ഞായറാഴ്‌ച, ജൂലൈ 01, 2012

യൂറോക്കപ്പ് 2012 ഫൈനൽ: ടിക്കിടാക്ക V/S കാറ്റനാച്ചിയോ

ഇറ്റലിയുടെ റോബർട്ടോ ബാജിയോ എന്ന വിഖ്യാത പത്താം നംബരുകാരൻ, ബ്രസീലിനെതിരേ പെനാൽറ്റി പാഴാക്കിയത് 1994 - ലോകക്കപ്പ് ഫൈനലിലാണ്. അന്ന് തല താഴ്ത്തി നിൽക്കുന്ന, ആ ടൂർണമെന്റിലെ സൂപ്പർ താരം ഇന്നും വേദനാഭരിതമായ കാഴ്ച്ചയാവുന്നു. ഫുട്ബോൾ അങ്ങനെയാണ് ഒരായിരം സന്തോഷങ്ങൾ തരുന്നതോടൊപ്പം ഒരു നൂറ് സങ്കടങ്ങളും അത് ആരാധകർക്ക് സമ്മാനിക്കും.

ഇത്തവണ ടൂർണമെന്റ് ഫേവറിറ്റുകളായ ഫിലിപ് ലാമും സംഘവും അണി നിരന്ന ജർമനിയുടെ വിധിയായിരുന്നു ആരാധകർക്ക് വേദന ഉളവാക്കിയത്. ജർമനിയെ കുരിശിൽ തറച്ച് മാരിയോ ബലോട്ടെല്ലി എന്ന സ്ട്രൈക്കർ വിശുദ്ദനായി മാറിയത് കഴിഞ്ഞൊരു സായാഹ്നത്തിലാണ്. തുടക്കത്തിൽ ആരാധകർക്ക് പ്രതീക്ഷകൾ ഫൈനലിലേക്ക് ഇരമ്പിയെത്തിയ ഇറ്റലി, ഇന്ന് യധാർഥ ഇറ്റലിയായിട്ടുണ്ട്. സ്പെയിനാകട്ടെ പ്രതീക്ഷയ്ക്കൊത്ത് ഫൈനലിലെത്തിയെങ്കിലും അവരുടെ കളി ആരാധകർക്ക് മടുപ്പാകുന്ന കാഴ്ച്ചയ്ക്കാണ് യൂറോ വേദികൾ സാക്ഷ്യം വഹിച്ചത്.

സ്പെയിനിന്റെ ടിക്കി ടാക്കയും, ഇറ്റലിയുടെ കാറ്റനാച്ചിയോയും തമ്മിലുളള കലാശപ്പോരാട്ടത്തോടെ ഇത്തവണ യൂറൊക്കപ്പിന് പുതിയ അവകാശികൾ അവരോധിക്കപ്പെടും.

മൈതാന മധ്യത്ത് കൂടുതൽ നേരം പന്ത് കൈവശം വെച്ച്, പരസ്പരം തട്ടിക്കളിയ്ക്കുകയും, ചില ഘട്ടങ്ങളിൽ യാതൊരു ലക്ഷ്യവുമില്ലെന്ന് എതിരാളികൾക്ക് തോന്നും വിധം അലക്ഷ്യമായി പാസ് ചെയ്ത് എതിരാളികളെ ആശയകുഴപ്പത്തിലാക്കുകയും, ആ സമയത്ത് താരതമ്യേന പതിയെ എന്ന് തോന്നുന്നൊരു മുന്നേറ്റത്തിലൂടെ എതിർ വലയിലേക്ക് പാഞ്ഞ് ഗോൾ നേടുകയും ചെയ്യുന്നൊരു ശൈലിയാണ് സ്പാനിഷ് ടിക്കിടാക്ക എന്ന ശൈലി. സ്ട്രൈക്കറില്ലാ ഗെയിം [non stricker plan] എന്ന രീതിയാണ് സ്പെയിൻ ഇത്തവണ അവലംബിച്ച് പോന്നത്. എന്നാൽ അവശ്യ ഘട്ടങ്ങളിൽ വെറ്ററൻ ഫെർണാണ്ടോ ടോറസ്സിനെ ഇറക്കി വിടേണ്ടി വന്നു കോച്ചിന്. അലോൺസോയും, ഇനിയേസ്റ്റയും, സാവിയും നിയന്ത്രിക്കുന്ന കളി, അവരുടെ ലോകക്കപ്പ് കാലത്തെ പ്രഭാവത്തോളം പോന്നാൽ ഈ യൂറോ സ്പാനിഷ് ഫുട്ബോൾ അസോസിയേഷന്റെ ഷെൽഫിനെത്തന്നെ അലങ്കരിക്കും. ഇറ്റലിക്കെതിരേ ജയിച്ച റെക്കോഡ് സ്പാനിഷ് ടെമിനെ സംബന്ധിച്ചിടത്തോളം തുലോം കുറവായത് അവരുടെ കളിയെ ബാധിക്കാതിരുന്നാൽ മതി.

കാറ്റനാച്ചിയോ എന്ന താഴിട്ട് പൂട്ടൽ ശൈലി ഇറ്റലി ഏറ്റവും സുന്ദരമായി ഒരിക്കൽ കൂടി നടപ്പാക്കുന്ന കാഴ്ച്ചയാണ് ഇംഗ്ലണ്ടിനെതിരേയുളള, ക്വാർട്ടർ ഫൈനലിലും, ജർമനിക്കെതിരേയുളള സെമി ഫൈനലിലും കണ്ടത്. അവരുടെ ടാക്ലിങ്ങ്സ് അപാരമായിരുന്നു. ബോളുമായി കയറുന്ന, അല്ലെങ്കിൽ ബോൾ സ്വീകരിച്ച് വരുന്ന ഒരോ എതിർ കളിക്കാരനേയും നാലു പേർ ചേർന്ന് വളഞ്ഞ് ലോക്ക് ചെയ്ത്, പന്ത് പിടിച്ചെടുക്കുന്ന വിരുത് എത്ര സൗന്ദര്യാത്മകമാണ്. ക്രിസ്റ്റ്യൻ വിയേരി, അലസാന്ദ്രോ ദെല്പിയറോ, പൗളോ മാൽഡീനി തുടങ്ങിയവർ കളിക്കുമ്പോഴത്തേറ്റ്ഹ് പോലെ തീവ്ര ആക്രമണങ്ങളും അവരിപ്പോൾ കളത്തിൽ ആവിഷ്കരിക്കുന്നു. ഇടക്കാലത്ത് നഷ്ട്ടപ്പെട്ട ആരാധകരെ മുഴുവനും ഇറ്റലി തിരിച്ച് പിടിച്ചിരിക്കുന്നു.

മാരിയോ ബലോട്ടെല്ലി എന്ന തീയുണ്ട ഇറ്റലിക്ക് വേണ്ടി ചാർജ്ജായി തുടങ്ങിയത് അവരുടെ ശക്തി വർദ്ധിപ്പിച്ചിട്ടുണ്ട്. വംശീയാക്ഷേപത്തിന്റെ തീക്കാറ്റുകളേറ്റാണ് ബലോട്ടെല്ലി ഒരോ ഗ്രൗണ്ടിലെ തൊണ്ണൂറ് മിനിട്ടും കളിച്ചിരുന്നത്. മങ്കി എന്ന വിളികളും, ഗാലറികളുടെ പരിഹാസ ശരങ്ങളും ഉക്രയിനിലേയും പോളണ്ടിലേയും യൂറോ വേദികളിൽ നിന്നും ബലേറ്റിയ്ക്ക് കേൾക്കേണ്ടി വന്നു.  എന്നാൽ, മാരിയോ ബലോട്ടെല്ലി എന്ന ഈ കളിക്കാരനെ കിങ്ങ് കോങ്ങായി ചിത്രീകരിച്ച് കൊണ്ട് സ്വന്തം രാജ്യമായ ഇറ്റലിയിലെ പത്രത്തിൽ പോലും കാർട്ടൂൺ വന്നതോടെ വെറും ഇരുപത്തൊന്ന് വയസ്സുളള ഈ ചെറുപ്പക്കാരൻ എന്താവും മനസ്സിൽ കരുതിയിരിക്കുക?

കാർട്ടൂണിന്റെ പേരിൽ ഇറ്റാലിയൻ പത്രം ആക്ഷേപിയ്ക്കുകയും, പിന്നെ ക്ഷമാപണം മടത്തുകയും ചെയ്തതിന്റെ പിറ്റേന്നാണ് ഒരോ ഇറ്റലിക്കാരനും വേണ്ടി ബലോട്ടെല്ലി ടൂർണമെന്റ് ഫേവറിറ്റുകളായ ജർമനിയുടെ വലയിലേക്ക് കാലിൽ നിന്നും വെടിയുണ്ടകൾ പായിച്ചത്. ആദ്യത്തെ സൂപ്പർ ഗോൾ അടിച്ചിട്ട് ബലോട്ടെല്ലി, ജഴ്സിയൂരി നെഞ്ച് വിരിച്ച് നിന്നത് കിങ്ങ് കോങ്ങ് എന്ന് വിളിച്ച് ആക്ഷേപിച്ചവർക്കെതിരേ തന്നെയാവാം.  ഫുട്ബോൾ പലപ്പോഴും, നിന്ദിതരും പീഡിതരുമായ ആഫ്രിക്കൻ വംശജരുടെ ഉയർത്തെഴുനേൽപ്പു കൂടിയാവാറുണ്ട്......

ആന്ദ്രേ പിർലോ എന്ന വെറ്ററൻ പ്ലേ മേക്കർ സാവധാനത്തിലെന്നവണ്ണം കളത്തിൽ മൂവ് ചെയ്യുന്നതും, പന്ത് പാസ് ചെയ്യുന്നതും അനിതരമായ വൈദഗ്ദ്യത്തോട് കൂടിയാണ്. ഈ ടൂർണമെന്റിലെ കറ തീർന്ന പ്ലേ മേക്കറാണ് ആന്ദ്രേ പിർലോ. ഇറ്റലി ഇതുവരെ കളിച്ച കളി ഇന്നും ആവർത്തിച്ചാൽ, അതീവ സുന്ദരമായി അസൂറിപ്പട കപ്പും കൊണ്ട് പോകും. സീസ്റ്റൻ ചാപ്പലിലെ പ്രത്യേക പ്രാർഥനാ മുറികൾ നീലപ്പടയ്ക്ക് വേണ്ടി പ്രത്യേകം മൗന പ്രാർഥനയിലാവാം......

വ്യക്തിപരമായി ഞാൻ ഇറ്റലിക്കൊപ്പം മാത്രമാണ്..., അഥവാ ഇനിയിപ്പോ സ്പെയിനാണ് ജയിക്കുന്നതെങ്കിൽ കൂടി...

2 അഭിപ്രായങ്ങൾ:

  1. ഞാനപ്പഴേ പറഞ്ഞില്ലേ ഇറ്റലീന്ന്...

    മറുപടിഇല്ലാതാക്കൂ
  2. ഞാൻ എന്നും ഇറ്റലിക്കൊപ്പമാണ്.
    പക്ഷേ ജർമനി, ഹോളണ്ട്, ഫ്രാൻസ് തുടങ്ങിയ യൂറോപ്യൻ ടീമുകളും ഇറ്റലിയേപ്പോലെ പ്രീയപ്പെട്ടതാണ്.
    ഇവരെല്ലാരേക്കാളും നമുക്കിഷ്ട്ടപ്പെട്ട ടീം അർജന്റീനയാണ്....
    :)

    മറുപടിഇല്ലാതാക്കൂ