ചൊവ്വാഴ്ച, മേയ് 01, 2018

ഒരു ബോളിവുഡ് കദന കഥ

എൺപത് - തൊണ്ണൂറുകളിലെ ഹിന്ദി സിനിമകൾ ക്ലീഷേകളുടെ ബംബർ പാക്കേജുകളായിരുന്നു. ദൂര ദർശനിൽ മാത്രം കാണാൻ ഭാഗ്യം സിദ്ദിച്ച, ഒരേ പാറ്റേണിൽ ബോളിവുഡ് ഘടാഘടിയൻമ്മാർ പടച്ച് വിട്ട അക്കാലത്തെ സിനിമകളിലെ ചില ആവർത്തനങ്ങളൊന്ന് ഓർമിപ്പിക്കുകയാണ്. നമുക്കെല്ലാം അറിയാവുന്നതാണ്. ഒരു പക്ഷേ ഇവിടെ തന്നെ ഇതുപോലുള്ള പോസ്റ്റ് വന്നിട്ടുമുണ്ടാവാം. നിങ്ങളുടെ അനുഗ്രഹോം ഹാഷിഷും ബ്രൗൺഷുഗറും അഭ്യർഥിച്ചു കൊണ്ട്....
__________________________
കഥാസാരം:
ടൈറ്റിലോടുമ്പോൾ ഗ്രാമത്തിലെ ഒരു കുടുംബത്തിലെ ഗൃഹ നാഥനെ വില്ലനായ ഠാക്കൂർ വെടി വെച്ച് കൊല്ലും. ഗൃഹ നാഥയെ ആട്ടിപ്പായിക്കും.
അവർക്ക് രണ്ട് കിഡ്സ്.
അവർ കൈ കുഞ്ഞുങ്ങളുമായി റെയില്വേ സ്റ്റേഷനിലേക്ക് ഓടും.
ഒരു കൊച്ചിനെ ഗുഡ്സ് വാഗണിലിടും.
മറ്റേതിനെ കുർള എക്സ്പ്രസ്സിലോട്ട് ഇടും.
രണ്ട് ട്രെയിനും രണ്ട് ദിശകളിലേക്ക് പോം. 

കുർളയിൽ അകപ്പെട്ട ചെക്കനെ ബോംബെയിലെ ഏതെങ്കിലും ബിർള എടുത്ത് വളർത്തും.
ഗുഡ്സിൽ അകപ്പെട്ട പയ്യൻസ് ഏതെങ്കിലും ബാഡ് പീപ്പിൾസിനൊപ്പം ചേരിയിൽ അടിയും.

ടൈറ്റിൽ പേരും നാളുമൊക്കെ കഴിയുമ്പോഴേക്കും രണ്ടുപേരും ഠപ്പേന്നങ്ങ് വലുതാകും.
അപ്പോ അവരുടെ മുഖം കണ്ട് നമ്മള് ഞെട്ടും.
അമ്പടാ രണ്ടും മിഥുൻ ചക്രവർത്തി.
ഡബിൾ ആക്ട്!!!
കുർളക്കാരൻ ആഷ്പുഷ് ലൈഫ്.
അപരൻ ചേരിയിലെ രക്ഷകൻ.

അതിനിടയ്ക്ക് ആശാൻമ്മാർക്ക് ഒരോ കാമുകിമാർ ഉണ്ടാവും.
രണ്ട് ഗേൾസും പഴയ ആ ഠാക്കൂറിന്റെ വിത്തുകൾ!!!
ഒടുക്കം നായകൻസിന് മനസ്സിലാകും തങ്ങൾ ഇരട്ടകളാണെന്ന്.
അതോടെ അവർ പിരിയാനുള്ള കാരണം കണ്ടെത്തും.

ഠാക്കൂറാണ് എല്ലാ പുല്ലും ചെയ്തതെന്ന് മനസ്സിലാകുമ്പോൾ രക്തം 100 സെൽഷ്യസിൽ തിളയ്ക്കും.
പിന്നൊട്ടും വൈകില്ല.
ഇരുവരും ഒന്നായി ചേർന്ന് ഠാക്കൂറിനെ പൂച്ചട്ടിയെടുത്ത് ഒറ്റടി വെച്ച് കൊല്ലും.

നായിക:
ധാർഷ്ട്യത്തിന്റെ ആൾ രൂപമായിരിക്കും നായിക.
പ്ലിമത്ത് കാറിൽ പാഞ്ഞ് വന്ന് നായകന്റെ ദേഹത്ത് ചെളിവെള്ളം തെറിപ്പിക്കലായിരുന്നു പ്രധാന ഹോബി.
പക്ഷേ ഒടുക്കം നായകൻ തന്നെ അവളെ സ്കൂട്ടാക്കും.
പിന്നെ പാട്ടായി, ഡാൻസായി,ഉഡാൻസായി, ഉഡായിപ്പായി അതങ്ങനെ പോം...

മൊട്ടക്കുന്ന്:
നായകനും നായികയും ഒരു മൊട്ടക്കുന്നിന്റെ മേലേ വെച്ച് ഓടി വന്ന് ആലിംഗന ബദ്ധരാകും. എന്നിട്ട് നിലത്ത് കിടന്ന് ഒറ്റ ഉരുളലാണ്. ഉരുണ്ടുരുണ്ടുരുണ്ട് താഴ്വര വരെ നൈസിലങ്ങ് പോകും.
ആ ഉരുളലുകളിൽ നിന്നുള്ള ഇൻസ്പിരേഷനിലാണ് പിൽക്കാലത്ത് സുനിദ്ര ബെഡ്ഡ് കമ്പനി, ഡൺലപ് മെത്തകൾ ഇറക്കാൻ തുടങ്ങിയത്.

ക്ഷേത്രം:
നായകൻ നായികയ്ക്ക് ജീവിതം കൊടുക്കുന്നത്
ശിവ ക്ഷേത്രം അല്ലെങ്കിൽ ദുർഗാ ക്ഷേത്രത്തിൽ വെച്ചായിരിക്കും.
അത് മിക്കവാറും രാത്രി നേരത്തായിരിക്കും
ഇടിയും മിന്നലും മഴയും ബാക്ഗ്രൗണ്ടിൽ...
നായകന്റെ അമ്മയും അവിടെവിടേലും കാണും.
നായകൻ ശിവനയോ ദുർഗയേയോ നോക്കി, നാല് കീറൻ ഡയലോഗ് കാച്ചും.
കക്ഷി കൈ വിരൽ ത്രിശൂലത്തിൽ വെച്ച് നൈസിലൊരു മുറിവുണ്ടാക്കും.
എന്നിട്ട് നായികയുടെ നെറ്റിയ്ക്ക് സിമ്പിളായിട്ടൊര് സീമന്ദക്കുറി വരക്കും.
ചടങ്ങ് കഴിഞ്ഞു.
നായകന്റെ അമ്മ കൊരവയിടും.
(നാളെത്തൊട്ട് മരുമകൾക്ക് നേരേ ചിരവയെടുക്കേണ്ട അമ്മായിഅമ്മയാകുന്ന സന്തോഷത്തിലാണവർ...)

വില്ലൻ:
വില്ലന്റെ പ്രധാന വേഷം നൈറ്റിയായിരിക്കും.
ഫ്ലവർ, എംബ്രോയിഡറിയൊക്കെ ചെയ്ത ഫ്രെണ്ട് ഓപ്പൺ നൈറ്റി...
ഡെലിവറി കഴിഞ്ഞ ലേഡീസ് കുഞ്ഞുങ്ങൾക്ക് ഇങ്ക് കൊടുക്കാനുള്ള സൗകര്യത്തിന് ഇടുന്നത് പോലുള്ള സാധനം.
അരയിൽ ചാട്ടവാറ് പോലൊരു ബെൽറ്റും കാണും ഒരാഡംബരത്തിന്.
ഈ വക നൈറ്റി അണിയുന്ന വില്ലൻമ്മാർ അധികവും കാണപ്പെട്ടിരുന്നത് വല്യ ബ്ലംഗ്ലാവ്സിന്റെ മട്ടുപ്പാവ്സിലോ, ബിക്കിനിയിട്ട സ്റ്റെപ്പിനികൾക്കൊപ്പം സ്വിമ്മിങ്ങ് പൂളിലോ ആയിരുന്നു.

സ്റ്റെപ്പിനി:
വില്ലൻമ്മാർ അധോലോക മാഫിയാ സെറ്റപ്പിലുള്ളവരാണെങ്കിൽ ഗുഹ പോലെ ഇന്റീരിയർ ചെയ്ത സെറ്റപ്പിലായിരിക്കും താമസം.
ചുവപ്പും പച്ചയും ഉൾപ്പെടെ ബഹുവർണ്ണ നിറങ്ങളിലുള്ള എൽ ഇ ഡി ബൾബ് അഥവാ മാല ലൈറ്റുകൾ ഭിത്തി മുഴുവൻ ഒട്ടിച്ച് വെച്ചിരിക്കും.
ബാക്ഗ്രൗണ്ട് മ്യൂസിക്ക്, സോപ്പ് വെള്ളത്തിലേക്ക് ഷർട്ട് മുക്കുമ്പോ കുമിള പൊങ്ങുന്നത് പോലെ ഗുളു ഗുള ഗുളു ഗ്ലാന്നൊരു ശബ്ദമായിരുന്നു.
മിനിമം ഒരു പെരുമ്പാമ്പ് എങ്കിലും വില്ലന്റെ കഴുത്തിൽ കാണും. മദ്യം മദിരാശി കാബറേ ഒക്കെ സുലഭമാണ്.

കാബറേ:
ശരീരം മുഴുവൻ ഗിൽറ്റ് വാരിത്തേച്ച്, റോസ് പൗഡറിൽ കുളിച്ച് നിൽക്കുന്ന ഒരു അന്യായ ഐറ്റമായിരിക്കും ഈ കാബറേ നർത്തകി. അവരുടെ ശരീരത്തിൽ ആവശ്യത്തിലധികം പ്രോട്ടീനും, ധാതു ലവണങ്ങളും അടിഞ്ഞിട്ടുള്ളത് കൊണ്ട് ബ്രോയിലർ ചിക്കൻ പോലൊരു കനത്ത മദാലസയായിരിക്കും പ്രസ്തുത നടി.

ടെക്നോളജി:
വില്ലനും വില്ലന്റെ ഗേൾഫ്രെണ്ട്സും ചേർന്ന് നയകനെ കൊല്ലാൻ ശ്രമിച്ച് കൊണ്ടേയിരിക്കും.
അതിന് പല നംബരുകളുണ്ട്.
ലിക്കറിൽ കുരുടാൻ കലക്കുക,
നായകൻ ഇരിക്കുന്ന സോഫാസെറ്റിയ്ക്കുള്ളിൽ ഓട്ടോമാറ്റിക്കായി പുറത്തേക്ക് വന്ന് കുത്തിക്കൊല്ലാൻ പാകത്തിലുള്ള നല്ലയിനം കത്തി സെറ്റ് ചെയ്ത് വെക്കുക തുടങ്ങി,
കണ്ടാൽ കണ്ണ് തെള്ളുന്ന പല ടെക്നിക്ക്സുണ്ട്.

പക്ഷേ നായകനുണ്ടോ ഇതിൽ വല്ലതും ചാവുന്നു.
അവനാരാ മോൻ?!!! 

മിക്കവാറും ഈ ടെക്നിക്കിലൊക്കെ ബലിയാടാവുന്നത് പാവം ഐറ്റം ഡാൻസർ അമ്മച്ചി തന്നെയാവും.

ബചാവോ:
ബലാത്സംഗത്തിനിരയായി എത്ര നായികമാർക്കും ഉപ നായികമാർക്കുമാണ് ദുരന്ത കഥാപാത്രമായി മാറേണ്ടി വന്നത്. ബചാവോ എന്ന മൂന്നക്ഷരത്തിൽ മാത്രം 30 ആണ്ടാണ് ഹിന്ദി സിനിമ ചുറ്റിക്കളിച്ചത്.

ഫെസ്റ്റിവൽ:
മലയാള സിനിമകളിലെല്ലാം ഓണാഘോഷം ഉണ്ടാവാറില്ല.
തമിഴ് സിനിമകളിലെല്ലാം പൊങ്കലും ഉണ്ടാവാറില്ല.
പക്ഷേ അന്നത്തെ ഹിന്ദി സിനിമകളിലെല്ലാം ഹോളി ആഘോഷം മസ്റ്റായിരുന്നു.
പിന്നെ ഗണേശോത്സവം.
ഹോളിയ്ക്ക് വെള്ള കുർത്തയണിഞ്ഞ നായകൻ തലയിലൊരു തോർത്തും കെട്ടി ഒറ്റപ്പാട്ടാണ്.
കയ്യിലൊരു ഗഞ്ചറയോ മൗത്ത്ഓർഗണോ കാണും.
നായകന്റെ ബാക്കിൽ പാളയംപള്ളീലെ പെരുനാളിന് ബാന്റ് വായിക്കുന്ന കുറേ ബാന്റ് സെറ്റുകാരും...

ബുള്ളറ്റ് പ്രൂഫ്:
വെടിയും വെടിയുണ്ടയുമുള്ള സിനിമയാണെങ്കിൽ നായകൻ ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് അണിഞ്ഞിട്ടുണ്ടാവും.
അന്നൊക്കെ അമ്പത്പൈസാകവറ് ചുവട് കീറി ദേഹത്ത് അണിയിച്ചായിരുന്നു കോസ്റ്റ്യൂം ഡിസൈനേഴ്സ് ബുള്ളറ്റ്പ്രൂഫ് ജാക്കറ്റാക്കിയിരുന്നത്.
നെഞ്ചത്ത് ബുള്ളറ്റ് പ്രൂഫുണ്ടെങ്കിൽ നെറ്റിയ്ക്ക് വെടികൊണ്ടാലും നായാൻ ചാവുകേലാരുന്നു.

ഷൂ:
വല്യ വീട്ടിലെ നായകൻ നായകൻ ജന്മത്ത് ഷൂ ഊരാറില്ല.
"സൂ" ഇട്ടോണ്ടേ അവൻ കട്ടിലില്പോലും കിടന്നുറങ്ങൂ.
[ ഇതിൽ നിന്ന് മനസ്സിലാകുന്ന ഗുണപാഠം:
അന്നത്തെ മിക്കവാറും നായകൻമ്മാർക്ക് കാലിൽ ആണിയുണ്ടായിരുന്നു. ]

കോമഡി:
കോമഡി ചെയ്യുന്ന ടീംസിന് ഒരു ഡ്രെസ്സ് കോഡുണ്ട്.
വെള്ള പൈജാമ.
തലയിലൊരു നെഹ്രുത്തൊപ്പി.
വെള്ള മുണ്ട്.
[ മുണ്ടുടുക്കുന്നതിന്റെ റഫറൻസ്: - ബാലരമയിലെ കർഷക ചിത്രകഥകളിലെ ഭോലാറാമിനെപ്പോലെ. അതുമല്ലെങ്കിൽ മലയാളം ബാലേകളിലെ രാജാക്കൻമ്മാരേപ്പോലെ...]

സ്പോർട്ട്സ്:
ഗോൾഫ്, ടേബിൾ ടെന്നീസ്, ഷട്ടിൽ, പിന്നെ ടേബിളിലെ കുഴീലോട്ട് നീളമുള്ള കോലും കൊണ്ട് എന്തോ മഹത്തായ കാര്യം ചെയ്ത് തീർക്കും പോലെ ബോൾ ഉരുട്ടി വിടുന്ന സ്നൂക്കർ തുടങ്ങിയ ഗെയിംസൊക്കെ അക്കാലത്തെ പ്രധാന സ്പോർട്ട്സ് ഇനങ്ങളായിരുന്നു.
ഇത്തരം കളികളിൽ നായകനേക്കാൾ വില്ലൻമ്മാർക്കായിരുന്നു നല്ല പരിജ്ജ്ഞാനം.

ഡൈവ്:
അന്ന് ഡൈവ് ഇല്ലാത്ത ബോളിവുഡ് സിനിമകളില്ലായിരുന്നു.
തൊട്ടതിനും പിടിച്ചതിനുമെല്ലാം ഡൈവ്.
നായകൻ ഡൈവ് ചെയ്യും, വില്ലൻ ഡൈവ് ചെയ്യും, നായിക ഡൈവ് ചെയ്യും, എന്തിനധികം ക്യാമറാമേനോൻ വരെ കൂടെ ഡൈവ് ചെയ്യുമായിരുന്നു.

കൊക്ക:
80 - 90 കളിലെ തിരക്കഥാകൃത്തുക്കൾ കൊക്കെയിൻ അടിച്ചോണ്ടെഴുതിയ മിക്ക തിരക്കഥകളിലും കൊക്ക ഒരു പ്രധാന കഥാപാത്രമായിരുന്നു.
അഗാധമായ കൊക്കയിലേക്ക് വീണു പോകുന്ന നായികയോ, നായികയുടെ മമ്മിയോ, ചിലപ്പോൾ നായകൻ തന്നെയോ ആവാം കഥയിലെ ബംബർ ത്രില്ല്.
എഡ്ജിലുള്ള ഒരു വെള്ളാരം കല്ലിന്റെ തുഞ്ചത്ത് പിടിച്ച് കഥാപാത്രം ജീവനും മരണത്തിനുമിടയിൽ ഊയലാടും. 

അപ്പോൾ അപരൻ / അപര കമിഴ്ന്ന് കിടന്ന് കഥാപാത്രത്തെ രക്ഷിക്കാൻ ശ്രമിക്കും.
പക്ഷേ നടക്കൂല...... 

ചെയ്ത് പോയ തെറ്റുകൾക്കുള്ള പ്രായശ്ചിത്തമോ, അല്ലെങ്കിൽ നിർണായകമായ ട്വിസ്റ്റൊ അവിടെ വെച്ചായിരിക്കും തൂങ്ങിക്കിടക്കുന്ന കക്ഷി വെളിപ്പെടുത്തക.
അവസാനം "ആാാാാ" എന്നൊരു എക്കോ മാത്രം അവശേഷിപ്പിച്ച് കഥാപാത്രം കൊക്കയിലേക്ക് വീഴും....

.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ