തിങ്കളാഴ്‌ച, ഏപ്രിൽ 30, 2018

ഹോട്ടലാണെന്ന് കരുതി ബാർബർ ഷോപ്പിൽ കയറിയ ആൾ

തണുത്ത സായാഹ്നം....
സിറ്റിയുടെ മധ്യത്തിൽ ബാർബർഷോപ് തലയുയർത്തി നിന്നു...

ദീർഘകായനായ ഒരാൾ സെവൻത് ക്രോസ് റോഡിൽ പ്രത്യക്ഷപ്പെട്ടു...

നരച്ച ജീൻസിനു മേലേ കറുത്ത നിറത്തിലുള്ള ഷർട്ട് അയാൾ അലക്ഷ്യമായി ധരിച്ചിരുന്നു. 

വിശപ്പിന്റെ വിളി ആമാശയത്തെ കാർന്നു തിന്നാൻ തുടങ്ങിയ അയാൾ ഹോട്ടലാണെന്ന് കരുതി നേരേ ബാർബർ ഷോപ്പിലേക്ക് നടന്നു.....

ബാർബർ ഷോപ്പിലെ അരണ്ട വെളിച്ചത്തിൽ വികൃതമായ മുഖമുള്ള ബാർബർ, അര കല്ലിൽ വെച്ച് ഷൗരക്കത്തി രാകിക്കൊണ്ടിരിക്കുകയായിരുന്നു.

അവിടുത്തെ ദുരൂഹമായ അന്തരീക്ഷത്തിൽ മണിച്ചിത്രത്താഴിലെ വീണവാദന തീം മ്യൂസിക് പതിഞ്ഞ ശബ്ദത്തിൽ ഒഴുകിക്കൊണ്ടേയിരുന്നു...

ആഗതൻ കീശയിൽ നിന്ന് ഒരു ചുരുട്ടെടുത്ത് ചുണ്ടിൽ വെച്ചു.
പെട്ടന്ന് അകത്തെ മുറിയിൽ നിന്നും ബാർബറുടെ അസിസ്റ്റന്റ് തമിഴൻ പുറത്തേക്ക് വന്നു.

അസിസ്റ്റന്റിന്റെ മുഖത്ത് ഭയം നിഴൽ വിരിച്ചു...

ആഗതൻ സാവധാനത്തിൽ ചുരുട്ടിന് തീ തെളിച്ചു.
കട്ടപ്പുക അവിടെ നിറഞ്ഞു...
ബർബർ രാകൽ നിർത്തി...
അയാളുടെ മുഖത്ത് ഭീതി ഇരുൾ രേഖ വരച്ചു.
അയാൾ എന്തിനോ ആയാസപ്പെട്ട് എഴുനേൽക്കാൻ ശ്രമിച്ചു.

നിമിഷാർദ്ദം കൊണ്ട് ആഗതൻ കീശയിൽ നിന്ന് ഹെക്ലർ ആന്റ് കോച്ച് പിസ്റ്റൾ ബാർബർക്ക് നേരേ ചൂണ്ടി......

തമിഴൻ അസിസ്റ്റന്റ് കറങ്ങുന്ന കസേരയുടെ ചോട്ടിലേക്ക് ചൂഴ്ന്നൊളിച്ചു.
ബാർബറുടെ പോയിന്റ് ബ്ലാങ്കിലേക്ക് ഒരു ഗൺ ഷോട്ടിന്റെ അകലത്തിൽ നിശബ്ദത തണുത്തു...

മരവിച്ച ശൂന്യതയിലേക്ക് ആഗതന്റെ ശബ്ദം മുഴങ്ങി -
കഴിക്കാനെന്തുണ്ട്?

അയാളുടെ ശബ്ദം ഫ്രീസറിൽ വെച്ച മത്തി പോലെ മരവിച്ചതായിരുന്നു.
ബാർബർക്ക് ശബ്ദം പൊന്തിയില്ല.

ചുമരിലെ അജന്താ ക്ലോക്കിൽ സെക്കന്റ് സൂചിയുടെ ചലനം നാടി മിടിപ്പ് പോലെ ഇളം താളത്തിൽ മുഴങ്ങിക്കൊണ്ടിരുന്നു.

ചോദിച്ചത് കേട്ടില്ലേ? കഴിക്കാനെന്തുണ്ടയുണ്ടെന്ന്?

ക ക.... കട്ടി.... കട്ടിങ്ങുണ്ട് ഷി... ഷിവറിങ്ങുണ്ട്...
അപ്പോഴേക്കും ബാർബറെ ഷിവറ് ചെയ്യാൻ തുടങ്ങിയിരുന്നു.

അസിസ്റ്റന്റ് തമിഴൻ കസേരയ്ക്ക് കീഴെയിരുന്ന് സ്വന്തം കഴുത്തിൽ കൈ വെച്ച് നോക്കി.
അവന് ടെമ്പറേച്ചറും ഉണ്ടായിരുന്നു....

ആഗതൻ ക്ലിന്റ് ഈസ്റ്റ് വുഡിനേപ്പോലെ സ്റ്റൈലിഷായി ചുരുട്ട് ഇടത് ചുണ്ടിൽ നിന്നും വലതു ചുണ്ടിലേക്ക് തെന്നിച്ചു.
അയാൾ മുരണ്ടു -
എന്നാൽ പോരട്ടെ രണ്ടും ഈച്ച് പ്ലേറ്റ്സ്...

ബാർബർ വിഹ്വലതയോടെ അസിസ്റ്റന്റിനെ നോക്കി. 

അപ്പോൾ താൻ പറഞ്ഞ തമാശയോർത്ത് ഒരു സൈക്കിക് കില്ലറുടെ ഭാവഹാദികളോടെ ആഗതൻ പൊട്ടിപ്പൊട്ടിച്ചിരിച്ചു.
ഇഹു ഇഹു ഇഹു ഇഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്ഹ്.....

പെട്ടന്ന് അപ്രതീക്ഷിതമായി ബാർബർ ഷോപ്പിലെ കരണ്ടു പോയി.
എങ്ങും ഇരുട്ട് നിറഞ്ഞു.
ആഗതന്റെ പൊട്ടിച്ചിരി കെ എസ് ആർ ടി സി ബസ്സിന്റെ ടയറ് വെടി തീർന്നത് പോലെ സ്റ്റോപ്പായി.

അജന്താ ക്ലോക്കിലെ സെക്കന്റ് സൂചിയുടെ പതിഞ്ഞ താളത്തിനോട് കോമ്പറ്റീഷൻ പ്രഖ്യാപിച്ചു കൊണ്ട് പൊടുന്നനെ അവിടെയൊരു ഗൺ ഷോട്ട് ഉച്ചത്തിൽ മുഴങ്ങി.

തമിഴന്റെ അലർച്ച, നിശബ്ദതയെ തകർത്ത് പ്രകമ്പനം കൊണ്ടു.

ഒന്ന് രണ്ട് മൂന്ന്...
നിമിഷങ്ങൾ കുർള എക്സ്പ്രസ്സിന്റെ കമ്പാർട്ട്മെന്റുകൾ പോലെ പാസ് ചെയ്ത്പോയി.

ആക്സ്മികമായി വൈദ്യുതി വിളക്കുകൾ തെളിഞ്ഞു......

എങ്ങും പുകമറയായിരുന്നു.

പുക മെല്ലെ മെല്ലെ അന്തരീക്ഷവുമായി വിലയം പ്രാപിച്ചു.

പെട്ടന്ന് തുപ്പാക്കി സിനിമയിലെ വിജയനേപ്പോലെ പുകച്ചുരുളുകൾക്കിടയിൽ നിന്നും ഒരു രൂപം അവ്യക്തമായി തെളിഞ്ഞു തെളിഞ്ഞു വന്നു.

മരണ ട്വിസ്റ്റ്.
അത് ബാർബറായിരുന്നു!!!
അയാളുടെ വലം കയ്യിൽ ഒരു ബരേറ്റാ 92 എഫ് എസ് പിസ്റ്റൾ അപ്പോഴും പുകയൊഴുക്കിക്കൊണ്ടിരുന്നു...

സംഭവിച്ചതെന്താണെന്ന് മനസ്സിലാകാതെ അസിസ്റ്റന്റ് തമിഴൻ പരിഭ്രാന്തിയോടെ ചുറ്റുപാടും നോക്കി... 

അപ്പോൾ, അൽപ്പം മുൻപ് വരെ ഭീതിയുടെ താഴ്വര തീർത്ത ദീർഘകായനായ ആ ആഗതൻ തലച്ചോറ് പിളർന്ന് രക്തത്തിൽ കുളിച്ച് കിടക്കുന്ന കാഴ്ച്ചയാണ് അവൻ കാണുന്നത്...

തമിഴൻ, ബാർബറെ നോക്കി വാ പൊളിച്ചു.
അതേ നിമിഷാർദ്ദം തന്നെ അവന്റെ തുറന്ന അണ്ണാക്കിലേക്ക് ബാർബറുടെ അടുത്ത വെടിയുണ്ട പുറപ്പെട്ട് കഴിഞ്ഞിരുന്നു.
അതും, സ്ലോ മോഷനിൽ....
*** *** *** *** *** *** *** *** *** *** *** *** *** *** ***
ബാർബർ ഷോപ്പിന് ഷട്ടർ വീണു...!!!
ഗുഡ് ബാഡ് ആന്റ് അഗ്ലി ബാക്ഗ്രൗണ്ട് മ്യൂസിക്കിന്റെ താളത്തിൽ ബാർബർ തന്റെ വെസ്പാ സ്കൂട്ടറിലേക്ക് കയറി...
നഗരാതിർത്തിയിലെ ഇരുണ്ട ഗലിയിലേക്ക് വെസ്പ അലസമായി പറന്നു....

അകന്നു പോകുന്ന ആ വെസ്പയിൽ ഒരു ടാറ്റൂ ഇങ്ങനെ പതിപ്പിച്ചിരുന്നു.
പോൾ ബാർബർ!!!
ഡോൺ കാ പക്കാവടാ മുഷിപ്പിക്കൽ നഹീ.........

ഗുണപാഠം: ഹോട്ടലാണെന്ന് കരുതി ഒരു ഗ്യാങ്ങ്സ്റ്ററും ഒരു ബാർബർഷോപ്പിലേക്കും കയറിച്ചെല്ലരുത്
(തുടരും)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ