വ്യാഴാഴ്‌ച, ജൂൺ 28, 2012

ജർമനി ഇറ്റലി ക്ലാസിക് പോരാട്ടം

യൂറോയിലെ ഒരു ക്ലാസ്സിക് പോരാട്ടത്തിന് ഇന്ന് പോളണ്ടിലെ വാഴ്സോ സ്റ്റേഡിയം വേദിയാവുകയാണ്.
ജർമനി ഇറ്റലി.

ടൂർണമെന്റിലെ അവസാന രണ്ടിലൊരാളാവാനുളള അന്തിമ പോരാട്ടത്തിൽ, സെമീ ഫൈനലിൽ ഇന്നൊരാൾക്ക് കലിടറും. ഫൈനലിലേക്ക് ഇരച്ചെത്തുന്നത് ഇറ്റലിയോ ജർമനിയോ എന്നറിയാൻ ഇന്ന് രാത്രി പന്ത്രണ്ട് മണി വരെ കാത്തിരിക്കണം. തൊണ്ണൂറ് മിനിട്ടും കഴിഞ്ഞ്, എക്സ്ട്രാ ടൈം, പെനാൽറ്റി ഷൂട്ടൗട്ട്, അതിനും വിധിയെഴുത് താനായില്ലെങ്കിൽ അപൂർവമായി മത്രം ഫുട്ബോൾ മാച്ചിൽ വന്ന് ഭവിക്കാറുളള സഡൻ ഡെത്ത്..... ഇത്രയൊക്കെ ആയാലും ആയില്ലെങ്കിലും ഇന്ന് രണ്ടിലൊന്ന് അറിയും....

ജർമനിയും ഇറ്റലിയും തമ്മിലുളള ബലാബലം പരിശോധിക്കുമ്പോൾ പ്രകടമായ ശൈലീ വ്യത്യസ്ഥത അവർക്കിടയിൽ കാണാം. ലോകത്തെ ഏതു കടുകട്ടി ഡിഫൻസും തുളയ്ക്കുന്ന അറ്റാക്കിങ്ങ് ഗെയിമാണ് ജർമനിയുടെ കൈമുതൽ. എത്ര വലിയ മതിലും അവർ പൊളിച്ചടുക്കും.
എന്നാൽ ലോകത്തെ ഏതു കൊലക്കൊമ്പൻ ആക്രമണ നിരയേയും പുല്ല് പോലെ കീഴ്പ്പെടുത്തി എതിരാളികളുടെ ആക്രമണങ്ങളുടെ മുനയൊടിക്കുന്ന ഡിഫെന്റിങ്ങ് ശൈലിക്ക് കേഴ്വി കേട്ടവരാണ് ഇറ്റലി.
 ഫുട്ബോളിൽ, ഡിഫെൻസ് എന്ന് പറഞ്ഞാൽ എക്കാലത്തും ഇറ്റലിയാണ് അവസാന വാക്ക്!

ജർമനി
പണ്ടു മുതലേ തീവ്ര അറ്റാക്കിങ്ങ് ഗെയിമാണ് ജർമനി കളിക്കാറുളളത്. ഉരുക്കു പോലെ നിൽക്കുന്ന പോരാളികളാണ് അവർക്ക് വേണ്ട് കളിക്കളം ഭരിക്കുന്നത്. ഗേർഡ് മുളളർ, ലോതർ മാതേയസ് തുടങ്ങി പഴയകാല വിഖ്യാത കളിക്കാരിൽ നിന്ന് ഇന്നത്തെ ജർമൻ യുവ നിരയിൽ എത്തി നിൽക്കുമ്പോഴും അതിൽ കാര്യമായ മാറ്റം കാണാനില്ല. ഫൈറ്റിങ്ങ് ഗെയിമുകളിലെ പോരാളികളെ ഓർമിപ്പിക്കുന്ന ശരീരവും ശരീര ഭാഷയുമാണ് ജർമനിയുടെ കാൽപ്പന്ത് താരങ്ങൾക്കുളളത്. അതി വേഗതയിലുളള മുന്നേറ്റങ്ങൾ, അപാര സ്പീഡിലുളള കണക്ഷൻസ്, പെനാൽറ്റീ ബോക്സിൽ നിന്നും എതിർ വലകളിലേക്ക് പായിക്കുന്ന ബുള്ളറ്റ് ഷോട്ടുകൾ...... കാഴ്ച്ചക്കാരെ ആവേശം കൊള്ളിക്കുന്ന ശൈലിയാണ് ജർമനിയുടേത്. റോക്കറ്റ് പോലെ പറന്ന് കയറുകയും, , വെടിയുണ്ട പോലെ പാസ് കൊടുക്കുകയും, അതേ സ്പീഡിൽ ബോൾ സ്വീകരിച്ച് അടുത്ത പാസ് നൽകുകയും ചെയ്യുന്ന സ്റ്റൈൽ ജർമനിയ്ക്കല്ലാതെ മറ്റൊരു ഫുട്ബോൾ ടീമിന് ഇന്ന് നിലവിലില്ല. പ്രത്യേകിച്ച് ഒരു പേരിട്ട് വിളിക്കാൻ പറ്റാത്തൊരു ശൈലിയായത് കൊണ്ട് ജർമനിയുടെ ആക്രമണ നിര എന്നും ലോകത്തെ ഫുട്ബോൾ പണ്ടിതരെ ആശയ കുഴപ്പത്തിലാക്കുന്നു..  ഡോർട്ടുമുണ്ടും, സാക്ഷാൽ ബയേൺ മ്യൂണിച്ചും പോലെ ജർമൻ ബ്യുണ്ടേസ് ലീഗായിൽ കളിക്കുന്ന ലോകപ്രശസ്ഥ ക്ലബ്ബുകളിലും ഇതേ ശൈലി തന്നെയാണ്.

ഇന്ന് ബേൺസ്റ്റൈഗർ, ഷ്വൈൻസ്റ്റീഗർ, ഫിലിപ്പ് ലാം, ലൂക്കാസ് പഡോൾസ്കി, തോമസ് മുളളർ, മാരിയോ ഗോമസ്, മെസ്യൂട്ട് ഓസിൽ തുടങ്ങിയവർ അമാനുഷിക ശക്തികളായി വീണ്ടും അവതാര പൂർത്തീകരണം നടത്തിയാൽ ജർമനി ഫൈനലും ജയിച്ച് കപ്പും കൊണ്ട് പോകും.

ഇറ്റലി
ഫുട്ബോളിൽ പലതരം  ശൈലികളുണ്ട്.
സൗന്ദര്യാത്മകമായി കളിച്ച് ലോകമെങ്ങും ആരാധകരെ സംബാദിച്ച ലാറ്റിനമേരിക്കൻ തനത് ശൈലിയുടെ ഉപാസകരായ അർജന്റീന, ബ്രസീൽ എന്നിവരാണ് അവരിൽ എടുത്ത് പറയേണ്ടത്. യൂറോപ്പിനങ്ങനെ തനത് ശൈലിയില്ല.
ആദ്യത്തെ ഒരു ശൈലീ മാറ്റം യൂറോപ്യൻ ഫുട്ബോളിൽ കൊണ്ട് വന്നത് യോഹാൻ ക്രൈഫും, ഫ്രാങ്ക് റെയ്കാർഡും, റൂഡ് ഗുളളിറ്റുമെല്ലാം ചേർന്ന് ഹോളണ്ട് എന്ന ഓറഞ്ച് ടീമിനെ ലോകത്തെങ്ങും ആരാധകർക്ക് പ്രീയങ്കരമാക്കിയത് ടോട്ടൽ ഫുട്ബോളെന്ന പുതിയ ശൈലിയുമായി വന്നതാണ്. പ്രത്യേകിച്ച് സ്ട്രൈക്കറോ, ഡിഫന്ററോ, മിഡ് ഫീൽഡറോ അല്ലാതെ എല്ലാവരും എല്ലാ പൊസിഷനിലും കളിച്ച് ലോകം കീഴടക്കുന്ന ടോട്ടൽ ഫുട്ബോൾ എന്ന ജാല വിദ്യ ഓറഞ്ച് ഹോളണ്ട് കൊണ്ട് വന്നതാണ് ആദ്യത്തെ ഒരു പ്രത്യേകതരം ഫുട്ബോൾ ശൈലി.

അതിനു ശേഷമാണ് കാറ്റനാച്ചിയൻ സ്റ്റൈൽ എന്ന പുതിയ സ്റ്റൈൽ ഇറ്റലി വികസിപ്പിച്ചെടുക്കുന്നത്. കാറ്റനാച്ചിയോ എന്ന ഇറ്റലിയൻ വാക്കിന്റെ അർഥം താഴിട്ട് പൂട്ടൽ എന്നാണ്. എഴുപതുകളൊടെ ഫിയറൊന്റീന, നാപ്പോളി, എ എസ് റോമ, പാർമ തുടങ്ങി ഇന്റർമിലാനും എ സി മിലാനും പോലുള്ള വിഖ്യാത ക്ലബ്ബുകളിൽ നിന്ന് തുടങ്ങി ഇറ്റലിയൻ ദേശീയ ടീം തങ്ങളുടെ സ്വന്തം ശൈലിയായി കൊണ്ടു നടക്കുന്ന ഡിഫന്റിങ്ങ് രീതി. എതിരാളികളുടെ അറ്റക്കിങ്ങിനെ സ്വന്തം പെനാൽറ്റി ബോക്സിൽ വെച്ച് മുനയൊടിച്ച് വിടുന്ന ഇറ്റാലിയൻ ഡിഫെൻസ് എന്നും എക്കാലവും എതിരാളികൾക്കൊരു മരീചികയാണ്. റോബർട്ടോ ബാജിയോയും, പൗളോ മാൽഡീനിയും പോലുള്ള ലോകോത്തര കളിക്കാരിൽ നിന്ന് ആർജ്ജിച്ച കാറ്റനാച്ചിയൻ ഡിഫൻസുമായി എത്തിയാണ് ഫാബിയോ കന്നവാരോയും സംഘവും  2006 ൽ ലോകക്കപ്പും കൊണ്ട് പോയത്.

അതായത് പന്തുമായി തങ്ങളുടെ ബോക്സിലേക്ക് കയറുന്നിടം വരെ ഇറ്റലിക്കാർ എതിരാളികൾക്ക് സ്വാതന്ത്ര്യം കൊടുക്കും. തങ്ങളുടെ ബോക്സിലേക്ക് കയറിക്കഴിഞ്ഞാൽ പിന്നെല്ലം പെട്ടന്നായിരിക്കും. നാല് ഇറ്റാലിയൻ ഡിഫന്റർമ്മാർ എതിരാളിയെ വളയും. അയാൾ ബോൾ പാസ് ചെയ്യാൻ പറ്റാതെ പരുങ്ങലിലാവും, വല്ല വിധേനയും അയാൾ അടുത്തയാൾക്ക് പന്ത് പാസ് ചെയ്യാൻ ശ്രമിച്ചാലോ, കിറു ക്രിത്യമായി ആ പാസ് സ്വീകരിക്കാൻ കാത്തു നിൽക്കുന്നയാളിന്റെ ചുറ്റിനും ഇതേ പോലെ നാല് ഇറ്റാലിയൻ ഡിഫൻറ്റർമ്മാരുണ്ടാവും. ഫലത്തിൽ ഒരോ എതിർ കളിക്കാരനും കരുതും. തനിക്കു ചുറ്റും നാല് ഇറ്റാലിയൻ കളിക്കാരുണ്ടെന്ന്. എതിരാളി  അമ്പരന്ന് വട്ടം ചുറ്റിപ്പോകാൻ പിന്നെ കാർനം വേണ്ട.  ഈ യൂറോക്കപ്പിൽ ഇറ്റലി, ഇംഗലണ്ടിനെ തോൽപ്പിച്ചപ്പോൾ ഇത് നമുക്ക് കാണാമായിരുന്നു.

ഇന്ന് ഈ വിരുദ്ദ ധ്രുവങ്ങൾ തമ്മിൽ ക്ലാസിക് പോരാട്ടത്തിന് ഒരുങ്ങുകയാണ്. ഇതൊരു ഐതിഹാസിക മാച്ച് ആയിരിക്കും ഉറപ്പ്. ഇന്ന് വരെ മേജർ ടൂർണമെന്റുകളിൽ ഇറ്റലിയെ തോൽപ്പിക്കാനായിട്ടില്ല എന്ന ചരിത്രം ജർമനി മായിക്കുമോ? അതോ ഇറ്റലി ചരിത്രം ആവർത്തിക്കുമോ? റഫറിയുടെ വിസിൽ മുഴക്കത്തിനായി ഇനി മിനിട്ടുകളെണ്ണി കാത്തിരിക്കാം...

വെള്ളിയാഴ്‌ച, ജൂൺ 08, 2012

ഒരു പന്തിന് ചുറ്റും ലോകം ചുരുങ്ങുമ്പോൾ...

പോളണ്ടിനേക്കുറിച്ച് ഇനി എല്ലാരും പറയും.
കാരണം പോളണ്ടിലാണ് ഇനി കളി നടക്കാൻ പോകുന്നത്.
പോളണ്ടും, ഉക്രയിനും ചേർന്ന് സംയുക്ത ആതിഥേയത്വം വഹിക്കുന്ന പതിനാലാമത് യൂറോക്കപ്പ് ഫുട്ബൊൾ നാളെ കൊടിയേറ്റം കുറിയ്ക്കുകയാണ്.

യൂറോപ്യൻ ഭൂഗണ്ടത്തിലെ ഹോട്ട് ഫേവറിറ്റുകളായ ജർമനി, ഇറ്റലി, ഹോളണ്ട്, ഫ്രാൻസ്, ഇംഗ്ലണ്ട്, സ്പെയിൻ, പോർച്ചുഗൽ തുടങ്ങിയ വമ്പൻമ്മാരെല്ലാരുമുണ്ട്.  പോരാത്തതിന് ഏതൊരട്ടിമറിയ്ക്കും കോപ്പുളള ചെക് റിപബ്ലിക്, ഡെന്മാർക്ക്, സ്വീഡൻ, ഗ്രീസ് തുടങ്ങിയവരും അരങ്ങ് കൊഴുപ്പിക്കുന്നുണ്ട്. ഇതിനകം തന്നെ, ജർമ്മനി, ഹോളണ്ട്, പോർച്ചുഗൽ, ഡെന്മാർക്ക് തുടങ്ങിയവർ അടങ്ങിയ ബി ഗ്രൂപ്പ്, മരണ ഗ്രൂപ്പായി മാറിക്കഴിഞ്ഞു. ആ ഗ്രൂപ്പിലെ ഏറ്റുമുട്ടലുകൾ ചരിത്രമാവാൻ പോകുകയാണ്.

ലോക ഫുട്ബോൾ കാണാൻ ആരംഭിച്ച കാലം മുതൽക്കേ  പ്രീയപ്പെട്ട കുറേ ടീമുകളുണ്ട്. അർജന്റീന, ഇറ്റലി, ഹോളണ്ട്, ജർമനി തുടങ്ങിയവരാണവർ. സിദാന്റെ ഇന്ദ്രജാലം  തുടങ്ങിയതോടെ ആ പട്ടികയിലേക്ക് ഫ്രാൻസും ഇടം പിടിച്ചു. [ഇതിൽ അർജന്റീനയൊഴികെയുളളവരെല്ലാം ഈ പോരാട്ട വേദിയിലുണ്ട്.]

ഇംഗ്ലണ്ട് ടീമിനോടും, അവരുടെ പ്രീമിയർ ലീഗിനോടും, മാഞ്ചസ്റ്റർ യുണൈറ്റഡ് ക്ലബ്ബിനോടും ഒരിക്കലും ഒരു കാലത്തും യാതൊരു ആരാധനയും തോന്നിയിട്ടില്ല. ഇനിയൊട്ട് തോന്നാനും പോകുന്നില്ല. ബാഴ്സലോണയും, റയൽ മാഡ്രിഡുമൊക്കെ കളിക്കുന്ന വിഖ്യാത സ്പാനിഷ് ലീഗ് ഒന്ന് കൊണ്ട് മാത്രമാണ് സ്പെയിൻ എന്നും അറിയപ്പെട്ടിരുന്നത്. കഴിഞ്ഞ യൂറോക്കപ്പും, ലോകക്കപ്പും നേടി അവർ ചാമ്പ്യൻമ്മാരുടെ തിരഞ്ഞെടുക്കപ്പെട്ട ലിസ്റ്റിലേക്ക് തലയെടുപ്പോടെ കയറിയെങ്കിലും സ്പെയിൻ എന്ന ടീമിനോടും വ്യക്തിപരമായി, തീരെ താല്പര്യമില്ല.

ലാറ്റിനമേരിക്കയില്‍ അർജന്റീന കഴിഞ്ഞാൽ [ലാറ്റിൻ അമേരിക്ക എന്നല്ല, എനിക്ക് ലോകത്ത് ഏറ്റവും പ്രീയപ്പെട്ട ഫുട്ബോൾ ടീം അർജന്റീനയാണ്!] യൂറോപ്പിലെ ഹോളണ്ട്, ഫ്രാൻസ്, ജർമ്മനി, ഇറ്റലി എന്നിവരെ ഒരേപോലെ ഇഷ്ട്ടമാണ്.  ഈ ടീമുകൾ പരസ്പരം ഏറ്റു മുട്ടുമ്പോൾ ആരെ സപ്പോർട്ട് ചെയ്യണം എന്നറിയാതെ നിസ്സഹായനായിപ്പോകാറുണ്ട്.

ഹോളണ്ട് :
ഫുട്ബോൾ പ്രേമികളെ എന്നും മോഹിപ്പിക്കുന്ന ഒരു ടീമാണ് ഹോളണ്ട് . ലാറ്റിനമേരിക്കൻ ടീമുകളുടെ  അതിമനോഹരമായ കേളീമികവ് യൂറോപ്പിൽ ആവിഷ്കരിക്കുന്ന ഒരേയൊരു ക്ലാസിക് ടീം. ടോട്ടൽ ഫുട്ബോളിന്റെ വാക്താക്കൾ!  ഓറഞ്ച് പട കളി തുടങ്ങിയാൽ അതിലും സുന്ദരമായ മറ്റൊന്നും ഈ ലോകത്ത് കാണാനുണ്ടാവില്ല. തികഞ്ഞ ക്ലാസിസിസ്റ്റുകളാണ് എക്കാലത്തും  നെതർലാന്റ്സ്, ഹോളണ്ട് എന്നൊക്കെ അറിയപ്പെടുന്ന ഡെച്ച് പട. ഇത്തവണത്തെ യൂറോ കിരീടത്തിന് എന്തു കൊണ്ടും അവകാശികളാണവർ.

ആര്യൻ റോബനും, വാൻ ബൊമ്മലും, വെസ്ലീ സ്നൈഡറും, റോബിൻ വാൻപേഴ്സിയുമൊക്കെ  സോഫ്റ്റ് ടച്ചിന്റെ ഇന്ദ്രജാലങ്ങൾ പ്രകടിപ്പിച്ച് തുടങ്ങുമ്പോൾ യൂറോപ്പ് നമിച്ച് പോയില്ലെങ്കിലേ അദ്ഭുതമുളളു


ഫ്രാൻസ് :
ഫ്രെഞ്ച് പട, സിദാൻ യുഗത്തിന്റെ അസ്തമനത്തോടെ കാറ്റത്താടുന്ന കൊന്നത്തെങ്ങ് പോലെയായി എന്ന് പറയാം. എങ്കിലും ഫ്രാൻസ് ഫ്രാൻസ് തന്നെയാണ്. പത്താം നംബർ ജേഴ്സിക്കുടമകളായ  മിഷേൽ പ്ലാറ്റിനി മുതൽ സാക്ഷാൽ  സിനദൈൻ സിദാൻ വരെയുള്ളവർ പുൽ മൈതാനങ്ങൾ അടക്കി വാണ ടീമാണത്. ഫ്രെഞ്ച് പട ചാർജ്ജായാൽ യൂറോയിൽ ഉശിരൻ പോരാട്ടങ്ങളുടെ പറുദീസ തുറക്കപ്പെടും. കിരീടം നേടാനുറച്ച് തന്നെയാണ് ഫ്രാൻസ് ഇത്തവണയും എത്തുന്നത്.

റിബറി, ഫ്ലൂറന്റ് മലൂഡ, പാട്രിക് എവ്റ, സാക്ഷാർ കരിം ബെൻസേമ തുടങ്ങിയവർ നീലപ്പടയെ വീണ്ടും ചാമ്പ്യൻ ടീമാക്കാൻ കച്ചകെട്ടി ഇറങ്ങുമ്പോൾ ചരിത്രം ത്രസിപ്പോടെ വീക്ഷിക്കുകയാണ്.

ഇറ്റലി :
റോബർട്ടോ ബാജിയോ വീരേതിഹാസം ചമച്ച് തുടങ്ങുന്ന കാലം മുതലാണ് ഞാനൊരു ഇറ്റാലിയൻ ഫാനായി മാറുന്നത്. പിന്നീട് പൗളോ മാൽഡീനി എന്ന ഡിഫന്ററായി എന്റെ ഇറ്റാലിയൻ ഫുട്ബോൾ ഹീറോ. ക്രിസ്റ്റ്യൻ വിയേരിയും, സാംബ്രോട്ടയും, ഗൂട്ടിറെസ്സും, കണവാരോയുമൊക്കെ രോമാഞ്ചം കൊളളിച്ചതിന് കണക്കില്ല. ലോക ഫുട്ബോളിലെ പാരമ്പര്യത്തിലും കിരീട നേട്ടങ്ങളിലും അസൂറിപ്പട ബ്രസീലിനും ജർമ്മനിക്കും ഒപ്പം എത്തും. കളിയഴക് കൊണ്ടല്ല ഇറ്റലി ലോകത്ത് അരാധകരെ സംബാധിച്ചത്. കേളികേട്ട ഡിഫൻസ് കൊണ്ട് മാത്രമാണ്. ഇറ്റലി കപ്പ് നേടണമെന്ന് തീരുമാനിച്ചിറങ്ങിയാൽ, അവർക്കെതിരേ ചെക് പറയാൻ ഒരു ടീമിനും ആവില്ല.

ഗോൾ കീപ്പർ ബഫണും, ഡിഫന്റർമാരായ ചെല്ലിനി, ബർസാഗി, സാൽവഡോർ ബോച്ചെറ്റി തുടങ്ങിയവരും  മധ്യ നിരയിലെ ആന്ദ്രേ പിർലോയും പെരുമയ്ക്കൊത്ത് ഉയർന്നാൽ മക്കളേ, കളി മാറും.

ജർമ്മനി :
എന്നും എപ്പോഴും ഹോട്ട് ഫേവറിറ്റുകളാണ് ജർമ്മനി.
ജർമ്മനി എന്നും കളിക്കുന്നത് സുന്ദരമായ ആക്രമണ ഫുട്ബോളാണ്.  ഫോമിലുളള ദിവസം, അവർ കളിക്കുന്നത് പാറ്റൺ ടാങ്ക് ഇരമ്പുന്നത്  പോലെയാണ്. എതിരെ വരുന്നതിനെയെല്ലാം - അത് എത്ര കൊലക്കൊമ്പനായാലും - തകർത്തെറിയുന്ന അറ്റാക്കിങ്ങാണ് അവരുടെ പാരമ്പര്യം!  യൂറോപ്യൻ ഫുട്ബോൾ ടീമുകളിൽ കാണികളുടെ ഞരമ്പുകളിലെ രക്തയോട്ടം വർദ്ധിപ്പിക്കുന്ന ഒരേയൊരു ദേശീയ ഫുട്ബോൾ ടീം ജർമ്മനിയാണ്. നിരന്തരമായി  ആക്രമിക്കുന്ന കളിയഴകിനുടമകൾ.. [ഞാൻ ഫുട്ബോൾ കാണാൻ തുടങ്ങിയ കാലം മുതൽ ജർമ്മൻ ശൈലി അതാണ്. ലോതർ മാതേയസ് കളിക്കുന്ന കാലത്തൊക്കെ ഡിഫൻസിനായിരുന്നത്രെ ഊന്നൽ കൊടുത്തിരുന്നത്.]

ഷ്വൈൻസ്റ്റീഗറും, ലൂക്കാസ് പെഡോൾസ്കിയും, മെസ്യൂട്ട് ഓസിലും, മിറോസ്ലോവ് ക്ലോസെയും, ഫിലിപ് ലാമും, തോമസ് മുള്ളറുമൊക്കെ വിങ്ങുകളിലൂടെ വെടിയുണ്ട പോലെ പറന്നു കയറുമ്പോൾ, എതിർ കോട്ടകൾ വിറകൊളളുന്നത് കാണാം..

മറ്റ് ടീമുകൾ :
ഹെന്റിക് ലാർസൻ ബാക്കി വെച്ച് പോയ ആക്രമണ ചാരുത ഇപ്പോൾ സ്വീഡന്റെ നിരയിൽ ആരാണ് തുടരുന്നത്? സ്കാന്റിനേവിയയിൽ നിന്നും ഡെന്മാർക്ക് കസറുമോ? സ്വർണ മുടിക്കാരൻ സൂപ്പർ താരം - പാവേൽ നെദ്വേദ് - ഒഴിച്ചിട്ട മിഡ്ഫീൽഡ് മാന്ത്രികത,  ചെക് റിപബ്ലിക്കിന് വേണ്ടി ഏറ്റെടുക്കുന്നത് ആരാവാം? ഗ്രീസ് അന്ന് അട്ടിമറിച്ചത് പോലെ പാരമ്പര്യങ്ങൾ തുണയ്ക്കാത്ത പുതിയൊരു ചാമ്പ്യൻ ഇത്തവണ യൂറോയിൽ ഉദയം ചെയ്യുമോ?  യൂറോപ്യൻ പുൽ മൈതാനങ്ങൾ അവയ്ക്കുളള ഉത്തരം കരുതി വെച്ചിട്ടുണ്ട്.

ഉക്രയിനിലും, പോളണ്ടിലുമായി നടക്കുന്ന കാൽപ്പന്തിന്റെ കാനന വന്യത, കലാ ചാരുത,  ഫുട്ബോൾ പ്രേമികളുടെ കണ്ണുകളെ വരുന്ന ഒരു മാസക്കാലം വിരുന്നൂട്ടാൻ പോകുന്നു. ഇഞ്ച്വറീ ടൈമിലെ യോഹാൻ ക്രൈഫിന്റെ "ടോട്ടൽ" സിസർകട്ട്, പോളോ റോസിയുടെ ഐതിഹാസിക ഡ്രിബ്ലിങ്ങ്, ഫ്രെങ്ക് പുഷ്കാസിന്റെ മാന്ത്രിക ഹെഡർ.... ലെജന്റുകൾ ഓർമ്മകളിൽ അവശേഷിപ്പിച്ച ഒരായിരം ഓർമ്മ ചിത്രങ്ങളിലേക്ക് ഊറ്റത്തോടെ തിരിഞ്ഞു നടക്കാനും ഈ യൂറോ വേദിയാവുന്നു.


യൂറോക്കപ്പ് 2012 ഫിക്സ്ചർ ഇവിടെ



 ഹോളണ്ട്


 ജർമ്മനി



ഇറ്റലി


ഫ്രാൻസ്

ഞായറാഴ്‌ച, ജൂൺ 03, 2012

മിസ്റ്റർ ഉബുണ്ടുവിന് മിസിസ്സ് ഉബുണ്ടുവിന്റെ അന്താരാഷ്ട്ര മെസേജുകൾ

ഇപ്പോ ഒരാഴ്ച്ചയായല്ലോ ഒന്ന് ഫോണെങ്കിലും വിളിച്ചിട്ട്. നിങ്ങൾക്കവിടെ ഇതിനുമ്മാത്രം എന്നാ ഇത്ര തിരക്ക്?
[Recipient: Mr. UBUNDU.
sent: 11 may 2012  08:10:00 pm ]

നിങ്ങൾ എന്നെയിവിടെ തനിച്ചാക്കി കെനിയക്ക് ഡോളറുണ്ടാക്കാൻ പോയേച്ച് നാളെ മൂന്ന് വർഷം തികയുവാ. ഉളളത് പറയാമല്ലോ, ഈ നിമിഷം വരെ നിങ്ങളേക്കൊണ്ട് എനിക്കും എന്റെ കുഞ്ഞുങ്ങൾക്കും ഒരു പ്രയോജനോം ഉണ്ടായിട്ടില്ല.
[Recipient: Mr. UBUNDU.
sent: 11 may 2012  08:46:31 pm ]


നിങ്ങളേക്കുറിച്ചുളള ഓർമ്മകൾ മാത്രമാണെന്റെ സംബാദ്യം. :(
[Recipient: Mr. UBUNDU.
sent: 11 may 2012  09:05:08 pm ] 

എന്റെ പെഴ്സിലുണ്ടായിരുന്ന നിങ്ങളുടെ ഫോട്ടോ എങ്ങനെയോ നഷ്ട്ടപ്പെട്ടു പോയി. അതിൽ പിന്നെ ഞാൻ, പാൻപരാഗ് കടയിലെ ന്ഡുൻഗ്ഗുവിന്റെ ഫോട്ടോയാ പേഴ്സിൽ കൊണ്ട് നടക്കുന്നെ.അറിയാമോ?!
[Recipient: Mr. UBUNDU.
sent: 11 may 2012  09:30:10 pm ]

നിങ്ങൾ കഴിക്കാറുണ്ടായിരുന്ന പിഞ്ഞാണത്തിലാ ഞാനിപ്പോ പട്ടിക്ക് ചോറ് കൊടുക്കുന്നത്. പട്ടീടെ ആക്രാന്തം കാണുമ്പോഴൊക്കെ ഞാനോർക്കും, ഇതിലും ഭേദം നിങ്ങളാരുന്നെന്ന്....
[Recipient: Mr. UBUNDU.
sent: 12 may 2012  11:20:41 pm ]

നിങ്ങളീ കെനിയയിൽ നിന്നും ഘാനയ്ക്ക് പോയപ്പോ ഞാൻ കരുതി നേരാം വണ്ണം ഖാന കഴിക്കാനുളള വകുപ്പെങ്കിലും ഉണ്ടാക്കുമെന്ന്. ഇതിപ്പോ ഞാൻ കാന കഴുകിയാ ഖാന കഴിക്കുന്നെ.  ഔർ ലൈഫ് ഈസ് വെരി വെരി ഷെയിം ....
[Recipient: Mr. UBUNDU.
sent: 12 may 2012  11:40:11 pm ] 

നിങ്ങളേപ്പോലൊരു നീഗ്രോയല്ലേ മനുഷ്യാ  ആ ഒബാമ. അങ്ങേര് അമേരിക്കൻ പ്രസിഡന്റായി. നിങ്ങളെന്നാ കോപ്പാ ആയത്? മനുഷ്യനായാ നാണം വേണം.
ആ മിഷേൽ ഒബാമേ കാണുമ്പോ എനിക്കാണേൽ അയൂയ പെരുത്തിട്ട് വയ്യ. കെനിയേന്നിങ്ങ് പോന്നിട്ട് ഇവിടെ വല്ല പഞ്ചായത്ത് പ്രസിഡന്റെങ്കിലും ആയിക്കൂടേ മനുഷ്യാ നിങ്ങൾക്ക്? ഔർ ലൈഫ് ഈസ് ഗോയിങ്ങ് ഔട്ട് കമ്പ്ലീറ്റ്ലീ...
[Recipient: Mr. UBUNDU.
sent: 13 may 2012  06:40:49 am ] 

പിന്നെ, മൂത്തവള് പത്തിൽ തോറ്റു. ഞാൻ പറഞ്ഞു ഇനി പഠിപ്പിക്കാനൊന്നും മേലാ, ആരുടേലും തോളേക്കേറി സ്ഥലം വിട്ടോളാൻ. നിങ്ങളെന്നാ പറയുന്നു?!
[Recipient: Mr. UBUNDU.
sent: 13 may 2012  09:03:59 am ]

ഇന്നലത്തെ കുടുംബ റവല്യൂഷണറിയിൽ വെച്ച് മദറിൻലോയുടെ മോന്തയ്ക്കിട്ട് ചിരവയ്ക്കൊന്ന് കൊടുത്തിട്ടുണ്ട്. മൂന്ന് പല്ലാ കൊഴിഞ്ഞത്. ഇനിയവർക്ക് ചവച്ചിറക്കാതെ എല്ലാം അങ്ങ് വെട്ടി വിഴുങ്ങാൻ എളുപ്പമാമാവും.
[Recipient: Mr. UBUNDU.
sent: 13 may 2012  09:20:19 am ] 

ഫദർ ഇൻലോ എല്ലും തോലുമായി വരാന്തയിലെ കയറു കട്ടിലിൽ കിടപ്പാണ്. എല്ല് പൊടിച്ച് വളമുണ്ടാക്കുന്ന ഫാക്ടറിക്കാർ വന്ന് അങ്ങേർക്ക് വില പറഞ്ഞിട്ടുണ്ട്. ഒര് എഴുപത് രൂപാ കിട്ടുമെങ്കിൽ അങ്ങേരെ അങ്ങ് കൊടുത്തേക്കാം. എന്താ?!
[Recipient: Mr. UBUNDU. sent: 13 may 2012  09:28:11 am ] 

നിങ്ങൾടെ ആ അനിയത്തിയുണ്ടല്ലോ. അവളുടെ വിചാരം അവൾ അമേരിക്കേലാ ജീവിക്കുന്നതെന്നാ. മിനിഞ്ഞാന്ന് അടുക്കളേൽ വെച്ചിരുന്ന ഒരു കുലപ്പഴം ഒറ്റയിരിപ്പിന് അവള് കാലിയാക്കി. കാളാമുണ്ടം പോലും ബാക്കി വെച്ചില്ലെന്ന് പറഞ്ഞാൽ നിങ്ങൾ ഞെട്ടരുത്. അതുകഴിഞ്ഞ് രണ്ട് ദിവസം ഞങ്ങൾ പട്ടിണിയാരുന്നു. നമ്മൾ ആഫ്രിക്കേലാണെന്നും, കാര്യങ്ങൾ പരിതാപകരമാണെന്നും യാതൊരു വിവരോം അവൾക്കിക്കിപ്പോഴും ഇല്ല.
[Recipient: Mr. UBUNDU.
sent: 13 may 2012  09:47:18 am ] 

ഗോത്ര മഹാറാണി ഇമ്പിലുവിന്റെ ഭർത്താവ്,  മ്ബാലു വന്ന് എന്നോട് ഡേറ്റിങ്ങിന് സമയം ചോദിച്ചു. ഡേറ്റില്ലാത്തതു കൊണ്ട് ഞാൻ അവനെയങ്ങ്  പറഞ്ഞു വിട്ടു. ഇപ്പോ തന്നെ ആഴ്ച്ചേലെ ഏഴു ദിവസോം ഞാൻ ഡേറ്റിങ്ങിലാ. ആഴ്ച്ചയ്ക്ക് എട്ട് ദിവസമുണ്ടാരുന്നേൽ ആലോചിക്കാരുന്നു. അല്ല ഞാനും ഒരു മനുഷ്യ സ്ത്രീയല്ലേ. മുഴുപ്പട്ടിണി കിടക്കാം. പക്ഷേ "അര"പ്പട്ടിണി കിടക്കാൻ പറ്റുകേലല്ലോ.
[Recipient: Mr. UBUNDU.
sent: 13 may 2012  09:50:05 am ] 

നിങ്ങളേക്കൊണ്ട് ഒന്നിനും പറ്റില്ലെങ്കിൽ ആ  കൗഗാർ നാഷണൽ പർക്കിലെങ്ങാനും പോയി കുത്തിയിരുന്നു കൂടേ മനുഷ്യാ. വല്ല ചീറ്റപ്പുലിയെങ്കിലും നിങ്ങളെപ്പിടിച്ച് തിന്നട്ടെ.
[Recipient: Mr. UBUNDU.
sent: 15 may 2012  03:25:15 am ]

അവസാനമായി ഒരു കാര്യം കൂടി. എന്നെങ്കിലും  വരുന്നുണ്ടെങ്കിൽ, അതിന് ഒരാഴ്ച്ച മുൻപെങ്കിലും എനിക്ക് വിവരം അറിയിക്കണം. . എന്നാലേ ടെമ്പോ വിളിച്ച് വീട്ടുപകരണങ്ങളും കുട്ടകവും ഒക്കെയായി എനിക്ക് കാമുകനൊപ്പം ഓടിപ്പോകാനൊക്കൂ...
[Recipient: Mr. UBUNDU.
sent: 15 may 2012  03:15:10 am ]

അല്ലേൽ  നിങ്ങളിനി വരണ്ട.
വന്നിട്ടിപ്പോ ഇവിടെ മല മറിക്കാനൊന്നും പോകുന്നില്ലല്ലോ.
അവിടെങ്ങാനും കിടന്ന് ചത്ത് പണ്ടാരടങ്ങ്.
അങ്ങനെങ്കിലും ഔർ ലൈഫ് ഗോഡ് ബ്ലെസ്സിങ്ങ്......
[Recipient: Mr. UBUNDU.
sent: 15 may 2012  03:50:55 am ]