ചൊവ്വാഴ്ച, മേയ് 01, 2018

ബ്ലാക്ക് അന്വേഷിച്ചൊരു "സഞ്ചാരം." (സന്തോഷ് ജോർജ്ജ് കുളങ്ങര)

ഞാനിപ്പോൾ റെയിൽ വേ കോളനിയിലേക്കാണ് പോകുന്നത്.
ഇന്ന് ബിവറേജ് അവധിയാണ്.
ഒരു മിലിട്ടറി റം കരസ്ഥമാക്കുക എന്നതാണ് എന്റെ ആഗമനോദ്ദേശം.
ഗൈഡ് ഷിബു ആയിരുന്നു എന്നെ നയിച്ചിരുന്നത്.
ഇന്ന് ഗാന്ധി ജയന്തിദിനമാണ്.
ഗാന്ധിക്ക് ജനിക്കാൻ കണ്ട സമയത്തെ എല്ലാ കുടിയൻമ്മാരും രാവിലെ മുതൽ പ്രാകുന്നുണ്ടായിരുന്നു.
കവലയിൽ നിന്നും നേരേ മുൻപിൽ കാണുന്നതാണ് റെയിൽവേ കോളനിയിലേക്കുള്ള ഇടുങ്ങിയ പാത. പാതയോരത്ത് ഹാൻസും, പാൻ പരാഗും വിൽക്കുന്ന കടകളുടെ ഒരു നീണ്ട നിര കണ്ടു.
ഞാൻ അതിലൊന്നിൽ നിന്നും ഒരു കവർ ഹാൻസും ഒരു കവർ പാൻ പരാഗും വാങ്ങി.
അത് മിക്സ് ചെയ്ത് വായിലിട്ട് ചവച്ചപ്പോൾ ഒരു പ്രത്യേക തരം അനുഭൂതി ഉണ്ടാവുന്നതായി ഞാൻ അറിഞ്ഞു.
കുറച്ചപ്പുറത്ത് മിലിട്ടറി റം അന്വേഷിച്ച് വന്ന മറ്റൊരു വിദ്യാർത്ഥി സംഘത്തിന്, ഒരു ഗൈഡ് ക്ലാസ് എടുക്കുന്നത് കണ്ടു. ഇവിടെ ഇങ്ങനെ അസംഖ്യം റം അന്വേഷകരേയും അവർക്ക് വഴി കാട്ടുന്ന ഗൈഡുകളേയും കാണാം.
ഗാന്ധി ജയന്തി, ഇംഗ്ലീഷ് മാസത്തിന്റെ ഒന്നാം തീയതി തുടങ്ങിയ ദിനങ്ങളിൽ ഈ പാതയിൽ വലിയ തിരക്ക് അനുഭവപ്പെടാറുണ്ടെന്ന് എന്റെ വഴികാട്ടി ഷിബു എന്നോട് പറഞ്ഞു.
അൽപ്പ ദൂരം നടന്നു കഴിഞ്ഞപ്പോൾ ചാർസൗബീസ് വിൽക്കുന്ന ഒരു കട കാണാനായി. 1970 കളിൽ സ്ഥാപിതമായ ഒരു കച്ചവട സ്ഥാപനമാണിത്. സുധാകരൻ എന്നയാളുടേതാണ് ഈ സ്ഥാപനം. ആദ്യ കാലത്ത് അത്ര വികസിതമല്ലാതിരുന്ന ഈ പ്രദേശത്തെ ഏക സ്ഥാപനമായിരുന്നു ഇത്. തുടക്കത്തിൽ ഒട്ടേറെ പ്രതിസന്ധികളെ നേരിട്ടാണ് സുധാകരൻ ഈ മുറുക്കാൻ കടയെ ഒരു വൻ വ്യവസായമാക്കി വളർത്തി എടുത്തത്. ഇന്ന് മുപ്പത്തെട്ടോളം റെയിൽവേ കോളനികളിലായി വ്യാപിച്ച് കിടക്കുന്ന ഒരു വൻ ബിസിനസ് ശൃംഖലയായി മാറിയിരിക്കുന്നു സുധാകരന്റെ മുറുക്കാൻ കട.
ഞങ്ങൾ കടന്നു പൊയ്ക്കൊണ്ടിരുന്ന പാത ഇപ്പോൾ രണ്ടായി പിരിയുകയാണ്. ഗൈഡ് ഷിബു എന്നെ ഇടതു വശത്തെ പാതയിലേക്കാണ് നയിക്കുന്നത്. ആ പാതയോരത്ത് ഒരു തട്ടു കട പ്രത്യക്ഷമായി. തട്ടുകട നടത്തുന്നത് ശാന്ത എന്നൊരു ചേച്ചിയാണെന്ന് ഷിബു എന്നോട് പറഞ്ഞു. ശാന്തയ്ക്ക് തട്ടു കട മാത്രമല്ല "കൂട്ടു കിട"യും ഉണ്ടെന്ന് ഷിബു എന്നോട് പറഞ്ഞു.
ഇപ്പോൾ ഞാനും ശാന്തയും തമ്മിൽ സംസാരിക്കുകയാണ്.
ഷിബു ഞങ്ങൾക്കിടയിൽ ഇപ്പോൾ ഒരു ട്രാൻസിലേറ്ററായി വർത്തിക്കുന്നു.
പ്രാകൃതമായ ഒരു ഭാഷയിൽ "കൂട്ടു കിടക്കാൻ വരണോ സാറേ" എന്നാണ് ശാന്ത ചോദിക്കുന്നത് എന്ന് ഷിബു എന്നോട് പറഞ്ഞു. "മറ്റൊരവസരത്തിലാകട്ടെ" എന്ന് ഞാൻ വിനയ പൂർവ്വം പറഞ്ഞ് ഒഴിഞ്ഞു.
വീണ്ടും നടപ്പ് തുടരുകയാണ്.
തട്ടുകട പിന്നിട്ട്, ഏകദേശം 10 മിനിട്ടോളം ഞങ്ങൾ നടന്നിരിക്കുന്നു.
ഒടുവിൽ ഇപ്പോൾ ഞങ്ങൾ ഒരു വീട്ടു മുറ്റത്ത് എത്തി.
എന്നെ ഗേറ്റിനരുകിൽ നിർത്തിയിട്ട്, ഗൈഡ് ഷിബു ആ വീടിന്റെ കതകിന് തട്ടുകയാണ്.
അൽപ്പം കഴിഞ്ഞ് കതക് തുറക്കപ്പെടുകയും, ഒരാൾ ഇറങ്ങി വന്ന് ഷിബുവുമായി സംസാരിക്കുന്നതും കാണാം.
അയാളാവണം ഞങ്ങൾ അന്വേഷിച്ച് നടന്ന ആ മിലിട്ടറിക്കാരൻ.
ഷിബു എന്നെ അടുത്തേക്ക് വിളിച്ചു.
എന്നെ കണ്ടതോടെ അയാൾ വളരെ സന്തോഷവാനായി.
സാധനം ഒന്നും കയ്യിലില്ലെന്നും, വേണമെങ്കിൽ അയാൾക്ക് അടിക്കാൻ വെച്ചിരുന്നതിൽ നിന്ന് രണ്ടെണ്ണം അടിച്ചിട്ട് പോകാം എന്നും അയാൾ സ്നേഹപൂർവ്വം പറഞ്ഞു. എങ്ങനെയെങ്കിലും രണ്ടെണ്ണം അടിച്ചാൽ മതിയെന്നേ എനിക്കുണ്ടായിരുന്നുള്ളു.
ഇപ്പോൾ ഞങ്ങൾ മിലിട്ടറിക്കാരന്റെ തീൻ മേശയ്ക്ക് ചുറ്റുമാണ്.
സെലിബ്രേഷനാണ് അയാൾ ഒഴിക്കുന്നത്.
സോഡാ ഇല്ലെന്നും, പച്ചവെള്ളം കുഴപ്പമുണ്ടോ എന്നും അയാൾ ചോദിച്ചു. വളരെ സ്നേഹസമ്പന്നരാണ് ഈ കോളനിയിലെ മിലിട്ടറിക്കാർ.
ഇന്ന് രാത്രി ഞാനിനി ഇവിടെ തന്നെ അടിച്ച് വാളു വെച്ച് കിടക്കും.
ഇനി നാളെ പുലർച്ചെ മാത്രമേ ഞാൻ തിരികെ എന്റെ വീട്ടിലേക്ക് മടങ്ങൂ. വളരെ മനോഹരമായ ഒരു യാത്രയുടെ പര്യവസാനത്തിന് ഞങ്ങളിപ്പോൾ ചിയേഴ്സ് പറയുകയാണ്...
__________________________________
നാളെ:- വടുതല വത്സലാ സ്ക്വയർ.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ