തിങ്കളാഴ്‌ച, ഏപ്രിൽ 30, 2018

ഒരു ഫേസ്ബുക്ക് സിനിമാനിരൂപകൻറെ കദനകഥ

എടാ സുമേഷേ... നിന്നെ ഒന്ന് കാണാനിരിക്കുവാരുന്നു. നിൻറെ സിനിമാ റിവ്യൂ ഒക്കെ ഫേസ്ബുക്കിൽ കാണാറുണ്ട്. എന്നാ ഒരു എഴുത്താടാവ്വേ... നീയങ്ങ് അറിയപ്പെടുന്ന സിനിമാ നിരൂപകനായല്ലോ..

ഓ; എല്ലാം എൻറെ സ്വ പ്രയത്നം കൊണ്ട് നേടിയതാ അളിയാ... അല്ലാതെന്നാ...

ഞാൻ സ്ഥിരമായി നിൻറെ പോസ്റ്റൊക്കെ വായിക്കാറുണ്ട്.

നിന്നേപ്പോലൊരു പത്ത് പതിനായിരം ആരാധകൻമ്മാരെനിക്കൊണ്ടെടാ... അത്രത്തോളം ആരാധികമാരും. ചില നേരത്ത് മെസേജ് ബോക്സങ്ങ് നെറഞ്ഞ് കവിയുവാ

ആരാടാ സുമേഷേ ഈ നിയോ നായർ? നമ്മുടെ പഴയ നിധിൻ നായരുടെ ആരേലുവാന്നോ? ഇടയ്ക്കിടയ്ക്ക് നീ അവനെ ടാഗ് ചെയ്യുന്നത് കാണാറുണ്ട്.

എടാ അത് നിയോ നായരല്ല. നിയോ നോയർ. അത് സിനിമകളിൽ ഉപയോഗിക്കുന്ന ഒരു ശൈലിയാ... ഞാൻ ഇടയ്ക്ക് വാളിൽ ഹാഷ്ടാഗടിച്ച് പോസ്റ്റുന്നതാ അത്...

എന്ന് വെച്ചാ എന്തുവാ അത്?

അതിപ്പോ എങ്ങനെയാ നിന്നെ പറഞ്ഞ് മനസ്സിലാക്കുന്നത്?! ലോക സിനിമകളേക്കുറിച്ച് നിനക്കുള്ള വിവരം കമ്മിയാ

എടാ അത് ഞാൻ സമ്മതിച്ചു. അതുകൊണ്ടല്ലേ സുമേഷേ ഞാൻ നിൻറെ ആരാധകനായത്. എൻറെ സംശയം നീ തീർത്ത് തരണം.

സിംപിളായി പറയുകയാണെങ്കിൽ നിയോ നോയർ എന്നത്, ഒരു പെർസ്പെക്ടീവിൻറെ രണ്ട് വിരുദ്ധ ധ്രുവങ്ങളിലുള്ള കണികകളുടെ ഒരു ഫിലിമോഗ്രാഫിക് മിശ്രിതമാണ്. ഇതിനെ ഒരു പ്രത്യേക ജോണറിലൂടെ കടത്തിവിടുമ്പോ ഒരു പ്രത്യേക മാനറുണ്ടാവും. ഈ പരിപ്രേഷ്യതയാണ് നിയോ നോയർ. മനസ്സിലായോ?

ഹൊ! നീ ഒരു ബുദ്ധിജീവിതന്നെ സുമേഷേ...

ഓ, അത്രയ്ക്കൊന്നുമില്ലളിയാ... ചെറുതായിട്ടൊക്കെ

നിൻറെ പോസ്റ്റിൽ ഇടയ്ക്കിടയ്ക്ക് പാരലൽ നരേറ്റീവെന്നും, ഓവർ റേറ്റഡെന്നും, കൾട്ടെന്നും, നിയോ റിയലിസമെന്നും ഒക്കെ നീ എഴുതുന്നത് കണ്ട് ഞാൻ ഞെട്ടിയിട്ടുണ്ട്. ഇതൊക്കെ എന്നാ വാക്കുകളാടാവ്വേ. സത്യം പറഞ്ഞാൽ ഇതൊക്കെ വായിക്കുമ്പത്തന്നെ പേടിവരും..

പേടിക്കണ്ടളിയാ... ഇന്നത്തെ കാലത്ത് ഒരു റിവ്യൂ എഴുത്തുകാരനായി സമൂഹം അംഗീകരിക്കണമെങ്കിൽ, ഈ വാക്കുകളൊക്കെയെടുത്ത് - പോസ്റ്റുകളിൽ അറഞ്ചം പുറഞ്ചം വീശണമെന്നതാണ് അലിഖിത നിയമം. എങ്കിലേ വായിക്കുന്നവൻ നമ്മളെയൊന്ന് ബഹുമാനിക്കൂ..

സത്യത്തിൽ ഈ പാരലൽ നരേറ്റീവെന്ന് പറഞ്ഞാൽ എന്നതാ സുമേഷേ?

അത് പാരലലായിട്ടുള്ള ഒരു തരം നരേറ്റീവാണ്. ചില സമയത്ത് ഇത് നരേറ്റീവായിട്ടുള്ള ഒരുതരം പാരലലായും മാറാറുണ്ട്. പക്ഷേ ഒരിക്കലും ഇത് നാരലൽ പരേറ്റിവ് ആവാറില്ല എന്നിടത്താണ് ഈ ശൈലിയുടെ ഒരു ഇതിരിക്കുന്നത്. ഏത്?! മനസ്സിലായോ? വിഖ്യാത സിനിമകൾ പലതിലും ഈയൊരു ശൈലിയാണവലംബിച്ചിരിക്കുന്നത്. ക്ലാസിക്കുകൾ കാണുന്ന ആളായിരുന്നെങ്കിൽ നിനക്കിതൊക്കെ പയറ് പോലെ മനസ്സിലായേനെ ...

ക്ലാസിക്കെന്ന് പറഞ്ഞാൽ...

ലാ വെഞ്ചുറ, ബൈസിക്കൾ തീവ്സ്, പൾപ് ഫിക്ഷൻ പോലുള്ളവ...

ക്ലാസിക് സിനിമകൾ കണ്ടില്ലെങ്കിൽ എന്തേലും കുഴപ്പമുണ്ടോ?

കുഴപ്പമുണ്ട്. കൊമേഴ്സ്യൽ സിനിമകളുടെ പരിപ്രേഷ്യങ്ങളിൽ മുഴുകുന്ന ജനതയെ ഭരണകൂടം കാർന്ന് തിന്നും.

ശരിക്കും?! എങ്കിൽ എനിക്കൂടെ കുറച്ച് ക്ലാസിക് സിനിമകൾ തരാമോ സുമേഷേ? നിൻറെ കയ്യിലാവുമ്പോ അതിന് പഞ്ഞമുണ്ടാവില്ലല്ലോ...

മെറിൾ സ്ട്രീപ്പിൻറെ വേണോ ജൂലിയാ റോബർട്സിൻറെ വേണോ? മോർഗൻ ഫ്രീമാൻറെ വേണോ ടോം ഹാങ്ക്സിൻറെ വേണോ?

ജൂലി കിട്ടുവോ സുമേഷേ? നേഹാ ധൂപിയേടെ?

കഷ്ടം തന്നെ അളിയാ. എൻറെ പോസ്റ്റുകൾ ഫോളോ ചെയ്യുന്നെന്ന് പറഞ്ഞിട്ട്, ഇപ്പഴും നീ ജൂലി ടൂ ആണോ കാണുന്നത്. നിലവാരം ഭയങ്കര താഴെയാണ്. കഷ്ടം

ജൂലിയിൽ നല്ല തുണ്ടുണ്ട് സുമേഷേ...

അതിനേക്കാളും തുണ്ട് ലോക ക്ലാസിക് സിനിമകളിലുണ്ട്. അതുകൊണ്ടല്ലേ ഞാൻ എല്ലാ ക്ലാസിക്കും കുത്തിയിരുന്ന് കാണുന്നത്?!!!

നീ ഈ ക്ലാസിക് സിനിമകളെല്ലാം കുത്തിയിരുന്ന് കണ്ട് തീർക്കുവോ?

ഓ, എവിടെ. ഫോർവേഡടിച്ച് സീനുണ്ടോന്ന് നോക്കും. ഉണ്ടെങ്കിൽ സീൻ മാത്രം ഇരുന്ന് കാണും. ഒന്നിനും സമയമില്ലെന്നേ...

നീ ഈയിടെ സിനിമാ ഗ്രൂപ്പിൽ
കാൻറീൻ ടോറൻറീനോ എന്നും പറഞ്ഞ് ഒരു പോസ്റ്റിട്ടത് ഞാൻ കണ്ടാരുന്നു. വായിക്കാൻ പറ്റിയില്ല. അതെന്തോന്ന് സുമേഷേ?

കാൻറീൻ ടോറൻറീനോയെ അറിയില്ലെന്നോ? നിൻറെ ഈ ചോദ്യം എന്നെ ഞെട്ടിക്കുന്നളിയാ. നീ എൻറെ ഫ്രണ്ടാണെന്നതിൽ ഞാൻ തീർത്തും ലജ്ജിക്കുന്നു.

സോറി സുമേഷേ... നീ എന്നെ അൺഫ്രെണ്ടൊന്നും ചെയ്തേക്കല്ലേ.. പുള്ളി ആരാന്നൊന്ന് പറഞ്ഞ് തന്നാ ഞാനിനി എപ്പഴും ഓർത്തോളാം...

ഒരിക്കൽ അമേരിക്കേലെ ഒരു കാൻറീനിൽ ഭക്ഷണം കഴിച്ചോണ്ടിരിക്കുമ്പോഴാണ് ഈ കക്ഷി, സിനിമാ ഡൗൺലോഡ് ചെയ്യാനുള്ള ടോറൻറ് കണ്ട് പിടിക്കുന്നത്. ഈ കണ്ട് പിടിത്തത്തിൻറെ പേരിൽ പിൽക്കാലത്ത് ലോകം അദ്ധേഹത്തെ കാൻറീൻ ടോറൻറീനോ എന്ന് വിളിച്ചു. അതിനുശേഷം അഞ്ചാറ് പടം പുള്ളി സ്വന്തമായി സംവിധാനം ചെയ്തിട്ട് അതെടുത്ത് ടൊറൻറിലിട്ടു. ആൾക്കാർക്ക് ഡൗൺലോഡ് ചെയ്യാൻ... അതാണ് കാൻറീൻ ടോറൻറീനോ! ഞങ്ങൾ സിനിമാ ആസ്വാദകരുടെ കൺകണ്ട ദൈവം!

ഞാനും ഇടക്കാലത്ത് ആലോചിച്ചിട്ടുണ്ട് ആരാ ഈ ടൊറൻറ് ഒക്കെ കണ്ട് പിടിച്ചതെന്ന്... ഇനി ഇതറിയാത്തവൻമ്മാരോട് എനിക്കും പറയാമല്ലോ, കാൻറീൻ ടൊറൻറീനോ കാൻറീനിലിരുന്ന് കണ്ടുപിടിച്ചതാ ടൊറൻറെന്ന്

സമയം കിട്ടുമ്പോ എൻറടുത്ത് വന്നാമതി. ലോകസിനിമയേക്കുറിച്ച് ഇത്തരം ഒരുപാട് അറിവുകൾ ഞാൻ പങ്ക് വെക്കാം...

പിന്നെ ഒരു ഗേ റിച്ചി? അങ്ങനൊരുത്തനേക്കുറിച്ച് നീ ഇന്നാള് ഫേസ്ബുക്കിൽ തർക്കിച്ച്, വേറൊരുത്തൻ നിൻറെ തന്തയ്ക്ക് വിളിക്കുന്നത് കേട്ടാരുന്നു.

എൻറെ തന്തയ്ക്ക് വിളിച്ചാൽ ഞാൻ സഹിക്കും. പക്ഷേ ഗേ റിച്ചിയെ പറഞ്ഞാൽ ഞാൻ സഹിക്കില്ല..

അങ്ങേരത്ര വല്യ സംഭവമാ?

പിന്നല്ല്യോ..?! ഒരടാറ് ഡയറക്ടറാടാ കക്ഷി. ആദ്യം എനിക്കും അറിഞ്ഞു കൂടാരുന്നു. ഭയങ്കര റിച്ചായ ആൾക്കാരുടെ കൂടെ മാത്രം പോകുന്ന ഏതോ ഗേ ആരിക്കുമെന്നാ ഞാൻ കരുതിയിരുന്നത്. പിന്നീടാണ് മനസ്സിലായത്. ആശാൻ സംവിധായകനാണെന്ന്. അതോടെ ഞാൻ പുള്ളീടെ പടങ്ങളേക്കുറിച്ച് തലങ്ങും വിലങ്ങും റിവ്യൂ എഴുതാൻ തുടങ്ങി.

അത് കലക്കി...

പിന്നെ വേറേം ഡയറക്ടേഴ്സുണ്ട്. ക്രിസ്റ്റഫർ നോളൻ, റിഡ്ലീ സ്കോട്ട്... അങ്ങനങ്ങനെ... നീ ഇൻസെപ്ഷൻ കണ്ടിട്ടുണ്ടോ?

ഇല്ല സുമേഷേ. ഒരു പ്രാവശ്യം മുള്ളുവേലിക്കമ്പി കയ്യിക്കൊണ്ട് ഇൻഫെക്ഷനായിട്ടുണ്ട്.

എങ്കി നീ ഇൻസെപ്ഷൻ കാണണം. അത് ഒരു ക്ലാസിക് സിനിമയാ അളിയാ.

തന്നെ?

അതെ. ആ സിനിമ ഞാൻ മൂന്നുവട്ടം കണ്ടു. മൂന്നുവട്ടവും എനിക്കൊന്നും മനസ്സിലായില്ല. അതെന്താ മനസ്സിലാവാത്തതെന്ന് ആലോചിച്ച് ഉറക്കംവരാതെ കിടന്നപ്പോഴാണ് എനിക്കൊരു കാര്യം മനസ്സിലായത്. അതൊരു ക്ലാസിക് ആണെന്ന്. അന്ന് തന്നെ ഞാനതിനേക്കുറിച്ചൊരു റിവ്യൂ എഴുതിയിട്ടൂ. വൺ മില്യൺ ലൈക്ക് കിട്ടി.

പടം കണ്ട് ഒന്നും മനസിലാവാത്ത നീയെങ്ങനെ അതിനേക്കുറിച്ച് റിവ്യൂ ഇട്ടു സുമേഷേ?

പടം കണ്ടിട്ട് ഒന്നും മനസ്സിലായില്ലെങ്കിലാണ് റിവ്യൂ ഇടാൻ എളുപ്പം. അത് പാരലൽ നരേറ്റീവെന്നോ നിയോ റിയലിസമെന്നോ നമ്മൾ വെച്ച് കാച്ചും. അത് വായിക്കുന്നവർക്കും ഒന്നും മനസ്സിലാവില്ല. ലൈക്കുകളുടെ ബഹളമാരിക്കും.

ഈ കടുകട്ടി വാക്കുകുളൊക്കെയുള്ള റിവ്യൂ എഴുതിക്കഴിയുമ്പഴേക്കും നീ തളരില്ലേ സുമേഷേ?

തളരും. പക്ഷേ അമ്മ അപ്പോഴേക്കും എനിക്കുള്ള ഹോർലിക്സ് കലക്കി വെച്ചിട്ടുണ്ടാവും. ചിലപ്പോ അതു കൊണ്ടും തളർച്ച മാറിയില്ലെന്നു വരും. അപ്പോ ഞാൻ അപ്പൂപ്പനുള്ള എൻഷ്വറും കലക്കി കുടിക്കും.

എന്നിട്ട് നീ കിടന്നുറങ്ങുമാരിക്കും. അല്ലേ സുമേഷേ? കട്ടിപ്പണി എടുത്തതിൻറെ ക്ഷീണം മാറണമല്ലോ...

ഇല്ല. റിവ്യൂ ഇട്ടതിന് ശേഷം ഞാനെൻറെ ലാപ്പ് തുറന്ന് മിസ്റ്റർ മരുമകൻ, പാപ്പി അപ്പച്ചാ, ഗില്ലി തുടങ്ങിയ പടങ്ങളിൽ ഏതേലുമൊന്ന് കാണും.

അതെന്തിന് സുമേഷേ?

ലോക സിനിമകളും നമ്മുടെ സാധാ സിനിമകളും തമ്മിലുള്ള അന്തർധാര സജീവമാണോന്നറിയാൻ.

നീ കിടുവാ സുമേഷേ...

അത്രയ്ക്കൊന്നുമില്ല. ചെറുതായിട്ടൊക്കെ...

പിന്നെ വേറെന്തൊക്കെയുണ്ട് സുമേഷേ വിശേഷങ്ങൾ?

ലോകസിനിമയ്ക്ക് വേണ്ടി ഫേസ്ബുക്കിലൂടെ ഇങ്ങനെ ഒരോ നല്ല കാര്യങ്ങൾ ചെയ്യുന്നു. അല്ലാതെ പ്രത്യേകിച്ചെന്ത് വിശേഷം?!!!

വീട്ടിൽ അഛനും അമ്മയുമൊക്കെ?
അവരിപ്പോ കിംകിഡൂക്കിൻറെ "സ്പ്രിങ്, സമ്മർ, ഫാൾ, വിൻറർ... ആൻറ് സ്പ്രിങ്ങ്" കണ്ടോണ്ടിരിക്കുന്നു.

നിൻറെ ചേച്ചിയോ?

അകിരാ കുറസോവയെ കാണാനാണെന്നും പറഞ്ഞു ചേച്ചി ഒരു ദിവസം വീട്ടീന്ന് പോയി. ഇപ്പോ രണ്ട് വർഷമായി. പിന്നിതുവരെ ഒരറിവുമില്ല.

നീ കല്യാണമൊന്നും നോക്കുന്നില്ലേ സുമേഷേ?

ഉം. ഇന്നലെ പോയി ഒരു പെണ്ണ് കണ്ടാരുന്നു.

എന്നിട്ട്? എങ്ങനൊണ്ട് പെണ്ണ്?

ഒരു ഫീൽഗുഡ് പെൺകുട്ടി.
പെണ്ണിൻറെ ടോപ്പ് ഹാഫ് കൊള്ളാം. അവിടം നല്ലൊരു എൻറർടെയിനറായിരുന്നൂ. നമ്മൾ ഒരു ത്രില്ലർ ആസ്വദിക്കാൻ പോകുകയാണെന്ന പ്രതിതി നൽകുന്നുണ്ട്. പക്ഷേ ബോട്ടം ഹാഫ്, ബിലോ ആവറേജ്. പതിവ് ക്ലീഷേകൾ മാത്രമുള്ള ഒരു പെൺകുട്ടി. അമിത പ്രതീക്ഷകളില്ലാതെ പെണ്ണ് കാണാൻ പോകുന്ന യുവാക്കൾക്ക് ഒരുപക്ഷേ ഈ കുട്ടിയെ ഇഷ്ടപ്പെടാൻ ചാൻസുണ്ട്. വൺടൈം വാച്ചബിൾ. മൈ റേറ്റിങ് 2/5.

ങേ...

അപ്പോ ശരി അളിയാ. എനിക്ക് മോർഗൻ ഫ്രീമാൻറെ അഭിനയത്തേക്കുറിച്ചുള്ള ഒരു പോസ്റ്റ് ഇടാനുള്ള സമയമായി. നമുക്ക് വീണ്ടും കാണാം. ബൈ.....

.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ