തിങ്കളാഴ്‌ച, ഏപ്രിൽ 30, 2018

ആഴ്ച്ചപ്പതിപ്പിലെ കുറ്റവാളി

ഒന്ന്:
_____
07-09-2010 - ലക്കം മലയാള മനോരമ ആഴ്ചപ്പതിപ്പ്.
To.
കിനാവും കണ്ണീരും.
മലയാള മനോരമ, കോട്ടയം.
എന്റെ പേര് സ്റ്റെല്ല.
ഇടുക്കിയാണ് സ്വദേശം.
ചാച്ചനും, മമ്മയും, മമ്മൂമ്മയും, മമ്മൂപ്പനും, രണ്ട് കുഞ്ഞനിയത്തിമാരും അടങ്ങുന്ന സന്തുഷ്ട്ട കുടുംബമായിരുന്നു എന്റേത്. ചാച്ചന് ഒരേക്കറ് ഏലത്തോട്ടം, രണ്ടേക്കറ് കാപ്പിത്തോട്ടം ഒക്കെയുണ്ടായിരുന്നു. എന്നാലും മമ്മ വീടു പണിയ്ക്ക് പോയി വളരെ കഷ്ട്ടപ്പെട്ടാണ് ഞങ്ങൾ മൂന്നു മക്കളെ വളർത്തിയത്. എന്റെ തീരെ ചെറുപ്പത്തിൽ, അതായത് പതിനാറാമത്തെ വയസ്സിൽ, ചാച്ചൻ ഒരു പ്ലെയിൻ ക്രാഷിൽ കൊല്ലപ്പെട്ടു. ഏലപ്പാറയിൽ നിന്ന് ഒരു ചാക്ക് ഏലവുമായി, ഉടുമ്പൻ ചോലയ്ക്ക് പോകുമ്പോൾ ക്ലൗഡ് ജാസ്തിയായതാണ് പ്ലെയിൻ ക്രാഷിന് കാരണം. ഇതോടെ ആകെ സങ്കടമായി. ഈ സമയത്താണ് സഹായ വാഗ്ദാനങ്ങളുമായി അകന്ന ബന്ധത്തിലുള്ള ഒരു ചേട്ടൻ വീട്ടിൽ വന്നു തുടങ്ങുന്നത്. ആ ചേട്ടൻ എന്നെ തയ്യൽ പഠിപ്പിക്കാൻ പറഞ്ഞു വിട്ടു. അങ്ങനെ ഞങ്ങളുടെ സ്നേഹം പൂത്തുലഞ്ഞു. അങ്ങനെ ഇരിക്കെയാണ് ആ അഭിശപ്ത നിമിഷം എന്റെ ജീവിതത്തിൽ സംഭവിക്കുന്നത്. ഒരിക്കൽ ഞാൻ തയ്യല് പഠിച്ചിട്ട് വരുമ്പോൾ വീട്ടിനകത്ത് അസ്വഭാവികമായി എന്തോ സംസാരം കേട്ടു. പിന്നിലൂടെ ചെന്നു നോക്കിയ ഞാൻ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച്ചയായിരുന്നു. മമ്മയും, ആ ചേട്ടനും തമ്മിൽ.... ബാക്കി എഴുതാൻ നിർവാഹമില്ലാത്തത് കൊണ്ട് ഞാൻ തൽക്കാലം നിർത്തുന്നു. ഇത് പ്രസിദ്ധീകരിക്കണേ...
എന്ന് സ്റ്റെല്ല.
സ്റ്റെല്ല വോൾഗാ മാടമ്പള്ളി.
ഈ കിനാവും കണ്ണീരും വായന തൽക്കാലം നമുക്ക് ഇവിടെ നിർത്താം.
കാരണം നമുക്ക് വർത്തമാന കാലത്തേക്ക് ഒന്ന് വരേണ്ടതുണ്ട്...
എന്തു കൊണ്ടെന്നാൽ, ഞാനിരിക്കുന്ന കുടിലിനരികിലേക്ക്, ചതുപ്പിനെ ഭേദിച്ചു കൊണ്ട്, ഇരുളിലൂടെ ആരോ എന്നെ ലക്ഷ്യമാക്കി വരുന്നുണ്ട്...
ഇരുളിന്റെ മറവിനെ കൂട്ടു പിടിച്ച് ആ രൂപം അടുത്തടുത്തു വന്നു.
ഞാൻ കുടിലിനു പുറകിലേക്ക് മാറി...
റിവോൾവർ കയ്യിലെടുത്തു.
ബൂട്ടിന്റെ ഒച്ച പതുങ്ങി കേൾക്കാം.
വിരലൊന്നമർന്നാൽ ഒരു വെടിശബ്ദം...
അത് മലമടക്കുകളെ പ്രകമ്പനം കൊള്ളിക്കും...
കാഞ്ചി അമർത്താൻ നിമിഷങ്ങൾ എണ്ണവേ പെട്ടന്ന് ഒരു ഘനഗാംഭീര്യ ശബ്ദം മുഴങ്ങി...
"ഹലോ വാട്സൻ, നിങ്ങളിവിടെ എന്തു ചെയ്യുന്നു?"
എന്റെ തലയിലൂടെ ഒരു പെരുപ്പു പാഞ്ഞു.
ഹോംസ്.
എന്റെ പ്രീയ സുഹൃത്ത് ഹോംസ്!!!
ഞാൻ അദ്ഭുതം കൊണ്ട് വിറങ്ങലിച്ചു പോയി.
മനോരമ ആഴ്ച്ചപ്പതിപ്പ് എന്റെ കയ്യിൽ നിന്ന് ഊർന്നു വീണു.
ഹോംസ് നിങ്ങളിവിടെ???
ഇരുണ്ട വിശാലമായ ചതുപ്പിലേക്ക് നോക്കി ഹോംസ് പുക ഊതി വിട്ടു. "എനിക്കറിയാം..., മിസ്റ്റർ സ്റ്റേപ്പിൾ ടൺ, ഹെന്റ്രി ബാസ്ക്കർ വിൽസ് എന്നിവരെ അന്വേഷിച്ച് മിസ്റ്റർ വാട്സൻ ഇവിടെ, ഈ മല മുകളിൽ എത്തുമെന്ന്.
എനിക്ക് എന്ത് പറയണമെന്ന് അറിയാമായിരുന്നില്ല.
ഹോംസ് തുടർന്നു-
വാട്സൻ., ബാസ്ക്കർ വിൽസിലെ വേട്ട നായയ്ക്ക് എന്ത് പറ്റി എന്നതിന് തൽക്കാലം നമുക്ക് ഒരു ബ്രേക്ക് കൊടുക്കാം. കാരണം കോനൻ ഡോയലിനോട് മാത്രം നമുക്കതിന്റെ സമാധാനം പറഞ്ഞാൽ മതി. നാമിന്ന്, ഈ നിമിഷം - അന്വേഷിക്കുന്നത് സ്റ്റെല്ലയേക്കുറിച്ചാണ്. സ്റ്റെല്ലാ വോൾഗാ മാടമ്പള്ളി. താങ്കൾ ഇപ്പോൾ വായിച്ചു കൊണ്ടിരുന്ന ആഴ്ച്ചപ്പതിപ്പിലെ കിനാവും കണ്ണീരുമില്ലേ. അതിലെ ഇടുക്കിക്കാരിയായ ഫേക് ഐഡി. കിനാവും കണ്ണീരും എഴുതി പൂർത്തിയാക്കാതെയാണ് അവളത് മനോരമ വാരികയ്ക്ക് അയച്ചത്. അത് എന്തിന്. അവൾ വീടിനു പിന്നിലൂടെ എന്ത് കാഴ്ച്ചയാണ് കണ്ടത്? സ്റ്റെല്ല ഇപ്പോൾ എവിടെയുണ്ട്? ഇനിയുള്ള നമ്മുടെ യാത്ര സ്റ്റെല്ലയെ കണ്ടു പിടിക്കാനാണ്.
രണ്ട്:
_____
221-B
Baker Street. London.
ഞാനും, ഷെർലക്ക് ഹോംസും ബാസ്ക്കർ വിൽസിലെ ചതുപ്പു നിലം ഇറങ്ങിയിട്ട് ഒരു മാസം കഴിഞ്ഞിരിക്കുന്നു.
അമൂല്യ ഇട്ട് തിളപ്പിച്ച ചായ നുകർന്നു കൊണ്ട് ഹോംസ് പറഞ്ഞു.
"മനോരമയിലെ വനിതാ വേദിയിലേക്ക് 11-10-2010 ൽ വന്ന കത്താണിത്. വാട്സൻ താങ്കൾ ഇതൊന്നു വായിക്കൂ..
To
സരസ്വതീ ദേവി.
വനിതാ വേദി.
മലയാള മനോരമ. കോട്ടയം.
പ്രീയപ്പെട്ട ചേച്ചീ,
എന്റെ പേര് ബിയാട്രിസ്. ബിയാട്രീസ് വടക്കൻ.
കണ്ണൂർ ജില്ലയിലെ ഒരു സമ്പന്ന കുടുംബമാണ് ഞങ്ങൾ വടക്കൻ വീട്ടുകാർ. പോഷ് കാറിൽ ചെത്തി നടക്കുന്ന ചാച്ചൻ. സൊസൈറ്റി ലേഡിയായ മമ്മി. ഞാൻ ഏക മകൾ. അടിപൊളി ജീവിതമായിരുന്നു ഞങ്ങളുടേത്. പ്ലസ്ടുവിന് പഠിക്കുന്നിടം വരെ അത് അങ്ങനെ തന്നെയായിരുന്നു. അങ്ങനെയിരിക്കുമ്പോഴാണ് ദുരന്തമായി ഒരു ട്രെയിൻ ക്രാഷിൽ ചാച്ചൻ കൊല്ലപ്പെടുന്നത്. ഇതോടെ എനിക്ക് പഠിപ്പ് അവസാനിപ്പിക്കേണ്ടി വന്നു. അതുവരെ സൊസൈറ്റി ലേഡിയായി ജീവിച്ച മമ്മി, സൊസൈറ്റിയിൽ പാൽ വിക്കാൻ പോയി തുടങ്ങി. അന്ന് അകന്ന ബന്ധത്തിൽ ഇംഗ്ലണ്ടിൽ തയ്യൽക്കാരനായ ഒരു ചേട്ടനുണ്ടായിരുന്നു. ഈ ചേട്ടനാണ് പറഞ്ഞത് എന്നേയും തയ്യൽ പഠിപ്പിക്കാൻ. ഒപ്പം IELTS-ഉം. മമ്മിയുടെ കഷ്ട്ടപ്പാട് കണ്ട് ഞാൻ മമ്മിയ്ക്കൊരു സഹായമാകുമല്ലോ എന്ന് കരുതി തയ്യൽ ക്ലാസിനും IELTS-ഉം ചേർന്നു. ഇതിനിടയ്ക്ക് ഞാനും ഈ ചേട്ടനും തമ്മിൽ സ്നേഹത്തിലായി. എനിക്ക് ചേട്ടനേയും ചേട്ടന് എന്നേയും പിരിയാൻ പറ്റാത്ത അവസ്ഥ. ഞാൻ ഒരുപാട് സ്വപ്നങ്ങൾ കണ്ടു. ചേട്ടനൊപ്പം മൈസൂറ് പോയി മൈസൂർ പാക്ക് വാങ്ങുന്നതും, കാശ്മീര് പോയി കാഷ്മീരാ ഷായുടെ സിനിമ കാണുന്നതും ഒക്കെ ഞാൻ സങ്കൽപ്പിച്ചു കൂട്ടി. അങ്ങനെ പോകവേയാണ് ആ അഭിശപ്ത നിമിഷത്തിന് എനിക്ക് ദൃക്ഷാക്ഷി ആകേണ്ടി വന്നത്. ആയിടയ്ക്ക് ഒരു ദിവസം ഞാൻ തയ്യൽ ക്ലാസ് കഴിഞ്ഞ് അൽപ്പം നേരത്തേ വീട്ടിലെത്തി. കതകു തുറന്ന് അകത്തു കയറിയ ഞാൻ ഞെട്ടിപ്പോയി. എന്റെ മമ്മിയും ആ ചേട്ടനും അരുതാത്ത സാഹചര്യത്തിൽ കട്ടിലിൽ കിടക്കുന്നു!!!
ഞാൻ തകർന്നു പോയി ചേച്ചീ... അന്ന് തന്നെ ഞാൻ വീടു വിട്ട് ഒരു പാണ്ടി ലോറിക്കാരന്റെ കൂടെ ഒളിച്ചോടി. നാലു വർഷം കഴിഞ്ഞിരിക്കുന്നു. ഇന്ന് ഞങ്ങൾക്ക് രണ്ടു മക്കളുണ്ട്. ഈയിടെയായി എനിക്ക് എല്ലാവരോടും ദേഷ്യം തോന്നുന്നു ചേച്ചീ. ആകെയങ്ങ് നിരാശ തോന്നുന്നു. ആത്മഹത്യ ചെയ്താലോ എന്നു പോലുമുണ്ട്. ഒരു കുഞ്ഞനിയത്തിയായി കണ്ട് ചേച്ചി ഇതിനൊരു മറുപടി തരുമല്ലോ.
എന്ന്,
ബിയാട്രീസ്. ബിയാട്രീസ് വടക്കൻ.
സ്ഥലപ്പേര് വെയ്ക്കുന്നില്ല.
വായന നിർത്തിയ ഞാൻ ഹോംസിനെ നോക്കി.
മി. വാട്സൻ, ഈ കത്തും, അന്നത്തെ കിനാവും കണ്ണീരും തമ്മിൽ എന്തെങ്കിലും യാദൃശ്ചികത തോന്നുന്നുണ്ടോ?
തോന്നുന്നില്ല ഹോംസ്. കിനാവും കണ്ണീരും, വനിതാ വേദി ഇതിലൊക്കെ യാദൃശ്ചികമായി ഒരേ കഥകൾ വരാറുണ്ട്. അതുകൊണ്ട് രണ്ടും ഒരാൾ എഴുതിയതാവണമെന്നില്ലല്ലോ.
എങ്കിൽ കേട്ടോളൂ... രണ്ടും ഒരാൾ തന്നെ എഴുതിയതാണ്.
ഹോംസ് ചിരിച്ചു.
കിനാവും കണ്ണീരും അച്ചടിച്ച വാരിക 07-09-2010 ലാണ് പബ്ലീഷ് ചെയ്തത്. വനിതാ വേദിയിലെ ഈ കത്ത് ഇഷ്യൂ ചെയ്തത് 11-10-2010. ഈയാഴ്ച്ച. അതായത് ആദ്യത്തേതിന്റെ തുടർച്ചയായിരുന്നു ഇത്. ഇനി രണ്ടു കത്തിലേയും യാദൃശ്ചികത അല്ലെങ്കിൽ പൊരുത്തം എന്താണെന്ന് നോക്കാം. കത്തെഴുതിയ യുവതി രണ്ടിലും തന്റെ പിതാവിനെ ചാച്ചൻ എന്നാണ് സംബോധന ചെയ്തിരിക്കുന്നത്. ചാച്ചൻ എന്ന വിളി പൊതുവിൽ കോട്ടയം, പത്തനം തിട്ട, ആലപ്പുഴ, ഇടുക്കി തുടങ്ങിയ പ്രദേശങ്ങളിൽ കേൾക്കാറുണ്ട്. അതിൽ തന്നെ ഇടുക്കിയിലാണ് ഈ വിളി കൂടുതൽ വ്യാപകം. ഇതിലൂടെ നമുക്ക് യുവതി ഇടുക്കിക്കാരിയാണെന്നും, കൃസ്ത്യാനിയാണെന്നും മനസ്സിലാക്കാം.
ഞാൻ മിഴിച്ചിരുന്നു.
രണ്ടാമത്തെ കത്തിൽ കൊടുത്തിരിക്കുന്ന സ്ഥലം കണ്ണൂർ എന്നാണ്. പക്ഷേ ഹോംസ് എത്ര പെട്ടന്നാണ് അജ്ഞാത യുവതിയുടെ നേറ്റീവ് പ്ലേസ് കണ്ടെത്തിയത്?!!!
ഒന്നിൽ ചാച്ചൻ മരിച്ചത് പ്ലെയിൻ ക്രാഷിലാണെന്ന് പറയുന്നു. അടുത്തതിൽ ട്രെയിൻ ക്രാഷും.ക്രാഷ് മാത്രമേ വ്യത്യാസപ്പെടുന്നുള്ളു. ചിലപ്പോൾ ഉന്തുവണ്ടി മറിഞ്ഞ് മേത്ത് വീണതുമാവാം. ആഴ്ച്ചതിപ്പിൽ പത്തു പേരു വായിക്കുന്നതല്ലേ എന്നു കരുതി ഒരു ഗുമ്മിന് കൊടുക്കുന്നതാണ് പ്ലെയിൻ ക്രാഷ് ട്രെയിൻ ക്രാഷ് എന്നൊക്കെ. മമ്മിയുടെ കഷ്ട്ടപ്പാടും, അയലത്തെ വീട്ടിലെ/ ബന്ധുവായ ചേട്ടനും, തയ്യൽ പഠിക്കാൻ പോയതും ഒക്കെ കൃത്യമായ സ്റ്റോറിയാണ്. അതായത് അത് നടന്നതാണ്.. ഇംഗ്ലണ്ട്, IELTS ഒക്കെ ശുദ്ധ തട്ടിപ്പാണ്.
ഹോംസ് ഒന്ന് നിശബ്ദനായി. ഞാൻ ഹോംസിനെ സാകൂതം നോക്കിയിരുന്നു.
ഹോംസ് തുടർന്നു-
പക്ഷേ കിനാവിലും കണ്ണീരിലും പൂർത്തിയാക്കാൻ കഴിയാതെ പോയ രണ്ട് ട്വിസ്റ്റുകൾ ഇതിൽ ആഡ് ചെയ്തിട്ടുണ്ട്. സഹായിയായ ചേട്ടനുമായി മമ്മിയ്ക്കുള്ള അവിഹിത ബന്ധം.ഒപ്പം ഈ യുവതി അന്നു രാത്രി നാഷണൽ പെർമിറ്റുള്ള ഒരു തമിഴ്നാട് വണ്ടിയിൽ കോയംബത്തൂർക്കോ ചെന്നൈയ്ക്കോ നാടു വിട്ടതും പുതുതായി വായിക്കാൻ കഴിഞ്ഞു.
കത്തിൽ എവിടേക്ക് പോയി എന്ന് കൊടുത്തിട്ടില്ലല്ലോ. ഹോംസിനെങ്ങനെ പറയാൻ പറ്റും കോയംബത്തൂർ അല്ലെങ്കിൽ ചെന്നൈ ആണെന്ന്???
അന്യ സംസ്ഥാന വെജിറ്റബിൾ ഇറക്കുമതി കൂടുതൽ വരുന്ന ബോർഡറുകളിൽ ഒന്നാണ് ഇടുക്കി. കൂടുതൽ പച്ചക്കറിയും കമ്പം തേനി കുമളി വഴി ഇടുക്കിയിലൂടെ കേരളത്തിലേക്കെത്തുന്നുണ്ട്. അവിടേക്ക് ഇൻഡസ്റ്റ്രിയൽ ഇമ്പോർട്ടിങ്ങ് നടക്കുന്നില്ല. മെക്കാനിക്കൽ ഐറ്റംസ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്ക് ഉപകരണങ്ങൾ ഒക്കെ പാലക്കാട്, ട്രിവാൻഡ്രം വഴിയാണ് കേരളത്തിലെത്തുന്നത്. തന്നെയുമല്ല വെജിറ്റബിൾ എക്സ്പോർട്ടേർസ് അധികവും കോയംബത്തൂരോ ചെന്നൈയിലോ ആണ്. ഈ പാണ്ടിക്കാരൻ പച്ചക്കറി വണ്ടിയുടെ ഡ്രൈവർ ആവാം. ചിലപ്പോൾ കോഴിക്കച്ചവട ലോറിയുമാകാം. അതാണ് കോയംബത്തൂർ / ചെന്നൈ എന്ന് അനുമാനിക്കാൻ കാരണം.
ഞാൻ ഹോംസിനെ തൊഴുതു. വെൽഡൻ മിസ്റ്റർ ഹോംസ്. വെൽഡൺ..
മൂന്ന്:
_____
നാലു മാസങ്ങൾ പ്രത്യേകിച്ച് ഒന്നും സംഭവിക്കാതെ കടന്നു പോയി. ഞാൻ ഭാര്യയ്ക്കൊപ്പം ആല്പ്സിൽ ഒരുല്ലാസ യാത്ര കഴിഞ്ഞ് മടങ്ങി എത്തുമ്പോൾ ഹോംസ് അദ്ധേഹത്തിന്റെ പരീക്ഷണ ശാലയിൽ എന്തോ കാര്യമായ പ്രവാർത്തനത്തിലായിരുന്നു. മുറി ആകെ അലങ്കോലമായിരുന്നു. ഹോംസിനൊരു സർപ്രൈസ് ആയിക്കോട്ടെ എന്ന് കരുതി ബൂട്ടിന്റെ ശബ്ദം പോലും കേൾപ്പിക്കാതെ പിന്നിലൂടെ പതുങ്ങിയാണ് ഞാൻ മുറിയിലെത്തിയത്.
മിസ്റ്റർ വാട്സൻ. ഈയിടെ ഒരു സങ്കീർണമായ ഇൻവെസ്റ്റിഗേഷൻ നടന്നു.
ഹോംസ് എന്നെ തിരിഞ്ഞു പോലും നോക്കാതെ പറഞ്ഞു. ആ കുപ്രസിദ്ധ ക്രിമിനൽ പ്രൊഫസർ ക്രിസ്റ്റഫർ മോറിയാർട്ടിയുമായി റീച്ചൻബാച്ച് ഫാൾസിന് മേലേ വെച്ചൊരു അട്ടഹാസമാന ക്ലാഷ്. ഞാൻ മരിച്ചതായി ഡെയ്ലി ടെലഗ്രാഫ്, ഫ്രണ്ട് പേജ് വാർത്ത കൊടുത്തിരുന്നു. നിങ്ങൾ അറിഞ്ഞിരുന്നോ?
ഞാൻ ഞട്ടി.
എന്നിട്ട്?
മോറിയാർട്ടിയുമായുള്ള യുദ്ധങ്ങൾ അവസാനിക്കുന്നില്ല. ബൈ ദി ബൈ, യാത്രയൊക്കെ സുഖകരമായിരുന്നോ?
അടിപൊളി. അതു പോട്ടെ ഹോംസ്, നിങ്ങളുടെ പിന്നിലൂടെ പതുങ്ങി വന്ന എന്റെ സാന്നിധ്യം നിങ്ങൾ എങ്ങനെ തിരിഞ്ഞു പോലും നോക്കാതെ മനസ്സിലാക്കി?
മിസ്റ്റർ വാട്സൻ, നിങ്ങളുടെ സ്തെതസ്കോപ്പ് കഴുത്തിൽ തന്നെ തൂക്കിയിട്ടിട്ടില്ലേ... അത് നിങ്ങളുടെ കോട്ടിൽ ഉരയുന്ന പതുങ്ങിയ ശബ്ദം എനിക്ക് പുറത്തു വച്ചേ മനസ്സിലായി. തന്നെയുമല്ല ആല്പ്സിലെ മഞ്ഞു ശകലങ്ങൾ നിങ്ങളുടെ കോട്ടിൽ ഇപ്പോഴും പറ്റിപ്പിടിച്ചിരിപ്പുണ്ട്. നിങ്ങളെ ഉരസി വന്ന കാറ്റിൽ ഞാനാ കുളിർമ്മ അനുഭവിച്ചു. മറ്റാരും ആല്പ്സിലെ തണുപ്പിൽ നിന്ന് നേരേ ഇവിടേക്ക് വരാൻ സാധ്യതയില്ലല്ലോ?!!!
വൗ ഹോംസ്. നിങ്ങൾ ഒരസാധ്യ സംഭവം തന്നെ!!!
ഞാൻ പറഞ്ഞത് അവഗണിച്ച് കൊണ്ട് ഹോംസ് മേശവലിപ്പിൽ നിന്നും പുറത്തെടുത്ത ഒരു കവർ എനിക്ക് നേരേ നീട്ടി.
അതിൽ, 03-02-2011 ൽ അച്ചടിച്ച മനോരമ വീക്കിലി ആയിരുന്നു.
ആഴ്ച്ചപ്പതിപ്പിലെ ഡോ. പി എം മാത്യൂ വെല്ലൂരിന്റെ "മനശാസ്ത്രജ്ഞനോട് ചോദിക്കുക" എന്ന പംക്തിയാണ് അദ്ധേഹം എന്നോട് വായിക്കാൻ ആവശ്യപ്പെട്ടത്.
11-10-2010 ൽ വനിതാ വേദിയിലെ സരസ്വതീ ദേവിയ്ക്ക് എഴുതിയ കത്തിനു ശേഷം നാലു മാസങ്ങൾക്ക് ശേഷമാണ് ഈ കത്ത് വരുന്നത്. അല്ലേ ഹോംസ്. "
അതേ. പക്ഷേ അതൊരു അദ്ഭുതമല്ല. ചിലപ്പോൾ നേരത്തേ അയച്ചതായിരിക്കാം. പബ്ലീഷ് ചെയ്തത് ഈ പറഞ്ഞ ഡേറ്റിൽ ആവാനും മതി.
ഞാൻ ആ കത്ത് വായിക്കാൻ തുടങ്ങി.
To.
P.M. മാത്യൂ വെല്ലൂർ.
മനശാസ്ത്രജ്ഞനോട് ചോദിക്കാം പംക്തി.
മനോരമ.
ഡോക്ടർ,
എന്റെ പേര് സ്മിത.
സ്മിതാ ജാക്വിലിൻ ഗീവർഗീസ്.
പത്തനം തിട്ട എരുമേലി സ്വദേശിയാണ്..
ഞാനിപ്പോൾ മെഡിക്കൽ പഠനവുമായി ബന്ധപ്പെട്ട് ആന്ധ്രയിലെ ഗുണ്ടൂർ മെഡിക്കൽ കോളേജിലാണ്. ദാരിദ്ര്യം നിറഞ്ഞ ചുറ്റുപാടുകളിലൂടെയാണ് ഞാൻ പഠിച്ച് വളർന്നത്. ചാച്ചൻ ചെറുപ്പത്തിലേ മരിച്ചു പോയി. മമ്മി കഷ്ട്ടപ്പെട്ട് വീട്ടു ജോലി ചെയ്ത് എന്നേയും അനിയനേയും വളർത്തി. വീട്ടു ജോലിക്കൊപ്പം അയലത്തെ ഒരു ബ്ലേഡുകാരൻ ചേട്ടന് കൂട്ടു കിടക്കാനും മമ്മി പോകുമായിരുന്നു. ഞാനിത് കണ്ടെങ്കിലും കാണാത്ത ഭാവം നടിച്ചു. കാരണം, "ഭർത്താവില്ലാത്ത കുട്ടിയല്ലേ. ഇപ്പോഴൊക്കെയല്ലേ ഇതൊക്കെ പറ്റൂ. എന്തെങ്കിലും ആയിക്കോട്ടെ" എന്ന് ഞാനും കരുതി. ആയിടയ്ക്ക് സ്കൂളിലുള്ള ഒരു പയ്യനുമായി ഞാൻ സ്നേഹത്തിലായി. തമിഴ്നാട്ടുകാരനായ അവന്റെ പേര് പാണ്ടിദുരൈ. എനിക്ക് ഒരാശ്വാസം അവൻ മാത്രമായിരുന്നു. എന്റെ ഹൃദയ രഹസ്യങ്ങൾ ഞാൻ അവനോട് പങ്കു വെച്ചു. ഒടുവിൽ ഞങ്ങൾ ഒളിച്ചോടി. മറ്റൊരു സംസ്ഥാനത്ത് എത്തിയ എന്നെ അവൻ ഡ്രൈവിങ്ങ് ജോലിക്ക് പോയി പൊന്നു പോലെ നോക്കി. ഇനി എന്റെ പ്രശ്നത്തിലേക്ക് വരാം. രണ്ടു കുട്ടികളായതോടെ പാണ്ടിദുരൈയ്ക്ക് എന്നോടിപ്പോ പഴയ സ്നേഹമില്ല. എപ്പോഴും ദേഷ്യവും മദ്യപാനവുമാണ്. ഞാൻ അത്ര പോര എന്ന് അവൻ പരിഹസിക്കുന്നു. മാനസികമായി ഞാൻ ആകെ തകർന്നിരിക്കുന്നു. ഡോക്ടർ എനിക്കൊരു മറുപടി തന്ന് സഹായിക്കണം.
എന്ന് ഡോക്ടറുടെ ഒരു ആരാധിക.
സ്മിതാ ജാക്വിലിൻ ഗീവർഗീസ്.
വീണ്ടും അതേ "ചാച്ചൻ".
ഞാൻ പറഞ്ഞു.
ഒപ്പം രണ്ടു കുട്ടികൾ ഉണ്ടെന്നും, ഭർത്താവിന്റെ ജോലി ഡ്രൈവിങ്ങ് ആണെന്നും, അവൻ തമിഴൻ ആണെന്നും എഴുതിയതിലൂടെ ഈ സ്മിത പഴയ ബിയാട്രീസോ, സ്റ്റെല്ലയോ തന്നെയാണെന്ന് പ്രൂവ് ചെയ്യുന്നു.
അപ്പോൾ ഹോംസ് പരീക്ഷണ പ്രവർത്തനങ്ങൾ മതിയാക്കി കസേരയിലേക്ക് വന്ന് ചാഞ്ഞു.
"കിനാവും കണ്ണീരും, വനിതാ വേദി, മനശാസ്ത്രജ്ഞനോട് ചോദിക്കുക" തുടങ്ങിയ മൂന്നു പംക്തികളിലേക്കും ഈ യുവതി കത്ത് എഴുതിയ സ്ഥിതിയ്ക്ക്, ഇനി സ്വഭാവികമായും "സെക്സോളജിസ്റ്റിനോട് ചോദിക്കുക" എന്ന പംക്തിയിലേക്കും ഒരു കത്ത് വരാൻ സാധ്യതയുണ്ട്. മറ്റൊരു പേരിൽ...
ഹോംസ് പറഞ്ഞു.
ഹോംസ് മുന്നേ കൂട്ടി പറഞ്ഞാൽ അത് നടന്നിരിക്കും. അതുകൊണ്ട് ഞാൻ എതിർത്തില്ല.
പക്ഷേ സംഭവം കോമ്പ്ലിക്കേറ്റഡ് ആവുകയാണ്.
ഹോംസ് ആലോചനാ നിമഗ്നനായി.
അടുത്തു തന്നെ ഒരു മരണം, ഒരു കൊലപാതകം നടക്കാൻ ചാൻസുണ്ട്. പക്ഷേ അതിലേക്ക് നാം എത്തണമെങ്കിൽ അടുത്ത കത്തു കൂടി നാം വായിക്കേണ്ടിയിരിക്കുന്നു.
പക്ഷേ ഈ വ്യക്തിയെ നമ്മൾ എങ്ങനെ കണ്ടു പിടിക്കും? ആരാണെന്ന് വ്യക്തമായി ഒരു തെളിവുമില്ല.
ഞാൻ ഹോംസിനെ നോക്കി.
തെളിവ് വരും ഉടനേ വരും.
ഹോംസ് പുകച്ചുരുളുകൾ ഊതി വിട്ടു.
അടുത്ത കത്തിനുള്ള കാത്തിരുപ്പാണിപ്പോൾ...
വായുവിൽ ഹോംസിന്റെ പുകച്ചുരുളുകൾ ചിത്രം വരച്ചു.
തുടർന്നുള്ള രണ്ടാഴ്ച്ചത്തെ മനോരമ ആഴ്ച്ചപ്പതിപ്പുകൾ ഞങ്ങൾ വാങ്ങിയെങ്കിലും പല പേരുകളിൽ തുടർക്കത്തുകൾ എഴുതുന്ന ഈ അജ്ഞാത യുവതിയുടെ യാതൊരു കത്തും ഞങ്ങൾക്ക് കാണാൻ കഴിഞ്ഞില്ല.
ഒരു ദിവസം സ്കോട്ലാന്റ് യാർഡിലെ മിസ്റ്റർ. ഫ്രെഡറിക് ബേക്കൺ ഞങ്ങളുടെ അതിഥിയായി എത്തി. ഒരു സുഹൃദ് സന്ദർശനം. അത്രയേ ഉണ്ടായിരുന്നുള്ളു ആ വരവിന്. അദ്ദേഹത്തിന്റെ കയ്യിൽ ആ ആഴ്ച്ചത്തെ മനോരമ ആഴ്ച്ചപ്പതിപ്പ് ഉണ്ടായിരുന്നു. വെറുതേ ഒരു രസത്തിന് ഞാനതെടുത്ത് മറിച്ചു നോക്കി. അതിൽ സെക്സോളജിസ്റ്റ് പ്രകാശ് കോത്താരിയുടെ പംക്തി വെറുതേ വായിച്ചു നോക്കിയ ഞാൻ അദ്ഭുതപ്പെട്ടു പോയി.
ഹോംസ്. ഇതാ ഇതു കണ്ടോ...
ഞാൻ ആഹ്ലാദത്തോടെ വിളിച്ചു.
അപ്പോൾ ഹോംസ് ഭാവ വ്യത്യാസം ഏതുമില്ലാതെ പറഞ്ഞു.
ഞാനതു കണ്ടിരുന്നു വാട്സൻ. നാളെ നാം ഒരിടം വരെ പോകുകയാണ്. എനിക്കും, താങ്കൾക്കും, മിസ്റ്റർ ഫ്രെഡറിക്കിനും കയ്യിൽ കരുതാൻ ഞാൻ മൂന്ന് പിസ്റ്റളുകളും വാങ്ങിയിട്ടുണ്ട്. ഭാഗ്യമുണ്ടെങ്കിൽ നാളെ നമ്മൾ ഒരു കൊലപാതകത്തിന് ദൃക്സാക്ഷിയാകാൻ പോകുന്നു.
ഞാൻ കാര്യമറിയാതെ വാ പൊളിച്ചു. എന്റെ അജ്ഞത കണ്ട് ഹോംസ് പറഞ്ഞു.
പ്രകാശ് കോത്താരിയുടെ പംക്തി ഉറക്കെ വായിക്കൂ... മിസ്റ്റർ ഫ്രെഡറിക്ക് കൂടി കേൾക്കട്ടെ...
നാല്:
______
To.
ഡോ. പ്രകാശ് കോത്താരി.
"സെക്സോളജിസ്റ്റിനോട് ചോദിക്കുക."
മലയാള മനോരമ, കോട്ടയം.
പ്രീയപ്പെട്ട ഡോക്ടർ.
എൻ പേര് അൻപഴകൻ.
നേറ്റീവ് - ഡിണ്ടിഗൽ, തമിൾ നാടു.
നാഷണൽ പെർമിറ്റ് ലോറി ഡ്രവറായിരുന്നു ഞാൻ.
നാൻകല്യാണം മുടിച്ചത് എല്ലാം കേരളാവിലെ ഒരു പൊണ്ണെ താൻ.
കല്യാണമായി നാലു വർഷമാച്ച്.
രണ്ട് ചിന്ന കൊഴന്തൈകൾ...
ഇനി മലയാളത്തിൽ പറയാം ഡോക്ടർ.
ഇല്ലെങ്കിൽ താങ്കൾ ഈ കത്ത് പ്രസിദ്ധീകരിക്കില്ല.
ഞാൻ തോപ്രാം കുടിയിൽ കുറേക്കാലം ഉണ്ടായിരുന്നു. അതുകൊണ്ട് മലയാളം അറിയാം. എന്റെ വീടിനടുത്ത് തയ്യൽ ക്ലാസിനു വന്ന ഒരു പെൺകുട്ടിയെ ആണ് ഞാൻ കല്യാണം കഴിച്ചത്. സത്യത്തിൽ അതൊരു ഒളിച്ചോട്ടമായിരുന്നു.
ആദ്യമൊക്കെ ഞങ്ങളുടെ ഫിസിക്കൽ റിലേഷൻഷിപ്പ് വളരെ ഊഷ്മളമായിരുന്നു. എന്നാൽ ഭാര്യയുമായി ഇപ്പോൾ ലൈംഗീക ബന്ധം ശരിയാവുന്നില്ല. മുറുക്കമില്ല... മുറുക്കമില്ലാത്ത ടെൻഷനിൽ ഞാനീയിടെയായി ചാർ സൗ ബീസ് മുറുക്കാൻ വാങ്ങി മുറുക്കു വരെ തുടങ്ങി ഡോക്ടർ... ഒപ്പം അവൾ താല്പര്യക്കുറവും കാണിക്കുന്നു. ദിവസം കൂടുതൽ നേരം സെക്സ് ചെയ്തു കൊണ്ടിരുന്ന ഒരാളായിരുന്നു ഞാൻ. രാവിലെ, ഉച്ചയ്ക്ക്, വൈകിട്ട് ചായേടെ കൂടെ അവൾക്കിട്ടൊരു കടിയും ചില ബാഹ്യ ലീലകളും (For Play), പിന്നെ രാത്രി ഒരുഫുൾ പ്ലേയും. ഇതായിരുന്നു എന്റെ കണക്ക്. പക്ഷേ മുറുക്കമില്ലായ്മ്മയും, അവളുടെ നിസ്സഹകരണവും കാരണം ഇപ്പോ ഒന്നും നടക്കുന്നില്ല. എനിക്കവളെ കൊല്ലാനുള്ള ദേഷ്യമുണ്ട്. കഴിഞ്ഞ മൂന്നു ദിവസവും അവൾക്കിട്ട് നല്ല ഇടി ഞാൻ കൊടുത്തു. ഇപ്പോ അവൾക്കെന്നോട് വെറുപ്പാണ്. എന്റെ കൂടെ കിടക്കുന്നു പോലുമില്ല ഒന്നുകിൽ ഞാൻ അവളെ കൊല്ലും ഡോക്ടർ. ഞാനെന്തു ചെയ്യണം ഡോക്ടർ പറയൂ...
എന്ന് അൻപഴകൻ.
വിരുഗും പാക്കം.
ചെന്നൈ.
എന്ത് തോന്നുന്നു?
ഹോംസ് എന്നെ നോക്കി.
തയ്യൽക്കാരി എന്ന വാക്ക് ഈ കത്തിലും ആവർത്തിച്ചിട്ടുണ്ട്. കൂടാതെ നാഷണൽ പെർമിറ്റ് ലോറി ഡ്രൈവർ, തോപ്രാം കുടി എന്ന ഇടുക്കിയിലെ ഒരു സ്ഥല നാമം ഒക്കെ ഈ കത്തിലുണ്ട്. സ്ഥലം ഇടുക്കി തന്നെയാവണം. ഒപ്പം രണ്ടു കുട്ടികൾ ഇവർക്കുണ്ട്. ഭാര്യയുടെ നിസ്സഹകരണം... അത് ഈ യുവതി മാത്യൂ വെല്ലൂരിനെഴുതിയ കത്തിൽ അവൾ തന്നെ സൂചിപ്പിച്ചിട്ടുള്ളതുമാണ്.. പേര് പാണ്ട്യ ദുരൈ എന്നത് മാറി അൻപഴകൻ എന്നായിട്ടുണ്ട്. യഥാർഥ പേര് ഇനിയും നമുക്ക് അറിയില്ല.
ഞാൻ പറഞ്ഞു നിർത്തി.
വാട്സൻ, ആഴ്ച്ചപ്പതിപ്പിൽ നമ്മൾ വായിച്ചിരുന്ന കത്തുകളെഴുതിയ യുവതിയുടെ യഥാർഥ പേര് ബ്രിജിത്താമ്മ എന്നാണ്. അതായത് പല പേരുകളിൽ കത്തെഴുതിയ ആ യുവതിയുടെ ഭർത്താവായ പാണ്ടിദുരൈ ആണീ അൻപഴകൻ. അൻപഴകൻ യഥാർഥ പേരാണ്. ഇരുവരും ഒളിച്ചോടി സത്യത്തിലിപ്പോ കോയംബത്തൂരാണുള്ളത്. കത്തിലുള്ളത് പോലെ ചെന്നൈയിൽ അല്ല. ഞാനന്നേ പറഞ്ഞില്ലേ ചെന്നയിലോ കോയംബത്തൂരോ ആവാമെന്ന്.
ഹോംസ് ജനാല വഴി പുറത്തേക്ക് നോക്കിക്കൊണ്ട് തുടർന്നു.
ഇടുക്കിയിൽ കഴിഞ്ഞ അഞ്ച് വർഷങ്ങൾക്കിടെയുണ്ടായ എല്ലാ മിസ്സിങ് കേസുകളും കഴിഞ്ഞ ദിവസങ്ങളിൽ ഞാൻ പഠിച്ചു. നാലഞ്ച് വർഷത്തിനിടെ ബ്രിജിത്താമ്മ എന്ന പേരിൽ ഒരാൾ മാത്രമേ മിസ് ആയിട്ടുള്ളു. ഈ ബ്രിജിത്താമ്മ തയ്യൽക്കാരിയായിരുന്നു. ഒരു ഇടത്തരം കുടുംബം. അപ്പൻ ചെറുപ്പത്തിലേ മരിച്ചു. അവളുടെ അമ്മ വോൾഗാ മാടശ്ശേരി പേരു ദോഷം ഏറെ കേൾപ്പിച്ചവളായിരുന്നു. അങ്ങനെയിരിക്കെ ബ്രിജിത്താമ്മ ഒരു തമിഴന്റെ കൂടെ ഒളിച്ചോടി. അൻപഴകൻ വടികർ വേലുച്ചാമി എന്ന ലോറി ഡ്രൈവറുടെ കൂടെ. ഇപ്പോൾ കോയംബത്തൂരുണ്ട്. രണ്ട് കുട്ടികളുമുണ്ട്.
കോയംബത്തൂർ ആണെന്ന് ഹോംസ് എങ്ങനെ ഉറപ്പിച്ചു???
ഹോംസ് ചിരിച്ചു കൊണ്ട് പറഞ്ഞു.
കഴിഞ്ഞ ചില ദിവസങ്ങളായി തമിഴ് നാട്ടിൽ നിന്നും ഏതെങ്കിലും കത്തുകൾ മനോരമ ആഴ്ച്ചപ്പതിപ്പിന് വരുന്നുണ്ടോ എന്ന് ഞാൻ മനോരമ ജംഗ്ഷനിലെ പോസ്റ്റോഫീസിൽ അന്വേഷിച്ചിരുന്നു. അങ്ങനെ ഒരു കത്തു വന്നാൽ അത് എനിക്കെത്തിച്ച് തരാനായി ഞാൻ പോസ്റ്റ് മാസ്റ്ററെ ചട്ടം കെട്ടിയിരുന്നു. അങ്ങനെയാണ് ഈ കത്ത് അയാൾ എനിക്ക് കൊണ്ട് തരുന്നത്. കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത് കോയംബത്തൂർ അമ്മൻ കോവിൽ സ്ട്രീറ്റ് വടക്കു നട പോസ്റ്റ് ഓഫീസിൽ നിന്നാണ്. പിന്നീട് ഈ കത്ത് പഴയത് പോലെ തന്നെ ഒട്ടിച്ച് ഞാനത് മനോരമയിൽ എത്തിച്ചു.
ഹോംസ്, ഇനി നമ്മൾ എന്താണ് ചെയ്യാൻ പോകുന്നത്?
ഞാൻ പറഞ്ഞില്ലേ ഒരു കൊലപാതകം നടക്കാനുള്ള ചാൻസുണ്ട്. ചിലപ്പോൾ ഒന്നിലേറെ. ഇപ്പോൾ നമ്മുടെ സ്കോട്ലാന്റ് യാർഡ് സഖാവ് മി. ഫ്രെഡറിക് ബേക്കൺ എത്തും. നമ്മൾ മൂവർ സംഘം ഉടനേ കോയംബത്തൂർക്ക് തിരിക്കുകയാണ്. കൂടെ മൂന്ന് പിസ്റ്റളുകളും...
എനിക്ക് ഒന്നും പറയാനില്ലായിരുന്നു. ഞാൻ തൊപ്പി ഊരി ഹോംസിനെ നമിച്ചു.
അഞ്ച്:
______
വടക്ക് നട.
അമ്മൻ കോവിൽ തെരു.
സൗത് കോയംബത്തൂർ, തമിൾ നാടു.
നേരം ഇരുണ്ടു തുടങ്ങിയിരുന്നു.
വളഞ്ഞു പുളഞ്ഞ ചുരം ഞങ്ങൾ കയറി.
താഴ്വരയ്ക്ക് മേലേ നിഗൂഡമായ ഒരു ഭീതി കനത്തു.
The Valley of Fear.
ചുരം കയറി സൗത്ത് കോയംബത്തൂരിലെ അമ്മൻ കോവിൽ സ്ട്രീറ്റിലെത്തിയ ഞങ്ങളുടെ ആദ്യത്തെ അന്വേഷണ ഇടം അവിടുത്തെ വൈൻ ഷോപ്പ് ആയിരുന്നു . വൈൻ ഷോപ്പിൽ വരാത്ത ആരും തന്നെ ആ തെരുവിൽ ഉണ്ടാവില്ല എന്ന ഞങ്ങളുടെ അനുമാനം തെറ്റിയില്ല. ലോറി ഡ്രവറായ അൻപഴകനൊപ്പം സ്ഥിരമായി മദ്യപിച്ചിരുന്ന തിരുവസന്തനും, പ്രഭാകർ കുമുദപ്പനും യാദൃശ്ചികമായാണ് ഞങ്ങളുടെ ദൃഷ്ടിയിൽ പെട്ടത്.
അൻപഴകൻ വടികർ വേലുച്ചാമി എന്ന വ്യക്തിയ്ക്ക് മലയാളിയായ ഒരു ഭാര്യയും രണ്ട് കുട്ടികളുമുണ്ട്.ബ്രിജിത്താമ്മ എന്ന അയാളുടെ ഭാര്യ, ശാന്ത സ്വഭാവക്കാരിയാണങ്കിലും വേലി ചാട്ടത്തിൽ ബിരുദാനന്തര ബിരുദമുള്ളവളാണ്. കുട്ടികൾ രണ്ടും പെൺ കുട്ടികൾ. പേര് തേൻ മൊഴിയെന്നും, കവിതൈ മൊഴിയെന്നും. ഈയിടെയായി അവരുടെ ദാമ്പത്യത്തിൽ എന്തോ ചില അസ്വാരസ്യങ്ങളുടലെടുത്തിട്ടുണ്ട്. അതെന്താണെന്നറിയില്ല. ഏതോ മാത്യൂ വെല്ലൂർ എന്നോ, കോത്താരി എന്നോ ഒക്കെ പറഞ്ഞ് അൻപഴകൻ അവളെ അടിയ്ക്കുന്നത് കാണാം. ഈ ബ്രിജിത്താമ്മ കോത്താരീടേം വെല്ലൂരിന്റേം കൂടെ കിടക്കാൻ പോയിക്കാണും... അല്ലാതെന്തിനാ അൻപഴകൻ അവരുടെ പേര് പറഞ്ഞ് അടി വെക്കുന്നത്...
ഞങ്ങൾക്ക് ചിരി വന്നു. ലോക പ്രശസ്ഥ മനശാസ്ത്രജ്ഞനേയും, സെക്സോളജിസ്റ്റിനേയുമാണ് ഒരവിഹിത ബന്ധത്തിലേക്ക് ഇവർ വലിച്ചിട്ടിരിക്കുന്നത്...
ഞങ്ങൾ ഒന്നും മറുപടി പറഞ്ഞില്ല.
നേരേ അൻപഴകന്റെ വീട്ടിലേക്കാണ് പോയത്. നേരം നന്നേ ഇരുണ്ടിരുന്നു...
അവിടെ എത്തിയ ഞങ്ങളെ ഞെട്ടിക്കുന്ന ഒരു കാഴ്ച്ചയാണ് എതിരിട്ടത്.
അൻപഴകനും ബ്രിജിത്താമ്മയും, അവരിരുവരും ഹെക്ലർ ആന്റ് കോച്ച് പിസ്റ്റളുകൾ പരസ്പരം ചൂണ്ടി നിർന്നിമേഷരായി നിൽക്കുകയാണ്. തൊട്ടടുത്ത് ബെഡ്ഡിലായി, അവരുടെ പിഞ്ചു കുഞ്ഞുങ്ങൾ ഐസ് ക്രീമിൽ നൽകിയ വിഷം കഴിച്ച് മരിച്ച നിലയിലായിരുന്നു. ആ കാഴ്ച്ച കണ്ട് ഞങ്ങളുടെ നെഞ്ച് പൊട്ടി.
മനോരമ വീക്കിലിയിലെ പ്രതിവാര പംക്തികളിലെ സംശയ നിവാരണ കത്തുകളിലൂടെ, സ്റ്റെല്ല - ബിയാട്രിസ് -സ്മിത എന്ന പല പേരുകളിലൂടെ ഞങ്ങൾക്ക് പരിചിതയായ ഇടുക്കി സ്വദേശി ബ്രിജിത്താമ്മയേയും, അവളുടെ കത്തിൽ പാണ്ട്യ ദുരൈ എന്ന വ്യാജ നാമത്തിൽ പ്രത്യക്ഷപ്പെട്ടിരുന്ന അൻപഴകൻ വടികർ വേലുച്ചാമി എന്ന ഭർത്താവിനേയും ഞങ്ങൾ വളരെ ക്രിട്ടിക്കലായ ഒരു സിറ്റുവേഷനിലാണ് മീറ്റ് ചെയ്തത്.
എന്തും സംഭവിക്കാം.
പൊടുന്നനെ ഹോംസ് ഉച്ചത്തിൽ വിളിയ്ക്കുകയും, ഞങ്ങളുടെ മൂന്നു പേരുടേയും ഗണ്ണുകൾ ഒരേ സമയം ഷൂട്ട് ചെയ്യുകയും ചെയ്തു.
എല്ലാം നൊടിയിടയിൽ കഴിഞ്ഞു.
അൻപഴകന്റേയും, ബ്രിജിത്താമ്മയുടേയും അലർച്ച മാത്രം കേട്ടു.
നിമിഷങ്ങൾ പരശുറാം എക്സ്പ്രസ്സിന്റെ കംപാർട്ട്മെന്റുകൾ പോലെ കടന്നു പോയി.
ബ്രിജിത്താമ്മയുടേയും, അൻപഴകന്റേയും കൈകളിലേക്കാണ് ഞങ്ങൾ നിറയൊഴിച്ചത്. ഇരുവരുടേയും തോക്കുകൾ തെറിച്ച് ഭിത്തിയിലിടിച്ച് നിലത്ത് വീണിരുന്നു.
ആക്രമിക്കാനാഞ്ഞ അൻപഴകനെ ഹോംസ് ഉടുമ്പടക്കം പിടിച്ചു. അയാൾ ഹോംസിന്റെ കൈകളുടെ ബന്ധനം വിടുവിക്കാൻ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു. ആർത്തിരമ്പുന്ന - അലറിക്കുത്തിയൊഴുകുന്ന- അഗാധമായ റീച്ചൻബാച്ച് വെള്ളച്ചാട്ടത്തിന്റെ വിളുമ്പിൽ വെച്ച് ഷെർലക്ക് ഹോംസ്, സൈക്കോ ക്രിമിനലായ- ബ്രില്യന്റ് ഗണീത ശാസ്ത്രജ്ഞനായ - പ്രൊഫസർ ക്രിസ്റ്റഫർ മോറിയാർട്ടിയുമായി നടത്തിയ ചങ്കിടിപ്പിക്കുന്ന ഫൈറ്റ് മറ്റൊരു രീതിയിൽ ആവർത്തിക്കുകയായിരുന്നു ഇവിടെ.
ഒടുവിൽ ഹോംസ് വളരെ ബദ്ധപ്പെട്ട് അയാളേയും ബ്രിജിത്താമ്മയേയും വിലങ്ങ് അണിയിച്ചു.അപ്പോഴേക്കും ഹോംസ് നേരത്തേ അറിയിച്ചതനുസരിച്ച് തമിഴ് നാട് ഡിജിപി വാൾട്ടർ വെറ്റ്രിവേലും, എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് ക്യാപ്ടൻ പ്രഭാകരനും സ്ഥലത്ത് എത്തി. അവർ പ്രതികളെ കസ്റ്റഡിയിലെടുത്തു.
പിന്നീട് സെക്ഷൻ 1/ 18. പ്രകാരം - മന:പ്പൂർവ്വമല്ലാത്ത നരഹത്യ, ലൈസൻസ് ഇല്ലാതെ തോക്ക് ഉപയോഗിക്കൽ, വധശ്രമം, ചൈൽഡ് ആക്ട് നിഷേധ പ്രകാരം പിഞ്ചു കുഞ്ഞുങ്ങളെ ഐസ്ക്രീമിൽ വിഷം കലർത്തി കൊന്നത്, ആത്മഹത്യാശ്രമം, കുറ്റാന്വേഷകരെ കയ്യേറ്റം ചെയ്യൽ തുടങ്ങി ഷാഡോ പോലീസ് ആക്ട് പ്രകാരമുള്ള എല്ലാ വകുപ്പുകളും പ്രതികൾക്ക് മേൽ ചുമത്തപ്പെട്ടു. ബ്രിജിത്താമ്മയേയും, അൻപഴകനേയും മരണം വരെ തൂക്കിലിടാനും, മില്യൺ ഡോളർ പിഴ അടയ്ക്കാനും കോടതി ഉത്തരവിട്ടു.
ആറ്:
______
എന്നാലും ഹോംസ്, ഈ കേസിൽ താങ്കൾ എങ്ങനെയാണ് ഇന്ററസ്റ്റഡ് ആയത്. മനോരമയിലെ വെറും പൈങ്കിളി പ്രതിവാര പംക്തിയിൽ നിന്ന് ഇത്തരം ഒരു കോമ്പ്ലിക്കേറ്റഡ് കേസിനുള്ള സാധ്യത എങ്ങനെ ഹോംസ് മുൻകൂട്ടി അറിഞ്ഞു?
ഹ്ഹഹ്... ഹോംസ് ഊഷ്മളമായി തന്നെ ചിരിച്ചു.
ഞാൻ പ്രതീക്ഷിച്ചിരുന്നു വാട്സൻ ഇങ്ങനെ ഒരു ചോദ്യം ചോദിക്കുമെന്ന്. അതിനുള്ള ഉത്തരം ദാ വന്നു കൊണ്ടിരിക്കുന്നു. എന്റെ ഊഹം ശരിയാണെങ്കിൽ നമ്മുടെ റൂമിലേക്കുള്ള കോണിപ്പടി കയറി വരുന്നത് പോസ്റ്റ് മാൻ ആണ്. ഒരു കാൽ ആയത്തിൽ ചവിട്ടുന്നതും, മറ്റേ കാൽ പതുക്കെ ചവിട്ടുന്നതും കേട്ടോ?! ഇയാളുടെ ഒരു കാലിന് നീളം അൽപ്പം കുറവാണ്. തന്നേയുമല്ല ചന്ദ്രികാ സോപ്പ് ഇട്ട് കുളിക്കുന്നത് അയാളുടെ ഒരു പ്രത്യേകതയാണ്. മഞ്ഞളിന്റേയും രാമച്ചത്തിന്റേയും മണം ആ സോപ്പ് ഇട്ട് കുളിക്കുന്നയാളുടെ സമീപത്ത് തന്നെ ഒരു രണ്ടു മണിക്കൂറൊളം നില നിൽക്കും... വെൽക്കം മിസ്റ്റർ പോസ്റ്റ്മാൻ...
അപ്പോഴേക്കും കതകു തുറന്നു. അത് ഹോംസ് അനുമാനിച്ചത് പോലെ തന്നെ പോസ്റ്റ്മാൻ തന്നെയായിരുന്നു. മനോരമ ചീഫ് എഡിറ്ററുടെ കത്ത് ആയിരുന്നു അയാൾ നൽകിയത്.
ഡിയർ ഹോംസ്.
പൈങ്കിളി നോവലുകൾ സ്ഥിരമായി വായിക്കുന്നവരുടെ കുടുംബത്തിൽ അവിഹിത ബന്ധം കൂടുന്നു എന്നൊരു പരാതിയുള്ളതായി ഞാനന്ന് അറിയിച്ചിരുന്നല്ലോ. അത് ശരിയല്ല എന്ന് എന്റെ പത്രത്തിന് സ്ഥാപിച്ചേ തീരൂ. ഇതുമായി ബന്ധപ്പെട്ട ഒരു അന്വേഷണത്തിന് ഇന്റർ പോളിലെ മീഡിയ ഇൻവെസ്റ്റിഗേഷൻ വിഭാഗം താങ്കളെ സമീപിക്കുന്നുണ്ട് എന്ന് ഞാനറിയുകയുണ്ടായി. ദയവായി മനോരമയ്ക്കെതിരേ താങ്കൾ അവരുമായി സഹകരിക്കരുത് എന്ന് ഞാനന്ന് ഒരു കത്തിലൂടെ അഭ്യർഥിച്ചിരുന്നു. അതിൻ പ്രകാരം താങ്കൾ ഇന്റർപോളുമായി കൂടിക്കാഴ്ച്ച നടത്തിയില്ല എന്ന് ഞാനറിഞ്ഞു. നന്ദിയുണ്ട്. ഒരായിരം നന്ദിയുണ്ട് ഹോംസ്.
എന്ന്.
ചീഫ് എഡിറ്റർ. മലയാള മനോരമ ആഴ്ച്ചപ്പതിപ്പ്.
ഞാൻ കൃത്യമായ ഒരുത്തരം കിട്ടാതെ ആകാശത്തേക്ക് നോക്കി നിന്നു.
അപ്പോൾ ഹോംസ് പറഞ്ഞു.
താങ്കൾക്ക് മനസ്സിലായില്ലെങ്കിൽ ഞാൻ ഒന്നു കൂടി വിശദീകരിക്കാം. വാട്സൻ, ഈ കത്തിൽ പറഞ്ഞതുപോലൊരു അന്വേഷണത്തിന് ഇന്റർ പോൾ ഉധ്യോഗസ്ഥനായ മിസ്റ്റർ സെബാസ്റ്റ്യൻ പോൾ ഇവിടെ വന്നിരുന്നു. ഞാനെന്തു പറയാനാണ്? എനിക്കീ പങ്കിളി സാഹിത്യം വല്യ പിടിയില്ല. പക്ഷേ ഈ വിഷയം പിന്നീടെനിക്ക് വളരെ കൗതുകകരമായി തോന്നി. അങ്ങനെ എന്റേതായ നിലയ്ക്ക് ഞാൻ വെറുതേ പഴയ കുറേ പൈങ്കിളി വീക്കിലികൾ എടുത്തു മറിച്ചു നോക്കി. അങ്ങനെ നോക്കവേയാണ് ഒരു കത്ത് എന്റെ ശ്രദ്ധയിൽ പെടുന്നത്. അത് ഇതാണ്..
ഹോംസ് മേശ വലിപ്പിൽ നിന്നും ഒരു മനോരമ ആഴ്ച്ചപ്പതിപ്പ് എടുത്തു തന്നു. നാലഞ്ച് വർഷം പഴക്കമുള്ള ഒന്നായിരുന്നു അത്. അതിലെ "വനിതാവേദി" കോളമാണ് എനിക്ക് വായിക്കാൻ തന്നത്.
പ്രീയപ്പെട്ട ചേച്ചീ,
ഞാൻ 38 വയസ്സുള്ള വീട്ടമ്മയാണ്... ഭർത്താവ് മരിച്ചു പോയി. ഞാൻ വീട്ടുജോലി ചെയ്താണ് കുടുംബം പോറ്റുന്നത്. ഒരേയൊരു മകൾ. ഈയിടെയായി വീട്ടിൽ അയൽവാസിയും ബന്ധുവുമായ ഒരു പയ്യൻ വരാറുണ്ടായിരുന്നു. ആൺ തുണയില്ലാത്ത ഞങ്ങൾക്ക് അവൻ ഒരു ആശ്വാസമായിരുന്നു. എന്നാൽ എന്റേയും അവന്റേയും അടുപ്പം വഴി വിട്ട് സഞ്ചരിക്കാൻ തുടങ്ങി. അങ്ങനെയിരിക്കെ പ്ലസ് ടുവിന് പഠിക്കുന്ന ഏക മകൾ ഈ സംഭവം കാണാനിടയായി. ഇതോടെ മകൾക്ക് എന്നോട് വെറുപ്പായി. ഈയിടെ എന്നെ ഞെട്ടിച്ചു കൊണ്ട് അവൾ ഒരു തമിഴന്റെ കൂടെ ഒളിച്ചോടി. ഇന്ന് ഞാൻ ഒറ്റയ്ക്കാണ്. ചേച്ചി മറുപടി തരുമല്ലോ...
മിസിസ്സ്. എം.
ഇടുക്കി.
കത്ത് വായിച്ച് ഞാൻ ചിരിച്ചു.
ഇത് ബ്രിജിത്താമ്മയുടെ അമ്മയാണ്. ഹ്ഹ്. ഇവരെല്ലാം മനോരമയ്ക്ക് കത്തെഴുതുന്ന ഫാമിലി തന്നെ...
അതേ. ഈ കത്ത് ആണ് ഞാനാദ്യം വായിക്കുന്നത്. ഒരു കുടുംബ പ്രശ്നം മാത്രമാണിത്. എന്നാൽ പിന്നീട് ഇവരുടെ മകൾ ബ്രിജിത്താമ്മ കത്തെഴുത്ത് ആരംഭിച്ചതോടെ ഞാനത് ഫോളോ ചെയ്യാൻ തുടങ്ങി. അങ്ങനെ നാം ഈ കേസിലേക്ക് എത്തിപ്പെട്ടു.
അപ്പോൾ നാം ഇന്ന് ഒരു ഈവനിങ്ങ് ഒരു പാർട്ടി ഒരുക്കുന്നു അല്ലേ ഹോംസ്?
ഇല്ല വാട്സൻ. നമുക്ക് ബാസ്ക്കർ വിൽസിലേക്ക് പോകേണ്ടതുണ്ട്. ആ വേട്ടപ്പട്ടി ഇപ്പോഴും അവിടെ മുരളുന്നത് കേൾക്കാം... ദാ താഴെ റോഡിൽ കുതിര വണ്ടി എത്തിയിട്ടുണ്ട്. വരൂ നമുക്ക് ഇന്നും വളരെ തിരക്ക് പിടിച്ച ദിവസം തന്നെ...

.

അനുബന്ധം:-

ബേക്കർ സ്ട്രീറ്റിലൂടെ കുതിര വണ്ടി നീങ്ങി. അപ്പോൾ ഞാൻ ചോദിച്ചു.
അല്ല ഹോംസ് താങ്കൾ എങ്ങനെയാണ് പ്രകാശ് കോത്താരിയ്ക്ക് അൻപഴകൻ കത്തെഴുതിയപ്പോൾ ഒരു കൊലപാതകം നടക്കാൻ സാധ്യതയുണ്ടെന്ന് താങ്കൾ സംശയിച്ചത്?


ഹോംസ് പതിയെ പറഞ്ഞു. വാട്സൻ, ഇവിടെയാണ് താങ്കളും ഞാനും തമ്മിലുള്ള വ്യത്യസം. താങ്കൾ എല്ലാ പംക്തിയിലേയും കത്തുകൾ മാത്രമേ വായിച്ചുള്ളു. ഞാൻ അവയ്ക്കുള്ള മറുപടികളും വായിച്ചിരുന്നു. ഭാര്യയുടെ നിസ്സഹകരണത്തിന് താൻ എന്ത് ചെയ്യണം എന്ന് അൻപഴകൻ ചോദിച്ചപ്പോൾ, പ്രകാശ് കോത്താരി ഒറ്റ മറുപടിയേ കൊടുത്തുള്ളു. "പറ്റൂലെങ്കിൽ ഭാര്യയെ അങ്ങ് തട്ടിക്കളഞ്ഞേര്. എന്നിട്ട് പുതിയൊരു കിളുന്നിനെ കെട്ടി സെക്ഷ്വൽ ലൈഫ് എഞ്ചോയ് ചെയ്യൂ" എന്നാണദ്ധേഹം പറഞ്ഞത്.

അതുകൊണ്ട്???

അതായത് ഈ പൈങ്കിളി സാഹിത്യം വായിക്കുന്നവരുടെ മനസ് അതേ പോലെ ആയിരിക്കും. ഒരു സൊല്യൂഷൻ ഈ പംക്തി നടത്തുന്നവർ മുന്നോട്ട് വെക്കുമ്പോൾ അത് പ്രാക്ടിക്കലാക്കാൻ വായനക്കാരൻ സജ്ജനാകും. കോത്താരിയുടെ നിർദോഷ മറുപടി അൻപഴകൻ പാലിച്ചേക്കാം എന്ന് എന്റെ കോമൺ സെൻസ് എന്നെ ബോധ്യപ്പെടുത്തി. അതുകൊണ്ട് ഒരു കൊലപാതകം ഞാൻ അനുമാനിച്ചു.

പക്ഷേ രണ്ടുപേരും പരസ്പ്പരം തോക്കു ചൂണ്ടിയല്ലോ? അതെന്തിന്?

ഒന്ന് പൊട്ടിയില്ലെങ്കിൽ മറ്റൊന്ന് വെച്ച് ഷൂട്ട് ചെയ്യാം എന്ന് കരുതി അൻപഴകൻ രണ്ട് ഗണ്ണുകൾ വാങിയിട്ടുണ്ടാവണം. അതിലൊന്ന് അവനറിയാതെ ബ്രിജിത്താമ്മ അടിച്ചു മാറ്റി. അത്രേയുള്ളു.

ഞാൻ അന്തം വിട്ടിരിക്കെ ഹോംസ് കുതിരക്കാരനോട് പറഞ്ഞു. ദാ ആ കാണുന്ന ലെഫ്ട്, തൊട്ടടുത്ത റൈറ്റ്...

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ