വെള്ളിയാഴ്‌ച, ഓഗസ്റ്റ് 12, 2011

ഗ്രെയ്സ്മേരിയ്ക്കൊരു ഫേസ്ബുക്ക് ഡോക്ക്

നിന്നെ കൂലങ്കഷമായി പ്രേമിയ്ക്കുന്ന ചാക്കച്ചാം പറമ്പില്‍ മാത്തുക്കുട്ടി നിനക്ക് വേണ്ടി രക്ത്തത്തിലും കഫത്തിലും ചാലിച്ചെഴുതുന്ന ഒരു ഉത്തരാധൂനിക ലവ് ഡോക്ക്. പ്രീയേ.. സോറീ ഗ്രെയ്സ്മേരി, നീ വായിച്ചാലും. നിന്നെ ഞാന്‍ ആദ്യമായി കണ്ടത് ഫേസ്ബുക്കിലെ യു.സി എഫ് എന്ന ഗ്രൂപ്പിലെ കമന്റു റൂമിന്റെ ഏഷ്യന്‍ പെയിന്റ് അപക്സിട്ടടിച്ച വലത്തെ ഭിത്ത്യ്ക്കരികില്‍ വെച്ചായിരുന്നു. പെണ്ണായാല്‍ പൊന്നു വേണം പൊന്നുംകുടമായിടേണം പത്തരമാറ്റവള്‍ക്കേകാന്‍ ഭീമ തന്‍ സ്വര്‍ണ്ണം ചാര്‍ത്തിടേണം എന്ന പഴമക്കാര്‍ പാടിയ ധാരണകളെല്ലാം തകര്‍ത്തെറിഞ്ഞു കൊണ്ട് കയ്യിലും കഴുത്തിലും കൊന്തയോ പരുമല തിരുമേനിയുടെ പ്ലാസ്റ്റിക്ക് മോതിരമോ പോലുമില്ലാതെ അസ്ത്രപ്രജ്ഞയായി നില്‍ക്കുന്ന നിന്നെക്കണ്ട് ഞാന്‍ വില്ലു പോലെ വിജ്രുംബിച്ചു. അന്നു തൊട്ട് നിന്നോടെനിക്ക് പ്രേമമാണു സരളേ.. സോറി കരളേ...


പ്രേമം മൂത്ത് ഞാനൊരു പ്രേമ പ്രഷാളനായോ എന്നൊരു തോന്നലാണെപ്പോഴും.ഫേസ്ബുക്കിലെ നിന്റെ ആക്റ്റിവിറ്റീസുകള്‍ക്ക് റിയാക്റ്റിവിറ്റി ചെയ്തു ജീവിയ്ക്കുന്ന ഒരു പാവമാണു ഞാന്‍. ഞാന്‍ ഫേസ്ബുക്കിലെത്തുന്നത് തന്നെ നീയുമായി ചാറ്റാനും അതിലൂടെ നിര്‍വൃതിയടയാനും വേണ്ടി മാത്രമാണ്. സത്യത്തില്‍ നിന്റെ ഫേസ്ബുക്ക് അപ്ഡേഷനുകള്‍ക്ക് വേണ്ടി ബിവറേജസ്സിനു മുന്‍പില്‍ കാത്തു നില്‍ക്കുന്ന കുടിയനേപ്പോലെ രാപ്പകല്‍ ഞാന്‍ കാത്ത്കെട്ടിയിരുപ്പാണ്. നീ ചുമ്മാ ഹായ് എന്ന് നിന്റെ വാളില്‍ പോസ്റ്റ് ചെയ്യുംബോഴേക്കും തിരിച്ച് ഹായും ചായുമെല്ലാം പോസ്റ്റാന്‍ വേണ്ടി ഞാനിങ്ങനെ വെംബല്‍ കൊണ്ട് കൊണ്ടിരിയ്ക്കുന്നു. വളരെക്കാലമായി മനസില്‍ കിടന്നു വീർപ്പു മുട്ടുന്ന ഒരു നഗ്ന സത്യം ഞാനിവിടെ തുറന്നെഴുതട്ടെ . നിന്റെ ഒരു ഹായ്ക്ക് നൂറു കമന്റ്സെങ്കിലും തികയ്ക്കാന്‍ വേണ്ടി ഞാനാണ് പല പല പേരുകളില്‍, പല പല ഫെയ്ക്ക് ഐഡികളില്‍ നിന്റെ പോസ്റ്റിനു ചുവട്ടില്‍ മാറിമാറി കമന്റിടുന്നത്. ശശിയും, സുമധരനും, മണ്ടന്‍ കുണാപ്പീം, മക്രോണി സായിപ്പുമെല്ലാം ഞാന്‍ തന്നെയാണ് കുട്ടീ. നീ ഫേസ്ബുക്കിലായതു കാരണം, നിനക്ക് വേണ്ടി ഞാനിവിടെ തപസ്സ് ചെയ്യുന്നത് കൊണ്ട് ര്‍ക്കൂട്ട് ഞാനിപ്പോ നോക്കാറേയില്ല. അവിടെയുള്ള എന്റെ കൂട്ടുകാരികളേയും ഞാന്‍ ഗൗനിയ്ക്കുന്നില്ല. ഒരു ര്‍ഷം മുന്‍പേ അവരൊക്കെ എനിക്ക് മിസ്സായി. ഈയിടെ അറിഞ്ഞു അവരില്‍ ആറു പേര്‍, ആരുടെയൊക്കെയോ മിസിസ്സായെന്ന്. പക്ഷേ അതൊന്നും എന്നെ ബാധിയ്ക്കുന്നില്ല. നീയാണെനിയ്ക്കെല്ലാം. യൂ ആര്‍ മയ് ഹാര്‍ട്ടീ വെല്‍ക്കം. നീ കാരണം എന്റെ ഹാര്‍ട്ടിനു വിലക്കം വീണെന്ന്. കാലു വിലങ്ങിയാല്‍ കുഴമ്പിട്ട് തിരുമ്മിയെങ്കിലും ശരിയാക്കാം. ഹാര്‍ട്ട് വിലങ്ങിയാല്‍ എന്തു ചെയ്യാന്‍ കഴിയും?

എന്നെ ഒന്നിഷ്ട്ടമാണെന്ന് പറയാമോ ഗ്രെയ്സ്മേരിരീ. നിനക്കെന്നെ ഇഷ്ട്ടമാകുന്നില്ലെങ്കില്‍ ഞാനീ ഗ്രൂപ്പിന്റെ സിറ്റൗട്ടില്‍ കെട്ടി ഞാന്നു ചാകുമെന്ന് ഉറക്കെ പ്രഖ്യാപിക്കുകയാണ്. നിന്നേക്കുറിച്ചുള്ള ര്‍മ്മകള്‍ കാരണം കൊച്ചീലെ കൊതുകിന്റെ കടി പോലും ഇപ്പോള്‍ ഞാനറിയുന്നില്ല. നിന്റെ വാളില്‍ വന്ന് ഡെയ്‌ലി ഒരോ റോസാപ്പൂ പോസ്റ്റുന്ന എന്റെ വാളില്‍, കഴിഞ്ഞാഴ്ച്ച നീ പോസ്റ്റ് ചെയ്തതൊരു കള്ളി മുള്‍ചെടിയാണ്. അതിനും മാത്രം ഞാനെന്ത് തെറ്റ് ചെയ്തു പ്രീയേ? നിന്നെ ഞാന്‍ കെട്ടിയ്ക്കോട്ടെ എന്ന് ചോദിച്ച് മെസേജ് അയച്ചതിന്റെ പിറ്റേ ദിവസം നീയെനിക്ക് കസബ പോലീസ് സ്റ്റേഷന്റെ പടമാണയച്ച് തന്നത്. ഗുഡ് മോര്‍ണിങ്ങ് എന്നു പറഞ്ഞ് മെസേജയച്ച പിറ്റേന്ന് നീയെന്റെ വാളില്‍ പോസ്റ്റിയ ചിത്രം പീഡനക്കേസില്‍ അകത്തായ കൊട്ടിയംകാരന്റെ വിലങ്ങിട്ട, തലകുനിച്ച ഫോട്ടോയായിരുന്നു. ഇതിനും മാത്രമൊക്കെ എന്ത് പാപമാണ് ഞാന്‍ ചെയ്തതെന്നെനിക്ക് മനസിലാവുന്നില്ല ഗ്രെയ്സ്മേരി. അതൊക്കെ ക്ഷമിയ്ക്കാം. നീയാ "കുളുകുളുപ്പാര്‍ന്ന തെറി മൊഴികള്‍" എന്ന ഗ്രൂപ്പില്‍ പോയി അവിടുത്തെ അമ്മേം പെങ്ങളേം തിരിച്ചറിയാത്ത തെണ്ടികളുമായി പ്രണയാനുഭവങ്ങളും, സാമൂഹിക പ്രശ്നങ്ങളും ര്‍ച്ച ചെയ്യുന്നത് എന്റെ നെഞ്ചില്‍ ജംബോജെറ്റ് ഇടിച്ചിറക്കിയതു പോലെയുള്ള അനുഭവമാണെനിക്ക് സമ്മാനിക്കുന്നത്. അവിടെ നീയെന്തെങ്കിലും പോസ്റ്റ് ഇട്ടാലുടനേ - ഉദാഹരണമായി "നിന്റെ കുറിഞ്ഞിപ്പൂച്ച ഓട്ടോയിടിച്ച് വടിയായി, വേലക്കാരി മറുതാ മറിയ ലീവാണ്, വീട്ടിലെ സാംബാറില്‍ പട്ടി തലയിട്ടു" - തുടങ്ങിയ പോസ്റ്റുകള്‍ക്കൊക്കെ "ലോല്‍ " "ലോല്‍ " എന്ന് പതിവായി കമന്റിടുന്ന ചില ആഭാസന്‍മ്മാരവിടുണ്ട്. ലോലെന്നിടാൻ ഇവന്‍മ്മാരൊക്കെ ലോലന്‍മ്മാരാണോ എന്നു ഞാന്‍ സംശയിക്കുന്നു.? അല്ല പിന്നെ. പ്ലീസ് ഗ്രെയ്സ്മേരി, നീയിനീ ഗ്രൂപ്പില്‍ പോയി അവന്‍മ്മാരുമായി ര്‍ച്ചിയ്ക്കരുത്. അവന്‍മ്മാരുടെയൊക്കെ ഉദ്ദേശം വേറേയാണ്. പ്ലീസ് മിസ്സ് അണ്ടര്‍സ്റ്റാന്റ് മീ ആസ് ഈഫ് ദാറ്റ് ബിഗ് ഉടായിപ്പ് ഓഫ് ദ് ഫേസ്ബുക്ക് ബഗ്ഗേഴ്സ്. ഗീവ് മീ സം ലവ് വാട്ടര്‍ ഓഫ് ആള്‍ പെയിന്‍ കില്ലിങ്ങ് ഇന്‍ മൈ ഹാര്‍ട്ട്..... ഇതില്‍ക്കൂടുതലൊന്നും എനിക്ക് പറയാനില്ല... (വികാര ക്ഷോഭം വര്‍ദ്ധിയ്ക്കുമ്പോള്‍ ഞാനല്ലെങ്കിലും ഇംഗ്ലീഷിലാണെഴുതാറുള്ളത്. നിനക്ക് ഇംഗ്ലീഷറിയാവുന്നത് കൊണ്ട് ഇതൊക്കെ വായിച്ച് മനസിലാക്കാവുന്നതേയുള്ളു.)

ചാറ്റ് ഓണ്‍ ചെയ്തു വെച്ചാലുടനേ നീ ഓണ്‍ ലൈനാണോ എന്നാണ് ഞാന്‍ തിരയുന്നത്. നീ ട്വന്റീ ഫോര്‍ അവേഴ്സും ഓണ്‍ ലൈനാണല്ലോ. പക്ഷേ ഞാന്‍ അയക്കുന്ന ഒറ്റയൊരു "ഹായ്ക്കു" പോലും നീ മറുപടി തന്നില്ല. എന്നാല്‍ മറ്റ് പലരുമായും നീ ചാറ്റുന്നുണ്ട് താനും. അല്ലാതെ ഫുള്‍ ടൈം ഓണ്‍ ലൈനായി ഇരിയ്ക്കേണ്ട കാര്യം നിനക്കില്ലല്ലോ. നിന്നോട് ചാറ്റി സംവേദിയ്ക്കാന്‍ പറ്റാത്തതു കാരണം എന്റെ അവസ്ഥ ഇപ്പോ ഓഫ് ലൈന്‍ ആയതു പോലെയാണ്. ഞാന്‍ ഫേസ്ബുക്കില്‍ അക്കൗണ്ട് തുടങ്ങി നാളുകള്‍ക്ക് ശേഷമാണല്ലോ നീ അക്കൗണ്ട് തുടങ്ങിയത്. പക്ഷേ പെട്രോളിനു വില കേറുന്നതു പോലെ ടപ്പേന്നായിരുന്നു നിനക്ക് ആയിരത്തഞ്ഞൂറു ഫ്രെണ്ട്സ് ആയത്. എനിക്ക് മിനിഞ്ഞാന്നാണു നൂറു ഫ്രെണ്ട്സ് കഷ്ട്ടിച്ച് തികഞ്ഞത്. ഇതൊക്കെ നീ നിന്റെ ഒറിജിനല്‍ പ്രൊഫൈല്‍ പിക് ഇട്ടതു കൊണ്ട് മാത്രം പറ്റിപ്പോയതാണ്. സാരമില്ല ഗ്രെയ്സ്മേരി. ഇനിയും നിനക്ക് തിരുത്താനുള്ള അവസരങ്ങളുണ്ട്. നീ നിന്റെ സിറ്റൗട്ടിലിരിയ്ക്കുന്ന സുന്ദരമായ പ്രൊഫൈല്‍ പിക് ആദ്യം എടുത്ത് മാറ്റിയിട്ട് വല്ല സീനത്ത് അമന്റേയോ, പര്‍വീണ്‍ ബാബിയുടേയോ... അല്ലെങ്കില്‍ വേണ്ട. അവരൊക്കെ മദാലസകളാണു. (പിന്നേം നിനക്ക് റിക്വസ്റ്റ് കൂടും..) നീ ഫിലോമിനയുടേയോ, കല്‍പ്പനയുടേയോ, കെ.പി..സി. ലളിതയുടേയോ ഫോട്ടോ എടുത്ത് പ്രൊഫൈലില്‍ ഇടൂ. അതായിരിയ്ക്കും ഗ്രെയ്സ്മേരിയുടെ സുരക്ഷയ്ക്ക് എന്തുകൊണ്ടും നല്ലത്. പറയാനുള്ള മുന്‍ കരുതലൊക്കെ ഞാന്‍ പറഞ്ഞെന്നേയുള്ളു. ഇതൊക്കെ എന്റെ ഗ്രെയ്സ്മേരിയ്ക്ക് ഞാനല്ലാതെ ആരു പറഞ്ഞു തരാനാണ്? ഇതെല്ലാം ഒന്ന് ഓര്‍മിപ്പിക്കാന്‍ വേണ്ടിയാണ് ഇന്നലെ ഗ്രെയ്സ്മേരിയ്ക്ക് ഞാനൊരു "പോക്ക്" അടിച്ചത്. ഉടനേ തന്നെ നീയെനിക്ക് ഒരു മെസേജാണയച്ചത്. "ഇതിനി ആവര്‍ത്തിച്ചാല്‍ തന്റെ കാര്യം പോക്കാണെന്ന്". ഇനി പോക്കുമില്ല ഒരു കോപ്പുമില്ല. എല്ലാം ഞാന്‍ നിര്‍ത്തി.

എങ്കിലും അവസാനമായി ഒരു കാര്യം കൂടി ചോദിച്ചോട്ടെ, ഗ്രെയ്സ്മേരിയും കൊച്ചിയിലാണ്, ഞാനും കൊച്ചിയിലാണ്. എങ്കില്‍ പിന്നെ നമുക്കൊന്ന് നേരില്‍ കണ്ട് കൂടേ. കഴിയുമെങ്കില്‍ വരുന്ന സണ്ടേ തന്നെ..?! അന്ന് ജെട്ടി മേനകയില്‍ വരാമെങ്കില്‍ നമുക്കൊന്നിച്ചൊന്ന് കറങ്ങാം. പറ്റുമെങ്കില്‍ ഈയിടെ റിലീസായ "കോപ്പാ തരിശ്" എന്ന സിനിമ കാണാന്‍ പോകാം. തീയേറ്ററിലിരുന്ന് നമുക്ക് സുഡോക്കോ കളിക്കാം. അല്ലെങ്കില്‍ ഹൈഡ് ആന്റ് സിക്ക് കളിക്കാം. "കോപ്പാ തരിശ്" ഓടുന്ന തീയേറ്ററിലെങ്ങും ഒറ്റ മനുഷ്യരില്ല ഗ്രെയ്സ്മേരി. ഹൈഡ് ആന്റ് സിക്കൊക്കെ സൂപ്പറായിട്ട് കളിക്കാന്‍ പറ്റും. എല്ലാം ഗ്രെയ്സ്മേരിയുടെ തീരുമാനത്തിനു വിട്ടു. ഡോക്ക് ഇവിടെ ഒരു ഡോക്കായിട്ട് കിടക്കും. ഗ്രെയ്സ്മേരി ഇതിനു മറുപടി തരും എന്ന പ്രത്യാശയോടെ,
സ്വന്തം
ചാക്കച്ചാം പറമ്പില്‍ മാത്തുക്കുട്ടി


9 അഭിപ്രായങ്ങൾ:

  1. മാത്തുകുട്ടീ, ഗ്രേയ്സ്‌ മേരി ബുദ്ധിയുള്ള കുട്ടിയാണെന്നു തോന്നുന്നു..അല്ലെങ്കിൽ ഇത്ര കൃത്യമായി താങ്കളെ എങ്ങനെ മാർക്ക്‌ ചെയ്തു? ഹ..ഹാ

    നന്നായി എഴുതി, റിജോ!

    മറുപടിഇല്ലാതാക്കൂ
  2. കുറിക്കു കൊള്ളുന്ന ഹാസ്യമാണല്ലോ റിജോ ...കൊള്ളാം കേട്ടോ.. :-)

    മറുപടിഇല്ലാതാക്കൂ
  3. ബൈജുവചനം :
    സിവില്‍ എഞ്ചിനീയര്‍ :
    Biju Davis :
    ഏപ്രില്‍ ലില്ലി. :
    നന്ദി... എല്ലാവർക്കും...

    മറുപടിഇല്ലാതാക്കൂ
  4. മുമ്പത്തെ കത്തിന് മറുപടി കിട്ടിയാരുന്നോ റിജോ..?

    മറുപടിഇല്ലാതാക്കൂ