വ്യാഴാഴ്‌ച, ജൂലൈ 14, 2011

ഗ്രെയ്സ് മേരിയ്ക്കൊരു ലവ് ലെറ്റര്‍

സ്‌നേഹം നിറഞ്ഞ ഗ്രെയ്സ് മേരി അറിയുന്നതിന്,
ആദ്യം തന്നെ ഒരപേക്ഷയുണ്ട്.
ഈ കത്ത്‌ ചുമ്മാ എന്കിലും ഒന്ന് വായിച്ചിട്ട് മാത്രമേ കീറി കളയാവൂ. പ്ലീസ്........

ഗ്രെയ്സ് മേരി എന്നെ വെറും കൂതറയായാണോ കാണുന്നത് എന്നൊരു സംശയം ഈയിടെയായി എനിക്ക് തോന്നുന്നുണ്ട്. അതെന്റെ കുഴപ്പമാണോ അതോ ഇനി ഗ്രെയ്സ് മേരിയുടെ നോട്ടത്തിന്റെ കുഴപ്പമാണോ എന്ന് എനിക്കങ്ങോട്ട് മനസിലാകുന്നില്ല. പക്ഷേ ഗ്രെയ്സ് മേരി ഒന്നു മനസ്സിലാക്കുന്നത് നന്ന്. ഗ്രെയ്സ് മേരിയെ ഞാനൊരിയ്ക്കലും ഒരു കൂതറയായി ഇന്നേവരെ കണ്ടിട്ടില്ല. നേരു പറഞാല്‍ ഗ്രെയ്സ്മേരിയുടെ സൗന്ദര്യത്തില്‍ ഞാന്‍ എപ്പോഴും ലയിച്ച് പോകാറാണു പതിവ്. എന്നാ ഒടുക്കത്തെ സൗന്ദര്യമാണു ഗ്രെയ്സ് മേരിയുടേത്. ഉള്ളതു പറയാമല്ലോ ഗ്രെയ്സ് മേരിയ്ക്ക് മഴയത്തും വെയിലത്തും മാറാത്ത ഭംഗിയാണ്‌. ഇത്രയും സുന്ദരിയായ ഗ്രെയ്സ്മേരി എന്റെ കാമുകിയാകുന്നതില്‍ എനിക്കൊരു വിരോധവുമില്ല. കാരണം ഗ്രെയ്സ് മേരിയ്ക്കു വേണ്ടി ഞാന്‍ എന്റെ ജീവിതം തന്നെ ഉഴിഞ്ഞു വച്ചിരിക്കുകയാണ്‌. ഗ്രെയ്സ് മേരി എന്നെ ഒന്ന് നോക്കുന്നതും, എന്നോടൊന്നു സംസാരിക്കുന്നതും മാത്രം പ്രതീക്ഷിച്ചാണു ഞാന്‍ കോളേജില്‍ വരുന്നത്. അല്ലാതെ പഠിച്ചു പാസായി വല്യ കൊണാണ്ടര്‍ ആകാമെന്ന് കരുതിയിട്ടല്ല. ഗ്രെയ്സ് മേരിയ്ക്ക് ചിലപ്പോള്‍ ഞാന്‍ വെറുമൊരു "താനാരുവാ" ആയിരിക്കും. പക്ഷേ എനിക്ക് ഗ്രെയ്സ്മേരി അങ്ങനെയല്ല. ഗ്രെയ്സ് മേരിയെ എന്റെ ഹ്രിദയത്തില്‍ നിന്നും ഇല്ലാതാക്കുവാന്‍ ഞാന്‍ ഒരുപാട് ശ്രമിച്ചതാണ്. പക്ഷേ നടക്കുന്നില്ല. ഗ്രെയ്സ് മേരി വല്ല കോക്രോച്ചോ, കീഠാണുവോ മറ്റോ ആയിരുന്നെങ്കില്‍ ഹിറ്റ് അടിച്ചെന്കിലും ഗ്രെയ്സ് മേരിയെ മനസില്‍ നിന്നും ഇല്ലാതാക്കാമായിരുന്നു. പക്ഷേ ഗ്രെയ്സ് മേരി ഹിറ്റ് അടിച്ചാലും പോകാത്തത്ര സൂപ്പര്‍ ഹിറ്റായി എന്റെ മനസ്സില്‍ കിടന്ന് ഓടുകയാണ്.


ഗ്രെയ്സ് മേരിയ്ക്കറിയാമോ ഗ്രെയ്സ് മേരീ, ഗ്രെയ്സ് മേരി എന്നെയൊന്ന് ഇഷ്ട്ടപ്പെടുവാന്‍ വേണ്ടി
ഞാന്‍ എന്നും രാത്രി സൈക്കിള്‍ അഗര്‍ബത്തി കത്തിച്ച് പ്രാര്‍ഥിക്കാറുണ്ട്. സൈക്കിള്‍ അഗര്‍ബത്തിയ്ക്ക് പണ്ടത്തേപ്പോലുള്ള ശക്തിയില്ലാഞ്ഞിട്ടോ, അതോ കര്‍ത്താവിനു സാംബ്രാണി ഇഷ്ട്ടമല്ലാഞ്ഞിട്ടോ എന്തോ, ഗ്രെയ്സ്മേരി മാത്രം എന്നെ ഇഷ്ട്ടപ്പെടുന്നില്ല. അഗര്‍ബത്തി കത്തിച്ച് കര്‍ത്താവിന്റെ മുന്‍പില്‍ നിന്നാരും പ്രാര്‍ത്തിയ്ക്കാറില്ലെങ്കിലും ഞാന്‍ അതും പരീക്ഷിച്ച് നോക്കിയത് എനിക്ക് സൈക്കിള്‍ അഗര്‍ബത്തിയിലുള്ള വിശ്വാസം കൊണ്ടല്ല ഗ്രെയ്സ്മേരീ. നിന്നെ എങ്ങനേയും എന്റെ സ്വന്തമാക്കണമെന്നുള്ള തീവ്രമായ ആഗ്രഹം കൊണ്ടാണ്‌.

ഇപ്പോള്‍ ഇങ്ങനെയൊരു കത്ത്‌ എഴുതാന്‍ കാരണം എന്താണെന്നു വെച്ചാല്‍, വരുന്ന പരീക്ഷക്ക് ഗ്രെയ്സ് മേരി തോല്‍ക്കുമോ എന്ന ആശങ്ക കൊണ്ട് മാത്രമാണ്. ഗ്രെയ്സ് മേരി ഇന്നലെ ജീനയോട് പറഞ്ഞില്ലേ "ഒന്നും അങ്ങോട്ട് ഓര്‍മയില്‍ നില്‍ക്കുന്നില്ല, അതുകൊണ്ടു എക്സാമിന് പൊട്ടാന്‍ ചാന്‍സുണ്ട്" എന്ന്. ഇന്നലെ നിങ്ങള്‍ തമ്മില്‍ സംസാരിച്ചു നില്‍ക്കുമ്പോള്‍ ഞാന്‍ ഗ്രെയ്സ് മേരിയുടെ തൊട്ടടുത്ത്, ഒരു ഇരുപതടി മാറി നില്‍പ്പുണ്ടായിരുന്നു. പരീക്ഷയ്ക്ക് ഗ്രെയ്സ് മേരി പൊട്ടുമെന്നു കേട്ടപ്പോള്‍ എന്റെ ചങ്ക് പൊട്ടി. ഗ്രെയ്സ് മേരിയുടെ ഓര്‍മ ശക്തി കൂട്ടാനുള്ള വഴി ഞാന്‍ പറഞ്ഞു തരാം ഗ്രെയ്സ് മേരീ, ഞാന്‍ പറഞ്ഞു തരാം. തുളസിയില അരച്ചെടുത്ത് കറ്റാര്‍വാഴപ്പോളയില്‍ ചാലിച്ച്, ഗോ മൂത്രവും നാരങ്ങാ അച്ചാറും സമാസമം ചേര്‍ത്ത് ഒരു ടീസ്പൂണ്‍ കോഴിക്കാട്ടത്തില്‍ മിക്സ് ചെയ്ത് ചാണക വെള്ളത്തില്‍ കലര്‍ത്തി തിളപ്പിച്ചാറിച്ച് കുടിച്ചാല്‍ ബുദ്ധിയും ശക്തിയും വര്‍ദ്ധിക്കും എന്ന് ഞാന്‍ കേട്ടിട്ടുണ്ട്. കഴിയുമെങ്കില്‍ അതൊന്ന് പരീക്ഷിച്ചു നോക്കുക. അതല്ലെങ്കില്‍ സന്തോഷ് പാണ്ടിയോ സന്തോഷ് ബ്രഹ്മിയോ വാങ്ങി കഴിക്കുക. ബുദ്ദിയ്ക്കും, ശക്തിയ്ക്കും, ഉണര്‍വിനും, ഉന്മേഷത്തിനും സന്തോഷ് ബ്രഹ്മി നല്ലതാണ്‌.

ജീനയുമായുള്ള സംസാരമെല്ലാം കഴിഞ്ഞ്, ഗ്രെയ്സ് മേരി ഇന്നലെ കോളേജ്‌ വിട്ട് വീട്ടിലേക്ക് പോകുമ്പോള്‍, മനോരമയുടെ പത്രമോഫീസ് മുതല്‍ പാത്രിയാര്‍ക്കീസ് ബാവായുടെ ഓഫീസ് വരെ ഞാന്‍ ഗ്രെയ്സ് മേരിയെ പിന്തുടര്‍ന്നിരുന്നു. ഗ്രെയ്സ് മേരി ആ മണ്ടയില്ലാത്ത ബസ്സ്റ്റോപ്പില്‍, പൊരി വെയിലത്ത് കെ.എസ്.ആര്‍.ടി.സി ബസ് കാത്തു നില്‍ക്കുന്നതും, ഒടുവില്‍ തുരുമ്പിച്ച ഓര്‍ഡിനറി ബസില്‍ കയറി പോകുന്നതും കണ്ടു എന്റെ കണ്ണ് നിറഞ്ഞു. സത്യത്തില്‍ ഗ്രെയ്സ് മേരി എന്നോട് കൂട്ടായിരുന്നെങ്കില്‍ ഇത്രയും ബ്യൂട്ടിയായ ഗ്രെയ്സ് മേരിയെ ഞാന്‍ എന്റെ സ്കൂട്ടിയില്‍ കയറ്റി ഊട്ടി വരെ കൊണ്ടു പോയേനെ.

ഗ്രെയ്സ് മേരി എന്നെ നോക്കുമ്പോഴെല്ലാം എന്റെ മനസ്സില്‍ ഓരോ ലഡ്ഡു പൊട്ടും. പക്ഷേ ഗ്രെയ്സ് മേരി ആ സതീശനെയോ ജോണ്‍സനെയോ നോക്കുമ്പോഴെല്ലാം എന്‍റെ ചങ്ക് പൊട്ടും. ഈ വക ആധികളും, വ്യാധികളും കാരണം വരാന്‍ പോകുന്ന സപ്ലിമെന്ററി പരീക്ഷയിലും ഞാന്‍ പൊട്ടും.
അങ്ങനെ സംഭവിച്ചാല്‍ അപ്പന്റെ കയ്യീന്ന് എന്റെ മുഖത്തൊരെണ്ണം പൊട്ടും. അന്നേരം ചിലപ്പോള്‍ എന്റെ വായിലെ പല്ല്‌ പൊട്ടും. അതോടെ ചിലപ്പോള്‍ എന്റെയീ വണ്‍വേ ലൈനും പൊട്ടും. എല്ലാം കൊണ്ടും വലിയൊരു പൊട്ടല്‍ ഇതിന്റെ ക്ലൈമാക്സില്‍ എന്നെ കാത്തിരിക്കുന്നുണ്ടോ എന്നൊരു ഡൗട്ട് ഇല്ലാതില്ല. എല്ലാം ഒരു പൊട്ടല്‍ ആയി കലാശിച്ചാലും ഗ്രെയ്സ്മേരി എന്നെയൊരു പൊട്ടന്‍ ആയി കണക്കാക്കരുതേ എന്നൊരപേക്ഷ മാത്രമേ ഈ പാവം മാത്തുക്കുട്ടിയ്ക്കുള്ളു.

ഇതിനെങ്കിലും ഗ്രെയ്സ്മേരി ഒരു മറുപടി തരുമെന്ന് ഞാന്‍ ഉറച്ച് വിശ്വസിക്കുന്നു. തരില്ലേ ഗ്രെയ്സ് മേരീ. തരണം. തരാതിരിയ്ക്കരുത്. തരാതരം മറുപടികള്‍ തരം തിരിച്ച് കൊടുക്കാന്‍ കെല്പ്പുള്ള ഗ്രെയ്സ്മേരി ഇതിനുള്ള മറുപടി തരാതിരിയ്ക്കില്ല എന്നെന്റെ മനസ് പറയുന്നു.

മറ്റൊന്നും എഴുതാനില്ല. തല്‍ക്കാലം ഈ കത്ത് ഇവിടെ നിര്‍ത്തുന്നു. മറുപടി പ്രതീക്ഷിച്ച് കൊണ്ട്...
സ്വന്തം
മാത്തുക്കുട്ടി
ഒപ്പ്.

ഫ്രം:
പീ.പീ. മാത്തുക്കുട്ടി
ഫസ്റ്റ് പി.ഡി.സി
തേഡ് ഗ്രൂപ്പ്
ബി. ഡിവിഷന്‍,
മാര്‍ത്ത മറിയം കോളേജ്‌.


ടു:
ഗ്രെയ്സ് മേരി
ഫസ്റ്റ് പി.ഡി.സി
തേഡ് ഗ്രൂപ്പ്
ബി. ഡിവിഷന്‍,
മാര്‍ത്ത മറിയം കോളേജ്‌.



Related Articles

വെള്ളിയാഴ്‌ച, ജൂലൈ 08, 2011

മാരന്റെ ഡപ്പാംകൂത്ത് അവസാനിച്ചു. ഇനി ശോക ഗാനങ്ങള്‍

തമിഴ്നാട്ടില്‍ കിലോഗ്രാമിന് ഒരു മന്ത്രി എന്ന കണക്കിലാണു പുറത്താവുകയോ, അകത്തു പോവുകയോ ചെയ്യുന്നത്. വില മെച്ചം ഗുണം തുച്ചം എന്നതാണിപ്പോ അവിടുത്തെ സ്ഥിതി. മന്ത്രിയുടെ വിലയും മന്ത്രി സംബാദിച്ച വിലയും ഒടുക്കത്തെ മെച്ചമാണ്. ബട്ട് അതുകൊണ്ട് ആയുഷ്കാലമുണ്ടാകേണ്ടുന്ന ഗുണം മാത്രം തുച്ചമെന്നേ പറയേണ്ടൂ. എ. രാജ, കനിമൊഴി, ഇപ്പോ മാരനും. എല്ലാരും വാലേ വാലേ പുറത്തേക്കും അകത്തേക്കുമൊക്കെയായി പ്രയാണത്തിലാണ്.

കേന്ദ്രത്തിലെ ടെക്സ്റ്റയില്‍സ് മന്ത്രിയായിരുന്ന മാരനു ഇന്നലെ മാര്‍ച്ചിങ്ങ് ഓര്‍ഡര്‍ കിട്ടി. ഇനി ആചാര വെടി മാത്രം ബാക്കി.. തീഹാറിന്റെ അകത്തേക്ക് എപ്പോള്‍ എന്നൊരു പ്രസക്തമായ ചോദ്യം അവശേഷിപ്പിക്കുന്നുണ്ട് മാരന്‍. കാര്യങ്ങളൊക്കെ ഇങ്ങനെ ആയ
സ്ഥിതിയ്ക്ക് തമിഴ്നാട്ടിലെ സമകാലിക സ്ഥിതി വിശേഷങ്ങളെ ഒന്നു കൂലങ്കഷമായി നിരൂപണം ചെയ്യേണ്ടതുണ്ട്. സംഭവം കവിതയുമായും പാട്ടുമായും കാവ്യ ഭാവനയുമായുമൊക്കെ ബന്ധപ്പെട്ടിരിക്കുന്നത് കൊണ്ട് നിരൂപണ ചുമതല ടി. പീ ശാസ്ത മംഗലം ഏറ്റെടുക്കുന്നതാണു നല്ലതെന്നേ പടാര്‍ ബ്ലോഗിനു പറയാനുള്ളു. അതു ചിലപ്പോ പടാര്‍ ബ്ലോഗിന്റെ അറിവിന്റെ തുശ്ചത കൊണ്ടായിരിക്കാം. എന്നാലും മലയാള കാവ്യ ശാഖയ്ക്ക് അതൊരു മെച്ചമായ മുതല്‍ക്കൂട്ട് തന്നെയാവും എന്ന കാര്യത്തില്‍ സംശയം ഏതും ഇല്ല താനും. മുതലു കട്ടവന്മ്മാര്‍ രാജ്യത്തിന്റെ മുതല്‍ക്കൂട്ടാണെന്നും മനസിലാക്കുന്നത് നല്ല കാര്യമാണ്. കാശുള്ളവന്‍ കത്തോലിക്കയും കാശില്ലാത്തവന്‍ തൊലിക്കയും ആണെന്നു പണ്ടേതോ വിദ്വാന്‍ പറഞ്ഞു വെച്ചത് അച്ചട്ടായിക്കൊണ്ടിരിക്കുന്ന നൂറ്റാണ്ട് കൂടിയാണല്ലോ ഇത്.

പറഞ്ഞു വന്നത് കവിതയേയും നിരൂപണത്തേയുമൊക്കെക്കുറിച്ചാ
ണ്. കവിതയും മാരനും തമ്മില്‍ അഭേദ്യമായ ബന്ധമുണ്ടെന്ന് പടാര്‍ ബ്ലോഗിന്റെ റോയിട്ടേഴ്സ് ലേഖകന്‍ വിശദീകരിച്ചിട്ടുണ്ട്. മാരന്‍ മാത്രമല്ല തമിഴ്നാട് മൊത്തമായും കവിത, സിനിമാപ്പാട്ട് തുടങ്ങിയവ ലയിച്ച് ചേര്‍ന്നിരിക്കുകയാണ്. മാരന്‍ എന്നു പറഞ്ഞാല്‍ തന്നെ കവിത തുളുംബുന്ന പേരാണ്. "അവളുടെ മാരന്‍, മനസിലെ മാരന്‍" തുടങ്ങി അനേകമനേകം കവിതകളോ പാട്ടുകളോ മാരനെ പ്രകീര്‍ത്തിച്ച് പുറത്തിറങ്ങിയിട്ടുമുണ്ട്. മാരന്‍ ഒരു പടികൂടി കടന്നാല്‍ അവനൊരു ജാരനായി മാറുന്ന കാഴ്ച്ചയാണ് കാണുന്നത്. മാരന്‍ ഒരു ജാരന്‍ കൂടിയായിരുന്നു. അധികാരത്തിന്റെ ഇരുണ്ട അകത്തളങ്ങളേയും, സംബത്തിന്റെ വിശാല ഗോപുരങ്ങളേയും, അഴിമതിയുടെ കരാള അണ്ടര്‍ ഗ്രൗണ്ടുകളേയും പ്രണയിച്ച് നടന്ന ഒരു മഹാനാണു മാരന്‍ അധവാ ജാരന്‍. അദ്ദേഹത്തിനു മുന്‍പ് അധികാരത്തില്‍ നിന്നും ക്ലീന്‍ബൗള്‍ഡ് ആയ കനിമൊഴിക്കൊച്ചമ്മ ഒരു കവയത്രിയായിരുന്നു. കനിമൊഴി എന്ന പേരില്‍ തന്നെയുണ്ടൊരു കവി മൊഴി. കനിമൊഴി എന്നു നമ്മള്‍ പറയുംബോഴത് നമ്മുടെ വായില്‍ തേന്മൊഴിയിറ്റിക്കും. ഇപ്പോള്‍ നാട്ടുകാരുടെ തെറിമൊഴി കേട്ട് സസുഖം തീഹാറിലിരുന്ന് മെഴുകുതിരി ഉണ്ടാക്കുകയാണാ പാവം. പണ്ടൊരു കന്യാസ്ത്രീ പറഞ്ഞതുപോലെ "മെഴുകുതിരിയിലും മായമോ" എന്നു പറയാന്‍ ആ മഹിളയ്ക്ക് ഇട വരാതിരിക്കട്ടെ എന്നു മാത്രമേ എനിക്ക് പറയാനുള്ളു. എ. രാജയുടെ കാര്യത്തിലാണെങ്കില്‍ കവിതയിങനെ കോര്‍പ്പറേഷന്‍ പൈപ്പു പോലെ തുളുംബി നില്‍ക്കുകയാണ്. പണ്ടൊക്കെ ഇവിടം ഭരിച്ചിരുന്ന എല്ലാ രാജാക്കന്മ്മാരുടേയും കൊട്ടാരത്തില്‍ കാളിദാസന്‍, ഭാസന്‍, ആഭാസന്‍ തുടങ്ങിയ കവി ശ്രേഷ്ട്ടന്മ്മാരുടെ പട തന്നെ ഉണ്ടായിരുന്നതായി ബി.ബി.സി. റിപ്പൊറ്ട്ട് ചെയ്തിട്ടുണ്ട്. പോരാത്തതിനു രാജ രാജ ചോഴന്‍ നാന്‍, രാജാക്കന്മ്മാരുടെ രാജാവേ തുടങ്ങിയ പാട്ടുകളും പുറത്തിറങ്ങിയിട്ടുണ്ട്. ഇതെല്ലാം സൂചിപ്പിക്കുന്നത് രാജയുടെ കവിതാ ബന്ധമാണ്. അധവാ സംഗീത ബന്ധമാണ്. എന്നതായാലും വേണ്ടില്ല. ആകെ മൊത്തം കവിതാമയമായിരിക്കുകയാണിപ്പോ തമിഴ്നാട്.

ഇതെല്ലാം കാരണം തമിഴ് മക്കളുടെ
സ്ഥിതിയും സമൂലമായൊരു അഭിരുചി മാറ്റത്തിനു വിധേയമായിരിക്കുകയാണ്. കൂതറ ഡപ്പാംകൂത്ത് പാട്ടുകളെ ആരാധിച്ച് നടന്നവരാണ് തമിഴ് ജനത. ഒരഞ്ചാറു മാസം മുന്‍പ് വരെ അതങ്ങനെ തന്നെയായിരുന്നു. എന്നാല്‍ കാലത്തിന്റെ അനിവാര്യമായ മാറ്റങ്ങള്‍ അവരെ പരിണാമത്തിനു വിധേയമാക്കിയിട്ടുണ്ടോ എന്ന് ആരും സംശയിച്ചു പോകുന്ന സിറ്റുവേഷനാണിപ്പോ നടമാടുന്നത്. നാക്കുമുക്കയും, അപ്പടിപ്പോടും, വാളമീനുക്ക് കല്യാണവും, നാന്‍ അടിച്ചാ താങ്കമാട്ടയുമൊക്കെ ആഘോഷിച്ച് നടന്ന് പാവം സംഗീത പ്രാന്തന്മ്മാര്‍ ഈയിടെയായി ഡപ്പാംകൂത്തില്‍ നിന്ന് ട്രാക്കുമാറി നിത്യഹരിത ശോക ഗാനംഗളിലേക്ക് കൂറു മാറിപ്പോയിരിക്കുന്നു. കലികാലം എന്നല്ലാതെന്താ പറയുക. അണ്ടം കാക്കാ കൊണ്ടക്കാരി എന്ന പാട്ടൊക്കെ ഇപ്പോ പണ്ടം കട്ട കൊള്ളക്കാരീ എന്നോ കൊള്ളക്കാരനെന്നോ ഒക്കെയായി രൂപഭേദം `വന്നിട്ടുണ്ട് എന്തായാലും ടെലികോം മന്ത്രിയായിരിക്കുംബോള്‍ അഴിമതി നടത്തിയതിനു ടെക്സ്റ്റയില്‍ മന്ത്രിയായിരിക്കുംബോള്‍ പണികിട്ടിയ മാരന്റെ ദുര്യോഗത്തെക്കുറിച്ച് അഴിമതിചരിതം നാലാം ഖണ്ടം എന്നൊരു മഹാകാവ്യമെഴുതാനുള്ള സ്കോപ്പൊക്കെ മലയാള കവികള്‍ക്കു മുന്‍
പിലും ഇടപ്പുണ്ട്.


Related Articles
രാജയുടെ കട പൂട്ടി.
ഒബാമ കൊന്നു, ഒസാമയെ

തിങ്കളാഴ്‌ച, ജൂലൈ 04, 2011

കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാന്‍


അരുന്ധതി റോയിയുടെ ബുക്കര്‍ പുരസ്കാരം ലഭിച്ച നോവല്‍, ഗോഡ് ഓഫ് സ്മാള്‍തിങ്സ്
ഒരല്‍പ്പം വൈകിയാണെങ്കിലും
മലയാളത്തില്‍ എത്തിയിരിക്കുകയാണ്.
അരുന്ധതി റോയിയെയും
അയ്മനത്തെയും
വിഖ്യാതമാക്കിയ ഗോഡ് ഓഫ് സ്മാള്‍തിങ്സിന് പരിഭാഷ
നിര്‍വഹിച്ചിരിക്കുന്നത് പ്രമുഖ കഥാകാരി പ്രീയ എ.എസ്. ആണ്.
ഡി.സി. ബുക്ക്സ് പ്രസിദ്ധീകരിച്ച
പുസ്തകം ഇനി മലയാളത്തിനും, മലയാളിക്കും സ്വന്തം.
പുസ്തകത്തിന്റെ മലയാളീകരിച്ച പേര്
"കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാന്‍ ."

റാഹേല്‍ എന്നും, എസ്ത എന്നും പേരുള്ള രണ്ടു കഥാപാത്രങ്ങളിലൂടെ
കുഞ്ഞുകുഞ്ഞ് കാര്യങ്ങളുമായി മുഴുവന്‍ വായനക്കാരെയും ആസ്വദിപ്പിച്ച വലിയ നോവല്‍ കേരളത്തിന്‍റെ
വായനാമനസിലേക്കും വന്നെത്തുന്നു. സാധാരണയായി
മലയാളത്തില്‍ ലഭിക്കുന്ന ഇംഗ്ലീഷ്‌ ക്ലാസിക്ക് നോവലുകളുടെ
വിവര്‍ത്തനങ്ങള്‍പ്പോലെ ജീവസ്സറ്റതായിരിക്കില്ല ഈ പരിഭാഷ
എന്നത് ഗ്യാരന്‍റിയാണ്‌. പ്രീയ എ.എസ്. പറഞ്ഞത് അനുസരിച്ചാണെങ്കില്‍
അവര്‍ മൂന്നു വര്‍ഷമെടുത്താണ് ഇതിന്റെ വിവര്‍ത്തനം പൂര്‍ത്തീകരിച്ചത്.
ഒരു നോവല്‍ സ്വന്തമായി എഴുതുന്ന അധ്വാനം വേണ്ടി വന്നു എന്നു ചുരുക്കം.
നിരവധിയനവധി തവണകള്‍ അരുന്ധതി റോയിയുമായി നടത്തിയ ചര്‍ച്ചകളിലൂടെ അവരുടെ
മനസിലുള്ള അതേ ഗോഡ് ഓഫ് സ്മാള്‍തിങ്സിനെത്തന്നെയാണ്‌
മലയാളത്തിലേക്കാക്കിയതും.

ഇതിലെ വായനാനുഭവത്തിലെ സംസാര ശൈലി എന്നു പറയുന്നത് കോട്ടയം മലയാളമാണ്‌.
ഒരു സന്ദര്‍ഭത്തില്‍ രവി ഡി.സി യും, അരുന്ധതി റോയിയും തനി
കോട്ടയം മലയാളത്തില്‍ സംസാരിക്കുന്നത് കണ്ടപ്പോള്‍ ഉണ്ടായ
കവ്തുകം കൊണ്ടാണ് പ്രീയ എ.എസ്. അതേ ശൈലി തന്നെ ഉപയോഗിച്ചത്. കുഞ്ഞു കാര്യങ്ങളുടെ ഒടേതമ്പുരാന്‍ തീര്‍ച്ചയായും പതിവു വിവര്‍ത്തനങ്ങളെ അതിശയിപ്പിക്കുന്ന ഒന്നുതന്നെയാവും
എന്ന കാര്യത്തില്‍ ഡി.സി. ബുക്ക്സ് ഉറപ്പ് തരുന്നുണ്ട്. ഇന്നുവരെ ഇതു വായിക്കാന്‍ കഴിഞ്ഞിട്ടില്ലാത്തവര്‍ക്ക് തീര്‍ച്ചയായും ഒരു ഉപഹാരമാകുന്നു ഈ നോവല്‍.


Related Articles
കുമ്പറാസിപ്പിട്ടോ
മാത്തുക്കുട്ടിയുടെ വാലന്‍റൈന്‍സ്ഡേ ടമാര്‍... പടാര്‍...