തിങ്കളാഴ്‌ച, ഏപ്രിൽ 30, 2018

70 - 80 കളിലെ ഒരു മലയാള സിനിമാ രംഗം

 statutory warning:
വിത് സെക്സുള്ളത് കൊണ്ട് 18 തികഞ്ഞവർക്ക് മാത്രമുള്ള അഡൽട്സ് ഒൺലി അവാർഡ് പടമാണ്.
_________________________________________

ഡാഷേടത്ത് തറവാട്.
[ബാക്ഗ്രൗണ്ടിൽ തായമ്പക മേളം]

ഹൈ. ഇതാരാ പടിപ്പുര കടന്ന് വരണേ... കോണോത്ത് കോവിലകത്തെ ഇളമുറത്തമ്പുരാട്ടി ലക്ഷ്മിയോ. എന്താ ശ്രീത്വം... വാ, വന്ന് മുത്തശീടടുത്ത് ഇരിക്യാ.. ഞാൻ കാത്തിരിയ്ക്യാർന്നു.

എന്ത് തേങ്ങയ്ക്കാ മുത്തശ്ശി എന്നെ ഇങ്ങോട്ട് വിളിച്ച് വര്ത്ത്യേ? എന്തിനാ ഇങ്ങിനെ കാത്തിർക്യണേ? എപ്പഴും വാട്സ് ആപ്പിൽ കാണണല്യേ...

ന്റെ കുട്ട്യോട് മുത്തശ്ശിക്ക് ഒരൂട്ടം നേരിട്ട് പറയാനിണ്ടാർന്നു. തറവാട് ഭാഗം വെച്ചേപ്പിന്നെ ഒരോർത്തരും ഒരോ വഴിയ്ക്കായില്യേ. പണ്ടൊക്കെ ഈ ഡാഷേടത്ത് കോവിലകംന്ന് പറഞ്ഞാ എന്താർന്നൂ... ഇപ്പോ എല്ലാർക്കും സുകൃത ക്ഷയരോഗമല്ലേ...

അതൊക്കെ അന്യം നിന്ന് പോയില്ലേ മുത്തശ്ശീ.

എന്ത്, ക്ഷയരോഗോ? അതിപ്പഴുംണ്ട്

അല്ല പഴമയും പ്രൗഡിയുമൊക്കെ....

ഒക്കേം പോയി... നീയന്ന് നെന്റെ മാമൻ ബാലചന്ദ്രന്റെ കൈ പിടിച്ച് ഡാഷേടത്ത് കോലോത്തേക്ക് വലത് കാല് വെച്ച് കേറുമ്പോ തെക്കിനിയിൽ എരിയ്വാ നെന്റെ മുത്തശ്ശന്റെ ചെത. മിറ്റത്ത് നിന്ന മൂവാണ്ടൻ മാവിന്റെ നാലാണ്ടൻ കൊമ്പ് മുറിച്ച് ചെതയൊരുക്കാൻ പോണ രാഘവ മാമനോട് നീ അന്ന് പറഞ്ഞത് ' അത് വെട്ടണ്ട അത് ഊഞ്ഞാല് കെട്ടാനുള്ളതല്ലേന്ന് '...
മുത്തശ്ശി ഒന്നും മറന്നിട്ടില്യാട്ടോ ട്ടേ ട്ടാ ട്ടു...

കുഞ്ഞാത്തോലെവിടെ മുത്തശ്യേ?

കുഞ്ഞാത്തോല് വാഷിങ്ങ് മെഷീനിൽ ബ്രാ കഴുകണു. മുറ്റത്ത് അയയിൽ ഉണക്കാനിട്ട ബ്രാ അഞ്ചെണ്ണം കളവ് പോയേപ്പിന്നെ ഓള് അലക്കലും ഒണക്കലും ഒക്കെ വാഷിങ്ങ് മെഷീനിലാ. ഒരു ശാപം കിട്ടിയ കുട്ടിയായിപ്പോയീ അവൾ... 36 സൈസുള്ള ബ്രായാരുന്നു ഒക്കേം...

വല്ലിമാമ്മ എവിടെ. പറമ്പിലാ?

കാലത്ത് എവിടേക്കോ പോയതാണ്. എപ്പ വരോ എന്തോ? ഇപ്പം ഈ ഡാഷേടത്ത് തറവാട്ടിൽ ഒക്കേം താളം തെറ്റിയ മട്ടാ കുട്ട്യേ. ചിട്ടവട്ടങ്ങളൊക്കെ തെറ്റിച്ച് തെറ്റിച്ച് എല്ലാർക്കും ഒരോ ദുശീലങ്ങളായി. അത് പോട്ടെ, നെന്റെ അച്ചൻ കോണോത്തെ ഉദയവർമ്മ തമ്പുരാൻ എന്ത് പറേണു? ഇപ്പഴും മേലനക്കാൻ വയ്യാണ്ട് കെടപ്പന്യാ? ഉദയവർമ്മത്തമ്പുരാനെ കാലന്റെ കയ്യിൽ പിടിച്ചേൽപ്പിച്ചിട്ട് വേണം ഇയ്ക്ക് സ്വസ്ഥായിട്ടൊന്ന് കണ്ണടയ്ക്കാൻ.

അച്ചൻ അങ്ങനൊന്നും ചാവൂല.

നെന്റച്ചനല്ലേ ആള്. വിത്തു ഗുണം പത്തുഗുണം...

ഓപ്പോളേം കാണണില്യാലോ. ഓപ്പോളെന്തെടുക്കാവോ?

ഓപ്പോൾ അടുക്കളയിയിലെ ഇരുട്ടിൽ നിന്ന് ദുഖം കടിച്ചമർത്തുകയാവും കുട്ട്യേ. അല്ലാണ്ടെന്താ അവൾക്കിവിടെ പ്രത്യേകിച്ച് പണി?

ഓപ്പോൾ എന്തിനാ മുത്തശീ എപ്പഴും വെള്ള സാരി ചിറ്റി നടക്കണേ?

ഓപ്പോള് പിന്നെ ജീൻസും ടോപ്പും ഇട്ട് നടക്കണോ?. അശ്രീകരേ വായിൽ വരൂ. കോണോത്ത് കോലോത്തെ ആചാരാ കുട്ട്യേ ഓപ്പോൾ വെള്ള സാരി ചുറ്റി അടുക്കളപ്പുറത്ത് നിന്ന് വിതുമ്പണംന്ന്. അങ്ങനെ ചെയ്യാത്ത ഓപ്പോളുമാരെ ഓപ്പോളാക്കില്ല. അവർ എക്സിറ്റ് പോളാണ്. പടിയ്ക്ക് പുറത്ത്...

പാവം ഓപ്പോൾ. ഉണ്യേട്ടൻ ഓപ്പോളെ ചതിച്ചത് കൊണ്ടല്ലേ ഓപ്പോൾക്ക് ഈ ദുരന്തം വന്നത്?

അതൊക്കെ കൊല്ലങ്ങൾ പഴക്കള്ള കഥേല്ലേ കുട്ട്യേ, ഉണ്ണി ഓപ്പോളെ കെട്ടാംന്ന് പറഞ്ഞിർന്നൂന്നോ, ന്നിട്ട് അടിച്ച് തളിക്കാരി ജാനൂനെ പൊറുക്കാൻ കൂട്ടിക്കൊണ്ട് പോയീന്നോ ഒക്കെ കഥകളാണ്. എന്തായാലും രാഘവമാമയ്ക്ക് അത് വല്യ വേദനയായി. ഉണ്ണി തറവാട് വിട്ട് പോയേന്റെ മൂന്നാം പക്കം അമ്പലക്കുളത്തിൽ ഒരു ശവം പൊങ്ങി. അടിച്ചു തളിക്കാരി ജാനൂന്റെ. വലിച്ച് കരയ്ക്കിട്ടപ്പോ പിടയ്ക്വാ ഈ നീളത്തിലുള്ള പുഴുക്കൾ. അന്ന് തീർന്നതാ നിന്റെ രാഘവമാമേടെ പളപളാ മിന്നുന്ന മീശയോടുള്ള ബഹുമാനം.

ഉണ്യേട്ടന്റെ അംബ്രാസിഡറിപ്പോ എവിട്യാ.

അംബ്രാസിഡറല്ല കുട്ട്യേ, അംബാസിഡർ. തപാലാപ്പീസി പൂവാനും, റെയില്വേ ആപ്പീസിപ്പൂവാനുമല്ലേ അവൻ അതുപയോഗിച്ചീർന്നത്. ഉണ്യേ കാണാണ്ടായേപ്പിന്നെ അംബാസിഡർ ആക്രി വിലയ്ക്ക് വിറ്റു. അന്ന് അംബാസിഡറുണ്ടാർന്ന ഒരേയൊരു കോവിലകം ഈ ഡാഷേടം ആയിർന്നു.

യ്ക്ക് ആ അംബ്രാസിഡറ് മറക്കാനാവൂല മുത്തശീ. ആ അംബാസിഡറിൽ വെച്ചാ ഉണ്യേട്ടൻ എനിക്കന്ന് ആദ്യായിട്ട് ഉമ്മ തന്നത്.

അവൻ ഫ്രെഞ്ച് കിസ്സാ അടിച്ചേ?

അല്യാ. അന്നത്തെ കാലത്ത് കോലോത്തുള്ളോർക്ക് ഫ്രെഞ്ച് കിസ്സടിയ്ക്കാൻ അറീല്യാലോ. അന്ന് ഉമ്മ വെയ്ക്കാൻ വരുമ്പോ ഉണ്യേട്ടൻ രണ്ട് സൂര്യകാന്തി പൂക്കളും കൊണ്ട് വന്നീർന്നു. എന്നെ ഉമ്മ വെയ്ക്കാൻ ആഗ്രഹം വന്നപ്പോ ഉണ്യേട്ടൻ ആ രണ്ട് പൂവും തമ്മി കൂട്ടി മുട്ടിച്ചു... അങ്ങനെ ഞങ്ങൾ സിമ്പോളിക്കായി ഉമ്മ വെച്ചെന്ന് സമാധാനിച്ചു. അന്ന് ഉണ്യേട്ടന്റെ പൂണൂല് പൊട്ടി...

അന്ന് നെനക്ക് എത്രാർന്നു വയസ്സ്?

യ്ക്കന്ന് 14 വയസ്സേള്ളു പ്രായം. ഞാനന്ന് വയസ് അറീച്ചിട്ടില്യ. കാരണം യ്ക്ക് തറവാട്ട് കുളത്തിൽ ഇറങ്ങാൻ പേട്യാർന്നു. തറവാട്ട് കുളത്തിൽ വെച്ചല്ലേ അന്നത്തെ കുട്ട്യോൾ വയസ്സറീക്യാ? പിന്നെ കുറേക്കാലം കഴിഞ്ഞ് 24 ആം വയസ്സിൽ ബോംബേല് വെച്ച് ആദ്യായി ഞാൻ സ്വിമ്മിങ്ങ് പൂളിൽ നീന്താനിറങ്ങ്യേപ്പഴാ യ്ക്ക് ആദ്യായി മെൻസസ് വന്നത്.

കോലോത്തെ കുട്ട്യോൾക്ക് തറവാട്ട് കുളത്തിൽ വെച്ചേ തീണ്ടാരി ഇണ്ടാവാറുള്ളു കുട്ട്യേ. ഇല്ലെങ്കിൽ സ്വിമ്മിങ്ങ് പൂളിൽ വെച്ച്. കോലോത്തുകാരുടെ ഒരു അനുഗ്രഹാ അതൊക്കെ..

ആരാ മുത്തശീ ഈ തീണ്ടാചാരി?

ജഗതി എൻ കെ ആചാരീടെ കൊച്ചച്ചൻ. ഒന്ന് പോടീ അവിടുന്ന്. നീ ഇപ്പം പറഞ്ഞ ഇംഗ്ലീഷ് വാക്കിന്റെ മലയാളാ അത്. തീണ്ടാരി.

മുത്തശ്ശിയോട് ഞാൻ മിണ്ടൂല...

അല്ലെങ്കിലും ഇനീ നീ മിണ്ടണ്ട. വിളക്ക് വെക്കാൻ സമയായീ. പോയി ദീപം ദീപം ദീപംന്ന് പത്ത് പതിനാറ് പ്രാവശ്യം പറഞ്ഞോണ്ട് വന്ന് വിളക്ക് വെയ്ക്ക്.

അതിന് അന്നൊക്കെ വിളക്ക് വെയ്ക്കാറിണ്ടാർന്ന തുളസിത്തറ ഇപ്പോ ഇവിടില്യാലോ?

തുളസിത്തറ ഇല്യാച്ചാലും കൃഷ്ണതുളസി കപ്സിറപ്പ് അകത്തിരിപ്പുണ്ട്. നീ അതിന്റെ ചോട്ടിക്കൊണ്ട് വിളക്ക് വെച്ചാലും മതി. പേരിലെങ്കിലും ഒരു തുളസി ഉണ്ടായാ മതീന്നേള്ളു.

വിളക്ക് വെച്ചിട്ട്. യ്ക്ക് മുത്തശ്ശീടെ ഒരുപാട് കഥ കേട്ടിരിയ്ക്കണം...

വിളക്ക് വെച്ചിട്ട് കഥകേട്ടിരിയ്ക്കാനല്ല അസുരവിത്തേ നെന്നെ ഇങ്ങോട്ട് കെട്ടിയെടുത്തത്. വിളക്ക് വെച്ച് കഴിഞ്ഞ് നീ നേരേ സർപ്പക്കാവിൽ പോണം.

സർപ്പക്കാവിലോ? ഈ രാത്രീലോ? അതെന്തിനാ മുത്തശ്യേ?

നെനക്ക് ജാതകദോഷം ഉള്ള കുട്ട്യാണ്. അതുകൊണ്ട് നീ മരിയ്ക്കണം. അതും സർപ്പക്കാവിൽ പോയി പാമ്പുകടിയേറ്റ് തന്നെ മരിയ്ക്കണം. അതാണീ കഥയുടെ ക്ലൈമാക്സ്. അങ്ങനെ സംഭവിച്ചേ തീരൂ...

ങേ?

വേണംച്ചാൽ ആ കറവക്കാരൻ ചെക്കനേക്കൂടെ കൂട്ടിയ്ക്കോ?

അതെന്തിനാ? അവനും ജാതകദോഷംണ്ടോ?

ഇല്യാ. അവനും നീയും തമ്മിൽ സർപ്പക്കാവിൽ കിടന്ന് രതി നിർവേദം ആടണം. നിനക്കൊരു ഉപകാരം, അവനൊരു പലഹാരം. ഇലഞ്ഞിത്തറയിൽ കിടന്ന് നിങ്ങൾ പാമ്പുകളേപ്പോലെ ചുറ്റിപ്പിണയുമ്പോൾ ഒരു മൂർഘൻ പാമ്പ് വന്ന് നിന്റെ കാലിന്റെ പെരു വിരലിൽ നൈസായിട്ടൊന്ന് കൊത്തും. അതോടെ നീ ചാവും. അങ്ങനെ സംഭവിച്ചേ തീരൂ. പറഞ്ഞതു പോലെ സംഭവിച്ചില്ലെങ്കിൽ നെന്റെ ബെഡ് റൂമിൽ ഞാൻ മൂർഖൻ പാമ്പിനെ കൊണ്ടോന്നിടും. എന്തായാലും ഇന്ന് നീ മരിച്ചേ തീരൂ. ജാതക വിധിപ്രകാരം സംഭവിക്കേണ്ടത് ഈ ഡാഷേടത്ത് കോവിലകത്തിന്റെ പാരമ്പര്യമാണ്.

ഞാൻ ചത്ത് കഴീമ്പോ എന്ത് സംഭവിക്കും?

അപ്പോ വെളിച്ചപ്പാട് വരും. ഉറഞ്ഞ് തുള്ളും.
മേലേപ്പാട്ട് വീട്ടിൽ സായിപ്പിനെ പറ്റിക്കാൻ ഫോർട്ട് കൊച്ചിക്കാര് കഥകളി മുദ്രകൾ കാട്ടും.
ചെണ്ടമേളം മുഴങ്ങും.
വിയർപ്പിൽ മുങ്ങിയ കറവക്കാരൻ ചെക്കൻ തെല്ലൊരു നാണത്തോടെ തേങ്ങിത്തേങ്ങിക്കരയും.
ഞാൻ ഒറ്റയ്ക്ക് തെക്കിനിയിലേക്കും നോക്കി വരാന്തയിലിരിക്കുമ്പോ ദിഎന്റ് എന്ന് എഴുതിക്കാണിയ്ക്കും.
അങ്ങനെ ഈ കഥ ദുരന്തമായി അവസാനിയ്ക്കും....

നാലുകെട്ട്, പടിപ്പുര, കോണോത്ത് കോവിലകം, ഡാഷേടത്ത് ഇല്ലം, മേലേപ്പാട്ട് വീട്, വള്ളുവനാടൻ ഡ്രെസ്സിങ്ങ്, പാലക്കാടൻ സ്ലാങ്ങ്... ഇത് എം ടി എഴുതീതാ മുത്തശ്യേ?

ഏത് തെണ്ടിയായാലും ഈ കഥ ഇങ്ങന്യേ അവസാനിക്കൂ.. അല്ലാണ്ടവസാനിക്കാൻ ഈ മുത്തശ്ശീടെ കൊക്കിൽ ജീവനുള്ളപ്പോ അനുവദിയ്ക്കില്ല... കാരണം നമ്മൾ ജീവിയ്ക്കുന്നത് 70 - 80 കളിലാണ്. ഗെറ്റ് ലോസ്റ്റ് മോളേ..

.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ