങ് അരിഞ്ഞ് പുഴുങ്ങും.
തുടർന്ന് എണ്ണ ഒഴിച്ച് മൂപ്പിച്ച കടുക്‌, വറ്റല്‍മുളക് എന്നിവയിലേക്ക്, അരിഞ്ഞ പച്ചക്കറികള്‍ ചെറുതായി ഇടും.
എന്നിട്ട് നന്നായി വഴറ്റും.
അതിനു ശേഷം ഉരുളകിഴങ്ങ് പുഴുങ്ങിയത് ചേര്‍ക്കും .
ഇതാണ് മസാലദോശക്ക് വേണ്ടിയുള്ള മസാലക്കൂട്ട്.
തുടർന്ന് ഈ വഹ അസംസ്കൃത വസ്തുക്കൾ, ദോശ കല്ലില്‍ എണ്ണ പുരട്ടി, കല്ല് ചൂടാകുമ്പോള്‍ മാവ് ഒഴിച്ച് കനം കുറച്ച് പരത്തും. എന്നിട്ട് ഒരു വശം ചുവക്കുമ്പോള്‍ രണ്ട് സ്പൂണ്‍ മസാലക്കൂട്ട് അതിലേക്ക് ധാരകോരി പകരും.
ശേഷം ദോശ മടക്കി, രണ്ടറ്റവും അമര്‍ത്തി, കുറച്ച് എണ്ണ ഒഴിച്ച് മൊരിച്ചങ്ങോട്ട് എടുക്കും.
മസാല ദോശ റെഡി.
സിമ്പിൾ പ്രൊസീജേഴ്സ്...

ഗംഭീരം.
സാകൂതം ശ്രവിച്ചിരുന്ന റാണി പുളകിതയായി...

രാജ്ഞി, ആഭിജാത്യ ബ്രിട്ടീഷ് മര്യാദകളോടെ ആരംഭിച്ച മസാലദോശ കഴിയ്ക്കൽ, ക്രമേണ അതിക്രൂരമായ ആക്രാന്തത്തോടെ പുരോഗമിയ്ക്കുകയും, കൊതി തീരാതെ പര്യവസാനിയ്ക്കുകയും ചെയ്തു.
ഒരെണ്ണത്തിനുള്ള കാശേ അരിഷ്ട്ടക്കാരനായ അപ്പൻ തമ്പുരാൻ അനുവദിച്ചു തന്നുള്ളു എന്ന കാര്യം രാജ്ഞി നിർലോഭമായി വിസ്മരിച്ചുകളഞ്ഞു.
ലോർഡ് റീത്ത അതീവപ്രൗഡമായി അടുത്തൊരു മസാലദോശയ്ക്ക് കൂടി ഓർഡർ ചെയ്തു.

രാജ്ഞി അതും പെട്ടന്ന് തന്നെ തട്ടി.

അതിനു പുറകാലേ മൂന്നെണ്ണം കൂടി......

മസാല ദോശകൾ അഞ്ചെണ്ണം അകത്ത് ചെന്നപ്പോൾ രാജ്ഞിയുടെ ആക്രാന്തത്തിന് കേവല ശമനം വന്നു.

ഏഴാമത്തെ പ്രാവശ്യം കുഞ്ചു ആഗതനായത് സാക്ഷാൽ ബില്ലുമായാണ്.

ബില്ലിലേക്ക് നോക്കി ഒട്ടൊന്നിരുന്നിട്ട് റാണി ചോദിച്ചു.

അടുക്കള എവിടെയാണ്?

അടുക്കള അടുക്കളയിൽ തന്നെയാണ്...

എന്റെ ഹാൻഡിൽ മണിയില്ല. നോ പൗണ്ട്സ്. ഞാൻ മാവാട്ടിത്തരാം...

വേണമെന്നില്ല. അതിനിവിടെ ഗ്രൈൻഡറുണ്ട്... ഇൻഡ്യയൊക്കെ അസാരം പുരോഗമിച്ച കാര്യം അറിഞ്ഞില്ലെന്നുണ്ടോ?!

ഞാൻ നാണംകെടണം എന്നാണോ മിസ്റ്റർ കുഞ്ചു ആഗ്രഹിക്കുന്നത്?!

കുഞ്ചു ലോർഡ് റീത്തയുടെ ഗൗരവ മുഖത്തേക്ക് നോക്കി ചിന്താധീനനായി.

കുഞ്ചു വേണമെങ്കിൽ എന്നെ ഒന്ന് തല്ലിക്കോളൂ. പക്ഷേ എല്ലാം അതീവ രഹസ്യമായിരിക്കണം. രണ്ടു രാജ്യങ്ങളുടെ നയതന്ത്രജ്ഞതയെ വരെ ബാധിച്ചേക്കാവുന്ന കേസാണിത്...

കുഞ്ചുവിന് സഹതാപം വന്നു.
മദാം പേടിക്കേണ്ട. മദാമ്മിനു വേണ്ടി ഞാൻ എന്റെ പേഴ്സിൽ നിന്ന് പണമടച്ച് രസീത് കൈപ്പറ്റിക്കോളാം...

എങ്കിൽപിന്നെ അങ്ങനെയാവട്ടെ...
റാണി ഗാംഭീര്യത്തോടെ ടിഷ്യൂവിൽ കൈ തുടച്ചു.

സപ്ലയർ കുഞ്ചു കരമടച്ച് രസീത് കൈപ്പറ്റി.

ഇൻഡ്യൻ കോഫീ ഹൗസിനോട് വിടപറയും മുൻപ് ലോർഡ് റീത്ത ഒരു വേള തിരിഞ്ഞു നിന്നു.
നിങ്ങൾ മലയാളികൾ ഇത്രകണ്ട് മാന്യൻമ്മാരായിരുന്നെന്ന് ഞാൻ കരുതിയില്ല. ഞാൻ ധരിച്ചിരുന്നത് ഭീകര റേപ്പിസ്റ്റുകളാണെന്നാണ്. അവസരം മുതലെടുത്ത് എന്റെ ശരീരത്തിൽ നോട്ടമിട്ടില്ലല്ലോ...

ഞങ്ങൾ റേപ്പിസ്റ്റുകളൊക്കെത്തന്നെ...
കുഞ്ചു ചിരിച്ചു.
പക്ഷേ മദാമ്മമാരോട് താല്പര്യമില്ല.
ബെളുബളാ വെളുപ്പ്, പുള്ളിപ്പാണ്ട്, ചുകന്ന കുത്തുകുത്തുകൾ.
നാറുന്ന ശരീരം...
ഞങ്ങൾ മലയാളികളുടെ ഒരു സൗന്ദര്യബോധവുമായി തട്ടിച്ച് നോക്കുമ്പോൾ ആനയും ആടും തമ്മിലുള്ള വ്യത്യാസം...

ചരിത്രത്തിൽ ആദ്യമായി ഗ്രേറ്റ് ബ്രിട്ടന് ആഭിജാത്യവും, തൻ പൊരിമയും, ധാർഷ്ട്യവും, പ്രൗഡിയും ചോർന്നൊലിച്ച് പോകുന്നതായി അനുഭവപ്പെട്ടു.
അതും കേവലം ഒരു ഇൻഡ്യൻ കോഫീ ഹൗസ് സപ്ലയറുടെ വാക് മൊഴികളാൽ.

മദാം മൃദുവായി സ്മൈലി
നിങ്ങൾ ഒരു ധീരൻ. വീരൻ. ന്യൂക്ലിയർ വെപ്പൺ. ഗ്രേറ്റ് കുഞ്ചു...
ലോർഡ് റീത്ത കുഞ്ചുവിന് ഹസ്ത ദാനം നൽകി.
പ്രസ്ഥുത സെക്കന്റിൽ തന്നെ റാണി കുഞ്ചുവിൽ ഹഠാൽ ആകർഷിതയായി...

രാത്രിയ്ക്ക് രാത്രി ബ്രിട്ടീഷ് റോയൽ എയർലൈൻസ് ബ്രിട്ടനിലേക്ക് തിരികെ പറന്നു.

*** *** *** *** *** ***
മൂന്നാം നാൾ രാത്രി ബെക്കിങ്ങ്ഹാം പാലസിന്റെ മട്ടുപ്പാവിൽ വെച്ച് ലോർഡ് റീത്ത സപ്ലയർ കുഞ്ചുവിന് പുടവ കൊടുത്തു...

അതിമഹത്തായ - സ്വാതന്ത്ര്യാനന്തര, ബ്രിട്ടീഷ് - ഇൻഡ്യൻ കൊളാബ്രേഷൻ അങ്ങനെ ആരംഭിച്ചതായി ചരിത്രം പഠിപ്പിയ്ക്കുന്നു.

ശുഭം!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ