വെള്ളിയാഴ്‌ച, സെപ്റ്റംബർ 21, 2012

സിസിലിയാ കാസാ. [ഏഴ്]

വ്യാഴം  8 A.M.
Deutsches Museum.
Munich
germany

ഇരുണ്ട ബ്രൗണിഷ് നിറമുള്ള ചുമരുകളിൽ  തലയേടുപ്പോടെ മ്യൂസിയം നിന്നു.

അനവധി റിസപ്ഷനുകളിലൊന്നിൽ മിസിസ് ബേർണി പുഞ്ചിരിയാർന്ന മുഖത്തോടെ ഞങ്ങളെ സ്വാഗതം ചെയ്തു.
ഞങ്ങൾ മ്യൂസിയത്തേക്കുറിച്ച് കൂടുതൽ പഠിക്കാൻ വന്ന ഗവേഷണ വിധ്യാർഥികളെന്ന നിലയ്ക്കാണവിടെ സംസാരിച്ചു തുടങ്ങിയത്.
ഞങ്ങളുടെ പേര് ജേംസ് എന്നും സോണിയ എന്നുമാണ് ഞങ്ങൾ പരിചയപ്പെടുത്തിയത്.

മ്യൂസിയത്തേക്കുറിച്ചും, മ്യൂസിയത്തിന്റെ ഘടനയേക്കുറിച്ചും മിസിസ് ബേർണിയിൽ  നിന്നുമാണ് കൂടുതൽ കാര്യങ്ങൾ ഞങ്ങൾ മനസിലാക്കുന്നത്.
തുടർന്ന് ആ സ്ത്രീ ഞങ്ങളെ മ്യൂസിയത്തിന്റെ ശാസ്ത്ര സാങ്കേതിക വിഭാഗങ്ങളുടെ ചുമതലക്കാരിയുടെ സമീപത്തേക്ക് കൂട്ടിക്കൊണ്ട് പോയി. ഞങ്ങൾക്ക് കൂടുതൽ വിവരങ്ങൾ മനസിലാക്കണമെങ്കിൽ കൂടുതൽ കാര്യങ്ങൾ അറിയാവുന്ന ആളെ തന്നെ കൂട്ടിന് കിട്ടണമായിരുന്നു...

മിസിസ് ബേർണിയ്ക്കൊപ്പം നടക്കുമ്പോൾ ഞാൻ സെൽഫോണിലെ ഞങ്ങൾ തേടുന്ന നംബർ വെറുതേ ഡയൽ ചെയ്തു കൊണ്ടിരുന്നു.

മിസിസ് ബേർണി പരിചയപ്പെടുത്തിയ വകുപ്പു മേധാവി ഒരു യുവതിയായിരുന്നു.
എന്നു മാത്രമല്ല അതി സുന്ദരിയായിരുന്നു.
ബ്ലാക്ക് നിറമുള്ള ലോംഗ് സ്ലീവ് കോക്ക്ടെയിൽ ഡ്രെസ്സ് ആയിരുന്നു അവരുടെ വേഷം.
 സ്വർണ മുടിയിഴകളും മലർന്ന അധരങ്ങളും അളവുകൾ അറ്റകുറ്റപ്പണിക്ക് ഇടനൽകാതെ പണിയപ്പെട്ട ഉടലഴകും ഒത്ത് ചേർന്ന അതീവ സുന്ദരി.മ്യൂസിയത്തേക്കുറിച്ച് അവഗാഹപരമായിത്തന്നെ ഒരു പഠനം തയ്യാറാക്കാൻ വന്നതാണ് എന്നു പറഞ്ഞപ്പോൾ ആ യുവതി ഹാർദ്ദവമായി പുഞ്ചിരിച്ചു. അവരുടെ പേര് എമ്മാ ഇസബേൽ എന്നായിരുന്നു.

ജർമൻ കാർ വളരെ സുന്ദരികളാണെന്ന് ആന്യ എന്റെ ചെവിയിൽ  പറഞ്ഞു.

എമ്മാ ഇസബേലിന്റെ സംസാരത്തിൽ നിന്നും ഇടപഴകലിൽ നിന്നും ആളൊരു പഞ്ചപ്പാവമാനെന്ന് തന്നെ ഞങ്ങൾ മനസിലാക്കി. ഇവളെ പറഞ്ഞ് പറ്റിച്ച് ഞങ്ങളുടെ ഓപ്പറേഷന് വേണ്ടുന്ന കാര്യങ്ങൾ വേഗത്തിലാക്കാം എന്നൊരു ചിന്ത എനിക്ക് വന്നു.
മ്യൂസിയത്തേക്കുറിച്ച് വിക്കീപീഡിയയിൽ നിന്ന് ആന്യ തന്നെ കണ്ടെത്തിയ വിവരങ്ങൾ അനുസരിച്ച് അവൾ പലതും ചോദിച്ചറിയാൻ ശ്രമിക്കുകയായിരുന്നു.

എമ്മാ ഇസബേലിനോട് ആന്യ സംസാരിച്ചു കൊണ്ടിരുന്നു.
ഞാൻ ഞങ്ങൾ തേടുന്ന ഫോൺ നമ്പരിലേക്ക് ഒരു വട്ടം ഡയൽ ചെയ്ത് നോക്കി. എന്തെങ്കിലും പ്രതികരണങ്ങൽ എവിടെ നിന്നെങ്കിലും.....

എമ്മയോട് അതിവേഗത്തിൽ തന്നെ ആന്യയും, ഞാനും ഒരു സൗഹ്രിദം പിടിച്ചു പറ്റി. ആരെങ്കിലും ഒരാൾ ഇടത്താവളമായി ഞങ്ങൾക്ക് ജർമനിയിൽ, പ്രത്യേകിച്ചും ഡ്യൂറ്റ്ച്ചസ് മ്യൂസിയത്തിൽ വേണമായിരുന്നു..
ആ മ്യൂസിയത്തിനുള്ളിൽ ദൗത്യാന്വേഷണം തുടങ്ങാൻ അത്യാവശ്യമായ ഒരു കാര്യമായിരുന്നു അത്..
ഞങ്ങൾ തിരഞ്ഞു വന്ന ആൾ ഒരു പക്ഷേ ഈ മ്യൂസിയത്തിനുള്ളിൽ എവിടെയോ ജെവിക്കുന്നു. അടുത്ത ഇരയെ അന്വേഷിച്ച് കൊണ്ട്.

*****************************************************************

പ്രപഞ്ചത്തിലെ നിലവിലുള്ള ഒട്ടു മിക്ക കണ്ടുപിടുത്തങ്ങളുടേയും ആദ്യ രൂപങ്ങൾ, വിവിധ അറകളിലായി ഞങ്ങളെ അദ്ഭുതപ്പെടുത്തി. സുരക്ഷാ ഉദ്യോഗസ്ഥരുടേയും, ക്ലോസ്ഡ് സർക്യൂട്ട് ക്യാമറകളുടേയും, ഒരോ റൂമിലേയും പ്രവേശന വാതിലിലെ മെറ്റൽ ഡിറ്റക്റ്ററുകളുടേയും  പരിശോധനകൾക്കുള്ളിൽ ഞങ്ങൾ ഇടനാഴികളിലൂടെയും, ലിഫ്ടുകളിലൂടെയും സഞ്ചരിച്ചു.

രാത്രി നേരത്ത് മ്യൂസിയം കാണാനുള്ള അനുവാദം ഉണ്ടാകുമോ എന്ന ആന്യയുടെ ചോദ്യത്തിന് തീർച്ചയായും അത് അനുവദനീയമാണ് എന്ന് എമ്മ പറയുകയുണ്ടായി. 24 X 7 എന്നതാണവിടുത്തെ പ്രദർശന സമയം എന്നറിഞ്ഞതോടെ ഞങ്ങൾക്ക് സന്തോഷമായി. അടുത്ത മൂന്നു ദിവസം കൂടി ഞങ്ങൾക്ക് മ്യൂസിയം സന്ദർശിക്കേണ്ടതുണ്ട് എന്നറിഞ്ഞപ്പോൾ, ഇവിടെ വരുന്ന വിസിറ്റേഴ്സിന് ഇത് എത്ര കണ്ടാലും മതി വരില്ല എന്നും, ഇവിടം വിട്ട് പോകാൻ തോന്നില്ല എന്നും എമ്മ ഇസബേൽ ഞങ്ങളോട് പറഞ്ഞു.

അന്ന് ഡ്യൂറ്റ്ച്ച് മ്യൂസിയത്തിൽ നിന്നിറങ്ങും മുൻപ് ഗ്ലോറിയാ ജീൻസിൽ [Gloria Jean's] 1*  കയറി ഞങ്ങൾ മൂവരും കോഫി കഴിക്കുകയുണ്ടായി.

***********************************************************

എന്റേയും ആന്യയുടേയും കണക്കു കൂട്ടലുകൾ പാളുന്ന രീതിയിലായിരുന്നു ആ മ്യൂസിയത്തിന്റെ ഘടന.

ഇത്രയധികം വലിയ കെട്ടിട സമുച്ചയത്തിനുള്ളിൽ, ഇത്രയധികം ജോലിക്കാരും, വിസിറ്റേഴ്സുമുള്ള  അന്തർ ഭാഗങ്ങളിൽ, എങ്ങനെ സ്പെസിഫിക് ആയി ഒരു മനുഷ്യനെ  കണ്ടെത്തും എന്നത് ഞങ്ങളെ ആശയകുഴപ്പത്തിലാക്കി.
പക്ഷേ നീണ്ട ആലോചനകൾക്കൊടുവിൽ ഒരു വഴി തെളിഞ്ഞു വന്നു.
ഒരൽപ്പം സാഹസികത ആവശ്യമായേക്കാവുന്ന ഒരു വഴി...

************************************************************

4. P.M.
വെള്ളി.

ECC [ European Cybercrime Center ]
central square
Munich.

യൂറോപ്യൻ സൈബർ സെന്റർ ഓഫീസിന്റെ ആ വലിയ കെട്ടിടത്തിനുള്ളിലേക്ക് അതി വിദഗ്ദമായാണ് ഞാൻ  പ്രവേശിച്ചത്. ജർമൻ സൈബർ പൊലീസിന്റെ തന്ത്രപ്രാധാന കേന്ദ്രം.

മിലാൻ ബാരോസിന്റെ റൂമിൽ നിന്ന് സംഘടിപ്പിച്ച ഇറ്റാലിയൻ   Beretta  92FS model  M9 pistol  ഞാൻ കയ്യിൽ കരുതിയിരുന്നു. പൊലീസ് സുരക്ഷയുടെ ധാരാളിത്തം കൊണ്ട് പേരുകേട്ട യൂറോപ്യൻ സൈബർ ക്രൈം സെന്ററിലേക്ക് കയറും മുൻപ് ഞാൻ, അന്ന് കാലത്ത് സംഘടിപ്പിച്ച വിഗ്ഗും,   15.5 mm കോണ്ടാക്ട് ലെൻസും,  ക്രിത്രിമ താടിയും അണിഞ്ഞ് വോക്സ് വാഗൺ ബീറ്റിലിലാണ് ഇ സി സിയിലേക്ക് എത്തുന്നത്.
കെട്ടിടത്തിന്റെ മുകൾ നിലയിലെ സെൽഫോൺ ട്രാക്കിങ്ങ് ഡിപ്പാർട്ട്മെന്റിലേക്ക് ഞാൻ നീങ്ങിയത് ആരുടേയും കണ്ണിൽ പെടാതെയാണ്.

Global Positioning System വുമായി ബന്ധിപ്പിച്ച അൾട്രാ ടെക്നോളജീ നെറ്റ്വർക്കിങ്ങ് റൂമായിരുന്നു അത്.

ഒട്ടോമേറ്റീവ് നാവിഗേഷൻ അലർട്ടുമായി മല്ലിട്ടു കൊണ്ടിരിക്കുന്ന ഒരു മധ്യ വയസ്കൻ മാത്രമേ ആ മുറിയിൽ ഉണ്ടായിരുന്നുള്ളു.  അകത്തേക്ക് കയറി വളരെ സാവധാനം ഡോർ ലോക്ക് ചെയ്ത് ഞാൻ അയാൾക്ക് പിന്നിലെത്തി.
കമ്പ്യൂട്ടർ മോണിട്ടറിൽ എന്തോ കൂലംകഷമായി വിശകലനം ചെയ്യുന്ന തിരക്കിലായതു കാരണം അയാൾ ഒന്നും അറിഞ്ഞില്ല.  എന്റെ കയ്യിലെ ഫോൺ നംബർ കുറിച്ച പേപ്പർ, മോണിട്ടർ റ്റേബിളിലേക്ക് വെച്ചു കൊണ്ട് ഞാൻ അയാളുടെ തലയോട്ടിയുടെ പിൻ ഭാഗത്ത് പിസ്റ്റൾ അമർത്തി. ഒരു ഞെട്ടലോടെ പാതി ചരിഞ്ഞ, ഓഫീസറുടെ തലയിലൂടെ മുഖത്തേക്ക് വിയർപ്പ് ചാലുകൾ ഒഴുകിയിറങ്ങി.

ഈ നംബർ കിടന്നു കളിക്കുന്നത്, ഡ്യൂറ്റ്ച്ചസ് മ്യൂസിയത്തിൽ.
പക്ഷേ എനിക്ക് അറിയണം, ഒരുപാട് ഫ്ലോറുകളും, മുറികളും, പ്രദർശന ശാലകളുമുള്ള ആ വലിയ കെട്ടിടത്തിൽ ക്രിത്യമായും  ഇതിന്റെ പ്രഭവ കേന്ദ്രം എവിടെയാണെന്ന്.
അതിന് നിങ്ങളുടെ സഹായം തേടിയാണ് ഞാൻ വന്നിരിക്കുന്നത്.

അയാളുടെ പകച്ച കണ്ണുകളിലൂടെ ഇരുളിമ തിങ്ങി.

*****************************************************************

ECC യിൽ നിന്ന്  പുറത്തേക്ക് വരുമ്പോൾ ദൗത്യം വിജയിച്ച സന്തോഷത്തേക്കാൾ ഉടനേ ഡ്യൂറ്റ്ച്ചസ് മ്യൂസിയത്തിലെ എന്റെ ശത്രുവിനെ തിരയേണ്ടതിനേക്കുറിച്ചാണ് ഞാൻ ചിന്തിച്ചത്.

എനിക്ക് കിട്ടേണ്ട വിവരം ലഭിച്ചതിന് ശേഷം, ആ സൈബർ ഉദ്യോഗസ്ഥനെ ഒരു ഇഞ്ചക്ഷനിലൂടെ  ബോധരഹിതനാക്കേണ്ടി വന്നു എന്നതൊഴിച്ചാൽ മറ്റു പ്രശ്നങ്ങളൊന്നും തന്നെയുണ്ടായില്ല. ഞാൻ പുറത്തേക്കിറങ്ങും മുൻപ് സർക്യൂട്ടിൽ ഒരു ചെറിയ കൈവേല കാട്ടി വയർലെസ് സംവിധാനം താറുമാറാക്കുകയും ചെയ്തു.

ഞങ്ങൾ അന്വേഷിച്ച  011 + 49 + 166 7878 133 (9) എന്ന നംബർ, ഡ്യൂറ്റ്ചസ് മ്യൂസിയത്തിലെ കിഴക്കു ഭാഗത്ത്, ഗ്രൗണ്ട് ഫ്ലോറിലെ വലതു മൂലയിലെ ഇടുങ്ങിയ കോറിഡോറുകൾക്കടുത്താണ് ലൊക്കേറ്റ് ചെയ്തിരിക്കുന്നത്.
ഇപ്പോഴും ആ നംബരിലേക്ക് ഫോൺ കോളുകൾ വരുന്നു.
കോളുകൾ പോകുന്നു....
പ്രസ്ഥുത നംബർ ഡ്യൂറ്റ്ച്ചസ് മ്യൂസിയത്തിനുള്ളിൽ ആക്ടീവാണ്....

ഞാൻ ടാർജറ്റ് ചെയ്ത ആളിലേക്ക് ഏതാനും ചുവടുകൾ മാത്രം...

*************************************************************
യിൽ നിന്നും ഞങ്ങൾ മനസിലാക്കിയ ഡ്യൂറ്റ്ച്ചസ് മ്യൂസിയത്തിന്റെ കിഴക്ക് ഭാഗത്തേക്കുറിച്ച് ഗൂഗിൾ എർത്തിൽ നിന്നും ഞങ്ങൾക്ക് ക്രിത്യമായ ഒരു സ്കെച്ച് ലഭിച്ചിരുന്നു. അത് വെള്ളക്കടലാസിലെക്ക് പകർത്തി ഞാൻ കയ്യിൽ കരുതി.

അമേരിക്കൻ പിസ്റ്റൾ,  PCA (Precision Small Arms) ആന്യയുടെ പക്കൽ ഞാൻ ഏൽപ്പിച്ചിരുന്നു. 25ACP- Baby Browning മോഡലാണത്. ആറ് ബുള്ളറ്റുകൾ നിറയ്ക്കാവുന്ന പോക്കറ്റ് പിസ്റ്റൾ. സ്വയ രക്ഷയ്ക്കും പ്രത്യാക്രമണത്തിനും ഏതു നിമിഷവും തയ്യാറെടുക്കണം എന്ന് ഞാൻ അവളെ ചട്ടം കെട്ടിയിരുന്നു. 9 mm ബുള്ളറ്റ് പാളുന്ന എം. 9 പിസ്റ്റളുകൾ രണ്ടെണ്ണം ഞാൻ ഇടുപ്പിൽ തിരുകി.

മ്യൂസിയത്തിലെ ഉരക്ഷാ ഉദ്യോഗസ്ഥരെ കടന്ന് ലക്ഷ്യ സ്ഥാനത്തെത്താൻ,  ആരുടെയെങ്കിലും സഹായം ആവശ്യമായിരുന്നു. മ്യൂസിയത്തിന്റെ കിഴക്ക് ഭാഗത്തെ  വലതു മൂലയിലെ ഇടുങ്ങിയ ഇടനാഴികളിൽ എത്തേണ്ടി വരണമെങ്കിൽ പതിനായിരം കണ്ണുകളെ സമർഥമായി അതിജീവിക്കേണ്ടിയിരിക്കുന്നു.

എമ്മാ ഇസബേലിനെ കൂടെ കൂട്ടിയാലോ എന്ന് ആന്യയാണ് ചോദിച്ചത്. പക്ഷേ എനിക്ക് താല്പര്യമില്ലായിരുന്നു. എമ്മയേപ്പോലൊരാൾ ഒപ്പമുണ്ടായാൽ ഓപ്പറേഷൻ പാളാൻ സാധ്യതയുണ്ട്. തന്നേയുമല്ല ഞങ്ങൾ അകത്താകാനും.

ആന്യ പക്ഷേ ഒരു പദ്ദതി വിശദീകരിച്ചു.
എമ്മയേയും കൂട്ടി നമുക്ക് ഏകദേശം നാം ഉദ്ദേശിച്ച ഭാഗം മനസിലാക്കി അവിടേക്ക് പോകാം. വഴിയിൽ അവളെ തന്ത്ര പൂർവം ഒഴിവാക്കാം എന്ന്.

എമ്മയെ കോണ്ടാക്ട് ചെയ്തപ്പോൾ അവൾ ഫ്ലാറ്റിലാണ്.
അന്ന് അവൾക്ക് ലീവാണത്രേ. ആന്യ പക്ഷേ എമ്മയെ തങ്ങൾക്കൊപ്പം കൂടാൻ നിർബന്ധിച്ചു. പിറ്റേന്ന് തങ്ങൾ ജർമനി വിട്ട് പോകുമെന്നും, ഇന്നത്തെ ഒരു ദിനം കൂടി എമ്മ തങ്ങളെ ഹെൽപ്പ് ചെയ്യാനുണ്ടാവണമെന്നും അഭ്യർഥിച്ചതോടെ ആ പാവം സമ്മതിക്കുകയായിരുന്നു.

എമ്മ അര മണിക്കൂറുകൾക്കുള്ളിൽ മ്യൂസിയത്തിലെ ഗ്ലോറിയാ ജീൻസ് കോഫീ ഷോപ്പിൽ എത്തി.   അവളുടെ കാമുകനൊപ്പമുള്ള നല്ല നിമിഷങ്ങൾ വഴിയിലുപേക്ഷിച്ചിട്ടാണ് അവൾ ഞങ്ങളോടൊപ്പം ചേരാനായി എത്തിയത്.

ആ പെൺകുട്ടിയെ വിളിച്ച് വരുത്തേണ്ട  യാതൊരു ആവശ്യവുമുണ്ടായിരുന്നില്ല എന്നു തന്നെയായിരുന്നു എന്റെ മനസ്സിൽ. ഇനിയുള്ള ചുവടുകൾ അപകടം പിടിച്ചതാണ്. മരണക്കളിയാണ്. തങ്ങളുടെ ജീവന് പോലും ഗ്യാരന്റി ഉറപ്പില്ലാത്ത ഒരു അവസാന ഗെയിമിലേക്ക് മറ്റ് ആളുകൾക്ക് കൂടി പങ്കുണ്ടാവേണ്ടി വരുന്നത് തികച്ചും അസ്വഭാവികം തന്നെ.

**************************************************************

7 P. M.
Deutsches Museum.

ഗവേഷണത്തിന്റെ ഭാഗമെന്നൊക്കെ എമ്മയെ വിശ്വസിപ്പിച്ച് അപ്പോഴപ്പോൾ വായിൽ തോന്നിയ നുണകൾ വാരി വിളമ്പിയാണ് ഞങ്ങൾ മ്യൂസിയത്തിന്റെ കിഴക്ക് ഭാഗം ലക്ഷ്യമാക്കി നീങ്ങിയത്.

എൽസാർ റിവറും മ്യൂസിയത്തിന്റെ കരിങ്കൽ ഭിത്തിയും സന്ധിക്കുന്ന ഒരു ഭാഗമായിരുന്നു കിഴക്ക് ഭാഗം.

എമ്മയുണ്ടായിരുന്നതിനാൽ ഞങ്ങൾക്ക് സുരക്ഷാ ഉദ്യോഗസ്ഥരെ ഭയക്കേണ്ടി വന്നില്ല.
ഞാൻ ഇടയ്ക്കിടെ എമ്മാ ഇസബേൽ അറിയാതെ ഗൂഗിൾ എർത്തിൽ നിന്ന് ഞങ്ങൾ പകർത്തിയ ഡ്യൂറ്റ്ച്ചസ് മ്യൂസിയത്തിന്റെ കിഴക്ക് ഭാഗത്തെ മാപ്പ് നോക്കി ഉറപ്പ് വരുത്തിക്കൊണ്ടിരുന്നു.

സന്ദർശകർ തീരെ കടന്നു ചെല്ലാത്ത ഭാഗമായിരുന്നു കിഴക്ക് ഭാഗം.  അവിടം വിജനമായി കിടന്നു. സുരക്ഷാ ഉദ്യോഗസ്ഥർ പോലും ആ വഴിയിൽ ഇല്ലായിരുന്നു.
പഴയകാല ഹിറ്റ്ലറുടെ കോണ്സെണ്ട്രേഷൻ ക്യാമ്പിന്റെ ഒരു ബ്രാഞ്ചായിരുന്നത്രേ അവിടം. പ്രേതാലയം എന്നറിയപ്പെട്ട അവിടേക്ക് എന്തിനാണ് പോകുന്നത് എന്ന് എമ്മ സംശയത്തോടെ ചോദിക്കുന്നുണ്ടയിരുന്നു.

കോറിഡോറുകൾക്ക് മുൻപിൽ കോറി ഡോറുകൾ രൂപപ്പെടുകയും, ഇലക്ട്രിക് വിളക്കുകളുടെ എണ്ണം കുറഞ്ഞ് കുറഞ്ഞ് വരികയും ഇരുൾ ആ മുറികൾക്കുള്ളിലേക്ക് പതിയിറങ്ങുകയും ചെയ്തു കൊണ്ടിരുന്നു.

ഞങ്ങളുടെ യാത്രയിൽ ഇടയ്ക്കെപ്പോഴോ പന്തികേട് തോന്നിയ എമ്മ പൊടുന്നനെ നിന്നു.
മതി നമുക്ക് യാത്ര മതിയാക്കാം എന്ന് പറഞ്ഞു. കാരണം എന്ത് എന്ന് ആന്യ അന്വേഷിച്ചപ്പോൾ, ഇവിടം അപകടം പിടിച്ച പ്രദേശമാണെന്ന് പൊതുവിൽ ഒരു സംസാരം ഉള്ളതായി എമ്മ മറുപടി പറഞ്ഞു.

പെട്ടന്നാണ് ഞങ്ങൾ നിന്നിരുന്ന കോറിഡോറിന്റെ ഇരുൾ മൂടിയ ഭാഗത്ത് ഒരു ഗർത്തം പോലെ തോന്നിപ്പിക്കുന്ന ഒരു ഭാഗം ഞങ്ങളുടെ ശ്രദ്ദയിൽ പെട്ടത്. എമ്മയും അത് ആദ്യമായി കാണുകയായിരുനു എന്ന് അവളുടെ മുഖഭാവത്തിൽ നിന്ന് ഞങ്ങൾ ഊഹിച്ചു.

അപ്പോഴേക്കും  ECCയിൽ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ ഞാൻ ട്രാക്ക് ചെയ്ത സെൽ ഫോൺ ലൊക്കേഷന്റെ അടുത്തെത്തിക്കഴിഞ്ഞു എന്നെനിക്ക് മനസിലായി. കയ്യിൽ കരുതിയിരുന്ന സ്കെച്ച് ക്രിത്യമായിരുന്നു

ഉടനേ ഞാൻ എന്റെ മൊബൈൽ ഫോണിൽ നിന്നും ഞങ്ങൾ തേടിയെത്തിയ നംബരിലേക്ക് പരീക്ഷണാർഥം ഒന്ന് ഡയൽ ചെയ്തു.
റിങ്ങ് ടോൺ ശബ്ദമൊന്നും കേൾക്കാനായില്ല.
വീണ്ടും ഞാൻ ഫോൺ നമ്പർ ഡയൽ ചെയ്തു നോക്കി.
കാതോർത്തു പിടിച്ച എനിക്കും ആന്യയ്ക്കും അടുത്തെവിടെയോ നിന്ന് ഒരു കാൽപ്പാദത്തിന്റെ നനുത്ത ശബ്ദംഅനുഭവിക്കാൻ കഴിഞ്ഞു.
ഞാൻ ചെവി വട്ടം പിടിച്ചു...


ഒട്ട് നിശബ്ദതതയ്ക്ക് ശേഷം വീണ്ടും പദ പദന ശബ്ദം നേർത്ത ശബ്ദത്തിൽ കേൾക്കാനായി.
ആ കാലടി ശബ്ദം കേട്ടത് പിന്നിലായാണ്.
അൽപ്പം മാത്രം പിന്നിൽ....

ഞാൻ അതിവേഗം വെട്ടിത്തിരിഞ്ഞു നോക്കി.  ഒപ്പം പിസ്റ്റൾ കയ്യിലെടുത്തു.
ഞാൻ നോക്കുന്നത് കണ്ട ആന്യയും വേഗത്തിൽ തിരിഞ്ഞു.
ഞങ്ങൾ ഇരുവരുടേയും പ്രതികരണം കണ്ട എമ്മ കാര്യം അറിയാതെ പകപ്പോടെ പിന്നിലേക്ക് നോക്കി.

പൊടുന്നനെ ഒരു അപ്രതീക്ഷിത രൂപം ഇരുളിലൂടെ കോറിഡോറിന്റെ അങ്ങേ തലയ്ക്കൽ പ്രത്യക്ഷപ്പെട്ടു.
അയാളുടെ കൈ അതിവേഗം ചലിക്കുന്നത് അവ്യക്തമായി കണ്ട ഞാൻ, ഒരൊറ്റ കുതിപ്പിന് ആന്യയേയും എമ്മയേയും ഉന്തിമാറ്റാൻ ശ്രമിയ്ക്കുമ്പോഴേക്കും തുരുതുരാ നാല് വെടിശബ്ദം മുഴങ്ങി.
മുൻപോട്ടാഞ്ഞ ഞാൻ പെട്ടന്ന് ഭിത്തിയിലേക്ക് ചാഞ്ഞ്, നിലം പറ്റി കമിഴ്ന്ന് ചാടിയിട്ട് തോക്ക് ചൂണ്ടി.പക്ഷേ  കോറിഡോറിന്റെ അങ്ങേ മൂല ശൂന്യമായിക്കഴിഞ്ഞിരുന്നു. അതിനപ്പുറം ഇരുളിലേക്ക് അതിവേഗം അകന്ന് പോകുന്ന ബൂട്ടിന്റെ ശബ്ദങ്ങൾ മാത്രം മുഴങ്ങി.
എല്ലാം നിമിഷങ്ങൾ കൊണ്ട് സംഭവിച്ചു കഴിഞ്ഞിരുന്നു.

നിലത്ത് നിന്നും പൊടി പറന്നു.
കണ്ണ് തിരുമ്മി ഞാൻ കിടന്ന കിടപ്പിൽ തന്നെ നോക്കവേ ഒരുലച്ചിലോടെ ആന്യയും എമ്മയും ഇടതുഭാഗത്തേക്ക് മറിഞ്ഞു വീഴുന്നതാണ് കാണുന്നത്.
എനിക്ക് ആന്യയുടെ  കയ്യിൽ പിടിക്കാനാവും മുൻപേ ആന്യയും എമ്മയും നിശ്ച്ചലരായി, ഒരു പഞ്ഞിത്തുണ്ടു പോലെ ഇടതു വശത്തെ ഇരുളിലൂടെ ഭൂമിയുടെ അഗാധതയിലേക്ക് മറഞ്ഞു. ഞാൻ ഇരുളിലേക്ക് എന്റെ സെൽഫോൺ ഡിപ്ലേ പ്രകാാശിപ്പിച്ച് നോക്കവേ എനിക്ക് കാണാൻ കഴിഞ്ഞത് വലിയ ചതുരത്തിൽ ഇരുൾ മൂടിയ ഒരു തുരങ്കമാണ്.

ഞാൻ പോക്കറ്റിൽ നിന്നും നിന്നും പെൻ ടോർച്ച് പുറത്തെടുത്ത്, ആന്യയും എമ്മയും വെടിയേറ്റ് വീണ കുഴിപോലെ / തുരംകം പോലെ കാണപ്പെട്ട ഭാഗത്തേക്ക് നോക്കി.
അതിന്റെ അങ്ങേയറ്റം എനിക്ക് കാണാൻ പറ്റാത്ത വിധമായിരുന്നു....
ആന്യയും എമ്മയും വെടിയുണ്ടകളേറ്റ് വീണ ആഴത്തിന്റെ കരയിലിരുന്ന് ഞാൻ മുഷ്ട്ടി ചുരുട്ടി നിലത്തിടിച്ചു.


പിന്നെ ഒട്ടും തന്നെ ആലോചിച്ച് നിൽക്കാതെ  ആ ഗർത്തത്തിലേക്ക് ഞാനും കുതിച്ചു ചാടി....



**********************************************************

ഈ സീരീസ് അടുത്ത അധ്യായത്തോടെ അവസാനിക്കും.



____________________________________________________________
____________________________________________________________



1*
Gloria Jean's Coffees.
ആസ്ട്രേലിയയിൽ സ്ഥാപിതമായ ഗ്ലോബൽ സ്പെഷ്യാലിറ്റി കോഫീ കമ്പനി.
ലോകമാകമാനം 39 രാജ്യങ്ങളിലായി 1,000 കോഫീ ഷോപ്പുകൾ.

തുടർന്ന് വായിക്കുവാൻ ഈ ലിങ്കിലേക്ക് പോകുക

സിസിലിയാ കാസാ. [എട്ട്] - അവസാന ഭാഗം




3 അഭിപ്രായങ്ങൾ: