വെള്ളിയാഴ്‌ച, ജൂൺ 08, 2012

ഒരു പന്തിന് ചുറ്റും ലോകം ചുരുങ്ങുമ്പോൾ...

പോളണ്ടിനേക്കുറിച്ച് ഇനി എല്ലാരും പറയും.
കാരണം പോളണ്ടിലാണ് ഇനി കളി നടക്കാൻ പോകുന്നത്.
പോളണ്ടും, ഉക്രയിനും ചേർന്ന് സംയുക്ത ആതിഥേയത്വം വഹിക്കുന്ന പതിനാലാമത് യൂറോക്കപ്പ് ഫുട്ബൊൾ നാളെ കൊടിയേറ്റം കുറിയ്ക്കുകയാണ്.

യൂറോപ്യൻ ഭൂഗണ്ടത്തിലെ ഹോട്ട് ഫേവറിറ്റുകളായ ജർമനി, ഇറ്റലി, ഹോളണ്ട്, ഫ്രാൻസ്, ഇംഗ്ലണ്ട്, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ വമ്പൻമ്മാരെല്ലാരുമുണ്ട്.  പോരാത്തതിന് ഏതൊരട്ടിമറിയ്ക്കും കോപ്പുളള ചെക് റിപബ്ലിക്, ഡെന്മാർക്ക്, സ്വീഡൻ, ഗ്രീസ് തുടങ്ങിയവരും അരങ്ങ് കൊഴുപ്പിക്കുന്നുണ്ട്. ഇതിനകം തന്നെ, ജർമ്മനി, ഹോളണ്ട്, പോർച്ചുഗൽ, ഡെന്മാർക്ക് തുടങ്ങിയവർ അടങ്ങിയ ബി ഗ്രൂപ്പ്, മരണ ഗ്രൂപ്പായി മാറിക്കഴിഞ്ഞു. ആ ഗ്രൂപ്പിലെ ഏറ്റുമുട്ടലുകൾ ചരിത്രമാവാൻ പോകുകയാണ്.

ലോക ഫുട്ബോൾ കാണാൻ ആരംഭിച്ച കാലം മുതൽക്കേ  പ്രീയപ്പെട്ട കുറേ ടീമുകളുണ്ട്. അർജന്റീന, ഇറ്റലി, ഹോളണ്ട്, ജർമനി തുടങ്ങിയവരാണവർ. സിദാന്റെ ഇന്ദ്രജാലം  തുടങ്ങിയതോടെ ആ പട്ടികയിലേക്ക് ഫ്രാൻസും ഇടം പിടിച്ചു. [ഇതിൽ അർജന്റീനയൊഴികെയുളളവരെല്ലാം ഈ പോരാട്ട വേദിയിലുണ്ട്.]

ഇംഗ്ലണ്ട് ടീമിനോടും, അവരുടെ പ്രീമിയർ ലീഗിനോടും, മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിനോടും ഒരിക്കലും ഒരു കാലത്തും യാതൊരു ആരാധനയും തോന്നിയിട്ടില്ല. ഇനിയൊട്ട് തോന്നാനും പോകുന്നില്ല. ബാഴ്സലോണയും, റയൽ മാഡ്രിഡുമൊക്കെ കളിക്കുന്ന വിഖ്യാത സ്പാനിഷ് ലീഗ് ഒന്ന് കൊണ്ട് മാത്രമാണ് സ്പെയിൻ എന്നും അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ യൂറോക്കപ്പും, ലോകക്കപ്പും നേടി അവർ ചാമ്പ്യൻമ്മാരുടെ തിരഞ്ഞെടുക്കപ്പെട്ട ലിസ്റ്റിലേക്ക് തലയെടുപ്പോടെ കയറിയെങ്കിലും സ്പെയിൻ എന്ന ടീമിനോടും വ്യക്തിപരമായി, തീരെ താല്പര്യമില്ല.

ലാറ്റിനമേരിക്കയില്‍ അർജന്റീന കഴിഞ്ഞാൽ [ലാറ്റിൻ അമേരിക്ക എന്നല്ല, എനിക്ക് ലോകത്ത് ഏറ്റവും പ്രീയപ്പെട്ട ഫുട്ബോൾ ടീം അർജന്റീനയാണ്!] യൂറോപ്പിലെ ഹോളണ്ട്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നിവരെ ഒരേപോലെ ഇഷ്ട്ടമാണ്.  ഈ ടീമുകൾ പരസ്പരം ഏറ്റു മുട്ടുമ്പോൾ ആരെ സപ്പോർട്ട് ചെയ്യണം എന്നറിയാതെ നിസ്സഹായനായിപ്പോകാറുണ്ട്.

ഹോളണ്ട് :
ഫുട്ബോൾ പ്രേമികളെ എന്നും മോഹിപ്പിക്കുന്ന ഒരു ടീമാണ് ഹോളണ്ട് . ലാറ്റിനമേരിക്കൻ ടീമുകളുടെ  അതിമനോഹരമായ കേളീമികവ് യൂറോപ്പിൽ ആവിഷ്കരിക്കുന്ന ഒരേയൊരു ക്ലാസിക് ടീം. ടോട്ടൽ ഫുട്ബോളിന്റെ വാക്താക്കൾ!  ഓറഞ്ച് പട കളി തുടങ്ങിയാൽ അതിലും സുന്ദരമായ മറ്റൊന്നും ഈ ലോകത്ത് കാണാനുണ്ടാവില്ല. തികഞ്ഞ ക്ലാസിസിസ്റ്റുകളാണ് എക്കാലത്തും  നെതർലാന്റ്സ്, ഹോളണ്ട് എന്നൊക്കെ അറിയപ്പെടുന്ന ഡെച്ച് പട. ഇത്തവണത്തെ യൂറോ കിരീടത്തിന് എന്തു കൊണ്ടും അവകാശികളാണവർ.

ആര്യൻ റോബനും, വാൻ ബൊമ്മലും, വെസ്ലീ സ്നൈഡറും, റോബിൻ വാൻപേഴ്സിയുമൊക്കെ  സോഫ്റ്റ് ടച്ചിന്റെ ഇന്ദ്രജാലങ്ങൾ പ്രകടിപ്പിച്ച് തുടങ്ങുമ്പോൾ യൂറോപ്പ് നമിച്ച് പോയില്ലെങ്കിലേ അദ്ഭുതമുളളു


ഫ്രാൻസ് :
ഫ്രെഞ്ച് പട, സിദാൻ യുഗത്തിന്റെ അസ്തമനത്തോടെ കാറ്റത്താടുന്ന കൊന്നത്തെങ്ങ് പോലെയായി എന്ന് പറയാം. എങ്കിലും ഫ്രാൻസ് ഫ്രാൻസ് തന്നെയാണ്. പത്താം നംബർ ജേഴ്സിക്കുടമകളായ  മിഷേൽ പ്ലാറ്റിനി മുതൽ സാക്ഷാൽ  സിനദൈൻ സിദാൻ വരെയുള്ളവർ പുൽ മൈതാനങ്ങൾ അടക്കി വാണ ടീമാണത്. ഫ്രെഞ്ച് പട ചാർജ്ജായാൽ യൂറോയിൽ ഉശിരൻ പോരാട്ടങ്ങളുടെ പറുദീസ തുറക്കപ്പെടും. കിരീടം നേടാനുറച്ച് തന്നെയാണ് ഫ്രാൻസ് ഇത്തവണയും എത്തുന്നത്.

റിബറി, ഫ്ലൂറന്റ് മലൂഡ, പാട്രിക് എവ്റ, സാക്ഷാർ കരിം ബെൻസേമ തുടങ്ങിയവർ നീലപ്പടയെ വീണ്ടും ചാമ്പ്യൻ ടീമാക്കാൻ കച്ചകെട്ടി ഇറങ്ങുമ്പോൾ ചരിത്രം ത്രസിപ്പോടെ വീക്ഷിക്കുകയാണ്.

ഇറ്റലി :
റോബർട്ടോ ബാജിയോ വീരേതിഹാസം ചമച്ച് തുടങ്ങുന്ന കാലം മുതലാണ് ഞാനൊരു ഇറ്റാലിയൻ ഫാനായി മാറുന്നത്. പിന്നീട് പൗളോ മാൽഡീനി എന്ന ഡിഫന്ററായി എന്റെ ഇറ്റാലിയൻ ഫുട്ബോൾ ഹീറോ. ക്രിസ്റ്റ്യൻ വിയേരിയും, സാംബ്രോട്ടയും, ഗൂട്ടിറെസ്സും, കണവാരോയുമൊക്കെ രോമാഞ്ചം കൊളളിച്ചതിന് കണക്കില്ല. ലോക ഫുട്ബോളിലെ പാരമ്പര്യത്തിലും കിരീട നേട്ടങ്ങളിലും അസൂറിപ്പട ബ്രസീലിനും ജർമ്മനിക്കും ഒപ്പം എത്തും. കളിയഴക് കൊണ്ടല്ല ഇറ്റലി ലോകത്ത് അരാധകരെ സംബാധിച്ചത്. കേളികേട്ട ഡിഫൻസ് കൊണ്ട് മാത്രമാണ്. ഇറ്റലി കപ്പ് നേടണമെന്ന് തീരുമാനിച്ചിറങ്ങിയാൽ, അവർക്കെതിരേ ചെക് പറയാൻ ഒരു ടീമിനും ആവില്ല.

ഗോൾ കീപ്പർ ബഫണും, ഡിഫന്റർമാരായ ചെല്ലിനി, ബർസാഗി, സാൽവഡോർ ബോച്ചെറ്റി തുടങ്ങിയവരും  മധ്യ നിരയിലെ ആന്ദ്രേ പിർലോയും പെരുമയ്ക്കൊത്ത് ഉയർന്നാൽ മക്കളേ, കളി മാറും.

ജർമ്മനി :
എന്നും എപ്പോഴും ഹോട്ട് ഫേവറിറ്റുകളാണ് ജർമ്മനി.
ജർമ്മനി എന്നും കളിക്കുന്നത് സുന്ദരമായ ആക്രമണ ഫുട്ബോളാണ്.  ഫോമിലുളള ദിവസം, അവർ കളിക്കുന്നത് പാറ്റൺ ടാങ്ക് ഇരമ്പുന്നത്  പോലെയാണ്. എതിരെ വരുന്നതിനെയെല്ലാം - അത് എത്ര കൊലക്കൊമ്പനായാലും - തകർത്തെറിയുന്ന അറ്റാക്കിങ്ങാണ് അവരുടെ പാരമ്പര്യം!  യൂറോപ്യൻ ഫുട്ബോൾ ടീമുകളിൽ കാണികളുടെ ഞരമ്പുകളിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്ന ഒരേയൊരു ദേശീയ ഫുട്ബോൾ ടീം ജർമ്മനിയാണ്. നിരന്തരമായി  ആക്രമിക്കുന്ന കളിയഴകിനുടമകൾ.. [ഞാൻ ഫുട്ബോൾ കാണാൻ തുടങ്ങിയ കാലം മുതൽ ജർമ്മൻ ശൈലി അതാണ്. ലോതർ മാതേയസ് കളിക്കുന്ന കാലത്തൊക്കെ ഡിഫൻസിനായിരുന്നത്രെ ഊന്നൽ കൊടുത്തിരുന്നത്.]

ഷ്വൈൻസ്റ്റീഗറും, ലൂക്കാസ് പെഡോൾസ്കിയും, മെസ്യൂട്ട് ഓസിലും, മിറോസ്ലോവ് ക്ലോസെയും, ഫിലിപ് ലാമും, തോമസ് മുള്ളറുമൊക്കെ വിങ്ങുകളിലൂടെ വെടിയുണ്ട പോലെ പറന്നു കയറുമ്പോൾ, എതിർ കോട്ടകൾ വിറകൊളളുന്നത് കാണാം..

മറ്റ് ടീമുകൾ :
ഹെന്റിക് ലാർസൻ ബാക്കി വെച്ച് പോയ ആക്രമണ ചാരുത ഇപ്പോൾ സ്വീഡന്റെ നിരയിൽ ആരാണ് തുടരുന്നത്? സ്കാന്റിനേവിയയിൽ നിന്നും ഡെന്മാർക്ക് കസറുമോ? സ്വർണ മുടിക്കാരൻ സൂപ്പർ താരം - പാവേൽ നെദ്വേദ് - ഒഴിച്ചിട്ട മിഡ്ഫീൽഡ് മാന്ത്രികത,  ചെക് റിപബ്ലിക്കിന് വേണ്ടി ഏറ്റെടുക്കുന്നത് ആരാവാം? ഗ്രീസ് അന്ന് അട്ടിമറിച്ചത് പോലെ പാരമ്പര്യങ്ങൾ തുണയ്ക്കാത്ത പുതിയൊരു ചാമ്പ്യൻ ഇത്തവണ യൂറോയിൽ ഉദയം ചെയ്യുമോ?  യൂറോപ്യൻ പുൽ മൈതാനങ്ങൾ അവയ്ക്കുളള ഉത്തരം കരുതി വെച്ചിട്ടുണ്ട്.

ഉക്രയിനിലും, പോളണ്ടിലുമായി നടക്കുന്ന കാൽപ്പന്തിന്റെ കാനന വന്യത, കലാ ചാരുത,  ഫുട്ബോൾ പ്രേമികളുടെ കണ്ണുകളെ വരുന്ന ഒരു മാസക്കാലം വിരുന്നൂട്ടാൻ പോകുന്നു. ഇഞ്ച്വറീ ടൈമിലെ യോഹാൻ ക്രൈഫിന്റെ "ടോട്ടൽ" സിസർകട്ട്, പോളോ റോസിയുടെ ഐതിഹാസിക ഡ്രിബ്ലിങ്ങ്, ഫ്രെങ്ക് പുഷ്കാസിന്റെ മാന്ത്രിക ഹെഡർ.... ലെജന്റുകൾ ഓർമ്മകളിൽ അവശേഷിപ്പിച്ച ഒരായിരം ഓർമ്മ ചിത്രങ്ങളിലേക്ക് ഊറ്റത്തോടെ തിരിഞ്ഞു നടക്കാനും ഈ യൂറോ വേദിയാവുന്നു.


യൂറോക്കപ്പ് 2012 ഫിക്സ്ചർ ഇവിടെ



 ഹോളണ്ട്


 ജർമ്മനി



ഇറ്റലി


ഫ്രാൻസ്

2 അഭിപ്രായങ്ങൾ: